- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ പഠിച്ചത് മുംബൈയിലെ തെരുവില്‍ അന്തിയുറങ്ങി; മദ്യപാനം മൂലം ഭാര്യ ചവിട്ടിപ്പുറത്താക്കി; ലോകമെങ്ങും ആരാധകരുള്ള സംവിധായകന്‍; മഹാരാജയിലെയും റൈഫിള്‍ ക്ലബിലെയും കൊടും വില്ലന്‍; ഇപ്പോള്‍ ബോളിവുഡിനെ വെറുത്ത് കേരളത്തിലേക്ക്; അനുരാഗ് കശ്യപിന്റെ വിചിത്ര ജീവിതം
അനുരാഗ് കശ്യപിന്റെ വിചിത്ര ജീവിതം
''ഞാന്‍ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കില്‍, എന്റെ സിനിമ കൂടുതല്‍ ബോക്സോഫീസ് സൗഹൃദമാകുമായിരുന്നു, കാരണം അവര്‍ക്ക് അത്തരം പ്രേക്ഷകര്‍ ഉണ്ട്. എനിക്ക് സിനിമകള്‍ ഹിന്ദിയില്‍ മാത്രമേ ചെയ്യാനാവൂ. ഞാന്‍ ജനിച്ചത് ഉത്തര്‍പ്രദേശിലാണ്. അതുകൊണ്ട് നമുക്ക് ഒന്നും കൂടുതല്‍ ചെയ്യാന്‍ കഴിയില്ല''- ലോകം മുഴുവന്‍ ആരാധകരുള്ള ഇന്ത്യന്‍ ഡയറക്ടറും നടനുമായ അനുരാഗ് കശ്യപ്, പറയുകയാണ് ബോളിവുഡ് തനിക്ക് മടുത്തുവെന്ന്. കഴിഞ്ഞ വര്‍ഷം, വിജയ് സേതുപതിയുടെ വില്ലനായി, മഹാരാജ എന്ന തമിഴ് സിനിമയെടുത്ത് തമിഴില്‍ അരങ്ങേറിയ കശ്യപ്, ഇപ്പോള്‍ മലയാളത്തിലും നടനായി ആഘോഷിക്കപ്പെടുകയാണ്. ആഷിക്ക് അബുവിന്റെ റൈഫിള്‍ ക്ലബിലെ വില്ലന്‍ വേഷം, കേരളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'റൈഫിള്‍ ക്ലബ്ബി'ന് ശേഷം അനുരാഗ് കശ്യപ് അഭിനയിക്കുന്ന മലയാള ചിത്രത്തിന്റെ പേര് 'ഡെലുലു' എന്നാണ്. ഡെല്യൂഷണല്‍ എന്നതിന്റെ ചുരുക്കവാക്കായി ഉപയോഗിക്കുന്ന ഒന്നാണ് 'ഡെലുലു'. ഇതോടെയാണ്, കശ്യപ് കേരളത്തിലേക്ക് കൂടുമാറുന്ന വെന്ന വാര്‍ത്തകളും പുറത്തുവന്നത്.
''ഹിന്ദി സിനിമ മേഖല മടുത്തു. സംവിധാനം ചെയ്യുന്നതിലെ സന്തോഷം ഇല്ലാതായി. ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരുടെ ചിന്താഗതിയോട് എനിക്ക് വെറുപ്പാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് പോലെയൊരു സിനിമ നിര്‍മിക്കുന്നതിനെ പറ്റി അവര്‍ ചിന്തിക്കുക പോലുമില്ല. എന്നാല്‍, അത്തരം ചിത്രങ്ങള്‍ ഹിറ്റായാല്‍ അതിന്റെ റീമേക്കുമായി അവര്‍ വരും. ആരെങ്കിലും വിജയിപ്പിച്ചത് എടുത്ത് റീമേക്ക് ചെയ്യണമെന്നത് മാത്രമാണ് ഇവരുടെയൊക്കെ ചിന്ത. ബോളിവുഡിലെ ഒറിജിനാലിറ്റി നഷ്ടമായി. സിനിമാ മോഹികളെ താരങ്ങളാകാന്‍ കൊതിപ്പിക്കുകയാണ് അവിടുത്തെ ടാലന്റ് മാനേജ്മെന്റ് ഏജന്‍സികളും ചെയ്യുന്നത്. നല്ല നടീനടന്മാരാകാന്‍ അവര്‍ക്ക് ഈ ഏജന്‍സികള്‍ പ്രചോദനം നല്‍കുന്നില്ല. തങ്ങളുടെ നേട്ടത്തിനായി ഏജന്‍സികള്‍ യുവതാരങ്ങളെ ചൂഷണം ചെയ്യുകയാണ്. വേണ്ടത്ര ശോഭിച്ചില്ലെങ്കില്‍ അവരെ കൈയൊഴിയുകയും ചെയ്യും. പുതുവര്‍ഷം മുംബൈ വിട്ട് ദക്ഷിണേന്ത്യയിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. പ്രചോദനം കിട്ടുന്ന സ്ഥലത്തുവേണം ജീവിക്കാന്‍. അല്ലെങ്കില്‍ ഞാന്‍ ഇവിടെ ഒരു കിളവനായി മരിക്കും- അനുരാഗ് കശ്യപ് പറയുന്നു.
