- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മച്ചിയെന്നുവരെ അധിക്ഷേപിക്കപ്പെട്ട ഗൗരിയമ്മ; പുറത്തായപ്പോള്‍ തീപ്പൊരി രാഘവന്‍ തെമ്മാടിയായി; തെങ്ങിന് പൂക്കുലപോലെ ചിതറിയ ടിപിയുടെ തല; അലി മുതല്‍ കണ്ണന്താനം വരെ നീളുന്ന പാളിപ്പോയ സ്വതന്ത്രപരീക്ഷണം; സിപിഎമ്മില്‍ നിന്ന് പുറത്തുവന്നവര്‍ക്ക് നേരിടേണ്ടത് ഭയാനക ജീവിതം
കേരളത്തിലും, ജനാധിപത്യം ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തിലും സിപി്എമ്മിന്റെയടക്കം പാര്‍ട്ടി വിട്ടവനോടുള്ള സമീപനം ഹിംസയില്‍ അധിഷ്ഠിതമാണ്
'ആദ്യം സ്വന്തം പാര്‍ട്ടിക്കകത്തെ ഒറ്റുകാരനെ, പിന്നെ ശത്രുവിനെ'- ലോക വ്യാപകമായി കമ്യൂണിസ്റ്റ് കക്ഷികളുടെ ഉന്‍മൂലന നയമാണിത്. സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിയനില്‍ നടന്ന ഒരു കണക്കെടുക്കില്‍ പുറത്തവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. സോവിയറ്റ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ശത്രുക്കളെ കൊന്നതുപോലെ തന്നെ സ്റ്റാലിന്‍ പാര്‍ട്ടിക്കകത്തെ തന്റെ ശത്രുക്കളെയും അരിഞ്ഞ് തള്ളിയിരുന്നു. ലോകത്തില്‍ എവിടെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം ഏതാണ്ട് ഇങ്ങനെതന്നെയാണ്. മാവോയും ഇല്ലാത്ത പ്രൊപ്പഗന്‍ഡകള്‍ ഇറക്കി കൊന്നെടുക്കിയ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് കൈയും കണക്കുമില്ല. മതം വിട്ടവനെ കൊല്ലണം എന്ന സെമിറ്റിക്ക് സങ്കല്‍പ്പത്തിന്റെ മറ്റൊരു രൂപം തന്നെയാണ് പാര്‍ട്ടി വിട്ടവനുനേരെയും നടക്കുന്നത്.
കേരളത്തിലും, ജനാധിപത്യം ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തിലും സിപി്എമ്മിന്റെയടക്കം പാര്‍ട്ടി വിട്ടവനോടുള്ള സമീപനം ഹിംസയില്‍ അധിഷ്ഠിതമാണ്. ഇപ്പോള്‍ നിലമ്പൂര്‍ എംഎല്‍എയും സിപിഎം സ്വതന്ത്രനുമായ പി വി അന്‍വറിന്റെ കാര്യത്തിലും കാണുന്നത് അത് തന്നെയാണ്. പുരപ്പുറത്ത് ചാഞ്ഞ മരങ്ങളെ അത് സ്വര്‍ണ്ണം കായ്ക്കുന്നത് ആയാലും വെട്ടിക്കളഞ്ഞ ചരിത്രമേ സിപിഎമ്മിന് ഉള്ളൂ. നിലമ്പൂരിലും അത് ആവര്‍ത്തിക്കുന്നു.
ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുടെ പേരില്‍ ജനകീയരായ ഒരുപാട് നേതാക്കളെ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം. മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പി വി കുഞ്ഞിക്കണ്ണനും, ചാത്തുണ്ണി മാസ്റ്ററും ഉദാഹരണം. അതുപോലെ പരാതി പറഞ്ഞ സികെപി പത്മമനാഭന്‍ പാര്‍ട്ടിക്ക് പുറത്താവുകയും, ലൈംഗിക ആരോപണ കേസില്‍ പ്രതിയായ പി ശശി പാര്‍ട്ടിക്ക് അകത്താവുന്നതും കേരളം കണ്ടു. തളിപ്പറമ്പ് മുന്‍ എംഎല്‍എയും, ഒരുകാലത്ത് എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവുമായിരുന്ന, ജയിംസ് മാത്യു സജീവരാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചത് ഈയിടെയാണ്. എന്നാല്‍ അന്‍വറിന്റെ കാര്യം ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും ഇനി ഒന്നും അയാള്‍ പറയാന്‍ ബാക്കിയില്ല. ചതിയന്‍, ഗതിക്കെട്ടവന്‍, പാര്‍ട്ടി പ്രവര്‍ത്തകരാല്‍ വെറുക്കപ്പെട്ടവന്‍, കെട്ടുപോയ സൂര്യന്‍, ഏകാധിപതി തുടങ്ങിയ വിശേഷണങ്ങളാണ് വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് അന്‍വര്‍ നല്‍കിയത്. പാര്‍ട്ടിയും അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ, സിപിഎം സ്വതന്ത എംഎല്‍എയായ ഇദ്ദേഹം ഇടതുമുന്നണിയില്‍ തന്നെ പുറത്തായിരിക്കയാണ്.
