ട്ടിണിയും പരിവട്ടവുമായി ജീവിച്ച മധുരയിലെ ഒരു ദരിദ്ര കുടുംബത്തിൽനിന്ന് വെള്ളിത്തിരയിൽ ഉയരങ്ങളിൽ എത്തിയ നടൻ. ഒരു മണിക്കൂറിന് ഒരുലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന ഒരു തിരക്കുപിടിച്ച നടൻ പെട്ടെന്ന് ഫീൽഡ് ഔട്ടാവുക. ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്ന് തോന്നുടത്ത് അയാൾ വീണ്ടും സ്വാഭാവനടനായി ഉയർന്ന് വരിക. ... കുമാരവടിവേൽ നടരാജൻ എന്ന തമിഴ്നടൻ വടിവേലുവിന്റെ ജീവിതം സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതാണ്.

ഇപ്പോൾ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന, നമ്മുടെ ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന, ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രമെന്ന് പറയുന്ന, മാമന്നനിൽ ടൈറ്റിൽ വേഷം ചെയ്തുകൊണ്ട് ഏവരെയും ഞെട്ടിക്കുകയാണ് വടിവേലു. ജയലളിതയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പത്തുവർഷമായി സിനിമാലോകത്ത് നിന്ന് വിട്ടുനിന്ന, തമിഴകത്തിന്റെ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് ആയിട്ടാണ് ഇതിനെ തമിഴ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്.

യേശുദാസിന്റെ പാട്ടു കേൾക്കാത്ത ദിവസം മലയാളിയുടെ ജീവിതത്തിലില്ലെന്നു പറയാറുണ്ട്. തമിഴിൽ അതിന്റെ വകഭേദം ഇങ്ങനെയാണ് വടിവേലുവിന്റെ ഒരു കോമഡി രംഗം കാണാത്ത ദിവസം തമിഴ്മക്കളുടെ ജീവിതത്തിലില്ല. 10 വർഷത്തോളം സിനിമയുടെ നിഴലിലേക്ക് മാറിയപ്പോഴും സമൂഹ മാധ്യമങ്ങളിലെ മീമുകളും ചാനലുകളിലെ കോമഡി പരിപാടികളുമായി വടിവേലു പിന്നെയും തമിഴ് മനസ്സിൽ നിറഞ്ഞോടി.

ജാതി പ്രധാനവിഷമായി വരുന്ന സിനിമയിൽ കിടലൻ പെർഫോമൻസാണ് വടിവേലു നടത്തുന്നത്. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നൻ' എന്ന സിനിമയുടെ വിശേഷങ്ങൾ പുറത്തുവരുമ്പോൾ അടിമുടി അമ്പരപ്പിക്കുകയാണ് വടിവേലു. എ.ആർ. റഹ്മാന്റെ സംഗീതത്തിൽ പിന്നണി പാടി, ലുക്കിലും നോക്കിലും ഇതുവരെയില്ലാത്ത വിധം മാറ്റം വരുത്തി. ചിരിപ്പിക്കാൻ മാത്രമല്ല അഭിനയിപ്പിച്ച് ഞെട്ടിക്കാനും തനിക്ക് കഴിയുമെന്ന് വീണ്ടും തെളിയിക്കാനുള്ള വരവുകൂടിയാണ് വടിവേലുവിന്റെത്. ചിത്രത്തിന്റെ അവസാനം, ക്യാമറയിൽ നോക്കി വടിവേലു മാമാന്നന്റെ ജീവിതം പറയുന്നത് നിറകണ്ണുകളോടെ മാത്രമേ കാണാൻ കഴിയു. മൂന്ന് പതിറ്റാണ്ടോളം തമിഴ് സിനിമയിൽ നിറഞ്ഞു നിന്ന ഒരു നടന്റെ തിരിച്ചുവരവ് കൂടിയായി മാമന്നൻ. തീർത്തും അസാധാരണമാണ് വടിവേലുവിന്റെ ജീവിതം.

ഉടുതുണിക്ക് മറുതുണിയില്ലാത്ത ബാല്യം

വടിവേലുതന്റെ ജീവിത കഥ പറയുന്നത് കേട്ടാൽ ആരുടെയും കണ്ണുകൾ നിറഞ്ഞുപോവും. ഏഴുമക്കളിൽ മൂത്തവനായി മധുരയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. സ്‌കൂളിൽ പോകാൻ വലിയ താൽപര്യമില്ലായിരുന്നു. തന്റെ തൊലിയുടെ നിറം ചൂണ്ടിയുള്ള പരിഹാസങ്ങളും വട്ടപ്പേരുവിളികളും അവനെ തളർത്തി. ആഘോഷം ഉറങ്ങാത്ത മധുരയിലെ തെരുവുകളിൽ പാട്ടും ഡാൻസും നാടകങ്ങളുമായി നടക്കാനായിരുന്നു അവന് ഇഷ്ടം. അനുഭവങ്ങളിൽ നിന്നും ഓരോന്ന് പഠിച്ച് മുന്നേറുമ്പോഴാണ് അച്ഛൻ കിടപ്പിലാകുന്നത്. ഇതോടെ കുടുംബത്തിൽ പട്ടിണി പിടിമുറുക്കി.

