- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കുരിശ് ഉപയോഗിക്കില്ല; ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കില്ല; രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം; വോട്ടു ചെയ്യാറില്ല; ആശുപത്രികളും സ്കുളുകളും നടത്തില്ല, പണി സുവിശേഷം മാത്രം; യഹോവ സാക്ഷികളുടെ ജീവിത കഥ
കേരളത്തിലെ കറുത്ത ഞായർ! കൊച്ചി കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥന നടന്ന കൺവെൻഷൻ സെന്ററിൽ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 30ഓളം പേർക്ക് പരിക്കേൽപ്പിക്കയുകയും ചെയ്ത ഒരു ദിവസം കടന്നുപോവുമ്പോൾ, മലയാളികളുടെ മനസ്സിലും ഭീതി നിറയുകയാണ്. വിദേശരാജ്യങ്ങളിൽ കണ്ടുവന്നിരുന്ന, സ്ഫോടനങ്ങളും ആക്രമണങ്ങളും നമ്മുടെ നാട്ടിലും എത്തുകയാണോ?
കളമശ്ശേരിയിലെ കൺവെഷൻ സെന്ററിൽ, രാവിലെ ഒൻപതരയോടെയാണ് സ്ഫോടനമുണ്ടായത്.. ഞായറാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവരാണ് അപകടത്തിൽ പെട്ടത്. അഞ്ചു പേരുടെ നിലഗുരതരമാണ്.വെള്ളിയാഴ്ച തുടങ്ങിയ സമൂഹ പ്രാർത്ഥനയാണ് അവിടെ നടന്നത്. ഹാളിന്റെ നടുക്കാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര സ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊട്ടിത്തെറിക്ക് ശേഷം ആളുകൾ ഓടി രക്ഷപ്പെട്ടു. ഇതിനിടെയാണ് ഒരു മൃതദേഹം കത്തി കരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള വിശ്വാസികൾ ഇവിടെ പ്രാർത്ഥനയ്ക്കുണ്ടായിരുന്നു. സ്ഫോടനത്തിൽ തൊട്ടടുത്ത കെട്ടിടങ്ങളും കുലുങ്ങി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. പൊള്ളലേറ്റവർ നിരവധി പേരുണ്ട്. സ്ഫോടന കാരണം കണ്ടെത്താനാണ് പൊലീസ് ശ്രമ നടത്തുകയാണ്.
ഈ വാർത്തകൾ പുറത്തുവന്നയോടെ സോഷ്യൽ മീഡിയിൽ അടക്കം ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് ഈ യഹോവ സാക്ഷികൾ? എന്താണ് ഇവരുടെ വിശ്വാസ രീതികൾ? അത് പഠിക്കുമ്പോഴാണ് ഇവർ അതീവ വ്യത്യസ്തരാണെന്ന് മനസ്സിലാവുന്നത്.
തുടക്കം അമേരിക്കയിൽ
മുഖ്യധാരാ ക്രൈസ്തവരിൽ നിളന്ന് വ്യത്യസ്തമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ. പേര് യഹോയുടെ സാക്ഷികൾ എന്നാണെങ്കിലും കേരളത്തിൽ അടക്കം യഹോവ സാക്ഷികൾ എന്നാണ് അറിയപ്പെടുന്നത്. ഈ മതത്തിൽ എൺപത്തിയാറ് ലക്ഷത്തിലധികം വിശ്വാസികൾ സുവിശേഷ പ്രചാരക വേലയിൽ ഏർപ്പെടുന്നതായും, രണ്ട് കോടിയിൽ അധികം അംഗങ്ങൾ ഉള്ളതായും പറയുന്നു. ലോകവ്യാപകമായി ഇവരുടെ പ്രവർത്തനമുണ്ട്. ഈ ലോക വ്യവസ്ഥിതിയെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടും എന്നുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.
സി.റ്റി. റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ അമേരിക്കയിലെ പെൻസിൽ വാനിയയിൽ സ്ഥാപിച്ച്, ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ യെശയ്യാവ് ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തുന്നത്.
ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടെന്ന് തന്നെ ദൈവം ആയ യഹോവ ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക് രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. പറുദീസ ആയി മാറ്റപ്പെടുന്ന ഈ ഭൂമിയിൽ മരിച്ചുപോയ നല്ലവരായ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകുമെന്നും ഇവർ പ്രത്യാശിക്കുന്നു.
