- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
32 വയസ്സിനപ്പുറം ആയുസുണ്ടാവില്ലെന്ന് ജോത്സ്യ പ്രവചനം; പരിഹാരമായി 20ാം വയസ്സിൽ തുടങ്ങിയ സന്യാസ ജീവിതം; കോടമ്പോക്കത്തെ ക്ഷേത്രങ്ങളിലെ പ്രസാദം കഴിച്ച് വിശപ്പടക്കി; രക്ഷിച്ചത് മലയാളി സംഗീതജ്ഞൻ രാജാമണി; ഇപ്പോൾ നാട്ടുനാട്ടുവിലൂടെ ഓസ്‌ക്കാർ നിറവിൽ; സന്യാസത്തിൽനിന്ന് സംഗീതത്തിലേക്ക്! കീരവാണിയുടെ ജീവിതവും സിനിമാറ്റിക്ക്
'നാട്ടു നാട്ടുനാട്ടു നാട്ടു'.... ലോകം മൂഴുവൻ ഏറ്റെടുത്തിരിക്കയാണ് ഒരു ഇന്ത്യൻ സംഗീതഞ്ജന്റെ ആ ഗാനം. എ ആർ റഹ്‌മാനുശേഷം, കൊഡൂരി മരഗതമണി കീരവാണി എന്ന എം എം. കീരവാണി ഓസ്‌ക്കാർ അവാർഡ് നേടി ഇന്ത്യയുടെ അഭിമാനം ഉയർത്തിയിരിക്കയാണ്. ഈ 61കാരന് സംഗീതം ജീവനോപാധിയല്ല. ശരിക്കും ഒരു ഉപാസനയാണ്. മരണത്തിൽനിന്ന് തന്നെ രക്ഷിച്ച് കുടെ നിർത്തുന്നത്, ഈ സംഗീത ലോകത്തിലൂടെ കിട്ടിയ അനുഗ്രഹമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
2009ൽ സ്ലം ഡോഗ് മില്യനയറിലെ ജയ്ഹോ എന്ന ഗാനത്തിലൂടെ എ ആർ റഹ്‌മാൻ സമ്മാനിച്ച ഓസ്‌കർ മാധുര്യം രുചിച്ചറിഞ്ഞ ഇന്ത്യൻ സംഗീതാധാകർക്ക് കീരവാണി സമ്മാനിച്ചത് ഇരട്ടി മധുരമാണ്. സ്ലംഡോഗ് മില്യനെയർ ഒരു ബ്രിട്ടിഷ് പശ്ചാത്തല ചിത്രമായിരുന്നു. പൂർണമായും ഇന്ത്യൻ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കപ്പെട്ട ഒരു ഗാനത്തിനു ലഭിക്കുന്ന ആദ്യ ഓസ്‌കർ ആണ് നാട്ടുനാട്ടു സ്വന്തമാക്കിയത്.
ആർ ആർ ആർ എന്നു ചിത്രത്തിനു പേരിട്ടപ്പോൾതന്നെ അതിനൊരു താളമുണ്ടായിരുന്നു. രണം, രുധിരം, രൗദ്രം എന്ന ടൈറ്റിൽ തന്നെ ചടുലം. ഒടുവിൽ സിനിമ ബിഗ് സ്‌ക്രീനിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ നൃത്തം ചെയ്യിച്ചൊരു ആഘോഷഗാനം സിനിമയുടെ ഹൈലൈറ്റായി മാറി. ഓസ്‌കർ വേദിയിൽ നാട്ടുനാട്ടുഗാനം കൊടിപാറിക്കുമ്പോൾ അത് ലോകവേദിയിൽ ഇന്ത്യയുടെ നാട്ടുപാട്ടിനുള്ള അംഗീകാരംകൂടിയാകുകയാണ്.സംഗീതം കൊണ്ടു ലോകം കീഴടക്കിയ കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് വരെ ഇപ്പോൾ ഈ ഗാനത്തിന്റെ ആരാധകരാണ്. ബ്രഹ്‌മാണ്ഡ ചിത്രം അവതാറിന്റെ സംവിധായകൻ ജെയിംസ് കാമറൂൺ ഉൾപ്പെടെയുള്ളവർ നാട്ടുനാട്ടുവിനാണ് വോട്ട് ചെയ്തതെന്ന് പരസ്യമായി പറഞ്ഞു കഴിഞ്ഞു. തെലുങ്കാനയുടെ നാട്ടുപാട്ടിന്റെ താളം ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കാൽ ഈ പടത്തിലൂടെ കീരവാണിക്ക് കഴിഞ്ഞു.
