- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലെസ്‌ബിയൻ നീലച്ചിത്ര കാസറ്റുകൾ എത്തിച്ച് അടുത്തുകൂടിയ ലേഡി വീഡിയോഗ്രാഫർ; അധികാരം കിട്ടിയപ്പോൾ മന്നാർഗുഡി മാഫിയയായി; പിടിക്കപ്പെട്ടത് മോദി നൽകിയ മുന്നറിയിപ്പിൽ; പ്രമേഹംമൂലം വിരലുകൾ മുറിച്ച മുഖ്യമന്ത്രിയെ അടിച്ച് നിലത്തിട്ടു, സ്ലോ പോയിസൻ നൽകി തീർത്തു; ജയലളിതയുടെ തോഴിയോ കാലനോ! തമിഴകത്തെ ഞെട്ടിക്കുന്ന ശശികലയുടെ കഥ
തോഴി! സ്വർണ്ണക്കടത്ത് വിവാദത്തിനുശേഷം നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ 'മെന്റർ' എന്ന വാക്കുപോലെ, ദുരൂഹതകൾ ഏറെയുള്ള വാക്കായിരുന്നു അത്. അതിന് മുമ്പ് തമിഴകം ഒരിക്കലും അധികാരത്തിന്റെ ഇടനാഴികളിൽ ഒരു തോഴിയെ കണ്ടിട്ടില്ല. ഒരു പരിചാരിക ആയിരുന്നില്ല ആ തോഴി. മുഖ്യമന്ത്രി ജയലളിതയുടെ കിടപ്പറയിൽ അന്തിയുറങ്ങുന്ന, അവർക്ക് മരുന്ന് എടുത്തുകൊടുക്കുന്ന, ഭക്ഷണം കൊടുക്കുന്ന, ഒരേ സമയം അമ്മയുടെയും പ്രണയിനിയുടെയും ഡോക്ടറുടെയും, സുഹൃത്തിന്റെയും, രക്ഷാകർത്താവിന്റെയും ഒക്കെ സ്ഥാനത്തായിരുന്നു ആ തോഴി. പുരെട്ച്ചി തലൈവി എങ്ങോട്ട് പോവണം, എന്ത് ചെയ്യണം എന്നതൊക്കെ നിശ്ചയിക്കുന്ന ആൾ. വന്നുവന്ന് തോഴിക്കും കൂട്ടർക്കും കമ്മീഷൻ കൊടുക്കാതെ ഒരു പരിപാടിയും തമിഴ്‌നാട്ടിൽ ഒരു കാലത്ത് നടക്കില്ല എന്ന് വന്നു. വെറുമൊരു വീട്ടമ്മയിൽനിന്ന് ശതകോടികൾ ആസ്തിയുള്ള നേതാവായി അവർ ഉയർന്നു. അതായിരുന്നു, വിവേകാനന്ദ കൃഷ്ണവേണി ശശികല എന്ന വികെ ശശികല. വെറുമൊരു വീട്ടമ്മയിൽനിന്ന് ഒരു സംസ്ഥാനത്തിന്റെ ഭാഗധേയങ്ങൾ നിർണ്ണയിക്കുന്ന, കിങ്ങ് മേക്കറിലേക്കുള്ള അവരുടെ വളർച്ച പെട്ടന്നായിരുന്നു.
ജയലളിതയുടെ എല്ലാ ഐശ്വര്യങ്ങൾക്ക് പിന്നിൽ ശശികലയാണെന്ന ജോത്സ്യ പ്രവചനത്തെ തുടർന്ന് ജയയുടെ ഷഷ്ടിപുർത്തി ദിനത്തിൽ ഇരുവരും വിവാഹിതരായി എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ന് അതേ തോഴി, തമിഴ്‌നാടിന്റെ ദാരിദ്ര നിർമ്മാർജനത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ച, ദക്ഷിണേന്ത്യയിലെ ഏറ്റവും കരുത്തയായ മുഖ്യമന്ത്രിയായി അറിയപ്പെട്ട ജയലളിതയുടെ കാലനായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജയലളിതയുടെ മരണത്തിൽ വി.കെ. ശശികല ഉൾപ്പെടെ നാലുപേരെ പ്രതിയാക്കി അന്വേഷണം നടത്താൻ ജസ്റ്റിസ് ആറുമുഖസാമി കമ്മിഷൻ ശുപാർശ ചെയതിരിക്കയാണ്. മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയുടെ മേശപ്പുറത്ത് വെച്ച കമ്മഷീൻ റിപ്പോർട്ടിലെ വിവരങ്ങൾ വായിച്ച് തമിഴ് മക്കൾ ഞെട്ടുകയാണ്.
വിപ്ലവ നായികയെ അപായപ്പെടുത്തിയതാര്?
ജയലളിതയുടെ മരണസമയത്ത് തന്നെ തുടങ്ങിയതാണ്, ഇതുസംബന്ധിച്ച വിവാദങ്ങളും. വീട്ടിൽ കുഴഞ്ഞുവീണ ജയലളിതയെ 2016 സെപ്റ്റംബർ 22-നാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടരമാസത്തെ ചികിത്സയ്ക്കുശേഷം ഡിസംബർ അഞ്ചിനായിരുന്നു മരണം. ഇതിനിടെ, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നു. ഹൃദയസ്തംഭനമാണു മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും ശശികലയും കുടുംബവുമാണു ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നും അന്നത്തെ അണ്ണാ ഡിഎംകെ മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ തുറന്നടിച്ചിരുന്നു. ശശികലയെ പേടിച്ചു താനുൾപ്പെടെയുള്ള മന്ത്രിമാർ ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു കള്ളം പറഞ്ഞതായും ശ്രീനിവാസൻ വെളിപ്പെടുത്തയിരുന്നു.
ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിവിധ കോണുകളിൽനിന്ന് അഭിപ്രായ പ്രകടനങ്ങളുയർന്നിരുന്നു. എല്ലാ ആരോപണങ്ങളും വിരൽ ചൂണ്ടിയതു ശശികല കുടുംബത്തിനു നേരെയാണ്. എന്നാൽ, അപ്പോളോ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം വിളിച്ച് ആരോപണങ്ങളെല്ലാം നിഷേധിച്ചു. ശശികലയെ ജനറൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഒ.പനീർസെൽവത്തിന്റെ (ഒപിഎസ്) പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണമായിരുന്നു. ഒപിഎസ്-ഇപിഎസ് (എടപ്പാടി പളനിസാമി) ലയനത്തിനു വഴിയൊരുക്കി പിന്നീട് സർക്കാർ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അങ്ങനെയാണ് ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷൻ ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാനെത്തിയത്.
അന്വേഷണ റിപ്പോർട്ട് നേരത്തെ തന്നെ മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് സഭയുടെ മേശപ്പുറത്ത് വെച്ചത്. ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് റിപ്പോർട്ടിലുള്ളത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ട്. 2016 സെപ്റ്റംബർ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള എല്ലാ കാര്യങ്ങളും രഹസ്യമാക്കി വെച്ചു. വിദേശ ഡോക്ടർമാർ ജയലളിതയ്ക്ക് ആൻജിയോ പ്ലാസ്റ്റിയും ഹൃദയ ശസ്ത്രക്രിയയും അടക്കം ശുപാർശ ചെയ്തെങ്കിലും നടത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജയലളിതയെ മരണത്തിന് മനപ്പൂർവ്വം ചിലർ തള്ളിവിട്ടുവെന്നാണ് ആരോപണം. മരണത്തിൽ ശശികല, ജയലളിതയുടെ പേഴ്സണൽ ഡോക്ടറും ശശികലയുടെ ബന്ധുവുമായ ഡോ ശിവകുമാർ, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ, അപ്പോളോ ആശുപത്രി ചെയർമാൻ ഡോ പ്രതാപ് റെഡ്ഡി, ഡോ രാമ മോഹന റാവു എന്നിവർ കുറ്റക്കാരാണെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇവർക്കെതിരെ അന്വേഷണം വേണമെന്നും ശുപാർശയുണ്ട്.
കാലതാമസം വരുത്താതെ വിദഗ്ധചികിത്സ നൽകിയിരുന്നുവെങ്കിൽ ജയലളിതയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കമ്മിഷൻ നിരീക്ഷിച്ചു. ശശികലയെ പോയസ് ഗാർഡനിലെ വീട്ടിൽനിന്ന് ജയലളിത പുറത്താക്കിയതിനുശേഷം 2012-ൽ വീണ്ടും ഇരുവരും ഒന്നിച്ചുവെങ്കിലും തുടർന്നുള്ള ബന്ധം അത്ര സുഖകരമല്ലായിരുന്നു. ആശുപത്രിയിൽ ജയലളിത ചികിത്സയിൽക്കഴിഞ്ഞ നിലയിലെ 10 മുറികളിൽ ശശികലയുമായി ബന്ധമുള്ളവരായിരുന്നു താമസിച്ചിരുന്നതെന്നും 608 പേജുകളുള്ള റിപ്പോർട്ടിൽ പറയുന്നു.
കമ്മിഷൻ പറയുന്നത് ഇങ്ങനെയാണ്, വിദഗ്ധാഭിപ്രായം ലഭിച്ചിട്ടും ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ശസ്ത്രക്രിയ നടത്താൻ ഡോ. ബാബു എബ്രഹാം തയ്യാറായില്ല. ജയലളിതയുടെ ആരോഗ്യവിവരങ്ങൾ പൂർണമായും അറിയാമായിരുന്നിട്ടും ഡോ. റെഡ്ഡി മാധ്യമങ്ങൾക്ക് തെറ്റായവിവരം നൽകി. ഡോക്ടമാർക്കുമേൽ ശശികലയുടെ സമ്മർദമുണ്ടായി. ഒ. പനീർശെൽവത്തിനും എല്ലാം അറിയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് ജയലളിത വീട്ടിൽ കുഴഞ്ഞുവീണിരുന്നു. ജയലളിതയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡോ. ശിവകുമാറിന് ധാരണയുണ്ടായിരുന്നു. എന്നിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് പാരസെറ്റാമോൾ മാത്രമാണ് നൽകിയത്. നിയമോപദേശം ലഭിച്ചതിനുശേഷം ശുപാർശകളിന്മേൽ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. സിബിഐ. അന്വേഷണം വേണമെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ആവശ്യപ്പെട്ടിട്ടുണ്ട്.
അതായത് പച്ച തമിഴിൽ പറഞ്ഞാൽ ജയലളിതയെ ശശികലയെ മനപുർവം മരണത്തിലേക്ക് തള്ളിവിട്ടത് തന്നെയാണെന്നാണ് കമ്മീഷൻ പറയാതെ പറയുന്നത്. സത്യത്തിൽ ഈ വാർത്തകേട്ട് തമിഴകം തരിച്ച് നിൽക്കയാണ്. പക്ഷേ ശശികലയെ അറിയുന്നവർക്ക് അതിൽ യാതൊരു അദ്ഭുദവുമില്ല. അത്രക്ക് കടുത്ത ജനദ്രോഹമാണ് അവർ ജയലളിതയുടെ അധികാരത്തണലിൽ ചെയ്തുകൂട്ടിയത്.
