1905ൽ നടന്ന, കേരളത്തെ ഞെട്ടിച്ച കുറിയേടത്ത് താത്രി സ്മാത്ത വിചാരത്തെക്കുറിച്ച് കേട്ടിട്ടില്ലേ. സാവിത്രി എന്ന അന്തർജനത്തെ വിചാരമചെയ്തപ്പോൾ അവരുമായി ശാരീരീക ബന്ധത്തിലേർപ്പെട്ട, 65പേരാണ് ഭ്രഷ്ടായത്. ഒടുവിൽ വിചാരണ സാക്ഷാൽ മഹാരാജാവിനുനേരെ നീളുമെന്നായപ്പോൾ അവസാനിപ്പിച്ചുവെന്നാണ് പറയുന്നത്! അതുപോലെ ഒരു ആധുനിക സ്മാത്ത വിചാരത്തിന് സാക്ഷിയാവുകയാണ് അമേരിക്കയിപ്പോൾ.

ജെഫ്രി എപ്സ്‌റ്റൈൻ എന്ന കോടീശ്വരൻ തന്റെ 'ബാലപീഡന ദ്വീപിൽ' നടത്തിയ കൊടിയ പീഡനങ്ങളിൽ ഇരയായവരുടെ വാർത്തവരുമ്പോൾ ലോകം നടുങ്ങുകയാണ്. അമേരിക്കയിൽ അത് രാഷ്ട്രീയ യുദ്ധത്തിനും ഇടയാക്കുന്നു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പേര് ഈ ലിസ്റ്റിൽ ഉള്ളതിനാൽ ആദ്യം റിപ്പബ്ലിക്കന്മാർ അത് നന്നായി പ്രചരിപ്പിച്ചു. അപ്പോൾ അതാ ലിസ്റ്റിൽ നമ്മുടെ ട്രംപും വരുന്നു. അതോടെ ഡെമോക്രാറ്റുകൾ ആഘോഷം തുടങ്ങി. പിന്നങ്ങോട്ട് ചറപറാ പ്രമുഖരുടെ പേരുകളാണ്. വിശ്വഗായകൻ മൈക്കിൾ ജാക്സൺ തൊട്ട് ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്്വരെ! അതെ വിഗ്രഹങ്ങൾ വീണുടയുമ്പോൾ ഞെട്ടിത്തിരിച്ച് നിൽക്കയാണ് ലോകം. ഇനിയും രേഖകൾ പുറത്തുവരാമെന്നിരിക്കേ അടുത്തത് ആര് എന്ന ചോദ്യമാണ് എവിടെയും.

നടൻ ലിയാർണോ ഡികാപ്രിയോ, ആൻഡ്രൂ രാജകുമാരൻ തുടങ്ങി എത്രയോ പ്രമുഖർ, ഈ ലിസ്റ്റിലുണ്ട്. 2019ൽ ജയിലിൽ ആത്മഹത്യ ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകൾ പുറത്തുവന്നതോടെയാണ് ലോകം കണ്ട മഹാരഥന്മാരിൽ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴാൻ തുടങ്ങിയത്. ലോക പ്രശസ്തരായ സെലിബ്രിറ്റികൾ, രാഷ്ട്രീയ നേതാക്കൾ, ശതകോടീശ്വരന്മാർ തുടങ്ങി സമൂഹത്തിലെ ഉന്നതരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയാണ് എപ്സ്‌റ്റൈൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും, തന്റെ സുഹൃത്തുക്കൾക്കായി കാഴ്ച വയ്ക്കുകയും ചെയ്ത് കുപ്രസിദ്ധി നേടിയ സൈക്കോ ശതകോടീശ്വരനാണ് ഇയാൾ എന്നാണ് ലോക മാധ്യമങ്ങൾ പറയുന്നത്.