കലാകാരൻ ആവുക എന്ന സ്വപ്നം മാറ്റിവച്ച് പണത്തിനായി ജോലിക്കിറങ്ങി. വലിയ കുടുംബത്തിന്റെ ഭാരം അന്ന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് ഒരു സുഹൃത്ത് വഴി സിനിമാതാരം രാജ്കിരണിനെ പരിചയപ്പെടുന്നത്. മെലിഞ്ഞ് നീണ്ട ആ പയ്യന്റെ സംസാരം രാജ്കിരണിനെ വല്ലാതെ ആകർഷിച്ചു. രണ്ടുവർഷത്തിന് ശേഷം വടിവേലുവിന് രാജ്കിരൺ ഒരു അവസരം വച്ചുനീട്ടി. ചെന്നൈയ്ക്ക് വന്നാൽ സിനിമയിൽ ഒരുവേഷം തരാം. ബസിനോ ട്രെയിനോ പോകാനുള്ള പണം തികയാതെ വന്നതോടെ ലോറിക്ക് കൈകാണിച്ചു.

''അയ്യാ, സിനിമയിൽ ഒരു വേഷം കിട്ടി. ചെന്നൈയിൽ പോകണം. ബസ് കൂലിക്കുള്ള പൈസയില്ല. ഞാനും കൂടി കയറിക്കോട്ടെ.''- ഒരുലോറിക്ക് കൈകാണിച്ച് ആ പയ്യൻ ചോദിച്ചു. ലോറിക്ക് അകത്തിരുന്ന് പോകണമെങ്കിൽ 25 രൂപ തരണം. പിന്നിൽ ഇരുന്നാ മതിയെങ്കിൽ 15 രൂപ തന്നാ മതി. ഞാൻ പിന്നിൽ ഇരുന്നോളാം അയ്യാ എന്ന് പറഞ്ഞ് അവൻ ലോറിയിൽ കയറി. അങ്ങനെ മധുരയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്ര തുടങ്ങി. ലോറിക്ക് പിന്നിൽ ഇരുന്ന് കാറ്റടിച്ച് ഉറങ്ങിപ്പോയപ്പോൾ അവന്റെ കയ്യിലുണ്ടായിരുന്ന നോട്ടുകൾ പറന്നുപോയത് അവൻ അറിഞ്ഞിരുന്നില്ല. ഭക്ഷണം കഴിക്കാൻ ലോറിഡ്രൈവർ വണ്ടി നിർത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം അവൻ അറിയുന്നത്. കയ്യിൽ പണമില്ല, ലോറിക്കാരൻ പറഞ്ഞ 15 രൂ പപോലും കൊടുക്കാനില്ല. അവന് കരച്ചിൽ വന്നു.

പക്ഷേ അപ്പോൾ ആ ലോറിക്കാരൻ അവനെ ചേർത്തുപിടിച്ചു. അവന് കഴിക്കാൻ രണ്ട് പൊറോട്ട അയാൾ വാങ്ങി നൽകി. ഒടുവിൽ പണമൊന്നും വാങ്ങാതെ അവനെ ചെന്നൈയിൽ ഇറക്കിവിട്ടപ്പോൾ കയ്യിൽ ഇരുന്ന ചില്ലറ പണവും ആ ഡ്രൈവർ അവന് നൽകി. നിന്റെ എല്ലാ മോഹവും നടക്കെട്ട, വലിയ നടനാകട്ടെ എന്ന് ആശംസിച്ച് അയാൾ പോയി. പിന്നീട് ആ ലോറിക്കാരനെ ആ പയ്യൻ കണ്ടിട്ടില്ല. കുമാരവടിവേൽ നടരാജൻ എന്ന വടിവേലു ജനിക്കുന്നത് അങ്ങനെതാണ്. ഒരു അഭിമുഖത്തിൽ തന്റെ ഈ കണ്ണീർ കഥ വടിവേലു പറയുമ്പോൾ അവതാരികപോലും കണ്ണു തുടക്കുന്നത് കാണാമായിരുന്നു.

കൊച്ചുവേഷങ്ങളിലുടെ ഹൃദയത്തിലേക്ക്

മധുരയിലെ നാടക അരങ്ങുകളിലെ സജീവ സാന്നിധ്യമായിരുന്ന വടിവേലു 1988ലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. ടി.രാജേന്ദറിന്റെ 'എൻ തങ്കൈ കല്യാണി'യിലെ ചെറിയ വേഷം. പിന്നീട് ഒറ്റയും തെറ്റയുമായി ചില വേഷങ്ങൾ. എന്നാൽ 1991ൽ എൻ രാസവിൻ മനസിലെ എന്ന ചിത്രമാണ് അദ്ദേഹത്തെ നടനാക്കിയത്. മധുര സ്വദേശിയായ വടിവേലുവിന്റെ സംസാരരീതിയിലെ തനി ഗ്രാമീണത തിരിച്ചറിഞ്ഞ് പിന്നീട് സംവിധായകർ അവസരങ്ങൾ നൽകി. അങ്ങനെ ഗ്രാമീണപശ്ചാത്തലമുള്ള ചിത്രങ്ങളിൽ വടിവേലു അവിഭാജ്യഘടകമായി.

