ടുവയേക്കാൾ വേഗതയുള്ള താരം. ഒരു തുറന്ന മൃഗശാലയിലെ കടുവക്ക് ഭക്ഷണം ഇട്ടുകൊടുക്കുന്നതും, കടുവ അത് ഉയരത്തിൽ ചാടി പിടിക്കുന്നതും, അതിനൊപ്പം ക്രിസ്റ്റിയനോ റോണാൾഡോയുടെ ഉയർന്ന് ചാടിയുള്ള ഒരു ഹെഡ്ഡറും ചേർത്തുള്ള ഒരു വീഡിയോ നേരത്തെ വൈറൽ ആയിരുന്നു. ആ വീഡിയോ കണ്ടാൽ മനസ്സിലാവും കടുവ ഒന്നുമല്ല, ക്രിസ്റ്റിയാനോക്ക് മുന്നിലെന്ന്. പക്ഷേ ആ താരം ഇപ്പോൾ തലകുനിച്ച് മടങ്ങുകയാണ്. ഖത്തർ ലോകകപ്പിൽ മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ പുറത്തായി. അതിനോക്കാൾ സങ്കടകരം, ക്രിസ്റ്റിയനോ റോണാൾഡോ എന്ന ലോകം കണ്ട എക്കാലത്തെുയും മികച്ച കളിക്കാരൻ, ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാതെ പകരക്കാരനായി ഇറങ്ങിയത് എന്നാണ്. ഈ 37ാം വയസ്സിൽ സ്വന്തം ടീമിനുപോലും അയാളെ വേണ്ടാതായിരിക്കുന്നു!

പെലെ, മറഡോണ, സിദാൻ, മെസ്സി തുടങ്ങിയ ഫുട്ബോൾ മഹാരഥന്മാരുടെ പട്ടികയിൽ സ്ഥാനം പിടിച്ച റൊണാൾഡോക്ക് ഇനി ഒരു അങ്കത്തിന് ബാല്യമുണ്ടോ എന്ന് അറിയില്ല. ലോകമെമ്പാടമുള്ള കോടിക്കണക്കിന് വരുന്ന ആരാധകർ ഇന്ന് അയാൾക്ക് വേണ്ടി കരയുകയാണ്. മെസ്സിയാണോ, റോണോൾഡോയാണോ മികച്ച കളിക്കാരൻ എന്ന കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലനിന്ന വിവാദത്തിനും ഇതോടെ അറുതിയാവുകയാണ്.

പക്ഷേ ഫുട്ബോളിന്റെ ചരിത്രത്തിൽ തങ്കചിപികളിൽ എഴുതിയ പേര് തന്നെയാണ് അയാളുടേത്. ലോകത്തിലെ ഏറ്റവും വിലപിടിച്ച താരം എന്ന നിലയിൽ മാത്രമല്ല അത്. വന്ന വഴിമറക്കാത്ത ഒരു നല്ല മനുഷ്യസ്നേഹി എന്ന നിലയിൽ കൂടിയാണ്. ദരിദ്ര്യബാല്യത്തിലൂടെ കടന്ന്, കുടുംബത്തെ ഒറ്റക്ക് തോളിലേറ്റി, ഹൃദ്രോഗത്തെ അതിജീവിച്ച് സൂപ്പർ താരമായ ക്രിസ്റ്റിയനോ റൊണാൾഡോയുടെ ജീവിതവും സത്യത്തിൽ ഒരു അത്ഭുദ കഥ തന്നെയാണ്.


ഗർഭത്തിൽ വെച്ച് അമ്മ കൊല്ലാനൊരുങ്ങി

ക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ് സാന്റോസ് അവീറോ എന്നാണ് ഈ ലോക ഫുട്ബോളറുടെ പൂർണ്ണനാമം. 1985 ഫെബ്രുവരി 5ന് മരിയ ഡോലോറസ് ഡോസ് സാന്റോസ് അവീറോയുടെയും, ജോസ് ഡിനിസിന്റെയും നാലാമത്തെ സന്താനമായി അവൻ ജനിച്ചു. കുടുംബം അക്കാലത്ത് ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു. അതുകൊണ്ടുതന്നൊ നാലാമത് ഒരു കൂട്ടികൂടി ഉണ്ടാൻ അമ്മ ആഗ്രഹിച്ചില്ല. താൻ ഗർഭച്ഛിദ്രം നടത്താൻപോയ കഥ പിൽക്കാലത്ത് ആ അമ്മതന്നെയാണ് മാധ്യമങ്ങളോട് റഞ്ഞത്.

 

ദാരിദ്യത്തോടടൊപ്പം ഭർത്താവിന്റെ മദ്യപാനവും അവരെ അലട്ടിയിരുന്നു. ആശുപത്രിയിൽ പോയ ശേഷം ഡോക്ടർമാർ ഗർഭച്ഛിദ്രം നടത്താൻ വിസമ്മതിച്ചു.അതോടെ അവർ മറ്റൊരു വഴിയാണ് തെരഞ്ഞെടുത്ത്. ചൂടുള്ള ബിയർ കുടിക്കുക. അക്കാലത്തെ ഒരു അപ്രഖ്യാപിത ഗർഭച്ഛിദ്ര രീതിയായിരുന്നു അത്. പക്ഷേ എന്നിട്ടും ക്രിസ്റ്റിയാനോ അതിജീവിച്ചു. അവർ ആ ചൂടിനെ അതിജീവിച്ച് ഓടിനടന്നു. മരിക്കുമെന്ന് അമ്മപോലും പ്രതീക്ഷിച്ച ആ കുട്ടി ജനിച്ചു. ഗർഭാവസ്ഥയിൽ തന്നെ താൻ ഒരു സർവൈവർ ആണെന്നാണ് ക്രിസ്റ്റിയനോ ഇതേക്കുറിച്ച് തമാശയായി പറഞ്ഞത്.

