- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ബക്കറ്റിനും 50 രൂപക്കും വേണ്ടി അവിവാഹിതർ പോലും വന്ധ്യംകരണത്തിന് തയ്യാറായ അടിയന്തരാവസ്ഥക്കാലം; ഇന്ന് 142 കോടിയിൽ എത്തിയിട്ടും വളരുന്ന സാമ്പത്തിക ശക്തി; ഒറ്റക്കുട്ടി നയം തിരിച്ചടിച്ച ചൈന; എണ്ണം കൂട്ടാൻ യുഎസും യൂറോപ്പും; പാക്കിസ്ഥാനിൽ റൊട്ടിക്കായി കലാപം നടക്കുമ്പോൾ ഗോഡൗണുകൾ നിറഞ്ഞ് ഇന്ത്യ; ലോകത്തിലെ ഏറ്റവും ജനങ്ങളുള്ള രാജ്യമായി ഭാരതം തിളങ്ങുമ്പോൾ!
''വെറുമൊരു ബക്കറ്റിനും 50 രൂപക്കും വേണ്ടി അവിവാഹതർ പോലും വന്ധ്യംകരണത്തിന് തയ്യാറായ കാലം''. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിക്കാൻ നിയുക്തമാക്കപ്പെട്ട, ഷാ കമ്മീഷൻ കണ്ടെത്തിയത് ഒരു രാജ്യത്തിന്റെ ദാരിദ്രത്തിന്റെ കുടി അവസ്ഥയായിരുന്നു. ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷകേന്ദ്രങ്ങളിൽ നിർബന്ധിത വന്ധ്യംകരണത്തിന് സഞ്ജയ് ഗാന്ധി നിയോഗിച്ച, രുക്സാന സുൽത്താന എന്ന സ്വപ്ന സുന്ദരി വാഗ്ദാനം ചെയ്ത ഒരു ബക്കറ്റും, പഴയ റേഡിയോയും, അമ്പതുരൂപയുമൊക്കെ പ്രതിഫലം വാങ്ങി എത്രയോപേർ തങ്ങളുടെ പ്രത്യൽപ്പാദനശേഷി അടിയറവെച്ചു. പലരെയും ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, ഭീഷണിപ്പെടുത്തി പിടിച്ചുകൊണ്ടുവന്ന് വന്ധ്യംകരിച്ചു. നിർബന്ധിതമായ ഓപ്പറേഷനുകളുടെ പേര് പറഞ്ഞ് പൊലീസ് പാവങ്ങളുടെ ഗ്രാമങ്ങൾ കയറിയിറങ്ങി അക്രമങ്ങൾ പലതും പ്രവർത്തിച്ചു. രണ്ടാഴ്ച കൊണ്ട് ചില സംസ്ഥാനങ്ങളിൽ നടന്നത് ആറു ലക്ഷത്തോളം വന്ധ്യംകരണങ്ങളാണ്. 1975-77 കാലയളവിൽ 1.1 കോടി സ്ത്രീപുരുഷന്മാർ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടു!
കഷ്ടിച്ച് 65 കോടി മാത്രമായിരുന്നു അന്നത്തെ ജനസംഖ്യ എന്നോർക്കണം. സഞ്ജയ്ഗാന്ധിയെന്ന, അടിയന്തരാവസ്ഥക്കാലത്തെ കിരീടംവെക്കാത്ത രാജാവിന്റെ ഫാസിസ്റ്റ് മനസ്സിലേക്ക് എവിടെ നിന്നോ ഒരു തെറ്റായ ആശയം കടന്നുവന്നതായിരുന്നു പ്രശ്നം. രാജ്യത്തിന്റെ വികസനത്തിന് തടസ്സമാകുന്നത് ജനങ്ങൾ കണക്കില്ലാതെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹത്തിന് തോന്നി. അതിന്റെ പേരിൽ ലക്ഷക്കണക്കിന് ജനങ്ങൾ പീഡിപ്പിക്കപ്പെട്ടു. അന്ന് ലോകത്തിലും പൊതുവെ ഉയർന്നുകേട്ട കാര്യം, ഇത്രയും വലിയ ഒരു ജനസംഖ്യയെ തീറ്റിപ്പോറ്റാൻ കഴിയില്ല എന്നായിരുന്നു. സഞ്ജയ് ഗാന്ധി ഇല്ലാതായതോടെ നിർബന്ധിത വന്ധ്യംകരണകാലം കഴിഞ്ഞു. പക്ഷേ ആദ്യം 'നാം രണ്ട് നമുക്ക് രണ്ട്' എന്ന പേരിലും പിന്നീട് 'നാം ഒന്ന് നമുക്ക് ഒന്ന്' എന്ന പേരിലും കുടുംബാസൂത്രണ നടപടികൾ തുടർന്നു.
