കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള, നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിനോട് ചേര്‍ന്നുള്ള വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലുള്ള പ്രദേശം, 90-കളുടെ തുടക്കംവരെ ആരും എത്തിപ്പെടാത്ത വിജനമായ പ്രദേശമായിരുന്നു. ഇന്ന് അവിടം ഓരോ ദിവസവും ആയിരിക്കണക്കിന് ആളുകള്‍ എത്തുന്ന, വലിയ യോഗ-ധ്യാന കേന്ദ്രമായിരിക്കയാണ്. അതാണ് ഇഷാ ഫൗണ്ടേഷന്‍. ഓരോ ശിവരാത്രിയിലും ഇവിടെ പതിനായിരങ്ങളാണ്, സദ്ഗുരു എന്ന് തങ്ങള്‍ വിളിക്കുന്ന ആചാര്യനെ കാണാനും, പ്രാര്‍ത്ഥനക്കായും എത്തുന്നത്.

112 അടി ഉയരമുള്ള ആദിയോഗി ശിവ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സദ്ഗുരു എന്ന് അറിയപ്പെടുന്ന യോഗാചാര്യന്‍ ജഗ്ഗി വാസുദേവാണ് ഈ പ്രതിമ രൂപകല്‍പന ചെയ്തത്. 2017 ഫെബ്രുവരി 24 ന് മഹാശിവരാത്രി ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ശിവനെ ആദ്യത്തെ യോഗിയായും, മനുഷ്യരാശിക്ക് യോഗ വാഗ്ദാനം ചെയ്ത ആദി ഗുരുവായി ച്രിത്രീകരിക്കുന്നു, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍വരെ സ്ഥാനം പിടിച്ച ഈ പ്രതിമ. ഇഷ എന്ന വാക്കിന്റെ അര്‍ത്ഥം 'രൂപരഹിതമായ ദിവ്യന്‍' എന്നാണ്. ഇന്ന് ശതകോടികള്‍ വരുമാനമുള്ള വലിയ സ്ഥാപനമായി ഇഷാ ഫൗണ്ടേഷന്‍ വളര്‍ന്നു കഴിഞ്ഞു. യോഗാക്ലാസുകള്‍, ആധ്യാത്മിക യാത്രകള്‍, വിദ്യാഭ്യാ് സ്ഥാപനങ്ങള്‍, സാമൂഹിക-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയായി അത് ലോകം മുഴുവനും എത്തുകയാണ്.

1994-ല്‍ തുടങ്ങിയ ഈ സ്ഥാപനം യോഗയുടെ പേരിലാണ് വളര്‍ന്നത്. സദ്ഗുരവിന്റെ മനോഹരമായ ഇംഗ്ലീഷിലുള്ള പ്രഭാഷണങ്ങളും, യോഗാ-ധ്യാന ക്ലാസുകളും ആയിരങ്ങളെ ആരാധകരാക്കി. 1996-ല്‍ ഇന്ത്യന്‍ ദേശീയ ഹോക്കി ടീമിനായി ഒരു യോഗ കോഴ്‌സ് ഇവിടെ നടത്തി. 1997-ല്‍ ഇഷ ഫൗണ്ടേഷന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ യോഗ പ്രോഗ്രാമുകള്‍ നടത്താന്‍ തുടങ്ങി. 1998-ല്‍ തമിഴ്‌നാട്ടില്‍ ജീവപര്യന്തം തടവുകാര്‍ക്കായി യോഗ ക്ലാസുകളും നടത്തി. അതായത് കോര്‍പ്പറേറ്റുകള്‍ തൊട്ട് സാധാരണക്കാര്‍വരെ ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് കിടക്കുന്നു.

കടുത്ത വിമര്‍ശകര്‍ക്കുപോലും, അവഗണിക്കാന്‍ കഴിയുന്നതല്ല, ഇഷാ ഫൗണ്ടേഷന്‍ ചെയ്യുന്ന സാമൂഹിക സേവനങ്ങള്‍. പ്രോജക്ട് ഗ്രീന്‍ഹാന്‍ഡ്സ് എന്ന പേരില്‍ രാജ്യത്തെമ്പാടും വൃക്ഷത്തൈകള്‍ നടാനുള്ള പദ്ധതി, ഗ്രാമീണ പുനരുജ്ജീവനത്തിനുള്ള പ്രവര്‍ത്തനത്തിനുള്ള ആക്ഷന്‍ ഫോര്‍ റൂറല്‍ റീജുവനേഷന്‍ പദ്ധതി, ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള ഇംഗ്ലീഷ് ഭാഷാ അധിഷ്ഠിതവും കമ്പ്യൂട്ടര്‍ എയ്ഡഡ് വിദ്യാഭ്യാസവും നല്‍കുന്ന ഇഷാ വിദ്യാ, അതുപോലെ ഇന്ത്യയിലെ നദികളിലുടനീളമുള്ള ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനും നദികളെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമായി നടത്തിയ റാലി ഫോര്‍ റിവേഴ്‌സ്... വൃദ്ധര്‍ക്കും അനാഥര്‍ക്കും അശരണര്‍ക്കുമായുള്ള നിരവധി പദ്ധതികള്‍ അങ്ങനെ പോവുന്ന ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍.





