'പ്രതിഭയാണ്, പ്രതിഭാസമാണ്' എന്ന് ആധുനിക മലയാള സിനിമാലോകത്ത് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരേ ഒരു നടനേയുള്ളൂ. അതാണ് ഷൈൻ ടോം ചാക്കോ എന്ന 39 കാരൻ. ബോളിവുഡ്ഡിൽ സൽമാൻഖാനെയൊക്കെ വിശേഷിപ്പിക്കന്ന പോലെ ഒരു ബാഡ് ബോയ് പ്രതിഛായയാണ് ഇപ്പോൾ ഷൈനിന് വന്നുപേരുന്നത്. ചുരുങ്ങിയകാലം കൊണ്ട് ഇത്രയേറെ വിവാദത്തിൽപെട്ട ഒരു സെലിബ്രിറ്റി, മലയാളത്തിൽ വേറെ ഇല്ലെന്ന് പറയാം. കൊക്കയിൻ കേസ്, തല്ലുമാലക്കിടെ തല്ലുണ്ടാക്കിയെന്നത്, മദ്യപിച്ച് ഇന്റവ്യൂവിനെത്തിയെന്നത്... അങ്ങനെ പോകുന്ന കാര്യങ്ങൾ. ഇപ്പോഴിതാ വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിന്റെ പേരിൽ ഇറക്കിവിട്ടും, ഷൈൻ വാർത്തയിൽ നിറയുന്നു.

പുതിയ ചിത്രം 'ഭാരത സർക്കസി'ന്റെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം. നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽനിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് വാർത്തകൾ. എയർ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈൻ കയറാൻ ശ്രമിച്ചത്. തൊട്ടുപിന്നാലെ സംഭവത്തിൽ ക്യാബിൻ ക്രൂ ഇടപെട്ട് ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, നടൻ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. തുടർന്ന് നടനെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. തുടർന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ നടനെ തടഞ്ഞുവെച്ചു. കുഴപ്പമുണ്ടാക്കാനായിരുന്നില്ല, തമാശയ്ക്കായിരുന്നു താൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതെന്ന് ഷൈൻ ടോം ചാക്കോ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്ന് നടന്ന പരിശോധനയിൽ ഷൈൻ വിജയിച്ചു. അയാൾ ലഹരി ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഇതേതുടർന്ന് സഹോദരിക്ക് ഒപ്പം പിറ്റേന്നാണ് അയാൾ നാട്ടിലേക്ക് തിരിച്ചത്. തലേന്ന് ഉറങ്ങാത്തിനാൽ വിമാനത്തിൽ കിടന്ന് ഉറങ്ങിയതും, കാബിൻ ക്രൂ അത് അനുവദിക്കാത്തിനാൽ, വാതിൽ തുറന്നപ്പോൾ കോക്ക്പിറ്റ് ആയിപ്പോയതാണെന്നുമൊക്കെ ചിത്രത്തിന്റെ അണിയറ ശിൽപ്പികളും പറയുന്നുണ്ട്.

പക്ഷേ ഷൈൻ ടോം ചാക്കോ ആയതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് ആർക്കും വ്യക്തമാവില്ല. കാരണം അത്രക്കും അപ്രവചനീയമാണ് ഈ നടന്റെ പ്രതികരണങ്ങൾ. അരക്കിറുക്കൻ പക്ഷേ അസാധ്യ അഭിനേതാവ് എന്നാണ് ഷൈൻ ടോം സിനിമാ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. മദ്യപിക്കാതെ ലഹരി കയറുന്ന താരം! അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കണ്ടാൽ അറിയം ഈ എക്സൻട്രിസിറ്റി. വ്യക്തിജീവിതത്തിലെ കുഴപ്പങ്ങൾ മൂലം വിമർശിക്കുന്നവർ തന്നെ ഒരു നടൻ എന്ന നിലയിൽ ഷൈനിനെ അംഗീകരിക്കും.

കുറുപ്പ്, ഭീഷ്മപർവം, തല്ലുമാല എന്നീ സമകാലീന സിനിമകൾ നോക്കിയാൽ അറിയാം ആ നടന്റെ റേഞ്ച്. ഭീഷ്മപർവത്തിലെ ചന്തിയിളക്കിയുള്ള പ്രത്യേകമോഡൽ ഡാൻസും, കുറുപ്പിലെ ഭാസിപിള്ളയുടെ ശരീരഭാഷയും, തല്ലുമാലയുടെ ക്ലൈമാക്സിൽ 'റെജി' എന്ന് പറഞ്ഞുകൊണ്ടുള്ള ആ വളഞ്ഞ നിൽപ്പും, ഒക്കെ ഒന്ന് ഓർത്തുനോക്കുക. മുരളി, രതീഷ്, ഭരത്ഗോപി, നരേന്ദ്രപ്രസാദ് എന്നിവരുടെയൊക്കെ നിര്യാണത്തോടെ മലയാളത്തിൽ കുറഞ്ഞപോയ കരുത്തരായ സ്വാഭാവ നടന്മാരുടെ പട്ടികയിലേക്ക്, ധൈര്യപുർവം പറയാവുന്ന പേരാണിത്. ശരിക്കും ഒരു അഭിനയപ്രതിഭ. ഒരു ഗോഡ് ഫാദറുമില്ലാതെ യാതൊരു സിനിമാബന്ധവുമില്ലാത്ത ഒരു കുടുംബത്തിൽനിന്ന് പൊരുതിക്കയറിയാണ് അയാൾ ഇന്ന് വെള്ളിത്തിരയുടെ ലോകത്ത് തിളങ്ങി നിൽക്കുന്നത്. 

