പാക്കിസ്ഥാന്‍ വിഭജിക്കണമോ എന്ന് അറിയാനായി, മുംബൈയിലോ, ചെന്നൈയിലോ, കൊല്‍ക്കത്തയിലോ ഒരു റഫറണ്ടം അഥവാ ഹിതപരിശോധന നടന്നാലുള്ള അവസ്ഥ എന്തായിരിക്കും? അമേരിക്കയില്‍ നിന്ന് വിട്ടുപോയി ഒരു വിഭാഗത്തിന് സ്വന്തം രാജ്യം വേണമെന്ന് ആവശ്യപ്പെട്ട്, ലണ്ടനിലോ, പാരീസിലോ ഹിതപരിശോധന നടത്താന്‍ കഴിയുമോ? പക്ഷേ ഇന്ത്യയെ വിഭജിച്ച് ഖലിസ്ഥാന്‍ എന്ന സ്വന്തം രാജ്യം സിഖുകാര്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഫറണ്ടം നടന്നുകഴിഞ്ഞു! അതിന്റെ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ നടന്നത്.

ഓക്ലന്‍ഡിലെ അയോട്ടിയ സ്‌ക്വയറിലാണ്, ഒരു സ്വതന്ത്ര സിഖ് മാതൃരാജ്യമായ ഖാലിസ്ഥാന്‍ സൃഷ്ടിക്കുന്നതിനായി വാദിച്ചുകൊണ്ട് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയുടെ ബാനറില്‍ റഫറണ്ടം നടന്നത്. ഇത് അനുവദിക്കാനുള്ള ന്യൂസിലന്‍ഡ് അധികൃതരുടെ തീരുമാനം രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വളരെയധികം എതിര്‍പ്പിന് കാരണമായിട്ടുണ്ട്. എന്നാല്‍ വിശാലമായ അഭിപ്രായ സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍, റഫറണ്ടത്തിന് അനുമതി നിഷേധിക്കാതിരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്നും, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന്് ന്യൂസിലാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

പക്ഷേ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘനയാണ് എസ്എഫ്‌ജെ. ഇവര്‍ നേരത്തെ കാനഡയിലും, യുകെയിലും ഓസ്ട്രേലിയിലുമൊക്കെ ഖലിസ്ഥാന്‍ റഫറണ്ടം സംഘടിപ്പിച്ചുണ്ട്. വലിയ രീതിയില്‍ പണം ഒഴുക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. മൂന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വരെ ജീവനെടുത്ത ഖലിസ്ഥാന്‍ ഭീകരവാദത്തെ, ഏറെ പണിപ്പെട്ടാണ് ഇന്ത്യ അടിച്ചമര്‍ത്തിയത്. ഇപ്പോള്‍ കാനഡ കേന്ദ്രീകരിച്ച നവഖലിസ്ഥാന്‍ വാദം ഉയരുകയാണ്. പക്ഷേ അത്തരത്തിലുള്ള ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്ന പല ഭീകരവാദികളും, ഒന്നിന് പിറകേ ഒന്നായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് കൊല്ലപ്പെട്ടതിനും ഇപ്പോള്‍ ലോകം സാക്ഷിയായി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ' യാണ് ഇതിന് പിന്നിലെന്നാണ് കാനഡ ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ ഇന്ത്യാ-കാനഡ ബന്ധംപോലും വഷളായി. എന്നിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖലിസ്ഥാന്‍ വികാരം പടര്‍ത്താന്‍ സൈബര്‍ ഭിന്ദ്രന്‍വാലകള്‍ക്ക് കഴിഞ്ഞു. കാനഡയില്‍ തട്ടൊരുങ്ങുന്ന നവ ഖലിസ്ഥാനിസത്തെ എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.




