- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മദ്യ വിലകൂട്ടിയതിനു വരെ പ്രതികരിക്കുന്ന നടൻ! കൈതേരി സഹദേവനായി പേരെടുത്തു; വിജയ്ബാബു പ്രശ്നത്തിൽ 'അമ്മ'യിൽനിന്ന് രാജി; കൂവിയും കുരച്ചും വന്ദേമുകന്ദ പാടി രഞ്ജിത്തിനെതിരെ; നിരീശ്വരവാദി ഇന്ന് ചോറ്റാനിക്കര ഭക്തൻ; ഇപ്പോൾ എംഎ ബേബി വിവാദവും; പിണറായിസ്റ്റുകളുടെ പേടി സ്വപ്നം; ഹരീഷ് പേരടി വീണ്ടും വാർത്തകളിൽ
ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന്റെ പോസ്റ്റിൽ സിപിഎം അണികൾ പൊങ്കാലയിടുക! അതും ഒരു സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തുവെന്ന നിസ്സാര കാരണത്താൽ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനൊക്കെ വേണ്ടി വാദിക്കുന്ന ഇടതുപക്ഷ അണികൾ എത്രമാത്രം, രാഷ്ട്രീയ അന്ധതയിലും, വ്യക്തിവിദ്വേഷത്തിലുമാണ് ജീവിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, സിപിഎം പിബി അംഗം എം എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനുനേരെയുണ്ടായ സൈബർ ആക്രമണം. ഇത് ബേബിയോടുള്ള വിരോധം കൊണ്ടല്ല. നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന ചിത്രം ആയതിനാലാണ്. ഹരീഷ് നിർമ്മിക്കുന്ന 'ദാസേട്ടന്റെ സൈക്കിൾ' എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ബേബി പങ്കുവെച്ചത്.
സോഷ്യൽ മീഡയിയിൽ പിണറായി സർക്കാറിനെ നിരന്തരം വിമർശിക്കുന്ന പേരടിയെ അവർ അത്രമാത്രം വൈരാഗ്യബുദ്ധിയോടെയാണ് കാണുന്നത്. അയാളുടെ വിമർശനങ്ങൾ അത്രമേൽ കുറിക്ക് കൊള്ളുന്നുവെന്ന് വ്യക്തം. ഒരു കമ്യുണിസ്റ്റ് വിരുദ്ധനെ സിനിമ ഷെയർ ചെയ്തുവെന്നാണ്്, സഖാക്കാൾ വലിയ അപരാധമായി ബേബിക്കമേൽ ചുമത്തുന്നത്. അണികളുടെ പ്രതികരണം രൂക്ഷമായതോടെ വിശദീകരണവുമായി എം എ ബേബിക്ക് വീണ്ടും പോസ്റ്റ് ഇടേണ്ടി വന്നു.
''ദാസേട്ടന്റെ സൈക്കിൾ' എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ നിർമ്മാതാവിന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്‌ബുക്കിൽ പങ്കുവക്കുകയുണ്ടായി. 'ഇടതുപക്ഷ വിരുദ്ധന്റെ' സിനിമയ്ക്ക് ഞാനെന്തിനു പ്രചാരണം നൽകുന്നു എന്നചോദ്യം സാമൂഹ്യമാധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചിലസുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്. അതിപ്രഗൽഭരായ ആ രണ്ടുനടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമ കണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല.
അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന:ചലച്ചിത്രനിമാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം. 12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നു പറഞ്ഞപ്പോൾ പ്രശ്‌നമില്ല; ഫേസ്‌ബുക്കിൽമതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്.എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്‌ബുക്കിൽ വന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായസഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.'' -ബേബി വിശദീകരിക്കുന്നു.
പക്ഷേ എന്നിട്ടും സോഷ്യൽ മീഡിയിൽ സൈബർ സഖാക്കളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. ആരാണ് ഹരീഷ് പേരടി. എന്തിനാണ് സൈബർ സഖാക്കാൾ ഈ നടനോട് ഇത്ര പക സൂക്ഷിക്കുന്നത് എന്നും മനസ്സിലാവുന്നില്ല. ഇപ്പോഴും താൻ ഇടതുപക്ഷ സഹയാത്രികൻ തന്നെയാണെന്നാണ് ഹരീഷ് പറയുന്നത്.