ഡിഗ്രിയും പിജിയുമൊക്കെ സിനിമയിൽ

1983 സെപ്റ്റംബർ 15ന് കൊച്ചിയിലാണ് ഷൈൻ ടോം ചാക്കോ ജനിച്ചത്. യാതൊരു സിനിമാ ബന്ധവുമില്ലാത്ത ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. പഠിച്ചത് മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ്. അവിടുത്തെ ജില്ലാ സ്‌കുൾ കലോത്സവങ്ങളാണ് തന്നിലെ നടനെ കണ്ടെത്തിയെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. ''ഞാൻ വളരെ ചെറുപ്പത്തിലെ സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ച് എത്തിയതാണ്. വളരെ ചെറുപ്പത്തിലെ ആഗ്രഹിച്ചതുകൊണ്ട് ലോകത്ത് കാണുന്ന എല്ലാ അഭ്യാസങ്ങളും നമ്മൾ പഠിച്ചുവയ്ക്കും. കുറഞ്ഞത് ശ്രദ്ധിക്കാനെങ്കിലും നോക്കും. ഇതൊക്കെ നമ്മുടെ സ്‌കൂളുകളിൽ കാണുന്ന പരിപാടിയല്ലേ. കേരള സിലബസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണത്. പഠനത്തോടൊപ്പം തന്നെ കലാ-കായിക- ശാസ്ത്രീയ മേളകൾ എല്ലാ വർഷവും വളരെ വിപുലമായും സമ്പന്നമായും നടത്തും. വേറെ ഒരു രാജ്യത്തും ഇതില്ല ഇത്. മലപ്പുറത്തെ പൊന്നാനി സബ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയായിരുന്ന താൻ 12 വർഷം കൊണ്ടാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്ക് എത്തിയത്. സ്‌കൂൾ മത്സരങ്ങൾ ജയിച്ചു പിന്നീട് ജില്ലാ തലത്തിലൊക്കെ ജയിച്ചാണ് സംസ്ഥാന തലത്തിലേക്ക് എത്തുന്നത്. ഇത്രയും വലിയ ഉത്സവമൊന്നും എവിടെയുമില്ല. അതുകൊണ്ട് കേരള സിലബസാണ് ബെസ്റ്റ്. ''- ഷൈൻ പറയുന്നു.

''യുകെജിയിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി നാടകം കളിക്കുന്നത്.
പിന്നീട് ഞാനൊരു നാടകം ചെയ്യുന്നത് ഒമ്പതിൽ പഠിക്കുമ്പോഴാണ്. അതുപോലെ, പ്ലസ് വൺ, പ്ലസ് ടു കാലഘട്ടത്തിൽ രണ്ടുവർഷവും നാടകം ചെയ്തു. മലപ്പുറം ജില്ലായുവജനോത്സവത്തിൽ രണ്ടുതവണയും ബെസ്റ്റ് ആക്ടർ ആയിരുന്നു. അതെല്ലാം ഞാൻ ചെയ്യുമ്പോഴും, സിനിമയിലേക്ക് എത്തണമെന്ന മോഹമാണ് ഉള്ളിലുള്ളത്. - ഷൈൻ ടോം പറയുന്നു. -'' ഷൈൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

സിനിമാമോഹം കലശലായതോടെ പഠനത്തിൽ താൽപ്പര്യം കുറഞ്ഞു. അതോടെ ഒരു ദിവസം ആ പയ്യൻ സംവിധായകൻ കമലിന്റെ സഹായി ആയി കൂടി. '' 12-ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഞാൻ കമൽ സാറിന്റെ അടുത്ത് സംവിധാനം പഠിക്കാൻ ചെല്ലുന്നത്. ആ സമയത്ത് എനിക്ക് അഭിനയിക്കണം എന്നു പറഞ്ഞാൽ എന്തു റോൾ കിട്ടാനാണ്? അഭിനയത്തിലേക്ക് എനിക്കെത്തിപ്പെടണമെങ്കിൽ അതുമായി ബന്ധപ്പെട്ട ഒരു ജോലി വേണമായിരുന്നു. സത്യത്തിൽ, എന്റെ ഡിഗ്രിയും പിജിയുമൊക്കെ സിനിമ ഇൻഡസ്ട്രിയിൽ തന്നെയാണ്. സഹസംവിധായകന്റെ വേഷം സത്യത്തിൽ എനിക്ക് സിനിമ പഠിക്കാനുള്ള വേദിയായിരുന്നു.പത്തുവർഷം ഞാനെല്ലാം കണ്ടും മനസ്സിലാക്കിയും നിന്നു''- ഷൈൻ പറയുന്നു. ദീർഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം 2011ൽ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. ബെന്യാമിന്റെ ആടു ജീവിതത്തിലെ നജീബിനെ ഓർമ്മിപ്പിക്കുന്ന ആ ശക്തമായ കഥാപാത്രം ഷൈനിന് ബ്രേക്ക് ആയി.

