ന്ത്യക്ക് പാക്കിസ്ഥാൻ പോലെയാണോ കാനഡ! ഒരിക്കലും അല്ല. പാക്കിസ്ഥാൻ ഇന്ത്യയുടെ പരമ്പരാഗത ശത്രു രാജ്യമാണ്. കാശ്മീർ തീവ്രവാദികൾക്ക് പാക്കിസ്ഥാനിൽനിന്ന് വൻ തോതിൽ പണം എത്തുന്നുണ്ടെന്ന് പരസ്യമായ രഹസ്യമാണേല്ലോ. എന്നാൽ കാനഡ എന്ന വടക്കൻ അമേരിക്കൻ രാജ്യവുമായി ഇന്ത്യ എക്കാലവും നല്ല ബന്ധമായിരുന്നു. എന്നാൽ ഇപ്പോഴിതാ ആ ബന്ധം വഷളാവുകയാണ്. അതിനുകാരണമാവട്ടെ ഖലിസ്ഥൻ തീവ്രവാദവുമാണ്. ഇന്ത്യ ഏറെ പണിപ്പെട്ട് അടിച്ചൊതുക്കിയ ഖലിസ്ഥാൻ തീവ്രവാദത്തിന് പണമെത്തുന്നത് കാനഡയിൽനിന്നാണെന്ന് ഇന്ന് പരസ്യമായ രഹസ്യമായിക്കഴിഞ്ഞിരിക്കുന്നു. കാനഡയിൽ താമസിച്ചാണ് ന്യൂജൻ ഖലിസ്ഥാൻ വാദികൾ ഇന്ത്യക്കെതിരെ പട നയിക്കുന്നത്. അവർ എണ്ണത്തിൽ കുറവാണെന്നത് യാഥാർത്ഥ്യം തന്നെയാണ്. പക്ഷേ ഇന്ന് പുതുതലമുറാ ഭ്രിന്ദൻവാലകൾ പഞ്ചാബിൽ തലപൊക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കനേഡിയൻ ഡോളറിന്റെ പളപ്പുമുണ്ട്.

ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സിഖുകാർ ഉള്ളത് കാനഡയിലാണ്. അവിടുത്തെ ഒരു ചെറിയ വിഭാഗം, അതിശക്തമായ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അത്തരത്തിലുള്ള ഒരു ഖലിസ്ഥാൻ വിഘടനവാദിയായിരുന്നു, ഹർദീപ് സിങ് നിജ്ജാർ. ഇക്കഴിഞ്ഞ ജൂൺ 18നാണ് ഇയാൾ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. ഇതിനുപിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കയാണ്.

ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത സമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയിൽ കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭിന്നത മൂത്തതോടെ ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

ഇപ്പോഴിതാ ഹർദീപ് സിങ് നിജ്ജാറിറെ കോലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും ആരോപിക്കുകയും, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കയാണ്.

ആരാണ് ഹർദീപ് സിങ് നിജ്ജാർ?

കനേഡിയൻ പ്രധാമന്ത്രി പറയുന്നതുകേട്ടാൽ തോന്നുക ഒരു നിഷ്‌ക്കളങ്കനായ ഇന്ത്യൻ വംശജനായ കനേഡിയൻ പൗരനെ വെടിവെച്ചുകൊന്നുവെന്നാണ്. എന്നാൽ ഹർദീപ് സിങ് നിജ്ജാർ എൻഐഎ തലക്ക് വിലയിട്ട കൊടും ക്രിമിനലാണ്. കാനഡ താവളമാക്കി അയാൾ ഖലിസ്ഥാൻ തീവ്രാവാദം പഞ്ചാബിലേക്ക് പ്രസരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഉയർത്തുന്നത്.

നിജ്ജാർ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് എന്ന സംഘടനയുടെ തലവനായിരുന്നു. പഞ്ചാബികൾക്ക് ആധിപത്യമുള്ള, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഇയാളെ ഗുരുദ്വാരയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത് ചർച്ചയായിരുന്നു. പഞ്ചാബിൽ പുരോഹിതനെ കൊലപ്പെടുത്തിയതുൾപ്പടെ നിരവധി കേസുകൾ ഇയാൾക്കെതിരെ ഇന്ത്യയിൽ നിലവിലുണ്ട്. കാനഡയിലെ ചില ഹിന്ദുക്ഷേത്രങ്ങൾ ആക്രമിച്ചതിന് പിന്നിലും ഇയാളുടെ സംഘനയാണെന്ന് കരുതുന്നു.

ദേശവിരുദ്ധപ്രവർത്തനത്തിന് എൻഐഎ ഇയാൾക്കെതിരെ കുറ്റപത്രവും നൽകിയിരുന്നു. 1985-ൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബു വെച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാൻ സിങ് മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. 2022-ൽ നിജ്ജറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപയാണ് എൻ.ഐ.എ. പാരിതോഷികം പ്രഖ്യാപിച്ചത്. ഇയാളെ വിട്ടു നൽകണമെന്ന ആവശ്യം ഇന്ത്യ കനേഡിയൻ സർക്കാരിനോട് നേരത്തെ ഉന്നയിച്ചതാണ്. അന്ന് ഒരു നടപിയും ഉണ്ടായില്ല.

പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുർ സ്വദേശിയാണ് നിജ്ജാർ, കാനഡയിലേക്ക് കുടിയേറുകയായിരുന്നു. കാനഡയിൽ ചെറിയ ജോലികൾ ചെയ്താണ് തുടക്കം. അത്യാവശ്യം കാശ് സംഘടിപ്പിച്ചതോടെ ഇയാളും കൂട്ടാളികളും 2013ൽ തീവ്രാവാദത്തിലേക്ക് നീങ്ങുകയായിരുന്നു. 2015ൽ പാക്ക് ചാരസംഘടന ഐഎസ്‌ഐ ഹർദീപിന് ആയുധപരിശീലനം നൽകിയെന്നു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ 18ന് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. ഗുരുദ്വാരയ്ക്കുള്ളിൽ വച്ച് അജ്ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു.

ഈ കൊലക്ക് പിന്നിൽ ഇന്ത്യയാണെന്നാണ് കാനഡയുടെ ആരോപണം. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ കാനഡയിലെ തലവനെ അവർ പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ത്യ ഈ ആരോപണങ്ങൾ നിഷേധിക്കയാണ്. ട്രൂഡോയും, കാനഡ വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്.

എന്തുകൊണ്ട് കാനഡ?

പഞ്ചാബിലെ സിഖ് യുവാക്കളുടെ ഏറ്റവും വലിയ ലക്ഷ്യം ഇപ്പോൾ കാനഡയിൽ കുടിയേറുക എന്നതാണ്. മലയാളികൾക്ക് ഗൾഫ്പോലെയാണ് സിഖുകാർക്ക് കാനഡ. പക്ഷേ ഗൾഫിലെത്തിയ മലയാളികൾ തിരിച്ചുവരും. കാനഡയിൽ പോവുന്നവർ എങ്ങനെയെങ്കിലും പൗരത്വം കിട്ടി അവിടെ തുടരും എന്നതാണ് വ്യത്യാസം. ജനസംഖ്യ കുറവും, ഭൂവിസ്തൃതി കൂടുതലുമുള്ള ആ രാജ്യം, കഠിനാധ്വാനികളായ സിഖ് ജനതയെ സ്വാഗതം ചെയ്തു. ട്രക്ക് ഡ്രൈവർമാർ മുതൽ ഡോക്ടമാർവരെയുള്ള വലിയൊരു വർക്ക് ഫോഴ്സാണ് ഇന്ന് കാനഡയിലെ സിഖുകാർ.

ഏകദേശം ഒരുലക്ഷത്തിലേറെ സിഖുകാർ ഈ രാജ്യത്ത് ഉണ്ടെന്നാണ കണക്ക്. 2021 ലെ കണക്കനുസരിച്ച് കാനഡയിലെ ജനസംഖ്യയുടെ 2.1% വരും. ഇത് രാജ്യത്തെ അതിവേഗം വളരുന്നതും നാലാമത്തെ വലിയ മതവിഭാഗമാണ്. കാനഡയിലെ ഏറ്റവും വലിയ സിഖ് ജനസംഖ്യ ഒന്റാറിയോയിലാണ്. തുടർന്ന് ബ്രിട്ടീഷ് കൊളംബിയയും ആൽബർട്ടയുമാണ്. 2021ലെ സെൻസസ് പ്രകാരം, കാനഡയിലെ സിഖുകാരിൽ പകുതിയിലേറെയും നാല് നഗരങ്ങളിലാണ്. ബ്രാംപ്ടൺ (163,260), സറേ (154,415), കാൽഗറി (49,465), എഡ്മന്റൺ (41,385) എന്നിവയാണിവ. രാഷ്ട്രീയാമയി ഒന്നിച്ച നിൽക്കാൻ ശ്രമിക്കുന്ന സിഖുകാർ ഇന്ന് ഒരു വോട്ട് ബാങ്ക് കൂടിയാണ്. ജസ്റ്റിൻ ട്രൂഡോ അടക്കമുള്ള നേതാക്കൾ സിഖ് കമ്യൂണിറ്റിയെ വെറുപ്പിക്കാതെ നോക്കുന്നതും അതുകൊണ്ടുതന്നെ.

കാനഡയിലേക്കുള്ള സിഖ് കുടിയേറ്റത്തിന് 150 വർഷത്തെ പഴക്കമുണ്ട്.
ബ്രിട്ടീഷ് ഇന്ത്യ ആർമിയിലെ മേജറായ കെസൂർ സിങാണ് കാനഡയിലെ ആദ്യത്തെ സിഖ് കുടിയേറ്റക്കാരനെന്നാണ് രേഖകളിൽ കാണുന്നത്. 1897ൽ എംപ്രസ് ഓഫ് ഇന്ത്യ എന്ന കപ്പലിൽ വാൻകൂവറിൽ എത്തിയ ഒരു കൂട്ടം സിഖ് ഓഫീസർമാരിൽ ഒരാളായിരുന്നു അദ്ദേഹം. കനേഡിയൻ പസഫിക് റെയിൽവേയുടെ ട്രാക്കുകൾ സ്ഥാപിക്കുന്നതിലും, തടി മില്ലുകളിലും, ഖനികളിലും സിഖുകാർ ജോലി കണ്ടെത്തി. വെള്ളക്കാരായ തൊഴിലാളികളേക്കാൾ കുറഞ്ഞ വരുമാനമാണ് അവർ നേടിയതെങ്കിലും, അതിൽ നിന്ന് കുറച്ച് ഇന്ത്യയിലേക്ക് അയയ്ക്കാനും, ബന്ധുക്കളെ കാനഡയിലേക്ക് കുടിയേറുന്നത് സഹായിക്കാനും അവർക്കായി. ക്രമേണേ, ബിട്ടീഷ് കൊളംബിയയിലെ സോമിൽ തൊഴിലാളികളിൽ പഞ്ചാബി സിഖുകാർ ഒരു പ്രമുഖ വിഭാഗമായി മാറി.

