- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറിയയിലുമുണ്ട് ലാലേട്ടനും മമ്മൂക്കയും! ഉടുപ്പിലും, നടപ്പിലും, ഫാഷനിലും മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തില്‍പോലും കെ കള്‍ച്ചര്‍; ജെന്‍ സി മല്ലൂസ് കെട്ടാന്‍ ആഗ്രഹിക്കുന്നതുപോലും കൊറിയക്കാരെ; 'ഹല്യൂ' തരംഗം നമ്മുടെ കൗമാരത്തെ കൊല്ലുമോ? കെ പോപ്പ് തരംഗത്തിന് പിന്നിലെന്ത്?
കെ പോപ്പ് തരംഗത്തിന് പിന്നിലെന്ത്?

''അന്യാഹസോയോ, കംസാ-അനിദായു''............ കേരളത്തിലെ കുട്ടികള്‍, ഹലോ ഹായ്, താങ്ക് യൂ എന്നതിന് പകരം കൊറിയന്‍ ഭാഷയില്‍ ഉപചാരവാക്കുകള്‍ കൈമാറിയപ്പോള്‍, അതിനായി വാട്സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയപ്പോള്‍ അന്തം വിട്ടവര്‍ അധ്യാപകരും രക്ഷിതാക്കളും മാത്രമല്ല, നമ്മുടെ സാമൂഹിക നിരീക്ഷകര്‍ കൂടിയാണ്. ദക്ഷിണ കൊറിയയെന്നത് കേരളത്തിലെയടക്കം കൗമാരക്കാര്‍ക്കിടയില്‍ ശരിക്കും തരംഗമാവുകയാണ്. 70കളിലെ ഹിപ്പി തരംഗമൊക്കെപ്പോലെ! അവിടെുത്തെ കെ-പോപിനെയും കെ-കള്‍ച്ചറിനെയുമെല്ലാം ലോകമെമ്പാടുമുള്ള യുവാക്കള്‍ പ്രണയിക്കുന്നൂ. ബി.ടി.എസിനെയും ബ്ലാക്ക് പിങ്കിനെയും ഹൃദയത്തിലേറ്റന്നു. കിം കി ഡുക്കിന്റെ സിനിമകളില്‍ തുടങ്ങി കൊറിയന്‍ വെബ് സീരീസ് അഡിക്ഷനില്‍വരെ അത് എത്തിനില്‍ക്കുന്നു.
സംഗീതത്തിലും നൃത്തത്തിലും മോഡലിങ്ങിലുമെല്ലാം കൊറിയന്‍ രീതികള്‍ ഇന്ന് കേരളത്തിലും ഹിറ്റാണ്. ഒരു യുട്യൂബ് ചാനലല്‍ ഈയിടെ നടത്തിയ സര്‍വേയില്‍ കൊറിയക്കാരെ വിവാഹം കഴിക്കാനാണ് തങ്ങള്‍ക്ക് ഇഷ്ടമെന്ന് ചില മല്ലു ഗേള്‍സ് പറയുന്നതും വൈറല്‍ ആയിരുന്നു. കൊറിയന്‍ ഭക്ഷണമായ കിംച്ചി കൊച്ചിയില്‍പോലും എത്തിക്കഴിഞ്ഞു. ഇത് ആഗോള വ്യാപകമായി കണ്ടവരുന്ന ഒരു ട്രെന്‍ഡ് കൂടിയാണ്. തൊട്ടടുത്ത അയല്‍ രാജ്യമായ ഉത്തര കൊറിയ, ഏകാധിപത്യത്തിന്റെ ഇരുട്ടിലൂടെ നീങ്ങുമ്പോള്‍, ദക്ഷിണ കൊറിയ ടെക്ക്നോളജിയുടെയും, സ്വാതന്ത്ര്യത്തിന്റെയും, സംസ്‌ക്കാരത്തിന്റെയും കേന്ദ്രമായി മാറി. ആചാരമര്യാദകളുള്ള, മുതിര്‍ന്നവരെയും സ്ത്രീകളെയും ബഹുമാനിക്കുന്ന സംസ്‌കാരസമ്പന്നമായ രാജ്യം എന്നായിരുന്ന ദക്ഷിണ കൊറിയയുടെ പൊതു ഇമേജ്. എങ്ങനെയെങ്കിലും കൊറിയയില്‍ എത്തണം എന്ന ആഗ്രഹത്തോടെ ഭാഷ പഠിക്കുന്ന ഒരു പുതിയ തലമുറ കേരളത്തിടലക്കം വളര്‍ന്നുവരികയാണ്.