വീഡിയോഗ്രാഫറിൽ നിന്ന് തോഴിയിലേക്ക്
ഏതൊരു തട്ടുപൊളിപ്പൻ തമിഴ് പടത്തെയും വെല്ലുന്നതായിരുന്നു ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ബന്ധവും തമിഴകം അടക്കിവാണ അവരുടെ ജീവിതവും. നേരത്തെ സംഭവബഹുലമായ ഈ നാളുകൾ വെള്ളിത്തിരയിൽ പകർത്താൻ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ തീരുമാനിച്ചിരുന്നു. ശശികല എന്നായിരുന്നു ചിത്രത്തിന്റെ പേര്. ജയലളിത- ശശികല ബന്ധത്തെക്കുറിച്ച് പോയ്‌സ് ഗാർഡനിലെ ജോലിക്കാർ തന്നോട് പറഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങൾ അടുത്ത സിനിമയിലൂടെ വ്യക്തമാക്കുമെന്നും ആർജിവി ട്വിറ്ററിൽ കുറിച്ചിരുന്നു. പക്ഷേ ചിത്രം നടന്നില്ല.
തഞ്ചാവൂരിനടുത്തെ തിരുവാവൂർ ജില്ലയിലാണ് മന്നാർഗുഡി. അവിടെ പ്രബലമായ തേവർ സമുദായത്തിലാണ് വികെ ശശികല ജനിച്ചത്. തിരുത്തുറൈപൂണ്ടിക്കാരായ വിവേകാനന്ദന്റേയും കൃഷ്ണവേണിയുടേയും മകളാണ്. വിവേകാനന്ദ കൃഷ്ണവേണി ശശികല എന്ന് പുർണനാമം.ഒരു സാധാരണ പെൺകുട്ടിയായിട്ടായിരുന്നു ജീവിതം തുടങ്ങിയത്. എന്നാൽ ഡിഎംകെക്കാരനും സർക്കാർ പിആർഒയും ആയ നടരാജനെ വിവാഹം കഴിച്ചതോടെയാണ് കാര്യങ്ങൾ മാറിയത്.
ഇപ്പോൾ ശശികലക്ക് കരുണാനിധി ശത്രുവാണ്. എന്നാൽ നടരാജന്റേയും ശശികലയുടേയും വിവാഹം പോലും നടത്തിയത് കരുണാനിധിയുടെ സാന്നിധ്യത്തിലായിരുന്നു. 1957 ൽ ആയിരുന്നു ശശികലയുടെ ജനനം. ഇപ്പോൾ 65 വയസ്സ് പ്രായം. എന്നാൽ ജയലളിതയുമായി പരിചയപ്പെടുമ്പോൾ തന്റെ മുപ്പതുകളോട് അടുക്കുകയായിരുന്നു. സന്തോഷകരമായ ജീവിതത്തിനിടയിലാണ് ഭർത്താവ് നടരാജന്റെ ജോലി നഷ്ടപ്പെടുന്നത്. എം ജി ആർ മുഖ്യമന്ത്രി ആയിരിക്കെ സർക്കാർ പി ആർ ഒ ആയിരുന്നു നടരാജൻ. അടിയന്തരാവസ്ഥക്കാലത്താണ് നടരാജന് ജോലി നഷ്ടപ്പെട്ടത്
പിന്നീട് ജീവിതം കഷ്ടപ്പാടിലായി. അതിനൊപ്പം ജോലി തിരിച്ച് പിടിക്കാൻ ഭർത്താവ് നടത്തുന്ന കേസും കൂട്ടവും വേറെ. വിവാഹജീവിതം തുടങ്ങി അധികമാകും മുമ്പ് തന്നെ കടുത്ത പ്രതിസന്ധികൾ. ജീവിക്കാൻ എന്താണ് വഴിയെന്ന് നോക്കുമ്പോൾ യുവതിയാണ് ശശികല കണ്ടത് വീഡിയോ ലൈബ്രറി എന്ന ആശയമാണ്. ചെന്നൈയിലെ ഒറ്റമുറി കടയിൽ വിനോദ് വീഡിയോ വിഷൻ എന്ന പേരിൽ കാസറ്റ് ലൈബ്രറി തുടങ്ങി.
ഒരു വീഡിയോ ലൈബ്രറി കൊണ്ട് ജീവിതം മുന്നോട്ട് പോകാത്ത അവസ്ഥ. വരുമാനത്തിന് മറ്റ് വഴികൾ തേടേണ്ട ഗതികേട്. ഭർത്താവാണെങ്കിൽ എവിടേയും എത്തുന്നും ഇല്ല. ശശികല തോൽക്കാൻ തയ്യാറായില്ല.ഫോട്ടോ ഗ്രാഫിയിലും വീഡിയോഗ്രാഫിയിലും ഇപ്പോഴും സ്ത്രീ സാന്നിധ്യം കുറവാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ 1980 കളിൽ ഈ പണി പഠിച്ചിറങ്ങിയ ആളാണ് ശശികല.
