- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
60 രാജ്യങ്ങളിൽ ആരാധകരുള്ള ഇന്ത്യയിലെ ഒരേ ഒരു നടൻ! ക്രിസ്ത്യനായ പിതാവും ഹിന്ദുവായ അമ്മയും വളർത്തിയത് മതേതരനായി; സഹോദരിയുടെ മരണം ഉലച്ച ബാല്യം; ഇ ഡി റെയ്ഡുകൾ അതിജീവിച്ചു; അംബേദ്ക്കറെറ്റ് രാഷട്രീയത്തിൽ ഊന്നി ഫാൻസുകാർ; സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
60 രാജ്യങ്ങളിൽ ആരാധകരുള്ള ഇന്ത്യയിലെ ഒരേ ഒരു നടൻ! ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന തമിഴകത്തിന്റ പ്രിയപ്പെട്ട ഇളയ ദളപതിയെക്കുറിച്ച് ഇന്ത്യാടുഡെ ഈയിടെ എഴുതിയത് അങ്ങനെയാണ്. ചൈനയും, ലങ്കയും തൊട്ട് മലേഷ്യവരെയും ബ്രിട്ടൻ തൊട്ട് ഓസ്ട്രേലിയ വരെയുമുള്ള 60 രാജ്യങ്ങളിൽ ഇന്ന് വിജയ് സിനിമ റിലീസ് ചെയ്യുന്നുണ്ട്. ലോകത്തിലെ 18 ഭാഷകളിലേക്ക് വിജയ് ചിത്രങ്ങൾ ഡബ്ബ് ചെയ്യപ്പെടുന്നു. രജനീകാന്തിനും, അമിതാബച്ചനുമൊക്കെ അവരുടെ പ്രതാപകാലത്ത് നേടിയെടുക്കാൻ കഴിയാത്ത വലിയ ഫാൻബേസാണ്, വിജയക്ക് ഈ 48 വയസ്സിലുള്ളിൽ നേടിയെടുക്കാൻ കഴിഞ്ഞത്.
ഇപ്പോഴിതാ, ഈ ഇളയ ദളപതി ( യുവ സെന്യാധിപൻ) ശരിക്കും ദളപതിയാവുമെന്നതിന്റെ (സൈന്യാധിപൻ) സൂചനകളാണ് തമിഴ്‌നാട്ടിൽനിന്ന് പുറത്തുവരുന്നത്. സിനിമയുമായി അഭേദ്യമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് തമിഴകത്തിലെ രാഷ്ട്രീയം. വെള്ളിത്തിര വഴി വളർന്നവരാണ് കാലങ്ങളായി തമിഴകം ഭരിക്കുന്നതെന്ന് എംജിആറിന്റെ കാലം മുതൽ നാം കാണുന്നു. ആരോഗ്യ കാരണങ്ങളാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള നീക്കം രജീനീകാന്ത് ഉപേക്ഷിക്കുകയും, കമൽഹാസന്റെ പാർട്ടി എങ്ങുമെത്താതെ പോവുകയും ചെയ്തതോടെ എല്ലാകണ്ണുകളും ഇപ്പോൾ വിജയിലേക്കാണ് നീങ്ങുന്നത്.
അണ്ണാ ഡിഎംകെ രാഷ്ട്രീയം തളർന്നതോടെ തമിഴകത്ത് ഡിഎംകെയ്ക്ക് നിലവിൽ വെല്ലുവിളികൾ ഒന്നുമില്ല. എന്നാൽ, ഡിഎംകെയിലെ അധികാര കൈമാറ്റമാകും വിജയും കൂട്ടരും ആഘോഷമാക്കുക. എം കെ സ്റ്റാലിനിൽ നിന്നും മകൻ ഉദയനിധി സ്റ്റാലിനിലേക്ക് അധികാരം കൈമാറാനുള്ള നീക്കങ്ങൾ പാർട്ടിയിൽ നടക്കുന്നുണ്ട്. ഈ സമയത്താണ വിജയുടെ രാഷ്ട്രീയ എൻട്രി പ്രതീക്ഷിക്കുന്നത്. ഇത് ഡിഎംകെ രാഷ്ട്രീയത്തിന് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണെന്ന് തമിഴ് മാധ്യമങ്ങൾ എഴുതുന്നുണ്ട്.
