- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യത്യസ്തനായ കോടീശ്വരൻ അനന്ത് അംബാനിയുടെ ജീവിതം
1,500 കോടി രൂപ മുടക്കിയുള്ള പ്രീ വെഡ്ഡിങ്ങ് ആഘോഷം! സക്കർ ബർഗും ബിൽഗേറ്റ്സും, ഷാറൂഖ് ഖാനും സൽമാൻഖാനും ആമിർഖാനും മഹേന്ദ്രസിങ് ധോണിയും, ഡോണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപും തൊട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിവരെയുള്ളവർ അതിഥികൾ. ലോകപ്രശസ്ത പോപ്പ് ഗായിക രിഹാനയുടെ സംഗീതപരിപാടിക്ക് മാത്രമായി 70 കോടിയാണ് ചെലവിട്ടത്. ഈ വിരുന്നിന് വേണ്ടി 10 ദിവസത്തേക്ക് ഗുജറാത്തിലെ ജാംനഗർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ടു! 'ഏഷ്യയിലെ ഏറ്റവും സമ്പന്നൻ ഒരുക്കുന്ന വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ ലോകത്തെ ഏറ്റവും സ്വാധീനമുള്ള മനുഷ്യരെല്ലാം എത്തി'യെന്നാണ് ഇതേക്കുറിച്ച് ബിബിസി റിപ്പോർട്ട് ചെയ്തത്. അതായിരുന്നു, ലോകത്തിലെ പത്താമത്തെ സമ്പന്നനും, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും, എൻകോർ ഹെൽത്ത്കെയർ സിഇഒ വീരേൻ മെർച്ചന്റിന്റെയും ഷൈല മെർച്ചന്റിന്റെയും മകൾ രാധിക മെർച്ചന്റിന്റെയം പ്രീ വെഡ്ഡിങ്ങ് ആഘോഷം. ആഘോഷ വിരുന്നിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,500ൽ അധികം വിഭവങ്ങളാണ് ഒരുക്കിയത്. മൂന്ന് ദിവസത്തേക്ക് മൊത്തം 1,500 കോടി രൂപയാണ് ചെലവ്.
സത്യത്തിൽ അംബാനിക്ക് ഇത് പുത്തരിയൊന്നുമല്ല. 10ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിക്ക് ഇതെല്ലാം മിഠായി വാങ്ങുന്നതുപോലെയാണ്. മുകേഷിന്റെ മകൾ ഇഷയുടെ പ്രീ വെഡിങ് ആഘോഷങ്ങൾ ഉദയ്പൂർ നഗരത്തിലായിരുന്നു. ഇഷാ അംബാനിയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹത്തിനായി ചെലവിട്ടത് 900 കോടിയാണ്. ഇഷയുടെ ഇരട്ട സഹോദരൻ ആകാശ് അംബാനിയുടെ വിവാഹ ബജറ്റ് ആയിരം കോടിയായിരുന്നു. ഇവരുടെ ഇളയവനായ 28കാരനായ അനന്ത് അംബാനിയുടെ വിവാഹച്ചെലവ് അതുകൊണ്ടുതന്നെ വലിയ ധൂർത്തായി കാണാനും പറ്റില്ല. വിദേശത്ത് പോയി വിവാഹ ആഘോഷങ്ങൾ നടത്തുന്നതിന് പകരം അത് രാജ്യത്തിന് നേട്ടമാകുന്ന തരത്തിൽ ഇവിടെ നടത്തി കൂടേയെന്നപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വെഡ് ഇൻ ഇന്ത്യ' ആശയത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ വച്ച് വിവാഹം നടത്താൻ അംബാനിമാർ തീരുമാനിച്ചത്. ജൂലൈ 12 ന് മുംബൈയിൽ വച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.
ഇതുപോലുള്ള ആംഢംബര വിവാഹത്തിന്റെ കഥകൾ കേട്ടാൽ അനന്ത് അംബാനിയെന്ന വരനെക്കുറിച്ച് കിട്ടുന്ന ചിത്രം, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച, എന്തു തളികയിൽവെച്ച് കിട്ടിയ കോടീശ്വര പുത്രനായ ഒരു അമൂൽ ബേബി എന്നായിരിക്കും. പക്ഷേ അയാളുടെ ജീവിതം ആ രീതിയിലല്ല. അംബാനി കുടുംബത്തിലെ മനുഷ്യത്വമുഖം എന്നാണ് അനന്ത് അറിയപ്പെടുന്നത്. പിതാവ് മുകേഷിന്റെ ബിസിനസ് ബുദ്ധിയല്ല, അമ്മ നിതയുടെ കാരുണ്യവും സ്നേഹവും ചാലിച്ച എമ്പതി ബ്രയിനാണ്, ഈ യുവാവിന് എന്നാണ് ബിസിനസ് ടുഡേ എഴുതുന്നത്.
