- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
അമേരിക്കയിൽ പിറന്ന് വീഴുന്ന കുട്ടികളിൽ നല്ലൊരു ശതമാനവും ഇടുന്നത്, കേരളത്തിലെ ഒരു സ്ഥാപനത്തിന്റെ ഉടുപ്പുകളാണെന്ന് പറഞ്ഞാൽ, അത് തള്ളാണെന്നായിരിക്കും ശരാശരി മലയാളി പറയുക. പക്ഷേ ഇത് ബഡായിയല്ല. അതാണ് കിഴക്കമ്പലത്തെ ചരിത്രം സൃഷ്ടിച്ച കിറ്റെക്സ് ഗാർമെന്റ്സ് കമ്പനിയുടെ നേട്ടം. ഒട്ടും വ്യവസായ സൗഹൃദമല്ലാത്ത ഒരു സംസ്ഥാനത്തിന്, ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള മാതൃക. പതിനയ്യായിരത്തോളം തൊഴിലാളികൾക്ക് പ്രത്യക്ഷമായും, മറ്റ് ആയിരങ്ങൾക്ക് പരോക്ഷമായും തൊഴിൽ കൊടുക്കുന്ന, യു.എസിലേക്ക് യൂറോപ്പിലേക്കും കുഞ്ഞുടുപ്പുകൾ കയറ്റി അയക്കുന്ന ഈ സ്ഥാപനം ഇന്ന ലോകത്തിലെ ബോബി ക്ലോത്ത് ബിസിനസിൽ നമ്പർ വൺ ആവുകയാണ്.
നിലവിൽ ആഗോളതലത്തിൽ കുഞ്ഞുടുപ്പുകളുടെ നിർമ്മാണത്തിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനി, തെലങ്കാനയിലെ പുതിയ ഫാക്ടറി, 2024 ജനുവരിയോടെ സജജ്ജമാവന്നതോടെ ലോകത്തിലെ ഒന്നാമൻ ആവും. വാറംഗൽ ജില്ലയിലെ കാക്കത്തിയ ടെക്സ്റ്റെൽ പാർക്കിൽ, 200 ഏക്കറിൽ സ്ഥാപിച്ചിരുക്കുന്ന ഫാക്ടറിയിൽ പ്രതിദിനം 14 ലക്ഷം കുഞ്ഞുടുപ്പുകൾ നിർമ്മിക്കാൻ കഴിയും. ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള ചൈനീസ് കമ്പനിയുടെ പ്രതിദിന ഉൽപ്പാദനം, 9 ലക്ഷം ബേബി ക്ലോത്തുകൾ മാത്രമാണ്. രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളാണ് കിറ്റെക്സ് നിർമ്മിച്ച് കയറ്റിയയക്കുന്നത്. വാൾമാർട്ട്, ടാർഗറ്റ് തുടങ്ങിയ വമ്പൻ കമ്പനികൾക്ക് വേണ്ടിയാണ് ഇവ നിർമ്മിച്ച് നൽകുന്നത്. എറണാകുളം കിഴക്കമ്പലത്തുള്ള ഫാക്ടറിയിൽനിന്ന് പ്രതിദിനം ഏഴുലക്ഷം കുഞ്ഞുടുപ്പുകളാണ് കിറ്റെക്സ് ഇപ്പോൾ നിർമ്മിക്കുന്നത്.
പുതിയ ഫാക്ടറി സജ്ജമാകുന്നതോടെ, മൊത്തം ശേഷി 18 ലക്ഷമായി ഉയരും. ഇതിന് പുറമെ, ഹൈദരബാദിന് സമീപം രംഗറെഡ്ഡി ജില്ലയിലെ, സീതാംപൂരിൽ 250 ഏക്കറിൽ മറ്റൊരു ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ നിർമ്മാണം ഒരു മാസം മുമ്പ് തുടങ്ങി. ഇതുകൂടി സജ്ജമാവുന്നതോടെ, തെലങ്കാനയിലെ രണ്ട് ഫാക്ടറികളിലും മാത്രമായി, 22-25 ലക്ഷം കുഞ്ഞുടുപ്പുകൾ നിർമ്മിക്കാനാവുമെന്നാണ് കിറ്റെക്സ് ചെയർമാനും എംഡിയുമായ, സാബു എം ജേക്കബ് പറയുന്നത്. ഇതോടെ ഈ മേഖലയിലെ നമ്പർ വൺ കമ്പനി കിറ്റെകസ് ആയി മാറും.
