- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ശവരതിയും മൃഗരതിയും പ്രോൽസാഹിപ്പിക്കുന്ന സിനിമയെന്ന് ഇസ്ലാമിസ്റ്റുകൾ; ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളാക്കി അപമാനിച്ചെന്ന് കാസക്കാർ; ഗൾഫ് രാജ്യങ്ങളിൽ കൂട്ട നിരോധനം; എന്നിട്ടും കുലുങ്ങാതെ അവർ മുന്നോട്ട്; മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
കാതൽ ദി കോർ. അടുത്തകാലത്ത് കേരളത്തിൽ ഇത്രയേറെ വിമർശിക്കപ്പെട്ട ഒരു സിനിമ വേറയെുണ്ടാവില്ല. യു ട്യുബും, ഫേസ്‌ബുക്കും നോക്കുക. മെഗാ സ്റ്റാർ മമ്മൂട്ടിക്കും, ചിത്രത്തിന്റെ സംവിധായകൻ ജിയോബേബിക്കുമെതിരെ കേരളത്തിലെ ഒരു വിഭാഗം മതമൗലികവാദികൾ അക്ഷരാത്ഥത്തിൽ ഉറഞ്ഞുതുള്ളുകയാണ്.
സിനിമക്കെതിരെ ഏറ്റവും ശക്തമായ ഹേറ്റ് കാമ്പയിൽ മുന്നോട്ടുവെക്കുന്നത് ഇസ്ലാമിസ്റ്റുകൾ തന്നെയാണ്. പ്രത്യേകിച്ച് മുജാഹിദുകളും, ജമാഅത്തെ ഇസ്ലാമിക്കാരുമാണ് ഇതിന് വേണ്ടി കാര്യമായി പണിയെടുക്കുന്നത്. നട്ടാൽ മുളക്കാത്ത നുണകളും, സയൻസ് എന്ന പേരിൽ വളച്ചൊടിച്ച കുറേ കാര്യങ്ങളും പടച്ചുവിട്ടാണ് അവർ സമൂഹത്തിലേക്ക് ട്രാൻസ്ജെൻഡർ ഫോബിയ പരത്തുന്നത്. ഈ സിനിമ ഇറങ്ങിയതിനുശേഷം മമ്മൂട്ടിയെ പേരെടുത്ത് അധിക്ഷേപിച്ചുകൊണ്ടുള്ള നൂറുകണക്കിന് വീഡിയോകൾ, ഇസ്ലാമിസ്റ്റ് ചെറുപ്പക്കാരുടെതായി ഫേസ്‌ബുക്കിലും യുട്യൂബിലും കാണാം. അതിലൊക്കെ അവർ ഉയർത്തുന്ന വാദം, പീഡോഫീലിയയും, ശവരതിയും, മൃഗരതിയുമൊക്കെ എൽജിബിടിക്യൂ പ്ലസ് സ്പെക്ട്രത്തിന്റെ ഭാഗമാണെന്നും, ഇതൊക്കെ ന്യായീകരിക്കുക, എന്ന ആഗോള അജണ്ടയുടെ ഭാഗമായി ഇറങ്ങിയ സിനിമയാണ് കാതൽ എന്നുമാണ്്! മമ്മൂട്ടി ക്രിസ്ത്യനികളെ അപമാനിച്ചു എന്ന നിലവിളിയുമായി കാസാക്കാരും ഇതോടൊപ്പമുണ്ട്.
പ്രമേയം സ്വവർഗാനുരാഗം ആയതുകൊണ്ട്, ഗൾഫ് രാജ്യങ്ങളിൽ ഈ പടത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ ഒമാൻ, ബഹറിൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സെൻസർ ബോർഡുകൾ ചിത്രം പ്രദർശിപ്പിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. പക്ഷേ ഇത്രയും വിമർശനങ്ങൾ ഉണ്ടായിട്ടും ഇതിന്റെ അണിയറ ശിൽപ്പികളും, നടൻ മമ്മൂട്ടിയും ഒട്ടും കലുങ്ങിയിട്ടില്ല. തങ്ങളുടെ സിനിമ എന്താണെന്ന് അവർക്ക് നന്നായി അറിയാം.
കഥയുടെ കരുത്തുതന്നെയാണ് കാതലിന്റെ കാതൽ. ഒരു ഗ്രാമത്തിൽ ഒരു പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ് നടക്കയാണ്. അപ്പോഴാണ് അറിയുന്നത്, അവിടെ ഇടതുപക്ഷത്തിന്റെ സ്ഥാനാത്ഥിയായ പൗര പ്രമുഖനെതിരെ ഭാര്യ ഡിവോഴ്സ് നോട്ടീസ് കൊടുത്തിരിക്കയാണെന്ന്. കാരണമാവട്ടെ അയാൾക്ക് ആൺസുഹൃത്തുമായി ലൈംഗികബന്ധമുണ്ടെന്നതും! മലയാള സിനിമ നാളിതുവരെ പറഞ്ഞിട്ടില്ലാത്ത, ഞെട്ടിക്കുന്ന ഒരു കഥയുമായിട്ടാണ്, പോൾസൺ സ്‌കറിയ-ആദർശ് സുകുമാരൻ ടീമിന്റെ തിരക്കഥയിൽ, ജിയോ ബേബി സംവിധാനം ചെയ്ത്, ജ്യോതിക നായികയായ 'കാതൽ -ദ കോർ' എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഹേറ്റ് കാമ്പയിനെ അതിജീവിച്ച് ചിത്രം മുന്നേറുകയാണ്.