വ്യത്യസ്തനായ ഒരു ശത കോടീശ്വരൻ
മുകേഷ് അംബാനിയുടെ ഇളയമകനാണ് അനന്ത്. മൂത്തത് ഇരട്ടകളാണ്, ഇഷയും ആകാശും. 31- കാരിയായ ഇഷ അംബാനി അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദവും സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് എം.ബി.എ.യും കരസ്ഥമാക്കിയിട്ടുണ്ട്. ഇഷ 2014-ൽ ആദ്യം ജിയോയുടെയും പിന്നീട് റീട്ടെയിലിന്റെയും ഡയറക്ടറായി. ഇപ്പോൾ റീട്ടെയിലിന്റെ വികസനപ്രവർത്തനങ്ങൾക്ക് പ്രൊഫഷണൽ ടീമിനൊപ്പം നേതൃത്വം നൽകുന്നു. 2.60 ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള റിലയൻസ് റീട്ടെയിൽ, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ 10 റീട്ടെയിൽ ശൃംഖലകളിലൊന്നാണ്. 8.28 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം. അന്താരാഷ്ട്ര ആഡംബര ബ്രാൻഡുകളുമായി സഹകരണം ഉറപ്പാക്കി റിലയൻസ് റീട്ടെയിലിന്റെ വ്യാപ്തി വലുതാക്കാൻ ഇഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈയിടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന ധനകാര്യ സേവന കമ്പനിയുടെയും ഡയറക്ടർ ബോർഡിലും ഇഷ എത്തിയിട്ടുണ്ട്.
ഇഷയുടെ ഇരട്ടയായ ആകാശ് അംബാനി, അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയിട്ടുണ്ട്. 2014-ൽ ഗ്രൂപ്പിന്റെ ടെലികോം സംരംഭമായ റിലയൻസ് ജിയോയിൽ ചേർന്നു. കഴിഞ്ഞവർഷം ജൂണിൽ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി നിയമിതനായി. 1.20 ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള കമ്പനിയാണ് ഇന്ന് ജിയോ. വരിക്കാരുടെ എണ്ണം 45 കോടി കടന്നു. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് ഐ.പി.എൽ. ടീമിന്റെ നേതൃനിരയിലുമെത്തി. 2020-ൽ ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽനിന്ന് ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് മൂലധന സമാഹരണം നടത്താനുള്ള ചർച്ചകളിൽ ആകാശും ഭാഗമായിരുന്നു.
ഇവരുടെ അനിയനായ 28 വയസ്സുള്ള അനന്ത് അംബാനി, പക്ഷേ തീർത്തും വ്യത്യസ്തനാണ്. സഹോദരങ്ങളെപ്പോലെ അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ നിന്നുതന്നെയാണ് കോളേജ് പഠനം നിർവഹിച്ചത്. പഠിക്കാൻ അവരേക്കാൾ മിടുക്കനുമാണ്. പക്ഷേ കോർപ്പറേറ്റ് ചടങ്ങുകളിൽ അപൂർവമായി മാത്രമേ അവൻ എത്താറുള്ളൂ. എന്നാൽ, അമ്മയോടൊപ്പം റിലയൻസ് ഫൗണ്ടേഷന്റെയും മറ്റും ജീവകാരുണ്യ പദ്ധതികളിൽ സ്ഥിരം മുഖമാണ്. ക്രിക്കറ്റും, സിനിമയും, സംഗീതവുമാണ് ആശാന്റെ ഹോബികൾ.
റിലയൻസിന്റെ ഐ.പി.എൽ. ടീമായ മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങളിൽ പതിവായി വിഐപി പവിലിയനിൽ ഉണ്ടാകും. ഇപ്പോൾ, റിലയൻസിന്റെ ഹരിതോർജ ബിസിനസുകളുടെ ഭാഗമായി അനന്ത് പ്രവർത്തിക്കുന്നു. ഈ ബിസിനസ് അനന്ത് പൂർണ്ണമായും കൈമാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിസിനസുകാരൻ എന്ന നിലയിലും നല്ല വിജയമാണ് ഇദ്ദേഹം.
208 കിലോ തൂക്കമുള്ള മനുഷ്യൻ!
അംബാനിയുടെ മകൻ ആയതുകൊണ്ട് ഒരു വിഷമവും ഇല്ലാതെയാവും അനന്ത് വളർന്നത് എന്നാണ് നമ്മുടെ പൊതുധാരണ. എന്നാൽ ജാംനഗറിലെ പ്രീ വെഡ്ഡിങ്ങ് മീറ്റിൽ, അനന്ത് അംബാനി പറഞ്ഞ വാക്കുകൾ ജീവിതത്തിൽ അദ്ദേഹം കടന്നുപോയ വിഷമാവസ്ഥകൾ സൂചിപ്പിക്കുന്നതായിരുന്നു. ഷാരൂഖ് ഖാൻ ആയിരുന്നും, ജാംഗറിലെ പരിപാടിയുടെ ഹോസ്റ്റ്. അദ്ദേഹമാണ് സ്റ്റേജിലേക്ക് അനന്തിനെ ആനയിച്ചത്. തുടർന്ന് അനന്ത് നടത്തിയ പ്രസംഗം എല്ലാവരേയും ഉലക്കുന്നതാണ്. ശാരീരിക അസ്വാസ്ഥ്യങ്ങളുമായുള്ള തന്റെ ആജീവനാന്ത പോരാട്ടത്തെ പരാമർശിച്ച അദ്ദേഹം, മാതാപിതാക്കളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഇത് കേട്ട് മുകേഷ് അംബാനി വികാരഭരിതനായി. മകന്റെ ജീവിത പോരാട്ടം മുകേഷ് അംബാനി അടുത്ത് നിന്ന് കണ്ടിട്ടുണ്ട്.
