- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അഡ്വ ചാണ്ടി ഉമ്മൻ എംഎ, എൽഎൽബി, ഡബിൾ എൽഎൽഎം ഇനി എംഎൽഎയും; മുഖ്യമന്ത്രിയുടെ മക്കൾ എന്ന പ്രിവിലേജ് ഇല്ലാതെ മെറിറ്റിൽ മികച്ച കോളജിൽ പഠിച്ച് വളർന്നവർ; സൈബർ ആക്രമണത്തെ പ്രതിരോധിച്ച് താരമായി അച്ചു ഉമ്മനും; പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി; രാഷ്ട്രീയ കേരളത്തിന്റെ ഫോക്കസ് വീണ്ടും ഉമ്മൻ ചാണ്ടി കുടുംബത്തിലേക്ക്!
പണ്ടുകേട്ട ഒരു കഥയാണ്. തിരുവനന്തപുരത്ത് എന്തോ ആവശ്യത്തിനു വന്ന രണ്ടു പുതുപ്പള്ളിക്കാർ രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ് മടങ്ങി വരുമ്പോൾ സെക്രട്ടേറിയറ്റിലെ, മുഖ്യമന്ത്രിയുടെ മുറിയിൽ വെളിച്ചം കണ്ടൂ. എന്നാൽ പിന്നെ കുഞ്ഞൂഞ്ഞിനെ ഒന്നു കണ്ടേച്ചു പോയേക്കാം, എന്നു കരുതി അവർ നേരെ അങ്ങോട്ട് കയറി! ഇത് കഥയാവാം, പക്ഷേ ഉമ്മൻ ചാണ്ടിയുടെ കാലത്ത് ക്ലിഫ് ഹൗസ് ഗേറ്റിന്റെ ഒരു പാതി അടക്കാറേ ഉണ്ടായിരുന്നില്ല. ഇപ്പോഴുള്ള അവസ്ഥയെന്താണെന്ന് ഓർത്തുനോക്കുക. ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പല പരിമിതികളും ഉണ്ടായിരുന്നെങ്കിലും ജനകീയരിൽ ജനകീയനായിരുന്നു ഉമ്മൻ ചാണ്ടി. ഏത് നിമിഷവും ആർക്കും സമീപിക്കാവുന്ന നേതാവ്. മരണാനന്തം ഉമ്മൻ ചാണ്ടിക്ക് കിട്ടിയ ആ യാത്രയയപ്പ് തന്നെ നിലവിലുള്ള ഇരുമ്പുമറയോടുള്ള പ്രതിഷേധം കൂടിയായരുന്നു. ഓർക്കണം, ഒരു രാഷ്ട്രീയ നേതാവിന്റെ കല്ലറക്ക് മുന്നിൽ നിന്ന് ജനം ഇപ്പോഴും നിവേദനം സമർപ്പിക്കുന്നുണ്ടെങ്കിൽ എത്രമാത്രം ജനകീയൻ ആയിരിക്കണം അയാൾ!
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും ഫലത്തിൽ ഏറ്റുമുട്ടിയത് പിണറായിയും ഉമ്മൻ ചാണ്ടിയും തന്നെയായിരുന്നു. ഉമ്മൻ ചാണ്ടി എന്ന യാതൊരു സെക്യൂരിറ്റിയും ഇല്ലാത്ത ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിനെയും, സ്വന്തം ഗ്രാമത്തിലേക്ക് കടന്നുവരാൻ പോലും, 25ഓളം പൊലീസ് വാഹനങ്ങളുടെ അകമ്പടിവേണ്ട നേതാവിനെയും ജനത്തിന് താരതമ്യം ചെയ്യാനുള്ള അവസരവും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായി. ഉമ്മൻ ചാണ്ടിയെ മരിച്ചിട്ടും, നിരന്തരം അപഹസിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയൂടെ മകൾ അച്ചു ഉമ്മനും മറിയാമ്മ ഉമ്മനും എതിരെ അവർ നടത്തിയ സൈബർ ആക്രമണങ്ങൾക്ക് കൈയും കണക്കുമില്ല. അതെല്ലാം ഫലത്തിൽ ബൂമാറങ്് ആവുകയാണ് ഉണ്ടായത്.