അമേരിക്കയിലെ വലിയ ബിസിനസ്മാൻ എന്നുമാത്രമായിരുന്നു, 2005ൽ ഫ്ളോറിഡയിൽ വച്ച് ആദ്യമായി അറസ്റ്റിലാകുന്നതുവരെ ജെഫ്രി എപ്സ്‌റ്റൈനെ കുറിച്ച് ലോകത്തിന് അറിയാവുന്നത്. എന്നാൽ 14 വയസുകാരിക്ക് ലൈംഗിക ബന്ധത്തിനായി പണം വാഗ്ദാനം ചെയ്തതിന് ആദ്യമായി അറസ്റ്റിലായതോടെയാണ് എപ്സ്‌റ്റൈന്റെ ദുരൂഹ ജീവിതത്തിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിയുന്നത്. 2019ൽ ജയിലിൽ എപ്സ്‌റ്റൈൻ ആത്മഹത്യ ചെയ്ത വാർത്തകൾ എത്തുന്നതിന് മുൻപ് തന്നെ ഇയാൾ ലോകത്തിന് മുന്നിൽ വെറുക്കപ്പെട്ടവനായി. കൊടുംക്രൂരതകളെ കുറിച്ചുള്ള അത്രയേറെ വാർത്തകൾ അതിനകം തന്നെ ലോകത്തെ ഞെട്ടിച്ചിരുന്നു.

ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കേസിലെ ആയിരത്തോളം പേജുകളുള്ള രേഖകളാണ് ന്യൂയോർക്ക് ഡിസ്ട്രിക്ട് കോടതി ജഡ്ജി ലൊറേറ്റ പ്രെസ്‌കയുടെ ഉത്തരവ് പ്രകാരം പരസ്യപ്പെടുത്തുന്നത്. ഈ രേഖകൾ രഹസ്യമാക്കി സൂക്ഷിക്കുന്നത് തുടരുന്നതിൽ നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് രേഖകൾ പരസ്യപ്പെടുത്താൻ ജഡ്ജ് ലൊറേറ്റ നേരത്തേ ഉത്തരവിട്ടത്. രേഖകൾ പരസ്യമാക്കുന്ന പ്രക്രിയ ജനുവരി ഒന്നിന് ശേഷം ആരംഭിക്കണമെന്നായിരുന്നു ഉത്തരവ്. ഇതുവരെ പുറത്തുവന്ന രേഖകളിൽ ഒന്നും രണ്ടുമല്ല 170-ലേറെ പേരുകളാണ് ഉള്ളത്.

കൂട്ടിക്കൊടുപ്പിലൂടെ വളർന്ന സാമ്രാജ്യം

രഞ്ജി പണിക്കർ എഴുതിയ ഒരു സിനിമയിൽ പറയുന്ന ഡയലോഗില്ലേ, കീരീടംവെച്ച കൂട്ടിക്കൊടുപ്പുകാരൻ അഥാവാ 'റോയൽ പിമ്പ്' എന്ന്. ആ വാക്ക് ശരിക്കും ചേരുന്ന വ്യക്തിയാണ്, ജെഫ്രി എപ്‌സ്റ്റൈൻ. ടൂറിസം, സ്റ്റോക്ക് എക്സേഞ്ച്, റിയൽ എസ്റ്റേറ്റ് തൊട്ട് ഹോളിവുഡ് സിനിമാ ഇൻഡസ്ട്രിയിൽവരെ നീളുന്നതാണ് അയാളുടെ ബിസിനസ് സാമ്രാജ്യം. ഇത് വളർത്താനുള്ള അയാളുടെ ഒരു സൈഡ് ബിസിനസ് ആയിരുന്നു സെക്സ് പാർട്ടികൾ എന്നാണ് ന്യൂയോർക്ക് ടൈംസ് എഴുതുന്നുത്. പ്രമുഖരുമൊത്ത് സെക്‌സ് പാർട്ടികൾ നടത്തുന്നതോടെ അവർ അദ്ദേഹത്തിന്റെ വിശ്വസ്തരായ സുഹൃത്തുക്കൾ ആവും. കോടികളുടെ ബിസിനസാണ് അയാൾ ഇതുവഴി നടത്തിയത്. 'കൂട്ടിക്കൊടുപ്പിലുടെ വളർന്ന സാമ്രാജ്യം' എന്നാണ് എപ്‌സ്റ്റൈന്റെ ബിസിനസുകെക്കുറിച്ച് ന്യൂയോർക്ക് ടൈസ് പറയുന്നത്.

