- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ശരീഅത്ത് വിവാദത്തിൽ സിപിഎമ്മിനൊപ്പം; ഇരു വർഗീയതകളെയും ശക്തമായി വിമർശിച്ചതോടെ ഇടതിന് അനഭിമതൻ; മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈ വിറയ്ക്കാത്ത സാംസ്കാരിക നായകൻ! പ്രൊഫ ഹമീദ് ചേന്ദമംഗല്ലൂരിന് 75 വയസ്സ്
'പെരുമാൾ മുരുകൻ ആക്രമിക്കപ്പെട്ട അതേ വർഷം തന്നെയാണ് മുംബൈയിൽ മറ്റൊരാൾ എഴുത്തിന്റെ പേരിൽ ആക്രമിക്കപ്പട്ടത്. ആ സ്ത്രീയുടെ പേരാണ് ഷിറിൻ ദിൽവി. ഒരു ഉറുദു വനിതാ മാസികയുടെ എഡിറ്റർ ആയിരുന്നു അവർ. ഷാർലിഹെബ്ദോക്കെതെിരെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഒരു ആക്രമണത്തിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചു, വിവാദ ചിത്രങ്ങൾ ചേർത്തു എന്നതാണ്് അവർ ചെയ്ത തെറ്റ്. ഇതിന്റെ പേരിൽ അവർ ആക്രമിക്കപ്പെട്ടു. രണ്ടുമക്കളുടെ അമ്മയായ ആ വിധവ ഒളിവിൽ പോകേണ്ടിവന്നു. ഒരേ കാലത്താണിത്. മുരുകനെതിരെ ഹൈന്ദവ വലതുപക്ഷം ആയിരുന്നെങ്കിൽ ഇവർക്കെതിരെ ഇസ്ലാമിക വലതുപക്ഷം. പക്ഷേ പെരുമാൾ മുരുകനുവേണ്ടി രംഗത്ത് എത്തിയ നമ്മുടെ സെക്യുലർ പാർട്ടികൾ ആരും ഷിറിൻ ദിൽവിക്ക് വേണ്ടി രംഗത്ത് എത്തിയില്ല.
പക്ഷേ നമ്മളിൽ എത്രപേർ ഷിറിൻ ദിൽവിക്കുവേണ്ടി പ്രതികരിച്ചു. നമ്മുടെ നാട്ടിൽ ഒരു സെക്യുലർ പാർട്ടി പോലും ആ സംഭവം അറിഞ്ഞയായി ഭാവിച്ചില്ല. ദ ഹിന്ദു പത്രം വിശദമായി ഇതുസംബന്ധിച്ച് എഴുതിയിരുന്നു. മലയാളത്തിൽ ഒരു പത്രം പോലും ഇത് റിപ്പോർട്ട് ചെയ്തില്ല. ഇത് എന്താണ് സുചിപ്പിക്കുന്നത്. ഹിന്ദുത്വ ഫാസിസത്തെ എതിർക്കും, ഇസ്ലാമിക ഫാസിത്തോട് കണ്ണടക്കാം എന്നാണോ?
അതുപോലെ എം എഫ് ഹൂസൈൻ ഹൈന്ദവ തീവ്രവാദികളാൽ ആക്രമിക്കപ്പെട്ടു. മതനിന്ദാ കേസ് മറ്റുമൊക്കെയായി രാജ്യം വിട്ട് അദ്ദേഹം ഖത്തറിലേക്ക് പോയി. ആ ഹുസൈനെ നമ്മുടെ എം എ ബേബിയൊക്കെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നു. നല്ലകാര്യം, പക്ഷേ മറ്റൊരു കക്ഷിയുണ്ട്, സനൽ ഇടമുറക്. അദ്ദേഹത്തിനും രാജ്യം വിട്ടുപോവേണ്ടി വന്നു. പക്ഷേ സനലിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ ആരും ശ്രമിച്ചില്ല. കാരണം സനലിനെതിരെ രംഗത്തുവന്നത് ക്രൈസ്തവ തീവ്രവാദികളാണ്.
ഹരീഷിന്റെ 'മീശ' നോവലിനുനേരെ സംഘപരിവാർ രംഗത്തുവന്നപ്പോൾ ഇടതുപക്ഷം അയാൾക്ക് ഒപ്പം നിന്നും. നല്ല കാര്യം, അങ്ങനെ വേണം. പക്ഷേ പവിത്രൻ തീക്കുനി, എന്ന പാവം കവി ഒരു കവിത എഴുതി. പർദ. 'പർദ ഒരു ഇരുണ്ട വൻകരയാണ്', എന്നാണ് അത് തുടങ്ങുന്നത്. ഇതിന്റെ പേരിൽ പവിത്രനെതിരെ വധഭീഷണി ഉണ്ടായപ്പോൾ പ്രതികരിക്കാൻ ആരും ഉണ്ടായില്ല. അതുപോലെ ചില മുസ്ലിം തീവ്രവാദ സംഘടനകൾ റഫീഖിന്റെ ഖിത്താബ് എന്ന നാടകത്തിനെതിരെ വന്നപ്പോൾ നാടകകൃത്തിനൊപ്പം നിൽക്കാൻ എത്രപേർ ഉണ്ടായി. ഒരേ കാലത്തെ രണ്ടു ഫാസിസങ്ങളെ ഒരു പോലെ എതിർക്കാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? നിങ്ങൾക്ക് ഹിറ്റ്ലറുടെ ഫാസിസം മോശമാണെന്നും, മുസോളിനിയുടെ നല്ലതാണെന്നും പറഞ്ഞ് വേർതിരിക്കാൻ കഴിയുമോ. ''- നവമാധ്യമങ്ങളിൽ വൈറലായ ഒരു പ്രസംഗ ശകലമാണിത്. മതേരരനെന്ന് നടിക്കുന്ന മലയാളിയുടെ കപട ബോധങ്ങളെ പൊളിച്ചടുക്കുന്ന ആ പ്രാസംഗികന്റെ പേരാണ് പ്രെഫ. ഹമീദ് ചേന്ദമംഗല്ലൂർ. മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈ വിറയ്ക്കുന്ന സാംസ്കാരിക നായകർക്കിടയിൽ ഇതാ ഒരു തികഞ്ഞ മതേതര വാദി.
കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ് പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ. പൊളിറ്റിക്കൽ ഇസ്ലാമിനെയും, മത തീവ്രവാദത്തെയും നിരന്തരം വിമർശിച്ച്, മലയാളത്തിന്റെ സാംസ്കാരിക ലോകത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി നിറ സാന്നിധ്യം. ഹമീദ് മാസ്റ്റർക്ക് ഈ മാസം 14-ന് എഴുപത്തിയഞ്ച് വയസ്സ് തികഞ്ഞു. ഇന്നും ഇരവാദത്തിനും, സ്വത്വവാദത്തിനും, മതരാഷ്ട്രവാദത്തിനുമെതിരെ നിരന്തരം ഈ അദ്ധ്യാപകൻ പോരാടിക്കുന്നു.
അധികാരികളുടെ കുടുംബത്തിൽ ജനനം
കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്തെ ചേന്ദമംഗല്ലൂർ എന്ന ഗ്രാമത്തിൽ, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരുവർഷത്തിനിപ്പുറം 1948-ലാണ് ഹമീദ് ചേന്ദമംഗല്ലൂർ ജനിച്ചത്. പിതാവ് അബ്ദുൾ സലാം. തലമുറകളായി ഇവരെല്ലാം ബ്രിട്ടീഷ് സർക്കാരിന്റെ കാലത്തെ അധികാരികളായിരുന്നു. അതിന്റെ ഒരു ഗരിമ കുടുംബത്തിന് ആ പ്രദേശത്തുണ്ടായിരുന്നു. ബി.എ, എം.എ ബിരുദങ്ങൾ നേടിയശേഷം ഹമീദ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ പ്രൊബേഷണറി ഓഫീസർ ആയി ജോലി ചെയ്തു. പിന്നീട് അദ്ദേഹം അദ്ധ്യാപനവൃത്തിയിലേക്ക് വന്നു. കോഴിക്കോട് ഗവണ്മെന്റ് ആർട്ട്സ് ആൻഡ് സയൻസ് കോളെജിന്റെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. 2003ൽ ജോലിയിൽ നിന്ന് വിരമിച്ചു. 25ലേറെ പുസ്തകങ്ങളും നൂറുകണക്കിന് വേദികളിൽ പ്രഭാഷണവും നടത്തി.
മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ കെ വിശ്വനാഥിന് നൽകിയ അഭിമുഖത്തിൽ തന്റെ കുട്ടിക്കാലം ഹമീദ് ചേന്ദഗംഗല്ലൂർ ഇങ്ങനെ വിവരിക്കുന്നു. ഞാൻ പഠിച്ച ചേന്ദമംഗല്ലൂരിലെ ഗവൺമെന്റ് മാപ്പിള എൽ.പി. സ്കൂളിലെ അദ്ധ്യാപകരിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവരായിരുന്നു. അറേബ്യൻ കഥകളും മിത്തോളജിയുമൊക്കെ കേട്ടാണ് ഞാൻ വളരുന്നത്. സ്കൂളിൽ രണ്ടാം ക്ലാസിലെത്തിയപ്പോഴാണ് മദ്രസയിൽ ചേരുന്നത്. ഏഴുവർഷം മദ്രസ പഠനത്തിന്റെ ഭാഗമായതുകൊണ്ടും ഗ്രാമത്തിൽ സമ്പൂർണ മുസ്ലിം പശ്ചാത്തലം ഉള്ളതുകൊണ്ടും ശരിയായിട്ടുള്ള മതം അഥവാ സത്യമായ മതം ഇസ്ലാം മതം മാത്രമാണെന്ന് കേട്ടാണ് ഞാൻ വളർന്നത്. ഞാൻ ആറാം ക്ലാസിലെത്തിയപ്പോൾ പുതിയ ഹെഡ്മാസ്റ്ററായി ദാമോദരൻ മാഷ് വന്നു. അദ്ദേഹത്തിൽനിന്നാണ് ആദ്യമായി ഞാൻ ഹിന്ദു മിത്തോളജിയെപ്പറ്റി കേൾക്കാൻ തുടങ്ങിയത്. രാമായണം, മഹാഭാരതം പോലുള്ള ഹിന്ദുപുരാണ ഗ്രന്ഥങ്ങളിലെ കഥകൾ ദാമോദരൻ മാഷ് പറഞ്ഞുതന്നു. അതിനുമുമ്പ് ഹിന്ദു പുരാണങ്ങളിലെ കഥകളൊന്നും ഞാൻ കേട്ടിരുന്നില്ല.''- ഹമീദ് മാസ്റ്റർ പറയുന്നു.