വടിവേലുവിന്റെ അർപ്പണബോധം കമൽഹാസനെപ്പോലും ആകർഷിച്ചിരുന്നു.
കമൽഹാസന്റെ ശ്യംഗാരവേലൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സെറ്റിൽ വച്ച് കണ്ട വടിവേലുവിനെ അടുത്ത് വിളിച്ച് കമൽ പറഞ്ഞു. നാളെ രാവിലെ രാജ്കമൽ ഫിലിംസിന്റെ ഓഫിസിൽ പോകണം. നിനക്ക് അവിടെ നിന്ന് അഡ്വാൻസ് തരും. എന്റെ അടുത്ത സിനിമയിൽ നിനക്ക് നല്ല ഒരുവേഷമുണ്ട്. പടത്തിന്റെ പേര് തേവർ മകൻ. പക്ഷേ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കാൻ വടിവേലുവിന്റെ മനസ്സ് അനുവദിച്ചില്ല. ആ വൈകുന്നേരം തന്നെ രാജ്കമലിന്റെ ഓഫിസിൽ പോയി. നിന്നോട് രാവിലെ വരാൻ അല്ലേ സാറ് പറഞ്ഞതെന്ന് അവിടുത്തെ ജീവനക്കാരന്റെ ചോദ്യം. ഒടുവിൽ 5000 രൂപ അഡ്വാൻസായി നൽകി തേവർ മകനിൽ സീറ്റുറപ്പിച്ചു. എന്തിനാണ് നീ രാത്രി തന്നെ പോയതെന്ന കമലിന്റെ ചോദ്യത്തിന്, രാവിലെ വരെ ക്ഷമിക്കാനുള്ള മനസ്സുവന്നില്ല സാർ എന്നായിരുന്നു വടിവേലുവിന്റെ മറുപടി.

മധുരയിൽനിന്ന് വന്ന നടൻ വിജയകാന്തും വടിവേലുവിനെ ഏറെ സഹായിച്ചു.
വിജയകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'ചിന്ന ഗൗണ്ടറി'ലെ വേഷം കയ്യടി നേടി.
കമൽ ഹാസനും ശിവാജി ഗണേശനും അഭിനയിച്ച 'തേവർ മകനി'ലെ ഇസക്കിയെന്ന കഥാപാത്രത്തിലൂടെ വടിവേലും സ്വന്തം ഇരിപ്പിടം കണ്ടെത്തി. ശങ്കർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം 'കാതലനാ'യിരുന്നു ആദ്യ സോളോ ഹിറ്റ്. കോളജ് കുമാരനായ പ്രഭുദേവയുടെ കൂട്ടുകാരനായി വടിവേലു തകർത്തപ്പോൾ തിയറ്ററുകളിൽ ചിരി നിറഞ്ഞു. അതോടെ, തമിഴ് ഹാസ്യ ലോകത്ത് വടിവേലു യുഗം പിറന്നു. നായകൻ ആരായാലും വടിവേലുവിന്റെ സാന്നിധ്യം സിനിമയിൽ നിർബന്ധമായി. വർഷം 20 ചിത്രങ്ങൾവരെ അഭിനയിച്ചു.

ആദ്യകാലത്ത് കൗണ്ടമണി-സെന്തിൽ ഹാസ്യജോടിയുടെ കൂടെ ഒരു സഹായിയായാണ് സംവിധായകർ വടിവേലുവിനെ കൂട്ടിയത്. അക്കാലത്ത് കിട്ടിയത് എറെയും ബഫൂൺ വേഷങ്ങൾ ആയിരുന്നു. കൗണ്ടമണിയും സെന്തിലും കളം വിട്ടപ്പോൾ വടിവേലു മുൻനിരയിലെത്തി. സ്വഭാവനടനായി അഭിനയിക്കാനും പറ്റുമെന്ന്, ഭാരതി കണ്ണമ്മ എന്ന ചിത്രത്തിലൂടെ തെളിയിച്ചതോടെ വടിവേലുവിന് മൂല്യം കൂടി. വെറ്റ്‌റിക്കൊടി കട്ട എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തോടെ വടിവേലു തമിഴകത്തിന്റെ മനസ്സിലേക്ക് ചിരിച്ചുകയറി ഇരുപ്പുറപ്പിച്ചു. പാടാനുള്ള കഴിവും വടിവേലുവിനെ വ്യത്യസ്തനാക്കി. അത് മാമാന്നനിലും കാണാം

തമ്പി രാമയ്യ സംവിധാനം ചെയ്ത ഇന്ദ്രലോകത്തിൽ നാ അഴകപ്പനിൽ വടിവേലു മൂന്ന് റോളുകളിൽ പ്രത്യക്ഷപ്പെട്ടു. ചിത്രം വൻവിജയമായി. 23ാം പുലിക്കേശി അടക്കം പ്രധാനവേഷത്തിലെത്തി ഇന്നും ചിരി പടർത്തുന്ന ആയിരത്തോളം കഥാപാത്രങ്ങൾ.