വിജയ് മക്കൾ ഇയക്കം തരംഗമാവുന്നു
തമിഴ്‌നാട്ടിൽ ഇന്ന് ഒരുരാഷ്ട്രീയ പാർട്ടിയേക്കാൾ ശക്തിയുള്ള, സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും യൂണിറ്റുള്ള സംഘടനയാണ്, വിജയ് മക്കൾ ഇയക്കം (വി എംഐ). രജനി, കമൽ ഫാൻസ് അസോസിയേഷനുകൾ പിറകോട്ട് അടിച്ചതോടെ ഇവർ ശരിക്കും തരംഗം ആവുകയാണ്. നടൻ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങാനൊരുങ്ങുന്നുവെന്ന സൂചന ശക്തമാക്കിയാണ് ആരാധക സംഘടന തമിഴ്‌നാട്ടിലെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് തുടർച്ചയായി പരിപാടികൾ സംഘടിപ്പിച്ചാണ് സംഘടന സജീവമാകുന്നത്. പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഉയർന്ന മാർക്കുവാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടിയാണ് ഇതിലേറ്റവും പുതിയത്. ഈ മാസം 17-ന് നടത്തുന്നചടങ്ങിൽ വിജയ് നേരിട്ട് വിദ്യാർത്ഥികളെ ആദരിക്കും. രണ്ടുകോടിയോളംരൂപ മുടക്കി വൻ സമ്മേളനമായിട്ടാകും ആദരിക്കൽചടങ്ങ് നടത്തുക.
ലോകവിശപ്പ് ദിനത്തിൽ സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും ഭക്ഷണവിതരണം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ വിദ്യാർത്ഥികളെ ആദരിക്കുന്നചടങ്ങ് സംഘടിപ്പിക്കുന്നത്. ഓരോ മണ്ഡലങ്ങളിലും പത്തിലും പ്ലസ്ടുവിനും ഏറ്റവുംകൂടുതൽ മാർക്ക് നേടിയ മൂന്നുവീതം വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. ഇത്തരത്തിൽ ഒരു മണ്ഡലത്തിൽനിന്ന് ആറു വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ചെന്നൈ നീലാങ്കരയിൽ നടത്തുന്ന ചടങ്ങിൽ പങ്കെടുപ്പിക്കും. വിദ്യാർത്ഥികൾക്ക് വിജയ് ഉപഹാരവും കാഷ് അവാർഡും നൽകും. വിജയ് മക്കൾ ഇയക്കം യൂണിറ്റ് ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് വിജയ് സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി എല്ലാതാലൂക്കുകളിലും സർവേനടത്തിയിരുന്നു. വിജയ് മക്കൾ ഇയക്കത്തിന്റെ യൂണിറ്റുകൾ താലൂക്ക് തലത്തിൽ സജീവമാക്കുകയും ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം സ്ഥാനാർത്ഥികൾ സ്വതന്ത്രരായി മത്സരിച്ചിരുന്നു. 130- ഓളം പഞ്ചായത്ത് വാർഡുകളിൽ വിജയിക്കുകയും ചെയ്തു. ഒരു പ്രചാരണവും നടത്താതെയാണ് ഈ വിജയം ഉണ്ടായത്. ഒരു ഫാൻസ് അസോസിയേഷൻ ഇത്രയും മികച്ച വിജയം തിരഞ്ഞെടുപ്പിൽ നേടുന്നത് ആദ്യമാണ്. അപ്പോൾ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുകുടി ചെയ്താലോ. പക്ഷേ ഇതുവരെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ അച്ഛൻ ചന്ദ്രശേഖർ, വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മറിച്ചായിരുന്നു വിജയ് പ്രതികരിച്ചത്. അതേസമയം തന്നെ അദ്ദേഹം വി എംഐക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുമതി നൽകിയിരുന്നു. പക്ഷേ വിജയിന്റെ ജീവിതം എന്നും ഇങ്ങനെയാണ്. അവിടെ പ്രതീക്ഷിക്കാത്തതാണ് സംഭവിക്കാറുള്ളത്.