ചെറുപ്പത്തിലേ ഒരു രോഗിയായിരുന്നു അനന്ത്. കടുത്ത ആസ്തമയായിരുന്നു പ്രശ്നം. ഇതിനുള്ള സിറ്റ്റോയിഡ് ചികിത്സ ശരീരഭാരം വളരെയധികം വർധിപ്പിക്കുന്നതിന് ഇടായക്കി. ഒരുവേള 208 കിലോഗ്രാംവരെ അദ്ദേഹത്തിന് ഭാരമുണ്ടായിരുന്നു. പക്ഷേ പുറത്തുള്ള പ്രചാരണം കോടീശ്വര പുത്രൻ തിന്നും കുടിച്ചും തടിയനായി എന്നായിരുന്നു! വിദ്യാർത്ഥിയായിരിക്കേ പൊണ്ണത്തടിയുടെ പേരിൽ അനന്ത് ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഇതോർത്ത് അവൻ കരയുമായിരുന്നു.
ആസ്തമ രോഗികൾക്ക് വ്യായാമം ചെയ്യാനും ബുദ്ധിമുട്ടാണ്. ചികിത്സയ്ക്കായി സ്റ്റിറോയിഡുകളുടെ ദീർഘകാല ഉപയോഗം പതിവിലും കൂടുതൽ വിശപ്പുണ്ടാക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. അതിനിടെ, 2016-ൽ ആനന്ദിന്റെ വണ്ണം കുറച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അവളുടെ അവിശ്വസനീയമായ ഭാരം കുറയുന്നത് മറ്റ് പലരെയും ഇത് ചെയ്യാൻ പ്രേരിപ്പിച്ചു. ആ കാലയളവിൽ 18 മാസം കൊണ്ട് 108 കിലോയാണ് ആനന്ദ് കുറച്ചത്.
2017-ലെ ഒരു അഭിമുഖത്തിൽ സംസാരിച്ച അമ്മ നിത അംബാനി, "അനന്ത് കടുത്ത ആസ്ത്മ രോഗിയായതിനാൽ ധാരാളം സ്റ്റിറോയിഡുകൾ കഴിക്കേണ്ടിവന്നുവെന്നും, അതുകൊണ്ടാണ് അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്നത്" എന്നും വിശദീകരിച്ചിരുന്നു. "ഞങ്ങൾ ഇപ്പോഴും പൊണ്ണത്തടിക്കെതിരെ പോരാടുകയാണ്. ഈ പ്രശ്നമുള്ള ധാരാളം കുട്ടികളുണ്ട്. അമ്മമാർ അത് സമ്മതിക്കാൻ ലജ്ജിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടത് നിങ്ങളാണ്. ഞങ്ങൾ രണ്ടുപേരും ലോസ് ഏഞ്ചൽസിലേക്ക് പോയി, അമിതവണ്ണത്തിനുള്ള ചികിത്സയ്ക്കായി കുറച്ചുകാലം താമസിച്ചു."- നിത അംബാനി പറഞ്ഞു.
തുടർന്ന് ആരോഗ്യകരമായ ഭക്ഷണക്രമവും കഠിനമായ വ്യായാമ മുറകളും അനന്ത് പിന്തുടർന്നു. അദ്ദേഹത്തിന്റെ പരിശീലകനായ വിനോദ് ചന്നയ്ക്ക് വളരെയധികം ഈ മേഖലയിൽ വളരെയധികം ഗവേഷണം നടത്തേണ്ടിവന്നു. 16 വർക്കൗട്ട് ടെക്നിക്കുകളിൽ വിദഗ്ധനായ അദ്ദേഹം നിരവധി ബോളിവുഡ് സെലിബ്രിറ്റികളെ പരിശീലിപ്പിച്ചിട്ടുണ്ട്. മരുന്നുകളിൽ നിർത്താതെ അനന്തിന്റെ തടി കുറപ്പിച്ചത് അദ്ദേഹമാണ്.
