തിരുവനന്തപുരം: ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾ കൊണ്ട് ആളുകൾക്ക് ആശ്വാസമായി സ്വന്തമായി സഭ സ്ഥാപിച്ച പുരോഹിതനായിരുന്നു കെ പി യോഹന്നാൻ മെത്രാപ്പൊലീത്ത എന്ന ബിലീവേഴ്‌സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (74). കുട്ടനാട്ടിലെ സാധാരണ ദൈവ വിശ്വാസിയായ ചെറുപ്പക്കാരൻ അമേരിക്കയിൽ പോലും അറിയപ്പെടുന്ന ബിഷപ്പായി മാറിയത് അത്ഭുതപ്പെടുത്തുന്ന കഥയാണ്. വിവാദങ്ങൾ വാർത്തകളായി എത്തിയെങ്കിലും അതെല്ലാം അദ്ദേഹം അതിജീവിച്ചു. ഇപ്പോൾ യുഎസിലെ ടെക്‌സസിലുള്ള ഡാലസിൽ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്.

തിരുവിതാംകൂറിലെ അധസ്ഥിത വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളായിരുന്നു യോഹാന്റെ സഭയിലേക്ക് എത്തിയവർ. അമേരിക്കയിൽ നിന്നടക്കം സാധുജന വിഭാഗങ്ങളെ സഹായിക്കാൻ ഫണ്ട് സ്വരൂപിച്ചു ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുയായിരുന്നു അദ്ദേഹം ചെയ്തത്. ഇതിന്റെ പേരിൽ കേസും വിവാദങ്ങളുമെല്ലാം ഉണ്ടായപ്പോഴും അതൊന്നും വകവെച്ചില്ല അദ്ദേഹം. അർഹതപ്പെട്ടവരിലേക്ക് സഹായം എത്തുകയും ചെയ്തു.

മാർത്തോമ വിശ്വാസികളുടെ മകൻ താറാവ് കർഷകൻ

കുട്ടനാട്ടിലെ ശരാശരിയിൽ താഴെയുള്ള ഒരു സാധാരണ കുടുംബത്തിലായിരുന്നുകടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാന്റെ ജനനം. അരനൂറ്റാണ്ടുകൊണ്ട് അദ്ദേഹം സ്വന്തം സഭ സ്ഥാപിച്ചു വളർന്നു എന്നു പറഞ്ഞാൽ അത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഗോസ്പൽ ഏഷ്യ എന്ന പ്രസ്താനം ഇന്ന് ലോകത്തിന്റെ വിവധ കോണുകളിൽ സജീവമാണ്.

തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. പ്രദേശത്ത് അക്കാലത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു കുടുംബം. കുട്ടിക്കാലത്ത് യോഹന്നാനും ആ പണി ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ കൗമാര കാലത്തുതന്നെ അദ്ദേഹം ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. ദൈവസന്ദേശം എത്തിക്കുന്ന ഒരു പാസ്റ്ററായിരുന്നു അദ്ദേഹം.

16ാമത്തെ വയസ്സിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന തിയോളജിക്കൽ സംഘടനയിൽ ചേർന്നതാണ് യോഹന്നാന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഡബ്ലു.എ ക്രിസ്വെൽ എന്ന വിദേശിക്കൊപ്പം അമേരിക്കയിൽ വൈദിക പഠനത്തിന് പോയി. 1974ൽ അമേരിക്കയിലെ ഡള്ളാസിൽ, തിയോളജി പഠനം ആരംഭിച്ചു. ചെന്നെ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽനിന്ന് ഡിഗ്രി കരസ്ഥമാക്കിയ, നേറ്റീവ് അമേരിക്കൻ ബാപ്പിസ്റ്റ് ചർച്ചിൽ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുണ്ടായി. ഓപ്പറേഷൻ മൊബിലൈസേഷൻ അദ്ദേഹത്തോടൊപ്പം സേവനം അനുഷ്ഠിച്ച ഗിസല്ലയെ യോഹന്നാൻ അവരുടെ ജന്മദേശമായ ജർമ്മനിയിൽവെച്ച് വിവാഹം ചെയ്തു. ഇതും യോഹന്നാന്റെ ജീവിതത്തിൽ നിർണ്ണായകമായി. തുടർന്നങ്ങോട്ട് സഭാ പ്രവർത്തനങ്ങളിലെല്ലാം ബുദ്ധികേന്ദ്രമായി നിന്നത് അദ്ദേഹത്തിന്റെ ഭാരയാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. 1978ൽ ഭാര്യയുമായി ചേർന്ന് ടെക്‌സാസിൽ ഗോസ്പൽ ഫോർ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചത്.

