ന്ത്യയിൽ ഇന്ന് ജീവിച്ചിരുക്കുന്നവരിൽ, ഏറ്റവും പോപ്പുലറായ സിനിമാ സംവിധായകൻ ആരാണെന്ന് ചോദിച്ചാൽ രാജമൗലി മുതൽ, മണിരത്നവും, രാംഗോപാൽ വർമ്മയും തൊട്ട് നമ്മുടെ പ്രിയദർശൻവരെയുള്ള ഒരു നീണ്ട നിര ചലച്ചിത്രപ്രേമികളുടെ മനസ്സിലേക്കെത്തും. പക്ഷേ ഇന്ത്യയിലെ ഏറ്റവും വിവാദമുണ്ടാക്കുന്ന സംവിധായകൻ, അതായത് മോസ്റ്റ് സെൻസേഷണൽ ഡയറക്ടർ ആരാണെന്ന് ചോദിച്ചാൽ അതിന് ഒരു മറുപടിയേ ഉള്ളൂ, സാക്ഷാൽ കരൺകുമാർ ജോഹർ എന്ന കരൺ ജോഹർ! ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറഞ്ഞതുപോലെയാണ് കരൺ ജോഹറില്ലാതെ ബോളിവുഡിൽ ഒരു വിവാദവുമില്ല. നടൻ സുശാന്ത്സിങ്് രജ്പുത്തിന്റെ മരണത്തിൽ, ബോളവുഡിന്റെ സ്വജനപക്ഷപാതിത്വ വിവാദത്തിൽ, ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്താത്ത സെലിബ്രിറ്റികളുടെ സംബന്ധിച്ച വിവാദത്തിൽ, എന്തിലും ആദ്യം സേർച്ചിൽവരിക, 51 കാരനായ ഈ സംവിധായകന്റെ പേരാണ്.

ഇദ്ദേഹം അങ്കർ ആയ, കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ ടോക്ക് ഷോ സൃഷ്ടിക്കാത്ത തലക്കെട്ടുകൾ ഇല്ല. ഏത് സെലിബ്രിറ്റിവന്നാലും ഇതിൽ വിവാദമാണ്. പലരും ഈ പരിപാടിക്കിടെ കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോവാറ്. ഒരു നടൻ കൂടിയായ കരൺ ജോഹർ, നൂറായിരം ടെലിവിഷൻ റിയാലിറ്റി ഷോകളുടെ വിധികർത്താവുമാണ്. ഇവിടെയുമൊക്കെ അയാൾ നിരന്തരം വാർത്തകളിൽ ഇടം പിടിക്കും. എടുത്തതിൽ ഏറെയും ഹിറ്റാക്കിയ ഈ സംവിധായകന് വിവാദങ്ങൾ ഇല്ലാതെ നിൽക്കാൻ കഴിയില്ല എന്നാണ് ടൈസ് ഓഫ് ഇന്ത്യ ഒരിക്കൽ എഴുതിയത്.

ആദ്യ ചിത്രമായ 'കുഛ് കുഛ് ഹോതാ ഹേ' തൊട്ടിങ്ങോട്ട് ഒരു ഡസനിലേറെ ഹിറ്റുകളുടെ പരമ്പര ഒരുക്കിയ ഈ ഡയറക്ടറുടെ, 25ാം വാർഷികം ബോളിവുഡ് ആഘോഷിക്കുമ്പോഴും ഒരു വമ്പൻ ട്വിസ്റ്റ് നടക്കയാണ്. ഹിന്ദി സിനിമകളെ ഈ രീതിയിൽ പൈങ്കിളിവത്ക്കരിച്ചതും, പോപ്പുലിസ്റ്റ് ചിത്രങ്ങൾ എടുത്ത് പുരോഗമ വിരുദ്ധമാക്കിയതും കരൺജോഹർ ആണെന്ന ചില നിരൂപകരുടെ ആരോപണത്തെ അദ്ദേഹം പുതിയ ചിത്രത്തിലൂടെ തിരുത്തുകയാണ്.

ഒട്ടും ജെൻഡർ പൊളിറ്റിക്കലല്ലാത്ത ലോജിക്കില്ലാത്ത ചിത്രമായിരുന്നു 'കുഛ് കുഛ് ഹോതാ ഹേ' എന്ന് കരൺ തന്നെ തുറന്നു പറയുന്നു. 25 വർഷങ്ങൾക്ക് ശേഷം അതേ കരൺ ജെൻഡർ സ്റ്റീരിയോടൈപ്പിങ്ങിനെയും, ബോഡി ഷെയ്മിങ്ങിനെയും, പാട്രിയാർക്കിയെയും, ചോദ്യം ചെയ്തുകൊണ്ട് 'റോക്കി ഓർ റാണി കി പ്രേം കഹാനി'യുമായി രംഗത്തെത്തിയിരിക്കുന്നു. കാൽനൂറ്റാണ്ടിന്റെ ചലച്ചിത്ര ജീവിത്തിൽനിന്ന്, ചിപ്പിക്കുള്ളിലൂടെ ഒഴുകി ഒഴുകി മുത്തുണ്ടാകുന്നതുപോലുള്ള കൃത്യമായ ഒരു പരിണാമം കരണിന് സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് താൻ താലോചിച്ച ഉപരിവർഗ മൂല്യങ്ങളെയെല്ലാം അയാൾ ഈ സിനിമയിൽ തട്ടിമറിച്ചിടുന്നു. കരൺ ജോഹർ എന്ന വ്യക്തിയുടെ മാറ്റം മാത്രമല്ല, ഇന്ത്യൻ സിനിമയുടെ മാറ്റം തന്നെയാണിതെന്ന് പറഞ്ഞാണ് നിരൂപകർ 'റോക്കി ഓർ റാണി കി പ്രേം കഹാനി' ആഘോഷിക്കുന്നത്.

