ലോകത്തിലെ ഏറ്റവും സമ്പന്നയായ ഗായിക. ഫോബ്‌സ് മാഗസിനും ടൈം മാഗസിനും, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വനിത. ഗായിക, അഭിനേത്രി, സംരഭക, നയതന്ത്രജ്ഞ, ഫാഷൻ മോഡൽ, സാമൂഹിക- ജീവകാരുണ്യ പ്രവർത്തക...... ഈ 36കാരി ഗായികയുടെ ബയോഡാറ്റ അങ്ങനെ നീണ്ടുപോകും. ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിച്ച ഗായികയും അവർ തന്നെ. ഒറ്റ പരിപാടിക്ക് ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൻ 70 കോടിയോളം വരുന്ന ഡോളറാണ് അവർ വാങ്ങുന്നത്! അതേ അതാണ്, റോബിൻ റിഹാന ഫെന്റി എന്ന, കരീബിയൻ കൊടുങ്കാറ്റ് എന്ന് അറിയപ്പെടുന്ന പോപ്പ് ഗായിക. ചുരക്കപ്പേര് റിഹാന.

ചടുലമായ നൃത്തച്ചുവടുകളകളുമായി, സ്റ്റേജിൽ പറന്നുനടന്നെന്നപോലെ പാടുന്ന ഈ സിങ്ങർ കം ഡാൻസർ കഴിഞ്ഞ ദിവസം ഇന്ത്യയിലുമെത്തി. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ്ങ് പാർട്ടിയിക്കായി, ഗുജറാത്തിലെ ജാം നഗറിൽ എത്തി അവർ പരിപാടി അവതരിപ്പിച്ചു. ഇതിനാണ് 70 കോടി പ്രതിഫലം വാങ്ങിയത്.

പക്ഷേ പരിപാടി കഴിഞ്ഞ് അവർ മടങ്ങിയതോടെ വിവാദമായി. 2021-ൽ ഇന്ത്യയിൽ കർഷകസമരം നടക്കുമ്പോൾ സമരത്തെ അനുകൂലിച്ച് റിഹാന ട്വീറ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. അന്ന് മോദിയ്‌ക്കെതിരെ അന്താരാഷ്ട്ര സെലിബ്രിറ്റികൾ വരെ അണിനിരക്കുന്നു എന്ന രീതിയിലായിരുന്നു വാർത്ത പ്രചരിപ്പിച്ചക്കപ്പെട്ടത്. പക്ഷേ ഇപ്പോളും കർഷക സമരം നടക്കുന്നുണ്ട്. കർഷകർ പഞ്ചാബ്-ഹരിയാന ബോർഡറിൽ തമ്പടിച്ചിട്ടുണ്ട്. എന്നാൽ ഗുജറാത്തിലെ ജാം നഗറിൽ എത്തിയ റിഹാന പക്ഷെ അവരെയാന്നും കണ്ടില്ല എന്നാണ് വിമർശകർ പറയുന്നത്.

74 കോടി രൂപയോളം പ്രതിഫലവും വാങ്ങി മടങ്ങി മടങ്ങിയ റിഹാന കർഷക സമരത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഇത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയൽ പലരും പരിഹാസം ഉയർത്തുന്നത്. പണത്തിനുമുന്നിൽ എന്ത് കർഷകസ്നേഹം എന്നുപറഞ്ഞും ട്രോളുകൾ നിറയുന്നുണ്ട്. പക്ഷേ റിഹാനയെ സംബദ്ധിച്ചിടത്തോളം ഇതൊന്നും പുത്തരിയല്ല. ഡോണാൾഡ് ട്രംപ് മുതലുള്ള ഉന്നതരോട് ഏറ്റുമുട്ടിയാണ്, അവർ തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്.