പക്ഷേ ഇന്ന് നോക്കുക. നാം ജനപ്പെരുപ്പത്തെ ഭയക്കുന്നില്ല. ലോക ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തിയിരിക്കയാണിപ്പോൾ. ഇന്ത്യയുടെ ജനസംഖ്യ 142 കോടി 86 ലക്ഷത്തിലെത്തിയപ്പോൾ ചൈനയുടേത് 142 കോടി 57 ലക്ഷമാണ്. ചൈനയിലേക്കാൾ 29 ലക്ഷം കൂടുതലാണ് നമ്മൾ. ജനനനിരക്കിലും ഇന്ത്യ ചൈനയെക്കാൾ മുന്നിലാണ്. പക്ഷേ ഇപ്പോൾ നമുക്ക് പഴയ ആശങ്കയില്ല. ഈ വലിയ ജനത്തെ എങ്ങനെ പോറ്റാനാവും എന്ന് പേടിയില്ല. എന്തെല്ലാം പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കിലും ഇന്ത്യ പുരോഗമിക്കയാണ്. ലോകത്തിലെ 800 കോടി ജനങ്ങളിൽ 142 കോടിയുണ്ട് എന്നത് തന്നെയാണ് നമ്മുടെ കരുത്ത്. ഈ മനുഷ്യവിഭവശേഷിയെ ലോകമെമ്പാടും എത്തിച്ച് അതിലൂടെ വളരാൻ തന്നെയാവും ഇന്ത്യയുടെ ശ്രദ്ധ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഈ 142 കോടിയുമായി ഭാരതം തിളങ്ങുകയാണ്!
കുട്ടികളെ തിന്ന പട്ടിണിക്കാലം
''പട്ടിണിമൂലം അവർ ആദ്യം തങ്ങളുടെ കന്നുകാലികളെ കൊന്നുതിന്നു. പിന്നെ വീട്ടിലെ തത്തകളും എന്തിന് പട്ടികളും പൂച്ചകളും അപ്രത്യക്ഷരായി. ചെടികളുടെ വേരുകൾവരെ പറിച്ച് പുഴുങ്ങിത്തിന്നു. ഒടുവിൽ അതും കിട്ടാത്ത കാലം വന്നതോടെ, മനുഷ്യൻ മനുഷ്യനെ തിന്നുക എന്ന ക്രൂരമായ കാര്യത്തിലേക്ക് എത്തി. കുട്ടികളും വൃദ്ധന്മാരും അങ്ങനെ തങ്ങളുടെ ഉറ്റവരുടെ വയറ്റിലെത്തി.''- 1943ൽ ബംഗാളിൽ ഉണ്ടായ ക്ഷാമത്തെക്കുറിച്ച് ബിമൽ മിത്ര എഴുതുന്നത് ഇങ്ങനെയാണ്. ഇതേക്കുറിച്ച് പഠനം നടത്തിയ അമൃത്യാ സെന്നും മനുഷ്യൻ മനുഷ്യനെ തിന്ന ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ബ്രിട്ടന്റെ തെറ്റായ നയങ്ങൾ മൂലമായി മനുഷ്യനിർമ്മിതമായ ക്ഷാമം എന്നായിരുന്നു, ബംഗാൾ ക്ഷാമം പിന്നീട് അറിയപ്പെട്ടത്.
ക്ഷാമങ്ങളും കൂട്ടമരണങ്ങളും ഇന്ത്യയിൽ പുത്തരി അല്ലാത്ത കാലമായിരുന്നു അത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിറ്റ്സൺ ചർച്ചിൽ വിശ്വസിച്ചിരുന്നത്, ഇംഗ്ലീഷുകാർ പോയാൽ ഇന്ത്യ പട്ടണിയും, വർഗീയലഹളകളും കാരണം തമ്മിൽ തല്ലി തീരും എന്നുതന്നെ ആയിരുന്നു. 1921ൽ ആദ്യ സെൻസ്സ് എടുത്തപ്പോൾ ഇന്നത്തെ പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഭാഗങ്ങൾ ഒഴിവാക്കിയുള്ള ഭാഗത്തെ, അതായത് ഇന്നത്തെ ഇന്ത്യയുടെ, ജനസംഖ്യ വെറും 25 കോടിയായിരുന്നു. 47ൽ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് അത് 34 കോടിയായി മാറിയിരുന്നു. ആ ജനതയെ പോറ്റുക എന്നതുപോലും ഇന്ത്യക്ക് ഹിമാലയൻ ടാസ്ക്ക് ആയിരുന്നു.
എന്നാൽ 47നും 81നും ഇടയിലുള്ള കാലയളിവിൽ ഇന്ത്യൻ ജനസംഖ്യ ഇരട്ടിയായി. 2001ൽ അത് നൂറുകോടി കടക്കുകയും ചെയ്തു. എന്നിട്ടും പട്ടിണി മരണങ്ങൾ പ്രതീക്ഷക്കപ്പെട്ട, ഈ രാജ്യം വളർന്നു. ഇന്ന് ജിഡിപിയിൽ സാക്ഷാൽ ബ്രിട്ടനെ മറികടന്നു. ആ അർത്ഥത്തിൽ ശരിക്കും ഒരു അത്ഭുതമാണ് ഇന്ത്യ.