അനിയത്തി മരിച്ചതോടെ അന്തർമുഖൻ
വായിൽ വെള്ളിക്കരണ്ടിയുമായാണ് വിജയ് ജനിച്ചുവീണതെങ്കിലും, മതാപിതാക്കൾ അവനെ തികഞ്ഞ സാധാരണക്കാരനായാണ് വളർത്തിയത്. തമിഴകത്തെ അറിയപ്പെടുന്ന സംവിധായകനും നിർമ്മാതാവുമായ, എസ് എ ചന്ദ്രശേഖറിന്റെയും, കർണ്ണാട്ടിക്ക് സംഗീതജ്്ഞ ശോഭയുടെയും, മകന് കലാവാസന ജന്മസിദ്ധമായിരുന്നു. അച്ഛൻ ക്രിസ്ത്യൻ വെള്ളാളർ വംശജനും അമ്മ ഹിന്ദുവുമാണ്. പക്ഷേ തന്റെ ഭാര്യയെ ഒരിക്കലും തന്റെ മതത്തിലേക്ക് ആകർഷിച്ചിട്ടില്ലെന്നും, അവൾ അവൾക്കിഷ്ടമുള്ള മതത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്നുമാണ് ചന്ദ്രശേഖർ പറയുന്നത്. വിജയിനെ അവർ വളർത്തിയതും, മതേതരൻ ആയിട്ടായിരുന്നു. പിന്നീട് ജോസഫ് വിജയ് എന്ന പേര് ചൂണ്ടിക്കാട്ടി വിജയ് ക്രിസ്ത്യാനിയാണെന്ന് സമർത്ഥിക്കാൻ സംഘപരിവാർ ശ്രമിച്ചപ്പോഴും, പിതാവ് ചോദിച്ച് വിജയ് ക്രിസ്ത്യാനിയാണെന്നതിന് തെളിവ് കൊണ്ടുവരാനായിരുന്നു.
്കുട്ടിയായ വിജയിയെ ഉലച്ചുകളഞ്ഞ സംഭവം ആയിരുന്നു രണ്ടുവയസ്സുള്ള സഹോദരിയുടെ മരണം. അതോടെ അഞ്ചുവയസ്സുവരെ അവൻ മൂകനായിരുന്നുവെന്ന് അമ്മ ശോഭതന്നെ പറയുന്നുണ്ട്. അതുവരെ പാട്ടുകാരിയായ അമ്മയിൽനിന്ന് കേട്ട് നിരന്തരം പാടുന്ന കുട്ടിയായിരുന്നു അവൻ. ഒരു വേള കൈവിട്ടുപോകുമെന്ന് പേടിച്ചെങ്കിലും, അവൻ തിരിച്ചുവന്നു. വിജയെ പഠിപ്പിച്ച് ഒരു ഉദ്യോഗസ്ഥൻ ആക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ബാല്യത്തിൽ അവനും അതായിരുന്നു ആഗ്രഹം. പക്ഷേ കൗമാരത്തിൽ മനസ് സിനിമയിലേക്ക് മാറി.
പഠനത്തിൽ അത്ര തൽപ്പരനൊന്നുമല്ലായിരുന്നു വിജയ്. ഒരു അവറേജ് വിദ്യാർത്ഥി. വിജയകാന്തിനെപ്പോലെയുള്ളവരെ സിനിമയിൽ സ്റ്റാറാക്കിയ അതികായന്റെ മകന്, സിനിമാപ്രവേശനം അത്ര ബുദ്ധിമുട്ടുള്ളതൊന്നുമായിരുന്നുമില്ല. പക്ഷേ, അച്ഛന് താത്പര്യമില്ലായിരുന്നുവെന്നുമാത്രം. ചന്ദ്രശേഖറിന്റെ കുറച്ചധികം സിനിമകളിൽ വിജയ് ബാലതാരമായി വേഷമിട്ടിട്ടുണ്ട്. തുടർപഠനത്തിന് ലയോള കോളേജിൽ ചേർത്തെങ്കിലും വിജയ്ക്ക് സിനിമ മാത്രമായിരുന്നു ലക്ഷ്യം. ലയോള കോളജ് വിഷ്വൽ കമ്യൂണിക്കേഷന് പഠിക്കുമ്പോൾ നടൻ സൂര്യയും, ഇളയരാജയുടെ മകൻ ജുവൻശങ്കർ രാജും വിജയിന്റെ സഹപാഠികൾ ആയിരുന്നു. ഒടുവിൽ രജനീകാന്തിന്റെ സിനിമയിലെ രംഗങ്ങൾ അഭിനയിച്ചുകാട്ടിയാണ് അച്ഛന്റെ മനസ്സിളക്കിയത്.