അതിനുപുറമെ, കുട്ടികളെ പീഡിപ്പിക്കുന്നതിൽ അനന്ദം കണ്ടെത്തുന്ന ഒന്നാന്തരം ഒരു സൈക്കോ കൂടിയായിരുന്നു ഇയാൾ. അത്തരത്തിലുള്ള പ്രമുഖരുമായിട്ടായിരുന്നു ഇയാൾക്ക് ഏറെ ബന്ധവും. എപ്‌സ്‌റ്റൈൻ സെക്‌സ് പാർട്ടികൾ നടത്തിയിരുന്ന 72 ഏക്കർ വരുന്ന ദ്വീപും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കയാണ്. 1998 ൽ യുഎസ് വിർജീനിയ ഐലൻഡിൽ എപ്‌സ്‌റ്റൈൻ സ്വന്തമാക്കിയ ലിറ്റിൽ സെന്റ് ജയിംസ് എന്ന ദ്വീപിന്റെ മൂല്യം 63 ദശലക്ഷം ഡോളറാണ്. ലിറ്റിൽ സെന്റ് ജയിംസ് ദ്വീപിനെ നാട്ടുകാർ വിളിക്കുന്ന പേരാണ് പീഡോഫൈൽ ഐലൻഡ് എന്നത്. എണ്ണപ്പനകൾ നിറഞ്ഞ ഈ ദ്വീപിൽ മനോഹരമായ കെട്ടിടങ്ങളും സ്വർണമകുടത്തോടു കൂടിയ ആരാധനാലയവും ഉള്ളതായി നാട്ടുകാർ പറയുന്നു. പുറമേ നിന്നുള്ളവർക്ക് ഇവിടെ കയറാനാവില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിക്കാൻ വേണ്ടി മാത്രം അതിസമ്പന്നൻ തീർത്ത സുന്ദരമായ കൊട്ടാരം എന്ന് മാത്രമേ ഇതിനെ കുറിച്ച് പറയാനാകൂ. ഇയാൾക്കായി പെൺകുട്ടികളെ വശീകരിച്ച് ഇവിടെ എത്തിച്ചിരുന്ന എപ്സ്‌റ്റൈന്റെ കാമുകിയും കേസിലെ മുഖ്യ പ്രതികളിൽ ഒരാളുമായ ഗിലേൻ മാക്സെ്വെൽ ആയിരുന്നു! ഇവർ ഇപ്പോൾ 20 വർഷം തടവിന് ശിക്ഷക്കപ്പെട്ട് ജയിലിലാണ്.

12 മുതൽ 17 വയസുവരെയുള്ള നിരവധി കുട്ടികളെ ഇത്തരത്തിൽ വശീകരിച്ച് ദ്വീപിൽ എത്തിച്ചിരുന്നതായി വിർജിൻ ഐലന്റ് അറ്റോർണി ജനറൽ സമർപ്പിച്ച കോടതി രേഖകളിൽ പറയുന്നുണ്ട്. പെൺകുട്ടികളെ ബോട്ടിലും ഹെലികോപ്റ്ററിലും ദ്വീപിലേക്കു കൊണ്ടുവന്നിരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ പോലും ദ്വീപിലേക്ക് കടക്കാൻ അനുവദിച്ചിരുന്നില്ല. പകരം അവരെ ഓഫീസിൽ പോയി കാണുകയാണ് പതിവ്.

