ഇടക്കാലത്തെ ശാന്തതക്കുശേഷം കണ്ണൂർ വീണ്ടും ബോംബ് രാഷ്ട്രീയത്തിലുടെ കടന്നുപോവുകയാണ്. ഏപ്രിൽ അഞ്ചിന് പുലർച്ചെ രാത്രി ഒരു മണിയോടൈ പാനൂർ കൈവേലിക്കൽ മുളിയാത്തോട് ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചതും, നാലുപേർക്ക് പരിക്കേറ്റതും ഈ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെതന്നെ കലുഷിതമാക്കുകയാണ്. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത് എന്ന് വ്യക്തമാണ്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിൽ എന്ന ചെറുപ്പക്കാരനാണ് മരിച്ചത്. വിനീഷ് എന്ന ചെറുപ്പക്കാരന്റെ ഇരുകൈപ്പത്തികളും അറ്റുപോയി. മറ്റുരണ്ടുപർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വടകരയും, കണ്ണൂരും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയ സിപിഎമ്മിന് രാഷ്ട്രീയമായി ഏറ്റ തിരിച്ചടി കൂടിയാണ് പാനൂരിൽ ഉണ്ടായ സ്‌ഫോടനം. സിപിഎം അനുഭാവികളാണ് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളും പരിക്കേറ്റയാളും. വടകരയിലെ സ്ഥാനാർത്ഥി കെ കെ ശൈലജക്കൊപ്പമുള്ള ചിത്രങ്ങൾ അടക്കം പുറത്തുവരികയും ചെയ്തു. ഇതോടെ രാഷ്ട്രീയമായി തള്ളിപ്പറഞ്ഞിട്ടും സിപിഎം വെട്ടിലായിരിരിക്കയാണ്.

പാനൂരിലെ ബോംബ് സ്‌ഫോടനം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിക്കഴിഞ്ഞു കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് സിപിഎം. നേതൃത്വം വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ചോദിച്ചു. ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നുവെങ്കിൽ ആർക്കെതിരെ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും വാർത്താ സമ്മേളനത്തിൽ ഷാഫി ചോദിച്ചു.

അതേസമയം കെ സുധാകരനും വിഷയം സിപിഎമ്മിനെതിരെ തിരിക്കുകയാണ്. ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം. പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണെന്ന് കെപിസിസി. പ്രസിഡന്റും കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ കെ. സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

എന്നാൽ: കുന്നോത്തുപറമ്പ് മുളിയാത്തോട് സ്‌ഫോടനത്തിൽ തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം പാനൂർ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. സ്‌ഫോടനത്തിൽ മരിച്ച ഷരിലും പരിക്കുപറ്റിയ വിനീഷും സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതികളാണ്. ആ ഘട്ടത്തിൽത്തന്നെ ഇവരെ പാർട്ടി തള്ളിപ്പറഞ്ഞതുമാണ്.



നാട്ടിൽ അനാവശ്യമായി പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. ഈ സാഹചര്യത്തിൽ സ്‌ഫോടനത്തിൽ പരിക്കുപറ്റിയവർ സിപിഎം. പ്രവർത്തകർ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം എതിരാളികൾ നടത്തുകയാണ്. കുന്നോത്തുപറമ്പ് മേഖലയിലാകെ സമാധാനന്തരിഷം നിലനിർത്താനും അതിനായി മുന്നിട്ടിറങ്ങുകയുംചെയ്ത പാർട്ടിയാണ് സിപിഎം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള ആവശ്യപ്പെട്ടു.

പക്ഷേ സ്ഫോടനത്തിന്റെ മോഡസ് ഓപ്പറാൻഡി നോക്കുമ്പോൾ ഇത് പാർട്ടി സ്പോൺസേഡ് ആണെന്ന് വ്യക്തമാണ്. സിപിഎം മാത്രമല്ല, മുസ്ലിംലീഗും, കോൺഗ്രസും, ആർഎസ്എസുമൊക്കെ കണ്ണൂരിൽ നല്ല നാടൻബോംബുണ്ടാക്കുന്നുണ്ട്. പക്ഷേ സിപിഎം നടത്തുന്നതുപോലെ ആസൂത്രിതമായിട്ടല്ല അത് എന്നുമാത്രം.



എസ് ഡി എന്ന ബോംബ് സ്‌ക്വാഡ്

സെൽഫ് ഡിഫഷൻസ് എന്ന് പേരിട്ട എസ് ഡി എന്ന സിപിഎമ്മിന്റെ സേനയാണ് ഇതിനുപിന്നിൽ എന്നത് പരസ്യമായ രഹസ്യമാണ്. പി ജയരാജന്റെ നേതൃത്വത്തിലുള്ള അവരാണ് ബോംബ് നിർമ്മാണവും സംഭരണവും ഒക്കെ നടത്തുന്നത് എന്നാണ് ബിജെപി നേതാവ് വത്സൻ തില്ലങ്കേരിയൊക്കെ ആരോപിക്കുന്നത്. "ഈ എസ്ഡി സേനയിലെ സജീവ അംഗങ്ങളാണ് ഷെറിനും മറ്റും. വർഷങ്ങളായി യാതൊരു സംഘർഷവുമില്ലാത്ത സാഹചര്യത്തിൽ ബോംബ് നിർമ്മാണം എന്തിനാണ് നടത്തിയതെന്നാണ് സിപിഎം വിശദീകരിക്കണം. "- വത്സൻ തില്ലങ്കേരി കഴിഞ്ഞ ദിവസം ആരോപിച്ചു.