തുടക്കത്തിൽ തിരിച്ചടികളേറെ
അങ്ങനെയാണ് എസ്.എ. ചന്ദ്രശേഖർ വിജയ്യെ നായകനാക്കി 'നാളിയ തീർപ്പ്' എന്ന സിനിമയൊരുക്കുന്നത്.ജോസഫ് വിജയ് നായകനായ സിനിമയിലെ കഥാപാത്രത്തിന്റെ പേര് വിജയ്. (ചന്ദ്രശേഖറിന്റെ സിനിമകളിൽ വിജയ് പേര് ആവർത്തിച്ചുവന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ ആറ്റ്ലിയുടെ തെരിയിൽ ഇരട്ടഭാവത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒന്നിന്റെ പേര് ജോസഫെന്നും മറ്റൊന്നിന്റെ പേര് വിജയ് എന്നുമായിരുന്നു.) സിനിമ പക്ഷേ, ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല. ചന്ദ്രശേഖർ വിട്ടില്ല, വിജയെ നായകനാക്കി വീണ്ടും വീണ്ടും സിനിമകൾ ചെയ്തു. പക്ഷേ, ഒന്നും കാര്യമായി ക്ളിക്കുചെയ്തില്ല. അതോടെ ആ യുവ നടന് തമിഴകം ചരമക്കുറിപ്പ് എഴുതി.
കാര്യങ്ങൾ മാറിമറിയുന്നതും അച്ഛൻ ലോഞ്ച് ചെയ്ത താരമല്ലാതെ, വിജയ് അഭിനേതാവായി മാറുന്നതും 1996-ൽ വിക്രമൻ (പിന്നീട് സൂര്യവംശം എന്ന ബ്ലോക്‌ബസ്റ്റർ ഒരുക്കിയ വിക്രമൻ) ഒരുക്കിയ 'പൂവേ ഉനക്കാക' എന്ന സിനിമയിലാണ്. മലയാളിയായ അഞ്ജു അരവിന്ദും സംഗീതയും മുഖ്യവേഷങ്ങളിലെത്തിയ പൂവേ ഉനക്കാകയുടെ വിജയം അസാധ്യമായ മെയ്വഴക്കമുള്ള നർത്തകൻ, കരിസ്മാറ്റികക് യുവ നടൻ എന്ന നിലയിൽ വിജയുടെ മികവ് പ്രേക്ഷകരിലേക്കെത്തിച്ചു.
പൂവേ ഉനക്കാകയ്ക്കു പിന്നാലെ വന്ന വിജയ്യുടെ പ്രധാനചിത്രങ്ങൾ 1997-ൽ റിലീസ് ചെയ്ത, മണിരത്നം നിർമ്മിച്ച, നടൻ ശിവകുമാറിന്റെ മകൻ സൂര്യയെയും പിന്നീട് തെന്നിന്ത്യ അടക്കിവാണ താരറാണി സിമ്രാനെയും തമിഴിൽ അവതരിപ്പിച്ച നേർക്കുനേരും, അനിയത്തിപ്രാവിന്റെ റീമേക്ക് കാതലുക്കു മര്യാദെയുമായിരുന്നു. കാതലുക്കു മര്യാദെയുടെ തകർപ്പൻ വിജയത്തിനു പിന്നാലെ തുള്ളാതമനവും തുള്ളും, ഖുഷി എന്നീ റൊമാന്റിക് ഹിറ്റുകൾ കൂടി പിറന്നതോടെ വിജയ് എന്ന നടന്റെ നൃത്തമികവ് മാത്രമല്ല പ്രകടനമികവും ചെറുപ്പക്കാരെ കാന്തംപോലെ പിടിച്ചടുപ്പിക്കുന്ന കഴിവും സ്ഥാപിക്കപ്പെട്ടു. പിന്നീടങ്ങോട്ടുള്ള വിജയുടെ കഥ എല്ലാവർക്കും അറിയാം. ഒരേ പാറ്റേണിലുള്ള സിനിമകൾ ആണെങ്കിലും അടിക്കടി ബോക്സോഫീസ് ഹിറ്റുകളമായി വിജയ് സൂപ്പർതാരമായി.
രജനീകാന്തല്ലാതെ ഒരു തെന്നിന്ത്യൻ നായകന്റെ സിനിമ ബോക്സ്ഓഫീസിൽ നൂറുകോടി ക്ളബ്ബിൽ ഇടം നേടിയത് വിജയുടെ തുപ്പാക്കിയിലൂടെയാണ്. ബിഗിലിൽ എത്തിയപ്പോൾ അത് 300 കോടി ക്ലബ്ബായി. ചടുമലായ നൃത്തവും, ആക്ഷനും, പല്ലുകടിച്ചുപിടിച്ചപോലുള്ള പ്രത്യേക ഡയലോഗുമായി അയാൾ ലോകത്തിലെ 60 രാജ്യങ്ങളിൽ ആരാധകരുള്ള താരമായി.