പ്രതികരിക്കുന്ന നടൻ
പൊതുവേ സിനിമാ രംഗത്തുള്ള നമ്മുടെ സെലിബ്രിറ്റികളുടെ രീതി പരിശോധിച്ചാൽ അറിയാം, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും അവർ പ്രതികരിക്കാറില്ല. പൃഥിരാജോ, മമ്മൂട്ടിയോ, മോഹൻലാലോ ഒന്നും തന്നെ ഇന്ധനവില വർധന അടക്കമുള്ള ഒരു വിഷയത്തിലും പ്രതികരിക്കാറില്ല. മാധ്യമങ്ങൾ എന്തെങ്കിലും ചോദിച്ചാൽ തന്നെ അവർ ഒഴിഞ്ഞുമാറുകയാണ് പതിവ്. കാരണം അത് പൊൽറ്റിക്കലായി വിലയിരുത്തപ്പെടുമെന്നും, തങ്ങളുടെ കരിയറിന് ദോഷം ചെയ്യുമെന്നും, അവർക്ക് നന്നായി അറിയാം. നടൻ ജോയ് മാത്യുവിനെയപോലുള്ള ഏതാനും പേർ മാത്രമേ, ഈ സേഫ് സോണിൽനിന്ന് മാറി നടക്കാറുള്ളൂ. ( ഇപ്പോൾ ബേബിയെ പൊങ്കാലയിടുന്ന പാർട്ടി അണികൾ പറയുന്നത്, ഇനി ജോയ്മാത്യുവിന്റെ പോസ്റ്റ് ഷെയർ ചെയ്യാനേ ബാക്കിയുള്ളൂ എന്നാണ്.)
അവിടെയാണ് ഹരീഷ് പേരാടിയുടെ ധീരത. മദ്യത്തിന് വിലകൂട്ടിയത് തൊട്ട് മരുന്ന്വിലവരെയുള്ള വിഷയങ്ങളിൽ പ്രതികരിക്കും. അവസരങ്ങൾ നഷ്ടമാവുമെന്നും, ഒതുക്കൽ ഉണ്ടാവുമെന്നുമൊക്കെ നന്നായി അറിഞ്ഞിട്ടും, അയാൾ പിണറായിയെയും, മോദിയെയും, രാഹുൽഗാന്ധിയെയുമൊക്കെ വിമർശിക്കുന്നു. തനിക്ക് ശരിയെന്ന് തോനുന്ന കാര്യങ്ങൾ തുറന്നുപറയുന്നു. ജനങ്ങളുമായി സംവദിക്കുന്നു.
ഇപ്പോൾ തന്നെ എം എ ബേബി വിവാദത്തിന് മറുപടിയായി, സിപിഎമ്മുകാരുടെ ആവിഷ്‌ക്കാര സ്വതന്ത്ര്യപ്രേമത്തിന്റെ തൊലിയുരിക്കുന്ന ഒരുഗ്രൻ പോസ്റ്റാണ് ഹരീഷ് ഇട്ടിട്ടുള്ളത്. '' നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യൂമെൻട്രി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം...ആവിഷ്‌ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം....അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും ...അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്‌ക്കോണം..അതല്ലാതെ വെറെ എവിടെ യെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ...അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും...ഉത്തര കൊറിയിസം നീണാൾ വാഴട്ടെ'.- ദാസേട്ടന്റെ സൈക്കിൾ പുതിയ സിനിമയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഹരീഷ് പേരടി കുറിച്ചു.
നോക്കണം എത്ര ശക്തമായ മറുപടിയാണ്. ഇതാണ് പിണറായിസ്റ്റുകൾ എന്ന് വിളിക്കപ്പെടുന്ന സൈബർ സഖാക്കൾക്ക് അയാൾ പേടി സ്വപ്നമായി മാറുന്നത്. അയാളുടെ കുറിക്ക് കൊള്ളുന്ന മറുപടി പ്രതിരോധിക്കാൻ അവർക്ക് കഴിയുന്നില്ല. അപ്പോൾ എന്താണ് ചെയ്യുക. കമ്യൂണിസ്റ്് വിരുദ്ധനെന്നും, സംഘിയെന്നും ചാപ്പയടിച്ച് അയാളെ ഒതുക്കുക. പക്ഷേ ഈ തുള്ളുന്ന സൈബർ സഖാക്കൾക്ക് ഒന്നും ഹരീഷ് പേരടിയുടെ ചരിത്രം അറിയില്ല. ഒരു ഇടതുപക്ഷ നാടക പ്രവർത്തകനായാണ് അയാളുടെ തുടക്കം. ആദ്യകാലത്ത് അയാൾ തീർത്തും സിപിഎമ്മിന് ഒപ്പമായിരുന്നു. പക്ഷേ ക്രമേണെ ഭരണത്തിന്റെ പോക്ക് ശരിയല്ലെന്ന് കണ്ടതോടെ അയാളും മാറുകയായിരുന്നു.
