- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടിച്ചുരുണ്ട് വലിയ കണ്ണടയുമായി നിന്ന് ബോഡി ഷെയിമിങ്് നേരിട്ട പെണ്‍കുട്ടി; ഇന്ന് 80 ശതമാനം ആക്ഷന്‍ രംഗങ്ങളും ചെയ്തത് ഡ്യൂപ്പില്ലാതെ; ഉള്ളുലച്ചത് മാതാപിതാക്കളുടെ ഡിവോഴ്സ്; പ്രണവുമായി പ്രണയ ഗോസിപ്പ്; ലോകയിലുടെ മലയാളത്തിന്റെ ആഞ്ചലീന ജോളി; ലേഡി സൂപ്പര്‍സ്റ്റാര്‍ കല്യാണിയുടെ കഥ!
വൈഡ്യൂരക്കണ്ണുകളും, വജ്രം തിളങ്ങുന്ന നോട്ടങ്ങളുമുള്ള ഒരു സുന്ദരി. ഒരേ സമയത്ത് പ്രണയവും പേടിയും തോന്നുന്ന സൗന്ദര്യധാമം! നോട്ടം ഷാര്‍പ്പാക്കിയാല്‍ യക്ഷി, ലൈറ്റാക്കിയാല്‍ കാമിനി. അപരമായ റേഞ്ച് വേണം ഇതുപോലെ ഒരു കഥാപാത്രത്തെ ചെയ്യാന്‍. 'ലോക: ചാപ്റ്റര്‍: 1 ചന്ദ്ര'യില്‍ കല്യാണി പ്രിയദര്‍ശന്‍ അരങ്ങുതകര്‍ക്കയാണ്.
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍വുമണ്‍ സീരിസിലേ നായികയാണ് കല്യാണി. മിത്തും യാഥാര്‍ത്ഥ്യവും ടെക്ക്‌നോളജിയുമെല്ലാം, കൂട്ടിക്കുഴച്ചുണ്ടാക്കിയ ഇതുപോലെ ഒരു സിനിമയിലേക്ക്, സാധാരണ ബോളിവുഡില്‍നിന്നൊക്കെ നടിമാരെ ഇറക്കുമതിചെയ്യുകയാണ് പതിവ്. ഇപ്പോളും ഫിസിക്കല്‍ ഫിറ്റ്‌നസ് എന്നു പറയുന്നത്, തിരമലയാളത്തിലെ അഭിനേത്രികള്‍ക്ക് അത്രയൊന്നും ഉണ്ടായിട്ടില്ല. ഒരു സീനൊഴിച്ച് ബാക്കിയെല്ലാം താന്‍ ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് കല്യാണി പറഞ്ഞിരുന്നു. ഈ നടിക്കുപകരം ഇന്ന് മുഖ്യധാരയിലുള്ള മറ്റേത് നടിയെയും, സങ്കല്‍പ്പിച്ച് നോക്കൂ. ഒന്നും വര്‍ക്കാവില്ല.
നായകന്റെ വാലായി നടക്കുകയല്ലാതെ, വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ മലയാളത്തില്‍ കുറവാണ്. നേരത്തെ മഞ്ജുവാര്യര്‍ക്കാര്‍ മാത്രമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ഒരു വിളിപ്പേര് കിട്ടിയത്. നിസ്സംശയം പറയാം. ആ ടാഗ്ലൈന്‍ കല്യാണി പ്രിയദര്‍ശന് കൈമാറാനുള്ള സമയമായി. ഷീല, ശാരദ, ജയഭാരതി, ഗീത, മാധവി, സുമലത, ഉര്‍വശി, ശോഭന പാര്‍വതി തെരുവോത്ത്... ആ നിരയിലേക്ക് ഒരു പുതിയ നടികൂടി. ഈ ഓണക്കാലത്ത് കല്യാണിയുടെതായി ഒരേസമയം രണ്ട് സിനിമകളാണ് ഇറങ്ങിയത്. ലോകയും, ഫഹദിന്റെ 'ഓടും കുതിയ ചാടും കുതിരയും'. രണ്ടും കണ്ടാലറിയാം കല്യാണി എന്ന നടിയുടെ റേഞ്ച്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായി താര കുടംബത്തില്‍ ജനിച്ചിട്ടും എല്ലാം തളികയില്‍വെച്ച് കിട്ടിയ ജീവിതമല്ല കല്യാണിയുടേത്. ശരിക്കും അവര്‍ അധ്വാനിച്ച് ഉണ്ടാക്കിയതാണ്.