ഉടുപ്പിലും, നടപ്പിലും, വേഷത്തിലും, ഫാഷനിലും മാത്രമല്ല, മുടിവെട്ടിലും ചര്‍മ്മ സംരക്ഷണത്തിലും പോലും നമ്മൂടെ കുട്ടികള്‍ കൊറിയയെ അനുകരിക്കുന്നു! ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്ഭവിച്ച ഒരു ആധുനിക സൗന്ദര്യ സങ്കല്പമാണ് ഗ്ലാസ് സ്‌കിന്‍ കേരളത്തിലെ കൗമരങ്ങളെയും ബാധിക്കായാകണ്. ഒരു ചില്ലുപാത്രം പോലെ അതീവ മിനുസമുള്ളതും, സുതാര്യവും, ഉള്ളില്‍ നിന്ന് തിളങ്ങുന്നതുമായ ചര്‍മ്മത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നത്. മൃതകോശങ്ങളോ പാടുകളോ ഇല്ലാത്ത തികച്ചും മിനുസമുള്ള ഉപരിതലമുള്ള വളരെ തെളിഞ്ഞതും ആരോഗ്യകരവുമായി ചര്‍മ്മമാണ് ഇതില്‍ പ്രധാനം. ചര്‍മ്മത്തില്‍ ജലാംശം അഥവാ ഈര്‍പ്പംനിലനില്‍ക്കുമ്പോഴാണ് ഈ തിളക്കം ഉണ്ടാകുന്നത്. അതിനായുള്ള ഗ്ലാസ് സ്‌കിന്‍ നേടാനുള്ള ബ്യൂട്ടി കേന്ദ്രങ്ങള്‍ കേരളത്തിലം വന്നുകഴിഞ്ഞു. ആദ്യം ഓയില്‍ അധിഷ്ഠിത ക്ലെന്‍സറും പിന്നീട് വാട്ടര്‍ അധിഷ്ഠിത ക്ലെന്‍സറും ഉപയോഗിച്ച് മുഖത്തെ അഴുക്കുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നു. തുടര്‍ന്ന് മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തിന് മിനുസം നല്‍കുന്നു.ടോണര്‍, സെറം, മോയ്‌സ്ചറൈസര്‍ എന്നിവ ഒന്നിനുപുറകെ ഒന്നായി പുരട്ടി ചര്‍മ്മത്തെ നന്നായി ഹൈഡ്രേറ്റ് ചെയ്യുന്നു. അങ്ങനെയാണ് നമ്മുടെ കുട്ടികള്‍ കൊറിയന്‍ ചര്‍മ്മം നിലനിര്‍ത്തുന്നത്. ശരിക്കും കെട്ടിലും മട്ടിലും കൊറിയക്കാരാവുകയാണ് ജെന്‍ സി! പക്ഷേ ഈ കൊറിയന്‍ വിധേയത്വം പലകരുക്കുകളിലേക്കും നമ്മെ കൊണ്ടുപോവുന്നുമുണ്ട്.
കൊല്ലുന്ന കെ കള്‍ച്ചര്‍
'ഹല്യൂ' അല്ലെങ്കില്‍ കൊറിയന്‍ തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പക്ഷേ ഇപ്പോള്‍ അതിന്റെ ചില പ്രശ്നങ്ങളും ചര്‍ച്ചചെയ്യപ്പെടുകയാണ്. കൊറിയന്‍ സംസ്‌കാരത്തോടുള്ള അമിതമായ ആരാധന അഥവാ കൊറിയന്‍ തരംഗം ചില സന്ദര്‍ഭങ്ങളില്‍ കൗമാരക്കാര്‍ക്കിടയില്‍ അപകടകരമായ മാനസികാവസ്ഥകളിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈയിടെ നന്ന ഗാസിയാബാദ് ആത്മഹത്യ.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 16, 14, 12 വയസ്സ് മൂന്ന് സഹോദരിമാര്‍ കെ-പോപ്പ്, കെ-ഡ്രാമകളോടുള്ള കടുത്ത അഭിനിവേശം കാരണം ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അവരുടെ ഡയറിക്കുറിപ്പുകളില്‍ 'കൊറിയയായിരുന്നു ഞങ്ങളുടെ ജീവിതം' എന്നും, തങ്ങള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളല്ല കൊറിയക്കാരാണെന്നും എഴുതിയിരുന്നു. പിതാവ് അവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്നാണ് അവര്‍ ഈ കടുത്ത തീരുമാനമെടുത്തതെന്ന് പറയപ്പെടുന്നു.
