- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മമ്മൂട്ടിയും ലാലും വരെ ചാൻസിനായി കാത്തിരിക്കുന്ന സംവിധായകൻ; ആദ്യ രണ്ടു ചിത്രങ്ങളും പരാജയം; 'ആമേനി'ലുടെ ബോക്സോഫീസ് കീഴടക്കി; ആയിരംപേരെവെച്ച് 11 മിനുട്ട് ക്ലൈമാക്സ് ഒറ്റ ഷോട്ടിലെടുത്ത് ഞെട്ടിച്ചു; ചുരുളിയിലെ തെറിയിൽ അക്ഷോഭ്യൻ; ഇപ്പോൾ 'നൻപകലും' തരംഗമാവുന്നു; കേരളത്തിന്റെ കിം കി ഡുക്ക്; ന്യൂജൻ ഡയറക്ടർ ഹീറോ എൽജെപിയുടെ കഥ
ഒരു സംവിധായകന്റെ സിനിമകാണാനായി അതിരാവിലെ ആറുമണിമുതൽ ചെറുപ്പക്കാർ ക്യൂ നിൽക്കുക. അഞ്ചുമണിക്കൂറിലേറെ ക്യൂ നിന്നിട്ടും ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് ശക്തമായ സംഘർഷം ഉണ്ടാവുക. ഒടുവിൽ പൊലീസ് ഇടപടേണ്ടിവരിക. താരങ്ങൾ ഭരിക്കുന്ന മലയാള സിനിമയിൽ അവരെ കടത്തിവെട്ടുന്ന ജനപ്രീതിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകന്!
കഴിഞ്ഞ ഐഎഫ്എഫ്കെ അതിന് സാക്ഷ്യമാണ്. ലിജോയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമ പ്രദർശിച്ചപ്പോൾ ഉണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാഞ്ഞതും, മണിക്കൂറുകൾ ക്യൂ നിന്നവരെ നോക്കുകുത്തിയാക്കി അനർഹരെ കയറ്റിവിട്ടതും, ഒടുവിൽ സംഘർഷമായതുമെല്ലാം ചരിത്രം. സമാപനസമ്മേളനത്തിൽ ഈ വിഷയത്തിന്റെ പേരിലാണ്, രാത്രി കൂളിങ്ങ് ഗ്ലാസ് വെച്ച് എത്തിയ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കൂക്ക് കിട്ടിയത്. അപ്പോൾ ധിക്കാരത്തോടെ അയാൾ ചെയ്ത പ്രസംഗത്തിലെ കുത്തുവാക്ക് ഓർമ്മയുണ്ടാവും. '' ഈ സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ എത്രപേർ കാണാനുണ്ടാവുമെന്ന്''. ഇപ്പോൾ നൻപകൽ നേരത്ത് മയക്കം തീയേറ്ററിൽ റിലീസ് ചെയ്തു. രഞ്ജിത്തിന്റെ പ്രവചനങ്ങൾ തെറ്റി. ഒരു അവാർഡ് പടം എന്ന രീതിയിൽ മാറ്റി നിർത്തപ്പെടാതെ, എല്ലാവിധം പേക്ഷകരും സിനിമ കാണാൻ എത്തുന്നുണ്ട്.
അതിനേക്കാൾ ശ്രദ്ധേയം സൂപ്പർതാരം മമ്മൂട്ടിയുടെ ചിത്രം എന്ന പേരിലല്ല, ഒരു എൽ ജെപി ചിത്രം എന്ന പേരിലാണ് ഇതിന് ആളുകൂടുന്നത്. താരത്തേക്കൾ വലുതായ സംവിധായകൻ വളരുന്ന അവസ്ഥ മലയാള സിനിമയിൽ അത്യപൂർവമാണെല്ലോ. മുമ്പ് ജോഷിയുടെ ചിത്രം, പ്രിയദർശന്റെ ചിത്രം, ഐ വി ശശിയുടെ ചിത്രം എന്ന പേരിൽ സിനിമകൾ അറിയപ്പെടുന്ന കാലം ഉണ്ടായിരുന്നു. സംവിധായകന്റെ പേര് എഴുതിക്കാണിക്കുമ്പോൾ തീയേറ്ററിൽ കൈയടികൾ ഉയർന്ന കാലം. സിനിമയുടെ രാജാവാണ് സംവിധായകൻ എന്ന പഴയ തത്വം ലിജോ തിരിച്ചുകൊണ്ടുവരികയാണ്.
