- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഗായികയും നർത്തകിയുമായ 'കന്നട വിജയശാന്തി'യെന്ന വിളിപ്പേരുള്ള ഡി രൂപ; ജനകീയ കലക്ടർ എന്ന് പേരെടുത്ത രോഹിണി സിന്ദൂരി; ഇരുവരും തമ്മിലെ തർക്കം മൂത്തതോടെ പുറത്തുവിട്ടത് ഐഎഎസ്സുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ; കർണ്ണാടകയിലെ ഐഎഎസ്-ഐപിഎസ് സുന്ദരികളുടെ പോരിന്റെ യഥാർഥ കാരണം?
'ഐഎഎസുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐപിഎസുകാരി'- ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ കേട്ടുകൾവിയില്ലാത്ത വാർത്തയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കർണ്ണാടക സാക്ഷിയായത്. രണ്ട് ഐഎഎസ്- ഐപിഎസ് സുന്ദരിമാരുടെ ചെളിവാരിയേറ്, ദേശീയ മാധ്യമങ്ങളിൽ മാത്രമല്ല, ബിബിസിപോലുള്ള ലോകമാധ്യമങ്ങളിൽവരെ വലിയ വർത്തയായി. ഡി രൂപ ഐപിഎസ്സും, രോഹിണി സിന്ദൂരി ഐഎഎസുമാണ് വാർത്തകളിൽ നിറഞ്ഞ് നിന്നത്. സഹികെട്ടതോടെ കർണ്ണാടക സർക്കാർ ഇരുവരയെും സ്ഥലം മാറ്റിയിരിക്കയാണ്. ഇതിൽ ഡി രൂപയെന്ന സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സെലിബ്രിറ്റി ഐപിഎസുകാരിയാണ്, രോഹിണി സിന്ദൂരി എന്ന ജനപ്രിയ ഐഎഎസുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ ഫേസ്്ബുക്കിലുടെ പുറത്തുവിട്ടത്. ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കും, പരസ്യമായ വിഴപ്പലക്കിലിനും പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവിടൽ എന്ന കടുംവെട്ട് ഉണ്ടായത്.
കരകൗശല വികസന കോർപ്പറേഷൻ എം ഡിയായിരുന്നു രൂപക്കും, ദേവസ്വം കമ്മീഷണർ ആയിരുന്നു സിന്ദൂരിക്കും പുതിയ തസ്തികകൾ കർണ്ണാടക സർക്കാർ നൽകിയിട്ടില്ല. ഇരുവരെയും ഇനി പരസ്യപ്രതികരണം നടത്തുന്നതിൽ നിന്ന് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും വിലക്കിയിട്ടുണ്ട്. ഡി രൂപയുടെ ഭർത്താവ് മുനിഷ് മൗദ്ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ കോവിഡ് കൺട്രോൾ റൂമിന്റെ ചുമതലയിൽ നിന്ന് ഡിപിഎആർ വിഭാഗത്തിലേക്കാണ് മാറ്റിയത്. ( ഇത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഭാര്യ തെറ്റ് ചെയ്താൽ ഭർത്താവിനും ശിക്ഷയോ!)
പക്ഷേ കർണ്ണാടക വിജയശാന്തി എന്ന് അറിയപ്പെടുന്ന ഡി രൂപ ഐപിഎസിനെ സംബന്ധിച്ച് ഇതൊന്നും പുത്തരിയുള്ള കാര്യമല്ല. 2000ത്തിൽ സർവീസിൽ കയറിയ അന്നുതൊട്ട് 18 തവണയാണ് അവർ സ്ഥലം മാറ്റപ്പെട്ടത്. ഒരു സർവീസ് ചട്ടത്തിനുള്ളിലും നിൽക്കാത്ത, ഒരു പണച്ചാക്കിനും സ്വാധീനിക്കാന കഴിയാത്ത, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ പൊലീസ് ഓഫീസർ എന്ന പ്രതിഛായയാണ് അവർക്കുള്ളത്. ാഷ്ട്രീയക്കാർക്ക് നിരന്തരം തലവേദന ആയതുകൊണ്ടാണ് അവരെ കരകൗശല വികസന കോർപ്പറേഷൻ എം ഡിയാക്കി ഒതുക്കിയതെന്നാണ് കന്നട മാധ്യമങ്ങൾ പറയുന്നത്.