സമാനമായ ഒരു സംഭവം കേരളത്തിലുണ്ടായി. ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ ഒരു പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍, ആ കുട്ടിക്ക് ഒരു കൊറിയന്‍ സുഹൃത്തുണ്ടായിരുന്നുവെന്നും അയാളുടെ മരണവാര്‍ത്ത അറിഞ്ഞാണ് കുട്ടി ഇത് ചെയ്തതെന്നും സംശയിക്കപ്പെടുന്നു. കുട്ടിയുടെ പുസ്തകത്തില്‍ കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. 2024-ല്‍ തമിഴ്നാട് കരൂരിലെ 13 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികള്‍ കൊറിയന്‍ സംഗീത ഗ്രൂപ്പായ ബി.ടി.എസിനോടുള്ള ആരാധനമൂത്ത് ബോട്ടില്‍ കൊറിയന്‍ തലസ്ഥാനമായ സോളിലേക്ക് പുറപ്പെട്ട വാര്‍ത്ത നമ്മെ ഞെട്ടിച്ചതാണ്. സമാനമായ വാര്‍ത്തകള്‍ രാജ്യത്തിലെ പലയിടത്തുനിന്നുമുണ്ടായി. ഗാസിയാബാദിലെ സംഭവത്തോടെ കൊറിയന്‍ സംസ്‌കാരത്തോടുള്ള അമിതമായ പ്രണയവും ആസക്തിയും ഇന്ത്യയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അന്തവും കുന്തവുമില്ലാത്ത കൊറിയന്‍ ആരാധന നമ്മുടെ കുട്ടികളെ കെണിയിലേക്കാണോ കൊണ്ടുപോവുന്നത് എന്നും ചര്‍ച്ചകള്‍ ഉയരുകയാണ്.
ഡിജിറ്റല്‍ ഐസൊലേഷന്‍ എന്ന അവസ്ഥയിലുടെയാണ് കേരളത്തിലടക്കമുള്ള കുട്ടികള്‍ കടന്നുപോവുന്നത് എന്ന് സൈക്കോ- സോഷോ്യളജിസ്റ്റുകള്‍ വിലയിരുന്നു. യഥാര്‍ത്ഥ ലോകത്തേക്കാള്‍ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ലോകത്ത് ചെലവഴിക്കുന്നതോടെ കുട്ടികള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുകയും വെര്‍ച്വല്‍ ലോകത്തെ യാഥാര്‍ത്ഥ്യമായി കാണുകയും ചെയ്യുന്നു. തങ്ങള്‍ ഇഷ്ടപ്പെടുന്ന താരങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് കുട്ടികള്‍ വിശ്വസിക്കുകയും അവരെ തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി കാണുകയും ചെയ്യുന്നു. ഇത് ചിലരെ ഐഡന്റിറ്റി ക്രൈസിസിലേക്ക് നയിക്കും. കൊറിയന്‍ ഡ്രാമകള്‍ അമിതമായി കാണുന്നതുംഅതുമായി ബന്ധപ്പെട്ട ഗെയിമുകള്‍ കളിക്കുന്നതും ഒരുതരം ലഹരിയായി മാറുന്നു. അത് അപകടമാവതെ നോക്കുകയാണ് വേണ്ടത്.
തുടക്കം ഗന്നം സ്റ്റെലിലില്‍
കോവിഡ് കാലത്താണ് കെ കള്‍ച്ചര്‍ ഇന്ത്യയില്‍ വ്യാപകമായത് എങ്കിലും, അതിലേക്ക് വാതില്‍ തുറന്നിട്ടത്, 2012-ല്‍ പുറത്തിറങ്ങിയ 'ഗന്നം സ്റ്റൈല്‍' എന്ന ഗാനമാണ്. ആഗോളതലത്തില്‍ തരംഗമായി മാറിയ ദക്ഷിണകൊറിയന്‍ പോപ്പ് സംഗീതമാണിത്. കെ-പോപ് ഗായകന്‍ സൈയുടെ ഗന്നം സ്‌റ്റൈല്‍ കേരളത്തിന്റെയടക്കം മുക്കിലും മൂലയിലും നിറഞ്ഞു. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലെ അതിസമ്പന്നമായ 'ഗന്നം' എന്ന സ്ഥലത്തെ ആഡംബര ജീവിതരീതിയെ പരിഹസിച്ചുകൊണ്ടുള്ളതാണ് ഈ ഗാനം. ഇതിലെ 'കുതിര സവാരി' നൃത്തം ലോകമെമ്പാടും പ്രശസ്തമായി. യൂട്യൂബില്‍ 100 കോടി (1 ബില്യണ്‍) വ്യൂസ് കടക്കുന്ന ആദ്യ വീഡിയോ എന്ന റെക്കോര്‍ഡും ഇതിനുണ്ട്. ഗന്നം സ്റ്റൈല്‍ ഒരു ആഗോള പ്രതിഭാസമായിരുന്നു. ഏകദേശം 30-ലധികം രാജ്യങ്ങളിലെ മ്യൂസിക് ചാര്‍ട്ടുകളില്‍ ഈ ഗാനം ഒന്നാമതെത്തിയിരുന്നു. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെല്ലാം ഈ ഗാനം തരംഗമായി മാറി.