ടോക്സിക്ക് ചൈൽഡ് ഹുഡ്

ലോകമെമ്പാടുമായി 20 കോടി ആൽബങ്ങൾ വിറ്റുപോവത്തക്ക തരംഗമാണ് റിഹാന ഉണ്ടാക്കിയത്. സംഗീതം, ഫാഷൻ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അംഗീകാരം ലഭിച്ച ഒരു ആഗോള ഐക്കണാണ് അവർ. ഒമ്പത് ഗ്രാമി അവാർഡുകൾ, പതിമൂന്ന് അമേരിക്കൻ സംഗീത അവാർഡുകൾ, പന്ത്രണ്ട് ബിൽബോർഡ് മ്യൂസിക് അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ അവർ നേടിയിട്ടുണ്ട്. തന്റെ സംഗീത ജീവിതത്തിന് പുറമേ, റിഹാന അഭിനയത്തിലേക്കും ബിസിനസ്സിലേക്കും കടന്നിട്ടുണ്ട്. ബാറ്റിൽഷിപ്പ് (2012), ദിസ് ഈസ് ദ എൻഡ് (2013), ഓഷ്യൻസ് 8 (2018) എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫെന്റി ബ്യൂട്ടി, സാവേജ് എക്സ് ഫെന്റി, ഫെന്റി എന്നിവയുൾപ്പെടെ സ്വന്തം ഫാഷനും ബ്യൂട്ടി ലൈനുകളും അവർ പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെയും ശതകോടികളാണ് അവരുടെ വരുമാനം.

കരീബിയൻ ദ്വീപായ ബാർബഡോസിൽ 1988-ലാണ് ജനനം. നമ്മൾ വെസ്റ്റ് ഇൻഡീസ് എന്ന ക്രിക്കറ്റ് ടീമിലുടെയാണ് ഈ രാജ്യത്തെ അറിയുക. തന്റെ ബാല്യകാലത്തെക്കുറിച്ച് ടോക്സിക്ക് ചൈൽഡ് ഹുഡ് എന്നായിരുന്നു അവർ ഒരു പരിപാടിയിൽ വിശേഷിപ്പിച്ചത്. ഇംഗ്ഗീഷ് സ്‌കോട്ടിഷ്് വംശജനായ ഒരു വെയർഹൗസ് സൂപ്പർവൈസറായ റൊണാൾഡ് ഫെന്റിയാണ് പിതാവ്. അമ്മ ആഫ്രോ-ഗയാനീസ് ആണ്. റിഹാനയ്ക്ക് പിതാവ് വഴി രണ്ട് അർദ്ധ-സഹോദരിമാരും ഒരു അർദ്ധസഹോദരനും ഉണ്ട്, ഓരോരുത്തരും അദ്ദേഹത്തിന്റെ മുൻ ബന്ധങ്ങളിൽ നിന്ന് വ്യത്യസ്ത അമ്മമാർക്ക് ജനിച്ചവരാണ്.

ബ്രിഡ്ജ്ടൗണിലെ ഒരു മൂന്നുമുറി മാത്രമുള്ള വീട്ടിലാണ് അവൾ വളർന്നത്. തെരുവിലെ ഒരു സ്റ്റാളിൽ പിതാവിനൊപ്പം വസ്ത്രങ്ങൾ വിറ്റു. റിഹാനയുടെ ബാല്യത്തെ പിതാവിന്റെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗം വല്ലായെ ബാധിച്ചു. ഇതുമൂലം അച്ഛൻ അവളുടെ അമ്മയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. അങ്ങനെ കണ്ണീരും കൈയുമായിട്ടായിരുന്നു അവരുടെ കുട്ടിക്കാലം.

അക്കാലത്ത് തനിക്ക് അനുഭവപ്പെട്ട അസഹനീയമായ തലവേദനകൾക്കായി റിഹാന നിരവധി സിടി സ്‌കാനുകൾ നടത്തിയിരുന്നു, 'ഡോക്ടർമാർ പോലും ട്യൂമർ ആണെന്ന് കരുതി. കാരണം അത് വളരെ തീവ്രമായിരുന്നു.'- റിഹാന ഒരു അഭിമുഖത്തിൽ പറയുന്നു. പക്ഷേ അവൾക്ക് 14 വയസ്സായപ്പോഴേക്കും മാതാപിതാക്കൾ വിവാഹമോചിതരായി. അതിനശേഷമാണ് അവളുടെ തലവേദന മാറിയത്. അപ്പോൾ പ്രശ്നം മോശമായ ഗാർഹിക അന്തരീക്ഷമായിരുന്നെന്ന് വൈകിയാണ് അവൾ മനസ്സിലാക്കിയത്.

