ഹിന്ദിയിലൊക്കെ നമ്മൾ ഒരുപാട് താരകുടുംബങ്ങളെ കണ്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ അത് അപൂർവമാണ്. പക്ഷേ ഒരു ലക്ഷണമൊത്ത താരകുടുംബം എന്ന് നമുക്ക് വിളിക്കാൻ പറ്റുന്ന ഒന്നാണ് നടി മല്ലിക സുകുമാരന്റെത്. ഭർത്താവ് സുകുമാരൻ ഒരുകാലത്ത് മലയാളത്തിന്റെ 'ആൻഗ്രി യങ്മാൻ' ഇമേജുള്ള നടനായിരുന്നു. പ്രൃഥിരാജ് എന്ന നടനും നിർമ്മാതാവും, സംവിധായകനുമായ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാററും, ഇന്ദ്രജിത്ത് എന്ന സമാനതകളില്ലാത്ത നടനും മക്കൾ. മരുമകൾ പൂർണ്ണിമ നടിയും ടെലിവിഷൻ താരവും. മറ്റൊരു മരുമകൾ സുപ്രിയയും നിർമ്മാതാവ്.

പക്ഷേ ഇങ്ങനെ ഒക്കെയായിട്ടും, വയസ് എഴുപതിനോട് അടുത്തിട്ടും മല്ലിക എന്ന ഈ അമ്മ ഇപ്പോഴും സ്വന്തമായി അധ്വാനിച്ചാണ് ജീവിക്കുന്നത്. അഭിനയത്തിൽ നിന്ന് ഇപ്പോഴും അവർ വിട്ടുനിന്നിട്ടില്ല. കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ അവർ അഭിനയിക്കുന്നു. മിനി സ്‌ക്രീൻ -റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളും അതിഥിയായി മറ്റും സ്ഥിര സാന്നിധ്യം. ഒറ്റയ്ക്കാണ് താമസവും. മക്കൾക്കൊപ്പം താമസിച്ച് അവരുടെ സ്വകാര്യതകൾ കൂടി നഷ്ടപ്പെടുത്തുന്നതിനോട് മല്ലികയ്ക്ക് യോജിപ്പില്ല. വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണ് പ്രൃഥ്വിരാജും ഇന്ദ്രജിത്തും. അതുകൊണ്ട് തന്നെ അമ്മ മല്ലിക സുകുമാരൻ വഴിയാണ്, ആരാധകർ താരപുത്രന്മാരുടെ വിശേഷങ്ങൾ അറിയാറുള്ളത്.

മല്ലിക സുകുമാരൻ അറിയപ്പെടേണ്ടത് മക്കളുടെയും ഭർത്താവിന്റെയും പേരിൽ മാത്രമല്ല. ശരിക്കും ഒരു പോരാളിയാണ് അവർ. കഴിഞ്ഞ അരനുറ്റാണ്ടായി അവർ ജീവിത്തിലും സിനിമയിലും പൊരുതി നിൽക്കുന്നു. അതുകൊണ്ടുതന്നെ മല്ലിക സുകുമാരന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ അവരുടെ സുഹൃത്തുക്കൾ ചേർന്ന് ആഘോഷിച്ചപ്പോൾ, അത് ശരിക്കും വേറിട്ട ഒരുപരിപാടിയായി മാറി.

അരനൂറ്റാണ്ടു കാലത്തെ വെല്ലുവിളിയും പ്രതിസന്ധിയും നിറഞ്ഞ തന്റെ ജീവിതം, പ്രിയപ്പെട്ടവർ വാക്കുകൾ കൊണ്ടുവരച്ചു വച്ചപ്പോൾ മല്ലികയുടെ കണ്ണുകൾ നിറഞ്ഞു. പോരാടി നേടിയ ജീവിതവിജയത്തിനു ലഭിച്ച ആശംസകൾക്കു കൈ കൂപ്പിയും കണ്ണീരണിഞ്ഞും മറുപടി. ശരിക്കും ഒരു അസാധാരണ ജീവിതമായിരുന്നു അവരുടേത്.

ജഗതി ശ്രീകുമാറുമായി പ്രണയ വിവാഹം

തന്റെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങളും തിരിച്ചടികളും ഒരിക്കലും മറച്ചുവെക്കാത്ത വ്യക്തിത്വമാണ് മല്ലികയുടേത്. കോളജ് കാലഘട്ടത്തിലാണ് ജഗതി ശ്രീകുമാറും മല്ലികയും തമ്മിൽ പ്രണയത്തിലാകുന്നത്. അന്ന് മാർ ഇവാനിയാസ് കോളേജിലെ സകലകലാ വല്ലഭനായിരുന്നു ജഗതി. രാഷ്ട്രീയവും, നാടകവും മറ്റ് കലാപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാലം. മല്ലിക ആകട്ടെ വിമൺസ് കോളേജിലെ മിന്നുന്ന താരവും. കല തന്നെയായിരുന്നു ഇവരെ പരസ്പ്പരം അടുപ്പിച്ചതും. യുവജനോത്സവ വേദികളിലെ കണ്ടുമുട്ടലും പരിചയവും പ്രണയത്തിന് വഴിമാറി.