ചബ്ബി പെണ്‍കുട്ടിയില്‍ന്ന് ക്യൂട്ടിലേക്ക്
1993 ഏപ്രില്‍ 5ന് ചെന്നൈയിലാണ് കല്യാണി ജനിച്ചത്. സിദ്ധാര്‍ത്ഥ് ഇളയ സഹോദരനാണ്. സിനിമാകുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമായിരുന്നു, കല്യാണിയുടെ ബാല്യം. മോഹന്‍ലാല്‍, സുരേഷ് കുമാര്‍, ഐ വി ശശി എന്നിവരുടെ കുടംബവുമായിട്ടായിരുന്നു എറ്റവും ബന്ധം. ലാലേട്ടന്റെ മക്കളായ പ്രണവും, വിസ്മയുമായിരുന്നു കല്യാണിയുടെ ഏറ്റവും അടുത്ത ബാല്യകാല സുഹൃത്തുക്കള്‍. അതുപോലെ ഐ വി ശശിയുടെയും സീമയുടെയും മകന്‍ അനി ശശിയും. ഈ കളിക്കൂട്ടുകാര്‍ എല്ലാവും സിനിമയിലെത്തി. കല്യാണിയുടെ സഹോദന്‍ സിദ്ധാര്‍ത്ഥ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ' മികച്ച ഗ്രാഫിക്സ് ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടി. അനി ശശിയും പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിക്കുന്നു. സുരേഷ് -മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തിയും തെന്നിന്ത്യയിലെ ഏറ്റവും വിലപടിച്ച നടിയായി ഉയര്‍ന്നു.
കല്യാണിയെ എഴുത്തിനിരുത്തിയത് സംവിധായകന്‍ ഹരിഹരനായിരുന്നു. ആദ്യം കോമഡി ചിത്രങ്ങള്‍ ചെയ്ത് പിന്നീട് ക്ലാസിക്ക് സിനിമകള്‍ ഉണ്ടാക്കിയ ഹരിഹരനോടുള്ള പ്രിയന്റെ ആദരവുകൂടിയായിരുന്നു അത്. ചെന്നൈയിലുള്ള ലേഡി ആന്റല്‍, വി.ആര്‍.എം എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലായിരുന്നു പഠനം. പിന്നീട്, ആര്‍ക്കിടെക്ചര്‍ ഡിസൈനിങ്ങില്‍ ന്യൂയോര്‍ക്കിലെ പാര്‍സന്‍ സ്‌കൂളില്‍ നിന്ന് ബിരുദം നേടി. കുട്ടിക്കാലത്ത് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ വലിയ താല്‍പ്പര്യമുള്ള ആളായിരുന്നില്ല കല്യാണി. പക്ഷേ പഠനശേഷം അവള്‍ തീയേറ്റര്‍ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. ക്യാമറക്ക് പിന്നില്‍നിന്നാണ് വെള്ളിത്തിരയുടെ ലോകത്ത് എത്തിയത്. 2013-ല്‍ ഒരു ഹിന്ദി സിനിമയില്‍ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി നോക്കി. 2016-ലെ ഒരു തമിഴ് സിനിമയില്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2017-ല്‍ റിലീസായ ഹലോ എന്ന തെലുഗു സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തി. പ്രിയദര്‍ശന്റെ അസിസ്റ്റന്റായിരുന്ന വിക്രം കുമാര്‍ സംവിധാനം ചെയ്ത ചിത്രം വിജയമായിരുന്നു.
കല്യാണി ഒരു നടിയാവുമെന്ന് കുട്ടിക്കാലത്ത് ആരും കരുതിയിരുന്നില്ല. ''ഞാന്‍ ആദ്യം ഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല''- കല്യാണി ഒരു അഭിമുഖത്തില്‍ പറഞ്ഞു. നടിയുടെ പഴയ ഫോട്ടോ കണ്ടാല്‍ നാം അത്ഭുതപ്പെട്ടുപോവും. തടിച്ചുരുണ്ട് വലിയ കണ്ണടയുമായി നിന്നിരുന്ന രൂപത്തില്‍ നിന്നും സ്ലിം ബ്യൂട്ടിയായി മാറുകയായിരുന്നു കല്യാണി. ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് എന്നാണ് ആരാധകര്‍ പറയുന്നത്.