പ്രഭവ കേന്ദ്രം കാനഡ

80-കളുടെ തുടക്കത്തിലൊക്കെ പത്രങ്ങളുടെ തലക്കെട്ട് മിക്കവാറും, പഞ്ചാബിലെ ഭീകരവാദത്തിന്റെ ഫലമായി ഉണ്ടായ കൊലകള്‍ ആയിരുന്നു. ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ പാക് പിന്തുണയോടെയുള്ള ഖലിസ്ഥാന്‍ തീവ്രവാദവും, ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും, ഇന്ദിരാഗാന്ധിയുടെ വധവും തുടന്നുണ്ടായ സിഖ് വിരുദ്ധകലാപവുമൊക്കെ രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. അതിനുശേഷം 90-കളില്‍ കെപിഎസ് ഗില്‍ ഡിജിപിയായതോടെ, സൈനിക സഹായത്തോടെ രാജ്യം പഞ്ചാബില്‍നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കി. പിന്നീട് അങ്ങോട്ട് പഞ്ചാബ് സാമ്പത്തികമായും വളര്‍ന്നു. പിന്നീടുള്ള മൂന്ന് ദശകങ്ങള്‍ പഞ്ചാബിന് സമാധാനത്തിന്റെ കാലമായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ചു കാലമായി കാനഡ കേന്ദ്രീകരിച്ച് നവ ഖലിസ്ഥാന്‍വാദം വളരുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ ഹിതപരിശോധനയൊക്കെ.




ലോകത്തിലെ അഞ്ചാമത്തെ വലിയ മതമാണ് സിഖ് മതം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലടക്കം വലിയ പങ്കുവഹിച്ചവരാണ് സിഖ് ജനത. പക്ഷേ അതുപോലെതന്നെ മതപരമായ ദൃഡതയും അവര്‍ക്കുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറുന്ന ജനത മലയാളികള്‍ ആണെന്നാണ് പൊതുവെ പറയുക. പക്ഷേ മലയാളികളുടെയൊക്കെ മുകളിലാണ് സത്യത്തില്‍ സിഖുകാര്‍. കാനഡയിലും, യുകെയിലും, ഓസ്ട്രേലിയിലും തൊട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ ഉണ്ട്. ഇന്ന് 8 ലക്ഷത്തോളം സിഖുകാര്‍ കാനഡയില്‍ ഉണ്ടെന്നാണ് കണക്ക്.

നാല് കോടി ജനസംഖ്യയുള്ള കാനഡയില്‍, 18 ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. അതില്‍ എട്ടുലക്ഷം എന്നത് ഒരു ചെറിയ സംഖ്യയല്ല. 70-കളില്‍ ട്രക്ക് ഡ്രൈവര്‍മാരായി എത്തിയവരുടെ കുടുംബങ്ങളൊക്കെ വലിയ രീതിയില്‍ സാമ്പത്തികമായി പുരോഗമിച്ചു കഴിഞ്ഞു. പുതുതലമുറ സത്യത്തില്‍ കനേഡിയന്‍സായി രൂപാന്തരം പ്രാപിക്കയാണ് വേണ്ടത്. പക്ഷേ അവിടെയാണ് മതത്തിന്റെ കളി. എത്ര പാശ്ചാത്യനായി വളരുന്ന കുട്ടിയിലും, മതത്തിന്റെ സ്വത്വബോധം കുത്തിവെക്കാന്‍ പാരമ്പര്യ അധ്യാപനങ്ങള്‍ കൊണ്ട് കഴിയുന്നു.

പിന്നീട് ഇന്ത്യയില്‍നിന്ന് ഖലിസ്ഥാന്‍ ഭീകരത ഏതാണ്ട് തുടച്ച നീക്കപ്പെട്ട അതേ സാഹചര്യത്തില്‍ കാനഡയും ശാന്തമായിരുന്നു. പക്ഷേ ഇപ്പോള്‍ കഴിഞ്ഞ കുറച്ചുകാലമായി പഞ്ചാബില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ന്യുജന്‍ ഖലിസ്ഥാന്‍ വാദികളായ ഒരുപാട് ചെറുപ്പക്കാര്‍ അവിടെ നിന്ന് വരുന്നു. അക്രമത്തിന്റെയും ഡ്രഗ്‌സിന്റെയും താവളമായി പഞ്ചാബ് മാറുന്നു. ഇതിലൊക്കെ ചെറുതല്ലാത്ത ഒരു പങ്ക്, കാനഡയില്‍നിന്നുമുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തെളിവ് കിട്ടിയതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഖലിസ്ഥാന്‍ തീവവ്രാദത്തിന്റെ സാമ്പത്തിക നാഡി കാനഡയിലാണ്.

ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാറിനെപ്പോലെ ഇപ്പോള്‍ സിഖ് ഗ്രുപ്പുകള്‍ നിയന്ത്രിക്കുന്ന അവസ്ഥയാണ്. കാനഡയില്‍ നേരത്തെ ഉണ്ടായിരുന്ന ഒരു പാര്‍ട്ടിയെപ്പോലം നവ ഖലിസ്ഥാനികള്‍ പര്‍ച്ചേസ് ചെയ്തു കഴിഞ്ഞു. എന്‍ഡിപി എന്ന ന്യൂ ഡെവലപ്പ്മെന്റ് പാര്‍ട്ടിയുടെ തലപ്പത്ത് സിഖ് പ്രതിനിധികള്‍ എത്തിയതോടെ, സഖ്യകക്ഷിയായ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കും അവര്‍ക്കെതിരെ മൃദുസമീപനം സ്വകീരിക്കേണ്ടിവന്നു.




