- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മക്കയിലേക്ക് മിസൈൽ അയച്ച ഇസ്ലാമിക തീവ്രവാദികൾ; സൗദിയുടെ തിരിച്ചടിയിൽ മരിച്ചത് ആയിരങ്ങൾ; സിറിയൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടത് 5 ലക്ഷം പേർ; ചൈന പീഡിപ്പിക്കുന്നത് 30 ലക്ഷം ഉയിഗൂരികളെ; എന്നിട്ടും നമ്മുടെ നോട്ടം ഗസ്സയിലേക്ക് മാത്രം; കേരളത്തിൽ ആരും റാലി നടത്താത്ത മനുഷ്യക്കുരുതികളുടെ കഥ!
തങ്ങളുടെ മതക്കാർ കൊല്ലപ്പെടുമ്പോൾ മാത്രം, ( അതും മറ്റ് മതസ്ഥരാൽ ആവുകയുംവേണം) കണ്ണുനീർഗ്രന്ഥികൾ സ്രവിക്കപ്പെടുന്ന ഒരു സമൂഹം ആവുകയാണോ നാം. ഹമാസ്- ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കാണുന്ന റാലികളും, പ്രകടനങ്ങളും, ഫേസ്‌ബുക്ക് സംഘർഷങ്ങളും സൂചിപ്പിക്കുന്നത് അതാണ്. തീർച്ചയായും, ഗസ്സയിൽനിന്നുള്ള വാർത്തകൾ കരളലിയിപ്പിക്കുന്നതാണ്. ഇസ്രയേൽ സൈന്യത്തിന്റെ നിഷ്ഠൂരമായ ആക്രമണം നേരിടുന്ന ഗസ്സയിലെ പാവങ്ങളോട് ഐക്യദാർഡ്യപ്പെടേണ്ടതാണ്. പക്ഷേ അതിന് പ്രധാന കാരണക്കാരനായ ഹമാസ് എന്ന ഭീകര സംഘടന, കേരളത്തിൽ പോരാളികൾ ആണ്. ഹമാസിന്റെ ക്രൂരതകളും, മത തീവ്രവാദവും തുറന്ന് കാട്ടുന്നവർ നമുക്ക്, വലതുപക്ഷ ഭീകരരാണ്.
അങ്ങനെ അവസാനമായി വലതുപക്ഷ ഭീകരനായ വ്യക്തിയാണ്, എഴുത്തുകാരൻ എം എൻ കാരശ്ശേരി. ഈ സെലക്റ്റഡ് കണ്ണുനീരിനെക്കുറിച്ച് ചൂണ്ടിക്കാട്ടിയതിന് ഇടത്-വലത് ഭേദമില്ലാതെ സൈബർ അണികളിൽനിന്ന് അദ്ദേഹം ആക്രമണം നേരിട്ടുകൊണ്ടിരിക്കയാണ്. കാരശ്ശേരി മാസ്റ്റർ മാതൃഭൂമിക്ക് നൽകിയ ഒരു അഭിമുഖമാണ് വിവാദമായത്. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. -''2015, 2016, 2017 മൂന്ന് കൊല്ലത്തിനിടയിൽ മ്യാന്മറിൽനിന്ന് അഭയാർഥികളായി മാറിയത് ഏഴ് ലക്ഷം റോഹീങ്ക്യനുകളാണ്. അവിടെ ഇക്കാലത്തിനിടെ കൊല്ലപ്പെട്ടത് 25,000 ആളുകളാണ്. നടുക്കടലിൽ മുങ്ങിമരിച്ചവരെ കുറിച്ച് കണക്കില്ല. എന്തേ സിപിഎമ്മിന് ആശങ്കയില്ലാത്തത് എട്ടു കൊല്ലമായി ഹൂതികളും സൗദി അറേബ്യയുമായി യുദ്ധം നടക്കുന്നു. കൊല്ലപ്പെട്ടവരെ കുറിച്ച് എന്തെങ്കിലും ചർച്ചയുണ്ടോ ചൈനയിൽ ഭരണകൂടം തടവിലാക്കുകയും പീഡിപ്പിക്കുകയും അടിമപ്പണി ചെയ്യിക്കുകയും ചെയ്യുന്ന ഉയിഗുർ മുസ്ലിംങ്ങളെ കുറിച്ച് എന്തേ സിപിഎമ്മിന് ആശങ്കയില്ലാത്തത് ഇനിയുമുണ്ട് ഉദാഹരണങ്ങൾ ; പെഷവാറിൽ സ്‌കൂളിൽ താലിബാൻ ബോംബിട്ടുണ്ടായിരുന്നില്ലേ. 150 ആളുകൾ മരിച്ചതിൽ 134 പേർ കുട്ടികളായിരുന്നില്ലേ. എന്നിട്ട് ഇവിടെ കോഴിക്കോട്ട് ചില സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം അല്ലാതെ മറ്റെങ്കിലും കേരളത്തിൽ നടന്നോ അപ്പോൾ മനുഷ്യസ്‌നേഹമൊന്നുമല്ല പകരം മുസ്ലിം ലീഗ് അല്ലാത്ത മുസ്ലിംങ്ങളുടെ വോട്ട് കിട്ടാനുള്ള കളിയാണ് സിപിഎം. എന്നും കളിച്ചിട്ടുള്ളത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയെന്ന് ആർക്കാണ് അറിയാത്തത്.''- കാരശ്ശേരി പറയുന്നു.