2000ത്തിലധികം മൃഗങ്ങൾക്ക് അഭയം
കോടീശ്വര പുത്രൻ എന്ന ടാഗ് ലൈനിൽ മാത്രം അറിയപ്പെടേണ്ട ആളല്ല അനന്ത് അംബാനി. തികഞ്ഞ പരിസ്ഥിതി സ്നേഹി, മൃഗ സ്നേഹി, സർവോപരി മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം ഒരുപാട് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നമ്മുടെ നാട്ടിലെ തെരുവുനായ സംഘടനകളെപ്പോലെ വെറും ഷോ കാട്ടാനുള്ള മൃഗസ്നേഹമല്ല. ശരിക്കും കോടികൾ മുടക്കി 2000ത്തിലധികം മൃഗങ്ങൾക്ക് അദ്ദേഹം അഭയം നൽകിയിരിക്കയാണ്. അതാണ് ജാംനഗറിലെ 'വന്താര' എന്ന അദ്ദേഹത്തിന്റെ മൃഗക്ഷേമ സംരംഭം. അന്താരാഷ്ട്ര മാധ്യമങ്ങൾപോലും ഇത് വാർത്തയാക്കിയിട്ടുണ്ട്.
'വന്താര' ഓരോ ദിവസവും നിരവധി മൃഗങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നുവെന്നാണ് നാഷണൽ ജിയോഗ്രാഫിക്ക് മാഗസിൻ എഴുതിയത്. ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻബെൽറ്റിനുള്ളിൽ 3,000 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇത് ഇതിനകം 2000-ലധികം മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. വന്യജീവി സംരക്ഷണം സുഗമമാക്കാനും ആഗോളതലത്തിൽ ദുരുപയോഗം ചെയ്യപ്പെട്ട മൃഗങ്ങളെ ചികിത്സിക്കാനും രക്ഷപ്പെടുത്താനും ഇവിടെ സംവിധാനമുണ്ട്.
200-ലധികം ആനകൾ ഇവിടെയുണ്ട്. അവയ്ക്കായി ഒരു ആശുപത്രിയും മൃഗങ്ങളുടെ പ്രത്യേക ഭക്ഷണത്തിനായി അടുക്കളയും മുണ്ട്. നമ്മുടെ പുന്നത്തുർ ആനക്കോട്ടയിലെപ്പോലെ, കരിവീരന്മാർക്കുള്ള സുഖ ചികത്സയും, മദപ്പാടുകാലത്തെ പ്രത്യേക ചികിത്സയുമെല്ലാം ഇവിടെയുണ്ട്. അതുപോലെ വന്യമൃഗങ്ങൾക്കായി ഇവിടെയുള്ള ആശുപത്രിയിൽ, നൂറുകണക്കിന് മൃഗങ്ങളെ സുഖപ്പെടുത്തിയെടുക്കുന്നുണ്ട്.
'വളരെ ചെറുപ്പത്തിൽ ഞാൻ ഇത് ഒരു അഭിനിവേശമായി തുടങ്ങിയതാണ്. ഇപ്പോൾ മിടുക്കരായ പ്രതിബദ്ധതയുമുള്ള ടീമിനൊപ്പം ഇത് വളർന്നു. മ ഇന്ത്യയിൽ നിന്നുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു," അനന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തെ പ്രമുഖ വെറ്റിനറി ഡോക്ടർമാരും, വന്യജീവി വിദഗധരും അടങ്ങുന്ന സമിതിയാണ് ഇതിന്റെ നിയന്ത്രണം. വിവിധ സർക്കാർ സ്ഥാപനങ്ങളുമായി കൈകോർത്തും വന്യജീവി സംരക്ഷപരിപാടികൾ നടത്തുന്നുണ്ട്.
രാധികയുമായി വർഷങ്ങൾ നീണ്ട സൗഹൃദം
ഒരിക്കലും കല്യാണം കഴിക്കില്ലെന്നാണ് കുട്ടിക്കാലത്ത് കരുതിയിരുന്നതെന്ന് അനന്ത് പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. "ഞാൻ വളരെ ഭാഗ്യവാനാണ്. ഞാൻ സ്വപ്നം കണ്ടിരുന്ന ഒരു വ്യക്തിയെയാണ് പങ്കാളിയായി ലഭിക്കുന്നത്. കുട്ടിക്കാലത്ത് ഞാൻ കരുതിയത് ഒരിക്കലും വിവാഹിതനാവില്ല എന്നായിരുന്നു. ഇക്കാര്യം ഞാൻ മാതാപിതാക്കളോടും എപ്പോഴും പറയുമായിരുന്നു. മൃഗങ്ങളെ സേവിക്കാനായിരുന്നു എനിക്കെപ്പോഴും താൽപ്പര്യം.പിന്നീടാണ് രാധികയെ കണ്ടുമുട്ടിയത്. എന്റെ അതേ ചിന്തകളായിരുന്നു രാധികയ്ക്കും.'- അനന്ത് വെളിപ്പെടുത്തി.
അനന്തും രാധികയും തമ്മിലുള്ള പ്രണയവും വർഷങ്ങൾ നീണ്ടതാണ്.