തന്റെ ജീവിതത്തിൽ ആകെ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളുവെന്നാണ് മുൻപൊരു അഭിമുഖത്തിൽ ജഗതി വെളിപ്പെടുത്തിയത്. 'അന്ന് പതിനേഴ് വയസുണ്ടാവും. പത്തൊൻപതാമത്തെ വയസിൽ ആ പ്രണയം സാഫല്യമാക്കിയ ആളാണ് ഞാൻ. അതൊരു തമാശ പ്രേമമൊന്നും ആയിരുന്നില്ല. ഞങ്ങൾ വിവാഹിതരായി. ആ ബന്ധം പതിനൊന്ന് വർഷത്തിന് ശേഷമാണ് വേർപ്പെടുത്തുന്നത്."അന്ന്, തിരുവനന്തപുരത്തെ സാഹിത്യ തറവാടായ കൈന്നിക്കര കുടുംബത്തിലെ അംഗമായിരുന്നു മല്ലിക. നാടകാചാര്യൻ ജഗതി എൻ കെ ആചാരിയുടെ മകന് മറ്റൊരു സാഹിത്യ തറവാട്ടിലെ പെൺകുട്ടിയോട് താൽപ്പര്യം നോന്നിയത് അവിചാരിതമായിരുന്നില്ല. എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഇരുവരും ഒളിച്ചോടുകയാണ് ഉണ്ടായത്.

വീട്ടുകാരുടെ എതിർപ്പായിരുന്നു പ്രശ്നം. സിനിമാസ്വപ്നങ്ങളെയും ഒപ്പംകൂട്ടിയായിരുന്നു ഇവരുടെ മദ്രാസിലേക്കുള്ള ഒളിച്ചോട്ടം. എന്നാൽ മദ്രാസ് ജീവിതം ഇവർ ആശിച്ചതുപോലെ ഒന്നായിരുന്നില്ല. ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു ഇവരെ അവിടെ കാത്തിരുന്നത്. സഫാരി ടീവിയിലെ ഒരു പരിപാടിയിൽ എഴുത്തുകാരൻ കെ ജയകുമാർ പറയുന്നുണ്ട്, മദ്രാസിലെ ഇവരുടെ ദയനീയ സഹാചര്യം കണ്ട് താൻ ഞെട്ടിപ്പോയെന്ന്. മദിരാശിയിൽ തിക്കുറിശ്ശിയുടെ വീട്ടിലായിരുന്നു താമസം. രണ്ടു കുടുംബങ്ങൾക്കും തിക്കുറിശ്ശിയുമായി നല്ല ബന്ധമുണ്ടായിരുന്നു.

ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന് ശേഷമാണ് മല്ലികയും ജഗതിയും അഭിനയത്തിലും സജീവമാകുന്നത്. 1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം. പിന്നീട് കെ ജി ജോർജിന്റെ സ്വപ്നാടനം അടക്കം നിരവധി ചിത്രങ്ങൾ. സ്വപ്നാടനത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരവും മല്ലിക ആ ചെറു പ്രായത്തിൽ നേടി. പക്ഷേ ജഗതിക്ക് ആ സമയത്ത് മികച്ച അവസരങ്ങൾ കിട്ടിയില്ല.

സാമ്പത്തികമായിട്ടും അല്ലാതെയുമുള്ള പല പ്രശ്‌നങ്ങൾ കൊണ്ടാണ് തങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ വന്ന് തുടങ്ങിയതെന്ന് ഒരു അഭിമുഖത്തിൽ മല്ലിക പറഞ്ഞിരുന്നു. ഇതോടെ ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുകൾ വീണു തുടങ്ങി. പ്രണയത്തിനു വേണ്ടിയുള്ള എടുത്തുചാട്ടങ്ങൾ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുമെന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മല്ലിക പറഞ്ഞത്. പക്ഷേ അവർ ഒരിക്കലും ഒരു പരസ്യമായ വിഴുപ്പലക്കലിന് തുനിഞ്ഞില്ല.

മല്ലികയുമായുള്ള വിവാഹ തകർച്ചക്ക് ശേഷം നാട്ടിലെത്തി കൂടുതൽ അഭിനയത്തിന് അവസരം തേടി ജഗതി. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ജഗതി മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. വ്യക്തിജീവിതം കലാജീവിതത്തെ ഒരിക്കലും ബാധികാതിരിക്കാനും ജഗതിയും മല്ലികയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിൽക്കാലത്ത മല്ലികയുടെ പുത്രൻ പ്രൃഥ്വിരാജിനൊപ്പം മാത്രമല്ല, മല്ലികക്ക് ഒപ്പം തന്നെയും ജഗതിയും അഭിനയിച്ചു.


രക്ഷിച്ചത് സുകുമാരൻ

ഒരു അഭിമുഖത്തിൽ മല്ലിക ഇങ്ങനെ പറയുന്നു. -" കോളേജിൽ പഠിക്കുന്ന കാലത്ത് ഒരാളോട് എനിക്കും പ്രണയം തോന്നി. സ്വപ്നം കണ്ട ജീവിതത്തിന്റെ നായകൻ എന്നൊക്കെ ഞാൻ സങ്കൽപ്പിച്ചു. പക്ഷേ ജീവിച്ച് തുടങ്ങുമ്പോഴാണ് അപക്വമായ മനസിന്റെ എടുത്ത് ചാട്ടം കൊണ്ടുണ്ടായതാണെന്ന് മനസിലാക്കുന്നത്. അങ്ങനെയൊരു കാലഘട്ടം എനിക്ക് ഉണ്ടായിരുന്നു. എല്ലാവർക്കും അറിയാവുന്ന കാര്യമാണത്. സുകുവേട്ടൻ തന്നെയാണ് പിന്നീട് ഇത് എന്റെ മക്കളോട് പറഞ്ഞത്."