ലോകയുടെ ട്രെയിലര്‍ ലോഞ്ചില്‍ പ്രിയദര്‍ശന്‍ ഇങ്ങനെ പറഞ്ഞു-''ഞാനെന്റെ ജീവിതത്തില്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല മകള്‍ സിനിമയിലെത്തുമെന്ന്. ഒരുദിവസം അവള്‍ എന്നോട് വന്നുചോദിച്ചു, അച്ഛാ നാഗാര്‍ജുന അങ്കിള്‍ പറയുന്നു ഒരു പടത്തില്‍ അഭിനയിക്കാമോ എന്ന്. ഞാന്‍ ചോദിച്ചു നിന്നെക്കൊണ്ട് കഴിയുമോ എന്ന്. അവരങ്ങനെ പറയും, നമ്മുടെ കഴിവിനെക്കുറിച്ച് നമുക്കൊരു ബോധമുണ്ടാവണമെന്ന്. ശ്രമിച്ചുനോക്കാം, നഷ്ടപ്പെടാനൊന്നുമില്ലല്ലോ എന്ന് അവള്‍ പറഞ്ഞു, ആയിക്കോട്ടെയെന്ന് ഞാനും. അങ്ങനെയാണ് കല്യാണി അഭിനയിക്കാന്‍ തുടങ്ങിയത്.''- പ്രിയന്‍ പറയുന്നു.
പക്ഷേ താന്‍ സിനിമയിലെത്താനുള്ള കാരണം അവധിക്കാലത്ത് അച്ഛന്റെ സെറ്റില്‍ കണ്ട മനോഹര അനുഭവങ്ങളാണെന്നാണ്, കല്യാണി പറഞ്ഞത്-'' ഞാന്‍ സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗമാവാന്‍ ആഗ്രഹിച്ചത്, ഗ്ലാമറസായ ലോകം കണ്ടിട്ടല്ല. എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളില്‍ അച്ഛനെ സന്ദര്‍ശിക്കാനുള്ളതായിരുന്നു. സന്തോഷവാനല്ലാത്ത ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല. അദ്ദേഹമെപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം, തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവര്‍ ഏറ്റവും സന്തുഷ്ടരായ മനുഷ്യരായിരുന്നു. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നില്‍ രൂപപ്പെട്ടത്. വളരാനും ഇത്തരത്തിലുള്ള ജീവിതം നയിക്കാനും ഞാന്‍ ആഗ്രഹിച്ചു''- പ്രിയന്റെ സെറ്റുകളില്‍ കണ്ട അതേ ആമ്പിയന്‍സ് പിന്നെ ഹൃദയം സിനിമ അഭിനയിക്കുമ്പോഴോക്കെ തനിക്ക് കിട്ടിയെന്നും, കല്യാണി എഴുതിയിരുന്നു.
ക്യൂട്ടില്‍നിന്ന് ആക്ഷനിലേക്ക്
മോളിവുഡില്‍ സജീവമാവുന്നതുവരെ മലയാളം നന്നായി സംസാരിക്കാന്‍പോലും കല്യാണിക്ക് അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയിലും നടി അത്ര സജീമായിരുന്നില്ല. അഭിമുഖങ്ങള്‍ നല്‍കാന്‍ തനിക്ക് ഭയമാണെന്നും തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും കല്യാണി പറഞ്ഞിട്ടുണ്ട്. '' കഥാപാത്രങ്ങളുടെ മുഖംമൂടികള്‍ക്ക് പിന്നില്‍ ഒളിക്കാനാണ് എനിക്ക് ഇഷ്ടം. സ്വകാര്യത ഇഷ്ടപ്പെടുന്നൊരു ആളാണ് ഞാന്‍''. ലോക സിനിമയുടെ വലിയ വിജയത്തിനുശേഷമാണ് അവര്‍ അഭിമുഖങ്ങളിലൊക്കെ കാര്യമായി പ്രത്യക്ഷപ്പെട്ടതുതന്നെ.
2020-ല്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയാണ് കല്യാണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖറിനൊപ്പമുള്ള ആദ്യ മലയാള ചിത്രം തന്നെ ഹിറ്റായി. ഇന്നും ദുല്‍ഖറുമായി വളരെ നല്ല ബന്ധമാണ് തനിക്കുള്ളതെന്നും, കരിയറില്‍ ഒരു പ്രതിസന്ധി വന്നാല്‍ ദുല്‍ഖറില്‍നിന്നാണ് ഉപദേശം തേടാറുള്ളതെന്നും കല്യാണി പറഞ്ഞിരുന്നു.
പിന്നീട്, ഹൃദയത്തില്‍ പ്രണവിനൊപ്പവും, ബ്രോ ഡാഡി പൃഥിരാജിനൊപ്പവും കല്യാണി നായികയായി. പക്ഷേ 2022-ല്‍ ഇറങ്ങിയ തല്ലുമാലയിലെ പാത്തുമ്മ, തീര്‍ത്തും വ്യത്യസ്തമായിരുന്നു. ചിത്രം ഹിറ്റായതോടെ കല്യാണിയും ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിലപിടിച്ച നടിയായി. പക്ഷേ 2023-ല്‍ ഇങ്ങിയ 'ശേഷം മൈക്കില്‍ ഫാത്തിമ' കല്യാണിക്ക് അത്ര നല്ല പേരല്ല സമ്മാനിച്ചത്. ക്യൂട്ട്നെസ്സ് ഓവര്‍ലോഡഡ് എന്നായിരുന്നു കാര്യമായ വിമര്‍ശനം.