ഇപ്പോൾ ചരിത്ര ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കുമ്പോൾ അത് പിണറായിസത്തിന്റെ കൗണ്ട് ഡൗണിന്റെ തുടക്കം കൂടിയാവുകയാണ്. ഉമ്മൻ ചാണ്ടിയേക്കാൾ ഒട്ടും പിറകില്ല മകൻ ചാണ്ടി ഉമ്മൻ എന്ന് ഈ തെരഞ്ഞെടുപ്പ് പ്രചാരണം തെളിയിച്ചിരിക്കയാണ്. മകൾ അച്ചു ഉമ്മനാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ മാധ്യമ ശ്രദ്ധ കിട്ടിയത്. സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ മൂലം അവർ ശരിക്കും താരമായി. രാഹുലിന് ഒപ്പമള്ള പ്രിയങ്കാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അവർ പോയിടത്തൊക്കെ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു. ഇപ്പോൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അച്ചുവിനെ സ്ഥാനാർത്ഥിയാക്കണം എന്നുവരെ ആവശ്യം ഉയരുന്നുണ്ട്.
കോൺഗ്രസിലാവട്ടെ കരുത്തനായ ഒരു യുവനേതാവിനെ കൂടി കിട്ടുകയാണ്. ചാണ്ടി ഉമ്മൻ നിയമസഭയിൽ എത്തുന്നതോടെ കോൺഗ്രസിലെ ശാക്തിക ചേരിയും മാറും. അതായത് കേരള രാഷ്ട്രീയത്തിൽ ഫോക്കസ് വീണ്ടും ഉമ്മൻ ചാണ്ടി കൂടുംബത്തിലേക്ക് എത്തുകയാണ്.
പിതാവിന്റെ തണലിൽ വളരാത്ത മക്കൾ
പിതാവിന്റെ തണൽ ഇത്തിൾക്കണ്ണികൾ പോലെ വളർന്നrരും, മാസപ്പടി വാങ്ങി ബിസിനസ് ചെയ്യുന്നവരുമല്ല ഉമ്മൻ ചാണ്ടിയുടെ മക്കൾ. വീണാ വിജയനെയയും, വിവേക് കിരണിനെയും പോലെ പത്താംക്ലാസ് തട്ടിമുട്ടി ജയിച്ച് പിതാവിന്റെ സ്വാധീനത്തിൽ സ്വാശ്രയകോളജിൽ പഠിച്ചവരല്ല ഇവർ. ഉമ്മൻ ചാണ്ടിയുടെ മക്കൾ എല്ലാം ഇവിടുത്തെ പൊതു വിദ്യാലയങ്ങളിലാണ് പഠിച്ചത്. നല്ല മാർക്ക് വാങ്ങി പഠിച്ചാണ് ജോലികിട്ടിയത്. മൂത്ത മകൾ മറിയ എഞ്ചിനീയറിങ്ങും എംബ എയും എടുത്തു. അച്ചു മാർ ഈവാനിയോസ് കോളേജിൽ ബി എ ഇംഗ്ലീഷ് പിന്നെ രാജഗിരിയിൽ എം എസ് ഡബ്ലിയു.
ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫെൻസ് കോളേജിൽ നിന്ന് ബി എ. എം ഹിസ്റ്ററി എടുത്തത്. നാഷണൽ ലൊ സ്‌കൂൾ ഡൽഹിയിൽ നിന്ന് ക്രിമിനോളജിയിൽ എൽഎൽ എം എടുത്തു. അതിന് പുറമേ കോൺസ്റ്റിട്ടുഷനൽ ലോയിൽ രണ്ടാമത്തെ എൽഎൽ എം ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എടുത്തു. കബിൽ സിബലിന്റെ ജൂനിയറായി സുപ്രീം കോടതിയിൽ പ്രാക്റ്റീസ് ചെയ്തു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കോണോമിക്സിൽ നിന്ന് മാനേജ്മെന്റ് പബ്ലിക് പോളിസി എന്നിവയിൽ പ്രത്യേക പരിശീനവും ചാണ്ടി ഉമ്മൻ നേടിയിട്ടുണ്ട്. ഡൽഹിയിലെ എണ്ണം പറഞ്ഞ രണ്ട് യൂണിവേഴ്സിറ്റികളിൽ ഗസ്റ്റ് അദ്ധ്യാപകനാണ്. എൻഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും മികച്ച പ്രവർത്തന പാരമ്പര്യ ചാണ്ടിക്കുണ്ട്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഡൽഹി കാരോൾ ബാഗിലെ ഒറ്റ മുറി വീട്ടിൽ താമസിച്ച് സർക്കാർ ബസിൽ യാത്ര ചെയ്ത് പഠിക്കാൻ പോകുന്നത് ഡൽഹി മലയാളികൾ ആശ്ചര്യത്തോടും അത്ഭുതത്തോടും കണ്ടിരുന്ന കാഴ്ചയാണ്. എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ജെ എസ് അടൂർ ഇങ്ങനെ എഴുതുന്നു. ''പഠിക്കമ്പോൾ ചാണ്ടി ഉമ്മൻ ഡൽഹിയിൽ ഒരു ചെറിയ മുറിയിൽ താമസം. പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിച്ച് യാത്ര. അമ്മ അയച്ചു കൊടുത്ത മാസചെലവിനുള്ള പരിമിത ചെലവിൽ ജീവിതം. മിക്കവാറും വൈകുന്നേരങ്ങളിൽ സന്ധ്യ പ്രാർത്ഥനക്ക് അടുത്തുള്ള ഓർത്തഡോക്ൾസ് പള്ളിയിൽ പോകും. ചെറുപ്പക്കാരുടെ എടുത്തു ചാട്ടം ഇല്ല. സാമൂഹിക - രാഷ്ട്രീയ പ്രവർത്തനത്തിൽ അതിയായ താല്പര്യം. മദ്യപിക്കില്ല. വളരെ വിനയവും തിരിച്ചറിവും ശുദ്ധ ഹൃദയവുമുള്ള ചെറുപ്പക്കാരനെയാണ് ഞാൻ കണ്ടത്. അങ്ങനെയുള്ള ചെറുപ്പക്കാർ വിരളമായിരുന്നു. ചാണ്ടി ഒരിക്കലും ചാണ്ടിയെ കുറിച്ച് പറയില്ല. പല പ്രാവശ്യം ഉന്നത ജോലിക്കൊ അല്ലെങ്കിൽ കോർപ്പെറേറ്റ് ലോ ഫെമിലോ ചേരാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ചാണ്ടിയുടെ ഹാർട്ട് എപ്പോഴും സാമൂഹിക പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലുമായിരുന്നു. ഒരു പ്രായം കഴിഞ്ഞു അമ്മയുടെ ചെറിയ പോക്കറ്റു മണിയിൽ ജീവിച്ച ചാണ്ടി പിന്നീട് സുപ്രീം കോർട്ടിൽ കബിൽ സിബലിന്റെ ജൂനിയറായി. ഡൽഹിയിൽ ലോ കോളേജിൽ അദ്ധ്യാപകനായി.''
ഇരുപതുവർഷത്തെ നിശബ്ദ പ്രവർത്തനം
പഠനം കഴിഞ്ഞാൽ, ചാണ്ടി ഉമ്മന്, ഏതെങ്കിലും വൻ മുതലാളിമാരുടെ കമ്പനിയിൽ ഉന്നത ശമ്പളത്തിൽ വൈസ് പ്രസിഡന്റോ സി ഇ ഒയൂമൊക്കെ ആകാമായിരുന്നു. അല്ലെങ്കിൽ സ്വന്തം ബിസിനസ് തുടങ്ങമായിരുന്നു. മുഖ്യമന്ത്രിയുടെ മക്കൾ എന്ന പ്രിവിലേജിൽ അവർ ഒന്നും നേടിയില്ല. കഴിഞ്ഞ ഇരുപതു വർഷങ്ങളായി എൻ എസ് യു വിലും യൂത്ത് കോൺഗ്രെസ്സിലുമൊക്കെ ചാണ്ടി ഉമ്മൻ പ്രവർത്തിക്കുന്നു.
പഞ്ചാബിലും കർണാടകത്തിലും കേരളത്തിലും എല്ലാ തെരെഞ്ഞെടുപ്പിലും ചാണ്ടി ഉമ്മൻ വീടുകൾ കയറി ഇറങ്ങും. കേരളത്തിൽ വെള്ളപൊക്കം ഉണ്ടായപ്പോൾ കോവിഡ് സമയത്തു ഒക്കെ ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ ചാണ്ടി സജീവമായിരുന്നു. കോവിഡ് സമയത്തു വിവിധ സംസ്ഥാനങ്ങളിൽ കുരുങ്ങിയ മലയാളികളെ പ്രത്യേക ബസ് ഏർപ്പെടുത്തി കേരളത്തിൽ എത്തിക്കാൻ മുൻകൈ എടുത്തത് ചാണ്ടിയാണ്. ഡൽഹിയിൽ കോവിഡ് കാലത്തു രാപ്പകൽ പലായനം ചെയ്യുന്ന തൊഴിലാളികൾക്കും ഡൽഹിയിലെ പാവംപെട്ടവർക്കും ആഹാരവും വെള്ളവും എത്തിക്കാൻ ചാണ്ടി ഉമ്മൻ ഉണ്ടായിരുന്നു.