പക്ഷേ രോഹിണി സിന്ദൂരിയെന്ന കലക്ടർക്കും നല്ല ട്രാക്ക് റെക്കാർഡ് തന്നെയാണ് ഉള്ളത്. രുപയുടെ അഴിമതി വിരുദ്ധപോരാട്ടങ്ങളെ പിന്തുണക്കുന്നവർപോലും, അവർ ഇപ്പോൾ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടതിനോട് യോജിക്കുന്നില്ല. മേലുദ്യോഗസ്ഥർക്ക് രോഹിണി അയച്ച ചിത്രങ്ങളെന്നായിരുന്ന് ഇതെന്നാണ് രൂപയുടെ ആരോപണം. രൂപയ്ക്ക് ഭ്രാന്താണെന്നും, തന്റെ വാട്സാപ്പ് സ്റ്റാറ്റസിലെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചതിന് നിയമനടപടിയെടുക്കുമെന്നും രോഹിണി പ്രതികരിച്ചു. പോര് അതിരുവിട്ടതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇരുവരെയും ശാസിച്ചിരുന്നു.
പക്ഷേ രുപയും, രോഹിണി സിന്ദൂരിയും തമ്മിലുള്ള പേര് കേവലം സൗന്ദര്യപ്പിണക്കം മാത്രമല്ല. കർണ്ണാടകയിൽ വ്യാപകമായ രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനോടുള്ള പ്രതിഷേധമാണെന്ന് രൂപയെ അനുകൂലിക്കുന്നവർ വാദിക്കുന്നുണ്ട്. ജനതാദൾ എംഎൽഎയും മുൻ മന്ത്രിയുമായ മഹേഷിന്റെ അഴിമതികൾക്ക് രോഹിണി സിന്ദൂരി വഴങ്ങിക്കൊടുത്താണ് ഇവർ തമ്മിലുള്ള പ്രശ്നത്തിന്റെ തുടക്കം എന്നാണ് ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്.
കാക്കിക്കുള്ളിലെ കലാകാരി!
്സാധാരണ പൊലീസ് ഉദ്യോഗസ്ഥന്മാരെപ്പോലെ, മീഡിയയോട് മിണ്ടാതെയും സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചും ജീവിക്കുന്ന വ്യക്തിയല്ല ഡി രൂപ. തനിക്ക് പറയാനുള്ളത് അവർ എവിടെയും വെട്ടിത്തുറന്ന് പറയും. മുമ്പ് റോഡിൽ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയവനെ ഓടിച്ചിട്ട് തല്ലിയതും വാർത്തയായിരുന്നു. ആ ചങ്കൂറ്റം പലപ്പോളും ഓർമ്മിപ്പിച്ചത് കന്നട നടി വിജയശാന്തിയുടെ വൈജയന്തി ഐപിഎസിനെ ആയിരുന്നു. അവർക്ക് ആ പേരുവീഴാനും അതുതന്നെയാണ് കാരണം.
കർണാടകയിലെ ദാവൻഗരെയിലാണ് ഡി രൂപ ജനിച്ചത്. അവളുടെ അച്ഛൻ ജെ.എസ്. ദിവാകർ, റിട്ട. എഞ്ചിനീയറാണ്. അമ്മ ഹേമാവതി. രൂപയുടെ അനുജത്തിയും രോഹിണി ദിവാകറും സിവിൽ സർവീസിലാണ്. 2008 ബാച്ചിലെ ഐആർസ് ഉദ്യോഗസ്ഥയായി, ആദായനികുതി ജോയിന്റ് കമ്മീഷണറായി ജോലി നോക്കുന്നു. ഒരു എഴുത്തുകാരി കൂടിയാണ് ഇവരും.
കർണാടകയിലെ കുവെമ്പു സർവ്വകലാശാലയിൽ നിന്ന് സ്വർണ്ണ മെഡലോടെയാണ് രുപ ബിരുദം നേടിയത്. തുടർന്ന് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ നല്ല പ്രാവീണ്യമുള്ളവളും പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയുമാണ് രുപ. സർവീസിൽ എത്തിയിട്ടും അവർ നൃത്തവും സംഗീതവും മറന്നില്ല. പ്രൊഫഷനും പാഷനും തമ്മിൽ ഒരുമിച്ച് കൊണ്ടുപോകും എന്നാണ് അവർ ഒരു അഭിമുഖത്തിൽ പറയുന്നത്. ഈ തിരക്കിനിടയിലും ഒരു സിനിമയിൽ പിന്നണി പാടുകയും, നൃത്ത പരിപാടികൾ നടത്തുകയും ചെയ്തു. ഈ 47ാം വയസ്സിലും ബോഡി ഫിറ്റ്നസ് സൂക്ഷിക്കാൻ കഴിയുന്നത് നർത്തകിയായതുകൊണ്ട് കൂടിയാണെന്ന് അവർ പറയുന്നു. സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിനായി 2018-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ അവർ ഒരു മ്യൂസിക് വീഡിയോ പുറത്തിറയത് വൈറൽ ആയിരുന്നു.