'ഞാൻ അഞ്ചുവർഷം ഫാറൂഖ് കോളേജിൽ പഠിച്ചയാളാണ്, ആ കാലത്ത് വിരലിലെണ്ണാവുന്നവർ ഒഴിച്ചാൽ കോളേജ് കാമ്പസിൽ പർദയിട്ട് വരുന്ന വിദ്യാർത്ഥികളുണ്ടായിരുന്നില്ല. ഇന്ന് ഫാറൂഖ് കോളേജിൽ അതല്ല അവസ്ഥ. ഇന്ന് ഭൂരിഭാഗം കോളേജുകളിലും മുസ്ലിം വിദ്യാർത്ഥിനികളിൽ കൂടുതൽ പേർ പർദ ധരിച്ചാണ് വരുന്നത്. അതുപോലെ പഴയകാലത്ത് ഹിന്ദു വിദ്യാർത്ഥികൾ കുറിതൊട്ട് കലാലയത്തിൽ വരുമായിരുന്നില്ല. ഇന്ന് അതുംമാറി. ഒരുപാടാളുകൾ കുറിയും തൊട്ട് കൈയിൽ ചരടും കെട്ടിയാണ് കാമ്പസിലേക്ക് വരുന്നത്. അതൊന്നും കേരളത്തിന്റെ ഇന്നലെകളിൽ ഉണ്ടായിരുന്നില്ല.''- എത്ര പെട്ടന്നാണ് നമ്മുടെ സമൂഹത്തിലേക്ക് വർഗീയത കയറിവന്നത് എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പറയുന്നു.
വിഗ്രഹാരാധനയെ വെറുപ്പോടെ കണ്ട കാലം
മതം എങ്ങനെയാണ്, മനുഷ്യമനസ്സിലേക്ക് ചെറുപ്പത്തിലേ തന്നെ വിഷം അടിച്ചേൽപ്പിക്കുന്നത് എന്ന് ഹമീസ് ചേന്ദഗംല്ലൂർ സ്വന്തം അനുഭവത്തിൽനിന്ന് പറയുന്നുണ്ട്. 'മദ്രസയിൽ ലഭിച്ച വിദ്യാഭ്യാസത്തിൽനിന്ന് നമുക്ക് ചെറുപ്പത്തിൽ തോന്നുക തന്റെ മതം, അതായത് ഇസ്ലാം മതം മാത്രമാണ് ശരി എന്നാണ്. എന്റെ തറവാട് നിൽക്കുന്ന സ്ഥലം ആറ് ഏക്കറോളം വരുന്ന പറമ്പായിരുന്നു. കുടുംബത്തിന്റെ അടിയാളരായി രണ്ട് പറയകുടുംബങ്ങൾ ആ പറമ്പിൽ താമസിച്ചിരുന്നു. താമസിക്കുന്ന സ്ഥലത്ത് അവർ തങ്ങളുടെ ദൈവത്തിന്റെ പ്രതിമകൾ മണ്ണുകൊണ്ട് ഉണ്ടാക്കിവെച്ച് ആരാധിക്കുമായിരുന്നു. എന്റെ ഒമ്പതാം വയസ്സിലൊക്കെ ഞാനാ വിഗ്രഹങ്ങളെ വെറുപ്പോടെയാണ് കണ്ടിരുന്നത്. കാരണം, വിഗ്രഹാരാധന വലിയ പാപമാണെന്നാണ് മദ്രസയിൽ നിന്ന് നമുക്ക് പറഞ്ഞുതന്നിരുന്നത്. പക്ഷേ, പിന്നീട് കോളേജിലൊക്കെ എത്തിയപ്പോൾ മതം മുന്നോട്ടുവെക്കുന്ന ദൈവസങ്കല്പം, സ്വർഗരാജ്യ സങ്കല്പം എന്നിവയിലൊക്കെ അവിശ്വാസം തോന്നിത്തുടങ്ങി.
ഞങ്ങളുടെ ഗ്രാമത്തിലും വേറെ ചിലയിടങ്ങളിലുമെല്ലാം ജമാ അത്തെ ഇസ്ലാമിപോലുള്ള പ്രസ്ഥാനങ്ങൾ സജീവമായി പ്രവർത്തനം ആരംഭിച്ച കാലമായിരുന്നു അത്. ഞാൻ പഠിച്ചതും ജമാ അത്തെ ഇസ്ലാമിക്കാരുടെ മദ്രസയിലാണ്. മലബാറിൽ നിന്ന് പ്രധാനമായും മൂന്ന് സ്ഥലങ്ങളിലാണ് ജമാ അത്തെ ഇസ്ലാമി ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. ചേന്ദമംഗല്ലൂർ, കുറ്റ്യാടി, ശാന്തപുരം എന്നീ പ്രദേശങ്ങളായിരുന്നു അത്. മൂന്നിടങ്ങളിലും അവർക്ക് മദ്രസകളുണ്ട്. പിന്നീട് ഗൾഫ് പണത്തിന്റെ വരവോടെ അവരുടെ പ്രവർത്തനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും വർധിച്ചു. അറബിക് കോളേജുകൾ തുടങ്ങി. പ്രബോധനം എന്ന പേരിൽ ചെറിയൊരു മാസിക തുടങ്ങിയാണ് അവർ മാധ്യമരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് പത്രവും ദൃശ്യമാധ്യമവും ആരംഭിച്ച ജമാ അത്തെ ഇസ്ലാമി മുന്നോട്ടുവെക്കുന്ന ആശയം ഇസ്ലാമിക ഭരണത്തിലുള്ള ഒരു ഇസ്ലാമിക രാജ്യം എന്നതാണ്. മുസ്ലിങ്ങളുടെ കടമ എന്നുപറയുന്നത് ആയൊരു ആശയം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ജോലിചെയ്യുക എന്നുള്ളതാണ്. അങ്ങനെയാണ് ജമാ അത്തെ ഇസ്ലാമി പഠിപ്പിക്കുന്നത്.