ജെ എസ് അടൂർ എഴുതുന്നു. -''ലണ്ടനിൽ ആംനെസ്റ്റി ഇൻന്റ്ര് നാഷ്ണലിലോ ഞാൻ നേതൃത്വം കൊടുത്തിരുന്ന ആക്ഷൻ എയ്ഡ് ഇന്റർനാഷണനലിലോ ചാണ്ടി ഉമ്മന് ലീഗൽ എക്സ്പെർട്ട് ആയി ജോലി ലഭിക്കുമായിരുന്നു. അതു പല പ്രാവശ്യം ഞാൻ പറഞ്ഞു പക്ഷെ ചാണ്ടിയുടെ താൽപ്പര്യം എന്നും ജനങ്ങളെ നേരിട്ട് സേവിക്കാൻ ആയിരുന്നു. ഉമ്മൻ ചാണ്ടി സാർ ഒരു വിരൽ അനക്കിയായിരുന്നു എങ്കിൽ ചാണ്ടിക്ക് എൻഎസ്‌യു ഐ ഭാരവാഹിയോ യൂത്തുകൊൺഗ്രസ് ദേശീയ പ്രസിഡന്റോ എം പി യോ എം ൽ എ യോ ആകുമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല.
ചാണ്ടി ഒരൊറ്റ ദിവസം കൊണ്ട് നേതാവായ ആളല്ല. ആദ്യം സ്‌കൂൾ ലീഡർ പിന്നീട് ഡൽഹിയിൽ സെന്റെ സ്റ്റീഫൻ കോളേജ് ചെയർമാൻ. അതിനു മുമ്പ് അങ്ങനെ അവിടെ തെരെഞ്ഞെടുക്കപ്പെട്ട നേതാവ് ശശി തരൂരാണ്. ഉമ്മൻ ചാണ്ടിയുടെ അഡ്രസ്സിൽ ചാണ്ടി ഉമ്മന് ഒരു പദവിയും കിട്ടിയില്ല''. ഒടുവിൽ പിതാവിന്റെ മരണത്തിനുശേഷവും ഒരു ചരിത്ര നിയോഗം അദ്ദേഹത്തെ തേടിയെത്തി. അതാണ് പിണറായിസത്തെ കെട്ടുകെട്ടിക്കയെന്നത്.
ജോഡോ യാത്രയിൽ നഗനപാദനായി
ചാണ്ടി ഉമ്മന്റെ പേര് ആദ്യമായി ലൈം ലൈറ്റിൽ വരുന്നത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോടെയാണ്. അന്ന് ചാണ്ടി ഉമ്മൻ നഗ്നപാദനായി കിലോമീറ്റുക താണ്ടിയത് വലിയ ഊർജമാണ് പ്രവർത്തകർക്ക് സമ്മാനിച്ചത്. കഠിനമായ ശൈത്യകാലത്ത് നഗ്നപാദനായി നടക്കാനുള്ള തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ ചാണ്ടി ഉമ്മൻ ഇങ്ങനെയാണ് മാധ്യമങ്ങളോട് പ്രതികരജച്ചത്. 'യാത്രയിൽ ഞാൻ സാധാരണയായി നഗ്നപാദനായി നടക്കാറുണ്ട്. എന്നാൽ ബാക്കിയുള്ള സമയങ്ങളിൽ ഞാൻ ഷൂസ് ധരിക്കും. എന്റെ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗ്നപാദനായി നടക്കുന്നുത്. അത് എനിക്ക് ഊർജം പകരുന്നു. തണുപ്പ് കാരണം എന്റെ മാർച്ച് ആരംഭിക്കുന്നത് വൈകും. പക്ഷേ നഗ്നപാദനായി നടക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടില്ല.''