2000-ൽ 43-ാം റാങ്കോടെ സവിൽ സർവീസ് നേടിയത്. ഐഎഎസ് കിട്ടുമായിരുന്നിട്ടും അവർ ഐപിഎസാണ് എടുത്തത്. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം നേടിയ അവർ, തന്റെ ബാച്ചിൽ അഞ്ചാം റാങ്ക് നേടി. തുടർന്ന് കർണാടക കേഡറിലേക്ക് പോസ്റ്റ് ചെയ്യപ്പെട്ടു.
മുഖമടച്ച് നിർദയം നടപടി
രൂപയെ വടക്കൻ കർണാടകയിലെ ധാർവാഡ് ജില്ലയിൽ എസ്പിയായി നിയമിക്കപ്പെടതോടെയാണ് രൂപ അറിയപ്പെട്ട് തുടങ്ങിയത്. അന്നുമുതൽ, ക്രിമിനലുകൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന പൊലീസുകാർക്കും രാഷ്ട്രീയക്കാർക്കും പേടി സ്വപ്നമായിരുന്നു ഇവർ. ആന്റി ഗുണ്ടാ സ്ക്വാഡ് ഉണ്ടാക്കി നിർദയമായിരുന്നു ക്രിമിനലുകളെ ഒതുക്കിയത്. അതുകൊണ്ടുതന്നെ സ്ഥലം മാറ്റവും അടിക്കടിയുണ്ടായി. ശിപാർശ പറയാൻ വന്ന രാഷ്ട്രീയക്കാരെയും, എടുത്തിട്ട് പെരുമാറി അവർ വാർത്തകളിൽ നിറഞ്ഞു.
ബംഗളൂരുവിലേക്ക് മാറുന്നതിന് മുമ്പ് അവർ ഗദഗ് ജില്ലയിലും ബിദാറിലും ഒടുവിൽ യാദ്ഗിർ ജില്ലയിലും എസ്പിയായി സേവനമനുഷ്ഠിച്ചു.
2007ൽ, ഹുബ്ബള്ളിയിലെ ഒരു കോടതി കേസുമായി ബന്ധപ്പെട്ട് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതിയെ അറസ്റ്റ് ചെയ്യാനുള്ള ചുമതല രൂപക്കായിരുന്നു. ഏവരും ക്രമസമാധാന പ്രശ്നം ഭയന്നിരിക്കേ ധൈര്യപൂർവം അവർ കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്തു. 2008ൽ മുൻ മന്ത്രിയായിരുന്ന യവഗലിനെ അവർ അറസ്റ്റ് ചെയ്തു. ഈ കേസിനിടെ, യവഗലുമായി തുടർച്ചയായി ബന്ധം പുലർത്തുകയും കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതിന്, കീഴിലുള്ള ഡിഎസ്പിയെ രുപ സസ്പെൻഡ് ചെയ്തു. ഇതും സഹപ്രവർത്തകരിൽ രോഷം ഉണ്ടാക്കി.