നാടകത്തിൽ നിന്ന് സിനിമയിലേക്ക്
കോഴിക്കോട് സ്വദേശിയായ ഹരീഷ് പേരിടയുടെ ജീവിതം തന്നെ അരങ്ങിനുവേണ്ടി മാറ്റിവെച്ചതാണ്. കോഴിക്കോട് ചാലപ്പുറം ഗോവിന്ദൻ നായരുടെയും, സാവിത്രിയുടെയും മകനായാണ് ജനനം. പിതാവ് സ്വതന്ത്ര്യസമര സേനാനിയായിരുന്നു. തറവാട്ടു പേരാണ് പേരിനൊപ്പം ചേർത്തിരിക്കുന്ന പേരടി. അഞ്ചാം തരത്തിൽ പഠിക്കേ ആദ്യമായി 'മല്ലനെന്ന കൊള്ളക്കാരൻ' എന്ന നാടകത്തിൽ മല്ലന്റെ വേഷം അവതരിപ്പിച്ചു. പത്തൊൻപതാം വയസ്സിൽ ആകാശവാണിയിൽ നാടക ആർട്ടിസ്റ്റായി പ്രവർത്തനം ആരംഭിച്ചു.
തിക്കോടിയൻ നാടകമത്സരത്തിൽ 'തീപ്പൊരി' എന്ന നാടകത്തിൽ ബാലൻ കെ. നായർ അഭിനയിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ ഹരീഷ് സ്റ്റേജിൽ അവതരിപ്പിച്ചു. തെരുവു നാടകങ്ങളും അക്കാലത്ത് അവതരിപ്പിച്ചു. ജയപ്രകാശ് കൂളൂരിന്റെ കീഴിൽ നാടകം അഭ്യസിച്ചു. 1993ൽനാടക അഭിനേത്രിയായിരുന്ന ബിന്ദുവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ജയപ്രകാശിന്റെ രണ്ടു പേർ മാത്രം നടിക്കുന്ന 'അപ്പുണ്ണികൾ' എന്ന നാടകത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ നാടകം ഹരീഷ് നല്ല പേര് ഉണ്ടാക്കിക്കൊടുത്തു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഈ നാടകവുമായി യാത്രചെയ്ത അനുഭവവും, പട്ടിണിയും പരിവെട്ടവുമായിരുന്നിട്ടും, കല തന്ന ആത്മസംതൃപ്തിയുമൊക്കെ ഹരീഷ് ഒരു അഭിമുഖത്തിൽ പറയുന്നു. താൻ അടിസ്ഥാനപരമായി ഒരു നാടകക്കാരൻ ആണെന്നാണ് അദ്ദേഹം ഇപ്പോഴും പറയുക. നാടക പ്രവർത്തനം നടത്തുന്ന സമയത്തൊക്കെ ഇടതുപക്ഷത്തോട് ചേർന്നാണ് ഹരീഷ് പ്രവർത്തിച്ചത്.
ഇതിനിടെ 'വ്യതിയാനം' എന്ന നാടകവും സംവിധാനം ചെയ്തു. പക്ഷേ ഹരീഷിന്റെ മുഖം കുടുംബപ്രേക്ഷകർക്ക് സുപരിചിതമായത് ടെലിവിഷൻ സീരിയലുകളിലൂടെയാണ്. 'കായംകുളം കൊച്ചുണ്ണി' എന്ന സീരിയലിൽ ചെയ്ത വേഷം വലിയ കീർത്തി നേടിക്കൊടുത്തു. ഒന്നും രണ്ടുമല്ല, ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിലാണ് ഹരീഷ് അഭിനയിച്ചത്. സീരിയൽ തന്നെയാണ് സിനിമയിലേക്ക് വഴി തുറന്ന് കൊടുത്തതും.
സിബി മലയിലിന്റെ 'ആയിരത്തിലൊരുവൻ' എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ഹരീഷിനെ സ്റ്റാമ്പ് ചെയ്യാനിരുന്ന കഥാപാത്രം, വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതാണ് കൈതേരി സഹദേവൻ.
പിണറായിയാണോ, സഹദേവൻ?
'ബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാവണം' എന്ന് പറയുന്ന കമ്യൂണിസ്റ്്റ നേതാവായ കൈതേരി സഹദേവനിലുടെയാണ് ഹരീഷ് പേരടി മലയാളത്തെ ഞെട്ടിച്ചത്. മുരളി ഗോപി എഴുതിയ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ' ആ വേഷത്തിനുശേഷം പിന്നെ അയാൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സഹദേവന്റെ മൂർച്ചയുള്ള നോട്ടവും തുറിക്കുന്ന വാക്കുകളും സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിങ് ആയി.