ഹേറ്റ് കാമ്പയിനുമായി ഇസ്ലാമിസ്റ്റുകൾ
അറിയപ്പെടുന്ന മുജാഹിദ് പണ്ഡിതനും, ഒരു കാലത്ത് കേരളത്തിന്റെ സാക്കിർ നായിക്ക് എന്ന അറിയപ്പെട്ട വ്യക്തിയുമായ എം എം അക്‌ബറാണ് കാതലിനെിരെ ഏറ്റവും ശക്തമായ ഹേറ്റ് കാമ്പയിൽ നടത്തുന്നത്. അദ്ദേഹം ഒരു വീഡിയോയിൽ ഇങ്ങനെ പറയുന്നു. -'' ഈ വിഷയം പറയുമ്പോൾ പ്രധാനമായും അടിവരയിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സിനിമയിലുടെ ഇന്ന് മലയാളിക്ക് മുന്നിൽ സ്വവർഗാനുരാഗത്തെ നോർമലൈസ് ചെയ്ത് അവതിരിപ്പിക്കാനുള്ള പരിശ്രമം ഉണ്ടാവുമ്പോൾ, അത് കേവലം ഏതോ ഒരു സിനിമാ നടന്റെയോ, അല്ലെങ്കിൽ കേവലം ഏതോ ഒരു സിനിമാ സംവിധായകന്റെയോ, തലച്ചോറിൽ ഉദിച്ചതാണെന്ന് നമ്മൾ മനസ്സിലാക്കരുത്. വളരെ അപകടകരമായ ഒരു സാമൂഹിക നിർമ്മിതി ലക്ഷ്യമാക്കിക്കൊണ്ട്, 1970 മുതൽ പാശ്ചാത്യ നാടുകളിൽ നടക്കുന്ന വളരെ സമർത്ഥമായ ഒരു രാഷ്ട്രീയത്തിന്റെ ഭാഗമാണിത്. ജെൻഡർ പൊളിറ്റിക്സ് എന്നോ എൽജിബിടിക്യു ആക്റ്റീവിസം എന്നോ വിളിക്കാവുന്ന വളരെ അപകടകരമായ രാഷ്ട്രീയം. സ്വവർഗാനുരാഗം മുതൽ ഒരാൾക്ക് തോന്നാവുന്ന ലൈംഗിക വ്യതിരിക്തതകളെ മുഴുവനും സ്വാഭാവികമാണ് എന്നും, ആ സ്വാഭാവികതകളെ മുഴുവൻ സമൂഹം അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യണമെന്നുമുള്ള വളരെ അപകടകരമായ വീക്ഷണമാണിത്.
ഇവർ പറയുന്ന സെക്ഷ്വൽഓറിയൻേഷനുകളിൽ എത്ര കാര്യങ്ങൾ ഉണ്ട് എന്നറിയുമോ നിങ്ങൾക്ക്. പീഡോഫീലിയ, അതായത് ചെറിയ കുട്ടികളോടുള്ള ലൈംഗിക അഭിനിവേശം. എന്താ അതിൽ തെറ്റ് എന്നാണ് ഇവർ ചോദിക്കുന്നത്. കുട്ടികളുടെ ശരീരത്തിന് അപകടം ഒന്നും വരുത്തിയില്ലെങ്കിൽ, ആ കുട്ടിക്ക് ആവശ്യമുള്ളതുകൊടുക്കുക, ഇയാൾക്ക് ആവശ്യമുള്ളത് ഇയാളും വാങ്ങുക. എന്താണ് അതിലെ പ്രശ്നം എന്നാണ്. ഇത് ഞാൻ വെറുതെ പറയുന്നതല്ല, നിങ്ങൾ പരിശോധിച്ച് നോക്കുക. അതിനുവേണ്ടിയുള്ള സംഘടനകൾ പാശ്ചാത്യ നാടുകളിൽ സജീവമാണ്. നോർത്ത് അമേരിക്കൻ ചിൽഡ്രൺസ് ലവേഴ്സ് അസോസിയേഷനൊക്കെ ഉദാഹരണം.