സ്‌കൂൾ ട്രൂപ്പിൽ തുടക്കം

ചെറുപ്പത്തിലെ അവൾക്ക് കമ്പം മ്യൂസിക്കിലായിരുന്നു. കരീബിയയിൽ ക്രിക്കറ്റും മ്യൂസിക്കുമാണ് എവിടെയും. റെഗ്ഗെ സംഗീതം കേട്ടാണ് അവൾ വളർന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഗായികയായി. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ ക്രിസ് ജോർദാൻ, കാർലോസ് ബ്രാത്ത്വെയ്റ്റ് എന്നിവർ അന്ന് റിഹാനയെ സഹായിച്ചവർ ആയിരുന്നു. 11 വയസ്സുള്ളപ്പോൾ, റിഹാന ബാർബഡോസിന്റെ കേഡറ്റ് കോർപ്സിലെ കേഡറ്റായിരുന്നു; ബാർബഡിയൻ ഗായകനും ഗാനരചയിതാവുമായ ഷോണ്ടെല്ലെ അവളുടെ ഡ്രിൽ സർജന്റായിരുന്നു. അദ്ദേഹമാണ് ഗാനവഴിയിലേക്ക് റിഹാനയെ തിരിച്ചുവിട്ടത്. പഠനത്തിനുപകരം അവൾ സംഗീത ജീവിതം തിരഞ്ഞെടുത്തു.

2003-ൽ റിഹാന അവളുടെ തന്റെ രണ്ട് സഹപാഠികളുമായി ഒരു സംഗീത ത്രയം രൂപീകരിച്ചു. അന്ന് അവൾക്ക് പ്രായം വെറും 14 വയസ്സാണെന്ന് ഓർക്കണം. പറയത്തക്കപോരോ മ്യൂസിക്ക് ഇൻസ്ട്രുമെൻസോ ഒന്നും ഇല്ലാതിരിന്നിട്ടുപോലും അവരുടെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. ഈ ഗേൾ ഗ്രൂപ്പ് അമേരിക്കൻ റെക്കോർഡ് പ്രൊഡ്യൂസർ ഇവാൻ റോജേഴ്‌സിന്റെ ശ്രദ്ധയിൽപെട്ടു. അദ്ദേഹം അവരെ ഓഡിഷന് ക്ഷണിച്ചു. ഗാനങ്ങളിൽ ആകൃഷ്ടനായ റോജേഴ്‌സ് റിഹാനയുടെ അമ്മയുമായി ഒരു രണ്ടാം മീറ്റിങ് ഷെഡ്യൂൾ ചെയ്തു. തുടർന്ന് ചില ഡെമോ ടേപ്പുകൾ റെക്കോർഡുചെയ്യാൻ റിഹാനയെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് ക്ഷണിച്ചു.

അങ്ങനെയാണ് റിഹാന ആദ്യമായി അമേരിക്കയിൽ എത്തുന്നത്. സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ അവൾക്ക് റെക്കോർഡ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ എന്നതിനാൽ ഒരു വർഷത്തോളം സമയമെടുത്താണ് റെക്കോർഡിംഗുകൾ നടന്നത്. ഒടുവിൽ അവളുടെ ആദ്യ ആൽബമായ മ്യൂസിക് ഓഫ് ദി സൺ ഇറങ്ങി. അതേ വർഷം, റോജേഴ്‌സിന്റെയും കാൾ സ്റ്റർക്കന്റെയും നിർമ്മാണ കമ്പനിയായ സിൻഡിക്കേറ്റഡ് റിഥം പ്രൊഡക്ഷൻസുമായി റിഹാന ഒപ്പുവച്ചു.ആ വ്യത്യസ്ത ശബ്ദം ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 2005വരെയുള്ള സമയം റിഹാനക്ക് സ്ട്രഗ്ളിങ്ങ് പീരീഡ് ആയിരുന്നു. തുടർന്ന് ഇറങ്ങിയ വി ഫൗണ്ട് ലവ്' 'അംബർല്ല' തുടങ്ങിയ ആൽബങ്ങൾ കരിയറിൽ കരുത്തേകി. പിന്നീട് അങ്ങോട്ട് അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.