ഇന്ത്യാ വിഭജനത്തെ തുടർന്നുണ്ടായ സംഘർഷങ്ങളും മറ്റും സിഖ് കുടിയേറ്റത്തിന് ആക്കം കൂട്ടി. അന്ന് ഏറ്റവും കൂടുതൽ കഷ്ടതകൾ അനുഭവിക്കേണ്ട വന്ന ഒരു കൂട്ടരാണ് സിഖ് മതാനുയായികൾ. സിഖ് സമുദായത്തിനുവേണ്ടി ഒരു മാതൃദേശം വേണമെന്നു വാദിച്ച ഖാലിസ്ഥാൻ പ്രസ്ഥാനക്കാർ അന്നേ കാനഡയിൽ ഉണ്ടായിരുന്നു. പക്ഷേ അവർ തീവ്രവാദത്തിലേക്ക് നീങ്ങിയില്ല. കുടിയേറ്റത്തിനിടെ ആദ്യകാലത്ത് സിഖുകാർക്ക് വെള്ളക്കാരിൽ നിന്നും ധാരാളം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പക്ഷേ ദീർഘദൂര ട്രക്ക് ഡ്രൈവിങ്ങിലടക്കം മികവ് കാട്ടിയ സിഖുകാർ രാജ്യത്തിന്റെ വലിയ വർക്ക്ഫോഴ്സ് ആയിരുന്നു. വെറും മൂന്ന് മണിക്കൂർ ജോലിചെയ്താൽ, ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ 3000ത്തോളം കിട്ടുന്ന അത്തരം ജോലികൾ സിഖുകാരരെയും സമ്പന്നരാക്കി.

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെതുടർന്നും കൂടുതൽ സിഖുകാർ അഭയാർത്ഥികളായി കാനഡയിലേക്ക് കുടിയേറി. പിന്നീട് രൂപംകൊണ്ട ബാബർ ഖൽസ എന്ന തീവ്രവാദസംഘടനയിലെ പല നേതാക്കളും ഇത്തരത്തിൽ അഭയാർത്ഥികളായി കാനഡയിൽ എത്തിച്ചേർന്നതായിരുന്നു. 1980 കളോടെ, ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ പ്രദേശം സിഖുകാർ കൂട്ടമായി താമസിക്കുന്ന ഒരു പ്രദേശമായി മാറി. സുവർണ്ണക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ അലയൊലികൾ കാനഡയിലുമെത്തി. ആ സമയത്ത് സിഖ് തീവ്രവാദത്തിന് ഈ മണ്ണിലും നല്ല വേരുണ്ടായിരുന്നു.

കനിഷ്‌ക്കയിൽ സംഭവിച്ചത്?

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന പകരം വീട്ടാനായി സിഖ് തീവ്രവാദികൾ നടത്തിയ കനിഷ്‌ക്ക വിമാന ആക്രമണത്തിൽപോലും കാനഡയിൽ മതിയായ അന്വേഷണം നടത്തിട്ടില്ല. സിഖ് തീവ്രവാദത്തോട് എക്കാലവും മൃദു സമീപനമാണ് കനേഡയിൻ സർക്കാർ സ്വീകരിക്കാറുള്ളത്. ഒന്നും രണ്ടുമല്ല, 329 പേരാണ് കനിഷ്‌കാ വിമാനാപകടത്തിൽ മരിച്ചത്. 38 വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ, 1985 ജൂൺ 23 അന്നായിരുന്നു, എയർ ഇന്ത്യയുടെ ഫ്ളൈറ്റ് 182 എന്ന ബോയിങ് 747 വിമാനം അയർലൻഡിന് തെക്കായി അത്ലാന്റിക് സമുദ്രത്തിൽ തകർന്നു വീണത്. ഖലിസ്ഥാൻ തീവ്രവാദികൾ വിമാനം ബോംബ് വച്ച് തകർക്കുകയായിരുന്നു.