പക്ഷേ ഇന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവമായും ജഗ്ഗി വളര്‍ന്നു കഴിഞ്ഞു. 'മാന്‍, മിസ്റ്റിക്...' - ഇഷ ഫൗണ്ടേഷന്‍ എന്ന ജഗ്ഗി വാസുദേവിന്റെ എന്‍ജിഒയുടെ വെബ്‌സൈറ്റില്‍ അദ്ദേഹത്തെപ്പറ്റി ഇങ്ങനെ വിശേഷിപ്പിക്കുന്നു. നേരത്തെതും ജഗ്ഗിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി സുപ്രീകോടതിയില്‍വരെ മിസ്സിംഗ് കേസുകള്‍ എത്തി. തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആശ്രമത്തെക്കുറിച്ച് പുറത്തുവരുന്നത്.

സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ചതെന്തിന്?

തന്റെ പെണ്‍മക്കളായ ഗീത (42), ലത (39) എന്നിവരെ കോയമ്പത്തൂരിലെ ഫൗണ്ടേഷന്റെ ആശ്രമത്തില്‍ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച്, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്ന എസ് കാമരാജ് സുപ്രീകോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ്, ഇഷാ ഫൗണ്ടേഷനെയും ജഗ്ഗി വാസുദേവിനെയും ഒരിടവേളക്കുശേഷം വിവാദത്തിലാക്കിയത്. കാമരാിന്റെ രണ്ട് മക്കളും നിലവില്‍ കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലാണ് താമസിക്കുന്നത്. അവരെ കാണാനോ ബന്ധപ്പെടാനോ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കോടതി മുന്‍പാകെ വ്യക്തമാക്കി. പിതാവെന്ന നിലയ്ക്ക് അതീവ ദു:ഖിതനാണെന്നും കാമരാജ് ബോധിപ്പിച്ചു.

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇവര്‍. സദ്ഗുരു ബ്രയിന്‍ വാഷ് ചെയ്ത് മനം മാറ്റിയതിലൂടെയാണ് പെണ്‍ മക്കള്‍ തന്നെ വിട്ടുപോയതെന്നാണ് അദ്ദേഹം കോടതി മുന്‍പാകെ പരാതിപ്പെട്ടത്. തന്റെ കുട്ടികളെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കാമരാജ് ഹരജി നല്‍കി. എന്നാല്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരായ രണ്ടു മക്കളും, തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും തടങ്കലിലല്ലെന്നും മൊഴി നല്‍കി. അതോടെ കേസില്‍ സദഗുരുവിന് താല്‍ക്കാലിക ആശ്വാസമാണ് ഉണ്ടായത്.

ഗീതയുമായും ലതയുമായും സുപ്രീം കോടതി നേരിട്ട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചിരുന്നു. ഈ ആശയവിനിമയത്തിനിടെ, തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്ന് സ്ത്രീകള്‍ സ്ഥിരീകരിച്ചു. തങ്ങള്‍ ആശ്രമത്തിലെ അന്തേവാസികളാണെന്നും, എട്ട് വര്‍ഷമായി പിതാവ് തങ്ങളെ പീഡിപ്പിക്കുകയാണെന്നുമാണ് സുപ്രീംകോടതിയില്‍ ഇവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതോടെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ മൂന്നംഗബെഞ്ച് ് പിതാവിന്റെ ഹേര്‍ബിയസ് കോര്‍പ്പസ് ഹരജി തള്ളുകയായിരുന്നു.

പെണ്‍കുട്ടികളുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡും നടത്തി. എന്നാല്‍, ഇത്തരം നടപടികള്‍ ആളുകളേയും സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ലെന്ന്, വാദത്തിനിടെ, ചീഫ് ജസ്റ്റിസ് പറഞ്ഞു.ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനെതിരേ നടത്താന്‍ നിര്‍ദ്ദേശിച്ച അന്വേഷണവും സുപ്രീംകോടതി റദ്ദാക്കി. ഹര്‍ജിക്കാരനായ പിതാവിന് ഇവരെ പൊലീസിനൊപ്പമല്ലാതെ ആശ്രമത്തിലെത്തി കാണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഈ ഉത്തരവ് ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നടത്തുന്ന മറ്റ് അന്വേഷണങ്ങളെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.