മാനുഷിക മുഖമുള്ള സെലിബ്രിറ്റി

ഇന്ന് ഫാഷൻ മേഖലയിൽനിന്നായി കോടികളുടെ സ്വത്തിന്് ഉടമയാണ് അവർ. 2017-ലാണ് കോസ്മെറ്റിക്സ് സാമ്രാജ്യമായ ഫെന്റി ബ്യൂട്ടി ആരംഭിക്കുന്നത്. വ്യത്യസ്ത സ്‌കിൻ ടോണുകളുമായി പൊരുത്തപ്പെടുന്ന അമ്പതോളം മേക്ക്അപ്പ് ഷെയ്ഡുകളാണ് ഫെന്റി ബ്യൂട്ടിയെ ലോകത്തിന് മുമ്പിൽ വേറിട്ട് നിർത്തിയത്. 2016ലെ 'ആന്റി'ക്ക് ശേഷം റിഹാന ആർബങ്ങൾ നിർമ്മിച്ചിട്ടില്ല. പക്ഷേ ബിസിനസും സ്റ്റേജ് പരിപാടികളുമായി അവർ കോടികൾ സമ്പാദിക്കുന്നു.

2021-ൽ ലോകത്തിലെ ശതകോടീശ്വരപട്ടികയിലും അവർ സ്ഥാനം പിടിച്ചു. ലോകത്തിലെ ഏറ്റവും ധനികയായ രണ്ടാമത്തെ വനിതയാണ് ഇപ്പോൾ റിഹാന.ഫോബ്സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യൺ ഡോളറാണ് അന്് റിയാനയുടെ ആസ്തി. ലോകത്തിലെ ധനികയായ വനിതകളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് റിഹാനക്ക്. ഓപ്ര വിൻഫ്രിക്കാണ് ആദ്യ സ്ഥാനം. വിവിധ കമ്പനികളുടെ മോഡലും ബ്രാൻഡ് അംബാസിഡറായും അവർ കോടികൾ സമ്പാദിക്കുന്നു.

സെലിബ്രിറ്റി പദവി വെറും സുഖലോലുപതയ്ക്കും സ്വന്തം കാര്യത്തിനും വേണ്ടിയല്ലാതെ, മനുഷ്യത്വത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് റിഹാനയുടെ ഹൈലൈറ്റ്. 2006 ൽ, റിഹാനയ്ക്ക് 18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, ക്യാൻസർ, എയ്ഡ്‌സ്, രക്താർബുദം തുടങ്ങിയ മാരകമായ രോഗങ്ങളുള്ള കുട്ടികളെ സഹായിക്കുന്നതിനായി ബിലീവ് ഫൗണ്ടേഷൻ എന്നൊരു സംഘടനക്ക് അവർ രൂപം നൽകി. ഇതിലൂടെ ലക്ഷക്കണക്കിന് നിരാലംബരായ കുട്ടികൾക്കാണ് ആശ്രയമായത്.

ലോകമെങ്ങുമുള്ള ദരിദ്രരായ ജനങ്ങൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സഹായം നൽകുന്നതിനായി 2012-ൽ അവർ സാറ ലയണൾ ഫൗണ്ടേഷൻ രൂപീകരിച്ചു. സ്വയം സംഭാവന നൽകുന്നതിനൊപ്പം ഓരോ വർഷവും മറ്റു സെലിബ്രിറ്റികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. 2018-ൽ ആഫ്രിക്കൻ രാജ്യമായ സെനഗലിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ കോൺഫറൻസിനായി 200 കോടി ഡോളറാണ് റിഹാന സമാഹരിച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളെ കൂടി ഇതിന്റെ ഭാഗമാക്കാൻ അവർക്ക് കഴിഞ്ഞു. ഇതുപോലുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതാണ് അന്താരാഷ്ട്ര തലത്തിൽ അവരെ പ്രിയങ്കരിയാക്കുന്നത്.