പന്നൂന്‍ എന്ന പന്നന്‍!

പണ്ടുതൊട്ട ഖലിസ്ഥാന്‍ തീവ്രവാദത്തിന് വലിയ വേരുളള മണ്ണാണ് കാനഡ.വഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് പകരം വീട്ടാനായി സിഖ് തീവ്രവാദികള്‍ നടത്തിയ കനിഷ്‌ക്ക വിമാന ആക്രമണത്തില്‍പോലും കാനഡ മതിയായ അന്വേഷണം നടത്തിട്ടില്ല. ഒന്നും രണ്ടുമല്ല, 329 പേരാണ് കനിഷ്‌കാ വിമാനാപകടത്തില്‍ മരിച്ചത്. 1985 ജൂണ്‍ 23 അന്നായിരുന്നു, എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് 182 എന്ന ബോയിങ് 747 വിമാനം അയര്‍ലന്‍ഡിന് തെക്കായി അത്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണത്. ലോകത്തെ ഞെട്ടിച്ച ഈ അപകടത്തില്‍ വിമാനത്തിലെ 307 യാത്രക്കാരും 22 ജീവനക്കാരും ചാരമായി. അതു സാങ്കേതികപ്പിഴവായിരുന്നില്ല, ബോംബാക്രമണമായിരുന്നെന്ന കണ്ടെത്തല്‍ ലോകത്തെ നടുക്കി. മുന്‍ഭാഗത്ത് ചരക്ക് സൂക്ഷിക്കുന്ന അറയിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് വിമാനം തകര്‍ന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

മൂന്നാലുപേര്‍ അറസ്റ്റിലായി എന്നല്ലാതെ ഇത്രയും പേരെ കൊന്ന സംഭവത്തിലെ സൂത്രധാരന്‍മ്മാരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതില്‍ പോലും ഗുരുതരമായ അനാസ്ഥയുണ്ടായി. 2001 സെപ്റ്റംബറില്‍ വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ നടന്നതൊഴിച്ചാല്‍ ഏറ്റവും വലിയ തീവ്രവാദി ആക്രമണമായാണ് ഇതിനെ ലോകം വിലയിരുത്തുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടമരമണവും. അതാണ് ആസൂത്രകരെ പിടികൂടാന്‍ കഴിയാതെ അവസാനിച്ചത്. ഈ ഒരു ഒറ്റ സംഭവത്തില്‍നിന്നുതന്നെ കാനഡയില്‍ ഖലിസ്ഥന്‍ തീവ്രാദികള്‍ക്കുള്ള പിടി വ്യക്തമാണ്.

പക്ഷേ പഞ്ചാബില്‍ തീവ്രവാദം അടിച്ചമര്‍ത്തപ്പെട്ടതോടെ കാനഡിയിലും പ്രശ്നങ്ങള്‍ തീര്‍ന്നിരുന്നു. പക്ഷേ രണ്ടാം ഖലിസ്ഥാന്‍ വാദത്തിന് തുടക്കമിട്ടത്, കനേഡിയന്‍-അമേരിക്കന്‍ അഭിഭാഷകനായ ഗുര്‍പത്വന്ത് സിംഗ് പന്നൂനാണ്. മലയാളികളുടെ നാട്ടുഭാഷയില്‍ പറഞ്ഞ കടുത്ത വര്‍ഗീയവാദിയും ഇന്ത്യാവിരുദ്ധനുമായ ഈ പന്നനാണ് നിലവിലുള്ള സിഖ് തീവ്രവാദത്തിന്റെ സുത്രധാരന്‍. ഖാലിസ്ഥാനെ ഒരു പ്രത്യേക സിഖ് രാഷ്ട്രമായി സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്ജെഎഫ്) നിയമോപദേശകനും വക്താവുമാണ് അദ്ദേഹം.