2013ൽ സൈബർ-ക്രൈം പൊലീസ് സ്റ്റേഷൻ/ഡിവിഷൻ മേധാവിയാകുന്ന രാജ്യത്തെ ആദ്യ വനിതാ പൊലീസ് ഓഫീസറായി അവർ മാറി. ബെംഗളൂരു സിറ്റി ആംഡ് റിസർവ് ഡിസിപിയായിരിക്കെ, 81 രാഷ്ട്രീയക്കാർ അനധികൃതമായി സൂക്ഷിച്ചിരുന്ന 216 സെക്യൂരിറ്റി പൊലീസിനെ അവർ പിൻവലിച്ചു. ഡ്യൂട്ടിക്ക് അത്യാവശ്യത്തിന് പൊലീസ് ഇല്ലാതെ വലയുമ്പോൾ രാഷ്ട്രീയക്കാരുടെ അനധികൃത പാറവ് ഡ്യൂട്ടി തുടരുകയായിരുന്നു. അതാണ് രൂപ നിർത്തിച്ചത്. ഇതിന് പിന്നാലെ കർണാടകയിലെ ഒരു മുൻ മുഖ്യമന്ത്രിയുടെ പക്കൽ അനധികൃതമായി തുടരുന്ന വകുപ്പിന്റെ എട്ട് പുതിയ എസ്യുവികളും അവർ പിൻവലിച്ചു. ഇതോടെ രൂപക്കെതിരെ രാഷ്ട്രീയക്കാരുടെയും ഉദ്യോസ്ഥരുടെയും രോഷം കത്തി. പക്ഷേ താൻ തന്റെ ഡ്യൂട്ടി ചെയ്യുമെന്നും, അത് ആരും തടയണ്ട എന്നുമായിരുന്നു മറുപടി. വൈകാതെ അവർ അവിടെനിന്നും സ്ഥലം മാറ്റപ്പെട്ടുവെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
ശശികലക്ക് പണി കൊടുത്തു
ഒതുക്കാൻ വേണ്ടിയായിരുന്നു അവരെ ജയിലിൽ ഡിഐജിയാക്കി മാറ്റിയത്. പക്ഷേ അവിടെയും അവർ ശരിക്കും ശുദ്ധികലശം നടത്തി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയിൽ അഴിമതിയാണ് രൂപ പിടിച്ചത്. 2001ൽ ഒരു വലന്റൈൻസ് ദിനത്തിലായിരുന്നു അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശശികല ജയിലിൽ ആയത്. ബെംഗളുരു പ്രത്യേക കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചതോടെ, പരപ്പന അഗ്രഹാര ജയിലിന്റെ ഇരുമ്പഴികൾക്കുള്ളിലേക്കു ശശികല കയറി. എന്നാൽ, ഒരു സാധാരണ തടവുപുള്ളിയായിരുന്നില്ല ശശികല അവിടെ. ജയിൽ ചട്ടങ്ങൾ ലംഘിച്ച് ശശികലയ്ക്കും സഹതടവുകാരിയും സഹോദര ഭാര്യയുമായ ഇളവരശിക്കുമായി സൗകര്യങ്ങൾ ഏറെ ഒരുക്കിയിരുന്നു. രണ്ടുകോടി രൂപയാണത്രേ ഇതിനായി ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കുലി നൽകിയത്.
പക്ഷേ ശശികലയുടെ സുഖവാസം തീർന്നത് ഡി.രൂപയുടെ ഇടപെടലിനെ തുടർന്നാണ്. കർണാടക ജയിൽ ഡിഐജി ആയിരുന്നു അവർ ആ സമയത്ത്. ജയിൽ അധികൃതർക്ക് 2 കോടി രൂപ കൈക്കൂലി നൽകിയാണു ശശികല പ്രത്യേക സൗകര്യങ്ങൾ തരപ്പെടുത്തിയതെന്ന് അറിയിച്ച് ജയിൽ ഡിജിപി എച്ച്.സത്യനാരായണ റാവുവിന് എതിരെ രൂപ റിപ്പോർട്ട് നൽകി. സംഭവം വിവാദമായതോടെ അന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, ജയിൽ വകുപ്പിനും തനിക്കുമെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്നു കാണിച്ച് റാവു രൂപയ്ക്കെതിരെ 20 കോടി രൂപയുടെ അപകീർത്തിക്കേസ് നൽകിയിരുന്നു. പക്ഷേ ഈ കേസ് 2022 ജൂണിൽ കർണാടക ഹൈക്കോടതി റദ്ദാക്കി.
അതിനിടെ ശശികലയ്ക്ക് ജയിൽ അധികൃതർ വിഐപി പരിഗണന നൽകിയിരുന്നതായി വിവരാവകാശ രേഖ പുറത്തു വന്നതോടെ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ ബാരിക്കേഡ് കൊണ്ടു പ്രത്യേക ഇടനാഴി തിരിച്ച് ശശികല സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നതായി രൂപയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ശശികലയും ഇളവരശിയും ജയിലിനു പുറത്തു നിന്നു സിവിൽ വേഷത്തിൽ പ്രധാനകവാടത്തിനുള്ളിലേക്കു കയറി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾക്കൊപ്പം ഇതുസംബന്ധിച്ച തെളിവുകളും രൂപ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എസിബി) സമർപ്പിച്ചിരുന്നു.