2012ൽ ഈ അടുത്ത കാലത്ത്, ചാപ്‌റ്റോഴ്‌സ് എന്നീ ചിത്രങ്ങളിൽ അഭിനിയിച്ചു. 2013ൽ അന്നയും റസൂലും എന്ന ചിത്രത്തിൽ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ൽ ഇതിഹാസ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതും വമ്പൻ ഹിറ്റായി. അതിൽ പുരുഷ ശരീരവും സ്ത്രീയുടെ മനസ്സുമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് ഷൈൻ കൈയടി നേടി. ഇതാ ഏത് വേഷവും ചെയ്യാൻ കഴിയുന്ന കരുത്തനായ ഒരു യുവ നടൻ എന്ന് മാധ്യമങ്ങൾ എഴുതി. അങ്ങനെ കത്തി നിൽക്കുന്ന സമലത്താണ് ഇടിത്തീയായി കൊക്കെയിൻ കേസ് വരുന്നത്.


കേരളത്തെ ഞെട്ടിച്ച കൊക്കെയിൻ കേസ്

ഒരുപക്ഷെ കരിയർ തന്നെ നഷ്ടപ്പെട്ടേക്കാം എന്ന സാഹചര്യത്തിൽ നിന്നും ഉയർന്നുവന്ന താരമാണ് ഷൈൻ. മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഷൈൻ ടോം ചാക്കോ കുറ്റാരോപിതനായ കൊക്കെയ്ൻ കേസ്. 2015 ജനുവരി 30 ന് ആയിരുന്നു ഷൈനിനെയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ച് കൊക്കെയ്ൻ ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലസി സിൽവെസ്റ്റർ, ടിൻസി ബാബു, സ്നേഹ ബാബു, നൈജീരിയൻ സ്വദേശി ഒക്കാവോ കോളിൻസ് എന്നിവരായിരുന്നു പ്രതികൾ. കൊച്ചിയിലെ ഫ്ളാറ്റിൽ കൊക്കെയിൻ പാർട്ടി നടത്തുന്നതിനിടെയാണ് താരത്തെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയത് എന്ന് വാർത്തകൾ പുറത്തുവന്നു. മലയാള സിനിമാലോകത്തെ മാഫിയ വിഴുങ്ങുന്നുവെന്ന് മാധ്യമങ്ങൾ എഴുതി. ഷൈൻ ജയിലിലായി.

പക്ഷേ കോടതിയിൽ കേസ് ആവിയായി. പരിശോധനയിൽ അയാൾ കൊക്കെയിൻ ഉപയോഗിച്ചിട്ടില്ല എന്ന് തെളിഞ്ഞു. അങ്ങനെ കുറ്റവിമുക്തനായി. പക്ഷേ അക്കാലം ഏറെ പ്രയാസമുള്ളതായിരുന്നുവെന്ന് ഷൈൻ പിന്നീട് പറഞ്ഞു. ''ജയിലിൽ ആയപ്പോൾ തൊട്ടടുത്ത ദിവസം ഇറങ്ങാം എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി കുറച്ച് സമയം പിടിക്കും എന്ന്. അവിടെ ഉള്ളവരൊക്കെ പറയുന്നുണ്ട് കുറച്ച് കാലം ഇതിനകത്ത് കിടക്കേണ്ടി വരും എന്ന്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്രതീക്ഷയൊക്കെ ഇല്ലാതായി,ജാമ്യം ഇല്ലാതായി, പുറത്തേക്ക് ഇറങ്ങാമെന്ന പ്രതീക്ഷ ഇല്ലാതായി. ആ സമയം സെല്ലിലേക്ക് വന്ന പുസ്തകമാണ് പാവ്ലോ കൊയലോയുടെ ഫിഫ്ത് മൗണ്ടൈൻ.