പിന്നീട് മല്ലികയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് നടൻ സുകുമാരനായിരുന്നു. മല്ലികയുടെ സുഹൃത്തായ സതിയുടെ സഹോദരനായിരുന്നു സുകുമാരൻ. തന്റെ ജീവിതത്തിലെ പ്രശ്നങ്ങളും, വീട്ടിൽ നിന്ന് പുറത്തായി മാസങ്ങളോളം മദിരാശിയിൽ ഒറ്റയ്ക്ക് കഴിയുന്ന വിഷമമെല്ലാം മല്ലിക അവളോട് പറഞ്ഞു. ഇത് കേട്ട് സുകുമാരൻ പറഞ്ഞത് 'താൻ ചെയ്ത തെറ്റ് നാലഞ്ച് കൊല്ലം അച്ഛനെയും അമ്മയെയും പോയി കണ്ടില്ല' എന്നതാണെന്ന് പറഞ്ഞു. ആദ്യം പോയി അവരെ കാണണമെന്നാണും പറഞ്ഞു. പേടിയാണ്, അച്ഛൻ അടിക്കുമെന്നായിരുന്നു മല്ലികയുടെ മറുപടി. അടി കിട്ടേണ്ട കാര്യമാണ് ചെയ്തത്, അച്ഛനും അമ്മയുമല്ലേ സാരമില്ലെന്ന് സുകുമാരനും മറുപടി നൽകി.

സുകുമാരന്റെ ഉപദേശം അനുസരിച്ച്, അദ്ദേഹത്തിന്റെ കാറിലാണ് മല്ലിക സ്വന്തം വീട്ടിൽ മടങ്ങിയെത്തിയത്. അതേക്കുറിച്ച് ഒരു അഭിമുഖത്തിൽ അവർ ഇങ്ങനെ പറയുന്നു. -"സിനിമയിലും നോവലുകളിലൊക്കെ കാണുന്നത് പോലെയായിരുന്നു എന്റെ മനസ്സിൽ. ഞാൻ വിചാരിച്ചത് എന്നെ അടിക്കുമെന്നാണ്.
പക്ഷെ അച്ഛന്റെ കണ്ണ് നിറയുന്നതും വിതുമ്പുന്നതുമാണ് ഞാൻ കണ്ടത്. അമ്മയാണ് ദേഷ്യത്തിൽ സംസാരിച്ചത്. കുറച്ച് നേരം അമ്മ സംസാരിച്ചു. ഞാൻ മിണ്ടാതെ കേട്ടു നിന്നു. സംസാരമൊക്കെ മതി, അവളെ അകത്തേക്ക് വിളിച്ച് കൊണ്ട് പോ എന്ന് അച്ഛൻ പറഞ്ഞു."സിനിമാ അഭിനയം നിർത്തി സ്വസ്ഥമായി കഴിയാമെന്നുണ്ടെങ്കിൽ ഇവിടെ കഴിയാം ബാക്കിയുള്ള പ്രശ്നങ്ങൾ ഞങ്ങൾ നോക്കിക്കോളാം എന്നാണ് അച്ഛൻ പറഞ്ഞത്.

സന്തോഷത്തിന്റെ ദിനങ്ങൾ

പക്ഷേ മല്ലികയുടെ ജീവിതം അങ്ങനെ അവസാനിക്കാനുള്ളതായിരുന്നില്ല. തന്റെ രക്ഷകനായ സുകുമാരനുമായി അവർ അടുത്തു. ഇതേക്കുറിച്ച് ഒരു ചാനൽ അഭിമുഖത്തിൽ മല്ലിക ഇങ്ങനെ പറയുന്നു. "നിഴലേ നീ സാക്ഷിയുടെ ഷൂട്ടിങ് ഹൈദരാബാദിൽ തുടങ്ങിയ സമയം. എനിക്കൊപ്പം അന്ന് സഹായിയായി കോഴിക്കോട്ടുകാരി സൗദാമിനിയുണ്ട്. ഞങ്ങൾ മുറിയിൽ സംസാരിച്ചിരിക്കുമ്പോൾ കോളിങ് ബെൽ മുഴങ്ങി. കുതിരവട്ടം പപ്പുച്ചേട്ടനാണ്. തൊട്ടുചേർന്നു സുകുവേട്ടൻ. നിന്നോട് സുകുവിന് ഒരു കാര്യം പറയാനുണ്ട് എന്നു പപ്പുച്ചേട്ടൻ പറഞ്ഞതു കേട്ടു ഞാൻ സുകുവേട്ടനെ നോക്കി.

