- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്
മൊസാദിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ, ഇസ്രയേൽ പ്രധാനമന്ത്രിയും മറ്റ് ഉന്നതരും യോഗം ചേരുന്ന മുറിയിൽ, ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ ഫോട്ടോയിൽ എക്സ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരാളുടെ മാത്രം പടത്തിൽ ഇനിയും ചുവന്ന ഗുണന അടയാളം വരയ്ക്കാൻ കഴിഞ്ഞിട്ടില്ല. അവിടെ ചുവന്ന വര വീണാൽ അപ്പോൾ ഗസ്സ യുദ്ധം നിൽക്കുമെന്നാണ് ജറുസലേം പോസ്റ്റ്പോലുള്ള, ഇസ്രയേൽ- ഹമാസ് യുദ്ധം, സൂക്ഷ്മമായി പിന്തുടരുന്ന മാധ്യമങ്ങൾ പറയുന്നത്.
മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഹമാസ് തലവന്റെ പേരാണ് യഹിയ സിൻവർ. സെപ്്റ്റമ്പർ 7ന് ഇസ്രയേലിലേക്ക് ഇരച്ചുകയറി ഹമാസ് നടത്തിയ കൂട്ടക്കൊലയുടെ സൂത്രധാരൻ. ലോകത്തെ ഏറ്റവും സജ്ജമായ സൈനികശേഷിയെന്ന ഖ്യാതിയുള്ള ഇസ്രയേലിനെ നാണം കെടുത്തിയ ആക്രമണമായിരുന്നു അത്. 2017 മുതൽ ഹമാസിന്റെ തലപ്പത്തുള്ള ഈ നേതാവാണ് താരതമ്യേന ദുർബലമായ സംഘത്തെ ഇസ്രയേലിന്റെ ആത്മവിശ്വാസം തകർക്കുന്ന വിധത്തിൽ സജ്ജമാക്കിയത്.
ഹമാസിന്റെ ഹിറ്റ്ലർ, യുദ്ധക്കിറുക്കൻ, രണ്ടാം ബിൻലാദൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന, ഈ ഒരു മനുഷ്യനെ ജീവനോടെയോ അല്ലാതെയൊ കിട്ടിയാൽ തീരാവുന്ന ഒരു യുദ്ധത്തിന്റെ പേരിൽ ഇപ്പോൾ 36,000 ത്തോളം ജീവനുകൾ ഗസ്സയിൽ പൊലിഞ്ഞു കഴിഞ്ഞു. ഒക്ടോബറിൽ ഹമാസിന്റെ ആക്രമണം കണ്ട് ലോകം നടുങ്ങിയ ആ ദിവസം മുതൽ ഇസ്രയേൽ തേടിക്കൊണ്ടിരിക്കുന്നത് ഇയാളെയാണ്. പ്രത്യാക്രമണം ഇപ്പോഴും പരാജയമെന്ന, യഹുദ തീവ്ര വലതുപക്ഷത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാന കാരണവും യഹിയ സിൻവർ ജീവനോടെയുണ്ട് എന്നത് തന്നെയാണ്!
ഇയാളെ ജീവനോടെയോ, അല്ലായെയൊ കിട്ടാതെ ഒരിക്കലും ഗസ്സയുദ്ധം അവസാനിക്കില്ല. ഗസ്സ മെട്രോ എന്ന് അറിയപ്പെടുന്ന തുരങ്കങ്ങളിൽ രു പെരുച്ചാഴിയെപ്പോലെ താമസിച്ച്, പുറംലോകത്ത് വരാതെ ഒയാൾ കാര്യങ്ങൾ നിർവഹിക്കയാണ്. ഈ ഭീകരൻ എങ്ങനെയാണ് ഇസ്രയേലിന് പണി കൊടുത്തത്. അതിന്റെ കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ ജറുസലേം പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
സമാധാനം പറഞ്ഞ് പണികൊടുത്തു
നേരത്തെ, ഇസ്രയേൽ ആക്രമണത്തിന്റെ സൂത്രധാരൻ ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് ആണെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഗസ്സാം ബ്രിഗേഡിനെ നയിക്കുന്നത് ദെയ്ഫ് ആണ്. നിരവധി തവണ ഇസ്രയേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് ഇയാൾ. ഒരുവേള ബോംബാക്രമണത്തിൽ പെട്ടുവെന്നും ശരീരം തളർന്നുവെന്നും വാർത്തകളുണ്ടായിരുന്നു. പിന്നീട് വീൽചെയറിലാണ്് ഇദ്ദേഹം എന്നും വാർത്തകൾ വന്നിരുന്നു. ഇസ്രയേൽ സൈന്യം പലതവണ പിടിക്കാൻ ശ്രമിച്ച വ്യക്തിയാണ് ഇദ്ദേഹം. ഒരു സ്ഥലത്ത് പതിവയി തങ്ങാത്ത ഇദ്ദേഹത്തെ ഹമാസ് നേതാക്കൾക്കിടയിലെ അതിഥി എന്നാണ് അറിയപ്പെടുക. രണ്ടുപതിറ്റാണ്ടായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാത്ത നേതാവാണ് ദെയ്ഫ്. 2014ൽ ഇസ്രയേൽ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുമകനും കൊല്ലപ്പെട്ടിരുന്നു.പിന്നീടാണ് ദെയ്ഫല്ല യഹിയ സിൻവാർ ആണ് ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് മനസ്സിലാവുന്നത്.
