- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സിനിമയിലെത്തിയ എംഎൽഎയുടെ മകൻ; കത്തിച്ചുകളയേണ്ടി വന്ന ആദ്യ തിരക്കഥ; തോട്ടം വിറ്റ് സിനിമയെടുക്കാമെന്ന് പറഞ്ഞ അമ്മച്ചി; മെമ്മറീസ് വഴിത്തിരിവ്; ദൃശ്യത്തിലൂടെ ഗ്ലോബൽ ഹിറ്റ്; ഇപ്പോൾ മോഹൻലാലിന്റെ തിരിച്ചുവരവിന്റെ കാരണക്കാരൻ; മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
''നല്ല സിനിമയാകുന്നതുകൊണ്ടാണ് ഹിറ്റാകുന്നത്. ഹിറ്റാകുന്നയാൾക്കാർക്ക് മാത്രം ഡേറ്റ് കൊടുക്കുന്നയാളല്ല ലാൽ സാർ. പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കുന്നയാളാണ് അദ്ദേഹം. ബോക്സ് ഓഫീസിൽ ഹിറ്റായില്ലെങ്കിലും ആ സിനിമ നല്ലതാണെന്ന് തോന്നിയാൽ ലാൽ സാർ ചെയ്യും.'- നേര് എന്ന പുതിയ ചിത്രം തരംഗം തീർത്ത് മുന്നേറുമ്പോഴും ജീത്തുജോസഫ് എന്ന സംവിധായകൻ വിനയാന്വിതനാവുകയാണ്. വിജയങ്ങളിൽ തലക്കനം അശേഷമില്ല. പരാജയങ്ങളിൽ കുറ്റബോധവും. എല്ലാം ഒരു ടീം വർക്കിന്റെ വിജയമാണെന്ന് പറയുന്ന ജീത്തു എന്ന 51കാരനയായ മൂവാറ്റുപുഴക്കാരനെ ഇന്ന് നെഞ്ചിലേറ്റുകയാണ് മോഹൻലാൽ ആരാധകർ. സമീപകാലത്തുണ്ടായ തുടർച്ചയായ പരാജയങ്ങളിലും, മോശം പ്രകടനങ്ങളിലുംപെട്ട് വല്ലാതെ മോഹൻലാൽ താഴെപ്പോയ സമയത്താണ് 'നേര്' എന്ന കോർട്ട് റും ഡ്രാമയുമായി ജീത്തുജോസഫ് എത്തുന്നത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഓരാഘട്ടത്തിലും ജീത്തുജോസഫിന് പറയാനുള്ളത് ഇത് 'ദൃശ്യം' മോഡൽ ത്രില്ലർ അല്ലെന്നായിരുന്നു. അതുകൊണ്ടുതന്നെ വലിയ ഒരു ഹൈപ്പ് ഇല്ലാതെയാണ്, നേര് റിലീസ് ചെയ്തതും. പക്ഷേ സിനിമ അവസാനിച്ചപ്പോൾ തീയേറ്ററിൽ കൈയടിയാണ്. കണ്ടിറങ്ങിയ ആരാധകർ പറയുന്നത് ഇത് മോഹൻലാലിന്റെ തിരിച്ചുവരവ് തന്നെയാണെന്നാണ്. നാല് ദിവസം കൊണ്ട പത്തുകോടിയലധികം രൂപനേടി ചിത്രം ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കയാണ്. നേരിലെ അഡ്വക്കേറ്റ് വിജയ മോഹനനെ ലാൽ ആരാധകർ നെഞ്ചിലേറ്റുകയാണ്.
ലാലുമായി ഇത് അഞ്ചാമത്തെ ചിത്രമാണ് ജീത്തുവിന്. അവർ ഒന്നിച്ചപ്പോഴൊക്കെ അത്ഭുദങ്ങൾ സംഭവിച്ചു. ദൃശ്യം, ദൃശ്യം-2 ഇപ്പോൾ നേര്. ട്വൽത്ത് മാനും ഒടിടിയിൽ വിജയ ചിത്രമായി. ദൃശ്യം 2വും ഓടിടിയിലാണ് ഇറങ്ങിയത്. റാം എന്ന ബിഗ്ബജറ്റ് ചിത്രം പുരോഗമിക്കുന്നു. മൂന്നാല് ചിത്രങ്ങൾ അടുപ്പിച്ച് പൊളിഞ്ഞ് മോഹൻലാൽ ബോക്സോഫീസിൽ വെടി തീർന്ന് നിൽക്കുമ്പോഴാണ്, ദൃശ്യം എന്ന ഫാമിലി ത്രില്ലർ തരംഗമാവുന്നത്. അതുപോലെ വീണ്ടും ലാലിന് അദ്ദേഹത്തിന്റെ മോശം സമയത്ത് ഹിറ്റ് സമ്മാനിച്ചിരിക്കയാണ്, തിരക്കഥയാണ് ഒരു സിനിമയുടെ ആത്മാവ് എന്ന് വിശ്വസിക്കുന്ന ഈ സംവിധായകൻ.