ഇതിനിടെ സംഭവത്തിന്റെ പാർട്ടി ബന്ധം പുറത്തുവിട്ടുകൊണ്ട്, മരിച്ച ഷെറിലിന്റെ വീട്ടിൽ സിപിഐഎം നേതാക്കളെത്തിയിരുന്നു. സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽകമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ശവസംസ്‌കാരത്തിന് മുൻപായിരുന്നു നേതാക്കൾ വീട്ടിലെത്തിയത്. ഇതും വിവാദമായി.

അതിനിടെ പാനൂർ സ്‌ഫോടന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. കുന്നോത്ത് പറമ്പ് സ്വദേശി അമൽ ബാബു, മുളിയത്തോട് സ്വദേശി മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നയാളാണ് അമൽ. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണ്. മിഥുൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിൽ നിന്നാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ നിന്ന് വെടിമരുന്ന് അടക്കമുള്ള എത്തിച്ച് നൽകി ബോംബുണ്ടാക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു നൽകിയതും മിഥുനാണെന്നാണ് പൊലീസ് പറയുന്നത്.



കുന്നോത്ത്പറമ്പ് സ്വദേശികളായ സി. സായൂജ്, അതുൽ കെ, ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, ചെണ്ടയാട് സ്വദേശി അരുൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. അറസ്റ്റിലായ ഈ നാല് പേരും സിപിഎം അനുഭാവികളാണ്. സ്ഫോടനത്തിൽ നിസ്സാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സ്ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈപത്തുപേരെയും ഇപ്പോൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനായി ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു.

ഒരു ടിപ്പിക്കൽ ബോംബ് നിർമ്മാണ കേന്ദ്രത്തിന്റെ എല്ലാ സെറ്റപ്പും ഇവിടെയും കാണാം. അധികം ആരും ശ്രദ്ധിക്കാത്ത പറമ്പിലാണ് ബോംബ് നിർമ്മാണം നടന്നിരുന്നത്. ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വലിയപറമ്പത്ത് പി.വി. വിനീഷിന്റെ വീടും മറ്റൊരു വീടുമാണ് പ്രദേശത്തുള്ളത്. രണ്ടേക്കറോളം പരന്നുകിടക്കുന്ന കശുമാവിൻതോട്ടത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് ഈ രണ്ട് വീടുകൾ മാത്രമാണുള്ളത്. ഇതിനടുത്ത് ഒരു പാറമടയും. ഈ പ്രദേശത്ത് പകൽനേരത്തുപോലും ജനസഞ്ചാരം വളരെ കുറവാണ്.

രാത്രിയിൽ വിനീഷിന്റെ വീട്ടിലേക്ക് നിരവധിയാളുകൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ തനിച്ചാണ് ഇവിടെ താമസിക്കുന്നത്. സ്‌ഫോടനം നടന്ന വീട് ലൈഫ് മിഷൻ പദ്ധയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതാണ്. 1.40 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. കോൺക്രീറ്റ് വരെ നടത്തി നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണ്. അടുത്ത ഗഡുവിനായി കഴിഞ്ഞ ഒൻപതുമാസമായി രാധയും കുടുംബവും കാത്തിരിക്കുന്നു. വെള്ളിയാഴ്ച രാത്രിമുതൽ വിനീഷിന്റെ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇവിടേക്ക് നാട്ടുകാർ അധികം പ്രവേശിക്കാറില്ല.



ബോംബുണ്ടാക്കി മരിക്കുന്നവരും രക്തസാക്ഷികൾ

പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കുന്നതിനിടെ മരിക്കുന്നവരെ രക്തസാക്ഷികളാക്കുകയാണ് സിപിഎം.തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് മാത്രമാണ് ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പറയുന്നത്.
ഇതിന് മുൻപ് ഇതേപോലെ നിരവധി സ്‌ഫോടനങ്ങളിൽ പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടവരുടെ വീടുകളിലും സിപിഎം നേതാക്കൾ എത്തി അവർക്ക് രക്തസാക്ഷി പരിവേഷം നൽകിയിട്ടുണ്ട്. കതിരൂരിൽ പുല്ലിയോട് എന്ന സ്ഥലത്ത് ഇതേ രീതിയിൽ കൊല്ലപ്പെട്ടവരുടെ ചരമവാർഷികദിനം രക്തസാക്ഷിത്വ ദിനമായി പാർട്ടി ഔദ്യോഗികമായി ആചരിച്ചു വരുന്നുണ്ട്.

എത്ര നിർവീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണു കണ്ണൂരിലെ നാടൻ ബോംബുകൾ. ചോറ്റുപാത്രങ്ങളിലും ഐസ്‌ക്രീം ബോളുകളിലും വരെ വെടിമരുന്നു കുത്തിനിറച്ചു പൊട്ടിച്ച കക്ഷിരാഷ്ട്രീയം ഇരകളാക്കിയവരിൽ, രക്തസാക്ഷികളെന്നു പറയാൻ പോലുമറിയാത്ത അതിഥിത്തൊഴിലാളികളുണ്ട്. കൈകാലുകൾ നഷ്ടപ്പെട്ടവരിലും കണ്ണു നഷ്ടപ്പെട്ടവരിലും പിഞ്ചു കുഞ്ഞുങ്ങളുണ്ട്. എത്രയൊക്കെ പറഞ്ഞൊഴിഞ്ഞാലും ജില്ലയുടെ ബോംബ് രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നു പ്രമുഖ രാഷ്ട്രീയകക്ഷികൾക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. എതിരാളികളെ നിർവീര്യമാക്കാൻ മാത്രമല്ല, നിശബ്ദരാക്കാനും ബോംബാണു പ്രധാന ആയുധം.