കേസ് സുപ്രീം കോടതി തീര്‍പ്പാക്കിയെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് മദ്രാസ് കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. സ്വന്തം മക്കളെ വിവാഹം ചെയ്യിപ്പിച്ച് അയച്ച് മറ്റുള്ളവരെ ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്തിന് എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ചോദ്യം. ജഗ്ഗി വാസുദേവ് സ്വന്തം മകളുടെ കല്യാണം നടത്തുകയും അവരെ ജീവിതത്തില്‍ നല്ല നിലയിലെത്തിക്കുകയും ചെയ്തശേഷം മറ്റുള്ളവരോട് ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയാണെന്ന വൈരുധ്യം ഹരജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്, കോടതിയും ഇതേ ചോദ്യം ചോദിച്ചത്. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്‌മണ്യം, വി ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചാണ് ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനായ സദ്ഗുരുവിനോട് ഈ ചോദ്യം ചോദിച്ചത്.

എന്നാല്‍ തങ്ങള്‍ ആരെയും ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നില്ലെന്നും, അതൊക്കെ ഓരോരുത്തരുടെയും ചോയ്സ് ആണെന്നുമാണ് ജഗ്ഗി വാസുദേവിന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസുകളും ലൈംഗിക പീഡന കേസുകളും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും കോടതിയില്‍ ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ എല്ലാ കേസുകളുടെയും വിശദാംശങ്ങള്‍ കോടതി ആവശ്യപ്പെട്ടത്.

ഇതോടൊപ്പം ഒരു രാഷ്ട്രീയ യുദ്ധംകൂടി, ഇഷാ ഫൗണ്ടേഷന്റെ മറവില്‍ തമിഴകത്ത് അരങ്ങേറുന്നുണ്ട്. ജഗ്ഗി വാസുദേവും കൂട്ടരും, സംഘ്പരിവാരിന് പരസ്യ സ്വീകാര്യത കിട്ടാന്‍ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നാണ് ഡിഎംകെയുടെ ആരോപണം. മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രത്യേക അന്വേഷണ പ്രകാരമാണ് ഇപ്പോള്‍ ഇഷാ ഫൗണ്ടേഷനുനേരെ അന്വേഷണം നടക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുന്നതും.

ക്യാമ്പസ് പരിസരത്ത് ശ്മശാനം!

തമിഴ്‌നാട് പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍, ഇഷാ ഫൗണ്ടേഷനെതിരെ അതി ഗുരുതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്. ഇവിടുത്തെ അന്തേവാസികളായ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇഷ ഫൗണ്ടേഷന്‍ ക്യാമ്പസ് പരിസരത്ത് ശ്മശാനമുണ്ടെന്നും പോലീസ് സമര്‍പ്പിച്ച 23 പേജുകളടങ്ങുന്ന റിപ്പോര്‍ട്ടിലുണ്ട്. ഇഷ ഫൗണ്ടേഷനിലെ ആശുപത്രി അന്തേവാസികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.




കോയമ്പത്തൂര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തികേയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, 15 വര്‍ഷത്തിനിടെ ആലന്തുരൈ പോലീസ് സ്റ്റേഷനില്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ആറു പേരെ കാണാതായതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നു. ഇതില്‍ അഞ്ചു കേസുകള്‍ തുടര്‍നടപടി ഒഴിവാക്കി അവസാനിപ്പിച്ചു. ശേഷിച്ച കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 174 പ്രകാരം ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മാത്രമല്ല ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന ശ്മശാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അയല്‍വാസി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായും പൊലീസ് പറയുന്നു. ഇഷ ഫൗണ്ടേഷനില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ക്കെതിരേ ഒരു പ്രാദേശിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിന്റെ വിശദാംശങ്ങളും പോലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ കേസില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ സാകേത് പോലീസ് സ്റ്റേഷനില്‍ ഒരു യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയെ കുറിച്ചും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2021-ല്‍ ഇഷ യോഗ സെന്ററില്‍ യോഗ കോഴ്സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. ഇത്തരത്തില്‍ യോഗ കോഴ്‌സിനെത്തിയ ഒരാളില്‍ നിന്നാണ് ലൈംഗികാതിക്രമമുണ്ടായത്. യുവതി പിന്നീട് പരാതി പിന്‍വലിച്ചെങ്കിലും, യുവതിയുടെ മൊഴി രേഖപ്പെടുത്താത്തതിനാലും പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്തതിനാലും ഈ കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടുമെന്നും പോലീസ് അറിയിച്ചു.

