- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആദ്യ ദർശനത്തിൽ പ്രണയാതുരനായ രജനി; മദ്യപാനത്തിൽ നിന്ന് മോചിപ്പിച്ച് താരത്തിന്റെ ജീവൻ രക്ഷിച്ച ഭാര്യ; നിഴലായി ഒതുങ്ങാതെ ബിസിനസും സാമൂഹിക പ്രവർത്തനവും; ഇപ്പോൾ വഞ്ചനാ കേസിലുടെ വിവാദത്തിൽ; പക്ഷേ ഒറ്റദിനം കൊണ്ട് തലൈവി; തമിഴകം ലതാ രജനീകാന്തിനെ ഉറ്റുനോക്കുമ്പോൾ!
കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം അഭിനയിച്ചതിൽ ഒരു സിനിമ പൊളിഞ്ഞതിന്റെ പേരിൽ മുഴുവൻ വിതരണക്കാരെയും തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി, മുടക്കിയ പണവും ഒപ്പം ഒരു രൂപ ലാഭവും കൊടുത്തുവിട്ട് ലോകത്തെ ഞെട്ടിച്ച നടനാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. 2002ൽ ഇറങ്ങിയ ബാബ എന്ന സിനിമയുമായി ബന്ധപ്പെട്ട രജനിയുടെ ചെയ്തികൾ സമാനതകൾ ഇല്ലാത്തതായിരുന്നു. ആദായനികുതി വകുപ്പ് ഏറ്റവും മികച്ച നികുതി ദായകനായി പലതവണ അംഗീകരിച്ച വ്യക്തി. ആ രീതിയിൽ സൂതാര്യതയുള്ള തമിഴകത്തെ തലൈവരുടെ ഭാര്യ ഇപ്പോൾ ഒരു വഞ്ചനാക്കേസിൽ കുടുങ്ങിയിരിക്കയാണ്. അതും ഒന്നുരണ്ടും ലക്ഷമല്ല, 6.2 കോടിയുടെ വഞ്ചനാക്കേസിൽ!
തമിഴകത്തെ ഈ കേസ് ശരിക്കും പിടിച്ചുകുലുക്കയാണ്. കേസിൽ രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്തിനോട് നേരിട്ട് ഹാജരാകാൻ ബെംഗളൂരു കോടതി നിർദ്ദേശിച്ചത് അടുത്തിടെ വലിയ വാർത്ത ആയിരുന്നു. അതിനുശേഷ ലത ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. 2014 ൽ പുറത്തിറങ്ങിയ 'കൊച്ചടൈയാൻ' എന്ന രജനീകാന്ത് ചിത്രവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചു എന്നു പറഞ്ഞ്, ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വർടൈസിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കേസ് കൊടുത്തത്. സിനിമയുടെ നിർമ്മാതാക്കളായ മീഡിയ വണ്ണിന് പത്ത് കോടി രൂപ ഇവർ വായ്പ നൽകിയിരുന്നു. ഇതിന് ജാമ്യം നിന്നത് ലത രജനീകാന്ത് ആയിരുന്നു. പണം തിരിച്ചുനൽകിയില്ല എന്നാരോപിച്ചാണ് കേസ്.
നേരത്തെ ഈ കേസിലെ സുപ്രധാന വകുപ്പുകൾ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഇത് സുപ്രീംകോടതി പുനഃസ്ഥാപിച്ചതോടെയാണ് ലത ഇപ്പോൾ ജാമ്യം നേടിയത്. പക്ഷേ ജാമ്യം കിട്ടിയതിനുശേഷം ഒന്നും മിണ്ടാതെ മുങ്ങുകയല്ല ലത ചെയ്തത്. അവർ ഒരു വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ ക്രിസ്റ്റൽ ക്ലിയർ ആയി അവതരിപ്പിച്ചു. അതോടെ അവരും ആരാധക മനസ്സിൽ തലൈവിയായി മാറി.