ഇത് സാബുവിന്റെ മധുര പ്രതികാരം
കിറ്റെക്സ് ഗാർമെന്റസ്, എംഡിയും ട്വന്റി ട്വന്റി എന്ന പാർട്ടിയുടെ രക്ഷാധികാരിയുമായ സാബും എം ജേക്കബിന് ഇത് മധുര പ്രതികാരത്തിന്റെ ദിനങ്ങളാണ്. സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി, കിഴക്കമ്പലത്തെയം സമീപ പഞ്ചായത്തുകളിലെയും, അധികാരം പിടിച്ചതിന് അയാൾ കനത്ത വിലയാണ് കൊടുക്കേണ്ടി വന്നത്. കിറ്റെക്സ് കമ്പനിയിൽ അടിക്കടി റെയ്ഡും, പരിശോധനകളുമാണ് പിന്നീട് കേരളം കണ്ടത്. ഇവിടെ മലിനീകരണം നടക്കുന്നുവെന്ന് ആരോപണം ഉയരുന്നു, വിവിധ വകുപ്പുകളുടെ പരിശോധന നടക്കുന്നു.ഒരുവേള കിറ്റെക്സ് തമിഴ്‌നാട്ടിലേക്ക് മാറ്റിയാലോ എന്നുവരെ തങ്ങൾ ആലോചിക്കുന്നതായി സാബു എം ജേക്കബ് പറഞ്ഞിരുന്നു. കുന്നത്തുനാട് എം എം എൽയായി പി വി ശ്രീനിജൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്, തങ്ങൾക്കുനേരെയുള്ള സർക്കാർ നടപടികൾ വർധിച്ചതെന്നും, ശ്രീനിജന്റെ ലക്ഷ്യം കിറ്റെക്സിന്റെ തകർച്ചയാണെന്നും സാബു എം ജേക്കബ് വാർത്താ സമ്മേളനം നടത്തി ആരോപിച്ചിരുന്നു.
വിവിധ വകുപ്പുകൾ കിറ്റെക്സിൽ നടത്തുന്ന, അന്യായമായ പരിശോധനകൾക്കതെിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും ഫലമില്ലാതായതോടെയാണ് കേരളം വിടുകയാണെന്ന പ്രഖ്യാപനം സാബു എം ജേക്കബ് നടത്തിയത്. ഈ പീഡനം മടുപ്പിക്കുന്നതാണെന്നും ഇനി ഒരു രൂപപോലും കേരളത്തിൽ മുടങ്ങില്ലെന്നും സാബു എം ജേക്കബ് വികാരധീനനായി പറഞ്ഞു. എന്നാൽ സിപിഎം സൈബർ സഖാക്കാൾ അടക്കമുള്ളവർ അതിനെയും പരിഹസിച്ചു. കിറ്റെക്സ് പോയാൽ പുല്ലാണെന്ന് പറഞ്ഞു. സാബു എം ജേക്കബിനെ നിരന്തരം ആക്ഷേപിച്ച് പോസ്റ്റിട്ടു.
പക്ഷേ തെലങ്കാനയുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു. അവർ പ്രത്യേക വിമാനം അയച്ചാണ് സാബു എം ജേക്കബിനെ ക്ഷണിക്കുന്നത്. സംസ്ഥാന സർക്കാറിന് കടുത്ത വിമർശനം ഉയർത്തി കൊണ്ടാണ്, 2021ൽ കൊച്ചിയിൽ നിന്ന് സാബു തെലങ്കാനയിലേക്ക് പറന്നു പൊങ്ങിയത്. -''കേരള സർക്കാറുമായി ഇനി ചർച്ചകൾക്കില്ല. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നു. മൃഗത്തെ പോലെ ആട്ടിയോടിച്ചു. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്. കഴിഞ്ഞ കുറെ ദിവസം വേദന അനുഭവിച്ചു. ഇനി ഇത് സാധിക്കില്ല. വ്യവസായം തുടങ്ങുന്ന കാര്യത്തിൽ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ പുതിയ തലമുറയുടെ ഭാവി ആപത്തിലാവും''-സാബു എം ജേക്കബ് മുന്നറിയിപ്പ് നൽകി.
തെലങ്കാന ഈ വ്യവസായ ഗ്രൂപ്പിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അതും കേരളം കണ്ടുപഠിക്കണം. അതിന് ഫലമുണ്ടായി. ഏതാനും മാസങ്ങൾക്കുള്ളിൽ കിറ്റെകസ് തെലുങ്കാനയുമായി ധാരണാപത്രം ഒപ്പിടുകയും ഫാക്ടറിയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. അവിടുത്തെ രണ്ടുഫാക്ടികൾക്ക് കൂടി 3,000 കോടി രൂപയാണ് കിറ്റെക്സ് മുതൽ മുടക്കുന്നത്. രണ്ടും പൂർണ്ണ സജ്ജമാവുന്നതോടെ ഒന്നും രണ്ടും പേർക്കല്ല 50,000 പേർക്കാണ് തൊഴിലവസരം ഉണ്ടാവുന്നത്. നോക്കുക, അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും പുറത്ത് പിണറായി നഷ്ടപ്പെടുത്തിയതല്ലേ ഇത്. ഉപകാരം ഒന്നും ചെയ്തില്ലെങ്കിൽ വേണ്ട ഉപദ്രവിക്കാതിരൂന്നെങ്കിൽ, ഈ നിക്ഷേപവും തൊഴിലവസരവും കേരളത്തിന് കിട്ടുമായിരുന്നു. ഇവിടെ ഉള്ളവരെപ്പോലും, സംരക്ഷിക്കാൻ കഴിയാതെയാണ്, നാം പുറത്തുനിന്നുള്ള സംരംഭകരെ ക്ഷണിക്കുന്നത്.