80കളുടെ തുടക്കതിൽ മദിരാശി പട്ടണത്തിലെ സ്റ്റുഡിയോകളിൽ ചാൻസ് ചോദിച്ച് ചെന്നിരുന്ന, പലരും ഭ്രാന്തനെപ്പോലെ കണ്ടിരുന്ന ഒരു കാഷായ വേഷധാരിയുണ്ടായിരുന്നു. ഈ സന്യാസിക്ക് എന്താണ് സിനിമയിൽ കാര്യമെന്ന് ചോദിച്ച് പലരും അയാളെ ആട്ടി വിട്ടു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും അയാളുടെ കൈയിൽ കാശില്ലായിരുന്നു. ആ മനുഷ്യനാണ് ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിച്ച അവാർഡ് നേടി, ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിപ്പിടിച്ചിരിക്കുന്നത്. സിനിമപോലെ നാടകീയമാണ് എം എം കീരവാണിയുടെ ജീവിത കഥയും!
യൗവനത്തിലെ സന്യാസം
തെലുങ്കുനാട്ടിലെ ഏത് ശരാശരി കുടുംബത്തെപ്പോലെയും കടുത്ത വിശ്വാസികൾ ആയിരുന്നു കീരവാണിയുടെ കുടുംബവും. ആന്ധ്രയിലെ പടിഞ്ഞാറൻ ഗോദാവരി തീരത്തെ കൊവ്വൂരിലാണ് ജനനം. അഞ്ചു ഭാഷകളിൽ കവിതയും കഥയും എഴുതുകയും ഹാർമോണിയവും സിത്താറും വായിക്കുകയും ചെയ്തിരുന്ന കൊഡൂരി ശിവശക്തി ദത്തയാണ് പിതാവ്. അമ്മ ശീവല്ലി. കൊഡൂരി മരഗതമണി എന്നതാണ് യാഥർഥപേര്. പക്ഷേ പിതാവ് തന്റെ പ്രിയപ്പെട്ട രാഗമായ കീരവാണിയുടെ പേര് സംഗീതത്തിൽ തൂലികാനാമമായി മകന് ഇട്ടു. അങ്ങനെ കൊഡൂരി മരഗതമണി കീരവാണി എന്ന എം. എം. കീരവാണിയായി.
ചെറുപ്പത്തിലെ ജാതകവും ജ്യോതിഷവും നോക്കി അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്ന, പരമ്പാഗത വിശ്വാസി കുടുംബമായിരുന്നു അവർ. അങ്ങനെ കീരവാണിയുടെ ജാതകം കുടുംബ ജോത്സ്യനെകൊണ്ട് ചെറുപ്പത്തിൽ നോക്കിച്ചപ്പോൾ പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് ഒരു 20 വയസ്സ് എത്തി നിൽക്കേ കുടുംബത്തിലെ മൊത്തം അംഗങ്ങളുടെ ജാതകം നോക്കുന്ന ഒരു ചടങ്ങ് വീട്ടിൽ നടന്നു. അതിന്റെ ജോത്സ്യ പ്രവചനം ഞെട്ടിക്കുന്നതായിരുന്നു. 32 വയസിനപ്പുറം കീരവാണിക്ക് ആയുസുണ്ടാവില്ല എന്നായിരുന്നു അത്. അതുകേട്ട് കുടുംബാംഗങ്ങൾ തകർന്നുപോയി. പക്ഷേ കീരവാണി അക്ഷോഭ്യനായിരുന്നു.
ഒരു തമിഴ് ചാനലിന് നൽകിയ ഇന്റവ്യൂയിൽ കീരവാണി ആ സംഭവം ഇങ്ങനെ പറയുന്നു. ''എന്തുപ്രശ്നത്തിനും ഒരു പരിഹാരം ഉണ്ടാവുമല്ലേ. ഞാൻ ജോത്സ്യനോട് ചോദിച്ചു. എന്താണ് പരിഹാരം. ജ്യോത്സ്യൻ പറഞ്ഞു. 'ഒരു വഴിയേ ഉള്ളൂ. താൻ ജീവിച്ചു കഴിഞ്ഞു എന്ന് കരുതുക. 32 വയസിന് അപ്പുറത്തേക്ക് ചെയ്യാനുള്ളത് ഇപ്പോഴേ ചെയ്ത് തീർക്കുക. അങ്ങനെ താൻ മരിച്ചു കഴിഞ്ഞുവെന്ന് സമയത്തെ തെറ്റിദ്ധരിപ്പിച്ച് വിധിയെ മറികടക്കുക. വേറെ മാർഗമില്ല'- അത് എങ്ങനെയാണ് പ്രായോഗികമാക്കുക എന്നായിരുന്നു എന്റെ സംശയം. അപ്പോൾ ജോത്സ്യൻ പറഞ്ഞു. 'ഹിന്ദു വിശ്വാസമനുസരിച്ച് ഗൃഹസ്ഥാശ്രമം കഴിഞ്ഞാണല്ലോ വാനപ്രസ്ഥവവും സന്യാസവും വരുന്നത്. താൻ ഇപ്പോഴേ സന്യാസത്തിന് പോവുക. 32 വയസ് കഴിഞ്ഞാൽ തിരികെ വന്ന് ഗാർഹസ്ഥ്യം സ്വീകരിക്കുക'- - അതായിരുന്നു, ജ്യോത്സ്യന്റെ പരിഹാരം.