താരപ്പകിട്ട് ബാധിക്കാത്ത പച്ചമനുഷ്യൻ
2015നുശേഷം വിജയ് തന്റെ ഓഫ് സക്രീൻ പ്രസൻസ് വല്ലാതെ മാറ്റിയെടുത്തും. താരപ്പകിട്ട് ബാധിക്കാത്ത വിനീതനായ, പച്ചമനുഷ്യനായിട്ടാണ് ഇന്ന് തമിഴകം അദ്ദേഹത്തെ കണക്കാക്കുന്നത്. ആൾക്കൂട്ടത്തിനുമുന്നിൽ സംസാരിക്കാൻ വിജയ് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ എന്നും പ്രസക്തമാണ്. കർഷകദുരിതത്തെക്കുറിച്ചും, അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. അടുത്തകാലത്തായി നടന്ന ഓഡിയോലോഞ്ചുകളിൽ പോലും സിനിമയെയും ആരാധകരെയും പറ്റിയായിരുന്നില്ല സംസാരിച്ചത്.അവാർഡ് നിശയിൽ വന്ന് സംഘാടകരെ പൊക്കിപ്പറയുമെന്ന് പ്രതീക്ഷിച്ചവരേയും വിജയ് നിരാശരാക്കി. തമിഴ് സിനിമയുടെ നൂറാം വാർഷികാഘോഷത്തിൽ അദ്ദേഹം സ്റ്റണ്ട് യൂണിയനെപ്പറ്റിയാണ് സംസാരിച്ചത്. ഒട്ടും വൈകാതെ കർഷകരുടെ പ്രശ്നങ്ങൾ പറഞ്ഞ കത്തി എന്ന ചിത്രത്തിൽ അഭിനയിച്ചു.
കർഷകപ്രശ്നം ചർച്ചചെയ്ത സിനിമയുടെ വിജയാഘോഷവേളയിൽ വിജയ് സംസാരിച്ചത് തമിഴ് പുലി വിവാദങ്ങളെപ്പറ്റിയാണ് എന്നത് മറ്റൊരു കൗതുകം. 2017 ൽ ബോക്സ് ഓഫീസ് വിജയമായ മെർസലിന് ലഭിച്ച അവാർഡ് വാങ്ങാനെത്തിയ വിജയ് സംസാരിച്ചത് കർഷകരെപ്പറ്റിയാണ്. ''ഞാൻ നന്നായി ഇരിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾ നന്നാകണമെന്ന് ഞാനും, പക്ഷേ. നമ്മൾ എല്ലാവരും നന്നായി ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടമുണ്ട്, കർഷകർ. പക്ഷേ, അവർ കടുത്ത ദുരിതത്തിലാണ്...'' ആൾക്കൂട്ടം നിശ്ശബ്ദരായി. അതൊരു മാറ്റമായിരുന്നു വിജയ് എന്ന സൂപ്പർ താരത്തിൽനിന്ന് ദളപതിയിലേക്കുള്ള മാറ്റം.
പൊതുവേദികളിൽ അപൂർവമായി മാത്രം സംസാരിക്കാറുള്ള വിജയ് എന്ന സൂപ്പർതാരം സിനിമയ്ക്കപ്പുറത്തേക്കും ഇന്ന് വളർന്നിരിക്കുന്നു. നീറ്റ് എൻട്രൻസ് സുപ്രീംകോടതിവിധിയെത്തുടർന്ന് ആത്മഹത്യചെയ്ത കുട്ടിയുടെ വീട്ടിൽ ആരുമറിയാതെ എത്തിയതും തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിനെതിരേയുള്ള സമരത്തിനിടെ വെടിയേറ്റുമരിച്ചയാളുടെ ബന്ധുക്കളെ കാണാനെത്തിയതും സംഘടിതമായ രാഷ്ട്രീയാക്രമണങ്ങളുണ്ടാകുമ്പോൾ ഉറച്ച മറുപടി പറയുന്നതും ആ വളർച്ചയുടെ പരിണാമംകൂടിയാണ്. അയാളുടെ സിനിമകൾ കൃത്യമായ രാഷ്ട്രീയം സംസാരിക്കാൻ തുടങ്ങിയതോടെയാണ് അയാൾ സംഘപരിവാറുമായി ഉടക്കുന്നത്.