ഇന്ത്യയെ ചണ്ടിയാക്കിയ ബ്രിട്ടൻ
പണ്ടുതൊട്ടേ നമ്മുടെ നാട്ടിൽ പ്രചരിച്ച ഒരുകാര്യമാണ്, ബ്രിട്ടീഷുകാർ വരുമ്പോൾ ഇന്ത്യ തീർത്തും ദാരിദ്ര്യം ആയിരുന്നെന്ന്. പക്ഷേ ഇത് ശരിയല്ല. അന്നത്തെ ലോക നിലാവാരംവെച്ച് സമ്പത്തുള്ള രാജ്യം തന്നെയായിരുന്നു ഇന്ത്യ. 'മുർഷിദാബാദ് നഗരം ഒന്ന് കണ്ടാൽ മതി, ലണ്ടൻ ഒന്നുമല്ല എന്ന് തോന്നിപ്പോവും'- എന്ന് എഴുതിയത് 1765ൽ സാക്ഷാൽ റോബർട്ട് ക്ലൈവാണ്. 1757 ലെ പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തി, ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണത്തിന് അടിത്തറയിട്ട, അതേ റോബർട്ട് ക്ലൈവ്.
ശശി തരൂർ തന്റെ ഒരു പ്രഭാഷണത്തിൽ ഇങ്ങനെ പറയുന്നു. ''1193 മുതൽ 1857 വരെ തുടർച്ചയായി ഏഴ് നൂറ്റാണ്ടോളമാണ് മുസ്ലിം ഭരണാധികാരികൾ ഇന്ത്യ ഭരിച്ചത്. മുസ്ലിം ഭരണത്തിനറുതിയുണ്ടാക്കിയ ബ്രിട്ടീഷുകാർക്ക് കഷ്ടിച്ചു 190 കൊല്ലമാണ് ഭരിക്കാനായത്. ഭരണം ഒരു നൂറ്റാണ്ട് തികയുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാർക്ക് എതിരായി സമരം തുടങ്ങിയിരുന്നു. എന്തുകൊണ്ടാവാം ഏഴ് നൂറ്റാണ്ടോളം ഭരിച്ച മുസ്ലിം രാജാക്കന്മാർക്കെതിരെ ജനങ്ങൾ തിരിയാതിരുന്നത്? ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാർ നടത്തിയത് കച്ചവടവും കോളനി വൽക്കരണവും മാത്രമല്ല. ഒരു തരം കൊള്ളയാണ്. അന്നത്തെ 4 ട്രില്യൺ ഡോളറാണവർ ഇന്ത്യയിൽ നിന്നും കടത്തിയത് !
പക്ഷേ ബ്രിട്ടീഷുകാർക്കും പോർച്ചുഗീസുകാർക്കും ഏഴു നൂറ്റാണ്ട് മുമ്പ് തന്നെ അറബികൾ കച്ചവടത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. കടലിന് പോലും അറബിക്കടൽ എന്നപേരുണ്ടായത് അങ്ങിനെയാണ്. നൂറ്റാണ്ടുകൾ കച്ചവടം ചെയ്ത അറബികൾ ഇന്ത്യയെ വെട്ടിപ്പിടിക്കാനോ കുളം തോണ്ടാനോ മെനക്കെട്ടില്ല. ബ്രിട്ടീഷുകാർ ചെയ്തത് താജ് മഹൽ പോലും പൊളിച്ചു കടത്താനാണ്. രണ്ട് തവണ ലേലത്തിൽ വെച്ചതാണ്. ബാക്കിയാവാൻ കാരണം ഷിപ്പിങ് ട്രാൻസ് പോർട്ടേഷൻ ചെലവ് അധികമായതുകൊണ്ടാണത്രേ! പകരം താജ്മഹലിൽ പതിച്ച രത്നം പോലുള്ള കല്ലുകൾ അടിച്ചു മാറ്റി. കോഹിന്നുർ രക്തം നേരത്തെ അടിച്ചുമാറ്റി.
ബ്രിട്ടീഷുകാർ ഇന്ത്യയോട് സലാം പറയുമ്പോൾ 25 ശതമാനം ഉണ്ടായിരുന്ന ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദന നിരക്ക് 4.2% ആയി കൂപ്പ് കുത്തിയിരുന്നു. എന്ന് വച്ചാൽ 190 വർഷം കൊണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയെ ഒരു കരിമ്പിൻ ചണ്ടിയാക്കി മാറ്റിയിരുന്നു! അതുകൊണ്ടാണ് നെഹ്രുവിന്റെ കാലത്ത് മലയാളികൾ താളും തകരയും തിന്ന് വിശപ്പ് മാറ്റേണ്ടി വന്നത്. അത്ര കണ്ട് വറുതിയുടെ കാലമായിരുന്നുവത്. ''- ശശി തരൂർ ചുണ്ടിക്കാട്ടുന്നു.