നിലവിൽ കിഴക്കമ്പലത്ത്, 11,000 ജീവനക്കാരാണുള്ളത്. ഹൈദരബാദിന് സമീപം നിർമ്മിക്കുന്ന ഫാക്ടറി ലോകത്തിലെ ഏറ്റവും നീളമേറിയ, ഉൽപ്പാദന ശാലയാണ്. 1.350 കിലോമീറ്റർ വീതം നീളമുള്ള മൂന്ന് കെട്ടിടങ്ങളാണ് അവിടെയുണ്ടാവുക. യുഎസിലെ ടെക്സാസിലുള്ള, ടെസ്സ ഫാക്ടറിയാണ് നിലവിൽ ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയത്. 1.165 കിലോമീറ്ററാണ് അതിന്റെ നീളം. ഇപ്പോൾ തെലങ്കാനയിലെ ഫാക്ടറി അതിനെയും കടത്തി വെട്ടുകയാണ്.
നാസ ടെക്ക്നോളജിയിൽ ജെട്ടി!
കിട്ടാവുന്നിടത്തൊക്കെ സാബു എം ജേക്കബിനെ പരമവധി അപമാനിക്കാനാണ് സിപിഎം സൈബർ സഖാക്കൾ ശ്രമിച്ചത്. കിറ്റെക്സ് കമ്പനിയുടെ ഈ വിജയങ്ങളൊക്കെ തള്ളാണെന്ന് അവർ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. രണ്ടുവർഷംമുമ്പ് ഏഷ്യാനെറ്റ് ചർച്ചയിൽ അവതാരകൻ വിനു വി ജോണിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി, സാബു എം ജേക്കബ് പറഞ്ഞ ഒരു കാര്യമുണ്ട്. നാസയുടെ ടെക്നോളജിയിൽ നിർമ്മിച്ച, ചൂടും തണുപ്പും ക്രമീകരിക്കാവുന്ന ജെട്ടി, ജോക്കി കമ്പനിക്കുവേണ്ടി കിറ്റെക്സിൽ നിർമ്മിച്ചിരുന്നുവെന്നാണ്. ചൂടകാലത്ത് തണുപ്പും, തണുപ്പ്കാലത്ത് ചൂടും, പ്രധാനം ചെയ്യാൻ കഴിയുന്നതാണ് ഈ ജെട്ടി. ഇതിന്റെ ലക്ഷക്കണക്കിന് പ്രൊഡക്ഷൻ നടത്തി കിറ്റെക്സിൽനിന്നും അമേരിക്കയിലേക്ക് പോയിരുന്നു. പക്ഷേ ഇതിന്റെ ഉയർന്ന വിലയും, അമേരിക്കയിൽ പത്തുമാസവും തണുപ്പ് ആയതുകൊണ്ടും, ഇത് അധികം ചെലവായില്ലെന്നും, അതിനാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം പ്രൊഡക്ഷൻ അവസാനിപ്പിക്കുക ആയിരുന്നെന്നുമാണ് സാബു എം ജേക്കബ് പറഞ്ഞത്.
എന്നാൽ ഇതിടെ ട്രോളിക്കൊണ്ട് വൻ തോതിലാണ് പിന്നീട് സൈബർ സഖാക്കളിൽനിന്നടക്കം പ്രചാരണം ഉണ്ടായത്. സാധാരണ നാസ പറഞ്ഞുവെന്ന് പറഞ്ഞ് വാട്സാപ്പ് 'കേശവമാമന്മാർ' തള്ളിവിടുന്നതുപോലെയുള്ള ഒരു ബഡായി മാത്രമാണ് ഇതെന്നായിരുന്നു മറ്റൊരു ആരോപണം. ഇടതുപക്ഷ മാധ്യമപ്രവർത്തകർ ഈ അവകാശവാദത്തെ ട്രോളിക്കൊണ്ട് രംഗത്തുവരികയുണ്ടായി. എന്നാൽ സാബു പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണെന്നാണ് ഗൂഗിൾ വിവരങ്ങൾ അടക്കം പരിശോധിക്കുമ്പോൾ ബോധ്യപ്പെടും. നാസ ഈ രീതിയിലുള്ള ടെക്ക്നോളജി ഡെവലപ്പ്ചെയ്തിട്ടുമുണ്ട്. ഇത് കിറ്റെക്സിൽ നിർമ്മിച്ചതിനും തെളിവുകൾ ഉണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് താപനില നിയന്ത്രിക്കാവുന്ന അടിവസ്ത്രം വർഷങ്ങൾക്ക് മുമ്പേ നാസ രൂപകല്പന ചെയ്തിട്ടുണ്ട്. ബഹിരാകാശ സഞ്ചാരത്തിനായാണ് ഇത് നിർമ്മിച്ചതെങ്കിലും ഭൂമിയിലും ഇത്തരം ഒരു സാധ്യത ഉപയോഗപ്പെടുത്താനാവുമോ എന്ന റിസർച്ച് നടക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഇത്തരം അടിവസ്ത്രങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സാബു പറഞ്ഞത് പോലെ അന്താരാഷ്ട്ര ബ്രാൻഡായ 'ജോക്കി'യാണ് ഇതിന്റെ പ്രൊഡക്ഷൻ ഏറ്റെടുത്ത് നടത്തിയത്. ഒൻപത് വർഷം മുമ്പേ ജോക്കി ഇതിന്റെ പരസ്യവും അപ്ലോഡ് ചെയ്തിട്ടുണ്ട്.