അതിനിടെ കോൺഗ്രസ് നേതാവ് ജയറാം രമേഷിന്റെ ഒരു ട്വീറ്റും ചാണ്ടി ഉമ്മനെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കി. ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പരാമർശത്തിൽ പ്രതികരണവുമായി ജയ്‌റാം രമേഷ് ഇങ്ങനെ ട്വീറ്റ് ചെയതു. ''ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആൺമക്കളുടെ കഥ. ഒരാൾ ഭാരത് ജോഡോ യാത്രയിൽ തളരാതെ പലപ്പോഴും നഗ്‌നപാദനായി നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കാൻ നടക്കുന്നു. മറ്റേയാൾ തന്റെ കടമകളും യാത്രകളും പാർട്ടിയേയും അവഗണിച്ച് സൂര്യന് താഴെ ആഹ്ലാദിക്കുന്നു''. ആരുടേയും പേര് പറയാതെ, ഒരേ സംസ്ഥാനത്തെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളുടെ കഥ എന്ന് പറഞ്ഞാണ് ട്വീറ്റ് എങ്കിലും എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയേയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനേയുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇതും ദേശീയ മാധ്യമങ്ങളിൽ വാർത്തയായി.
സോളർ മുതൽ ഹാഗിയ സോഫിയവരെ
വിമർശനങ്ങളുടെ കൂരമ്പുകളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുണ്ട് ചാണ്ടി ഉമ്മൻ. അതിൽ ഒന്നായിരുന്നു ഹാഗിയ സോഫിയ പ്രശ്നം. പത്തുവർഷം മുമ്പ് ഹാഗിയ സോഫിയ, ഹലാൽ വിവാദം എന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കെസിബിസി രംഗത്ത് വന്നിരുന്നു. ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനപ്പിച്ചെന്നും ചരിത്രം അറിയാൻ യുവ നേതാക്കൾ ശ്രമിക്കണമെന്നും കെസിബിസി വ്യക്തമാക്കി. ഹാഗിയ സോഫിയയുടെ ചരിത്രത്തെ മറച്ചുവെയ്ക്കാനും തുർക്കി ഭരണാധികാരിയുടെ ചരിത്ര അവഹേളനം വെള്ളപൂശാൻ ശ്രമിക്കുകയാണ് ചാണ്ടി ഉമ്മൻ ചെയ്തതെന്ന് കത്തോലിക്കസഭ കുറ്റപ്പെടുത്തി.
ഹാഗിയസോഫിയ കത്തീഡ്രൽ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോൺസ്റ്റാന്റിനോപ്പിൾ പാർത്രിയാക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതിൽ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രൽ. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമെന്ന് കെസിബിസി പ്രസ്താവനയിൽ ചോദിച്ചു. കെസിബിസി എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് ഫേസ്‌ബുക്ക് ലൈവിൽ വന്ന് ചാണ്ടി ഉമ്മൻ പ്രസംഗത്തിലെ അനുചിതമായ പരാമർശങ്ങളിൽ മാപ്പ് ചോദിച്ചു. പ്രസഗം കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷമാണ് വിവാദമുണ്ടയാതെന്ന് ചാണ്ടി പറഞ്ഞു. പ്രസംഗത്തിന്റെ ഒരു ഭാഗം വെട്ടിയെടുത്താണ് വിവാദമുണ്ടാക്കിയത്. ഒരു മതസമൂഹത്തെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി പറഞ്ഞു. വീഴ്ചയുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാണ്ടി കൂട്ടിച്ചേർത്തു.
2015 ഒക്ടോബറിൽ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും താനുമായി നടത്തിയ ബിസിനസ് സംബന്ധിച്ച രേഖകൾ സോളാർ കമീഷന് മുന്നിൽ ഹാജരാക്കുമെന്ന് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ പറഞ്ഞിരുന്നു. തന്നെ കള്ളനെന്നും കൊലപാതകിയെന്നും വിളിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികമായി അവകാശമില്ല. താൻ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും സോളാർ കമീഷന് മുന്നിൽ ഹാജരാകേണ്ടി വരുമെന്നും ബിജു പറഞ്ഞു. ഇതോടെ ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങൾ വിഷയം എടുത്തിട്ട് അലക്കി. ചാണ്ടി ഉമ്മന്റെ വിവാഹം എങ്ങനെയാണ് മുടങ്ങിയത് എന്ന വിഷയം അടക്കം സൈബർ സഖാക്കൾ ചർച്ചയാക്കി. പക്ഷേ ഇതെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ചാണ്ടി ഉമ്മനും ബിജുവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതേ രീതിയിലുള്ള കുപ്രചാരണം സഹോദരി മറിയാമ്മ ഉമ്മന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടും സൈബർ സഖാക്കൾ നടത്തി. വി എസ് അടക്കമുള്ളവർ അന്ന് ഈ അപവാദത്തിലേക്ക് മുതൽക്കുട്ടിയിരുന്നു. പക്ഷേ എല്ലാം കളവായിരുന്നുവെന്ന് കാലം തെളിയിച്ചു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ചാണ്ടി ഉമ്മൻ മത്സരിച്ചപ്പോൾ അച്ചുവിനെതിരെ കൊണ്ടുവന്ന അപവാദങ്ങളും.