ഭക്ഷണം പോലും കൊടുക്കാതെ പീഡനം

നിരന്തര പീഡനത്തിനിരയായ റാൻസം എന്ന സ്ത്രീ പീഡനത്തിനിരയായ റാൻസം എന്ന സ്ത്രീ 'നരകം' എന്നാണ് കോടീശ്വരന്റെ സ്വകാര്യ ദ്വീപിനെ വിശേഷിപ്പിച്ചത്. പത്തു തവണ ആ ദ്വീപിലേക്കു പോകേണ്ടിവന്നെന്നും ഓരോ തവണയും എപ്‌സ്‌റ്റൈനെ മസാജ് ചെയ്യാൻ നിർബന്ധിതയായെന്നും അവർ അന്വേഷണ ഉദ്യോഗസ്ഥതോടു പറഞ്ഞിരുന്നു. അതു നിരസിച്ചാൽ ക്രൂര പീഡനമായിരുന്നു. കഴുകൻ കണ്ണുകളുമായി അതിനു കൂട്ടുനിന്നത് ഗിലേനായിരുന്നു. അപ്പർ ഈസ്റ്റ് സൈഡ് മാളികയായിരുന്നു മറ്റൊരു വിഹാരകേന്ദ്രം. അവിടെവച്ച് താൻ ഒട്ടേറെത്തവണ പീഡിപ്പിക്കപ്പെട്ടുവെന്നും റാൻസം പറഞ്ഞു. ദ്വീപിൽ എത്തിക്കുന്ന പെൺകുട്ടികൾക്ക് പ്രത്യേക ഭക്ഷണ ക്രമീകരണമായിരുന്നു. എപ്സ്റ്റൈന്റെ ആവശ്യങ്ങൾക്കു വഴങ്ങാൻ മടികാട്ടിയിരുന്നതിനാൽ

റാൻസമിന് ഭക്ഷണം ലഭിക്കാറില്ലായിരുന്നു. പട്ടിണിയായിരുന്നു പല ദിവസങ്ങളിലും. പക്ഷേ ഒരു ബ്ലാക്ക്‌ബെറി ഫോൺ സമ്മാനമായി കൊടുത്തിരുന്നു. എവിടെയൊക്കെ പോകുന്നു, ആരോടൊക്കെ സംസാരിക്കുന്നു, രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടുപിടിക്കാനുള്ള മാർഗമായിരുന്നു ഇത്. പിന്നീട് തടവിൽനിന്നു രക്ഷപ്പെട്ട റാൻസം 2017 ലാണ് താൻ നേരിട്ട പീഡനങ്ങളെപ്പറ്റി വെളിപ്പെടുത്തിയത്.

വിർജിനീയ റോബർട്‌സ് എന്ന യുവതിയാണ് 1999-2002 കാലത്ത് എപ്‌സ്‌റ്റൈനെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. തന്നെ 'ലൈംഗിക അടിമ'യാക്കി ഉപയോഗിച്ച എപ്‌സ്‌റ്റൈൻ, ഉന്നത പദവികളിലുള്ള സുഹൃത്തുക്കൾക്കായി കാഴ്ച വച്ചെന്നായിരുന്നു വിർജീനിയയുടെ ആരോപണം. ഫ്ലോറിഡ പൊലീസിലേക്ക് ഒരമ്മ ഫോൺ വിളിക്കുകയും തന്റെ പ്രായപൂർത്തിയാകാത്ത മകളെ പാം ബീച്ച് എസ്റ്റേറ്റിൽ എപ്‌സ്‌റ്റൈൻ പീഡിപ്പിച്ചതായി പരാതിപ്പെടുകയും ചെയ്തത് 2005 മാർച്ചിൽ. ഈ പരാതികളിൽ അന്വേഷണം തുടങ്ങി. 2006 മേയിൽ പാം ബീച്ച് പൊലീസ് സത്യവാങ്മൂലം ഫയൽ ചെയ്തു. എപ്‌സ്‌റ്റൈനെ കൂടാതെ സാറാ കെല്ലൻ, ഹാലി റോബ്‌സൺ സോൺ എന്നിവരുടെ പേരുകളും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. അഞ്ച് ഇരകളെയും 17 ദൃക്‌സാക്ഷികളെയും ചോദ്യം ചെയ്താണു സത്യവാങ്മൂലം തയാറാക്കിയത്. പ്രാപൂർത്തിയാകാത്ത പെൺകുട്ടികളുമായും നിയമവിരുദ്ധ ശാരീരിക ബന്ധത്തിൽ എപ്സ്റ്റീൻ ഏർപ്പെട്ടതായി ആരോപിച്ചിരുന്നു. എപ്സ്റ്റീന് ആവശ്യാനുസരണം പെൺകുട്ടികളെ എത്തിച്ച് പണമുണ്ടാക്കി എന്ന കുറ്റമാണു സോണിനെതിരെ ചുമത്തിയത്.