2017-ലാണ് യാഹിയ സിൻവർ ഹമാസിന്റെ നേതാവായത്. അതിനുശേഷം കുറെ നാളുകളായി അയാൾ ഇസ്രയേൽ നേതാക്കളെ വിശ്വസിപ്പിച്ചിരുന്നത് ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിർത്തൽ ആഗ്രഹിക്കുന്നു എന്നുമാണ്. തുടർച്ചയായുള്ള ഈ സമാധാനത്തെക്കുറിച്ചുള്ള വർത്തമാനം വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇസ്രയേൽ നേതാക്കൾ വിശ്വസിച്ചുപോയി. പക്ഷെ വാസ്തവത്തിൽ ഇസ്രയേലിനെ ആക്രമിക്കാനുള്ള ഒരു പാളാത്ത പദ്ധതി അതിവ രഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു സിൻവർ. കഴിഞ്ഞവർഷം ഒക്ടോബർ 13ന് ഹമാസ് ഇരച്ചെത്തുമ്പോൾ ഇസ്രയേൽ ശരിക്കും ഉറക്കത്തിൽ തന്നെയായിരുന്നു.
ഇതുപോലെ ഒരു അനാസ്ഥ ഇസ്രയേൽ സൈന്യത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്. അതിർത്തിയിൽ സൈനികർ ഇല്ലായിരുന്നു. അവധിയുടെ ആലസ്യത്തിലായിരുന്നു രാജ്യം. റഡാറുകൾ നോക്കാൻ പോലും ആളില്ലായിരുന്നു. അയേൺ ഡോം പോലും മരിയാദക്ക് പ്രവർത്തിച്ചില്ല. ഈ തികഞ്ഞ അനാസ്ഥക്ക് കാരണം ഇനി ഒരു ആക്രമണം ഉണ്ടാവില്ല എന്ന അമിതമായ ആത്മവിശ്വാസമായിരുന്നു. ഇതുകൊടുത്ത് ആവട്ടെ യഹിയ സിൻവർ ആയിരുന്നു. ഹമാസിൽ തന്നെയുള്ള പലരെയും ചാരന്മാർ ആണെന്ന് സിൻവർ തെറ്റിദ്ധരിപ്പിച്ചു. അവർ കൊടുത്ത ഫീഡ്ബാക്കാണ് ഇനി ഹമാസ് ആക്രമണം ഉണ്ടാവില്ല എന്നത്. പക്ഷേ അത് സിൻവറിന്റെ കെണിയായിരുന്നെന്ന് മൊസാദിനുപോലും മനസ്സിലായില്ല.
ഹീബ്രു ഭാഷ പഠിച്ച് ഇസ്രയേലിനെ പറ്റിച്ചു
നന്നായി ഹീബ്രു ഭാഷ സംസാരിക്കുന്ന യഹിയ സിൻവറിന് ഇസ്രയേലികളുമായി അടുത്ത് ഇടപഴകാനുള്ള കഴിവ് അപാരമാണ്. അതുപോലെ തന്നെ അദ്ദേഹം ഹമാസിന്റെ യുവാക്കളെ ഈ ഭാഷ പഠിപ്പിച്ചു. തുടർന്ന് അയാൾ നടത്തിയ കെണിയാണ് ഇസ്രയേലിന് വലിയ ദുരന്തമുണ്ടാക്കിയത്. ഒക്ടോബറിലെ ഹമാസ് ആക്രമണത്തിൽ നിർണ്ണായകമായതും അതാണ്.
ഹീബ്രു ഭാഷ പഠിപ്പിച്ച, 18,000 ഫലസ്തീൻ ചെറുപ്പക്കാരെ ഇസ്രയേലി വർക്ക് പെർമിറ്റ് എടുപ്പിച്ച് സിൻവർ ഇസ്രയേലിലേക്ക് അയച്ചു. ഇസ്രയേൽ ആകട്ടെ സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഭാഗമായി ഇത് സ്വാഗതം ചെയ്തു. കാരണം ഗസ്സയിൽ കൂലി വളരെ കുറവാണ്. അതിന്റെ ആറിരട്ടിയോളം ഒരു ദിവസം ഇസ്രയേലിൽ ജോലി ചെയ്താൽ കിട്ടും. ഇസ്രയേലിൽ ആവട്ടെ വീട്ടുജോലി അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ, ആളെ ആവശ്യവുമുണ്ട്. അങ്ങനെ പ്രതിദിനം ഇത്രയേറെ ഫലസ്തീനികൾ രാവിലെ, ഗസ്സ അതിർത്തിയിൽ പാസ് കാണിച്ച് ഇസ്രയേലിലേക്ക് വരികയും അവർ അവിടെ ജോലി ചെയ്ത്, വൈകുന്നേരം ഗസ്സയിലേക്ക് തിരിച്ചുപോവുകയും ചെയ്യും. ഇങ്ങനെ രണ്ട് സമൂഹങ്ങൾ തമ്മിൽ ഇടകലരുമ്പോൾ, ഫലസ്തീനികളുടെ രോഷം നേർപ്പിക്കപ്പെടുമെന്നായിരുന്നു ഇസ്രയേൽ കരുതിയത്. പക്ഷേ ഇത് യഹിയ സിൻവറിന്റെ കെണിയാണെന്ന് അവർ അറിഞ്ഞില്ല.