ഭാര്യയോടൊപ്പം സുവിശേഷ പ്രവർത്തനം ആരംഭിച്ച കെ.പി യോഹന്നാൻ വർഷങ്ങൾ നീണ്ട വിദേശവാസത്തിനുശേഷം 1983 ൽ തിരുവല്ല നഗരത്തിനു ചേർന്ന മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമ്മിച്ച് കേരളത്തിൽ വരവറിയിച്ചു. ആത്മീയ യാത്രയെന്ന സുവിശേഷ പ്രഘോഷണത്തിനായുള്ള റേഡിയോയും അവിടെ നിന്നും ആരംഭിച്ചു. സവിശേഷമായ ശൈലിയിലൂടെ സുവിശേഷ വേലയിലേർപ്പെട്ട യോഹന്നാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

സ്വയം സഭയിൽ ബിഷപ്പായി വളർച്ച

1980 ൽ തിരുവല്ല സബ് രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യു എന്ന മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായി ഒരു പൊതു മതപര ധർമ്മസ്ഥാപനമായിട്ടാണ് ഈ ട്രസ്റ്റ് പ്രവർത്തിച്ചു വന്നത്. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു.

ആത്മീയ യാത്ര പിന്നീട് ബിലീവേഴ്സ് ചർച്ച് എന്ന പേരിൽ 2003ൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി. യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചിൽ മെത്രാനില്ലെന്ന അവസ്ഥ വന്നതോടയാണ് അദ്ദേഹം നിരവധി രാജ്യങ്ങളിൽ ശാഖകളുള്ള സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത പ്രഥമനായി മാറുന്നത്. സി.എസ്ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അഭിഷേകം നടത്തിയത്. എന്നാൽ ഇതിനെതിരെ പരാതി ഉണ്ടായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആയി. ഇതിന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോൾ സഭയിൽ 30 ബിഷപ്പുമാരുണ്ട്.

സംഘടനാ തലത്തിലെ പ്രവർത്തനത്തിനൊപ്പം ആതുര സേവന രംഗത്തും സജീവമായിരുന്നു സഭ. ശതകോടികളുടെ ആസ്തിയുണ്ട് ബിലീവേഴ്സ് ചർച്ചിന്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ബിലീവേഴ്സ് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജാണ് ചർച്ച് സ്ഥാപനങ്ങളിൽ പ്രധാനം. തിരുവല്ലയിലെ മാത്രമാല്ല, ദക്ഷിണ കേരളത്തിലെ സുപ്രധാന ആതുര സേവന സ്ഥാപനമായി ഈ സ്ഥാപനം ഇന്ന് മാറിയിട്ടുണ്ട്. തിരുവല്ല, തൃശൂർ എന്നിവിടങ്ങളിൽ റെഡിഡൻഷ്യൽ സ്‌കൂളുകളുണ്ട്. റാന്നി പെരുനാട് കാർമൽ എൻജിനീയറിങ് കോളേജ് കാർമൽ ട്രസ്റ്റിൽ നിന്നും ബിലീവേഴ്സ് വാങ്ങി. ആത്മീയ യാത്രയെന്ന പേരിലുള്ള സ്വന്തം ടെലിവിഷൻ ചാനലിനൊപ്പവും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

സഭയുടെ വളർച്ചക്കുള്ള അടിത്തറകളെല്ലാം പാകിയാണ് ബിഷപ്പ് ഇപ്പോൾ വിട വാങ്ങിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ ഏക്കർ സ്ഥലവും ബിലീവേഴ്‌സ് ചർച്ചിനുണ്ട്. ഹാരിസൺ മലയാളത്തിൽ നിന്നും ബിലീവേഴ്സ് വാങ്ങിയ എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റ് എന്ന നിയമക്കുരുക്കിൽപെട്ട 2263 ഏക്കർ ഭൂമി നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുത്തെങ്കിലും ഹൈക്കോടതി റദ്ദാക്കി. ഇപ്പോൾ ഈ സ്ഥലത്ത് വിമാനത്താവള നിർമ്മാണവുമായി മുന്നോട്ടു പോകാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്.

സാധുക്കൾക്ക് തുണയായ മൈക്രോ ഫിനാൻസ് സംരംഭം

ലോകമെങ്ങും സുവേശഷം പ്രചരിപ്പിക്കാൻ സഭ തീരുമാനിച്ചതിനൊപ്പം തുടങ്ങിയ മൈക്രോ ഫിനാൻസിങ് സംവിധാനും സഭാ വളർച്ചയിൽ തുണയായി മാറുകയായിരുന്നു. സമൂഹത്തിന്റെ സാധു ജനവിഭാഗങ്ങളാണ് ഇത്തരം പദ്ധതികളുടെ ഗുണഭോക്താവായത്. ഇതിന്റെ പേരിൽ കേരള്ളത്തിലും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും ബീലിവേഴ്സ് ചർച്ചിന്റെ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നു എന്ന ആരോപണങ്ങൾ ഉയർന്നെങ്കിലും അതൊന്നും തെളിയിക്കപ്പെട്ടില്ല.