യൂട്യൂബ് വഴി ലോകത്തിന്റെ എല്ലാ കോണുകളിലും ഈ പാട്ട് എത്തിച്ചേര്‍ന്നു.
പോപ്പ് ഗായകന്‍ സൈ, 2019-ല്‍ 'പി നേഷന്‍' എന്ന സ്വന്തം സംഗീത ലേബല്‍ ആരംഭിച്ചു. ഇന്ന് പുതിയ കെ-പോപ് ഗായകരെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദക്ഷിണ കൊറിയയില്‍ വര്‍ഷംതോറും വലിയ രീതിയില്‍ നടത്തപ്പെടുന്ന 'സമ്മര്‍ സ്വാഗ്' സംഗീത നിശകളിലൂടെ അദ്ദേഹം ആരാധകര്‍ക്കിടയില്‍ സജീവമായി തുടരുന്നു. ഇന്നും കേരളത്തിലെ കൗമാരക്കാര്‍ ഇദ്ദേഹത്തിന്റെ ആല്‍ബങ്ങള്‍ക്കായി കാത്തിരിക്കയാണ്.
പിന്നീട് കോവിഡ് കാലത്തെ ലോക്ഡൗണാണ്, കേരളത്തിലടക്കം കൊറിയന്‍ അഡിക്ഷന്‍ ഉണ്ടാക്കിയത്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ വന്‍ വിജയവും ബി.ടി.എസ്. എന്ന സംഗീതബാന്‍ഡും കൊറിയന്‍ സംസ്‌കാരത്തിന് ഇന്ത്യയിലേക്കുവരാന്‍ ഒരു വിശാലപാത തന്നെ തുറന്നിട്ടു. 2018ല്‍ ബി.ടി.എസ്., ബ്ലാക്ക് പിങ്ക് തുടങ്ങിയ സംഗീതഗ്രൂപ്പുകള്‍ ഒന്നിനുപുറകെ മറ്റൊന്നായി വമ്പന്‍ ഹിറ്റുകളായതോടെ ഇന്നുകാണുന്ന വിധത്തില്‍ കൊറിയന്‍ തരംഗം ഇന്ത്യയില്‍ അലയടിച്ചുതുടങ്ങി. 2019-നും 2022-നും ഇടയിലാണ് കൊറിയന്‍ സംസ്‌കാരം കേരളത്തില്‍ ഇത്രകണ്ട് പ്രബലമായതും.
മീശപിരിക്കാത്ത കരയുന്ന നായകന്‍
വെബ് സീരീസുകളുമാണ് കെ കള്‍ച്ചറിനെ കേരളത്തിലടക്കം സുപരിചിതമാക്കിയത്. 90 കിഡ്സ് എവര്‍ഗ്രീന്‍ ക്ലാസിക്ക് മൂവികളായ തൂവാനത്തുമ്പികളുടെയും, താഴ്വാരത്തിന്റെയും, വടക്കന്‍ വീരാഗാഥയുടെയുമൊക്കെ നൊസ്റ്റാള്‍ജിയില്‍ ജീവിക്കുമ്പോള്‍ ജെന്‍ സിക്ക് പറയാറുള്ളത്, സ്‌ക്വിഡ് ഗെയിം, ക്രാഷ് ലാന്‍ഡിംഗ് ഓണ്‍ യു, ഡിസെന്‍ഡന്റ്‌സ് ഓഫ് ദി സണ്‍, ഗോബ്ലിന്‍, ഓള്‍ ഓഫ് അസ് ആര്‍ ഡെഡ്, ബിസിനസ് പ്രൊപ്പോസല്‍, ബോയ്‌സ് ഓവര്‍ ഫ്ലവേഴ്‌സ് തുടങ്ങിയ കൊറിയന്‍ വെബ്സീരീസുകളെ കുറിച്ചാണ്.
നെറ്റ്ഫ്ലിക്സിലൂടെ ആഗോളതലത്തില്‍ തരംഗമായ സ്‌ക്വിഡ് ഗെയിം എന്ന സര്‍വൈവല്‍ ത്രില്ലര്‍ കേരളത്തിലും വലിയ ചര്‍ച്ചയായിരുന്നു. ദക്ഷിണ കൊറിയന്‍ യുവതിയും ഉത്തര കൊറിയന്‍ സൈനികനും തമ്മിലുള്ള പ്രണയകഥ പറയുന്ന ക്രാഷ് ലാന്‍ഡിംഗ് ഓണ്‍ യു സീരീസ് ജെന്‍ സിയുടെ തൂവാനത്തുമ്പിയാണ്!