ഇന്നത്തെ കാലത്ത് പോലും കല്യാണം പോലുള്ള ചടങ്ങുകളിൽ ഫോട്ടോ/വീഡിയോ പിടിത്തം ആണുങ്ങളുടെ കുത്തകയാണ്. എന്നാൽ ചെറുപ്പം വിടാത്ത ശശികല അന്ന് തന്നെ ഈ രംഗത്തിറങ്ങി ബാക്കിയുള്ളവരെ ഞെട്ടിച്ചു.ചന്ദ്രലേഖ എന്ന ഐഎഎസ് ഉദ്യോഗസ്ഥയും നടരാജനും തമ്മിൽ അടുത്ത ബന്ധമായിരുന്നു. അങ്ങനെ നടരാജന്റെ ആവശ്യപ്രകാരം ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത് ഇവരാണ്. എംജിആറിന്റെ ഇദയക്കനിയായ ജയലളിത രാഷ്ട്രീയത്തിൽ തിളങ്ങുന്ന കാലം. ഗ്ലാമർ നേതാവിന്റെ വീഡിയോ എടുത്ത് അത് വൻവിലക്ക് വിൽക്കാൻ ശശികല ആഗ്രഹിച്ചിരുന്നു എന്നാണ് അവരുടെ ജീവചരിത്രം പഠിച്ച് തമിഴ് മാധ്യമ പ്രവർത്തകർ എഴുതിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകവേ അത്തരം ഒരു കാര്യം ശശികല ആഗ്രഹിച്ചിരുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. പാർട്ടിയുടെ പ്രചാരണ സമിതി സെക്രട്ടറിയായ ജയലളിതയോട് അടുപ്പം സൂക്ഷിച്ചാൽ പാർട്ടി പരിപാടികളുടെ വീഡിയോ എടുക്കാനുള്ള അവസരം കിട്ടുമെന്നും പ്രതീക്ഷിക്കപ്പെട്ടു. ആദ്യകൂടിക്കാഴ്ചയിൽ തന്നെ ശശികലയും ജയലളിതയും തമ്മിൽ നല്ല അടുപ്പം ഉടലെടുത്തു. പിന്നീടെന്നും അവർ ഒരുമിച്ച് തന്നെ നിന്നു.
1980 കളുടെ ആദ്യം ഐ ഐ ഡി എം കെ പ്രചരണ വിഭാഗം ജനറൽ സെക്രട്ടറിയായിരിക്കെയാണ് ജയലളിതയും ശശികലയുമായി കണ്ടുമുട്ടുന്നത്. ജയലളിതയുടെ വസതിയായ പോയിസ് ഗാർഡന് സമീപം വീഡിയോ കാസ്റ്റ് കട നടത്തുകയായിരുന്നു ശശികല. ജയലളിതക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലെസ്‌ബിയൻ നീലച്ചിത്രങ്ങളുടെ കാസറ്റുകൾ അവർക്കെത്തിച്ച് കൊടുത്താണ് അന്ന് കേവലം ഇരുപത്തിനാല് വയസുള്ള ശശികല ജയലളിതുമായി അടുത്തതെന്നാണ് പറയപ്പെടുന്നത്. ഇത് പച്ചക്ക് എഴുതിത്ത്തിന്റെ പേരിലാണ് നക്കീരൻ മാസികക്കുനേരെ കടുത്ത ഭരണകൂട വേട്ടയുണ്ടായത്. പക്ഷേ കാസറ്റ് കടയിലെ മുൻ ജീവനക്കാരെയും ജയലളിതയുടെ വേലക്കാരെയും ക്വാട്ട് ചെയ്തായിരുന്നു നക്കീരൻ വാർത്ത കൊടുത്ത്.
മന്നാർഗുഡി മാഫിയ ജനിക്കുന്നു
എംജിആറിന്റെ മരണ ശേഷം ജയലളിത ഒറ്റപ്പെട്ടു. അവർ ആക്രമിക്കപ്പെട്ടു. പക്ഷേ അപ്പോഴും താങ്ങും തണലും ആശ്വാസവും ആയി ശശികല ഒപ്പം ഉണ്ടായിരുന്നു. ജയയുടെ അടിമയെപ്പോലെയുള്ള വിശ്വസ്തൻ എന്ന് പറയുന്ന ഒ പനീർശെൽവം പോലും അന്ന് എതിർ ക്യാമ്പിലായിരുന്നു. പക്ഷേ വിട്ടുകൊടുക്കാൻ ജയലളിത തയ്യാറായിരുന്നില്ല. അവർ ഒറ്റക്ക് പൊരുതി. ഫീനിക്സ് പക്ഷിയെപ്പോലെ പറഞ്ഞ് ഉയർന്നു. തമിഴകം പിടിച്ചു.
ജയലളിത ആദ്യമായി അധികാരത്തിലെത്തുന്ന 1991 ൽ ആണ്. അന്ന് ശശികലയ്ക്ക് പ്രായം 34 വയസ്സാണ്. എന്നാൽ എന്താണ് മന്നാർഗുഡി മാഫിയ എന്ന് ലോകത്തെ കാണിച്ച് കൊടുത്തത് ആ യൗവ്വനത്തിൽ തന്നെ ആയിരുന്നു. ഭരണത്തിൽ ശശികലയുടെ പങ്ക് നിർണായകമായിരുന്നു. ശശികലയുടെ മാത്രമല്ല, ഭർത്താവ് നടരാജന്റേയും ശശികലയുടെ ബന്ധുക്കളുടേയും. കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് അക്കാലയളവിൽ മാത്രം ഇവർ സ്വന്തമാക്കിയത് എന്നാണ് ആക്ഷേപം.ആദ്യ കാലത്ത് ജയയുടെ ബിനാമിയായിരുന്നു ശശികല. പക്ഷേ പിന്നെ അവർ ജയക്ക് മുകളിൽ വളർന്നു.
