ഞ്ചിനീയറിങ്ങ് കോളജിലേക്ക് പഠിക്കാൻ പോയ മകൻ എവിടെയാണെന്നുപോലും മറിയാതായതോടെ മനോനില തെറ്റിപ്പോയ ഒരു അമ്മ! മകനെ തേടി കോളജ് മുതൽ സുപ്രീംകോടതി വരെ നടന്ന് ചെരുപ്പതേഞ്ഞ വൃദ്ധനായ ഒരു പിതാവ്. പറഞ്ഞ് പഴകിയതാണ് അടിയന്താരവസ്ഥയിലെ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട രാജന്റെയും, പിതാവ് ഈച്ചരവാര്യരുടെയും കഥ. രാജനെകാണാതെ അമ്മയുടെ മനോനിലപോലും തെറ്റി. അക്കാലത്ത് സിപിഐ നേതാവ് വെളിയംഭർഗവൻ തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഒരു പ്രസംഗം നടത്തിയിരുന്നു. -"കരുണാകരാ നിങ്ങളും ഒരു കാലത്ത് പുത്ര ദുഃഖം എന്താണെന്ന് അറിയും".

അറം പറ്റുന്നതാതിരുന്നു ആ വാക്കുകൾ. സംഭവബഹുലമായ രാഷ്ട്രീയചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ട മലയാളികളുടെ ഒരേ ഒരു ലീഡറാണ് കെ. കരുണാകരൻ. അത്രയും കരുത്തനായ ആ നേതാവ് പലപ്പോഴും പുത്രവാത്സല്യം കൊണ്ട് അന്ധനായിപ്പോയിരുന്നു. മൂത്തമകൻ കെ മുരളീധരനെയും, മകൾ പത്മജയെയും രാഷ്ട്രീയത്തിലിറക്കുക വഴി മക്കൾ രാഷ്ട്രീയത്തിന്റെ പേരുദോഷം അദ്ദേഹം ജീവിതാന്ത്യംവരെയും കേട്ടു. കരുണാകരൻ മരിക്കുമ്പോൾ പോലും, മകൻ കോൺഗ്രസിന് പുറത്തായിരുന്നു.'മരിച്ചിട്ടും എന്തിനാണ് നിങ്ങൾ എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത്' എന്ന് ഈച്ചരവാര്യരുടെ ക്വാട്ട് അന്ന് പലരും ഉയർത്തി.

ഒരുകാലത്ത് കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്കായ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ, ഇപ്പോൾ ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് ബിജെപിയിൽ എത്തിയിരിക്കയാണ്. കരുണാകരന്റെ കൗണ്ടർപാർട്ട് എ കെ ആന്റിണിയുടെ മകനും ഇന്ന് കാവിപ്പടയുടെ കൂടെ തന്നെ. ഇതോടെ കേരളത്തിലെ രണ്ടു പ്രമുഖമായ കോൺഗ്രസ് കുടുംബങ്ങളിലും ബിജെപി പിടിമുറക്കി എന്ന് വ്യക്തം.

പക്ഷേ പത്മജക്ക് പറയാൻ തൻേറതായ ന്യായങ്ങളുണ്ട്. തുടർച്ചയായ അവഗണനയുടെ കഥകളുണ്ട്. പിന്നിൽനിന്നും മുന്നിൽ നിന്നും കുത്തിയവരെപ്പറ്റിയുണ്ട്. കരുണാകരൻ സ്മാരകം പാതിവഴിയിൽ കിടക്കുന്നതിന്റെ വേദനയുണ്ട്. പ്രിയങ്കയുടെ ജീപ്പിൽ കയറ്റാതെ മാറ്റി നിർത്തിയതിന്റെ അപമാനമുണ്ട്. പക്ഷേ പത്മജാ വേണുഗോപാലിന്റെ ത്രിവർണ്ണത്തിൽനിന്ന് കാവിയിലേക്കുള്ള മാറ്റം ശക്തമായ ഒരു പൊളിറ്റിക്കൽ സൂചനയാണ്. കേരളത്തിലെ ഏറ്റവും പ്രബലമായ കോൺഗ്രസ് കുടുംബത്തിലെ ഈ രൂപാന്തരണം ശരിക്കും ഒരു സിനിമക്കഥപോലെ സംഭവ ബഹുലവുമാണ്.

അച്ഛനോടുള്ള വിരോധം മക്കളോട്

എന്നും അച്ഛൻ നിഴലായിരുന്നു പത്മജ. ഒരിക്കൽ അവർ പറയുകയുണ്ടായി, 'ഞങ്ങളുടെ ഡൈനിങ്ങ് ടേബിളിലാണ് നെടുമ്പാശ്ശേരി വിമാനം രൂപം കൊണ്ടതെന്ന്'. കാര്യങ്ങൾ തീരുമാനിക്കുന്നതിൽ എന്നും സൂപ്പർഫാസ്റ്റ് വേഗതയുണ്ടായിരുന്നു കരുണാകരൻ, അങ്ങനെ ഒരു തീരുമാനം എടുക്കുന്നത് ഒരു പ്രാതലിനിടെയായിരുന്നു! ഒരുപാട് രാഷ്ട്രീയ സംഭവികാസങ്ങൾ കണ്ടാണ് പത്മജയും വളർന്നത്. ജനിച്ചപ്പോൾ എംഎ‍ൽഎ.യുടെയും അഞ്ചു വയസ്സിൽ ആഭ്യന്തരമന്ത്രിയുടെയും മകളായുമാണ് പത്മജ വളർന്നത്. അതിന്റെ ഗുണവും ദോഷവും ജീവിതത്തിലുണ്ടായിരുന്നു. മാതൃഭൂമിക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ പത്മജ തന്റെ ജീവിതം പറയുന്നത് ഇങ്ങനെയാണ്.