അതുപോലെ ആർട്ട്ഹൗസ് പടങ്ങൾ എന്നും കൊമേർഷ്യൽ പടങ്ങൾ എന്നുമുള്ള വേർ തിരിവ് ഇല്ലാതാക്കി, എല്ലാതരത്തിലുള്ള പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ സിനിമയുടെ വ്യാകരണം പുതുക്കിപ്പണിഞ്ഞ സംവിധായകൻ കൂടിയാണ് ലിജോ. ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റിവലിലേക്ക് അയാളുടെ ചിത്രങ്ങൾ ക്ഷണിക്കപ്പെടുന്നു. ശരിക്കും ഇന്ത്യൻ സിനിമയുടെ വേൾഡ് പ്രീമിയർ അംബാസിഡർ കൂടിയാവുകയാണ് ലിജോ. ശരിക്കും കേരളത്തിന്റെ കിം കി ഡുക്ക് എന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭ.
പക്ഷേ അത്ര എളുപ്പത്തിലൊന്നുമല്ല, ചെറിയ വേഷങ്ങളിലുടെ നല്ല സ്വഭാവ നടൻ എന്ന് കൂടി പേരെടുത്ത ഈ സംവിധായകൻ വളർന്നുന്നവന്നത്. പല പരീക്ഷണങ്ങളുടെതയും പേരിൽ ഒരുപാട് പഴി കേട്ട ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.
വഴികാട്ടിയായ പിതാവ്
തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ 1979 സെപ്റ്റംബർ 12 നാണ് ലിജോ ജോസ് പെല്ലിശ്ശേരി ജനിച്ചത്. സംസ്ഥാന നാടക അവാർഡ് ജേതാവും, നാടക നടനും പിന്നീട് സിനിമാ നടനുമായ ജോസ് പെല്ലിശ്ശേരിയും, ലില്ലിയുമാണ് മാതാപിതാക്കൾ. ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സ്‌കൂൾ കാലഘട്ടം. ആലുവയിലെ യൂണിയൻ യൂത്ത് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദവും, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
പിതാവിന്റെ കലാജീവിതം കണ്ടുകൊണ്ടാണ് ലിജോ വളർന്നത്. സാരഥി തീയേറ്റേഴ്സ് എന്ന ചാലക്കുടിയിലെ വിഖ്യാതമായ നാടക ട്രൂപ്പിന്റെ പാർട്ണർ കൂടിയായിരുന്നു ജോസ് പെല്ലിശ്ശേരി. തിലകനും, ലോഹിതദാസും അടക്കമുള്ള എത്രയോ പ്രഗൽഭർ സഹകരിച്ച ട്രൂപ്പ് ആയിരുന്നു അത്. പിതാവിന്റെ നാടകവഴികളിലൂടെയൊക്കെ സഞ്ചരിച്ച് ചെറുപ്പത്തിൽതന്നെ കുഞ്ഞ് ലിജോയും, അരങ്ങിനെ മനസ്സിലാക്കാൻ തുടങ്ങി. ഒരു അഭിമുഖത്തിൽ ലിജോ അക്കാലത്ത് പിതാവിന് ഒപ്പം നാടക ട്രൂപ്പിന്റെ വണ്ടിയിൽ നടത്തിയ വേളാങ്കണ്ണി യാത്ര അനുസ്മരിക്കുന്നുണ്ട്. നൻപകൽ നേരത്ത് മയക്കത്തിലെ ആ വേളാങ്കണ്ണി യാത്രയുടെ പ്രചോദനം അതായിരിക്കാം.
പക്ഷേ പിതാവിനേക്കാൾ ലിജോയുടെ സിനിമാ ജീവിതത്തെ സ്വാധീനിച്ചത്, അമ്മയുടെ പിതാവായ തോമസ് ആയിരുന്നു. അദ്ദേഹം ഒരു തമിഴ്‌നാട്ടുകാരനായിരുന്നു.
നൽപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ പേരും തോമസ് എന്നുതന്നെ.'' മലയാളവും തമിഴും, ഇണചേർന്ന് കിടക്കുന്ന ഭാഷകളാണ്. നമുക്ക് തമിഴ്‌നാടുമായി വലിയ സാംസ്കാരിക വിനിമയത്തിന്റെ പാരമ്പര്യമുണ്ട്. അതൊക്കെ അബോധമായി ഈ സിനിമയെ സ്വാധീനിച്ചിരിക്കാം.'' ഒരു അഭിമുഖത്തിൽ ലിജോ പറയുന്നു. അമ്മയുടെ അച്ഛൻ ഒരു സിനിമാഭ്രാന്തനായിരുന്നു. വളരെ ചെറുപ്പത്തിൽ ലിജോയെ ഒരുപാട് സിനിമകൾക്ക് കൊണ്ടുപോയി. ഒരു ദിവസം ഒരു സിനിമവെച്ച് കണ്ട കാലം ആയിരുന്നു അതെന്ന് ലിജോ ഓർക്കുന്നു.
പിന്നീട് സിനിമയിൽ ഹാസ്യ-സ്വഭാവവേഷങ്ങളിലുടെ പെല്ലിശ്ശേരി തിളങ്ങാൻ തുടങ്ങി. പത്താംക്ലാസിൽ പഠിക്കുമ്പോൾ സിനിമ പഠിക്കാൻ താൽപ്പര്യമുണ്ടെന്ന് പിതാവിനോട് പറഞ്ഞ ലിജോക്ക് കിട്ടിയ മറുപടി, 'സമയം ആയിട്ടില്ല' എന്നായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞു നിനക്ക് പറ്റിയത് സിനിമ തന്നെയെന്ന്. പക്ഷേ മകന്റെ ആദ്യ ചിത്രം കാണാനുള്ള ഭാഗ്യം ആ പിതാവിന് ഉണ്ടായിരുന്നില്ല. 2004 ഡിസംബർ 5ന് 54ാമത്തെ വയസ്സിൽ പൊടുന്നനെയാണ് ജോസ് പെല്ലിശ്ശേരി അന്തരിച്ചത്.
ആദ്യ രണ്ടു ചിത്രങ്ങളും പരാജയം
ലിജോയുടെ സിനിമാ ജീവിതം തുടങ്ങുന്നത് ഷോർട്ട് ഫിലിമുകളിലൂടെയാണ്. പല ദേശീയ ഫിംലിം ഫെസ്റ്റിവലുകളിലും ലിജോയുടെ ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടു. 2010ലാണ് നായകൻ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് ഒരു ഇടിമുഴക്കംപോലെ അയാൾ കടുന്നു വന്നത്. ശരിക്കും ഞെട്ടിച്ച സിനിമയായിരുന്നു ഇത്. അന്നുവരെ മലയാളം കണ്ടിട്ടില്ലാത്ത കഥയും ക്രാഫ്റ്റും. പി എസ് റഫീക്കിന്റെയായിരുന്നു തിരക്കഥ. ഇന്ദ്രജത്തിന്റെ നായകവേഷവും സിദ്ദീഖിന്റെ വില്ലനുമൊക്കെ കിടിലനായി. തമിഴിലെ ന്യൂജൻ തരംഗംപോലെ വ്യത്യസ്തമായ സിനിമ എടുക്കാൻ കഴിയുന്നവർ മലയാളത്തിലുമുണ്ടെന്ന് മാധ്യമങ്ങൾ എഴുതി. പക്ഷേ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.
അടുത്തവർഷം അദ്ദേഹം എടുത്തത് അതിലും വ്യത്യസ്തമായ 'സിറ്റി ഓഫ് ഗോഡ്' എന്ന ചിത്രമായിരുന്നു. കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ കഥയും, തമിഴ്തൊഴിലാളികളുടെ ജീവിതവും പരസ്പര പൂരകമായി പറഞ്ഞ് കലാപരമായി ചിത്രം പേരെടുത്തു. പക്ഷേ സാമ്പത്തികമായി വിജയിച്ചില്ല. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് സിറ്റി ഓഫ് ഗോഡ് എന്ന് നടൻ പൃഥ്വീരാജ് പിന്നീട് പറഞ്ഞു. അത് തനിക്ക് സംവിധാനം ചെയ്യണമെന്ന് തോന്നിയ ചിത്രമാണെന്നും, വിവാഹവുമായി ബന്ധപ്പെട്ട തിരക്കിൽ ആയതിൽ ചിത്രത്തിന്റെ പ്രേമോഷനിൽ പങ്കെടുക്കാൻ ആയില്ലെന്നും പൃഥി പറഞ്ഞു. പക്ഷേ ലിജോ എന്ന സംവിധായകനെ സ്റ്റാമ്പ് ചെയ്യുന്ന ഷോട്ടുകളായിരുന്നു സിറ്റി ഓഫ് ഗോഡിന്റെത്. ഓടിക്കളിക്കുന്ന ക്യാമറയുടെ കുഴമറിച്ചിൽ കണ്ട് മലയാള സിനിമ ഞെട്ടിയ കാലം. പരീക്ഷണത്തിന് ഇറങ്ങിയ ക്രാഫ്റ്റ്മാൻ എന്ന പേര് അന്നേ ലിജോയുടെ പേരിൽ പതിഞ്ഞു.