ഈ മകൻ തന്റെയും നാടിന്റെയും ജീവിതം തിരുത്തുമെന്ന് ആമ്മ അപ്പോൾ കരുതിയിട്ടുണ്ടാവില്ല. മദർ ബോയ് എന്നാണ് ക്രിസ്റ്റിയാനോ ഇപ്പോഴും അറിയപ്പെടുന്നത്. അമ്മയാണ് അയാൾക്ക് ഇപ്പോഴും എല്ലാം. അമ്മയുമായി പൊരുത്തപ്പെടാത്തതിന്റെ പേരിലാണ് അയാൾ തന്റെ ഒരു ദീർഘകാല കാമുകിയുമായിപ്പോലും വേർപിരിയുന്നത്.
നാലുമക്കളുള്ള ആ കുടുംബത്തിന് കഴിയാനുള്ള യാതൊന്നും ആ വീട്ടിൽ ഉണ്ടായിരുന്നില്ല. രണ്ടു സഹോദരിമാരും രണ്ടു സഹോദരനമ്മാരും ഒറ്റമുറിയിലായിരുന്നു താമസം. പിതാവ് ജാസ് ഡിനിസ് അവീറോ ഒരു മുൻ സൈനികനായിരുന്നു. പിന്നെ ഒരു തോട്ടക്കാരന്റെ ജോലി നോക്കി. സ്നേഹ സമ്പന്നൻ അയിരന്നെങ്കിലും പിതാവ് നല്ല മദ്യപാനിയായതിനാൽ ആ കുടുംബത്തിന് ഒന്നും മിച്ചം ഉണ്ടായിരുന്നില്ല. അമ്മ മരിയ ഡോളോറസ്, പാചകക്കാരിയായി ജോലിചെയ്താണ് അഷ്ടിക്ക് വക കണ്ടെത്തിയത്.

മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗനോടുള്ള ബഹുമാനാർത്ഥം പിതാവാണ് തന്റെ ഇളയമകന് റൊണാൾഡോ എന്ന് പേരിട്ടത്. ക്രിസ്റ്റിയാനോയുടെ കഴിവുകൾ കകണ്ടെത്തി വളർത്തിയതും അദ്ദേഹം തന്നെ. ക്രിസ്റ്റിയനോ പേരെടുക്കാൻ തുടങ്ങുമ്പോൾ 2005ൽ അമിത മദ്യപാനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം മരിച്ചു. അച്ഛന്റെ ആ അനുഭവം മുന്നിൽ ഉള്ളതുകൊണ്ടുതന്നെ ഇന്നും അമിത മദ്യപാനം ക്രിസ്റ്റിയാനോയ്ക്ക് പേടിയാണെന്നണ് സുഹൃത്തുക്കൾ പറയുന്നത്. പാർട്ടികളിൽ ഗ്ലാസ് കൈയിൽവെച്ച് നടക്കുന്നതല്ലാതെ അദ്ദേഹം മദ്യപിക്കുന്നത് കണ്ടിട്ടില്ല. ബിയർ അല്ലാതെ ഹോട്ട് ഡ്രിങ്ക്സിനോട് ഒരു അകലം ക്രിസ്റ്റിയാനോ എന്നും സൂക്ഷിക്കുന്നു. ( പക്ഷേ നമ്മുടെ നാട്ടിൽ അടക്കം നടക്കുന്ന പ്രചാരണം താരങ്ങളൊക്കെ ഫുൾടൈം 'വെള്ളം' ആണെന്നാണ്). അതുപോലെ പിതാവിനെപ്പോലെ മദ്യപാനിയായിപ്പോയ മൂത്തജേഷ്ഠൻ ഹ്യൂഗോവിനെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും, തന്റെ മ്യൂസിയത്തിന്റെ തലവനാക്കി ലക്ഷങ്ങൾ ശമ്പളം കൊടുത്ത് ചേർത്തുനിൽത്തുന്നതും ഈ താരം തന്നെയാണ്.

എൽമ, ലിലിയാനാ കാഷിയ എന്നീ രണ്ട് സഹോദരിമാർക്കും ജീവനാണ് റൊണോൾഡോ. അയാൾക്ക് തിരിച്ചും. എല്ലവർക്കും വീടും കാറുകളുമൊക്കെ വാങ്ങിക്കൊടുത്ത് അയാൾ സംരക്ഷിച്ച് നിർത്തുന്നു. അവരുടെ ജന്മദിനം ലോകത്ത് എവിടെയാണെങ്കിലും അയാൾ ആഘോഷിക്കും. (പക്ഷേ നമ്മുടെ നാട്ടിലെ പ്രചാരണം പാശ്ചാത്യർക്ക് കുടുംബ ബന്ധങ്ങൾ ഒന്നുമില്ല എന്നാണെല്ലോ.) മെസ്സിയും റൊണാൾഡോ ഫാൻസും തമ്മിലുള്ള ഫാൻ ഫൈറ്റിൽ പലപ്പോഴും ഇടപെട്ടുകൊണ്ട് സഹോദരിമാരും വാർത്തയാവാറുണ്ട്.