പഞ്ചാബിലെ അമൃത്സറിന്റെ പ്രാന്തപ്രദേശത്തുള്ള ഖാന്‍കോട്ട് ഗ്രാമത്തിലാണ് പന്നൂന്‍ ജനിച്ചതും വളര്‍ന്നതും. 1992-ല്‍ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് മാറി. അമേരിക്കയിലും കാനഡയിലും ഇദ്ദേഹത്തിന് പൗരത്വമുണ്ട്. മുഹമ്മദ് സല്‍മാന്‍ യൂനുസ് എന്ന പാകിസ്ഥാന്‍ പൗരന്റെ സഹായത്തോടെ യുഎസിലാണ് ഇദ്ദേഹം, സിഖ്‌സ് ഫോര്‍ ജസ്റ്റീസ് സംഘടന തുടങ്ങിയത്. ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്റെ നിയമ ചട്ടക്കൂടിന് കീഴിലാണ് ഇദ്ദേഹം തന്റെ സഹോദരന്‍ അവതാര്‍ സിംഗ് പന്നൂനും, യൂനുസിനും ഒപ്പം സംഘടന സ്ഥാപിച്ചത്. പക്ഷേ ഇവര്‍ക്ക് പാക് ചാരസംഘടനായ ഐഎസ്ഐയുടെ നിര്‍ലോഭമായ പിന്തുണയുണ്ടായിരുന്നു. പന്നൂനും യൂനുസും കശ്മീര്‍- ഖാലിസ്ഥാന്‍ റെഫറണ്ടം ഫ്രണ്ട് (കെകെആര്‍എഫ്) എന്ന സംഘടനയും തുടങ്ങി. കാശ്മീര്‍, ഖാലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനങ്ങളെ പിന്തുണച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. നിരവധി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടും യുഎസും കാനഡയും പോലുള്ള രാജ്യങ്ങള്‍ അദ്ദേഹത്തിനെതിരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല.


ഹിന്ദുക്കള്‍ പുറത്തുപോകണം!

ഇന്ത്യക്കെതിരെ നിരന്തരം ഹേറ്റ് സ്പീച്ച് നടത്തുകയും, കുടത്ത ഹിന്ദുവിരുദ്ധ പ്രചരണം നടത്തുകയുമാണ് പന്നുന്‍ ഇപ്പോള്‍ ചെയ്യുന്നത്. അമേരിക്ക ,കാനഡ , യു കെ എന്നിവയുള്‍പ്പെടെ ലോകമെമ്പാടും പരിപാടികളും റാലികളും സംഘടിപ്പിച്ച് ഖാലിസ്ഥാന്‍ എന്ന പ്രത്യേക സിഖ് രാഷ്ട്രത്തിനായി പന്നൂന്‍ പ്രചാരണം നടത്തി . സിഖുകാര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നതിലും അദ്ദേഹം പങ്കാളിയാണ്.

നൂറുകണക്കിന് വീഡിയോകള്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് പന്നൂന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകളും ചിത്രങ്ങളും സഹിതം 'ഇന്ത്യയെ കൊല്ലുക' എന്നെഴുതിയ പോസ്റ്ററുകളുടെ ഉത്തരവാദിത്തവും പന്നൂന്‍ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ ഇവ പ്രതീകാത്മകമാണെന്നും, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമത്തിന് പ്രേരണ നല്‍കുന്നതല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. 2023 സെപ്റ്റംബറില്‍, പന്നൂന്‍ ഇന്‍ഡോ-കനേഡിയന്‍ ഹിന്ദുക്കള്‍ക്ക് കാനഡ വിടാന്‍ മുന്നറിയിപ്പ് നല്‍കുന്ന ഒരു വീഡിയോ പുറത്തിറക്കി. അവര്‍ക്ക് കാനഡയോടുള്ള കൂറില്ല എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. വീഡിയോ കനേഡിയന്‍ രാഷ്ട്രീയക്കാരില്‍ നിന്നുപോലും വ്യാപകമായ അപലപിക്കപ്പെട്ടു. പക്ഷേ എന്നിട്ടും ഈ ഭീകരനെതിരെ നടപടിയുണ്ടായില്ല.

പന്നുന്റെ നേതൃത്വത്തില്‍, 2024 ജൂലൈ 28-ന് കാനഡയിലെ കാല്‍ഗറിയില്‍ നടന്ന റഫറണ്ടവും ഏറെ ചര്‍ച്ചയായിരുന്നു. ഈ റഫറണ്ടത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട നിജ്ജാറിന്റെ കുടുംബം രംഗത്തെത്തിയതും വാര്‍ത്തയായി. മുനിസിപ്പല്‍ പ്ലാസ വോട്ടിംഗ് കേന്ദ്രത്തില്‍ നടന്ന റഫറണ്ടത്തില്‍ 55,000-ലധികം കനേഡിയന്‍ സിഖുകാര്‍ വോട്ട് ചെയ്തു. സായുധ പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഖാലിസ്ഥാനികളുടെ കുടുംബങ്ങളും വോട്ടുചെയ്യാനെത്തി. 1995 ഓഗസ്റ്റില്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ മനുഷ്യബോംബ് ഷഹീദ് ദിലാവര്‍ സിംഗ് ബബ്ബര്‍ ജയിന്റെ കുടുംബമാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.