കരുത്തനും പരുക്കനുമായ ആ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഹരീഷ് അത് നിഷേധിക്കയാണ്. '' സിനിമ ഇറങ്ങിയപ്പോൾ പലരും ചോദിക്കയുണ്ടായി കൈതേരി സഹദേവൻ എന്നാൽ പിണറായി വിജയൻ ആണോ എന്ന്. കൈതേരി സഹദേവൻ വിരഞ്ഞ നെഞ്ചുമായാണ് നടക്കുന്നത്. കാർക്കശ്യമുണ്ടെങ്കിലും പിണറായി വിജയൻ അങ്ങനെ അല്ലല്ലോ നടക്കാറ്'- ഹരീഷ് ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
തന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരുവായ സഹദേവന്റെ വേഷം കിട്ടിയതിനിന് പിന്നെ കഥയും 'ഗൃഹലക്ഷ്മിക്ക്' നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ''നിർമ്മാതാവ് രഞ്ജിത്ത് ഒരിക്കൽ എന്നെ വിളിച്ചു. അടുത്ത പടത്തിൽ, ഹരീഷിന് നല്ല ഒരു റോളുണ്ട്. വേഗം മുരളി ഗോപിയെയും അരുൺ കുമാറിനെയും പോയി കാണണം. ഞാൻ അടുത്തദിവസം തന്നെ പോയി കണ്ടു. രണ്ട് കഥാപാത്രങ്ങളാണ് എനിക്കതിൽ കൈതേരി ചാത്തുവും, കൈതേരി സഹദേവനും. അതോടെ ഇത് ചില്ലറക്കളിയല്ലെന്ന് മനസ്സിലായി. അങ്ങനെ കൈതേരി എന്ന സ്ഥലത്തുപോയി. തിരിച്ചുവരുമ്പോൾ, ഒരു പ്ലാസ്റ്റിക്ക് കവറിൽ കുറച്ച് മണ്ണ് വാരിയെടുത്തു. അത് തൊട്ട് തലയിൽവച്ചാണ് ലൊക്കേഷനിലേക്ക് പോയത്''- ഹരീഷ് വ്യക്തമാക്കുന്നു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെ സിപിഎം ഒരിക്കലും എതിർത്തിട്ടില്ലെന്നും തിയറ്ററിൽ ഓടിക്കാൻ സമ്മതിച്ചില്ല എന്ന വാദങ്ങൾ തെറ്റാണെന്നും ഹരീഷ് പേരടി പ പറഞ്ഞിരുന്നു. 'സഹദേവന് എംവിആറുമായി സാമ്യമുണ്ടെന്നും ചിലർ പറഞ്ഞിട്ടുണ്ട്. ഒരിക്കലും പിണറായിയെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. എന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതം സിനിമ ആക്കിയാൽ ആ വേഷം ചെയ്യണം എന്ന ആഗ്രഹമുണ്ട്.'- പേരടി പറഞ്ഞു.
ഈ അഭിമുഖം വന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് സിപിഎം സഹയാത്രികനായി ഹരീഷിനെ കണക്കാക്കിയവർ ഉണ്ട്. ഹരീഷിന്റെ ആദ്യകാലത്തെ പോസ്റ്റുകളും അങ്ങനെ ആയിരുന്നു. പക്ഷേ പിന്നീട് സർക്കാറിന്റെ തലതിരിഞ്ഞ നയങ്ങളെ വിമർശിക്കേണ്ടിവന്നു. അതോടെ അയാൾ പിണറായിസ്റ്റുകളുടെ വെറുക്കപ്പെട്ടവനുമായി.
നാടകത്തിൽ സർക്കാരുമായി ഉടക്കി
രണ്ടുവർഷംമുമ്പ് ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്ന് പറഞ്ഞ് ഹരീഷ് പേരടിക്ക് പോസ്റ്റ് ഇടേണ്ടി വന്നു. അതിന് ഇടയാക്കിയത് ആവട്ടെ, നാടകങ്ങൾക്ക് വേദി അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണാണ്. കോവിഡിനെ തുടർന്ന് തുറന്നപ്പോൾ, സിനിമയ്ക്ക് സെക്കൻഡ്ഷോ അനുവദിച്ചപ്പോൾ നാടകക്കാരന് മാത്രം വേദിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു. ''സിനിമക്ക് സെക്കൻഡ്‌ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല. ഐഎഫ്എഫ്‌കെ നടന്നു...ഇറ്റ്ഫോക്ക് (രാജ്യാന്തര തിയറ്റർ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ....ഇടതുപക്ഷസർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം..ലാൽസലാം...'.-ഹരീഷ് പേരടി കുറിച്ചു.