അങ്ങനെ കുടുംബം ആ ചെറുപ്പക്കാരനെ സന്യാസത്തിന് വിടാൻ തീരുമാനിച്ചു. യൗവനം തിളച്ചു നിൽക്കുന്ന സമയത്ത്, കൂട്ടുകാർ എല്ലാവരും അടിപൊളി ജീവിതം നയിക്കുന്ന സമയത്ത്, അയാൾ സന്യാസിയാണ്. തല മുണ്ഡനം ചെയ്ത് കാവി ധരിച്ച് കർണാടകത്തിലെ റായ്ച്ചൂരിലേക്ക് പോയി. ആകെ അറിയാവുന്നത് സംഗീതമാണ്. പക്ഷേ അവിടെ അതിന് യാതൊരു സ്‌കോപ്പുമില്ല.
പാട്ട് പാടിയോ സംഗീതം ചെയ്തോ ജീവിക്കാൻ പറ്റിയ ഇടം അന്നത്തെ മദിരാശിയാണെന്ന് മനസിലാക്കി അവിടേക്ക് വണ്ടി കയറി. അവിടെ ഒരു ആശ്രമത്തിലായിരുന്നു ജീവിതം. പകൽ സ്റ്റുഡിയോകൾ തോറും അവസരം തേടി കയറിയിറങ്ങും. രാത്രി ആശ്രമത്തിലെ വെറും നിലത്ത് കിടന്നുറങ്ങും. ക്ഷേത്രങ്ങളിലെ പ്രസാദം കൊണ്ട് വിശപ്പടക്കും. സന്യാസി വേഷത്തിലെത്തുന്ന സംഗീതകാരന് ആരും അവസരം കൊടുത്തില്ല. കാഷായവേഷത്തിൽ സ്റ്റുഡിയോവിലെത്തുന്ന അയാളെ ഒരു ഭ്രാന്തനെപ്പോലെയാണ് സിനിമാ ലോകം കണ്ടത്.
രക്ഷിച്ചത് രാജാമണി
മദിരാശിയിലെ ആ പട്ടിണിക്കാലത്തിൽ നിന്ന് തന്നെ രക്ഷിച്ചത് മലയാളി സംഗീത സംവിധായകൻ രാജാമണിയാണെന്ന്, കീരവാണി എവിടെയും പറയാറുണ്ട്. കാഷായ വേഷധാരിയായ അന്തർമുഖനും നിസ്സഹായനുമായ ആ ചെറുപ്പക്കാരനെ, രാജാമണി തന്റെ സഹായിയായി ഒപ്പം കുട്ടി. മലയാളത്തിന്റെ സംഗീത സംവിധായകൻ ബി.എ.ചിദംബരനാഥിന്റെ മകൻ രാജാമണിക്ക് മദിരാശിയിൽ അന്ന് ഭേദമില്ലാത്ത വർക്കുകൾ ഉണ്ടായിരുന്നു. അതോടെ കീരവാണിയുടെ സന്യാസ ജീവിതം സംഗീത ജീവിതത്തിലേക്ക് മാറി. തന്നെ സഹായിയായി ഒപ്പം കൂട്ടിയ രാജാമണിയെ കീരവാണിയും മറന്നില്ല. പിന്നീട് രാജാമണിയെക്കാൾ പേരെടുത്ത സംഗീത സംവിധായകനായപ്പോൾ കീരവാണി രാജാമണിയെ തന്റെ ചീഫ് മ്യൂസിക്ക് കണ്ടക്ടറാക്കി. അങ്ങനെ രാജാമണി തന്റെ അസിസ്റ്റന്റിന്റെ കീഴിൽ പണിയെടുത്തു. അപ്പോഴും രാജാമണി സാർ എന്നാണ് കീരവാണി വിളിക്കുക. ഈ ഓസ്‌ക്കാർ തിളക്കത്തിലും അദ്ദേഹം ആദ്യം ഓർക്കുന്ന പേരും രാജാമണിയുടേത് തന്നെ.
പക്ഷേ പിന്നീട് നിന്നുതിരിയാൻ സമയമില്ലാതെ അതി പ്രശ്തനായിട്ടും കീരവാണി സന്യാസവും ആത്മീയ അന്വേഷണവും ഉപേക്ഷിച്ചില്ല. കീരവാണിയുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയായ കെ എസ് ചിത്ര ഇങ്ങനെ പറയുന്നു. ''കീരവാണി സാർ ചില സമയത്ത് ചില പ്രത്യേക തീരുമാനങ്ങളെടുക്കും. കുറേ വിശ്വാസങ്ങളുള്ള ആളാണ് അദ്ദേഹം. ഒരിക്കൽ അദ്ദേഹം പറഞ്ഞു, കുറച്ചു കാലത്തേയ്ക്ക് സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചു എന്ന്. അങ്ങനെ ഏകദേശം മൂന്നു വർഷത്തോളം അദ്ദേഹം സന്യാസിയായി കഴിഞ്ഞു. കാഷായ വസ്ത്രം ധരിച്ച് കുടിൽ കെട്ടി ആശ്രമം പോലെയുണ്ടാക്കി അവിടെ ഏതാനും സന്യാസിമാർക്കൊപ്പം താമസിക്കുകയൊക്കെ ചെയ്തു. അതൊക്കെ അദ്ദേഹത്തിന്റെ ചില പ്രത്യേക രീതികളും ചിന്തകളുമാണ്. ആ സമയത്തും റെക്കോർഡിങ്ങിനു വേണ്ടി സ്റ്റുഡിയോയിലേയ്ക്കു വരുമായിരുന്നു. കാഷായവസ്ത്രത്തിൽ തന്നെയാകും സ്റ്റുഡിയോയിൽ എത്തുക. എന്നിട്ട് പാട്ടു പഠിപ്പിച്ച്, പാടിപ്പിച്ച് മടങ്ങി പോവുകയും ചെയ്തിരുന്നു.''- ചിത്ര ചൂണ്ടിക്കാട്ടി.