ഇടനാഴിയുടെ ഇരു വശങ്ങളും 120-150 അടി നീളത്തിൽ ബാരിക്കേഡുകൾ കൊണ്ട് അടച്ചുകെട്ടിയ നിലയിലായിരുന്നത്രേ. ഇതിനുള്ളിലെ അഞ്ചു സെല്ലുകൾ പൂർണമായും ശശികലയുടെ അധീനതയിലായിരുന്നു. ഈ സെല്ലുകളിൽ ശശികലയുടെ വസ്ത്രങ്ങൾ, കിടക്ക, പാചകത്തിനുള്ള പാത്രങ്ങൾ, കുടിവെള്ള ഡിസ്പെൻസർ, ഇലക്ട്രിക് ഇൻഡക്ഷൻ സ്റ്റൗ എന്നിവയാണ് സൂക്ഷിച്ചിരുന്നതെന്നും എസിബിക്കുള്ള കത്തിൽ പറയുന്നു. ശശികലയ്ക്കു സന്ദർശകരെ കാണാൻ പ്രത്യേക മുറി ഒരുക്കിയിരുന്നതിനും തെളിവുണ്ട്.
കറങ്ങുന്ന കസേര, മേശ, മറ്റു നാലു കസേരകൾ, പുറത്തു നിന്നുള്ളവർക്ക് മുറിയിലേക്ക് കാഴ്ച മറച്ച് കർട്ടനുകൾ തുടങ്ങിയവയും അനുവദിച്ചിരുന്നു. ശശികലയ്ക്കും ഇളവരശിക്കുമായി പ്രത്യേക പാചകക്കാരി, സന്ദർശകർക്ക് സമയക്രമമില്ലാതെ അനുമതി, പുറത്തുപോകാനും വരാനുമുള്ള സൗകര്യം എന്നിവയും നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു വിങ്ങിലെ തടവുകാരെയെല്ലാം ഒഴിപ്പിച്ചാണ് 5 സെല്ലുകൾ ശശികലയ്ക്കു നൽകിയത്. കൂട്ടമായെത്തുന്ന സന്ദർശകരുമായി 4 മണിക്കൂർ വരെ സ്വന്തം സെല്ലിൽ ശശികല ചെലവഴിച്ചിരുന്നു. ഇഷ്ടമുള്ള ഭക്ഷണം സെല്ലിൽ തന്നെ പാകപ്പെടുത്തി കൊടുക്കാൻ പാചകക്കാരിയും പ്രഷർ കുക്കർ അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയെന്നും വിവരാവകാശരേഖയിലൂടെ ജയിൽ അധികൃതർ സമ്മതിച്ചു.
ജയിലുകൾ ശുദ്ധീകരിക്കപ്പെടുന്നു
പ്രതിരോധത്തിലായ സർക്കാർ പക്ഷേ, ജയിൽ ഡിഐജി ഡി. രൂപയ്ക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയാണ് പ്രതികാരം തീർത്തത്. ഈ വിവരവും പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ രൂപ നേരിട്ട പുറത്തുവിട്ടു. അതിനിടെ അവർക്ക് വധഭീഷണിയുമുണ്ടായി. സ്വന്തം ഡിപ്പാർട്ട്മെന്റിലെ ഉന്നതർ ഒന്നടങ്കം എതിരാളിയിട്ടും രൂപ കുലുങ്ങിയില്ല.
.സംസ്ഥാന ജയിൽ ഡിജിപി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള തന്റെ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന് അവർ പറഞ്ഞു. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കു മുന്തിയ പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ അടങ്ങിയ വിഡിയോ ദൃശ്യം ഉദ്യോഗസ്ഥരിൽ ചിലർ നശിപ്പിച്ചതായി ഡി. രൂപ ആരോപിച്ചു. ജയിലിലെ ക്രമക്കേടുകൾ സംബന്ധിച്ചു സമർപ്പിച്ച റിപ്പോർട്ടിനു ബലംനൽകുന്ന ദൃശ്യങ്ങൾ വിഡിയോ ക്യാമറ ഉപയോഗിച്ചു താൻ നേരിട്ടാണു പകർത്തിയത്. താൻ വനിതാ സെൽ സന്ദർശിച്ചില്ലെന്ന ഡിജിപി സത്യനാരായണ റാവുവിന്റെ പ്രസ്താവനയെയും ഇവർ തള്ളി.