തുടർന്ന് അദ്ദേഹം ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. -''സംസ്ഥാനത്ത് റോഡ് നന്നാക്കുന്നില്ലേയെന്നും പെൻഷനും ശമ്പളവും കൊടുക്കുന്നില്ലേയെന്നും കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കുന്നത് നിർത്തുകയാണോ എന്നുമൊക്കെ കോടതിക്ക് പോലും ചോദിക്കേണ്ടി വരികയാണ്. ചീഫ് സെക്രട്ടറിക്കടക്കം കോടതിക്ക് മുന്നിൽ നാണംകെട്ട് തലതാഴ്‌ത്തി തിരിച്ചുപോരേണ്ടി വന്നു. ഇതിനിടെ സിപിഎമ്മിനും സർക്കാരിനും കിട്ടിയ പിടിവള്ളിയാണ് ഫലസ്തീൻ ഐക്യദാർഢ്യവും ഹമാസും. ഒറ്റലക്ഷ്യം വോട്ടുബാങ്ക്. കേരളത്തിന് ഏറ്റവും കൂടുതൽ ദുരിതം സമ്മാനിച്ച സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്തവരാണ് സിപിഎം. ഇത് കേരളത്തോടുള്ള താൽപര്യം കൊണ്ടായിരുന്നോ. അല്ല. പകരം ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കണം എന്നതുകൊണ്ടാണ്''- ശരിക്കും കേരളീയ സമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണ് കാരശ്ശേരി പറഞ്ഞത്. കേരളത്തിൽ ആരും റാലി നടത്താത്ത, മനുഷ്യക്കുരുതികളുടെ കഥ, ശരിക്കും ഒരു വല്ലാത്ത കഥ തന്നെയാണ്.
മക്കയിലേക്ക് മിസൈൽ അയക്കുന്ന മുസ്ലീങ്ങൾ!
2015 മുതൽ യെമനിൽ തുടരുന്ന സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പേരാട്ടത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. സൗദിയുടെ ബോംബിങ്ങിൽ ഗസ്സക്ക് സമാനമായി കുട്ടികൾ കൊല്ലപ്പെട്ടു. പക്ഷേ കൊല്ലുന്നത് മുസ്ലീങ്ങൾ പരസ്പരം ആയതുകൊണ്ടാവാം കേരളത്തിൽ റാലികളും ഹർത്താലുകളും ഒന്നു നടന്നില്ല. ഫലസ്തീൻ സംഘർഷങ്ങളിൽ എന്നപോലെ ഇവിടെയും അടിസ്ഥാന കാരണം മതം തന്നെയാണ്.
ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘർഷങ്ങളുടെ തുടർച്ച തന്നെയാണ് ഇന്ന് ഹൂതികൾക്ക് പകുതി രാജ്യ നിയന്ത്രണമുള്ള യമനിലും സംഭവിച്ചത്. യമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികൾ. സുന്നികൾ സയിദികളെ അടിച്ചമർത്തുന്നതിനോടുള്ള ചെറുത്തുനിൽപ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്.ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്.
1990വരെ സോവിയറ്റ് നിയന്ത്രണത്തിലുള്ള കമ്യൂണിസ്റ്് രാഷ്ട്രമായ തെക്കൻ യമനും, സുന്നി രാഷ്ട്രമായ വടക്കൻ യമനുമായി രണ്ട് രാജ്യങ്ങളായിരുന്നു ഈ നാട്. സോവിയറ്റ് യൂണിയന്റെ പിടി അയഞ്ഞതോടെ, ജർമ്മനി ഒന്നായപോലെ, ഐക്യ യമൻ പിറന്നു. അലി അബ്ദുള്ള സലേ രാഷ്ട്രത്തലവനായി. 1990ൽ പുതിയ ഭരണഘടന വന്നു. പക്ഷേ, സലേയുടെ ഭരണരീതികൾ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കി. സലേ അവഗണിക്കുന്നുവെന്ന് ഷിയാ വിഭാഗമായ സെയ്ദികൾ ആരോപിച്ചു. അവർ അട്ടിമറി ശ്രമം നടത്തുന്നുവെന്ന് സലേയും.
1990 കളിൽ ആണ് ഹൂതികൾ ശക്തി പ്രാപിക്കുന്നത്. 2004 ൽ ഹുസൈൻ അൽഹൂതിയുടെ മരണത്തിന് ഇടയാക്കിയ സർക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികൾ മാറി. ഇറാന്റെ പിന്തുണതോടെ വളരെ പെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.
2011ൽ ഏകാധിപതികളായ അറേബ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾക്ക് എതിരെയുണ്ടായ മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ട സായുധകലാപങ്ങൾ ഫലത്തിൽ ഹൂതികൾക്കും ഗുണം ചെയ്തു. 33 വർഷം അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയെ പുറത്താക്കാൻ യമെൻ ജനത തെരുവിലിറങ്ങി. വ്യാപകപ്രക്ഷോഭങ്ങൾ, ഉപരോധങ്ങൾ, വധശ്രമം, അയൽരാജ്യങ്ങളുടെ സമ്മർദം. എല്ലാമായപ്പോൾ സലേ രാജിവെച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് അബ്ദ്‌റബ്ബോ മൻസൂർ ഹാദി പ്രസിഡന്റായി. ആഭ്യന്തരയുദ്ധം തുടങ്ങി. ഇതോടെ ഹൂതികൾ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു.
പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യമനിലെ പ്രധാന കേന്ദ്രങ്ങൾ മുഴുവൻ ഹൂതികൾ പിടിച്ചടക്കി. സർക്കാരും സൈന്യവും പ്രതിരോധത്തിലായി. എതിർക്കുന്നവരെ പല്ലിന് പല്ല് കണ്ണിന് എന്ന ശൈലിയിൽ നേരിട്ടു. തങ്ങളിൽ ഒരാളെ കൊന്നാൽ പത്താളെ കൊന്ന് പകവീട്ടുക എന്നതാണ് ഹൂതികളുടെ ശൈലി. തലവെട്ടലും, കണ്ണ് ചൂഴ്്ന്ന് കൊല്ലലും, തിളപ്പിച്ച എണ്ണയിൽ മുക്കി തൊലിയിരിച്ച് കൊല്ലലുമെല്ലാമായി ക്രൂരതയുടെ പരമ്പരകൾ. അങ്ങനെ ഒരുവേള ഷിയാ ഐസിസ് എന്നപേര് ഞെട്ടലോടെ ലോകം ഇവർക്ക് നൽകി. 2014 സെപ്റ്റംബറിൽ ഹൂതികൾ തലസ്ഥാനമായ സനാ ആക്രമിച്ചു. നിയന്ത്രണം പിടിച്ചെടുത്തു. ഹാദി സൗദി അറേബ്യയിൽ അഭയം തേടി. എന്നാൽ സുന്നി രാജ്യമായ സൗദി അടക്കമുള്ളവർക്ക് ഇത് പിടിച്ചില്ല. ഷിയകൾ ഒരു സുന്നി രാഷ്ട്രത്തിൽ അധികാരം പിടിക്കയോ. അവർ ഒമ്പത് സഖ്യരാഷ്ട്രങ്ങളെയും ചേർത്ത് യമനെതിരെ പടനയിച്ചു. ആ യുദ്ധം ഇന്നും അവസാനിക്കാതെ തുടരുകയാണ്.
സൗദി, യു.എ.ഇ, കുവൈത്ത്, മൊറോക്കോ, ഈജിപ്ത്, ജോർദാൻ, ലിബിയ, ഖത്തർ, ബഹഹൈൻ, എന്നീ ഒമ്പത് സുന്നി രാഷ്ട്രങ്ങളാണ് 2015ൽ സഖ്യസേനയുണ്ടാക്കി ഹൂതികൾക്കെതിരെ ആക്രമണം നടത്തിയത്. എന്നിട്ടംു അവർ പിടിച്ച് നിൽക്കുന്നു. സൗദിയിലെ സൽമാൻ രാജാവ് ആയിരുന്നു എല്ലാറ്റിനും നേതൃത്വം കൊടുത്തിരുന്നത്. സൗദി ഒന്നരലക്ഷം ഭടന്മാരെയും യുദ്ധത്തിന് വിട്ടുകൊടുത്തു. യുദ്ധവിമാനങ്ങളും കപ്പലുകളുമാണ് സഖ്യരാഷ്ട്രങ്ങൾ കൊടുത്തത്. ആ ആക്രമണം ഇന്നും തുടരുകയാണ്. ഹൂതികൾ ആവട്ടെ സൗദിയുടെ പുക കണ്ടേ അടങ്ങൂഎന്ന വാശിയാലാണ്. അവർ ആരാകോ പോലുള്ള സൗദിയുടെ എണ്ണക്കമ്പനികളെയും കപ്പലുകളെയും ആക്രമിക്കുന്നു. എന്തിന് മക്കയ്ക്കും മദീനക്കും നേരെ മിസൈൽ വിടുന്നു. ലോകത്തിലെ ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയും അവരുടെ പുണ്യഭൂമിയായ മക്കയിലേക്ക് മിസൈൽ വിടില്ല. പക്ഷേ ഹൂതികൾ കഴിഞ്ഞ വർഷം അങ്ങനെയും ചെയ്തു. പക്ഷേ ഭാഗ്യത്തിന് വലിയ ദുരന്തം ഉണ്ടായില്ല എന്ന് മാത്രം. ഇതേതുടർന്ന സൗദി യമനിൽ നടത്തിയ പ്രത്യാക്രമണത്തിലും ആയിരിങ്ങൾ കൊല്ലപ്പെട്ടു. പക്ഷേ കേരളത്തിൽ അതൊന്നും അവർക്കും പ്രശ്്നമല്ല.