ഒറ്റപ്പെട്ട ദ്വീപിൽനിന്ന് വിശാല ലോകത്തേക്ക്

റൊണാൾഡോയുടെ ജന്മസ്ഥലം മദീറ ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന ഫഞ്ചൽ ആണ്. ഇത് പോർച്ചുഗലിന്റെ പ്രധാന ഭൂപ്രദേശമല്ല, മറിച്ച് രാജ്യം അവകാശപ്പെടുന്ന ദ്വീപുകളിൽ ഒന്നാണ്. അവിടെ സാധ്യതകൾ പരിമിതമായിരുന്നു. കൊച്ചു റോണോക്ക് ഠിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നവെന്നാണ് സഹോദരിമാർ പറയുക. ഫഞ്ചലിലെ അൻഡോറിൻഹ ഫുട്ബോൾ ക്ലബിലേക്ക് പിതാവിനെ അനുഗമിക്കുന്നതിൽ അവന്റെ സന്തോഷം. പിതാവ് ആ ക്ലബിൽ ഒരു സഹായി എന്ന നിയിൽ പാർട്ട് ടൈം ജോലി നോക്കിയിരുന്നു.

റൊണാൾഡോയുടെ സ്‌കൂളിനോടുള്ള വെറുപ്പ് വളർന്നു. അവൻ ഒരിക്കലും നന്നായി ഗൃഹപാഠം ചെയ്യില്ല. പഠിക്കില്ല. പക്ഷേ അവൻ ചെറുപ്പത്തിൽ തന്നെ ഫുട്ബോൾ പ്രാണവായുവായിരുന്നു. മിന്നൽപോലെ ഡ്രിബിൾ ചെയ്തു പോവുന്ന ആ ബാലന്റെ മികവ് പിതാവിന്റെ കണ്ണിൽപെട്ടു. അദ്ദേഹം മകനെ എട്ടാമത്തെ വയസ്സിൽ അൻഡോറിൻഹ ഫുട്ബോൾ അക്കാദമിയിൽ ഒപ്പിട്ടു. മകനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ,ജോസ് ഡിനിസ് അവീറോ അവിടെ ഒരു കിറ്റ് മാൻ എന്ന നിലയിൽ മുഴുവൻ സമയ ജോലി ഏറ്റെടുത്തു. ആ ക്ലബിലെ പരിശീലനമാണ് റൊണാൾഡോയെ സംബന്ധിച്ച് നിർണ്ണായകമായത്.

തന്റെ ഫുട്ബോൾ കഴിവുകൾ മെച്ചപ്പെടുത്താനും മാതാപിതാക്കളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാനുമുള്ള അന്വേഷണത്തിൽ, ക്രിസ്റ്റ്യാനോ തന്റെ ചെറുപ്പത്തിലെ ഏറ്റവും വലിയ തീരുമാനം എടുത്തു. പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം തന്റെ കുടുംബത്തെ വിട്ട് മദീറയിൽ നിന്ന് ലിസ്‌ബണിലേക്ക് പോയി. 97ൽ റോണി സ്‌പോർട്ടിങ് സിപി ക്ലബുമായി മൂന്ന് ദിവസത്തെ ഇന്റർവ്യൂവിന് ശേഷം 1,500 ഡോളർ നിരക്കിൽ കരാർ ഒപ്പിട്ടു. നോക്കണം വെറും 12 വയസ്സുള്ളപ്പോഴാണിത്. അന്ന് കൂടുംബത്തിന്റെ ദരിദ്ര്യം മാറ്റുക എന്ന ഒറ്റ ചിന്തമാത്രമായിരുന്നു ആ ബാലന്റെ മുന്നിൽ ഉണ്ടായിരുന്നത്.

ചെറുപ്പത്തിൽ റോണോ അറിയപ്പെട്ടിരുന്നത് ''ക്രൈ ബേബി'' എന്നായിരുന്നു. എന്തിനും അമ്മയുടെയും പെങ്ങന്മാരുടെയു സഹായം വേണ്ട, കുട്ടിയായിരുന്നു അവൻ. അങ്ങനെ ഒരാൾ ചെറുപ്പത്തിൽ കടുംബത്തെ വിട്ടുനിന്നാലുള്ള അവസ്ഥ എന്തായിരിക്കും. 14ാം വയസ്സായപ്പോഴേക്കും, റൊണാൾഡോയ്ക്ക് ഫുട്ബോൾ തന്നെയാണ് തന്റെ ജീവിതം എന്ന് മനസ്സിലായി.

കുടുംബത്തിൽ നിന്ന് അകന്നിരിക്കുന്ന ഏകാന്തതയെ മറികടക്കാനും, പോസിറ്റീവ് മനോഭാവം നിലനിർത്തുന്നതിനായും ആ കുട്ടി ദീർഘനേരം കളിക്കളത്തിൽ ചെലവഴിച്ചു. അതിനിടെ കളിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനായി സ്‌കൂൾ പഠനം നിർത്താൻ റോണോ അമ്മയുമായി ധാരണയിലെത്തി. തന്റെ ക്ലാസിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രശസ്തനായിരുന്നെങ്കിലും, അവൻ ഒരിക്കലും തന്റെ അദ്ധ്യാപകരുമായി നല്ല സമയം ചെലവഴിച്ചിട്ടില്ല.

സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നു

സത്യത്തിൽ ലോകത്തിലെ മറ്റ് പല പ്രശസ്തരെയും എന്നപോലെ സകൂൾ ഡ്രോപ്പ് ഔട്ട് ആണ് നമ്മുടെ നായകനും. അദ്ധ്യാപകനെ കസേര എടുത്ത് എറിഞ്ഞതിനാണ് അവൻ പുറത്താക്കപ്പെടുന്നത്. തന്റെ അഭിരുചികൾ മനസ്സിലാക്കാതെ പഠനം എന്ന ഒറ്റക്കാര്യത്തിനായി സമ്മർദം ചെലുത്തുകയാണ് അദ്ധ്യാപകൻ ചെയ്തത് എന്നാണ് റൊണാൾഡോ പറയുന്നത്. പിന്നീട് വളർന്ന് വലിയ താരമായപ്പോൾ റോണോ ഇതേസ്‌കൂളിൽ അേതിഥിയായി എത്തി. അന്നത്തെ തന്റെ മാനസികാവസ്ഥ അനുസരിച്ച് അദ്ധ്യാപകനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് ക്ഷമ പറഞ്ഞ് കൈയടി നേടി.

അതിനിടെയാണ് ആ ബാലൻ ഹൃദ്രോഗിയായത്. റേസിങ് ഹാർട്ട് എന്ന ആരോഗ്യപരമായ ഒരു സങ്കീർണതയാണ്, അവന് വന്നത്്. ഇതോടെ ഫുട്ബോൾ ഉപേക്ഷിക്കാൻ റോണോ നിർബന്ധിതനായി. പക്ഷേ മെസ്സിയെ ബാഴ്സലോണ ചികിൽസിച്ചതുപോലെ സ്പോർട്ടിങ് സി.പി ക്ലബ് റോണോയെയും രക്ഷിച്ചു. അവരുടെ വിദഗ്ധ സംഘം കാര്യങ്ങൾ പഠിച്ച് ശസ്ത്രക്രിയ നടത്താൻ മാതാപിതാക്കളുടെ അനുമതി തേടി. ഒരു ലേസർ ശസ്ത്രക്രിയയാണ് ഇതിനായി നടത്തിയത്. അങ്ങനെ ഹൃദയത്തിൽ രക്തചംക്രമണം സാധാരണ നിലയിലായി. റോണോ കളിക്കളത്തിലേക്ക് തിരിച്ചെത്തി.

ലിസ്‌ബണിലേക്ക് വരാതെ മദീറയിൽ തന്നെ കഴിയുകയായിരുന്നെങ്കിൽ അവന്റെ അസുഖം പോലും ആരും അറിയുമായിരുന്നില്ല. വിദഗ്ധ ചികിത്സ കിട്ടുമായിരുന്നില്ല. ഒരു ദിവസം പൊടുന്നനെ കളിക്കളത്തിൽ കൂഴഞ്ഞുവീണ് മരിക്കുന്ന റൊണാൾഡോയെ ആയിരിന്നു, കാണേണ്ടി വരിക. ശരിയായ തീരുമാനങ്ങൾ എങ്ങനെയോക്കെയോ ശരിയായ സമയത്ത് തന്റെ ജീവിതത്തിൽ വന്നുപോകുന്നുണ്ടെന്നാണ് ഇതുസംബന്ധിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ പറയുക.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

ഒരു ബാലതാരം എന്ന നിലയിൽനിന്ന് മാറി ഒരു പ്രൊഫഷണൽ ഫുട്ബോളർ എന്ന നിലയിൽ റോണാൾഡോയുടെ കഴിവുകൾ ആദ്യം മനസ്സിലാക്കുന്നത്, അന്നത്തെ ലിവർപൂൾ മാനേജറായിരുന്ന ജെറാർഡ് ഹൂളിയർ ആയിരുന്നു. സ്പോർട്ടിങ് സി.പി ക്ലബിന്റെ ഒരു കളി കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് കാര്യം പിടികിട്ടി. പക്ഷേ ലിവർപൂൾ അന്ന് റൊണാൾഡോയെ ടീമിൽ ചേർത്തില്ല. അവന് തീരേ ചെറുപ്പമാണെന്നും, കഴിവ് വളർത്തിയെടുക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നുമായിരുന്നു അവർ കാരണം പറഞത്. പക്ഷേ 2003ൽ എസ്റ്റാഡിയോ ജോസേ അല്വലാദെ എന്ന ലിസ്‌ബണിലെ കളിക്കളത്തിന്റെ ഉദ്ഘാടന മത്സരത്തിൽ സ്പ്പോർട്ടിങ് സി പി, മാഞ്ചെസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചപ്പോൾ ഏവരും ഞെട്ടി. ഉജ്ജ്വലമായ പ്രകടനമാണ് റൊണാൾഡോ നടത്തിയത്. ഇതോടെ മാഞ്ചെസ്റ്റർ താരങ്ങൾ തങ്ങളുടെ മാനേജറായ സർ അലക്സ് ഫെർഗൂസന്റെ ശ്രദ്ധ റോണോവിലേക്ക് തിരിച്ചുവിട്ടു. അതോടെ അയാളുടെ ജീവിതം മാറി.