ലൈംഗികമായ അഭിനിവേശം ആരോടെല്ലാം തോനുന്നു അതെല്ലാം നോർമ്മലാണ് എന്നാണ് ഇവർ പറയുന്നത്. ആ ലിസ്റ്റിൽ പിന്നെ ഓരോന്നായി വരികയാണ്. മൃഗങ്ങളോട് തോനുന്ന അഭിനിവേശം, അതുപോലെ നാക്രോഫീലിയ എന്ന ശവങ്ങളോട് തോനുന്ന അഭിനിവേശം വരുന്നു, ഇൻസെസ്സറ്റ് വരുന്നു, മാതാപിതാക്കളോടും സഹോദരങ്ങളോടുമെല്ലാം തോനുന്നു അഭിനിവേശം വരുന്നു, മക്കളോടുള്ള അഭിനിവേശം വരുന്നു. ഇതെല്ലൊം നോർമ്മലാണ് എന്ന് അംഗീകരിക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി അത് ലക്ഷ്യമിട്ടാണ് ഈ എൽജിബിടിക്യു പൊളിറ്റിക്സ് വർക്ക് ചെയ്യുന്നത്. ആ ലക്ഷ്യത്തിലേക്ക് ആളുകളെുടെ മനസ്സിനെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്ത് എടുക്കുക എന്ന, ദൗത്യമാണ് പലപ്പോഴും ഇത്തരം സിനിമകൾ നിർവഹിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ അത്തരം സിനിമകൾ ഒരുപാട് ഉണ്ട്. അതിന്റെ ഫലമായി അവിടുത്തെ സാമുഹിക ശാസ്ത്രജ്ഞന്മാർ കരഞ്ഞുകൊണ്ടിരിക്കയാണ്. ഇപ്പോൾ അവിടെ കുട്ടികളിൽ ജെൻഡർ ഡിസ്ഫോറിയ വർധിച്ച് കൊണ്ടിരിക്കിക്കുന്നു. ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ജെൻഡർ കൺഫ്യൂഷൻ. ഞാൻ ഏതാണെന്ന് അറിയില്ല. ഞാൻ ആണ് ആണെന്ന് ഒരു ദിവസം തോനുന്നു, പെണ്ണ് ആണെന്ന് മറ്റൊരു ദിവസം തോന്നുന്നു. അപ്പോൾ അതിനും തിയറി. ജെൻഡർ ഫ്ളൂയിഡിറ്റി. അങ്ങനെയം തോന്നാം എന്നാണ്. ഒരു ദിവസം രാവിലെ ഒരാൾക്ക് ആണായും വൈകുന്നേരം പെണ്ണായും തോന്നാമെന്ന്.
ഇതിലേക്കെല്ലാം നമ്മുടെ പുതിയ തലമുറയുടെ തലച്ചോറിനെ കൊണ്ടുപോകുന്നതിനുവേണ്ടി വളരെ സമർത്ഥമായി നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് പദ്ധതികളുടെ ഭാഗമാണ് ഇത്തരം എന്റർടെയിന്മെനറുകൾ അടക്കം. ഈ സിനിമയുടെ, പശ്ചാത്തലം എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ഏതായിരുന്നാലും പരിശുദ്ധ ഖുറാൻ, ഈ ഹോമോ സെക്ഷ്വാലിറ്റിയെ വിളിച്ചിട്ടുള്ളത് തിന്മകൾക്ക് വിളിക്കാൻ പറ്റിയ ഒരു വിധം എല്ലാം പേരും ഉപയോഗിച്ചാണ്. ഏതെല്ലാം മോശം പേരുകൾ അറബിയിൽ ഉണ്ടോ അതെല്ലാം ഹോമോ സെക്ഷ്വാലിറ്റിയെക്കുറിച്ച് പറയാൻ ഖുർആനിൽ ഉപയോഗിച്ചിട്ടുണ്ട്. ''- അക്‌ബർ ചൂണ്ടിക്കാട്ടുന്നു.
കുപ്രചാരണവുമായി കാസയും
ഇതുപോലെ തന്നെ അതിഭീകരമായ കുപ്രചാരമാണ്, ക്രിസ്ത്യൻ മൗലികവാദ സംഘടനയായ കാസയും നടത്തുന്നത്. അവരുടെ ഫേസ്്ബുക്ക് പേജിൽ ഇങ്ങനെ പറയുന്നു. -''നന്ദിയുണ്ട് മുഹമ്മദ് കുട്ടി , അങ്ങ് തന്നെ നിർമ്മിച്ചു പുറത്തിറക്കിയിരിക്കുന്ന കാതൽ എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ രണ്ട് ഗുദ ഭോഗികളായ സ്വവർഗ അനുരാഗ കഥാപാത്രങ്ങളെ ക്രിസ്ത്യാനികൾ ആക്കിയെങ്കിലും കഥയിൽ അവരെ സൺഡേ സ്‌കൂൾ അദ്ധ്യാപകരാക്കി മാറ്റാതിരുന്നതിലും വിഷയം ചർച്ച ചെയ്യാൻ കുടുംബത്തിലെത്തുന്ന വൈദികനെ മദ്യപാനിയും ഈ സ്വവർഗ അനുരാഗ കമ്പനിയുടെ ഭാഗമായി മാറുന്ന രീതിയിൽ തിരക്കഥയാക്കാതിരുന്നതിലും പെരുത്ത് നന്ദിയുണ്ട്. രണ്ട് ഉപ നായകന്മാരെ ക്രിസ്ത്യാനികളായ സ്വവർഗ്ഗ അനുരാഗികൾ ആക്കിയിട്ട് അവരെ സന്മാർഗം ഉപദേശിച്ചു നന്നാക്കാൻ എത്തുന്ന മതപണ്ഡിതന്റെ റോളിൽ ആയിരുന്നു മമ്മൂട്ടിയെങ്കിൽ ഭീഷ്മപർവ്വം പോലെ ഒന്നുകൂടി പൊളിച്ചേനെ !
യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ. അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകർഷതാബോധത്തിൽ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം . അത്തരത്തിൽ വന്ന ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം ......... അതിനുശേഷം വീണ്ടും ഇതാ ഗൂഢ ലക്ഷ്യത്തോടെ ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രം ' കാതൽ'.
.