ക്യൂട്ട്നെസ്സ് വാരിവിതറുന്ന കൊച്ചുകുറുമ്പിയില്‍നിന്ന് ആക്ഷന്‍ഹീറോയിനിലേക്കുള്ള കല്യാണിയുടെ യാത്രയുടെ തുടക്കം 2023-ലെ ജോഷിയുടെ 'ആന്റണി' എന്ന സിനിമയിലൂടെയാണ്. ചിത്രത്തില്‍ കിക്ക് ബോക്സിങ് താരമായി അഭിനയിക്കുന്നതിനായി നടത്തിയ പരിശീലനത്തിനിടെ തനിക്ക് ലഭിച്ച അടിയുടെയും ചതവിന്റെയും ചിത്രങ്ങള്‍ കല്യാണി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ തന്നെ നിന്നാല്‍ നിങ്ങള്‍ക്ക് വളരാന്‍ കഴിയില്ല. അതുപോലെ തന്നെ നിങ്ങള്‍ വളരാന്‍ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവിടെ നിങ്ങള്‍ക്ക് ഒരു കംഫര്‍ട്ടും ഉണ്ടാകില്ല. ഇത് ഞാന്‍ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണ്. സിനിമയില്‍ നിങ്ങള്‍ കാണുന്ന പഞ്ചുകള്‍ യഥാര്‍ഥമായിരുന്നു. കിക്കുകള്‍ യഥാര്‍ഥമായിരുന്നു. മുറിവുകള്‍ യഥാര്‍ഥമായിരുന്നു. കണ്ണുനീര്‍ യഥാര്‍ഥമായിരുന്നു. പുഞ്ചിരികള്‍ യഥാര്‍ഥമായിരുന്നു. എന്നാല്‍ രക്തം മാത്രം യഥാര്‍ഥമായിരുന്നില്ല.''- കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു. ജോജു ജോര്‍ജ് നായകനായ 'ആന്റണി' സാമ്പത്തിക വിജയമായില്ലെങ്കിലും അതാണ് കല്യാണിയെ ലോകപോലെ ഒരു സിനിമയിലേക്ക് എത്തിച്ചതും, മലയാളത്തിന്റെ ആഞ്ചലീന ജോളി എന്ന വിശേഷണത്തിന് അര്‍ഹയാക്കിയതും.
ലോകയിലേക്ക് എത്തുമ്പോള്‍, ആറടി പൊക്കമില്ലാത്ത ഫിറ്റനസ് ഫ്രീക്കായിട്ടല്ലാത്ത കല്യാണി പ്രിയദര്‍ശനെകൊണ്ട് മാസ് വേഷമൊക്കെ പറ്റുമോ എന്ന് പലരും ആശങ്കപ്പെട്ടിരുന്നു. പക്ഷേ 80 ശതമാനം ആക്ഷന്‍ സീനുകളുടെ അവര്‍ ഡ്യൂപ്പില്ലാതെയാണ് ചെയ്തത്. ലോകയിലെ ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ തന്റെ ധാരണകള്‍ മാറിയെന്നും ആക്ഷന്‍ സീനുകള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞത് കോച്ചിങ്ങിന്റെ ഗുണം കാരണമാണെന്നും കല്യാണി പിന്നീട് പറഞ്ഞു.-''ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ എനിക്ക് എന്നെ പറ്റിയുള്ള ധാരണകള്‍ തന്നെ മാറി. ശാരീരികമായിട്ടുള്ള ഫിറ്റ്നസ്സ് മാത്രമല്ല മാനസികമായും, ഞാന്‍ ഒട്ടും അത്ലറ്റിക് അല്ലായിരുന്നു. ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് ഞാന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങനൊരു കഥാപാത്രമൊക്കെ ചെയ്യാന്‍ കാരണം എന്റെ കോച്ചാണ്. എന്റെ ആക്ഷന്‍ സ്റ്റൈല്‍ നന്നാക്കാന്‍ വേണ്ടിയാണ് ഞാന്‍ കോച്ചിങ്ങിന് പോയത്. ആക്ഷന്‍ സീന്‍സ് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായി അതിന്റെ ഗുണം'''-കല്യാണി പറയുന്നു.
ഞെട്ടലായി ആ ഡിവോഴ്സ്
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഏതാണെന്ന് ചോദിച്ചാല്‍ മാതാപിതാക്കളുടെ ഡിവോഴ്സ് എന്നാണ് കല്യാണി പറയുക. പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെയും ഞെട്ടിച്ചിരുന്നു. 26 വര്‍ഷത്തെ വിവാഹ ജീവിതം ഇവര്‍ അവസാനിച്ചത് 2016 ലായിരുന്നു.
