ഫ്രിക്കൻ രാജ്യങ്ങളിൽപോയി സ്വർണ്ണവും വെള്ളിയുമൊക്കെ ഖനനം ചെയ്യുന്ന, അധോലോക നായകന്മാരുടെ കഥയേ നാം കേട്ടിട്ടുള്ളൂ. ഇവിടെ ഇതാ ഒരു എംഎൽഎയാണ് ആ രീതിയിലേക്ക് മാറിയത്! അതാണ് നിലമ്പുർ എംഎൽഎ പുത്തൻവീട്ടിൽ അൻവർ എന്ന സിപിഎം സഹയാത്രികൻ. കർണ്ണാടകയിലും ആന്ധ്രയിലുമൊക്കെയുള്ള ഖനി മുതലാളിമാരുടെയും, റിയൽ എസ്റ്റേറ്റ് ടൈക്കൂണുകളുടെയും കൊച്ചു കേരളാ വേർഷൻ. നമ്മുടെ പശ്ചിമഘട്ടത്തിലെ കരിങ്കല്ല് തൊട്ട് ആഫ്രക്കയിലെ സ്വർണ്ണഖനിയിൽവരെ അൻവറിന് കണ്ണുണ്ട്. ഭൂമിക്കച്ചവടവും, റിസോർട്ടും, ഹോട്ടൽവ്യവസായവും തൊട്ട് ആ ബിസിനസ് സാമ്രാജ്യം നീളുകയാണ്.

കാശെറിഞ്ഞ് രാഷ്ട്രീയത്തിൽ വളർന്ന നേതാവാണ് അയാൾ. രാഷ്ട്രീയത്തെ താൻ വരുമാനമാർഗമായി കാണുന്നില്ലെന്നും ഒരു പൈസപോലും എടുക്കുന്നില്ലെന്നും, പറയുന്നുണ്ടെങ്കിലും, രാഷ്ട്രീയം അയാളുടെ ബിസിനസിനുള്ള ഒരു മറമാത്രമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നും വിവാദനായകനായ അൻവർ ഇപ്പോൾ വീണ്ടും വിവാദത്തിൽ പെട്ടിരിക്കയാണ്. ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിൽ അൻവറിനെ ചോദ്യം ചെയ്തതാണ് ഏറ്റവും പുതിയ വിവാദം.

തന്റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ 10 ശതമാനം ഷെയർ നൽകാമെന്നും അൻവർ തെറ്റിദ്ധരിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിക്ക് മൊഴി നൽകിയത്. മാസം തോറും 50000 രൂപവീതം ലാഭ വിഹിതമായി നൽകാമെന്നും അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അൻവറിന് കൈമാറിയെന്നാണ് സലീം എൻഫോഴ്സ്മെന്റിനോട് പറഞ്ഞത്. പണം നൽകിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറി കാണിച്ചാണ് തന്റെ പക്കൽ നിന്ന് പണം വാങ്ങിയതെന്നും സലീം ആരോപിച്ചു.

ഇതിന്റെ പേരിലാണ് ഇ ഡി വിളിച്ച് ഗ്രിൽ ചെയ്തത്. പക്ഷേ എന്നിട്ടും അൻവർ കുലുങ്ങിയിട്ടില്ല. ഇതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോടും ധിക്കാരത്തോടെ ആയിരുന്നു അൻവറിന്റെ മറുപടി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎൽഎ മറുപടി പറയാൻ സൗകര്യമില്ലെന്നും പറഞ്ഞു. ഇത്രയും വിവാദ നായകനായ ഒരു നേതാവ് അടുത്തകാലത്തൊന്നും കേരളത്തിൽ ഉണ്ടാവില്ല. കോൺഗ്രസ് കുടുംബത്തിൽ ജനിച്ച് പിന്നെ ഡിഐസിയിലെത്തി, ഒടുവിൽ സിപിഎം സഹയാത്രികനായ 'ഒരു വിപ്ലവ മുതലാളിയുടെ' കഥയാണ് അൻവറിന്റെ ജീവതം.


നെഹ്റുവിന്റെ പരിഭാഷനായ ബാപ്പ

പക്ഷേ എന്നും വിവാദ നായകൻ ആണെങ്കിലും പി വി അൻവറിന് പറയാനുള്ളത് വലിയ പൈതൃക ധാരയുടെ ശേഷിപ്പുകളാണ്.അദ്ദേഹത്തിന്റെ എടവണ്ണ ഒതായിയിലെ 82 വർഷം പഴക്കമുള്ള പുത്തൻവീട്ടിൽ തറവാടിന് മഹത്തായ പാരമ്പര്യമുണ്ട്. ദേശീയബോധവും മതസൗഹാർദവും വെളിച്ചമേകിയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണത്. ഇ മൊയ്തു മൗലവിക്കും അബ്ദുറഹ്മാൻ സാഹിബിനും കുട്ടിമാളു അമ്മയ്ക്കും കെ മാധവമേനോനും ഇടംനൽകിയ ആ കുടുംബത്തിലെ ഇളമുറക്കാരനാണ് അൻവർ.