ഇങ്ങനെ പ്രതിദിനം അതിർത്തികടന്ന് എത്തുന്നവരെ നല്ലൊരു ഭാഗവും യഹിയ സിൻവർ, ഹീബ്രു പഠിപ്പിച്ച് ചാരപ്പണിക്കായി അയപ്പിച്ചവർ ആയിരുന്നു. ഇവർ ഇസ്രയേലിൽ സംശയമില്ലാത്തവിധം ജോലി ചെയ്ത് താമസിച്ച് പോന്നു. അതിനിടെ ഇസ്രയേലിൽ താമസിക്കുന്ന ഫലസ്തീനികളുമായി ഇവർ കൂട്ടായി. ഇവിടുത്തെ പ്രാദേശിക സമുദായങ്ങളുടെ ജീവിതരീതികൾ കൃത്യമായി അടയാളപ്പെടുത്തി. ഇവർ നൽകിയ വിവരങ്ങളും, പ്രാദേശിക ഭൂപടം അടക്കമുള്ളകാര്യങ്ങളും ഹമാസിന് ആക്രമണത്തിൽ ഗുണം ചെയ്തതു. രണ്ടു വർഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിർത്തി മുറിച്ച് കടന്ന് ഒക്ടോബർ ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്തുകൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരത്തിലേറെ ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഏറ്റവും വചിത്രം ഇസ്രയേൽ അത്രയും കാലം തീറ്റിപ്പോറ്റിയ വർക്ക് പെർമിറ്റുമായി വന്നവരും, ആ രാജ്യത്തെനെതിരായ ആക്രമണത്തിൽ ഹമാസിനൊപ്പം ചാവേറുകളായി ചേർന്നു.
ഈ വിവരങ്ങളെല്ലാം ആക്രമണത്തിൽ പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തതോടെയാണ് പിടികിട്ടിയത്. 2023 ഫെബ്രുവരി 13ന് അർധരാത്രി, ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹെഗരി ഹമാസ് തലവൻ യഹിയ സിൻവറിനെ ജീവനോടെയോ അല്ലാതെയോ പടികൂടുമെന്ന് പ്രഖ്യാപിച്ചു. തീപ്പൊരി പ്രാസംഗികനും, സംഘാടകനുമായ ഈ ഹമാസ് നേതാവിന്റെ തലക്ക് ഇപ്പോൾ മൊസാദ് ലക്ഷങ്ങൾ വിലയിട്ടിരിക്കയാണ്.
തടവറയിൽ നിന്ന് അധികാരത്തിലേക്ക്
അഭയാർത്ഥി ക്യാമ്പിൽ ജനിക്കുകയും മിസൈലുകൾക്കും ബോംബുകൾക്കും വെടിയുണ്ടകൾക്കുമിടയിൽ ജീവിക്കുകയും ചെയ്ത നേതാവാണ് സിൻവർ. 1962-ൽ ഈജിപ്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലാണ് ജനനം. അക്കാലത്തെ ഗസ്സയിലെ മദ്രസകളിലുടെ പോലും ഇസ്ലാമിക തീവ്രവാദം പടരുന്ന കാലമായിരുന്നു. അങ്ങനെ ചെറുപ്പത്തിലെ തന്നെ സിരകളിൽ ജൂതവിരോധവും, മനസ്സിൽ ഇസ്ലാമിക ജിഹാദ് എന്ന ആശയമായി സിൻവർ ആയുധമെടുത്തു.
അട്ടിമറി പ്രവർത്തനങ്ങളുടെ പേരിൽ 1982-ലാണ് സിൻവാർ ആദ്യമായി അറസ്റ്റിലാവുന്നത്. 2002-ൽ ഇസ്രയേൽ വധിച്ച സലാഹ് ഷെഹാദുമായി ചേർന്ന് ഫലസ്തീനിയൻ മുന്നേറ്റങ്ങളിലെ ഇസ്രയേൽ ചാരന്മാരെ കണ്ടെത്താനുള്ള ഒരു സംഘത്തെ ഉണ്ടാക്കി. 1987-ൽ ഹമാസ് രൂപീകരിച്ചപ്പോൾ സിൻവാറിന്റേയും സലാഹ് ഷെഹാദിന്റേയും സംഘം അതിന്റെ ഭാഗമായി.
1988- ൽ വീണ്ടും അറസ്റ്റിലായി. രണ്ട് ഇസ്രയേൽ സൈനികരുടേയും നാല് ഫലസ്തീൻ പൗരന്മാരുടേയും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിനാണ് ആറു പേരേയും സായുധസംഘം വധിച്ചത്. ഈ സംഭവത്തിൽ നാല് ജീവപര്യന്തം തടവിനാണ് സിൻവാറിനെ ശിക്ഷിച്ചത്.