വായിലെ സ്വർണ്ണക്കരണ്ടി വെള്ളിയായപ്പോൾ

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആൾ എന്നതിനേക്കാൾ, വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച ആൾ എന്നായിരിക്കും കരൺ ജോഹറിനെ വിശേഷിപ്പിക്കാൻ കഴിയുക. ഇന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര നിർമ്മതാവായ, ധർമ്മ പ്രൊഡക്ഷൻസിന്റെ സ്ഥാപകനായ, യാഷ് ജോഹറിന്റെയും ഹിരൂ ജോഹറിന്റെയും മകനായി, 1972 മെയ് 25 ന് മുംബൈയിലാണ് കരൺ ജനിച്ചത്. പക്ഷേ തന്റെ കൗമാര കാലം ആയതോടെ പടങ്ങൾ പൊളിഞ്ഞും ബിസിനസ് തളർന്ന് വായിലെ സ്വർണ്ണക്കരണ്ടി, വെള്ളിക്കരണ്ടിയായും, പിന്നീട് പിച്ചളക്കരണ്ടിയായും മാറിയെന്നാണ്, ഒരു ടെലിവിഷൻ ഷോയിൽ കരൺ തമാശ പറയുന്നത്.

പിതാവ് പഞ്ചാബി ഹിന്ദുവും അമ്മ സിന്ധി ഹിന്ദുവുമായിരുന്നു. ആത്മകഥയായ 'ആൻ അൺസ്യൂട്ടബിൾ ബോയ്' എന്ന പുസ്തകത്തിൽ, ഡെറാഡൂണിലെ എലൈറ്റ് ഓൾ-ബോയ്‌സ് ബോർഡിങ് സ്‌കൂളിന്റെ പ്രവേശന പരീക്ഷയിൽ പങ്കെടുത്ത കഥ കരൺ എഴുതുന്നുണ്ട്. അന്ന് കണക്കിന് വെറും പൂജ്യം മാർക്കാണ് കിട്ടിയത്. ഇതിന്റെ പേരിൽ ഹെഡ്‌മാസ്റ്റർ കരണിന്റെ അമ്മയെ അപമാനിച്ചു. പക്ഷേ കണക്ക് അറിയുക മാത്രമല്ല ഒരാളുടെ ജീവിതമെന്ന് കരൺ തെളിയിച്ചു. പിന്നീട് പേരെടുത്ത സംവിധായകൻ ആയപ്പോൾ അതേ സ്‌കൂളിൽ തന്നെ അതിഥിയായി വരാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായി.

മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തനായിരുന്നു കരൺ. സ്‌ത്രൈണതയ്യാർന്ന ചലനങ്ങളുള്ള കുട്ടി. ഋഷി കപൂറിന്റെയും ജയപ്രദയുടെയുമൊക്കെ ചുവടുകൾ അവൻ ചെറുപ്പത്തിൽ അനുകരിക്കും. പിതാവായ യാഷ് ജോഹർ ആകട്ടേ മകന്റെ നൃത്തത്തിൽ ഏറെ അഭിമാനിച്ചിരുന്നു. തന്റെ സ്വത്വത്തെക്കുറിച്ച് അച്ഛന് മനസ്സിലായിരുന്നോ എന്ന് സംശയമുണ്ടെന്ന് കരൺ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്തൊക്കെയായാലും കരണെന്ന വ്യക്തിയെ, അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ പൂർണമായി അംഗീകരിച്ചിരുന്നു ആ പിതാവ്. പക്ഷേ അതേ സമീപനമായിരുന്നില്ല സമൂഹത്തിന് കരണിനോട്. പതിയെ അന്തർമുഖനാകുകയായിരുന്നു കരൺ.

'ഞാൻ മറ്റ് കുട്ടികളിൽ നിന്ന് എല്ലാ അർഥത്തിലും വ്യത്യസ്തനായിരുന്നു. സ്‌ത്രൈണതയുണ്ടായിരുന്നു, പ്ലസ് സൈസ് ആയിരുന്നു. ഞാൻ സ്‌പോർട്‌സിൽ പങ്കെടുക്കാൻ ഇറങ്ങുമ്പോൾ എല്ലാവരും ചിരിക്കും. എന്റെ ശാരീരിക ചലനങ്ങൾ എല്ലാം സ്ത്രീകളുടേത് പോലെയായിരുന്നു. എൺപതുകളിൽ അത്തരക്കാരെ കളിയാക്കുയാണ് ജനം ചെയ്തത്. എന്നാണ് വിളിച്ചിരുന്നത്. ഇന്ന് ഹോമോ, ഗേ എന്നെല്ലാം പറയുന്നതുപോലെ..അതെന്നെ എത്തിച്ചത് ഒരു കൂട്ടിനകത്താണ്.' -അഭിമുഖങ്ങളിൽ അഭിമുഖീകരിച്ച ദുരനുഭവങ്ങൾ സങ്കോചമില്ലാതെ കരൺ തുറന്നുപറയുന്നുണ്ട്.