ഖിലാഫത്ത് പ്രസ്ഥാനത്തിന് ഏറനാടിന്റെ മണ്ണിൽ നേതൃത്വം നൽകിയ പി വി മുഹമ്മദ് ഹാജിയുടെ ചെറുമകൻ. നെഹ്റുവിന്റെ സഹപ്രവർത്തകനും എഐസിസി അംഗവും അഖിലേന്ത്യാ ശരീഅത്ത് ബോർഡ് ചെയർമാനുമായിരുന്ന പി വി ഷൗക്കത്തലിയുടെ മകൻ. നെഹ്റുവിയൻ യുഗത്തിൽ എഐസിസി അംഗമായിരുന്നു പി വി ഷൗക്കത്തലി. നെഹ്റുവിന്റെ പ്രസംഗ പരിഭാഷകനും. ഒരിക്കൽ മലമ്പുഴ ഡാം കാണാൻ എത്തിയ നെഹ്റു വിശ്രമിക്കാനെത്തിയത് ഷൗക്കത്തലിയുടെ വീട്ടിലാണ്. 1921ൽ ബ്രിട്ടീഷുകാരന്റെ നിറതോക്കിനെ വെല്ലുവിളിച്ച ഏറനാടൻ കർഷക സമരത്തിന് നേതൃത്വം നൽകിയ തറവാട്ടിലാണ് അൻവർ ജനിച്ചത്.

അൻവറിന്റെ വല്യുപ്പ പി വി മുഹമ്മദ് ഹാജി, ഗാന്ധിജിയുടെയും അലി സഹോദരന്മാരുടെയും അബ്ദുറഹ്മാൻ സാഹിബിന്റെയും ആവേശകരമായ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ആകൃഷ്ടനായി പൊതുപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച വ്യക്തിയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകാൻ സ്വന്തം കെട്ടിടത്തിൽ 28 ചർക്കകൾ സ്ഥാപിച്ച് അദ്ദേഹം നൂൽനൂൽപ്പ് കേന്ദ്രമാരംഭിച്ചു. ദേശീയ ഭാഷ പ്രചരിപ്പിക്കാനായി ഹിന്ദി വിദ്യാലയം തുറന്നു. സ്വന്തം ചെലവിൽ ഒരധ്യാപകനെയും നിയമിച്ചു. മലയാളം നരകത്തിലെ ഭാഷയുമായി പൗരോഹിത്യം കരുതിയ കാലത്ത് ജനങ്ങളെ അക്ഷരവെളിച്ചത്തിലേക്കാനയിക്കാൻ 1924ൽ ഒതായിയിൽ ഏകാധ്യാപക വിദ്യാലയവും ആരംഭിച്ചു.

പിതാവിന്റെ പാത പിന്തുടർന്നുകൊണ്ടുതന്നെയാണ് പി വി ഷൗക്കത്തലി പ്രവർത്തനം നടത്തിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് എടവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിച്ചുകിട്ടിയത്. മേത്തലങ്ങാടിയിലെ ഒരു കെട്ടിടത്തിലാണ് ആശുപത്രി ആദ്യം പ്രവർത്തിച്ചത്. ആശുപത്രിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുകിട്ടാനും പരിശ്രമിച്ചു. എടവണ്ണ ഇഡി പോസ്റ്റോഫീസാക്കി ഉയർത്തുന്നതിലും എടവണ്ണ ടെലിഫോൺ എക്സ്ചേഞ്ച്, - ആയുർവേദ ആശുപത്രി, മൃഗാശുപത്രി, സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്.

1962ൽ മഞ്ചേരി പാർലമെന്റ് മണ്ഡലത്തിൽ ലീഗിന്റെ സ്ഥാപക നേതാവായ ഖായിദെ മില്ലത്ത് ഇസ്മയിൽ സാഹിബിനെതിരെ കോൺഗ്രസിന്റെ അഭിമാനപ്പോരാട്ടത്തിനിറങ്ങി മത്സരിച്ച്, സീതിഹാജിയെ കെട്ടിവച്ച കാശില്ലാതെ തോൽപ്പിച്ച ചരിത്രവും ഷൗക്കത്തലിക്കുണ്ട്. കോഴിക്കോട് ഭൂപണയ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ, ഏറനാട് താലൂക്ക് സഹകരണ യൂണിയൻ ചെയർമാൻ, അഖിലേന്ത്യാ ശരീഅത്ത് ബോർഡ് ചെയർമാൻ, എടവണ്ണ സർവീസ് സഹ. ബാങ്ക് പ്രസിഡന്റ്, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു. 1980-84ൽ കോൺഗ്രസ് എസ് സംസ്ഥാന ട്രഷററായിരുന്നു.

ഡിഐസിയിൽ നിന്ന് സിപിഎമ്മിലേക്ക്

പി. വി. ഷൗക്കത്തലിയുടെയും മറിയുമ്മയുടെയും മകനായി 1967 മെയ് 26 ന് മലപ്പുറം എടവണ്ണയിലാണ് പി വി അൻവർ ജനനിച്ചത്. തന്റെ മുൻഗാമികളെപ്പോലെ വളരെ ചെറുപ്പത്തിൽ തന്നെ അൻവറും രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.മലബാർ ക്രിസ്ത്യൻ കോളേജ് സ്‌കൂൾ, എം.ഇ.എസ്. മമ്പാട് കോളേജ് എന്നിവിടങ്ങളിൽ പഠനം. എംഇഎസ്.മമ്പാട് കോളേജിൽ യുണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു. കെ എസ്യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. തുടർന്ന് കെ കരുണാകരൻ ഡിഐസി ഉണ്ടാക്കിയപ്പോൾ അൻവർ ആ പാർട്ടിയിലേക്ക് മാറി. ഡിഐസി ജില്ലാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.