ഇന്ന് മലയാളവും വിട്ട് ലോകത്തിന്റെ നെറുകയിലേക്ക് പറക്കുകയാണ്. ചൈനീസിലടക്കം 18 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപെട്ട, മലയാളത്തിലെ ആദ്യ ആഗോള ഹിറ്റ് എന്ന് വിളിക്കപ്പെടുന്ന ദൃശ്യത്തിന്റെ ഡയറക്ടർക്ക് ഇന്ന് ബോളിവുഡിൽനിന്നും ഓഫറുകൾ ഏറെയാണ്. 140 കോടി രൂപ ചെലവിൽ രണ്ടു ഭാഗങ്ങളായി ചെയ്യുന്ന റാം എന്ന സിനിമക്ക്ശേഷം, 'ത്രില്ലറുകളുടെ തമ്പുരാൻ' കമ്മിറ്റ് ചെയ്തിരിക്കുന്നത് ഹിന്ദി സിനിമയാണ്!
സിനിമയിലെത്തിയ എംഎൽഎയുടെ മകൻ
യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽനിന്നാണ് ജീത്തുജോസഫിന്റെ വരവ്. മൂവാറ്റുപുഴ താലൂക്കിലെ മുത്തോലപുരത്ത് സീറോ മലബാർ കത്തോലിക്കാ കുടുംബത്തിൽ, മൂവാറ്റുപുഴ മുൻ എംഎൽഎ വി. വി ജോസഫിന്റെയും ലീലാമ്മയുടെയും മകനായി 1972 നവംബർ 10ാനാണ് ജീത്തു ജനിച്ചത്. ഒരു സഹോദരിയും നാലു സഹോദരങ്ങളുമുണ്ട്.
കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവായിരുന്നു പിതാവ്. പാർട്ടിയുടെ സ്റ്റേറ്റ് കമ്മറ്റിലും സ്റ്റേറ്റ് എക്സിക്യൂട്ടീവിലും ജോസഫ് അംഗമായിരുന്നു.. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്, മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മോനിപ്പള്ളി റബ്ബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നിങ്ങളെ വിവിധ നിലകളിൽ പ്രവർത്തിച്ചശേഷമാണ് വി വി ജോസഫ് മൂവാറ്റുപുഴ എംഎൽഎ ആവുന്നത്. മക്കൾരാഷ്ട്രീയം കൊടികുത്തി വാഴുന്ന കേരളാ കോൺഗ്രസിൽ പ്രവർത്തിച്ചിട്ടും തന്റെ മകനെ രാഷ്ട്രീയക്കാരനാക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. മകൻ എൻജിനീയറാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാൽ ജീത്തുവിന്റെ മനസ്സിൽ സിനിമായിരുന്നു. ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ച അദ്ദേഹം, ചങ്ങനാശ്ശേരി എസ്ബി കോളജിലും പഠിച്ചു. മൂവാറ്റുപുഴ നിർമല കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എഫ്ടിഐഐ) ചേരാനായിരുന്നു അക്കാലത്ത് ജീത്തുവിന്റെ ആഗ്രഹം.
പഠിക്കാൻ അത്രയൊന്നും മിടിക്കാനായിരുന്നില്ല ജീത്തു. മാത്രമല്ല തനിക്ക് എഴുതാനൊക്കെ സാമന്യം നല്ല മടിയായിരുന്നെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം സമ്മതിക്കുന്നുണ്ട്. എസ്എസ്എൽസി പരീക്ഷക്ക് സോഷ്യൽ സ്റ്റഡീസിൽ അറിയാവുന്ന ചോദ്യം വന്നിട്ടും, മടികാരണം ഒന്നുമാത്രം എഴുതിയ കഥ ജീത്തു പറയുന്നുണ്ട്. എഴുതാൻ ഇത്രക്കും മടിയുള്ള ജീത്തു പിന്നീട് വലിയ തിരക്കഥകൾ എഴുതുമ്പോൾ അമ്മ ലീലാമ്മ അത്ഭുതപ്പെടുമെന്നും അദ്ദേഹം പറയുന്നുണ്ട്. മലയാളത്തിന്റെ വാണിജ്യസിനിമ കണ്ട, ഏറ്റവും നല്ല, തിരക്കഥാകൃത്തായി അറിയപ്പെടുമ്പോഴും ഇന്നും തനിക്ക് തിരക്കഥാ രചന പ്രയാസുമുള്ള കാര്യമാണെന്ന് ജീത്തു പറയുന്നു. -''മടിയാണ് പ്രധാന പ്രശ്നം. എഴുതാതെ അങ്ങനെ നോക്കിയിരിക്കും. ചിലപ്പോൾ മൂഡ് കിട്ടാത്തതിന് കാരണം ഭാര്യയുടെ പേരിൽ പറയും. ചുമ്മായാണ്. എല്ലാം എഴുതിത്ത്ത്ത്ത്ത്ത്തീർന്ന് പ്രിന്റ് എടുക്കുമ്പോൾ ഞാൻ അത്ഭുതപ്പെടും. ഇത് ഞാൻ തന്നെയാണോ എഴുതിയതെന്ന്''- ജീത്തു ഒരു അഭിമുഖത്തിൽ പറയുന്നു.