അത് എടുത്ത് ഞാൻ വായിച്ച് തുടങ്ങി. ഇത് വായിച്ച് തുടങ്ങിയാലായിരിക്കും ചിലപ്പോൾ ജാമ്യം കിട്ടുക എന്നതൊക്കെയായിരുന്നു മനസിലെ തോന്നൽ. എങ്കിലും വായിക്കാൻ ഏറെ ബുദ്ധിമുട്ടി. ദിവസങ്ങളെടുത്താണ് ഓരോ പേജും പൂർത്തിയാക്കിയത്. ജയിലിൽ രാത്രി ലൈറ്റ് ഇട്ടു വായിക്കാൻ അവർ സമ്മതിക്കില്ല. അങ്ങനെ ഓരോ ദിവസവും പകൽ ആകാൻ എനിക്ക് ഒരു കാരണമുണ്ട്. അടുത്ത പേജ് വായിക്കണം. അതൊരു പ്രതീക്ഷയാണ്. വായിക്കുമ്പോൾ എനിക്ക് ചെറിയ രീതിയിൽ ജീവിതത്തിൽ പ്രതീക്ഷകൾ വന്ന് തുടങ്ങി. അവസാനം എനിക്ക് മനസ്സിലായി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു പുസ്തകത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. ജയിലിനെ പുറത്തേക്ക് വന്നാൽ കരിയറിനെ ബാധിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. 'കുറുപ്പിൽ' പൊന്നപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയകുമാർ ഒരിക്കൽ എന്നെ ജയിലിൽ കാണാൻ വന്നിരുന്നു.

കമ്മട്ടിപാടം എന്ന പടം തുടങ്ങാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി വിളിക്കുമോ നമ്മളെയൊക്കെ അഭിനയിക്കാൻ എന്നാണ് ഞാൻ ചോദിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞത് 'ആ അതൊക്കെ വിളിക്കുമെടാ' എന്നായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാത്തിലും തനിക്ക് വ്യക്തമായ ധാരണ ഉണ്ട്''- ഷൈൻ പറയുന്നു. പുറത്തിറങ്ങിയ അന്ന് ഷൈൻ ടോം പറഞ്ഞ വാക്കുകളും വൈറലായി. സ്വാതന്ത്രമാണ് എറ്റവും വലിയ ലഹരിയെന്ന്.

തല്ലുമാലക്കിടെ തല്ലുണ്ടാക്കിയെന്ന്

കേസിൽ കുറ്റവിമുക്തനായതോടെ ഷൈനിനെ തേടി നിരവധി അവസരങ്ങൾ വന്നു. ഷേഡി നെഗറ്റീവ് കാരക്ടറുകളിൽ അയാൾ അവിഭാജ്യഘടകമായി. അപ്പോഴും വിവാദങ്ങൾ വിട്ടുപോയില്ല. തല്ലുമാല എന്ന സിനിമയുടെ ലൊക്കേഷനിൽവച്ച് ഷൈൻ നാട്ടുകാരെ മർദ്ദിച്ചുവെന്ന ആരോപണം വാർത്തയായി. പക്ഷേ ആ സമയത്ത് ഷൈൻ കാലിന് പരിക്കേറ്റിരിക്കയായിരുന്നു. ഈ അവസ്ഥയിൽ താൻ എങ്ങനെയാണ് ഒരാളെ മർദ്ദിക്കുകയെന്നാണ് ഷൈൻ ചോദിക്കുന്നത്.

തല്ലുമാലയിലെ സംഭവം ഷൈൻ ഇങ്ങനെ പറയുന്നു. ''ഒരു ഓഡിറ്റോറിയം വാടകയ്ക്ക് എടുത്ത് ഞങ്ങൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരു കല്യാണസീനാണ് എടുക്കുന്നത്. ബോൾട്ട്, ജിബ്, വില കൂടിയ ക്യാമറകൾ ഒക്കെ വച്ചാണ് ഷൂട്ട്. ടൊവിനോ എന്നെ അടിക്കുന്ന സീനാണ് ചിത്രീകരിക്കുന്നത്. ക്യാമറ എന്റെ മുകളിൽ വച്ചാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോഴാണ് ഒരാൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് കയറിവന്ന് ''നിർത്ത്, ഈ പരിപാടി നിർത്ത്,'' എന്നൊക്കെ പറഞ്ഞ് ഒച്ചവച്ചത്. ''എന്താ പ്രശ്നം?'' എന്നു ചോദിച്ചപ്പോൾ ''പുറത്ത് വേസ്റ്റ് ഇട്ടിട്ട് നിങ്ങളിവിടെ ഇതു ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണോ?'' എന്നൊക്കെ ചോദിച്ച് നല്ല കലിപ്പിലാണ് കക്ഷി.

''ആ പ്രശ്നമൊക്കെ പുറത്ത് ആളുകളില്ലേ,? അവരോട് സംസാരിക്കൂ. ഷോട്ടിനിടയിൽ ബുദ്ധിമുട്ടിക്കരുത്,'' എന്നു പറഞ്ഞു. ഞങ്ങളുടെ ടീമിലുള്ളവർ പുള്ളിയെ സമാധാനിപ്പിച്ച് ഒരുവിധം ഓഡിറ്റോറിയത്തിനു വെളിയിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോൾ അയാൾ നാട്ടുകാരെ കൂട്ടിവന്നു, ഞാനയാളെ തള്ളി, എന്നെ തല്ലണം എന്നൊക്കെ പറഞ്ഞു. നിലത്ത് കിടക്കുന്ന ഞാനയാളെ തൊട്ടിട്ടുപോലുമില്ല. അയാളോട് എതിർത്ത് സംസാരിച്ച ആളുകളിൽ അയാൾക്കെന്നെ മാത്രമേ മനസ്സിലായിട്ടുള്ളൂ. ചെറിയ കശപിശയായി, അയാളുടെ കൂട്ടത്തിലുള്ളവർ ഞങ്ങളുടെ ടീമിലെ രണ്ടുപേരെ തല്ലി.