പ്രിയന്‍ സിനിമകളെപ്പോലെ അല്‍പ്പം ബഹളവും വിവാദമൊക്കെയുള്ളതായിരുന്നു പ്രണയവും. പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെയായിരുന്നു ലിസിയുടെ സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഇവര്‍ സൗഹൃദത്തിയി. ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചു. ലിസിയും പ്രിയദര്‍ശനും തമ്മില്‍ പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. ആദ്യം ഉണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇടക്ക് ആ ബന്ധത്തില്‍ വിള്ളലുണ്ടായി. ലിസി ഉറക്കുഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതും അക്കാലത്ത് വാര്‍ത്തയായിരുന്നു.
ഇരുവരുടെയും വീട്ടില്‍നിന്നും ഈ പ്രണയത്തിന് എതിര്‍പ്പായിരുന്നു. ലിസിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാനും പിടിച്ച് കൊണ്ട് പോകുവാനും അമ്മ ഏലിയാമ്മ ഏതാനും ഗുണ്ടകള്‍ എത്തിയകാര്യം ഈയിടെ സംവിധായകന്‍ ആലപ്പി അഷ്റഫ് തന്റെ യുട്യൂബ് ചാനലിലൂടെ പറയുന്നുണ്ട്്. ''സംഘര്‍ഷ ഭരിതമായ അന്തരീക്ഷം അവരവിടെ സൃഷ്ടിച്ചു. ലിസി ഭയന്ന് വിറച്ചു. അപ്പോള്‍ കൊച്ചിന്‍ ഹനീഫ ഒരു തനി ഗുണ്ടായായി മാറി. കലി പൂണ്ട ഹനീഫ അലറി. അവളെ തൊട്ടാല്‍ എല്ലാത്തിനെയും കീച്ചിക്കളയും മര്യാദക്ക് ഇവിടെ നിന്നും പൊക്കോണം എന്ന് പറഞ്ഞു. വിരട്ടാന്‍ വന്നവര്‍ തിരിച്ച് പോയി'' ആലപ്പി അഷ്റഫ് പറയുന്നു.
ഇതേക്കുറിച്ച് ഹനീഫ എന്നോട് പറഞ്ഞത് 'എടാ അവിടെ അതേ രക്ഷയുള്ളൂ, അല്ലെങ്കില്‍ അവര്‍ പെണ്ണിനെയും കൊണ്ട് പോയേനെ' എന്നാണെന്നും അഷറഫ് ഓര്‍ക്കന്നു. ഹനീഫിക്ക ഇല്ലായിരുന്നെങ്കില്‍ എന്റെ കാര്യം പോക്കായെനെ എന്നാണ് ലിസി എന്നോട് പറഞ്ഞത്. സുകുമാരി ചേച്ചി, ഹനീഫ എന്നിവരോടേ തനിക്ക് ജീവിതത്തില്‍ കടപ്പാടുള്ളൂ എന്ന് ലിസി പറഞ്ഞിട്ടുണ്ട്. 1990 ഡിസംബര്‍ 13നു ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദര്‍ശന്‍ എന്ന് പേര് സ്വീകരിച്ചു.
ലിസിയുമായുള്ള പ്രശ്‌നങ്ങള്‍ മൂലം തനിക്ക് ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയില്‍ താന്‍ പൊട്ടിക്കരഞ്ഞതായും പ്രിയന്‍ പറഞ്ഞിരുന്നു. മോഹന്‍ലാലില്‍ അടക്കമുള്ള അടുത്ത സൂഹൃത്തുക്കള്‍ ഇടപെട്ടിട്ടുപോലും ഈ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.
''എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. ഞങ്ങള്‍ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്‌നങ്ങള്‍ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്. ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങള്‍ക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരുടെ മനസ്സില്‍ എന്താണെന്ന് അവരുടെ ഉള്ളില്‍ കയറി അറിയാനാകില്ലല്ലോ. ഞാന്‍ ലിസിക്കായി ഇപ്പൊഴും കാത്തിരിക്കുകയാണ്.ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ട്''- പ്രിയന്‍ പറഞ്ഞു. പക്ഷേ ഇനി ഒരു മടങ്ങി വരവില്ലന്നാണ് ലിസി പ്രതികരിച്ചത്.