പട്ടാളക്കാരനും, ഡോക്ടറും തമ്മിലുള്ള പ്രണയവും സാഹസികതയും പ്രമേയമായതാണ് ഡിസെന്‍ഡന്റ്‌സ് ഓഫ് ദി സണ്‍. ഫാന്റസി പ്രണയകഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ ഗോബ്ലിന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഓള്‍ ഓഫ് അസ് ആര്‍ ഡെഡ് എന്ന സീരീസ് സോംബി വിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍ ത്രില്ലറാണ്. കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഇത് വന്‍ പ്രചാരം നേടി. ബിസിനസ് പ്രൊപ്പോസല്‍ എന്നത് ലളിതവും രസകരവുമായ പ്രണയകഥ പറയുന്ന ഈ റോമാന്റിക് കോമഡി സീരീസാണ്. ബോയ്‌സ് ഓവര്‍ ഫ്ളവേഴ്‌സ് ആണ് കൊറിയന്‍ സീരീസുകളിലേക്ക് മലയാളികളെ ആകര്‍ഷിച്ച ആദ്യകാല സീരീസുകളില്‍ ഒന്ന്. ഇതും പ്രണയ കഥയാണ്. ഇത്തരം സീരീസുകളുടെ പ്രചാരം വര്‍ധിച്ചതോടെ പല കൊറിയന്‍ സീരീസുകളും ഇന്ന് മലയാളം സബ്‌ടൈറ്റിലുകളോടെയും ചില പ്ലാറ്റ്‌ഫോമുകളില്‍ ഡബ്ബ് ചെയ്തും ലഭ്യമാണ്.
ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍, പെണ്‍കുട്ടികളാണ് ഇത്തരം സീരീസുകളിലേക്ക് കൂടുതല്‍ ആകൃഷ്ടരാകുന്നത് എന്നാണ് കേരളത്തിന്റെ അനുഭവം. കൊറിയന്‍ ഡ്രാമ എഴുത്തുകാരില്‍ 90 ശതമാനവും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ കണ്ണിലൂടെ സ്ത്രീകള്‍ക്കുവേണ്ടി എഴുതപ്പെടുന്നവയാണ് ഭൂരിഭാഗം ഡ്രാമകളും. കൊറിയന്‍ ആരാധകവൃന്ദത്തില്‍ പെണ്‍സാന്നിധ്യം ഇത്രകൂടാന്‍ കാരണമിതാണ്. നമ്മുടെ നാട്ടിലെപോലെ മീശപിരിക്കുന്ന, മസ്‌ക്കുലിന്‍ നായകനല്ല കൊറിയയിലെ വെബ് സീരീസ് പുരുഷു. അവന്‍ പ്രണയിനികളെ ചേര്‍ത്തുപിടിക്കുന്നു. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നു.
ഈ പുരുഷന്മാര്‍ വൈകാരികത പ്രകടിപ്പിക്കാന്‍ കഴിയുന്നവകഴിയുന്നവരാണ്. അവര്‍ സൗമ്യരും ദൗര്‍ബല്യങ്ങളുള്ളവരുമാണ്. അവര്‍ കരയും ചിരിക്കും പിണങ്ങും ക്ഷമ ചോദിക്കും പാചകംചെയ്യും. വികാരങ്ങളെപ്പറ്റി സംസാരിക്കും പ്രണയിനികള്‍ ജോലിയില്‍ വിജയിക്കാന്‍ കൂട്ടുനില്‍ക്കും വളരെ പതുക്കെ പ്രണയത്തിലാകും. ഇത്തരത്തില്‍ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ആഗ്രഹിക്കുന്ന പങ്കാളികളെയാണ് കൊറിയന്‍ സീരീസുകളില്‍ കാണാനാകുക. ഇത് അവര്‍ക്ക് നമ്മുടെ നാട്ടിലെ സിനിമയും സീരിയലും കണ്ടാല്‍ കിട്ടില്ല. അത്തരം ഒരു അനുഭവം കൊടുക്കാനുള്ള പ്രതിഭ നമ്മുടെ ആധുനിക ചലച്ചിത്രകാരന്‍മ്മാരക്കും ഇല്ലാതെപോയി!
കള്‍ച്ചറല്‍ കണക്ഷനും ധാരാളം
നമ്മുടെ ജെന്‍ സീക്ക് എളുപ്പത്തില്‍ കണ്ടു തീര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത്തരം വെബ്സീരീസിന്റെ ഘടനയും. ഒരു സാധാരണ കൊറിയന്‍ സീരീസിന് 16എപ്പിസോഡുകളാണുള്ളത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ വരവോടെ ഇത് 14, 12, 8 എന്നിങ്ങനെ ചുരുങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് എപ്പിസോഡുകള്‍വീതമാണ് സാധാരണ കൊറിയന്‍ ഡ്രാമകള്‍ സംപ്രേഷണംചെയ്യുന്നത്. കൂടിപ്പോയാല്‍ രണ്ടുമാസംകൊണ്ട് കഥതീരും. എല്ലാ എപ്പിസോഡുകളും കണ്ടുതീര്‍ക്കാന്‍ രണ്ടുമുതല്‍ മൂന്നുദിവസം മതി.