താരമായി അച്ചു ഉമ്മനും
മുഖ്യമന്ത്രി പിണറായിയുടെ മകൾ വീണ മാസപ്പടി വിവാദത്തിൽപെട്ടതോടെയാണ്, അച്ചു ഉമ്മന് എതിരായ സൈബർ ആക്രമണം മുറുകിയത്. ലക്ഷങ്ങൾ വിലയുള്ള വാച്ച് അണിയുന്നു, ആഡംബര കാറുകൾ ഉപയോഗിക്കുന്നു എന്നിങ്ങനെ പോയി ആക്രമണം. എന്നാൽ ഇതിനൊക്കെ കൃത്യമായി മറുപടി നൽകുകയും, പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ സൈബർ സഖാക്കളുടെ കിളിപോയി.
''ഞാൻ ഒരു കണ്ടന്റ് ക്രിയേറ്ററാണ്. ഇത് ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്. ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട്.
പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.''- അച്ചു വ്യക്തമാക്കി.
ഭർത്താവിന്റെ കുടുംബം വർഷങ്ങളായി ഗൾഫിൽ ബിസിനസ് ചെയ്യുകയാണ്. ഭർത്താവിന്റെ അച്ഛനാണ് ബിസിനസ് തുടങ്ങിയതെന്ന് പറഞ്ഞ അച്ചു ഉമ്മൻ, കമ്പനികളുടെ വിവരങ്ങൾ വിശദീകരിച്ചു. കെമിക്കൽ ട്രെഡിങ് കമ്പനികളാണ് ഭർത്താവിന്റെ കുടുംബത്തിനുള്ളത്. ഞങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം ഈ കമ്പനികളാണ്. ഭർത്താവിന്റെ കുടുംബത്തിന് കളങ്കം ഉണ്ടാവരുത്. ഈ കമ്പനികളുടെ കാര്യത്തിൽ ഏത് അന്വേഷണവും നടത്താമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.
അതിനിടെ സൈബർ ആക്രമണം നേരിടുന്ന അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവ് ലിജോ ഫിലിപ്പും രംഗത്ത് എത്തി. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള അച്ചുവിന്റെ യാത്രയിൽ പൂർണമനസോടെയാണ് കുടെ നിൽക്കുന്നതെന്നും അഭിമാനത്തോടെ അവൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
പിതാവ് തനിക്കുവേണ്ടി അനർഹമായി ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്ന അച്ചു പഴയ ഒരു അനുഭവവും ഓർക്കുന്നു. ''പണ്ട് മാർ ഇവാനിയോസിൽ കോളജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ അപ്പ തന്ന ഉപദേശവും മറക്കില്ല. അന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ആയിരുന്നു എതിർ സ്ഥാനാർത്ഥി. തന്റെ പക്കൽ നിന്നു സഹായം പ്രതീക്ഷിക്കരുതെന്നും തന്റെ മകളാണെന്നു കരുതി ഒരു കാര്യവും വേണമെന്ന് ആഗ്രഹിക്കരുതെന്നും അപ്പ പറഞ്ഞു.''- അതായിരുന്നു ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വം.
പക്ഷേ ഈ സൈബർ ആക്രമണങ്ങൾകൊണ്ടുണ്ടായ മാറ്റം അച്ചു ശരിക്കും താരമായി എന്നതാണ്. ചാണ്ടി ഉമ്മനെപ്പോലെ വലിയ ആൾക്കൂട്ടങ്ങൾ അവരും ആകർഷിച്ചു. ഇപ്പോൾ അച്ചുവിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. അതായത് വെറുതെയിരുന്നു ഒരാളെ സൈബർ സഖാക്കൾ ചൊറിഞ്ഞ് ചൊറിഞ്ഞ് കളത്തിൽ ഇറക്കിയെന്ന് ചുരുക്കം.