1986ൽ 'താളവട്ടം' സിനിമയുടെ റീ റെക്കോർഡിങ് വേളയിലെ അനുഭവം മ്യൂസിക്ക് ഡയറക്ടർ രഘുകുമാർ ഒക്കെ പങ്കുവെച്ചിട്ടുണ്ട്. ചെന്നൈ ജെമിനി സ്റ്റുഡിയോയിൽ അന്നൊരു സംഗീത സംഗമമുണ്ടായി. സംഗീത സംവിധായകനായി രഘുകുമാർ. മ്യൂസിക് കണ്ടക്ടറായി സി.രാജാമണി. കീ ബോർഡ് വായിക്കാൻ കൗമാരപ്രായം കടന്നിട്ടില്ലാത്ത ദിലീപ്. ജലതരംഗം ഒരുക്കാൻ തെലുങ്കിൽനിന്നു മരഗതമണി. ഇവർക്കൊപ്പം ജോലി ചെയ്തവർ എല്ലാം ഒരേസ്വരത്തിൽ പറഞ്ഞു, ഇവർ നാളെ സിനിമാ സംഗീതം മാറ്റിമറിക്കും. കൃത്യം അതുതന്നെ സംഭവിച്ചു. ദിലീപ് എആർ റഹ്‌മാനായി. ഓസ്‌ക്കാർ നേടി. മരഗതമണി എന്ന കീരവാണിയും അതേ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നു.
തെലുങ്കിൽ നിന്ന് ബോളിവുഡിലേക്ക്
മൂന്നു വർഷമാണ് കീരവാണി രാജാമണിക്കൊപ്പം സഹായിയായി കൂടിയത്. പിന്നെ തെലുങ്കു സംഗീത സംവിധായകൻ കെ.ചക്രവർത്തിയോടൊപ്പം. അതോടെ തെലുങ്കിൽ അറിയപ്പെടുന്ന മുഖമായി. 1990ൽ 'കൽക്കി' എന്ന തെലുങ്കുചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. പിന്നീട് ടി.എസ്.ബി.കെ മൗലിയുടെ 'മനസു മമത,' രാംഗോപാൽ വർമയുടെ 'ക്ഷണാ ക്ഷണം' എന്നിവയിലെ പാട്ടുകൾ ഇവ സൂപ്പർഹിറ്റായി. പിന്നെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
വൈകാതെ അദ്ദേഹം ബോളിവുഡിലുമെത്തി. 1995ൽ മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ക്രിമിനൽ എന്ന ചിത്രത്തിലെ 'തു മിലേ ദിൽ ഖിലേ' എന്ന ഗാനം കീരവാണിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഒരു പാശ്ചാത്യ ഗാനത്തിന്റെ ഈണം പകർത്തി എന്ന പേരിൽ അതിനൊപ്പം പഴിയും കേൾക്കേണ്ടി വന്നു. എനിഗ്മ എന്ന ജർമൻ സംഗീത ബാൻഡിന്റെ പ്രശസ്തമായ 'ഏജ് ഓഫ് ലോൺലിനസ്' അഥവാ 'ഏകാന്തതയുടെ കാലം' എന്ന ഗാനത്തിന്റെ തുടക്കം അതേപടി തന്റെ ഗാനത്തിന്റെ തുടക്കത്തിലും കീരവാണി ഉപയോഗിച്ചു. ഗാനനിരൂപകർ കൈയോടെ പൊക്കിയെങ്കിലും, ക്രിമിനൽ എന്ന പടം തന്നെ 1993ൽ പുറത്തിറങ്ങിയ ദി ഫ്യുജിറ്റീവ് എന്ന ഹോളിവുഡ് പടത്തിന്റെ പകർപ്പ് ആയതിനാൽ ഇത് ആരും കാര്യമാക്കിയില്ല. (ഹാരിസൺ ഫോഡിന്റെ അഭിനയം കൊണ്ട് ശ്രദ്ധേയമായ ഫ്യുജിറ്റീവിന് മലയാളത്തിലും പതിപ്പുണ്ടായി. സംഗീത് ശിവന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച നിർണയം.) ഈ ഒരു വിവാദം ഒഴിച്ചാൽ ക്ലീനാണ് കീരവാണിയുടെ സംഗീത ജീവിതം.