കാനഡയിലെ മോൺട്രിയോൾ വിമാനതാവളത്തിൽനിന്ന് എയർ ഇന്ത്യൻ ഫ്ലൈറ്റ് 182 പറന്നുയർന്നത്് വലിയ ദുരന്തത്തിലേക്കാവുമെന്ന് ആരും കരുതിയില്ല. ടൊറന്റോയിൽ നിന്നെത്തിയ 181 വിമാനമായിരുന്നു, മോൺട്രിയോളിൽനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്കു പറന്നുയരുന്നത്. ലണ്ടനിലേക്കും അവിടെനിന്നു മുംബൈയിലേക്കുമാണു യാത്ര. കാനഡയിൽ വേനലവധി ആരംഭിച്ചിരുന്നതിനാൽ കനേഡിയൻ പൗരന്മാരായ ഇന്ത്യൻ വംശജരായിരുന്നു യാത്രികരിൽ കൂടുതലും. അവധി ആഘോഷിക്കാൻ നാട്ടിൽപോകുന്ന സന്തോഷത്തിലാണ് എല്ലാവരും. സെക്യൂരിറ്റി ചെക്കിങ്ങുകളെല്ലാം കഴിഞ്ഞ് ബോയിങ് 747 മോഡൽ വിമാനം ലണ്ടൻ ലക്ഷ്യമാക്കി പറന്നു. എന്നാൽ 31,000 അടി ഉയരത്തിൽ അയർലൻഡിന്റെ വ്യോമ മേഖലയിൽവച്ച് ആ വിമാനം അഗ്നിഗോളമായി മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.

ലോകത്തെ ഞെട്ടിച്ച ഈ അപകടത്തിൽ വിമാനത്തിലെ 307 യാത്രക്കാരും 22 ജീവനക്കാരും ചാരമായി. അതു സാങ്കേതികപ്പിഴവായിരുന്നില്ല, ബോംബാക്രമണമായിരുന്നെന്ന കണ്ടെത്തൽ ലോകത്തെ നടുക്കി. മുൻഭാഗത്ത് ചരക്ക് സൂക്ഷിക്കുന്ന അറയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് വിമാനം തകർന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അയർലൻഡ് തീരത്തുനിന്ന് 176 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്. കടലിൽ ആറായിരം അടിയോളം താഴ്ന്നുപോയ വിമാനാവശിഷ്ടങ്ങളിൽ നിന്ന് കോക്പിറ്റ് വോയ്‌സ് റിക്കോർഡർ കണ്ടെത്തിയതു ജൂലൈ ഒൻപതിനാണ്. ഫ്ലൈറ്റ് ഡേറ്റാ റിക്കോർഡർ പിറ്റേന്നും കിട്ടി. 329ൽ 131 ശരീരങ്ങൾ മാത്രമാണു വീണ്ടെടുക്കാനായത്. ഇതിൽ എട്ടുപേർ വിമാനം കടലിൽ വീഴും മുമ്പുതന്നെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു എന്നു കണ്ടെത്തിയിരുന്നു. 26 പേർ മരിച്ചതു പ്രാണവായു ലഭിക്കാതെയാണ്. വളരെപ്പെട്ടെന്ന് വായുമർദം കുറയുന്നതുമൂലമുള്ള സ്‌ഫോടനാത്മകമായ അവസ്ഥമൂലമാണ് 25 പേർ മരിച്ചതെന്നും വ്യക്തമായി. വീഴ്ചയിൽനിന്നുള്ള ആഘാതമാണ് 23 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയത്.

കനിഷ്‌ക തകർത്തത് സിഖ് തീവ്രവാദികളുടെ പ്രതികാരമാണെന്ന് അന്വേഷണ സംഘം തുടക്കത്തിലേ സംശയിച്ചിരുന്നു. 1984ൽ സുവർണക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു പകരം വീട്ടാനായിരുന്നു വിമാനം തകർത്തത് എന്നായിരുന്നു കേസ്. എന്നാലും കേസ് കൃത്യമായ അനേഷിക്കപ്പെട്ടില്ല.

1988ൽ ഖലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്ന ഇന്ദർജിത് സിങ് റയാത്തിനെ ഈ കേസിൽ ഇംഗ്ലണ്ടിൽവെച്ച് പിടികുടി. പത്തുകൊല്ലം തടവിന് ശിക്ഷക്കപ്പെട്ട റയാത്ത് 2008 ൽ പുറത്തുവന്നു. ഇതിനിടെ, 2000 ഒക്ടോബറിൽ അറസ്റ്റിലായ രിപുദമൻ സിങ് മാലിക്കിനെയും അജൈബ് സിങ്ങിനെയും 2005നു മാർച്ച് 16 നു തെളിവില്ലാത്തതിനാൽ വിട്ടയയ്ക്കുകയും ചെയ്തു. ഇതല്ലാതെ ഇത്രയും പേരെ കൊന്ന സംഭവത്തിലെ സൂത്രധാരന്മാരെ കണ്ടെത്തിയിട്ടില്ല. ഇരകൾക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിൽ പോലും ഗുരുതരമായ അനാസ്ഥയുണ്ടായി. അന്നും ഇന്നും കനേഡിയൻ സർക്കാർ ഈ വിഷയത്തിൽ ഉരുണ്ടുകളിക്കായാണ്. പരോക്ഷമായി ഞങ്ങൾ സിഖ് മതത്തോടൊപ്പം എന്ന് പ്രഖ്യാപിക്കുകയാണ് അവർ. അന്നത്തെ ഇന്ത്യൻ സർക്കാറും, കാര്യമായ ശ്രമങ്ങൾ ഈ വഷിയത്തിൽ എടുത്തതുമില്ല.