അതേസമയത്തുതന്നെ അൻവറിന് നിരവധി ബിസിനസുകളും ഉണ്ടായിരുന്നു. പണം ഒരുപാട് കണ്ടാണ് താൻ വളർന്നതെന്നും, രാഷ്ട്രീയത്തിൽ ഇറങ്ങി കക്കേണ്ട കാര്യമില്ല എന്ന് അൻവർ പറയുന്നതിൽ അൽപ്പം കാര്യമുണ്ട്. വലിയ പ്രതീക്ഷ ഉയർത്തി ഉണ്ടാക്കിയ ഡിഐസി ക്ലച്ച് പിടിക്കാതായതോടെ അൻവർ സ്വയം ഒരു കൾട്ട് ഫിഗർ ആവാൻ തീരുമാനിച്ചു. ഒരുപക്ഷേ രാഷ്ട്രീയത്തിൽ കാശിറക്കി പരസ്യമായി കളിക്കാൻ തീരുമാനിച്ച ആദ്യ വ്യവസയായി ആയിരിക്കും അൻവർ.

2011ലെ നിയസഭാ തെരഞ്ഞെടുപ്പ് കാലം. മലപ്പുറം ജില്ലയിലെ ഏറനാട് നിയോജകണ്ഡലത്തിൽ ആങ്ങോളം ഇങ്ങോളം ഒരു സ്വതന്ത്രസ്ഥാനാർത്ഥിയുടെ ബോർഡും ഫ്ളക്സും നിറഞ്ഞു. ജനം ഞെട്ടി. ആരാണ് ഇയാൾ. പ്രചാരണത്തിന്റെ ശക്തികണ്ട് മാധ്യമങ്ങൾ പോലും അത് റിപ്പോർട്ട് ചെയ്തു. അക്ഷരാർത്ഥത്തിൽ മണ്ഡലത്തിൽ കാശ് ഒഴുകുകയായിരുന്നു. ലീഗിന്റെ കുത്തക സീറ്റായിരുന്നു ഏറനാട്. ഇടതിന് വലിയ പ്രതീക്ഷയൊന്നും ഇല്ലാത്ത മണ്ഡലം. അവിടെ ലീഗിലെ പി കെ ബഷീറിനെതിരെ ഒരു നേർച്ചക്കോഴി എന്ന നിലയിലാണ് സിപിഐ സ്ഥാനാർത്ഥി അഷ്‌റഫലി കാളിയത്ത് മത്സരിച്ചത്. അങ്കം മുറകവെ കാളിയത്ത് ചിത്രത്തിൽ ഇല്ലാതായി. സിപിഎമ്മിന്റെ പരോക്ഷ പിന്തുണ അൻവറിനായി. എവിടെ നോക്കിയാലും അൻവർ. സിപിഎം പ്രവർത്തകർ കൂട്ടത്തോടെ അൻവറിനായി എത്തി. അതിന് ലീഗിനെ തോൽപ്പിക്കുക എന്ന അടവ് നയം അവർ പറയുന്നുണ്ടെങ്കിലും, അൻവർ കാണേണ്ടവരെയെല്ലാം നന്നായി കണ്ടിരിന്നു.

അവസാനം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, ലീഗ് സ്ഥാനാർത്ഥി പി.കെ. ബഷീറിന് 58,698 വോട്ടുകൾ ലഭിച്ച് ജയിച്ചു. രണ്ടാം സ്ഥാനം സ്വതന്ത്രനായ അൻവറിന്. അദ്ദേഹം 47,452 വോട്ടു നേടി. ബിജെപി സ്ഥാനാർത്ഥി കെ.പി.ബാബുരാജ് 3,448 വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. സിപിഐ സ്ഥാനാർത്ഥി അഷ്‌റഫലി കാളിയത്തിന് 2,700 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. എസ്ഡിപിഐ സ്ഥാനാർത്ഥി 2137 വോട്ടുകൾ നേടി. ചരിത്രത്തിൽ ആദ്യമായി ഒരു എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി കേരളത്തിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു!

വയനാട്ടിലും കരുത്തുകാട്ടി

2011ലെ സിപിഐ സ്ഥാനാർത്ഥിയുടെ ദയീനമായ തോൽവി പാർട്ടിയിലും മുന്നണിയിലും വലിയ ചർച്ചയായി. സിപിഎമ്മും സിപിഐയും അച്ചടക്കനടപടി എടുത്തു. പക്ഷേ പാർട്ടി നേതൃത്വത്തിന് ഒരു കാര്യം മനസ്സിലായി. അങ്ങനെ അവഗണിക്കാൻ കഴിയുന്ന വ്യക്തിയല്ല പി വി. തന്ത്രവും കുതന്ത്രവും ആളും അർത്ഥവും അയാളുടെ കൈയിൽ ആവശ്യത്തിനുണ്ട്. മലപ്പുറം ജില്ലയിൽ ലീഗിനെ നേരിടാൻ ഇമ്മാതിരി ഒരു മുതൽ കുടെവേണമെന്ന് എ വിജയരാഘവർ അടക്കമുള്ള നേതാക്കൾ രഹസ്യമായി പറഞ്ഞിരുന്നു.