വഴിയിലൂടെ നടന്നോ ബൈക്കിലോ പോകുന്നവരെ ബോംബെറിഞ്ഞു വീഴ്‌ത്തുക, ആ പുകമറയ്ക്കിടയിൽ വെട്ടിക്കൊലപ്പെടുത്തുകയോ ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ചെയ്യുക. ഇതാണ്, ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന്റെ പ്രത്യേക ആക്ഷൻ. തിരഞ്ഞെടുപ്പു കാലം, ബോംബ് തൊഴിലാളികളുടെ ചാകരക്കാലമാണ്. എതിരാളികളെ മാത്രമല്ല, സാധാരണ വോട്ടർമാരെയും ഭയപ്പെടുത്താൻ എതിരാളികളുടെ സ്വാധീന കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനങ്ങളുണ്ടാക്കും. അതൊരു മുന്നറിയിപ്പാണ്. അടങ്ങിയിരുന്നോളണം എന്ന ഭീഷണി. ഇതു പാലിച്ചില്ലെങ്കിൽ, വോട്ടെടുപ്പിനു മുൻപോ പിൻപോ ആയി ആ എതിരാളിക്കു നേരെയൊരു ബോംബേറുണ്ടാകുമെന്നുറപ്പ്. ഭാഗ്യമുള്ളവർ രക്ഷപ്പെടുമെന്നു മാത്രം.

സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അറിവുള്ളവരല്ല, ഈ നാടൻ ബോംബുണ്ടാക്കുന്നത്. പലപ്പോഴും തീർത്തും അശ്രദ്ധമായാണു നിർമ്മാണം താനും. രാത്രിയുടെ ഏതെങ്കിലും യാമത്തിൽ, പാർട്ടി ഗ്രാമത്തിലെ ഒറ്റപ്പെട്ട വീടുകളിലാണു നിർമ്മാണം. പരിസരം കനത്ത നിരീക്ഷണത്തിലായിരിക്കും. ബോംബുകൾ കൊണ്ടു പരസ്പരം സംസാരിച്ച രണ്ടു പാർട്ടി ഗ്രാമങ്ങളുണ്ട്, കണ്ണൂർ ജില്ലയിൽ. പാട്യം, മൊകേരി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന പാത്തിപ്പാലം പുഴയുടെ ഇരു കരകളിലുമുള്ള കൊങ്കച്ചിയും കൂരാറയും. പാട്യം പഞ്ചായത്തിലെ പത്തായക്കുന്നും അതിനോടു ചേർന്നുള്ള കൊങ്കച്ചിയും ബിജെപിയുടെ പാർട്ടി ഗ്രാമങ്ങളാണ്. മറുകരയിൽ മൊകേരി പഞ്ചായത്തിലെ സിപിഎം പാർട്ടി ഗ്രാമമായ കൂരാറ. എതിരാളികൾ സ്വന്തം ഗ്രാമത്തിലേക്കു കടന്നുവരരുതെന്ന മുന്നറിയിപ്പ്, ബോംബ് പൊട്ടിച്ചാണു പരസ്പരം കൈമാറിയിരുന്നത്. കൂരാറയിൽ ഒന്നു പൊട്ടിയാൽ, കൊങ്കച്ചിയിൽ രണ്ടെണ്ണം പൊട്ടും. തിരിച്ചും. ഇതായിരുന്നു സ്ഥിതി, വർഷങ്ങളോളം.



കത്തിച്ചത് കെ.ടി ജയകൃഷ്ണൻ വധം

1999-ൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെടി ജയകൃഷ്ണൻ കൊല്ലപ്പെട്ടതിനു ശേഷമാണ്, സിപിഎമ്മും ബിജെപിയും ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണം വ്യാപകമാക്കിയത്. ഒരേസമയം 125 നാടൻ ബോംബുകൾ വരെ പിടികൂടിയിട്ടുണ്ട്, ഈ നാട്ടിൽ. പിടിച്ചെടുത്ത ബോംബുകൾ സൂക്ഷിക്കാൻ സ്റ്റേഷനിൽ ഇടമില്ലാതായതോടെ, സ്റ്റേഷന്റെ മുറ്റത്ത് ബോംബ് കുഴിയെടുത്തു, പാനൂർ പൊലീസ്. 3 വർഷം മുൻപു മാത്രമാണു കുഴി മൂടിയത്. ബോംബ് സ്ഫോടനക്കേസുകൾ പലതും തെളിവില്ലാതെ 'കുഴിച്ചിടുക'യാണു പതിവ്.

നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ചാലും എതിരാളികൾ എറിഞ്ഞുവെന്നാകും മൊഴി. സാക്ഷികളുണ്ടാകില്ല. സംഭവ സ്ഥലത്തെ തെളിവു നശിപ്പിക്കലാണ് ആദ്യം നടക്കുക. പൊലീസ് എത്തുമ്പോഴേക്കും പാർട്ടി പ്രവർത്തകർ എല്ലാം വൃത്തിയാക്കി വയ്ക്കും. മഞ്ഞൾ വെള്ളം ഉപയോഗിച്ചു സംഭവ സ്ഥലം കഴുകി വൃത്തിയാക്കിയ സംഭവങ്ങൾ പലതവണയുണ്ടായിട്ടുണ്ട്. തൊണ്ടി സാധനങ്ങളൊന്നും പൊലീസിനു കിട്ടില്ല. പടക്കമെറിഞ്ഞുവെന്ന കേസാണു പലപ്പോഴും ചുമത്തുക. സമീപ കാലത്തുണ്ടായ സ്ഫോടന കേസുകളിലൊന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. ബോംബുണ്ടാക്കാൻ നിർദ്ദേശിച്ചവരിലേക്കോ സ്ഫോടകവസ്തുക്കൾ നൽകിയവരിലേക്കോ അന്വേഷണം എത്താറുമില്ല.