എന്നിട്ടും അന്ന് രാത്രി ഇരുകൂട്ടരും എല്ലാം പറഞ്ഞ് കോംപ്രമൈസ് ആക്കി പിരിഞ്ഞതാണ്. രാവിലെ കേൾക്കുന്നത്, അയാൾ പോയി ഹോസ്പിറ്റലിൽ അഡ്‌മിറ്റായി എന്നാണ്. അടിച്ചവൻ പോയി അഡ്‌മിറ്റായി എതിർഭാഗത്തെ ക്രൂശിക്കുന്ന സംഭവം നമ്മുടെ നാട്ടിൽ ആദ്യമായി നടക്കുന്ന കാര്യമാണോ? എല്ലാവർക്കും അറിയാവുന്ന ട്രിക്കാണിത്. ആ പൊറാട്ട് നാടകം കണ്ടു പ്രതികരിക്കുമ്പോൾ രോഷാകുലനാവാനുള്ള അവകാശമെങ്കിലും എനിക്കില്ലേ? എന്റെ കാലുവച്ച് എനിക്ക് മര്യാദയ്ക്ക് നടക്കാൻ പോലും വയ്യ, അതിനിടയിൽ നാട്ടാരെ തല്ലാൻ എനിക്കെന്താ ഭ്രാന്തുണ്ടോ?''- ഷൈൻ ചോദിക്കുന്നു.

മദ്യപിച്ച് അഭിമുഖങ്ങൾക്കെത്തിയോ?

ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിന്റെ പേരിലും വിവാദത്തിൽ പെട്ടു. 'വെയിൽ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിൽ ചില അസ്വാഭാവികതയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാട്ടി. ഷൈൻ മദ്യപിച്ചിട്ടാവാം എത്തിയതെന്ന് നിരവധി കമന്റുകൾ ഈ അഭിമുഖങ്ങൾക്കു താഴെ നിറഞ്ഞിരുന്നു. ട്രോൾ വീഡിയോകളും ഈ ദൃശ്യങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. എന്നാൽ യഥാർഥത്തിൽ ഷൈൻ പരുക്കിനെ തുടർന്ന് വേദനസംഹാരി ഉപയോഗിച്ചതിന്റെ ക്ഷീണമാണ് എന്ന് വ്യക്തമാക്കി സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.

ചില സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നെന്നും ഒരു മാസം ബെഡ് റെസ്റ്റ് ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതെന്നും ഷൈനിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീർ മുഹമ്മദുണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു. വേദനസംഹാരികളുടെ മയക്കവുമായാണ് ഷൈനിന് പല അഭിമുഖങ്ങളിലും പങ്കെടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

മുനീറിന്റെ പോസ്റ്റ് ഇങ്ങനെയാണ്-''ഷൈനിന് ചില സിനിമകളുടെ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ കാലിന് ഒടിവ് സംഭവിക്കുകയായിരുന്നു. ശേഷം ഡോക്ടർ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ പെയിൻ കില്ലറുകൾ കഴിച്ച് സഡേഷനിൽ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോമിനോട് 'വെയിൽ' സിനിമക്ക് വേണ്ടി ഇന്റർവ്യൂ കൊടുക്കാൻ സിനിമയുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു. പക്ഷെ അവിടെ ഒരു ഇന്റർവ്യൂവിന് പകരം 16 ഇന്റർവ്യൂകൾ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷൻ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റർവ്യൂകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്റർവ്യൂവിന് പങ്കെടുത്തു എന്ന പേരിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓൺലൈൻ സദാചാര പൊലീസ് ചമയുന്ന ചിലർ ഇതിനെ തെറ്റായ രീതിയിൽ വഴിതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഷൈൻ ടോമുമായി ബന്ധപ്പെട്ട ഇന്റർവ്യൂവിൽ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.'' ഷൈനിന്റെ പരിക്കേറ്റ കാലിന്റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടായിരുന്നു മുനീറിന്റെ പോസ്റ്റ്. പക്ഷേ പലപ്പോഴും തന്റെ പ്രത്യേക സംസാര ശൈലിയിൽ വെട്ടിത്തുറന്നുകൊണ്ടാണ് ഷൈൻ സംസാരിക്കുക. അംഗ വിക്ഷേപങ്ങളും അൽപ്പം കുഴയുന്നതുപോലുള്ള ഡയലോഗും കേട്ടാൽ മദ്യപിച്ചെന്ന് തന്നെയാണ് തോന്നുക. എന്നാൽ താൻ മദ്യപിക്കാത്ത ആളല്ലെന്നും പക്ഷേ അഭിമുഖങ്ങൾക്കൊന്നും മദ്യപിച്ച് എത്തുന്ന രീതിയില്ലെന്നും ഷൈൻ പറയുന്നു.