2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി നിന്നുകൊണ്ട് അൻവർ കരുത്തുകാട്ടി. അവിടെയും കാശുവാരിയെറിഞ്ഞ്, കൂറ്റൻ ഫ്ളക്സും, ബോർഡും ആനയും അമ്പാരിയുമായി കാടിളക്കിയുള്ള പ്രചാരണമാണ് അയാൾ അഴിച്ചുവിട്ടത്. ഒരുപാർട്ടിയുടെയും സഹായമില്ലാതെ ഒറ്റക്ക് 37,123 വോട്ടുകൾ നേടി അയാൾ നാലാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർത്ഥി എം.ഐ. ഷാനവാസ് സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയെ തോൽപ്പിച്ചത് 20,870 വോട്ടുകൾക്കാണ്. അന്ന് ഷാനവാസിനെതിരെ മണ്ഡലത്തിൽ വ്യാപകമായ അതൃപ്തി നിലനിൽക്കുന്ന കാലം കൂടിയായിരുന്നു. അൻവറിന്റെ വോട്ടുകൂടി കിട്ടിയിരുന്നെങ്കിൽ വയനാട്ടിൽ അട്ടിമറി നടന്നേനെ. ഇതിൽ സിപിഐക്ക് മറുമറുപ്പുണ്ടായിരുന്നു. പക്ഷേ അൻവർ പിടിച്ചത് കോൺഗ്രസ് വോട്ടുകളാണെന്നായിരന്നു സിപിഎം വാദം. അത് ശരിയുമായിരുന്നു. നിലമ്പൂരും വണ്ടൂരും ഏറനാടും ഉൾപ്പെടുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. നിലമ്പൂരിലും ഏറനാട്ടിലും അൻവറിനുള്ള ശക്തമായ ബന്ധങ്ങൾ തിരഞ്ഞെടുപ്പിൽ തുണയായി. പലയിടത്തും കോൺഗ്രസ് വോട്ടുകൾ ചോർന്നു. ഇതോടെ സിപിഎമ്മിന് ഒരുകാര്യം മനസ്സിലായി. അൻവറിനെ മുന്നണിയിലേക്ക് കൊണ്ടുവരികയാണ് തങ്ങൾക്ക് നല്ലത്. അങ്ങനെ അയാൾ ഇടതുപക്ഷത്തേക്ക് ചേക്കേറി.

'ആര്യാടന്മാരെ കെട്ടുകെട്ടിക്കും'

കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും മക്കളും തന്നെയായിരുന്നു നിലമ്പൂരിൽ എക്കാലവും അൻവറിന്റെ എതിരാളി. 2016ൽ ആര്യാടന്റെ കുടുംബാധിപത്യം തകർക്കുമെന്ന് വെല്ലുവിളച്ചാണ് അൻവർ മത്സരിക്കാനെത്തിയത്. പറഞ്ഞതുതന്ന സംഭവിച്ചു. ആര്യാടൻ മുഹമ്മദിന്റെ മകൻ, ആര്യാടൻ ഷൗക്കത്തിനെ പതിനൊന്നായിരത്തിലധികം വോട്ടിന്റെ വമ്പൻ ഭുരിപക്ഷത്തിന് അൻവർ തോൽപ്പിച്ചു. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും സാധാരണക്കാർക്കിടയിലുമുള്ള ബന്ധങ്ങളാണ് അൻവറിന് തുണയായത്.

എന്തെല്ലാം വിമർശനം ഉണ്ടെങ്കിലും ഇന്നും സാധാരണക്കാരുടെ ഹീറോ ആണ് അയാൾ. തന്റെ അണികൾക്ക് വേണ്ടി മരിക്കും. അടിക്ക് അടി, വെട്ടിന് വെട്ട്, തല്ലിന് തല്ല് എന്നതാണ് ശൈലി. നിലമ്പൂരിൽ സ്വന്തം കൈയിൽനിന്ന് പണം എടുത്ത് ഒരു കുടിവെള്ള പദ്ധതി കൊണ്ടുവന്ന് എംഎൽഎ ഏവരെയും ഞെട്ടിച്ചു. വിവാഹത്തിന് കൈയയച്ച് ധനസഹായം നൽകും, ചികിത്സാസഹായവും വൻ തോതിൽ നൽകും. അങ്ങനെ പാവങ്ങളുടെ അപൽബാന്ധവൻ എന്ന ഇമേജാണ് അൻവർ സൃഷ്ടിച്ച് എടുത്തത്. 20 വർഷമായി കോൺഗ്രസ് ഭരിക്കുന്ന, ആര്യാടന്മാരുടെ കുത്തകയായ, നിലമ്പൂർ നഗരസഭയും തങ്ങൾ പിടിക്കുമെന്ന് അനവർ നേരത്തെ പ്രഖ്യാപിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അത് ശരിയായി. അതോടെ അയാൾ നിലമ്പൂർ മേഖലയിലെ കിരീടം വെക്കാത്ത രാജാവായി.

'നമ്മുടെ നീരാവി ജപ്പാന്'

്സീതിഹാജിയെ അനുസ്മരിക്കുന്ന രീതിയിൽ ട്രോളായ ജപ്പാൻ നീരാവി വിവാദത്തിലുടെയാണ് അൻവർ കേരളത്തിന് പറുത്ത് അറിയപ്പെട്ടത്. ജപ്പാനിൽ ഇപ്പോഴും മഴ പെയ്യുന്നത് പശ്ചിമഘട്ടത്തിലെ കാർമേഘങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്നും അതിനാണ് ജപ്പാൻ ഇവിടെ കുടിവെള്ള പദ്ധതികളൊക്കെ നടപ്പാക്കുന്നത് എന്നാണ് അൻവറിന്റെ വിചിത്രവാദം.