തോട്ടം വിറ്റ് സിനിമയെടുക്കുമെന്ന് പറഞ്ഞ അമ്മ
പഠിത്തം കഴിഞ്ഞ് അവസരം നേടി നടക്കുമ്പോൾ സിനിമയിലേക്കുള്ള എൻട്രി അത്ര എളുപ്പമല്ല എന്ന് ജീത്തുവിന് മനസ്സിലായി. ഇന്ന് മലയാളത്തിലെ ഏറ്റവും വിലപിടിച്ച തിരക്കഥാകൃത്ത് തന്റെ ആദ്യത്തെ തിരക്കഥ കത്തിച്ചുകളയുകയാണ് ഉണ്ടായത്! 90കളിലെ ദൂരദർശൻ കാലത്ത്, അന്നത്തെ പതിവ് രീതി അനുസരിച്ച് 13 എപ്പിസോഡിലുള്ള ഒരു തിരക്കഥ ജീത്തുതയ്യാറാക്കിയിരുന്നു. വഴിത്തിരിവ് എന്നായിരുന്നു സീരിയലിന് പേരിട്ടിരുന്നത്. പക്ഷേ ഒരു സിനിമാ പരിചയവുമില്ലാത്ത അദ്ദേഹത്തിന് ദുരദർശനിൽ ആക്സസ് കിട്ടിയില്ല. അതിനാൽ ആ സ്ക്രിപ്റ്റ് കത്തിച്ചുകളഞ്ഞുവെന്നാണ് ജീത്തു പറയുന്നത്.
ഭീഭത്സം എന്ന ചിത്രത്തിലൂടെ ജയരാജിന്റെ സഹ സംവിധായകനായാണ് തുടക്കം. അതിനുശേഷം ദിലീപിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ ശ്രമം നടന്നെങ്കിലും അതും വർക്കായില്ല-'' ദിലീപിനെ വച്ചാണ് എന്റെ ആദ്യ സിനിമ പ്ലാൻ ചെയ്തത്. ഒരു ത്രില്ലർ ആയിരുന്നു അത്. പക്ഷേ അത് നടന്നില്ല. അതിന് പകരമാണ് ചെസ്സ് എന്ന ചിത്രം ഉണ്ടായത്''- ജീത്തു ഒരു അഭിമുഖത്തിൽ പറയുന്നു.
ആ സമയത്താണ് ഡിറ്റക്റ്റീവ് എന്ന സിനിമയുടെ വൺ-ലൈൻ പ്ലോട്ട് ജീത്തു വികസിപ്പിച്ചത്. എന്നാൽ നിർമ്മാതാക്കളെ കിട്ടിയില്ല. അങ്ങനെ വിഷമിച്ചു നിൽക്കുമ്പോഴാണ് അമ്മ ലീലാമ്മ ജോസഫ് സഹായത്തിന് എത്തിയത്-'' എന്റെ എക്കാലത്തെയും വലിയ മോട്ടിവേഷനാണ് അമ്മച്ചി. ആദ്യ ചിത്രത്തിന് പ്രൊഡ്യൂസർമാരെ കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ അമ്മച്ചി പറഞ്ഞു, നീ വിഷമിക്കാതിരിക്കെടാ, തോട്ടത്തിന്റെ ഒരു മൂല വിറ്റെങ്കിലും നാം പടം പടിക്കും.''- ജീത്തു പറയുന്നു. അപ്പൻ വി വി ജോസഫ് 1999ൽ മരിച്ചിരുന്നു. പിതാവിനെപ്പറ്റിയും വികാരം നിർഭരമായാണ് ജീത്തു സംസാരിക്കുക. ലൈഫ് ഓഫ് ജോസൂട്ടി എന്ന തന്റെ ചിത്രത്തിൽ, ദിലീപിന്റെ ജോസൂട്ടി എന്ന കഥാപാത്രം വിദേശത്തേക്ക് പോവുമ്പോൾ, ഹരീഷ് പേരാടി അവതരിപ്പിച്ച അപ്പൻ, നോക്കിനിൽക്കുന്ന ആ ഷോട്ടിൽ തന്റെ പിതാവിനെയാണ് ഓർമ്മവരുന്നത് എന്നാണ് ഒരു അഭിമുഖത്തിൽ ജീത്തു പറയുന്നത്.
അങ്ങനെ അമ്മ നൽകിയ ആത്മവിശ്വാസവുമായി ജീത്തു ഡിറ്റക്റ്റീവ് എന്ന സിനിമയുമായി മുന്നോട്ട്പോയി. അമേരിക്കയിൽ ജോലിയുള്ള ഒരു സുഹൃത്ത് കോ പ്രൊഡ്യൂസറായി ചേർന്നു. പക്ഷേ കാര്യങ്ങൾ പുരോഗമിക്കവേ, ചിത്രത്തിന് കൃത്യമായ പ്രൊഡ്യൂസറേയും കിട്ടി. സുരേഷ് ഗോപി നായകനായ ഡിറ്റക്ടീവ് 2007-ൽ പുറത്തിറങ്ങി. ഈ ചിത്രം ബോക്സോഫീസിൽ ആവറേജ് വിജയം നേടി.
ഭാര്യയുടെ ആത്മഹത്യയെ തുടർന്ന് സംശയത്തിന്റെ നിഴലിൽ കഴിയേണ്ടി വരുന്നയാളുടെ നിരപരാധിത്വം തെളിയിക്കുന്നതും യഥാർഥ കുറ്റവാളിയെ പുറത്തു കൊണ്ടുവരികയും ചെയ്യുന്നതായിരുന്നു ഡിറ്റക്ടീവിന്റെ പ്രമേയം. കൊല ആസൂത്രണം ചെയ്യുന്നതും കൊല നടത്തിയതിന്റെ വിശദീകരണവുമാണ് ഈ സിനിമയുടെ ആഖ്യാനത്തെ ശ്രദ്ധേയമാക്കുന്നത്. മുറിയിലെ വെന്റിലേറ്ററിലൂടെ വിഷത്തുള്ളികൾ കട്ടിലിൽ കിടക്കുന്നയാളുടെ വായിലേക്ക് വീഴ്ത്തിയാണ് പ്രതി കൃത്യം നടത്തുന്നത്.