ജെന്‍ സി പെണ്‍കുട്ടികള്‍ക്ക് പ്രണയം കൊറിയന്‍ ്രെവബ്സീരീസിനോടാണെങ്കില്‍, ആണുകുട്ടികള്‍ക്ക് സോംബി സീരിസും, വയലന്‍സിന്റെ അതിപ്രസരമുള്ള ത്രില്ലര്‍ മോഡിനോടുമാണ് താല്‍പ്പര്യം. അത്തരത്തിലുള്ള പല വെബ്സീരീസുകളുടെയും ഹൊറര്‍-സൈക്കോ മോഡ്് കണ്ടാല്‍ അമ്പരുന്നപോവും. ക്രൂരതയുടെ പാരമ്യം. ഇത്തരം വയലന്‍സ് സ്ഥിരമായി കാണുന്ന കുട്ടികള്‍ ഒരു പ്രത്യേകതര അക്രമവാസനയിലേക്ക് എത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ അത്തരം സാധനങ്ങള്‍ക്ക് ഒപ്പം പ്രണയ- കുടുംബ-ഹാസ്യ പരമ്പകളും പുതുതലമുറ നന്നായി കാണുന്നുണ്ട്.
കൊറിയന്‍ ഡ്രാമകള്‍ക്ക് ഇന്ത്യയില്‍ ഇത്രയധികം പ്രചാരം ലഭിക്കാനുള്ള ഏറ്റവും പ്രധാനകാരണങ്ങളിലൊന്ന് സംസ്‌കാരിക സാമ്യം കൂടിയാണെന്ന് പഠനങ്ങളുണ്ട്. ഇന്ത്യയിലെപ്പോലെ കുടുംബബന്ധങ്ങള്‍ കേന്ദ്രമാക്കിയുള്ള സാമൂഹികഘടനയാണ് കൊറിയയുടേത്. വ്യക്തിഗതജീവിതത്തില്‍ കുടുംബത്തിനുള്ള പങ്ക് നമുക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റും. എന്നാല്‍ വ്യക്തി സ്വാതന്ത്ര്യം, ജീവിതരീതി എന്നിവ വ്യത്യസ്തവുമാണ്.
പാശ്ചാത്യരാജ്യങ്ങളിലെ സീരീസുകള്‍ക്കോ സിനിമകള്‍ക്കോ നല്‍കാനാകാത്ത വൈകാരികബന്ധം ഇതുമൂലം കൊറിയന്‍ സീരീസുകളുണ്ടാക്കുന്നു. ഇന്ത്യന്‍ പരമ്പരകളുടേതിന് സമമായ മെലോഡ്രാമയും വൈകാരികതതീവ്രതയും കൊറിയന്‍ ഡ്രാമകള്‍ക്കും ഉണ്ട്. എന്നാല്‍, നമ്മുടെ ചാനലുകള്‍ പടച്ചുവിടുന്ന വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന മെഗാസീരിയലുകള്‍പോലെ നിലവാരംകെട്ടവയല്ല അവ. അപ്പോള്‍ കുട്ടികള്‍ കൊറിയന്‍ സീരീസ് തേടിപ്പോകുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് വേണ്ടത് കിട്ടുന്നത് കൊറിയയില്‍നിന്നാണ്.
കൊറിയന്‍ സിനിമകളും കേരളത്തില്‍ തരംഗം തീര്‍ത്തിരുന്നു. കിം കി ഡുക്ക് എന്ന പ്രതിഭക്ക് കേരളത്തില്‍ ഭരതനും, പത്മരാജനും, ലോഹിതദാസിനുമൊക്കെയുള്ളതിനേക്കാള്‍ ഫാന്‍സ് ഉള്ള പ്രദേശമാണ് കേരളം! ഒരിക്കല്‍ ഒരു ഐഎഫ്എഫ്കെയില്‍ തിരുവനന്തപുരത്ത് എത്തിയ കിം കി ഡുക്ക് ഒന്ന് പുറത്തറങ്ങി നടപ്പോള്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. തിരിച്ച് പൊലീസ് വാനിലാണ് ആ വിശ്രുത സംവിധായകനെ ഹോട്ടലില്‍ എത്തിച്ചത്. തനിക്ക്് ഇത്രയും ആരാധകര്‍ ലോകത്തിന്റെ ഈ കോണിലുണ്ടെന്ന് അറിഞ്ഞ് കിം കി ഡുക്ക്പോലും ഞെട്ടിയ സമയം! ലോകത്താദ്യമായി മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ ഇംഗ്ലീഷിതര സിനിമ കൊറിയയുടെ സ്വന്തം 'പാരസൈറ്റ്' ആണെന്നോര്‍ക്കണം. പാരസൈറ്റിന് മുന്‍പുതന്നെ ഓള്‍ഡ് ബോയ്, ഐ സോ ദി ഡെവിള്‍, എ ബിറ്റര്‍ സ്വീറ്റ് ലൈഫ്, മിറാക്കിള്‍ ഇന്‍ സെല്‍നമ്പര്‍ 7 പോലുള്ള സിനിമകള്‍ സിനിമാേപ്രമികള്‍ ആഘോഷമാക്കിയിട്ടുണ്ട്.