കർഷക സമരത്തിൽ വിവാദം

തനിക്ക് പറയാനുള്ളത് തുറന്നടിച്ച് പറയുന്ന പ്രകൃതമാണ് റിഹാനയുടേത്. അതുകൊണ്ടുതന്നെ നിരവധി വിവാദങ്ങളും അവരുടെ പേരിൽ ആഗോള തലത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. 2021-ൽ ഇന്ത്യയിലെ കർഷകസമരത്തെ പിന്തുണച്ച് ആവർ ട്വീറ്റ് ചെയ്തത് വൻ വിവാദമായി.

കർഷക പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിലും പരിസരങ്ങളിലും റോഡുകൾക്ക് പുറമെ ഇന്റർനെറ്റും വിലക്കിയ കേന്ദ്ര നടപടിക്കെതിരെയാണ് റിഹാന ട്വിറ്ററിലൂടെ രംഗത്തെത്തിയത്. "എന്തുകൊണ്ടാണ് ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കാത്തത്" -കൊടും തണുപ്പിൽ സമരം ചെയ്യുന്ന കർഷകരുടെ ചിത്രങ്ങളോടൊപ്പം റിഹാന ട്വീറ്റ് ചെയ്തു. നിമിഷങ്ങൾക്കകം റീട്വീറ്റുകളും സ്‌ക്രീൻഷോട്ടുകളുമായി വാർത്ത സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. ട്വീറ്റിന് പിന്നാലെ വന്നു, ബോളിവുഡ് മുതൽ ക്രിക്കറ്റ് വരെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങളുണ്ടായി.

'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം'- സചിൻ ടെൻഡുൽക്കർ പ്രതികരിച്ചതിങ്ങനെയായിരുന്നു. ഇതും വലിയ വാർത്തയായി. കർഷകരെ പിന്തുണച്ചുള്ള റിഹാനയുടെ ട്വീറ്റിന് പിന്നാലെ ബോളീവുഡ് നടി കങ്കണയടക്കമുള്ള ബിജെപി അനുഭാവികൾ രൂക്ഷ പ്രതികരണവുമായാണ് രംഗത്തെത്തിയത്. ഇതോടെ ഗൂഗിളിൽ റിഹാനയായി ട്രെൻഡിങ്ങ്. അവരുടെ മതം ഏതാണെന്നായിരുന്നു കൂടുതൽ ഇന്ത്യക്കാർക്കും അറിയേണ്ടിയിരുന്നത്! ഇതും അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ വാർത്തയായി.

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നാലാമത്തെ വ്യക്തിയായിരുന്നു അന്ന് റിഹാന. 101 മില്യൺ ആളുകളാണ് ട്വിറ്ററിൽ അവരെ ഫോളോ ചെയ്യുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് 35 മില്യണും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 65 മില്യണും ഫോളോവേഴ്‌സ് മാത്രമേ ട്വിറ്ററിലുള്ളൂ എന്നോർക്കണം. റിഹാനയുടെ ആരാധർ ലോകമെങ്ങും പരന്നു കിടക്കുന്നതായതിനാൽ, അവർ പറയുന്ന വാക്കുകൾ കേൾട്ടത് ലോകം മുഴുക്കെയാണ്. കർഷകസമരം ആഗോളവ്യാപകമായി ചർച്ചചെയ്യുന്നതിനും ഇത് ഇടയാക്കി.


അർധനഗ്ന മാറിടത്തിൽ ഗണേശ വിഗ്രഹം

ആ സംഭവത്തിനുശേഷം ഇന്ത്യയിൽ നിന്ന് പലതവണ റിഹാനക്കുനേരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. റിഹാന പാക്കിസ്ഥാൻ ദേശീയ പതാകയുമായി പോസ് ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പക്ഷേ ഈ ഫോട്ടോ എഡിറ്റ് ചെയ്തതാണ് പിന്നീട് മനസ്സിലായി. യഥാർത്ഥ ഫോട്ടോയിൽ, റിഹാന വെസ്റ്റ് ഇൻഡീസ് ദേശീയ പതാകയുമായി പോസ് ചെയ്യുകയാണ്. ഇംഗ്ലണ്ടിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2019 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന് വേണ്ടി റിഹാന ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് ഈ ഫോട്ടോ എടുത്തത്. ഇത് എഡിറ്റ് ചെയ്ത പാക് പതാകയാക്കി മാറ്റുകയായിരുന്നു.