ചെറുപ്പത്തിലേ ഉള്ള സൗഹൃദമാണ് പിന്നീട് പ്രണയത്തിലെത്തിയത്. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ. എന്നാൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള വാർത്തകളൊന്നും അത്ര പുറത്ത് വന്നിട്ടില്ല 2018 കാലഘട്ടത്തിലാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ആദ്യമായി പുറത്തുവരുന്നത്. അതിനുശേഷം ആകാശ് അംബാനി - ശ്ലോക മേത്ത വിവാഹവേളയിലാണ് രാധികയെ മാധ്യമങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. അംബാനി കുടുംബത്തോടൊപ്പം പല അവസരങ്ങളിലും കണ്ട രാധികയെ പിന്നെ പാപ്പരാസികൾ വെറുതെ വിട്ടില്ല.
ഒടുവിൽ ആനന്ത് അംബാനിയുടെ പ്രതിശ്രുത വധുവാണ് രാധികയെന്ന് അംബാനി കുടുംബവും സ്ഥിരീകരിച്ചു. 2022-ൽ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന രാധികയുടെ ഭരതനാട്യം അരങ്ങേറ്റം പരിപാടിക്ക് ചുക്കാൻ പിടിച്ചത് മുകേഷ് - നിത ദമ്പതിമാരായിരുന്നു. ബോളിവുഡിലെ പല പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. 2022 ഡിസംബറിൽ ആനന്ദ് - രാധിക റോക്ക ചടങ്ങുകൾ രാജസ്ഥാനിലെ നഥ്വാര ശ്രീനാത്ജി ക്ഷേത്രത്തിൽ വെച്ച് നടക്കുകയും ചെയ്തു. അതിനുശേഷം 2023 ജനുവരിയിൽ ആന്റീലിയയിൽ വെച്ച് വിവാഹ നിശ്ചയം ഔദ്യോഗികമായി നടന്നു.
എൻകോർ ഹെൽത്ത്കെയർ ഡയറക്ടർ ആണ് രാധിക. ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്. 2017- ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് എക്കൊണോമിക്സിൽ ബിരുദം നേടി. രാധികയുടെ താൽപ്പര്യങ്ങൾ ബിസിനസ് രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല. നിത അംബാനിയെ പോലെ തന്നെ മികച്ച ഒരു ഭരതനാട്യം നർത്തകി കൂടിയാണ് രാധിക. മുംബൈയിലെ ശ്രീ നിബ ആർട്സ് അക്കാദമിയിലെ ഗുരു ഭാവന തക്കറിൽ നിന്നാണ് പരിശീലനം നേടിയത്. അനിമൽ വെൽഫെയർ, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലെല്ലാം രാധിക പ്രവർത്തിക്കുന്നുണ്ട്.
വീണ്ടും സൈബർ ആക്രമണം
വിവാഹ നിശ്ചയ സമയത്തെ ചിത്രങ്ങൾ പുറത്തുവന്നതോടെ കടുത്ത സൈബർ ആക്രമണമാണ് ഇരുവർക്കും നേരിടേണ്ടിവന്നത്. ആനന്തിന്റെ അമിതവണ്ണം തന്നെയായിരുന്നു ചിലരുടെ പ്രശ്നം. ഇടക്കാലത്ത് അനന്തിന്റെ തടി, പഴയ ഭീകരമായ അവസ്ഥയിൽ എത്തിയില്ലെങ്കിലും, കുറച്ച് അധികം കൂടിയിരുന്നു. ഇത് ബോഡിഷെമിങ്ങ് വീരന്മാർക്ക് ചാകരയായി. പണം കണ്ടിട്ടാണ് ഇത്രയും വണ്ണമുള്ള അനന്തിന്റെ വിവാഹം ചെയ്യാൻ രാധിക തയ്യാറായതെന്ന് വരെ ചിലർ പറഞ്ഞുപരത്തി. എന്നാൽ അനന്തിന്റെ മോശം ആരോഗ്യ അവസ്ഥകളിലെല്ലാം നിഴൽ പോലെ കൂടെ നിന്ന രാധികയെ ആകട്ടെ ഇതൊന്നും ഏശിയതുമില്ല.
2022 ഡിസംബറിൽ സഹോദരി ഇഷ അംബാനി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയപ്പോൾ പുറത്തുവിട്ട വീഡിയോയിലും അനന്തിന്റെ ഭാരക്കൂടുതൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ അനന്ത് അംബാനിക്കുനേരെ വീണ്ടും ബോഡി ഷെയിമിങ്ങും സൈബർ ആക്രമണവും ഉണ്ടായി. 'ആരോഗ്യമുള്ള ഭർത്താവും മരുമകനുമാണ് മോശം ഭർത്താവിനെക്കാളും ധനികനായ മരുമകനെക്കാളും നല്ലത്' എന്നൊക്കെ പലരും കമന്റിട്ടു. എന്നാൽ ആ കാലം കടന്ന് അനന്ത് വീണ്ടും തടികുറച്ചു. "ഇത് ഒരു രോഗമാണെന്നല്ല ആളുകൾ കാണുന്നത്. വ്യായാമം ചെയ്യാനുള്ള മടിമൂലവും, തീറ്റ കുറക്കാത്തതുകൊണ്ടുമാണെന്നണ്'- ഇന്ത്യാടുഡെയുമായുള്ള അഭിമുഖത്തിൽ അനന്ത് പറയുന്നു. .