ഒറ്റ ദിനംകൊണ്ട് തലൈവി
വാർത്താസമ്മേളനത്തിൽ ലത ശരിക്കും കസറി. -'കുറച്ചു നാളായി ഞാൻ ഇതിനെക്കുറിച്ച് പറയണം എന്ന് വിചാരിക്കുന്നു. നിങ്ങൾ വിചാരിക്കുന്ന പോലെ ഈ കേസിൽ എനിക്ക് എതിരെ ഒരു വാറന്റും ഇല്ല, വഞ്ചനാ കുറ്റവും ഇല്ല. സുപ്രീം കോടതി ഈ കേസിനെ കുറിച്ച് പഠിച്ചിട്ട് ഇതിൽ അപ്പിയർ ചെയ്യണ്ട എന്ന് എന്നോട് പറഞ്ഞു, അതിൽ എനിക്ക് നന്ദി ഉണ്ട്. 2014 ൽ പുറത്തിറങ്ങിയ കൊച്ചടിയാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസ് ആണിത്. പക്ഷെ എവിടെ നിന്നോ വന്നതുപോലെ ഒരു ലെറ്റർ കർണാടക കോടതിയിൽ കൊണ്ടുപോയി കൊടുത്തു. അതിന് എന്റെ കുടുംബവുമായി എന്തോ ബന്ധം ഉണ്ടെന്നു പറഞ്ഞാണ് എന്നെയും എന്റെ കുടുംബത്തെയും കുറെ നാളായി ഹറാസ് ചെയ്യുന്നത്.
ഫോറെൻസിക്കിൽ വരെ പോയി തെളിയിച്ചു അത് എന്റെ കയ്യക്ഷരം അല്ല എന്ന്. സെലിബ്രിറ്റി ആയതുകൊണ്ട് ഈ ഉപദ്രവം തുടരുന്നു. ഞാൻ നീതിക്കും നിയമത്തിനും വില നൽകുന്നതുകൊണ്ടാണ് ഇന്ന് ഇവിടെ കോടതിയിൽ വന്നത്. ഞാൻ തല മറച്ചും മുഖം മറച്ചും ഒന്നും അല്ല വന്നത്. വെയിൽ അടിച്ചതുകൊണ്ട് തുണി തലയിൽ ഇട്ടതാണ്, അങ്ങിനെ ഒന്നും എഴുതരുത് ഇനി. ഇനി ഞാൻ ആണ് അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടത്. അത്രയ്ക്ക് വർഷങ്ങളായി എന്നെയും എന്റെ കുടുംബത്തെയും ദ്രോഹിക്കുന്നുണ്ട്. സെലിബ്രിറ്റി ആയതുകൊണ്ട് ഞങ്ങൾക്ക് ഇങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾക്ക് അത് സെൻസേഷൻ ആയിരിക്കും. ഞങ്ങൾക്ക് അത് വളരെ വേദന ഉണ്ടാക്കുന്ന ഒന്നാണ്.''- ലതാ രജനീകാന്ത് ആഞ്ഞടിച്ചു.
ലക്ഷ്യവേധിയായ ഈ വിശദീകരണം കേട്ടതോടെ തമിഴ് മാധ്യമങ്ങളും കളംമാറ്റി. ബാബ സിനിമയുടെ അവസ്ഥ ഓർമ്മിപ്പിച്ചുകൊണ്ട്, സിനിമയുടെ പേരിൽ നഷ്ടമുണ്ടായാൽ അത് രജനി പരിഹരിക്കുമെന്നും ഇത് കള്ളക്കേസാണെന്നം അവർ എഴുതി. ഒറ്റ സിനിമക്ക് 150 കോടി രൂപ പ്രതിഫലം വാങ്ങിയ, ആയിരം കോടിയിലേറെ ആസ്തിയുള്ള, എത്രയോ കോടികൾ ചാരിറ്റിയായി കൊടുക്കുന്ന രജനി ഈ പ്രശ്നത്തിൽ കഴമ്പുണ്ടായിരുന്നെങ്കിൽ എപ്പോഴേ അത് തീർത്തേനെ എന്ന് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടുന്നു. ഒറ്റ വാർത്താ സമ്മേളനം കൊണ്ട് ലതാ രജനീകാന്തും താരമായി. ഒറ്റ ദിനം കൊണ്ട് അവർ തലൈവിയായി. രജനിക്ക് പകരം ഭാര്യ രാഷ്ട്രീയത്തിൽ ഇറങ്ങണം എന്നുവരെ ഇപ്പോൾ ആവശ്യം ഉയരുകയാണ്. പക്ഷേ തമിഴകത്തെ ഈ മോസ്റ്റ് വാണ്ടഡ് സെലിബ്രിറ്റിയാവട്ടെ ഒന്നിലും പ്രതികരിച്ചിട്ടുമില്ല.