ഹൈസ്കൂൾ പഠനത്തിനായി മുക്കത്ത് പോകണമെന്ന കാര്യം മദ്രസയിൽ പറഞ്ഞപ്പോൾ അന്നത്തെ ജമാ അത്തെ നേതാക്കൾ പറഞ്ഞത് മതവിദ്യാഭ്യാസം വിട്ട് ഒരിക്കലും ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പോകരുത് എന്നാണ്. അതേപോലെ രാജ്യത്ത് നിലനിൽക്കുന്ന മതേതര ഗവൺമെന്റിന്റെ കീഴിൽ ഒരിക്കലും മുസ്ലിങ്ങൾ പോവാൻ പാടില്ല. ഒരു മുസ്ലിം ഗവൺമെന്റ് വരുമ്പോൾ മാത്രമേ നമ്മൾ സർക്കാർ ജോലി സ്വീകരിക്കാവൂ എന്നൊക്കെയായിരുന്നു ജമാ അത്തെ ഇസ്ലാമി അന്ന് പറഞ്ഞുനടന്നിരുന്നത്. അതൊന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.''- മാതൃഭൂമി അഭിമുഖത്തിൽ ഹമീദ് ചൂണ്ടിക്കാട്ടുന്നു.
ബാപ്പയിൽ നിന്ന് കിട്ടിയ സെക്യലർ പാഠങ്ങൾ
ഹമീദിന്റെ ബാപ്പയും ഉപ്പൂപ്പയുമൊക്കെ അക്കാലത്ത് മതത്തിനകത്ത് അൽപ്പം പുരോഗമനപരമായ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നു എന്ന് അവകാശപ്പെട്ടിരുന്ന മുജാഹിദ് വിഭാഗത്തിന്റെ ഭാഗമായിരുന്നു. അക്കാലം അദ്ദേഹം ഇങ്ങനെ ഓർക്കുന്നു. മുജാഹിദ് പ്രസ്ഥാനം കേരളത്തിലേക്ക് വന്നപ്പോൾ ഭൂരിഭാഗം വരുന്ന അതിയാഥാസ്ഥിതികരായ സുന്നികൾ അതിലേക്ക് ആളുകൾ പോകുന്നത് തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ, ബാപ്പയും ഉപ്പൂപ്പയുമൊക്കെ അധികാരികളായതിനാൽ ആയൊരു സ്വാധീനം വെച്ച് ചേന്നമംഗലൂരിൽ മുജാഹിദ് വിഭാഗത്തിലേക്ക് ഒരുപാടുപേരെ ആകർഷിക്കാൻ സാധിച്ചു. എന്റെ ബാപ്പ കോൺഗ്രസുകാരനാണ്. ആ സെക്കുലർ ആശയം മനസ്സിലുള്ളതിനാൽ ജമാ അത്തെ ഇസ്ലാമിയുടെ മുസ്ലിം രാഷ്ട്രവാദത്തെ ശക്തമായി അദ്ദേഹം എതിർത്തിരുന്നു.
ബാപ്പയിൽ നിന്ന് ലഭിച്ച ആ സെക്കുലർ കാഴ്ചപ്പാട് ഹൈസ്കൂൾ കാലമാവുമ്പോഴേക്ക് എന്നിലേക്കും വ്യാപിച്ചു. ഞാൻ എതിർക്കുന്നത് ജമാ അത്തെ ഇസ്ലാമിയെപ്പോലുള്ള തീവ്ര മുസ്ലിംവാദ സംഘടനകളെയാണ്. എന്നെ സംബന്ധിച്ചിടത്തോളം മതങ്ങൾ പ്രത്യേകിച്ച് സെമിറ്റിക് മതങ്ങൾ മുന്നോട്ടുവെക്കുന്ന ദൈവസങ്കല്പം ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമാണ്. ദൈവത്തെ രാജാവിനെപ്പോലെ കാണുക, ആ രാജാവിനെ അനുസരിച്ചില്ലെങ്കിൽ നിങ്ങളെ നരകത്തിൽ കടുത്ത ശിക്ഷകൾക്ക് വിധേയമാക്കും എന്ന് പറയുക. ഇത്തരം പ്രചാരണങ്ങളെ വിശ്വാസികളിൽ ദൈവഭയം ഉണ്ടാക്കി അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി വിശ്വാസികളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഈ ആശയങ്ങളോടൊന്നും എനിക്ക് തീരെ യോജിപ്പില്ലാത്തതിനാൽ കോളേജ് കാലം തൊട്ടുതന്നെ ഞാനതിനെയെല്ലാം എതിർത്തുതുടങ്ങി. ''- ഹമീദ് വ്യക്തമാക്കി.
ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന അദ്ദേഹം എന്നും കൊമ്പ് കോർക്കാറുള്ളത് ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ്. മൗദൂദിസം എന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയം, എത്രമാത്രം അപകടകരമാണെന്ന് കേരളത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത് അദ്ദേഹത്തിന്റെ പ്രഭാഷണളും എഴുത്തുകളുമാണ്. അതുകൊണ്ടുതന്നെ ഹമീദ് മാസ്റ്ററെ വ്യക്തിഹത്യചെയ്യുന്നതിൽ എന്നും മുന്നിൽ നിന്നത് ജമാഅത്തെ ഇസ്ലാമിക്കാർ തന്നെയാണ്.