അതിനിടെ പുതുതായി ചുമതലയേറ്റ പ്രിസൺസ് എഡിജിപി എൻ.എസ്.മേഘരിക് ഇടപെട്ട് ജയിൽ നിയമങ്ങൾ കർശനമാക്കിയതോടെ, വിഐപി പരിഗണന ലഭിച്ചിരുന്ന ശശികല വീണ്ടും സാധാരണ തടവുകാരിയായി. സന്ദർശകരെ കാണാൻ പ്രത്യേക മുറിയും ഇഷ്ട ഭക്ഷണത്തിന് അടുക്കള സംവിധാനവും വിലപിടിപ്പുള്ള ഇഷ്ടവേഷവും അണിഞ്ഞ് ജയിലിലെ വനിതാ സെല്ലിൽ ആത്മകഥാ രചനയിൽ മുഴുകിയിരുന്ന ശശികല, ഇതോടെ ജയിൽ വേഷമായ വെള്ള സാരിയിലേക്കു മാറി. മേഘരിക് ഇടപെട്ട് ജയിലിലെ സന്ദർശന സമയം 10 മിനിറ്റായി ചുരുക്കി. ഡി.രൂപയുടെ റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ മദ്യം, ബീഡി, സിഗരറ്റ്, കഞ്ചാവ് തുടങ്ങിയവ ജയിലിനുള്ളിലേക്ക് കടത്തിക്കൊണ്ടു വരാതിരിക്കാനുള്ള കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
സംഭവം കേസുമായി. പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ടായിരുന്ന കൃഷ്ണ കുമാർ, സൂപ്രണ്ട് അനിത എന്നിവരാണ് കുറ്റപത്രത്തിൽ ഒന്നും രണ്ടും പ്രതികൾ. സഹോദര ഭാര്യ ഇളവരശിയും ശശികലയ്ക്കൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ശശികലയ്ക്ക് ഒപ്പം മുദ്രപത്ര കുംഭകോണ കേസിലെ പ്രതി അബ്ദുൽ കരീം തെൽഗിക്കും മറ്റും ജയിലിൽ പ്രത്യേക പരിഗണന ഒരുക്കിയെന്ന വാർത്തയും ഇതോടെ പുറത്തുവന്നു. പക്ഷേ ഒരുകാര്യം ഉറപ്പിച്ച് പറയാൻ കഴിയും. കുത്തഴിഞ്ഞ് കിടന്നിരുന്ന കർണ്ണാടകയിലെ ജയിലുകളെ മാറ്റിയെടുക്കാൻ ഈ നീക്കം കൊണ്ട് കഴിഞ്ഞു. അതിന് പൊതുസമൂഹം കടപ്പെട്ടിരിക്കുന്നത് രൂപയോടാണ്. പക്ഷേ അതോടെ അവർ വീണ്ടും സ്ഥലം മാറ്റി.
ആരാണ് രോഹിണി സിന്ദൂരി?
ഇപ്പോൾ രൂപ വീണ്ടും വാർത്തകളിൽ നിറഞ്ഞത്, രോഹിണി സിന്ദൂരി ഐഐസുമായുള്ള പ്രശ്നങ്ങളെ തുടർന്നാണെല്ലോ. പക്ഷേ രൂപ ആരോപിക്കുന്നപോലെ അത്ര കുഴപ്പം പിടിച്ച ഉദ്യോസ്ഥയൊന്നുമല്ല അവർ എന്ന് കരിയർ പരിശോധിച്ചാൽ അറിയാം. 2009 ബാച്ചിൽ നിന്നുള്ള കർണാടക കേഡറിലെ ഐഎഎസ് ഓഫീസറായ രോഹിണി സിന്ദൂരി വളരെ പെട്ടെന്നാണ് കർണ്ണാടകയിലെ സെലിബ്രിറ്റി ഓഫീസറായി മാറിയത്.