മുഖ്യധാരാ ക്രൈസ്തവ സഭകളുടെ ഉപദേശങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ രീതികൾ. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പറഞ്ഞ് യഹോവ സാക്ഷികൾ തിരസ്കരിക്കുന്നു. പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന് അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സർവ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു.
ക്രിസ്മസും ഈസ്റ്റും ആഘോഷിക്കില്ല
മുഖ്യധാരാ ക്രൈസ്തവ സഭകളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ഇവരുടെ അദ്ധ്യാപനങ്ങൾ. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. ആരാധനാലയത്തെ 'രാജ്യഹാൾ' എന്നാണ് വിളിക്കുന്നത്. കുരിശോ വിഗ്രഹങ്ങളോഒന്നും ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല. കൂടാതെ, ഇവർക്ക് വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവർത്തകരും സ്വമേധയാ സേവകർ ആണ്. പുകവലി, അടക്ക ചവക്കൽ, മയക്കുമരുന്നിന്റെ ദുരുപയോഗം, തുടങ്ങിയ ദുശ്ശീലങ്ങൾ ഇവർക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാൽ മദ്യം മിതമായ അളവിൽ ഉപയോഗിക്കുന്നതിൽ തടസ്സമില്ല.
യഹോവ സാക്ഷികൾ സുവിശേഷ പ്രസംഗത്തിനു പേരുകേട്ടവരാണ്, പ്രത്യേകിച്ച് വീടുതോറുമുള്ള പ്രവർത്തനത്തിന്. ജാതി, മത, സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവരെയും കണ്ട് ദൈവരാജ്യം ഉടനെ ഭൂമിയിൽ വരുമെന്നുള്ള ശുഭവാർത്ത ഉദ്ഘോഷിക്കുന്നു. തങ്ങളുടെ വിശ്വാസത്തിൽ താൽപര്യം കാണിക്കുന്നവർക്ക് ഇവർ സൗജന്യ ഭവന ബൈബിൾ അദ്ധ്യായനങ്ങൾ നടത്തുന്നു. ഇതിനായി അവർ പുസ്തകങ്ങളും, ലഘുപത്രികകളും, മാസികകളും ഉപയോഗിക്കുന്നു.
ചില പ്രസിദ്ധീകരണങ്ങൾ 600-ൽ അധികം ഭാഷകളിൽ ലഭ്യമാണ്. പരസ്യ പ്രസംഗവേലയിൽ ഏർപ്പെടാനുള്ള ബൈബിൾ കൽപ്പനയാണ് തങ്ങൾ ചെയ്യുന്നയെതന്നും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന പ്രവർത്തനമാണിതെന്നും, അവർ വിശ്വസിക്കുന്നു. തങ്ങളാൽ ആവുന്നത്ര വിധത്തിൽ സുവാർത്ത പ്രസംഗിക്കുന്നതിന് സമയം ചെലവഴിക്കാൻ വിശ്വാസികശഴ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ സ്നാനമേറ്റ പ്രസാദകർ തങ്ങൾ പ്രവർത്തിച്ചതിന്റെ റിപ്പോർട്ട് നൽകുകയും ചെയ്യേണ്ടതാണ്. സ്നാനമേറ്റ പ്രസാദകരിൽ എല്ലാ മാസവും റിപ്പോർട്ട് നൽകാത്തവർക്കെതിരെ നടപടിയുണ്ടാവാറുണ്ട്. ആറ് മാസമായി റിപ്പോർട്ട് നൽകാത്തവരെ നിഷ്ക്രിയരായി കരുതുന്നു. ഇത്തരക്കായെ സഭയിൽനിന്ന് ഒഴിവാക്കയാണ് പതിവ്.