ഇതിനായി അയാൾ നടത്തുന്ന ദൗത്യങ്ങളും അതിന്റെ ചുരുളഴിക്കുന്ന അന്വേഷണമികവും ഡിറ്റക്ടീവിന്റെ കാഴ്ചയെ ഉദ്വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്. ഇത്തരത്തിലൊരു കുറ്റകൃത്യ രീതിയും അതിന്റെ നിർവഹണവും ക്രൈം ഡ്രാമകളിൽ പുതുമയുള്ളതായിരുന്നു. പിന്നീട് വരാനിരിക്കുന്ന മികച്ച ത്രില്ലറുകളിലേക്കുള്ള പാതയൊരുക്കലായിരുന്നു ഡിറ്റക്ടീവിലൂടെ ജീത്തു ജോസഫ് സാധ്യമാക്കിയത്.-'' ഇന്നാണെങ്കിൽ ഡിറ്റക്റ്റീവ് വൻ ഹിറ്റാവുമെന്ന് എനിക്ക് തോന്നുന്നു. അന്ന് ജീത്തുജോസഫ് എന്ന സംവിധാകനെ പ്രേക്ഷകർക്ക് ഒരു പരിചയവും ഉണ്ടായിരുന്നില്ലോ'- ജീത്തു പറയുന്നു.
മെമ്മറീസ് നൽകിയ വഴിത്തിരുവ്
പക്ഷേ ഡിറ്റക്റ്റീവിൽനിന്ന് തീർത്തും വ്യത്യസ്തമായ ഫോർമാറ്റിൽ ഒരുക്കിയ മമ്മി ആൻഡ് മീ ആയിരുന്നു ജീത്തുവിന്റെ അടുത്ത ചിത്രം. ഇതിനായി ഏകദേശം മൂന്ന് വർഷമെടുത്തുവെങ്കിലും, സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ കരിയറിൽ അത് ബ്രേക്കായി.-'എന്റെ രണ്ടാമത്തെ സിനിമയായ മമ്മി ആൻഡ് മി ക്കായി എടുത്ത സ്ട്രഗിളുകൾ താരതമ്യം ചെയ്യുമ്പോൾ എന്റെ ആദ്യ സിനിമ എളുപ്പമായിരുന്നു. ഡിറ്റക്ടീവ് പോലുള്ള സിനിമകൾ ചെയ്യാനാണ് അക്കാലത്ത് ഓഫറുകൾ വന്നത്. പക്ഷേ എനിക്ക് വ്യത്യസ്തമായ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. ഇക്കാരണത്താലാണ മമ്മി ആൻഡ് മീ, മെമ്മറീസ് എന്നിവയുടെ വൺ ലൈൻ സ്ക്രിപ്റ്റുകൾ കൈവശം ഉണ്ടായിരുന്നിട്ടും ആദ്യ മമ്മി ആൻഡ് മി ആദ്യം ചെയ്യാൻ തീരുമാനിച്ചത്'- ജീത്തു പറയുന്നു. മമ്മി ആൻഡ് മി തീയേറ്റുകളിലും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
പക്ഷേ ജീത്തുജോസഫിന്റെ ആദ്യ ഹിറ്റ് എന്ന് പറയാവുന്നത് മൂന്നാമത്തെ ചിത്രമായ മൈ ബോസ് ആണ്. ദിലീപും, മമ്താ മോഹൻദാസും മുഖ്യവേഷങ്ങളിൽ എത്തിയ ചിത്രം തീയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ തീർത്തു. പക്ഷേ ജീത്തുവിന്റെ സ്റ്റാമ്പിങ്ങ് ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളൂ. അതാണ് പൃഥിരാജ് നായകനായ മെമ്മറീസ്. 2013-ൽ റിലീസ് ചെയ്ത ഈ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനുശേഷം ത്രില്ലർ സംവാധായകൻ എന്ന പേര് ജീത്തുവിന്റെ കൂടെപ്പിറപ്പായി. പിന്നീട് ഒരിക്കയലും അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ജീത്തു തന്നിൽ നിന്നുണ്ടായ മികച്ച ത്രില്ലറായി സ്വയം വിലയിരുത്തുന്നതും മെമ്മറീസിനെയാണ്. ഭാര്യയുടെയും മകളുടെയും മരണത്തിനുശേഷം മദ്യപാനിയായി മാറിയ സാം അലക്സ് എന്ന സമർഥനായ പൊലീസ് ഓഫീസർ മേലുദ്യോഗസ്ഥന്റെ നിർബന്ധത്തെ തുടർന്ന് നടത്തുന്ന സമാന്തര കുറ്റാന്വേഷണമാണ് മെമ്മറീസിന്റെ പ്രമേയം. മലയാള ത്രില്ലർ ജോണറിൽ അതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത കുറ്റകൃത്യ രീതികളും അതിന്റെ ചുരുളഴിക്കലും കാണികൾക്ക് വ്യത്യസ്തതയുള്ള കാഴ്ച പകർന്നുനൽകി. വിവാഹിതരായ നിരവധി യുവാക്കളുടെ തിരോധാനവും കൊലപാതകവും നടക്കുന്നു. കേസ് ഫയലുകളിൽ പ്രവേശിക്കുന്ന സാം പോസ്റ്റ്മോർട്ടം രേഖകളും അത് നടത്തിയ ഡോക്ടർമാരുമായും ബന്ധപ്പെടുന്നതോടെ കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നു.