കശ്യപിന്റെ കേരളത്തിലേക്ക് വരുമെന്ന പ്രഖ്യാപനം, സോഷ്യല്‍ മീഡിയയില്‍ ഇടത്- സംഘപരിവാര്‍ അനുഭാവികള്‍ തമ്മില്‍ വലിയ തര്‍ക്കത്തിനും കാരണമായിട്ടുണ്ട്. ജിഹാദി സംവിധായകര്‍ എല്ലാം കേരളത്തില്‍ അടിയുമെന്ന് പരിവാറുകള്‍ പരിഹസിക്കുമ്പോള്‍, കേരളം വേറിട്ടതാണ് എന്ന വാദമാണ് ഇടതുപക്ഷം ഉന്നയിക്കുന്നത്. പക്ഷേ തെരുവില്‍നിന്ന് വളര്‍ന്ന്, ഹിന്ദി സിനിമയുടെ അമരത്തേക്ക് വളര്‍ന്ന ഒരു അസാധാരണ ജീവിതമാണ് അദ്ദേഹത്തിന്റെത്.
തെരുവില്‍ അന്തിയുറങ്ങിയ യൗവനം
1972 സെപ്തംബര്‍ 10 ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു അനുരാഗ് കാശ്യപിന്റെ ജനനം. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത ഒരു ഇടത്തരം കുടുംബമായിരുന്നു അത്. പഠനത്തില്‍ മിടുക്കനായിരുന്നു അവന്‍. ഒരു ശാസ്ത്രജ്ഞനാകുക എന്നതായിരുന്നു കുട്ടിക്കാലത്തെ സ്വപ്നം. അതിനാല്‍ അദ്ദേഹം ഡല്‍ഹിയിലെ ഹന്‍സ്രാജ് കോളേജില്‍ സുവോളജി പഠിക്കാന്‍ പ്രവേശനം നേടി. അതോടെയാണ് കലയില്‍ അനുരാഗിന് താല്‍പ്പര്യം വരുന്നത്. ഇക്കാലത്ത് ലഹരി വസ്‌ക്കുക്കള്‍ക്ക് അടിമയായി. പിന്നീട് തെരുവ് നാടക സംഘത്തില്‍ പ്രവര്‍ത്തിച്ചു. ചലച്ചിത്രമേളകളില്‍ കണ്ട ലോക സിനിമകളില്‍ ആകൃഷ്ടനായി 1993-ല്‍ ബോംബെയിലേക്ക് ചേക്കേറി. അന്ന് അവന് വെറും 21 വയസ്സുമാത്രമായിരുന്നു പ്രായം.