1998 മുതൽ ഇന്നലെ വരെയുള്ള കണക്കെടുത്താൽ, നിർമ്മാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ച് 10 പേരാണു കണ്ണൂരിൽ കൊല്ലപ്പെട്ടത്. നിഷ്‌കളങ്കരുടെ ജീവനും ജീവിതവുമെടുത്ത്, ചോറ്റുപാത്രങ്ങളിലും സ്റ്റീൽ മൊന്തകളിലും മാത്രമല്ല, ഐസ്‌ക്രീം ബോളുകളിൽ വരെ ഒളിച്ചിരുന്നു പൊട്ടിത്തെറിച്ചിട്ടുണ്ട് നാടൻ ബോംബ്. ആക്രി പെറുക്കി ജീവിച്ചവർ മുതൽ, പ്ലാസ്റ്റിക് ബോൾ പന്താണെന്നു കരുതി തട്ടിക്കളിച്ച പിഞ്ചു കുഞ്ഞുങ്ങൾ വരെ ഇരകളായിട്ടുമുണ്ട്. 2021-ൽ ഇരിട്ടിയിൽ നാടൻ ബോംബ് പന്താണെന്നു കരുതി തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സാരമായി പരുക്കേറ്റത് അന്ന് അഞ്ചും ഒന്നരയും വയസുള്ള 2 കുട്ടികൾക്കാണ്. അക്കൊല്ലം നവംബറിൽ പാലയാട് നരിവയലിലെ സമീപം ഡയറ്റ് ലേഡീസ് ഹോസ്റ്റൽ വളപ്പിൽ കളിക്കുന്നതിനിടയിൽ കിട്ടിയ ഐസ്‌ക്രീം ബോംബ് പന്ത് ആണെന്നു കരുതി എറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരുക്കേറ്റു.



വിവാഹപ്പാർട്ടികളെയും ബോംബ് വിട്ടില്ല. കക്ഷിരാഷ്ട്രീയമില്ലെന്നു പറയുന്നുണ്ടെങ്കിലും വിവാഹ പാർട്ടിക്കു നേരെ തോട്ടടയിലുണ്ടായ ബോംബേറിൽ യുവാവു കൊല്ലപ്പെട്ടതും കണ്ണൂരിൽ തന്നെയാണ്. ആക്രി സാധനങ്ങൾ സൂക്ഷിച്ച വീട്ടിൽ വച്ച് അവ തുറന്നു നോക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് അസം സ്വദേശികൾ കൊല്ലപ്പെട്ടതു മട്ടന്നൂരിലാണ്, 2022 ജൂലൈ 5ന്. പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ 3 അസം സ്വദേശികൾക്കു പരുക്കേറ്റിരുന്നു.

തലശേരി കല്ലിക്കണ്ടിയിൽ, 1998ലെ പിറന്നാൾ ദിനത്തിൽ അമാവാസിയെന്ന നാടോടി ബാലന്റെ കൈയും കണ്ണും നഷ്ടപ്പെടുത്തിയതൊരു സ്റ്റീൽ പാത്രമാണ്. റോഡരികിൽ നിന്നു കിട്ടിയ സ്റ്റീൽ പാത്രം തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു. അമാവാസി ഇന്ന് പൂർണചന്ദ്രനെന്നു പേരുമാറി, സർക്കാർ ഉദ്യോഗസ്ഥനാണ്. 2000 സെപ്റ്റംബറിൽ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അഞ്ചര വയസുകാരി അസ്ന ഇന്ന് ഡോ. അസ്നയാണ്. അസ്നയും പൂർണചന്ദ്രനുമടക്കം കക്ഷിരാഷ്ട്രീയ ബോംബുകളുടെ ജീവിക്കുന്ന ഇരകൾ ഒരുപാടുപേരുണ്ട്. ഒന്നുമൊന്നും കക്ഷിരാഷ്ട്രീയ ബോംബുകളെ നിർവീര്യമാക്കുന്നില്ലെന്നു വ്യക്തമാക്കുകയാണു പാനൂർ.



ഇവിടം ബോംബ് ഫാക്ടറികൾ

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ രഹസ്യ ബോംബുനിർമ്മാണ ഫാക്ടറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങൾ, കതിരുർ നാലാംമൈലിലും പൊന്യത്തും നായനാർ റോഡും ചീരാറ്റയും ഡയമണ്ട് മുക്കും പുല്യോടുമെല്ലാം രാത്രി കാലങ്ങളിൽ ഉഗ്രസ്‌ഫോടനങ്ങളാൽ നടുങ്ങുന്ന പ്രദേശങ്ങളാണ്. പി. ജയരാജൻ, കാരായി രാജൻ, കേന്ദ്ര മന്ത്രി വി.മുരളീധരൻ, തുടങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ നാടു കൂടിയാണ് ഈ പ്രദേശം രാഷ്ട്രീയ വൈര്യത്താൽ ആർ എസ്.എസ് നേതാവ് ഇളന്തോട്ടത്തിൽ മനോജ് ഉൾപ്പെടെയുള്ള നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 2021 ഏപ്രിൽ 16 ഇവിടെ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പൊന്യം നരി വയലിൽ ബോംബ് നിർമ്മാണ 'ഫാക്ടറി' തന്നെ പൊട്ടിത്തെറിച്ചു 2021 മാർച്ചിൽ കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതിനു ശേഷം നടന്ന സംഭവമായിരുന്നു അത്. ലോകമാകെ മഹാമാരി പടർന്നു പിടിക്കുമ്പോഴും കണ്ണുരിലെ ബോംബ് നിർമ്മാണം അഭംഗുരം തുടരുകയായിരുന്നു. അഴിയൂർ സ്വദേശിയായ രജീഷെന്ന സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിന്നിച്ചിതറി ടി.പി വധക്കേസിൽ കോടതി വെറുതെ വിട്ട പ്രതികളിലൊരാളായിരുന്നു രജീഷ്.

ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുടെ കണ്ണ് തകർന്നു മറ്റ് നാലുപേർക്ക് പരുക്കേറ്റുപുഴയിൽ ചാടിയാണ് പലരും രക്ഷപ്പെട്ടത്. അതിനുശേഷമാണ് ഇകതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തികൾ അറ്റുപോയത്.

വിഷു ആഘോഷത്തിന്റെ മറവിൽ പടക്കനിർമ്മാണം എന്ന പേരിലാണ് ബോംബുണ്ടാക്കുന്നത്. കണ്ണൂരിന്റെയും വടക്കൻ മലബാറിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെ ചരിത്രം നോക്കിയാൽ അത് അത്ര എളുപ്പത്തിലൊന്നും പരിഹരിക്കാൻ കഴിയില്ല എന്ന് ഉറപ്പാണ്. കാരണം സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും എന്തിന് സമാധാനപ്രിയരാണെന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന കോൺഗ്രസുകാർ പോലും നാടൻ ബോംബിനെ കുടിൽവ്യവസായമാക്കി മാറ്റിയതിന് പിന്നിലുണ്ട്. ആർഎസ്സ് കേന്ദ്രങ്ങളിലും മുസ്ലിം ലീഗ് കേന്ദ്രങ്ങളിലും ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടുണ്ട്. കോൺഗ്രസുകാർ അടക്കം പലരും ബോംബ് കേസിൽ പ്രതികളും. ചുരിക്കിപ്പറഞ്ഞാൽ പാർട്ടി സ്‌പോൺസേഡ് ബോംബ് സ്‌ക്വാഡ് തന്നെയാണ് കണ്ണൂരിൽ പ്രവർത്തിക്കുന്നതും.



കില്ലർസ്‌ക്വഡിൽനിന്ന് എസ് ഡിയിലേക്ക്

എം വി രാഘവനാണ് കണ്ണൂർ ജില്ലയിൽ എതിരാളികളെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന 'പ്രതിരോധ സംഘങ്ങൾക്ക്' കണ്ണൂരിൽ തുടക്കം കുറിച്ചത്. ഇവയാണ് പിന്നീട കില്ലർ സ്‌ക്വാഡുകൾ ആയി മാറിയത്. മറ്റുപാർട്ടികൾക്കും ഇതുപോലുള്ള സംഘങ്ങൾ ഉണ്ടെങ്കിലും അത് സിപിഎമ്മിന്റെ അത്ര ആസൂത്രിതമല്ല. ഒരുത്തൻ ഒരു കില്ലർ സ്‌ക്വാഡിൽ അംഗമായാൽ പിന്നെ അവന്റെ സമ്പൂർണ്ണ ചുമതല പാർട്ടിക്കാണ്. അക്രമത്തിനിടെ കൊല്ലപ്പെട്ടാൽ കുടംബത്തെ പാർട്ടി നോക്കും, രക്തസാക്ഷിയുടെ മകന് പാർട്ടി ബാങ്കിലും മറ്റുമായി ജോലി ഉറപ്പ്. പുറമെ ലക്ഷങ്ങൾ പിരിച്ചെടുത്ത് നൽകുയും ചെയ്യും. ഇനി കേസും പാർട്ടി നടത്തിക്കോളും. ഭരണത്തിൽ വന്നാൽ ജയിലിലും കുശാൽ. ഓരോ പ്രദേശത്തും ഇങ്ങനെ എന്തിനും പോന്നവരെ സിപിഎം വളർത്തിക്കൊണ്ടുവന്നു. അത് ക്രമേണെ മറ്റുപാർട്ടികളിലേക്കും വ്യാപിച്ചു. മാത്രമല്ല ഒരു പാർട്ടിയിൽനിന്ന് തെറ്റിപോകുന്നവർ മറ്റ് പാർട്ടിയിലേക്ക് ചേക്കേറി അവിടെയും അതേ അവസ്ഥയുണ്ടാക്കി.

ക്രമേണെ ക്രമിനൽ ബുദ്ധിയുള്ളവർ ഇത് മുതലെടുക്കാൻ തുടങ്ങി. സമൂഹത്തിൽ നല്ല നിലയും വിലയുമുള്ള ഒരു തൊഴിലായാണ് പാർട്ടി ഗുണ്ടയെന്ന് അവർ തിരിച്ചറിഞ്ഞു. എന്നിട്ട് പാർട്ടിപോലും അറിയാതെ അവർ മണൽവാരലും, മദ്യക്കടത്തും, സ്വർണ്ണക്കടത്തുമെല്ലാം നടത്തി. കൊടി സുനിയുടെ അവസ്ഥ നോക്കുക. പരോളിൽ ഇറങ്ങിയിട്ടും ക്വട്ടേഷൻ എടുത്തു. ജയിലനകത്തിരുന്ന് ഗുണ്ടാ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.പാർട്ടിക്ക് സ്വന്തമായ നുണകളുടെ ഫാക്ടറിയുണ്ടാക്കാൻ നിരവധി വക്കീലന്മാരും ഉണ്ടായി. ഗുണ്ടകൾ സ്വന്തമായി ഉണ്ടാക്കുന്ന കേസുകളും പാർട്ടിയുടെ തലയിലായി. ഭസ്മാസുരന് വരം കൊടുത്തപോലെ ഗുണ്ടകളെകൊണ്ട് പാർട്ടിയും തുലഞ്ഞു.