അളവറ്റ സമ്പത്തും സ്വകാര്യ വിമാനങ്ങളും രാജ്യാന്തര ബന്ധങ്ങളുമുണ്ടായിരുന്ന എപ്‌സ്‌റ്റൈൻ വർഷങ്ങൾക്കു മുമ്പ് ഏതെല്ലാം വിധത്തിലാണ് ഉപദ്രവിച്ചതെന്ന് ഇയാൾക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ച കോർട്ട്‌നി വൈൽഡും ആനി ഫാർമറും കോടതിയിൽ വിശദീകരിച്ചത് ഞെട്ടലോടെയാണു ലോകം കേട്ടത്. എപ്‌സ്‌റ്റൈൻ 14ാം വയസ്സിൽ പീഡിപ്പിച്ചതായി കോർട്ട്‌നി വൈൽഡ് മൊഴി നൽകി. 16-ാം വയസ്സിൽ ന്യൂയോർക്കിലാണ് എപ്സ്റ്റീനുമായി നിർഭാഗ്യകരമായ കൂടിക്കാഴ്ചയുണ്ടായതെന്ന് ആനി ഫാർമർ മൊഴി നൽകി. പിന്നീട് ന്യൂ മെക്‌സിക്കോയിലേക്കു വിമാനത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എപ്‌സ്‌റ്റൈന്റെ പീഡനത്തിനിരയായ വിർജീനിയ ജിഫ്രെ 2015 ൽ നൽകിയ കേസിൽ കോടതി സൂക്ഷിച്ചിരുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവിട്ടത്.


ക്ലിന്റണും ട്രപും അടങ്ങുന്ന നീണ്ട നിര

കോടതി രേഖകളിൽ 67 തവണയാണ് ആൻഡ്രൂ രാജകുമാരന്റെ പേര് പരാമർശിക്കുന്നത്. ഇതിനെല്ലാം പുറമേ അമേരിക്കൻ നടൻ കെവിൻ സ്പേസി, സൂപ്പർ മോഡൽ നവോമി ക്യാംബെൽ, ഹോളിവുഡ് നടി കാമറൂൺ ഡയസ്, ഹാർവാർഡ് പ്രൊഫസർ അലൻ ഡെർഷോവിറ്റ്സ് തുടങ്ങിയ പേരുകളും കോടതി രേഖകളിൽ പരാമർശിക്കുന്നുണ്ട്.

ആൻഡ്രൂ രാജകുമാരൻ ഈ ദ്വീപ് പലതവണ സന്ദർശിച്ചിട്ടുണ്ടെന്നും ഇവിടെവെച്ച് അയാൾ നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്നും കോടതി രേഖകളിൽ പറയുന്നു. 2001-ൽ ലിറ്റിൽ സെയിന്റ് ജെയിംസ് ഐലൻഡിലെ മാൻഹട്ൻ ടൗൺഹൗസിൽ വെച്ച് ആൻഡ്രു തന്റെ സ്വകാര്യഭാഗത്ത് പിടിച്ചതായി ഇരയായ ഒരു സ്ത്രീ പറഞ്ഞതായി ഇപ്പോൾ പുറത്തുവന്ന കോടതി രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവം അന്ന് തന്നെ മാധ്യമങ്ങളിൽ വാർത്തയാകുകയും ആൻഡ്രൂ രാജകുമാരൻ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കോടതി രേഖകളിൽ 67 തവണയാണ് ആൻഡ്രൂ രാജകുമാരന്റെ പേര് പരാമർശിക്കുന്നത്.

പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്‌സിനെതിരെയും ഗുരുതരമായ ആരോപണമാണ് കോടതിരേഖകളിലുള്ളത്. ഹോക്കിങ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് രേഖയിൽ പറയുന്നു. ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാനായി ഇരയാക്കപ്പെട്ട സ്ത്രീയുടെ സുഹൃത്തിന് പണം നൽകാൻ എപ്‌സ്റ്റൈൻ സന്നദ്ധനായിരുന്നുവെന്ന വിവരവും കോടതി രേഖകളിലുണ്ട്.