മാത്രമല്ല നാസയുടെ ടെക്നോളജി ഉപയോഗിക്കുന്ന വേറെയും അണ്ടർ വെയർ പ്രൊഡക്ടുകൾ വിപണിയിൽ ഉണ്ട് . വസ്തുത ഇതൊക്കെയാണെന്നിരിക്കെ ജെട്ടിയിലെ എയർകണ്ടീഷനെ ചൊല്ലി നുണ പറഞ്ഞുപരത്തി അപമാനിക്കാനാണ് സുനിത ദേവദാസിനെപ്പോലുള്ള സൈബർ സഖാക്കൾ ശ്രമിച്ചത്. മുതലാളിത്ത രാജ്യത്ത് പോയി, മുതലാളിത്തത്തിന്റെ സമസ്ത സൗഭാഗ്യങ്ങളും അനുഭവിച്ച് കേരളത്തിലേക്ക് വിപ്ലവം എക്സ്പോർട്ട് ചെയ്യാൻ പെടാപാട് പെടുന്ന സുനിതയെ പോലുള്ള വിപ്ലവ വാനമ്പാടികളുടെ ലക്ഷ്യം ഉദരപൂരണമല്ലാതെ മറ്റൊന്നുമല്ല എന്ന് വ്യക്തമാണ്. ഒരാൾക്ക് തൊഴിൽ കൊടുക്കാനോ, ഒരു പെട്ടിക്കട തുടങ്ങാനോ ഇവർക്ക് ആർക്കും കഴിയല്ല. പക്ഷേ അങ്ങനെ ചെയ്യുന്നവരെ നിരന്തരം അപമാനിക്കാൻ ഇവർക്ക് കഴിയും.
കിറ്റെക്സിനെതിരെ ലുങ്കിയുദ്ധം
അതിനിടെ കിറ്റെക്സ് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ ആവശ്യപ്പെട്ടും, സിപിഎം വ്യാപക പ്രചാരണം തുടങ്ങി. കേരളത്തെ തള്ളിപ്പറഞ്ഞ കുത്തക മുതലാളിയായ സാബുവിന്റെ കിറ്റെക്‌സ് ഉപേക്ഷിച്ച്, ഹാന്റക്‌സ്- ഹാന്റ്ലൂം കൈത്തറി ലുങ്കികളും, കൈത്തറി ഖാദി ബോർഡ് സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും, വാങ്ങാനും പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്താണ് സിപിഎം അനുകൂലികളുടെ കാമ്പയിൻ നടന്നത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന കിറ്റെക്‌സ് എം.ഡിയുടെ വാദം തള്ളിയാണ് സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ അരങ്ങ് വാണത്. ഈ സങ്കുചിത രാഷ്ട്രീയ നീക്കത്തിനെ ചെറുക്കാൻ ട്വന്റി ട്വന്റി ഫാൻസ് പേജുകൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു.
'കേരളത്തെ മൊത്തം കരിവാരിതേച്ച് സാബു നടത്തുന്ന വെല്ലുവിളി മലയാളികൾക്കെതിരെയാണ്,' 'ബിജെപിക്കാർ കാത്തിരുന്ന പോലെ ദേശീയതലത്തിൽ തന്നെ കേരളത്തെ സാബു അപമാനിച്ചു','കേരളത്തിന്റെ വ്യവസായ നിക്ഷേപങ്ങളെയും ജോലി സാധ്യതകളെ പോലും ഇല്ലായ്മ ചെയ്ത് ജനവികാരം സർക്കാരിനെതിരെ തിരിച്ചുവിടാൻ സാബു ശ്രമിക്കുന്നു', 'വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻ നിരയിലായ കേരളത്തിനെ കിംവദന്തി പരത്തി ഇല്ലായ്മ ചെയ്യാനാണ് സാബു ശ്രമിച്ചത്.'- ഇത്തരത്തിൽ എല്ലാം നാടിനെ അപമാനിച്ചതിൽ മലയാളി എന്ന നിലയിൽ കിറ്റെക്സിന്റെ ഒരു ഉൽപ്പന്നവും വാങ്ങില്ലെന്നാണ് ആഹ്വാനം ചെയ്താണ് പ്രചരണം കൊഴുത്തത്.
ഐ.സി.യു പോലെയുള്ള സിപിഎം അനുകൂല ട്രോൾ പേജുകൾ ഉപയോഗിച്ചും പ്രചരണം നടത്തി. സ്വന്തം നാടിനെ കരിവാരി തേക്കുന്ന സാബു എന്തിന് നിയമപരമായുള്ള പരിശോധനകളെ ഭയക്കുന്നെന്ന് സൈബർ പോരാളികൾ ചോദിക്കുന്നത്. 3,500 കോടിയുടെ വൻകിട പ്രോജക്ട് നടപ്പിലാക്കാൻ ആവശ്യമായ ആസ്തി കിറ്റെക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാന്നും ഇവർ ചോദിക്കുന്നു.