"ചെറുപ്പത്തിൽ സ്‌കൂളിലൊക്കെ അച്ഛൻ വരണമെന്നൊന്നും ഞങ്ങൾ ഒട്ടും ആഗ്രഹിച്ചിട്ടില്ല. ഒന്നാമത് അച്ഛൻ ഞങ്ങളുടെ അടുത്തില്ല. ആഗ്രഹംകൊണ്ട് മാത്രം കാര്യമില്ലല്ലോ. പക്ഷേ, അച്ഛൻ കൂടെയില്ലാത്തതിന്റെ എല്ലാ കുറവും അമ്മ നികത്തുമായിരുന്നു. അമ്മയുടെ സഹോദരന്മാരും എല്ലാത്തിനും കൂടെയുണ്ടാവും. അതുകൊണ്ട് തന്നെ യാതൊരു കുറവുമറിയാതെയാണ് ഞങ്ങൾ വളർന്നത്. വല്ലപ്പോഴുമാണ് വരുന്നതെങ്കിലും ആ കാലത്തിനിടയിലുണ്ടായ ഗ്യാപ് നികത്താൻ അച്ഛൻ മിടുക്കനായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളെ കുളിപ്പിക്കാനും പറയുന്ന സാധനങ്ങളൊക്കെ വാങ്ങി വരാനുമൊക്കെ അച്ഛൻ ഓർക്കും. അപ്പോൾ അത്രനേരവും കഷ്ടപ്പെട്ട അമ്മയെ മറന്ന് ഞങ്ങൾ അച്ഛനോട് കൂട്ടുകൂടും. അതു കാണുമ്പോൾ അമ്മ പരിഭവിക്കും, 'ഞാനാണ് ഈ പിള്ളേരെയും കൊണ്ട് കഷ്ടപ്പെടുന്നത്. എന്നിട്ട് നിങ്ങൾ വന്ന് ഒറ്റ മിനിറ്റ് കൊണ്ട് പിള്ളേർ കാലുമാറി 'എന്ന്.

ആദ്യമൊക്കെ മാധ്യമങ്ങൾ അച്ഛനോടുള്ള ദേഷ്യം തീർക്കാൻ ഞങ്ങളെയാണ് കരുവാക്കിയത്. സങ്കടം തോന്നിയ നിരവധി സന്ദർഭങ്ങളുണ്ട്. രാജൻ കേസും ഫ്രഞ്ച് ചാരക്കേസുമൊക്കെ ഇടയ്ക്ക് ഓർമ വരുന്നത് ആ സങ്കടങ്ങളുടെ പേരിലാണ്. ആരെങ്കിലും പുതുതായി ഒരു സ്ഥാപനം തുടങ്ങിയാൽ അത് കരുണാകരന്റെ മക്കളുടേതാണെന്ന് ആരോപിക്കുന്നൊരു കാലമായിരുന്നു അത്. പുതിയ കെട്ടിടം വന്നാൽ അത് കെ. മുരളീധരൻ വാങ്ങിയതാണെന്ന് പറയും. അതു കഴിഞ്ഞപ്പോൾ മക്കൾ രാഷ്ട്രീയം എന്നായി ആരോപണം. ഇങ്ങനെ അന്ന് ഞങ്ങൾ അനുഭവിക്കാത്ത എന്താണ് ഉള്ളത്? ഇപ്പോൾ പലരുടെയും മക്കൾ രാഷ്ട്രീയത്തിൽ വരുന്നുണ്ട്. അതിനൊന്നും ആർക്കുമൊരു പ്രശ്നവും കണ്ടിട്ടില്ല. ഇതിന്റെ പേരിലുള്ള അടിയും കുത്തുമൊക്കെ കൊണ്ടത് ഞങ്ങളാണെന്ന് മാത്രം.

അച്ഛൻ ഒരുപാട് ധൈര്യമുള്ള ആളായിരുന്നു. എപ്പോഴുമൊരു വിവാദ പുരുഷനാണ്. അതുകൊണ്ടുതന്നെ അച്ഛനെ ഒന്നൊതുക്കാൻ മക്കളെ കുറ്റം പറയുന്നതായിരുന്നു എതിരാളികളുടെ രീതി. മക്കളെന്നാൽ ഏതൊരു അച്ഛന്റെയും ദൗർബല്യമാണല്ലോ. അച്ഛനെ വേദനിപ്പിക്കുകയായിരുന്നു പലരുടെയും ലക്ഷ്യം. അതിന് ഞങ്ങളെ കരുക്കളാക്കി. പക്ഷേ അതിനുമുന്നിലും അച്ഛൻ കൂളായിരുന്നു. ഭക്തി ഉള്ളതുകൊണ്ട് മനസ്സിന് നല്ല കരുത്താണ്. ഞങ്ങൾക്കും ഇതൊരു പാഠമായി മാറി. എന്തു കേട്ടാലും പതറാതിരിക്കാൻ. സത്യം എന്താണെന്നും ഞങ്ങൾ എന്താണെന്നും ഞങ്ങൾക്കറിയാം, സ്നേഹിക്കുന്നവർക്ക് അറിയാം. അതു മതിയല്ലോ. എല്ലാവരെയും ബോധ്യപ്പെടുത്തിയൊരു ജീവിതം സാധ്യമല്ലല്ലോ.

കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയുമൊക്കെ വീട്ടിൽ പ്രവർത്തകർക്ക് കിടപ്പുമുറി വരെ വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലംതൊട്ട് രാഷ്ട്രീയമല്ലാത്തൊരു ലോകം ഞങ്ങൾ കണ്ടിട്ടില്ല. ജനിച്ചപ്പോൾ തൊട്ട് നൂറുകണക്കിന് ആൾക്കാരാണ് ചുറ്റിലും. പാർട്ടിക്കാരുടെ ഇടയിൽ ഇരുന്നാണ് ഞങ്ങളും ഭക്ഷണം കഴിക്കുന്നത്. കുഞ്ഞുങ്ങളാണെങ്കിലും പ്രത്യേകമായി ഭക്ഷണം തരാനുള്ള സമയമൊന്നും അമ്മയ്ക്ക് കിട്ടില്ല. ഏതു സമയത്തും പാർട്ടി പ്രവർത്തകരുടെ ഒപ്പമിരുന്ന് വർത്തമാനം പറഞ്ഞും അവരുടെ സംസാരം കേട്ടുമൊക്കെ ഞങ്ങൾക്കും രാഷ്ട്രീയത്തോടൊരു താത്പര്യം തോന്നിത്തുടങ്ങി.

പക്ഷേ, മക്കൾ രാഷ്ട്രീയത്തിൽ വരണമെന്ന ആഗ്രഹമൊന്നും അച്ഛനുണ്ടായിരുന്നില്ല. ഞങ്ങളെ അങ്ങനെ ഒന്നിനും നിർബന്ധിച്ചിട്ടുമില്ല. അദ്ദേഹത്തിന് എപ്പോഴും ചെറുപ്പക്കാരുടെ മനസ്സാണ്. ഇന്നത്തെ തലമുറ കാര്യങ്ങൾ മക്കൾക്ക് വിട്ടുകൊടുക്കുന്നതുപോലെത്തന്നെ. അവർ എന്താ ഇഷ്ടമെന്ന് വച്ചാൽ ചെയ്യട്ടെ, പഠിക്കട്ടെ എന്ന മട്ടിൽ. 'നിങ്ങൾക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാം. ഞാനൊന്നിലും ഇടപെടില്ല. വഴി തെറ്റിപ്പോവുകയാണെങ്കിൽ മാത്രം ഞാൻ പറയാം' എന്നായിരുന്നു അച്ഛന്റെ നിലപാട്. വളരെയധികം സ്വാതന്ത്ര്യം തന്നാണ് അച്ഛൻ എന്നെയും മുരളിയേട്ടനെയും വളർത്തിയത്.