എം സിങ്, എൽ സിങ് എന്നാ കള്ളാ പേരുകളിൽ ടിക്കറ്റ് ബുക്ക്ചെയ്തിരുന്നവർ സിഖ് ഭീകരസംഘടനകളിലെ രണ്ടു പ്രധാന കണ്ണികളായിരുന്നുവെന്നും ഇവർ രണ്ടാളെയും കൂടാതെ മറ്റൊരാൾ കുടിയും കേസിൽ സജീവമായി പങ്കെടുതിരുന്നെന്നും കനേഡിയൻ സെക്യൂരിറ്റി ഇൻഡലിജൻസ് സർവീസ് കണ്ടെത്തി. പക്ഷേ ഇതിൽ കുടുതൽ അന്വേഷണം ഉണ്ടായില്ല. ആരാണ് എം സിങും എൽ സിങുമെന്നത് ഇന്നും ദൂരൂഹമാണ്. കനിഷ്‌ക ദുരന്തം സമഗ്രമായി അനേഷിക്കാൻ കാനഡ സർക്കാർ 2006 മെയ് 3ന് റിട്ട്. സുപ്രേംകോടതി ചീഫ് ജസ്റ്റിസ് ജോൺ മേജറെ ചുമതലപ്പെടുത്തി. ഈ കമ്മീഷനാണ് നഷ്ടപരിഹാരം കൊടുക്കുന്നതിൽവരെ നടപടിയെടുത്തത്.

2001 സെപ്റ്റംബറിൽ വേൾഡ് ട്രേഡ് സെന്ററിനെതിരെ നടന്നതൊഴിച്ചാൽ ഏറ്റവും വലിയ തീവ്രവാദി ആക്രമണമായാണ് ഇതിനെ ലോകം വിലയിരുത്തുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടമരമണമാണിത്. അതാണ് ആസൂത്രകരെ പിടികൂടാൻ കഴിയാതെ അവസാനിച്ചത്. ഈ ഒരു ഒറ്റ സംഭവത്തിൽനിന്നുതന്നെ കാനഡയിൽ ഖലിസ്ഥൻ തീവ്രാദികൾക്കുള്ള പിടി വ്യക്തമാണ്.

സാമ്പത്തിക നാഡി കാനഡയിൽ?

പിന്നീട് ഇന്ത്യയിൽനിന്ന് ഖലിസ്ഥാൻ തീവ്രാവാദം ഏതാണ്ട് തുടച്ച നീക്കപ്പെട്ട അതേ സാഹചര്യത്തിൽ കാനഡയും ശാന്തമായിരുന്നു. പക്ഷേ ഇപ്പോൾ കഴിഞ്ഞ കുറച്ചുകാലമായി പഞ്ചാബിൽനിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. ന്യുജൻ ഖലിസ്ഥാൻ വാദികളായ ഒരുപാട് ചെറുപ്പക്കാർ അവിടെ നിന്ന് വരുന്നു. അക്രമത്തിന്റെയും ഡ്രഗ്സിന്റെയും താവളമായി പഞ്ചാബ് മാറുന്നു. ഇതിലൊക്കെ ചെറുതല്ലാത്ത ഒരു പങ്ക്, കാനഡയിൽനിന്നുമുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നേരത്തെ തെൽവ് കിട്ടിയതാണ്.

മാസങ്ങൾക്ക് മുമ്പ് പഞ്ചാബിനെ വിറപ്പിച്ച് ഒടുവിൽ അകത്തായ, അമൃത്പാൽ സിങ്് എന്ന രണ്ടാം ഭിന്ദ്രൻവാലക്കുള്ള ആളും അർഥവും വന്നത് കാനഡയിൽനിന്നാണ്. ഒരു കോളജ് ഡ്രോപ്പ് ഔട്ട്ആയ ഇയാൾ, സോഷ്യൽ മീഡിയയിൽ ആഹ്വാനങ്ങളും പോസ്റ്റുകളുമായി സിഖുകാർക്കിടയിൽ സജീവമാത്. മതത്തിന്റെ നല്ല വശങ്ങൾ എടുത്ത് കാട്ടുന്ന മോട്ടിവേറ്റർ ആയിട്ടാണ് തുടക്കം. അതുകൊണ്ട് തന്നെ ഒരു അനുയായികൾക്ക് ഒരു അപരിചിത മുഖമായിരുന്നില്ല അമൃത്പാൽ. നേരത്തെ സിഖ് വിശ്വാസപ്രകാരമുള്ള തലപ്പാവ് പോലും അതുവരെ ധരിക്കാത്തയാളായിരുന്നു അമൃത്പാൽ. പണിയെന്നും കിട്ടാതെ ആയതോടെ, ദുബായിൽ ട്രക്ക് ഡ്രൈവറായി ഇയാൾ ജോലിനോക്കിയിരുന്നു. പക്ഷേ ഒരു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഇയാൾ കെട്ടിലും മട്ടിലും ആകെ മാറിയിരുന്നു.