പ്രിയദര്‍ശന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ തമ്മില്‍ ഇപ്പോഴും സൗഹൃദത്തിലാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചപ്പോള്‍, അതൊക്കെ തള്ളിക്കളയുകയിരുന്നു ലിസി. പ്രിയദര്‍ശനുമായുള്ള വിവാഹജീവിതം പോലെ തന്നെ വിവാഹമോചനം പോലും വളരെ ഭീകരമായിരുന്നു എന്നായിരുന്നു ലിസ്സി പറഞ്ഞത്. ''ഞങ്ങളുടെ വിവാഹമോചന നടപടികളുടെ വൃത്തികെട്ട സ്വഭാവം, ഞങ്ങളുടെ വിവാഹജീവിതത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് കാണിച്ചു തരും. എന്തായാലും, ഇപ്പോള്‍ എനിക്ക് വലിയ ആശ്വാസം തോന്നുന്നു. പ്രിയദര്‍ശനും താനും തമ്മില്‍ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല. സമീപകാലത്ത്, ഹൃത്വിക് റോഷന്‍, സൂസന്‍ ഖാന്‍ എന്നിവര്‍ മുതല്‍ ദിലീപ്, മഞ്ജു വാരിയര്‍, അടുത്തിടെ അമല പോള്‍, വിജയ് എന്നിവര്‍ വരെയുള്ള എല്ലാ സെലിബ്രിറ്റി വിവാഹമോചനങ്ങളും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനങ്ങളായിരുന്നു. ആ ദമ്പതികള്‍ക്കും അത് വേദനാജനകമായിരുന്നിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അവരൊക്കെ എന്ത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നാലും, പരസ്പരം ബഹുമാനിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഞങ്ങളുടെ സ്ഥിതി അതായിരുന്നില്ല''- ് സംവിധായകനുമായുള്ള നിയമയുദ്ധത്തെ കുറിച്ച് ലിസി തന്റെ കുറിപ്പില്‍ വെളിപ്പെടുത്തി.
പ്രണവുമായി പ്രണയം?
ഡിവോഴ്സിനുശേഷം പ്രിയദര്‍ശന്റെ മദ്രാസിലെ റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോ അടക്കമുള്ള കോടികളുടെ സ്വത്തുക്കള്‍ ലിസി കിട്ടുകയും ചെയ്തു. എന്നാല്‍ ലിസി 80 കോടി ലിസി ആവശ്യപ്പെട്ടു എന്ന വാര്‍ത്ത പ്രിയന്‍, നിഷേധിച്ചിരുന്നു. ഓരോരുത്തര്‍ അവരുടെ ഭാവനയ്ക്ക് അനുസരിച്ചു എഴുതുന്നതാണ്. എന്റെ ഭാര്യയും മക്കളും ഇപ്പോഴും എന്റെ വീട്ടില്‍ ആണ് താമസം എന്നും അദ്ദേഹം പറയുകയുണ്ടായി. വിവാഹ മോചിതരായ ലിസിയും പ്രിയദര്‍ശനും മക്കളുടെ എന്ത് കാര്യത്തിന് വേണ്ടിയും ഒരുമിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. ആ തീരുമാനും ഇരുവരും കാത്തു. മകന്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചു. പ്രിയദര്‍ശനും ലിസിയ്ക്കും കല്യാണി പ്രിയദര്‍ശനും പുറമെ പത്ത് പേര്‍ മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു വിവാഹം. അമേരിക്കക്കാരിയും വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറുമായ മെര്‍ലിനാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ.
മാതാപിതാക്കളുടെ ഡിവോഴസിനെ കുറിച്ച് കല്യാണി പിന്നീട് ഇങ്ങനെ എഴുതി-''ഞങ്ങളെ ഒരു നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. വൈകാരികമായ നിരവധി പ്രശ്നനങ്ങളിലൂടെ അവര്‍ കടന്നു പോയിട്ടും, അത് വീടിനെ ബാധിക്കില്ലെന്ന് അവര്‍ ഉറപ്പുവരുത്തി. തീര്‍ച്ചയായും അവരുടെ പിരിയല്‍ ഒരു ഷോക്കായിരുന്നു, എന്നാല്‍ ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ സമാധാനത്തിലാണ്, മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോള്‍ കൂടുതല്‍ ശക്തമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം''- ദ ഹിന്ദുവിനു നല്‍കിയ അഭിമുഖത്തില്‍ കല്യാണി തുറന്നു പറയുന്നു.
ഇന്നും ഇരുവര്‍ക്കുമിടയിലെ പാലമായി അവള്‍ പ്രവര്‍ത്തിക്കുന്നു. ''എനിക്ക് അച്ഛന്റെ 90 ശതമാനം തമാശയും അമ്മയുടെ പത്തുശതമാനം ഭംഗിയുമാണ് കിട്ടിയിട്ടുള്ളത്' എന്നാണ് കല്യാണി പറയുന്നത്. 'ഞാന്‍ ഒരു ദിവസം പത്ത് മിനിറ്റ് മാത്രമേ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു പക്ഷേ, എന്റെ അമ്മ വിശ്വസിക്കുന്നത് ഞാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറാണെന്നും മുഴുവന്‍ ഇന്റര്‍നെറ്റും എന്നെക്കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും ആണ്. അല്‍ഗോരിതങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവര്‍ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല'-കല്യാണി തലമുറാമാറ്റത്തെ വിലയിരുത്തുന്നു.