ശശികലയെയും ഭർത്താവ് നടരാജനയും, ജയലളിതയുടെ വളർത്തുമകൻ എന്നറിയപ്പെടുന്ന ഇവരുടെ അടുത്ത ബന്ധു ദിനകരനെയും അവരുടെ ഗ്യാങ്ങിനെയും മന്നാർഗുഡി മാഫിയ എന്നാദ്യം വിളിച്ചത്, ഒരു കാലത്ത് ജയലളിതയുടെ അടുത്ത സുഹൃത്തും പിന്നിട് കടുത്തവിമർശകനുമായി മാറിയ ഡോ. സുബ്രമണ്യം സ്വാമിയായിരുന്നു. പിന്നീട് ശശികലയെയും സംഘത്തെയും വിശേഷിപ്പിക്കാൻ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചത് ഈ വിശേഷണമായിരുന്നു. ഇവർക്ക് കമ്മുഷൻ കൊടുക്കാതെ തമിഴ്‌നാട്ടിൽ ഒരു കാര്യവും നടപ്പില്ലെന്നായി. ഗുണ്ടാ സംഘത്തെപ്പോലെ ഇവർ ബിസിനസുകാരിൽനിന്ന് പണം പിരിച്ചു. എതിർത്തവരെ ജയിലിൽ അടച്ചു. അക്കാലത്ത് ഒരു സ്ഥലം ശശികലക്ക് ഇഷ്ടപ്പെട്ടുവെന്ന് വെക്കുക. പിറ്റേന്ന് അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തും. ശശികല പറയുന്ന വിലക്ക് നിങ്ങൾ അത് വിറ്റിരിക്കണം. ഇല്ലെങ്കിൽ കള്ളക്കേസിൽ അകത്താകും. സംഗീത സംവിധായകൻ ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരന്റെ സ്വത്തുക്കൾ പോലും ഇങ്ങനെ ശശികല തട്ടിയെടുത്തിരുന്നു. എത്ര കിട്ടിയാലും ആർത്തി തീരാത്ത സ്ത്രീ എന്നാണ് തമിഴ്‌നാട്ടിലെ ബിസിനസുകാർ ശശികലയെ വിശേഷിപ്പിക്കുന്നത്.
ഇതിൽ പലതും ജയലളിതയുടെ അറിവോടെയും ആയിരുന്നു. ജയലളിത വലിയ പുണ്യാളത്തി, ശശികല നീച എന്ന വിലയിരുത്തലും ശരിയല്ല. പക്ഷേ ആദ്യത്തെ കുറച്ച് കാലത്തിനുശേഷം ജയലളിതയെ നോക്കുകുത്തിയാക്കിയായിരുന്നു മന്നാർഗുഡി മാഫിയയുടെ പ്രവർത്തനം.
മുന്നറിയിപ്പ് നൽകിയത് മോദി
ജയലളിത- ശശികല കഥയിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു പ്രധാന റോൾ ഉണ്ട്. 2012 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ജയലളിതക്ക് അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ടും, അഴിമതിയുമായി ബന്ധപ്പെട്ടും ചില മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിൽ മുതൽ മുടക്കാനെത്തിയ ഒരു പ്രമുഖ എൻ ആർ ഐ ബിസിനസുകാരനോട് മന്നാർഗുഡി മാഫിയ പതിനഞ്ച് ശതമാനം കമ്മീഷൻ ചോദിച്ചിരുന്നു. അത് നൽകാൻ താൽപര്യമില്ലാത്ത ഈ വിദേശ ഇന്ത്യാക്കാരൻ നേരേ ഗുജറാത്തിൽ പോയി പദ്ധതി തുടങ്ങി. ഈ ബിസിനസുകാരനാണ് ജയലളിതയെ വരിഞ്ഞുമുറിക്കിയിരിക്കുന്ന ഈ മാഫിയയെക്കുറിച്ച് മോദിക്ക് വിവരം നൽകിയത്. മന്നാർഗുഡി മാഫിയയെ കടന്ന് ആർക്കും ജയലളിതയിലേക്കെത്താൻ കഴിയുകയില്ലെന്നാണ് ഈ ബിസിനസുകാരൻ പറഞ്ഞത്. ഇതാണ് മോദി ജയലളിതെ അറിയിച്ചത്.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ചെന്നൈ മോണോറെയിൽ പദ്ധതിയുയുമായി മുന്നോട്ടു പോകാൻ ജയലളിത തിരുമാനിച്ചു. അതിന്റെ പേപ്പർ വർക്കു തുടങ്ങാൻ ചീഫ് സെക്രട്ടറി ദേബേന്ദ്രനാഥ് സാരംഗിക്ക് അവർ നിർദ്ദേശം നൽകി. സിംഗപ്പൂർ ആസ്ഥാനമായ കമ്പനിക്ക് ഇതിന്റെ വർക്കുകൾ ഏൽപ്പിക്കണമെന്നായിരുന്നു ജയലളിത ആഗ്രഹിച്ചത്. എന്നാൽ ഈ ഫയൽ ജയലളിതക്ക് മുന്നിലെത്തിയപ്പോൾ സിംഗപ്പൂർ കമ്പനിക്ക് പകരം മലേഷ്യൻ കമ്പനി ഇടം പിടിച്ചു. ഇതോടെ ജയലളിത ചീഫ് സെക്രട്ടറി സാരംഗിയെ നിറുത്തിപ്പൊരിച്ചു , അപ്പോഴാണ് മലേഷ്യൻ കമ്പനിയെയാണ് തനിക്ക് താൽപര്യമെന്ന ജയലളിതയുടെ കുറിപ്പടങ്ങിയ ഫയൽ ചീഫ് സെക്ട്രറി എടുത്ത് കാണിക്കുന്നത്. ഞെട്ടിപ്പോയ ജയലളിത ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിളിപ്പിച്ചു. തന്റെ ഒപ്പ് വ്യാജ്യമാണെന്ന് കണ്ട് അവർ നടുങ്ങിപ്പോയി.