ബോംബെ നഗരത്തില്‍ അവന്‍ അനുഭവിച്ചത് കൊടിയ ദാരിദ്ര്യവും അവഗണയുമായിരുന്നു. താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍മിച്ചെടുത്ത് അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ''ഇക്കാലത്തിനിടെ മുംബൈ എത്രത്തോളം മാറിയെന്ന് ഞാന്‍ കണ്ടറിയുന്നു. കിടക്കാന്‍ സ്ഥലം ഇല്ലാതെ അന്ന് ഞാന്‍ തെരുവളില്‍ ഉറങ്ങിയിരുന്നു. മുംബൈയിലെ ഒരോ അരികും മൂലയും വരെ എനിക്ക് നന്നായി അറിയാം. ഇംതിയാസ് അലിയുടെ കോളേജിലാണ് ചിലപ്പോളൊക്കെ താമസിച്ചിരുന്നത്. ജൂഹുവിലെ പൃഥ്വി തിയേറ്ററില്‍ സ്യൂട്ട്കേസ് വെയ്ക്കാനും ബാത്ത്റൂം ഉപയോഗിക്കാനും അനുവാദമുണ്ടായിരുന്നു. അന്ന് ജുഹു സര്‍ക്കിളിന് നടുവില്‍ ഒരു പൂന്തോട്ടമുണ്ടായിരുന്നു; സിഗ്നലുകളൊന്നും ഇല്ലാത്ത ഒരു റൗണ്ട് എബൗട്ടായിരുന്നു അത്. അക്കാലത്ത് സ്ഥിരമായി ഇവിടെയാണ് രാത്രി ഉറങ്ങാറ്. പക്ഷേ ചിലപ്പോള്‍ അവിടെ നിന്നും ഞങ്ങളെ പുറത്താക്കും. പിന്നെ വെര്‍സോവ ലിങ്ക് റോഡിലേക്ക് പോകും. അവിടെ ഒരു വലിയ നടപ്പാതയുണ്ട്. അവിടെ ആളുകള്‍ വരിവരിയായി ഉറങ്ങാറുണ്ടായിരുന്നു. പക്ഷേ അവിടെ കിടന്നുറങ്ങാന്‍ 6 രൂപ കൊടുക്കണം. പലപ്പോഴും അതും ഉണ്ടാവാറില്ല''- അനുരാഗ് പറയുന്നു.
അന്ന് അഭയമായത് പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ്. വര്‍മ്മക്കൊപ്പം 'സത്യ' എന്ന ചിത്രത്തില്‍ തിരക്കഥാകൃത്തായി. സത്യ ഹിറ്റായതോടെ അനുരാഗ് കശ്യപിനും പേരായി. ആ വര്‍ഷത്തെ മികച്ച തിരക്കഥക്കുള്ള സ്റ്റ്ര് സ്‌ക്കീന്‍ അവാര്‍ഡ് നേടി. തങ്ങള്‍ ആര്‍ജിവി സ്‌കൂളിന്റെ പ്രൊഡക്റ്റ് ആണെന്ന് പറയാന്‍ അനുരാഗിന് യാതൊരു മടിയുമില്ല. അനുരാഗ് മാത്രമല്ല രാജീവ് രവിയും, അമല്‍ നീരദും, സന്തോഷ് തുണ്ടിയിലുമടക്കമുള്ളവര്‍ പണി പടിച്ചത് രാംഗോപാല്‍ വര്‍മ്മയുടെ അടുത്തുനിന്നാണ്. താന്‍ ഇവര്‍ക്ക് അവസരം കൊടുത്തൂവെന്ന് പറയുന്നതൊന്നും വലിയ കാര്യമല്ലെന്നും, അവരുടെ കഴിവുകളെ ഉപയോഗിക്കയായിരുന്നുവെന്നുമാണ്, പില്‍ക്കാലത്ത് വര്‍മ്മ പറഞ്ഞത്.
അന്ന് അമ്പരപ്പിക്കുന്ന, വ്യത്യസ്തമായ സിനിമകള്‍ എടുത്ത, ആര്‍ജിവിയാവട്ടെ ഇന്ന് വെറുമൊരു സെമി പോണ്‍ നിലവാരത്തിലുള്ള സിനിമകള്‍ എടുക്കുന്ന, ബി ഗ്രേഡ് ഡയറക്ടറായി തരം താണുവെന്നത് കാലത്തിന്റെ കളി!