തന്റെ വാട്ടർതീം പാർക്കിനെതിരെ രംഗത്ത് വന്നിരിക്കുന്ന ജപ്പാൻ ചാരന്മാരെ കുറിച്ച് പരിഭവം പറയുമ്പോൾ, അദ്ദേഹം ഇങ്ങനെ പറഞ്ഞു. ''ജപ്പാനിൽ മഴ പെയ്യുന്നത് ഇവിടെ വെസ്റ്റേൺ ഗാട്‌സിൽ നിന്ന് കാർമേഘങ്ങൾ സഞ്ചരിച്ച് ജപ്പാനിൽ പോയിട്ടാണ്. അങ്ങനെയാണ് അവർക്ക് കുടിക്കാൻ വെള്ളം കിട്ടുന്നത്. അപ്പോൾ ജപ്പാന്റെ ആവശ്യമെന്താണ്?.വെസ്റ്റേൺ ഗാട്ട്‌സിന്റെ വന വ്യാപ്തി കൂട്ടണം. അവർക്ക് കുടിക്കാൻ വെള്ളം കിട്ടണമെങ്കിൽ. ഇതാണ് അണ്ടർസ്റ്റാൻഡിങ്....ജപ്പാനിലിരിക്കുന്ന സായിപ്പിന് കുടിക്കാൻ ഈ നാട്ടിലെ ജനങ്ങളുടെ കുടിവെള്ളം.. അപ്പൊ എന്ത് വേണം..ഒരുസ്ഥലത്തും വെള്ളം കെട്ടി നിർത്താൻ പാടില്ല...ഈ വെള്ളം മുഴുവൻ കടലിലേക്ക് അടിച്ചിറക്കണം....നീരാവിയുണ്ടാകണം..നീരാവിയുണ്ടായി കാർമേഘമുണ്ടാകണം..ആ കാർമേഘം ജപ്പാനിലേക്ക് പോകണം..അതിന് പണം വാങ്ങി നടക്കുന്നവരാണ് ഇവരൊക്കെ.'' - ഇങ്ങനെയാണ് അൻവർ പറഞ്ഞത്. ഇത് വൻതോതിൽ ട്രോൾ ആയിട്ടും അൻവർ നിലപാട് മാറ്റിയില്ല. പൊന്നാനി തെരഞ്ഞെടുപ്പിന്റെ സമയത്തും അയാൾ ഇതേ കാര്യം അവർത്തിച്ചു.

'ജപ്പാനിൽ ഇപ്പോഴും മഴ പെയ്യുന്നത് പശ്ചിമ ഘട്ടത്തിലെ കാർമേഘങ്ങളുടെ സാന്നിധ്യം കൊണ്ടുതന്നെയാണ്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം ഒരു സംവാദത്തിന് തയ്യാറാണ്. .അമേരിക്കയിൽ പ്രസവിക്കുന്ന മത്സ്യങ്ങൾ 15000 കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇന്തോനേഷ്യലെത്തി പ്രസവിച്ച് കുഞ്ഞുങ്ങളുമായി തിരിച്ചുപോകുന്നുണ്ട്. ഇതൊക്കെ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇങ്ങനെ നമുക്ക് അവിശ്വസനീയമായി തോന്നുന്ന പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്'- പി വി അൻവർ വാചാലനായി.

'2002 വരെ നാസയുടെ സൈറ്റിൽ ഇക്കാര്യം ഉണ്ടായിരുന്നു.ഇപ്പോൾ എവിടെപ്പോയി? എന്താണ് ജപ്പാൻ കുടിവെള്ള പദ്ധതി? ജപ്പാൻകാർക്ക് ഇവിടെ വെള്ളം കൊടുക്കാൻ എന്താണിത്ര താത്പര്യം? ജപ്പാൻ കുടിവെള്ള പദ്ധതിക്ക് പിന്നിലൊക്കെ വേറെ പല കാര്യങ്ങളുണ്ട്. അതൊക്കെ നമുക്ക് ഡിബേറ്റ് ചെയ്യാം'- അൻവർ വീണ്ടും വെല്ലുവിളിച്ചു. പക്ഷേ ഈ പറയുന്നതൊക്കെ വെറും ബഡായി എന്നല്ലാതെ ശാസ്ത്രീയമായി ഒന്നും ഉണ്ടായിരുന്നില്ല.


പൊന്നാനിയിലെ വെള്ളിമുങ്ങ

അൻവർ ഒരിക്കലും ആഗ്രഹിക്കാത്ത തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തെ പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അയാൾ സ്ഥാനാർത്ഥിയായത്. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ പ്രവർത്തനം ഉഷാറാവുന്നില്ല. അപ്പോൾ അൻവർ ഒരു അടവ് എടുത്ത്. പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടാൽ എംഎ‍ൽഎ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. അതോടെ സിപിഎം ഞെട്ടി. പ്രവർത്തത്തനം ഉഷാറായി. വെള്ളിമുങ്ങ സിനിമയിലെ മാമച്ചനെപ്പോലെ ഒരു അടവായിരുന്നു അത്. പക്ഷേ പാർട്ടി ഉഷാറിയിട്ടും കാര്യമില്ല. കേരളത്തിൽ ആഞ്ഞടിച്ച രാഹുൽ അനുകൂല- മോദി വിരുദ്ധ തരംഗത്തിൽ അൻവറും നിലംപരിശായി.