ദേശീയഗാനം ആലപിക്കില്ല, സൈനിക സേവനമില്ല
യഹോവയുടെ സാക്ഷികൾ തങ്ങളെ ദേശീയമോ വംശീയമോ ആയ വ്യത്യാസമില്ലാത്ത ഒരു ആഗോള സഹോദരവർഗ്ഗത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. തങ്ങളുടെ ഏറ്റവും വലിയ കൂറ് യേശുരാജാവായി ഭരിക്കുന്ന ദൈവരാജ്യത്തോട് ആയിരിക്കണമെന്നും, അത് ഒരു യഥാർത്ഥ ഭരണകൂടം ആണെന്നും ഇവർ വിശ്വസിക്കുന്നു. അംഗങ്ങൾ സാമൂഹിക മുന്നേറ്റ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെങ്കിലും, ഇവർ രാഷ്ട്രീയപരമായി നിഷ്പക്ഷത പുലർത്തേണ്ടതാണ്. ആയതിനാൽ പൊതുതെരഞ്ഞെടുപ്പിൽ ഇവരിൽ പലരും വോട്ടുചെയ്യാറുമില്ല. മതപരമായ ഒഴിവ് ദിവസാഘോഷത്തിൽ നിന്നും, ജന്മദിനം പോലെ ഇവർ പുറജാതിയ ഉദ്ഭവം എന്ന് കരുതുന്ന എല്ലാ ആചാരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു.
ദേശീയഗാനം ആലപിക്കുകയും സൈനിക സേവനവും ഇവർക്ക് നിഷിദ്ധമാണ്. നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി ഈ നിലപാട് വലിയ ഏറ്റമുട്ടലിന് ഇടയാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, നാസി ജർമനിയിലും മുൻ സോവിയറ്റ് ഭരണത്തിൻ കീഴിലും ഇവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. സൈനികസേവനുമായി ബന്ധപ്പെട്ട ഒരു ജോലികളും ഇവർ ഏർപ്പെടുന്നില്ല, സായുധസേനകളിലും പങ്കുപറ്റുന്നില്ല. ഇതും പല രാജ്യങ്ങളിലും ഇവരെ അറസ്റ്റ് ചെയ്യുന്നതിനും തടങ്കലിലാക്കുന്നതിനും കാരണമായിട്ടുണ്ട്. ദേശീയ പതാകയെ വന്ദിക്കുകയോ, ദേശീയഗാനം പാടുകയോ, മറ്റെന്തെങ്കിലും ദേശഭക്തിപരമായ സംഗതികളിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും 'കൈസർക്കുള്ളത് കൈസർക്കും, ദൈവത്തിനുള്ളത് ദൈവത്തിനും' എന്ന വ്യഖ്യാനമനുസരിച്ച് നികുതികൊടുക്കയും, മറ്റ് സർക്കാർ നയങ്ങളോട് യോജിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം കാര്യങ്ങളുടെ പേരിൽ അവർ അമേരിക്കയിൽ അടക്കം നിയമയുദ്ധവും നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, അമേരിക്കൻ ഐക്യനാടുകളിലെ പരമോന്നത കോടതിയിൽ തന്നെ അമ്പതോളം നിയമവിജയങ്ങൾ ഇവർ നേടിയിട്ടുണ്ട്. കൂടാതെ, യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും അറുപതോളം കേസുകൾ ഇവർ വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ സുപ്രീം കോടതിയിൽ 1986ൽ ദേശീയഗാന ആലാപനത്തോട് ബന്ധപ്പെട്ട് ഇവർ നേടിയ നിയമവിജയം ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നാണ്.
ചരിത്രമായ ബിജോ ഇമ്മാനുവേൽ കേസ്
1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ അവിടത്തെ ഡി ഡി ചില യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. മത വിശ്വാസം മൂലം ദേശീയ ഗാനം പാടാനാവില്ല എന്ന് വാദിച്ച കുട്ടികളുടെ പോരാട്ടം സുപ്രീം കോടതി വരെ നീളുന്നതായിരുന്നു. ബിജോ ഇമ്മാനുവൽ കേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇമ്മാനുവൽ എന്നയാളുടെ മക്കളായ ബിജോ, ബിനു മോൾ, ബിന്ദു എന്നീ കുട്ടികൾ സ്ഥിരമായി സ്കൂളിൽ പോകുകയും സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അസംബ്ലിയിൽ ദേശീയ ഗാനം ചൊല്ലുമ്പോൾ മറ്റ് കുട്ടികളെ പോലെ ഇവരും ബഹുമാനത്തോടെ എഴുന്നേറ്റു നിന്നിരുന്നെങ്കിലും ഇവർ ഗാനം ആലപിച്ചിരുന്നില്ല. അവരുടെ മതവിശ്വാസംമൂലം ദേശീയ ഗാനം ആലപിക്കാൻ അനുവദിക്കാത്തതായിരുന്നു കാരണം.