തന്റെ രണ്ടുപേരുകളെക്കുറിച്ചും അദ്ദേഹം ഇങ്ങനെ പറയുന്നു. '' സംസ്‌കൃതം അടക്കം അഞ്ചുഭാഷകളിൽ എഴുതാൻ കഴിയുന്നു ഒരു പണ്ഡിതനായിരുന്നു പിതാവ്. അദ്ദേഹം എനിക്കിട്ട പേരാണ് കീരവാണി. ഇരുപത്തൊന്നാമത്തെ മേളകർത്താരാഗമാണ് ഇത്. .തെലുങ്കിൽ ആ പേരിലാണ് ആദ്യകാല സിനിമകൾ ചെയ്തത്. തമിഴിൽ 'അഴകൻ' സിനിമയ്ക്കു പാട്ടൊരുക്കാൻ ചെന്നപ്പോൾ സംവിധായകൻ കെ. ബാലചന്ദർ സാറാണ്, മരഗതമണി എന്ന പേര് വീണ്ടെടുത്ത്.''ആ സിനിമയിലെ ഈണത്തിനു തമിഴ്‌നാട് സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു.
പക്ഷേ കീരവാണിക്ക് ഇന്ന് കാണുന്ന അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുന്നത് ബാഹുബലിയിലൂടെയാണ്. രാജമൗലിയെ പരിചയപ്പെടാൻ കഴിഞ്ഞത് തന്റെ ജീവിത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയിട്ടാണ് കീരവാണി പറയുന്നത്. ബാഹുബലി ഒന്നിൽ ഒരുപാട്ട് തന്റെ പിതാവ് എഴുതിയതാണെന്നും അദ്ദേഹം അഭിമാനത്തോടെ പറയും. '' രാജമൗലി സാറിന്റെ കോൺഫിഡൻസും ഡെഡിക്കേഷനും എന്നും എടുത്തു പറയേണ്ടതാണ്. കൂടെയുള്ളവരെ ഇത്രെേയറ മോട്ടിവേറ്റ് ചെയ്യിക്കാൻ കഴിയുന്ന ഒരു ഡയറസ്ടർ വേറെ ഇല്ല''- കീരവാണി പറയുന്നു.
ബാഹുബലിയേക്കാൾ പ്രിയം സൂര്യമാനസം
'അഴകനി'ൽ നായകനായിരുന്ന സൂപ്പർ താരം മമ്മൂട്ടിയാണ് കീരവാണിയെ മലയാളത്തിലേക്കു ക്ഷണിക്കുന്നത്. '' മമ്മൂട്ടി സാർ അക്കാലത്ത് എന്നെ പതിവായി ശിപാർശ ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് മലയാളത്തിൽ എത്തുന്നത്.പക്ഷേ തിരക്കുകൾ കാരണം കൂടുതൽ പ്രൊജ്ക്റ്റുകൾ ഏറ്റെടുക്കാൻ കഴിഞ്ഞില്ല.''- കീരവാണി പറയുന്നു.
1991ൽ ഐ.വി.ശശിയുടെ 'നീലഗിരി,' തുടർന്ന് വിജി തമ്പിയുടെ 'സൂര്യമാനസം'. ഭരതൻ 'ദേവരാഗം' എന്ന സിനിമയ്ക്കുവേണ്ടി വിളിക്കുമ്പോൾ തെലുങ്കിൽ കീരവാണി എന്ന പേരിൽ അദ്ദേഹം പ്രശസ്തനായിക്കഴിഞ്ഞിരുന്നു. ഭാവഗായകൻ പി.ജയചന്ദ്രനുനേരെ മലയാളസിനിമ മുഖംതിരിച്ചുനിന്നപ്പോഴാണ് 'ദേവരാഗം' എന്ന സിനിമയിലെ 'ശിശിരകാല മേഘമിഥുന' എന്ന ഗാനത്തിനു വേണ്ടി ആ സ്വരം തേടിച്ചെന്നത്. അത് ജയചന്ദ്രന് ശരിക്കും ഒരു ബ്രേക്കാണ്. '' തന്റെ പിതാവിനെപ്പോലെയാണ് ജയചന്ദ്രൻ സാറിന്റെ സ്വാഭാവം. ഒരു റെക്കോർഡർ കാണാതായതിനുവേണ്ടി അദ്ദേഹം രാത്രി വിളിച്ചത് ഞാൻ ഓർക്കുന്നുണ്ട്. എന്റെ പിതാവും അങ്ങനെയാണ്. ഒരു ചെറിയ സാധനം കണാതായാൽപോലും ഓർത്ത് കണ്ടെത്തും'- മാതൃഭൂമി ന്യുസിൽ ബിജു പങ്കജിന് നൽകിയ അഭിമുഖത്തിൽ കീരവാണി പറയുന്നു.