റോഹീങ്ക്യകളുടെ കണ്ണീർ
2015 മുതലുള്ള കണക്കുകൾ നോക്കുമ്പോൾ മ്യാന്മാറിൽ അമ്പതിനായിരത്തിലേറെ റോഹീങ്ക്യകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത് ഇവരെയാണ്. ഇന്ന്, ലോകത്തിന്റെ കണ്ണീരായ റോഹീങ്ക്യൻ ജനത ഒരു മതവിഭാഗമല്ല. ഒരു ഭാഷാ ഐഡന്റിറ്റിയാണ്. റോഹീങ്ക്യൻ ഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും, ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ്. 2016-17 കാലഘട്ടത്തിലാണ് തദ്ദേശീയർ അല്ലെന്ന് പറഞ്ഞ് മ്യാന്മാർ ഭരണകൂടത്തിന്റെ പിന്തുണയോടെ ഇവർ ആട്ടിയോടിക്കപ്പെട്ടത്. അതുവരെ മ്യാന്മറിൽ ഏകദേശം 10ലക്ഷം റോഹിങ്ക്യൻ വംശജർ ജീവിച്ചിരുന്നു എന്നാണ് കണക്ക്. അഹിംസാ വാദികൾ എന്ന് പറയുന്ന ബുദ്ധിസ്റ്റുകളാണ് ഈ പീഡനത്തിന് നേതൃത്വം കൊടുക്കുന്നത് എന്നോർക്കണം.
1982 ലെ മ്യാന്മർ ദേശീയ നിയമപ്രകാരം ഇവർക്ക് പൗരത്വം നിഷേധിക്കപ്പെട്ടു. ഇപ്പോൾ പിറന്ന നാട്ടിൽ രണ്ടാംതരം പൗരന്മാർ ആണിവർ. സഞ്ചാര സ്വാതന്ത്ര്യം, സംസ്ഥാനതല വിദ്യാഭ്യാസം, സിവിൽ സർവീസ് ജോലികളിൽ എന്നിവയിൽ നിന്നും ഈ ജനങ്ങൾ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. തിരിച്ചറിയൽ കാർഡോ ജനനസർട്ടിഫിക്കറ്റുകളോ പോലും ഇവർക്ക് സർക്കാർ നിഷേധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അവർക്ക് സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല. ഈ അവസ്ഥയെ വർണ്ണവിവേചനവുമായാണ് പലരും താരതമ്യപ്പെടുത്തുന്നത്. നോബേൽ സമ്മാനം നേടിയ ഓങ്സാങ് സൂചി പോലും റൊഹീങ്ക്യകൾക്ക് വേണ്ടി ശബ്ദിച്ചിട്ടില്ല.
മ്യാന്മർ സർക്കാരിന്റെ നിലവിലെ ഔദ്യോഗിക നിലപാടുകൾപ്രകാരം റോഹീങ്ക്യൻ വംശജർ ദേശീയ ജനതയല്ല, അയൽദേശമായ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ്. മ്യാന്മർ സർക്കാർ 'റോഹിങ്ക്യ' എന്ന വാക്കിനുപോലും വിലക്ക് ഏർപ്പെടുത്തി, ഈ സമൂഹത്തെ ബംഗാളികൾ എന്നു സംബോധന ചെയ്യുന്നത്. ഈ പീഡനങ്ങൾ കാരണം, ബോട്ടിൽ കയറിപ്പറ്റി എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്ന റോഹീങ്ക്യകളുടെ നിരവധി സംഘങ്ങൾ കടലിൽ മരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ആവട്ടെ ഇപ്പോൾ അവരെ എടുക്കിന്നില്ല. മറ്റ് രാജ്യങ്ങളിലേക്ക് പോയവർക്കും നരകതുല്യമായ ജീവിതമാണ്. അതിനിടയിൽ റോഹീങ്ക്യകൾക്കിടയിൽ തീവ്രവാദ സംഘങ്ങൾ ഉണ്ടായതും പ്രശ്നം വർധിപ്പിച്ചു. ഇപ്പോഴും ചെകുത്താനും കടലിനും ഇടയിലാണ് ഇവരുടെ ജീവിതം.
അഫ്ഗാനിലെ ദയനീയ ജീവിതം
താലിബാൻ ഭരണത്തിലേറെയതോടെ അതി ദയനീയമാണ് അഫ്ഗാന്റെ അവസ്ഥ. ആയിരക്കണക്കിന് പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. തെരുവുകളിൽനിന്നും മറ്റും ഏതാണ്ട് പൂർണ്ണമായി എന്നോണം സ്ത്രീകൾ അപ്രത്യക്ഷരായിരിക്കുന്നു.
അതിനിടെ ഫ്ഗാനിസ്ഥാൻ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. ക്ഷാമം നേരിടുന്നതിനായി ജനങ്ങൾ കുട്ടികളെ വിൽക്കുന്നതായാണ് പുതിയ റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ 5 വയസ്സിന് താഴെയുള്ള 3.2 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നതായി യുഎൻ പറയുന്നു. ഇപ്പോൾ പട്ടിണി താങ്ങാതെ അഫ്ഗാനികൾ അവയവങ്ങൾ വിൽക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കയാണ്. വൃക്കക്ക് ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം (22,0000) രൂപവരെ കിട്ടുമെന്നാണ് റിപ്പോർട്ട്.