അതേ സമയം നല്ല രീതിയിൽ പ്രവർത്തിക്കുന്ന കിറ്റെക്‌സ് പോലെയുള്ള സ്ഥാപനങ്ങളെ തകർത്ത് വ്യാവസായികളെ ആട്ടിയോടിക്കുന്ന സമീപനമാണ് സിപിഎമ്മിനും ഇവരുടെ തണലിൽ വളരുന്ന തൊഴിലാളി സംഘടനകളും സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സിനെ അനുകൂലിക്കുന്നവരും കാമ്പയിൻ നടത്തി. കൊല്ലത്തെ പാർവതി മിൽ അടക്കം തൊഴിലാളികളി സംഘടനകളുടെ ഇടപെടൽ മൂലം നാശത്തിന്റെ വക്കിലെത്തിയപ്പോൾ, തൊഴിലാളി സൗഹൃദ വ്യവസായ സ്ഥാപനം കേരളത്തിൽ എങ്ങനെ പ്രവർത്തിക്കണം എന്ന് കാട്ടിത്തന്നത് കിറ്റെക്‌സും സാബു ജേക്കബുമാണെന്ന് ട്വന്റി ട്വന്റി ഫാൻസ് ഗ്രൂപ്പുകൾ വാദിച്ചിരുന്നത്.
കോൺഗ്രസും ഉപദ്രവിച്ചു
സാബു എം ജേക്കബിനെയും കിറ്റെക്സിനെയും, ട്വന്റി ട്വന്റി പാർട്ടിയെയും ഉപദ്രവിക്കുന്നതിൽ സിപിഎം മാത്രമായിരുന്നില്ല മുന്നിൽ. കോൺഗ്രസ് പല തവണ ഈ ശ്രമം നടത്തിയിട്ടുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ നേതൃത്വത്തിലായിരുന്നു കിറ്റെക്സിനെതിരെ വ്യാപക പ്രചാരണം നടന്നത്.
പക്ഷേ സാബുവിലെ പോരാളി വിട്ടുകൊടുക്കാൻ തയ്യാറായില്ല. പി.ടി തോമസ് തൃക്കാക്കര എംഎൽഎആയിരിക്കേ 100 കോടിക്കാണ് സാബു എം ജേക്കബ് കേസ് കൊടുത്തിരിക്കുന്നത്. മറ്റ് രാഷ്ട്രീയക്കാരെപ്പോലെ കാശ് ആയിരുന്നില്ല പി.ടി തോമസിന്റെ ലക്ഷ്യം. സാബു എം ജേക്കബിന്റെ പിന്തുണയോടെ തുടങ്ങിയ ട്വന്റി 20 എന്ന പാർട്ടി, തനിക്ക് ഉണ്ടാക്കിയ തലവേദനയാണ് പി.ടിയെ അവർക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. തൃക്കാക്കരയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. തുടർന്ന് അതിശക്തമായ മത്സരത്തിനിനൊടുവിൽ പി.ടി തോമസ് ജയിച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടന്ന സ്വീകരണ യോഗങ്ങളിലെല്ലാം പി.ടി ആവർത്തിച്ചതും കിറ്റെക്സിൽ നിന്നുള്ള മലിനീകരണമായിരുന്നു. 2010-12 കാലയളവിൽ തിരുപ്പൂരിൽ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട് അടച്ചു പൂട്ടിയ 150ഓളം ബ്ലീച്ചിങ്, ഡ്രൈയിങ് യൂണിറ്റുകളിൽ നാലെണ്ണം കിറ്റെക്സിന്റേതാണെന്നും ഇവ പിന്നീട് കിഴക്കമ്പലത്തുകൊണ്ടുവന്ന് സ്ഥാപിക്കുകയും, അതിൽ നിന്നുള്ള രാസമാലിന്യങ്ങൾ ഒഴുക്കി കടമ്പ്രയാർ മലിനമാക്കുന്നു എന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണം.
എന്നാൽ ഇതിന് അക്കമിട്ട് മറുപടി നൽകിക്കൊണ്ടാണ് സാബു എം ജേക്കബ് രംഗത്ത് എത്തിയത്. ഈ ആരോപണങ്ങൾ തെളിയിച്ചാൽ അദ്ദേഹം 50 കോടി രൂപയാണ് പി.ടി തോമസിന് നൽകാമെന്ന് വെല്ലുവിളിച്ചത്. പി.ടി ആ വെല്ലുവിളി സ്വീകരിച്ചതോടെ, സംഭവം കത്തിക്കയറി. പക്ഷേ അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന രീതിയിലാണ് പി.ടിക്ക് മറുപടി പറയാൻ കഴിഞ്ഞത്. പണ്ടെന്നോ കിറ്റെക്സിൽനിന്ന് കടമ്പ്രയാറിലേക്ക് മലിനീകരണം ഉണ്ടായിരുന്നു എന്നതിന്റെ ചില രേഖകളാണ് അദ്ദേഹം നൽകിയത്. ഇതിന് മറുപടിയായി ഒരുഗ്രൻ പത്രസമ്മേളനം നടത്തിയ സാബു എം ജേക്കബ് 100 കോടിയുടെ മാനനഷ്ടക്കേസും നൽകി.