ഗോത്രവര്‍ഗക്കാര്‍ക്ക് നല്‍കിയ ഭൂമി കൈയേറിയതിന് ഇഷ യോഗ സെന്ററിനെതിരെയുള്ള എഫ്.ഐ.ആറിലും അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ ഇഷ ഫൗണ്ടേഷനെതിരെ ഫയല്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ തമിഴ്നാട് പോലീസിനോട് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി നടപടിക്കെതിരെ പോലീസ് ഫയല്‍ ചെയ്ത എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നും തമിഴ്നാട് സര്‍ക്കാര്‍ തങ്ങളോട് പകപോക്കുകയാണെന്നാണ്, ഇഷ ഫൗണ്ടേഷന്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, ബിജെപിയുടെയും പിന്തുണയാണ് ജഗ്ഗിയുടെ കരുത്ത്. പക്ഷേ ഡിഎംകെയും സ്റ്റാലിനുമാവട്ടെ, കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേന്‍ പൂട്ടിക്കെട്ടിക്കുമെന്ന് നിലപാടിലാണെന്നാണ് തമിഴ്മാധ്യമങ്ങള്‍ പറയുന്നു. ജഗ്ഗി വാസുദേവിന്റെ പഴയകാലം എടുത്തുകാട്ടിയും, അയാളുടെ ഭാര്യയുടെ മരണം അടക്കമുള്ള കാര്യങ്ങള്‍ എടുത്തു പറഞ്ഞും, ഡിഎംകെ ശക്തമായ ക്യാമ്പയില്‍ തുടങ്ങിക്കഴിഞ്ഞു.

ഭാര്യ എങ്ങനെ സ്വയം സമാധിയായി?

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഭൂതകാലം തമിഴ്നാട്ടില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഡിഎംകെ പ്രവര്‍ത്തകര്‍, പഴയ ഇന്ത്യന്‍ എക്പ്രസ് പത്രത്തില്‍ ജഗ്ഗിയുടെ ഭാര്യയുടെ മരണം സംബന്ധിച്ച് വന്ന വാര്‍ത്തകളൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. 1997 ജനുവരി 23ന് തന്റെ ഭാര്യ വിജയകുമാരി മഹാസമാധി അടയുകയായിരുന്നുവെന്നാണ് ജഗ്ഗി വാസുദേവിന്റെ വിശദീകരണം. പിറ്റേന്ന് അതിരാവിലെ കോയമ്പത്തൂരിലെ ഇഷാ ആശ്രമത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ സ്വന്തം ഇഷ്ടപ്രകാരം മഹാസമാധി അടഞ്ഞതാണെന്നും ഇതിന് സാക്ഷികളുണ്ടെന്നുമാണ് അവകാശവാദം. എന്നാല്‍, അവരുടെ അച്ഛനെപ്പൊലും മൃതദേഹം കാണിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നു. ഡോക്ടറെ വിളിച്ച് മരണം സ്ഥിരീകരിച്ചില്ലെന്നും വെളിപ്പെട്ടു. അന്വേഷണവേളയില്‍ ജഗ്ഗി അമേരിക്കയിലേക്ക് പോയതും ദുരൂഹമാണ്. 1997-1999 കാലയളവില്‍ കേസ് വന്‍വിവാദമായി കത്തിപ്പടര്‍ന്നു. പിന്നീട് കേസ് എങ്ങുമെത്താതെ അവസാനിച്ചു.

അതേപ്പറ്റി ലഭ്യമായ ഒരേയൊരു രേഖ അക്കൊല്ലം അച്ചടിച്ചുവന്ന ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ ഒരു റിപ്പോര്‍ട്ടിന്റെ കട്ടിങ് ആണ്. അതില്‍ ഗംഗണ്ണാ എന്നുപേരായ ഒരു വൃദ്ധന്‍, ബാംഗ്ലൂര്‍ സിറ്റി പൊലീസില്‍ നല്‍കിയ ഒരു പരാതിയെപ്പറ്റിയും പറയുന്നുണ്ട്. തന്റെ മകള്‍ വിജി എന്ന് വിളിക്കുന്ന വിജയകുമാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് തനിക്ക് തന്റെ മരുമകന്‍ ജഗ്ഗിയെ സംശയമുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ അഭ്യര്‍ത്ഥന മാനിക്കാതെ താന്‍ ബാംഗ്ലൂരില്‍ നിന്ന് ഓടിയെത്തുമ്പോഴേക്കും, തന്നെ ഒരു നോക്കുകാണിക്കാതെ മകളുടെ മൃതദേഹം ചിതയില്‍ ദഹിപ്പിച്ചു കഴിഞ്ഞിരുന്നു എന്നും അദ്ദേഹം പറയുന്നു. മരുമകന്‍ ജഗ്ഗി അങ്ങനെ പ്രവര്‍ത്തിച്ചത് മരണത്തില്‍ അയാള്‍ക്ക് പങ്കുള്ളതുകൊണ്ടാവാം എന്ന സംശയം ഗംഗണ്ണ പ്രകടിപ്പിക്കുന്നു. അങ്ങനെ ചെയ്യാന്‍ കാരണം, ആശ്രമത്തിലെ മറ്റൊരു യുവതിയുമായുള്ള ജഗ്ഗിയുടെ ബന്ധത്തെ തന്റെ മകള്‍ ചോദ്യം ചെയ്തതാവാം എന്നും ആ അച്ഛന്‍ ആരോപിച്ചിരുന്നു.