അടിമപ്പണിയും ലൈംഗിക ചൂഷണവുമാണ് പെൺകുട്ടികളെ കാത്തിരിക്കുന്നത്.' പ്രായം കുറഞ്ഞ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നത് ഈ മേഖലയിൽ സാധാരണമാണ്. കരാർ ഒപ്പിടാൻ വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് പണം നൽകണം. പണം നേരത്തെ നൽകിയാലും പെൺകുട്ടി ഏകദേശം 15 വയസ്സ് തികയുന്നത് വരെ അവളുടെ മാതാപിതാക്കളോടൊപ്പമായിരിക്കും താമസിക്കുക. എന്നാൽ, പലർക്കും പ്രാഥമിക ഭക്ഷണം പോലും വാങ്ങാൻ കഴിയാത്തതിനാൽ, വളരെ ചെറിയ പെൺകുട്ടികളെ പോലും കൊണ്ട് പോകാൻ വരന്റെ വീട്ടുകാരെ പലരും അനുവദിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ പീഡനത്തിന് യാതൊരു കുറവുമില്ല. സ്ത്രീകളെ പർദക്കുള്ളിലാക്കി വീട്ടിൽ തളച്ചിടുക എന്ന പഴയ നയം തന്നെയാണ് ഇത്തവണയും താലിബാനികൾ ആവർത്തിച്ചത്. സ്ത്രീകൾ അഭിനയിക്കുന്ന സീരിസുകളും മറ്റ് പരിപാടികളും അഫ്ഗാനിലെ ചാനലുകളിൽ അപ്രത്യക്ഷമായി.
സംഗീതവും താലിബാൻ വിലക്കിയിരിക്കയാണ്. വാഹനങ്ങളിൽ പാട്ട് വെക്കുന്നതും വിവാഹച്ചടങ്ങുകളിലെ തത്സമയ സംഗീത പരിപാടികളും താലിബാൻ നിരോധിച്ചിരുന്നു. എതിർത്തവരെ വെടിവെച്ചുകൊന്നു.
തിരക്കേറിയ നഗരത്തിലുടെ കിലോമീറ്ററുകൾ യാത്രചെയ്താലും, ഒരു സ്ത്രീയെപ്പോലും പുറത്ത് കാണാൻ കഴിയാത്ത ഒരു രാജ്യമായി അഫ്ഗാൻ മാറിക്കഴിഞ്ഞു.ഒരുകാലത്ത് കലയുടെ സംസ്‌ക്കാരത്തിന്റെയും, കേന്ദ്രങ്ങളായി വാഴ്‌ത്തപ്പെട്ട, കാബുളും കാണ്ഡഹാറും അടങ്ങുന്ന, വലിയ പാരമ്പര്യമുള്ള ആ രാജ്യത്തിന്റെ നിരത്തുകളിൽ ഇപ്പോൾ, സ്ത്രീ സാന്നിധ്യമില്ല.തൊഴിലിടങ്ങളിൽ വനിതകളില്ല. സ്‌കൂളിൽ വിദാർഥിനികളില്ല. പാർക്കിൽ പെൺകുട്ടികൾ ഇല്ല. സ്ത്രീകൾക്ക് ബന്ധുവായ ഒരു പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. സമുഹത്തിന്റെ ഏറ്റവും പിറകിലേക്ക് സ്ത്രീകളെ താലിബാൻ മാറ്റിയിരിക്കുന്നു. അവർക്ക് മർദനമേറ്റാലോ പീഡിപ്പിക്കപ്പെട്ടാലോ, കൊല്ലപ്പെട്ടാൽപോലുമോ പുറം ലോകം അറിയില്ല.
2021ൽ അമേരിക്കൻ സേന, അഫ്ഗാനിൽനിന്ന് പിന്മാറിയതോടെ, ഹാമിദ് കർസായി സർക്കാറിനെ വീഴ്‌ത്തി അധികാരത്തിലേറിയ താലിബാൻ അന്ന് അവകാശപ്പെട്ടത് തങ്ങൾ ഏറെ മാറിയെന്നാണ്. 20 വർഷംമുമ്പുള്ള താലിബാൻ ഭരണകാലത്ത് ഉണ്ടായിരുതുപോലുള്ള കർശന നിയന്ത്രണങ്ങൾ ഇനി ഉണ്ടാവില്ലെന്നും പല ഇസ്ലാമിക മാധ്യമങ്ങളും എഴുതി. പക്ഷേ താലിബാൻ താലിബാൻ തന്നെയാണ്. . അടിക്കടിയുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളും, തലതിരിഞ്ഞ സാമ്പത്തിക നയങ്ങളം മൂലം ലോകത്തിലെ 90 ശതമാനം ജനങ്ങളും ദാരിദ്രരേഖക്ക് താഴെയുള്ള, അപൂർവ രാഷ്ട്രമായും അഫ്ഗാൻ മാറുന്നു.
നെയിൽ പോളീഷിട്ടതിന് വിരലുവെട്ടലാണ് താലിബാന്റെ ശിക്ഷ. ലിപ്സ്റ്റിക്കിട്ടാൽ ജയിലിലാക്കും. പെൺകുട്ടികൾ പാടിയാലും വെടിയുണ്ടയാണ്. വനിതാ ജഡ്ജിക്കും ജോലിയില്ല. ഗർഭനിരോധന ഗുളികക്കുവരെ വിലക്കാണ്. ഈ രീതിയിൽ അഫ്ഗാൻ മാറിയിട്ടും ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും മരിച്ചിട്ടും, കേരളത്തിൽ യാതൊരു പ്രതിഷേധവും ഉണ്ടായിട്ടില്ല.