സത്യത്തില്‍ ജീവന്‍ വരെ നഷ്ടമാവാന്‍ സാധ്യതയുള്ള ഒരു റിസ്‌ക്ക് തന്നെയാണ് അന്‍വര്‍ എുടത്തിരിക്കുന്നത്. എം വി രാഘവന്‍ തൊട്ട് ഗൗരിയമ്മയും ടിപി ചന്ദ്രശേഖരനും അടക്കമുള്ള ജീവിതം എടുത്ത് പരിശോധിച്ചാല്‍ അറിയാം. സിപിഎമ്മില്‍നിന്ന് പുറത്തുവന്നവര്‍ക്ക് നേരിടേണ്ടത് അത്രയും ഭയാനകമായ അനുഭവങ്ങളാണ്.
തീപ്പൊരി തെമ്മാടി രാഘവനായപ്പോള്‍
എഴുപതുകളില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പേടിസ്വപ്നമായിരുന്നു എംവിആര്‍. മാടായി മാടന്‍ എന്നല്ലാതെ രാഘവന്‍ എന്നുപോലും അന്ന് കോണ്‍ഗ്രസ്സുകാരാരും യോഗങ്ങളില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്തിന് തൊട്ടുമുമ്പത്തെ സംഘര്‍ഷഭരിതമായ കാലത്ത് മലബാറില്‍ കോണ്‍ഗ്രസ് പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങള്‍ എവിആറിനെ കേന്ദ്രീകരിച്ചായിരുന്നു. ''നാട്ടുകാരേ സൂക്ഷിച്ചോ മാടായിമാടന്‍ വരുന്നുണ്ട്, തെങ്ങിന് പൊത്തലുകെട്ടിക്കോ,'' എന്ന സ്‌റ്റൈലിലുള്ള മുദ്രാവാക്യങ്ങള്‍. എന്നാല്‍ സിപിഎം അണികള്‍ക്കാവട്ടെ രാഘവനെന്നാല്‍, ധീരനായ ഹീറോയായിരുന്നു, തപ്പൊരി നേതാവായിരുന്നു.
എം വി ആറിന്റെ സവിശേഷതകളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ ബാലകൃഷ്ണന്‍ ഇങ്ങെന എഴുതുന്നു-''ഒരു സംഘര്‍ഷസ്ഥലത്ത് എംവിആര്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ തുടങ്ങുന്നു സവിശേഷതകള്‍. കാറിന്റെ വാതില്‍ വലിച്ചടക്കുന്നതില്‍ പോലും എംവിആര്‍ ടച്ച്. മോഹന്‍ലാലിന്റെയൊക്കെ സിനിമയില്‍ കാണുന്നതുപോലെ ആ നിമിഷങ്ങള്‍ അന്ന് ആരാധകര്‍ക്ക് ഹരമായി. ചിരിയും ഗൗരവവും മുക്കലും മൂളലുമെല്ലാം ആരാധകര്‍ക്ക് ഹരം പകര്‍ന്നു. വലിയ നേതാക്കളുള്ള വേദികളിലും അണികള്‍ക്ക് പ്രിയം എംവിആര്‍ തന്നെ. പത്ത് വയസ്സുമുതല്‍ നൂറു വയസ്സുവരെയുള്ളവരെ ഒരേപോലെ ത്രസിപ്പിക്കാന്‍ കഴിഞ്ഞ പ്രാസംഗികനായിരുന്നു അദ്ദേഹം. വേദികളില്‍ അല്പം വൈകിയെത്തുന്നതിലൂടെ തന്നെ നാടകീയമായി ആവേശവും ആരാധനയും സൃഷ്ടിക്കുന്ന സാമര്‍ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അത് അദ്ദേഹത്തിന് വിനയുമായി. മഹാനേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ പോലും വേദിയിലെത്തുകയും സദസ്സിനെ അപ്പാടെ തന്നിലേക്കാകര്‍ഷിച്ച് തന്റെ വ്യത്യസ്തത ഉറപ്പിക്കുകയും ചെയ്യുക. നിലത്ത് കുത്തിയിരിക്കുന്ന തൊണ്ണൂറുകാരന്‍വരെ എംവിആര്‍ എത്തുമ്പോള്‍ ചാടിയെണീറ്റ് അപ്പ് അപ്പ് എംവിആര്‍ എന്ന് വിളിക്കുക, ജാഥകളില്‍ തയ്യാറാക്കിയ മുദ്രാവാക്യം ഒഴിവാക്കി കണ്ടോ, കണ്ടോ പട്ടാളം, എം.വി.ആറിന്‍ പട്ടാളം എന്ന് മുദ്രാവാക്യം എല്ലാവരും വിളിക്കുക- അത്തരം മാസ്മരികതയെല്ലാം അന്ന് സിപിഎം സദസ്സുകളില്‍ സംഭവിച്ചു''.