അതനിടെ അർധനഗ്നയായി, ഗണേശ വിഗ്രഹം ആലേഖനം ചെയ്ത ലോക്കറ്റ് ഉള്ള മാല ധരിച്ചുകൊണ്ടുള്ള റിഹാനയുടെ ചിത്രവും വിവാദമായി. സമൂഹമാധ്യമങ്ങളിലാണ് പോപ് സ്റ്റാർ പങ്കുവെച്ചത ചിത്രത്തിനെതിരെ ബിജെപി രംഗത്തുവന്നു. "ഇത്തരം ഒരു ചിത്രം പങ്കുവെച്ചതിലൂടെ റിഹാന എന്താണ് ലക്ഷ്യമിടുന്നത്. അവരുടെ പ്രവൃത്തി ഗൂഢോദ്ദേശത്തോടെ ഉള്ളതാണെന്ന് ഇത് തെളിയിക്കുന്നു. ഇതിനെയും കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ"- ബിജെപി നേതാവ് രാം കദം ചോദിച്ചു.

റിഹാന ഇന്ത്യൻ ദൈവങ്ങളെ അവഹേളിക്കുകയാണ് ചെയ്തത്. ശിവസേനയ്ക്ക് ഇത് കാണാൻ കഴിയാതെ അന്ധരായി പോയോ എന്നും കദം ചോദിച്ചു. ഒരുകാലത്ത് ദൈവങ്ങൾക്കെതിരായ ഇത്തരം സംഭവങ്ങളിൽ ശക്തമായി ശിവസേന രംഗത്തു വരുമായിരുന്നു. ഇപ്പോൾ ഇവർ മൗനം പാലിക്കുകയാണ്. അധികാരമാണ് അവരുടെ പ്രധാന ലക്ഷ്യമെന്ന് തെളിയിക്കുന്നുവെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടിരുന്നു. പുതിയ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നിട്ടുള്ളത്. റിഹാന, മതത്തെ സൗന്ദര്യപരീക്ഷണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കൂ, മാലയിലെ ഗണേശ ലോക്കറ്റ് മാറ്റൂ എന്ന് പലരും കമന്റ് ചെയ്തു. എന്നാൽ സത്യത്തിൽ ഇത് ഗണേശ വിഗ്രഹം ആണെന്നുപോലും റിഹാനക്ക് അറിയില്ലായിരുന്നു. ഒരു കൗതുക വസ്തു എന്നല്ലാതെ അവർ അതിനെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അവർ ആ വിവാദത്തിൽ പ്രതികരിച്ചതുമില്ല.

ട്രംപ് മാനസികരോഗി

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള തീവ്ര വലതുപക്ഷക്കാരെ എന്നും എതിർക്കാറുണ്ട് റിഹാന. കഴിഞ്ഞ തെരഞ്ഞെടുപ്പ്കാലത്ത് ട്രംപിന്റെ രാഷ്ട്രീയ റാലികളിൽ തന്റെ പാട്ട് ഉപയോഗിക്കാനുള്ള ലൈസൻസ് അവർ റദ്ദാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള റിഹാന, ട്രംപിനെതിരെ ശക്തമായ നിലപാടാണ് എടുത്തത്. ഇതും കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ തോൽവിക്ക് ഒരു കാരണം ആയിരുന്നു. മാനസിക ആരോഗ്യത്തിന് കാര്യമായ പ്രശ്നമുള്ളയാളാണ് ട്രംപ് എന്നാണ് റിഹാന ഒരിക്കൽ പ്രതികരിച്ചത്. തോക്കുകൈവശം വെക്കാനുള്ള അവകാശത്തിലുള്ള ട്രംപിന്റെ നിലപാടിനെയാണ് അവർ വിമർശിച്ചത്. വോഗ് ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ വിമർശനം.