കൃത്യമായ ആക്ഷൻ പ്ലാനും കോർഡിനേഷനും ഉള്ളവയായിരുന്നു ഈ കില്ലർ സ്‌ക്വാഡുകൾ. വെട്ടാൻ ഒരു ടീം, ആയുധങ്ങൾ എത്തിച്ചുകൊടുക്കാൻ മറ്റുചിലർ, പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം കൊടുക്കന്നത് വേറെ ചിലർ. ഇവർ തമ്മിൽ പരസ്പരം ബന്ധം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഒരാളെ പിടിച്ചാൽ ഒരു വിവരവും കിട്ടില്ല. ഇനി സമയത്തിന് ഡമ്മി പ്രതികളെ ഇറക്കാനും പാർട്ടിക്ക് അറിയാം. കണ്ണൂരിലെ മിക്ക കേസുകളിലും യഥാർഥ പ്രതികൾ പോലുമല്ല ശിക്ഷിക്കപ്പെടുന്നത്. അതായത് പാർട്ടിക്ക് കോടതിയും പൊലീസും മാത്രമല്ല കള്ളന്മാരെ സപ്ലെചെയ്യുന്ന സംഘങ്ങളുമുണ്ടെന്ന് ചുരുക്കം. ഇങ്ങനെ ഡമ്മി പ്രതികളെ ഇറക്കുന്നതിലും രണ്ടുകാര്യമുണ്ട്. കേസ് പൊളിക്കാൻ എളുപ്പമാണ്. ഉദാഹരണമായി ഒരു വെട്ടുകേസിൽ ലെഫ്റ്റ് ഹാൻഡറും റൈറ്റ് ഹാൻഡറും ഉണ്ടാക്കുന്ന മുറിപ്പാടുകൾ വ്യത്യസ്തമാണ്. ഈ ഒരൊറ്റ വകുപ്പിൽ പിടിച്ചാൽ തന്നെ കേസ് പൊളിക്കാം.

അതായത് ഒരു സാധാ ക്വട്ടേഷൻ ടീമോ അക്രമി സംഘമോ ആയിരുന്നില്ല കണ്ണൂരിലെ കില്ലർ സ്‌ക്വാഡുകൾ. അതിൽ നാടൻ ബോംബുണ്ടാക്കുന്നവൻ തൊട്ട് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വക്കീലും, പ്രതികളെ ചികിൽസിക്കുന്ന ഡോക്ടറും തൊട്ട് വലിയൊരു മാഫിയാ സംഘമായിരുന്നു അത്. ഈ വിവിധ ടീമുകളെ ഏകോപിപ്പിക്കുന്നതാവട്ടെ ഒരു രാഷ്ട്രീയ നേതാവും. ടി പി വധക്കേസിൽ ആരോപിതനായ കുഞ്ഞനന്തൻ അടക്കമുള്ള നേതാക്കൾ ഇങ്ങനെ കില്ലർ സ്‌ക്വാഡിന്റെ തലവന്മാരായിരുന്നു. പി ജയരാജൻ കണ്ണൂരിൽ സെക്രട്ടറിയാതോടെയാണ് ഈ കില്ലർ സ്‌ക്വാഡുകളെയെല്ലാം മാറ്റിയെടുത്ത്, ശാസ്ത്രീമായ സെൽഫ് ഡിഫൻസ് എന്ന എസ് ഡി സംഘം ഉണ്ടായത് എന്നാണ് എതിരാളികൾ പറയുന്നത്.



ബോംബ് നിർമ്മാണത്തിനും ശിൽപ്പശാല!

എങ്ങനെ നാടൻ ബോംബുണ്ടാക്കണം എന്ന് കാണിച്ച് ഈ എസ് ഡി സംഘത്തിന്റെ നേതൃത്വത്തിൽ കണ്ണൂരിന്റെ ഗ്രാമങ്ങളിൽ 'ശിൽപ്പശാലകൾ' രഹസ്യമായി നടന്നിട്ടുണ്ട്. മറ്റിടങ്ങളിലെ ബോംബ് നിർമ്മാണ വിദഗ്ധരെകൊണ്ടുവന്നുള്ള ലെവ് ഡെമേക്ലാസുകളാണ് ഇവിടെ പ്രധാനം. സദ്ദാം ഹുസൈനിന്റെ രാസായുധ വിദഗ്ധനയാ കെമിക്കൽ അലിയെ ഓർമ്മയില്ലേ. എത്ര കൂരമായ ആയുധവും നിർമ്മിച്ചുകൊടുക്കുന്നതിൽ വിദഗ്ധനായിരുന്നു ഇദ്ദേഹം. സിപിഎമ്മിന്റെ അടക്കമുള്ള കണ്ണൂർ കില്ലർ സ്‌ക്വാഡുകളിലെ പ്രധാനിയും ഇത്തരത്തിലുള്ള ഒരു കെമിക്കൽ അലിയാണ്. അയാൾക്കാണ് നാടൻബോംബിന്റെ കൂട്ട് കൃത്യമായി അറിയുക.വന്ന് ഒരു കാലത്ത് കെമിക്കൽ അലി എന്ന കോഡു ഭാഷയിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നതും.