പക്ഷേ 1986-ല്‍ കുപ്രസിദ്ധമായ ബദല്‍രേഖയുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്തായതോടെ തീപ്പൊരി രാഘവന്‍ പാര്‍ട്ടി അണികള്‍ക്ക് തെമ്മാടി രാഘവനായി! പിന്നീട് അങ്ങോട്ട് രൂക്ഷമായ രാഘവവേട്ടയുടെ കാലമായിരുന്നു. 'എം വി രാഘവ തെമ്മാടി' എന്നായി ഡിവൈഎഫ്ഐയുടെ മുദ്രാവാക്യങ്ങള്‍. പത്താംക്ലാസും ഗുസ്തിയും മാത്രം ഉള്ളവന്‍ എന്ന രീതിയിലും അയാള്‍ അധിക്ഷേപിക്കപ്പെട്ടു. പലതവണ വധ ശ്രമങ്ങളുമുണ്ടായി. മുസ്ലീം ലീഗും, കെ കരണുകാരനും രാഷ്ട്രീയ അഭയം നല്‍കിയില്ലായിരുന്നെങ്കില്‍ രാഘവന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പായിരുന്നു. എവിടെപ്പോയാലും തടഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ രാഘവനെ വേട്ടയാടി.
കൂത്തുപറമ്പ് വെടിവെടിപ്പോടെ എം വി രാഘവന്‍ സിപിഎമ്മുകാര്‍ക്ക് കൊലയാളി രാഘവനായി. മന്ത്രി എം.വി രാഘവനെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല എന്ന ഡിവൈഎഫ്ഐയുടെ തീരുമാനം അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ കൂടി പ്രശ്‌നമായി. അതിനെതിരെ പൊലീസ് എടുത്ത നടപടിയാണ് വെടിവെപ്പില്‍ കൊണ്ടുവന്നത്. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പരിയാരം മെഡിക്കല്‍ കോളജും സ്വാശ്രയ പ്രശ്നവുമൊക്കെ എത്ര ബാലിശമായിരുന്നു എന്ന് കാണാം. രാജ്യത്തെ ആദ്യത്തെ സഹകരണ ആശുപത്രി കൊണ്ടുവന്നത് എം വി രാഘവനാണ്. എ.കെ ജി സ്മാരക ആശുപത്രി. പക്ഷേ അത് സിപിഎം പിടിച്ചെുടുത്തു.
സഹകരണ മേഖലയില്‍ ആദ്യത്തെ മെഡിക്കല്‍ കോളേജ് കൊണ്ടുവന്നുതും രാഘവനാണ്. പരിയാരം മെഡിക്കല്‍ കോളജ്. അന്ന് അതിനെതിരെ സമരം നടത്തിയ സിപിഎം ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപത്തിന്വരെ ശ്രമിക്കുന്നു. സ്വാശ്രയകോളജുകള്‍ കേരളം മുഴവന്‍ വ്യാപകമായി. പാപ്പിനശ്ശേരി സ്‌നേക് പാര്‍ക്കും രാഘവന്റെ പരിശ്രമഫലമാണ്. പക്ഷേ അദ്ദേഹത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ആ സ്നേക്ക് പാര്‍ക്കിലെ മൃഗങ്ങളെവരെ വെട്ടി തീയിട്ട സംഭവം കേരളീയര്‍ മറക്കാനിടിയില്ല.
ഇ.പി ജയരാജന്‍ വധശ്രമം രാഘവന്റെ അക്കൗണ്ടിലേക്ക് ഇടാനും ശ്രമം നടത്തി. പക്ഷേ കേസ് കോടതിയില്‍ തള്ളിപ്പോയി. എന്നിട്ടും അവസാന കാലത്ത് എംവിആര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുപോകന്‍ ആഗ്രഹിച്ചു എന്ന ഒരു നുണക്കഥ പ്രചരിപ്പിച്ചതും സിപിഎം കേന്ദ്രങ്ങളാണ്. രാഘവന്റെ മകന്‍, എം വി ഗിരീഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു. ''അവസാനകാലത്ത് എം.വി.ആര്‍ തിരികെ പാര്‍ട്ടിയിലേക്കു പോകാന്‍ ആഗ്രഹിച്ചു എന്ന് ആരൊക്കെയോ പറഞ്ഞുപരത്തിയിട്ടുണ്ട്. വലിയൊരു കള്ളമാണത്. അങ്ങനെയൊരു ആഗ്രഹവും അച്ഛനുണ്ടായിരുന്നില്ല. ആശുപത്രിയില്‍ വെച്ച് അച്ഛനോട് ഇതേപ്പറ്റി ഞാന്‍ സംസാരിച്ചിട്ടുണ്ടായിരുന്നു. അവസാനനാളുകളില്‍വാക്കുകള്‍ വളരെ വൈകിയേ അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ എത്തുമായിരുന്നുള്ളൂ. അച്ഛന് തിരികെപ്പോകണമെന്നുണ്ടെന്ന് ആരൊക്കെയോ പറയുന്നതുകേട്ട് ഞാന്‍ വസ്തുത അന്വേഷിച്ചു. ഒരു മിനിറ്റ് വൈകിയാണ് മറുപടി വന്നത്. 'പഴയ പാര്‍ട്ടിയുടെ കൂടെയില്ല' എന്നാണ് അച്ഛന്‍ എന്നോട് പറഞ്ഞത്''. പക്ഷേ എം വി രാഘവന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ എം വി നികേഷ് കുമാര്‍, ഇപ്പോള്‍ സിപിഎമ്മിന് ഒപ്പമുണ്ട് എന്നത് കാലത്തിന്റെ കാര്യനീതി.