ഒരു ദിവസത്തിന് പത്തുലക്ഷം പ്രതിഫലം

നതമിഴകത്തിന്റെ ജഗതി ശ്രീകുമാർ ആയിട്ടും, ശ്രീനിവാസൻ ആയിട്ടുമൊക്കെ വടിവേലുവിനെ വിശേഷിപ്പിക്കാം.ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങളുടെ നീണ്ടനിര തന്നെ വടിവേലു പോയകാലത്ത് ചെയ്തുവച്ചിട്ടുണ്ട്. (പ്ലൻ പണ്ണിത്താ പണ്ണണം) ഈ ഡയലോഗ് ഉദാഹരണം. എന്നാൽ, സ്വയം കളിയാക്കി ഹാസ്യം സൃഷ്ടിക്കുന്ന ശ്രീനിവാസൻ ശൈലിയുടെ വക്താവായും പലരും വടിവേലുവിനെ വിലയിരുത്താറുണ്ട്.
ഹാസ്യത്തിനൊപ്പം വൈകാരിക രംഗങ്ങളിലും ഗായകനെന്ന നിലയിലും പ്രകടിപ്പിക്കുന്ന മികവ് കാരണം വടിവേലുവിനെ പലപ്പോഴും നാഗേഷുമായി താരതമ്യം ചെയ്യാറുണ്ട്. എം.ആർ.രാധ, തമിഴകത്തെ ലോറലും ഹാർഡിയുമായി വിശേഷിപ്പിക്കപ്പെട്ട സെന്തിൽ-കൗണ്ടമണി തുടങ്ങിയ പരമ്പരയിലെ കണ്ണിയാണ് വടിവേലു. എന്നാൽ, സ്വന്തമായ ശൈലിയിലൂടെ വടിവേലു തിരയിൽ വേറിട്ട മുദ്ര പതിപ്പിച്ചു.

വടിവേലു സജീവമാകുന്ന കാലഘട്ടം തമിഴ് സിനിമയിൽ പരിവർത്തനത്തിന്റെ കാലം കൂടിയായിരുന്നു. അമാനുഷികദൈവിക പരിവേഷങ്ങളിൽനിന്ന് തമിഴ് സിനിമ ഗ്രാമങ്ങൾ തേടി പോയ കാലം. ഭാരതി രാജയും മഹേന്ദ്രനുമൊക്കെ മണ്ണിന്റെ മണമുള്ള കഥകൾ വെള്ളിത്തിരയിൽ വിളയിച്ചെടുക്കുന്ന സമയം. തെക്കൻ തമിഴ്‌നാട്ടിലെ പച്ചത്തമിഴ് പറയുന്ന മധുരക്കാരനായ വടിവേലു അതിനു അനുയോജ്യനായ കഥാപാത്രമായിരുന്നു. പരിഷ്‌കൃത തമിഴിനു പകരം വടിവേലുവിന്റെ ഗ്രാമീണ തമിഴ് മൊഴി നഗരത്തിലെ പ്രേക്ഷകർക്ക് പുതിയ അനുഭവമായി.

ഗ്രാമങ്ങളിലാകട്ടെ, അവരുടെ ഭാഷ സംസാരിക്കുന്ന ഒരാളെ കാണുന്നതിന്റെ മാനസിക അടുപ്പം. തമിഴകത്ത് നഗരഗ്രാമ വ്യത്യാസമില്ലാതെ വടിവേലുവിന്റെ ചിരി ആരാധക ഹൃദയങ്ങളിലേക്കു പടർന്നു. രജനികാന്ത്കമൽ ഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്കു ശേഷം വിജയ്, അജിത്, സൂര്യ, മാധവൻ എന്നിവരുടെ രംഗപ്രവേശവും അധികം വൈകാതെ സംഭവിച്ചു. സെന്തിൽകൗണ്ട മണി ടീമിനു പകരം കോമഡി റോളിലും സംവിധായകർ പുതിയ മുഖം തേടി. അങ്ങനെ, കാലം ആവശ്യപ്പെടുന്ന ചോയ്സായി വടിവേലു മാറി

അഭിനയത്തിന്റെ മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ വൈഗൈ പുയൽ (വൈഗാ നദിയിലെ കൊടുങ്കാറ്റ്) എന്നാണ് ആരാധക ലക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. 90കളുടെ അവസാനത്തോടെ ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറഞ്ഞപോലെ, വടിവേലുവില്ലാത്ത, സിനിമയില്ല എന്ന അവസ്ഥ വന്നു. അതോടെ അദ്ദേഹം തന്റെ പ്രതിഫലവും കുത്തനെ കൂട്ടി. മണിക്കൂറിന് ഒരു ലക്ഷം വരെ പ്രതിഫലം ഈടാക്കി. കാവലൻ എന്ന സിനിമയ്ക്ക് ഒരു ദിവസത്തിന് പത്തുലക്ഷമാണ് വാങ്ങിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെ കത്തിനിൽക്കുന്ന സമയത്താണ്, വടിവേലു ഒരു പരിധിവരെ സ്വയംകൃത അനർത്ഥത്തിൽപെട്ട് ഫീൽഡ് ഔട്ട് ആവുന്നത്.


വിജയകാന്തുമായി ഉടക്കുന്നു

ഒരു പരിധിവരെ വടിവേലുവിന്റെ ഗോഡ് ഫാദർ എന്ന് വിളിക്കാൻ കഴിയുന്ന നടനാണ് നടൻ വിജയകാന്ത്. മധുരക്കാരനായ വിജയകാന്തിന്റെ പിന്തുണ കരിയറിന്റെ ആദ്യഘട്ടത്തിൽ വടിവേലിനു സഹായമായി. പിന്നീട് വിജയകാന്തുമായുള്ള അസ്വാരസ്യങ്ങളാണ് സിനിമയിൽനിന്ന് വർഷങ്ങൾ നീണ്ട വനവാസത്തിന് കാരണമായതും.നായകനായി ഇരട്ട വേഷത്തിലെത്തിയ 'ഇംസൈ അരശൻ പുലികേശി' സൂപ്പർ ഹിറ്റായി വടിവേലു കരിയറിന്റെ ഉന്നതിയിൽ നിൽക്കുന്ന കാലം. ആയിടെയാണ് ഡിഎംഡികെ എന്ന പാർട്ടിയുമായി വിജയകാന്ത് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയത്. ചെന്നൈ സാളിഗ്രാമിലാണ് ഇരുവരുടെയും വീട്.