ഡിഡിഎൽജെയിലുടെ അരങ്ങേറ്റം

കോളജിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് കമ്പം സിനിമ ഫാഷൻ, എന്നിവയിൽ ആയിരുന്നു. രാജ് കപൂർ , യാഷ് ചോപ്ര , സൂരജ് ബർജാത്യ എന്നിവരെ തന്റെ പ്രചോദനങ്ങളായി അദ്ദേഹം പറയുന്നു. 1989-ലെ ദൂരദർശൻ സീരിയൽ ഇന്ദ്രധനുഷിൽ ശ്രീകാന്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ജോഹർ ഒരു നടനെന്ന നിലയിൽ തുടക്കം കുറിച്ചത്.

പുത്രനോടുള്ള വാത്സല്യം കാരണം മകൻ അതീവ സുന്ദരനാണെന്നും പഞ്ചാബി സിനിമകളിൽ നായകനായാൽ വിജയിക്കുമെന്നും യാഷ് വിശ്വസിച്ചിരുന്നു. പക്ഷേ സിനിമ വ്യവസായം ആ കുടുംബത്തിന് ഭയമായിരുന്നു. കുടുംബത്തിന്റെ മറ്റു ചെറിയ ബിസിനസ്സുകളുടെ ഭാഗമാകാനാണ് അവർ എല്ലായ്‌പ്പോഴും കരണിനെ ഉപദേശിച്ചിരുന്നത്. കരണാകട്ടെ ഫാഷൻ ഡിസൈനിങ് ഇഷ്ടമുള്ള മേഖലയായിരുന്നു. മറ്റ് ബിസിനസ്സിൽ ഇറങ്ങും മുമ്പ് ഒരു വർഷം തനിക്കിഷ്ടമുള്ളത് ചെയ്യാൻ അനുവദിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടാണ് 'ദിൽ വാലെ ദുൽഹനിയാ ലേ ജായേംഗെ' എന്ന ചിത്രത്തിൽ ആദിത്യ ചോപ്രയെ അസിസ്റ്റ് ചെയ്യാനായി കരൺ എത്തുന്നത്. ആദിത്യ ചോപ്ര ജോഹർ കുടുംബത്തിന്റെ അടുത്ത ബന്ധുവായിരുന്നു. (ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തീയേറ്ററിൽ പ്രദർശിപ്പിച്ച സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. മുംബൈയിലെ മറാത്താ മന്ദിർ തിയേറ്ററിൽ 2014 ഡിസംബർ 12 ന് ചിത്രം ആയിരം ആഴ്ചകൾ പിന്നിട്ട് ചരിത്രം കുറിച്ചു. ഇപ്പോഴും പ്രദർശനം തുടരുന്നു!)

അപ്പോഴും സിനിമയിലെ ഫാഷൻ ഡിസൈനിങ് ആയിരുന്നു കരണിന്റെ ലക്ഷ്യം. എന്നാൽ കരണിൽ ആദിത്യ ചോപ്ര വിശ്വാസമർപ്പിച്ചു. ഡിഡിഎൽജെയിൽ അസിസ്റ്റ് ചെയ്ത ഏക വിശ്വാസത്തിന്റെ പുറത്താണ് 'കുഛ് കുഛ് ഹോതാ ഹേ' സ്വന്തം സിനിമയുമായി കരൺ ഇറങ്ങിപ്പുറപ്പെടുന്നത്. കരണിന്റെ അമ്മ ഹീരു ജോഹറിന് അപ്പോഴും സംശയമായിരുന്നു. ചിത്രീകരണം തുടങ്ങുന്ന അന്നുപോലും എല്ലാം ആദിത്യ ചോപ്രയെ ഏൽപ്പിച്ച് നാടുവിടാനാണ് ഹീരു മകനോട് ആവശ്യപ്പെട്ടത്. അതേ മാതാപിതാക്കള് ഒടുവിൽ ചിത്രത്തിന്റെ പ്രീമിയർ കണ്ട് മുക്കാൽ മണിക്കൂറോളം വികാരപാരവശ്യത്തിൽ മകനെ ആലിംഗനം ചെയ്ത് കരഞ്ഞു. മകനെ കുറിച്ചുള്ള അഭിമാനമായിരുന്നു ആ കരച്ചിലിന് പിറകിൽ..