തുടര്‍ന്ന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. . ''തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്, ഒന്നുകില്‍ നിങ്ങളുടെ ശത്രുവിനെ കൊല്ലുക അല്ലെങ്കില്‍ ഇന്ത്യന്‍ വ്യവസ്ഥിതിയെ കൊല്ലുക,''- ഖാലിസ്ഥാന്‍ ഹിതപരിശോധനയില്‍ വോട്ട് ചെയ്യാന്‍ കാത്തുനിന്ന ആയിരക്കണക്കിന് ജനക്കൂട്ടത്തോട് പന്നൂന്‍ ആവശ്യപ്പെട്ടു. ''1929-ല്‍, ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ നിയമസഭയ്ക്ക് നേരെ ബോംബെറിഞ്ഞത് ഷഹീദ് ഭഗത് സിംഗ് ആയിരുന്നു''-പന്നൂന്‍ പറഞ്ഞു: ''ഖലിസ്ഥാന്‍ റഫറണ്ടം പ്രചാരണം ഇന്ത്യയുടെ അടിത്തറ ഇളക്കിമറിച്ചു. ഷഹീദ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതിന് ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞരെ കനേഡിയന്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു''.

ഖാലിസ്ഥാന്‍ റഫറണ്ടത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് സിഖുകാര്‍ കാല്‍ഗറിയിലെ ഐക്കണിക് മുനിസിപ്പലില്‍ പുലര്‍ച്ചെ 4 മുതല്‍ 6 വരെ ക്യൂവില്‍ നിന്നു. സിറ്റി ഹാളിന് പുറത്ത് തടിച്ചുകൂടിയ സിഖുകാര്‍ ഖാലിസ്ഥാന്റെ പതാകകള്‍ ഏന്തി, 'രക്തസാക്ഷിത്വം' വരിച്ച സിഖുകാരുടെ വലിയ പോസ്റ്ററുകള്‍ കൊണ്ട് പുറത്ത് റോഡ് അലങ്കരിച്ച. ബാനറുകളില്‍ സിഖ് ഭീകരരുടെ ചിത്രങ്ങള്‍ പതിക്കുകയും അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

പകല്‍ മുഴുവന്‍ കാല്‍ഗറിയിലെ ടൗണ്‍ ഹാള്‍ 'ഖലിസ്ഥാന്‍ സിന്ദാബാദ്', 'പഞ്ചാബ് ബനായ് ഗാ ഖലിസ്ഥാന്‍', 'ഡല്‍ഹി ബനായ് ഗാ ഖലിസ്ഥാന്‍', 'രാജസ്ഥാന്‍ ബനായ് ഗാ ഖലിസ്ഥാന്‍', 'മോദി, സിഖുകാര്‍ക്കെതിരായ ഭീകരവാദം അവസാനിപ്പിക്കൂ', എന്നീ മുദ്രാവാക്യങ്ങളാല്‍ നിറഞ്ഞു.'ഇന്ത്യ ഭരിക്കുന്ന പഞ്ചാബ് ഒരു സ്വതന്ത്ര രാജ്യമാകണമോ?' എന്ന ചോദ്യത്തിലാണ് വോട്ടെടുപ്പ് നടത്തുന്നത്. 'അതെ', 'ഇല്ല' എന്നീ രണ്ട് ഓപ്ഷനുകളാണ് നല്‍കിയത്. അതേ എന്നതിനാണ് വലിയ ഭൂരിപക്ഷം കിട്ടുക എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നേരത്തെ 2021 ഒക്ടോബര്‍ 31-ന്ലണ്ടനിലും അവര്‍ ഇതുപോലെ റഫറണ്ടം നടത്തിയിരുന്നു.




ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കുന്നു

പന്നൂന്‍ അടക്കമുള്ള പരനാറികളുടെ പ്രവര്‍ത്തനംമൂലം കാനഡയിലെ നിരപരാധികളായ ഹിന്ദുസമൂഹമാണ് ഭീതിയിലായിരിക്കുന്നത്. സമാധാനമായി ജീവിക്കുന്ന കാനഡയുടെ മണ്ണില്‍പോലും വര്‍ഗീയതയും വംശീയതയും കൊണ്ടുവരാന്‍ ഇവര്‍ക്കായി. അതിന്റെ ഫലമായി കാനഡയില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരയുള്ള ആക്രമണം പതിവായിരിക്കയാണ്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനുനേരെ ഖലിസ്താന്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത് വലിയ ചര്‍ച്ചയായിരുന്നു. ഭക്തര്‍ക്കുനേരെയും ആക്രമണമുണ്ടായി. കൈയും വടിയുമുപയോഗിച്ച് ആളുകള്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്ന് ഒട്ടാവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു. അക്രമികളെ ശിക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കാനഡയിലെ ഹിന്ദു സമൂഹവും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു.

ആക്രമണം നടന്ന ക്ഷേത്രത്തിന് മുന്‍പില്‍ ഇന്ത്യന്‍ വംശജര്‍ ഒത്തുകൂടി. ആയിരക്കണക്കിന് പേര്‍ ഇന്ത്യന്‍ പതാകയുമായാണ് തടിച്ചുകൂടിയത്. നേരത്തെ ബ്രാംപ്ടണില്‍ ഹിന്ദു മഹാസഭയുടെ ക്ഷേത്രം ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമിച്ചിരുന്നു. അപ്പോഴും അതിക്തമായ ഭാഷയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ അപലപിച്ചത്. പ്രശ്നം വലിയ ചര്‍ച്ചയായതോടെ കനേഡിയന്‍ സര്‍ക്കാരും ഉണര്‍ന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍, സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജി) സജീവ പ്രവര്‍ത്തകനായ ഇന്ദര്‍ജീത് ഗോസാലി അടക്കമുള്ളവര്‍ കനേഡിയന്‍ പോലീസിന്റെ പിടിയിലായി. കാനഡയിലെ എസ്.എഫ്.ജിയുടെ കോര്‍ഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദര്‍ജീത്.

കാനഡയെ മാത്രമല്ല, ഓസ്‌ട്രേലിയയെയും ഖലിസ്ഥാന്‍ ഭീകരര്‍ ഇന്ത്യക്കെതിരെ താവളമാക്കുന്നുണ്ട്. നേരത്തെ, സിഡ്‌നിയിലെ സ്വാമിനാരായണ്‍ ക്ഷേത്രം താറുമാറാക്കുകയും ക്ഷേത്രത്തിലെ ചുവരുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ പലതും എഴുതുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലെ അഞ്ച് ക്ഷേത്രങ്ങള്‍ ഇങ്ങനെ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ ഹൈക്കമ്മിഷന്‍ മന്ദിരങ്ങള്‍ ആക്രമിക്കുകയും ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ മുന്നില്‍ വച്ച് ഇന്ത്യന്‍ പത്രപ്രവര്‍ത്തകരെ ആക്രമിച്ചു. ലണ്ടനില്‍ ഇന്ത്യയുടെ ദേശീയ പതാക വലിച്ചു താഴ്ത്തി ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചു. പലയിടത്തും ഇന്ത്യന്‍ പതാകകള്‍ കത്തിച്ചു. അയായത് ഈ വൈറസ് ലോകം മൂഴുവന്‍ പടരുകയാണ്.




കാനഡയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബിലേക്ക് നിര്‍ബാധം പണം ഒഴുകുന്നുമുണ്ട്. കഴിഞ്ഞവര്‍ഷം, പഞ്ചാബിനെ വിറപ്പിച്ച് ഒടുവില്‍ അകത്തായ, അമൃത്പാല്‍ സിങ് എന്ന രണ്ടാം ഭിന്ദ്രന്‍വാലക്കുള്ള ആളും അര്‍ഥവും വന്നത് കാനഡയില്‍നിന്നാണ്. പന്നുനെപ്പോലെ ഇന്ത്യാവിരുദ്ധതതും ഹിന്ദുവിരുദ്ധതയുമായിരുന്നു, അമൃത്പാലിന്റെയും തുറുപ്പ്ചീട്ട്. അതുപോലെ തന്നെ പഞ്ചാബിലെ ഗായക ഗുണ്ടകള്‍ എന്ന് അറിയപ്പെടുന്ന ഗ്യാങ്സ്റ്റര്‍ റാപ്പിസ്റ്റുകള്‍ക്കും പണം വരുന്നത് കാനഡയില്‍നിന്നാണ്. മനുഷ്യക്കടത്ത്, ഗുണ്ടാ പ്രവര്‍ത്തനം, ഡ്രഗ്പാര്‍ട്ടികള്‍ തൊട്ട് തട്ടിക്കൊണ്ടുപോയി വിലപേശലുകള്‍വരെ നടത്തുന്ന ഒരു അധോലോകത്തെ നിയന്ത്രിക്കുന്നത് പഞ്ചാബിലെ റാപ്പ് ഗായകരും അവര്‍ക്ക് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ് അതിന്റെ ഏറ്റവും ഉദാഹരണമായിരുന്നു, കോണ്‍ഗ്രസ് നേതാവും, റാപ്പ് ഗായകനുമായ സിദ്ദു മൂസേവാല എന്ന ലക്ഷങ്ങള്‍ ആരാധകരുള്ള 29കാരന്റെ മൃഗീയമായ കൊലപാതകം. കാനഡയിലേക്കുള്ള മനുഷ്യക്കടത്താണ് ഇത്തരം ഗ്യാങ്സ്റ്റര്‍ റാപ്പിസ്റ്റുകളുടെ മറ്റൊരു പണിയും. പ്രശസ്ത ഗായകന്‍ ഡാലര്‍ മെഹന്തിവരെ ഇങ്ങനെ കാനഡയിലേക്കുള്ള മനുഷ്യക്കടത്തില്‍ അറസ്റ്റിലായിരുന്നു.

പന്നൂന്റെ നാളുകള്‍ എണ്ണപ്പെട്ടു

ഇപ്പോള്‍ തീവ്രവാദികളോട് കണ്ണിന് കണ്ണ് പല്ലിന് പല്ല്, എന്ന രീതിയില്‍ ഭാരതവും തിരിച്ചടിക്കുന്ന കാലമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഖലിസ്ഥാന്‍ ഭീകരരാണ്, അജ്ഞാതരാല്‍ ഈയിടെ കൊല്ലപ്പെട്ടത്. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി നടന്ന മൂന്ന് കൊലപാതകങ്ങള്‍. ഒന്ന് പാക്കിസ്ഥാനില്‍, അടുത്തത് കാനഡയില്‍, മറ്റൊന്ന് ബ്രിട്ടണില്‍. കൊല്ലപ്പെട്ടവര്‍ മൂന്ന് പേരും ഖലിസഥാന്‍ സംഘടകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍. മൂന്ന് പേരും ഇന്ത്യയുടെ നോട്ടപ്പുള്ളികള്‍. കഴിഞ്ഞ മേയ് ആറിനായിരുന്നു ആദ്യത്തെ കൊലപാതകം. ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്സ് മേധാവി പരംജിത് സിങ് പഞ്ച്വാര്‍ പാകിസ്താനിലെ ലാഹോറില്‍വെച്ചാണ് വെടിയേറ്റ് മരിച്ചത്. ജൂണ്‍ 15-ന്, ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിലെ അംഗമായ അവതാര്‍ സിങ് പുര്‍ബ ബ്രിട്ടണിലെ ബര്‍മിങാമിലെ ഒരു ആശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. അവതാര്‍ സിങ് പുര്‍ബ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും വിഷബാധയേറ്റാണ് മരണമെന്നാണ് അനുയായികള്‍ ആരോപിച്ചത്. പുര്‍ബയ്ക്ക് അസുഖമുണ്ടെന്ന അവകാശവാദങ്ങള്‍ സിഖ് സംഘടനയായ ഖല്‍സ എയ്ഡ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രവി സിങ് തള്ളിക്കളയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 19-നായിരുന്നു മൂന്നാമത്തെ കൊലപാതകം. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറാണ് കാനഡയില്‍ വെടിയേറ്റു മരിച്ചത്. ഇതാണ് ഇപ്പോള്‍ കാനഡ പ്രശ്‌നമാക്കുന്നത്.

ഇന്ത്യ എല്ലാം നിഷേധിക്കുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. പിന്നെ ആരാണ് ഇന്ത്യയുടെ ശത്രുക്കളെ കാലപുരിക്ക് അയക്കുന്നത്. വിദേശരാജ്യങ്ങള്‍ പറയുന്നത് അത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍ന്‍സിയാ റോ തന്നെയാണെന്നാണ്. സിഐഎയുടെയും, മൊസാദിന്റെയുമൊക്കെ കില്ലര്‍ സ്‌ക്വാഡുകളെക്കുറിച്ച് കേട്ടിട്ടില്ലേ. ലോകത്തിന്റെ ഏത് കോണില്‍ പോയി ശത്രുക്കളെ കൊന്നിടുന്ന രീതി. ആ ശൈലിയിലേക്ക് റോയും കടക്കുകയാണെന്നാണ്, വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പാക്കിസ്ഥാനില്‍വെച്ച് നിരവധി കാശ്മീര്‍ ഭീകരരും കൊല്ലപ്പെടുന്നുണ്ട്.