ഗംഗണ്ണയുടെ നിര്‍ദേശപ്രകാരം അന്ന് അതുമായി ബന്ധപ്പെട്ടുകൊണ്ട് ബാംഗ്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ആ കേസ് പിന്നീട് കോയമ്പത്തൂര്‍ പൊലീസിന് കൈമാറുന്നു. എന്നാല്‍ അന്നും അത് ജഗ്ഗി വാസുദേവ് എന്ന യോഗാ ഗുരു, സദ്ഗുരു എന്ന ആധ്യാത്മികാചാര്യനായി മാറിക്കഴിഞ്ഞ കാലമായിരുന്നു. ഈ പരാതിയും, കേസും മറവിയില്‍ മാഞ്ഞു.





തമിഴ് യുക്തിവാദികള്‍ നേരത്തെ തുടങ്ങിയ ജഗ്ഗിക്കെതിരായ കാമ്പയിന്‍ നടത്തിയിരുന്നു. അദ്ദേഹം പറയുന്ന ആശാസ്ത്രീയതകളും, ആശ്രമത്തിലെ പ്രകൃതി ചൂഷണവും, മിസ്സിങ്ങ് കേസുകളുമൊക്കെ ആദ്യം പുറംലോകത്ത് എത്തിച്ചതും തമിഴ്നാട്ടിലെ യുക്തിവാദികള്‍ ആയിരുന്നു. ഇപ്പോഴും അവര്‍ അതേ ആരോപണങ്ങള്‍ ആവര്‍ത്തിക്കയാണ്.

കോഴിക്കച്ചവടക്കാരനായി തുടക്കം

കാഷായം ധരിച്ച പതിവ് സന്യാസികളില്‍നിന്ന് വ്യത്യസ്തനായി, സ്പോര്‍ട്സ് ജാക്കറ്റും കോട്ടും സണ്‍ ഗ്ലാസസും ഒക്കെ ധരിച്ചുകൊണ്ട്, സൂപ്പര്‍ ബൈക്കുകളില്‍ സഞ്ചരിച്ചുകൊണ്ട്, പാശ്ചാത്യ ഉച്ചാരണ രീതിയില്‍ ഇംഗ്ലീഷ് സംസാരിച്ചുകൊണ്ട് ജനങ്ങളെ കൈയിലെടുത്ത ഒരു ഗോഡ്മാന്‍. ഒരു അസാധാരണമായ ഒരു വളര്‍ച്ചയുടെ കഥയാണ് ജഗ്ഗി വാസുദേവിന്റെത്.

1957 -ല്‍ ഇന്ത്യയിലെ മൈസൂരില്‍ കുടിയേറിപ്പാര്‍ത്ത ഒരു തെലുഗു കുടുംബത്തില്‍ ജനിച്ച ജഗദീഷ് വാസുദേവ് എന്ന ജഗ്ഗി. കുടുംബത്തിലെ നാല് കുട്ടികളില്‍ ഏറ്റവും ഇളയവനായിരുന്നു. അച്ഛന്‍ ഇന്ത്യന്‍ റെയില്‍വേയ്‌സിലെ ഒരു നേത്രരോഗവിദഗ്ധനായിരുന്നു. അമ്മ ഒരു വീട്ടമ്മയും. അച്ഛന്‍ റെയില്‍വേയില്‍ ആയിരുന്നതിനാല്‍ ഇടയ്ക്കിടെ താമസസ്ഥലം മാറിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ, പല നാടുകള്‍ കണ്ട് പല ഭാഷകള്‍ പഠിച്ചാണ് ജഗ്ഗി വളര്‍ന്നത്. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം ജഗ്ഗി മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടുന്നു. തുടര്‍ന്ന് പഠിക്കാതെ ആദ്യം കൈവെക്കുന്നത് കോഴിവളര്‍ത്തലിലാണ്.

കോഴിക്കച്ചവടം ഒരു വിധം പച്ചപിടിച്ചു വരുമ്പോഴാണ്, 1982 -ല്‍ ജഗ്ഗിക്ക് തന്റെ ഇരുപത്തഞ്ചാം വയസ്സില്‍, ചാമുണ്ഡി ഹില്‍സിന്റെ മുകളില്‍ ധ്യാനത്തിലിരിക്കെ ഒരു ആധ്യാത്മികാനുഭവമുണ്ടാവുന്നത് എന്നാണ് വിക്കിപീഡിയ പറയുന്നത്. ആറാഴ്ചക്കകം, തന്റെ ബിസിനസ് സുഹൃത്തിനെ ഏല്‍പ്പിച്ച് ആ ആധ്യാത്മിക നിലാവെളിച്ചത്തെ അന്വേഷിച്ച് യാത്രകള്‍ തുടങ്ങി. ഏതാണ്ട് ഒരു വര്‍ഷക്കാലം ധ്യാനം, യോഗ തുടങ്ങിയവയില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷം ജഗ്ഗി യോഗ പഠിപ്പിക്കാനും, തനിക്കുണ്ടായ ആധ്യാത്മിക വെളിപാട് മറ്റുള്ളവരുമായി പങ്കുവെക്കാനും തീരുമാനിക്കുന്നു.