'എല്ലാവരും നന്നായി സെക്സ് ചെയ്യണം'

സാധാരണ സിനിമാ നടന്മാരെപ്പോലെ വിവാദ വിഷയങ്ങളിൽ മൗനം പാലിക്കുന്ന വ്യക്തിയല്ല ഈ നടൻ. എന്നും ലിംഗ നീതിക്കുവേണ്ടി അദ്ദേഹം നിലകൊള്ളുന്നു. '' ആണും പെണ്ണും തമ്മിൽ വ്യത്യാസമൊന്നുമില്ല. അത്തരത്തിൽ ആകെയുള്ള വ്യത്യാസം ലൈംഗികതയിൽ മാത്രമാണ്. നമ്മൾ പെണ്ണിനെ മാത്രമായി എങ്ങനെയാണ് സംരക്ഷിക്കുക, കൺമുന്നിൽ കാണുന്ന എല്ലാ ആളുകളെയും നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. സിനിമകളിൽ അവഗണന എന്ന് പറയുന്നത് സ്ത്രീകൾക്ക് മാത്രമല്ല. സിനിമയിൽ പ്ലേറ്റ് കഴുകുന്നവരുടെ അവസ്ഥയൊക്കെ ഭീകരമാണ്. അന്ന് സെറ്റിൽ ജോയിൽ ചെയ്തവരുടെ കൂടെ ഇവർ കഴുകുന്നുണ്ടാവും. ''- ഒരു അഭിമുഖത്തിൽ ഷൈൻ പറയുന്നു.

''എല്ലാവരും കറക്ടായിട്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം. സെക്‌സ് എജുക്കേഷന്റെ ഒരു കുറവ് നമുക്കുണ്ട്. നമ്മുടെയെല്ലാം പ്രധാന പ്രശ്‌നം അത് തന്നെയാണ്. ലൈംഗികതയെ കുറിച്ച് ബയോളജി ടീച്ചർക്ക് പോലും കൃത്യമായി അറിയില്ല. എല്ലാവരും ആദ്യം നല്ലൊരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം. കൂട്ടുകാരുടെ തെറ്റായ ധാരണകളാണ് നമുക്കും കിട്ടുന്നത്. ആരും ഇതേ കുറിച്ച് കൃത്യമായി പറഞ്ഞ് തന്നിട്ടില്ല. അതിന്റെ ഫ്രസ്‌ട്രേഷൻ നമുക്കുണ്ട്''-മറ്റൊരു അഭിമുഖത്തിൽ ഷൈൻ പറയുന്നു. ഇതുപോലെ സാദചാരത്തെ പൊളിച്ചെഴുതി മറുപടി പറയാൻ കഴിയുന്ന എത്ര നടന്മാരുണ്ട് കേരളത്തിൽ. പക്ഷേ അവതാരികയോട് നിങ്ങൾ സെക്സ് ചെയ്തിട്ടില്ലേ എന്ന ഷൈനിന്റെ ചോദ്യവും വിമർശനമുണ്ടാക്കി.

താൻ മയക്കുമരുന്ന് അടിക്കാറുണ്ടോ എന്ന ചോദ്യത്തിനും താരം ഇങ്ങനെ പ്രതികരിക്കുന്നു. ''മയക്കുമരുന്ന് അടിച്ചിട്ടാണോ ഞാൻ ഇരിക്കുന്നതെന്ന് ചിലർ ചോദിക്കാറുണ്ട്. ഈ നാട്ടിൽ എല്ലാവർക്കും കിട്ടുന്നതൊക്കെ തന്നെയാണ് ഞാൻ അടക്കമുള്ളവർക്ക് കിട്ടുക. എന്താണ് ലീഗൽ ആൻഡ് ഇല്ലീഗൽ ഡ്രഗ്‌സ്. രണ്ടും ഡ്രഗ്‌സ് തന്നെയല്ലേ. ചില കാര്യങ്ങൾ, പ്രത്യേകിച്ച് കഞ്ചാവ് പോലുള്ള നിയമവിരുദ്ധമാക്കി വെക്കുന്നതുകൊണ്ടാണ് കൂടുതൽ ചെലവാകുന്നത്. നമ്മൾ ഇത് വലിക്കുന്നത് മാത്രമാണ്. എന്നാൽ ഇതുകൊണ്ട് കോടികൾ ഉണ്ടാക്കുന്നവരുണ്ട്. കഞ്ചാവ് വലിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യുന്നത്. എന്തുകൊണ്ടാണ് കഞ്ചാവ് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാത്തത്.