അതിദയനീയമായാണ് അൻവർ പൊന്നാനിയിൽ തോൽവി രുചിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അൻവറിനെ പരാജയപ്പെടുത്തിയത്പക്ഷേ അയാൾ എംഎൽഎ സ്ഥാനം രാജിവെച്ചില്ല. ഉടൻതന്നെ വീണ്ടും വെള്ളിമുങ്ങാ മാമച്ചശന അനുസ്മരിക്കുന്ന രീതിയിൽ കരണം മറിഞ്ഞു. അമേഠിയിലെ രാഹുൽ ഗാന്ധിയുടെ തോൽവിയുമായി താരതമ്യം ചെയ്യുമ്പോൾ പൊന്നാനിയിലെ തോൽവി നിസാരമാണെന്നും എല്ലാവരും തോറ്റ തിരഞ്ഞെടുപ്പായതുകൊണ്ട് രാജിവെക്കേണ്ട കാര്യമില്ലെന്നും യാതൊരു ഉളുപ്പുമില്ലാതെ മലക്കം മറിഞ്ഞു.


'റോപ്വേ പോയാൽ രോമം പോയ പോലെ'

അതിനിടെ കക്കാടംപൊയിലിലെ റിസോർട്ട് വിവാദവും റോപ്പ്വേ വിവാദവും അൻവറിനെ നിരന്തരം വേട്ടയാടി. അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റോപ്പ് വേ പൊളിച്ചുനീക്കാൻ തീരുമാനം ആയത്. ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ചുനീക്കിയതിന് പിറകെയാണ് റോപ്പ് വേയും പൊളിച്ചത്. കേവലം റസ്റ്റോറന്റിനുള്ള ലൈസൻസിന്റെ മറവിൽ കക്കാടംപൊയിൽ ചീങ്കണ്ണിപാറയിൽ വനഭൂമിയോട് ചേർന്ന് മൂന്ന് മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റോപ്പ് വേയാണ് പൊളിച്ചുച്ചത്.

ഒരു റോപ്പ് വേ പോയാൽ ഒരു രോമം പോകുന്നത് പോലെയെ തനിക്കുള്ളുവെന്ന് പരാതിക്കാരനേയും മാധ്യമങ്ങളെയും അപഹസിച്ച് അൻവർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത്ര ആഘോഷിക്കാൻ മാത്രം ആരും ഇവിടെ പൊട്ടിക്കരഞ്ഞ് തളർന്നുകിടക്കാൻ പോകുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു. ഇതോടൊപ്പം മറ്റൊരു തിരിച്ചടി കൂടി എംഎൽഎക്ക് നേരിടേണ്ടി വന്നു ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകി. ജപ്തി നടപടിയെക്കുറിച്ച് ആക്സിസ് ബാങ്ക് പത്രപ്പരസ്യം നൽകിയിയിരുന്നു. ഇത് പക്ഷേ അൻവർ പരിഹരിച്ചിട്ടുണ്ട്.


ഒടുവിൽ മുങ്ങിയത് സ്വർണ്ണഖനനത്തിന്

കോവിഡ് കാലത്ത് ഒക്കെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സിയറലിയോണിൽ ആയിരുന്ന എംഎൽഎ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് നാട്ടിലെത്തിയത്. എംഎൽഎയെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതോടെയാണ് താൻ സിയറ ലിയോണിൽ സ്വർണ ഖനനത്തിലാണെന്ന് വീഡിയോ സഹിതം അൻവർ ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. എംഎ‍ൽഎ അപ്രത്യക്ഷനായതിന് പിന്നാലെ സിയെറ ലിയോൺ പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ട് എതിരാളികൾ. 'ഞങ്ങളെ അമ്പൂക്കാനെ വിട്ട് തരൂ', 'അമ്പർക്കാനെ തിരികെ കയറ്റി വിടൂ' എന്നിങ്ങനെ പരിഹാസ കമന്റുകൾ എഴുതി പൊങ്കാലയിട്ടിരുന്നു.

'എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്‌നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്' - എന്ന് തുടങ്ങുന്ന കുറിപ്പോടു കൂടിയാണ് പി വി അൻവർ എംഎൽഎ സിയറലിയോണിൽനിന്നുള്ള വീഡിയോ പങ്കു വച്ചത്. നൂറോളം തൊഴിലാളികളും തന്റെ ഒപ്പമുണ്ട്. നാട്ടിലെ എല്ലാ വ്യവസായങ്ങളും കച്ചവടവും പൂട്ടിച്ച് കോൺഗ്രസ് തന്റെ വരുമാനം അടച്ചു. ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയിലാക്കി. അതു കൊണ്ടാണ് ആഫ്രിക്കയിലേക്ക് വന്നത്. ഇതിനടയിൽ കോവിഡും ബാധിച്ചു. ബിസിനസ് ശരിയാകുന്നതോടെ തിരിച്ച് എത്രയും വേഗം നാട്ടിലെത്തും. അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും പി വി അൻവർ എം എൽ എ പറഞ്ഞിരുന്നു. ഒരു കൗബോയി ഹാറ്റുവെച്ച് ഒരു ഖനിയിൽനിൽക്കുന്ന അൻവറിന്റെ ചിത്രവും വൈറലായി.

രാജ്യത്തേക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്പത്തുകൊണ്ടുവരുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അതിനുശേഷം സിയറ ലിയോണിലെ സ്വർണ ഖനനം വിട്ട് അൻവർ മാലി ദ്വീപിലേക്ക് ചുവടുമാറി. മകനും അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു. നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ എംഎൽഎ മാലിയിൽ കറങ്ങിയിട്ടും സിപിഎം മൗനം പാലിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. 2016ൽ 11504 വോട്ടിനു വിജയിച്ച് അൻവർ 2700 വോട്ടിന് കഷ്ടിച്ച് വിജയിക്കുകയായിരുന്നു.