സിറിയ, ഇറാൻ, പിന്നെ പാക്കിസ്ഥാൻ!
സിറിയയിൽനിന്ന് ഇന്നും കൂട്ടക്കുരുതികളുടെ വാർത്തകൾ അവസാനിച്ചിട്ടില്ല. സഖ്യസേനയുടെ ഐസിസ് വേട്ട അവിടെ തുടരുകയാണ്. സിറിയൻ ഭരണകൂടത്തെ തകർക്കാനായി ഐസിസും അൽഖ്വായിദയും, വിമത സൈന്യവും ഏറ്റുമുട്ടുന്നുണ്ട്. പരസ്പരമുള്ള മിസൈൽ ആക്രമണങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടു കഴിഞ്ഞു. പകർച്ചവ്യാധികളും, പോഷകാഹാരക്കുറവുമായി കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കാൽലക്ഷത്തിലേറെ കുട്ടികളാണ് സിറിയയിൽ കൊല്ലപ്പെട്ടത്. പക്ഷേ കേരളത്തിൽ അതൊന്നും ഒരു വാർത്തപോലും ആയില്ല.
മുല്ലപ്പൂ വിപ്ലവത്തിനു പിന്നാലെ പ്രസിഡന്റ് ബഷാർ അൽ അസദിനെതിരെ സിറിയയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലഹം 12 വർഷം പിന്നിടുകയാണ്. റഷ്യയുടെയും ഇറാന്റെയും സഹായത്താൽ പ്രതിഷേധങ്ങളെ ആയുധമുപയോഗിച്ച് ബഷാർ പ്രതിരോധിച്ചതോടെ അത് ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങി. അമേരിക്കയും സഖ്യകക്ഷികളും മറുഭാഗത്ത് വിമതരോടൊപ്പം നിലയുറപ്പിച്ചതോടെ സംഘർഷം മൂർച്ഛിച്ചു.
സിറിയൻ ആഭ്യന്തര കലഹം ഇതിനകം കൊന്നൊടുക്കിയത് അഞ്ചു ലക്ഷത്തിലധികം മനുഷ്യരെയാണ്. 10 ലക്ഷത്തിലധികം ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടത്. രണ്ടു കോടിയിലധികം പേരുടെ വീടുകൾ തകർന്നപ്പോൾ, 50 ലക്ഷത്തിലധികം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുകയാണ്.നിലക്കാത്ത ചോരപ്പുഴയൊഴുകിയെങ്കിലും സിറിയയുടെ സുപ്രധാന ഭാഗങ്ങൾ കൈയടക്കിവെച്ച് ബഷാർ കുലുക്കമില്ലാതെ ഇപ്പോഴും പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ്. ഇത്രയധികം പേർ കൊല്ലപ്പെട്ടും ഇക്കാര്യം കേരളത്തിൽ കാര്യമായ ചർച്ചപോലും ഉണ്ടായില്ല.
അതുപോലെ കഴിഞ്ഞവർഷം ഇറാനിലെ പെൺപോരാട്ടങ്ങളുടെ കാര്യവും ലോകം മുഴുവൻ ചർച്ചചെയ്തെങ്കിലും കേരളത്തിലെ ഇസ്ലാമോ ലെഫ്റ്റ് കാണാതെപോയി. ഇറാനിയൻ മതകാര്യപൊലീസ് മഹ്സ അമിനിയെന്ന യുവതിയെ, ശിരോവസ്ത്രം ധരിക്കാത്തതിന് മർദിച്ച് കൊന്നതോടെ, ആയിക്കണക്കിന് സ്ത്രീകളാണ് മതകാർക്കശ്യത്തിന്റെ മക്കയായ ഇറാനിലെ തെരുവിൽ ഇറങ്ങിയത്. ഹിജാബിന് തീയിട്ട ഇവർ, പരമോന്നത നേതാവായ ആയത്തൊള്ള ഖുമേനിയുടെ ചിത്രവും കത്തിച്ചു. കാൽലക്ഷത്തോളം സ്ത്രീകൾ തടവിലായി. നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടു. കടുത്ത ഫെമിനിസം പറയുന്ന നമ്മുടെ പുരോഗമന സംഘടനകളിൽ എത്രപേർ പ്രതികരിച്ചു.
അതുപോലെ പാക്കിസ്ഥാനിലെ സുന്നി- ഷിയാ പോരാട്ടങ്ങളും, അൽഖ്വായിദ താലിബാൻ ആക്രമണങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. പെഷവാറിൽ സ്‌കൂളിൽ താലിബാൻ ബോംബിട്ട്, 150 ആളുകൾ മരിച്ചതിൽ 134 പേർ കുട്ടികളായിരുന്നു. ഇപ്പോൾ രാജ്യത്തെ അഫ്ഗാനികളെ കൂട്ടത്തോടെ പറഞ്ഞുവിടുകയാണ്് പാക്കിസ്ഥാൻ.