വളരെ അച്ചടക്കമുള്ള വെൽ ബിഹേവ്ഡ് ആയ കുട്ടികളുടെ ഈ പ്രവൃത്തി സ്കൂളിൽ ഉള്ള ആരെയും അലോസരപ്പെടുത്തിയിരുന്നില്ല. എന്നാൽ പ്രശ്നങ്ങൾ തുടങ്ങുന്നത് 1985 ജൂലൈയിൽ സ്കൂളിൽ വന്ന ഒരു എംഎൽഎ ഇത് കാണുമ്പോൾ മുതലാണ്. അദ്ദേഹത്തിനത് ഇഷ്ടപ്പെടാതിരിക്കുകയും വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. ദേശീയ ഗാനത്തെ ഈ കുട്ടികൾ അപമാനിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സർക്കാർ ഇത് അന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചു.
കുട്ടികൾ നിയമം പാലിക്കുന്നവർ തന്നെ ആണെന്നും അവർ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ല എന്നുമായിരുന്നു സമിതിയുടെ കണ്ടെത്തൽ. എന്നാൽ വിഷയം വളരെ സെൻസിറ്റീവ് ആയതിനാൽ സ്കൂൾ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദ്ദേശമനുസരിച്ച് സ്കൂൾ പ്രിൻസിപ്പൽ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുന്നു. കുട്ടികളുടെ പിതാവ് ഇമ്മാനുവൽ പ്രിൻസിപ്പലിനോട് കുട്ടികളെ പഠിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇമ്മാനുവൽ കുട്ടികൾ പെറ്റീഷ്ണർ ആയി ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നു. കുട്ടികളെ സ്കൂളിൽ തുടരാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. ആദ്യം ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചും പിന്നീട് ഡിവിഷൻ ബഞ്ചും ഹർജി തള്ളുന്നു. ഇതിനെ തുടർന്നാണ് കുട്ടികൾ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്.
സുപ്രീം കോടതി ഈ കേസിന്റെ വിധിന്യായത്തിന്റെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നൊരു കാര്യമുണ്ട്. ഹൈക്കോടതി ചെയ്തത് നമ്മുടെ ദേശീയ ഗാനമായ 'ജനഗണമന ' യുടെ ഒരൊ വരികളും സൂക്ഷ്മമായി പരിശോധിക്കലാണ്. എന്നിട്ട് ആ വാക്കുകൾ ഒന്നും ഒരു മതവിശ്വാസത്തിനും എതിരല്ല എന്ന് കണ്ടെത്തി. എന്നാൽ കേസിലെ പ്രശ്നം അതായിരുന്നെ ഇല്ല. കേസിലെ പെറ്റീഷ്ണറായ കുട്ടികളുടെ മതവിഭാഗമായ യഹോവ സാക്ഷികൾ ലോകത്തൊരിടത്തും ദേശീയ ഗാനം ആലപിക്കാറില്ല. അതിന്നർത്ഥം അവർക്ക് ദേശീയഗാനത്തോട് ആദരവില്ല എന്നല്ല. ദേശീയ ഗാനം പാടുമ്പോൾ അവർ ആദരവോടെ എഴുന്നേറ്റു നിൽക്കും. എന്നാൽ തങ്ങളുടെ മതം അവരുടെ പ്രാർത്ഥനയല്ലാതെ മറ്റൊരു ആചാരങ്ങളിലും പങ്കെടുക്കാൻ അനുവദിക്കുന്നില്ല. അതുകൊണ്ട് അവർക്ക് ദേശീയ ഗാനം ആലപിക്കാനാവില്ല എന്നതായിരുന്നു വാദം. ഇത് വിശാലമായ മതസ്വതന്ത്ര്യത്തിന്റെ കണ്ണിലൂടെ നോക്കിക്കൊണ്ട് സുപ്രീം കോടതി ശരിവെക്കയായിരുന്നു. അതിനാൽ ഇപ്പോഴും സ്കുളുകളിൽ യഹോവ സാക്ഷികൾക്ക് ദേശീയ ഗാനം ആലപിക്കേണ്ട കാര്യമില്ല.