രോഷാകുലയായ ജയലളിത ശശികലയെ വിളിപ്പിച്ചു. ജയലളിതയുടെ ഒപ്പ് വ്യാജമായിട്ടുവെന്ന് ശശികല സമ്മതിച്ചില്ലങ്കിലും തൈലവിക്ക് കാര്യം മനസിലായി . അങ്ങിനെ ശശികല പോയ്‌സ് ഗാർഡനിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതോടെ അവർ തന്റെ മരുന്നുകളെക്കുറിച്ചു അവർ വിദഗ്‌ധോപദേശം തേടി, നരേന്ദ്ര മോദി അയച്ചുകൊടുത്ത ഡോക്ടർമാരാണ് ഇത് പരിശോധിച്ചതെന്ന് സ്ഥിരീകരിക്കാനാകത്ത റിപ്പോർട്ടുകളുണ്ട്. ജയലളിതക്ക് ചെറിയ അളവിൽ വിഷവും മയക്കുമരുന്നുകളും രാസവസ്തുക്കളും നൽകിയിരുന്നതായി അവർ കണ്ടെത്തി. ശശികലയടക്കം ഓരോരുത്തരായി അവിടെ നിന്ന് പുറത്താക്കപ്പെട്ടു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ജയലളിതക്കെതിരായി ബംഗളൂരു കോടതിയിൽ നിന്നും വിധിയുണ്ടാകുമെന്നും അപ്പോൾ ഒരട്ടിമറി നടത്തി മരുമകൻ ദിനകരനെയോ ഭർത്താവ് നടരാജനയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശശികലയും മന്നാർഗുഡ് മാഫിയയും തന്ത്രം മെനഞ്ഞിരുന്നു. അതോടൊപ്പം ഡി എം കെ നേതൃത്വവുമായി ചല രഹസ്യ ഇടപാടുകളും ഇവർ നടത്തി. എന്നാൽ ഇവരുടെ ഈ നീക്കങ്ങളെല്ലാം തമിഴ്‌നാട് ഇന്റലിജൻസ് വഴി അപ്പോൾ ജയലളിത അറിഞ്ഞുകൊണ്ടിരുന്നു. താൻ ഇല്ലാതായിപ്പോയാൽ ആ നിമിഷം മന്നാർഗുഡി മാഫിയ തമിഴ്‌നാടിന്റെയും എ ഐ ഡി എം കെയുടെയും ചെങ്കോൽ കയ്യേൽക്കുമെന്ന് പുരട്ചി തലൈവിക്ക് മനസിലായി.
മുഖമന്ത്രിയെ അടിച്ചു വീഴ്‌ത്തി
എന്നാൽ അധികകാലം ശശികലയെ പുറത്ത് നിർത്താനും ജയലളിതക്ക് കഴിയുമായിരുന്നില്ല. കാരണം ജയലളിതയുടെ ജീവിതം തന്നെ ശശികലക്ക് മുന്നിൽ ഒരു തുറന്ന പു്‌സ്തകമായിരുന്നു. ശശികലക്ക് മുന്നിൽ ജയലളിത പലപ്പോഴും നിസഹായയായിരുന്നു. ജയലളിതയുടെ അരിവപ്പുകാരൻ മുതൽ പേഴ്‌സണൽ സെക്യുരിറ്റി ഓഫീസർ വരെ, ഡോക്ടർ മുതൽ നേഴ്‌സ് വരെ എല്ലാവരും ശശികലയോട് കൂറുപുലർത്തുന്നവരായിരുന്നു. തമിഴ്‌നാടിന്റെ ഉരുക്ക് വനിത, പുരൈട്ചി തൈലൈവി ജയലളിത മന്നാർഗൂഡി മാഫിയക്ക് മുന്നിൽ അതീവ ദുർബലയായ നിഴൽ മാത്രമായിരുന്നു.
2016 ൽ വീണ്ടും അധികാരത്തിലെത്തുമ്പോൾ ജയലളിത ശാരീകരമായി വളരെ ദുർബലയായിരുന്നു. കടുത്ത പ്രമേഹരോഗം മൂലം വിരലുകൾ മുറിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ചെരിപ്പിടാൻ കഴിയുമായിരുന്നില്ല. ഹൃദയത്തിന് ബ്‌ളോക്കുകൾ ഉണ്ടായിരുന്നെങ്കിലും ആൻജിയോ പ്‌ളാസ്റ്റി നടത്തിയിരുന്നില്ല. മാത്രമല്ല ഡയബറ്റിസിന് കൃത്യമായ മരുന്നുകൾ ആയിരുന്നില്ല അവർക്ക് നൽകിയിരുന്നതും. ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ തലേ ദിവസം പോയിസ് തോട്ടത്തിൽ വച്ച് ശശികലയുമായി വലിയ വാക്‌പോര് തന്നെ നടന്നിരുന്നു. ശശികല ജയലളിതയെ തല്ലി നിലത്തിട്ടുവെന്നും പറയുന്നു. പിറ്റേ ദിവസം ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
ജയലളിതയുടെ മരണത്തോടെ എ ഐ ഡി എം കെ പിടിക്കാമെന്ന ശശികലുടെയും മന്നാർഗുഡി മാഫിയയുടെയും പ്രതീക്ഷ താറുമാറായി. അഴിമതിക്കേസിൽ ആറുവർഷം അവരെ ശിക്ഷിച്ചു. കഴിഞ്ഞ വർഷമാണ് സുഖമില്ലന്ന കാരണത്താൽ ശശികലയെയും, സഹോദരിയെയുമെല്ലാം ജയലിന് പുറത്ത് വിട്ടത്. ഏതായാലും അറമുഖ സ്വാമിയുട റിപ്പോർട്ടിന് മേൽ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ഉറപ്പാണ്. ശശികലയുടെ ഭാവിയെന്താവുമെന്ന് കാത്തിരുന്ന് കാണാം.