32കാരിയായ കല്യാണിയുടെ വിവാഹത്തെക്കുറിച്ചൊക്കെ ചര്‍ച്ച നടക്കുന്നുണ്ട്. മകളുടെ വിവാഹം തന്റെ സ്വപ്നമാണെന്ന് പ്രിയനും പറഞ്ഞിരുന്നു. അതിനിടെ കല്യാണി സീരിയല്‍ സിനിമാ താരം ശ്രീറാമിനെ 'വിവാഹം കഴിക്കുന്ന' ഒരു വീഡിയോയും പ്രചരിച്ചിരുന്നു. പക്ഷേ യെസ് ഭാരത് വെഡിംഗ് കളക്ഷന്‍സിന്റെ ഒരു പരസ്യചിത്രമായിരുന്നു അത്. കല്യാണിയും പ്രണവ് മോഹല്‍ലാലും തമ്മില്‍ പ്രണയമാണെന്നും അവര്‍ വിവാഹിതരാവുമെന്നും പലതവണ ഗോസിപ്പുകള്‍ വന്നതാണ്. മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള ഹൃദയബന്ധം മലയാളികളെ പറഞ്ഞറിയിക്കേണ്ട കാര്യമില്ല. അത്രത്തോളം സൗഹൃദം തന്നെയാണ് പ്രണവിനും കല്യാണിക്കുമുള്ളത്. ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ 'ഹൃദയം' വലിയ ഹിറ്റായിരുന്നു. അതോടെയാണ് പ്രണയ കഥ വീണ്ടും ഇറങ്ങിയത്. പക്ഷേ കല്യാണി അത് നിഷേധിച്ചു. പ്രണവ് തന്റെ ബാല്യകാലം മുതല്‍ക്കുള്ള അടുത്ത സുഹൃത്താണെന്ന് അവള്‍ പറയുന്നു. തങ്ങള്‍ തമ്മിലുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചാണ് കല്യാണി ഒരിക്കല്‍ പ്രണവിന് ജന്‍മദിനാശംസകള്‍ നേര്‍ന്നത്. 'എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു കല്യാണി പ്രിയദര്‍ശന്‍ പങ്കുവച്ച ആശംസകള്‍. നടന്‍ ജാക്കി ഷ്‌റോഫിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന പ്രണവിന്റെയും തന്റെയും ഒരു അടിപൊളി ചിത്രമായിരുന്നു കല്യാണി പങ്കുവച്ചത്.ചിത്രത്തില്‍ മൊട്ടയടിച്ച ലുക്കിലായിരുന്നു കല്യാണി. വിവാഹം ഉടനെയില്ല, കരിയര്‍ ഫസ്റ്റ് എന്ന നിലപാടാണ് കല്യാണിയുടേത്.
ലേഡി സൂപ്പര്‍ സ്റ്റാര്‍ ജനിക്കുന്നു!
മോളിവുഡിന്റെ മാര്‍വല്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ലോക. മേക്കിങിലൂടെ മറ്റൊരു ലോകം തന്നെയാണ് എഴുത്തുകാരനും സംവിധായകനുമായ ഡൊമിനിക് അരുണ് ഒരുക്കിയിരിക്കുന്നത്. ഈ ഓണം ലോക തൂക്കിയിരിക്കയാണ്. ഓരോ ദിവസം കഴിയുമ്പോഴും ചിത്രത്തിന് തിരക്ക് കൂടുകയാണ്. രണ്ടാം ദിവസം 15 കോടിയും മൂന്നാം ദിവസം 14 കോടിയും നേടിയ ലോക നാലാം ദിവസമായ നേടിയത് 20 കോടിയിലധികമാണ്. ഒറ്റ ദിവസം കൊണ്ട് 20 കോടിയെന്ന നമ്പര്‍ മറികടന്നതിലൂടെ മോഹന്‍ലാലിന് മാത്രം സാധ്യമായൊരു നേട്ടമാണ് കല്യാണി പ്രിയദര്‍ശന്‍ സ്വന്തമാക്കിയിരിക്കുന്നത്.ഇതിന് മുമ്പ് എട്ട് തവണയാണ് മലയാളത്തില്‍ ഒരു ദിവസം 20 കോടി നേടിയ സിനിമകളുണ്ടായത്. എട്ട് തവണയും ആ നേട്ടം മോഹന്‍ലാല്‍ സിനിമകള്‍ക്കായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ നോണ്‍ മോഹന്‍ലാല്‍ ചിത്രമായി മാറുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ലോക ഈ കുതിപ്പ് തുടരുകയാണെങ്കില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ അവസാനിക്കുമ്പോഴേക്കും 200 കോടിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ കല്യാണിയും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് ഉയരുകയാണ്.