രാഷ്ട്രീയം പറഞ്ഞ് കേന്ദ്രത്തിന്റെ കരട്
കേന്ദ്ര സർക്കാരിനെ സിനിമകളിലൂടെ വിമർശിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടി വന്ന നടനാണ് വിജയ്. മെർസലിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന പേരിലാണ് സംഘപരിവാർ അനുഭാവികളും നേതാക്കളും താരത്തിനെതിരെ രംഗത്തെത്തിയത്. നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനവും കാഷ് ലെസ് എക്കോണമിയും എല്ലാം സിനിമയിൽ പരിഹസിക്കപ്പെടുന്നുണ്ട്. സിംഗപ്പൂരിൽ ഏഴ് ശതമാനം ജിഎസ്ടി ഈടാക്കുമ്പോൾ ഇന്ത്യയിൽ 28 ശതമാനം ആണ് ജിഎസ്ടി. എന്നാൽ സിംഗപ്പൂരിൽ കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭ്യമാകുമ്പോൾ ഇന്ത്യയിൽ അത് സാധ്യമാകുന്നില്ലെന്നാണ് വിജയുടെ ഒരു ഡയലോഗ്. അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടത് എന്നും വിജയ് പറയുന്നുണ്ട്. ഓകസിജൻ കിട്ടാതെ നിരവധി കൂട്ടികളാണ് ഇന്ത്യയിൽ മരിക്കുന്നതെന്ന ഡയലോഗും വൻ പ്രകോപനമായി. 120 കോടിപേരിൽ വെറും 120 പേർ മാത്രമേ സമ്പന്നർ ആവുന്നുള്ളൂവെന്നും ആ ചിത്രം ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ബിജെപി പ്രവർത്തകരെ മാത്രമല്ല, നേതാക്കളെ പോലും ചൊടിപ്പിച്ചിരുന്നു.
തുടർന്ന് വംശീയമായി പോലും അദ്ദേഹം വട്ടയാടപ്പെട്ടു. വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയിൽ പ്രചാരണം ശക്തമായി. അതിന് വിജയുടെ മതം തന്നെയാണ് ഇവർ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളിൽ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേർക്ക് അറിയാം എന്ന ചോദ്യമാണ് സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തിയത്.
അമ്പലമല്ല, ആശുപത്രിയാണ് വേണ്ടത് എന്നൊരു ഡയലോഗിൽ, ക്ഷേത്രത്തിന് പകരം പള്ളി എന്ന് വിജയ് പറയുമോ എന്നാണ് സംഘപരിവാർ അനുകൂലികളുടെ ചോദ്യം. വിജയ്‌ക്കെതിരെ കേരളത്തിൽ പോലും വിദ്വേഷ പ്രചാരണം രൂക്ഷമായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ബിഗിലിന്റെ നിർമ്മാതാക്കളായ എവി എസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളിൽ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തയത്. മെർസൽ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്നാൽ അന്നും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പക്ഷേ ഇ ഡി റെയ്ഡിൽ വിജയ് ഭയന്നില്ല. 2020 ഫെബ്രുവരിയിലാണ്, ചെന്നൈയിലുള്ള വിജയ്യുടെ വീട്ടിൽ അടക്കം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. തുടർന്ന് നെയ്വേലിയിൽ ഷൂട്ടിങ് ലൊക്കേഷനിലെത്തി വിജയെ കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വസതിയിൽ അനധികൃത പണമൊന്നും കണ്ടെടുക്കാൻ ആദായ നികുതി വകുപ്പിനായില്ല. അതോടെ ആ നീക്കവും ചീറ്റിപ്പോയി.
നേരത്തെ, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദ്ദേശത്തെ തുടർന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. പക്ഷേ വിജയ് രാഷ്ട്രീയമായി മാറിയില്ല. അദ്ദേഹം തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു.