മലയാള സിനിമാ വ്യവസായം അടിമുടി മാറിക്കൊണ്ടിരിക്കുന്ന സമയം ആയിരുന്നുവെങ്കിലും, വ്യാവസായിക വിജയം തന്നെ ആയിരുന്നു, അന്നും എല്ലാറ്റിനും അടിസ്ഥാനം. ആദ്യ രണ്ടു സിനിമകളും സാമ്പത്തികമായി പരാജയപ്പെട്ടുപോയ ഒരു സംവിധായകൻ ഔട്ടായിപ്പോവുകയാണ് പതിവ്. പക്ഷേ മലയാള സിനിമക്ക് ലിജോയെ വേണമായിരുന്നു. അയാൾ ശക്തമായി തിരിച്ചുവന്നു.
നോ പ്ലാൻ ടു ചേഞ്ച്
രണ്ടു സാമ്പത്തിക പരാജയങ്ങൾ നേരിട്ടിട്ടും, അൽപ്പംപോലും മാറാനുള്ള പ്ലാൻ ലിജോക്ക് ഇല്ലായിരുന്നു. 2013ലും അയാൾ വീണ്ടുമൊരു പരീക്ഷണ ചിത്രവുമായി രംഗത്ത് എത്തി. അതായിരുന്നു ആമേൻ. ഫഹദ്ഫാസിലും, സ്വാതി റെഡ്ഡിയും, കലാഭവൻ മണിയും, ഇന്ദ്രജിത്തും, ജോയ്മാത്യുവും, മഗരംദേശ്പാണ്ഡേയുമൊക്കെ തകർത്ത് അഭിനയിച്ച ചിത്രം. കുമരംകരി എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ ബാൻഡ് സംഘങ്ങളുടെ കഥ, ലിജോയുടെ കൂന്തളിച്ച് വിടുരുന്ന ക്യാമറയിലുടെ ചുരുൾ നിവർന്നപ്പോൾ, ജനം കൈയിടിച്ചു. ചിത്രം നൂറു ദിവസത്തിലധികം തീയേറ്റുകളിൽ പ്രദർശിപ്പിച്ചു. ജോയ്മാത്യ എന്ന നടന്റെ തിരിച്ചുവരവിനും ഇടയാക്കി ഇതിലെ കത്തനാരുടെ കഥാപാത്രം. പിന്നീട് ജോയ് മാത്യുവിനും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മാജിക്കൽ റിയലിസത്തിന്റെ ദൃശ്യഖ്യാനം എന്നപോലെ നവീനമായ ഒരു ആഖ്യാന ശൈലിയാണ് ആമേൻ മലയാളത്തിന് സമ്മാനിച്ചത്. അവസാന പത്തുമിനിട്ടിലെ ബാൻഡ് മത്സരത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരിൽ രോമാഞ്ചമുണ്ടാക്കി. ഓരോ ഫ്രയിമിലും ലിജോ മാജിക്ക് തുടിക്കുന്ന ചിത്രം ആയിരുന്നു ഇത്.