മദ്യപാനം മൂലം ഭാര്യ ചവിട്ടിപ്പുറത്താക്കി
ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ പൊരുതിക്കയറിയാണ്, ഗോഡ്ഫാദര്‍മാര്‍ ആരുമില്ലായെ യുപിയില്‍നിന്ന് എത്തിയ ഈ ചെറുപ്പക്കാന്‍ വളര്‍ന്നത്. സ്വന്തമായി ഒരു ചിത്രം ചെയ്യാന്‍ അവന്‍ ഏറെ കഷ്ടപ്പെട്ടു. 2000-ല്‍ ആദ്യ ചിത്രം 'പാഞ്ച്' സംവിധാനം ചെയ്തു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത എതിര്‍പ്പ് മൂലം ചിത്രം ഇതുവരേയും റിലീസ് ചെയ്തിട്ടില്ല. ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രം 'ബ്ലാക്ക് ഫ്രൈഡേ' നീണ്ട കോടതി നടപടികള്‍ക്ക് ശേഷം 2004-ല്‍ റിലീസ് ചെയ്തത്. ഈ ഇടക്കുള്ള കാലം കടുത്ത മദ്യപാനത്തിലേക്കും വിഷാദ രോഗത്തിലേക്കുമാണ് ഈ പ്രതിഭ വീണുപോയത്.
''പാഞ്ചും ബ്ലാക്ക് ഫ്രൈഡേയും നിന്നുപോയി. ആല്‍വിന്‍ കാളിചരണും പെട്ടിയിലായി. ആര്‍ക്കുമറിയാത്ത വേറൊരു പടം കൂടി നിലച്ചുപോയി.തേരാ നാമില്‍ നിന്നും കാണ്ടേയില്‍ നിന്നും പുറത്തായി. ഇതോടെ മുറിയില്‍ അടച്ചിരിക്കാനും മദ്യപിക്കാനും തുടങ്ങി. ഒന്നൊന്നര വര്‍ഷം ഒരു നിയന്ത്രണവുമില്ലാതെ കുടിച്ചു. അതോടെ ആരതി (മുന്‍ഭാര്യ ആരതി ബജാജ്) വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കി. മകള്‍ക്കപ്പോള്‍ നാലുവയസ് മാത്രമായിരുന്നു പ്രായം. ബുദ്ധിമുട്ടേറിയ നാളുകളായിരുന്നു അത്. ഇതോടെ ഞാന്‍ വിഷാദരോഗത്തിന് അടിമയായി. ഞാന്‍ നിരന്തരം കുടിക്കുകയും ഈ പ്രശ്നങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്തു. ഞാന്‍ ഭാഗമായതോ എഴുതിയതോ ആയ പ്രോജക്റ്റുകളില്‍ നിന്നും തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു. അതൊരു മോശം കാലമായിരുന്നു. സിനിമാ രംഗത്തോട് അന്ന് വെറുപ്പായിരുന്നു''- അനുരാഗ് ഒരു അഭിമുഖത്തില്‍ തുറന്നടിക്കുന്നു.
താന്‍ ജയിലില്‍ കിടന്ന കഥയൊന്നും പറയാന്‍ അനുരാഗിന് യാതൊരു മടിയുമില്ല. മുംബൈ വാസക്കാലത്ത് ഒരാളെ മര്‍ദിച്ചതിന്റെ പേരില്‍ ജയിലിലായ കഥ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. പക്ഷേ ആ ആള്‍ തന്നെ ജാമ്യം വാങ്ങി തന്നെ പുറത്തുകൊണ്ടുവന്നത്, തന്റെ ജീവിത വീക്ഷണം തന്നെ മാറ്റിമറിപ്പിച്ചുവെന്നും അനുരാഗ് പറയുന്നു. താന്‍ സൗദി അറേബ്യയില്‍ മദ്യപിച്ചതിന് അറസ്റ്റിലായ മറ്റൊരു സംഭവം അദ്ദേഹം പറയുന്നുണ്ട്്-''അഗ്നിപര്‍വ്വത ചാരം കാരണം ഡെന്മാര്‍ക്കില്‍ നിന്ന് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഞാന്‍ വളരെ ക്ഷീണിതനായിരുന്നു, ഞാന്‍ വൈന്‍ കഴിച്ചു. അവിടെ അഞ്ച് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഞാന്‍ ലോഞ്ചില്‍ പോയി മദ്യപിക്കാന്‍ തുടങ്ങി. ഫ്ലൈറ്റില്‍ സൗദിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഞാന്‍ മദ്യലഹരിയില്‍ ആയിരുന്നു. അങ്ങനെ എയര്‍പോര്‍ട്ടില്‍വെച്ച പൊലീസ് പിടിയിലായിരുന്നു''- തന്റെ കുറ്റവും കുറവും ഇതുപോലെ തുറന്നു പറയാന്‍ അനുരാഗല്ലാതെ മറ്റാര്‍ക്ക് കഴിയും.