ജനിച്ചത് തമിഴ് ബ്രാഹ്മണ കുടുംബത്തിൽ
ചെന്നൈയിലെ തമിഴ് ബ്രാഹ്മണ അയ്യങ്കാർ കുടുംബത്തിലാണ് ലത ജനിച്ചത്. ചെന്നൈയിലെ എതിരാജ് കോളേജ് ഫോർ വുമണിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. സിനിമാബന്ധമുള്ള കുടുംബമായിരുന്നു അവരുടേത്. തമിഴ് നാടകകൃത്തും ചലച്ചിത്ര നടനുമായ വൈ ജി മഹേന്ദ്രന്റെ ഭാര്യാസഹോദരിയാണ് ലത. രജനിയുമായുള്ള ലതയുടെ വിവാഹത്തിന് ഇടനിലക്കാരനായി നിന്നതും മഹേന്ദ്രനാണ്.
ചലച്ചിത്ര നടി വൈജയന്തിമാലയുമായും ഇവരുടെ ബന്ധുവാണ്. ലതയുടെ സഹോദരൻ രവി രാഘവേന്ദ്രയുടെ മകനാണ്, ഇന്ന് എ ആർ റഹ്മനാനെപ്പോലും കടത്തിവെട്ടി വളർന്നുകൊണ്ടിരിക്കുന്ന സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. 'ജയിലറിലെ' കാവാലയാ പാട്ടുവഴിയൊക്കെ ഇന്ത്യൻ മുഴവൻ തരംഗമായ അനിരുദ്ധ് വളർന്നത് രജീനീകാന്തിന്റെ സഹായത്താലാണെന്ന് റഹ്മാൻ ഫാൻസ് പറയുന്നതിൽ കഥയില്ലാതില്ല. കാരണം, അനിരുദ്ധിനും കുട്ടർക്കും ആദ്യ ആൽബം നിർമ്മിക്കാനുള്ള സഹായം നൽകിയത് ലതയാണ്.
ചെറുപ്പത്തിലെ സംഗീതം ലതക്കും ഒപ്പമുണ്ടായിരുന്നു. 1980 കളിൽ ലത തമിഴ് സിനിമയിൽ പിന്നണി ഗായികയായി. ടിക് ടിക് ടിക് (1981), അൻപുള്ള രജനികാന്ത് (1984) തുടങ്ങിയ ചിത്രങ്ങളിൽ അവർ ആലപിച്ച ഗാനങ്ങൾ ഹിറ്റായിരുന്നു. അൻപുള്ള രജനികാന്തിലെ 'കടവുൾ ഉള്ളമേ' എന്ന ഗാനവും വല്ലിയിലെ 'ഡിങ് ഡോംഗ്' എന്ന ഗാനവും ആരാധകരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. ഒടുവിലായി ' കൊച്ചടൈയാനിലും' അവർ പാടിയിട്ടുണ്ട്. രജനികാന്തിന്റെ 25 വർഷത്തെ കരിയറിനെ അനുസ്മരിക്കുന്ന ഒരു സംഗീത ആൽബമായ രജനി 25 (1999) യ്ക്കും അവർ സംഭാവന നൽകി. ഇന്നും അതി മനോഹരമാണ് ആ ശബ്ദം. താൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പരിപാടികളിൽ അവർ പാടാറുമുണ്ട്.
വെളത്തപെണ്ണിനെ തേടിയ രജനി
രജനീകാന്തും ഇപ്പോഴത്തെ ഭാര്യ ലതയും ആദ്യമായി കണ്ടുമുട്ടിയ കഥ തന്നെ രസകരമാണ്. അന്ന് കോളേജിൽ പഠിക്കുകയായിരുന്ന ലത കോളേജ് മാഗസിനിൽ രജനീകാന്തിന്റെ ഒരു അഭിമുഖം ചെയ്യാനായി എത്തിയതായിരുന്നു. 1981 ഫെബ്രുവരി 26 ന് തിരുപ്പതിയിൽ വച്ചായിരുന്നു സംഭവം. 'തില്ലു മല്ലു' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു താരം. ഇന്നൊരു ഇൻർവ്യൂ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞതോടെ രജനി ലതയെ അടുത്തേക്ക് വിളിപ്പിച്ചു.
ആദ്യ കാഴ്ചയിൽ തന്നെ ലതയോട് ഇഷ്ടം തോന്നിയ രജനികാന്ത് അഭിമുഖം തീരുന്നതിനുള്ളിൽ അവരെ പ്രൊപ്പോസ് ചെയ്തു. ''ലതയെ കണ്ടപ്പോൾ തന്നെ എനിക്ക് ആകർഷണം തോന്നി. ഞാൻ നിങ്ങളെ ഞാൻ വിവാഹം കഴിച്ചോട്ടേ എന്ന് വെട്ടിത്തുറന്ന് ചോദിച്ചു. മാത്രമല്ല എന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ എന്ന ചോദിച്ചു. പക്ഷേ അപ്പോഴും അവൾ കുലുങ്ങിയില്ല''- വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ആദ്യ സമാഗമം രജനി ഓർത്തത് ഇങ്ങനെയാണ്.