ഒരു ദിവസം വിജയകാന്തിന്റെ വീട്ടിലേക്കെത്തിയ കാറുകളുടെ നീണ്ട നിര പാർക്ക് ചെയ്ത് വടിവേലുവിന്റെ വീടിനു മുന്നിലുമെത്തി. സ്വന്തം വാഹനം പുറത്തിറക്കാൻ കഴിയാത്തതിനാൽ അദ്ദേഹം രോഷാകുലനായി. വിജയകാന്തിന്റെ സഹായികളുമായി വാക്തർക്കവും സംഘർഷവുമായി. പൊലീസ് കേസായി. ഇതിനു പിന്നാലെ, ഓട്ടോയിലും ബൈക്കുകളിലുമായെത്തിയ സംഘം വടിവേലുവിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. സംഭവത്തിനു പിന്നിൽ വിജയകാന്താണെന്ന് ആരോപിച്ച വടിവേലു അദ്ദേഹത്തെ പാഠംപഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വധശ്രമം ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയകാന്തിന്റെ ഡിഎംഡിഎകെയും അണ്ണാഡിഎംകെയും സഖ്യമായാണ് മത്സരിച്ചത്. ഡിഎംകെ വേദികളിൽ നിറഞ്ഞ വടിവേലു വിജയകാന്തിനെതിരെ തലങ്ങും വിലങ്ങും പ്രചാരണം അഴിച്ചുവിട്ടു. പരിഹാസത്തിന്റെയും വിമർശനത്തിന്റെയും കുന്തമുന വിജയകാന്തിനു നേരെയായിരുന്നു. ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിക്കൊപ്പം പല വേദികളിലും വടിവേലുവും പങ്കെടുത്തു. വിജയകാന്തിനെതിരായ ആക്രമണം പലപ്പോഴും വ്യക്തിപരമായ തലത്തിലേക്കു താഴ്ന്നു.

തിരഞ്ഞെടുപ്പിൽ വടിവേലു കാട്ടിക്കൂട്ടിയ പ്രകടനങ്ങളും വാക്കുകളും അദ്ദേഹത്തിന്റെ അടിത്തറ തന്നെ ഇളക്കിയെന്ന് പറയാം. മൈക്ക് കിട്ടിയപ്പോൾ വടിവേലു കൂടുതൽ വിമർശിച്ചത് വിജയകാന്തിനെയായിരുന്നു. വിജയകാന്തിനെ കള്ളുകുടിയൻ എന്ന് പരസ്യമായി വിളിച്ച് ആക്ഷേപിച്ചു. ഇതിനെല്ലാം അന്ന് ജനക്കൂട്ടം കയ്യടിച്ചെങ്കിലും ഇതെല്ലാം വോട്ടായി മാറിയത് അണ്ണാ ഡിഎംകെയ്ക്കും സഖ്യകക്ഷിയായ വിജയ്കാന്തിനുമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പക്ഷേ, വടിവേലുവിന്റെ പ്രചാരണത്തിന് ആന്റി ക്ലൈമാക്സ്. വിജയകാന്തിന്റെ പാർട്ടി 29 സീറ്റ് നേടി. അണ്ണാഡിഎംകെ അധികാരത്തിലെത്തി. ഡിഎംകെ ദയനീയമായി തോറ്റു. വടിവേലുവിന്റെ അവരോഹണം അവിടെ തുടങ്ങി.

അണ്ണാഡിഎംകെ അധികാരത്തിൽ കൂടി വന്നതോടെ വടിവേലുവിന്റെ വാ വിട്ട വാക്കുകൾക്ക് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വന്നു. ജയലളിത സർക്കാർ പ്രതികാരബുദ്ധിയോടെ തന്നെ വിടാതെ വേട്ടയാടി. അഹങ്കാരിയെന്ന പേരും അദ്ദേഹത്തിന് വിനയായി. പ്രതിഫലം കുത്തനെ ഉയർത്തി നിർമ്മാതാക്കളെയും വെറുപ്പിച്ചു.

ജയലളിത പ്രതികാരം തീർക്കുന്നു

1990 മുതൽ 2011 വരെ മുന്നൂറ്റമ്പതോളം സിനിമകളിലാണ് വടിവേലു അഭിനയിച്ചത്. 1990 മുതൽ 2000 വരെ 109 സിനിമകളിൽ ഓടിനടന്ന് അഭിനയിച്ചു. 2000 തൊട്ട് 2009 വരെ 142 സിനിമകൾ. ഒരു മിനിട്ട് പോലും കളയാതെ സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള ഓട്ടത്തിലായിരുന്നു വടിവേലു.മലയാളത്തിൽ ജഗതി ശ്രീകുമാറി്് മാത്രമേ ഇതുപോലെ ഒരു ട്രാക്ക് റെക്കോർഡ് ഉള്ളൂ.