അമേരിക്കയിൽ ആവർത്തിച്ച് നടക്കുന്ന തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളെക്കുറിച്ച് റിഹാന പ്രതികരിച്ചു. ഈ അക്രമങ്ങളെ ട്രംപ് വളച്ചൊടിച്ച് അത് തോക്ക് നിയന്ത്രണം ഇല്ലാത്തത്തിന്റെ കുഴപ്പമല്ല എന്് പറയുന്നതാണ് അവരെ ചൊടിപ്പിച്ചത്. "ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമത്തിൽ ആളുകളിവടെ െകാല്ലപ്പെട്ടുകൊണ്ടിരിക്കയാണ്. അതവർ നിയമപരമായി വാങ്ങുന്നതാണ്. ഇത് അസ്വാഭാവികമാണ്. തൊലിയുടെ നിറം നോക്കിയാണ് ഈ ആക്രമണങ്ങളെ തരം തിരിക്കുന്നത്. ഇത് മുഖമടിച്ചുള്ള അടിയാണ്. ഇത് വംശീയതയാണ്. "- റിഹാന ചൂണ്ടിക്കാട്ടി. വംശീയതക്കെതിരെയും വർഗീയതക്കെതിരെയും അവർ നിരന്തം സംസാരിക്കാറുണ്ട്.

പണത്തിനുമേൽ പരുന്ത്?

ഓസ്‌ക്കാർ വേദിയിലെ അടക്കം സ്ഥിര സാന്നിധ്യമാണ് റിഹാന. ലേഡി ഗാഗ, റിഹാന,തുടങ്ങിയ വമ്പൻ താരങ്ങളോടാണ് മത്സരിച്ചാണണ,് നമ്മുടെ ആർആർആറിലെ നാട്ടുനാട്ടു മികച്ച ഗാനമായത്. സംഗീത സംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും, ഗാനം ആലപിച്ച കാല ഭൈരവയും, രാഹുലും ഓസ്‌ക്കാർ വേദിയിൽ എത്തിയിരുന്നു. അവിടെ അവർ ഗാനം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം പോപ് ഗായിക സാക്ഷാൽ റിഹാനയെ നേരിട്ടു കാണുകയും അൽപസമയം ചെലവഴിക്കുകയും ചെയ്തതിന്റെ ആവേശത്തിലായിരുന്നു കാലഭൈരവയും രാഹുലും. ഇരുവരും റിഹാനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഗായികയെ നേരിട്ടു കണ്ടതിന്റെ സന്തോഷമാണ് കാലഭൈരവ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്. സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷം എന്നാണ് രാഹുൽ റിഹാനയെ കണ്ടതിനെ വിശേഷിപ്പിച്ചത്. ഓസ്‌കാർ നേടിയതിനു പിന്നാലെ റിഹാന നേരിട്ട് അഭിനന്ദിച്ചുവെന്നും രാഹുൽ കുറിച്ചിരുന്നു.

പക്ഷേ ഇപ്പോൾ അംബാനിയുടെ വിവാഹച്ചടങ്ങിനുശേഷം കർഷ സമരക്കാരെ കാണാതെ റിഹാന ഇന്ത്യവിട്ടുപോയതാണ് വിമർശകർ ആയുധമാക്കുന്നത്. അംബാനി കുടുംബത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ജാംനഗറിലെത്തിയ റിഹാനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭർത്താവും ഗായകനുമായ അസാപ് റോക്കിക്കൊപ്പമാണ് അവർ എത്തിയത്. നിയോൺ-പച്ച നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രം ധരിച്ചാണ് ഗായിക വേദിയിലെത്തിയത്. റിഹാനയും സംഘവും പാടി, ആടിത്തിമിർക്കുന്നതിന്റെ ദൃശ്യങ്ങൾ ആരാധകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