രാഷ്ട്രീയം പുറത്തുനിർത്തിയിട്ട് വീട്ടിൽ വരുന്ന ആളായിരുന്നു അച്ഛൻ. അച്ഛൻ അതൊന്നും വീട്ടിൽ ഷെയർ ചെയ്യാറില്ല. അതുകൊണ്ടുതന്നെ പല കാര്യങ്ങളും ആളുകൾ പറഞ്ഞുകേട്ടാണ് ഞങ്ങൾ അറിയുന്നത്. അച്ഛൻ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും പുറത്തുള്ളവർ പറഞ്ഞാണ് കേൾക്കുന്നത്. രാഷ്ട്രീയം വീടിന്റെ ഗേറ്റിന് പുറത്ത് വെക്കണമെന്നാണ് അച്ഛന്റെ വാദം. അത് അകത്തേക്ക് കൊണ്ടുവന്നാൽ വീട്ടിൽ ടെൻഷനാവും. അത് പാടില്ല. വീട്ടിൽ സമാധാന അന്തരീക്ഷം ഉണ്ടായാലേ എനിക്ക് പുറത്ത് പോയി ജോലി ചെയ്യാൻ പറ്റുള്ളൂ എന്നാണ് അച്ഛന്റെ ന്യായം. അതുകൊണ്ട് വീട്ടിൽ അച്ഛനൊരു സാധാരണ മനുഷ്യനായിരുന്നു, എന്നും."- മകൾ പിതാവിനെ സ്മരിക്കുന്നത് ഇങ്ങനെയാണ്.

ഇംഗ്ലീഷ് മാത്രം സംസാരിച്ചിരുന്ന അമ്മ!

പക്ഷെ പത്മജ എപ്പോഴും പറയുന്നത് താൻ കരുണാകരന്റെ മോൾ ആണെന്നല്ല മറിച്ച് കല്യാണിക്കുട്ടിയുടെ മകൾ ആണെന്നാണ്. സാധാരണക്കരായിട്ടാണ് അമ്മ തങ്ങളെ വളർത്തിയതെന്നും അവർ പറയുന്നു.-" അമ്മയായിരുന്നു എന്നും അച്ഛന്റെ പിന്നിലെ ശക്തി. 1940-കളിൽ സ്ത്രീകൾ അധികം വിദ്യാഭ്യാസം നേടാതിരുന്ന കാലത്ത് ബി.എ. ഇക്കണോമിക്സ് കഴിഞ്ഞയാളാണ് അമ്മ. തിരുവനന്തപുരത്ത് പി. ആൻഡ് ടിയിൽ ജോലിയും ഉണ്ടായിരുന്നു. അച്ഛനെ വിവാഹം ചെയ്തതോടെ അമ്മ ജോലി രാജിവച്ച് തൊഴിലാളികളുടെ ഇടയിലേക്ക് വന്നു. അമ്മ പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്, ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രം വായിച്ച്, ഇംഗ്ലീഷ് മാത്രം സംസാരിച്ചുകഴിഞ്ഞിരുന്ന തനിക്ക് പിന്നെ ഒരു വാക്ക് പോലും ഇംഗ്ലീഷിൽ സംസാരിക്കാൻ പറ്റാതായെന്ന്.

ജീവിതം ഏതു നേരവും തൊഴിലാളികളുടെ ഒക്കെ കൂടെയല്ലേ. പക്ഷേ വീട്ടിലെ ഒരു ടെൻഷനും അമ്മ അച്ഛനെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അച്ഛന് സ്വതന്ത്രനായി തന്റെ ജോലി ചെയ്യാൻ പറ്റി. ആരെങ്കിലും മക്കൾ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചാൽ അച്ഛൻ ദയനീയമായി അമ്മയുടെ മുഖത്ത് നോക്കും. വേറെ വഴിയില്ല. അച്ഛനത് അറിയില്ലല്ലോ. അച്ഛൻ ഒരിക്കലും സ്‌കൂളിൽ വന്നിട്ടില്ല. എല്ലാം അമ്മയാണ് ചെയ്യുന്നത്. വീട്ടിൽ വരുന്ന എല്ലാവർക്കും അമ്മ ശരിക്കുമൊരു അമ്മയായിരുന്നു."- പത്മജ ഓർക്കുന്നു.

മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നപോലെ ആയിരുന്നില്ല, തീർത്തും ലളിതമായിരുന്നു കരുണാകരന്റെ ജീവതമെന്നും പത്മജ പറയുന്നു. "എല്ലാ ഓണത്തിനും അച്ഛൻ തനിയെ പോയി ഓരോരുത്തർക്കും ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുത്ത് വാങ്ങിക്കൊണ്ട് വരും. വീട്ടിലുള്ളവരുടെ ഇഷ്ടനിറമൊക്കെ അച്ഛന് നന്നായി അറിയാം. ഡ്രസ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കാര്യമായി ശ്രദ്ധിക്കുന്നയാളുമാണ്. വെള്ള വസ്ത്രമേ ഉള്ളൂവെങ്കിലും അതിൽ ഒരിടത്തും ഒരു ചുളിവ് പോലും കാണില്ല. ജുബ്ബയുടെ പിൻഭാഗം ഒന്ന് പൊക്കി വെച്ചിട്ടാണ് അച്ഛൻ ഇരിക്കുന്നത്. ചുളിവ് വരാതിരിക്കാനുള്ള ശ്രദ്ധ. ദിവസം മൂന്നുനേരം ഡ്രസ് മാറ്റുന്ന സ്വഭാവമൊന്നുമില്ല. രാവിലെയിട്ട വസ്ത്രം ഉച്ചയ്ക്ക് വന്നിട്ട് ഹാങ്ങറിൽ തൂക്കിയിടും. അത് തന്നെ വൈകുന്നേരവും ഇട്ട് പോകും. അപ്പോഴും അതിലൊരിടത്തുമൊരു ചുളിവുണ്ടാകാറില്ല. പണ്ട് കാലത്തൊക്കെ വസ്ത്രത്തിൽ നീലം മുക്കുമല്ലോ. അച്ഛനത് നിർബന്ധമാണ്. നീലം മുക്കിയ ജുബ്ബയും മുണ്ടുമൊക്കെ പുറത്തുകൊണ്ടുപോയി വെളിച്ചത്തിൽ വെച്ചുനോക്കും. എവിടെയെങ്കിലും നീലക്കളറെങ്ങാൻ കൂടിപ്പോയിട്ടുണ്ടോ എന്നാണ് നോക്കുന്നത്. അച്ഛന് വെള്ള വസ്ത്രമേ പറ്റൂ. അതേ ഉപയോഗിക്കൂ. പ്രത്യേകതരം ഷൂസാണ് ഇടുക. എച്ച്.എം ടി. വാച്ചേ കെട്ടൂ. ലളിത ജീവിതരീതിയായിരുന്നു. ശരിക്കും ഗാന്ധിയൻ മാതൃകയിൽ ജീവിച്ചൊരാൾ.'- പത്മജ പിതാവിനെക്കുറിച്ചുള്ള പല ധാരണകളും തിരുത്തുന്നു.

ക്രിക്കറ്റ് പ്രേമിയായ ലീഡർ

പുറമെന്ന് നോക്കുന്നതുപോലുള്ള ഒരു ജീവിതമായിരുന്നില്ല കരുണാകരന്റെതേ്. ഫുട്ബോളിനും ക്രിക്കറ്റിനോടുമൊക്കെ വലിയ കമ്പമുള്ള ഒരാൾ ആയിരുന്നു.
സീരിയൽ കാണുന്ന, സിനിമ കാണുന്ന, ഫുട്ബോളും ക്രിക്കറ്റും കാണുന്ന, പാട്ടുകേൾക്കുകയും, വരയ്ക്കുകയും, തമാശ പറയുകയും ചെയ്യുന്ന ഒരു കരുണാകരനെക്കുറിച്ച്, മകൻ മുരളീധരനേക്കാൾ ഏറെ സംസാരിച്ചത് മകൾ പത്മജയായിരുന്നു. ലീഡറുടെ ക്രിക്കറ്റ് പ്രേമം, മൂൻ എംഎൽഎയായ ശോഭനാ ജോർജും ശരിവെക്കുന്നു.

ഒരു അഭിമുഖത്തിൽ അവർ ഇങ്ങനെ പറയുന്നു. "ലീഡർ നല്ലൊരു ക്രിക്കറ്റ് പ്രേമിയായിരുന്നു. പ്രത്യേകിച്ച് സച്ചിൻ ടെൻഡുൽക്കറോട് വലിയ ഇഷ്ടവും. ഒരിക്കൽ പഴയ നിയമസഭാ ഹാളിൽ സമ്മേളനം നടക്കുന്ന സമയം. ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം നടക്കുകയായിരുന്നു. ബാറ്റ് ചെയ്യുന്നത് സാക്ഷാൽ സച്ചിനും. പുറത്തെ ഓഫീസ് മുറിയിൽ ശോഭനാ ജോർജിനൊപ്പം ടിവിയിൽ കളികണ്ടുകൊണ്ടിരുന്ന കരുണാകരന് ഉടൻ നിയമസഭയ്ക്ക് ഉള്ളിലെത്താൻ ഒരു കുറിപ്പ് കൈയിൽ കിട്ടുന്നു. 'കുട്ടി ഇത് കണ്ടോണ്ടിരിക്കണം' എന്ന് ചട്ടം കെട്ടി ലീഡർ സഭയ്ക്കുള്ളിലേക്ക് പോയി. നന്നായി കളിച്ചുകൊണ്ടിരുന്ന സച്ചിൻ പക്ഷേ, 99 റൺസിന് പുറത്തായി.

പിന്നാലെ ഈ വിവരം അറിയിക്കാനായി ശോഭനാ സഭയ്ക്കകത്തേക്ക് പോയി. കരുണാകരന് സമീപമെത്തി കാതിൽ മന്ത്രിച്ചു- 'സച്ചിൻ 99ന് പുറത്തായി'. ഇതു കേട്ട കരുണാകരൻ 'ങേ' എന്ന് പറഞ്ഞ് ഞെട്ടുന്നത് മീഡിയ ഗ്യാലറിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ശ്രദ്ധിച്ചു.
പിറ്റേന്ന് പത്രങ്ങളിൽ വന്ന വാർത്താ തലക്കെട്ട് ഇങ്ങനെ- 'ശോഭന കാതിൽ വന്ന് രഹസ്യം പറഞ്ഞു. ലീഡർ ഞെട്ടി...'എന്നാൽ സച്ചിന്റെ പുറത്താകലായിരുന്നു കരുണാകരനെ ഞെട്ടിച്ച ആ രഹസ്യമെന്ന് പത്രക്കാർക്ക് ആർക്കും അറിയില്ലായിരുന്നുന്നു"- ശോഭന പറയുന്നു.പക്ഷേ ഈ രീതിയിലുള്ള കരുണാകരന്റെ കഥകൾ ഒന്നും മാധ്യമങ്ങൾ അധികം ഹൈലൈറ്റ് ചെയ്തിട്ടില്ല.

അതുപോലെ ക്രൂരമായ മാധ്യമവേട്ടക്ക് ഇരയായ കരുണാകരെപ്പോലെ ഒരു നേതാവ് വേറെയുണ്ടാവില്ല. കരുണാകരൻ സദാ കൊണ്ടുനടക്കുന്ന പെട്ടിയെക്കുറിച്ചുപോലും മാധ്യമങ്ങൾ ഒരുപാട് എഴുതിപ്പിടിപ്പിച്ചു. അതിലെ ദുരൂഹത മാറ്റിയതും പത്മജയാണ്. -"അച്ഛന് സ്ഥിരമായി ചില രീതികൾ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു വിവാദങ്ങൾക്ക് വഴി വെച്ച ആ പെട്ടി. അതിൽ ഗുരുവായുരെ തീർത്ഥം, കളഭം, ഒരു രുദ്രാക്ഷം, ഒരു ജോഡി വസ്ത്രം ഇതായിരുന്നു ഉണ്ടാവുക.അല്ലാതെ മറ്റൊന്നും അതിലില്ല. അ പെട്ടി ഇന്നും നിധിപോലെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്."-അതുപോലെ രസകരമായ ഒരു അനുഭവം.

കരുണാകരന്റെ പത്രവായനയെക്കുറിച്ചായിരുന്നു. "ദിവസവും എല്ലാ പത്രവും വായിക്കും. ആദ്യം വായിക്കുക ദേശാഭിമാനിയാണ്. അതിനെക്കുറിച്ച് ഒരിക്കൽ താൻ ചോദിച്ചപ്പോൾ മോശം ആദ്യം വായിച്ച് പിന്നീട് നല്ലത് വായിക്കുമ്പോൾ അതാണ് മനസിന് ആശ്വാസം എന്നതായിരുന്നു അച്ഛന്റെ പ്രതികരണം"-പത്മജ ഓർത്തെടുത്തു.