എസ്.ജാനകിയും പി.സുശീലയും തിളങ്ങിനിന്ന കാലത്തുതന്നെയാണ് കെ.എസ്.ചിത്രയെക്കൊണ്ടു പാടിച്ചത്. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഗായികയും ചിത്രതന്നെ. എല്ലാ ഭാഷയിലും മികച്ച ഗാനങ്ങൾ അദ്ദേഹം ചിത്രയ്ക്കുതന്നെ നൽകി. കീരവാണിയുടെ ആയിരത്തി മുന്നുറിലേറെ ഗാനങ്ങളിൽ, അയിരത്തിലും ചിത്ര പാടിയിട്ടുണ്ട്!
ഗായകനായും ഗാനരചയിതാവായും കൂടി കയ്യൊപ്പു ചാർത്തിയിട്ടുണ്ട് കീരവാണി. ബാഹുബലി-2ലെ 'ഒരു ജീവൻ' എന്ന ഗാനം അദ്ദേഹം ആലപിച്ചതാണ്. മലയാളത്തിൽ ഗുരുവായ രാജാമണിക്കുവേണ്ടി പാണൻ പാട്ടിൻ പഴംതാളിൽ (ആലഞ്ചേരി തമ്പ്രാക്കൾ), മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ (മാണിക്യച്ചെമ്പഴുക്ക) എന്നീ ഗാനങ്ങൾ പാടി. ബാഹുബലിയുൾപ്പെടെ പത്തിലേറെ സിനിമകളിൽ ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. മലയാളത്തിൽ സ്വർണച്ചാമരം, സ്നേഹ സാമ്രാജ്യം എന്നിങ്ങനെ ചില സിനിമകളിലെ ഗാനങ്ങൾക്കുകൂടി ഈണമിട്ടെങ്കിലും ആ ചിത്രങ്ങൾ പുറത്തിറങ്ങിയില്ല.
സൂര്യമാനസവും ദേവരാഗവും തന്റെ എക്കാലത്തെയും, പ്രിയപ്പെട്ട ചിത്രങ്ങൾ ആണെന്ന് മാതൃഭൂമി ന്യൂസിന് അഞ്ചുവർഷം മുമ്പ് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ''ബാഹുബലിയിൽ ഏതൊരു സിനിമയെയും പോലെ സാധാരണ സംഗീതമാണ് നൽകിയത്. അത് സിനിമക്ക് വേണ്ടിയുള്ള പാട്ടുകളാണ്. അത് പടത്തോടൊപ്പം കണ്ടാലെ ഇഫക്റ്റ് കിട്ടു. എന്നാൽ ദേവരാഗത്തിലെയും സൂര്യമാനസത്തിലെയും ഗാനങ്ങൾ കേട്ടാലേ നിങ്ങൾക്ക് അനുഭൂതി കിട്ടും. വിജി തമ്പി സാറിന്റെ സൂര്യമാനസം ഞാൻ ടോപ്പ് ടെൻ മൂവീസിൽ കണക്കാക്കുന്ന ചിത്രമാണ്.''-കീരവാണി പറയുന്നു.
അഭിനയിച്ച് കാണിച്ച് പാടിക്കും
തന്റെ പാട്ടുകളിൽ പെൺസ്വരമായി വാനമ്പാടി കെ.എസ്.ചിത്രയെ ആണ് കീരവാണി ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്നത്. തെലുങ്ക് ഭാഷ വശമില്ലാതിരുന്ന ചിത്രയ്ക്ക് തെലുങ്ക് പാട്ടിലെ വരികളുടെ അർഥം അഭിനയിച്ചു കാണിച്ചായിരുന്നു കീരവാണി പാട്ടുകൾ പഠിപ്പിച്ചിരുന്നത്. ചിത്രയുടെ പാട്ടും ആലാപനശൈലിയും തനിക്കേറെ ഇഷ്ടമാണെന്ന് അദ്ദേഹം പല ആവർത്തി പറഞ്ഞിട്ടുമുണ്ട്.
കീരവാണിയെക്കുറിച്ചുള്ള അനുഭവങ്ങൾ ചിത്ര പങ്കുവെക്കുന്നത് ഇങ്ങനെയാണ്. ''
തെലുങ്കിൽ ചക്രവർത്തി എന്ന വളരെ പ്രശസ്തനായിട്ടുള്ള ഒരു സംഗീതസംവിധായകനുണ്ടായിരുന്നു. വളരെ തിരക്കേറിയ സംഗീതജ്ഞനായിരുന്ന അദ്ദേഹം, ഒരു ദിവസം തന്നെ പല സ്ഥലങ്ങളിലായി അഞ്ചു റെക്കോർഡിങ്ങുകൾ വരെ നടത്തിയിരുന്നു. ഓരോ സ്ഥലത്തും റെക്കോർഡിങ് കാര്യങ്ങൾ നോക്കിയിരുന്നത് ഓരോരുത്തരാണ്. അന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സ് ആയി പ്രവർത്തിച്ചിരുന്നതിൽ ഒരാളായിരുന്നു കീരവാണി സർ. ഞാൻ ചക്രവർത്തി സറിനു വേണ്ടി പാടാൻ പോയ കാലത്താണ് ആദ്യമായി കീരവാണി സാറിനെ കാണുന്നത്.