ശരീഅത്ത് വിവാദത്തിൽ സിപിഎമ്മിനൊപ്പം
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എൻ.വി. കൃഷ്ണവാര്യരും എം ടി. വാസുദേവൻ നായരും ഒന്നിച്ചുണ്ടായിരുന്ന ഒരുകാലത്ത്, 1981-ലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജമാ അത്തെ ഇസ്ലാമിയെ വിമർശിച്ചുകൊണ്ട് ഹമീദ് ചേന്ദഗംഗല്ലൂർ ആദ്യമായി ലേഖനമെഴുതുന്നത്. 'ഇസ്ലാമിക ഫണ്ടമെന്റലിസം' എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. ജമാ അത്തെ ഇസ്ലാമിക്കാരെ ക്ഷോഭിപ്പിച്ച ലേഖനമായിരുന്നു അത്. അവരെ തുറന്നുകാട്ടിക്കൊണ്ട് ഒരുമുഖ്യധാരാ പ്രസിദ്ധീകരണത്തിൽ വന്ന ആദ്യ ലേഖനമായിരുന്നു അത്. അതിന് ഒരുവർഷത്തിനുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽത്തന്നെ മറ്റൊരു ലേഖനമെഴുതി. സംഘപരിവാറും ജമാ അത്തെ ഇസ്ലാമിയും രണ്ടും രാജ്യത്ത് സമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന സംഘടനകളാണെന്ന് തുറന്നുകാട്ടുന്ന ലേഖനമായിരുന്നു അത്. സാമുദായിക ധ്രുവീകരണം എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. അതിൽ ആർഎസ്എസ്., ജമാ അത്തെ ഇസ്ലാമി എന്നീ രണ്ട് സംഘടനകളുടെയും ആശയങ്ങൾ, ലക്ഷ്യം എന്നിവ തുറന്നുകാട്ടുകയും എങ്ങനെയാണ് ഈ രണ്ടുസംഘടനകളും നമ്മുടെ രാജ്യത്ത് വർഗീയധ്രുവീകരണം സൃഷ്ടിക്കുന്നന്നും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നങ്ങോട്ട് ഒരു എഴുത്തുകാരൻ എന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും ഹമീദ് ചേന്ദമംഗല്ലൂരിന്റെ പടയോട്ടമായിരുന്നു.
തുടക്കത്തിൽ മാർക്സിസ്റ്റ് സഹയാത്രികനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1984ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരീഅത്തിനെതിരായ നിലപാട് എടുത്തപ്പോൾ ഹമീദ് ചേന്ദമംഗല്ലൂരും കെ.ഇ.എൻ കുഞ്ഞഹമ്മദും ചേർന്ന് ഇ.എം.എസ്സിന്റെ ആശയത്തിനനുകൂലമായി കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപരമ്പര പ്രസിദ്ധമായിരുന്നു. പക്ഷേ കെ എ ഇൻ പിന്നീട് ഈ നയങ്ങളിലൊക്കെ വെള്ളം ചേർത്ത്, സ്വത്വവാദത്തിലേക്കും ഇരവാദത്തിലേക്കും പോയി. എന്നാൽ ഹമീദ് ചേന്ദഗംഗല്ലൂർ ഇത്തരം വാദങ്ങളെ ശക്തമായി എതിർത്തു. ഇരവാദവും, സ്വത്വവാദവും ആത്യന്തികമായി വർഗീയതക്കാണ് വളം ചെയ്യുക എന്നാണ് ഹമീദ് മാഷിന്റെ വാദം. ന്യൂനപക്ഷ വർഗീയതയെ, ഭൂരിപക്ഷം വർഗീയതൊക്കൊപ്പം ശക്തമായി എതിർക്കാൻ തുടങ്ങിയതോടെ അദ്ദേഹം സിപിഎമ്മിന്റെ കണ്ണിലെ കരടുമായി. അടുത്തകാലത്തൊന്നും പാർട്ടി സാംസ്കാരിക പരിപാടിയിലേക്ക് അവർ ഹമീദ് മാസ്റ്ററെ വിളിക്കാറില്ല.
പക്ഷേ ഹമീദാവട്ടെ തന്റെ നിലപാടുകൾ അൽപ്പംപോലും വെള്ളം ചേർക്കാതെ, ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്ക്കെതിരായും സ്വത്വ രാഷ്ട്രീയചിന്തയ്ക്കെതിരായും ശക്തമായ നിലപാടെടുത്തു. എക്സ് മുസ്ലിം മൂവ്മെന്റ്പോലും സ്വത്വ ചിന്ത കൈവെടിയാത്തവരുടെ കൂട്ടമാണോ എന്ന് ചോദിച്ച് അദ്ദേഹം മലയാളം ആഴ്ചപ്പതിപ്പിൽ ലേഖനവും എഴുതിയിരുന്നു. ന്യുനപക്ഷ വർഗീയത എപ്പോഴും ഭൂരിപക്ഷ വർഗീയതക്ക് വളംവെക്കുകയാണ് ചെയ്്തതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. 99 ശതമാനും ഹിന്ദുക്കളായ നേപ്പാളിൽ എന്തുകൊണ്ട് ആർഎസ്എസ് ഇല്ല എന്ന ചോദ്യമാണ് അദ്ദേഹം പലപ്പോഴും ഉയർത്താറുള്ളത്. ഉത്തവരും അദ്ദേഹം നൽകും. നേപ്പാളിൽ ന്യൂനപക്ഷ വർഗീയതയുമില്ല.