പക്ഷേ ഇത്തരം വിമർശനങ്ങൾ ഒന്നും ഉൾക്കൊള്ളാൻ കഴിയുന്ന പരുവത്തിൽ ആയിരുന്നില്ല ഭരണകേന്ദ്രങ്ങൾ. അവർ പ്രശ്നങ്ങൾ ഒന്നും പരിഹരിച്ചില്ല. സൈബർ സഖാക്കളാവട്ടെ, ഹരീഷിനെക്കൂടി ശത്രുപക്ഷത്ത് നിർത്തുകയാണ് ചെയ്തത്. അതിനിടെ
ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയോട് ഹരീഷ് പേരടി നടത്തിയ അഭ്യർത്ഥനയും സർക്കാനി് നാണക്കോടായി. തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകമേളയിലെ തിരക്കിന്റെ വിഡിയോ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ അപേക്ഷ. സർക്കാരിനോട് പലതവണ പറഞ്ഞു മടുത്ത കാര്യമാണെന്നും ഹരീഷ് കുറിപ്പിൽ പറയുന്നു. ലുലുവിൽ ജനത്തിന് ടിക്കറ്റെടുത്ത് നാടകം കാണാൻ ഒരു തിയറ്റർ ഒരുക്കിക്കൂടെ എന്നാണ് ഹരീഷിന്റെ അഭ്യർത്ഥന.
'പ്രിയപ്പെട്ട എം.എ യുസഫലി സാർ..തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയിൽ ടിക്കറ്റെടുത്ത് നാടകം കാണാൻ നിൽക്കുന്നവരാണ് ഈ ജനക്കൂട്ടം. താങ്കളുടെ ലുലുവിൽ ഒരു തിയറ്റർ നാടകത്തിനായി തുറന്നിട്ടാൽ കുടുംബസമേതം ജനങ്ങൾ ടിക്കറ്റെടുത്ത് നാടകം കാണാൻ വരും...സർക്കാർ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു...ഇനിയും നാണം കെടാൻ വയ്യാ..അതുകൊണ്ട് പറയുകയാണ്.. സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂർണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കു...ഇത് ലാഭത്തോടൊപ്പം നല്ല കലക്കുള്ള വേദിയൊരുക്കലുമാവും...പരിഗണിക്കുക..'- ഹരീഷ് കുറിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ സർക്കാർ വിരുദ്ധനായിട്ടാണ് അദ്ദേഹം ചിത്രീകരിക്കപ്പെട്ടത്.
പുകസ വിലക്കുന്നു
തുടർന്നങ്ങോട്ടുന്ന ഒരു വർഷം സർക്കാറിനെ നിരന്തരം ഹരീഷ് വിമർശിച്ചു. തമിഴിലും തെലുങ്കിലും വരെ അഭിനയിക്കുന്ന നടൻ ആയതുകൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് അവിടെയും വാർത്തയായി. കൊമോർഷ്യൽ സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു നടൻ ഈ രീതിയിലുള്ള, പൊളിറ്റിക്കൽ പോസ്റ്റുകൾ ഇടുന്നത്, അവിടെയൊന്നും കേട്ടുകേൾവിയില്ലാത്ത കാര്യം ആയിരുന്നു. കോവിഡ് കാലത്ത് കറുത്ത മാസ്‌ക്ക്പോലും ഇടാൻ അനുവദിക്കാത്ത പിണറായിയുടെ ഫാസിസത്തോട് അദ്ദേഹം അതേ നാണയത്തിൽ തിരിച്ചടിച്ചു. 'ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റിനു നേരെയുള്ള പ്രതിഷേധം' എന്ന് എഴുതി ഒരു കറുത്ത മാസ്‌ക് ധരിച്ചുകൊണ്ട് ഹരീഷ് പോസ്റ്റിട്ടത് വൈറലായിരുന്നു.
പക്ഷേ സിപിഎം സംഘടനകൾ അപ്പോഴേക്കും മറുപണിയും തുടങ്ങിയിരുന്നു. അതിന്റെറെ ആദ്യപടിയായിരുന്നു, പുകസ കോഴിക്കോട് സംഘടിപ്പിച്ച എ. ശാന്തകുമാർ അനുസ്മരത്തിൽനിന്ന് ഹരീഷിനെ ഒഴിവാക്കുക എന്നത്. കോഴിക്കോട്ട് നാടകം കളിച്ച് വളർന്ന, ശാന്തകുമാറിന്റെ സുഹൃത്ത് കൂടിയായ ഹരീഷിനു തന്നെയായിരുന്നു ഈ പരിപാടിയുടെ ഉദ്ഘാടകനാവാൻ എന്തുകൊണ്ടും അർഹതയുണ്ടായിരുന്നത്. പക്ഷേ അവസാന നിമിഷം പരിപാടിയിൽ നിന്നു സംഘാടകർ വിലക്കി. ഈ വിവരവും ഹരീഷിന്റെ പോസ്റ്റിലൂടെയാണ് പുറം ലോകം അറിയുന്നത്.