പതുക്കേ ബോളിവുഡില്‍ അനുരാഗിന്റെ സമയവും വന്നു. 2004-ല്‍ ബ്ലാക്ക് ഫ്രൈഡേ റിലീസ് ചെയ്തപ്പോള്‍ നിരൂപകര്‍ പ്രശംസകള്‍കൊണ്ട് മൂടി.
57-മത് ലൊക്കാര്‍നൊ അന്താരാഷ്ട ചലച്ചിത്രമേളയില്‍ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌ക്കാരത്തിന് ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2007-ല്‍ സ്റ്റീഫന്‍ കിങ്ങിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച 'നോ സ്മോക്കിങ്ങ്' എന്ന സറിയലിസ്റ്റിക്ക് സ്വഭാവമുള്ള ചിത്രം പുറത്തിറങ്ങി. ആ വര്‍ഷം തന്നെ 'റിട്ടേണ്‍ ഓഫ് ഹനുമാന്‍' എന്ന ആനിമേഷന്‍ ചിത്രവും സംവിധാനം ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ മികച്ച സിനിമകള്‍ വരാനിരിക്കുന്നതേ ഉണ്ടായിരിന്നുള്ളൂ.
ആദ്യ ഹിറ്റ് പിറക്കുന്നു
അനുരാഗിന്റെ ആദ്യത്തെ ബോക്സോഫീസ് ഹിറ്റ് സിനിമായിരുന്നു, ദേവ് ഡി.
ജനപ്രിയ ബംഗാളി നോവലായ ദേവദാസിനെ അടിസ്ഥാനമാക്കിയെടുത്ത സിനിമ 2009-ലാണ് പുറത്തിറങ്ങിയത്. അത് അനുരാഗിന്റെ കരിയറിനെ മാറ്റിമറിച്ചു. യഥാര്‍ഥ നോവല്‍ സ്ത്രീകളോട് നീതി പുലര്‍ത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഥയില്‍ മാറ്റം വരുത്തിയാണ് സിനിമ അദ്ദേഹം ചെയ്തത്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ശുദ്ധവാദികളെ പ്രകോപിപ്പിക്കുന്നതായിരുന്നു ചിത്രം, എന്നാല്‍ യുവാക്കള്‍ക്കിടയില്‍ ചിത്രത്തിന് ആരാധകരുണ്ടായി. ഗാനങ്ങള്‍ ജനപ്രിയമാവുകയും ചെയ്തു. ചെയ്‌തെടുക്കുക എളുപ്പമായിരുന്നില്ല, തിരക്കഥ വളരെ ബോള്‍ഡാണെന്നതിനാല്‍ പല നടിമാരും പാരോയുടെയും ചന്ദ്രമുഖിയുടെയും വേഷങ്ങള്‍ നിരസിച്ചു. ഒട്ടേറെ നടിമാര്‍ ഓഡിഷന്‍ ചെയ്യാന്‍ പോലും വിസമ്മതിച്ചു.
താന്‍ അയച്ച സ്‌ക്രിപ്റ്റ് വായിച്ച് ഒരു നടിയുടെ കാമുകന്‍ തന്നെ തല്ലിയ ഞെട്ടിക്കുന്ന സംഭവം പോലുമുണ്ടായിട്ടുണ്ടെന്നും കശ്യപ് വിവരിച്ചു. മരാകെച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് കശ്യപിന്റെ വെളിപ്പെടുത്തല്‍. വെല്ലുവിളികള്‍ക്കിടയിലും, തന്റെ കാഴ്ചപ്പാടില്‍ വിശ്വസിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുപോയി. മാഹി ഗില്ലും കല്‍ക്കിയും അഭയ് ഡിയോളുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്. കല്‍ക്കിയെ പിന്നീട് കശ്യപ് വിവാഹം ചെയ്തിരുന്നു.
അഭയ് ഡിയോളായിരുന്നു നായകന്‍. 11 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 20.8 കോടിയോളം രൂപ ബോക്‌സ് ഓഫീസില്‍നിന്ന് നേടി. അഭയ് ഡിയോളിന്റെ കരിയറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നു കൂടിയാണ് 'ദേവ് ഡി.' എന്നാല്‍, ഈ സിനിമ റിലീസ് ചെയ്ത് ഏതാനും കാലങ്ങള്‍ക്ക് ശേഷം സംവിധായകനും നടനും തമ്മിലുള്ള ബന്ധം വഷളായി.