പിണറായിസത്തിൻെ അന്ത്യം
പക്ഷേ ഉമ്മൻ ചാണ്ടി കുടുംബത്തിനോട് കേരളം കടപ്പെട്ടിരിക്കുന്നത് അതിനൊന്നുമല്ല. പിണറായിസത്തിന്റെ പതനത്തിന് തുടക്കം കുറിച്ചതാനാണ്. ചാണ്ടി ഉമ്മന് കിട്ടിയ ചരിത്ര ഭൂരിപക്ഷത്തെ, കേവലം ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ സഹാതാപ തരംഗത്തിൽ ഒതുക്കാൻ കഴിയില്ല. അതിൽ കൃത്യമായ ഭരണവിരുദ്ധ വികാരം കൂടിയുണ്ട്. സിപിഎമ്മിനെ ജനങ്ങൾ പൂർണ്ണമായും വെറുത്തിരിക്കും എന്നതിന്റെ സൂചനയാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ മുന്നേറ്റം. ഇത് വെറും സഹതാപത്തിന്റെയല്ല, പിണറായിസത്തോടുള്ള ജനങ്ങളുടെ വെറുപ്പിന്റെ തരംഗമാണിത്.
സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം ഇപ്പോൾ പിണറായിസമാണ്. പണം ഏത് വിധേനയും സാമ്പാദിക്കാൻ പാർട്ടിയിൽ എല്ലാവർക്കും അവസരം എന്നതാണ് പിണറായിസം. താഴെത്തട്ട് മുതൽ പണം കുത്തൊഴുകയാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് പോലും മാസപ്പടി കിട്ടിയതിന്റെ രേഖകൾ പരസ്യമാവുന്നു. പിണറായിക്കും കുടുംബത്തിനും എതിരെ സാമ്പത്തിക അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ അതിനെയൊക്കെ മൗനം കൊണ്ട് പ്രതിരോധിക്കുന്നതും പാർട്ടി സെക്രട്ടരിയടക്കം ഉരുണ്ട് കളിക്കുന്നതും ആരോപണങ്ങൾ സത്യമായതുകൊണ്ടാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നു. ഏറ്റവും ഒടുവിൽ സാഹിത്യ അക്കാദമി സെക്രട്ടറി കവി സച്ചിതാനന്ദനുപോലും, ഇനി ഒരു തുടർഭരണം സിപിഎമ്മിന് കൊടുക്കരുതെന്ന് പറയേണ്ടിവന്നു. വിവാദമായപ്പോൾ അത് തമാശയെന്ന് പറഞ്ഞ് നിഷേധിച്ചുവെങ്കിലും.
ചാണ്ടി ഉമ്മന്റെയും ജെയ്ക്കിന്റെ ശരീരഭാഷയും ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെട്ടു. അങ്ങേയറ്റം വിനയാന്വിതാനാണ് ചാണ്ടി ഉമ്മൻ. ധാർഷ്ട്യം, അഹങ്കാരം, ധിക്കാരം... പിണറായിയെ അനുകരിച്ചുകൊണ്ട് സിപിഎം യുവ നേതാക്കൾ മുഖമുദ്രയാക്കിയ അതേകാര്യമാണ് ജെയ്ക്ക് സി തോമസിനുമെന്ന് ചാനൽ ചർച്ചകളിലെ കണ്ടാൽ അറിയാം. സ്ഥാനാർത്ഥിയാക്കുമ്പോൾ മാത്രം വിനയം വാരിത്തേച്ചിറങ്ങുന്ന വിദ്യാർത്ഥി യുവജന നേതാക്കളിൽ ഒരാളാണ് ഇദ്ദേഹവും. ഈ ചെറുപ്പക്കാരന്റെ വ്യക്തിപരമായ കുഴപ്പമല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സി പി എമ്മിന്റെ മൂശയിൽ നിന്ന് വാർത്തിറക്കപ്പെട്ട വിദ്യാർത്ഥി യുവജന നേതാക്കളെ നിരീക്ഷിച്ചു നോക്കാം. പരനിന്ദ, പരമ പുച്ഛം, സർവ്വജ്ഞപീഠം കയറിയവരെന്ന സ്ഥായീഭാവം, പ്രതിപക്ഷ ബഹുമാനത്തിന്റെ കണിക പോലുമില്ലാത്ത ധാർഷ്ട്യം. തങ്ങളൊഴികെ മറ്റെല്ലാവരും മണ്ടന്മാരെന്ന ഭാവം. ആകാശത്തിനു താഴെയുള്ള സകലതിനെക്കുറിച്ചും ആധികാരികമായി പറയാൻ കഴിവുള്ളവരാണ് തങ്ങളെന്ന മിഥ്യാബോധം. എന്നെക്കണ്ടാൽ ബുദ്ധിജീവിയാണെന്ന് തോന്നില്ലേ . എന്ന ചോദ്യ ഭാവം സ്ഥിരമായി മുഖത്ത്. സാങ്കേതിക ജ്ഞാനം വേണ്ട വിഷയങ്ങളിൽ വസ്തുത പറയുന്നവരെ വിരട്ടൽ, ആക്ഷേപിക്കൽ.