മകൻ തടി കുറച്ചതിന്റെ രഹസ്യം ചോദിച്ചപ്പോൾ ഒരു അഭിമുഖത്തിൽ നിതാഅംബാനി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. -" അത് കൃത്യമായ ഫിറ്റ്നസ് പ്ലാൻ കൊണ്ടായിരുന്നു. കുറഞ്ഞ മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, നാരുകൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ദിവസവും അഞ്ച് മുതൽ ആറ് മണിക്കൂർ വ്യായാമം ചെയ്തു. ദിവസവും 21 കിലോമീറ്റർ നടന്നു. യോഗ, സ്ട്രെങ്ത് ട്രെയിനിങ്, വഴക്കമുള്ള വ്യായാമങ്ങൾ, കാർഡിയോ തുടങ്ങിയ കഠിനമായ വ്യായാമ മുറകളും പരിശീലിച്ചു. ഇതുകൂടാതെ ഉറക്കം, സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങി ജീവിതശൈലി മാറ്റങ്ങളും ഡയറ്റിനും വ്യായാമത്തിനും പുറമെ ഫിറ്റ്നസ് പ്ലാനിൽ ഉൾപ്പെടുത്തി. ഇതാണ് ശരീരഭാരം കുറക്കാൻ സഹായിച്ചത്'-നിത അംബാനി പറഞ്ഞു.
വിവാഹ നിശ്ചയത്തിന് ശേഷം അനന്തും രാധികയും ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തു. 2023 ജനുവരിയിൽ അംബാനി കുടുംബത്തോടൊപ്പം രാധികയും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. തിരുപ്പതി ക്ഷേത്ര ദർശനത്തിനും ഇരുവരും ഒരുമിച്ചെത്തി. 2023 ഏപ്രിൽ മാസത്തിൽ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിനും ആനന്ദും രാധികയും ഒരുമിച്ചുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടന സമയത്തും അംബാനി കുടുംബത്തിനൊപ്പം രാധിക എത്തി.
ആരാണ് മുകേഷിന്റെ പിൻഗാമി?
അതിനിടെ മുകേഷ് അംബാനി ബിസിനസ് പൂർണ്ണമായും മക്കളെ എൽപ്പിച്ച്, വൈകാതെ തന്നെ വിരമിക്കുമെന്നാണ് കേൾക്കുന്നത്. മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളാക്കിയിരിക്കുന്നത് ഇതുകൂടി കണക്കിലെടുത്താണ്. അഞ്ചുവർഷം കൂടി കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി തുടരുമെന്ന് 66-കാരനായ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
അടുത്ത അഞ്ചുവർഷം കൊണ്ട് മക്കളുടെ പ്രകടനം വിലയിരുത്തി പിൻഗാമിയെ കണ്ടെത്തുകയോ, പിന്തുടർച്ചാ പദ്ധതിക്ക് രൂപംനൽകുകയോ ആവും മുകേഷ് അംബാനിയുടെ മനസ്സിൽ. റിലയൻസ് ഇൻഡസ്ട്രീസ് എന്ന മാതൃകമ്പനിയെ ഹോൾഡിങ് കമ്പനിയാക്കി മാറ്റുകയും പുതിയ മൂന്നു വ്യത്യസ്ത വ്യവസായസാമ്രാജ്യങ്ങൾ പടുത്തുയർത്തി ഒരോന്നും ഓരോർത്തുർക്കും വീതിച്ചുനൽകുന്നതും പരിഗണിക്കപ്പെട്ടേക്കാം. മൂവരെയും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിലനിർത്തിക്കൊണ്ട് പ്രൊഫഷണലായ ഒരു സിഇഒ.യെ കൊണ്ടുവരുകയാണ് സാധ്യതയുണ്ടെന്നും ഇക്കണോമിക്ക് ടൈംസ് പോലുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, അതിന് മുകേഷ് അംബാനിക്കും, ഭാര്യ നിതക്കും പൂർണ്ണ താത്പര്യമില്ല എന്നും കേൾക്കുന്നുണ്ട്. മക്കൾ ഡയറക്ടർ ബോർഡിലേക്ക് വന്നതോടെ, 59-കാരിയായ നിത ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. കുടുംബം ഒന്നടങ്കം കമ്പനിയുടെ ഡയറക്ടർമാരായിരിക്കുന്നത് പ്രൊഫഷണൽ സമീപനം അല്ല, എന്നതുകൊണ്ടാണ്് പടിയിറക്കം. എന്നാൽ, റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ എന്ന നിലയിൽ അവർ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡിൽ സ്ഥിരം ക്ഷണിതാവായി എത്തും.