'എംപിയും എംഎൽഎയുമായിട്ടുള്ള രാഷ്ട്രീയ നേതാവിന് ഈ രാജ്യത്തിനോട് പ്രതിബന്ധത വേണം. വിദേശ നാണ്യം ഇന്ത്യക്ക് നേടിത്തരുന്ന ഈ സ്ഥാപനത്തിനെ, തൊഴിലില്ലായ്മ പെരുകുന്ന ഒരു സംസ്ഥാനത്ത് 11,000 ആളുകൾക്ക് ജോലി നൽകുന്ന സ്ഥാപനത്തിനെതിരെ ഒരു തെളിവുമില്ലാതെ അദ്ദേഹം പ്രസംഗിച്ച് നടക്കുകയാണ്. 2008ലാണ് ബ്ലീച്ചിങ് ഡൈയ്യിങ് ഫാക്ടറി തുടങ്ങിയത്. മലീനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിക്കുന്ന ലൈസൻസോട് കൂടിയാണ് പ്രവർത്തിക്കുന്നത്. ഒരു സ്ഥാപനം പോലും ഞങ്ങൾ മലീനീകരണം നടത്തിയതായി പറയുന്നില്ല -സാബു എം.ജേക്കബ് പറയുന്നു.
'കിറ്റക്‌സിന് തിരുപ്പൂരിൽ ഫാക്ടറി ഉണ്ടായിരുന്നില്ല. 8000ത്തിലധികം പ്രോസസിങ് സെന്ററുകളാണ് അവിടെയുള്ളത്. നാളിതുവരെ കിറ്റെക്സിന് തിരുപ്പൂരിൽ ഒരു ബ്ലീച്ചിങ്, ഡൈയിങ് യൂണിറ്റ് ഉണ്ടായിട്ടില്ല, ഇപ്പോഴുമില്ല. അങ്ങനെ ഒരു യൂണിറ്റ് അവിടെ നടത്തണമെങ്കിൽ നിരവധി ഡിപ്പാർട്ട്മെന്റുകളുടെ ലൈസൻസുകൾ ആവശ്യമായിട്ടുണ്ട്. ഇങ്ങനെ ഒരു യൂണിറ്റ് കിറ്റെക്സിന് തിരുപ്പൂരിൽ ഉണ്ടായിരുന്നതായി ഏതെങ്കിലും രേഖകൾ പി.ടി ഹാജരാക്കിയിട്ടില്ല. ഇത് തെളിയിക്കാനും പി.ടി തോമസിന് സാധിച്ചിട്ടില്ല. സൗത്ത് ഇന്ത്യയിലെ ഡസൻകണക്കിന് ലോറികൾ ദിവസവും കിഴക്കമ്പലത്ത് വന്ന് തുണി ബ്ലീച്ചിങ്ങും ഡൈയിങ്ങും നടത്തി തിരിച്ച് പോകുന്നുവെന്നാണ് പി.ടി ആരോപിച്ചത്. ഇത്തരത്തിൽ ഒരു പ്രവൃത്തി നടക്കുന്നുണ്ടെങ്കിൽ സെയിൽ ടാക്സിന്റെയും ചെക്ക് പോസ്റ്റിന്റെയും റെക്കോഡുകൾ കാണണ്ടതാണ്. അങ്ങനെയുള്ള ഒരു ലോഡിന്റെയെങ്കിലും രേഖകൾ ഹാജരാക്കാനും പി.ടിക്ക് കഴിഞ്ഞില്ല'- സാബു കൂട്ടിച്ചേർത്തു.
പി.ടി തോമസിന് തന്റെ ആരോപണങ്ങളിൽ ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ല. ശരാശരി രാഷ്ട്രീയക്കാരിൽനിന്ന് എത്രയോ ഉയർന്ന മൂല്യങ്ങൾ പുലർത്തുന്ന വ്യക്തിയാണ് പി.ടി തോമസ് എന്ന് മറക്കുന്നില്ല. തീർത്തും മതേതര ജീവിതം നയിക്കുന്നു, സീറ്റിനുവേണ്ടി പള്ളിയുടെയും പട്ടക്കാരന്റെയുമൊന്നും കാലുപിടിക്കാത്ത ധീരനായ നേതാവായിരുന്നു പി.ടി തോമസ്. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും കിറ്റെക്സ് വേട്ട കറുത്ത പാടായി.
എന്തുകൊണ്ട് സാബു എതിർക്കപ്പെടുന്നു?