ഗൗരിയമ്മയുടെ കണ്ണീര്‍
'കരയാത്ത ഗൗരി തളരാത്ത ഗൗരി, നെറികെട്ട ലോകം കനിവറ്റ കാലം, പടകാളിയമ്മേ..കരയിച്ചു നിന്നെ'. സിപിഎമ്മില്‍നിന്ന് കെ ആര്‍ ഗൗരിയമ്മയെ പുറത്താക്കിയ കാലത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കവിതയുടെ തുടക്കമാണിത്. കാരിരുമ്പിന്റെ കരുത്തുള്ള കെ ആര്‍ ഗൗരി, പാര്‍ട്ടിയില്‍നിന്ന് പുറത്തായതോടെ സിപിഎം, അപമാനിച്ച് കരയിച്ചുവെന്നത് വാസ്തവമാണ്. 'ഗൗരിച്ചോത്തി പെണ്ണല്ലേ, പുല്ലു പറിയ്ക്കാന്‍ പോയ്ക്കൂടേ' എന്നും, 'കെ.ആര്‍. ഗൗരി കേരള യക്ഷി, നിന്നെ പിന്നെ കണ്ടോളാം' എന്നുമൊക്കെയായിരുന്നു ഒരുകാലത്ത് കോണ്‍ഗ്രസുകാരുടെ മുദ്രാവാക്യം.
ഇടതുമനസ്സുകളിലാവട്ടെ, ഒരു മിത്തിന് സമാനമായ പരിവേഷമായിരുന്നു, ഗൗരിയമ്മക്ക്. 'പോലീസിന്റെ ലാത്തികള്‍ക്ക് ഗര്‍ഭം ധരിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ നിരവധി ലാത്തിക്കുഞ്ഞുങ്ങളെ താന്‍ പ്രസവിക്കുമായിരുന്നു' എന്ന് അവര്‍ പറഞ്ഞുവെന്ന് പറയുന്ന വാചകം സിപിഎമ്മുകാര്‍ നന്നായി പ്രചരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായതോടെ ആ കഥയും കെ ആര്‍ ഗൗരിക്ക് വിനയായി. അവരെ മച്ചിയെന്നും മറ്റും വിളിച്ച് അപമാനിച്ച് സ്ത്രീത്വത്തെ അധിക്ഷേപിച്ച് സംസാരിച്ച സിപിഎം നേതാക്കള്‍വരെയുണ്ട്. രഹസ്യമായി ജാതി പറഞ്ഞ് കളിയാക്കിയവരും, കല്യാണം കഴിക്കാത്തതിന്റെ അസുഖമാണ് എന്ന് പറഞ്ഞുപരത്തിയവരും വേറെ.
87-ല്‍ 'കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും' എന്ന് മുദ്രവാക്യം വിളച്ചവര്‍ തന്നെയാണ് ഒരു സുപ്രഭാതത്തില്‍ ഒറ്റയടിക്ക് തിരിഞ്ഞത് എന്നോര്‍ക്കണം. 1987-ല്‍ മുഖ്യമന്ത്രിയാവാന്‍ തനിക്ക് അവസരമുണ്ടായിരുന്നു എന്നും അത് തട്ടിത്തെറിപ്പിച്ചത് ഇഎംഎസ് ആണെന്നുമാണ് ഗൗരിയമ്മ മരിക്കുംവരെ വിശ്വസിച്ചിരുന്നത്. സിപിഎം നേതാക്കള്‍ ഇതു നിഷേധിക്കുമെങ്കിലും താന്‍ താഴ്ന്ന ജാതിക്കാരിയായതുകൊണ്ട് ഇഎംഎസ്, ഇ.കെനായനാരെ മുഖ്യമന്ത്രിയാക്കിയെന്നുതന്നെ ഗൗരിയമ്മ വിശ്വസിച്ചു. ഇഎംഎസ് മരിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോയില്ല ഗൗരിയമ്മ. തനിക്ക് ഇഎംഎസിനെക്കുറിച്ചു അത്രയേയുള്ളൂ അഭിപ്രായം എന്ന് തുറന്നടിക്കുകയും ചെയ്തു.