ചോരയിൽ പിച്ചവെച്ച രാഷ്ട്രം
ചോരയിൽ പിറന്നവീണ രാഷ്ട്രമായിരുന്നു ഇന്ത്യ. 47ൽ രാജ്യം പിറന്നുവീണതുതന്നെ യുദ്ധത്തിലേക്കാണ്. പാക്കിസ്ഥാനുമായി മൂന്നു തവണയും, ചൈനയുമായും നമുക്ക് യുദ്ധം ചെയ്യേണ്ടിവന്നു. കാർഗിൽ അടക്കമുള്ള നുഴഞ്ഞു കയറ്റങ്ങൾ വേറയും. ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ കാലാൾപ്പടയുള്ള രാഷ്ട്രവും ഇന്ത്യയാണ്. നമ്മുടെ ജനസംഖ്യയെ ശക്തമായി മൊബിലൈസ് ചെയ്യാൻ അവിടെ കഴിയുന്നു. മാത്രമല്ല ഏറ്റവും ആധുനികമായ യുദ്ധോപകരണങ്ങൾ ഉള്ള ഒരു സേനകൂടിയാണ് ഇന്ത്യയുടേത്. ആണവ ശക്തിയും. അതുകൊണ്ടുതന്നെയാണ് ഇനിയൊരു ചൈനീസ് യുദ്ധമുണ്ടായാൽ നാശം ചൈനക്കായിരിക്കുമെന്ന്പോലും വിലയിരുത്തൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽനിന്ന് ഉണ്ടായത്.
ആരാണ് കുട്ടമരണങ്ങളിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത് എന്ന് ചോദിച്ചാൽ ജവഹർലാൽ നെഹ്റുവും, സയൻസും എന്നാണ് മറുപടിയുണ്ടാവുക. രാജ്യത്തിന്റെ പട്ടിണി മാറ്റാനുള്ള നെഹ്റുവിന്റെ അശാന്ത ശ്രമങ്ങൾക്ക് തുണയായത് ശാസ്ത്ര സങ്കേതിക വിദ്യകളാണ്. ഹരിത വിപ്ലവവും ധവള വിപ്ലവവും ഇന്ത്യയുടെ പട്ടിണി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. ഇന്ന് പാക്കിസ്ഥാനിൽ ഒരു കഷ്ണം റൊട്ടിക്കായി ജനം നെട്ടോട്ടമോടുമ്പോൾ നമ്മുടെ ഗോഡൗണുകൾ നിറഞ്ഞ് കവിയുകയാണ്.
അതുപോലെ ഇന്ത്യയുടെ ഗെയം ചേഞ്ചറായി ബിബിസി പോലും എഴുതിയ വ്യക്തിയാണ് സാക്ഷാൽ മന്മോഹൻസിങ്. 'ലോക ബാങ്ക് ഇന്ത്യയെ ജപ്തിചെയ്യുമെന്നത്' 'സന്ദേശം' സിനിമയിൽ ശ്രീനിവാസൻ ഉന്നയിച്ച കോമഡി മാത്രമായിരുന്നുന്നില്ല. 1991ൽ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ, ധനമന്ത്രി ഡോ മന്മോഹൻസിങ്ങ്, മുൻകൈയെടുത്ത് സാമ്പത്തിക ഉദാരവത്ക്കരണത്തിലേക്ക് കടന്നപ്പോൾ ഇന്ത്യയിൽ വ്യാപകമായി പ്രചരിപ്പിച്ചത് അതായിരുന്നു. സമ്പന്നർ കൂടുതൽ സമ്പന്നർ ആവുമെന്നും പാവപ്പെട്ടവർ പട്ടിണി കിടന്ന് മരിക്കുമെന്നും നമ്മുടെ സമ്പത്ത് ആഗോള കുത്തകകൾ തട്ടിയെടുക്കുമെന്നും, ഇന്ത്യയുടെ സാമ്പത്തിക സ്വാശ്രയത്വം അട്ടിമറിയും എന്നൊക്കെയുള്ള വാചോടോപങ്ങൾ.
അന്ന് സ്വദേശി ജാഗരൻ മഞ്ചുമായി നടന്നിരുന്ന ബിജെപിയും ഇതേ പ്രചാരണം തന്നെയാണ് നടത്തിയത്. ചാണകവും ആര്യവേപ്പും കുങ്കുമവുമൊക്കെയുള്ള തദ്ദേശീയ ഉൽപ്പന്നങ്ങൾ നിറയുന്ന ഒരു 'കിണാശ്ശേരിയായിരുന്നു' അവരുടെയും മനസ്സിൽ. എന്നാൽ ഉദാരവത്ക്കരണത്തിന്റെ 30 വർഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ, ഇന്ത്യയുടെ ജീവിത നിലവാരം എങ്ങനെ ഉയർന്നു എന്ന് ചിന്തിക്കുമ്പോഴാണ് നാം അന്നത്തെ പ്രതിഷേധ കോപ്രായങ്ങളുടെ പൊള്ളത്തരം അറിയുക. ഇന്ന് ഹരിതവിപ്ലവത്തിനുശേഷം ഇന്ത്യയുടെ പട്ടിണി മാറ്റിയ രണ്ടാം ഹരിത വിപ്ലവമായാണ് സാമ്പത്തിക ഉദാരവത്ക്കരണം പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്.