ഉയിഗൂരികൾക്ക് ഐക്യദാർഢ്യമില്ല
ലോകത്ത് ഏറ്റവും കൂടുതൽ മതപീഡനം നടക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അതിന് കമ്യുണിസ്റ്റ് ചൈന എന്നുതന്നെയാവും ഉത്തരം. പീഡിപ്പിക്കപ്പെടുന്നവർ മുസ്ലീങ്ങളും. കേരളത്തിൽ ഉയിഗൂരികൾക്ക് വേണ്ടി റാലി നടത്താത്തിന്റെ കാരണവും അതുതന്നെയാവും.
കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഉയിഗൂർ മുസ്ലീങ്ങൾ. ഇവർ മതം ഉപേക്ഷിച്ച് ദേശീയവാദികൾ ആകണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. അതിനായി 30 ലക്ഷത്തോളം വരുന്ന ഉയിഗൂർ മുസ്ലീങ്ങളെ തടവറകളിൽ അടച്ചിരിക്കയാണ് ചൈന. എന്നാൽ ഇത് തടവറയല്ല, രാഷ്ട്ര പുനർ നിർമ്മാണ കേന്ദ്രങ്ങളാണെന്നാണ് ആ കമ്യുണിസ്റ്റ് രാജ്യം പറയുന്നത്. അവിടെ എങ്ങനെ ഒരു നല്ല പൗരനാകാം എന്നാണത്രേ ചൈന ഇവരെ പഠിപ്പിക്കുന്നത്. പുരുഷന്മാർ ജയിലിലായ ഉയിഗുർ വീടുകളിലേക്ക് ഇപ്പോൾ 'ബന്ധു സഖാക്കൾ' എന്ന പേരിലാണ് ചൈന ആളുകളെ കയറ്റിവിടുന്നത്. സമ്മതമില്ലാതെ വീടുകളിൽ എത്തുന്ന ഈ അതിഥികൾ ഉയിഗൂരികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും താമസിക്കും. എല്ലാകാര്യങ്ങളും റിപ്പോർട്ട് ചെയ്യും. ചൈനീസ് ഭാഷയടക്കം പുതിയ കാര്യങ്ങൾ പഠിപ്പിക്കും.
അസ്വഭാവികമായ എന്തു കണ്ടാലും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് ഈ ബന്ധു സഖാക്കൾക്ക് നിർദ്ദേശം കിട്ടിയത്. ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ പ്രേരിപ്പിക്കണം, താടിയില്ലാത്തയാൾ പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം, മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം തുടങ്ങിയവയാണ് ഇവർക്ക് നൽകിയ മറ്റ് നിർദ്ദേശങ്ങൾ. എന്നാൽ ഉയിഗൂരികളാകട്ടെ ഇതിൽ ഒന്നും പിടികൊടുക്കാതെ തങ്ങളുടെ വിശ്വാസവുമായി ഉറച്ച് മുന്നോട്ടുപോകുയാണ്.
നിസ്‌ക്കാരവും നോമ്പുമൊക്കെ ഉപേക്ഷിപ്പിച്ച് മുസ്ലീങ്ങളെ അവർ അല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ ഈ രീതിയിലുള്ള പീഡനങ്ങൾ ഉണ്ടായിട്ടും അറബ് ലോകം അടക്കമുള്ള ഇസ്ലാമിക ലോകം പോലും ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മൗനം പാലിക്കയാണ്. കാരണം ചൈനയുമായുള്ള വ്യാപാര വ്യവസായ ബന്ധങ്ങൾ തന്നെ. ആകെ പ്രതികരിക്കുന്നത് പാശ്ചാത്യ മനുഷ്യാവകാശ സംഘടകൾ മാത്രമാണ്. പാക്കിസ്ഥാനോ ഇറാനോപോലും ഇവർക്കുവേണ്ടി നിലകൊണ്ടിട്ടില്ല. കേരളത്തിലും അതാണ് അവസ്ഥ.
സദ്ദാമിന് വേണ്ടി ഹർത്താൽ
സ്വന്തം ജനതക്ക്മേൽ രാസായുധം പ്രയോഗിച്ചുവെന്ന അപൂർവ കൃത്യം ചെയ്ത നരാധമാന സദ്ദാം ഹുസൈന് വേണ്ടി ഹർത്താൻ നടത്തിയവരാണ് നാം. കുർദിസ്ഥാൻ എന്ന രാജ്യത്തിനുവേണ്ടി പോരാടിയ വിമതരെയയൊക്കെ സദ്ദാം കൊന്നൊടുക്കിയത് ഞെട്ടിക്കുന്ന രീതിയിൽ രാസായുധങ്ങൾ ഉപയോഗിച്ചതാണ്. സ്ത്രീകളും, കുട്ടികളും അടങ്ങുന്ന ആയിരങ്ങളാണ് ഇങ്ങനെ മരിച്ചത്.