പുറമെനിന്ന് കാണുന്നപോലെ അത്ര എളുപ്പമെന്നുമല്ല നാടൻ ബോംബ് നിർമ്മാണം. ശരിക്കും ജീവൻ പണയം വെച്ചുള്ള ഒരു കളിയാണിതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരും ഇത്തരം നിർമ്മാണത്തിൽ പങ്കെടുത്തവരും പറയുന്നത്. പടക്കം നിർമ്മാണ ഫാക്ടറിയിലേതുപോലെ എത് നിമിഷവും അപകടം പ്രതീക്ഷിക്കാവുന്ന തീക്കളി. അപകടമുണ്ടായാൽ തീപടരാതിരിക്കാനും പരമാവധി അപകടം ഒഴിവാക്കാനുമായി ഏറ്റവും വിജനമായ സ്ഥലമാണ് നാടൻബോംബ് നിർമ്മാണത്തിന് തെരഞ്ഞെടുക്കുക.

മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളോ, പുഴയോരങ്ങളോ, കല്ലൂവെട്ട് കുഴികളോ ഒക്കെയാണ് ഇതിനായി തെരഞ്ഞെടുക്കുക. പഴയ വീടുകളുടെ മൺചുമരുകളിൽ ദ്വാരമിട്ടും, തെങ്ങുപോലുള്ള മരങ്ങളിൽ രണ്ടു പൊത്തുകൾ ഉണ്ടാക്കിയുമൊക്കെയാണ് ബോംബ് അസമ്പിൾ ചെയ്യുക. പ്ലൈവുഡ് പലകകൾക്കിടയിൽ ദ്വാരമിട്ട് അസമ്പിൾ ചെയ്യുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. ഇതിനിടെ അപകടം ഉണ്ടായാൽ കൈക്ക് മാത്രം പരിക്കേൽക്കാനാണ് ഈ കരുതൽ. കൈപ്പത്തിയില്ലാത്ത നിരവധി പേരെ നിങ്ങൾക്ക് പാനൂർ മേഖലിയിൽ മാത്രം കാണാം.

നൂൽബോംബ്, പെട്രോൾ ബോംബ്, സ്റ്റീൽബോംമ്പ് എന്നിവയാണ് കണ്ണൂർ മേഖലയിൽ വ്യാപകമായി കണ്ടുവരുന്ന നാടൻ ബോംബുകൾ. ഇതിൽ നൂൽബോംബിന് അതി ശക്തമായ പുകയാണ് ഉണ്ടാവുക. ആ പുകയുടെയും ശബ്ദത്തിന്റെ ഭീതിയിൽ കില്ലർ സ്‌ക്വാഡിന് കൊല നടത്താൻ കഴിയും. ആളുകളുടെ ശ്രദ്ധമുഴുവൻ ബോംബ് എറിഞ്ഞടത്ത് ആയിരിക്കും. ഭീതി പരത്തുക എന്നതാണ് നൂൽബോംബിൻെ പ്രധാന ലക്ഷ്യം. കല്ലും കുപ്പിച്ചില്ലും ആണിയും കരിങ്കൽ ചീളും വെടിമരുന്നും ഇട്ട് നൂലുചുറ്റിയെടുത്താണ് ഇത് നിർമ്മിക്കുന്നത്. പുറത്തേക്കുള്ള നുൽ വലിച്ചുവിട്ടാൽ ഘർഷണം കൊണ്ട് തീപിടിക്കും. ഇങ്ങനെയാണ് ഇത് ഉപയോഗിക്കുന്നത്. മാരക പ്രഹരശേഷിയുള്ളവയാണ് പെട്രോൾ ബോംബുകൾ. ഇതുകൊണ്ടുനടക്കുന്നതും റിസ്‌ക്കാണ്. ഒരു കുപ്പികത്ത് പ്രെടോൾ ഒഴിച്ച് തരി പുറത്തേക്കിട്ട് കവർ ചെയ്യുകയാണ് ഇവിടെ. എന്നിട്ട് തിരിക്ക് തീക്കൊളുത്തി എറിഞ്ഞാൽ പെട്രോൾ അഞ്ഞ് കത്തും. പൊലീസ് ജീപ്പുകൾ കത്തിക്കാൻ വരെ വിദ്യാർത്ഥി സമരക്കാരടക്കം ഒരുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത് ഇത്തരം പ്രെടോൾ ബോംബുകൾ ആയിരുന്നു.

ഇതിൽ സ്റ്റീൽ ബോംബാണ് മാരകം. വെടിമരുന്നിനും ഗന്ധകത്തിനുമൊപ്പം കുപ്പിച്ചില്ലും സ്റ്റീലും ഇട്ടാണ് നിർമ്മാണം. പൊട്ടിയാൽ പുറത്തുവരുന്ന കനത്ത ശബ്ദവും പുകയും ആരെയും ഞെട്ടിക്കും. കുപ്പിച്ചില്ലും സ്റ്റീലും, കരിങ്കൽ ചീളും, ആണിയും, തുണഞ്ഞുകയറി മരണവും ഉണ്ടാവും. ബോംബിന്റെ കാഠിന്യം ഉറപ്പിക്കുന്നത് നമ്മുടെ സഫോകവസ്തു വിദഗ്ധന്റെ രഹസ്യക്കൂട്ടാണ്. അത് ഒരു പാചക വിദഗ്ധന്റെ പൊടിക്കെപ്പോലെ പലരുടെയും ട്രേഡ് സീക്രട്ടാണ്. സെപ്റ്റിക്കായി പോയൻസൻ കയറി മരിക്കാൻ ലക്ഷ്യമിട്ട് തുരുമ്പുചേർത്ത് നിർമ്മിച്ച ബോംബ് തൊട്ട് മുളകുപൊടിയും മുള്ളാണിയിമിട്ട് കണ്ണെടുക്കുന്ന മാരകമായ നാടൻ ബോംബുവരെ നിർമ്മിക്കുന്ന 'പ്രതിഭകൾ' കണ്ണൂരിലുണ്ടെന്നാണ് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഒരു അഭിമുഖത്തിൽ പറഞ്ഞത്