നൽകിയത് സ്ലോ പോയിസനോ?
ജയലളിതയെ കൊല്ലാൻ തോഴി ശശികല സ്ലോ പോയിസനിങ് നൽകി എന്നായിരുന്നു 2012 ഫെബ്രുവരി ലക്കത്തിൽ തെഹൽക്ക പുറത്തുവിട്ട വിട്ട വാർത്ത കോളിളക്കം സൃഷ്ടിച്ചിരുന്നു. മലയാളി കൂടിയായ മുതിർന്ന മാധ്യമപ്രവർത്തകൻ ജീമോൻ ജേക്കബായിരുന്നു ഈ വാർത്ത പുറത്തു കൊണ്ടുവന്നത്. അറുമുഖം കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ ഈ വാർത്ത വീണ്ടും ചർച്ചയാവുകയാണ്.
അന്ന് തെഹൽക്കയുടെ ദക്ഷിണേന്ത്യൻ ഇന്ത്യൻ മേധാവിയായിരുന്നു മലയാളി മാധ്യമ പ്രവർത്തകൻ. ദ്രാവിഡ പാർട്ടികളിലെ ഉള്ളുകളികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രസിദ്ധീകരിച്ച വ്യക്തിയായിരുന്നു ജീമോൻ. ഇതിൽ ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ആ ബന്ധത്തിൽ അപ്രതീക്ഷിതമായ വന്ന ഉലച്ചിലിനെ കുറിച്ചുമായിരുന്നു ജീമോന്റെ ഫോക്കസ്. ജയലളിതയെ ശശികല വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്ന വാർത്തയിലേക്ക് നയിച്ച അന്വേഷണം, ശശികലയെ പോയസ് ഗാർഡനിൽ നിന്നും പുറത്താക്കിയതായിരുന്നു. 2012 ൽ ജയലളിത തന്റെ തോഴിയായ ശശികലയെയും കൂട്ടാളികളെയും പുറത്താക്കിയത്. ഇതിന് പിന്നാലെ കാരണങ്ങൾ എന്തായിരുന്നു എന്നതായിരുന്നു തെഹൽക്ക അന്വേഷിച്ചത്. ഇതിന് വേണ്ടി തമിഴ്‌നാട്ടിൽ പോയി 20 ദിവസത്തോളം ചെന്നൈയിലും ശശികലയുടെ നാടായ മന്നാർ ഗുഡിയിലും താമസിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. അന്ന് ആ നാട്ടിലെ 40തോളം പേരിൽ നിന്നു വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് ആ റിപ്പോർട്ട് തയ്യാറാക്കിയതെന്നും ജീമോൻ മുമ്പ് പറഞ്ഞിരുന്നു.
സ്ലോ പോയസനിങ്ങ് അടക്കമുള്ള വിവരങ്ങൾ നൽകിയത് ജയലളിതയോട് അടുപ്പമുള്ള വൃത്തങ്ങൾ തന്നെയായിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രിമാരും എംഎൽഎമാരും ഒക്കെയുണ്ട്. അന്ന് തെഹൽക്കയിൽ എഴുതിയ വാർത്തയുടെ ചുവടുപിടിച്ചാണ് മന്നാർ ഗുഡി മാഫിയയുടെ കഥ മറ്റ് മാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിക്കുന്നതും. ലെഡ് ചേർത്ത പഴങ്ങളിലൂടെയാണ് വിഷം ജയലളിതയ്ക്ക് ശശികല നൽകിയതെന്നുമാണ് തനിക്ക് ജയയുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരമെന്നും ജീമോൻ വിശദീകരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഉരസലിന് പിന്നാലെ ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ മൊഴി മാറ്റുന്നതിനെ പറ്റിയും ശശികല ആലോചിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പിണക്കം മാറ്റിവച്ച് ശശികലയെ ജയലളിത തിരിച്ച് വിളിച്ചതെന്നാണ് കരുതുന്നത്. അത് പക്ഷേ ജയക്ക് മരണത്തിലേക്ക് വഴിയൊരുക്കി.
എന്തായിരുന്നു ജയ- ശശികല ബന്ധം?
രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ മറ്റുള്ളവർ കൈകടത്തേണ്ട കാര്യമില്ല. പക്ഷേ ഇത് ഒരു വലിയ സംസ്ഥാനത്തിന്റെ ഭാവിയെ ബാധിക്കുന്ന പ്രശ്നവും, കോടിക്കണക്കിന് ജനങ്ങളെ ബാധിക്കും എന്നതുകൊണ്ടും തങ്ങൾക്ക് അത് അറിയാനുള്ള അവകാശം ഉണ്ടെന്നാണ് നക്കീരൻപോലുള്ള മാധ്യമങ്ങൾ നേരത്തെ എഴുതിയിരുന്നത്.
ശശികലയുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന വാർത്ത ജയലളിതയുടെ ചെവിയിലും എത്തിയിരുന്നു. സിമി ഗ്രെവാളുമായുള്ള ഒരു അഭിമുഖത്തിൽ ജയലളിത പറഞ്ഞത് ഇത്തരം ആരോപണങ്ങളൊന്നും മറുപടി അർഹിക്കുന്നു പോലുമില്ല എന്നാണ്. ഇത്തരം ചർച്ചകൾക്ക് ജയലളിത ഒരിക്കലും ഒരുക്കമായിരുന്നില്ല. ഇതും ആരോപണങ്ങൾക്ക് ശക്തി പകർന്നു എന്ന് വേണം കരുതാൻ.