സിനിമയിലെ അതേ ഗൗരവ്വത്തോടെ അദ്ദേഹം പറഞ്ഞു. വിരോധമില്ലെങ്കിൽ ഞാൻ നിങ്ങളെ വിവാഹം കഴിക്കാം. വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും സംസാരിച്ച്, അവരുടെ സമ്മതത്തോടെ മതി വിവാഹം. മറുപടി ആലോചിച്ചു പറഞ്ഞാൽ മതി. ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം അന്ന് വലിയ താരമാണ്. ശംഖുപുഷ്പം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൊക്കെ അഭിനയിച്ചു താരാകാശത്തിലേക്ക് ഉയർന്നു പൊങ്ങുകയാണ്. അതിനിടയിൽ ഈ വിവാഹ വാർത്ത വന്നാൽ.

ഞെട്ടൽ മറച്ചുവെക്കാതെ ഞാൻ പറഞ്ഞു ' സുകുവേട്ടന്റെ വീട്ടിൽ ഇതറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്നോർത്തിട്ടുണ്ടോ? വീട്ടുകാർ മാത്രമല്ല എടപ്പാളിലെ നാട്ടുകാരും കൂടി ചേർന്ന് എന്നെ തല്ലിക്കൊല്ലും." പകുതി തമാശ കൂടി ചേർത്തു ഞാൻ കാര്യം പറഞ്ഞു. അപ്പോൾ സിനിമയിലെ പോലെ അടുത്ത ഡയലോഗ്, അതു ഞാൻ നോക്കിക്കോളാം. നിങ്ങൾക്കു സമ്മതമാണെങ്കിൽ അതു പറഞ്ഞാൽ മതി. അച്ഛന്റേയും അമ്മയുടേയും അടുത്തേക്കു മടങ്ങിപ്പോണം. ഇനി ഒറ്റയ്ക്ക് മദിരാശിയിൽ കിടന്നു കഷ്ടപ്പെടേണ്ട.അന്ന് ആ ഹോട്ടലിന്റെ വരാന്തയിൽ അദ്ദേഹത്തിന്റെ മുഖത്തേക്ക് മാത്രം നോക്കി നിന്നത് ഇപ്പോഴും ഓർമയുണ്ട്. കാഴ്ചയെ മറച്ചു കൊണ്ട് കണ്ണു നിറഞ്ഞു പോയി. അതുകണ്ട് അദ്ദേഹത്തിന്റെ ഡയലോഗ്. നിങ്ങളെന്തിനാണു കണ്ണു നിറയ്ക്കുന്നത്. ഈ കോന്തനെ വേണ്ട എന്നു വച്ചിട്ടാണോ? ചിരിച്ചുകൊണ്ട് അദ്ദേഹവും പപ്പുച്ചേട്ടനും തിരികെ നടന്നു പോയി.

അതുവരെ പിടിച്ചു വച്ച കരച്ചിൽ മുറിക്കുള്ളിൽ കയറിയതോടെ പൊട്ടിപ്പോയി. എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും വിവാഹം കഴിക്കാൻ ഒരാൾ തയ്യാറാകുന്നു. അതിനു മുന്നേ എന്നെ അച്ഛന്റേയും അമ്മയുടേയും അടുത്ത് ഏൽപ്പിക്കാൻ മുൻകയ്യെടുക്കുന്നു. മനുഷ്യത്വം എന്ന വാക്കിന്റെ രൂപമാണ് സുകുവേട്ടൻ എന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്."- മല്ലിക പറയുന്നു.

അവിചാരിതമായി മരണമെത്തുന്നു.

മല്ലികയുടെ വീട്ടിൽ നേരിട്ട് എത്തി പെണ്ണുചോദിച്ചതും സുകുമാരൻ തന്നെയായിരുന്നു. 1978 ലാണ് മല്ലികയും സുകുമാരനും വിവാഹിതരായത്. മല്ലിക ജീവിതത്തിൽ ഏറെ സന്തോഷിച്ച നിമിഷങ്ങളായിരുന്നു ആ കാലം. രണ്ടു മിടുക്കന്മാരായ ആൺ മക്കളുമായി ഏറെ സന്തോഷമുള്ള കാലം. ക്ഷിപ്രകോപിയായ തന്നെ സഹിക്കാൻ മല്ലികല്ലായെ മറ്റാർക്കും കഴിയില്ല എന്നായിരുന്നു, ഒരിക്കൽ സുകുമാരൻ പറഞ്ഞത്.

1997 ൽ സുകുമാരൻ മരിച്ചു. ആ ദിവസങ്ങൾ മല്ലിക ഇങ്ങനെ ഓർക്കുന്നു. "മൂന്നാറിലെ ഞങ്ങളുടെ ഫാം ഹൗസിൽ മൂന്ന് നാല് ദിവസം താമസിച്ചപ്പോൾ ഒരു ദിവസം തോൾ വേദനയുണ്ടെന്ന് സുകുമാരൻ പറയുകയായിരുന്നു. ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോൾ പുള്ളി സമ്മതിച്ചു. സാധാരണ അങ്ങനെയല്ല.നോക്കിയപ്പോൾ ബിപിയുണ്ട്. ഇസിജി നോക്കിയപ്പോൾ ഡോക്ടറുടെ എക്സ്പ്രഷൻ മാറി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞു. സുകുേവട്ടൻ ചാടിയെഴുന്നേറ്റ് ഷർട്ടെടുക്കാൻ നോക്കിയപ്പോൾ സ്ട്രെയിൻ എടുക്കേണ്ട, വീൽ ചെയർ എടുക്കാം, നടക്കേണ്ടെന്ന് ഡോക്ടർ പറഞ്ഞു. അത്ര പോലും നടക്കരുതെന്ന് പറഞ്ഞപ്പോൾ എനിക്ക് പേടിയായി.

ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. പിറ്റേ ദിവസം രാവിലെ ഡോക്ടർമാർ പേടിക്കേണ്ട, സ്റ്റബിലൈസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അതൊരു സമാധാനമായി. രാജുവിനെ കണ്ടപ്പോൾ ഇവനെപ്പോൾ വന്നെന്ന് അദ്ദേഹം ചോദിച്ചു. പിറ്റേ ദിവസം അതിനേക്കാൾ ഉന്മേഷവാനായി. അതിന്റെയടുത്ത് ദിവസം ഐസിയുവിൽ നിന്ന് മാറ്റാമെന്ന് പറഞ്ഞു. നാലാം ദിവസം രാവിലെ ഐസിയുവിൽ നിന്ന് വന്നു.

ഒരു ദിവസം ആശുപത്രിയിൽ വന്ന ജനാർദ്ദനൻ ചേട്ടനോട് തമാശയായി പറഞ്ഞു, 'ചുമ്മാതാ, എനിക്കൊരു കുഴപ്പവുമില്ല, ഞാൻ സിഗരറ്റ് വലിക്കാതിരിക്കാൻ ഇവൾ വെറുതെ പിടിച്ച് ആശുപത്രിയിൽ കിടത്തിയിരിക്കുന്നതാ'. അന്ന് ഉച്ചയ്ക്ക് പത്രം വായിക്കുന്നതിനിടയിൽ പെട്ടെന്നു കണ്ണട മാറ്റിവച്ചിട്ടു പറഞ്ഞു, ആ തോളുവേദന പിന്നെയും വരുന്നു. കുറച്ചു നേരം നടന്നു നോക്കാം. പയ്യെ എഴുന്നേറ്റ് എന്റെ തോളിൽ പിടിച്ചു നടന്നു തുടങ്ങി. തോളിൽ കൈ വല്ലാതെ മുറുകുന്നത് ഞാനറിഞ്ഞു.സിസ്റ്ററേ എന്ന് ഞാനുറക്കെ വിളിച്ചു. അവർ വീൽചെയറുമായി ഓടിയെത്തി. സുകുവേട്ടനേയും വീൽചെയറിലിരുത്തി ഐസിയുവിലേക്ക് പാഞ്ഞു. ഞാൻ പിന്നാലെ ഓടിച്ചെന്നു. ഐസിയുവിലേക്ക് കയറി വാതിലടയ്ക്കും മുമ്പ് എന്റെ നേരെ തിരിഞ്ഞ് മുഖം കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. രക്ഷയില്ല, ഞാൻ പോവാണ് മല്ലികേ, എന്നാണോ പറഞ്ഞത്. "-അതായിരുന്നു അവസാന കാഴ്ചയെന്ന് മല്ലിക പറയുന്നു.

"വാതിൽ അടഞ്ഞ് അഞ്ച് മിനുട്ട് കഴിഞ്ഞ് ഇന്ദ്രൻ വന്നു. കുറച്ച് കഴിഞ്ഞ് ഡോക്ടർമാർ ഇന്ദ്രനെ അകത്തോട്ട് വിളിച്ചു. രണ്ടോ മൂന്നോ മിനുട്ട് കഴിഞ്ഞ് അവൻ ഓടി വന്ന് 'അമ്മേ അച്ഛൻ പോയി, തിരിച്ച് കിട്ടുമെന്ന് തോന്നുന്നില്ല അമ്മ അകത്തേക്ക് വായെന്ന്' പറഞ്ഞു. ഞാൻ അകത്ത് കയറുമ്പോൾ കാണുന്നത് എല്ലാവരും സുകുവേട്ടനെ നെഞ്ചിലിട്ട് അമർത്തുന്നതാണ്. മോനേ അമ്മയ്ക്ക് വെളിയിൽ പോകണം ഇവിടെ നിൽക്കേണ്ട എന്ന് പറഞ്ഞ് ഞാൻ പുറത്ത് വന്നു.
പത്ത് മിനുട്ട് കഴിഞ്ഞ് ഇന്ദ്രൻ ഓടി വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്ക് കരയാൻ തോന്നിയില്ല്."-മല്ലിക സുകുമാരൻ അന്ന് ഓർക്കുന്നു