2002-2003 സീസണു ശേഷം 12.24 മില്ല്യൺ യൂറോക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റിയാനോയെ റാഞ്ചി. ഇതോടെ മാഞ്ചെസ്റ്ററിൽ വരുന്ന ആദ്യത്തെ പോർച്ചുഗീസ് താരമായി അയാൾ. റൊണാൾഡോ മാനേജറോട് ജേഴ്സി നമ്പർ 28 ആണ് ആവശ്യപ്പെട്ടത്. കാരണം അയാൾ സ്പ്പോർട്ടിങ്ങിൽ കളിച്ചത് ഈ നമ്പറിലായിരുന്നു. പക്ഷേ അദ്ദേഹം കൊടുത്തത് ജേഴ്സി നമ്പർ 7 ആയിരുന്നു. 10 പോലെ ഒരു പാട് പ്രശ്സതരുടെ ഭാഗ്യ നമ്പർ. അതും ഒരു ചരിത്രമായി. പിന്നെ സി ആർ 7 എന്ന പേരിലാണ് ക്രിസ്റ്റിയനോ അറിയപ്പെട്ടത്.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ആദ്യമായി കളിക്കളത്തിൽ ഇറങ്ങിയത് പകരക്കാരനായാണ്. ആ മത്സരത്തിൽ ഫ്രീകിക്കിലൂടെ ഗോൾ നേടി. പിന്നീടങ്ങോട്ട് ഗോൾ മഴയായിരുന്നു. റൊണാൾഡോ തന്നെയാണ് ഈ ചുവന്ന ചെകുത്താന്മാരുടെ ആയിരാമത്തെ ഗോൾ നേടിയതും. ആ സീസണിൽ റൊണാൾഡോ ആകെ 10 ഗോളുകൾ നേടി. 2005ൽ ആരാധകർ റൊണാൾഡോവിനെ ഫിഫ്പ്രോ സ്പെഷൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞെടുത്തു. പിന്നീട് അങ്ങോട്ടുള്ള ചരിത്രമെല്ലാം പരസ്യമാണ്. അയാൾ റയന്മാഡ്രിഡിലേക്ക് പോയതും, ലോകത്തിലെ ഏറ്റവും വില പിടിച്ച താരമായതും, പലതവണ ബാലൻദിയോർ പുരസ്‌ക്കാരം നേടിയതുമെല്ലാം.

31 കാമുകിമാർ, കോടികളുടെ സ്വത്തുക്കൾ

ഓരോവർഷവും രണ്ടായിരം കോടി ഡോളറിലേറെ വരുമാനം നിങ്ങളുടെ കൈയിൽ വന്നാൽ എന്തുചെയ്യും. ഒരോ മനിട്ടിലും 59 യൂറോ വരുമാനുള്ള താരമാണ് അയാൾ.
ഫുട്ബോളിൽനിന്നും പരസ്യങ്ങളിൽനിന്നുമൊക്കെയായി ശതകോടികൾ വാരിക്കൂട്ടുന്ന ഏതൊരു മനുഷ്യനും ഉള്ള ആഡംബരങ്ങൾ ക്രിസ്റ്റിയാനോക്കുമുണ്ട്. സ്വന്തമായി ജറ്റുവിമാനം മുതൽ, ക്രൂയിസ്രെയുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും വലിയ വാഹനപ്രേമിയായ ഫുട്ട്‌ബോൾ താരം ക്രിസ്റ്റ്യാനോ റോണാൾഡോ ആയിരിക്കും. സൂപ്പർ കാറുകളുടെ വലിയ ശേഖരം തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ട്. അടുത്തിടെ പുറത്തുവന്ന കണക്കനുസരിച്ച് ഏകദേശം 60 കോടി ഡോളറിന്് മുകളിൽ വിലയുള്ള വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപ വിലയുടെ വീടുകളും ചെറുപ്പത്തിൽ അത്താഴപ്പട്ടിണിക്കാരനായ ഈ താരത്തിനുണ്ട്. ക്രിസ്റ്റിയനോ റോണാൾഡോയുടെ സ്വത്തുക്കളെക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ പേജുകൾ വേണ്ടി വരുമെന്നാണ് പ്രമുഖ ബ്രിട്ടീഷ് പത്രമായ സൺ പറയുന്നത്.

ഒന്നും രണ്ടുമല്ല 31കാമുകിമാരാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് പത്രമായ ദ സണ്ണിന്റെ കണക്ക് പ്രകാരം, ഇന്ത്യൻ മോഡലും നടിയുമായ ബിപാഷ ബസുവരെ ഈ ലിസ്റ്റിൽ വരും. കി കർദോഷിയാൻ അടക്കമുള്ള പ്രമുഖർ ക്രിസ്റ്റാനോയുമായി ഡേറ്റ് ചെയതവൻ ആണ്. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം, പക്ഷേ പിടിവാശികള്ൾ ഉള്ളതിനാൽ ഒത്തുപോവാൻ കഴിയില്ല എന്നാണ്, ക്രിസ്റ്റിയനോയെക്കുറിച്ച് മൂൻ കാമുകിമാർ പറയാറുള്ളത്. എന്നാലും ഒരു കാമുകിക്കും ഈ ബന്ധം നഷ്ടക്കച്ചവടമായിരുന്നില്ല. കോടികളാണ് അവർ അയാളിൽനിന്ന് ഊറ്റിയെടുത്തത്.

പക്ഷേ ഒരുകാലത്ത് അയാൾ സ്വവർഗാനുരാഗിയായും അറിയപ്പെട്ടു. ക്രിസ്റ്റിയനോയുടെ ആദ്യത്തെ മകന്റെ അമ്മ ആരാണെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. 2010 ജൂണിൽ ക്രിസ്റ്റിയനോക്ക് വെറും 25 വയസ്സുള്ളപ്പോഴാണ് ആദ്യമകൻ ക്രിസ്റ്റ്യാനോ ജൂനിയർ ജനിച്ചത്. അമേരിക്കയിൽവെച്ച് വാടകഗർഭധാരണത്തിലൂടെയാണ് ഈ മകൻ ഉണ്ടായത്. അതോടെയാണ് ക്രിസ്റ്റിയാനോ 'ഗേ'യാണെന്ന പ്രചാരണം ഉണ്ടായത്. പക്ഷേ അത് തെറ്റായിരുന്നു. ഇത്രയും കാമുകിമാർ ഉണ്ടായിരുന്നിട്ടും അയാൾ ഇതുവരെ ഒരാളെയും ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ല.