ശരിക്കും തീയിൽ കുരുത്ത് വളർന്നുവന്ന ഒരു വ്യവസായിയാണ് സാബു എം ജേക്കബ്. പിതാവിന്റെ അന്നാ അലൂമിനയം കമ്പനിയിൽ താഴെ തട്ടിലുള്ള ജോലികൾവരെ ചെയ്താണ് അയാൾ പടിപടിയായി ഇയർന്ന് വന്നത്. പൊതുവേ പാർട്ടിക്കാർക്ക് നല്ല കറവപ്പശുവാണ് കേരളത്തിലെ വ്യവസായികൾ. പാർട്ടി കോൺഗ്രസസും, പ്ലീനവും, സംസ്ഥാന സമ്മേളനങ്ങളുമൊക്കെ നടത്താനുള്ള ഫണ്ട് വരേണ്ടത് അവരിൽനിന്നാണ്. പക്ഷേ സാബു എം ജേക്കബ് വെറും വ്യവസായത്തിൽ ഒതുങ്ങിയില്ല. അയാൾ ട്വന്റി ട്വന്റി എന്ന ഒരു രാഷ്ട്രീയ പാർട്ടികൂടി ഉണ്ടാക്കി, ഇരു മുന്നണികളെയും വെല്ലുവിളിച്ചു. പരമ്പരാഗത രാഷ്ട്രീയക്കോട്ടകൾ തകർത്ത് കിഴക്കമ്പലമടക്കം നാല് പഞ്ചായത്തുകളിൽ അധികാരം പിടിച്ചു.
കിറ്റെക്സിന്റെ സി.ആർ.ഇസഡ് ഫണ്ട് ഉപയോഗിച്ച് അവർ കഴിക്കമ്പലത്തു ചെയ്ത നല്ലകാര്യങ്ങൾ കണ്ടാൽ ആരുടെയും കണ്ണഞ്ചിപ്പോകും. കിഴക്കമ്പലത്ത് ഭൂമിക്ക് ഇന്ന് ലക്ഷണക്കിന് രൂപയാണ് വില. ആരും ഭൂമി വിൽക്കുന്നില്ല. സബ്സിഡിയിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്നതോടെ രണ്ടായിരം രൂപയുണ്ടെങ്കിൽ ഒരു കുടംബത്തിന് നിത്യവൃത്തി പുലർത്താൻ കഴിയുമെന്ന മട്ടായി. ഈ വെൽഫയർ പൊളിറ്റിക്സ് തന്നെയല്ലേ, കിറ്റുകളും, ക്ഷേമ പെൻഷനുകളുമൊക്കെയായി സർക്കാറും ചെയ്യുന്നത്. പക്ഷേ എല്ലാ കുറ്റവും ട്വന്റി 20ക്ക് മാത്രം.
ഇനി കിഴക്കമ്പലത്ത് എവിടെയോ ഒരു റോഡ് പൊളിഞ്ഞതോ, തൊഴിലാളികൾക്ക് താമസിക്കാനുണ്ടാക്കിയ വസതികളിൽ ഏതെങ്കിലും ഒന്ന് തകർന്നതോ ഒക്കെയാണ് ആനക്കാര്യമായി അവതരിപ്പിക്കപ്പെടുന്നത്. പക്ഷേ കിഴക്കമ്പലത്ത് ഒരുതവണ പോയിട്ടുള്ള ആർക്കും അറിയാം, ആ നാടിന്റെ രാജകീയ വികസനം. ഒറ്റപ്പെട്ട അപവാദങ്ങൾ എവിടെയും കാണും. ട്വന്റി 20ക്ക് വോട്ട് ചെയ്യാത്തവർക്ക് കിഴക്കമ്പലം സ്റ്റോറിലെ സബ്സിഡി കാർഡ് കിട്ടുന്നില്ല ഒക്കെയുള്ള തെളിയിക്കപ്പെടാത്ത ആരോപണങ്ങളാണ് മറ്റുചിലത്. ഈ പറയുന്ന രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലുമൊക്കെ അവർക്കെതിരെ വോട്ട് ചെയ്യുന്നവർക്ക് എന്താണ് സംഭവിക്കുന്നത്. പിന്നെ കുറ്റം ട്വന്റി20ക്ക് മാത്രമാവുന്നത് എങ്ങനെ.
പുതിയ ഒരു രാഷ്ട്രീയ പരീക്ഷണമാണ് ട്വന്റി 20. അതിൽ ശരിതെറ്റുകൾ ഉണ്ട്. പക്ഷേ നിലവിലെ പ്രവർത്തനം നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാവുന്നത്, മുഖധാരാ പാർട്ടികളേക്കാൾ എത്രയോ കാര്യക്ഷമതയും സത്യസന്ധതയും ആ പാർട്ടിക്ക് ഉണ്ട് എന്നത് വ്യക്തമാണ്. പക്ഷേ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയക്കാർക്ക് മുന്നിൽ സാബു ചെയ്തത് വലിയ അപരാധമാണ്. അതിന്റെ പേരിലാണ് അയാൾക്ക് തെലങ്കാനയിലേക്ക് കെട്ടുകെട്ടേണ്ടി വന്നതും.
എന്തുകൊണ്ട് തെലങ്കാന?