മനോരമ ന്യൂസില്‍ ജോണി ലൂക്കോസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നുണ്ട്. പ്രസവിക്കാത്ത സ്ത്രീ എന്നത് ആക്ഷേപമായി ഗൗരിയമ്മയുടെ നേരേ നീണ്ടതിനെക്കുറിച്ചു ജോണിലൂക്കോസ് ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെ പറയുന്നു-''കല്യാണം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെ ഗര്‍ഭഛിദ്രം ഉണ്ടായി. ഡോക്ടര്‍ നിര്‍ദേശിച്ച യാത്രാവിലക്ക് അവഗണിക്കേണ്ടി വന്നത് ഭര്‍ത്താവ് ടി.വി.തോമസിന്റെ നിര്‍ബന്ധം കൊണ്ടു കൂടിയാണ്. പാര്‍ട്ടി രണ്ടായെങ്കിലും ഞങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന കാലത്താണ് രണ്ടാമത്തെ അബോര്‍ഷന്‍. അന്നു ടി.വി ഒരുപാടു വേദനിച്ചിരുന്നു''- ഗൗരിയമ്മ പറയുന്നു.
അതുപോലെ ഗൗരിയമ്മ കമ്യുണിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും പുറത്തായതോടെ സിപിഎമ്മുകാര്‍ പ്രചരിപ്പിച്ചു. അവര്‍ക്ക് സ്വര്‍ണ്ണത്തോട് ആര്‍ത്തിയാണെന്നും, കൃഷ്ണഭക്തയാണെന്നുമൊക്കെ കഥകള്‍ ഇറങ്ങി. ഇതേക്കുറിച്ചും ജോണി ലൂക്കോസിനോട് ഗൗരിയമ്മ ഇങ്ങനെ പറയുന്നു. -''
''ഒരുപാടു സ്വര്‍ണമിട്ട ആളായിരുന്നു. ഞങ്ങള്‍ രണ്ട് മക്കളാണ്. ഞാന്‍ വക്കീലായിരുന്നപ്പോള്‍ എന്റെ കൂട്ട് വക്കീലന്മാര്‍ പറയുമായിരുന്നു, കക്ഷിയുടെ പണം ജപ്തിചെയ്ത് ഈടായില്ലെങ്കില്‍ വക്കീലിന്റെ കൈ ജപ്തിചെയ്താല്‍ മതിയെന്ന്. അതുപോലെ സ്വര്‍ണമിട്ടിരുന്നു. കുടുംബത്തില്‍പ്പിറന്ന ആളുകള്‍ സ്വര്‍ണമിടാതെ പുറത്തുപോകുമ്പോള്‍ മാനഹാനിയാണെന്ന് വിചാരിക്കും. പക്ഷേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു ജയിലില്‍ പോയി തിരികെ വന്നപ്പോള്‍ എന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും നെക്ലെസ് ഇട്ടില്ല. പിന്നെ ഞാനിട്ട സ്വര്‍ണം ടി.വി.തോമസിനെ കല്യാണം കഴിച്ചപ്പോഴത്തെ ഒരു താലിമാലയാണ്''- ഇപ്പോള്‍ തനിക്ക് സ്വര്‍ണ്ണത്തോട് ഭമ്രമില്ലെന്നും അവര്‍ പറയുന്നു.
ഭക്തിയെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു-'' നമ്മള്‍ എന്തൊക്കെപ്പറഞ്ഞാലും കേരളത്തില്‍ 'അയ്യോ ദൈവമേ' എന്ന് പറയുന്നവരാണ്. എനിക്ക് കൃഷ്ണനോട് ഇഷ്ടമാണ്. ആദ്യകാലത്ത് കൃഷ്ണഭക്തയായിരുന്നു. ഇപ്പോഴും ആള്‍ക്കാര്‍ കൃഷ്ണ വിഗ്രഹങ്ങള്‍ തരും. ഒരുപാട് എന്റെ വീട്ടില്‍ ഇരിക്കുന്നുണ്ട്. കുറഞ്ഞത് ഒരു പത്ത് അന്‍പതെണ്ണമെങ്കിലും കാണാം. പാര്‍ട്ടിയിലുള്ളപ്പോള്‍ കൃഷ്ണനെ ആരാധിച്ചുവോ എന്നു ചോദിച്ചാല്‍ സമയം കിട്ടേണ്ടേ? പില്‍ക്കാലത്ത് തളര്‍ന്ന് വീട്ടില്‍വരുമ്പോള്‍, അല്ലെങ്കില്‍ ആ ചിത്രം കാണുമ്പോള്‍ ഓര്‍ക്കും കൃഷ്ണനെ''- ഇങ്ങനെയായിരുന്നു അവരുടെ വിശ്വാസം. അല്ലാതെ പുറത്തായപ്പോള്‍ പ്രചചാരണം വന്നതുപോലെ ഒരു അമ്പലവാസിയായിരുന്നില്ല അവര്‍.