2006-ൽ ഹമാസിന്റെ ഇസ്സത് ദീൻ അൽ ഖസം ബ്രിഗേഡ്‌സ് തുരങ്കം നിർമ്മിച്ച് ഇസ്രയേൽ ഭൂപ്രദേശത്തുകയറി സൈനിക പോസ്റ്റ് ആക്രമിച്ചു. രണ്ടു സൈനികരെ കൊലപ്പെടുത്തി, ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഗിലാദ് ഷാലിത് എന്ന സൈനികനെ ബന്ദിയാക്കി. ഇയാളെ അഞ്ചു വർഷം ഹമാസ് തടവിൽവെച്ചു. 2011-ൽ ഗിലാദ് ഷാലിതിനെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് ആവശ്യപ്പെട്ടത് ആയിരത്തോളം ഹമാസ് ഭീകരനെ സ്വതന്ത്രനാക്കുക എന്നായിരുന്നു. ഒടുവിൽ ഇസ്രയേലിന് ഹമാസിന്റെ ആവശ്യത്തിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. ഇതിനൊപ്പം 1,027 ഫലസ്തീൻ- ഇസ്രയേലി അറബ് തടവുകാരേയും ഇസ്രയേലിന് മോചിപ്പിക്കേണ്ടതായി വന്നു. അങ്ങനെയാണ് ഇയാൾ പുറത്തെത്തിത്തിയത്.
നീണ്ട 22 വർഷം ഇസ്രയേലി തടവറയിൽ സിൻവർ വെറുതെയിരിക്കുകയായിരുന്നില്ല. അയാൾ ഹിബ്രു ഭാഷ പഠിക്കുകയും ഇസ്രയേലി സംസ്‌കാരവും സമൂഹത്തെയും അടുത്തറിയാനും ശ്രമിച്ചു. അയാൾക്ക് വേണ്ടതെല്ലാം തടവറയിൽ ഒപ്പമുണ്ടായിരുന്നവരും ജയിലിലെ ജീവനക്കാരും അയാൾക്ക് പറഞ്ഞുകൊടുത്തു. എന്നാൽ ഇന്ന് സിൻവറിന്റെ വജ്രായുധവും അത് തന്നെയാണ്. ഇസ്രയേലി സമൂഹത്തെ ഭിന്നിപ്പിക്കാനും ബെഞ്ചമിൻ നെതന്യാഹുവിനെ സമ്മർദ്ദത്തിലാക്കാനും അയാൾ ജയിലിൽ നിന്ന് മനപ്പാഠമാക്കിയതെല്ലാം ആയുധമാക്കി പ്രയോഗിക്കുകയാണെന്നാണ് ഇപ്പോൾ ഇസ്രയേലി-യുഎസ് നയതന്ത്ര വിദഗ്ദ്ധർ പറയുന്നത്.
ഹമാസ് പൂർണ വെടിനിർത്തലിലേക്ക് എത്തിയതിന് പിന്നിലും സിൻവറാണെന്ന് അമേരിക്കൻ-ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥരും പറയുന്നുണ്ട്. ഇരുപക്ഷവും തമ്മിലുള്ള സമവായ ചർച്ചകൾ പലപ്പോഴും മന്ദഗതിയിലാകുന്നതിന് കാരണം ഹമാസ് വിഭാഗം സിൻവറിന്റെ അനുമതി കാക്കുന്നതാണ്. ചിലപ്പോഴൊക്കെ സിൻവറിലേക്ക് സന്ദേശമെത്താനും തിരിച്ചെത്താനുമായി രണ്ട് ദിവസത്തോളം സമയമെടുക്കാറുണ്ട്. കെയ്റോയിൽ ഇക്കഴിഞ്ഞ ആഴ്ച വീണ്ടും ചർച്ചകൾ സ്തംഭിച്ചിരുന്നു. അതിന് പിന്നിലും സിൻവറായിരുന്നു എന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥരും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും കരുതുന്നത്. ഇവരെ സംബന്ധിച്ച് എന്തും ചെയ്യാൻ മടിക്കാത്ത അതിക്രൂരനായ എതിരാളിയും ആരും കാണാത്ത കരുനീക്കം നടത്തുന്ന രാഷ്ട്രീയ ബുദ്ധികേന്ദ്രവുമാണ് അയാൾ.
ക്രൂരതക്ക് പേരുകേട്ടവൻ
പിന്നീട് ഹമാസിനുള്ളിൽ പെട്ടെന്നായിരുന്നു സിൻവാറിന്റെ വളർച്ച. ഹമാസിന്റെ സൈനിക വിഭാഗത്തിലായിരുന്നു സിൻവാർ പ്രവർത്തിച്ചത്. 2015-ൽ അമേരിക്കയുടെ അന്തർദേശീയ തീവ്രവാദി നോട്ടപ്പുള്ളികളുടെ പട്ടികയിൽ. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ തലവനായ ഇസ്മായിൽ ഹനിയയ്ക്കു ശേഷം സായുധസംഘത്തിൽ രണ്ടാമനാണ് സിൻവാർ. ഹനിയ ഒളിവിൽ കഴിയുമ്പോൾ ഗസ്സയുടെ അനൗദ്യോഗിക തലവൻ തന്നെയാണ് സിൻവാർ.