മലയാളത്തില്‍ വലിയ സിനിമകളും പാന്‍ ഇന്ത്യന്‍ ഹിറ്റുകളും ഒരുങ്ങുമ്പോഴും സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മാസ്' സിനിമ എന്നത് എന്തുകൊണ്ട് സാധ്യമാകുന്നില്ലെന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നു വരാറുണ്ട്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവുമൊക്കെ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചര്‍ച്ച സജീവമായത്. എന്നാല്‍ സ്ത്രീകള്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമകളുടെ സാമ്പത്തിക വിജയത്തിന് പരിമിതികളുണ്ടെന്നായിരുന്നു ചിലരുടെ വാദം. അതെല്ലാം ലോകയുടെ മഹാ വിജയത്തോടെ പൊളിയുകയാണ്.
നേരത്തെ സമാന വിഷയത്തില്‍ പാര്‍വതി തിരുവോത്തും ദര്‍ശന രാജേന്ദ്രനും പറഞ്ഞതും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടി നൈല ഉഷ പങ്കുവച്ചൊരു പോസ്റ്റ് വൈറലായതോടെയാണ് ദര്‍ശനയുടേയും പാര്‍വതിയുടേയും വാക്കുകളും ചര്‍ച്ചയായി മാറുന്നത്. ഈ വിജയം, കല്യാണിയുടെ വിജയം പാര്‍വതിയുടേയും ദര്‍ശനയുടേയും കൂടിയാണ്. അസാന്നിധ്യത്തെ ചോദ്യം ചെയ്തതിന് നന്ദി എന്നെഴുതിയൊരു കാര്‍ഡാണ് നൈല പങ്കുവച്ചിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. പക്ഷേ ഒരു വിഭാഗം കല്യാണിയുടെ വിജയത്തിന്റെ ക്രെഡിറ്റ് പാര്‍വതിയ്ക്കും ദര്‍ശനയ്ക്കും നല്‍കുന്നത് എന്തിനാണെന്നും പറയുന്നുണ്ട്.
എന്നാല്‍ മറ്റ് ചിലര്‍ പറയുന്നത്, പാര്‍വതിയും ദര്‍ശനയും പറഞ്ഞത് ശരിയെന്ന് വ്യക്തമാക്കുന്നതാണ് ലോകയുടേയും കല്യാണിയുടേയും വിജയം എന്നാണ്. 'ആവേശം' പോലുള്ള സിനിമകള്‍ സ്ത്രീകളെ കേന്ദ്രമാക്കി വരണമെന്നായിരുന്നു ദര്‍ശന പറഞ്ഞത്. അതിന്റെ പേരില്‍ ദര്‍ശനയെ സോഷ്യല്‍ മീഡിയ ട്രോളുകയും ചെയ്തു. എന്നാല്‍ ദര്‍ശന പറഞ്ഞത് ശരിവെക്കുന്നതാണ് ഇപ്പോളുള്ള ലോകയുടെ വിജയം. സ്ത്രീകള്‍ പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രത്തിനും ബോക്‌സ് ഓഫീസ് വിജയം നേടാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ലോക. അതിനാല്‍ ഈ വിജയം മലയാള സിനിമയിലെ സ്ത്രീകളുടെ സ്റ്റാറ്റ്സ കൂടി ഉയര്‍ത്തിയിരിക്കയാണ്. എന്നും നായക കേന്ദ്രമായിരുന്ന മലയാള സിനിമ ഇടക്ക് നായികാ കേന്ദ്രവുമായി മാറട്ടെ.
വാല്‍ക്കഷ്ണം: മുമ്പ് നടി മഞ്ജുവാര്യര്‍ കത്തിനില്‍ക്കുന്ന സമയത്ത് ഇതുപോലെ നായികാകേന്ദ്രമായ ചലച്ചിത്രങ്ങള്‍ ഉണ്ടായിരുന്നു. സാക്ഷാല്‍ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞിരുന്നു. 'മഞ്ജുവാര്യര്‍ ഇല്ലായിരുന്നെങ്കില്‍ ദയ എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് താന്‍ എഴുതുമായിരുന്നില്ല' എന്ന്. ഇനി കല്യാണിക്കായും കഥാപാത്രങ്ങള്‍ ഉണ്ടാവുമോയെന്ന് കാത്തിരുന്ന് കാണാം.