അന്ന് എം വി രാഘവനെപ്പോലെ തന്നെ കരുണാകരന്റെ രാഷ്ട്രീയ അഭയമാണ് ഗൗരിയമ്മയെയും രക്ഷിച്ചത്. പക്ഷേ അവസാന കാലത്ത് പാര്‍ട്ടിയിലേക്ക് തിരിച്ചുപോകണമെന്ന് അവര്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. 2019 -ല്‍ വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആലപ്പുഴയിലെ വസതിക്കു മുന്‍പില്‍ കെ.ആര്‍.ഗൗരിയമ്മ ഇരുന്നു. ഇടതുമുന്നണിയില്‍ ചേര്‍ക്കാമെന്നു പറഞ്ഞ് നേതാക്കള്‍ എത്തി ആശ്വസിപ്പിച്ചപ്പോള്‍, നൂറാം വയസ്സിലും ആ അമ്മയില്‍ താന്‍ ജീവന്‍ കൊടുത്ത പ്രസ്ഥാനത്തെ കുറിച്ച് പ്രതീക്ഷകളുണര്‍ന്നു. നൂറാം വയസ്സിലെങ്കിലും ഒരു സംസ്ഥാന കമ്മിറ്റി അംഗമായി ഉള്‍പ്പെടുത്തി ചെങ്കൊടി പുതച്ച് മരിക്കാനുള്ള ആഅവരുടെ ആഗ്രഹം നടന്നില്ല. അവസാനം മരിച്ചുകഴിഞ്ഞപ്പോള്‍ ഗൗരിയമ്മയുടെ മൃതദേഹം സി.പി.എം കൈയടക്കുകയായിരുന്നു. ജെ.എസ്.എസ്സുകാരെ ആരെയും അവിടത്തെ നേതൃത്വം കൈയടക്കാന്‍ സമ്മതിച്ചില്ല. ചെങ്കൊടി പുതപ്പിക്കാന്‍ എം.എ ബേബി അടക്കമുള്ള പഴയ പാരകളൊക്കെ ഉണ്ടായിരുന്നു. ചുടുകാട്ടില്‍ എത്തിയപ്പോള്‍ സി.പി.എമ്മിനെയും സി.പി.ഐയെയും ജെ.എസ്.എസ്സിനെയും പ്രതിനിധീകരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സിന്ദാബാദ് എന്നായിരുന്നു മുദ്രാവാക്യം!
തെങ്ങിന്‍ പൂക്കുലപോലെ ചിതറിയ ഒരു തല!
ടി പി ചന്ദ്രശേഖരന്റെ തല റോഡില്‍ തെങ്ങിന്‍ പൂക്കുലപോലെ ചിതറുമെന്ന് സിപിഎം പ്രാദേശിക നേതാവായ കെ കെ കൃഷ്ണന്‍ ഒരിക്കല്‍ പ്രസംഗിച്ചത് വെറുതെയായില്ല.സിപിഎമ്മില്‍ നിന്നും വിട്ട് ആര്‍എംപി എന്ന പാര്‍ട്ടി സ്ഥാപിച്ച ടിപി ചന്ദ്രശേഖരന്റെ തല, 2012 മേയ് നാലിന് റോഡില്‍ തെങ്ങിന്‍ പൂക്കുലപോലെ ചിതറി. ഒന്നും രണ്ടുമല്ല ആ 52 വെട്ടുകള്‍ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ എക്കാലത്തെയും വലിയ നെരിപ്പോടായി. സിപിഎമ്മില്‍ നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആര്‍എംപി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിതാക്കണ്, ഒരു കാലത്ത് കോഴിക്കോട്ടെ സിപിഎമ്മിന്റെ തീപ്പൊരി നേതാവായിരുന്നു ടിപി ചെയ്ത കുറ്റം. ഇപ്പോഴും ഈ കേസിലെ ആസുത്രകരെ പിടികിട്ടിയിട്ടില്ല.
പക്ഷേ മരിച്ചിട്ടും സിപിഎം ടിപിയെ വെറുതെ വിട്ടില്ല.ടി പി വധത്തിനുശേഷമുണ്ടായ ആക്രമങ്ങളെതുടര്‍ന്ന്, അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തന്റെ അണികളെ അഭിസംബോധനചെയ്തു സംസാരിക്കുമ്പോഴായിരുന്നു 'കുലം കുത്തികള്‍ എന്നും കുലം കുത്തികള്‍ തന്നെ' എന്നു പറഞ്ഞത്. അതോടെ കേരള രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത പദമായി മാറി കുലംകുത്തി എന്നത്. ആവശ്യത്തിനും അനാവശ്യത്തിനും കുലംകുത്തി നിരന്തരമായി ഉപയോഗിക്കപ്പെട്ടു. ആരുടെയൊക്കെയോ അഭിമാനം വ്രണപ്പെട്ടു, ചിലര്‍ പരിഹസിക്കപ്പെട്ടു. ടി.പിയുടെ ഭാര്യ രമയെ ആശ്വസിപ്പിക്കാന്‍ പോയ വി.എസ്സിന്റെ നെഞ്ചിലേക്കും കൂടിയായിരുന്നു ആ വാക്കിന്റെ മൂര്‍ച്ച വന്നുപതിച്ചത്.