1984 മെയ് 30ന് ആന്ധ്രാപ്രദേശിലാണ് സിന്ദുരി ജനിച്ചത്. ബി.ടെക്, കെമിക്കൽ എഞ്ചിനീയറിങ് പഠിച്ചതിനുശേഷമാണ് ഐഎഎസ് നേടിയത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള സോഫ്റ്റ്വെയർ എഞ്ചിനീയർ സുധീർ റെഡ്ഡിയെയാണ് ഭർത്താവ്. ഒരു മകനും ഒരു മകളുമുണ്ട്. തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ നിരവധി ഭാഷകളിൽ അവർ നന്നായി സംസാരിക്കും.
2011 ഓഗസ്റ്റ് 29 മുതൽ 2012 ഓഗസ്റ്റ് 31 വരെ കർണ്ണാടകയിലെ തുംകൂരിൽ അസിസ്റ്റന്റ് കമ്മീഷണറായാണ് ആദ്യ നിയമനം. 2012 ഡിസംബർ 31 വരെ ആ സ്ഥാനത്ത് തുടർന്നു. നികുതി പിരിവ് കമ്പ്യൂട്ടറൈസ് ചെയ്യൽ, പുറമ്പോക്ക് ഭൂമിയും അനധികൃത കൈയേറ്റങ്ങളും തിരിച്ച് പിടിക്കൽ, തുടങ്ങിയവയിലുടെ അവർ കൈയടി നേടി. ഒഴിഞ്ഞു കിടന്നിരുന്ന കോർപ്പറേഷന്റെ കടകൾ ലേലം ചെയ്തു, 10 കോടിയുടെ വരുമാനം ഉണ്ടാക്കി. എം.ജി.റോഡിലെ കയ്യേറ്റങ്ങൾ നീക്കി. ജില്ലയിലെ ഏറ്റവും തിരക്കേറിയ റോഡിൽ പണി പൂർത്തിയാക്കിയതിന് തുംകൂറുകാർ ഇന്നും അവരെ സ്നേഹപൂർവ്വം സ്മരിക്കുന്നു.
മാണ്ഡ്യ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോലിനോക്കിയപ്പോഴും അവർ പേരെടുത്തു. 2014-15 കാലയളവിൽ 1.02 ലക്ഷം കുടുംബങ്ങൾക്ക് വ്യക്തിഗത ടോയ്ലറ്റുകൾ നൽകാനുള്ള പദ്ധതി തുടങ്ങി. ജില്ലയിലുടനീളം 1,00,000 വ്യക്തിഗത ടോയ്ലറ്റുകൾ നിർമ്മിച്ചു, ഇത് സ്വച്ഛ് ഭാരത് അഭിയാനിൽ ജില്ലയെ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചു. അങ്ങനെ നിരവധി പദ്ധതികൾ. ജില്ലയിലെ പെൺഭ്രൂണഹത്യക്കെതിരെ അവർ നടപടിയെടുത്തു. ആരോഗ്യ വകുപ്പിനെയും ആശാ പ്രവർത്തകരെയും സംഘടിപ്പിച്ച് നടത്തിയ കാമ്പയിനും വാർത്തയായി. വ്യക്തിഗത ടോയ്ലറ്റുകളുടെ പ്രചാരണത്തിനായി അവർ അതിരാവിലെ ഗ്രാമവാസികളെ കാണാറുണ്ടായിരുന്നു. മുൻജാനെ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമിന് നല്ല പ്രതികരണം ലഭിക്കുകയും നന്നായി അഭിനന്ദിക്കുകയും ചെയ്തു.
പിന്നീട് ഹാസൻ ജില്ലയിൽ എത്തിയപ്പോഴും അവർ പേരെടുത്തു. ജില്ലയിൽ വ്യാപകമായിരുന്ന മണൽ മാഫിയയെ നിയന്ത്രിച്ചത് ചർച്ചയായി. അന്ന് വമ്പൻ റെയ്ഡുകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. ഹാസൻ ജില്ലാ കളക്ടറായി ഏഴുമാസത്തിനുള്ളിൽ രോഹിണി സിന്ദൂരിയെ സ്ഥലം മാറ്റിയതും വിവാദമായി. പ്രാദേശിക രാഷ്ട്രീയക്കാരനും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ സമ്മർദ്ദത്തെ തുടർന്നാണ് സ്ഥലംമാറ്റം. തുടർന്ന് ചിലർ ഹൈക്കോടതിയെ സമീപിച്ചതോടെ ഇത് സ്റ്റേ ചെയ്തു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അവരെ വീണ്ടും ഹാസൻ കലക്ടറായി നിയമിച്ചു. ഈ രീതിയിൽ അഴിമതിക്കെതിരെ പോരാടിയ പാരമ്പര്യം തന്നെയാണ് സിന്ദൂരിക്കും പറയാനുള്ളത്.