അമ്മ ആരാണെന്ന് അറിയില്ലാത്ത കുഞ്ഞാണെങ്കിലും ക്രിസ്റ്റിയനോ തന്റെ മൂത്തമകന് യാതൊരു കുറവും വരുത്തിയിട്ടില്ല. ഇപ്പോൾ 12 വയസ്സുള്ളവ അവൻ ക്രിസ്റ്റിയനോ പങ്കെടുക്കുന്ന പല പ്രധാന ചടങ്ങുകളിലും എത്താറുമുണ്ട്. 2017ലെ ഒരു പുരസ്‌ക്കാര ചടങ്ങിനിടെ, ജൂനിയർ ക്രിസ്റ്റിയനോ തന്റെ പിതാവിന്റെ ദീർഘകാല എതിരാളിയായിരുന്നു മെസ്സിക്ക് കൈകൊടുത്ത്, ഇയാളാണ് തന്റെ പ്രിയതാരം എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതും വാർത്തയായിരുന്നു. മെസ്സി- ക്രിസ്റ്റിയാനോ ഫാൻസുകാർ തമ്മിൽ കടുത്ത പോര് നടക്കുന്ന സമയത്തായിരുന്നു ഇത്. പക്ഷേ ക്രിസ്റ്റിയനോ മകന് അവന്റെ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞാണ് ചിരിച്ചാണ് ഈ വിമർശനത്തെ നേരിട്ടത്.

ഇന്ന് തികച്ച ഫാമിലിമാൻ

എല്ലാ പ്രണയത്തകർച്ചകൾക്കും ഒടുവിൽ ഇന്ന് ഒരു നല്ല ഫാമിലിമാനാണ് അദ്ദേഹം. 2017 തൊട്ട് സ്പാനിഷുകാരിയായ ജോർജീന റോഡ്രിഗസുമായി അയാൾ ഒരുമിച്ച് ജീവിക്കയാണ്. റോഡ്രിഗസ് തന്റെ ജീവിത്തിലെ വലിയ ശക്തിയാണെന്നാണ് ക്രിസ്റ്റിയാനോ പറയുന്നത്. മാഡ്രിഡിൽ നിന്ന് 450 കിലോമീറ്റർ അകലെ ഫ്രഞ്ച് അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ ജാക്കയിൽ നിന്നാണ് അവൾ വരുന്നത്. ഇംഗ്ലീഷ് നന്നാക്കിയാൽ മികച്ച ജോലികിട്ടുമെന്ന് അറിയുന്നതിനാൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ ഒരു കുടുംബത്തോടൊപ്പം ജോലിചെയ്താണ് അവൾ ഭാഷാ സ്വാധീനം വർധിപ്പിച്ചത്.

പിന്നീട് മാഡ്രിഡിൽ തിരിച്ചെത്തി ഒരു ഷോപ്പിൽ ജോലിക്കാരിയായും, ചെറിയ മോഡലിങ്ങ് വർക്കുകളുമായുമൊക്കെ കഴിയുന്നതിനിടയിലാണ് ഷോപ്പിൽവെച്ച് ക്രിസ്റ്റിയനോയെ കണ്ടുമുട്ടിയത്. തന്റെ ആദ്യ നോട്ടത്തിൽതന്നെ തങ്ങൾ അനുരാഗത്തിലായി എന്നാണ് അവൾ പറയുന്നത്. റെണാൾഡോയുമായുള്ള ബന്ധം തുടങ്ങിയശേഷം പിന്നെ അവൾക്ക് ഒരിടത്തും സമാധാനമായി ജോലിചെയ്യാൻ കഴിഞ്ഞിട്ടില്ല. എവിടേക്കും ആളുകൾ ഓടിയെത്തും. ആരാധക ശല്യം സഹിക്കാതായതോടെ പല കമ്പനികളും അവളെ പിരിച്ചിവിട്ടു. ഇതോടെയാണ് ക്രിസ്റ്റിയാനോ സ്വന്തം കമ്പനി തുടങ്ങി അതിൽ പങ്കാളിയെ അവരോധിച്ചത്. ഇന്നും കോടികളുടെ സ്വത്തിന് ഉടമയാണ്, ജോർജീനയും. അവർക്ക് ഉല്ലസിക്കാനായി ഒരു ചെറിയ ദ്വീപ് തന്നെ ക്രിസ്റ്റിയാനോ വാങ്ങിയത് നേരത്തെ വലിയ വാർത്തയായിരുന്നു.

2017 നവംബർ 12 ന് അവരുടെ മകൾ അലാന മാർട്ടിനയ്ക്ക് ജനിച്ചു. പിന്നീട് രണ്ടുകുട്ടികൾ കൂടി ഇവർക്കുണ്ടായി. ക്രിസ്റ്റിയാനോയുടെ മൂത്തമകനും ഇവർക്കൊപ്പമാണ് താമസം. ഒരു വലിയ കുംടബമാണ് ക്രിസ്റ്റിയനോയുടെ ലക്ഷ്യം. തന്റെ ജഴ്സി നമ്പർ ആയ 7നെ സൂചിപ്പിക്കുന്ന രീതിയിൽ അത്രയും കുട്ടികൾ വേണമെന്നാണ് താരത്തിന്റെ ആഗ്രഹം.