മുൻ യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റണ് ചെറുപ്പക്കാരികളായ പെൺകുട്ടികളോാണ് താത്പര്യമെന്ന് അദ്ദേഹം പറഞ്ഞതായി എപ്‌സ്റ്റൈൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇരയാക്കപ്പെട്ട ഒരു സ്ത്രീ വെളിപ്പെടുത്തുന്നത്. 'ഡോ 36' എന്നാണ് രേഖകളിൽ ക്ലിന്റണെ വിശേഷിപ്പിച്ചിരിക്കുന്നത്. 50-ലേറെ തവണയാണ് രേഖകളിൽ ക്ലിന്റന്റെ പേര് പരാമർശിച്ചിട്ടുള്ളത്. പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസിലെ ജീവനക്കാരിയായിരുന്ന മോണിക്ക ലെവിൻസ്‌കിയുമായുള്ള ബന്ധത്തിന്റെ പേരിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇംപീച്ച് ചെയ്യപ്പെട്ടയാളാണ് ക്ലിന്റൺ.

ഹാർവാർഡ് പ്രൊഫസറായ അലൻ ഡെർഷോവിറ്റ്‌സിനൊപ്പം ലൈംഗികബന്ധത്തിലേർപ്പെടാൻ ജെഫെറി എപ്‌സ്റ്റൈൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ നിർബന്ധിച്ചുവെന്ന് കോടതി രേഖകളിൽ പറയുന്നു. ഇയാൾ നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്തതായും രേഖകളിലുണ്ട്. അമേരിക്കൻ മജീഷ്യനായ ഡേവിഡ് കോപ്പർഫീൽഡിന്റെ പേര് ആറ് തവണയാണ് കോടതി രേഖകളിൽ പരാമർശിക്കുന്നത്.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒടുവിലത്തെ കോടതിരേഖകളിൽ മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനങ്ങളെക്കുറിച്ചുള്ള മൊഴികളും ഉൾപ്പെടുന്നുണ്ട്. എപ്സ്റ്റീന്റെ മുൻ ഹൗസ് മാനേജരായ ജൂവാൻ അലെസ്സിയാണ് ട്രംപ് അടക്കമുള്ളവരുടെ സന്ദർശനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ട്രംപ് എപ്സ്റ്റീന്റെ സൗത്ത് ഫ്‌ളോറിഡയിലെ വസതിയിൽ വന്നിട്ടുണ്ടെന്നും എന്നാൽ 'മസാജ്' ചെയ്തിട്ടില്ലെന്നുമായിരുന്നു അലെസ്സിയുടെ മൊഴി. അതേസമയം, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ 'മസാജ്' ചെയ്തിട്ടുണ്ടെന്നും അലെസ്സി വെളിപ്പെടുത്തുന്നു. പ്രമുഖരായ പലരെയും എപ്സ്റ്റീന്റെ വസതിയിൽ പതിവായി കണ്ടിട്ടുണ്ടെന്നും കേസിന്റെ ഭാഗമായി അലെസ്സി മൊഴി നൽകിയിട്ടുണ്ട്.

ആൻഡ്രൂ രാജകുമാരൻ എപ്സ്റ്റീന്റെ വസതിയിൽ ആഴ്ചകളോളം ചിലവഴിച്ചതായാണ് വെളിപ്പെടുത്തൽ. അതിഥികൾക്കുള്ള പ്രധാന കിടപ്പുമുറിയിലായിരുന്നു ആൻഡ്രൂ രാജകുമാരൻ ഉറങ്ങിയിരുന്നത്. ഇദ്ദേഹത്തിന് ദിവസവും 'മസാജ്' ചെയ്തിരുന്നതായും അലെസ്സിയുടെ മറുപടിയായി കോടതിരേഖകളിൽ രേഖപ്പെടുത്തിയിരുന്നു.അതേസമയം, ഡൊണാൾഡ് ട്രംപ് എപ്സ്റ്റീന്റെ വസതിയിൽ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും അവിടെ താമസിച്ചിട്ടില്ലെന്നായിരുന്നു മുൻ ഹൗസ് മാനേജർ നൽകിയ മൊഴി. ഇത് ഫലത്തിൽ ട്രംപിനെ രക്ഷിച്ചിരിക്കയാണ്.