വിചിത്ര സ്വഭാവമുള്ള വ്യക്തിയാണ് കൊലയാളി. അവന്റെ പാദങ്ങളിൽ മുടന്തുണ്ട്. അയാൾ സ്ത്രീകളെ വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നു. കൊലയാളി ഇരകളുടെ നെഞ്ചിൽ മൂർച്ചയുള്ള ശസ്ത്രക്രിയാ കത്തി ഉപയോഗിച്ച് ചില സൂചനകൾ അവശേഷിപ്പിക്കുന്നു. ഇരകളുടെ ശരീരത്തിൽ ആലേഖനം ചെയ്ത വാക്കുകൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അവ അരാമിക് ആണെന്ന് സാം കണ്ടെത്തുന്നു. ആശയവിനിമയത്തിന് യേശു ഉപയോഗിച്ച ഭാഷയാണിത്. ഈ വാക്കുകൾ പിന്നീട് ബൈബിളിലെ പഴഞ്ചൊല്ലുകളിലേക്ക് വിരൽ ചൂണ്ടുന്നതായി കണ്ടെത്തി. അങ്ങനെ കൊലയാളി സൈക്കോപാത്ത് ആണെന്നും ഇരകൾ അവരുടെ ഭാര്യമാർ ചെയ്ത പാപങ്ങൾക്കായി ജീവിതം ഉപേക്ഷിച്ചുവെന്നുമുള്ള നിഗമനങ്ങളിൽ എത്താൻ സാമിനെ സഹായിക്കുന്നു.
വിദേശ ത്രില്ലറുകളുമായി തട്ടിച്ചുനോക്കാൻ പാകത്തിലാണ് ജീത്തു ജോസഫ് മെമ്മറീസ് ഒരുക്കിയത്. ആദ്യ സിനിമയായ ഡിറ്റക്ടീവിനു ശേഷം ക്രൈം ത്രില്ലർ ജോണറിൽ നിന്ന് അകലം പാലിച്ച ജീത്തു ജോസഫിന് ഈ ജോണറിൽ കൂടുതൽ പരീക്ഷണം നടത്താനുള്ള ആത്മവിശ്വാസം മെമ്മറീസ് നൽകി. വിദേശ ഭാഷകളിലെ മിസ്റ്ററി, സൈക്കോ ത്രില്ലറുകൾ കണ്ടെത്തി കാണാനുള്ള മലയാളി പ്രേക്ഷകരുടെ താത്പര്യത്തിന് ആക്കം കൂട്ടാനും മെമ്മറീസിന്റെ വിജയത്തിനായി. ദൃശ്യം എന്ന മലയാള സിനിമക്ക് ആഗോള വിപണി തുറന്നുകൊടുത്ത ചിത്രത്തിലേക്ക് നയിച്ചതും മെമ്മറീസിന്റെ വിജയമായിരുന്നു.
ദൃശ്യം എന്ന ഗ്ലോബൽ ഹിറ്റ്
മൈ ഫാമിലി' എന്നായിരുന്നു ചിത്രത്തിന് ജീത്തുജോസഫ് ആദ്യം നൽകിയ പേര്. പിന്നീടാണ് അത് ദൃശ്യമാകുന്നത്. ജീത്തു തിരക്കഥ എഴുതി മറ്റൊരു സംവിധായകനെ കൊണ്ട് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ആ സംവിധായകന് നിർമ്മാതാവിനെ കിട്ടാത്ത സാഹചര്യം ഉണ്ടായപ്പോൾ ജീത്തു തന്നെ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബർ 2013ന് തൊടുപുഴയിൽ ചിത്രീകരണം തുടങ്ങി. വഴിത്തലയിലെ വീട് ആയിരുന്നു പ്രധാന ലൊക്കേഷൻ. 52 ദിവസമായിരുന്നു ചാർട്ട് ഉണ്ടായിരുന്നത്. എന്നാൽ വെറും 44 ദിവസത്തിനുള്ളിൽ ചിത്രീകരണംപൂർത്തിയാക്കി. അത്ര അനായാസമായിരുന്നു ദൃശ്യത്തിന്റെ ചിത്രീകരണം. പക്ഷേ ഈ പടത്തിന്റെ തിരക്കഥയിലെ വ്യതിരിക്തതയും, സസ്പെൻസ് മോഡുമെല്ലാം അന്നുതന്നെ മോഹൻലാൽ ഉൾപ്പെടെയുള്ളവർ എടുത്തുപറഞ്ഞിരുന്നു. അവർ പ്രതീക്ഷിച്ച ഷുവർ ഹിറ്റ് തന്നെ ആയിരുന്നു ദൃശ്യം.