നിങ്ങൾക്ക് അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ എന്റെ മാതാപിതാക്കളോട് വന്ന് കാര്യം അവതരിപ്പിക്കാനാണ് ലത മറുപടിയായി പറഞ്ഞത്. അധികം വൈകാതെ രജനീകാന്ത് ലതയുടെ വീട്ടിലേക്ക് പോവുകയും അവരെ കാര്യം പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ലതയുടെ വീട്ടുകാരും ഈ ബന്ധത്തിൽ പ്രശ്നങ്ങളൊന്നും കണ്ടില്ല. മാത്രമല്ല സിനിമ മേഖലയിൽ നിരവധി ബന്ധുക്കളും അവർക്കുണ്ടായിരുന്നു. അങ്ങനെയാണ് ലതയും രജനികാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്.
സൗന്ദര്യമുള്ളതും വെളുത്ത നിറമുള്ള ഒരു പെണ്ണിനെ തന്നെ വിവാഹം കഴിക്കും എന്ന രജനീകാന്തിന്റെ വാശിയായിരുന്നു. പണ്ട് ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന കാലത്ത് ഒരു പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയ രജനീകാന്തിനെ ആ കുട്ടി അപമാനിച്ചിരുന്നു. അന്ന് താരത്തിന്റെ നിറത്തിന്റെ പേരിലായിരുന്നു പരിഹാസം. ഇതോടെയാണ് ജീവിതത്തിൽ വിവാഹം കഴിക്കുകയാണെങ്കിൽ ഒരു വെളുത്ത പെണ്ണിനെ ആയിരിക്കുമെന്ന് നടൻ തീരുമാനിച്ചത്.
വിവാഹത്തിന് മുൻപും ശേഷവും എന്നിങ്ങനെ തന്റെ ജീവിതത്തിൽ രണ്ട് കാലഘട്ടമുണ്ടെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. 'അച്ചടക്കമില്ലാതെ ജീവിച്ച തന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. കൃത്യമായ സ്നേഹവും ലാളനയുമൊക്കെ തന്ന് എന്നെ അവൾ പതിയെ മാറ്റി എടുത്തുവെന്ന്'' നടൻ ഒരിക്കൽ പറഞ്ഞത്.
രജനിയെ മദ്യത്തിൽ നിന്ന് രക്ഷിച്ചു
പണം ധാരാളമുള്ള ഏതൊരു സെലിബ്രിറ്റിയെയും പോലെ അക്കാലത്ത് കുത്തഴിഞ്ഞ ജീവിതമായിരുന്നു രജനി നയിച്ചിരുന്നത്. താൻ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നതിന് കാരണം ഭാര്യയാണെന്നാണ്, ചെന്നൈയിൽ ഒരു കുടുംബസംഗമത്തിൽ പങ്കെടുത്ത് സൂപ്പർ താരം പറഞ്ഞിരുന്നു. മദ്യപാന ശീലം കാരണം ജീവിതത്തിൽ പലതും തനിക്ക് നഷ്ട്പ്പെട്ടിട്ടുണ്ടെന്നും രജനി തുറന്നടിക്കുന്നു. 'കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്ത് മദ്യവും സിഗരറ്റും നോൺ വെജിറ്റേറിയൻ ആഹാരങ്ങളും എനിക്ക് നിർബന്ധമായിരുന്നു. ആദ്യമായി മദ്യപിച്ചു വീട്ടിൽ വന്നപ്പോൽ, ശിവാജി ഇത് നിനക്ക് ആപത്താണെന്ന് ചേട്ടൻ പറഞ്ഞിരുന്നു. പക്ഷെ ആ പ്രായത്തിൽ അതു മനസ്സിലാക്കാനോ തിരുത്താനോ തോന്നിയില്ല. അക്കാലത്ത് ദിവസത്തിൽ രണ്ടുനേരം ഇറച്ചി കഴിക്കും. ഒരുപാട് വലിക്കുകയും കുടിക്കുകയും ചെയ്യും. എത്ര സിഗരറ്റ് പാക്കറ്റുകൾ വലിച്ച് തള്ളാറുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു''- രജനി പറയുന്നു.
'വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരെ കണ്ടാൽ പാവം തോന്നുമായിരുന്നു. മദ്യം, സിഗരറ്റ്, മാംസഭക്ഷണം എന്നിവ ഒരു മാരക കോമ്പിനേഷനാണ്. ഇത് മൂന്നും അളവിലധികം തുടർച്ചയായി ഒരുപാട് വർഷങ്ങൾ കഴിച്ചവർ എന്റെയറിവിൽ അറുപത് വയസിനപ്പുറം ജീവിച്ചിട്ടില്ല. എല്ലാവരും അതിനുള്ളിൽ ഈ ലോകം വിട്ടുപോയി. ഇതുപോലെ അച്ചടക്കമില്ലാതെ ജീവിച്ച എന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. എന്നെ അച്ചടക്കമുള്ളയാളാക്കി ലത മാറ്റി.'' -സൂപ്പർതാരത്തിന്റെ ഈ വാക്കുകൾ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.
രജനിയിലേക്ക് വന്ന ഈ നല്ല ഗുണങ്ങൾ പതുക്കെ സിനിമയിലേക്കും സമൂഹത്തിലേക്കും വ്യാപിക്കാൻ തുടങ്ങി. ആരാധകർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്ന നടനാണ് താനെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. രജനിയുടെ സ്റ്റൈലും നടത്തവും എല്ലാം അനുകരിക്കുന്ന ആരാധകരുണ്ട്. അവർക്കിടയിൽ ഒരു തെറ്റായ സന്ദേശം എത്തിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്ന ആളാണ് രജനി. അതിനാൽ തന്റെ സിനിമകളിൽ മദ്യപിക്കുന്ന രംഗങ്ങൾ പാടില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. ഈ തീരുമാനത്തിനുപിന്നിലും ഭാര്യ ലതയുടെ സ്വാധീനമായിരുന്നു. പിന്നീട് സൂര്യ, വിജയ്, അജിത്ത് പോലുള്ള നടന്മാരാരും സിനിമയിൽ മദ്യപിക്കുന്നതോ പുകവലിക്കുന്നതോ ആയ രംഗങ്ങൾ ചെയ്യില്ല എന്ന് തീരുമാനമെടുത്തു.
ഐശ്വര്യ, സൗന്ദര്യ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് താര ദമ്പതിമാർക്കുമുള്ളത്. മക്കൾക്കും അമ്മ മാതൃകയാണ്. ഐശ്വര്യക്ക് സിനിമയെടുക്കാനും, സൗന്ദര്യക്ക് ബിസിനസ് നടത്താനും ധൈര്യവും പ്രോൽസാഹനവും അവർ നൽകി. മാതാപിതാക്കൾക്ക് നീണ്ട കുടുംബ ജീവിതം ഉണ്ടായെങ്കിലും മക്കളുടെ കാര്യം അങ്ങനെ ആയിരുന്നില്ല. സൗന്ദര്യ ആദ്യ വിവാഹബന്ധം വേർപ്പെടുത്തി മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. ഐശ്വര്യ നടൻ ധനുഷുമായിട്ടുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നത്. വർഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ചേർന്ന് അവസാനിപ്പിച്ചത്. ഈ സമയത്തൊക്കെ അച്ഛനേക്കാൾ അമ്മയാണ്, തങ്ങൾക്ക് വൈകാരിക പിന്തുണ നൽകിയതെന്ന് ഒരു അഭിമുഖത്തിൽ മക്കൾ പറഞ്ഞിരുന്നു.