സംഭവം വിവാദമായതോടെ സംഘാടകർ ഖേദം പ്രകടിപ്പിച്ചു തലയൂരി. ഇതേക്കുറിച്ച് മലയാള മനോരമക്ക് അനുവദിച്ച അഭിമുഖത്തിൽ ഹരീഷ് ഇങ്ങനെ പ്രതികരിക്കുന്നു. ''
ഞാൻ കൊച്ചിയിൽ നിന്നു കുടുംബസമേതം പരിപാടിയിൽ പങ്കെടുക്കാനായി കോഴിക്കോട്ടേക്കു വരവെയാണ് പാതിവഴിയിൽ വച്ച് സംഘാടകർ ഫോണിൽ ബന്ധപ്പെടുന്നത്. ഇപ്പോഴത്തെ പ്രത്യേക രാഷ്ടീയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് അവർ പറഞ്ഞത്. സത്യത്തിൽ ഏറെ വിഷമം തോന്നി. പ്രിയ സുഹൃത്ത് ശാന്തനെ അനുസ്മരിക്കാനായി സ്വന്തം നാട്ടിലെത്തിയിട്ട് അതിനു കഴിയാതെ വരികയെന്നത് സഹിക്കാനായില്ല. അങ്ങനെയാണ് ഞാൻ എന്റെ വിഷമം ഫേസ്‌ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
ഈ പ്രത്യേക സാഹചര്യം വിശദീകരിക്കാനും സംഘാടകർ തയാറായില്ല. പിന്നെ എന്നെ പരിപാടിക്കു വിളിച്ചവരും വരാതിരിക്കുന്നതാണ് നല്ലത് എന്നു പറഞ്ഞവരുമെല്ലാം എനിക്ക് അറിയുന്ന എന്റെ സുഹൃത്തുക്കളാണ്. പിന്നെ അവിടെ ചെന്ന് അവർക്ക് ഒരു പ്രയാസം ഉണ്ടാക്കേണ്ട എന്നുള്ളതു കൊണ്ടാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമായി ഷൂട്ടിങ് മാറ്റിവച്ച് കോഴിക്കോട്ടെത്തിയിട്ടും ഞാൻ പരിപാടിയിൽ പങ്കെടുക്കാതെ മാറി നിന്നത്. ശാന്തന്റെ അനുസ്മരണത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും ശാന്തൻ എന്റെ മനസ്സിൽ നിന്നു മറയില്ലല്ലോ?
മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ കറുപ്പ് മാസ്‌കുകൾ നീക്കം ചെയ്യുന്നതിനെയാണ് ഞാൻ വിമർശിച്ചത്. അതെങ്ങനെ മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനമാകും. മുഖ്യമന്ത്രി തന്നെ കറുപ്പ് മാസ്‌കുകൾ പിടിച്ചെടുക്കുന്നതിനെയും കറുപ്പ് വസ്ത്രം ധരിക്കുന്നതിനെ എതിർക്കുന്ന പൊലീസ് നടപടിയെയും വിമർശിച്ചു രംഗത്തു വന്നല്ലോ? പിന്നെങ്ങനെയാണ് അതിന്റെ പേരിൽ എനിക്ക് വിലക്കേർപ്പെടുത്തുക?''- ഹരീഷ് ചോദിക്കുന്നു.
അമ്മയിൽ നിന്ന് രാജിവെക്കുന്നു
തന്റെ ശരികളിൽനിന്ന് ഒരിക്കലും മാറി നടക്കാൻ ഹരീഷ് ശ്രമിച്ചിട്ടില്ല. അങ്ങനെയാണ് താര സംഘടനയായ അമ്മയിൽനിന്ന് രാജിവെച്ചത്. സ്ത്രീ പീഡനക്കേസിൽ ഉൾപ്പെട്ട വിജയ് ബാബുവിനെ അമ്മയിൽനിന്നു പുറത്താക്കാത്തതിനെ തുടർന്നാണ് ഹരീഷ് പേരടി രാജി നൽകിയത്. കഴിഞ്ഞ മെയ് 4ന് തന്റെ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയ്ക്ക് തുറന്ന കത്തുമെഴുതി. പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.
''ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ. എന്റെ പേര് ഹരീഷ് പേരടി. അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല''-- രൂക്ഷമായ ഭാഷയിൽ ഹരീഷ് കുറിച്ചു.
പിന്നീട് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു തന്നെ വിളിച്ച് രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്ന് ചോദിച്ചുവെന്നും ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്രക്കുറിപ്പ് പിൻവലിച്ച്, അയാളെ 'അമ്മ' പുറത്താക്കിയാതാണെന്ന തിരുത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് തിരിച്ചു ചോദിച്ചെന്നും. അതിൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാൽ രാജിയിൽ പിന്നോട്ടില്ലെന്നും ഹരീഷ് പേരടി പറഞ്ഞിരുന്നു.