'ക്രിസ്ത്യാനിയാണെന്ന് തെളിയിക്കു'
അതിനിടെ വിജയ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങൾക്കെതിരേ മതപരിവർത്തന വിവാദം ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചിലർ രംഗത്തെത്തി. ഇവർക്ക് ശക്തമായ മറുപടിയുമായി വിജയ് സേതുപതി രംഗത്ത് വന്നിരുന്നുവെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല. സംഘപരിവാറിന്റെ ഹേറ്റ് കാമ്പയിന് അതേ നാണയത്തിലാണ് വിജയുടെ പിതാവ് മറുപടി പറഞ്ഞത്. ''ഞാൻ ക്രിസ്ത്യൻ മതത്തിൽ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും. 45 വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം. ഞാൻ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളിൽ ഇടപ്പെട്ടിട്ടില്ല. ജീവിതത്തിൽ ഒരുവട്ടം മാത്രം ഞാൻ ജറുസലേമിൽ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയിൽ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെയാണ് (സംഗീത). ഞങ്ങളുടെ വീട്ടിൽ ഒരു വലിയ പൂജ മുറിയുണ്ട്. വിജയ്യുടെ വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർ പരസ്യമായി മാപ്പ് പറയുമോ?- ചന്ദ്രശേഖർ ചോദിക്കുന്നു.
പക്ഷേ വിജയ് ക്രിസ്ത്യാനിയാണെന്ന വാദം സംഘപരിവാർ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. അടുത്തിടെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലും വിജയിന്റെ പിതാവ് മകന്റെ മത വിഷയം ആവർത്തിച്ചു. ''ഞാൻ എന്റെ മകനെ ഏതെങ്കിലും ഒരു മതത്തിൽപെട്ടയാളായി വളർത്തിയിട്ടില്ല. ആദ്യം മനുഷ്യനായിട്ടും പിന്നെ ഇന്ത്യനായിട്ടുമാണ്. മൂന്നാമതായി, ജാതിയും മതവുമില്ലാതെയാണ് വളർത്തിയത്. അവൻ ഒരു തികഞ്ഞ ഇന്ത്യനാണ്'- എസ് എ ചന്ദ്രശേഖർ പറഞ്ഞു.
വിജയിന്റെ വിവാഹവും പ്രണയിച്ചായിരുന്നു. 96ൽ പൂവെ ഉനക്കാകെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ലണ്ടനിൽ പോയപ്പോളാണ് അദ്ദേഹം സംഗീത സ്വർണ്ണലിംഗം എന്ന യുവതിയെ പരിചയപ്പെട്ടത്. തമിഴ്‌നാട്ടുകാരനായ ലങ്കയിലെ കോടീശ്വരനായ വ്യവസയായിയാണ് സംഗീതയുടെ പിതാവ് സ്വർണ്ണലിംഗം. തന്റെ കടുത്ത ആരാധികയും, ഹിന്ദുവുമായ ആ യുവതിയെ മൂന്നുവർഷം പ്രേമിച്ചാണ് വിജയ് ജീവിത സഖിയാക്കിയത്. 99ൽ വിവാഹിതരായ ആ ദമ്പതികൾക്ക് ജസൻ സഞ്ജയ്, ദിവ്യ എന്നീ രണ്ടുമക്കളാണുള്ളത്. ഇവരെയും മതരിഹതരായാണ് വളർത്തിയത് എന്നാണ് വിജയ് പറയുന്നത്. ജസൻ സഞ്ജയ്, വേട്ടെക്കാരൻ എന്ന ചിത്രത്തിൽ അച്ഛനോടൊപ്പം അഭിനയിച്ചിട്ടുണ്ട്, ദിവ്യ തെറി എന്ന സിനിമയിലും. ഏത് മതത്തിൽ വിശ്വസിക്കണമെന്ന് അവർ വളരുമ്പോൾ തീരുമാനിക്കുമെന്നാണ് വിജയുടെ പക്ഷം. ഇവർക്ക് ലണ്ടനിൽ വീടും സ്വത്തുക്കളുമുണ്ട്്. അവധിക്കാലത്ത് വിജയ് പോകുന്നതും നേരെ ലണ്ടനിലേക്കാണ്. ഫാൻസുകാരുടെ അമിത ശല്യമില്ലത്തതിനാലും അദ്ദേഹം ലണ്ടൻ നഗരത്തെ ഇഷ്പ്പെടുന്നു.