1983 -ല്‍ ജഗ്ഗിയുടെ ആദ്യത്തെ യോഗാ ക്‌ളാസ് മൈസൂരില്‍, വെറും ഏഴുപേരുമായി തുടങ്ങുന്നു. പോകെപ്പോകെ ഹൈദരാബാദ് മുതല്‍ മൈസൂര്‍ വരെയുള്ള നിരവധി പട്ടണങ്ങളില്‍ തന്റെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചുകൊണ്ട് നിരവധി യോഗാ ക്‌ളാസുകള്‍ ജഗ്ഗി നടത്തി. അതിനിടെ വിജയ കുമാരി എന്നൊരു യുവതിയെ വിവാഹം കഴിക്കുന്നുമുണ്ട് ജഗ്ഗി വാസുദേവ്. ഇവരുടെ മരണമാണ് മഹാ സമാധിയായി മാറിയത്. പിന്നീട് യോഗയിലുടെ ജഗ്ഗി വളര്‍ന്ന്, പ്രധാനമന്ത്രിപോലും ആദരിക്കുന്ന ഗുരുവായി.

പറയുന്നത് ഏറെയും സ്യൂഡോ സയന്‍സ്

യോഗയെ കൂട്ടുപ്പിച്ച് സ്യൂഡോ സയന്‍സ് പ്രചരിപ്പിക്കുന്നതിന്റെ പേരില്‍, സ്വതന്ത്രചിന്തകരും ശാസ്ത്ര പ്രചാരകരും വലിയ തോതില്‍ സദ്ഗുരുവിനെ വിമര്‍ശിക്കാറുണ്ട്. ഇഷാ യോഗാ ഫൗണ്ടേഷന്‍ പഠിപ്പിക്കുന്ന യോഗാ ടെക്നിക് അറിയപ്പെടുന്നത് ശാംഭവി മഹാമുദ്ര എന്നാണ്. അതിനൊയി കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ ഒരു പഠനത്തെ ജഗ്ഗി ഉദ്ധരിക്കാറുണ്ട്. പ്രസ്തുത പഠനം സൂചിപ്പിക്കുന്നത്, ഈ മഹാമുദ്ര പരിശീലിക്കുന്നവരില്‍ സാധാരണക്കാരേക്കാള്‍ 241 ശതമാനം അധികം ന്യൂറോണ്‍ റീജെനറേഷന്‍ ഉണ്ടാകുന്നുണ്ട് എന്നാണത്രെ. പക്ഷേ ഇത് ബയാസ്ഡ് ആയിട്ടുള്ള പഠനമാണെന്ന്, ജാവേദ് അക്തറിനെപ്പോലുള്ളവര്‍ പൊളിച്ചടുക്കിയതാണ്. ഗ്രഹണ സമയത്ത് പാചകം ചെയ്ത ഭക്ഷണം വിഷമായി മാറുന്നു എന്ന ജഗ്ഗിയുടെ വാദമൊക്കെ തീര്‍ത്തും പരിഹാസ്യമായിരുന്നു. നിരവധി ഫാക്റ്റ് ചെക്ക് ഗ്രൂപ്പുകള്‍ ഈ വാദം പൊളിച്ചിട്ടുണ്ട്.





മഹാശിവരാത്രിയെപ്പറ്റി സദ്ഗുരു പറഞ്ഞ 'സ്യൂഡോസയന്‍സ്' വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി തന്നെ പരസ്യമായി പ്രസ്താവിച്ചിരുന്നു. ശിവരാത്രി പ്രഭാഷണത്തില്‍, ഒരുപെണ്‍കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി സദ്ഗുരു ഇങ്ങനെ പറയുന്നു. -''മഹാശിവരാത്രിയെന്നത് വെറുമൊരു മതാചാരമെന്നു തള്ളിക്കളയാനുള്ളതല്ല. അതിന് ഭൂമിയുടെ അസ്‌ട്രോണോമിക്കല്‍ ഫേസീമായി ബന്ധമുണ്ട്. ഈ ഭൂമി സൗരയൂഥമെന്നു നാം വിളിക്കുന്ന വലിയൊരു കുടുംബത്തിന്റെ ഭാഗമാണ്. സൗരയൂഥമോ ഗാലക്സിയെന്നോ കോസ്മോസ് എന്നോ ഒക്കെ നമ്മള്‍ വിളിക്കുന്ന, പേരുകള്‍ എന്തുമാട്ടെ, കുറേക്കൂടി വലിയൊരു കുടുംബത്തിന്റെ ഭാഗമാണ്. ആത്യന്തികമായി, ഇവിടെ പരസ്പര ബന്ധമില്ലാതെ യാതൊന്നും തന്നെ നടക്കുന്നില്ല എന്നതാണ് സത്യം. ഭ്രമണ പരിക്രമണങ്ങള്‍ക്കിടയില്‍ ചില പ്രത്യേക നേരങ്ങളില്‍, ചില പ്രത്യേക സ്ഥാനങ്ങളില്‍ വരുമ്പോള്‍ നമ്മുടെ ഭൂമിയിലെ അവസ്ഥയ്ക്ക് ചില പ്രത്യേകതകളുണ്ടാകും. ഇതില്‍ ഏത് ഫേസ് ആണ് നമുക്ക് ഗുണകരമാവുക എന്നു തിരിച്ചറിയേണ്ടതുണ്ട്.