ദേവ് ഡി യുടെ ചിത്രീകണത്തിനിടെ അഭയ് ഡിയോള്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുവെന്നും സിനിമയുടെ ബജറ്റ് പോലും നോക്കിയില്ലെന്നും അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെ അഭയ് ഡിയോള്‍ പ്രതികരണവുമായെത്തി. അനുരാഗ് കശ്യപ് നുണയനാണെന്നാണ് താരം പറഞ്ഞത്. തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുവെന്നും വിഷലിപ്തമായ സ്വഭാവത്തിനുടമയാണ് സംവിധായകനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.-''മറ്റുള്ളവരുമായി ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഞാന്‍ മോശമല്ല. 'ദേവ് ഡി'യുടെ ചിത്രീകരണത്തിന് ശേഷം ഞാന്‍ അഭയ് ഡിയോളിനെ കണ്ടിട്ടില്ല. സിനിമയുടെ പ്രൊമോഷനുകള്‍ക്ക് പോലും അയാള്‍ വന്നിട്ടില്ല. അതിനുശേഷം എന്നോട് സംസാരിച്ചിട്ടേയില്ല. അയാള്‍ക്ക് എന്നെ വിഷലിപ്തമായ വ്യക്തി എന്ന് വിളിക്കണമെങ്കില്‍, ശരി, ആയിക്കോട്ടെ. എന്താണ് സംഭവിച്ചതെന്ന സത്യം എനിക്ക് തുറന്ന് പറയാന്‍ കഴിയില്ല. കാരണം ഞാന്‍ സത്യം പറഞ്ഞാല്‍ അയാള്‍ക്ക് സ്വന്തം മുഖം പോലും പുറത്ത് കാണിക്കാന്‍ കഴിയില്ല. പിന്നീട് അഭയ് ഡിയോളിന് സംസാരിക്കാനുള്ള ധൈര്യം പോലുമുണ്ടാകില്ല''- അനുരാഗ് കശ്യപ് തുറന്നടിച്ചു.
ക്ലാസിക്ക് കള്‍ട്ടായ വസിപ്പൂര്‍
2010-ല്‍ സംവിധാനം ചെയ്ത 'ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്സ് ' ആ വര്‍ഷത്തെ വെന്നീസ് അന്താരാഷ്ട ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തി. പിന്നീടാണ്, ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്ക് കള്‍ട്ടായി മാറിയ ഗ്യാങ്്സ്് ഓഫ് വസീപ്പുര്‍ അനുരാഗിനെ ലോക പ്രശ്സതനാക്കി. അനുരാഗ് കശ്യപ് സ്‌കുള്‍ എന്ന പേര് വരുന്നതും അവിടെ നിന്നാണ്. പില്‍ക്കാലത്ത് സംവിധായകനായ രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തത്.
ഇന്നും ലോകത്തില ഏറ്റവും റിയലിസ്റ്റിക്കായ, ഏറ്റവും മികച്ച ഗാങ്സ്റ്റര്‍ ചിത്രങ്ങള്‍ക്കിടെയാണ് ഗ്യാങ്‌സ് ഓഫ് വസിപ്പൂരിന്റെ സ്ഥാനം. അനുരാഗ് കശ്യപിന്റെ കഥപറച്ചിലിനൊപ്പം മനോജ് ബാജ്‌പേയി, നവാസുദ്ദീന്‍ സിദ്ദിഖി, പിയൂഷ് മിശ്ര, റിച്ച ചദ്ദ എന്നിവരുടെ പ്രകടനവും രാജീവ് രവിയുടെ ഛായാഗ്രഹണവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012 ജൂണ്‍ 22നാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. ജാര്‍ഖണ്ഡ് ധന്‍ബാദ് ജില്ലയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. തീര്‍ത്തും റിയലിസ്റ്റിക്കായി എടുത്ത ഈ ചിത്രം ആദ്യവാരം തന്നെ 10 കോടി രൂപ കളക്ട് ചെയ്തു.