സുകുമാരന്റെ മരണശേഷവും പോരാട്ടം

സത്യത്തിൽ മല്ലികാ സുകുമാരൻ എന്ന അയേൺ ലേഡിയുടെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു. പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ അവരുടെ കൈയിലാണ്. "അഞ്ചാറു മാസം കരച്ചിൽ തന്നെയായിരുന്നു. ഞാനും അമ്മയും കൂടി ഇരുന്നു കരയും. പിന്നീട് ഞാൻ തിരിച്ചറിഞ്ഞു എന്റെ ഈ തളർച്ച ഇന്ദ്രനേയും രാജുവിനേയും ബാധിക്കുന്നുണ്ട്. ഞാൻ തളർന്നാൽ അവർ തകരുമെന്ന് തോന്നി. എന്റെ തളർച്ച മക്കളേയും ബാധിച്ച് തുടങ്ങിയിരുന്നു. പഠിത്തത്തിൽ ഉഴപ്പൊന്നുമുണ്ടായിരുന്നില്ല, പക്ഷേ, സ്‌കൂൾ വിട്ടുവന്നാൽ എനിക്കൊപ്പം വന്ന് കിടക്കും രണ്ടാളും. മക്കളെ മിടുക്കന്മാരായി വളർത്തണം, നന്നായി പഠിപ്പിക്കണം. എവിടെക്കൊണ്ടിട്ടാലും നാല് കാലിൽ വീഴണം എന്ന് സുകുവേട്ടൻ പറഞ്ഞിരുന്നു.അച്ഛൻ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കഥകളൊക്കെ പറഞ്ഞ് അമ്മ നോർമ്മലാണെന്ന് അവരെ ബോധ്യപ്പെടുത്തി. രാജുവിനെ ഭാരതീയ വിദ്യാഭവനിൽ ചേർത്തു. ഇന്ദ്രൻ തമിഴ്‌നാട്ടിലെ എഞ്ചിനീയറിങ് കോളേജിലും ചേർന്നു.

സുകുവേട്ടന്റെ ചില വാക്കുകളാണ് എനിക്ക് കരുത്തു തന്നത്. അദ്ദേഹം പല തവണ പറഞ്ഞിരുന്നു, നമ്മളെ മക്കളെ പഠിപ്പിച്ചു മിടുക്കാരക്കണം. പിന്നെ വളർന്നു കല്യാണമൊക്കെ കഴിയുമ്പോൾ അവർക്ക് അവരുടേതായ ജീവിതം ഉണ്ടാകും. അതിൽ കയറി ഇടപെടരുത്. നിനക്കു ജീവിക്കാനുള്ളത് ഞാനുണ്ടാക്കിയിട്ടുണ്ട്. വളരെയേറെ ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ദ്രനും രാജുവും ഇടയ്ക്കു പറയും. അമ്മ സ്‌ട്രോങ്ങല്ലായിരുന്നെങ്കിൽ ഞങ്ങൾ ഈ നിലയിൽ ആകില്ലായിരുന്നു" -മല്ലിക പറയുന്നു.

സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടിരുന്നു. പക്ഷേ പുതിയ സാഹചര്യത്തിൽ അവർ വീണ്ടും സജീവമായി. കെ.കെ. രാജീവ് സംവിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് തിരിച്ചുവരവ്. 'മക്കളാണ് അന്ന് എന്നെ നിർബന്ധിച്ചത്. അമ്മയ്ക്ക് അറിയാവുന്ന ജോലിയല്ലേ, പോയി ചെയ്യൂ അമ്മാ എന്നായിരുന്നു അവർ പറഞ്ഞത്'.
ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച പൂർണ്ണിമ പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി. വളയം, സ്നേഹദൂരം, സ്ത്രീ ഒരു സാന്ത്വനം, പൊരുത്തം എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.

രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. സുരേഷ് ഗോപി ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് രഞ്ജിത്തിന്റെ അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ചോട്ട മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.സീമാൻ സംവിധാനം ചെയ്ത മാധവൻ ചിത്രം വാഴ്തുക്കളിലൂടെ മല്ലിക തമിഴിലും അരങ്ങേറ്റം കുറിച്ചു.

അപ്പോഴേക്കും മല്ലികയുടെ ജീവിത സാഹചര്യവും മാറി. മക്കൾ രണ്ടുപേരും സിനിമയിൽ വെന്നിക്കൊടികൾ നാട്ടി. സ്വന്തം മകന്റെ അമ്മൂമ്മയായി അഭിനയിക്കാനുള്ള അവസരവും അവരെ തേടിയെത്തി. ബ്രോ ഡാഡിയെന്ന പ്രൃഥിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ, മോഹൻലാലിന്റെ അമ്മയായിരുന്നു അവർ. പ്രൃഥിരാജ് ലാലേട്ടന്റെ മകനും. നടി, നിർമ്മതാവ്, ഗായിക എന്നീ വിവിധ നിലകളിൽ അവർ ഇപ്പോഴു നിറഞ്ഞു നിൽക്കുന്നു.