എന്നാൽ 2010-ൽ നാല് സിനിമകളിലേ വടിവേലു അഭിനയിച്ചുള്ളൂ. 2011-ൽ മൂന്നു സിനിമകളിലും. പിന്നാലെ സിനിമകളിൽ നിന്നും വടിവേലുവിനെ അണിയറക്കാർ തന്നെ ഒഴിവാക്കാൻ തുടങ്ങി. കയ്യിലിരുപ്പും വായിലിരിപ്പും കൊണ്ട് സർക്കാരിനെ പിണക്കിയ താരത്തെ അഭിനയിപ്പിക്കാനുള്ള ധൈര്യമില്ലായ്മ പണി കൊടുത്തെന്ന് പറയാം. കരുണാനിധിക്കായി പ്രചാരണത്തിനിറങ്ങി ജയലളിതയുടെ മണ്ഡലമായ ശ്രീരംഗത്ത് ചെരുപ്പേറ് വരെ ഏറ്റുവാങ്ങിയ വടിവേലു.

ജയലളിതയുടെ തിരുവായ്ക്ക് എതിർവായില്ലാത്ത കാലത്ത് വടിവേലുവിന് സിനിമയിൽ അപ്രഖ്യാപിത വിലക്ക് വന്നു. 2011മുതൽ 2018 വരെ ഒറ്റപ്പെട്ട ചിത്രങ്ങൾ ചെയ്തെങ്കിലും അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിജയ് നായകനായ 'മെർസലി'ലെ പ്രകടനമാണ്. കൂനിന്മേൽ കുരു പോലെ 2018ൽ തമിഴ് പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ വിലക്കെത്തി. ഇംസൈ അരശൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട്, സംവിധായകൻ ചിമ്പു ദേവനുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കാരണം.

രക്ഷിച്ചത് സോഷ്യൽ മീഡിയ

2022ൽ ലെയ്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ 'നായ് ശേഖർ റിട്ടേൺസ്' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാമന്നൻ പക്ഷേ, വടിവേലുവിനെ വീണ്ടും ട്രാക്കിലാക്കിയിരിക്കുന്നു. സ്‌ക്രീനിൽനിന്നു മാറി നിൽക്കുന്ന കാലത്തും തമിഴിന്റെ ചിരിക്ക് വടിവേലു ടച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡയലോഗുകളും ആക്ഷനുകളും സമൂഹമാധ്യമങ്ങളിൽ മീമുകളും ട്രോളുകളുമായി നിറഞ്ഞുനിന്നു.

ഈ അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ ആഗോള തലത്തിൽ ട്രെൻഡിങ്ങായിരുന്നു 'പ്രേ ഫോർ നേസമണി' എന്ന ഹാഷ്ടാഗ്. നമ്മുടെ സിദ്ദഖിന്റെ ഫ്രണ്ട്സ് എന്ന സിനിമയിൽ തലയിൽ ചുറ്റിക വീണ നേസമണിക്കു വേണ്ടി സൈബർ ലോകം പ്രാർത്ഥിച്ചു. മലയാളത്തിൽ ലാസറെളേപ്പനായി ജഗതി തകർത്ത വേഷം. പാക്കിസ്ഥാൻ ആസ്ഥാനമായ സിവിൽ എൻജിനീയറിങ് ലേണേഴ്സ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റായിരുന്നു എല്ലാത്തിനും തുടക്കം. ചുറ്റികയുടെ ചിത്രവും നിങ്ങളുടെ രാജ്യത്ത് ഇതിന്റെ പേരെന്താണ് എന്ന ചോദ്യവുമായിരുന്നു പോസ്റ്റ്. തമിഴ്‌നാട്ടുകാരൻ വിഘ്നേഷ് പ്രഭാകർ ഉടൻ മറുപടിയുമായെത്തി. ' ഞങ്ങൾ ഇതിനെ സുത്തിയൽ എന്നു വിളിക്കും. ഇത് ഏതെങ്കിലും വസ്തുവിൽ ഇടിക്കുമ്പോൾ ടക് ടക് ശബ്ദമുണ്ടാകും. പെയിന്റിങ് കോൺട്രാക്ടർ നേസമണിക്കു തലയ്ക്കു പരുക്കേറ്റത് ഇങ്ങനെയാണ്.' ഒപ്പം വടിവേലു തലയിൽ ചുറ്റിക വീണു ബോധം കെടുന്നതിന്റെ ദൃശ്യവും. തമാശ കത്തിയ തമിഴ്‌നാട്ടുകാർ ഒന്നിനു പിന്നാലെ ഒന്നായി എത്തി രംഗം കൊഴുപ്പിച്ചു. ധനുഷ് അടക്കം താരങ്ങളും രംഗത്തെത്തിയതോടെ സംഗതി സൂപ്പർഹിറ്റ്. മോദി സർക്കാർ 2 എന്ന ഹാഷ് ടാഗ് പോലും ഒരു ഘട്ടത്തിൽ ഇതിനു പിന്നിലായി.

അതോടെയാണ് സംവിധായകർക്ക് ഒരു കാര്യം മനസ്സിലായി. വടിവേലു ഇപ്പോഴും ജനഹൃദയങ്ങിൽ ജീവിക്കുന്നുണ്ട്്. മാത്രമല്ല ഇപ്പോൾ തമിഴകത്തിന്റെ രാഷ്ട്രീയ കാലവാസ്ഥ മാറി. വടിവേലുവിന്റെ പാർട്ടിയായ ഡിഎംകെയുടെ സർവാധിപത്യമാണിപ്പോൾ. ഡിഎംകെ തലവനും, മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്റെ സ്വന്തം പ്രൊഡക്ഷനായ റെഡ് ജയന്റ്സാണ് മാമന്നൻ എടുത്തിരിക്കുന്നത്്. ഈ പടം കഴിഞ്ഞാൽ ഉദയനിധി രാഷ്ട്രീത്തിൽ സജീവമാവുകയാണ്. തമിഴകത്ത് സ്്റ്റാലിന്റെ പിൻഗാമിയാവാൻ.