കേന്ദ്ര കഥാപാത്രമായ നായകൻ സ്വവർഗ്ഗ ഭോഗി ക്രിസ്ത്യാനി, നായകന്റെ സ്വവർഗ ഭോഗിയായ സുഹൃത്ത് അതും ക്രിസ്ത്യാനി. സ്വവർഗ അനുരാഗം കുടുംബ ബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ, ഈ വൈദികൻ ആകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവർഗ അനുരാഗത്തെ ന്യായീകരിക്കാനും തന്റെ വാക്കുകളിൽ ശ്രമിക്കുന്നുണ്ട്....... മൊത്തത്തിൽ നല്ല ബെസ്റ്റ് സെറ്റപ്പ്.
സിനിമയുടെ കഥ വായിച്ച് കേൾക്കുന്ന പതിവ് താങ്കൾക്ക് ഉള്ള സ്ഥിതിക്ക് സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഒരിക്കലെങ്കിലും താങ്കളുടെ മനസ്സിലേക്ക് കേരളത്തിൽ ആഴ്ചയിൽ രണ്ടും മൂന്നും വരുന്ന വാർത്തകൾ വന്നിട്ടില്ല എന്ന് മാത്രം പറയരുത്. കാരണം താങ്കളും സംവിധായകൻ ജിയോ ബേബിയും കഥാകൃത്തുമൊന്നും മാനത്ത് നിന്നും പൊട്ടി വീണവർ അല്ലല്ലോ ഈ കേരളത്തിൽ തന്നെ ജീവിക്കുന്നവരല്ലേ ....... പിന്നെ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ പ്രമാണം. നടക്കട്ടെ !പിന്നെ ഒന്നും മനസ്സിലാകാത്ത മണ്ടന്മാരാണ് ഞങ്ങൾ എന്നു മാത്രം അങ്ങും കൂടെയുള്ളവരും ധരിക്കരുത്.''- ഇങ്ങനെയാണ് കാസയുടെ പോസ്റ്റ് അവസാനിക്കുന്നത്.
പക്ഷേ മറുപടിപോലും ആവശ്യമില്ലാത്ത ബാലിശമായ വാദളാണ് കാസയുടേത്. ക്രിസ്ത്യനികളിൽ മാത്രമല്ല, എലികളിലും, പുലികളിലും തൊട്ട് ലോകത്തിലെ ഒട്ടുമിക്ക ജീവജാലങ്ങളിലുമുള്ളതാണ്, സ്വവർഗാനുരാഗമെന്നത് മനസ്സിലാക്കാൻ ഇവർക്കൊക്കെ ഇനിയും സമയപെടുക്കുമെന്ന് വ്യക്തമാണ്.
സ്വവർഗാനുരാഗത്തിന്റെ ശാസ്ത്രം
പക്ഷേ ഈ മതമൗലിക വാദികൾ പറയുന്നത് ഒന്നുമല്ല യാഥാർത്ഥ്യം. എന്താണ് സ്വവർഗ്ഗാനുരാഗം എന്ന് ശാസ്ത്രീയമായി മനസ്സിലാക്കിയാൽ മതം മുന്നോട്ടുവയ്ക്കുന്ന ഇത്തരം പഠിപ്പിക്കലുകൾ തെറ്റാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒന്നാമതായി ഒരാൾ സ്വവർഗാനുരാഗിയാവുന്നതിൽ അയാൾക്ക് യാതൊരു റോളുമില്ല. അത് അയാളുടെ മസ്തിഷ്‌ക്കത്തിന്റെ ഓറിയൻഡേഷനാണ്.
ഒരു കുട്ടി ജനിക്കുമ്പോൾ അതിന് ഏത് ലൈംഗിക അവയവമാണ് ഉള്ളത് എന്ന് നോക്കിയാണ് ആ കുട്ടി ഏത് ലിംഗത്തിൽ പെട്ടതാണ് എന്ന് നിർണയിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാൽ എക്സ് എക്സ് ക്രോമസോം ഉള്ള ആൾ പെണ്ണും , എക്സ് വൈ ക്രോമസോം ഉള്ള ആൾ ആണും ആണ്.ഇത് സാമാന്യേന 99.99% അവസരത്തിലും ശരിയായിരിക്കുമെങ്കിലും വളരെ അപൂർവമായി ഇതിലും വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്.
സത്യത്തിൽ ക്രോമസോം അല്ല ഇക്കാര്യങ്ങൾ നിർണയിക്കുന്നത്. ക്രോമസോമിൽ ഉള്ള ജീനുകളാണ്. വൈ ക്രോമസോമിൽ സാധാരണയായി കാണുന്ന ഒരു ജീൻ ആണ് എസ്ആർവൈ ജീൻ. ഈ ജീനിന്റെ പണി എസ്ഒഎക്സ് 9 എന്നു പേരായ ഉറങ്ങിക്കിടക്കുന്ന മറ്റൊരു ജീനിനെ ഉണർത്തുക എന്നതാണ്. ഈ ജീൻ ഉണർന്നാൽ അവന്റെ പണി മറ്റേ എക്സ് ക്രോമസോമിൽ ഉള്ള സ്ത്രീ സ്വഭാവത്തെ തല്ലിക്കെടുത്തുക എന്നതാണ്.