മരുമകൻ ആനന്ദ് പിരാമൾ മുകേഷിന് പകരക്കാരൻ ആവുമെന്ന് നേരത്തെ കേട്ടിരുന്നെങ്കിലും അത് ശരിയല്ലെന്ന എന്നാണ് അംബാനി കുടുംബവുമായി അടുത്ത വൃത്തക്കൾ പറയുന്നത്. ഫാർമ, ധനകാര്യ സേവനം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുള്ള പിരാമൾ ഗ്രൂപ്പിന്റെ അധിപൻ അജയ് പിരാമളിന്റെ മകൻ ആനന്ദ് പിരാമളും, മുകേഷ് അംബാനിയുടെ മകൾ ഇഷയും ആനന്ദും 2018-ലാണ് വിവാഹിതരായത്. ഫോർബ്‌സിന്റെ കണക്കനുസരിച്ച് അജയ് പിരാമളിന്റെ ആസ്തി 4.2 ബില്യൺ ഡോളറാണ് (ഏകദേശം 34,898 കോടി രൂപ). അംബാനിയുടെ ബിസിനസ് ഏറ്റെടുക്കാതെ സ്വന്തം ബിസിനസ് മുന്നോട്ട് കൊണ്ടുപോവാണ് പിരാമളിന് താൽപ്പര്യമെന്നാണ് ഒടുവിൽ കേൾക്കുന്നത്.
മുകേഷിന്റെ മറ്റ് മരുമക്കളും സമ്പന്നരാണ്. ആകാശ് അംബാനി, റസൽ മേത്തയുടെയും മോന മേത്തയുടെയും മകൾ ശ്ലോക മേത്തയെയാണ് വിവാഹം കഴിച്ചത്. മാധ്യമങ്ങൾ, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ, വജ്രവ്യാപാരം എന്നവയിൽ പ്രശസ്തമായ. റസ്സൽ മേത്തയുടെ ആസ്തി 1844 കോടി രൂപയാണ്. ഇളയകന്റെ ഭാര്യാപിതാവ് വീരേൻ മെർച്ചന്റിന് 755 കോടി രൂപ ആസ്തിയുണ്ട്. അദ്ദേഹത്തിന്റെ എൻകോർ ഹെൽത്ത്‌കെയറിന്റെ മൊത്തത്തിലുള്ള മൂല്യം ഏകദേശം 2000 കോടി രൂപയാണ്. പക്ഷേ ഇവരൊക്കെ മുകേഷുമായി താരതമ്യംചെയ്യുമ്പോൾ വെറും ശിശുക്കൾ ആണെന്നത് വേറെ കാര്യം. ഇതുപോലുള്ള അതിസമ്പന്നരായ മരുമക്കൾ വന്നുകയറുമ്പോൾ അംബാനി കടുംബം തല്ലിപ്പിരിയില്ലേ എന്നും പലരും ചോദിക്കുന്നുണ്ട്. പക്ഷേ അങ്ങനെ ഒന്ന് ഉണ്ടാവില്ല. അതാണ് ആ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം.
രാമ ലക്ഷമണന്മാരെപ്പോലെ ഇവർ
മുകേഷും അനിലും തമ്മിലുള്ള തർക്കങ്ങൾകൊണ്ട് ഏറെ ബുദ്ധിമുട്ടിയതാണ് റിലയൻസ് കുടുംബം. മഹാഭാരത യുദ്ധത്തിനുശേഷം ഭാരതം കണ്ട എറ്റവും വലിയ സ്വത്ത് തകർക്കം എന്നായിരുന്നു, ധീരജ് ലാൽ ഹിരാചന്ദ് അംബാനി എന്ന ധീരുഭായ് അംബാനിയുടെ കുടുംബത്തിൽ മക്കളുടെ തർക്കം വിശേഷിപ്പിക്കപ്പെട്ടത്. വെറുമൊരു പ്രെട്രോൾ പമ്പിലെ ജീവനക്കാരനിൽനിന്ന് ,
നാലു പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് കെട്ടിപ്പടുത്ത ധീരുഭായ് അംബാനി, 69-ാം വയസ്സിൽ 2002 ജൂലായ് ആറിന് മരണപ്പെടുമ്പോൾ, തലമുറമാറ്റത്തിന് വ്യക്തമായ ഒരു പദ്ധതിയോ, വിൽപ്പത്രമോ തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പിതാവുണ്ടാക്കിയ ബിസിനസ് സാമ്രാജ്യം പകുത്തെടുക്കാൻ മക്കളായ മുകേഷ് അംബാനിയും അനിൽ അംബാനിയും പരസ്യമായി തർക്കിച്ചു. റിലയൻസ് സാമ്രാജ്യത്തിന്റെ പതനത്തിനുപോലും അതു വഴിവെക്കുമോ എന്ന് രാജ്യം ആശങ്കപ്പെട്ടു. ഒടുവിൽ, വലിയ വളർച്ചാസാധ്യതയുള്ള ടെലികോം, വിനോദം, ധനകാര്യസേവനം, ഊർജം, അടിസ്ഥാനസൗകര്യം എന്നിവ ഇളയവനായ അനിലിന് ലഭിച്ചു. പെട്രോളിയം ഉൾപ്പെടെയുള്ള പരമ്പരാഗത ബിസിനസുകൾ മൂത്തയാളായ മുകേഷ് അംബാനിക്കും.