ടി പി മരിച്ചതിനും ശേഷവും പല കള്ളക്കഥകളും പ്രചരിപ്പിച്ചു. റിയല്‍ എസ്റ്റേറ്റ് പ്രശ്നമാണ് കൊലക്ക് പിന്നിലെന്നുതൊട്ട്, ടി പി ഒരു ഗള്‍ഫുകാരന്റെ ഭാര്യയുമായി പ്രണയത്തിലായിരുന്നു എന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. ടി പിയുടെ വിധവ കെ കെ രമയെയും, വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമായിരുന്നു.
അലി മുതല്‍ കണ്ണന്താനംവരെ
അതുപോലെ സിപിഎം സ്വതന്ത്രരായി വന്ന് പിന്നീട് മറ്റുപാര്‍ട്ടികളിലേക്ക് ചേക്കേറിയവരും ഒരുപാട് ഉണ്ട്. മഞ്ഞളാംകുഴി അലി,കെ എസ് മനോജ്, അല്‍ഫോന്‍സ് കണ്ണന്താനം... ആ ലിസ്റ്റില്‍ ഒരുപാട് പേര്‍ ഉണ്ട്. ഇതില്‍ പി വി അന്‍വറിന് സമാനമായ അനുഭവമാണ്, സിപിഎം സ്വതന്ത്രനും വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ മാക് അലി എന്ന മഞ്ഞളാംകുഴി അലിക്ക് ഉണ്ടായത്.
മുസ്ലീം സമുദായത്തില്‍നിന്നുള്ള പ്രശസ്തരെ സ്വതന്ത്രവേഷത്തില്‍ നിര്‍ത്തി മലപ്പുറം ജില്ലയിലെ ലീഗ് അപ്രമാദിത്വത്തിന് തടയിടുക, എന്ന സിപിഎം അടുവുനയമാണ്, അലിയെ രാഷ്ട്രീയത്തില്‍ എത്തിച്ചത്. 1996 -ല്‍ മങ്കട നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.എ. മജീദിനെതിരെ സി.പി.എം സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച അലി കന്നിയംഗത്തില്‍ ആയിരം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മങ്കടപോലെ ലീഗിന്റെ കോട്ടയായ ഒരു മണ്ഡലത്തിലെ ഇത്രയും കുറഞ്ഞ മാര്‍ജിന്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു.
പക്ഷേ 2001-ല്‍ അദ്ദേഹം മങ്കടയില്‍നിന്ന് ജയിച്ചു. തുടര്‍ന്ന് 2006-ല്‍ എം.കെ. മുനീറിനെ തോല്‍പ്പിച്ച് മങ്കടയില്‍ നിന്ന് തന്നെ രണ്ടാം തവണയും എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് അദ്ദേഹം മന്ത്രിയാവുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും അത് ഉണ്ടായില്ല. മണ്ഡലത്തില്‍ വളരെ പെട്ടന്ന് അലി ജനകീയനായി. സ്വന്തമായി അലി വളരുന്നതില്‍ സിപിഎമ്മിനും അസഹിഷ്ണുതയുണ്ടായിരുന്നു. പക്ഷേ പ്രശ്നങ്ങള്‍ വഷളാക്കിയത്, 2010 -ല്‍ അദ്ദേഹം മാധ്യമം ദിനപ്പത്രത്തിന് നല്‍കിയ ഒരു അഭിമുഖമായിരുന്നു. ഇതിലെ പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ അന്നത്തെ സിപിഎം സ്റ്റേറ്റ് സെക്രട്ടറി പിണറായി വിജയന്‍ ആഞ്ഞടിച്ചത് വാര്‍ത്തയായി. തുടര്‍ന്ന് 2010 ഒക്ടോബറില്‍ നിയമസഭാംഗത്വം രാജിവെച്ച് മുസ്ലിംലീഗില്‍ ചേര്‍ന്നു. അന്നും ഇന്ന് നിലമ്പുരില്‍ അന്‍വറിന് എതിരെ ഉണ്ടായപോലുള്ള പ്രകടനങ്ങള്‍ അലിക്കെതിരെയും ഉണ്ടായിരുന്നു. പക്ഷേ 2011-ല്‍ പതിമൂന്നാം നിയമസഭയിലേക്ക് പെരിന്തല്‍മണ്ണ നിയമസഭാമണ്ഡലത്തില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുകയും പിന്നീട് ലീഗിന്റെ അഞ്ചാം മാത്രയാവുകയും ചെയ്തത് ചരിത്രം. ഇപ്പോഴും അലി എംഎല്‍എയാണ്.