ആഗോളീകരണ സമൂഹത്തിൽ നമുക്ക് ഗുണം ചെയ്തത്, നമ്മുടെ ഈ പോപ്പുലേഷൻ തന്നെയാണ്. ഇന്ന് ലോകത്തിന്റെ എത് കോണിലുംചെന്ന് വിദേശികളെ അമ്പരപ്പിക്കുന്ന നിലവാരത്തോടെ പണിയെടുക്കാൻ ഇന്ത്യാക്കാരനും ആവുന്നു. അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാരാണ് ഇന്ത്യയുടെ ഭാവി. ഇന്ന് ജനസംഖ്യയെ ഇന്ത്യ ഭയക്കുന്നില്ല.
മാത്രമല്ല അന്ധമായ ജനസംഖ്യാനിയന്ത്രണം തരിച്ചിടിയായ ചൈനയുടെ അനുഭവവും നമ്മുടെ മുന്നിലുണ്ട്.
ഒറ്റക്കുട്ടി നയം പൊല്ലാപ്പായ ചൈന
അശാസ്ത്രീയമായ ജനസംഖ്യനിയന്ത്രണം ഒരു രാഷ്ട്രത്തെ എങ്ങനെ പിന്നോട്ടടിപ്പിക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ചൈന. 1979ലാണു ചൈന ഒറ്റക്കുട്ടി നയം ആവിഷ്കരിച്ചത്. ജനസംഖ്യാകുതിപ്പിനെ പിടിച്ചുനിർത്താനായിരുന്നു നടപടി. രണ്ടാംതവണ ഗർഭിണിയായാൽ നിർബന്ധിത ഗർഭഛിദ്രം, മാതാപിതാക്കളെ തൊഴിലിൽനിന്നു പിരിച്ചുവിടൽ തുടങ്ങിയ മാർഗങ്ങളിലൂടെ ഒറ്റക്കുട്ടി നയം കർശനമായി അവർ നടപ്പിലാക്കി. കടുത്ത പീഡനങ്ങളിലുടെയാണ് ആ സമയത്ത് ഒന്നിലധികം കുട്ടികൾ ഉണ്ടായിരുന്നവർ കടന്നുപോയത്. ഭരണകുടം പിടിച്ചുകൊണ്ടുപോകുമെന്ന് ഭയന്ന് കുട്ടികളെ വീട്ടിൽ പൂച്ചകളെപ്പോലെ രഹസ്യമായി വളർത്തിയവരെയും, ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിയവരുടെയും കഥകൾ പിന്നീട് പുറത്തുവന്നു.
എന്നാൽ, പിന്നീട് നടന്ന സെൻസസുകളിൽ ജനസംഖ്യയിലെ ക്രമാതീതമായ കുറവ് കണ്ടെത്തിയത് ചൈനീസ് ഭരണകൂടത്തെ നിലപാടു തിരുത്താൻ പ്രേരിപ്പിച്ചു. 2016ൽ ഒറ്റക്കുട്ടി നയത്തിന് ഇളവുനൽകി. രണ്ട് കുട്ടികൾ വരെയാകാമെന്നു തിരുത്തി. പിന്നീട് അത് മൂന്ന് കുട്ടികൾ വരെയാക്കാം എന്നുമാക്കി. എന്നാൽ, കൂടുതൽ കുട്ടികൾക്കു ജന്മം നൽകാൻ ചൈനീസ് യുവാക്കൾ തൽപ്പരരായില്ല. കുട്ടികളെ വളർത്താനുള്ള ചെലവ് ഏറിവരുന്നതും, കുടുംബവ്യവസ്ഥയോടുള്ള താൽപര്യം പുതുതലമുറയിൽ കുറയുന്നതുമാണു പ്രധാന കാരണങ്ങളിലൊന്ന്. മാത്രമല്ല ചൈനീസ് ജനസംഖ്യയിൽ വൃദ്ധന്മാരുടെ എണ്ണം ക്രമാതീതമായ വർധിച്ചുവന്നു. യുവാക്കൾ എന്ന വർക്ക് ഫോഴ്സിന്റെ എണ്ണം കുറഞ്ഞതോടെ രാജ്യം സാമ്പത്തികമായും പറികോട്ട് അടിക്കാൻ തുടങ്ങി.
മിക്ക യുവാക്കളും വൈകിയാണു വിവാഹിതരാകുന്നത്. സ്വന്തം കരിയറും വ്യക്തിസ്വാതന്ത്ര്യവുമാണു പ്രധാനം. ആഗ്രഹിച്ചിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതികളും ഏറെ. ഒന്നിൽക്കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഫീസ് ഇളവ്, പാരന്റൽ ലീവ്, ചികിത്സാ ആനുകൂല്യങ്ങൾ എന്നിവയെല്ലാം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആകർഷകമായി ചൈനീസ് പൗരന്മാർ കാണുന്നില്ല. മൂന്ന് കുട്ടികളെ ഉണ്ടാക്കിയാൽ അവരെയെല്ലാം ആരു നോക്കുമെന്നാണു യുവാക്കൾ ചോദിക്കുന്നത്. ഇങ്ങനെ പോയാൽ 2050 ആകുമ്പോഴേക്കും ജനസംഖ്യയുടെ മൂന്നിൽ ഒരുഭാഗം വയസ്സന്മാരായിരിക്കുമെന്നാണു വിലയിരുത്തൽ. ഒരു യുവാവിന് സ്വന്തം മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയുമടക്കം കുറഞ്ഞത് നാല് വൃദ്ധരെയെങ്കിലും പരിപാലിക്കേണ്ടിവരുന്ന അതീവ ഗുരുതരമായ സാമൂഹിക അവസ്ഥയിലേക്കാവും ഇതു കൊണ്ടുചെന്നെത്തിക്കുക.