പക്ഷേ എന്നിട്ടും അധികം ഹൈപ്പുകളൊന്നുമില്ലാതെയാണ് 2013 ഡിസംബർ 19ന് ദൃശ്യം റിലീസ് ചെയ്ത്. ആ സമയത്ത് മോഹൻലാലിനും ബോക്സോഫീസിൽ കഷ്ടകാലമായിരുന്നു. പക്ഷേ ദൃശ്യം സൂപ്പർ ഹിറ്റായി. തുടക്കത്തിൽ 133 തിയേറ്ററുകളിൽ മാത്രം റിലീസിനെത്തിയ ചിത്രം, പിന്നീട് കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചു. 175 ദിവസത്തോളമാണ് ചിത്രം തിയേറ്ററുകളിൽ ഓടിയത്. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കലക്ഷനിൽ വാരിയത് 75 കോടിക്ക് മുകളിൽ രൂപയാണ്. 50 കോടി ക്ലബിൽ കയറിയ ആദ്യ മലയാള സിനിമയാണിത്. കേരളത്തിലെ ഏറ്റവും കൂടുതൽ പണംവാരി പടങ്ങളുടെ പട്ടികയിലും ദൃശ്യം ഇടം നേടി.
പന്നീട് അങ്ങോട്ട് റീമേക്കുകളുടെ പെരുമഴയായിരുന്നു. ഹിന്ദി,തെലുങ്ക്, കന്നട അടക്കം ഇന്ത്യയിലെ മിക്ക ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ഇന്ത്യയ്്ക്കു പുറത്തും ദൃശ്യത്തിന്റെ ഖ്യാതി പരന്നു. ഹോളിവുഡ് കഴിഞ്ഞാൽ ലോകത്തിലെ പ്രധാന സിനിമാ വിപണിയായ ചൈനയിൽ വരെ ഈ സസ്പെൻസ് ത്രില്ലർ ജോണർ സിനിമയുടെ പെരുമയെത്തി. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന എന്ന പേരിൽ ദൃശ്യത്തിന്റെ റീമേക്ക് മാൻഡറിൻ ഭാഷയിൽ പുറത്തിറങ്ങിയത് 2019 ലാണ്. ചൈനീസ് റീമേക്ക് ലോകതലത്തിലുള്ള സിനിമാസ്വാദകർ ശ്രദ്ധിച്ചു. ഈ സിനിമയുടെ ഒറിജിനലിനു വേണ്ടി ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ തിരഞ്ഞു.
ഇപ്പോൾ ദൃശ്യം എഴുകടലുകളും കടന്ന് ഹോളിവുഡിലേക്കും പോകുന്നതായാണ് വാർത്തകൾ. ദൃശ്യത്തിന്റെ റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസാണ് സ്വന്തമാക്കിയത്. ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങൾ ഇംഗ്ലീഷിലേയ്ക്കും മറ്റ് ഇംഗ്ലീഷ് ഇതര ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള അവകാശമാണ് ഇവർ നേടിയത്. 'കൊറിയൻ, ജാപ്പനീസ് ഭാഷകളിലും, ഹോളിവുഡിലും ചിത്രം നിർമ്മിക്കാനുള്ള ചർച്ചകളിലാണ് ഞങ്ങൾ' എന്നാണ് പനോരമ സ്റ്റുഡിയോസ് ടൈസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. ട്രഡ് അനലിസ്റ്റ് തരൺ ആദർശും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫിലിപ്പീനോ, സിംഹള, ഇന്തോനേഷ്യൻ എന്നീ ഭാഷകൾ ഒഴികെ ഇംഗ്ലീഷ് ഉൾപ്പടെയുള്ള മറ്റ് വിദേശ ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചത്. നോക്കുക, ഒരു മലയാള ചിത്രം ലോകത്തിന്റെ മുക്കിലും മൂലയിലും എത്തുന്നു. നമ്മുടെ തൊടുപുഴക്കാരൻ ജോർജ്കുട്ടിയും കുടുംബവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ധ്യാനം കൂടാൻ പോവുന്നു!
തിരക്കഥയുടെ കരുത്തിൽ ദൃശ്യം 2
ഇക്കാലയളവിൽ നവമാധ്യമങ്ങളിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവിനെക്കുറിച്ചും ഏറെ ചർച്ചകളുണ്ടായി. പലരും സ്വന്തം നിലയ്ക്ക് കഥാവികസനം നടത്തി നവമാധ്യമങ്ങളിൽ എഴുതുകയും ചിലർ സംവിധായകനായ ജീത്തു ജോസഫിന് അയച്ചുകൊടുക്കുകയും വരെ ചെയ്തു. അതേസമയം ആദ്യമൊന്നും രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാതിരുന്ന ജീത്തു ജോസഫും പതിയെ അങ്ങനെയാരു ചിന്തയിലേക്കെത്തുകയായിരുന്നു.
എന്നെങ്കിലുമൊരിക്കൽ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു തെറ്റ് ചെയ്തവരാണ് ജോർജ് കുട്ടിയും കുടുംബവും. എത്ര തന്നെ ശരികളും ന്യായീകരണങ്ങളുമുണ്ടെങ്കിലും കുറ്റം കുറ്റമായിത്തന്നെ അവശേഷിക്കും. ഇത് ഏറ്റവും നന്നായി അറിയാവുന്നയാൾ ജോർജ് കുട്ടി തന്നെയാണ്. പൊലീസ് വീണ്ടും തന്നെ തേടിയെത്തുന്ന ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ജോർജ്കുട്ടി. അതിനെ നേരിടാനായി വർഷങ്ങളോളമെടുത്ത് അയാൾ ഒരു തിരക്കഥ തയ്യാറാക്കുന്നു. ആദ്യതവണ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതു മുതൽ ആരംഭിക്കുന്ന ആ തയ്യാറെടുപ്പാണ് രണ്ടാം ഭാഗത്തിന്റെ ആസ്വാദനത്തിന് കരുത്ത് പകരുന്നത്. സൂക്ഷ്മതയുടെയും കൈയടക്കത്തിന്റെയും കെട്ടുറപ്പുണ്ട് ഈ രണ്ടാം ഭാഗത്തിന്. ഓരോ രംഗവും സംഭാഷണവും പ്രേക്ഷകർക്ക് കാണാപ്പാഠമായ ഒരു സിനിമയുടെ രണ്ടാം ഭാഗത്തെ ഒരു പഴുതിനും ഇടനൽകാതെയാണ് ജീത്തു ജോസഫ് ചെത്തിക്കൂർപ്പിച്ചെടുത്തിരിക്കുന്നത്. ജോർജ്കുട്ടിയുടെ കഥയിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നിടങ്ങളെല്ലാം കൃത്യമായി പൂരിപ്പിച്ചു പോകുകയും വേണ്ടുന്ന ആകാംക്ഷയും വഴിത്തിരിവുകളും ചേർത്തുവയ്ക്കുകയും ചെയ്തിരിക്കുന്നു.