രണ്ടാം തവണ നിലമ്പൂരിൽ നിന്നും വിജയിച്ച അൻവർ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും സിപിഎം അവഗണിക്കുകയായിരുന്നു.
അൻവറിനു പകരം താനൂരിൽ നിന്ന് എംഎൽഎയായ വി.അബ്ദുറഹിമാനാണ് സിപിഎം നേതൃത്വം മന്ത്രിസ്ഥാനം നൽകിയത്. ഇതോടെ നിലമ്പൂർ നിയോജകമണ്ഡലത്തിലെ പൊതുപരിപാടികളിൽപോലും സജീവമാകാതെ അൻവർ പാർട്ടിയുമായി ഇടഞ്ഞു. സിപിഎം നേതൃത്വമാകട്ടെ അൻവറിനെ പൂർണമായും അവഗണിച്ച് സ്വന്തം നിലക്കാണ് പ്രവർത്തനം നടത്തുന്നത്.അതിനിടയിലാണ് ഇഡിയുടെ ഇടപെടൽ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഇനി ഒരു ടേം അൻവറിന് കിട്ടുമോ എന്നും സംശയമാണ്.


എല്ലാം മുതലക്കണ്ണീർ

പി വി അൻവർ ഇടക്കിടെ പറയുന്ന കാര്യമാണ് താൻ രാഷ്ട്രീയത്തിൽനിന്ന് ഒന്നും സാമ്പാദിക്കുന്നില്ല എന്നത്. ''സ്വാതന്ത്ര്യസമരസേനാനിയായിട്ട് ജീവിച്ച് മരിച്ച വ്യക്തിയാ എന്റെ ഫാദറ്. മരിക്കുന്ന വരെ ഒരുറുപ്പിക സ്വാതന്ത്ര്യ സമര പെൻഷൻ ബാപ്പ വാങ്ങിയിട്ടില്ല. ഞാൻ എം.എൽഎയായിട്ട് ഒരു ഉറുപ്പിക ഞാൻ വാങ്ങിയിട്ടില്ല. കിട്ടുന്ന പൈസ അവിടെ ആൾക്കാർക്ക് കൊടുത്തിട്ടേയുള്ളു. ഇതൊന്ന് അന്വേഷിക്കൂ നിങ്ങൾ.''- ഇങ്ങനെയാണ് അയാൾ പറയുന്നത്. പക്ഷേ ഇതെല്ലാം വെറും പുറംപൂച്ച് മാത്രമാണെന്നാണ് എതിരാളികൾ പറയുന്നത്.

2016ൽ നിലമ്പൂരിൽ എംഎൽഎയായി മത്സരിക്കുമ്പോൾ 14.38 കോടി രൂപയായിരുന്നു പിവി അൻവറിന്റെ ആസ്തി. 2019തിൽ പൊന്നാനിയിൽ മത്സരിക്കുമ്പോൾ ആസ്തി 49.95 കോടിയായി കുത്തനെ വർധിച്ചു. ആദായനികുതി അടയ്ക്കാത്ത പിവി അൻവർ 49.95 കോടിയുടെ സ്വത്തുക്കൾ ആർജ്ജിച്ചതെങ്ങനെ എന്ന് വ്യക്തമാക്കണ എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടും ഖനനവുമാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലേയും മാഫിയാ ബിസിനസ്. ഇത്തരം ബിസിനസിനാണോ എംഎൽഎ ആഫ്രിക്കയിൽ പോയതെന്ന ആശങ്കയുണ്ട്. പിവി അൻവർ എംഎൽഎയുടെ വിദേശയാത്രകളും ബിസിനസുകളും കള്ളപ്പണ ഇടപാടുകളെയുംകുറിച്ച് സർക്കാർ സമഗ്ര അന്വേഷണം നടത്തണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

അതുപോലെ കവളപ്പാറയിലും പോത്തുകല്ലിലുമൊക്കെയുണ്ടാ ഉരുൾപൊട്ടലിൽ മരിച്ചവരെ പുനരധിവസിപ്പിക്കാനുള്ള നീക്കങ്ങളിലും അൻവർ ഹീറോ കളിച്ചു.
പോത്തുകല്ലിൽ സർവകക്ഷിയോഗത്തിലാണ് അദ്ദേഹം പൊട്ടിക്കരഞ്ഞു. പക്ഷേ ഇവരൊക്കെയാണ് പ്രദേശത്തെ ഭൂമി വൻതോതിൽ നശിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കവളപ്പാറ ദുരന്തത്തിനു ശേഷം ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ദുരന്തമുണ്ടായിട്ടും പാഠം പഠിച്ചില്ലേ എന്ന് പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിനോട് ചോദിച്ചത് അതിനിടെ വിവാദമായിരുന്നു. തടയണപൊളിക്കാൻ കളക്ടർ ഉത്തരവിട്ടതോടെ തടയണകെട്ടിയ സ്ഥലം രണ്ടാം ഭാര്യ ഹഫ്സത്തിന്റെ പിതാവ് സി.കെ അബ്ദുൽലത്തീഫിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.

നിയമവിരുദ്ധമാണെന്നു കണ്ടെത്തിയ തടയണപൊളിച്ചുനീക്കാൻ ഹൈക്കോടതി പല തവണ ഉത്തരവിട്ടെങ്കിലും അതു പാലിച്ചില്ല. ഒടുവിൽ ഹൈക്കോടതി ഉത്തരവിനെതുടർന്ന് മലപ്പുറം കളക്ടറാണ് തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടത്. കാലവർഷത്തിൽ വീണ്ടും തടയണയിൽ വെള്ളം സംഭരിച്ചതോടെയാണ് ഇനിയും പാഠം പഠിച്ചില്ലേ എന്ന് ഹൈക്കോടതിക്കുപോലും ചോദിക്കേണ്ടിവന്നത്.