പതിയെപ്പതിയെ വയസ്സന്മാരുടെ രാജ്യമായി മാറുകയാണു ചൈന. പ്രായമായ ചൈനക്കാർ, തിരിഞ്ഞുനോക്കാൻ മക്കൾ പോലുമില്ലാതെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഏകാന്തജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പിലാക്കിയതാണു ചൈനയുടെ ജനസംഖ്യാവളർച്ച വൻ ഇടിവിലേക്കെത്തിച്ചത്. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. ജനനനിരക്കിനെ മരണനിരക്ക് കടത്തിവെട്ടുകയും ചെയ്തു. ചൈനയിൽ 60 വയസ്സിനു മുകളിലുള്ളവരിൽ ബഹുഭൂരിപക്ഷവും കോവിഡനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് വൻതോതിൽ കുറയുമ്പോൾ മരണനിരക്കു കൂടിവരികയുമാണ്.
മിക്കവാറും ഒരു കുട്ടി മാത്രമുള്ളവരാണ് ചൈനയിലെ വൃദ്ധദമ്പതികളിലേറെയും. കുട്ടികളില്ലാത്തവരും ഏറെ. വൃദ്ധദമ്പതികളുടെ, യുവാക്കളായ ഒറ്റക്കുട്ടികൾ ജോലി തേടി വിദൂരനഗരങ്ങളിലായിരിക്കും. മാതാപിതാക്കളെ പരിപാലിക്കാൻ അവർക്കു സമയമില്ല. കുട്ടികളേയില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇങ്ങനെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരു പറ്റം വയോധികർ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അന്ധമായ ജനസംഖ്യ നിയന്ത്രണം രാജ്യത്തെ എങ്ങനെ ബാധിക്കും എന്നതിന്റെ മികച്ച ഉദാഹരമാണ് ചൈന. ഇതിൽനിന്ന് ഇന്ത്യക്കും പഠിക്കാൻ ഏറെയുണ്ട്.
ഇന്ത്യ വൃദ്ധസദനമാവില്ല
ചൈന മാത്രമല്ല, അമേരിക്കയും, കാനഡയും സ്കാൻഡനേവിയൻ രാഷ്ട്രങ്ങളുമൊക്കെ തങ്ങളുടെ ജനസംഖ്യ കൂട്ടുന്നതിനെ കുറിച്ചാണ് ചർച്ചചെയ്യുന്നത്. സ്കാൻഡനേവിയൻ രാഷ്ട്രങ്ങളിൽ പലയിടത്തും ഇപ്പോൾ തന്നെ സീറോ പോപ്പുലേഷൻ ഗ്രോത്താണ്. അവർ കുടിയേറ്റത്തെ സ്വാഗതം ചെയ്യുന്നതും അതൊക്കെ കൊണ്ട് കൂടിയാണ്.
പഴയുതുപോലെ ജനസംഖ്യയെച്ചൊല്ലി ആശങ്കപ്പെടുകയല്ല, ശരിയായ തീരുമാനമെടുക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടതെന്ന് യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) പുറത്തുവിട്ട റിപ്പോർട്ടിൽ 804.5 കോടിയാണ് ലോകത്തെയാകെ ജനസംഖ്യ. ഇതാദ്യമായാണ് ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യ 142 കോടി 86 ലക്ഷത്തിലെത്തിയപ്പോൾ ചൈനയുടേത് 142 കോടി 57 ലക്ഷമാണ്. 1.56 ശതമാനം വളർച്ചയാണ് ഇന്ത്യയുടെ ജനസംഖ്യയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയും ചൈനയുടേത് 144.85 കോടിയുമായിരുന്നു. പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ ജനനനിരക്ക് രണ്ടും ചൈനയുടേത് 1.2 ഉം ആണ്.
ആയുർ ദൈർഘ്യം ഇന്ത്യയിൽ പുരുഷന്മാരുടെ 71 വയസും സ്ത്രീകളുടേത് 74 വയസുമാണ്. ചൈനയിൽ ഇത് 76 ഉം 82 ഉം ആണ്. ഇന്ത്യയുടെ ആകെ ജനസംഖ്യയിൽ 68 ശതമാനംപേർ പതിനഞ്ചിനും 64നും ഇടയിൽ പ്രായമുള്ളവരാണ്. ഏഴുശതമാനംപേർമാത്രമേ 65 വയസിനുമുകളിലുള്ളവർ ഉള്ളൂ. അതുകൊണ്ട് തന്നെ യുവാക്കളുടെ എണ്ണത്തിൽ വൻതോതിലുള്ള ഇടിവ് വന്ന് ചൈനയിലെ അവസ്ഥ ഇന്ത്യക്ക് ഉണ്ടാകുമെന്ന് തൽക്കാലം, പേടിക്കേണ്ട കാര്യമില്ല.
ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് രാജ്യങ്ങളും സർക്കാരുകളും അമിതമായി ആശങ്കപ്പെടേണ്ടെന്നും, അവകാശങ്ങൾ സംരക്ഷിച്ച് ശരിയായ തീരുമാനമെടുക്കാൻ സ്ത്രീകളെയടക്കം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും യു.എൻ. റിപ്പോർട്ട് പറയുന്നു. 44 ശതമാനം സ്ത്രീകൾക്കും ലൈംഗികബന്ധത്തിന്റെയും ഗർഭനിരോധനത്തിന്റെയും കാര്യത്തിൽ ശരിയായ തീരുമാനമെടുക്കാനുള്ള അറിവും അവകാശവും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2100ൽ ഇന്ത്യൻ ജനസംഖ്യയും കുറയും
പക്ഷേ നാം കൃത്രിമമായി ഒന്നും ചെയ്യാതെ തന്നെ ജനസംഖ്യ കുറയുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കാരണം ഇപ്പോഴുള്ളത് ഒരു പീക്ക് ആണ്. ഇന്ത്യയുടെ ജനസംഖ്യ 2100-ൽ 41 കോടി കുറയുമെന്നാണ് സ്റ്റാൻഫോർഡ് സർവകലാശാലയിലെ പഠനം പറയുന്നത്. ഉയർന്ന ജനസംഖ്യ ഓരോ പൗരനും ലഭിക്കുന്ന വിഭവങ്ങളിൽ കുറവ് വരുത്തുന്നുണ്ട്. എന്നാൽ 41 കോടിയുടെ ഇടിവ് സംഭവിച്ചാലും ഇതിന് പരിഹാരമാകില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയും ചൈനയും ഏകദേശം തുല്യത പാലിക്കുന്നുവെങ്കിലും ജനസാന്ദ്രതയുടെ കാര്യം അങ്ങനെയല്ല. ഇന്ത്യയിൽ ഒരു സ്ക്വയർ കിലോമീറ്ററിൽ 476 പേർ ജീവിക്കുമ്പോൾ ചൈനയിൽ ഇത് വെറും 148 മാത്രമാണ്. 2100-ൽ ഇന്ത്യയുടെ ജനസാന്ദ്രത ഒരു സ്ക്വയർ കിലോമീറ്ററിൽ 335 പേരായി കുറയും. ലോക ജനസാന്ദ്രതയിലെ കുറവിനെക്കാൾ കൂടുതലായിരിക്കും അടുത്ത 78 വർഷം ഇന്ത്യയിൽ രേഖപ്പെടുത്തുകയെന്നും പഠനങ്ങൾ പറയുന്നു.
ഇപ്പോഴത്തെ 142 കോടിയുടെ ഇന്ത്യൻ ജനസംഖ്യ അടുത്ത 78 വർഷം കൊണ്ട് ഇത് നൂറ് കോടിയായി ചുരുങ്ങും. 49.4 കോടി കുറഞ്ഞ് 2100-ൽ ചൈനയിലെ ജനസംഖ്യ 93.2 കോടിയായി കുറയുമെന്നും. അമേരിക്കയിലും ജനസംഖ്യയുടെ കാര്യത്തിൽ ഇക്കാലയളവിൽ ഇടിവ് രേഖപ്പെടുത്തുമെന്ന് സ്റ്റാൻഫോർഡ് സർവലാശാലയുടെ പഠനങ്ങൾ പറയുന്നു.
ഈ ജനസംഖ്യാ കുറവ് വരുന്നത് പ്രധാന കാരണം പുതിയ തലമുറയിൽ ഉണ്ടായ മാറ്റം കൊണ്ടാണ്. അവരുടെ വിവാഹത്തോടും കുട്ടികൾ ഉണ്ടാക്കുന്നതിനോടുമുള്ള സമീപനം വേറയാണ്. കുട്ടികൾ വേണ്ട എന്ന നിലയിലേക്കോ, ഒറ്റക്കുട്ടി മാത്രം മതിയെന്ന നിലപാടിലേക്കോ അവർ മാറുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും, വൈകിയുള്ള വിവാഹവും അടക്കമുള്ള നിരവധി കാരണങ്ങൾ ഇതിനായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോൾ തന്നെ കേരളത്തിൽ പത്തനംതിട്ട അടക്കമുള്ള സ്ഥലങ്ങൾ സീറോ പോപ്പുലേഷൻ ഗ്രോത്തിലാണ്.
ലോകത്തിലെ വളരുന്ന സാമ്പത്തിക ശക്തി
പണ്ടൊക്കെ ജനസംഖ്യാ വർധന എന്നത് ഒരു ദുരന്തത്തിന്റെ സൂചനയാണെങ്കിൽ ഇന്ന് അത് വളർച്ചയുടെ സൂചകമായി മാറിക്കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലകളിൽ ലോകമെമ്പാടും എത്താൻ കഴിയുന്ന ഒരു വലിയ വർക്ക് ഫോഴ്സിനെ ഇന്ത്യക്ക് സൃഷ്ടിക്കാനാവും. കഴിഞ്ഞ കുറച്ചുകാലമായി നോക്കിയാൽ കോവിഡിനെ തുടർന്നുള്ള സാമ്പത്തിക കൂഴപ്പങ്ങളിലും, യുക്രൈൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയും മൂലം, അമേരിക്കയും യൂറോപ്പുമൊക്കെ മാന്ദ്യത്തിലേക്ക് പോകുമ്പോളും ഇന്ത്യ പിടിച്ചു നിൽക്കുന്നുണ്ട്.