കുട്ടികളുടെ കൈയിൽ എങ്ങനെയാണ് ഈ ഡ്രഗ്‌സ് എത്തുന്നത്. അവരുടെ മാതാപിതാക്കളെ ശരിക്കും കേസിൽ ഉൾപ്പെടുത്തണം. . ഇത്രയും നിയന്ത്രണങ്ങൾ നാട്ടിലുണ്ട്. അതുകൊണ്ട് കുട്ടി എങ്ങനെ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി എന്നതിൽ അധികാരികൾക്ക് എതിരെയും കേസ് രക്ഷിതാക്കൾക്ക് കൊടുക്കാം. എങ്ങനെ മയക്കുമരുന്ന് സമൂഹത്തിൽ എത്തി എന്ന് ഉത്തരം പറയേണ്ടത് അവരാണ്. ഈ മയക്കുമരുന്ന് സമൂഹത്തിലേക്ക് എത്തിക്കുന്നരെയല്ലേ അറസ്റ്റ് ചെയ്യേണ്ടത്.''- ൈഷൻ ടോം ചോദിക്കുന്നു. ഇങ്ങനെ എവിടെയും തറുയല പറയുക എന്നതാണ് താരത്തിന്റെ രീതി.


ബോധപൂർവം വില്ലനാക്കുന്നു

തന്നോട് മീഡിയ പലപ്പോഴും വൈരാഗ്യത്തോടെ പെരുമാറുന്നുവെന്നും ഷൈനിന് പരാതിയുണ്ട്. ''അന്ന് ആ കേസു നടക്കുന്ന സമയത്തുമതെ, ഞാനെന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കുമൊക്കെ അയച്ചു, ആരോപണത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ. ഫലം വന്നപ്പോൾ നെഗറ്റീവ്. എന്നാൽ അപ്പോഴെങ്കിലും തിരുത്തേണ്ടേ, പകരം കൊടുത്തത്, ഷൈൻ ടോം ചാക്കോ കൊക്കെയ്ൻ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്. അടിച്ചില്ല എന്നും കൊടുക്കാലോ, അത് ചെയ്യില്ല. എനിക്കുമുണ്ടൊരു കുടുംബം, ഈ വാർത്തകളൊക്കെ കേട്ടിട്ട് അവര് സമാധാനത്തിൽ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതൊന്നും ആർക്കുമറിയേണ്ട.'' ഷൈൻ പറയുന്നു. അതുപോലെ പല സംഭവങ്ങളിലും തന്റെ പേര് വലിച്ചിഴച്ച് അനാവശ്യമായി വിവാദം ഉണ്ടാക്കുകയാണെന്നും ഷൈൻ പറയുന്നു.

സ്നേഹിക്കുന്നവർക്ക് കട്ട ചങ്കാണ് ഷൈൻ. അതുപോലെ ഹേറ്റഴ്സും ഒരുപാടുണ്ട്.
താരത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ രംഗത്തുവന്നിരുന്നു. '' മര്യാദയുടെ ഒരു അംശം ഇല്ലാതെയാണ് സിനിമ സെറ്റിൽ ഷൈൻ ടോം ചാക്കോ പെരുമാറുക. ഇയാൾ ഒരാൾ കാരണം പുലർച്ചവരെ ഷൂട്ട് നടത്തേണ്ടി വന്നിട്ടുണ്ട്. അതും ഉറക്കമൊഴിച്ച്. സെറ്റിൽ അൽപ്പ വസ്ത്രം ധരിച്ച് ഓടി നടക്കുകയാണ് അയാൾ. ഷോട്ട് പറഞ്ഞാൽ പോലും അയാൾ വരില്ല. ഇതേ തുടർന്ന് രാത്രി ഒമ്പത് മണിക്ക് തീർക്കേണ്ട സീനുകൾ ഷൂട്ട് ചെയ്ത് തീർത്തത് പുലർച്ചെ അഞ്ച് മണിക്കാണ്. ഇത്തരക്കാർ കാരണം പലപ്പോഴും ഉറക്കം കളഞ്ഞ് ജോലി ചെയ്യേണ്ടി വരികയാണ്. ഇവരെപ്പോലുള്ളവരെ സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അസോസിയേഷനുകളാണ് ഇവരെപ്പോലുള്ളവരെ നിയന്ത്രിക്കേണ്ടത്. ഇവർ കാണിച്ച് കൂട്ടുന്നത് എന്താണെന്ന് പോലും മനസ്സിലാവുന്നില്ല. പ്രമുഖ നടന്മാർ ഇവരെ നിയന്ത്രിക്കാൻ മുന്നിട്ടിറങ്ങണം''- രഞ്ജു രഞ്ജിമാർ പറയുന്നു.