കീരവാണി സർ പാട്ടുകൾ ചിട്ടപ്പെടുത്തുന്ന രീതി വളരെ വ്യത്യസ്തമാണ്. അത് വളരെ ഡ്രമാറ്റിക് ആയിരിക്കും. ആക്ഷനുകളോടെ പാടേണ്ട ഒരുപാട് പാട്ടുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ചില പാട്ടുകൾക്കിടയിൽ ഡയലോഗുകൾ വരും. ചിലതിന് പല ഭാവങ്ങളും കൊടുക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളിലൊക്കെ അത് എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹം അഭിനയിച്ചു കാണിക്കും. എനിക്ക് തെലുങ്ക് ഭാഷ അറിയാതിരുന്ന സമയത്ത് എന്നെക്കൊണ്ടു പാട്ടുകൾ പാടിപ്പിക്കുമ്പോൾ അദ്ദേഹം പാട്ടിന്റെ അർഥങ്ങളുൾപ്പെടെ എല്ലാം വിശദീകരിച്ചു തന്നിരുന്നു.
ഒരിക്കൽ കീരവാണി സാറിന്റെ സംഗീതത്തിൽ എസ്‌പിബി സാറിന്റെ ഒരു സോളോ റെക്കോർഡിങ് നടക്കുകയായിരുന്നു. പാട്ടിൽ ഞാൻ ഭാഗമാകുന്നുണ്ടെങ്കിലും എനിക്ക് അതിൽ വരികളൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് ചിരി, ചില ശബ്ദശകലങ്ങൾ എന്നിവ മാത്രമായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്. ആ പാട്ടിന്റെ വരികൾക്കനുസരിച്ചുള്ള ഒരു ഫീൽ കൊടുക്കണമായിരുന്നു. അന്ന് അത് എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം വിശദീകരിച്ചു. എനിക്കു മനസ്സിലാകും വിധത്തിൽ എല്ലാം പറഞ്ഞു പഠിപ്പിച്ചു തന്നതിന് അദ്ദേഹത്തോടു ഞാൻ കടപ്പെട്ടിരിക്കുകയാണ്. തെലുങ്ക് ഭാഷ സ്വായത്തമാക്കാൻ കീരവാണി സാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ രാഗങ്ങളെക്കുറിച്ചൊക്കെ അദ്ദേഹത്തിനു വളരെ അറിവുണ്ട്. ഓരോ പാട്ടും ഏതു രാഗത്തിൽ എങ്ങനെ ചെയ്താൽ നന്നാകുമെന്ന് സാറിനു വ്യക്തമായി അറിയാം.'' - കെ എസ് ചിത്ര പറയുന്നു.
വിമാനത്തിൽ കയറാൻ പേടി
വിചിത്രമായ ചില രീതികളുടെ പേരിൽ കുടി ചലച്ചിത്രലോകത്ത് അറിയപ്പെടുന്ന വ്യക്തിയാണ് കീരവാണി. സംഗീതം സംബന്ധിച്ച് ഏത് സാങ്കേതിക വിദ്യയും നിമിഷങ്ങൾ കൊണ്ട് ചെയ്യാൻ കഴിയുന്ന അദ്ദേഹത്തിന്, സംഗീതത്തിന് പുറത്തുള്ള കാര്യങ്ങളിൽ അത്ര ഗ്രാഹ്യം ഉണ്ടായിരുന്നില്ല. എടിഎം കാർഡ് വന്നിട്ടും എത്രയോകാലത്തിന്ശേഷമാണ് താൻ അത് ഉപയോഗിച്ചത് എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പ്രശസ്തമായ ഫോബിയ ആയിരുന്നു, വിമാനത്തിൽ കയറാനുള്ള പേടി. കീരവാണിയുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്രയൊക്കെ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. '' കീരവാണി സാർ ഞങ്ങളോട് ചോദിക്കുമായിരുന്നു. ഇത്രയും മണിക്കുർ വിമാനത്തിൽ പോയി നിങ്ങൾ എങ്ങനെയാണ് അമേരിക്കയിലൊക്കെ ഷോ നടത്തുന്നതെന്ന്. പക്ഷേ ഇപ്പോഴിതാ അദ്ദേഹം, കടൽ കടന്ന് യുഎസിലെത്തി ഓസ്‌ക്കാർ വാങ്ങിയിരിക്കുന്നു. ''- ചിത്ര ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആദ്യകാലത്ത് തീർത്തും അന്തർമുഖനായിരുന്നു