ഇനി അക്രമത്തിനിടെ അസുഖം പറ്റുന്നവർക്ക് ഒളിച്ച് താമസിക്കാനും ചികിൽസിക്കാനുമായി പാർട്ടിക്ക് സ്വന്തമായി ആശുപത്രികളും ഉണ്ട്. മുറിവ് കൃത്യമായി ഉണ്ടാക്കാൻ അറിയുന്നവരും പാർട്ടിയിലുണ്ട്. പണ്ടൊക്കൊ വാഴയില പൊള്ളിച്ച് പുറത്ത് അടിച്ചാണ് ലാത്തിച്ചാർജിന്റെയൊക്കെ പാടുകൾ കൃത്രിമമായി ഉണ്ടാക്കിയിരുന്നതെന്ന് എ പി അബദുല്ലക്കുട്ടിയെപ്പോലുള്ള പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൗണ്ടർ കേസിനായി ഒരു ഫോറൻസിക്ക് എക്‌സപേർട്ടിനും പിടികൊടുക്കാൻ കഴിയാത്ത രീതിയിൽ മുറിവ് ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന വിദഗ്ധരും ഈ ഗ്രൂപ്പിലുണ്ട്.

തൊണ്ണൂറുകളിലെ അക്രമക്കാലത്ത് നാടൻബോംബ് നിർമ്മാണവും ഒരു കുടിൽ വ്യവസായംപോലെ ആയിരുന്നു. മംഗലാപുരത്തുനിന്ന് ഒരു വിദഗ്ധനെകൊണ്ടുവന്ന് പാർട്ടി ക്ലാസുപോലെ പഠിപ്പിച്ച് എം വി രാഘവനാണ് ഈ പരിപാടി കണ്ണൂർ സഖാക്കൾക്ക് ശാസ്ത്രീയമായി പരിചയപ്പെടുത്തിക്കൊടുത്തത് എന്നാണ് എതിരാളികൾ പറയുന്നത്. എംവിആർ എതിർപക്ഷത്തേക്ക്‌പോയതോടെ ബോംബു നിർമ്മാണത്തിന്റെ സാങ്കേതിക മറ്റുള്ളവർക്കും എളുപ്പാമയി. കലാപ കലുഷിതമായ 90-കളുടെ അവസാനത്തിലൊക്കെ കണ്ണൂരിലെ ഏത് പാർട്ടിഗ്രാമത്തിൽപോയാലും കൈയില്ലാത്ത ഒരാളെയെങ്കിലും കാണാം. കൈ പോയതാവട്ടെ ബോംബ് ഉണ്ടാക്കുന്നതിനിടെയും. ബോംബ് നിർമ്മാണത്തിനിടെ നിരവധിപേരാണ് കണ്ണൂരിൽ മരിച്ചത്. സിപിഎം മാത്രമല്ല മറ്റുപാർട്ടികളിലുമുണ്ട് ഇങ്ങനെ ജീവൻ പോയവർ. പക്ഷേ കൂടുതൽ സിപിഎമ്മിനാണെന്ന് മാത്രം. ഇനി ഈ കെമിക്കൽ അലിമാർക്ക് ഉയർന്ന സാങ്കേതിക പരിശീലനവും കൊടുക്കാനും പാർട്ടി തയ്യാറായിരുന്നു. ഇത്തരക്കാരിൽനിന്ന് വിദ്യകൾ പഠിക്കാനും മറ്റിടങ്ങളിൽനിന്ന് ആളുകൾ എത്തിയിരുന്നു. അതായത് ശരിക്കും ഒരു സർക്കാർ സ്പോൺസേഡ് കുടിൽ വ്യവസായം! ഇത് സിപിഎം അടക്കമുള്ള പാർട്ടികൾ വിചാരിച്ചാൽ തന്നെയേ ഇതിന് അറുതിവരുത്താൻ കഴിയുകയുള്ളൂ.

വാൽക്കഷ്ണം: ബോംബ് നിർമ്മാണത്തിനുപോലും വിശ്വാസത്തിന്റെ ഘടകങ്ങളുമുണ്ട്. ബോംബ് നിർമ്മിച്ചശേഷം മുത്തപ്പന് കൊടുക്കൽ ചടങ്ങുനടത്തിയാണ് ഇത് പുറത്തുകൊണ്ടപോയിരുന്നത്! അതുപോലെ ഒരു അന്ധവിശ്വാസമാണ് കൊലക്കിടെ അമ്മിക്കല്ല് എടുത്ത് അടുപ്പിൽ ഇടുന്ന രീതിയും. അക്രമിക്കപ്പെടുന്ന വീട്ടിലെ കണ്ണാടികൾ തച്ചുടയ്ക്കപ്പെടും അമ്മിക്കല്ലും (അരകല്ല്) പിള്ളക്കല്ലും കിണറ്റിൽ എറിയും.. അങ്ങനെ ചെയ്താൽ പിന്നീട് ആ വീട്ടിൽ പെൺകുട്ടികളുടെ വിവാഹം നടക്കില്ലത്രേ.!