ജയലളിതയുടെ അറുപതാം പിറന്നാൾ ദിവസത്തിൽ ജയലളിതയും ശശികലയും ക്ഷേത്രത്തിൽ പോയി നടത്തിയ ചടങ്ങിനെ മാധ്യമങ്ങൾ വിവാഹം എന്നാണ് വിശേഷിപ്പിച്ചത്. ക്ഷേത്രത്തിൽ വെച്ച് വധൂവരന്മാർ അണിയിക്കുന്ന മാലയാണ് ഇരുവരും പരസ്പരം ചാർത്തിയത്. രണ്ടുപേർക്കും ദീർഘായുസിനുള്ള കർമങ്ങളും ഒരുമിച്ച് തന്നെ നടത്തപ്പെട്ടു. തമിഴ് ആചാരപ്രകാരം ഷഷ്ടിപൂർത്തി ദിനത്തിൽ ദമ്പതികൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇവർ ദമ്പതികളെപ്പോലെ ജീവിച്ചിരുന്നതുകൊണ്ടാണ് ഇത്തരം കർമങ്ങൾ ചെയ്തത് എന്നുമാണ് വിമർശകർ പറയുന്നത്. ഭാര്യാഭർത്താക്കന്മാർ ചെയ്യുന്നത് പോലെ ചന്ദനം നെറ്റിയിൽ അണിയിച്ചതും ഇതിന് തെളിവായി അവർ മുന്നോട്ട് വെക്കുന്നത്.
ശശികലയാണ് ജയലളിതയ്ക്ക് ആദ്യം മാലയിട്ടത്. സാധാരണ ഭർത്താവ് ഭാര്യയെ ആണ് ആദ്യം മാല ചാർത്താറുള്ളത്. എന്ന് വച്ചാൽ ഭാര്യയുടെ റോളിൽ ജയലളിതയായിരുന്നുവെന്നാണ് അന്ന് ചില മാധ്യമങ്ങൾ എഴുതിയത്. വലിയൊരു വിവാഹ ആഘോഷം പോലെയാണ് ചടങ്ങുകൾ നടന്നത്. ശേഷം ജയലളിതയും ശശികലയും പോയസ് ഗാർഡനിലേക്ക് മടങ്ങി. അവിടെയും വിരുന്ന് ഉണ്ടായിരുന്നു. പക്ഷേ തമിഴിലെ കുട്ടിപത്രങ്ങൾ വിട്ടില്ല. 'ജയയും ശശികലയും ലെസ്‌ബിയൻസ്, അവർ വിവാഹിതരായി' എന്നാണ് ഇതിൽ ഒരു തലക്കെട്ട്.' പത്രം പൂട്ടിപ്പോയി എന്നും എഴുതിയായൾ ജയിലിൽ ആയിരുന്നുവെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൂട്ടുകാരി എന്നും സഹോദരി എന്നും വരെ വിളിച്ചു എങ്കിലും ജയലളിത ശശികലയെ ഭയപ്പെട്ടിരുന്നു എന്നാണ് പലരും പറയുന്നത്. അവരെ ഭയപ്പെടുത്താൻ പോന്ന എന്തൊ ഒരു കാര്യം ശശികലയുടെ പക്കൽ ഉണ്ടായിരുന്നുപോലും. ഡോക്ടറെ കാണുന്നത് അടക്കമുള്ള ജയലളിതയുടെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് ശശികലയായിരുന്നു. തന്റെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഒരു കത്ത് ജയലളിത സ്വന്തം ഡോക്ടർക്ക് അയച്ചിരുന്നു എന്നും ഇതിൽ ശശികലയുമായുള്ള ബന്ധത്തിന്റെ സൂചനകൾ ഉണ്ട് എന്നുമാണ് പരക്കുന്ന മറ്റൊരു വിവരം. ഈ കത്ത് മുമ്പ് തന്നെ ഓൺലൈൻ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
പക്ഷേ കൂടെപ്പിറക്കാതെ പോയ കൂടപ്പിറപ്പ് എന്നാണ് ശശികലയെക്കുറിച്ച് ജയലളിത പരസ്യമായി പറഞ്ഞിട്ടുള്ളത്. ''എനിക്ക് വേണ്ട് അവൾ ഒരുപാട് സഹിക്കുന്നുണ്ട്, കേൾക്കുന്നുണ്ട്''- ഇതായിരുന്നു ജയലളിത പറഞ്ഞത്. പക്ഷേ ഇപ്പോൾ പുറത്തുവരുന്ന തെളിവുകൾ അതെല്ലാം ആവിയാക്കുന്ന രീതിയിലാണ്.
വാൽക്കഷ്ണം: ജയിലിൽ ആയിട്ടും തരികിട തുടർന്ന ആളാണ് ശശികല. ഇരുമ്പഴികളിലും അവർക്ക് കിട്ടിയത് ആഡംബര സൗകര്യങ്ങൾ ആയിരുന്നു. അതിനുവേണ്ടി അവർ മുടക്കിയ രണ്ടുകോടി രൂപയായിരുന്നുന്നെന്ന് പിന്നീട് വാർത്തകൾ പുറത്തുവന്നു. എവിടെയും പണമെറിഞ്ഞ് ജയിക്കാമെന്ന ശശികലയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയാണ് ഇപ്പോൾ സംഭവിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