രണ്ടുഭാഗങ്ങളായി ഇറങ്ങിയ ചിത്രത്തിന് ഇന്നും ലോകമെമ്പാടും ആരാധകര്‍ ഉണ്ട്. പക്ഷേ ഗ്യാങ്‌സ് ഓഫ് വസിപ്പൂരിന്റെ പേരില്‍ താന്‍ ഇപ്പോഴും ടൈപ് ചെയ്യപ്പെടുന്നതിന്റെ അമര്‍ഷമാണ് അനുരാഗ് കശ്യപ് പലപ്പോഴും പങ്കുവെക്കാറുള്ളത്. ചിത്രം തിയേറ്ററിലെത്തി 7 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് സംവിധായകന്‍ നടത്തിയ പ്രതികരണം അമ്പരിപ്പിക്കുന്നതായിരുന്നു.-''എന്റെ ജീവിതം നശിച്ചത് കൃത്യം ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഞാന്‍ ഒരേ സംഗതി തന്നെ വീണ്ടും വീണ്ടും ചെയ്യണമെന്നാണ് അന്നു മുതല്‍ എല്ലാവരും ആവശ്യപ്പെടുന്നത്. അത്തരം പ്രതീക്ഷകളില്‍ നിന്നും രക്ഷപ്പെടാനായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ഫലം കാണുന്നില്ല. 2019 അവസാനത്തോടെ 'സാദെ സാതി' (ഏഴര വര്‍ഷം നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന ശനിദശ) തീരുമെന്നാണ് പ്രതീക്ഷ''- ഇങ്ങനെയാണ് കാശ്യപ് ട്വിറ്റിറല്‍ കുറിച്ചത്.
വസീപ്പുര്‍ മികച്ച ചിത്രമാണെങ്കിലും അതിനുശേഷം, എല്ലാവരും അതേ മോഡല്‍ ചിത്രം വേണമെന്ന് ആവശ്യപ്പെടുന്നതിന്റെ ആശങ്ക ഈയിടെയും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഈ ചിത്രത്തിനുശേഷം, കശ്യപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഗുലാല്‍, അഗ്ലി, രാമന്‍ രാഘവ്, ബോംബെ ടാക്കീസ് മുക്കാബാസ്, മന്‍മാര്‍സിയാന്‍ തുടങ്ങിയ അനുരാഗ് കശ്യപ് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നടന്‍ നിര്‍മ്മതാവ് എന്നീ നിലകളിലും അദ്ദേഹം തിളങ്ങി.
ബോളിവുഡ് മടുക്കുന്നു
ഇപ്പോള്‍ അനുരാഗ് കശ്യപ് എന്നാല്‍ കോടികള്‍ വിലയുള്ള ഒരു ബ്രാന്‍ഡാണ്. നടന്‍, എഴുത്തുകാരന്‍, പ്രൊഡ്യൂസര്‍, ഡയറക്ടര്‍, സാമൂഹിക വിമര്‍ശകന്‍ എന്നീ എല്ലാ നിലയിലും അദ്ദേഹം അറിയപ്പെടുന്നു. പക്ഷേ ഈയിടെയായി ബോളിവുഡ് നിരാശയും വെറുപ്പുമാണ് തനിക്ക് നല്‍കുന്നതെന്നാണ് അദ്ദേഹം പറയുന്ത്. വൈകാതെ മുംബൈ വിട്ട് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചു. പ്രചോദനം കിട്ടുന്ന സ്ഥലത്തുവേണം ജീവിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് അനുരാഗ് കേരളത്തിലേക്കാണ് വരിക എന്ന അഭ്യൂഹം വന്നത്.
സിനിമാ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മകളെപ്പോലും തനിക്ക് നന്നായി നോക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഈയിടെ പരിതപിച്ചിരുന്നു. -''മകള്‍ ആലിയയുടെ ബാല്യകാലം എനിക്ക് നഷ്ടപ്പെട്ടു. എന്നെക്കാളും കൂടുതല്‍ ആലിയക്കൊപ്പം സമയം ചെലവഴിച്ചത് സംവിധായകന്‍ ഇംതിയാസ് അലിയാണ്. അദ്ദേഹത്തിന്റെ മകളുടെ അടുത്ത സുഹൃത്താണ് ആലിയ. മക്കളെ പോലെ തന്നെ ഇവരുടെ അമ്മമാരും സുഹൃത്തുക്കളാണ്. ഇവര്‍ ഒന്നിച്ച് യാത്ര പോകുകയും സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. ഇന്ന് അതില്‍ എനിക്ക് സങ്കടമുണ്ട്.