ഇനി വളരെ അപൂർവമായി ചില സാഹചര്യങ്ങളിൽ എക്സ് വൈ ക്രോമസോം ഉള്ള ഒരാളുടെ എസ്ആർവൈ ജീൻ ഉണർന്നില്ല എന്ന് കരുതുക. അയാളിലെ ക്രോമസോം എക്സ് വൈ ആണെങ്കിൽ പോലും ലൈംഗിക അവയവങ്ങൾ നിർമ്മിച്ചെടുക്കാനുള്ള നിർദ്ദേശങ്ങൾ ലഭിക്കാതെ പോകുന്നു. അതുമൂലം ത ക്രോമസോമിൽ ഉള്ള പെൺ സ്വഭാവങ്ങൾ തലപൊക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ എക്സ് വൈ ക്രോമസോം ഉണ്ടെങ്കിൽ പോലും എസ്ആർവൈ ജീൻ ഉണർന്നില്ലെങ്കിൽ അല്ലെങ്കിൽ അതിന് എസ്്ഒഎക്സ് 9 ജീനിനെ ഉണർത്താൻ കഴിഞ്ഞില്ലെങ്കിൽ പെൺ ലൈംഗിക അവയവത്തോടുകൂടി ആയിരിക്കും കുട്ടി ജനിക്കുക.
കോശവിഭജനം സമയത്ത് ക്രോസിങ് ഓവർ എന്ന ഒരു പരിപാടി ഉണ്ട് . അതായത് ജനിതക ഭാഗങ്ങൾ പരസ്പരം കൈമാറുക. അങ്ങനെ സംഭവിച്ചാൽ ഈ പറഞ്ഞ എസ്ആർവൈ ജീൻ ക്രോസിങ് ഓവർ വഴി എക്സ് ക്രോമസോമിൽ എത്തിച്ചേരാം. അപ്പോൾ എക്സ് എക്സ് ക്രോമസോം ഉള്ള ആളിൽ എസ്ആർവൈ ജീൻ എത്തിച്ചേരാം. ആ ജീൻ ഉണർന്നു പ്രവർത്തിച്ചാൽ എസ്ഒഎകസ് 9 ജീനിനെ ഉത്തേജിപ്പിക്കുകയും തൽഫലമായി ആൺ ലൈംഗിക അവയവങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതായത് എക്സ് എക്സ് ആണെങ്കിൽ കൂടിയും ജനിക്കുന്ന കുട്ടിക്ക് ആൺ ലൈംഗിക അവയവം ഉണ്ടായിരിക്കും.
ഇനി എസ്ഒഎക്സ് 9 ജീനുകൾ കുറച്ചൊക്കെ പെൺ ഭ്രൂണത്തിലും ഉണ്ടായിരിക്കും. ഇതിനെ ഉറക്കിക്കിടത്താൻ എഫ്ഒഎക്സ്എൽ 2 എന്ന ഒരു ജീൻ ശ്രമിക്കും. അത് സാധിച്ചില്ലെങ്കിൽ പെൺ ഭ്രൂണമാകേണ്ട സിക്താണ്ഡം ആൺ ഭ്രൂണമായി മാറും. ഇതാണ് ട്രാൻസ് ജെൻഡർ എന്ന് വിളിക്കുന്ന ലൈംഗിക അസ്ഥിത്വം ഉള്ള ആളുകൾ .
ഇനി മേൽപ്പറഞ്ഞ ജീനുകളുടെ പ്രവർത്തനം കുറഞ്ഞോകൂടിയോ ഇരുന്നാൽ ആണത്തം പെണ്ണത്തം എന്നിവയുടെ അളവിൽ വ്യത്യാസം വരും. ഇനി ആൺ ലൈംഗിക അവയവം ഉണ്ടായാലും അതിനനുസരിച്ച് ഹോർമോണുകൾ ഉൽപാദിപ്പിച്ചില്ലെങ്കിൽ ആണ് ആണെങ്കിൽ കൂടിയും ആണിന് പെണ്ണിനോട് തോന്നേണ്ട താല്പര്യം ഉണ്ടാവുകയില്ല. മറിച്ച് മറ്റ് ജീനുകളുടെ പ്രവർത്തനം മൂലം സ്ത്രൈണ ഹോർമോണുകൾ ഉണ്ടാകുന്നത് വഴി മറ്റൊരു ആണിനോട് താൽപര്യം തോന്നുകയും ആവാം. അതായത് ലൈംഗിക അവയവ രൂപീകരണം ഒരു വഴിക്കും തലച്ചോറിൽ ആൺ-പെൺ രൂപീകരണം മറ്റൊരു വഴിക്കും നടക്കാം. തലച്ചോറിൽ ഹൈപ്പോതലാമസ്, അമിഗ്ദല, ഹിപ്പോകാമ്പസ്, ബ്രെയിൻ സ്റ്റം എന്നിവയിലെ ന്യൂറോണുകളുടെ വിന്യാസം ആണിലും പെണ്ണിലും വ്യത്യസ്തരീതിയിലാണ് ഉള്ളത്. അതായത് ശരീരത്തിൽ ആണിന്റെ ലൈംഗിക അവയവം ഉണ്ടെങ്കിലും തലച്ചോർ പെണ്ണിന്റെ ആയിരിക്കും. മറിച്ച് ശരീരത്തിൽ പെണ്ണിന്റെ ലൈംഗിക അവയവം ആണെങ്കിലും തലച്ചോർ ആണിന്റെ ആയിരിക്കും. തലച്ചോറിൽ ഉണ്ടാകുന്ന ഈ വ്യത്യാസം മൂലം ഒരു പെൺകുട്ടിക്ക് മറ്റൊരു പെണ്കുട്ടിയോടോ, ഒരു ആൺകുട്ടിക്ക് മറ്റൊരു ആൺകുട്ടിയോട് ലൈംഗിക താൽപര്യമുണ്ടാവാം.