കിട്ടമ്മാവനും കിങ്ങിണിക്കുട്ടനും

മക്കളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പേരിലും കരുണാകരൻ ഏറെ പഴി കേട്ടൂ. സത്യത്തിൽ മക്കൾ രാഷ്ട്രീയത്തിൽ വരുന്നതിന് ആദ്യകാലത്ത് അദ്ദേഹത്തിന് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് അദ്ദേഹം പുത്ര വാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്ട്രർ ആയിപ്പോയി എന്നാണ് അദ്ദേഹം വളർത്തിക്കൊണ്ടുവന്ന യുവ നേതാക്കാൾ തന്നെ പറഞ്ഞത്്. അക്കാലത്ത് പ്രത്യേകിച്ച് ഗതിയും ഗത്യന്തരവുമില്ലാതെ ഗൾഫിൽപോയി തിരിച്ചെത്തിയ കെ മുരളീധരൻ ഒരു സുപ്രഭാതത്തിലാണ് സേവാദളിൽ എത്തിപ്പെടുന്നത്. സ്ഥാനാർത്ഥി നിർണ്ണയവേളയിൽ കരുണാകരൻ സൂത്രത്തിൽ മൂത്രമൊഴിക്കാൻ പോവുകയും ആ ഇടവേളയിൽ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് ആന്റണി മുരളിയുടെ പേര് സ്ഥാനാർത്ഥി പട്ടികയിൽ തിരുകിക്കയറ്റിയത് എന്നും പറയുന്നു.

ഇതോടെ 90-കളിലെ പത്രങ്ങൾ മുഴവൻ കരുണാകരന് എതിരായി. മക്കൾ രാഷ്ട്രീയം വലിയ വിഷയമായി. കരുണാകരനെ കിട്ടമ്മാവനായും, മുരളീധരനെ കിങ്ങിണിക്കുട്ടനാക്കിയുമൊക്കെയുള്ള പ്രചാരണം കൊഴുത്തു. എസ് രമേശൻ നായരുടെ ഈ വിഷയം പ്രതിപാദിക്കുന്ന റേഡിയോ നാടകം വൻ ഹിറ്റായി. കരുണാകരപക്ഷത്തായിരുന്ന രമേശ് ചെന്നിത്തലയും, ജി കാർത്തികേയനും, എം ഐ ഷാനവാസുമൊക്കെ തിരുത്തൽവാദികളെന്ന പുതിയ പേരിട്ട് മറുകണ്ടം ചാടാനുള്ള ഒരു കാരണവും മുരളിയുടെ വളർച്ചയിലുള്ള ഭയമായിരുന്നു.

1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കി ദേശീയ രാഷ്ട്രീയത്തിലും കിങ് മേക്കറായ കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇടിത്തീ പോലെ വന്നുവീണ മറ്റൊരു സംഭവമായിരുന്നു ഐഎസ്ആർഒ ചാരക്കേസ്. വിശ്വസ്തനായ രമൺ ശ്രീവാസ്തവ, കരുണാകരനറിയാതെ ഒന്നും ചെയ്യില്ലെന്ന് കോൺഗ്രസ്സുകാർ തന്നെ പ്രചരിപ്പിച്ചു. അങ്ങനെ രാജ്യദ്രോഹക്കുറ്റത്തിൽ കരുണാകരനും പങ്കുണ്ടെന്ന വാദം അന്തരീക്ഷത്തിൽ നിറഞ്ഞ് നിന്നു. ഉമ്മൻ ചാണ്ടിയും ആന്റണിയും കൃത്യമായി കരുക്കൾ നീക്കി. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ഊമ്മൻചാണ്ടി പറഞ്ഞപ്പോൾ, വി എം സുധീരൻ പറഞ്ഞത് രാജ്യ സുരക്ഷയെക്കാൾ വലുതല്ല ഒരു മുഖ്യമന്ത്രി കസേര എന്നായിരുന്നു. അങ്ങനെ തീർത്തും ഒറ്റപ്പെട്ട്, വഞ്ചിക്കപ്പെട്ട്, കരുണാകരൻ 1995 മാർച്ച് പതിനാറിന് രാജി വെച്ചു. ചാരക്കേസിന്റെ വിധി എന്തായിരുന്നെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ബലിയാടാക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ കരുണാകരനോ? സർവ്വരാലും ആക്രമിക്കപ്പെട്ട്, നിശബ്ദനായി ഇറങ്ങിപ്പോകേണ്ടി വന്നതിന് എന്ത് പരിഹാരമാണ് നൽകാനുള്ളത്?

ഈ രീതിയിലുള്ള കോൺഗ്രസ് ഗ്രൂപ്പിസം മൂർഛിച്ചാണ് ഒടുവിൽ കരുണാകരൻ പാർട്ടി വിട്ട് ഡിഐസി ഉണ്ടാക്കുന്നതും, പിന്നീട് കോൺഗ്രസിൽ തിരിച്ചുവരുന്നതും. പക്ഷേ അന്ന് മകൻ മുരളീധരൻ അച്ഛനെ അനുസരിച്ചില്ല. മുരളി ഡിഐസിയിൽ തുടർന്നു. താൻ ജീവിച്ചിരിക്കേ മകൻ പാർട്ടിയിൽ എത്തണം എന്ന കേരള ഭീഷ്മാചാര്യരുടെ മോഹം നടന്നില്ല. കരുണാകരന്റെ മരണശേഷം ഏറെ പണിപ്പെട്ടാണ് മുരളി തിരിച്ച് കോൺഗ്രസിൽ എത്തിയത്. 'അലൂമിനിയം പട്ടേൽ' എന്ന് അഹമ്മദ് പട്ടേലിനെ വിളിച്ചതിനൊക്കെ മുരളി വലിയ വിലകൊടുക്കേണ്ടി വന്നു. കെപിസിസി പ്രസിഡന്റായിരുന്ന, മൂൻ മന്ത്രിയായിരുന്നു മുരളി ഒരു വിധത്തിലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്.

പക്ഷേ അതിനുശേഷം അത്ഭുതകരമായ ഇമേജ് മാറ്റാണ് മുരളീധരന് ഉണ്ടായത്. അദ്ദേഹം കരുണാകരൻ ആഗ്രഹിച്ചപോലെ ഏറ്റവും ജനകീയനായ നേതാവായി മാറി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയായി പി ജയരാജനെ വൻ ഭൂരിപക്ഷത്തിന് തോൽപ്പിച്ച് കീർത്തി ഉയർത്തി. ഇത്തവണ വീണ്ടും വടകരയിൽ മത്സരിക്കാനിരിക്കവേയാണ് ഇടിത്തീയായി സഹോദരിയുടെ ബിജെപി പ്രവേശം ഉണ്ടാവുന്നത്. അതോടെ തൃശൂരിലേക്ക് കൂടുമാറിയിരിക്കയാണ് മുരളി എന്നാണ് അറിയുന്നത്. ഇതിലും തീരുമാനം ആയിട്ടില്ല.