ചരിത്രം കുറിച്ച 'കുഛ് കുഛ് ഹോതാ ഹേ'

'തും പാസ് ആയേ..യു മുസ്‌കുരായേ..തുംനേ നാ ജാനേ ക്യാ സപ്‌നെ ദിഖായേ..' 90കളിൽ ഈ പാട്ട് കേൾക്കാത്ത യുവാക്കൾ കുറവായിരിക്കും. 'കുഛ് കുഛ് ഹോതാ ഹേ'യിലെ ഈ ഗാനം ഇന്ത്യ മുഴുവൻ തരംഗം തീർത്തു. ഇന്ത്യ മുഴുവൻ ഏറ്റുപാടിയ 'ദേശീയ പ്രണയഗാനമായി ഇത് മാറി.

1998ൽ ഇറങ്ങിയ ഈ പടവും പതിവ് ഹിന്ദി മസാല ഫോർമുലയിൽ അധിഷ്ഠിതമായിരുന്നു. ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി, എന്നിവർ തമ്മിലുള്ള കോളേജ് ത്രികോണ പ്രണയത്തെ കേന്ദ്രീകരിച്ചാണ് സിനിമ. രണ്ടാം പകുതിയിൽ സൽമാൻഖാനും വരുന്നു. അഭിനയിച്ച എല്ലാവരെയും ഈ ചിത്രം താരപദവിയിലേക്ക് ഉയർത്തി. കഥ പഴഞ്ചനായിരുന്നെങ്കിലും, കരൺ ജോഹർ എന്ന 25 വയസ്സ് മാത്രം പ്രായമുള്ള സംവിധായകന്റെ ടേക്കിങ്ങ് തീർത്തും വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ ഗാനങ്ങളും സംഭാഷണവും മാത്രമല്ല ചിത്രത്തിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണം പോലും രാജ്യമൊട്ടാകെ തരംഗമായി. ചിത്രത്തിലെ അഞ്ജലിയെപ്പോലെ മഷ്‌റൂംകട്ട് ഹെയർ സ്‌റ്റൈലിന് വേണ്ടി പെൺകുട്ടികൾ ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങി. അഞ്ജലിയുടെയും ടീനയുടെയും മനോഹരമായ വസ്ത്രങ്ങൾക്കായി 'കുഛ് കുഛ് ഹോതാ ഹേ' റഫറൻസുമായി പെൺകുട്ടികൾ തുണിക്കടകളിലും ടെയ്‌ലറിങ് ഷോപ്പുകളിലുമെത്തി. ഷാറുഖിന്റെയും സൽമാൽഖാന്റെയും വളർച്ചയിൽ നിർണ്ണയാകമായിരുന്നു ഈ ചിത്രം.

അതേമസയം, അങ്ങ് ന്യൂയോർക്കിൽ കന്നിസിനിമ വൻ വിജയമാണെന്ന് അറിയാതെ ഒളിവുജീവിതത്തിലായിരുന്നു, കരൺ ജോഹർ. കാരണം വ്യക്തമല്ലെങ്കിലും ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണെങ്കിൽ വധിക്കുമെന്നുള്ള അധോലോക ഭീഷണിയെത്തുടർന്നാണ് കരണും കുടുംബവും നാടുവിടുന്നത്. ആറ് ആഴ്ചകൾക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ കരണിനെ കാത്തിരുന്നത് മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവ ഉൾപ്പടെ എട്ട് ഫിലിംഫെയർ അവാർഡുകളായിരുന്നു. അതൊരു തുടക്കം മാത്രം. വീണ്ടും പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ചിത്രത്തെ തേടിയെത്തി. പന്നീട് അങ്ങോട്ട് കരണിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല

തുടർച്ചയായി ഹിറ്റുകൾ

ജോഹറിന്റെ അടുത്ത സംവിധായക സംരംഭം 'കഭി ഖുഷി കഭി ഗം' (2001) ആയിരുന്നു. ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ ഒരു സമ്പന്ന വ്യവസായിയായും ജയാ ബച്ചൻ ഭാര്യയായും വേഷമിട്ടു. ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും അവരുടെ രണ്ട് മക്കളായും അഭിനയിച്ചു. ഒപ്പം കാജോളും കരീന കപൂറും. ചിത്രം വമ്പൻ ബോക്സോഫീസ് ഹിറ്റായി മാറി. ജോഹറിന്റെ മൂന്നാമത്തെ സിനിമ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ പശ്ചാത്തലത്തിലായിരുന്നു. ' കഭി അൽവിദ നാ കെഹ്ന' (2006) എന്ന ചിത്രത്തിൽ റാണി മുഖർജി, പ്രീതി സിന്റ, ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ എന്നിവർ വേഷമിട്ടു. ഈ ചിത്രവും ബ്ലോക്ക്‌ബസ്റ്ററായി. അക്കാലത്ത് വിദേശ വിപണികളിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി ഇത് മാറി. ഈ മൂന്ന് ഹിറ്റുകളോടെ ഇന്ത്യയിൽ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന ഡയറട്കറായും കരൺ ജോഹർ മാറി.