മരിച്ചാലും രക്തം സ്വീകരിക്കില്ല
യഹോവ സാക്ഷികൾ ഏറ്റവം കൂടുതൽ വിമർശനമേറ്റുവാങ്ങിയത് രക്തദാനത്തോടും അവയവ ദാനത്തോടും അവർ കാട്ടുന്ന നിഷേധാത്മ സമീപനത്തിന്റെ പേരിലാണ്. വിശ്വാസമനുസരിച്ച് അവർ രക്തം സ്വീകരിക്കില്ല. രക്തം പവിത്രമാണെന്നും അത് സ്വീകരിക്കുന്നത് ദൈവ കൽപ്പനയുടെ നേരിട്ടുള്ള ലംഘനമാണെന്നും അവർ പഠിപ്പിക്കുന്നു. ജീവൻ നഷ്ടമാവുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽപോലും രക്തം സ്വീകരിക്കില്ല. ഇത് സഭയിൽ നിന്ന് നീക്കപ്പെടാനുള്ള കാരണമായും പഠിപ്പിക്കുന്നു. രക്തരഹിത ചികിൽസയും മറ്റ് ആധുനിക ചികിൽസകളും ഇവർ ഇതിന് പകരമായി നിർദ്ദേശിക്കുന്നത്.
ഇത് പലപ്പോഴും വലിയ കേരളത്തിൽപോലും പ്രശ്നമായിരുന്നു. കുറച്ചുവർഷം മുമ്പ് കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച ഒരു കുട്ടിയുടെ ചികിത്സക്ക് ജില്ലാ കലക്ടർക്ക് അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കേണ്ടിവന്നു. രണ്ടുവർഷംമുമ്പ് യഹോവസാക്ഷികളിലെ ഒരാൾ രക്തംമാറ്റാൻ കൂട്ടാക്കാതെ മരിച്ചതും വിവാദമായിരുന്നു.
ഇപ്പോൾ യഹോവ സാക്ഷികൾ രക്തത്തിന്റെ ചില ഘടകാംശങ്ങൾ സ്വീകരിക്കാമെന്ന രീതിയിൽ മാറിയിട്ടുണ്ട്. പക്ഷേ ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ, പ്ലാസ്മ എന്നീ പ്രധാന ഘടകങ്ങൾ സ്വീകരിക്കില്ല. പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകാംശങ്ങൾ സ്വീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തിയുടെ മനസാക്ഷിക്ക് തീരുമാനിക്കാൻ അനുവദിച്ചിരിക്കുന്നു. ഇവ രക്തം അല്ല എന്ന് ചില അംഗങ്ങളുടെ മനസാക്ഷിക്ക് തോന്നിയേക്കാം എന്നതിനാലാണ് ഇങ്ങനെ ചെയ്യപ്പെടുന്നത്. ഈ ഘടകംശങ്ങളിൽ എതൊക്കെ സ്വീകരിക്കാം എന്നത് രേഖപ്പെടുത്തി കൈയിൽ എപ്പോഴും സൂക്ഷിക്കാനായി ഇവരുടെ സംഘടന ഒരു മുൻതയ്യാർ ചെയ്ത അവകാശകാർഡ് നൽകുന്നുണ്ട്. ആശുപത്രി അധികാരികളും അംഗങ്ങളിലെ രോഗികളുമായുള്ള ഇടപാടുകൾ തരപ്പെടുത്തുന്നതിന് ഇവർ 'ആശുപത്രി ഏകോപന കമ്മിറ്റി' എന്ന ഒരു വിദഗ്ദ്ധരുടെ കൂട്ടത്തെ ലോകവ്യാപകമായി നിയോഗിച്ചിരിക്കുന്നു. ഇങ്ങനെ ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് കോമഡിയായി തോനുന്നു ഒരുപാട് ഘടകങ്ങളിലുടെയാണ് യഹോവ സാക്ഷികളുടെ പ്രവർത്തനം.
ലൈംഗിക സദാചാരവാദികൾ
പൊതുവേ കടുത്ത ലൈംഗിക സദാചാരവാദികളാണ് യഹോവ സാക്ഷികൾ.