പത്മജയും സജീവ രാഷ്ട്രീയത്തിലേക്ക്

കരുണാകരൻ കുടുംബത്തിൽ പരസ്യമായി പൊട്ടിത്തെറിയുണ്ടായത് പത്മജയും രാഷ്ട്രീയത്തിൽ സജീവമായതോടെയാണ്. 2004-ലെ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുകന്ദപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായാണ് പത്മജയുടെ ആദ്യ മത്സരം. കെ മുരളീധരൻ ഇതിനെ നഖശിഖാന്തം എതിർത്തിരുന്നു. ഒരു കുടുംബത്തിൽനിന്ന് മൂന്നുപേർ രാഷ്ട്രീയത്തിൽ ഇറങ്ങുക എന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. മുരളി അത് തുറന്ന് പറയുകയും ചെത്തു. ഇലക്ഷൻഫലവും ഞെട്ടിക്കുന്നതായിരുന്നു. കോൺഗ്രസ് സമ്പൂർണ്ണമായി തോറ്റ തെരെഞ്ഞടുപ്പായിരുന്നു അത്. അന്ന് മുതൽ കടുത്ത ഭിന്നതയിലാണ് പത്മജയും മുരളിയും. ഇടക്കാലത്ത് കരുണാകരനിൽ മുരളിക്ക് സ്വാധീനവും കുറഞ്ഞു. കാരണം രോഗിയായ ലീഡറുടെ എല്ലാകാര്യങ്ങളും നോക്കിയത് പത്മജയുടെ ഭർത്താവായ ഡോ വേണുഗോപാൽ ആയിരുന്നു.

തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പത്മജ പിന്നീട് ഇങ്ങനെയാണ് പറഞ്ഞത്. -"'അച്ഛൻ ഒരിക്കലും രാഷ്ട്രീയത്തിൽ എന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അതൊക്കെ വ്യക്തിപരമായി വിടുകയായിരുന്നു. അമ്മപോയതോടെയാണ് അച്ഛൻ ആകെ തളർന്നത്. പിന്നീട് മരണം എന്നൊരു ഒറ്റ ചിന്തമാത്രമായിരുന്നു അച്ഛനും. അതുകൊണ്ടാണ് അച്ഛൻ രൂപം കൊടുത്ത പാർട്ടി എങ്ങുമെത്താതെ പോയത്. അല്ലാത്തപക്ഷം ആ പാർട്ടിയെ അച്ഛൻ വേറെ തലത്തിലേക്ക് എത്തിച്ചേനെ.പുതിയ പാർട്ടി രൂപീകരണം വേണ്ടായിരുന്നു എന്നതോന്നൽ വരെ പിൽക്കാലത്ത് അച്ഛന് ഉണ്ടായി."- പത്മജ ഒരു അഭിമുഖത്തിൽ പറയുന്നു.

"അച്ഛൻ തനിക്ക് നൽകിയ ഉപദേശം രാഷ്ട്രീയം ഒരിക്കലും ജീവിത്തിൽ കലർത്തരുത് എന്നതായിരുന്നു.അത് തന്നെയാണ് ഇ നിമിഷം വരെ ഞങ്ങൾ പ്രാവർത്തികമാക്കിയത്. ചിലപ്പോൾ അച്ഛനൊക്കെ ചെയ്തത് വിഢിത്തമാണ് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്.ഒരു ആരോപണം വന്നപ്പോൾ രാജിവച്ച് പിന്മാറിയത്.മാത്രമ്മല്ല ഇന്നത്തെ ജനങ്ങൾ ഒരുപാട് മാറിപ്പോയി എല്ലാവിവാദങ്ങളൊന്നും അവരെ ബാധിക്കുന്നില്ല.ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്കൊക്കെ എന്തും ചെയ്യാമെന്ന് സ്ഥിതിയാണ്. പക്ഷെ പണ്ട് അതല്ല സ്ഥിതി". കരുണാകരന്റെയും പിണറായി വിജയന്റെയും ഭരണത്തെ താരതമ്യം ചെയ്ത്‌കൊണ്ട് പത്മജ പറയുന്നു.

പത്മജയുടെ ഭർത്താവ് ഡോ വേണുഗോപാൽ തിരക്കേറിയ ഇന്ത്യയിലെ തന്നെ നമ്പർ വൺ എന്ന് വിളിക്കാവുന്ന ഡോക്ടറാണ്. അദ്ദേഹവും എന്നും പത്മജക്ക് പിന്തുണ നൽകുകയാണ്. കോൺഗ്രസിൽനിന്നുണ്ടായ തുടർച്ചയായ അവഗണനയാണ് പത്മജയെ മനംമടുപ്പിച്ചതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. - " വേണുവേട്ടൻ നല്ല രാഷ്ട്രീയ നിരീക്ഷകനാണ്. പക്ഷെ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല. മക്കൾ രണ്ടുപേരും രാഷ്ട്രീയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല"- പത്മജ പറയുന്നു.

'ഗിരിജേടത്തിയിൽ'നിന്ന് പത്മേച്ചിയിലേക്ക്

കെ കരുണാകരനെപ്പോലെ ഒരുപാട് അപാവാദങ്ങളിലുടെയാണ് പത്മജയും കടന്നുപോയത്. താനൊരു അഹങ്കാരിയാണെന്ന തെറ്റിദ്ധാരണ പലരിലും മുൻപ് ഉണ്ടായിരുന്നതായി അവർ മനോരമ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തില പറയുന്നുണ്ട്. 500 രൂപയുടെ സാരി ഉടുത്താൽ പോലും 5000 രൂപയുടേതാണെന്ന് പറയുമായിരുന്നു. ഈ തെറ്റിദ്ധാരണകൾ കൊണ്ടാണ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടത്. എന്നാൽ ഇപ്പോൾ ആ തെറ്റിദ്ധാരണ മാറി. അത് പലരും തന്നോട് നേരിട്ട് പറഞ്ഞെന്നും പത്മജ പറഞ്ഞു. "രണ്ട് തെരഞ്ഞെടുപ്പിലും തന്റെ പരാജയത്തിന് ഒരു കാരണം അച്ഛന്റെ പേരാണെന്ന് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. കാരണം അച്ഛന്റെ പേരിൽ ഞങ്ങളെയൊക്കെ സെലിബ്രിറ്റികളായാണ് ജനങ്ങൾ കണ്ടിരുന്നത്. കരുണാകരന്റെ മകളായതിൽ ഇപ്പോൾ എനിക്ക് ഭയവുമുണ്ട്്. ആ പേര് കൊണ്ട് എവിടെയങ്കിലും വച്ച് തട്ട് കിട്ടുമോ എന്ന് ഞാൻ ഭയക്കുന്നുണ്ട്. ഇന്ന് ഞാൻ തൃശ്ശുരുകാരുടെ പത്മേച്ചിയാണ്. അ വിലാസം ഞാൻ അഞ്ചുവർഷത്തെ ഇടപെടൽ കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്."- പത്മജ പറയുന്നു.