അച്ഛനെന്ന നിലയില്‍ മകളോട് മാപ്പ് പറയണോ എന്ന് പോലും എനിക്കറിയില്ല, കാരണം സമയം വളരെ വൈകിപ്പോയി. ആലിയ തന്നോട് ക്ഷമിക്കുമെന്നാണ് തോന്നുന്നത്. കാരണം ഫിലിം മേക്കിംഗ് പ്രൊഫഷന്റെ സ്വഭാവം അവള്‍ മനസ്സിലാകും'- അനുരാഗ് കൂട്ടിച്ചേര്‍ത്തു. മകളും ഇന്ന് സിനിമാ രംഗത്ത് സജീമാണ്. ഇങ്ങനെ പണത്തിനും പ്രശസ്തിക്കുമൊക്കം ദു:ഖങ്ങള്‍ കൂടി നല്‍കിയ നാട് എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം മുംബൈ വിടാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് അറിയുന്നത്.
പക്ഷേ മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായ അനുരാഗിന്റെ, മുംബൈ വിടാനുള്ള തീരുമാനത്തെ മറ്റൊരു രീതിയിലാണ്, സംഘപരിവാര്‍ അനുഭാവികള്‍ ചിത്രീകരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള മസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബോളിവുഡിലെ മോദി വിരുദ്ധരെല്ലാം പുതിയ സങ്കേതം തേടുന്ന തിരക്കിലാണെന്നാണ് അവര്‍ പരിഹസിക്കുന്നത്. അനുരാഗ് കശ്യപ്, താപ്സി പന്നു, സ്വര ഭാസ്‌കര്‍ എന്നീ മൂന്നുപേരാണ് സിനിമാ മേഖലയില്‍നിന്ന് കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ച്ചത്.
യോഗി സര്‍ക്കാര്‍ അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ള 171 സിനിമക്കാര്‍ക്ക് മാസം തോറും 50000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി പിന്‍വലിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം കൊണ്ടാണ് അദ്ദേഹം ഈ നിലപാട് എടുക്കുന്നതെന്നും അവര്‍ പറയുന്നു. അനുരാഗ് കേരളത്തിലേക്ക് വരുന്നു എന്ന വാര്‍ത്തയോട്, എല്ലാ ജിഹാദി അനുകൂലികള്‍ക്കും സുരക്ഷിതതാവളമായി കേരളം മാറുന്നുവെന്നാണ്, പരിവാറുകാര്‍ ട്രോള്‍ ഇറക്കുന്നത്.
വാല്‍ക്കഷ്ണം: നേരത്തെും ചില ഭ്രാന്തന്‍ തീരുമാനങ്ങളിലുടെ കശ്യപ് വിവാദത്തിലായിരുന്നു. പുതുമുഖങ്ങളെ സഹായിക്കാന്‍ ശ്രമിച്ച് ഞാന്‍ ഒരുപാട് സമയം പാഴാക്കി കളഞ്ഞെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. തന്നെ കാണാന്‍ ഇനി മുതല്‍ പണം നല്‍കണമെന്ന് ബോളിവുഡ് ഡയറക്ടര്‍ പറയുന്നു.-'' 10 മിനിറ്റിന് ഒരു ലക്ഷമാണ് നല്‍കേണ്ടത്. അരമണിക്കൂറിന് രണ്ട് ലക്ഷവും ഒരു മണിക്കൂറിന് അഞ്ച് ലക്ഷവുമാണ് റേറ്റ്. ആളുകളെ കണ്ട് വെറുതെ സമയം കളഞ്ഞ് എനിക്ക് മതിയായി. നിങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയുമെന്ന് കരുതുന്നുണ്ടെങ്കില്‍ മാത്രം വിളിക്കൂ. അല്ലെങ്കില്‍ വേറെ പണി നോക്കു. പണം മുന്‍കൂട്ടി അടക്കണം''-അനുരാഗ് കശ്യപ് ഇങ്ങനെ കുറിച്ചതും വിവാദമായിരുന്നു.