അനിൽ അംബാനി ഇന്ത്യകണ്ട ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നടത്തിയും (റിലയൻസ് പവർ), രാജ്യസഭാ എംപി. സ്ഥാനം നേടിയുമൊക്കെ വലുതായി. ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരൻ വരെയായി വളർന്നു. എന്നാൽ, ഉയർച്ച കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വൻതോതിൽ കടബാധ്യതയുണ്ടാക്കിയും മറ്റും കമ്പനികൾ പ്രതിസന്ധിയിലായി. ഒടുവിൽ, അദ്ദേഹം ശരിക്കും പാപ്പരായിത്തീർന്നു. മുകേഷ് അംബാനിയാകട്ടെ, സുസ്ഥിരതയോടെ തന്റെ സാമ്രാജ്യം വളർത്തിവലുതാക്കി. റ ഇന്ന്, ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായി അദ്ദേഹം തലയുയർത്തി നിൽക്കുന്നു. പാപ്പരായ അനിലും ഇപ്പോൾ ചേട്ടന്റെ ചെലവിലാണ് ജീവിക്കുന്നത്. അയാളുടെ കടബാധ്യതകൾ എല്ലാം തീർത്തത് മുകേഷാണ്.
പക്ഷേ അനിൽ- മുകേഷ് തർക്കം, ഒരുവേള റിലയൻസ് കുടുംബത്തിന്റെ അടിത്തറ തോണ്ടുമെന്നുവരെ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ അതുപോലെ ഒരു തർക്കം മുകേഷ് അംബാനിയുടെ കുടുംബത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പാണ്. കാരണം, അവിടെ സഹോദരങ്ങൾ തമ്മിൽ അടുത്ത സ്നേഹബന്ധമാണ്. 'രാമ ലക്ഷമണന്മാരെപ്പോലെ ഈ സഹോദരങ്ങൾ' എന്നാണ് മുംബൈ മാധ്യമങ്ങൾ അവരുടെ അടുപ്പത്തെ വിശേഷിപ്പിച്ചത്.
ഇന്ത്യടുഡേക്ക് നൽകിയ അഭിമുഖത്തിൽ ആനന്ത് അംബാനി ഇക്കാര്യം തുറന്നു പറയുന്നുണ്ട്. -" ജ്യേഷ്ഠൻ ആകാശ് അംബാനി എനിക്ക് ഭഗവാൻ രാമനെപ്പോലെയാണ്. സഹോദരി മാതാവിനെപ്പോലെയും. ഞങ്ങൾക്കിടയിൽ മത്സരമില്ല. അംബാനി കുടുംബത്തിൽ ജനിച്ചതിൽ നന്ദിയുള്ളവനാണ്. സഹോദരനും സഹോദരിയും പറയുന്നത് അതുപോലെ തന്നെ അനുസരിക്കും. പശകൊണ്ട് ഒട്ടിച്ചുചേർന്നതുപോലെയാണ് സഹോദരിയും സഹോദരനുമായുള്ള ബന്ധം"- ആനന്ദ് അംബാനി പറയുന്നു. നോക്കുക, പണത്തിനുവേണ്ടി സഹോദരന്മാർ തമ്മിൽ വാളെടുക്കുന്ന ഇക്കാലത്ത്, ഇതുപോലെ ഒരു ബന്ധം, അതും ശതകോടികളുടെ ആസ്തിയുള്ള ഒരു ബിസിനസ് ഫാമിലിയിൽ അപൂർവങ്ങളിൽ അപൂർവമാണ്.
വാൽക്കഷ്ണം: ജാംനഗറിലെ വെഡ്ഡിങ്ങ് പാർട്ടിയുടെ അവതാരകൻ നടൻ ഷാരൂഖ് ഖാൻ ആയിരുന്നു. 'ജയ് ശ്രീറാം' വിളിച്ചാണ് ഷാറൂഖ് വേദിയിലെത്തിയത്. ആമുഖത്തിനുശേഷം മുകേഷ് അംബാനിയുടെ ഭാര്യയെയും മകളെയും മരുമകളെയും വേദിയിലേക്കു ക്ഷണിക്കുകയായിരുന്നു അദ്ദേഹം. അംബാനി കുടുംബത്തിലെ മൂന്ന് ദേവികളാണ്, സരസ്വതിയും ലക്ഷ്മിയും പാർവതിയുമാണ് ഇവർ എന്നാണ് ഷാരൂഖ് വിശേഷിപ്പിച്ചത്. ഈ ഐക്യം തന്നെയായിരിക്കണം അവരുടെ ശക്തിയും.