അർജന്റീനയും, ശ്രീലങ്കയും, പാക്കിസ്ഥാനും അടക്കം ആയിരവും, ഇരുനൂറും, നുറും ശതമാനം പണപ്പെരുപ്പമുള്ള രാജ്യങ്ങൾക്കിടയിൽ വെറും ഏഴു ശതമാനം മാത്രം പണപ്പെരുപ്പമായി ഇന്ത്യ മോശമല്ലാത്ത പ്രകടനം നടത്തുന്നു. പക്ഷേ നമുക്ക് അതുപോലും ദുസ്സഹമായി തോന്നുന്നെങ്കിൽ മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയുടെ സാമ്പത്തികസ്ഥിതി താരതമ്യേന മെച്ചത്തിലാണെന്നാണ് ഐഎംഎഫ് അടക്കമുള്ളവർ വിലയിരുത്തുന്നത്. ലോകത്തിലെ വലിയ സമ്പദ്ഘടനകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം. അസ്ഥിരത തീരെ ഇല്ലെന്നു മാത്രമല്ല ആഭ്യന്തര രംഗത്ത് വലിയ പ്രതിസന്ധികളൊന്നും ഇന്ത്യ നേരിടുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങളുണ്ടെങ്കിലും.
പക്ഷേ ഇന്ത്യയുടെ തൊട്ട് അയൽ നാടുകളിലേക്ക് നോക്കുക. ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ എല്ലാം പ്രതിസന്ധിയിലാണ്. അടുത്തകാലം വരെ നല്ല പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്ന ബംഗ്ലാദേശ്, ഇപ്പോൾ ഫോറിൻ റിസർവ് കുത്തനെ ഇടിഞ്ഞ് കുഴപ്പത്തിലായിരിക്കയാണ്. പാക്കിസ്ഥാനിലാവട്ടെ പണമില്ലാത്തതിനാൽ, പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പോത്തുകളെ തൊട്ട് മൃഗശാലയിലെ സിംഹങ്ങളെവരെ ലേലം ചെയത് വിറ്റുകഴിഞ്ഞു. ഭക്ഷണത്തിനായി ജനം തെരുവിൽ ഇറങ്ങുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ പവർ ഹോളിഡേ പ്രഖ്യാപിക്കുന്നു.
പാക്കിസ്ഥാനിലെ ജനങ്ങൾ ചായ കുടിക്കുന്നത് കുറക്കണമെന്നാണ് അവിടുത്തെ ആസൂത്രണ വിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറയുന്നത്. ''ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. രാജ്യത്തെ വിദേശ വിനിമയ റിസർവ് താഴ്ന്ന നിലയിലാണ്. തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർത്ഥന''- അഹ്സാൻ ഇഖ്ബാൽ പറയുന്നു. ചായക്കുപോലും ഗതിയില്ലായെ പാക്കിസ്ഥാൻ മാറുമ്പോഴാണ് ഇന്ത്യ പിടിച്ച് നിക്കുന്നത് എന്നോർക്കണം.
പക്ഷേ നമ്മൾ പ്രത്യകിച്ച് മലയാളികൾക്ക് ഇന്ത്യ വലിയ പ്രതിസന്ധിയിലാണെന്ന് പ്രചരിപ്പിക്കാനാണ് താൽപ്പര്യം! 2008ൽെ സാമ്പത്തിക മാന്ദ്യം കാര്യമായി ബാധിക്കാതെ കടന്നുപോയതുപോലെ, 2023ലെ ആസന്നമായ പ്രതിസന്ധിയെയും ഭാരതം അതിജീവിക്കുമെന്നാണ്, സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. അങ്ങനെ ഒരു സാഹചര്യത്തിലാണ് നാം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയത്. ഇതും ഇന്ത്യയുടെ പുരോഗതിക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
വാൽക്കഷ്ണം: ഇപ്പോൾ ഇന്ത്യൻ ജനസംഖ്യയിൽ ലോകത്തിൽ ഒന്നമാതായതും മലയാളികൾ ട്രോൾ ആക്കുകയാണ്. 'നാം എല്ലാവരും കൂടി കഠിനമായി അധ്വാനിച്ചുണ്ടാക്കിയ നേട്ടം' എന്നാണ് ട്രോൾ. പക്ഷേ യൂറോപ്പിന്റെയും എന്തിന് ചൈനയുടെയും അനുഭവം നോക്കുമ്പോൾ ജനസംഖ്യകൂടുന്നത് അങ്ങനെ പരിഹസിക്കേണ്ട കാര്യമല്ലെന്ന് മനസ്സിലാവും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