ഗോസ്പൽ ഫോർ ഏഷ്യാ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഡോറ (ദൈവദാനമെന്നർത്ഥം) എന്ന മൈക്രോഫിനാൻസ് കമ്പനി വഴിയാണ് സാധുക്കൾക്ക് സഹായം എത്തിയത്. ദരിദ്രവിഭാഗത്തിന്റെ ഉന്നമനത്തിനും സംരംഭകത്വ ശീലം വർദ്ധിപ്പിക്കുന്നതിനുമെന്നു പറഞ്ഞുമാണ് പണം പലിശയ്ക്ക് നൽകുന്നത്. ഇങ്ങനെ കേരളത്തിനകത്തും പുറത്തും വിതരണം ചെയ്തിരുന്നു പണം. തവണകളായി തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ പണം നൽകിയത് നിവധി പേർക്ക് ഗുണകരമായി.

കേരളത്തിൽ വിതരണം ചെയ്യുന്ന പരമാവാധി തുക 5000 രൂപ മുതൽ 35,000 രൂപ വരെയാണ്. തവണകളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ പത്തോ അതിനു മുകളിലോ അംഗങ്ങളുള്ള ഗ്രൂപ്പുകളായി തിരിച്ച് ഗ്രാമപ്രദേശങ്ങളിലെ വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് പണം നൽകിയത്. ബിലിവേഴ്സ് ചർച്ചിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ വിവരം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ,് ഹരിയാന, ന്യൂഡൽഹി തുടങ്ങിയിടങ്ങളിൽ മുപ്പതു ബ്രാഞ്ചുകളിലായി 70,000 കുടുംബങ്ങൾ ഈ പദ്ധതിയുടെ ഗുണം അനുഭവിക്കുന്നതായി സൈറ്റ് അവകാശപ്പെടുന്നു.

പണമിടപാടിന്റെ പേരിൽ കേസുകൾ, മോദിയുമായി സൗഹൃദം

അതേസമയം പാവങ്ങളെ സഹായിക്കാനായി അമേരിക്കയിൽ നിന്നെത്തിച്ച കാശു വിതരണം ചെയ്തതിന്റെ പേരിൽ ബിലീവേഴ്‌സ് ചർച്ചിന്റെ പേരിൽ അമേരിക്കൻ കോടതിയിൽ നിയമ നടപടികൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഇന്ത്യയിലും നടന്നിരുന്നു. അതേസമയം ഇടപാടുകളെല്ലാം നിയമവിധേയമായാണ് നടക്കുന്നതെന്നാണ ബിലിവേഴ്‌സ് ചർച്ച് അവകാശപ്പെടുന്നത്.

ബിഷപ്പ് യോഹന്നാന്റെ വിവിധ ട്രസ്റ്റുകൾക്ക് 1961 ലെ ആദായനികുതി നിയമപ്രകാരം ചാരിറ്റബിൾ-റിലീജിയസ് ട്രസ്റ്റുകൾക്കുള്ള ആദായ നികുതി ഇളവുകൾ നൽകിയിട്ടുണ്ട്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഗ്രൂപ്പിന് രാജ്യമെമ്പാടും ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദത്തിനുള്ള വഴികളും ബിലീവേഴ്‌സ് ചർച്ച് തേടിയിരുന്നു. ബിജെപിക്കു ഫണ്ട് നൽകുകയുമുണ്ടായി. ഇതിനിടെ കേന്ദ്രസർക്കാറിന്റെ ആദായനികുതി വകുപ്പ് നിരവധി പരിശോധനകളും ബിലീവേഴ്‌സ് ചർച്ചിൽ നടത്തി.

ഹാരിസൺ മലയാളത്തിന്റെ പക്കൽ നിന്ന് സഭ വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റ്, വിവിധയിടങ്ങളിലായി വാങ്ങിയിട്ടുള്ള കെട്ടിടങ്ങൾ, ഭൂസ്വത്തുക്കൾ എന്നിവയുടെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഗംഗാശുചീകരണത്തിന് ഒരു കോടി രൂപ സംഭാവന നൽകിയതും ബിലിവേഴ്‌സ് ചര#്ച്ചയാിരുന്നു. മോദിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു അദ്ദേഹം.

52 ബൈബിൾ കോളജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കെ പി യോഹന്നാൻ ആരംഭിച്ചിരുന്നു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചു. അടുത്ത കാലത്തായി ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് എന്ന പുനർനാമകരണം ചെയ്തിനു പിന്നിൽ പൗരസ്ത്യ ക്രൈസ്തവ ആരാധനാക്രമത്തോടുള്ള അദ്ദേഹത്തിന്റെ മതിപ്പും ആദരവുമാണ് പ്രതിഫലിക്കുന്നത്.

മെത്രാപ്പൊലീത്ത ഉൾപ്പെടെ 12 ബിഷപ്പുമാരാണ് ബിലീവേഴ്‌സ് സഭയുടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭദ്രാസനങ്ങൾക്കു നേതൃത്വം നൽകുന്നത്. യുഎസിലും കാനഡയിലും യുകെയിലും ഓസ്‌ട്രേലിയയിലും അടക്കം ചങ്ങലയായി കിടക്കുയാണ് ഈ സഭ.