മകൻ മരിച്ചത് നൊമ്പരമായി

ഇക്കഴിഞ്ഞ ആഗസ്റ്റിൽ തന്റെ കുഞ്ഞ് മരിച്ചതിന്റെ നൊമ്പരം പങ്കുവെന്ന ക്രിസ്റ്റിയനോയുടെ വാർത്തയും വൈറലായിരുന്നു. തനിക്കും പങ്കാളി ജോർജിന റൊഡ്രിഗസിനും ഇരട്ടക്കുട്ടികളാണ് പിറക്കാനിരിക്കുന്നതെന്ന് റൊണാൾഡോ മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ''ഒരു പെൺകുഞ്ഞിനും ആൺകുഞ്ഞിനുമാണ് ജോർജിന ജന്മം നൽകിയത്. ഇതിൽ ആൺകുഞ്ഞാണ് പ്രസവശേഷം മരണപ്പെട്ടത്. ഈ ഭൂമിയിലേക്കെത്തിയ എന്റെ പെൺകുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന വസ്തുതയാണ് കടുത്ത വേദനയ്ക്കിടയിലും ആശ്വാസം പകരുന്നത്. ഞങ്ങൾക്ക് കരുതലും പിന്തുണയും നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിക്കുന്നു. ഈ വിഷമഘട്ടത്തിൽ ഞങ്ങളാകെ തകർന്നിരിക്കുകയാണ്. അതിനാല്ഡ തന്നെ സ്വകാര്യത ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആൺകുട്ടി മാലാഖയാണ്. എക്കാലവും ഞങ്ങൾ നിന്നെ സ്നേഹിക്കും''- റൊണാൾഡോയുടെ കുറിപ്പ് ഇങ്ങനെയാണ് പോയത് ഇത് ലോകം ഏറ്റെടുക്കയും ചെയ്തു.

ഇവരെ കൂടാതെ നാല് കുട്ടികൾ കൂടിയാണ് താരത്തിനുള്ളത്.''വീട്ടിലേക്ക് എത്തിയപ്പോൾ കുട്ടികൾ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യമാണ് മറ്റേ കുട്ടിയെവിടെ എന്നത്. മൂത്ത മകൻ ക്രിസ്റ്റിയാനോ ജൂനിയറുമായി എല്ലാ കാര്യങ്ങളും ഞാൻ പങ്കുവെക്കാറുണ്ട്. അവൻ 12 വയസ്സായ ആളാണ്. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. അവനോട് കുട്ടിയെ പറ്റിയുള്ള കാര്യം പറഞ്ഞ് ഞങ്ങൾ മാറി നിന്ന് കരഞ്ഞു. അവന് കാര്യം മനസിലായി. എന്നാലും എന്തൊക്കെയോ സംശയങ്ങൾ അവനുമുണ്ടായി''- ക്രിസ്റ്റ്യാനോ പറഞ്ഞു.

മറ്റ് കുട്ടികളും ജോർജിനയോട് കുഞ്ഞിനെപ്പറ്റി തിരക്കിക്കൊണ്ടിരിക്കുമായിരുന്നു. എയ്ഞ്ചൽ എന്നാണ് ആ കുഞ്ഞിന് പേര് നൽകിയിരുന്നത്. കുഞ്ഞ് സ്വർഗത്തിൽ പോയെന്ന് കുട്ടികളോട് പറയുകയായിരുന്നുവെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു. ആ രീതിയിലാണ് തങ്ങൾ കുട്ടികൾക്ക് കാര്യം മനസിലാക്കി കൊടുത്തത്. പിന്നീട് ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ആകാശത്തേക്ക് ചൂണ്ടിക്കാട്ടി ഇത് എയ്ഞ്ചലിന് വേണ്ടി ചെയ്തതാണെന്ന് കുട്ടികൾ പറയുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഞാൻ എന്റെ കുട്ടികളോട് നുണ പറയാൻ ഇഷ്ടപ്പെടുന്നില്ല. കുഞ്ഞിനെ സംബന്ധിച്ച കാര്യം തുറന്നുപറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നിരുന്നാലും ഞാൻ കുട്ടികളോട് സത്യം പറഞ്ഞു. അച്ഛൻ എന്നതിലുപരി അവരുടെ ഒരു സുഹൃത്തായ് മാറാൻ ഇതിലൂടെയെല്ലാം കഴിയും. അവർ തങ്ങളുടെ അച്ഛനുമായി കൂടുതൽ അടുക്കുമെന്നും താരം വികാരധീനനായി പറഞ്ഞു. പാശ്ചാത്യലോകത്ത് ബന്ധങ്ങൾ ഇല്ല എന്ന് പറയുന്നവർ വായിക്കേണ്ട കഥയാണ് ക്രിസ്റ്റിയാനോയുടെ ജീവിതം