രജനിയുടെ പ്രണയത്തിനും പിന്തുണ
തന്റെ ജീവിതം മാറ്റിമറിച്ച പ്രണയിനിയെ തേടി നടക്കയാണ്, രജനീകാന്ത് എന്ന് ലതക്കും അറിയാം. ആ പ്രണയിനിയെ അദ്ദേഹം ഒരിക്കൽ കണ്ടുമുട്ടുമെന്ന് അവളും വിശ്വസിക്കുന്നു. രജനി ബസ് കണ്ടക്ടറായിരിക്കേ പരിചയപ്പെട്ട ആ പെൺകുട്ടിയാണ് അയാളെ അഭിനയം പഠിക്കാൻ നിർദ്ദേശിച്ചത്. ബസിൽവെച്ചുള്ള പരിചയം അടുപ്പമായി. ഒരു ദിവസം തന്റെ വീടിന്റെ അടുത്തുള്ള പ്രദേശിക സമിതിയുടെ നാടകത്തിൽ താൻ അഭിനയിക്കുന്നുണ്ടന്നും അത് കാണാൻ വരണമെന്നും രജനി യുവതിയെ ക്ഷണിച്ചു. അവൾ വന്നു. രജനിയുടെ അതിഗംഭീരമായ പ്രകടനം കണ്ട് അത്ഭുതപ്പെട്ടാണ് അവൾ മടങ്ങിയത്.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള, രണ്ടുവർഷ പ്രവേശനത്തിനുള്ള അഡ്മിഷൻ കിട്ടിയെന്ന ഒരു കാർഡാണ്, രജനിയെന്ന ശിവാജി റാവുവിനെ തേടിയെത്തുന്നത്. താൻ അപേക്ഷിക്കകപോലും ചെയ്യാതെ ഇത് എങ്ങനെ വന്നുവെന്ന് അമ്പരന്നു നിൽക്കവേ അവൾ സത്യം പറഞ്ഞു. ശിവാജിക്കുവേണ്ടി അപേക്ഷിച്ചത് അവളാണ്. 'നിങ്ങളുടെ മേഖല അഭിനയമാണ്. അതിൽ ഉറച്ചു നിൽക്കണം. വലിയ നടൻ ആവണം. ബാനറും പോസ്റ്റും എവിടെയും ഉയരുന്നത് കാണണം.'- അവൾ നിർബന്ധിച്ചപ്പോൾ ശിവാജി സമ്മതിച്ചു. പഠിക്കാനുള്ള കാശും അവൾ അയച്ചുതാരമെന്ന് സമ്മതിച്ചു. സുഹൃത്തായ രാജ് ബഹാദൂർ സ്നേഹപൂർവ്വം നിർബന്ധിച്ചു. 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു.
പക്ഷേ ഇൻസ്ററിറ്റിയൂട്ടിൽ ഇടക്ക് ഒരു ഇടവേള കിട്ടിയപ്പോൾ, അവളെ കാണാനായി രജനി ബാംഗ്ലൂരിലേക്ക് കുതിച്ചു. പതിവ് മീറ്റിങ്ങ് പ്ലേസിൽ ഒന്നും അവളെ കാണാഞ്ഞതിനാൽ അദ്ദേഹം അവളുടെ വീട്ടിലേക്ക് തിരിച്ചു. എന്നാൽ വീട് അടഞ്ഞു കിടക്കയായിരുന്നു. ആ കുടുംബം മറ്റൊരു സ്ഥലത്തേക്ക് പോയി എന്നല്ലാതെ ഒരു വിവരവും അയൽവാസികൾക്ക് അറിയില്ലായിരുന്നു.ഹതാശനായ രജനി ഇനി അന്വേഷിക്കാൻ സ്ഥലങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല. ആ അന്വേഷണം 50വർഷത്തോളമായിട്ടും അദ്ദേഹം ഇന്നും തുടരുകയാണ്്. ഈ കഥപറയുമ്പോഴോക്കെ രജനി കരയും. പക്ഷേ അപ്പോഴും പിന്തുണ കൊടുക്കാറുള്ളത് ലത തന്നെയാണ്. എന്നെങ്കിലും നിങ്ങൾ അവളെ കാണുമെന്ന് ലതയും ഭർത്താവിനെ ആശ്വസിപ്പിക്കും.
സംരംഭക, സാമൂഹിക പ്രവർത്തക
ഒരു സൂപ്പർതാരത്തിന്റെ ഭാര്യയായി ഒരിക്കലും ഒതുങ്ങിക്കൂടാൻ ശ്രമിക്കാത്ത വ്യക്തിത്വമാണ് ലത. പിന്നണി ഗായിക, ചലച്ചിത്ര നിർമ്മതാവ്, കോസ്റ്റിയും ഡിസൈസനർ, വിദ്യാഭ്യാസ പ്രവർത്തക, ജീവകാരുണ്യ പ്രവർത്തക എന്ന നിലയിൽ പലരീതിയിലും അവർക്ക് പ്രശസ്തിയുണ്ട്. ഇതിൽ ഒന്നിൽ പോലും രജനികാന്തിന്റെ പേര് മിസ്യൂസ് ചെയ്യാതിരിക്കാനും അവർ ശ്രദ്ധിച്ചു.