ഇസ്രയേലുമായി ഒത്തുതീർപ്പിനു വഴങ്ങേണ്ടെന്നും സായുധപോരാട്ടമാണ് ആവശ്യമെന്നും വാദിക്കുന്നയാളാണ് സിൻവാർ. ഹമാസ് നേതൃത്വത്തോട് പൂർണ്ണവിധേയത്വം അണികളിൽനിന്ന് ആവശ്യപ്പെടുന്ന സിൻവാർ, തീപ്പൊരി പ്രസംഗങ്ങളുടെ പേരിലും പ്രസിദ്ധനാണ്. ഗസ്സയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽനിന്ന് അറബിക് സ്റ്റഡീസിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
ചിലയവസരങ്ങളിൽ സ്വന്തം അണികൾക്കുനേരേയും കടുത്ത നടപടിയെടുക്കാൻ സിൻവാർ മടിക്കാറില്ല. ഹമാസ് കമാൻഡറായിരുന്ന മഹ്മൂദ് ഇഷാൻവിയുടെ വധമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2015-ൽ ഇയാൾക്കെതിരെ പണാപഹരണ ആരോപണം വന്നു. തുടർന്ന് അടുത്ത വർഷം ഇയാളെ തൂക്കിലേറ്റുകയായിരുന്നു. പിന്നീട് ഇയാൾക്കെതിരെ സദാചാരവിരുദ്ധ കുറ്റങ്ങളും ആരോപിക്കപ്പെട്ടു. ഇതിൽ പ്രധാന ആരോപണം, ഇഷാൻവി സ്വവർഗാനുരാഗിയാണ് എന്നതായിരുന്നു.
2017-ൽ ഇസ്മായിൽ ഹനിയ്യയിൽ നിന്ന് ഗസ്സ മുനമ്പിലെ ഹമാസിന്റെ നേതൃത്വം ഏറ്റെടുത്ത സിൻവർ, റാമല്ലയിലുള്ള ഫലസ്തീൻ അഥോറിറ്റിയുമായി ഏതെങ്കിലും വിധത്തിൽ അധികാരം പങ്കിടാൻ വിസമ്മതിച്ചു കൊണ്ടുള്ള നിലപാടാണ് കൈക്കൊണ്ടത്. ഇസ്രയേലുമായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം ഇസ്രയേൽ സൈനികരെ ജീവനോടെ പിടികൂടാൻ ഹമാസ് പോരാളികളോട് ആഹ്വാനം ചെയ്തു. ഇതിന്റെ പേരിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി.
യഹിയ സിൻവാറിനെ തിന്മയുടെ മുഖമെന്ന് വിശേഷിപ്പിച്ചത് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വക്താവ് ലെഫ്റ്റണന്റ് കേൺ റിച്ചാഡ് ഹെച്ചായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് നേതൃത്വം നൽകിയ ബിൻലാദനെപ്പോലെ ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് സിൻവാറെന്നായിരുന്നു ഐഡിഎഫിന്റെ ആരോപണം. 'ഫലസ്തീൻ പൗരന്മാരെ കൊലപ്പെടുത്തിയാണ് സിൻവാർ തന്റെ സ്ഥാനമുറപ്പിച്ചത്. ഇതാണ് ഇയാളെ ഖാൻ യൂനിസിലെ കശാപ്പുകാരൻ എന്ന് വിശേഷിപ്പിക്കാൻ കാരണം. സിൻവാറും അയാളുടെ സംഘവും ഞങ്ങളുടെ ദൃഷ്ടിയിലുണ്ട്. അയാളിലേക്കും ഞങ്ങൾ എത്തിച്ചേരും, ഇതൊരു നീണ്ട ശ്രമമാണ്',- ഐഡിഎഫ്. വക്താവ് കൂട്ടിച്ചേർത്തു. സംശയത്തിന്റെ പേരിൽ ആയിരിക്കണക്കിന് ഫലസ്തീനികളെ കൊന്നതിന്റെ രക്തക്കറയും സിൻവറിന്റെ കൈയിൽ ഉണ്ട്. പക്ഷേ അയാൾക്ക് മാർഗമല്ല, ലക്ഷ്യമാണ് പ്രധാനം.
രക്ഷപ്പെത് തലനാരിഴക്ക്
ഇസ്രയേലിന്റെ ആക്രമണങ്ങളിൽനിന്ന്, സിൽവർ പലതവണ രക്ഷപ്പെട്ടത് തലനാരിഴിക്കാണ്. ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ ആദ്യം ലക്ഷ്യം വെച്ചത് 61-കാരനായ യഹ്യ സിൻവറിന്റെ ഖാൻ യൂനുസിലുള്ള വസതിയായിരുന്നു. സിൻവറിന്റെ വീട് നിലംപരിശാക്കിയതിനു പിന്നാലെ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പ്രചരിച്ചുവെങ്കിലും ഇസ്രയേലും ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചില്ല.