അംബേദ്ക്കറെറ്റ് രാഷ്ട്രീയം
വിജയ് രാഷ്ട്രീത്തിലേക്ക് വരും എന്ന ചർച്ചകൾ സജീവമായതോടെ, എന്തായിരിക്കും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്നതും സജീവ ചർച്ചയാവുകയാണ്. തമിഴ്‌നാട്ടിൽ രണ്ട് രാഷ്ട്രീയമാണ് ശക്തം. ദ്രാവിഡരുടെയും ഹിന്ദുത്വരുടെയും. വിജയ് ആണെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ കൃത്യമായ ദലിത്- ന്യൂനപക്ഷ അംബേദ്ക്കറെറ്റ് രാഷ്ട്രീയമാണ് അദ്ദേഹം പിന്തുടരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. അടുത്തിടെ, ബാബാ സാഹിബ് അംബേദ്കറുടെ ജന്മവാർഷികം ആഘോഷിക്കാൻ വിജയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
സിനിമയിലെ സംഭാഷണങ്ങളിൽ കവിഞ്ഞ് രാഷ്ട്രീയമായ ഇടപെടലുൾ അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല. 10-35 വയസിന് ഇടയിലുള്ളവരാണ് താരത്തിന്റെ ആരാധകരിൽ കൂടുതൽ. അതുകൊണ്ടുതന്നെ രാഷ്ട്രീയ കാലവസ്ഥ പഠിക്കുകയാകും വിജയ് ആദ്യം ചെയ്യുക എന്ന് രാഷ്ട്രീയ നിരീക്ഷകരായ പ്രിയൻ പറയുന്നു. വിജയ് ആദ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കേണ്ടതുണ്ടെന്ന് മറ്റൊരു നിരീക്ഷകൻ സുമനാഥ് സി രാമൻ അഭിപ്രായപ്പെടുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് യുടെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചനകൾ.
കൂടാതെ നിരവധി സ്ഥലങ്ങളിൽ ഇഫ്താറുകൾ സംഘടിപ്പിക്കുകയും ചെയ്തു. ുസ്ലിങ്ങൾ, ക്രൈസ്തവർ, പിന്നാക്ക ജാതിക്കാർ ഇവരെയാണ് പ്രധാനമായും വിജയുടെ ഫാൻസ് സംഘടനായവി എംഐ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് പുതിയ സർവ്വെ സംഘടിപ്പിച്ചിരിക്കുന്നത്. വി എംഐയുടെ ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ പുസി ആനന്ദ് എല്ലാ യോഗങ്ങളിലും സംബന്ധിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
വോട്ടർമാർക്കിടയിൽ നിരവധി ചോദ്യങ്ങൾ അടങ്ങയ ഫോറം വിതരണം ചെയ്യുകയാണ് വി എംഐ. ജൻഡർ, കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിൽ ജയിച്ചവർ, വോട്ടിങ് ശതമാനം, ജാതി, പൗരപ്രമുഖർ, ജോലി, ബൂത്ത് നമ്പർ, മൊത്തം വാർഡുകൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ മണ്ഡല അടിസ്ഥാനത്തിലാണ് ശേഖരിക്കുന്നത്. വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് ഭാരവാഹികൾ പറയുന്നു.
വിജയ് ഫാൻസ് അസോസിയഷന്റെ വിവരം ശേഖരണം അതീവ പ്രാധാന്യത്തോടെയാണ് തമിഴകം നോക്കിക്കാനുന്നത്. പ്രധാനമായും ഇതിൽ ഭീഷണി, ഡിഎംകെക്കു തന്നെയാണ്. പക്ഷേ വോട്ട് ഭിന്നിച്ച് പോകുമ്പോൾ, അത് തങ്ങൾക്കും ഗുണം ചെയ്യുമെന്ന നിലപാടിലാണ് ബിജെപി. എന്തായാലും തൊട്ടതെല്ലാം പൊന്നാക്കിയ ഒരു നടൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ തമിഴകത്തിന്റെ ജിയോ പൊളിറ്റിക്സ് അട്ടിമറിയുമെന്ന് ഉറപ്പാണ്.
വാൽക്കഷ്ണം: ജാതിയും മതവുമല്ല ഇന്ത്യയാണ് എനിക്ക് പ്രധാനം എന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സിനിമകളാണ് ഈയിടെയായി വിജയ് ചെയ്യുന്നത്. എല്ലാറ്റിലും ഒരു നാടിന്റെ രക്ഷകന്റെ വേഷമാണ്. മുമ്പ് രജനീകാന്തിന് കിട്ടിയ അതേ ഹൈപ്പാണ് ഇപ്പോൾ വിജയിക്ക് കിട്ടുന്നത്. അതിമാനുഷനായ ആ രക്ഷകന്റെ ഇമേജ് വോട്ടയാൽ, തമിഴ്‌നാട്ടിൽ കളിമാറുമെന്ന് ഉറപ്പാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