അന്ധമായ വർഗബോധത്തിന്റെപേരിൽ നടന്മാർ എന്ത് ചെയ്താലും പിന്തുണക്കുന്ന താരങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തനാണ് ഇദ്ദേഹം. നേരത്തെ ശ്രീനാഥ് ഭാസി ഒരു ചാനൽ ആങ്കറിനോട് മോശമായി പെരുമാറിയ വാർത്ത വന്നപ്പോൾ ആ ആങ്കറിന് ഒപ്പമായിരുന്നു ഹരീഷ്. അതുപോലെ ദിലീപിന്റെ കുടുംബ ഫോട്ടോ വനിത കവർ ആക്കിയപ്പോൾ ഉണ്ടായ വിവാദത്തിൽ അദ്ദേഹം പറഞ്ഞത്, കുറ്റക്കാരനെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും, അതുവരെ ഒരു നടന്റെ ഫോട്ടോപോലും കൊടുക്കരുത് എന്ന് പറയുന്നത് ശരിയല്ല എന്നുമായിരുന്നു.
പക്ഷേ അമ്മയിലെ പ്രശ്നങ്ങൾ വ്യക്തിപരം ആവാതെ നോക്കാനും ഹരീഷ് ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. അതിനിടെയും അദ്ദേഹം മോഹൻലാലിനൊപ്പം അഭിനയിച്ചു. പ്രിയദർശന്റെ 'ഓളവും തീരവും' എന്ന സിനിമയിൽ. മോഹൻലാൽ എന്ന വ്യക്തി വിസ്മയമാണെന്ന് ഹരീഷ് പേരടി പറഞ്ഞു. ''അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ മാറ്റിനിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്, അഭിപ്രായ വ്യത്യാസം ഒരാളുടെ സ്വാതന്ത്ര്യമെന്ന തിരിച്ചറിവോടെ അദ്ദേഹം ചേർത്തുനിർത്തും. അദ്ദേഹം അഭിനയത്തിലും മനുഷ്യത്വത്തിലും ഒരു വിസ്മയമാണ്''- ഹരീഷ് എഴുതി.
കുരച്ചും കൂവിയും 'വന്ദേമുകന്ദ'
ഈയിടെ ഏറെ വിവാദമായ ഒന്നായിരുന്നു, ഐഎഫ്എഫ്കെ സമാപന വേദിയിൽ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന്റെ നടപടി. ഇതിനെതിരെ സിനിമാലോകത്തുനിന്ന് ആരും പ്രതികരിച്ചില്ല. പക്ഷേ ഹരീഷ് പേരടി വിട്ടില്ല. രഞ്ജിത്തിനെതിരെ കൂവിയും കുരച്ചുമാണ് ഹരീഷ് പേരടി പ്രതിഷേധിച്ചത്. താനടക്കമുള്ള പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്രമേളയിൽ പ്രതിഷേധിച്ചവരെ പട്ടികളും നായ്ക്കളുമായി ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ മാടമ്പത്തിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്നുപറഞ്ഞാണ് ഹരീഷ് പേരടി വീഡിയോ ആരംഭിക്കുന്നത്. ദേവാസുരം എന്ന സിനിമയിലെ 'വന്ദേ മുകുന്ദ ഹരേ' എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു കൂവൽ! മേലാൽ ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേറെ ആർക്ക് കഴിയും ഇതുപോലെ ഒരു പ്രതിഷേധം.
മദ്യവില, ഇന്ധന വില തുടങ്ങി ബജറ്റ് പ്രഖ്യാപനത്തിൽ ട്രോളിൽ കളിക്കുകയാണ് സംസ്ഥാന സർക്കാർ. നിരവധി പേരാണ് മദ്യത്തിൻെ വില വർധനക്ക് എതിരെ രംഗത്ത് വന്നത്. അതിനിടയിൽ രാജസ്ഥാനിലെയും കേരളത്തിലെയും മദ്യ വില താരതമ്യം ചെയ്ത് ഫേസ്‌ബുക്കിൽ സർക്കാരിനെ വിമർശിക്കുകയാണ് നടൻ ഹരീഷ് പേരടി.
താരത്തിന്റെ പോസ്റ്റിൽ പറയുന്നതിങ്ങനെ- ''രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750ാഹ വാങ്ങിച്ചു...വില 455/....കേരളത്തിലെ വിലയിൽ നിന്ന് 545/ രൂപയുടെ കുറവ്...കൊള്ള സംഘത്തിന്റെ സ്വന്തം നാടെ...നല്ല നമസ്‌ക്കാരം''. ഹരീഷിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളും രസകരമാണ്. ''പൂണെയിൽ ഓൾഡ് മങ്ക് ഫുള്ളിന് 540/ രൂപ മാത്രം എന്നായിരുന്നു'' ഒരാളുടെ കമന്റ്. അതേസമയം ''പറശ്ശിനി മുത്തപ്പൻ ഒരു കൊല്ലത്തേക്ക് കുടിക്കരുത് എന്നു പറഞ്ഞിട്ടുണ്ട്. 5 മാസം ആയി.. ഇനി ഒരു 7 മാസം... അതു കഴിഞ്ഞ് രാജസ്ഥാനിലേക്ക് ഒരു പോക്ക് പോകാൻ തീരുമാനിച്ചു. കട്ടായം''-എന്ന് മറ്റൊരാളും കമന്റ് ചെയ്യുന്നു.