1991-ൽ ലത ചെന്നൈയിലെ വേളാച്ചേരിയിൽ ആശ്രമം എന്ന സ്കൂൾ സ്ഥാപിച്ചു , അത് ഇപ്പോളും നല്ല രീതിയിൽ നടക്കുന്നുണ്ട്. പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളും അവർ നടത്തുന്നുണ്ട്. അതിനായി അവരുടെ നേതൃത്വത്തിൽ ചൈന്നെയിൽ നടത്തിയ റാലി ശ്രദ്ധേയമായിരുന്നു. ചെന്നൈയിൽ കണക്റ്റ് എന്നൊരു പരിപാടി നടത്തിയതും ശ്രദ്ധേയമായിരുന്നു. പാവപ്പെട്ട കുട്ടികളുടെ ആവശ്യം അറിയുകയും അവർക്ക് സഹായങ്ങൾ നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങിനു ശേഷം മാധ്യമപ്രവർത്തകർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അവർ ഉരുളക്കുപ്പേരിപോലെ മറുപടി നൽകി. തൻേറത് സാമൂഹിക പ്രവർത്തനമാണെന്നും, സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും താൻ മറുപടി നൽകുന്നില്ലെന്നും അവർ അന്ന് വ്യക്തമാക്കി.
സ്വന്തമായി ബിസിനസും ലതക്ക് ഉണ്ട്. 'ട്രാവൽ എക്സ്ചേഞ്ച് ഇന്ത്യ' എന്ന പേരിൽ ഒരു ട്രാവൽ ഏജൻസി അവരും സുഹൃത്തുക്കളും നടത്തിയിരുന്നു. പക്ഷേ ഇതിന്റെ പേരിലും വിവാദം ഉണ്ടായി. ചെന്നൈ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിൽ 25 വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഒഴിഞ്ഞുകൊടുക്കുന്നത് സംബന്ധിച്ചും വിവാദമുണ്ടായി. പൊടുന്നനെ കോർപ്പറേഷൻ വാടക വർധിപ്പിച്ചതാണ് പ്രശ്നകാരണം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ലത മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. പക്ഷേ ഹർജി കോടതി തള്ളുകയും കുടിശ്ശിക വാടക ലഭിച്ചില്ലെങ്കിൽ ഒരു മാസത്തിനകം വസ്തുവിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ കോർപ്പറേഷനോട് ഉത്തരവിടുകയും ചെയ്തു. പിന്നീട് വർധിപ്പിച്ച തുക അടച്ചാണ് സ്ഥാപനം നിലനിർത്തിയത്.
ചെന്നൈയിൽ ലത രജനികാന്ത് നടത്തുന്ന ഒരു സ്കൂൾ, കെട്ടിടത്തിന്റെ പേരിലും വിവാദമുണ്ടായി. ഇതിന്റെ ഉടമ 2017 ഓഗസ്റ്റിൽ കേസ് നൽകി. 2002ൽ സ്കൂൾ ഗ്രൗണ്ട് സഹിതം ഉപയോഗിക്കാനായി പാട്ടത്തിന് നൽകിയതാണെന്നും ഇതുവരെ വാടക വിട്ടിയിട്ടിലെന്നും അദ്ദേഹം പറഞ്ഞു. 2 കോടിയോളം രൂപ വാടകക്കുടിശിക ഇനത്തിൽ കിട്ടാനുണ്ട് എന്നാണ് ഇദ്ദേഹം ആരോപിച്ചത്. 2020 ഡിസംബറിൽ, ഏപ്രിൽ 30-നകം സ്കൂൾ ഒഴിയാൻ ലതയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ സ്കൂളിന് നേരത്തെ സൗജന്യമായി ഭൂമി തരുമെന്നാണ് ഉടമ പറഞ്ഞത് എന്നും, അദ്ദേഹം ഇപ്പോൾ വാക്കുമാറ്റുകയാണ് ഉണ്ടായത് എന്നുമാണ് ലത പറയുന്നത്. എന്തായാലും മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്കുൾ ഇപ്പോഴും തുടരുന്നുണ്ട്. ഇതുകൊണ്ടൊന്നും ലത തളർന്നിട്ടില്ല. ബിസിനസുകളിൽ ഏർപ്പെടുമ്പോൾ വിവാദം സ്വാഭാവികമാണെന്നും, തന്റെ ഭർത്താവ് സെലിബ്രിറ്റിയായതിനാൽ അതിന് വലിയ പ്രധാന്യം കിട്ടുകയാണ് ഉണ്ടാവുന്നത് എന്നുമാണ് അവരുടെ പക്ഷം.
വിജയ്യെ അപമാനിച്ചോ?