മാമന്നനിൽ കിടിലൻ പ്രകടനം

മാമന്നനിൽ കിടിലൻ പ്രകടനമാണ് വടിവേലു നടത്തുന്നത്. പലയിടത്തും അയാൾ പ്രേക്ഷകരുടെ കണ്ണ് നിറയിക്കും. സവർണ്ണരായ രാഷ്ട്രീയക്കാർ എങ്ങനെയാണ് ദളിതരെ അധികാരക്കെണിയിൽ പെടുത്തുന്നതെന്ന് പന്നി- നായ ദ്വന്ദ്വത്തിലൂടെപോലും ചിത്രം കാണിച്ചുതരുന്നു.

മാമന്നൻ എന്ന ഉറച്ച പാർട്ടി കേഡർ അയാളുടെ രാഷ്ട്രീയ ജീവിതത്തിന്റെ നിർണ്ണായക സന്ദർഭങ്ങളിലെല്ലാം നിസ്സഹായനും നിരായുധനുമായി പോയ ആളാണ്. തന്റെ ജനതക്ക് ഒരാവശ്യം വന്നപ്പോൾ തന്റെ രാഷ്ട്രീയകക്ഷി തന്നെ കയ്യൊഴിയുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം മാമന്നനിൽ ഞൊടിയിടയിൽ വരുന്ന ഒരു ഭാവ പരിണാമമുണ്ട് . തേനി ഈശ്വർ എന്ന ഛായാഗ്രാഹകൻ വൈഡ് ആംഗിളിൽ പ്രതീക്ഷയറ്റുനിൽക്കുന്ന മാമന്നനെ പകർത്തുന്നുണ്ട് . അടിച്ചേൽപ്പിക്കപ്പെട്ട അപകർഷതാബോധം അയാളുടെ രാഷ്ട്രീയ ശരീരത്തെയാകെ മൂടിനിൽക്കുന്നുണ്ട്. ജീവിതത്തിലെ സിസഹായതകളുടെ കുറ്റബോധം അയാളെ ഒരു ദുസ്വപ്നം പോലെ പിൻതുടരുന്നുണ്ട് . എന്നാലും അയാളുടെ ജീവിതഗതിയിലും വെള്ളപ്പൊക്കത്തിലെന്നോണം ഭാഗധേയത്തിലേക്ക് നയിക്കുന്ന ഒരു വേലിയേറ്റമുണ്ടായി . അച്ഛനോട് രത്നവേലിന് മുന്നിൽ ഇരിക്കാൻ മകൻ പറയുമ്പോഴാണ് അയാളുടെ എല്ലാ ചങ്ങലകളും കയ്യാമങ്ങളും പൊട്ടിച്ചിതറിയ വേലിയേറ്റമുണ്ടായത് . മാമന്നൻ സിനിമയിലെ ന്യൂക്ലിയസ്സായ സന്ദർഭമാണത് .

റഹ്മാന്റെ പശ്ചാത്തലസംഗീതം ആ രംഗത്തെ ഏറ്റവും തീക്ഷ്ണമായ അനുഭവതലത്തിലേക്ക് ഉയർത്തുന്നുണ്ട് . എല്ലാവരും തന്നെ മണ്ണേ എന്ന് വിളിച്ചപ്പോൾ മാമന്നാ എന്ന് തന്നെ വിളിച്ചത് മകനാണെന്നയാൾ പറയുന്നുണ്ട് . മാതാപിതാക്കളും മക്കളും തമ്മിലുള്ള കീഴാളജീവിതങ്ങളിലെ വൈകാരികബന്ധം മാരിയുടെ എല്ലാ സിനിമകളിലും കാണാം.അധിവീരൻ അച്ഛനോട് പാടാൻ പറയുന്നുണ്ട്. തുകിൽ നാദത്തിന്റെ അകംമ്പടിയിൽ ഏത് നോവിനെയും പാടിയുറക്കാൻ പോന്ന അലിവും അൻപും കലർന്ന ശബ്ദത്തിലാണ് വടിവേലു തന്നെ പാടുന്നത് ..പട്ടക്കായം എത്തനയോ റാസ .. അദ് സൊല്ലിപുട്ട ആറിടുമോ റാസാ.. ആറിടുമോ റാസാ ..ആറിടുമോ റാസാക്കണ്ണേ...പ്രിയപെട്ട മകനേ മുറിവുകൾ പെരുകിക്കൊണ്ടെ ഇരിക്കുന്നു ..അതിനെ കുറിച്ച് ഞാൻ പാടിയാൽ നിന്റെ വേദനകൾ ശമിക്കുമോ ... മുറിവുകൾ ഉണക്കുമോ

'മാമന്നനി'ലെ ഒരു രംഗത്തിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം വടിവേലുവിനെ നോക്കി പറയുന്നുണ്ട് 'സൂപ്പർ അണ്ണാ, സൂപ്പർ...' വരുംനാളുകളിൽ തമിഴകം വീണ്ടും വീണ്ടും പറയാനിരിക്കുന്നതും ഒരുപക്ഷേ ഈ വാക്കുകളായിരിക്കാം. വടിവേലുവെന്ന അഭിനയക്കൊടുങ്കാറ്റ് വീണ്ടും തീരം തൊട്ടിരിക്കുന്നു. തമിഴ് തിരയിൽ ചിരിക്കുമപ്പുറം അഭിനയത്തിന്റെ പെരുമഴക്കാലം തുടരുകയാണ്...