ധാർമ്മികതയെകുറിച്ചുള്ള ഇവരുടെ വീക്ഷണം യാഥാസ്ഥിതിക ക്രിസ്തീയ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നു. വിവാഹത്തിനു പുറത്തുള്ള എല്ലാവിധ ലൈംഗികതയും സഭയിൽ നിന്ന് പുറത്താക്കാൻ തക്ക കാരണമാണ്. ഗർഭഛിദ്രം കൊലപാതകമായി പഠിപ്പിക്കുന്നു. വസ്ത്രധാരണത്തിന്റെയും, മേക്കപ്പിന്റെ കാര്യത്തിലും ലാളിത്യം വേണം. ചൂതാട്ടം അനുവദിക്കില്ല. മയക്കുമരുന്ന്, അടയ്ക്ക, വെറ്റില, പാക്ക്, പുകയില എന്നിവ പോലെയുള്ള ശരീരത്തിന് ഹാനിവരുത്തുന്ന എന്തും നിരോധിച്ചിരിക്കുന്നു. വല്ലപ്പോഴും ഒരു സ്മോൾ അടിക്കാമെന്ന് മാത്രം!
ഫെമിനസമൊന്നും ഈ ഗ്രൂപ്പിൽ നടക്കില്ല. കുടുംബത്തിൽ ഭർത്താവാണ് നേതൃത്വം കൊടുക്കുന്നത്. എന്നാൽ ഭാര്യയുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾക്കും, വികാരത്തിനും ആദരവ് നൽകി തീരുമാനമെടുക്കാൻ പറയുന്നുണ്ട്. ഏകഭാര്യാത്വം മാത്രം അനുവദിച്ചിരിക്കുന്നു. വിവാഹേതര ബന്ധം ഡിവോഴ്സിനുള്ള കാരണമായി അംഗികരിച്ചിട്ടുണ്ട്. ഇത് മാത്രമെ വിവാഹ മോചനത്തിനുള്ള ഒരുകാരണമായി ഇവർ കരുതുന്നുള്ളൂ. മറ്റെന്തെങ്കിലും കാരണങ്ങൾക്ക് പരിഞ്ഞ് പുനർവിവാഹം നടത്തുകയാണെങ്കിൽ അതും വ്യഭിചാരമായാണ് സഭ കരുതുന്നത്. ശാരീരിക പീഡനം, മനഃപ്പൂർവ്വം സ്വന്തം കുടുംബത്തിനു ആവശ്യമായ കാര്യങ്ങൾ ചെയ്യാതിരിക്കൽ, 'തങ്ങളുടെ ആത്മീയതയ്ക്ക് ഹാനിവരുത്തുന്ന കാരണങ്ങൾ എന്നിവയും' ഇപ്പോൾ നിയമപരമായ വിവാഹമോചനത്തിനുള്ള കാരണമായി പറയുന്നുണ്ട്. വിവാഹം വിശ്വാസികളുമായി മാത്രം നടത്താനും, നിയമപരമായി റെജിസ്റ്റർ ചെയ്യാനും ഇവർ ആവശ്യപ്പെടുന്നുണ്ട്.
ആശുപത്രികളും സ്കുളുകളും നടത്തില്ല
യഹോവ സാക്ഷികൾ 1905-ലാണ് കേരളത്തിൽ പ്രചാരണത്തിനായെത്തിയത്, എന്നാൽ 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിൽ യഹോവ സാക്ഷികളുടെ സ്ഥാപകനായ സി.റ്റി. റസ്സൽ 1912ൽ പ്രസംഗിച്ച സ്ഥലം ഇപ്പോൾ റസ്സൽപുരം എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹസ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്ടോറിയ ജൂബിലി) ഹാളിൽ റസ്സലിനു പ്രസംഗം നടത്താൻ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു. മഹാരാജാവ് റസ്സലിന്റെ കൈയിൽ നിന്നും ബൈബിളും, 'തിരുവെഴുത്തുകളുടെ പഠനം' എന്ന റസ്സൽ എഴുതിയ പുസ്തക വാല്യങ്ങളും സ്വീകരിക്കുകയുണ്ടായി.റസ്സലിന്റെ ചിത്രം രാജാവ് ആവശ്യപ്പെടുകയും പിന്നീട് അതുകൊട്ടാരത്തിൽ സൂക്ഷിക്കപ്പെടുകയുമുണ്ടായി. തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളിൽ ആ ചിത്രം ഇന്നും കാണാം.
മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളിൽ ആദ്യകാലത്ത് പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിൽ പതിനയ്യായിരക്കണക്കിന് വിശ്വാസികളുണ്ട്.. കേരളത്തിൽ പതിനയ്യായിരത്തിൽ അധികം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു.പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ ഇവർ കൺവൻഷൻ നടത്താറുണ്ട്. വിദേശത്തുനിന്ന് വരെ ഇവർക്ക് ഫണ്ടും വരുന്നുണ്ട്.