അതുകൊണ്ടുതന്നെ പന്നൂന്റെ നാളുകളും എണ്ണപ്പെട്ടുവെന്ന് പലരും എഴുതുന്നുണ്ട്. 2020-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പന്നൂനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. അപ്പോഴേക്കും റോയുടെ നോട്ടപ്പുള്ളിയായി പന്നൂന്‍ മാറിയിരുന്നു. 2023-ല്‍, വധശ്രമത്തില്‍നിന്ന് ഭാഗ്യം കൊണ്ടാണ് പന്നൂന്‍ രക്ഷപ്പെട്ടത്. അതിന്റെ കേസ് ഇപ്പോഴും തുടരുകയാണ്. പിന്നീട് ഇന്ത്യക്കാരനായ നിഖില്‍ ഗുപ്ത(52) കേസില്‍ പിടിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയിലാണ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയെന്നാരോപിച്ച് ജൂണ്‍ 30 ന് ചെക്ക് അധികൃതരാണ് ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. യുഎസും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി പ്രകാരമായിരുന്നു അറസ്റ്റ്. വാടകക്കൊലയാളിയെ സംഘടിപ്പിക്കാനായി ഡല്‍ഹിയിലുള്ള ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും നവംബര്‍ 29-ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച യു.എസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. അടുത്തിടെയുണ്ടായ മറ്റ് ഹിഡന്‍ ഓപ്പറേഷനുകള്‍പോലെ പന്നുന്റെ വധശ്രമത്തിന് പിന്നിലും ഇന്ത്യയാണെന്നാണ കാനഡ ആരോപിക്കുന്നത്.

കനേഡിയന്‍ മണ്ണില്‍ ഖാലിസ്ഥാനികള്‍ ഉണ്ടെന്നും അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുറന്ന് സമ്മതിച്ചിട്ടുണ്ട്.-''ഖാലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യത്തിനായി വാദിക്കുന്ന ഒട്ടനേകം പേര്‍ കാനഡയില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ കാനഡയില്‍ കുടിയേറി പാര്‍ത്തുവരുന്ന സിഖ് സമൂഹം മുഴുവന്‍ ഈ വിഭാഗത്തില്‍ പെടുന്നില്ല. ഏതാനും ചിലര്‍ വേറിട്ട് ചിന്തിക്കുന്നതിന് ഒരു വിഭാഗത്തെ മുഴുവനായി കുറ്റപ്പെടുത്താനാകില്ല. കാനഡയില്‍ താമസിക്കുന്ന ഹൈന്ദവരില്‍ ചിലര്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരാണ്. എന്നു കരുതി ഹിന്ദു സമൂഹം മുഴുവന്‍ മോദി അനുകൂലികള്‍ അല്ല. അതുപോലെയാണ് സിഖുകാരും''- ട്രൂഡോ പറഞ്ഞു.



തലസ്ഥാനമായ ഒട്ടാവോയില്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ ഇന്ത്യന്‍ വംശജര്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രൂഡോ ഇങ്ങനെ പറഞ്ഞത്. പക്ഷേ കാനഡ സിഖ് തീവ്രാദത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. പക്ഷേം എന്ത് വിലകൊടുത്തും ഖലിസ്ഥാന്‍ തീവ്രാദത്തെ അടിച്ചമര്‍ത്തുമെന്ന നിലപാടിലാണ് ഇന്ത്യ.

വാല്‍ക്കഷ്ണം: തീവ്രാദത്തിന്റെ കെടുതികള്‍ ഏറെ അനുഭവിച്ച രാഷ്ട്രങ്ങളാണ് അമേരിക്കയടക്കമുളളവര്‍. എന്നിട്ടും നാലുവോട്ടിനുവേണ്ടി കാനഡയടക്കമുള്ള രാജ്യങ്ങള്‍ ഖലിസ്ഥാന്‍ ഭീകരതയോട് മൃദുസമീപനം സ്വീകരിക്കുന്നത് ശരിക്കും അമ്പരിപ്പിക്കുന്നതാണ്.