ഇതാണ് ഇവരുടെ ശൈലി. ഒരേ ഫാക്ടിയിൽനിന്ന് നിർമ്മിച്ച പ്രോഡക്റ്റുകളപ്പോലെയാണ് എസ് കെ സജീഷും, എം സ്വരാജും തൊട്ട് ജെയ്ക്ക് അടക്കമുള്ള ന്യായീകരണതൊഴിലാളികൾ സംസാരിക്കുക. ഇതെല്ലാം മൂലം വല്ലാത്ത ഒരു വെറുപ്പ് ജനങ്ങൾക്ക് സിപിഎമ്മിനോട് ഉണ്ടായി എന്നത് യാഥാർത്ഥ്യമാണ്. മാർക്ക് മോഷണവും, കോപ്പിയടിയും ,ആൾമാറാട്ടവും, വ്യാജ പി എച്ച് ഡിയുമൊക്കെ നിർലജ്ജം ന്യായീകരിക്കുന്ന ഒരു തലമുറയാണ് ഈ സ്ഥാനാർത്ഥിക്ക് പിന്നാലെ കടന്നുവരുന്നത്. സർക്കാരിന്റെ വിലയിരുത്തൽ മാത്രമല്ല പുതുപ്പള്ളിയിൽ നടന്നത്. ഇടത് വിദ്യാർത്ഥി യുവജന നേതാക്കളുടെ വിവരണാതീതമായ അഹങ്കാരത്തിനുള്ള മുഖത്തടി കൂടിയാണ് കിട്ടിയത്.
പക്ഷേ പുതപ്പള്ളിയിൽ ഈ ഘടകങ്ങളേക്കാൾ ഏറെ ശക്തമായിരുന്നത്, ഭരണവിരുദ്ധ വികാരം തന്നെയായിരുന്നു. പിണറായിസത്തിന് ഇനി ഭാവിയില്ല എന്നും പുതുപ്പള്ളി തെളിയിക്കുന്നു. പിണറായിസം ഇല്ലാതെ ആധുനിക സിപിഎമ്മും ഇല്ല. അടുത്ത ഭരണം യുഡിഎഫിന് തന്നെ എന്ന കൃത്യമായ സൂചനയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നൽകുന്നത്. അത് മനസ്സിലാക്കിയുടെ തിരുത്തൽ നടപടികൾ നടത്തിയാൽ ഇടതുമുന്നണിക്ക് കൊള്ളാം.
യുഡിഎഫിനും കോൺഗ്രസിനും ഈ തെരഞ്ഞെടുപ്പ് വർധിത വീര്യമാണ് നൽകുന്നത്. പ്രത്യേകിച്ച് ഒ സിയെന്ന് വിളിക്കുന്ന ഉമ്മചാണ്ടിക്ക് പകരം, സി ഒയെ തിരികെ കിട്ടിയിരിക്കുന്നു. വിദ്യാഭ്യാസവും, അറിവും പ്രവർത്തന പരിചയവുള്ള ചെറുപ്പക്കാർ രാഷ ട്രീയത്തിൽ വരുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ്.
വാൽക്കഷ്ണം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് മറ്റൊരു കാര്യത്തിൽ കൂടി ശ്രദ്ധേയമാണ്. ഹീനമായ വ്യക്തിഹത്യാ രാഷ്ട്രീയം പഴയതുപോലെ ഏശില്ല എന്നതിന്റെ കൃത്യമായ സൂചന ഈ ഫലത്തിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടിയപോലെ സിപിഎം സൈബർ സഖാക്കൾ ഓരോ ഘട്ടത്തിലും വലിയ സഹായമാണ് യുഡിഎഫിന് ചെയ്തത്!