രഞ്ജി പണിക്കർ എഴുതി ജോഷി സംവിധാനം ചെയ്ത 'പ്രജ' എന്ന സിനിമിൽ ഗിരിജേടത്തി എന്ന ഒരുപാട് സാരികൾ മാറിമാറി ഉടുക്കുന്ന ഒരു രാഷ്ട്രീയ കഥാപാത്രമുണ്ട്. ഇത് പത്മജയെ ട്രോളി ഉണ്ടാക്കിയതാണെന്ന് വിമർശനം അന്നുതന്നെ ഉയർന്നിരുന്നു. എന്നാൽ പിൽക്കാലത്തെ പ്രവർത്തനങ്ങളിലൂടെ ആ ചീത്തപ്പേര് മായ്ച്ചുകളയാൻ അവർക്കായി. ഇന്ന് തൃശൂരുകാരുടെ പ്രിയപ്പെട്ട പത്മേച്ചിയായി അവർ മാറി.

അതിനിടെ ഒരു സംരംഭക എന്ന നിലയിലും പത്മജ തിളങ്ങിയിരുന്നു. 'പത്മജ വേണുഗോപാൽ പ്രസന്റ്സ്' എന്ന പേരിൽ സാരികളും കുർത്തകളും ഡിസൈനർ വസ്ത്ര ശേഖരവുമുള്ള ഒരു ബ്രാൻഡാണ് അവർ തുടങ്ങിയത്. ഡിസൈനറായ നൗഷിജയുമായി ചേർന്നു ഫാറ്റിസ് എന്ന ബ്രാൻഡിലാണു പത്മജ രംഗത്തു വരുന്നത്. പത്മജ വേണുഗോപാലിന്റെ പേരും നിവിലുള്ള ഈ ബ്രാൻഡിനൊപ്പം ഉപയോഗിക്കും. കുട്ടിക്കാലം മുതലുള്ളൊരു സ്വപ്നത്തിനു വേണ്ടിയാണു സുഹൃത്തായ നൗഷിജയുമായി ഇതു തുടങ്ങുന്നതെന്ന് പത്മജ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മലയാള മനോരമയോട് പത്മജ ഇങ്ങനെ പ്രതികരിക്കുന്നു. "കുട്ടിക്കാലത്തുതന്നെ ധാരാളം നിറങ്ങളുള്ള ഉടുപ്പാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. ചിത്രകാരനായ അച്ഛന്റെ പാരമ്പര്യം എനിക്കാണ് കിട്ടിയതെന്നു തോന്നുന്നു. അച്ഛൻ എപ്പോഴും ധാരാളം നിറങ്ങളുള്ള ഉടുപ്പാണ് വാങ്ങിത്തന്നിരുന്നത്. എനിക്കൊരു തുണിക്കട ഇട്ടുതരുമോ എന്നു കോളജിൽ പഠിക്കുമ്പോൾതന്നെ ഞാൻ ചോദിക്കുമായിരുന്നു. വിശേഷ അവസരങ്ങളിൽ അച്ഛനാണ് ഞങ്ങൾക്കു വസ്ത്രം സിലക്ട് ചെയ്തു തന്നിരുന്നത്. അതിനു എപ്പോഴും പ്രത്യേക ഭംഗി ഉണ്ടായിരുന്നു. നിമിഷങ്ങൾക്കകം തിരഞ്ഞെടുക്കൽ കഴിയും. കുറച്ചു നേരം കടയുടെ ഷെൽഫുകൾക്കു മുന്നിലൂടെ നടന്നു നോക്കും. നിറങ്ങളുടെ കോംപിനേഷനായിരുന്നു അച്ഛന്റെ പ്രത്യേകത." അവർ പറയുന്നു?

മുംബൈ, വാരാണസി, സൂറത്ത്, കാഞ്ചിപുരം തുടങ്ങിയ സ്ഥലങ്ങളിൽനിന്നു സിലക്ട് ചെയ്യുന്ന സാരികളും മറ്റു വസ്ത്രങ്ങളുമാണു ഈ ബ്രാൻഡിലുള്ളത്. കൂടുതലും വിവാഹ ആവശ്യത്തിനുള്ള വസ്ത്രങ്ങളാണുണ്ടാകുക. ആദ്യ ഷോറൂം എറണാകുളത്താണ് തുടങ്ങുന്നത്. തുടർന്നു ഓൺലൈൻ ബ്രാൻഡായി മാറും. സ്വന്തം സ്വപ്നം നടപ്പാക്കാൻ കഴിയുന്നൊരു സ്ത്രീയുടെ സംരംഭമായി കണ്ടാൽമതിയെന്നും രാഷ്ട്രീയത്തിലെ സാന്നിധ്യം തുടരുമെന്നുമാണ് ഒരു വർഷം മുമ്പ് പത്മജ പറഞ്ഞത്.

കരുണാകരന്റെ മക്കൾ വേർപിരിയുന്നു

പത്മജയുടെ ബിജെപി പ്രവേശനത്തോടെ കരുണാകരൻ കുടുംബത്തിൽ ഭിന്നത പുർത്തിയായിരിക്കയാണ്. പത്മജയുമായി ഇനി സഹോദരി എന്ന നിലയിലുള്ള ബന്ധംപോലമില്ലെന്നാണ് മുരളി പറയുന്നത്. -"പത്മജയെ എടുത്തതുകൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോൾ പുതപ്പിച്ച ത്രിവർണ പതാക ഞങ്ങൾക്കുള്ളതാണ്. കഷ്ടപ്പാട് അനുഭവിക്കാത്ത മക്കൾക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാം. വർക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കൾക്ക് ഇത്രയും സ്ഥാനം കൊടുത്താൽ പോരേ"- മുരളീധരൻ ക്ഷുഭിതനായി ചോദിച്ചു.

അച്ഛന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. അച്ഛന്റെ ശവകുടീരത്തിൽ സംഘികളെ നിരങ്ങാനനുവദിക്കില്ല. പത്മജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. പാർട്ടിയെ ചതിച്ചത് സഹോദരിയാണെങ്കിലും ഒത്തുതീർപ്പില്ല. പത്മജ മത്സരിച്ചാൽ നോട്ടയ്ക്കാണോ ബിജെപിക്കാണോ വോട്ട് കിട്ടുക എന്ന് കാണാമെന്നും മുരളീധരൻ പരിഹസിച്ചു.