പുതിയ അമൃത് പാൽ പരമ്പരാഗത സിഖ് വേഷവിധാനങ്ങളണിഞ്ഞ് പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും മതമേധാവിത്വത്തെയും കുറിച്ച് വാചാലനാകുന്ന ഒരാളാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും പഞ്ചാബിയിലും സംസാരിച്ച് ആൾക്കൂട്ടത്തെ കൈയിലെടുക്കുന്നു. മയക്കുമരുന്നിന്റെ വിപുലസാന്നിധ്യവും രൂക്ഷമായ തൊഴിലില്ലായ്മയും വൻതോതിൽ വിഴുങ്ങുന്ന പഞ്ചാബിലെ പുതിയ ആരാധനാരൂപമാകാൻ അമൃത്പാലിനു വേണ്ടിവന്നത് വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രമായിരുന്നു.

കടുത്ത ഹിന്ദുവിരുദ്ധ വികാരമാണ് ഇയാളുടെ ഹൈലെറ്റ്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ കാലത്ത് ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടിറിയായിരുന്നു പി സി അലക്സാണ്ടർ ഇങ്ങനെ എഴുതുന്നു. ''ഹിന്ദുക്കളേയും സിഖുകാരേയും തമ്മിൽ ഭിന്നിപ്പിക്കുന്ന തന്ത്രമാണ് ഭിന്ദ്രൻവാല നടപ്പിലാക്കിയത്. ഇതിനായി അയാൾ അനൗദ്യോഗിക സേന രൂപവത്കരിക്കുയും ഹിന്ദുക്കൾക്കെതിരായ 'വിഷം' അവരിൽ കുത്തിവെയ്ക്കുകയും ചെയ്തു. ഇതിനുള്ള സാമ്പത്തിക സഹായം വിദേശ രാജ്യങ്ങളിൽ നിന്നാണ് ലഭിച്ചത്. ബ്രിട്ടൺ, കാനഡ എന്നിവിടങ്ങളിൽ പണം ഒഴുകി.'' ഇവിടേ നോക്കുക, രണ്ടാം ഭ്രിന്ദൻ വാലയുടെ കാലത്തും അതുതന്നെയാണ് സംഭവിക്കുന്നത്. സിഖുകാരുടെ ഹിന്ദുവിരുദ്ധ വികാരവും, ഡൽഹിയുടെ അവഗണനയും തന്നെതാണ് അമൃത്പാലിന്റെയും ഹൈലൈറ്റ്. ഇക്കഴിഞ്ഞ കർഷക സമരത്തിന്റെ സമയത്തും, സിഖ് മതവികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞ് ചില സംഘങ്ങൾ ഒരാളെ ക്രൂരമായി വെട്ടിക്കൊന്നത് വാർത്തയായിരുന്നു. ഈ അമൃത്പാലിന് കാനഡയിലും വേരുണ്ട്. അയാൾക്ക് പണം എത്തിക്കുന്നത്, ഹർദീപ് സിങ് നിജ്ജാർ സംഘമാണെന്നും നേരത്തെ വാർത്തകൾ വന്നതാണ്. ഇപ്പോൾ നിജ്ജാർ തീർന്നതോടെ ഒരു വലിയ സാമ്പത്തിക ശൃംഖലാണ് ഇല്ലാതായത്.

അതുപോലെ തന്നെ പഞ്ചാബിലെ ഗായക ഗുണ്ടകൾ എന്ന് അറിയപ്പെടുന്ന ഗ്യാങ്സ്റ്റർ റാപ്പിസ്റ്റുകൾക്കും പണം വരുന്നത് കാനഡയിൽനിന്നാണ്. മനുഷ്യക്കടത്ത്, ഗുണ്ടാ പ്രവർത്തനം, ഡ്രഗ്പാർട്ടികൾ തൊട്ട് തട്ടിക്കൊണ്ടുപോയി വിലപേശലുകൾവരെ നടത്തുന്ന ഒരു അധോലോകത്തെ നിയന്ത്രിക്കുന്നത് പഞ്ചാബിലെ റാപ്പ് ഗായകരും അവർക്ക് ചേർന്ന് നിൽക്കുന്നവരുമാണ് അതിന്റെ ഏറ്റവും ഉദാഹരണമായിരുന്നു, കോൺഗ്രസ് നേതാവും, റാപ്പ് ഗായകനുമായ സിദ്ദു മൂസേവാല എന്ന ലക്ഷങ്ങൾ ആരാധകരുള്ള 29കാരന്റെ മൃഗീയമായ കൊലപാതകം.

90 കൾക്കുശഷം പഞ്ചാബിലെ പുതിയ തലമുറ ഒരു പ്രത്യേക രീതിയിലാണ് വളർന്നുവരുന്നത് എന്ന് എന്നത് നേരത്തെ തന്നെ പഠനങ്ങൾ ഉണ്ടായിരുന്നു. ഖലിസ്ഥാൻ തീവ്രവാദത്തിന്റെ കാലം അവസാനിക്കുകയും, പഞ്ചാബിന് വലിയ തോതിൽ സാമ്പത്തിക പുരോഗതിയും ഉണ്ടായതോടെ, തീർത്തും വെസ്റ്റേൺ ഓറിയൻഡൻഡ് ആയ ഒരു ജീവിതശൈലി അവിടുത്തെ പുതിയ തലമുറയിൽ ഉടലെടുക്കുകയായിരുന്നു. അതുപോലെ തന്നെ ഇന്ന് ഡ്രഗ്സിന്റെ ഉപയോഗത്തിലും രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത പഞ്ചാബ് ആണ്. ഇതിലൊക്കെ കനേഡിയൻ പണത്തിന്റെ പിൻബലം വലുതായി കാണാം. കാനഡയിലേക്കുള്ള മനുഷ്യക്കടത്താണ് ഇത്തരം ഗ്യാങ്സ്റ്റർ റാപ്പിസ്റ്റുകളുടെ മറ്റൊരു പണിയും. പ്രശസ്ത ഗായകൻ ഡാലർ മെഹന്തിവരെ ഇങ്ങനെ കാനഡയിലേക്കുള്ള മനുഷ്യക്കടത്തിൽ അറസ്റ്റിലായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ പഞ്ചാബിലെ വിഘടനപ്രവർത്തനങ്ങളുടെ സാമ്പത്തിക നാഡി കിടക്കുന്നത് കാനഡയിൽ തന്നെയാണ്.