രോഹിണി അഴിമതിക്കാരിയോ?
ഒരുകാലത്ത് സിന്ദൂരി രോഹിണി ഐഎഎസും, രൂപ ഐപിഎസും അടുത്ത സുഹൃത്തുക്കൾ ആയിരുന്നുവെന്നും ചില കന്നട പത്രങ്ങൾ എഴുതുന്നുണ്ട്. തീർത്തും റെബൽ ആയ രൂപയോട്, സിവിൽ സർവീസ് അസോസിയേഷനുകൾക്കും കലിപ്പായിരുന്നു. ജനകീയ ഐഎഎസ് ഓഫീസർ എന്ന നിലയിൽ രോഹിണി സിന്ദൂരി വളരെ പെട്ടന്ന് ഉയർന്നുവന്നതിന്റെ ഈഗോയും ഇതോടൊപ്പം ഉണ്ടാവുമെന്നാണ് ചില കന്നട പത്രങ്ങൾ പറയുന്നത്. പക്ഷേ രോഹിണി അഴിമതിക്കാരുമായി സഖ്യപ്പെട്ടതാണ് രൂപയെ ചൊടിപ്പിച്ചതെന്നാണ് അവരെ അനുകൂലിക്കുന്നവർ പറയുന്നത്.
മൈസൂരു കെആർ നഗറിൽ നിന്നുള്ള ജെഡിഎസ് എംഎൽഎയും മുൻ മന്ത്രിയുമായ മഹേഷിന്റെ കൺവൻഷൻ ഹാൾ, മഴവെള്ളക്കനാൽ കയ്യേറി നിർമ്മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്നാണ് രൂപയുടെ ആരോപണം. മൈസുരുവിൽ ജെഡിഎസ് എംഎൽഎയുടെ കെട്ടിടം കയ്യേറ്റമാണെന്ന് റിപ്പോർട്ട് നൽകിയതിന്റെ പേരിൽ രോഹിണിക്ക് സ്ഥലം മാറ്റം നേരിടേണ്ടി വന്നിരുന്നത്.
ഇതിന്റ ഭാഗമായി ഉണ്ടായ വാക്പോരിന് പിന്നാലെയാണ് രോഹിണി സിന്ദൂരിയുടെ ഏതാനും സ്വകാര്യ ചിത്രങ്ങൾ രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ഇവ പങ്കുവെച്ചത്. ചിത്രങ്ങൾ മറ്റു പല കാര്യങ്ങളും തുറന്നുകാട്ടുന്നുണ്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
കോവിഡ് കാലത്തു ചാമരാജ്പേട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഓക്സിജൻ കിട്ടാതെ 24 പേർ മരിക്കാനിടയായ സംഭവത്തിൽ, മൈസൂരു കലക്ടറെന്ന നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിൽ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആക്ഷേപം ഉയർത്തിയിട്ടുണ്ട്. ''ഒരു വനിത ഐഎഎസ് ഉദ്യോഗസ്ഥ ഇത്തരം ഫോട്ടോകൾ അയക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്. ഒന്നോ, രണ്ടോ അല്ല, മൂന്ന് പുരുഷ ഉദ്യോഗസ്ഥർക്കാണ് ഫോട്ടോകൾ അയച്ചിട്ടുള്ളത്. അപ്പോൾ ഇതിനെ വ്യക്തിപരം എന്ന് പറയാൻ കഴിയില്ല.'' രൂപ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ടാണ് രൂപ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും, ആർക്കാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി വെല്ലുവിളിച്ചു. രോഹിണി വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. താൻ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും നിരുപാധികമായി മാപ്പ് എഴുതി നൽകണമെന്നുമാണ്, രോഹിണി സിന്ദൂരി ഡി. രൂപക്ക് അയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വാൽക്കഷ്ണം: എന്തായാലും കർണ്ണാടകയിലെ ഐഎഎസ്- ഐപിസ് പോര് ഒരു കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയിലെ സിവിൽ സർവീസ് എന്നത് ഇപ്പോഴും രാഷ്ട്രീയക്കാരന്റെ കൈയിലെ ചട്ടുകം തന്നെയാണെന്ന്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