പ്രകൃതി ചൂഷകൻ തന്നെ

കേരളം മഹാപ്രളയത്തിൽ മുങ്ങിയപ്പോൾ നിലമ്പൂരും അതിന്റെ ദുരിതങ്ങൾ നേരിട്ടിരുന്നു. അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അൻവറിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. മന്ത്രിമാർക്കൊപ്പം ക്യാമ്പ് സന്ദർശനത്തിൽ മാത്രം ഒതുങ്ങിയിരുന്നു അൻവറിന്റെ പ്രവർത്തനങ്ങൾ. മഹാപ്രളയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മണ്ണിടിച്ചതുകൊണ്ടും തടയണകെട്ടിയതുംകൊണ്ടല്ല ഉരുൾപൊട്ടലെന്നും, ഒരു കൈക്കോട്ടോ ജെ.സി.ബിയോ എത്താത്ത ഡീപ് ഫോറസ്റ്റുകളിൽ ഉരുൾപൊട്ടലുണ്ടായത് മണ്ണിടിച്ചിട്ടാണോ എന്ന് അൻവർ തന്റെ പ്രകൃതി ചൂഷണങ്ങളെ യാതൊരു മനസ്താപവുമില്ലാതെയാണ് ന്യായീകരിച്ചത്. മണ്ണിടിച്ചിട്ടോ തടയണകെട്ടിയിട്ടോ ആണോ കാടുകളിൽ രുൾപൊട്ടലുണ്ടാകുന്നതെന്ന് ചോദിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്നാണ് മുൻ മുഖ്യമന്ത്രികൂടിയായ വി എസ് അച്യുതാനന്ദൻ നിയമസഭയിൽ ഇതിനു മറുപടി നൽകിയത്.

കക്കാടംപൊയിലിൽ മലയിടിച്ച് നിർമ്മിച്ച അൻവറിന്റെ വാട്ടർതീം പാർക്കിൽ ഉരുൾപൊട്ടൽ പരമ്പരകൾ തന്നെയുണ്ടായി. ഉരുൾപൊട്ടലല്ല മണ്ണിടിച്ചിൽ മാത്രമെന്നു പറഞ്ഞാണ് അന്ന് അൻവർ ന്യായീകരിച്ചത്. എന്നാൽ ഹെലികാം വഴി ഉരുൾപട്ടൽ ദൃശ്യങ്ങൾ പകർത്തി ന്യൂസ് 18 ചാനൽ വാർത്ത നൽകി. ഉരുൾപൊട്ടൽ ഉണ്ടായതായി കൂടരഞ്ഞി വില്ലേജ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ടും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം അൻവറിന്റെ പാർക്ക് അടച്ചുപൂട്ടുകയായിരുന്നു. ഇതുവരെയും അൻവറിന് പാർക്ക് തുറക്കാനായിട്ടില്ല.പൂട്ടിയ വാട്ടർതീം പാർക്കിനു താഴെ തേനരുവി പ്ലാന്റേഷൻ ഭൂമിയിൽ നിയമംകാറ്റിൽപ്പറത്തി ക്വാറിയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പി.വി അൻവറിന്റെ ബിനാമി ക്വാറിയെന്നുപറഞ്ഞ് നാട്ടുകാർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

മംഗലാപുരത്ത് ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസി എൻജിനീയർ നടുത്തൊടി സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസാണ് വീണ്ടും പൊങ്ങി വന്നിരിക്കുന്നത്. ഇതിൽ പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഹൈക്കോടതി അൻവറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ കേസിലാണ് ഇ ഡിയുടെ നടപടിയും ഉണ്ടായിരിക്കുന്നത്. ഇതോടെ അൻവറിന്റെ പൊൽറ്റിക്കൽ കരിയർ തീരുമെന്ന് വിമർശകർ പറയുന്നുണ്ട്. പക്ഷേ കളി നന്നായി അറിയുന്ന രാഷ്ട്രീയക്കാരനാണ് അയാൾ. ഈ കേസുകൾ കൊണ്ടൊന്നും അയാളെ പൂട്ടാൻ കഴിയില്ലെന്നാണ്, ആരാധകർ പറയുന്നത്.

വാൽക്കഷ്ണം: ധിക്കാരവും ധാർഷ്ട്യവും അൻവറിന്റെ കൂടെപ്പിറപ്പാണ്. അൻവറിനെ കാണാനില്ല എന്ന വാർത്ത കൊടുത്ത മാധ്യമ പ്രവർത്തനെ ഫേസ്‌ബുക്കിൽ തന്ത്ക്ക് വിളിച്ചായിരുന്നു എംഎൽഎയുടെ പ്രതികാരം. 'നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പിവി അൻവർ നിലമ്പൂരിൽ നിന്ന് എംഎൽഎ ആയത്. മുങ്ങിയത് ഞാനല്ല. നിന്റെ തന്തയാണ്.' എന്ന് അൻവർ ഫേസ്‌ബുക്കിൽ കുറിച്ചത്. എല്ലാവരെയും വെറുപ്പിച്ച് കാൽക്കീഴിലെ മണ്ണൊഴുകിപ്പോകുന്നത് അയാൾ അറിയുന്നില്ല.