ജോഹറിന്റെ അടുത്ത സംവിധായക സംരംഭം, 'മൈ നെയിം ഈസ് ഖാൻ' (2010) എന്ന വേറിട്ട ചിത്രമായിരുന്നു. സാൻഫ്രാൻസിസ്‌കോയിൽ താമസിക്കുന്ന, സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം വംശീയ മുൻവിധി നേരിടുകയും ചെയ്യുന്ന കുടുംബത്തെ കഥാപാത്രമാക്കിയ ചിത്രം നിരൂപക പ്രശംസ നേടി. ജോഹറിന്റെ തുടർച്ചയായ നാലാമത്തെ സൂപ്പർ ഹിറ്റ്. കൂടാതെ ജോഹറിന്റെ അസാധാരണമായ സംവിധാന ശൈലിയെ പ്രശംസിച്ച നിരൂപകരിൽ നിന്ന് മികച്ച അവലോകനങ്ങൾ ലഭിച്ചു. പൈങ്കിളി സംവിധയാകൻ എന്ന തലത്തിൽനിന്ന് അദ്ദേഹത്തെ അക്കാദമിക്ക് ലോകം സീരിയസായി എടുത്തത് ഈ പടത്തോടെയാണ്.

പിന്നീട് എടുത്ത 'സ്റ്റുഡന്റ് ഓഫ് ദ ഇയർ' (2012), സോയ അക്തർ , അനുരാഗ് കശ്യപ് , ദിബാകർ ബാനർജി എന്നിവരോടൊപ്പം എടുത്ത 'ബോംബെ ടാക്കീസ്' ( 2013) തുടങ്ങിയവയും ശ്രദ്ധേയമായിരുന്നു. ഹിന്ദി സിനിമയുടെ ശതാബ്ദി വർഷം ആഘോഷിക്കുന്നതിനായി പുറത്തിറങ്ങിയ ഒരു ആന്തോളജി സിനിമയടെ ഭാഗമായിരുന്നു ബോംബെ ടാക്കീസ്. 2004-ൽ പിതാവിന്റെ മരണശേഷം ആ നിർമ്മാണ കമ്പനി കരൺ ഏറ്റെടുത്തു. ആന്തോളജി സിനിമകളായ ബോംബെ ടാക്കീസ്, ലസ്റ്റ് സ്റ്റോറീസ് , ഗോസ്റ്റ് സ്റ്റോറീസ് എന്നിവ ഒഴികെയുള്ള അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ എല്ലാം പിതാവ് യാഷ് ജോഹർ സ്ഥാപിച്ച ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ധർമ്മയുടെ ബാനറിൽ മറ്റ് സംവിധായകരുടെ നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

ജോഹറിന്റെ അടുത്ത സംവിധാന സംഭരംഭമായ 'ഏ ദിൽ ഹേ മുഷ്‌കിൽ' (2016) .ബോക്‌സോഫീസിൽ അദ്ദേഹത്തിന്റെ അഞ്ചാമത്തെ ബ്ലോക്ക്‌ബസ്റ്ററായി. ബോംബെ ടാക്കീസിന്റെ തുടർച്ചയായി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് (2018) . ഇന്ത്യൻ സിനിമകളിൽ അപൂർവമായി മാത്രം കൈകാര്യം ചെയ്യപ്പെടുന്ന സ്ത്രീ ലൈംഗികത കൈകാര്യം ചെയ്തതിന് ശ്രദ്ധിക്കപ്പെട്ടു. അതിനിടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിടുകയും ചെയ്തു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും, ഏഴ് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തെ 2020-ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീയും നൽകി ആദരിച്ചു.