ആ ഒരു പരിപ്രേക്ഷ്യത്തില്‍, വര്‍ഷത്തില്‍ പന്ത്രണ്ടോ പതിമൂന്നോ ശിവരാത്രികള്‍ ഉള്ളതില്‍ മഹാശിവരാത്രി ഏറെ വിശേഷപ്പെട്ട ഒരു ദിവസമാണ്. എല്ലാ മാസത്തിന്റെയും പതിനാലാം നാള്‍ ശിവരാത്രിയാണ്, അന്ന് ഭൂമിയില്‍ ഉയര്‍ന്ന ഊര്‍ജ്ജാവസ്ഥയായിരിക്കും. എന്നാല്‍, ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ വരുന്ന ഈ വിശേഷ ശിവരാത്രിയില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്ത ഋതുവിന്റെ ആരംഭകാലമാണ്. അന്ന് ഭൂമിയില്‍ ഊര്‍ജത്തിന്റെ ഒരു വേലിയേറ്റമുണ്ടാകും. അങ്ങനെ ഒരു ഊര്‍ജവേലിയേറ്റം നടക്കുമ്പോള്‍, നമ്മള്‍ കിടന്നുറങ്ങിയാല്‍, അതായത് നമ്മുടെ ശരീരത്തെ തിരശ്ചീനമാക്കി വെച്ചാല്‍, അത് നമ്മുടെ ശരീരത്തിന് ദോഷകരമായി ഭവിച്ചേക്കാം. ആ സമയത്ത് ശരീരം ലംബസ്ഥിതിയില്‍ ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഊര്‍ജത്തിന്റെ സ്വാഭാവികമായ ചലനം ലംബദിശയിലാണ്, കിടക്കുമ്പോള്‍ നിങ്ങള്‍ അതിന് വിപരീതദിശയിലായിപ്പോകും.

അപ്പോള്‍ എന്തുചെയ്യണം? കിടന്നുറങ്ങാതെ ഉണര്‍ന്നിരിക്കണം. ഉണര്‍ന്നിരിക്കാന്‍ എന്തുചെയ്യണം? ചിലര്‍ ബാറില്‍ പോകും. ചിലര്‍ രാത്രിമുഴുവന്‍ കുത്തിയിരുന്ന് ചീട്ടുകളിക്കും. ചിലര്‍ തുടര്‍ച്ചയായുള്ള ലെറ്റ് നൈറ്റ് ഷോകള്‍ക്ക് തിയേറ്ററില്‍ പോയിരിക്കും. നിങ്ങള്‍ ഏത് മില്ലേനിയത്തില്‍ ജനിച്ചതായാലും, ഇത് നിങ്ങള്‍ക്കൊരു അവസരമാണ്. നിങ്ങള്‍ ജനിച്ചുവീണ ഈ ഭൂഗോളം, ഈ ഗ്രഹം, നിങ്ങളെ പിന്തുണയ്ക്കുന്ന വേളയാണിത്. അതിന്റെ പരമാവധി ലാഭമെടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്''- ജഗ്ഗി പറഞ്ഞു.

എന്നാല്‍, ജഗ്ഗി വാസുദേവ് ഈ പറഞ്ഞത് അസ്ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യക്ക് തള്ളകയാണ്. ജഗ്ഗി പറഞ്ഞതിനെ അത്രയും ഖണ്ഡിച്ചുകൊണ്ട് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അവര്‍ മറുപടിയും നല്‍കി. 'മഹാശിവരാത്രിയും ഭൂമിയുടെ അസ്ട്രോണമിക്കല്‍ ഫേസുമായി യാതൊരു ബന്ധവുമില്ല. സത്യത്തില്‍, ഈ അസ്ട്രോണമിക്കല്‍ ഫേസ് എന്ന പ്രയോഗം തന്നെ വിശാലാര്‍ത്ഥത്തില്‍ തെറ്റാണ്. അങ്ങനെ ഒന്നില്ല എന്നുതന്നെ പറയാം. ഈ ദിവസം ജ്യോതിശാസ്ത്രപരമായ ഒരു 'അലൈന്‍മെന്റും' ഇവിടെ നടക്കുന്നില്ല. സദ്ഗുരു ഈ പടച്ചുവിടുന്ന സ്യൂഡോ സയന്‍സ് തിയറികളൊന്നും തന്നെ നിമിഷനേരത്തേക്കുപോലും വിശ്വസിച്ചു പോകരുത് ആരും..!' എന്നായിരുന്നു ആ മറുപടി ട്വീറ്റ്. അതിനുശേഷം കുറേക്കൂടി വിസ്തരിച്ചുള്ള ഒരു വിശദീകരണക്കുറിപ്പും അവര്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.