കൊറിയയിലുമുണ്ട് ഒരു ലാലേട്ടന്‍!
കെ- സിനിമകളും വെബ്സീരിസും കണ്ടുകണ്ട്, ജെന്‍ സി കൊറിയയിലും ഒരു ലാലേട്ടനെ കണ്ടെത്തിയിട്ടുണ്ട്. കോവിഡ്കാലത്താണ് സോഷ്യല്‍ മീഡിയയില്‍ കെ- ലാലേട്ടന്‍ ഉയര്‍ന്നുവന്നത്. സിനിമകള്‍ കണ്ടു തീര്‍ത്താണ് ഈ ലോക്ക് ഡൗണ്‍ ആഘോഷമാക്കിയ പുതിയ തലമുറയാണ്,
കൊറിയന്‍ നടനായ മാ ദോങ് സുക് അഥവാ ഡോണ്‍ ലീ എന്ന താരത്തെ തങ്ങളുടെ ലാലേട്ടനാക്കിയത്.
മോഹന്‍ലാലിനെപ്പോലെ തടിച്ച ശരീരപ്രകൃതിയും, ആകാരത്തിലുള്ള സാമ്യവുമാണ് ഇങ്ങനെയൊരു പേര് വരാന്‍ പ്രധാന കാരണം. വട്ടത്തിലുള്ള മുഖവും താടിയുമെല്ലാം ലാലേട്ടന്റെ ലുക്കിനോട് സാമ്യമുള്ളതായി ആരാധകര്‍ പറയുന്നു. മോഹന്‍ലാല്‍ തന്റെ മാസ്സ് പടങ്ങളില്‍ ചെയ്യുന്നതുപോലെ, ലളിതമായി വന്ന് വില്ലന്മാരെ അടിച്ചുപറത്തുന്ന ശൈലിയാണ് ഡോണ്‍ ലീക്കും ഉള്ളത്. 'ട്രെയിന്‍ ടു ബുസാന്‍'എന്ന ചിത്രത്തിലെ ഇദ്ദേഹത്തിന്റെ പ്രകടനം ലാലേട്ടന്‍ സ്‌റ്റൈലിലുള്ള ഒന്നായിട്ടാണ് പലരും വിലയിരുത്തുന്നത്. സിനിമയില്‍ കടുപ്പക്കാരനായ ആക്ഷന്‍ ഹീറോ ആണെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ ലളിതമായി പെരുമാറുന്ന ആളാണ് ഇദ്ദേഹം. ലാലേട്ടനും അങ്ങനെ തന്നെ ഹമ്പിള്‍ സിമ്പിള്‍ ആണെല്ലോ. 'പോക്കി'എന്നാണ് ഇദ്ദേഹത്തെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.
കൊറിയന്‍ പടങ്ങളിലെ ആക്ഷന്‍, മാസ് ചിത്രങ്ങളിലെ സ്ഥിരം നായക കഥാപാത്രം ലീ ആണ്. ചെറു വേഷങ്ങള്‍ ചെയ്തുവന്നിരുന്ന ലീ യുടെ വളര്‍ച്ച പെട്ടെന്നായിരുന്നു.'ട്രെയിന്‍ ടു ബുസാന്‍', 'ദ ഗ്യാങ്സ്റ്റര്‍, ദ കോപ്പ്, ദ ഡെവിള്‍', 'ദ ഔട്ട്‌ലോസ്', 'ചാമ്പ്യന്‍', 'അണ്‍സ്റ്റോപ്പബിള്‍' എന്നീ ചിത്രങ്ങളിലൂടെയാണ് ലീ ശ്രദ്ധിക്കപ്പെട്ടത്. 'ഇറ്റേണല്‍സ്' എന്ന മാര്‍വല്‍ ചിത്രത്തിലൂടെ ഹോളിവുഡിലും താരം ഒരു കൈ നോക്കാനുള്ള ശ്രമം നടത്തിയിരുന്നു. പ്രഭാസ് നായകനാകുന്ന 'സ്പിരിറ്റ്' എന്ന ഇന്ത്യന്‍ ചിത്രത്തില്‍ ഇദ്ദേഹം അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ഡോണ്‍ ലീ വീണ്ടും ചര്‍ച്ചയായിരുന്നു.