മല്ലികാവസന്തം@ 50

മല്ലിക സുകുമാരൻ എന്ന നടിയുടെ, 50ാം വാർഷികം ആഘോഷിക്കുകയെന്നതു സുഹൃത് സംഘത്തിന്റെ താൽപര്യം അവരെ സ്നേഹിക്കുന്നവർ ഏറ്റെടുക്കയായിരുന്നു. 'ഉത്തരായനം', 'സ്വപ്നാടനം' എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ടു സിനിമകളിലെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച മല്ലിക സുകുമാരനെ മറക്കാനാകില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട അഭിനേത്രിയും വ്യക്തിയുമാണ് മല്ലിക. ജീവിതാനുഭവങ്ങൾ പോരാളിയാക്കി മാറ്റിയ മല്ലികയെ വിശേഷിപ്പിക്കാൻ 'പൗരുഷം' എന്ന പദത്തിന് തുല്യമായ മറ്റൊരു മലയാള പദമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ മക്കൾ രണ്ടുപേരും കുടുംബത്തോടൊപ്പം വന്നു. ഇരുവരും അമ്മ മല്ലികയെ കുറിച്ച് നടത്തിയ പ്രസംഗം സോഷ്യൽമീഡിയയിൽ വൈറലാണ്. വാക്കുകൾ മുഴുമിപ്പിക്കാനാവാതെ തൊണ്ടയിടറിക്കൊണ്ടാണ് പൃഥ്വിരാജ് പ്രസംഗം അവസാനിപ്പിച്ചത്. പൃഥ്വിരാജിന്റെ വാക്കുകൾ കേട്ട് മല്ലികയുടെയും കണ്ണുകൾ നിറയുന്നതും വൈറൽ വീഡിയോയിൽ കാണാം.

'പതിനാലാം തിയ്യതി ഒരു ഷൂട്ടിങ് ആവശ്യത്തിനായി യുഎസ്സിലേക്ക് പോകേണ്ടതായിരുന്നു. അതിനുള്ള കാര്യങ്ങൾ എല്ലാം നീക്കുമ്പോൾ അമ്മ ചോദിക്കുന്നുണ്ട് അപ്പോൾ പതിനാറാം തിയ്യതിയിലെ പരിപാടിക്ക് നീ ഉണ്ടാവില്ല അല്ലേയെന്ന്. പക്ഷെ എന്താണ് സംഭവം എന്നറിയില്ല ഇപ്പോഴും ആ യാത്രയുടെ വിസ കിട്ടിയിട്ടില്ല. നാളെ കിട്ടും എന്നാണ് പറഞ്ഞിട്ടുള്ളത്. അമ്മയായതുകൊണ്ട് പറയാൻ പറ്റില്ല... ജോ ബൈഡനെ വരെ നേരിട്ട് വിളിച്ച് സാറേ അവന്റെ വിസ ഇപ്പോൾ കൊടുക്കേണ്ടെന്ന് പറഞ്ഞാലും പറയും.'


മിക്കവാറും അങ്ങനെ എന്തോ പണി അമ്മ ഉപ്പിച്ചിട്ടുണ്ട്. എന്ത് തന്നെയായാലും ഇന്ന് ഞാനും ചേട്ടനും ഇവിടെയുണ്ട്. സ്വന്തം തൊഴിൽ മേഖലയിൽ അതും സിനിമ എന്നല്ല മറ്റേതൊരു മേഖലയിലായാലും അമ്പത് വർഷക്കാലം സജീവമായി പ്രവൃത്തിക്കുകയെന്ന് പറഞ്ഞാൽ ചുരുക്കം ചിർക്ക് മാത്രം കിട്ടുന്ന അത്യപൂർവ്വമായ സംഭവമാണ്. സിനിമയിൽ പ്രത്യേകിച്ചും.'- പ്രൃഥിരാജ് പറഞ്ഞു.

"ഇന്ന് സിനിമയിൽ രണ്ട് ദശാബ്ധങ്ങൾ പിന്നിട്ട് നിൽക്കുന്ന എന്നെയും ചേട്ടനെയും പോലുള്ള പുതിയ ജെനറേഷൻ ആളുകൾക്ക് തീർച്ചയായും മനസിലാക്കാൻ സാധിക്കും. അമ്പത് വർഷം എന്നാൽ എത്ര വലിയ അച്ചീവ്‌മെന്റാണെന്ന്. അതിൽ ഏറ്റവും വലിയ അത്ഭുതമെന്ന് പറയാവുന്നത്. ഇടയിൽ ഒരു കാൽ നൂറ്റാണ്ട് അമ്മ സിനിമയിൽ നന്നും പൂർണമായും വീട്ടുനിന്നിരുന്നു. വീട്ടമ്മ എന്ന നിലയിൽ കുടുംബവും കുട്ടികളുമൊക്കെയായി മാറി നിന്ന കാലം.

എന്നിട്ടും തിരിച്ചുവന്ന് ഒരു ഗംഭീര റീ സ്റ്റാർട്ട് അമ്മയ്ക്ക് അമ്മയുടെ കരിയറിൽ നൽകാനായി സാധിച്ചു. എനിക്കറിയില്ല ലോകത്ത് എത്ര മക്കൾക്ക് ഈ ഭാഗ്യം കിട്ടിയിട്ടുണ്ടാവുമെന്ന്. ഒരു പക്ഷെ ഞാൻ മാത്രമായിരിക്കും അമ്മയ്‌ക്കൊപ്പം അഭിനയിക്കുകയും അമ്മയെ സംവിധാനം ചെയ്യുകയും അമ്മ അഭിനയിച്ച സിനിമ നിർമ്മിക്കുകയും ചെയ്ത ഏക മകൻ. അതിൽ ഞാൻ അഭിമാനിക്കുന്നു.'
ചേട്ടൻ പറഞ്ഞതുപോലെ അമ്മയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴും അമ്മയെ സംവിധാനം ചെയ്യുമ്പോഴും മോണിറ്ററിൽ അമ്മയുടെ ഷോട്ടുകൾ വീണ്ടും വീണ്ടും കാണുമ്പോഴും എനിക്ക് തന്നെയുണ്ടാവുന്ന ഒരു തിരിച്ചറിവുണ്ട്. അമ്മ തന്നെയാണ് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റ്. അമ്മയുടെ കഴിവിന് ഇനിയും കുറേ കാര്യങ്ങൾ അമ്മയ്ക്ക് സിനിമയിൽ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