ഹമാസിന്റെ മൂന്ന് ഘടകങ്ങളിൽ ഏറ്റവും ശക്തമായ ഗസ്സ ഘടകത്തിന്റെ തലവനായി 2017-ൽ തെരഞ്ഞെടുക്കപ്പെട്ട യഹ്യ സിൻവർ, തന്റെ ജീവിതത്തിലുടനീളം ഇസ്രയേലിന്റെ കണ്ണിലെ കരടായിരുന്നു. 2018-ൽ ഇസ്രയേലിന്റെ ഉപരോധം ഭേദിക്കാൻ ഗസ്സ ജനതയെ പ്രേരിപ്പിച്ചു കൊണ്ട് അദ്ദേഹം നടത്തിയ 'നിന്ദ്യരും അടിച്ചമർത്തപ്പെട്ടവരുമായി മരിക്കുന്നതിനേക്കാൾ ഭേദമായി നമ്മൾ കരുതുന്നത് പോരാടി രക്തസാക്ഷികളാവുകയാണ്. നാം മരിക്കാൻ ഒരുക്കമാണ്, നമുക്കൊപ്പം ആയിരങ്ങളും മരിക്കും...' എന്ന പ്രസ്താവന ലോകമാധ്യമങ്ങളിൽ തലക്കെട്ടായി. മതം കലർത്തിയാണ് എന്നും അദ്ദേഹത്തിന്റെ പ്രസംഗം. യഹൂദനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടാൽ സ്വർഗം കിട്ടുമെന്ന് അദ്ദേഹം ആവർത്തിക്കുന്നു. കുട്ടികളെയും, സ്ത്രീകളെയും മനുഷ്യകവചാമായി ഉപയോഗിക്കുന്നതിലും അയാൾ മിടുക്കനാണ്.
ഗസ്സയിലെ ഹമാസ് തലവനായി 2021-ൽ വീണ്ടം തെരഞ്ഞെടുക്കപ്പെട്ട സിൻവറിനെ കൊലപ്പെടുത്തുന്നതിനായി ഇസ്രയേൽ, ഖാൻ യൂനുസിലുള്ള അദ്ദേഹത്തിന്റെ വസതിക്കു മേൽ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ നാലു തവണ പൊതുപരിപാടികളിൽ പങ്കെടുക്കുകയും മെയ് 27-ന് പത്രസമ്മേളനം നടത്തുകയും ചെയ്ത അദ്ദേഹം ഇസ്രയേലിനെ കൂടുതൽ പ്രകോപിപ്പിച്ചു. പത്രസമ്മേളനത്തിനു ശേഷം താൻ കാൽനടയായി വീട്ടിലേക്ക് പോവുകയാണെന്നും ധൈര്യമുണ്ടെങ്കിൽ തന്നെ കൊലപ്പെടുത്തൂ എന്നും അദ്ദേഹം ഇസ്രയേൽ പ്രതിരോധമന്ത്രിയെ വെല്ലുവിളിച്ചു. ഗസ്സയിലെ തെരുവുകളിൽ അനുയായികൾക്കൊപ്പം ചുറ്റിക്കറങ്ങുകയും പൊതുജനങ്ങൾക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വീട്ടിലേക്കു മടങ്ങിയത്.
തുരങ്കത്തിനുള്ളിൽ കഴിയുന്ന പെരുച്ചാഴി
ഹമാസിന്റെ മറ്റ് നേതാക്കളെല്ലാം ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ സുഖജീവിതം നയിക്കുമ്പോൾ മുന്നിൽനിന്ന് യുദ്ധം നയിക്കുക സിൻവറാണ്. തുരങ്കങ്ങൾ നിർമ്മിക്കുന്നതിലും വിദഗ്ധനാണ് ഇയാൾ. ഗസ്സയിൽ ഭൂമിയിൽനിന്ന് 40-50 മീറ്റർ താഴ്ചയിൽ നിർമ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. ഗസ്സ അണ്ടർ ഗ്രൗണ്ട് മെട്രോ എന്നാണ് ഇവയെ ഇസ്രയേൽ പരിഹസിക്കുന്നത്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്സിജൻ സിലണ്ടറുകളും, ബാത്ത്റുമും, ഡൈനിക്ക് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതിൽ ഒളിച്ചിരുന്ന് എലികളെപ്പോലെയാണ് സിൻവറിന്റെ പ്രവർത്തനം.
വെറും 375 സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഒരു പ്രദേശത്താണ്, 500 കിലോമീറ്റർ നീളംവരുന്ന ഭൂർഗഭ തുരമള്ളത്. ഡൽഹി മെട്രോക്ക്പോലും 392 കലോമീറ്ററാണ് നീളം. ഡൽഹി ഗസ്സയേക്കാൾ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അപ്പോൾ ഗസ്സമുനമ്പിലെ ടണൽ ശൃംഖല എത്ര വിപുലമാണെന്നാണ് ഊഹിക്കാവുന്നതേയുള്ളൂ.