ഇന്നും തുറന്ന് പറയാത്ത സെക്ഷ്വാലിറ്റി

ഇങ്ങനെയൊക്കെയാണെങ്കിലും, എന്താണ് തന്റെ സെക്ഷ്വാലിറ്റിയെന്ന് ഇന്നും കരൺ ജോഹർ തുറന്ന് പറഞ്ഞിട്ടില്ല. അൺസ്യൂട്ടബിൾ ബോയ് എന്ന തന്റെ ആത്മകഥയിൽ പോലും അദ്ദേഹം ഇത് വെളിപ്പെടുത്തിട്ടില്ല. താൻ ജീവിക്കുന്ന സമൂഹത്തിന് അത് അംഗീകരിക്കാനുള്ള പാകതവന്നിട്ടില്ലെന്നതുകൊണ്ട് താനത് പറയുന്നതിൽ അർഥമില്ലെന്നാണ് മുമ്പ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. ചെറുപ്പം തൊട്ടേ, പുരുഷ സുഹൃത്തുക്കളേക്കാൾ സ്ത്രീ സുഹൃത്തുക്കളാണ് കരണിന് ഉണ്ടായിരുന്നത്. കരണിന് ചുറ്റുമുള്ള ഈ സത്രീ സൗഹൃദത്തെ കരണിന്റെ പിതാവ് തെറ്റിദ്ധരിച്ചിട്ടുമുണ്ട്. എവിടെപ്പോയാലും സ്ത്രീകളുമായി പെട്ടെന്ന് സൗഹൃദത്തിലാകുന്നതിനാൽ പാർട്ടിയിലും മറ്റും കരണിന് ചുറ്റും സ്ത്രീകൾ കൂടുന്നത് പതിവായിരുന്നു. യാഷ് ജോഹറാകട്ടെ, തന്റെ സുന്ദരനായ മകനിൽ ഇവരെല്ലാം ആകൃഷ്ടരാണെന്നാണ് തെറ്റിദ്ധരിച്ചത് പോലും. അതിനാൽ തന്നെ പഞ്ചാബി സിനിമയിൽ നായകനായി അരങ്ങേറാൻ കരണിനെ പിതാവ് ഉപദേശിക്കുക വരെ ചെയ്തിട്ടുണ്ട്.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായതിനാൽ തന്നെ തനിച്ചിരിക്കേണ്ടി വന്ന സന്ദർഭങ്ങളിൽ കരൺ കൂട്ടു കണ്ടെത്തിയത് ഭക്ഷണത്തിലായിരുന്നു. പിറന്നാൾ ദിനത്തിൽ സ്വന്തം ബർത്ത്‌ഡേ കേക്ക് മുഴുവനായി തനിച്ചിരുന്നു കഴിച്ചിരുന്നു കഥ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രായത്തേക്കാൾ കവിഞ്ഞ വളർച്ചയായിരുന്നു കരണിന് ഉണ്ടായിരുന്നത്. കൗമാരത്തിൽ മറ്റുകുട്ടികളേതുപോലെയാണ് താനെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി പത്താംതരത്തിൽ പഠിക്കുമ്പോൾ സ്‌കൂൾ ഹെഡ് ഗേളിനോട് ക്രഷ് ഉള്ളതായി കരൺ അഭിനയിച്ചിട്ടുപോലുമുണ്ട്. പക്ഷേ പിന്നീട് ആ പെൺകുട്ടി തന്നെ കരണിനെ തിരുത്തി. സ്വയം തിരിച്ചറിഞ്ഞപ്പോഴും സ്വന്തം ശരീരത്തെ സ്‌നേഹിക്കാൻ കരണിന് സാധിക്കുന്നുണ്ടായിരുന്നില്ല.'ഒരുപാട് വർഷത്തോളം ഒരാാളോട് അടുത്തിടപഴകേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഞാൻ കംഫർട്ടബിളായിരുന്നില്ല, വെളിച്ചം, വസ്ത്രമില്ലാത്ത എന്റെ ശരീരം ഇതെല്ലാം എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഇപ്പോഴാണ് ഞാൻ എന്റെ ശരീരവുമായി അടുക്കുന്നത്.'' അതേസമയം കറുത്ത സ്യൂട്ട് ധരിച്ച് വരുമ്പോൾ തനിക്ക് അങ്ങേയറ്റം ആത്മവിശ്വാസം തോന്നിയിരുന്നുവെന്നും കരൺ പറയുന്നുണ്ട്.

തന്നെ അംഗീകരിച്ച ആദ്യ വ്യക്തി ഷാരൂഖ് ഖാനായിരുന്നുവെന്നണ് ടെലിവിഷൻ ഷോയിൽ ഒരിക്കൽ അദ്ദേഹം പറഞ്ഞത്. 'ഞാൻ ഓക്കേയാണെന്ന് എന്നെ തോന്നിപ്പിച്ച ആദ്യ വ്യക്തി ഷാരൂഖ് ഖാനാണ്. എന്റെ ലൈംഗികത ഈക്വലാണെന്ന് പറഞ്ഞ ആദ്യവ്യക്തി. അദ്ദേഹം ജനിച്ചുവളർന്നത് വളരെ പുരോഗമനാത്മകമായ ഒരു ചുറ്റുപാടിൽ ആയിരുന്നു. തീയേറ്ററിൽ നിന്നാണ് വരുന്നത്, ഒരുപാട് ആളുകളുമായി ഇടപഴകിയിട്ടുണ്ട്. എന്റെ സ്‌ത്രൈണത പലപ്പോഴും വളരെ ശക്തമായി തന്നെ പുറത്തുവന്നിരുന്നു. അത് എല്ലായ്‌പ്പോഴും പരിഹാസത്തിന് കാരണമായിട്ടുണ്ട്. ഞാൻ നടക്കുന്നതും സംസാരിക്കുന്നതുമെല്ലാം പ്രശ്‌നമായിരുന്നു. യാതൊരു അപകർഷതയുമില്ലാതെ എന്നോട് ആദ്യം ഇടപെട്ട വ്യക്തി ഷാരൂഖ് ഖാനായിരുന്നു'- ഒരു അഭിമുഖത്തിൽ കരൺ പറയുന്നു.