ആരായിരുന്നു യഥാർത്ഥ മാമന്നൻ

അതേ സമയം ചിത്രത്തിനെക്കുറിച്ച് പുതിയ വിവാദവും ഉയരുന്നുണ്ട്. മാമന്നൻ എഐഎഡിഎംകെ നേതാവും, മുൻ സ്പീക്കറുമായ പി ധനപാലിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് തമിഴ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രേക്ഷകർ അത് തീരുമാനിക്കട്ടെ എന്നാണ് സംവിധായകൻ മാരി സെൽവരാജ് മറുപടി നൽകിയത്.

ചിത്രത്തിലെ വടിവേലുവിന്റെ കഥാപാത്രത്തിന് മുൻ സ്പീക്കർ ധനപാലിനോട് സാമ്യമുണ്ടെന്ന് ഇതിനകം സിനിമ കണ്ട പലരും അഭിപ്രായപ്പെടുന്നു. പി ധനപാൽ തമിഴ്‌നാട് നിയമസഭയുടെ 13-ാമത് സ്പീക്കറായി സേവനമനുഷ്ഠിച്ചിരുന്നു. അതേ സമയം വിഷയം എഐഎഡിഎംകെ വലിയ തോതിൽ ആഘോഷിക്കുന്നുണ്ട്. ഡിഎംകെ നേതാവ് നിർമ്മിച്ച് അഭിനയിച്ച ചിത്രം എഐഎഡിഎംകെ നേതാവിനെക്കുറിച്ചാണ് എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം.

കൊങ്കനാട് മേഖലയിൽ നിന്നുള്ള എഡിഎംകെ ദളിത് നേതാവായ ധനപാലിനെ ജയലളിതയാണ് സ്പീക്കറാക്കിയതെന്നും. അന്ന് അദ്ദേഹത്തെ കഷ്ടപ്പെടുത്തിയത് ഡിഎംകെയാണെന്നും. ഇപ്പോൾ ഡിഎംകെ അദ്ദേഹത്തിന്റെ ചലച്ചിത്രം പിടിക്കുന്നുവെന്നുമാണ് എഡിഎംകെ അണികളുടെ പ്രചാരണം. 'ലിസ്റ്റ് കാൻഡിഡേറ്റ്', 'സേലം ജില്ലാ', 'രാശിപുരും തൊകുതി', സ്പീക്കർ പദവി തുടങ്ങിയ ചിത്രത്തിൽ പരാമർശിക്കുന്ന കാര്യങ്ങളാണ് ചിത്രം ധനപാലന്റെ കഥയാണെന്ന് വാദിക്കാൻ എഡിഎംകെ അണികളെ പ്രേരിപ്പിക്കുന്നത്.

അതേ സമയം പടം കണ്ട പലരും ഇത് നിങ്ങളുടെ കഥയാണ് എന്ന് പറഞ്ഞ് വിളിച്ചെന്നാണ് പി ധനപാലൻ പ്രതികരിച്ചത്. എന്നാൽ താൻ ഇതുവരെ ചിത്രം കണ്ടില്ല. എന്റെ രാഷ്ട്രീയത്തിലെ അന്നും ഇന്നുമുള്ള കടപ്പാട് അമ്മ ജയലളിതയോട് മാത്രമാണെന്ന് ധനപാലൻ പറയുന്നു. എന്നാൽ ധനപാലന്റെ കഥയാണ് സിനിമയ്ക്ക് ആധാരമായത് എന്ന വാർത്തയ്ക്ക് പിന്നാലെ ഡിഎംകെ അണികൾ ആശയക്കുഴപ്പത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഉദയനിധിയുടെ അവസാന ചിത്രം എന്ന നിലയിൽ പലയിടത്തും ഡിഎംകെ യുവജന വിഭാഗം ചിത്രത്തിന്റെ പ്രചാരണം ഏറ്റെടുത്തിരുന്നു. ഡിഎംകെ യുവ വിഭാഗം തലവൻ കൂടിയാണ് ഉദയനിധി. പക്ഷേ എന്തെല്ലാം വിവാദങ്ങൾ ഉണ്ടായിരുന്നാലും ചിത്രം വൻ ഹിറ്റായി പ്രദർശനം തുടരുകയാണ്. പത്തുവർഷത്തിനുശേഷമുള്ള ഒരു അതുല്യ നടന്റെ തിരിച്ചുവരവും ശരിക്കും ആഘോഷിക്കയാണ് തമിഴകം.

വാൽക്കഷ്ണം: സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഇളയരാജ മുതൽ എ.ആർ.റഹ്മാൻ വരെയുള്ള സംഗീത സംവിധായകരുടെ പാട്ടുകൾ മാമന്നനിൽ പാടിയിട്ടുണ്ട് വടിവേലു. അപാരമായ താളബോധമാണ് വടിവേലുവിലെ ഗായകന്റെ പ്ലസ് പോയിന്റ്. പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു വടിവേലു പാടിയ ഓരോ പാട്ടും.