പിന്നെ, ആരാണ് ഈ ഭീകരെ കൊല്ലുന്നത്?

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് ഖലിസ്ഥാൻ ഭീകരരാണ് ഈയിടെ കൊല്ലപ്പെട്ടത്. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി നടന്ന മൂന്ന് കൊലപാതകങ്ങൾ. ഒന്ന് പാക്കിസ്ഥാനിൽ, അടുത്തത് കാനഡയിൽ, മറ്റൊന്ന് ബ്രിട്ടണിൽ. കൊല്ലപ്പെട്ടവർ മൂന്ന് പേരും ഖലിസ്താൻ സംഘടകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്ന തീവ്രവാദികൾ. മൂന്ന് പേരും ഇന്ത്യയുടെ നോട്ടപ്പുള്ളികൾ. മെയ്‌ ആറിനായിരുന്നു ആദ്യത്തെ കൊലപാതകം. ഖലിസ്താൻ കമാൻഡോ ഫോഴ്‌സ് മേധാവി പരംജിത് സിങ് പഞ്ച്വാർ പാക്കിസ്ഥാനിലെ ലാഹോറിൽവച്ചാണ് വെടിയേറ്റ് മരിച്ചത്. ജൂൺ 15-ന്, ഖലിസ്താൻ ലിബറേഷൻ ഫോഴ്സിലെ അംഗമായ അവതാർ സിങ് പുർബ ബ്രിട്ടണിലെ ബർമിങാമിലെ ഒരു ആശുപത്രിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. അവതാർ സിങ് പുർബ രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും വിഷബാധയേറ്റാണ് മരണമെന്നാണ് അനുയായികൾ ആരോപിച്ചത്. പുർബയ്ക്ക് അസുഖമുണ്ടെന്ന അവകാശവാദങ്ങൾ സിഖ് സംഘടനയായ ഖൽസ എയ്ഡ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രവി സിങ് തള്ളിക്കളയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 19-നായിരുന്നു മൂന്നാമത്തെ കൊലപാതകം. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറാണ് കാനഡയിൽ വെടിയേറ്റു മരിച്ചത്. ഇതാണ് ഇപ്പോൾ കാനഡ പ്രശ്നമാക്കുന്നത്.

ഇന്ത്യ എല്ലാം നിഷേധിക്കുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. പിന്നെ ആരാണ് ഇന്ത്യയുടെ ശത്രുക്കളെ കാലപുരിക്ക് അയക്കുന്നത്. വിദേശരാജ്യങ്ങൾ പറയുന്നത് അത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻൻസിയാ റോ തന്നെയാണെന്നാണ്.
2018ൽ തുർക്കിയിൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ ആസൂത്രണം ചെയ്തതുപോലെ, വിദേശത്ത് 'രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന രാഷ്ട്രങ്ങളുടെ ഗ്രൂപ്പിൽ' ഇന്ത്യയും വരുമെന്നാണ് കനേഡിയൻ സ്വതന്ത്ര ഗവേഷകനായ കൂലോൺ പറയുന്നത്. അൽജസീറയും ഇത് ശരിവെക്കുന്നു.

സിഐഎയുടെയും, മൊസാദിന്റെയുമൊക്കെ കില്ലർ സ്‌ക്വാഡുകളെക്കുറിച്ച് കേട്ടിട്ടില്ലേ. ലോകത്തിന്റെ ഏത് കോണിൽ പോയി ശത്രുക്കളെ കൊന്നിടുന്ന രീതി. ആ ശൈലിയിലേക്ക് റോയും കടക്കുകയാണെന്നാണ്, വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പാക്കിസ്ഥാനിൽവെച്ച് നിരവധി കാശ്മീർ ഭീകരരും കൊല്ലപ്പെടുന്നുണ്ട്. 2023 ഫെബ്രുവരിയിൽ ഹിസ്ബുൽ ഭീകരൻ പാക്കിസ്ഥാനിൽ വെടിയേറ്റ് കാലപുരി പൂകി. 1999ൽ ഐസി 814 ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരിലൊരാൾ കറാച്ചിയിൽ വെടിയേറ്റു മരിച്ചത് 2022 മാർച്ചിലാണ്. ഇക്കൊല്ലം തന്നെ ജനുവരിയിൽ രണ്ടു പാക്ക് ഐഎസ്ഐ ഏജന്റുമാർ പഞ്ചാബിൽ വെടിയേറ്റു മരിച്ചു.