അതുപോലെ സിപിഎം മറക്കാന്‍ ശ്രമിക്കുന്ന പരീക്ഷണമാണ്, ഡോ കെ എസ് മനോജിലുടെ ആലപ്പുഴയില്‍ നടത്തിയത്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, ഹാട്രിക്ക് വിജയം നേടി, നാലാമതും മത്സരിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെ മനോജ് അട്ടിമറിച്ചത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ 2009-ല്‍ കെ സി വേണുഗോപാലിനോട് ഇദ്ദേഹം തോറ്റു. 2010 ജനുവരി 9-ന് ഇദ്ദേഹം സിപിഎമ്മില്‍ നിന്ന് രാജിവയ്ക്കുകയുണ്ടായി. പാര്‍ട്ടി നിലപാട് തന്റെ മതവിശ്വാസത്തിനെതിരാണ് എന്ന കാരണത്താലാണ് രാജി എന്നായിരുന്നു വിശദീകരണം. പക്ഷേ ഒരു ഘട്ടത്തിലും പാര്‍ട്ടിയുമായി ഒരു ഏറ്റുമുട്ടലിന് അദ്ദേഹം പോയില്ല.
അതുപോലെ രസകരമാണ് അല്‍ഫോല്‍സ് കണ്ണന്താനത്തിന്റെ അവസ്ഥ. ഡല്‍ഹിയെ വിറപ്പിച്ച ഐഎഎസ് ഓഫീസറായകണ്ണന്താനത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമ്പോള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ അടുപ്പിക്കുക എന്ന പദ്ധതിയും സിപിഎമ്മിന് ഉണ്ടായിരുന്നു. 2006-ല്‍ കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തില്‍ നിന്ന് അദ്ദേഹം ഇടതുസ്വതന്ത്രനായി ജയിച്ചു. പക്ഷേ 2011-ലെ തിരഞ്ഞെടുപ്പ് കാലത്ത് അവസാന നിമിഷം പില്‍മാറുന്ന കണ്ണന്താനത്തെയാണ് കേരളം കണ്ടത്. അദ്ദേഹം, 2011 മാര്‍ച്ചില്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. പിന്നീട് മോദിയുടെ കാബിനറ്റില്‍ കേന്ദ്രമന്ത്രിയുമായി. പക്ഷേ മനോജിനെപ്പോലെതന്നെ കണ്ണന്താനത്തെയും സിപിഎം വര്‍ഗശത്രുവായും കുലം കുത്തിയായും കണ്ടില്ല എന്നത് നല്ലകാര്യം.
ചരുക്കിപ്പറഞ്ഞാല്‍ ഒരുകാര്യം വ്യക്തമാണ്. സിപിഎം വിട്ടുകഴിഞ്ഞാല്‍ പിന്നെ ജീവിക്കാന്‍ ഇത്തരി ബുദ്ധിമുട്ടുതന്നെയാണ്. ഇപ്പോള്‍ അന്‍വര്‍ അനുഭവിക്കുന്നതും അതുതന്നെയാണ്. കോണ്‍ഗ്രസിന്റെയോ ലീഗിന്റെയോ സഹായമില്ലാതെ ഒറ്റക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.
വാല്‍ക്കഷ്ണം: തങ്ങളുടെ നേതാക്കള്‍ ആരും ബിജെപിയില്‍ ചേരില്ല എന്ന സിപിഎം വാദം പൊള്ളയാണന്നതിന്റെ തെളിവാണ് ബംഗാള്‍. അവിടെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഒന്നടങ്കമാണ് ബിജെപിയിലേക്ക് മാറിയത്. അര ഡസനോളം മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയത്. സിപിഎമ്മിന്റെ മുന്‍ മന്ത്രി ബങ്കിം ഘോഷ്, എംഎല്‍എമാരായിരുന്ന ദീപാലി ബിശ്വാസ് (ഗാജോല്‍), തപസി മണ്ഡല്‍ (ഹല്‍ദിയ), നേതാക്കളായ ശങ്കര്‍ ഘോഷ്, അന്തര ഘോഷ് തുടങ്ങിയവര്‍ ബിജെപിയിലെത്തിയ പ്രമുഖരാണ്. മറ്റ് ഇടതു പാര്‍ട്ടികളില്‍ നിന്ന് കാഗന്‍ മുര്‍മു, സുനില്‍ മണ്ഡല്‍, ദസ്രത് ടിര്‍കി എന്നീ നേതാക്കളും ബിജെപിയിലെത്തി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 6 സ്ഥാനാര്‍ഥികള്‍ മുന്‍ സിപിഎമ്മുകാരായിരുന്നു!