ഇതാദ്യമായല്ല, കുടുംബാഘോഷത്തിൽ സംഗീതപരിപാടിക്കായി മുകേഷ് അംബാനി ഇത്രയധികം കോടികൾ ചെലവിടുന്നത്. 2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിനെയാണ് അംബാനി പാടാനായി ക്ഷണിച്ചത്. ഇതിനു വേണ്ടി 50 കോടിയിലേറെ രൂപ ചെലവഴിച്ചു. ഇഷയുടെ വിവാഹം കഴിഞ്ഞ് 6 വർഷം പിന്നിടുമ്പോഴാണ് ഇളയ മകൻ അനന്തിന്റെ വിവാഹത്തിന് പാടാൻ റിഹാനയെ എത്തിച്ചിരിക്കുന്നത്. റിഹാനയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രകടനം പവർ പാക്ക് ചെയ്തതും അവിസ്മരണീയവുമായിരുന്നു. തന്റെ ഹിറ്റ് ട്രാക്കുകളും മാസ്മരിക നൃത്തച്ചുവടുകളും കൊണ്ട് ഗായിക വേദിക്ക് തീ കൊളുത്തി.

പക്ഷേ വിവാദമുണ്ടായത് പരിപാടിയുടെ ക്വാളിറ്റിയെ പറ്റിയല്ല. അവരുടെ കർഷക സമരത്തോടുള്ള നിലപാട് ആയിരുന്നു. ഇതിനെതിരെ റിഹാന ഒന്നും പ്രതികരിച്ചിട്ടില്ല. പക്ഷേ പോപ്പ് ഗായിക മെലിസ ഫോർഡിന്റെ ഇൻസ്റ്റാഗ്രാമിൽ ലൈവായി അവർ എത്തി, ഇന്ത്യയോടുള്ള തന്റെ സ്നേഹത്തെക്കുറിച്ചും ജാംനഗറിലെ തന്റെ പ്രകടനം കഴിഞ്ഞ് ഉടൻ തന്നെ ഇന്ത്യ വിടേണ്ടി വന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. "എനിക്ക് രണ്ട് ദിവസമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഇന്ത്യ വിടാനുള്ള ഒരേയൊരു കാരണം എന്റെ കുട്ടികൾ ഒറ്റക്കായതാണ്. പക്ഷേ എനിക്ക് തിരികെ വരണം"- അവർ പറയുന്നു. എന്തായാലും ഒരുകാര്യം വ്യക്തമാണ്. പണമെറിഞ്ഞ് മാത്രം സ്വാധീനിക്കാൻ കഴിയുന്ന ഒരാളല്ല അവർ.

വാൽക്കഷ്ണം: ഉടുപ്പൂരുന്നതുപോലെ പങ്കാളികളെ മാറ്റുന്ന വെസ്റ്റേൺ സെലിബ്രിറ്റികളുടെ സ്വാഭവം റിഹാനക്കുമുണ്ട്. ഇതുവരെ നിരവധിപേർ അവരുടെ ജീവിത പങ്കാളികളായി കടന്നുപോയി. 2007-ൽ അമേരിക്കൻ ഗായകൻ ക്രിസ് ബ്രൗണുമായിട്ടാണ് അവളുടെ ആദ്യ പ്രണയം. 2009 ഫെബ്രുവരിയിൽ കേസും കൂട്ടവുമായാണ് ആ ബന്ധം അവസാനിച്ചത്. തുടർന്ന് അവൾ കനേഡിയൻ റാപ്പർ ഡ്രേക്കിനെ പങ്കാളിയാക്കി. അത് ഇടക്ക് ബ്രേക്കായി. 2013 പുനഃസ്ഥാപിക്കപ്പെട്ടു. അടുത്തവർഷം തന്നെ പരിഞ്ഞു. തുടർന്ന് സൗദി വ്യവസായി ഹസൻ ജമീലുമായി റിഹാന ഡേറ്റിങ് ആരംഭിച്ചു. 2020 ജനുവരിയിൽ അവരും പിരിഞ്ഞു. 2021 മെയ് 19-ന്, അമേരിക്കൻ റാപ്പർ അസാപ്പ് റോക്കി താനും റിഹാനയും തമ്മിൽ ബന്ധത്തിലാണെന്ന് സ്ഥിരീകരിച്ചു. ഈ ബന്ധമാണ് ഇപ്പോഴും നിലനിൽക്കുന്നത്. അതിൽ രണ്ട് കുട്ടികളുമുണ്ട്. ജാം നഗറിൽ എത്തിയപ്പോൾ ഇദ്ദേഹവും കൂടെയുണ്ടായിരുന്നു.