ലൈംഗിക അരാജകത്വം ഉണ്ടാവുമോ?
ഇസ്ലാമിസ്റ്റുകൾ അടക്കം ഉന്നയിക്കുന്ന ഒരു പ്രധാന വാദം, ശവഭോഗം, മൃഗരതി, പീഡോഫീലിയ എന്നിവയൊക്കെ ന്യായീകരിക്കാനാണ് ഇത്തരവം സിനിമകൾ ഇറക്കുന്നത് എന്നാണ്. ഹോമോസെക്ഷ്വാലിറ്റിയും, പീഡോഫീലിയയും, മൃഗരതിയും, ശവരതിയും ഒന്നും കൂട്ടിക്കെട്ടാവുന്ന ഒന്നല്ല. ഇവയൊന്നും എൽജിബിടിക്യൂ സപെക്ട്രത്തിൽ വരുന്ന കാര്യങ്ങളല്ല. പീഡോഫീലിയ എന്ന ബാലപീഡനമൊക്കെ വലിയ ശിക്ഷ കിട്ടുന്ന കുറ്റ കൃത്യങ്ങളാണ്. ഈ മനോവൈകൃതങ്ങളെയും, ഒരാളുടെ സ്വാഭാവികമായ സെക്ഷ്വൽ ഓറിയന്റേഷനെയും കൂട്ടിക്കെട്ടുന്നത് വെറും വിവരക്കേട്മാത്രമാണ്. പക്ഷേ ആ ഗീബൽസിയൻ നുണയിലാണ്, മതപ്രഭാഷകരുടെ പിടിവള്ളി.
ഒരു മനുഷ്യനും അവന്റെ തലച്ചോർ ആഗ്രഹിച്ച് രൂപപ്പെടുത്തിയതല്ല. നിങ്ങളുടെ തലച്ചോറിൽ എങ്ങനെയാണോ ഒരു സ്ത്രീയോട്/ സ്ത്രീയ്ക്ക് പുരുഷനോട് ലൈംഗിക താത്പര്യം ഉണ്ടാവുന്നത് അതേപോലെ തന്നെയാണ് ലെസ്‌ബിയൻ ആയ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് ലൈംഗിക താൽപര്യം തോന്നുന്നത്.
ഇനി ലെസ്‌ബിയൻ ആണ് എന്നതുകൊണ്ട് അവൾ മറ്റു പെൺകുട്ടികളെ എല്ലാവരെയും ലൈംഗികമായി ചൂഷണം ചെയ്യും എന്നതാണ് നിങ്ങളുടെ വാദമെങ്കിൽ നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങൾ കാണുന്ന ആൺകുട്ടികളെ ഒക്കെ ലൈംഗികമായി ഉപയോഗിക്കുമോ? നിങ്ങളൊരു പുരുഷനാണെങ്കിൽ കാണുന്ന പെൺകുട്ടികളെയൊക്കെ ലൈംഗികമായി ഉപയോഗിക്കുമോ?
ലെസ്‌ബിയൻ ആയ രണ്ടു പെൺകുട്ടികൾ ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്താൽ ആ കുട്ടിയെ അവർ ലൈംഗികമായി ഉപയോഗിക്കും എന്നാണോ നിങ്ങൾ പറയുന്നത്. എങ്കിൽ നിങ്ങൾക്ക് കുട്ടികൾ ഇല്ല എന്ന് കരുതുക. നിങ്ങൾ ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്താൽ ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുമോ?
നിങ്ങളൊരു പുരുഷനാണെങ്കിൽ ലോകത്തിലുള്ള എല്ലാ സ്ത്രീകളെയും നിങ്ങൾ ലൈംഗിക താൽപര്യത്തോടെ കൂടി മാത്രമാണോ കാണുന്നത്?/ നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ ലോകത്തിലുള്ള എല്ലാ പുരുഷന്മാരെയും ലൈംഗിക താൽപര്യത്തോടെ കൂടി മാത്രമാണോ കാണുന്നത്? അല്ല എന്നാണ് ഉത്തരമെങ്കിൽ എന്തുകൊണ്ട് സ്വവർഗ്ഗാനുരാഗികൾ കണ്ണിൽ കണ്ട എല്ലാവരെയും ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കുമെന്ന് നിങ്ങൾ വിധിയെഴുതുന്നു?
സ്വതന്ത്രചിന്തകനും ശാസ്ത്ര പ്രചാരകനുമായ ടോമി സെബാസ്റ്റ്യൻ ഇങ്ങനെ എഴുതുന്നു. ''രണ്ടു മനുഷ്യർ അവർ പരസ്പരം സമ്മതത്തോടുകൂടി അവരുടെ സ്വകാര്യതയിൽ അവരുടെ ജീവിതം ആസ്വദിക്കുന്നതിന് നിങ്ങൾക്ക് എന്താണ് പ്രശ്നം?ഇനി മതപരമായ കാരണങ്ങളാൽ ഇത് വിലക്കപ്പെട്ട ആളുകളെ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. മതം വിലക്കിയതിനാൽ സ്വവർഗാനുരാഗം അവർക്ക് നിഷിദ്ധമാണ്. പകരം അവർ ഇതൊന്നും അറിയാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. എന്നിട്ട് നാട്ടിലുള്ള ഏതെങ്കിലും ആൺകുട്ടികളെ ചൂഷണം ചെയ്യാൻ അവസരം പാർത്ത് നടക്കുന്നു. തിരിച്ചും .ഇവിടെ അവർ മൂന്നുപേരുടെ ജീവിതമാണ് നശിപ്പിക്കുന്നത്. സ്വന്തം ജീവിതം, വിവാഹ ബന്ധത്തിൽ ഏർപ്പെട്ട പങ്കാളിയുടെ ജീവിതം, ഇതൊന്നും അറിയാത്ത മറ്റൊരു കുട്ടിയുടെ ജീവിതം .
അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ സ്വവർഗാനുരാഗം ഒരു കൊടിയ പാപമൊന്നുമല്ല. അറിവില്ലായ്മ കൊണ്ട് ഒരു പക്ഷേ നിങ്ങൾ അങ്ങനെ പറഞ്ഞിരിക്കാം. പക്ഷേ ശരിയായ കാര്യങ്ങൾ അറിഞ്ഞിട്ടും നിങ്ങൾ അവരുടെ മനുഷ്യാവകാശങ്ങൾ ക്കെതിരെ നിൽക്കുകയാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു ക്രിമിനൽ ഉറങ്ങിക്കിടപ്പുണ്ട്.''- ടോമി ചൂണ്ടിക്കാട്ടുന്നു.
നമുക്ക് നമ്മുടെ ബ്രയിൻ ഓറിയന്റേഷൻ എന്ന തലവര മാറ്റാൻ കഴിയില്ല. ഇപ്പോൾ അത് സംബന്ധിച്ചും ന്യൂറോ സയൻസ് രംഗത്ത് പുതിയ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. തലച്ചോറിലെ വയറിങ്ങുകളെ മാറ്റാൻ സാധിക്കുന്ന മെറ്റാപ്ലാസ്റ്റിസിറ്റി എന്ന ഗവേഷണം പുരോഗമിക്കുന്നുണ്ട്. ഇത് വിജയിച്ചാൽ എൽജിബിടി ആളുകളുടെ തലവര മാറ്റുമെന്ന് പ്രതീക്ഷിക്കാം. അതായത് ഈ വിഷയത്തിലൊക്കെ മതമല്ല, ശാസ്ത്രമാണ് മറുപടി.
എന്തുകൊണ്ട് കാതൽ കാണണം?
ലോകത്തിലെ ഏറ്റവും വലിയ സദാചാര സമൂഹങ്ങളിൽ ഒന്നാണ് കേരളം എന്നാണ് പൊതുവെ പറയുക. പുറമെ എൽജിബിടിക്യു സൗഹൃദമൊക്കെ നാം പറയുന്നുണ്ടെങ്കിലും, ഉള്ളിന്റെ ഉള്ളിൽ എലപ്പോഴും അങ്ങനെ അല്ല കാര്യങ്ങൾ. ഇന്നും ഭിന്ന ലൈംഗികത എന്നത് ശരാശരി മലയാളിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. അവിടെയാണ് സിനിമപോലുള്ള ഒരു വലിയ മാധ്യമത്തിന്റെ പ്രസക്തി. മമ്മൂട്ടി എന്ന ഇമേജ് നോക്കാതെ അഭിനയിക്കുന്ന താരത്തിന്റെ പ്രസക്തി. എത്രയോ ആളുകൾ അവരുടെ ലൈംഗിക അസ്തിത്വം വെളിപ്പെടുത്താൻ കഴിയാതെ, വിവാഹം കഴിച്ചാൽ എല്ലാം ശരിയാവുമെന്ന് ധാരണവെച്ച്, തങ്ങളുടെയും, പങ്കാളിയുടെയും ജീവിതം നരകതുല്യമാക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ചരിത്രം കുറിച്ച് ഒരു സിനിമതന്നെതാണിത്.
ഇതുപോലെ ഒരു കഥാപാത്രത്തെ സ്വീകരിക്കാനുള്ള മമ്മൂട്ടിയുടെ ചങ്കൂറ്റത്തെയാണ് അംഗീകരിച്ച് കൊടുക്കേണ്ടത്. സ്വർവർഗാനുരാഗിയാ ഒരു കഥാപാത്രത്തെ ഒരു മെഗാ സ്റ്റാർ അവതരിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ, പത്തുവർഷം മുമ്പുവരെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ഹോളിവുഡിലും, ബോളിവുഡിലും ഇത്തരം പ്രമേയങ്ങൾ ധാരളമുണ്ടെങ്കിലും മലയാളത്തിൽ അത് തീരെ കുറവാണ്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന, മെഗാ താരം എന്ന് വിശേഷണമുള്ള ഒരു നടൻ സ്വന്തം ഇമേജ് ഒട്ടും ഗൗനിക്കാതെയാണ് ഈ പടത്തിൽ വേഷമിട്ടത്. തന്റെ മസ്‌കുലൈൻ ഇമേജിന് കോട്ടം തട്ടുമോ, കുടുംബ പ്രേക്ഷകർ ഏതുതരത്തിൽ പരിഗണിക്കുമോ എന്നുള്ള ഭയമൊന്നും മമ്മൂട്ടിയെ ബാധിച്ചിട്ടില്ല. പൊതുവെ സദാചാര സമൂഹമായ മലയാളികൾക്കിടയിൽ, ഉത്തമഗൃഹനാഥനായ 'വല്യേട്ടൻ' കുടുംബ സങ്കൽപ്പങ്ങളുടെ ഐക്കൺ കൂടിയായിരുന്നു മമ്മൂട്ടി. പക്ഷേ ഇപ്പോൾ ആ ഇമേജും അദ്ദേഹം ബ്രേക്ക് ചെയ്യുകയാണ്.