പ്രസ്തവനാ വിവാദങ്ങള്‍ നിരവധി

നിരവധി പ്രസ്താവനാ വിവാദങ്ങളിലും ചാടിയിരുന്നു സദ്ഗുരു. ബാബരി മസ്ജിദിന്റെ തകര്‍ക്കലിനെ അനുകൂലിച്ചു പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുള്ള ജഗ്ഗി, ഗോവധ നിരോധനത്തെയും അനുകൂലിക്കുന്നുണ്ട്. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ളവയെ ന്യായീകരിച്ചു. ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രവുമായും ബന്ധമില്ലാത്തതിനാല്‍ താന്‍ ഒരിക്കലും രാഷ്ട്രീയ നിലപാട് എടുക്കില്ല എന്ന് പറയാറുണ്ടെങ്കിലും, മിക്കവാറും അത് ആര്‍ഷഭാരത സംസ്‌കാരത്തില്‍ അധിഷ്ഠിതമാകാറുണ്ട്.

ആള്‍ക്കൂട്ട കൊലപാതകങ്ങളെപ്പറ്റിയും ജഗ്ഗി വാസുദേവിന് കൃത്യമായ ഒരു നിലപാടുണ്ട്. ഇന്ത്യയില്‍ ഗോവധ നിരോധന നിയമം വേണ്ടത്ര കര്‍ക്കശമായി നടപ്പിലാക്കിയിരുന്നു എങ്കില്‍ ഇവിടെ ആള്‍ക്കൂട്ടക്കൊലകള്‍ നടക്കുമായിരുന്നില്ല എന്നാണ് ജഗ്ഗി പറയുന്നത്. പശുക്കള്‍ മനുഷ്യരെപ്പോലെ തന്നെയാണെന്നും, അവയ്ക്ക് മനുഷ്യരെപ്പോലെ സങ്കടം പോലും വരുമെന്നും, അവ കരയുമെന്നും ജഗ്ഗി പറയുന്നു. അതുകൊണ്ടുതന്നെ പശുക്കളെ കൊല്ലുന്നതും മനുഷ്യരെ കൊല്ലുന്നതും ഒരുപോലെ കുറ്റകരമാണ് എന്നും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങള്‍ക്കെതിരെയും അദ്ദേഹം കടുത്ത നിലപാട് എടുത്തു. ആധ്യാത്മികതയില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കും, യോഗാഭ്യാസത്തിനു നല്‍കിയ സേവനങ്ങള്‍ക്കും ഉള്ള ആദരവായി നരേന്ദ്രമോദി സര്‍ക്കാര്‍ 2017 -ല്‍ സദ്ഗുരു ജഗ്ഗി വാസുദേവിന് ഇന്ത്യയിലെ പരമോന്നത പദ്മ പുരസ്‌കാരമായ പദ്മവിഭൂഷണ്‍ നല്‍കുകയുമുണ്ടായി. അതാണ് സ്റ്റാലിനെ ചൊടിപ്പിച്ചെന്ന ആക്ഷേപവും ശക്തമാണ്. സദ്ഗുരു തമിഴ്നാട്ടില്‍, വളരുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം കരുതുന്നു. അതുകൊണ്ടുതന്നെ ഇഷാ ഫൗണ്ടേഷന്‍ വിവാദം ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാവുകയാണ്.


വാല്‍ക്കഷ്ണം: മഴ തോര്‍ന്നാലും മരം പെയ്യും എന്നാണെല്ലോ. സുപ്രീകോടതിയിലെ കേസിന് പിന്നാലെ, ഇഷാ ഫൗണ്ടേഷനില്‍ വെച്ച് തന്റെ മകള്‍ ലൈംഗികാതിക്രമത്തിന് വിധേയയായി എന്ന് പറഞ്ഞ്, ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈദരാബാദില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ മധുരയിലെ അണ്ണാനഗര്‍ പൊലീസ്്‌സ്റ്റേഷനില്‍ വാഞ്ചിനാഥന്‍ എന്ന അഭിഭാഷകന്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ കേസുകളൊക്കെ എവിടെ എത്തുമെന്ന് കണ്ടറിയണം.