ജീവനൊടുക്കിയ റഷ്യൻ മോഡൽ

ജെഫ്രി എപ്സ്റ്റീനൊപ്പം അയാളുടെ 'പീഡൊഫൈൽ ദ്വീപി'ലേക്ക് യാത്രചെയ്ത റഷ്യൻ മോഡൽ രണ്ടുവർഷത്തിന് ശേഷം ജീവനൊടുക്കിയെന്നും പുറത്തുവന്ന കോടതിരേഖകളിൽ പറയുന്നുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എപ്സ്റ്റീൻ അറസ്റ്റിലാകുന്നതിന് ആഴ്ചകൾക്ക് മുൻപാണ് റഷ്യൻ മോഡലായ റുസ്ലാന കോഷ്‌നോവ ഇയാൾക്കൊപ്പം ദ്വീപിലേക്ക് യാത്രചെയ്തത്. തുടർന്ന് രണ്ടുവർഷത്തിന് ശേഷം, 2008-ൽ ന്യൂയോർക്കിലെ ആഡംബര അപ്പാർട്ട്‌മെന്റിൽനിന്ന് ചാടിയാണ് യുവതി ജീവനൊടുക്കിയതെന്നും പുറത്തുവന്ന രേഖകളിൽ വിശദീകരിക്കുന്നു.

റഷ്യൻ മോഡലായ കോഷ് നോവ എപ്സ്റ്റീനൊപ്പം അയാളുടെ 'ലോലിറ്റ എക്സ്‌പ്രസ്' വിമാനത്തിലാണ് ദ്വീപിലേക്ക് യാത്രചെയ്തത്. അന്ന് 18 വയസ്സായിരുന്നു കോഷ് നോവയുടെ പ്രായം. 2006 ജൂൺ ഏഴാം തീയതിയാണ് കോഷ് നോവ എപ്സ്റ്റീന്റെ വിമാനത്തിൽ യാത്രചെയ്തതെന്നാണ് യാത്രാരേഖകളിൽ വ്യക്തമാക്കുന്നത്.ഇരുവർക്കും പുറമേ എപ്സ്റ്റീന്റെ ബോഡിഗാർഡും, പാചകക്കാരനും സഹായിയും വിമാനത്തിലുണ്ടായിരുന്നു. അതേസമയം, എപ്സ്റ്റീനൊപ്പം ദ്വീപിലെത്തിയ ശേഷം എന്തെല്ലാം സംഭവിച്ചുവെന്നതിൽ വിവരങ്ങളില്ല.

എപ്സ്റ്റീനൊപ്പം ദ്വീപ് സന്ദർശിച്ച് രണ്ടുവർഷത്തിന് ശേഷമായിരുന്നു കോഷ്‌നോവയുടെ ആത്മഹത്യ. ഡി.കെ.എൻ.വൈ, മാർക് ജേക്കബ്‌സ് തുടങ്ങിയ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന മോഡലായിരുന്നു കോഷ് നോവ. 2008-ൽ ന്യൂയോർക്കിലെ വാൾസ്ട്രീറ്റ് അപ്പാർട്ട്‌മെന്റിലെ ഒമ്പതാംനിലയിൽനിന്ന് ചാടിയാണ് കോഷ് നോവ ജീവനൊടുക്കിയത്. ഈ മരണവും ദൂരൂഹമാണ്.

മരണത്തിന് പിന്നിൽ ട്രംപോ ?

വാളെടുത്തവൻ വാളാൽ എന്നു പറയുന്നതുപോലെയായി ഒടുവിൽ എപ്സ്‌റ്റൈന്റെ ജീവിതവും. ലൈംഗിക കറ്റകൃത്യങ്ങളിൽ അറസ്റ്റിലായ അയാൾ 2019ൽ ജയിലിൽ ആത്മഹത്യചെയ്യുകയായിരുന്നു. പക്ഷേ ഇതുംു വലിയ വിവാദമായി. ഇത് ആത്മഹത്യയല്ല കൊലയാണെന്നും പിന്നിൽ ട്രംപ് ആണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ട്രംപിനെതിരെയുള്ള രഹസ്യവിവരങ്ങൾ പുറത്തുവിടുമെന്ന് ഭയന്നാണ് കൊല്ലിച്ചതെന്നുമായി ആരോപണം.

മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ് എപ്സ്‌റ്റൈന് അർധബോധാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ ആത്മഹത്യ ചെയ്യാനാകും എന്നതാണ് ചോദ്യം. ഇത്രയേറെ അത്യാധുനിക സുരക്ഷാ നിരീക്ഷണങ്ങൾ നിലനിൽക്കുന്ന ന്യൂയോർക്ക് ജയിലിലാണ് സംഭവം എന്നും ഓർക്കണം. സഹതടവുകാരനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ടുണ്ട്. എപ്‌സ്‌റ്റൈന്റെ ദുരൂഹമരണം യുഎസിൽ രാഷ്ട്രീയപ്പോരിനും കളമൊരുക്കി. മുൻ പ്രസിഡന്റ് ക്ലിന്റനും ഭാര്യ ഹിലരിക്കും പങ്കുണ്ടെന്നായിരുന്നു ആദ്യ ആരോപണം. ട്രംപിനു പങ്കുണ്ടെന്ന തരത്തിൽ എതിർപക്ഷം തിരിച്ചടിച്ചു. രണ്ടു തരത്തിലുള്ള അഭ്യൂഹങ്ങളും ചർച്ച ചെയ്യപ്പെട്ടു. പക്ഷേ ട്രംപിന്റെ പേരാണ് പൊതുവെ ഉയർന്നുകേട്ടത്.

അതേസമയം, ട്രംപിനെതിരെ കോടതി രേഖകളിൽ ലൈംഗികാരോപണം ഇല്ല. ട്രംപും എപ്‌സ്റ്റൈനും പലതവണ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. ട്രംപ് തെറ്റായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് രേഖകളിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ട്രംപ് അനുകൂലികൾ സോഷ്യൽ മീഡിയയിൽ ആഹ്‌ളാദപ്രകടനവും നടത്തുന്നുണ്ട്. പക്ഷേ ലൈംഗികപീഡനം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നത് മറക്കാനാവില്ല. വെറുതെ കാറ്റുകൊള്ളാനാണോ ട്രംപ് ഈ ബാലപീഡകരുടെ ദ്വീപിൽ എത്തിയത് എന്ന ചോദ്യവും ബാക്കിയാവുന്നു.

 

എന്തായാലും ഒരുകാര്യം ഉറപ്പാണ്. പല രാഷ്ട്രീയക്കാർക്കും എപ്‌സ്‌റ്റൈന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചും തിരിച്ചും അറിവുണ്ടായിരുന്നു. എപ്‌സ്‌റ്റൈൻ ഇല്ലാതായി കാണാൻ ചിലർ ആഗ്രഹിച്ചിരുന്നു. ഇനിയും കോടതിരേഖകൾ ഒരുപാട് ഈ കേസിൽ പുറത്തുവരാനുണ്ട്. അതുകൊണ്ടുതന്നെ ഏതൊക്കെ മുഖങ്ങൾ ഇനിയും വികൃതമാവും എന്നാണ് കാത്തിരിക്കേണ്ടത്. ഈ അമേരിക്കൻ സ്മാത്ത വിചാരണക്കേസിൽ ആരുടെയൊക്കെ പേര് പുറത്തുവരുമെന്ന് കാത്തിരുന്ന് കാണാം.

വാൽക്കഷ്ണം: ഈ രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ ക്ഷീണം സംഭവിച്ചത്, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങിനാണ്. 2018ൽ അന്തരിച്ച, അന്തരിച്ച ഈ ശാസ്ത്രജ്ഞന് കേരളത്തിലടക്കം വലിയൊരു ഫാൻ ബേസ് ഉണ്ടായിരുന്നു. മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന രോഗം ബാധിച്ച് വീൽചെയറിൽ ആയിരുന്നു അദ്ദേഹം ഇതുപോലെ ഒരു ബാലപീഡകനാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഈ ആരോപണത്തിന് മറുവാദം ഉയർത്താൻ പോലും അദ്ദേഹത്തിന്റെ ആരാധകർക്ക് കഴിയുന്നില്ല.