മലബാർ കലാപത്തിലും വ്യത്യസ്ത നിലപാട്
ചേകന്നുർ മൗലവിയുടെ തിരോധാനം, ഏക സിവിൽ കോഡ്, മുസ്ലിം വ്യക്തിനിയമ പരിഷ്ക്കരണം, മുസ്ലിം സ്ത്രീയുടെ സ്വത്തവകാശം, പള്ളി പ്രവേശനം തുടങ്ങിയ കാര്യങ്ങളിലൊക്കെ, കേരളത്തിലെ സോ കോൾഡ് വൺ സൈഡ് നവോത്ഥാന നായകന്മാർ മിണ്ടാതിരുന്നപ്പോൾ, അതിശക്തമായി പ്രതികിച്ചുകൊണ്ട് ഹമീദ് ചേന്ദമംഗല്ലൂർ രംഗത്ത് എത്തി. അതുപോലെ ആര് വേദിയൊരിക്കിയാലും താൻ പോവുമെന്നും അവിടെ തന്റെ നിലപാട് പറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അങ്ങനെ അദ്ദേഹം, സംഘപരിവാർ ബന്ധമുള്ള സംഘടനകളുടെ പരിപാടികളിലും പ്രാസംഗികനായി. കേസരി അടക്കമുള്ള മാധ്യമങ്ങളിലും എഴുതി. എവിടെ ആയാലും ഞാൻ എന്റെ നിലപാട് പറയും എന്നാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
അതുപോലെ മലബാർ കലാപം കർഷക ലഹളയാണെന്നൊക്കെയുള്ള വിവാദങ്ങൾ ഉയർന്നപ്പോൾ, ഇതിനെയെല്ലാം പൊളിച്ചടുക്കിക്കൊണ്ട് അദ്ദേഹം സംഘപരിവാർ മാധ്യമമമായ കേസരിയിൽ ഒരു ലേഖനം എഴുതിയിരുന്നു. ഡോ കെ എൻ പണിക്കരുടെയും, ഡോ ഗംഗാധരന്റെയും, ഹിച്ച്കോക്കിനെയുമൊക്കെ ഉദ്ധരിച്ചായിരുന്നു അത്. ആ ലേഖനത്തിൽ ഇങ്ങനെ പറയുന്നു.
'കോൺഗ്രസ്സുകാരനും ദേശീയവാദിയുമായി അറിയപ്പെട്ട മൊയ്തു മൗലവി പോലും ബ്രിട്ടീഷ് സാമ്രാജ്യത്വം സമം ക്രിസ്തുമതം എന്ന ശരിയല്ലാത്ത നിലപാട് സ്വീകരിക്കുകയും ക്രിസ്തുമതം ഇസ്ലാം മതത്തിനെതിരെ നടത്തുന്ന യുദ്ധമായി ഖിലാഫത്ത് പ്രശ്നത്തെ വിലയിരുത്തുകയും ചെയ്തത് ഫലത്തിൽ മുസ്ലിം (മാപ്പിള) വർഗീയതയ്ക്ക് ഊർജ്ജം പകരുന്ന നടപടിയായെന്നു പറയണം. അറിഞ്ഞിട്ടായാലും അല്ലാതെയായാലും ഖിലാഫത്തിന്റെ പേരിൽ മുസ്ലിങ്ങളുടെ മതവികാരം ഉദ്ദീപിപ്പിക്കാനാണ് മൗലവി ശ്രമിച്ചത്. ആ ഉദ്ദീപനത്തിന്റെ ആഘാതം ക്രിസ്തുമതത്തിനും ബ്രിട്ടീഷുകാർക്കുമെതിരെ മാത്രമല്ല, ദക്ഷിണ മലബാറിൽ 1921 ആഗസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മറ്റൊരു മതത്തിനും അതിന്റെ അനുയായികൾക്കുമെതിരേയും തിരിഞ്ഞു. ഹിന്ദുമതവും ഹിന്ദുക്കളും ഇസ്ലാം മതത്തിന്റെയും മുസ്ലിങ്ങളുടെയും ശത്രുക്കളാണെന്ന ബോധം ഒരു വലിയ വിഭാഗം മാപ്പിളമാർക്കിടയിൽ കലാപനാളുകളിൽ ഉണ്ടായി. ഹിന്ദുക്കളെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും ബലപ്രയോഗത്തിലൂടെ മതംമാറ്റുന്നതുമെല്ലാം മതപരമായി സദ്കൃത്യങ്ങളാണെന്ന പിഴച്ച ധാരണ ലഹളക്കാരിൽ പലരേയും പിടികൂടി. തക്ബീർ മുഴക്കിയാണ് (അതായത്, അല്ലാഹുവിന്റെ സൈനികരായ സ്വയംകരുതിയാണ്) അവർ 'ശത്രുക്കളെ' നേരിടാൻ പോയത്. കുടിയാനെ ഒഴിപ്പിക്കുകയെന്ന അനീതികാണിച്ച ജന്മിയെ കൊല ചെയ്യുന്നത് തെറ്റല്ലെന്ന് മമ്പുറം തങ്ങൾ പള്ളിയിൽ പ്രസംഗിച്ചതായി കെ.എൻ. പണിക്കർ ചൂണ്ടിക്കാട്ടിയത് കാണാം. (Dr.K.N. Panikkar, Against Lord and State, P196)
'കുടിയാനെ ഒഴിപ്പിക്കുന്നത് ജന്മിയെ കൊല്ലാനുള്ള മതിയായ കാരണമാണെന്നും ആ കൃത്യത്തിലേർപ്പെടുന്ന മുസ്ലിം കൊല്ലപ്പെട്ടാൽ അയാൾ ശഹീദ് (ഇസ്ലാമിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവൻ) ആകുമെന്നും ഒരു മാപ്പിള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് പറയുകയുണ്ടായി'' എന്നുകൂടി പണിക്കർ രേഖപ്പെടുത്തിയിട്ടുണ്ട് (അതിൽത്തന്നെ, പു.195). ഇതേ വസ്തുത കോൺറാഡ് വുഡ്ഡും എടുത്തുകാട്ടിയിരിക്കുന്നു. മാപ്പിള കലാപത്തെക്കുറിച്ചന്വേഷിച്ച ടി.എൽ. സ്ട്രെയിഞ്ചിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എഴുതി: ''ഒരു ദരിദ്രൻ കൃഷിഭൂമിയിൽ നിന്നു ഒഴിവാക്കപ്പെട്ടാൽ അതിനുത്തരവാദിയായ ജന്മിയെ വധിക്കുന്നത് മതപരമായി ഉത്തമകൃത്യമാണെന്നു മാപ്പിളമാർ പഠിപ്പിക്കപ്പെട്ടിരുന്നു.'(Conrad Wood, The Moplah Rebellion and its Genesis, P33).. ചില പള്ളികളിൽ വെള്ളിയാഴ്ച ജൂമുഅയിൽ പങ്കെടുക്കുന്ന മാപ്പിളമാരെക്കൊണ്ട് ശഹീദാക്കാനുള്ള പ്രതിജ്ഞയെടുപ്പിച്ചിരുന്നു എന്നു കൂടി വ്യക്തമാക്കുന്ന വുഡ്ഡ് ലഹളക്കാരുടെ മനഃസ്ഥിതി വളരെ സങ്കുചിതമായിരുന്നു എന്നു വിലയിരുത്തുകയും ചെയ്യുന്നുണ്ട്.''- ഹമീദ് ചേന്ദമംഗല്ലൂർ വ്യക്തമാക്കി.