പണ്ട് ഭരതൻ, പത്മരാജൻ, ലോഹിതദാസ് കാലത്തൊക്കെയായിരുന്നു മലയാള സിനിമ ഞെട്ടിക്കുന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ആ മേന്മ വർഷങ്ങൾക്കുശേഷം മലയാള സിനിമ തിരിച്ചുപിടിച്ചിരിക്കയാണ്. കഥയാണ് ഈ സിനിമയുടെ കാതൽ. ഇതുപോലെ ഒരു പ്രമേയം, അന്താരാഷ്ട്ര ചലച്ചിതോത്സവങ്ങളിൽ മാത്രമേ മലയാളി കണ്ടിരിക്കാൻ വഴിയുള്ളു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ മലയാളിക്ക് നിൽകിയ കൾച്ചറൽ ഷോക്ക്, ഇവിടെയും ജിയോ ബേബി ആവർത്തിക്കയാണ്.
ഈ ചിത്രത്തിന്റെ നിർമ്മാതാവും മമ്മൂട്ടി തന്നെയാണ്. കാരണം മമ്മൂട്ടിക്ക് അറിയാം ഒരു സാധാരണ നിർമ്മാതാവിന് ഒരിക്കലും ദഹിക്കുന്നതല്ല ഈ ചിത്രത്തിന്റെ സബ്ജക്റ്റ് എന്ന്. ദാമ്പത്യ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം, എണ്ണിയാലൊടുങ്ങാത്ത സിനിമകളിൽ കണ്ട പ്രേക്ഷകർക്ക്, കാതൽ വ്യത്യസ്തമാവുന്നത് അതിന്റെ കണ്ടന്റുകൊണ്ടാണ്. നെയ്മർ, ആർ ഡിഎക്സ് എന്നീ കൊമേർഷ്യൽ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയവരാണ് ഇങ്ങനെയൊരു ചിത്രത്തിന് സ്‌ക്രി്പ്റ്റ് ഒരുക്കിയത് എന്നുപറഞ്ഞാൽ വിശ്വസിക്കാനാവുന്നില്ല. ശരിക്കും, ധീരമായൊരു പരീക്ഷണമാണ് പോൾസണും ആദർശും ചെയ്തിരിക്കുന്നത്.
പക്ഷേ മലയാളത്തിൽ മാത്രമാണ് ഇപ്പോഴും ഇത്തരം ചിത്രങ്ങൾ പരീക്ഷണം ആവുന്നത് എന്നിടത്തുതന്നെയുണ്ട് നമ്മുടെ സംസ്‌ക്കാരിക പിന്നാക്കാവസ്ഥയും. ഒരാൾ ഹോമോ സെക്ഷ്വലോ, ബൈ സെക്ഷ്വലോ, ഹെട്രോ സെക്ഷ്വലോ ആവുന്നതിൽ അയാൾക്ക് യാതൊരു പങ്കുമില്ല. അത് അയാളൂടെ മസ്തിഷ്‌ക്കത്തിന്റെ അവസ്ഥയാണ്. അടിച്ചും തല്ലിയും മരുന്നുകൊടുത്തുമൊന്നും മാറ്റാൻ കഴിയുന്ന കാര്യമല്ല അത്. അങ്ങനെ അവരുടെ ജീവിതം നരകതുല്യമാക്കുന്നതിന് പകരം, അവർക്കിഷ്ടമുള്ള, ജീവിതം നയിക്കാൻ അനുവദിക്കുക എന്ന വിശാല സ്വാതന്ത്ര്യത്തിലേക്കാണ് വികസിത രാജ്യങ്ങൾ മുന്നോട്ടുവന്നിരുക്കുന്നത്. കാതൽ മുന്നോട്ടുവെക്കുന്ന ആശയവും വിശാല സ്വതന്ത്ര്യം തന്നെ. ആ അർത്ഥത്തിൽ നോക്കുമ്പോൾ, പുരോഗതിയും സാമൂഹിക പരിഷ്‌ക്കരണവും ലക്ഷ്യമിടുന്നവർ നിർബന്ധമായും കാണേണ്ട ചിത്രമാണിത്.
വാൽക്കഷ്ണം: സ്വവർഗാനുരാഗികളെ കൂട്ടക്കൊല ചെയ്ത ഒരു കാലം യൂറോപ്പിൽ ക്രിസ്റ്റിയാനിറ്റിക്ക് ഉണ്ടായിരുന്നു. എന്നാൽ കാലത്തിന്റെ മാറ്റത്തിൽ അവർ ഏറെ മാറി. ഇന്ന് യൂറോപ്യൻ യൂണിയിൻ ഒന്നടങ്കം, എൽജിബിടിക്യൂ സൗഹൃദമാവുന്നു. ക്യൂർ കമ്യൂണിറ്റിയെക്കുറിച്ച് പോസറ്റീവായി നിരവധി സിനിമകൾ ഇറങ്ങുന്നു. ആ മാറ്റം പതുക്കെ നമ്മുടെ നാട്ടിലും എത്തട്ടെ.