ബജറ്റിൽ മദ്യത്തിന് 20 മുതൽ നാൽപ്പത് രൂപവരെയാണ് സർക്കാർ വർധിപ്പിച്ചത്. 500 മുതൽ 999 രൂപയുള്ള മദ്യത്തിന് 20 ഉം 1000 രൂപക്ക് മുകളിൽ കൂടിയത് 40 രൂപയുമാണ് കൂടിയത്. പൊതുമാന്യത നോക്കി അറച്ചു നിൽക്കാതെ, ഈ രീതിയിൽ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ പ്രതികരിക്കുന്ന മലയാളത്തിലെ അപൂർവം നടനാണ് ഇദ്ദേഹം.
22 വർഷത്തിനുശഷം വിശ്വാസി
ഒരു അഭിമുഖത്തിൽ ഹരീഷ് പേരടി ഇങ്ങനെ പറയുന്നു.''ഇടത് സഹയാത്രികൻ ആയിരിക്കുമ്പോൾ തന്നെ സിപിഎമ്മിനെയും ഡിവൈഎഫ്ഐയെയും വിമർശിക്കുന്നത്, അതേ കുടുംബത്തിലെ അംഗമായതുകൊണ്ടാണ്. വ്യക്തി ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് ചിലതൊക്കെ തുറന്ന് എതിർക്കേണ്ടി വരുന്നത്. പക്ഷേ ഈ നിമിഷം വരെ വൈരാഗ്യപൂർവം അവർ ആരും പ്രതികരിച്ചിട്ടില്ല. 22 വർഷം ഈശ്വരനിൽ തനിക്ക് വിശ്വാസമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പത്തുവർഷമായി ഈശ്വര വിശ്വാസിയാണ്. ചോറ്റാനിക്കര അമ്മയെയാണ് കൂടുതൽ ഇഷ്ടം.''- ഹരീഷ് പറയുന്നു.
പക്ഷേ വ്യക്തിപരമായ വിശ്വാസമോ അവിശ്വാസമോ ഒന്നുമല്ല നിലപാടുകൾ ആണ് ഒരു സിപിഎം സഹയാത്രികനായ ഹരീഷിനെ വിമർശകനാക്കി മാറ്റിയത്, എന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിക്കുമ്പോൾ വ്യക്തമാണ്്. മാത്രമല്ല സിപിഎമ്മിനെ ടാർജറ്റ് ചെയ്ത് വിമർശിക്കാനും അദ്ദേഹം ഉണ്ടായിരുന്നില്ല. കോവിഡ് കാലത്ത് ശൈലജ ടീച്ചർ നടത്തിയ ഇടപെടലുകളെയൊക്കെ പ്രകീർത്തിക്കുന്ന ഹരീഷിന്റെ എത്രയോ പോസ്റ്റുകൾ കാണാം. മാത്രമല്ല ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്ന് അച്ചാരം വാങ്ങിയോ, നാളെ ഒരു രാജ്യസഭാ സീറ്റോ, ഗവർണർ സ്ഥാനമോ സ്്വപ്നം കണ്ട് ഒന്നുമല്ല അദ്ദേഹത്തിന്റെ വിമർശനം. പ്രശ്നാധിഷ്ഠിതമായി അയാൾ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിമർശിക്കാറുണ്ട്.
പക്ഷേ സിപിഎമ്മിന്റെ പ്രത്യേകിച്ച് പിണറായിസ്റ്റുകളുടെ പ്രശ്നം, അസഹിഷ്ണുതയും ധാർഷ്ട്യവുമാണ്. തങ്ങളെ ആര് വിമർശിച്ചാലും അവർ സംഘിയാവും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹരീഷ് പേരടി, നേരിടുന്ന സമാനതകൾ ഇല്ലാത്ത വെറുപ്പ്.
വാൽക്കഷ്ണം: നമ്മുടെ താരങ്ങൾ പലപ്പോഴും, ആ പേര് അന്വർത്ഥമാക്കുന്ന രീതിയിൽ
വിണ്ണിലാണ്. അരിവില കൂടിയതും, ഇന്ധന വിലവർധനവൊന്നും അവരെ ബാധിക്കാറില്ല. ജനത്തെ ബാധിക്കുന്ന ഒരു വിഷയത്തിലും കാര്യമായി പ്രതികരിക്കാറുമില്ല. അവർക്കിടയിൽ നട്ടെല്ല് പണയം വെക്കാതെ ഒരു നടൻ തന്നെയാണ് ഹരീഷ്. വിണ്ണിൽനിന്ന് മണ്ണിലേക്കിറങ്ങിയ ഒരു താരം!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