അതിനപ്പുറം അമ്മ എന്ന ആർട്ടിസ്റ്റിനെ കുറിച്ച് പറയാനുള്ള വളർച്ചയൊന്നും ഞാൻ എന്ന നടനില്ല. എന്റെ അമ്മ എന്ന നിലയ്ക്ക് ഞാൻ നാൽപത്, നാൽപത്തിയൊന്ന് വർഷം കാണുന്ന വ്യക്തിയാണ് അമ്മ. ഞാൻ കണ്ട ഏറ്റവും ധീരയായ സ്ത്രീയാണ് എന്റെ അമ്മ. അമ്മ കഴിഞ്ഞിട്ടേയുള്ളൂ എന്റെ ജീവിതത്തിൽ മറ്റൊരു ശക്തി. എനിക്കിപ്പോഴും ഓർമയുണ്ട്. അച്ഛൻ മരിച്ച് ഞങ്ങൾ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ഞാനും ചേട്ടനും അച്ഛനൊപ്പം ആംബുലൻസിലായിരുന്നു. അമ്മ ഒറ്റയ്ക്ക് മറ്റൊരു വണ്ടിയിലാണ് പോകുന്നത്. അന്ന് ഞാൻ ആലോചിക്കുന്നുണ്ടായിരുന്നു.... എനിക്ക് ചേട്ടനുണ്ട്. അയ്യോ അമ്മ ഇനി എന്ത് ചെയ്യുമെന്ന്. അമ്മ എന്ത് ചെയ്തു എന്നതിനുത്തരമാണ് ഇന്ന് ഇന്ദ്രജിത്തും പൃഥ്വിരാജും ഇങ്ങനെ നിൽക്കുന്നതെന്ന്', -തൊണ്ടയിടറിക്കൊണ്ട് പറഞ്ഞ് പൃഥ്വിരാജ് അവസാനിപ്പിച്ചു.

ഈ വാക്കുകൾക്കെല്ലാം മറുപടിയായി ഏറെ വികാരധീനയായാണ് മല്ലിക പ്രതികരിച്ചത്. ജീവിതത്തിൽ മോഹങ്ങൾ ബാക്കി നിൽക്കുന്നില്ലെന്നും ഇതുവരെ ജഗദീശ്വരൻ നൽകിയ അനുഗ്രഹങ്ങൾക്കെല്ലാം കടപ്പാടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഒരുപാട് അമ്മമാരുടെയും സ്ത്രീകളെയും പ്രാർത്ഥനയും പിന്തുണയുമാണ് ഇവിടെ വരെ എത്തിനിൽക്കാൻ കാരണം.

ഇത്രയൊക്കെയായിട്ടും ഈ 70വയസ്സിലും അവർ മക്കളുടെ തണലിൽനിൽക്കാൻ ആഗ്രഹിക്കുന്നില്ല. "അധ്വാനിക്കാനാവുന്ന ശരീരമുള്ള കാലം വരെ അധ്വാനിക്കുക, സ്വന്തം ചെലവിനുള്ള പണം കണ്ടെത്തുക എന്ന് സുകുവേട്ടൻ എപ്പോഴും പറയാറുണ്ട്. അധ്വാനിച്ച് ജീവിക്കുന്നതിലാണ് ഞാനും സംതൃപ്തി കണ്ടെത്തുന്നത്"- മല്ലിക സുകുമാരൻ പറയുന്നു. നോക്കുക, ഇതല്ലേ, യഥാർഥ സ്ത്രീ ശാക്തീകരണം!

വാൽക്കഷ്ണം: 2018-ലെ പ്രളയകാലത്ത് അണ്ഡാവ് യാത്രയുടെപേരിൽ ഏറെ വി ഏറെ ട്രോളുകൾ നിറഞ വ്യക്തിയാണ് മല്ലിക. ലംബോർഗിനി കയറാത്ത റോഡിനെക്കുറിച്ച് പരാതി പറഞ്ഞ നടി, പ്രളയം വന്നതോടെ എല്ലാം നഷ്ടപ്പെട്ട് ഇപ്പോൾ ഒരു കുട്ടികത്തിൽ യാത്രചെയ്യുന്നുവെന്നായിരുന്നു ട്രോളുകൾ. അതേക്കുറിച്ച് മല്ലിക ഇങ്ങനെ പറയുന്നു. -"ബോട്ടിൽ കയറാനുള്ള പേടികൊണ്ടാണ് ആ വിവാദം ഉണ്ടായത്. കഷ്ടകാലത്തിന് ഞാൻ അന്ന് കുട്ടികത്തിൽ കയറി കാറ് കിടക്കുന്ന സ്ഥലം വരെ പോയി. അതാണ് വിവാദമായത്. അതിനുശേഷം ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യം പറഞ്ഞു. ഇപ്പോൾ റോഡിന്റെ അവസ്ഥയും മാറി. "