ത്രില്ലർ സിനിമകൾ ചെയ്യുമ്പോൾ തന്നിലെ എഴുത്തുകാരന്റെയും സംവിധായകന്റെയും ബ്രില്യൻസ് പൂർണമായി പുറത്തെത്തുന്ന പതിവിന് ജീത്തു ജോസഫ് ഒരിക്കൽകൂടി അടിവരയിടുകയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ ദൃശ്യം സീരീസിന് മറ്റ് ഭാഷകളിൽ കിട്ടിയ സ്വീകാര്യത ഏറെ വലുതായിരുന്നു. മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്തെ വലിയ വിപണി സാധ്യത കൂടിയായിരുന്നു ദൃശ്യത്തിന്റെ ആദ്യഭാഗത്തിന്റെ വിജയത്തിലൂടെ തുറന്നത്. രണ്ടാംഭാഗം പുറത്തിറങ്ങുമ്പോൾ ഒടിടി എന്ന ആഗോള വിപണി, കാഴ്ചാ സാധ്യത രൂപപ്പെട്ടിരുന്നു. ഇത് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ഗുണം ചെയ്തു. ദൃശ്യം രണ്ടാം ഭാഗവും മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇപ്പോൾ ദൃശ്യം-3യുടെ ആലോചനയും നടക്കുന്നുണ്ട്. പലരും ദൃശ്യം-3യുടെ കഥ ഇമെയിലിൽ അയച്ചുതരാറുണ്ടെന്നും താൻ അത് ഡിലീറ്റ് ചെയ്യുകയാണ് ചെയ്യാറുള്ളതെന്നും ജീത്തുപറയുന്നു.
രാഹുകാലത്തും സിനിമ തുടങ്ങാം
താൻ സിനിമയിലെ അന്ധവിശ്വാസത്തിനെതിരെ പോകാൻ ആഗ്രഹിക്കുന്നയാളാണെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. എല്ലാവരും അൺലക്കി എന്ന് പറഞ്ഞിരുന്ന ക്യാമറാമാൻ സതീഷിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ''ആദി തൊട്ട് ക്യാമറ സതീഷ് ആയിരുന്നു. ആദിയുടെ ലൊക്കേഷൻ കാണാനായി കാറിൽ ബംഗളൂരുവിൽ പോകുമ്പോൾ ഞാനും സതീഷും മാത്രമേയുള്ളൂ. അപ്പോൾ പുള്ളി എന്നോട് ചോദിച്ചു, സാർ എന്നെ എന്തുകൊണ്ടാണ് സെലക്ട് ചെയ്തതെന്ന്. അൺലെക്കി ക്യാമറമാൻ എന്ന് കേട്ടു അതുകൊണ്ട് സെലക്ട് ചെയ്തതെന്ന് ഞാൻ മറുപടി നൽകി.ഞാൻ അങ്ങനെ വേറെ ആൾക്കാരെയും വച്ചിട്ടുണ്ട്.
എന്റെ ആദ്യ സിനിമ മെമ്മറീസ് ചെയ്യുമ്പോൾ സുജിത് വാസുദേവനെക്കുറിച്ചും പലരും അങ്ങനെ പറഞ്ഞിരുന്നു. എല്ലാവരെയും കുറ്റം പറയുന്നുണ്ടെങ്കിൽ എന്തോ കഴിവുണ്ടെന്ന് ഞാൻ കരുതി. ഞാൻ ആ അന്ധവിശ്വാസത്തിന് എതിരെ പോകാൻ ആഗ്രഹിക്കുന്നയാളാണ്. മനപ്പൂർവം അല്ലെങ്കിലും മമ്മി ആൻഡ് മീ എന്ന് പറയുന്ന സിനിമ രാഹുകാലത്താണ് തുടങ്ങിയത്. എന്റെ ലൈഫിലെ ടേണിങ് പോയിന്റാണ് ആ പടം. ദൈവത്തിനൊരു പ്ലാനുണ്ടെങ്കിൽ അത് അതിന്റെ വഴിക്ക് അങ്ങ് പോയിക്കോളും എന്ന് വിശ്വസിക്കുന്നയാളാണ്.''- ജീതുജോസഫ് പറയുന്നു.