2017 ഫെബ്രുവരിയിൽ, വാടക ഗർഭധാരണത്തിലൂടെ ജോഹർ ഇരട്ടക്കുട്ടികൾക്ക് (ഒരു ആൺകുട്ടിയും പെൺകുട്ടിയും) പിതാവായി . മുംബൈയിലെ മസ്രാനി ആശുപത്രിയിലാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. ജോഹർ മകന് യാഷ് എന്ന് അച്ഛന്റെ പേരിട്ടു, മകൾക്ക് റൂഹി എന്ന് പേരിട്ടത് അമ്മയുടെ പേര് ഹിരൂ എന്ന് പുനഃക്രമീകരിച്ചാണ്.തന്റെ ജീവിതവും അനുഭവങ്ങളും പ്രായത്തോടെ വന്നുചേർന്ന പക്വതയും കാഴ്ചപ്പാടുകളിൽ ഏറെ മാറ്റം വരുത്തിയെന്ന് കരൺ അംഗീകരിക്കുന്നുണ്ട്. ആ മാറ്റം ഉൾക്കൊണ്ട പ്രോഗ്രസീവായ പിതാവാണ് കരൺ. അതുൾക്കൊണ്ടുതന്നെയാണ് കരൺ അവരെ വളർത്തുന്നതും. ആൺകുട്ടികൾ കരയില്ലെന്നതുമുതലുള്ള വേർതിരിവുകളെ തിരുത്തുന്ന രക്ഷാകർത്താവ്. 'എന്നെ വളർത്തിയത് അമ്മയും അമ്മയുടെ സഹോദരിമാരുമാണ്. അതുകൊണ്ട് ഒരു ഫെമിനിസ്റ്റാണ് ഞാൻ. അതെന്നിലെ രക്ഷിതാവിനെ സ്വാധീനിക്കും' കരൺ പറയുന്നു.


സുശാന്ത്സിങിന്റെ മരണത്തിൽ വിവാദം

ബോളിവുഡിൽ നടക്കുന്ന ഏതാണ്ടെല്ലാ വിവാദങ്ങളിലും എന്നപോലെ നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലും കരൺ ജോഹർ ആരോപിതനായി. ഹിന്ദി സിനിമാ വ്യവസായത്തിൽ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട ഒന്നായിരുന്നു സുശാന്തിന്റെ മരണം. അന്തരിച്ച നടന്റെ ആരാധകർ ലക്ഷ്യമിട്ടിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു ജോഹർ. കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കങ്കണ റണാവത്താണ് ജോഹറിനെ ആദ്യം കുറ്റപ്പെടുത്തിയത്. തുടർന്ന് രാജ്പുത്തിന്റെ ആത്മഹത്യയെ 'പ്രേരിപ്പിച്ചതിന്' ജോഹറിനെതിരെ ഒരു പരാതിയും ഫയൽ ചെയ്യപ്പെട്ടു. എന്നാൽ താൻ കൊണ്ടുവന്ന നവാഗതരായ നടന്മാരുടെയം സംവിധായകരുടെയും ലിസ്റ്റ് നിരത്തയാണ് കരൺ ജോഹർ ഇതിനെ പൊളിച്ചത്. അതോടെയാണ് വിവാദം അടങ്ങിയത്.

കോഫി വിത് കരണിന്റെ എട്ടാം സീസണുമായി കരൺ വീണ്ടുമെത്തിയപ്പോഴും വിവാദങ്ങൾക്ക് കുറവൊന്നുമുണ്ടായില്ല. ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തിയ ദീപിക തന്റെ റിലേഷൻഷിപ്പുകളെ കുറിച്ച് തുറന്നുസംസാരിച്ചത് ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അതേ എപ്പിസോഡിൽ പ്രേക്ഷകർ ആദ്യമായി വികാരഭരിതനായ കരണിനെയും കണ്ടു. ദീപികയുടെയും രൺവീറിന്റെയും വിവാഹ വീഡിയോ കണ്ട് ആനന്ദാശ്രു അണിഞ്ഞ കരൺ. തനിക്കൊരു പങ്കാളിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളുന്ന അതിൽ സങ്കടപ്പെടുന്ന കരൺ. നിങ്ങളുടെ ഓരോ ദിവസത്തെയും വിശേഷങ്ങൾ പങ്കുവെക്കാൻ നിങ്ങളുടേതുമാത്രമായ ഒരാളില്ലാതെ കിടക്കയിൽ നിന്ന് ഉറക്കമെണീക്കുമ്പോഴുള്ള ശൂന്യതയെ കുറിച്ച് ശബ്ദമിടറിക്കൊണ്ടുതന്നെയാണ് കരൺ അന്ന് സംസാരിച്ചത്. കുഞ്ഞുങ്ങളും അമ്മയുമുണ്ടെങ്കിലും ഒരു പങ്കാളി ഇല്ലെന്നുള്ളത് തന്നെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന് കരണിന്റെ മനസ്സുതുറന്നുള്ള ഏതാനും വാചകങ്ങളിൽ വ്യക്തമായിരുന്നു.