ഇസ്ലാമിലേക്ക് മടങ്ങുന്നോ?
തന്റെ പ്രഭാഷണങ്ങളിലുടെ പൊളിറ്റക്കൽ ഇസ്ലാമിനെ നിരന്തമായി പഞ്ഞിക്കിടുന്നതുകൊണ്ട് കിട്ടിയ സ്ഥലത്തുവെച്ച് ഹമീദ് മാസ്റ്റർക്ക് പണി കൊടുക്കാൻ ജമാഅത്തുകാരും ശ്രമിക്കാറുണ്ട്. താൻ മതനിഷേധിയാണെന്നത് ഇത്തരക്കാർ ഉണ്ടാക്കിയ ടാഗ് ആണെന്ന് മാതൃഭൂമിയിൽ കെ വിശ്വനാഥിന് നൽകിയ അഭിമുഖത്തിലും ഹമീദ് മാസ്റ്റർ ആവർത്തിക്കുന്നു. 'മറ്റുള്ളവരെ 'മതനിഷേധി' എന്ന് അപഹസിക്കുന്നവർ ഒരുകാര്യം മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ മതനിഷേധികളായിരുന്നു അതത് കാലത്തെ പ്രവാചകരെല്ലാം. അതത് കാലത്തെ മതധാരണകളെ അതിനിശിതമായി ചോദ്യം ചെയ്തവരാണവർ. തങ്ങൾ ജീവിച്ച കാലയളവിലെ മതങ്ങളെ അവർ തള്ളിപ്പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ മതനിഷേധി എന്നത് ഒരു ബഹുമതിയാണ്. പിന്നെ, മതനിഷേധി എന്ന് ഭർത്സിക്കുന്നവരോട് എനിക്കൊരു ചോദ്യമുണ്ട്. ഈ ലോകത്ത് മതനിഷേധികളല്ലാത്ത ആരാണുള്ളത്. സ്വന്തം മതത്തിൽ വിശ്വസിക്കാത്തവരെയെല്ലാം ഓരോ മതവും മതനിഷേധികളായാണ് കാണുന്നത്. അതിനർഥം സ്വമതത്തെ ഒഴികെ മറ്റെല്ലാ മതങ്ങളെയും ഓരോ മതത്തിന്റെയും അനുയായികൾ നിഷേധിക്കുന്നു എന്നല്ലേ? ഒരു മതവും പരമമായ സത്യം ഉൾക്കൊള്ളുന്നില്ല എന്നും എല്ലാ മതങ്ങളും മനുഷ്യരാൽ രൂപപ്പെട്ടവയാണ് എന്നും ഞാൻ കരുതുന്നു. ആ നിലയ്ക്ക് ഞാനൊരു മതനിഷേധിയാണ്.'' - അദ്ദേഹം വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ പെരുന്നാൾ സമയത്ത് ജമാഅത്തെ ഇസ്ലാമിയുടെ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന ഒരു പ്രധാന വാർത്തയാണ് യുക്തിവാദിയായ ഹമീദ് ചേന്ദമംഗല്ലൂർ ഇസ്ലാമിലേക്ക് മടങ്ങുന്നുവെന്നത്. ഇതിന് കാരണമായി അവർ എടുത്തുപറയുന്നത്, ഈ പെരുന്നാൾ ദിനത്തിൽ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ, ഒരു ഈദ് ഗാഹിൽ പങ്കെടുത്തുവെന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈ ഫോട്ടോ വെച്ച് വൈകായെ ഹമീദ് ഇസ്ലാമിലേക്ക് തിരിച്ചുവരുമെന്നാണ് വാർത്തകൾ കൊഴുക്കുന്നത്.
എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് പ്രൊഫ ഹമീദ് ചേന്ദമംഗല്ലൂർ പ്രതികരിച്ചത്. 'എന്റെ സുഹൃത്തും ജമാഅത്തെ ഇസ്ലാമിയുമായി സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വ്യക്തിയുമായ നാസർ ചാലക്കലിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ ഈദ് ഗാഹ് നടക്കുന്ന ഗ്രൗണ്ടിലെത്തി അവിടെ ഇരുന്നുവെന്നത് സത്യമാണ്. പ്രഭാഷണം ശ്രവിച്ച് തിരിച്ചു പോയി. പരുന്നാളിന്റെ ഏറ്റവും പ്രധാന ആരാധനാ കർമ്മങ്ങളിലൊന്നായ നമസ്കാരത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. എന്റെ ആശയങ്ങളിൽ ഞാൻ അണുവിട വ്യതിചലിച്ചിട്ടില്ല. ഈ നാട്ടിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണ് അത്. പെരുന്നാൾ ഖുത്തുഖകളിലും മറ്റും വന്ന മാറ്റവും, സത്രീകളുടെ പ്രാതിനിധ്യം ഉണ്ടോ എന്നത് അടക്കമുള്ള വിഷയങ്ങളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ സാമൂഹിക മാറ്റം ശ്രദ്ധിക്കാനാണ് പോയത്. അല്ലാതെ നമസ്ക്കരിക്കാനല്ല''- പ്രൊഫസർ ഹമീദ് പറഞ്ഞു.
എന്നാൽ സോഷ്യൽ മീഡിയയിൽ ഹമീദിന്റെ ഈദ്ഗാഹ് പങ്കാളിത്തത്തെപറ്റി വൻ ചർച്ചകൾ നടന്നു. മീഡിയാവണ്ണിന്റെ മാനേജിങ്ങ് എഡിറ്റും ജമാഅത്തെ ഇസ്ലാമി നേതാവുമായ സി ദാവൂദിന്റെ ഫേസ്ബുക്ക് പേജിൽനിന്നാണ് ഇത്തരം ഒരു പ്രചാരണം തുടങ്ങിയത്. ഇദ്ഗാഹിൽ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ദാവൂദ് ഇങ്ങനെ എഴുതുന്നു. 'ചിത്രം: ചെറിയ പെരുന്നാൾ ദിനത്തിൽ സലഫി ജുമാ മസ്ജിദ് കമ്മറ്റി ചേന്ദമംഗല്ലൂരിൽ സംഘടിപ്പിച്ച ഈദ് ഗാഹ്. മുന്നിലെ വരിയിൽ കസേരയിൽ ഇരിക്കുന്ന വെള്ളക്കുപ്പായം വെറ്ററൻ ജേർണലിസ്റ്റ് ഒ.അബ്ദുല്ല. തൊട്ടടുത്ത് മുസല്ലയിൽ ഇരിക്കുന്ന നീലക്കുപ്പായം പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ. പിറകിൽ കാണുന്ന നീലത്തുണി സ്ത്രീകളുടെയും പുരുഷന്മാരുടെയും നമസ്കാര സ്ഥലങ്ങളെ വേർതിരിക്കുന്ന മറ. മുബാറക് ഹൊ! ''- എന്നാണ് ദാവുദ് എഴുതിയത്. ഈ പോസ്റ്റിന്റെ ചുവട് പിടിച്ചാണ് ഹമീദ് ചേന്ദമംഗല്ലൂർ ഇസ്ലാമിലേക്ക് മടങ്ങുന്ന എന്ന പ്രചാരണം ശക്തമായത്.
എന്നാൽ ഇത് ഒരു കല്ലുവെച്ച നുണമാത്രമായിരുന്നു. ആഘോഷ വേളകളിലെ മാറ്റം നിരീക്ഷിക്കാനായി അങ്ങോട്ട് പോയി എന്നല്ലാതെ തന്റെ ആശയത്തിൽ യാതൊരു മാറ്റവും അദ്ദേഹം വരുത്തിയിട്ടില്ല എന്ന് വ്യക്തമാണ്. പക്ഷേ എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ ഗ്രൂപ്പുകളിൽ പരിഹാസവും, ആഘോഷവും കൊഴുത്തു. അതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. മതമൗലിക വാദികൾ ഈ മനുഷ്യനെ എത്രമാത്രം ഭയക്കുന്നുവെന്ന്!
വാൽക്കഷ്ണം: 97 ലെ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത്, മനോരമ നടത്തിയ പ്രവചന മത്സരത്തിൽ, 20 ലോക്സഭാ മണ്ഡലങ്ങളിലും കൃത്യമായി ആരു ജയിക്കും എന്ന് പ്രവചിച്ച്. മാരുതി 800 എ സി കാർ നേടിയ ചരിത്രവും ഹമീദ് ചേന്ദമംഗല്ലൂരിന് ഉണ്ട്. അന്ന്, എല്ലാവർക്കും തെറ്റിപ്പോയത് കോഴിക്കോട് മണ്ഡലത്തിൽ ഏതു സ്ഥാനാർത്ഥി വിജയിക്കുമെന്നതായിരുന്നു. എന്നാൽ കോഴിക്കോടുകാരനായ ഹമീദിന് വീരേന്ദ്രകുമാർ ജയിക്കാൻ സാധ്യതയില്ല എന്ന കൃത്യമായി മനസ്സിലായിരുന്നു. അങ്ങനെ ആറു ലക്ഷം പേർ പങ്കെടുത്ത മത്സരത്തിൽ ഒരു ശരിയുത്തരവുമായി അദ്ദേഹം ഒന്നാംസ്ഥാനം നേടി.
റഫറൻസ്- അഭിമുഖം കെ വിശ്വനാഥ്- മാതൃഭൂമി വാരന്തപ്പതിപ്പ്, ഹമീദ് ചേന്ദമംഗല്ലൂരിന്റെ പ്രഭാഷണങ്ങൾ, ലേഖനങ്ങൾ: കേസരി, മലയാളം വാരിക, മാതൃഭൂമി ആഴ്ചപ്പതിപ്പ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