ഇതിൽ ഇസ്രയേൽ അതിർത്തിയിലുള്ള്ള ഈ തുരങ്കങ്ങളിൽ അവർ റോക്കറ്റുകളും ഒളിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല 1,500 റോക്കറ്റ് വിക്ഷേപണത്തറകളും ഇവിടെയുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് 5,000 റോക്കറ്റുകൾ വിട്ട്, ഇസ്രയേലിന്റെ പേരുകേട്ട അയൺ ഡോമിനെപ്പോലും തകർക്കാൻ ഇവർക്ക് കഴിഞ്ഞത്. ഏറ്റവും വിചിത്രം ജനവാസ കേന്ദ്രങ്ങളിലാണ് ഈ ടണലുകൾ സ്ഥാപിച്ചിരുക്കുന്നത് എന്നാണ്. സ്‌കൂളുകൾക്കുള്ളിൽ, ആശുപത്രികൾക്കുള്ളിൽ, മാർക്കറ്റുകളിൽ, വീടുകളിൽ ഒക്കെയാണ് ഇതിന്റെ ഓപ്പണിങ്ങ്. ഈ ടണലുകിൽനിന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഹമാസുകാർ ഇസ്രയേലിലേക്ക് റോക്കറ്റ് അയക്കുന്നു. എന്നിട്ടു ഒന്നും അറിയാത്തപോലെ ടണലിലേക്ക് വലിയുന്നു. റോക്കറ്റ് വന്ന സ്ഥലം തിരിച്ചറിഞ്ഞ് ഇസ്രയേൽ ഓട്ടോ സെൻസറുകൾ തിരിച്ച് റോക്കറ്റ് ആയക്കുമ്പോൾ അത് വന്ന് വീഴുക സ്‌കുളിനോ, ആശുപത്രിക്കോ, വീടിനോ മുകളിൽ ആയിരിക്കും! സാധാരണക്കാർ മരിക്കും, പക്ഷേ ഹമാസിന് ഒരുചുക്കം സംഭവിക്കില്ല.
അപ്പോൾ കേരളത്തിലടക്കം, പത്ര വാർത്ത വരിക ഇസ്രയേൽ സ്‌കുൾ കെട്ടിടം ആക്രമിച്ച് കുട്ടികളെ കൊന്നുവെന്നായിരിക്കും. ഈ കുട്ടികളുടെ മൃതദേഹം നിരത്തിവെച്ച് ഇസ്രയേലിനെ പ്രതിക്കുട്ടിലാക്കുകയും, കൂടുതൽ ഫണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കാനും ഹമാസിന് കഴിയുന്നു. ഈ പരിപാടിയുടെ സൂത്രധാരനും, സിൻവർ ആണ്. യഹിയ സിൻവാർ ഒളിവിൽ കഴിയുന്നത് ഖാൻ യൂനിസിലെ തുരങ്കത്തിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഇസ്രയേലിനെ പേടിച്ച് മാളത്തിലൊളിച്ചു എന്നാണ് ഐ.ഡി.എഫ് ആരോപിക്കുന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവിട്ടു.യഹിയ സിൻവാർ കുടുംബത്തോടൊപ്പം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ തുരങ്കത്തിലൂടെ നടന്നു നീങ്ങുന്ന വീഡിയോ ഇസ്രയേൽ പ്രതിരോധ സേന ഐ.ഡി.എഫ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പുറത്തുവിട്ടിരുന്നു. ഭീരുവിനെപ്പോലെ സിൻവാർ ഓടുന്നുവെന്ന അടിക്കുറിപ്പോടെ ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി ഈ ദൃശ്യം പങ്കുവെച്ചു. സിൻവാർ ഉപേക്ഷിച്ചതെന്ന പേരിൽ നോട്ടുകെട്ടുകളും ഇവർ കാണിച്ചു. ഇസ്രയേലി സൈന്യം ടണൽ അടച്ചതോടെ ഇവർ ഇവിടം ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാണ് ഐ.ഡി.എഫ് പറയുന്നത്.
"യഹ്യ സിൻവാർ മറ്റ് മുതിർന്ന ഹമാസ് പ്രവർത്തകർക്കൊപ്പം താമസിച്ചിരുന്ന അണ്ടർഗ്രൗണ്ട് കോമ്പൗണ്ടിൽ ഞങ്ങൾ എത്തി. മുകളിൽ യുദ്ധം നടക്കുമ്പോൾ അവർ താഴെ ഒളിക്കുകയായിരുന്നു"- ഹഗാരി പറഞ്ഞു. "മുതിർന്ന ഹമാസ് പ്രവർത്തകർ നല്ല സാഹചര്യത്തിലാണ് അണ്ടർഗ്രൗണ്ട് കോമ്പൗണ്ടിൽ കഴിയുന്നത്. അവർക്ക് ഭക്ഷണവും കുളിമുറിയും ഉണ്ട്. കൂടാതെ ദശലക്ഷക്കണക്കിന് ഇസ്രയേലി ഷെക്കൽസും ഡോളറും വ്യക്തിഗത സമ്പത്തും ഉണ്ട്" - ഹഗാരി പറഞ്ഞു.
യുദ്ധം നീളേണ്ടത് സിൻവറിന്റെയും അവശ്യം
ഇനിയും നിർത്താറായില്ലേ ഗസ്സ യുദ്ധമെന്ന ചോദ്യം അവർത്തിക്കപ്പെടുന്ന ഓരോ നിമിഷവും ഇസ്രയേലിന്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യഹിയ സിൻവർ. ഗസ്സയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും ഇസ്രയേലിനും ഹമാസിനും അറിയാം. എന്നാൽ അയാൾ എവിടെയെന്ന് കൃത്യമായി അറിയാവുന്നവർ ചുരുക്കം. സാങ്കേതികമായി ഹമാസിന്റെ തലപ്പത്തെ ആരുമല്ല യഹിയ സിൻവർ. എന്നാലോ, സിൻവറെന്ന കുശാഗ്ര ബുദ്ധിക്കാരന്റെ കാതുകളെ കബളിപ്പിച്ച് ഒരു നീക്കവും ഹമാസിന് നടത്താനാവില്ല.