വ്യവസായ സൗഹൃദ പട്ടികയിൽ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനമാണ് തെലങ്കാന. അവർ കിറ്റെക്സിനോട് സ്വീകരിച്ച സമീപനം തന്നെ നോക്കുക. ഭീഷണികളല്ല, എല്ലാ പിന്തുണയുമാണ് അവർ വാഗ്ദാനം ചെയ്യുന്നത്. നിങ്ങളെ ഞങ്ങൾ പരിശോധിക്കമെന്നല്ല, നമുക്ക് ഒരു ടീമായി വ്യവസായം തുടങ്ങാമെന്നാണ് അവർ പറഞ്ഞതിന്റെ പൊരുൾ. തെലങ്കാനയിൽ നിക്ഷേപം നടത്തിയാൽ അതിൽ 40 ശതമാനം സർക്കാർ സബ്‌സിഡി പോലും ലഭിക്കും. അതായത് 3,500 കോടിയുടെ നിക്ഷേപത്തിൽ പദ്ധതി പൂർത്തിയായാൽ 1,500 കോടി കിറ്റക്‌സിന് സർക്കാർ തിരിച്ചു കൊടുക്കും എന്നതാണ് പ്രത്യേകത. അത്രയും പ്രോത്സാഹനമാണ് ഈ സർക്കാർ നൽകുന്നത്. വാടക നിരക്കിൽ ഭൂമിയെങ്കിൽ അതിനും സബ്‌സിഡി നൽകുന്നുണ്ട്. വൈദ്യുതിയും വെള്ളവുമെല്ലാം കിട്ടും. ഇതിനും സബ്ഡിസിയുണ്ട്. എല്ലാ അനുമതിക്കും ഉദ്യോഗസ്ഥരും സർക്കാറും ഒപ്പം നിൽക്കും. മാലിന്യപ്ലാന്റ് പോലും സർക്കാർ നിർമ്മിച്ചു കൊടുക്കുന്ന അവസ്ഥയുണ്ട്. ഏതാണ്ട് ഇതേപോലൊരു ഓഫർ തന്നെയാണ് തമിഴ്‌നാടും മുന്നിൽ വെച്ചിരിക്കുന്നത്.
അതിന്റെ ഗുണമാണ് ഇപ്പോൾ കാണുന്നത്. ഓർക്കുക നമ്മുടെ കേരളം എന്താണ് കൊടുക്കുന്നത്. ഐടി മേഖലയിൽ സമരം ഒഴിവാക്കണം എന്ന ആവശ്യംപോലും കേരള സർക്കാറിന് അംഗീകരിക്കാൻ കഴിയുമോ. ആ ഒരു ഒറ്റക്കാരണംകൊണ്ട് എത്ര വിദേശ കമ്പനികൾ ഇവിടം വിട്ടുപോയിട്ടുണ്ട്. നിക്ഷേപകരെ സ്വീകരിക്കാനായി വെറുതെ സമ്മേളനങ്ങൾ വിളിച്ച് കോടികൾ തുലയുകയല്ലാതെ, മറ്റെന്തെങ്കിലും കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. കിറ്റക്സ് എം.ഡി സാബു എം ജേക്കബും, ടീമും തെലങ്കാനയിലേക്ക് ജെറ്റ് വിമാനം കയറിയ ദിവസം തന്നെ കമ്പനിയുടെ ഓഹരി വിലയിൽ വൻ മുന്നേറ്റമുണ്ടായി. 13 ശതമാനത്തോളമാണ് ഒറ്റ ദിവസം കൊണ്ട് വില കൂടിയിത്. ഇതും കൃത്യമായ ഒരു സൂചനയാണ്. കേരളം വിട്ടാൽ രക്ഷപ്പെടും എന്ന സൂചന!
ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും, വ്യവസായ മന്ത്രി പി രാജീവുമൊക്കെ ശ്രദ്ധിക്കേണ്ടത്. നമ്മുടെ ആറ്റിറ്റിയൂഡ് ആണ് അടിമുടി മാറേണ്ടത്. ഇവിടെ മരിയാദക്ക്, പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായ ഗ്രൂപ്പിനെ തെലങ്കാനയിലേക്ക് ഓടിച്ച നമ്മൾ, എന്ത് സന്ദേശമാണ് മറ്റുള്ളവർക്ക് നൽകുന്നത്!
വാൽക്കഷ്ണം: മലയാളികൾക്ക് പൊതുവെ സന്തോഷമുള്ളകാര്യമാണ്, നമുക്കിടയിൽനിന്ന് തന്നെ വളർന്നുവന്ന സംരംഭകർക്ക് തിരിച്ചടി കിട്ടുന്നത്. ബൈജൂസ് ആപ്പിന്റെ തകർച്ചയിൽ പോസ്റ്റിട്ട് സന്തോഷിച്ചവരും ഒട്ടേറെ. പക്ഷേ അവർക്കും ഒരു നിരാശ വാർത്തയുണ്ട്. ഇപ്പോൾ കുറേ വിറ്റൊഴിലിന് ശേഷം ബൈജൂസ് തിരിച്ചുവരികയാണ്. വരുമാനം 3,569 കോടിയായി ഉയരുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നുത്. കേരളത്തിലെ സംരംഭകർ ലോകത്തിന്റെ നെറുകയിൽ എത്തട്ടെ.