എന്നാൽ എക്സെൻട്രിക്കായ അരക്കിറുക്കൻ എന്നല്ലാതെ ഷൈൻ ഒരു കുഴപ്പക്കാരൻ അല്ലെന്നാണ് സിനിമാ വൃത്തങ്ങൾ പൊതുവെ പറയുന്നത്. അനാവശ്യമായ വിവാദങ്ങളിൽ ചെന്ന് ചാടുന്നത് നിർത്തിയാൽ ഇതാൾ മലയാളസിനമക്ക് മുതൽക്കൂട്ടാവുന്ന ഒന്നന്തരം നടനാവും.


സിനിമ കുടുംബം തകർത്തു

സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്നഒരാളാണ് ഷൈൻ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ! എന്നാൽ, ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്ന ഒന്നുണ്ട്, അത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്. ഭാസിപ്പിള്ളയായി, ആൽവിനായി, പീറ്ററായി അയാൾ സ്‌ക്രീനിൽ തകർത്താടുമ്പോൾ ഒരു യഥാർത്ഥ കലാസ്വാദകന് ആ പ്രകടനം കണ്ട് കയ്യടിക്കാതിരിക്കാനാവില്ല.

പക്ഷേ അഭിനയത്തിൽ ഒഴിച്ച് ഞാൻ എല്ലാറ്റിലും പരാജയമാണെന്നാണ് ഷൈൻ ടോം ചാക്കേകായുടെ വലിയിരുത്തൽ. ഒരു നടനും ഇങ്ങനെയൊന്നും പറയില്ല. എഡിറ്റോറിയൽ എന്ന പോർട്ടലിന് അനുവദിച്ച അഭിമുഖത്തിൽ ഷൈൻ ഇങ്ങനെ പറയുന്നു. '' മറ്റുകാര്യങ്ങൾ ഒന്നും നടക്കുന്നില്ല. ബന്ധങ്ങൾപോലും എനിക്ക് മെയിന്റെയിൻ ചെയ്യാൻ പറ്റാത്തത്. ഞാൻ വളരെ പരാജയമാണ് ബാക്കി എല്ലാകാര്യങ്ങളിലും. അച്ഛനോടുള്ള റിലേഷനിലും അമ്മയോടുള്ള റിലേഷനിലും, അനിയനോടുള്ള റിലേഷനിലും അനിയത്തിയോടുള്ള റിലേഷനിലും. എന്തിന് എല്ലാവരോടുമുള്ള റിലേഷനിലും ഞാൻ പരാജയമാണ്. അതൊക്കെ ഞാൻ പരാജയപ്പെടുന്നത് എന്തിനാണ്, എനിക്ക് ക്യാമറക്ക് മുന്നിൽ വളരാൻ. നാച്ച്വറലായി നിക്കണം''- ഷൈൻ ടോം ചാക്കോ പറയുന്നു. ''വീട്ടുകാർ നമ്മളോടൊപ്പം എത്ര വർഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മൾ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മൾ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ല. മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല''- ഷൈൻ പറഞ്ഞു.

ഇതാണ് ഷൈനിന്റെ ലൈൻ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സിനിമയേക്കാളേറെ വൈറലാണ് അയാളുടെ വീഡിയോകൾ. എവിടെ ചെന്നാലും എന്തെങ്കിലും പരിപാട് ഒപ്പിച്ച് ഷൈൻ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യും. ഒരുപരിപാടിക്ക് ഗേറ്റ് ഒക്കെ ചാടിക്കടന്ന് സെക്യൂരിറ്റിക്ക് മുന്നിലുടെയാണ് അയാളുടെ മാസ് എൻട്രി! പക്ഷേ ഒരു നടൻ എന്ന നിലയിൽ കടുത്ത വിമർശകർക്കുപോലും അദ്ദേഹത്തെ തള്ളിക്കളാൻ ആവില്ല. മുരളിയും, ഗോപിയും, നരേന്ദ്രപ്രസാദുമൊക്കെ ഒഴിച്ചിട്ട ആ സിംഹാസനത്തിൽ തന്നെയാണ് അയാൾ ഇരിക്കുന്നത്. വിവാദങ്ങൾക്ക് അവധികൊടുത്ത് അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ, മലയാളത്തിന് ഇനിയും ഒരുപാട് പുരസ്‌ക്കാരങ്ങൾ നേടിത്തരാനുള്ള റേഞ്ച് ആ മുഖത്തുണ്ടെന്ന് വ്യക്തം.

വാൽക്കഷ്ണം: മീഡിയ നിരന്തരം വേട്ടയാടുന്ന നടൻ കൂടിയാണ് ഇയാൾ. ഷൈൻ ഒരു അഭിമുഖത്തിൽ ചോദിക്കുന്നു. '' ഷൈൻ ടോം ചാക്കോ 'നാട്ടുകാരനെ തള്ളി' എന്ന ആരോപണം വാർത്തയാവുമ്പോൾ 'നാട്ടുകാരനെ തല്ലി' എന്ന് വലിയ അക്ഷരത്തിൽ അടിച്ചുവരുന്നതൊക്കെ തമാശയല്ലേ!''- ഇപ്പറഞ്ഞതിലും വാസ്തവമുണ്ട്.