പത്മജയ്ക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ് 200-4ൽ നൽകിയത്. തൃശൂരിലും വിജയസാധ്യതയുണ്ടായിരുന്നു. എന്നാൽ എല്ലായിടത്തും പത്മജ തോറ്റു. ബിജെപിയിലേക്ക് പോകാൻ പത്മജ നിരത്തിയ കാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ തെരഞ്ഞെടുപ്പ് തന്നെയും പലരും കാലുവാരിയിട്ടുണ്ട്. എന്നിട്ട് താൻ ഒരു പരാതിയും കൊടുത്തിട്ടില്ല. കെ കരുണാകരൻ ഒരു നാളും വർഗീയതയോട് സന്ധി ചെയ്തിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ബിജെപിയിലേക്ക് പോകുന്നതിന്റെ സൂചന പോലും പത്മജ നൽകിയില്ല. മതേതര വിശ്വാസികൾക്ക് ദുഃഖമുണ്ടാക്കുന്ന തീരുമാനമാണ് പത്മജ സ്വീകരിച്ചത്. എല്ലാ മണ്ഡലത്തിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. കുടുംബത്തിലെ പ്രയാസങ്ങൾ കുടുംബത്തിനകത്തും ചിലപ്പോൾ പുറത്തും പറയും. പ്രയാസങ്ങളുടെ പേരിൽ പാർട്ടി വിട്ട് പോവുകയാണോ വേണ്ടത്? കെ കരുണാകരൻ പോലും ക്ഷമ പറഞ്ഞാണ് തിരിച്ച് പാർട്ടിയിലേക്ക് വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.കിട്ടിയ സ്ഥാനങ്ങളെക്കുറിച്ചെല്ലാം പത്മജ ഓർക്കണം. പത്മജയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഭീഷണി ഉണ്ടോ എന്നത് തെളിവില്ലാതെ താൻ പറയില്ലെന്നും മുരളീധരൻ പറയുന്നു.

എന്നാൽ തന്റെ ഭർത്താവിന് ഇ ഡിയെ പേടിയെന്നുമില്ലെന്നും അത്തരം വിഷയങ്ങളല്ല പാർട്ടിയിൽ നിലനിൽക്കുന്ന അവഗണനയാണ് തന്റെ മനംമാറ്റത്തിന് കാരണമെന്ന് പത്മജയും തിരിച്ചടിക്കുന്നു. സഹോദരൻ എന്ന ബന്ധംപോലും തന്നോടില്ല എന്ന മുരളിയുടെ വാക്കുകൾ അവർ ചിരിച്ചു തള്ളി.- "എന്റെ അച്ഛൻ ഏറ്റവും കൂടുതൽ പോരാടിയത് എൽഡിഎഫിനോടാണ്. അന്ന് ബിജെപിക്ക് ശക്തിയില്ലാത്ത സമയമായിരുന്നു. ഫൈറ്റ് ചെയ്ത എൽഡിഎഫിന് അച്ഛൻ കൈകൊടുത്തില്ലേ അവസാനം. അതിന് ഇപ്പോൾ ആർക്കും പരാതിയില്ലേ. ഞാൻ മുരളിയേട്ടനെമാതിരി പല പാർട്ടിയിൽ പോയി വന്ന ആളല്ല. ജനിച്ചപ്പോൾ തൊട്ട് ഇത്രേം വയസ്സുവരെ ഈ പാർട്ടിയിൽനിന്ന ആളാണ്. അച്ഛൻ പോയിട്ടുപോലും ഞാൻ പോയിട്ടില്ല. ആ എന്നെ പറയാൻ മുരളിയേട്ടന് ഒരു അവകാശവുമില്ല. ഭർത്താവിന്റെ അച്ഛൻ ഇൻകം ടാക്‌സ് കമ്മിഷണറായിരുന്നു. ഇൻകം ടാക്‌സ് അടയ്ക്കുന്നതിന് സിൽവർ കാർഡുണ്ട് ഭർത്താവിന്. മറ്റുകാര്യങ്ങൾ അന്വേഷിച്ചാൽ മനസിലാവുമല്ലോ', ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പത്മജ ചുട്ടമറുപടി നിൽകുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. കെ കരുണാകന്റെ കുടുംബത്തിൽ ഇനി ഐക്യം ഉണ്ടാവില്ല. ഇവിടെയാണ് പലരും രാജന്റെയും ഈച്ചരവാര്യരുടെയും ശാപം എടുത്തിടുന്നത്. മുമ്പ് കരുണാകരനനും, മുരളിയും ഒന്നിച്ച് തോറ്റപ്പോഴും പലരും എടുത്തിട്ടത് രാജൻ കേസ് ആയിരുന്നു.

വാൽക്കഷ്ണം: എന്നാൽ രാജൻകേസിൽ കരുണാകരൻ തീർത്തും നിരപരാധിയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ചാരക്കേസിലെന്നപോലെ താൻ വിശ്വസിക്കുന്ന ഉദ്യോസ്ഥരെ നമ്പിയതാണ് കരുണാകരന് പറ്റിയ തെറ്റ് എന്ന് മുൻ കലക്ടറും, അക്കാലത്ത് കരുണാകരന്റെ പേഴ്സണൽ സ്റ്റാഫിലെ പ്രധാനിയുമായ പ്രേമചന്ദ്രക്കുറുപ്പ് തന്റെ സർവീസ് സ്റ്റോറിയിൽ എഴുതിയിട്ടുണ്ട്. രാജന് എന്താണ് സംഭവിച്ചത് എന്ന് കരുണാകരന് നേരിട്ട് അറിയില്ലായിരുന്നു. ഇതിനായി അന്നത്തെ ക്രൈംബ്രാഞ്ച് ഡി.ഐ.ജി ജയാറം പടിക്കലിനെ കരുണാകരൻ നേരിട്ട് വിളിച്ചുവരുത്തി ചോദിച്ചതിന് താൻ സാക്ഷിയാണെന്ന് പ്രേമചന്ദ്രക്കുറുപ്പ് എഴുതുന്നു. എന്നാൽ വികാരധീനനായി പടിക്കൽ എല്ലാം നിഷേധിക്കയായിരുന്നു. കരുണാകരൻ അത് വിശ്വസിച്ചതാണ് അബദ്ധമായതെന്നും പ്രേമചന്ദ്രക്കുറപ്പ് ചൂണ്ടിക്കാട്ടുന്നു.