കീരവാണി. തീരെ സെൽഫ് മാർക്കറ്റിങ്ങ് അറിയാത്തത് അദ്ദേഹത്തിന് വിനയായി. പക്ഷേ കൂടെ വർക്ക് ചെയ്തവരാണ് ഈ പ്രതിഭക്ക്വേണ്ടി ശിപാർശ ചെയ്തത്. മമ്മൂട്ടിയും, ചിരഞ്ജീവിയും എസ്‌പിബിയുമൊക്കെ അദ്ദേഹത്തിനുവേണ്ടി എന്നും നിലകൊണ്ടവരാണ്. അതുപോലെ സ്മാർട്ട്ഫോൺ പോലുള്ള കാര്യങ്ങളുടെ ഉപയോഗവും തനിക്ക് വഴങ്ങിയിരുന്നില്ല എന്നും ഏറെ പാടുപെട്ടാണ് അത് പഠിച്ചതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അതേസമയം സംഗീതത്തിലെ ഏത് ആധുനിക ഉപകരണവും, ടെക്ക്നോളജിയും, ഒരു തവണ കണ്ടാൽപോലും അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിയും. ഇപ്പോഴും കടുത്ത വിശ്വാസിയാണ് കീരവാണി. തിരുപ്പതി വെങ്കിടാചലപതിയാണ് ഇഷ്ടദൈവം. ജ്യോത്സ്യ പ്രവചനം തെറ്റിച്ച് താൻ ജീവിച്ചിരിക്കുന്നത് തന്നെ വെങ്കിടാചലപതിയുടെ അനുഗ്രഹം മൂലമാണെന്ന് കീരവാണി വിശ്വസിക്കുന്നു. നമ്മുടെ ശബരിമലയിലെ ഹരിവരാസനം പോലെ, തിരുപ്പതിയിലെ ദേവന്റെ ഉണർത്തുപാട്ടായ, സംഗീതം കമ്പോസ് ചെയ്തിരിക്കുന്നതും മറ്റാരുമല്ല.
തന്റെ മൂത്തമകന് കലാഭൈരവ് എന്ന സാക്ഷാൽ ശിവന്റെ പര്യായമിട്ടതും, തന്റെ വിശ്വാസത്തിന്റെ ഭാഗമാണണെന്ന് അദ്ദേഹം പറയുന്നു. കാലഭൈരവയും ഗായകനാണ്. ആർആറിലെ പുരസ്‌കാരം നേടിയ ഗാനം മാത്രമല്ല, ബാഹുബലി 2ലെ 'ദണ്ഡാളയാ' എന്ന ഇദ്ദേഹത്തിന്റെ ഗാനവും പ്രസിദ്ധം. ഇളയമകൻ ശ്രീസിംഹ 2019ൽ 'മാത്തു വഡലറ' എന്ന തെലുങ്കുചിത്രത്തിൽ സഹോദരന്റെ ഈണത്തിൽ അച്ഛനൊപ്പം പാടി. കീരവാണിയുടെ സഹോദരൻ കല്യാണി മാലിക്ക് തെലുങ്കിലെ സംഗീതസംവിധായകനും ഗായകനുമാണ്. മൊത്തത്തിൽ ഒരു സംഗീത കുടുംബം തന്നയാണ് അദ്ദേഹത്തിന്റെത്.
'' 61 വയസ്സായി. സംഗീതമല്ലാതെ ഒരു തൊഴിലും അറിയില്ല. സംഗീതത്തിൽ ജനിച്ചു. ഇനി സംഗീതത്തിൽ തന്നെ മരിക്കണം''- ഉന്നതങ്ങളിലേക്ക് പോകുമ്പോഴും വിനയാന്വിതനായി കീരവാണി പറയുന്നു.
വാൽക്കഷ്ണം: ഈ നേട്ടത്തിന് കീരവാണി അടക്കമുള്ളവർ മുഴുവൻ ക്രെഡിറ്റും നൽകുന്നത് സാക്ഷാൽ രാജമൗലിക്കാണ്. കാരണം മൗലിയുടെ ദീർഘവീക്ഷണം തന്നെയാണ് ആർആർആറിന്റെ നേട്ടത്തിനു പിന്നിൽ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കൻ എൻട്രിയിൽ പോലും ആർആർആർ പരിഗണിക്കപ്പെട്ടിരുന്നില്ല. ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ വിദേശരാജ്യങ്ങളിൽ ഈ സിനിമയ്ക്കു കിട്ടിയ വലിയ ജനപ്രീതിയാണ് ഓസ്‌കറിലേക്കു മത്സരിക്കാൻ രാജമൗലിക്ക് ധൈര്യം നൽകിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനു വേണ്ടിയാണ് ചെല്ലോ ഷോയുടെ മത്സരിച്ചതെങ്കിൽ ഹോളിവുഡ് സിനിമകൾ ഉൾപ്പെടുന്ന മെയ്ൻ സ്ട്രീം കാറ്റഗറിയിലാണ് ആർആർആർ സ്വന്തമായി മത്സരിച്ചത്. അത്രയും കോൺഫിഡൻസ് ആയിരിന്നു രാജമൗലിക്ക് ഈ ചിത്രത്തോട് ഉണ്ടായിരുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