ഈ കൊലകളിലൊന്നും ആരാണ് ഘാതകരെന്ന് ആർക്കും അറിയില്ല. പ്രതികളെ ഇതുവരെ പിടികൂടിയിട്ടുമില്ല. അതിനർഥം ഒന്നേയുള്ളു പ്രഫഷനൽ പരിശീലനം കിട്ടിയവരാണ് കൊല നടത്തിയത്. കൃത്യം നടത്തിയാലുടൻ രക്ഷപ്പെടാൻ സർവ സന്നാഹങ്ങളും ഉള്ളവർ. 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ'യെന്നാണ് സംസാരം. ഇന്ന് ചൈനയും പാക്കിസ്ഥാനും ഭയക്കുന്ന സ്പൈ നെറ്റ്‌വർക്ക് ഇന്ത്യക്ക് ഉണ്ടെന്ന് സാക്ഷാൽ ന്യൂയോർക്ക് ടൈംസ് പോലും എഴുതിയിട്ടുണ്ട്.

കാനഡയെ മാത്രമല്ല, ഓസ്ട്രേലിയയെയും ഖലിസ്ഥാൻ ഭീകരർ ഇന്ത്യക്കെതിരെ താവളമാക്കുന്നുണ്ട്. നേരത്തെ, സിഡ്നിയിലെ സ്വാമിനാരായൺ ക്ഷേത്രം താറുമാറാക്കുകയും ക്ഷേത്രത്തിലെ ചുവരുകളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ പലതും എഴുതുകയും ചെയ്തിരുന്നു. ഓസ്ട്രേലിയയിലെ അഞ്ച് ക്ഷേത്രങ്ങൾ ഇങ്ങനെ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ ഹൈക്കമ്മിഷൻ മന്ദിരങ്ങൾ ആക്രമിക്കുകയും ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിൽ ഇന്ത്യൻ ഹൈക്കമ്മിഷന്റെ മുന്നിൽ വച്ച് ഇന്ത്യൻ പത്രപ്രവർത്തകരെ ആക്രമിച്ചു. ലണ്ടനിൽ ഇന്ത്യയുടെ ദേശീയ പതാക വലിച്ചു താഴ്‌ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചു. ഇതോടൊക്കെയാണ് ഖലിസ്ഥാൻ തീവ്രവാദത്തിന്റെ പുതിയ നാമ്പുകളെ വേരോടെ നുള്ളിക്കളയാൻ റോ തീരുമാനിച്ചത് എന്നാണ് വിദേശമാധ്യമങ്ങൾ എഴുതുന്നുത്.

പക്ഷേ കാനഡയുടെ പ്രശ്നം എന്താണ്. ഒരു വികസിത രാജ്യമായ അവരുടെ മണ്ണിൽ വന്ന്, അവർപോലുമറിയാതെ, റോ ഓപ്പറേഷൻ നടത്തിക്കളഞ്ഞു. കൊല്ലപ്പെട്ടത് കനേഡിയൻ പൗരനാണ്. അതിന്റെ ജാള്യത അവർക്കുണ്ട്. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് ദേശ സുരക്ഷതന്നെയാണ് പ്രാധാനം. ഇന്ത്യ തലക്ക് വിലപറഞ്ഞ, കൈമാറണമെന്ന് പലതവണ ആവശ്യപ്പെട്ട കൊടും ഭീകരനാണ് വെടിയേറ്റ് വീണത്. അല്ലാതെ നിരപരാധിയായ സിവിലിയൻ അല്ല. ബിൻ ലാദനെ പാക്കിസ്ഥാനിൽപോയി ഭസ്മമാക്കി, ആരുമാറിയാതെ ശവം കടലിൽ ഒഴുക്കിയ അമേരിക്കൻ മറീനുകളുടെ ഓപ്പറേഷന് സമാനമായ ദൗത്യമാണ് റോയും നടത്തിയത്. ഇത് കാനഡക്കും ഒരു പാഠമാണ്. വോട്ടുബാങ്കിനുവേണ്ടി തീവ്രവാദത്തോട് മുദുസമീപനം എടുത്താൽ തങ്ങൾ കൈയും കെട്ടി നോക്കിയിരിക്കില്ല എന്ന മുന്നറിയിപ്പ്!

വാൽക്കഷ്ണം: രഹസ്യാന്വേഷണ മേഖലയിലും, അണ്ടർ കവർ ഓപ്പറേഷനുകളിലൊന്നും ശ്രദ്ധിക്കാതെ അലസരായി ഇരുന്നതിന്റെ പ്രശ്നം പലതവണ അനുഭവിച്ചവരാണ് നാം. നിരവധി നേതാക്കളുടെ കൊലപാതകംതൊട്ട്, പാർലിമെന്റ് മന്ദിരംവരെ ആക്രമിക്കപ്പെട്ടപ്പോൾ തലകുനിച്ചവരാണ് നമ്മൾ. പക്ഷേ മോദി- അമിത്ഷാ- അജിത് ഡോവൽ കൂട്ടുകെട്ടിലുടെ അടിച്ചാൽ തിരിച്ചടിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. കാനഡയടക്കം കട്ടക്കലിപ്പിൽ ആവുന്നതും അതുകൊണ്ടുതന്നെ.