സിൻവറിന്റെ മരണമാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെങ്കിലും ബന്ദികളെ മോചിപ്പിക്കാൻ അയാളോട് തന്നെ ഒത്തുതീർപ്പ് ചർച്ച നടത്തേണ്ട ദുരവസ്ഥയിലാണ് ഇസ്രയേൽ ഭരണകൂടം. വെറുമൊരു കമാൻഡർ എന്നതിലുപരി ഹമാസിനെ സംബന്ധിച്ച് ഇസ്രയേലിനെയും അമേരിക്കയെയും വട്ടമേശയുടെ രണ്ട് വശങ്ങളിലിരുത്തി പ്രശ്നം ചർച്ച ചെയ്യാൻ നിർബന്ധിച്ചിടത്താണ് കരുത്തരിൽ കരുത്തനായുള്ള സിൻവറിന്റെ വളർച്ച. ഈജിപ്തിലും ഖത്തറിലുമാണ് ഇസ്രയേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം നടക്കുന്നത്. എന്നാൽ സിൻവറാകട്ടെ, ഗസ്സയിൽ തന്നെ ഏതോ തുരങ്ക ശൃംഖലയ്ക്ക് അകത്താണ്. ഇയാളുടെ അനുമതിയില്ലാതെ ഹമാസിലാർക്കും ഒത്തുതീർപ്പ് ചർച്ചകളിൽ തീരുമാനമെടുക്കാനാവില്ല. അതാണ് ചർച്ചകൾ വൈകുന്നത്.
കൃത്യമായ ഇടവേളകളിൽ ഇസ്രയേലികളായ ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിടുന്നതിന് പിന്നിൽ സിൻവറിന്റെ ബുദ്ധിയാണെന്ന് അവർ കരുതുന്നു. ഇതിലൂടെ നെതന്യാഹു സർക്കാരിനെ അനുനയ ചർച്ചകളിൽ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ് സിൻവർ. ഇസ്രയേലിൽ തന്നെ ഒരു വിഭാഗം ഹമാസ് ആവശ്യപ്പെടുന്നതെല്ലാം കൂടി നൽകാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ നെതന്യാഹു അതിന് തയ്യാറല്ല. ഹമാസിനെ തകർക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ പിന്തുണ പിൻവലിക്കുമെന്ന തീവ്ര വലതുപക്ഷ നിലപാടുള്ള സഖ്യ കക്ഷികളിൽ നിന്നുള്ള സമ്മർദ്ദത്തിന് കീഴ്‌പ്പെടുകയാണ് അദ്ദേഹം.
ഇനി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി നെതന്യാഹു യുദ്ധത്തെ ഉപയോഗിക്കുന്നുവെന്ന വിമർശനം ഉയർന്നാൽ പോലും അവിടെ അദ്ദേഹത്തിന്റെ പ്രതിനായകനായി ഇന്ന് സിൻവർ മാറിക്കഴിഞ്ഞു. യുദ്ധം പരമാവധി കാലം നീണ്ടുപോകുന്നതും അമേരിക്ക-ഇസ്രയേൽ ബന്ധം തകരുന്നതുമാണ് സിൻവർ ആഗ്രഹിക്കുന്നതെന്നാണ് നയതന്ത്ര വിലയിരുത്തൽ. അതയാണ് യുദ്ധം നീളേണ്ടത് സിൻവറിന്റെ കൂടി ആവശ്യമാണ്. പക്ഷേ നോക്കുക, ഒരു ഭീകരന്റെ തലകിട്ടിയാൽ അവസാനിക്കുമായിരുന്ന യുദ്ധത്തിന്റെ പേരിൽ ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവനാണ്!
വാൽക്കഷ്ണം: കുറ്റിക്കാട്ടിലെ ഒരു മാളത്തിൽ ഒളിച്ചിരിക്കുന്ന കുറുക്കനേയോ, കപ്പക്കാട്ടിൽ കിടക്കുന്ന പെരുച്ചാഴിയെയോ, പിടികൂടുന്നതുപോലെ ദുഷ്‌ക്കരമാണ്, ഗസ്സയിലെ ഏതോ ഒരു തുരങ്കത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഹമാസിന്റെ ഹിറ്റ്ലറെ പിടികൂടുകയയെന്ന് ഇസ്രയേലിനും നന്നായി അറിയാം. പക്ഷേ അയാളെ കൊല്ലാതെ ഇസ്രയേൽ ദൗത്യം അവസാനിക്കില്ലെന്നും ഉറപ്പാണ്. കാരണം ഹമാസ് ആയുധം താഴെവച്ചാൽ സമാധാനം വരും. ഇസ്രയേൽ ആയുധം താഴെവച്ചാൽ അവർ തീരും! അതാണ് മുൻകാല ചരിത്രം.