അതുപോലെ സിനിമയിൽ കഥയുടെ പ്രാധാന്യവും അദ്ദേഹം ഉയർത്തിപ്പിടിക്കുന്നു. ഒരിക്കൽ ജീത്തു പറഞ്ഞത്, തിരക്കഥാകൃത്തിന്റെ പേര് സംവിധായകന്റെ പേരുപോലെ ചിത്രത്തിന്റെ ഏറ്റവും അവസാനം ഭംഗിയായി കൊടുക്കേണ്ടതാണ് എന്നാണ്. കാരണം ഒരു സിനിമയുടെ നട്ടെല്ല് അതിന്റെ തിരക്കഥ തന്നെയാണെന്ന് ജീത്തുവിന് നന്നായി അറിയാം.
140 കോടി ബജറ്റിൽ റാം വരുന്നു
മറ്റുഭാഷകളിലും ജീത്തു ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ദൃശ്യത്തിന്റെ ആദ്യഭാഗം പാപനാശം എന്ന പേരിൽ തമിഴിൽ കമൽഹാസനെ നായകനാക്കിയെടുത്ത ജീത്തു ജോസഫ് ദൃശ്യം 2 വിന്റെ തെലുങ്ക് സംവിധാനവും നിർവ്വഹിച്ചു കഴിഞ്ഞു. ഋഷി കപൂറിനെയും ഇമ്രാൻ ഹഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കി ദി ബോഡി എന്ന മിസ്റ്ററി ത്രില്ലറെടുത്ത് ബോളിവുഡിന്റെ ശ്രദ്ധയും പിടിച്ചുപറ്റാൻ സംവിധായകനായി. ഹൃദയാഘാതം മൂലം മരിച്ച മായാ വർമ്മ എന്ന വ്യവസായിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുമ്പ് മോർച്ചറിയിൽ നിന്ന് അപ്രത്യക്ഷമാകുന്നതിനെ തുടർന്നുള്ള അന്വേഷണവും സംഭവത്തിന്റെ ചുരുളഴിക്കലുമാണ് ബോഡിയുടെ പ്രമേയം.
മോഹൻലാൽ നായകനായ റാം, അടക്കംവരാനിരിക്കുന്ന ജീത്തു സിനിമകളും ത്രില്ലർ ജനുസ്സിൽപെടുന്നവയാണ്. ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമയാണ് റാം. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങൾകൊണ്ടാണ് നിന്നുപോയത്. സ്പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി തൃഷയാണ് എത്തുന്നത്. 2019ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം കോവിഡ് കാലത്താണ് മുടങ്ങുന്നത്.
''ചിത്രം അതിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വീണ്ടും ഷൂട്ട് തുടങ്ങുകയാണ്. ചെറിയ ചിത്രമല്ല. രണ്ട് ഭാഗങ്ങളും കൂടി ഏകദേശം 140 കോടിക്ക് മുകളിൽ മുതൽമുടക്കുണ്ട് അതുകൊണ്ട് വലിയ ഫൈറ്റൊക്കെയുള്ള പടമാണെന്ന് ധരിക്കരുത്. റാം രണ്ട് രാജ്യങ്ങളിൽ ഷൂട്ട് ചെയ്യണം. ട്യൂണിഷ്യയിലും ഇംഗ്ലണ്ടിലും. അവിടുത്തെ കാലവസ്ഥ ഒത്തുവരുമ്പോൾ ഇവിടെ അഭിനേതാക്കളുടെ ഡേറ്റ് ഒത്തുവരില്ല. ഇങ്ങനെ അനവധി ഘടകങ്ങൾ ഒത്തുവരണം. ഡിസംബറിൽ ഒരു ഓപ്ഷൻ വന്നിരുന്നു. ആർടിസ്റ്റ് ഡേറ്റൊക്കെ ഒത്തുവന്നു പക്ഷെ അവിടുത്തേക്ക് തണുപ്പ് കാരണം അടുക്കാൻ പറ്റില്ല. മാത്രമല്ല ഡേ ടൈം കുറവുമാണ്. ഇങ്ങനെ ചില പ്രശ്നങ്ങളിൽ കിടക്കുകയാണ്''- ജീത്തു ജോസഫ് പറഞ്ഞു.
ഇപ്പോൾ ജീത്തു വീണ്ടും ഒരു ഹിന്ദി ചിത്രം ചെയ്യുന്നതിന്റെ വാർത്തകളും പുറത്തുവന്നിരിക്കയാണ്. ജംഗ്ലീ പിക്ചേഴ്സും ക്ലൗഡ് 9 പിക്ചേഴ്സും ചേർന്നാണ് സമൂഹമാധ്യമങ്ങളിലൂടെ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സത്യം വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാർത്ഥകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നാണ് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. പ്രിയദർശനെപ്പോലെ ബോളിവുഡിൽ വിജയം കൊയ്യുന്ന മറ്റൊരു സംവിധായകനായി ഒരു മലയാളികൂടി ഉണ്ടാവുമോ എന്നറിയാൻ നമുക്ക് അൽപ്പകാലം കാത്തിരിക്കാം!
വാൽക്കഷ്ണം: മോഹൻലാലിന്റെ സ്വന്തം സംവിധായകൻ എന്നാണ് ജീത്തു അറിയപ്പെടുന്നത്. പക്ഷേ മമ്മൂട്ടിയെവെച്ചും തനിക്ക് ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ജീത്തു പറയുന്നു. ദൃശ്യത്തിന്റെ കഥ ആദ്യം പറഞ്ഞതും മമ്മൂട്ടിയോടാണ്. മമ്മൂട്ടി അത് നിരസിച്ചത് ലാലിന്റെ മഹാഭാഗ്യമായി!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