യഹോവ സാക്ഷികൾ മുകളിൽ നിന്ന് താഴേക്കുള്ള രീതിയിൽ സംഘടിതരാണ്.
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലുള്ള ബ്രൂക്ക്ലിൻ കേന്ദ്രമാക്കിയുള്ള ഒരു ഭരണ സംഘത്താലാണ് ഇവർ നയിക്കപ്പെടുന്നത. ഇവരുടെ അംഗത്വത്തിന് തെരഞ്ഞെടുപ്പ് ഇല്ല, നിലനിൽക്കുന്ന അംഗങ്ങൾ തന്നെ പുതിയ അംഗങ്ങളെ തീരുമാനിക്കുന്ന രീതിയാണ്. ഒന്നാം നൂറ്റാണ്ടിലെ ആദിമക്രിസ്ത്യാനികൾ ഒരു ഭരണസംഘത്താലാണ് നയിക്കപ്പെട്ടത് എന്നിവർ കരുതുന്നതിനാലാണ് ഇവരും അങ്ങനെ പിന്തുടരുന്നത്.
യഹോവാ സാക്ഷികളുടെ എല്ലാ പ്രവർത്തനങ്ങളും അംഗങ്ങളുടെയും, പൊതുജനത്തിന്റെയും സ്വമേധായാ ഉള്ള സംഭാവനകളാൽ ആണ് നടക്കുന്നത് എന്നാണ് സംഘടന പറയുന്നത്. ദശാംശവും, മാസവരിയും തെറ്റാണ് എന്ന് പഠിപ്പിക്കുന്നു. ഈ അന്ത്യകാലത്ത് ദൈവരാജ്യം ആഗതമാണെന്ന സദ് വാർത്ത അറിയിക്കുന്നതാണ് ആളുകളുടെ പരമപ്രധാനം എന്ന് ഇവർ പഠിപ്പിക്കുന്നു. അതിനാൽ വിദ്യാലയങ്ങളോ, ആശുപത്രികളോ മറ്റ് എതെങ്കിലും ധനകാര്യസ്ഥാപനങ്ങളോ ഇവർ നടത്തുന്നില്ല. സംഘടനയുടെ ആസ്ഥാനത്തുള്ളവരും, പ്രാദേശിക ആസ്ഥാനത്തുള്ളവരും മുഴുവൻ സമയ സന്നദ്ധസേവകരാണ്. സഭ നടത്തുന്നവരിൽ ശമ്പളം പറ്റുന്നവരാരും ഇല്ല. ആയതിനാൽ മുഴുവൻ സമയ സന്നദ്ധ സേവകരുടെ ജീവിതചെലവിനും, കെട്ടിട നിർമ്മാണപ്രവർത്തനങ്ങൾക്കും, പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിനുള്ള സാമഗ്രികൾക്കും മാത്രമേ ഇവർ അധിക ചെലവും വിനിയോഗിക്കുന്നുള്ളു.
പീഡനങ്ങളെ അതിജീവിച്ചു
മതപ്രേരിതമായും, രാഷ്ട്രീയപ്രേരിതമായും ഇവർക്കെതിരെ പല രാജ്യങ്ങളിലും അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങളും, പ്രസിദ്ധീകരണങ്ങളും ചൈന, വിയറ്റ്നാം, എന്നീ രാജ്യങ്ങളും ചില ഇസ്ലാമിക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഇവിടെ ഇവരുടെ പല അംഗങ്ങൾ ഇപ്പോഴും തടവിലാണ്. ജർമ്മനിയിലും, സോവിയറ്റ്യൂണിയിനും ഇവർ കൊടിയ പീഡനത്തിന് വിധേയരായി.