ഇന്ന് മാറിയ മനുഷ്യൻ

ഇന്ന് അടിമുടി മാറിയ മനുഷ്യനാണ് കരൺ. 'കുഛ് കുഛ് ഹോതാ ഹേ'യുടെ കാലത്തുള്ള സിനിമയല്ല അദ്ദേഹം ഇന്ന് എടുക്കുന്നത്. പണ്ട് താനടക്കം താലോചിച്ച പരമ്പരാഗത ചിന്തകളെ തച്ചു തകർത്താണ് അയാൾ' റോക്കി ഓർ റാണി കി പ്രേം കഹാനിയുമായി' രംഗത്തെത്തിയിരിക്കുന്നു. വളരെ നിസാരമെന്ന് നാം കരുതുന്ന ചില പരാമർശങ്ങൾ ഉദാഹരണത്തിന് ചായ കുടിച്ചാൽ കറുക്കുമെന്നാണ് ഞാൻ കുട്ടിക്കാലം മുതൽ കേട്ടിട്ടുള്ളതെന്ന് ചിത്രത്തിലെ നായകനെക്കൊണ്ട് പറയിപ്പിക്കുന്ന കരൺ ബോഡി ഷെയ്മിങ്ങിനെതിരേയും വിവാഹമല്ല സ്ത്രീയുടെ ജീവിതം, അടുക്കളപ്പണി പെണ്ണിന്റേതു മാത്രമല്ലെന്നുമെല്ലാം കൃത്യമായി പറഞ്ഞുവെക്കുന്നു. പ്രണയത്തിന് അയാൾ നൽകുന്ന നിർവചനം പോലും മാറുന്നുണ്ട്. അഗാധ പ്രണയത്തിലിരിക്കേ മാത്രമേ ഫിസിക്കൽ ഇന്റിമസി പാടുള്ളൂ എന്ന കാഴ്ചപ്പാടുകളെ, പ്രണയത്തിന് പ്രായമില്ലെന്ന് തിരുത്തുന്നു, പുരുഷ ശരീരത്തെ ആസ്വദിക്കുന്ന സ്ത്രീനോട്ടത്തെ പരിചയപ്പെടുത്തുന്നു.

പലപ്പോഴും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പരിഹാസപാത്രമായിട്ടുള്ള വ്യക്തിയാണ് രൺവീർ സിങ്. തന്നെയുമല്ല രൺവീറിന്റെ നഗ്നഫോട്ടോ ഷൂട്ട് വൻതോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 'ഒബ്ജക്ടിഫൈഡ്' ആകുന്നതിനെ ഭയക്കുന്നില്ലെന്ന ചിത്രത്തിലെ രൺവീർ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പ്രതികരണം ഇതിനോടുള്ള രൺവീർ സിങ്ങിന്റെ തന്നെ പ്രതികരണമായി വായിച്ചെടുക്കാം. പൊതുവിജ്ഞാനത്തിന്റെ പേരിൽ നിരവധി തവണ സാമൂഹികമാധ്യമങ്ങളിൽ അപഹസിക്കപ്പെട്ടിട്ടുള്ളവളാണ് ആലിയ. അതേ ആലിയ ഭട്ടിനെക്കൊണ്ട് രൺവീർ സിങ്ങിനോട് പൊതുവിജ്ഞാന ചോദ്യങ്ങൾ ചോദിപ്പിക്കുന്നുണ്ട് സംവിധായകൻ. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയണമെന്നില്ല, അതിൽ പരിഹസിക്കാൻ മാത്രം ഒന്നുമില്ലെന്ന വ്യക്തമായ സന്ദേശമാണ് തമാശയുടെ രൂപത്തിലാണെങ്കിൽ കൂടി കരൺ പങ്കുവെക്കാൻ ശ്രമിക്കുന്നത്.

കരൺ തുറന്നടിക്കുന്നു. -''കുഛ് കുഛ് ഹോതായിൽ ഞാൻ അവതരിപ്പിച്ച ജെൻഡർ പൊളിറ്റിക്‌സ് തെറ്റായിരുന്നു. അത് ഇനി ഒരിക്കലും ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കണ്ടുവളർന്ന മസാല ചേരുവകൾ അതേപടി പകർത്തുകയാണ് ഞാൻ ചെയ്തത്. അന്ന് ജെൻഡർ പൊളിറ്റിക്‌സിനെ പറ്റി ചിന്തിച്ചില്ല. സ്റ്റോക്ക് ചെയ്യുന്നത് റൊമാൻസ് ആണെന്നാണ് അന്ന് ധരിച്ചിരുന്നത്. ഒരിക്കൽ കൂടി ആ സിനിമ നിർമ്മിക്കാൻ അവസരം വരികയാണെങ്കിൽ ആ ചിത്രത്തിലെ ജെൻഡർ പൊളിറ്റിക്‌സ് കൃത്യമാക്കാൻ ശ്രമിക്കും.''- സിനിമയിലെ 25-ാം വർഷത്തോടനുബന്ധിച്ച് സിനിമാസ്വാദകരുമായി നടത്തിയ ചർച്ചയ്ക്കിടയിൽ കരൺ മനസ്സ് തുറന്നത് ഇങ്ങനെയാണ്. നോക്കുക, ഇങ്ങനെ തുറന്ന് പറയാനും എത്രപേർക്ക് കഴിയും.

വാൽക്കഷ്ണം: കരൺ ജോഹറുടെ മാറ്റത്തിൽനിന്ന് മലയാള സിനിമയിലേക്ക് ഒന്ന് ചിന്തിച്ചുനോക്കു. നമ്മുടെ സത്യൻ അന്തിക്കാടിനും, ജോഷിക്കും, പ്രിയദർശനുമൊക്കെ ഇതുപോലെ മാറാൻ കഴിയുമോ? വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും അവർ ഒരേ മോഡലിൽ സിനിമയെടുക്കുന്നു.