ഗോൾഡൻ ബൂട്ട് ഫലസ്തീൻ ജനതക്ക്

കോടിക്കണക്കിന് രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടി ചെലവിടുന്ന വ്യക്തിയാണ് ആരാധകരുടെ പ്രിയപ്പെട്ട റോണോ. തന്റെ ഗോൾഡൻ ബൂട്ട് അദ്ദേഹം സംഭാവന ചെയ്തത് ഫലസ്തീനിലെ പൊരുതുന്ന ജനതക്കാണ്് അതുപോലെ യുദ്ധം തരിപ്പണമാക്കിയ സിറിയിലെ കുട്ടികൾക്കായി കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്തു. എന്നിട്ട് എല്ലാവരും അവരെ സഹായിക്കണമെന്ന് ഇൻസ്റ്റഗ്രാമിൽ കുറിക്കുകയും ചെയ്തു. ഇസ്ലാമോഫോബിയക്ക് എതിരെയും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ഇതുകൊണ്ട് എല്ലാമായിരക്കണം, ക്രിസ്റ്റിയനോ ഇസ്ലാമിലേക്ക് മതം മാറി എന്നുവരെ അഭ്യൂഹങ്ങൾ വന്നു. പക്ഷേ അത് ശരിയായിരുന്നില്ല. ഇന്നും ഒരു കത്തോലിക്കനാണ് ക്രിസ്റ്റിയാനോ. പക്ഷേ താൻ എല്ലാമതങ്ങളെയും അംഗീകരിക്കുന്നുവെന്നും, സ്നേഹവും സഹിഷുണതയുമാണ് ആധുനിക എന്നുമാണ് അദ്ദേഹം പറയുന്നത്. ( നോക്കുക, ഈ രീതിയിലുള്ള ഒരു വ്യക്തിയെയാണ് പച്ച വ്യഭിചാരിയായി, റഹ്്മത്തുള്ള ഖാസിമി മൂത്തേടത്തെപ്പോയുള്ള കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ വിലയിരുത്തുന്നത്)

ദാരിദ്ര്യത്തിനും അസമത്വത്തിനും എതിരെ പ്രതികരിക്കുന്ന മനുഷ്യസ്നേഹി എന്ന നിലയിലും റോണോ സ്നേഹിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രാങ്ക് വീഡിയോകൾ പോലും ഇത്തരത്തിലുള്ള രാഷ്ട്രീയത്തിന്റെ പേരിൽ വായിക്കപ്പെട്ടു. ഒരിക്കൽ മാഡ്രിഡ് നഗരത്തിൽ ഒരു തെരുവ് മനുഷ്യനെ വേഷമിട്ട് വന്ന് റൊണാൾഡോ പന്ത് തട്ടിക്കളിച്ചു. അപരമായ പന്തടക്കം കാഴ്ചവെച്ചിട്ടും ആരും അയാളെ ശ്രദ്ധിച്ചില്ല. അവസാനം തന്റെ കുടെ കളിക്കാൻ കൂടിയ ഒരു കുട്ടിക്ക് ആ പന്ത് ഒപ്പിട്ടുകൊടുത്ത്, വിഗ്ഗ് മാറ്റുമ്പോഴാണ് അത്, ക്രിസ്റ്റിയാനോ റൊണാൾഡോയെന്ന സൂപ്പർ താരമാണെന്ന് ജനം അറിയുന്നത്. അതോടെ പിന്നെ ജനം അയാളെ കാണാൻ ഇരച്ചുകയറുകയായിരുന്നു. ഈ വീഡിയോയിലൂടെ പണവും കഴിവും തമ്മിലുള്ള ബന്ധം ക്രിസ്റ്റിയനോ കാണിച്ചുതന്നു എന്ന് പിന്നീട് വിലയിരുത്തൽ ഉണ്ടായി.

ഇടക്കാലത്ത് ബുദ്ധമതത്തെ അനാദരിച്ചുവെന്ന ഒരു പ്രചാരണവും താരത്തിനെതിരെ ഉണ്ടായി. ഒരു ബുദ്ധ പ്രതിമയിൽ കാൽവച്ചെ് നിൽക്കുന്ന ചിത്രമാണ് വിവാദമായത്. പക്ഷേ പ്രതിമയായിട്ടാണ് ഒരു വിഗ്രഹമായിട്ടല്ല താൻ ഇതിനെ കണ്ടത് എന്നതും ഒരു മതത്തെയും അവഹേളിക്കുക, തന്റെ രീതിയല്ലെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും സുപ്രധാനമായ ഒരു കാര്യം, ശരീരത്തിൽ പച്ചകുത്താത്ത അപൂർവ താരമാണ് ക്രിസ്റ്റിയനോ. കാരണം അദ്ദേഹം സ്ഥിരമായ രക്തം ദാനം ചെയ്യുന്നുവെന്നതാണ്. ടാറ്റൂകളില്ലാത്ത ചുരുക്കം ചില കായികതാരങ്ങളിൽ ഒരാളാണ് റൊണാൾഡോ. ഈയിടെ ഒരു മജ്ജ ദാതാവായി മാറി. അവയവദാനത്തിന്റെ പ്രചാരകനായും അദ്ദേഹം പ്രവർത്തിക്കുന്നു. ഇതുകൊണ്ടുകൂടിയാണ് ലോകം ഈ മഹനായ കളിക്കാരനെ സ്നേഹിക്കുന്നതും.

വാൽക്കഷ്ണം: ചെയ്ത സാമൂഹിക സേവനങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യസ്നേഹികളിൽ ഒരാളാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. ഇസ്ലാമിക രാഷ്ട്രങ്ങളിലെ നരകിക്കുന്ന മനുഷ്യരെയാണ് അയാൾ ഏറ്റവും അധികം സഹായിച്ചത്. പക്ഷേ എന്നിട്ടും കേരളത്തിൽ നമ്മുടെ സമസ്ത പണ്ഡിതർക്ക്, അയാൾ അധിനിവേശത്തിന്റെ പ്രതീകമാണ്. പോർച്ചുഗലിന്റെ പതാകപോലും വെക്കരുത് എന്നാണ് സമസ്തയുടെ ഫത്വ!