വടക്കു കിഴക്കൻ മേഖലയിൽ കുർദ്ദ വംശജർക്കെതിരെ അൻഫാൽ ഓപ്പറേഷൻ എന്ന പേരിൽ 6.5 ലക്ഷം പേരെയാണ് സദ്ദാം കൊലപ്പെടുത്തിയത്. ഖുറാനിലെ ഒരു അധ്യായത്തിന്റെ പേരാണ് അൻഫാൽ. പ്രത്യേകിച്ചും വർഗ്ഗീയമായ വിഭജനങ്ങളുടെ പേരിൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ-മതപരമായ മുന്നേറ്റങ്ങളെ സദ്ദാം ശക്തമായി അടിച്ചമർത്തി. അതോടെ, സുന്നി ഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടർന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ നിലകൊണ്ട ഭരണാധികാരി എന്നതായിരുന്നു ഈ ജനപ്രിയതയ്ക്കു കാരണം. കേരളത്തിലും അതുതന്നെയാണ് സദ്ദാമിനെ ജനപ്രിയനാക്കിയത്. അവസാനം അമേരിക്ക ഇടപെട്ട് സദ്ദാമിനെ തീർത്തു.
2006 പെരുന്നാൾ ദിവസം ഡിസംബർ 30 രാവിലെ 6 മണിക്ക് സദ്ദാം തൂക്കിക്കൊല്ലപ്പെടുമ്പോൾ ഇറാഖിൽ വ്യാപകമായി ആഹ്ലാദമായിരുന്നു. പക്ഷേ കേരളത്തിൽ ഹർത്താലും. അതും സദ്ദാം ഏറ്റവുകൂടുതൽ കൊന്നൊടുക്കിയ കമ്യുണിസ്റ്റുകളുടെ കാർമ്മികത്വത്തിൽ.എം എൻ കാരശ്ശേരി ചോദിക്കുന്നു. -''സദ്ദാം ഹുസൈനിന്റെ കുവൈത്ത് അധിനിവേശം കേരളത്തിലെ പ്രവാസികൾക്ക് സമ്മാനിച്ചത് ചില്ലറ ദുരിതമായിരുന്നോ എന്ന് ചരിത്രം അന്വേഷിച്ചാൽ മനസ്സിലാകും. പക്ഷെ, സിപി.എം. എന്താണ് ചെയ്തത്, ഒരു ദിവസം മുഴുവൻ നീളുന്ന ഹർത്താലിന് ആഹ്വാനം ചെയ്തു. കോൺഗ്രസടക്കം അന്നതിന് പിന്തുണ നൽകി. സദ്ദാം ഹുസൈൻ എന്ത് സഹായമാണ് കേരളത്തിന് നൽകിയത്. 90-91 കാലത്ത് കുവൈത്ത് അധിനിവേശത്തിൽ പതിനായിരക്കണക്കിന് മലയാളികൾക്കാണ് അവിടെനിന്നും പോരേണ്ടി വന്നത്. അത് മലയാളികളെ ദുരിതത്തിലാക്കുകയല്ലേ ചെയ്തത്. അമേരിക്കയ്ക്ക് വേണ്ടി ഇറാനുമായി യുദ്ധം ചെയ്തത് സദ്ദാം ഹുസൈനല്ലേ. 20 -25 കൊല്ലം അവിടെ പ്രസിഡന്റായിരുന്നു. അതിന് മുമ്പ് വൈസ് പ്രസിഡന്റായിരുന്ന സമയത്ത് അവിടേയുള്ള കമ്യൂണിസ്റ്റുകളേയും ഇസ്ലാമിസ്റ്റുകളേയും അടിച്ചമർത്തിയത് സദ്ദാം ഹുസൈനായിരുന്നു. അറിയപ്പെടുന്ന കമ്യൂണിസ്റ്റ് വിരുദ്ധനും ഇസ്ലാമിസ്റ്റ് വിരുദ്ധനുമായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോൾ ഇവിടെ ഹർത്താൽ ആചരിച്ചില്ലേ സിപിഎം. സദ്ദാം ഹുസൈൻ ഇവിടെയുള്ള തിരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ചത് ചരിത്രമല്ലേ ഇതിനൊക്കെ സിപിഎം. മറുപടി പറയണം.''- കാരശ്ശേരി പറയുന്നു. പക്ഷേ ഇതിന് വസ്തുതാപരമായി മറുപടി പറയുന്നതിന് പകരം, കാരശ്ശേരിക്കെതിരെ വിദ്വേഷ കാമ്പയിൽ നടത്തുകയാണ് സിപിഎം സൈബർ സഖാക്കൾ ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഫലസ്തീൻ വിഷയത്തിലെ ഈ നിലവിളിയും, കേവലം വോട്ട്ബാങ്ക് മുന്നിൽ കണ്ടുള്ള പൊളിറ്റിക്സ് മാത്രമാണെന്ന് വ്യക്തമാണ്.
വാൽക്കഷ്ണം: ഒരർത്ഥത്തിൽ കേരളീയ സമൂഹത്തെ നോക്കുമ്പോൾ പേടി തോനുന്നുണ്ട്. എന്തിനും ജാതിയും മതവും നോക്കി പ്രതികരിക്കുന്ന അവസ്ഥ നമ്മെ എവിടെകൊണ്ടെത്തിക്കും. ഫാക്റ്റ് ബേസ്ഡ് പൊളിറ്റിക്സ് നമ്മുടെ നാട്ടിൽനിന്ന് അപ്രത്യക്ഷമാവുകയാണ്.