പടങ്ങള്‍ കണ്ട് കണ്ട് കൊറിയന്‍ മമ്മൂട്ടിയെയും നമ്മുടെ ന്യൂജന്‍ കണ്ടെത്തിയിട്ടുണ്ട്. ലീ ബ്യുങ്-ഹന്‍ എന്ന നടനാണ്, കൊറിയന്‍ മമ്മൂട്ടിയായി അവര്‍ കാണുന്നത്. മമ്മൂട്ടിയെപ്പോലെ സീരിയസ് വേഷങ്ങളും മാസ്സ് ആക്ഷന്‍ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ലീ ബ്യുങ്-ഹന്‍. 'മിസ്റ്റര്‍ സണ്‍ഷൈന്‍' 'സ്‌ക്വിഡ് ഗെയിം' എന്നിവയിലെ ഇദ്ദേഹത്തിന്റെ പ്രകടനം മമ്മൂട്ടിയുടെ പവര്‍ഫുള്‍ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ സ്‌ക്രീന്‍ പ്രെസന്‍സും പക്വതയുള്ള ലുക്കും മമ്മൂട്ടിയോട് സാദൃശ്യമുണ്ട്.
ബോയ്സ് ഓവര്‍ ഫ്ലവേഴ്സില്‍ അഭിനയിച്ച, ലീ മിന്‍-ഹോയും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കൊറിയന്‍ താരമാണ്. 'മൈ ലിബറേഷന്‍ നോട്ട്സ് എന്ന സീരീസിലുടെ പ്രശസ്തനായ ലീ മിന്‍ കി അടുത്തിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും ഇവിടുത്തെ ഭക്ഷണത്തെയും യോഗയെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. 'സീക്രട്ട് ഗാര്‍ഡന്‍' എന്ന ഡ്രാമയിലൂടെ പ്രശസ്തയായ നടി ജി വോണ്‍ അടുത്തിടെ ഒരു ഡോക്യുമെന്ററി ഷൂട്ടിംഗിന്റെ ഭാഗമായി കേരളത്തിലെത്തി കസവ് സാരിയുടുത്ത ചിത്രം പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു. ജി ചാങ് വൂക്കാണ് കേരളത്തിലെ പെണ്‍കുട്ടികളുടെ പ്രിയപ്പെട്ട മറ്റൊരു നടന്‍. 'ഹീലര്‍' 'ദി കെ2' എന്നീ ആക്ഷന്‍ ഡ്രാമകളിലൂടെ കേരളത്തിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ഇദ്ദേഹത്തിന് വലിയ പ്രിയമുണ്ട്. 'എമ്പുരാനില്‍' അഭിനയിച്ച കൊറിയന്‍ വംശജനായ ഹോളിവുഡ് നടന്‍ റിക്ക് യൂണിനും ഇവിടെ വലിയ ആരാധകരുണ്ട്.
ഇതുതന്നെയാണ് കൊറിയയുമായി കേരളാ കൗമാരങ്ങള്‍ക്ക് വല്ലാത്ത ഒരു അടുപ്പം വരുന്നത്. ഇവിടെയുള്ള എല്ലാറ്റിന്റെയും ഒരു മെച്ചപ്പെട്ട വേര്‍ഷന്‍ അവിടെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ കൊറിയ ഒരു സ്വപ്നഭൂമികയായി അവര്‍ക്ക് തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. കൊറിയന്‍ സംഗീതത്തെയും സിനിമയെയുമൊക്കെ ആരാധിക്കാം പക്ഷേ അത് അന്ധമായ ഒരു അഡിക്ഷനായി പോവുരുത്.
വാല്‍ക്കഷ്ണം: വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ കൊറിയന്‍ മാനിയ, കുട്ടികള്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍, മാനസിക സമ്മര്‍ദ്ദം, ഡിജിറ്റല്‍ സാക്ഷരതയുടെ കുറവ് എന്നിവയുടെ കൂടി പ്രതിഫലനമാണ്. മാതാപിതാക്കളുടെ ശ്രദ്ധയും കുട്ടികളുമായുള്ള തുറന്ന ആശയവിനിമയവുമാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നമ്മുടെ കുട്ടികള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സിനിമയും സംഗീതവും വ്യക്തിസ്വാതന്ത്രവും ഒന്നും കൊടുക്കാന്‍ നമുക്ക് കഴിയുന്നില്ല. അല്ലാതെ ചുമ്മാ കൊറിയയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.