അടുത്തകാലത്തായി രജനിയെപ്പോലെ തന്നെ ലതയും വാർത്തകളിൽ നിറഞ്ഞ് നിൽക്കയാണ്. രജനീകാന്ത്- വിജയ് ആരാധകർ തമ്മിലുള്ള വടംവലിയിലും ഇവരുടെ പേര് വലിച്ചിഴക്കപ്പെട്ടു. വിജയ് ചിത്രം 'വാരിസി'ന്റെ ഓഡിയോ ലോഞ്ചിനിടെ നടൻ ശരത് കുമാർ പറഞ്ഞ വാക്കുകളാണ് 'സൂപ്പർസ്റ്റാർ' വിവാദത്തിന് തുടക്കമിട്ടത്. വിജയ് ഒരിക്കൽ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചുവെന്നുമായിരുന്നു ശരത് കുമാർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിജയ്ക്കും സൂപ്പർസ്റ്റാർ പദവി നൽകണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയത്.
കുറച്ചു മാസങ്ങൾക്ക് ശേഷം ജയിലർ ട്രെയ്ലർ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശവും വിവാദത്തിലിടം നേടി. ''പക്ഷികളിൽ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാൽ കഴുകനിങ്ങനെ മുകളിൽ കൂടി പറക്കും.''ഇതായിരുന്നു രജനിയുടെ വാക്കുകൾ. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്യെ ആണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെ ഫാൻ ഫൈറ്റ് കടുത്തു.
രജനീകാന്തിന്റെ ഭാര്യയും ഈ ഫാൻ വാറിലേക്ക് വലിച്ചിഴക്കപ്പെട്ടു. 'ലിയോ' സിനിമ ദുരന്തമാണെന്ന രജനി ഫാൻസിന്റെ ട്വീറ്റ് ലത രജനികാന്ത് ലൈക്ക് ചെയ്തു എന്ന് ആരോപിച്ചാണ് വിജയ് ആരാധകർ വിമർശനവുമായി എത്തിയത്. സംഭവം വിവാദമായതോടെ രജനീകാന്തിന്റെ പിആർഒ റിയാസ് കെ. അഹമ്മദ് രംഗത്തെത്തി.ലതാ രജനീകാന്തിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടുകളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിയാസ്. ലത രജനീകാന്തിന്റെ യഥാർത്ഥ എക്സ് അക്കൗണ്ടിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു.
താൻ ആരോടും ഒരു ഫാൻ ഫൈറ്റിനും ഇല്ലെന്നും, വിജയ് തനിക്ക് മകനെപ്പോലെയാണെന്നും ഈയിടെ ഒരു ചടങ്ങിൽ ലത തീർത്തു പറഞ്ഞതോടെ ആ പ്രശ്നം തീർന്നു. ഒഴുക്കുള്ള ഇംഗ്ലീഷിൽ കൃത്യവും സ്ഫുടവുമായാണ് അവരുടെ സസാരം. ഇപ്പോൾ വഞ്ചനാക്കേസിനുശേഷം അവർ നൽകിയ കൃത്യമായ വിശദീകരണം രജനി ഫാൻസ് ആഘോഷിക്കയാണ്. ഇതോടെ പല അഭ്യൂഹങ്ങളം തമിഴ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അസുഖം മൂലം തലൈവർ രാഷ്ട്രീയ പ്രവേശനം ഒഴിവാക്കിയെങ്കിലും, അവിടേക്ക് തലൈവിയായി ലത എത്തുമെന്നാണ് പ്രചാരണം. ഈ അഭ്യൂഹങ്ങളോട് രജനി കുടുംബം പ്രതികരിച്ചിട്ടില്ല. പക്ഷേ ഇത് തമിഴ്നാട് ആണ്. ഇവിടെ രാഷ്ട്രീയവും സിനിമയും ഒന്നാണ്. അതുകൊണ്ടുതന്നെ നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനും കഴിയില്ല.
വാൽക്കഷ്ണം: തമിഴകത്ത് രജനീകാന്ത് എന്നാൽ വെറുമൊരു വ്യക്തിയല്ല. പ്രസ്ഥാനമാണ്. പൊലീസിലും, ഭരണത്തിലുമെല്ലാം രജനി വിചാരിച്ചാൽ നിഷ്പ്രയാസം ഇടപെടാൻ കഴിയും. എന്നിട്ടും കുറുക്കുവഴികൾ തേടാതെ നിയമത്തെ അതിന്റെ വഴിക്ക് വിട്ട്, അദ്ദേഹം കേസ് നേരിടുകയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