യഹോവാ സാക്ഷികൾ 1935 മുതൽ 1945 വരെ നാസി ജർമനിയിൽ സൈനിക സേവനം നടത്താത്തതു നിമിത്തം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. 12,000-ത്തിൽ അധികം പേരെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുകയും, ഏകദേശം 2,500 പേരെ നേരിട്ട് വധിക്കുകയും, 5,000-തോളം പേരെ തടങ്കൽ പാളയങ്ങളിൽ വച്ച് കൊലപ്പെടുത്തിയതായും കണക്കാക്കപ്പെടുന്നു. ചരിത്രകാരനായ സിബിൽ മിൽട്ടൺ ഇപ്രകാരം പറഞ്ഞതുപ്രകാരം, 'ഇവരുടെ ധൈര്യവും, വിശ്വാസവും, സഹിഷ്ണുതയും നിമിത്തം നാസികളുടെ ക്രുരമായ ഏകാധിപത്യഭരണത്തിനു ഇവരുടെ മേൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.''അന്ന് ജർമനിയിൽ കേവലം പതിനായിരം ആയിരുന്ന സാക്ഷികൾ ഇന്ന് 1,65,000 എണ്ണത്തിലധികമായി വർദ്ധിച്ചിരിക്കുന്നു. 2005ലാണ് യഹോവയുടെ സാക്ഷികളെ ജർമ്മനിയിൽ മതമായി അംഗീകരിച്ചത്. സോവിയറ്റ് യൂണിയൻ 1950 ഏപ്രലിൽ അവിടെയുണ്ടായിരുന്ന 9000 യഹോവയുടെ സാക്ഷികളെയും സൈബീരിയയിലെ തടങ്കൽ പാളയത്തിലേക്ക് നാടുകടത്തിയിരുന്നു.
ഇപ്പോഴും നിരവധി കേസുകൾ ലോകവ്യാപകമായി പല രാജ്യങ്ങളുടെയും സുപ്രീം കോടതിയിൽ ഇവർ നടത്തന്നുണ്ട്. ദേശഭക്തി കാട്ടാത്തതിനും, സൈനികസേവനം നടത്താത്തതിനും, രക്തം സ്വീകരിക്കാത്തതിനുമാണ് പ്രധാനമായും കേസുകൾ നടത്തപ്പെട്ടത്. യൂറോപ്യൻ മനുഷ്യാവകാശ കോടതിയുൾപ്പെടെ മിക്ക കോടതികളും ഇവർക്ക് പ്രവർത്തനം നടത്താനും അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും അനുകൂലമായി വിധി പുറപ്പെടുവിക്കുകയുണ്ടായി. അമേരിക്കയിലും ഇവർക്ക് നേരെ നടത്തപ്പെട്ട 73 കേസുകളിൽ 47 പ്രാവശ്യം അനുകൂലമായി വിധിയുണ്ടായി. ഇങ്ങനെ നിയമപരമായി പൊരുതിക്കൊണ്ട് കൂടിയാണ് ഇവർ പിടിച്ചു നിൽക്കുന്നത്.
മതപരമായ ശാഠ്യങ്ങളുടെ പേരിൽ എന്തൊക്കെ വിമർശനം ഉണ്ടെങ്കിലും ഒരു കാര്യം ഉറപ്പാണ്. തികഞ്ഞ സമാധാന പ്രേമികൾ ആണ് ഇവർ. അതുകൊണ്ടുതന്നെ എന്ത് ഉദ്ദേശത്തിന്റെ പേരിലാണ് കൊച്ചിയിൽ ഇവർ ആക്രമിക്കപ്പെട്ടത് എന്നത് കണ്ടെത്തേണ്ടതുണ്ട്.
വാൽക്കഷ്ണം: ഇവരുടെ വിശ്വാസ തീവ്രത പലപ്പോഴും പൊതുസമൂഹത്തിന് കോമഡിയായും തോന്നാറുണ്ട്. ഉദാഹരണമായി ഒരാൾ യഹോവ സാക്ഷിയായാൽ അയാളുടെ കമുകിൻ തോട്ടം മുഴവൻ വെട്ടിക്കളയണം എന്നത് നമുക്ക് അത്ഭുതം തോന്നും. പക്ഷേ അങ്ങനെ ചെയ്തവർ ഉണ്ട്. കാരണം അടക്കയുടെ ചെറിയ ലഹരിപോലും ഈ ഗ്രൂപ്പ് അംഗീകരിക്കുന്നില്ല. അടക്കയുമായി ബന്ധപ്പെട്ട ഒരു പണവും സ്വീകരിക്കാനാവില്ല. അപ്പോൾ പിന്നെ തോട്ടം വെട്ടിക്കളയാതെ എന്തും ചെയ്യും!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