ആമേനിന്റെ ഗംഭീര വിജയത്തിനുശേഷവും, സുരക്ഷിതമായ കൊമേർഷ്യൽ ട്രാക്ക് പിടിച്ച് മുന്നോട്ട് പോവാൻ ലിജോ കൂട്ടാക്കിയില്ല. അയാൾ അടുത്തതായി എടുത്തത് മലയാള സിനിമ കേട്ടിട്ടുപോലും ഇല്ലാത്ത ഗ്യാങ്ങ്സ്റ്റർ കോമഡി ആയിരുന്നു. അതാണ് പൃഥീരാജും, ഇന്ദ്രജിത്തും നായകരായ 'ഡബിൾ ബാരൽ'. ശരിക്കും മലയാളത്തിൽ കാലം തെറ്റി ഇറങ്ങിയ ഒരു ചിത്രം ആയിരുന്നു അത്. ഇത്തരത്തിലും സ്പൂഫും സർക്കാസവും ഒന്നും മലയാളി നാളിതുവരെ കേട്ടിട്ടില്ലായിരുന്നു. വെടിയും പുകയും, ഹെലികോപ്റ്ററുമൊക്കെയായി കോടികൾ പൊടിച്ച ചിത്രം എന്ന പേരുദോഷമാണ് ഈ പടം ഉയർത്തിയത്. നിർമ്മാതാവിന്റെ കോടികൾ പൊടിച്ച് യാതൊരു ഉത്തരവാദിത്വവുമില്ലാതെ തമാശ കളിക്കയാണോ തുടങ്ങിയ വിമർശനങ്ങൾ നാലുപാടുനിന്നും ഉയർന്നു. ആമേൻ പോലെ ഒരു ചിത്രം പ്രതീക്ഷിച്ച് എത്തിയ പ്രേക്ഷകർ ലിജോയെ സോഷ്യൽ മീഡിയയിൽ തെറിവിളികൾ കൊണ്ട് മൂടി.
പക്ഷേ ലിജോ അപ്പോഴും അക്ഷോഭ്യനായിരുന്നു. വിമർശനങ്ങൾ ശക്തമായപ്പോൾ അദ്ദേഹം ഒരുമറുപടി നൽകി. 'നോ പ്ലാൻ ടു ചേഞ്ച്, നൊ പ്ലാൻ ടു ഇമ്പ്രസ്'. തനിക്ക് ഇഷ്ടമുള്ള സിനിമയാണ് എടുക്കുക, എന്നും അല്ലാതെ പ്രേക്ഷകരുടെയും വിപണിയുടെയും സൗകര്യത്തിന് അനുസരിച്ച് അല്ല എന്ന് തല ഉയർത്തിപ്പറയുന്ന സംവിധായകൻ. ആ നട്ടെല്ലും, തന്നിൽ തന്നെയുള്ള വിശ്വാസവുമാണ് ലിജോയെ വേറിട്ടതാക്കുന്നത്.
86 പുതുമുഖങ്ങളുമായി അങ്കമാലി
ഡബിൾ ബാരലിന്റെ സാമ്പത്തിക പരാജയം കൂസാതെ വീണ്ടും പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു ലിജോ. അതായിരുന്നു 86 പുതുമുഖങ്ങളുമായി, കട്ടലോക്കൽ പടം എന്ന ടാഗ്ലൈനിൽ 2017 ഇറങ്ങിയ അങ്കമാലി ഡയറീസ്. ഇത്രയും പതുമുഖങ്ങളെ ഒന്നിച്ച് അണിനിരത്തുന്നത് ലോക സിനിമയിൽ തന്നെ അപുർവമായിരുന്നു.
നടൻ ചെമ്പൻ വിനോദാണ് ചിത്രം എഴുതിയത്. ആന്റണി വർഗീസ്, രേഷ്മ രാജൻ, കിച്ചു തെല്ലസ്, ഉല്ലാസ് ജോസ് ചെമ്പൻ, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, ശരത് കുമാർ, സിനോജ് വർഗീസ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഫ്രൈഡെ ഫിലംഹൗസി ന്റെ ബാനറിൽ നിർമ്മിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിർമ്മാണ ചിത്രമായിരുന്നു. അങ്കമാലിയെന്ന ഒരു പട്ടണത്തിലെ സംഭവപരമ്പരകളിലൂടെ, ഒരു ഉഗ്രൻ പടമായിരുന്നു എൽജെപി ഒരുക്കിയത്. ചിത്രം തീയേറ്റുകളിൽ വൻതോതിൽ സ്വീകരിക്കപ്പെട്ടു. അതിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. പക്ഷേ ചിത്രത്തെ ചരിത്രത്തിൽ ഇടം പിടിപ്പിച്ചത്, 11 മിനുട്ട് നീളമുള്ള ക്ലൈമാക്സിലെ ഒറ്റ ഷോട്ടാണ്. ആയിരം കഥാപാത്രങ്ങളെ വച്ചുകൊണ്ട് ഇത് എടുത്ത്. ആ ഞെട്ടിക്കുന്ന ലോകോത്തര ഷോട്ട് കണ്ടവർ എല്ലാം പറയാൻ തുടങ്ങി, ഇതാണ് എൽജെപി മാജിക്ക്. അന്നുതൊട്ടാണ് ചലച്ചിത്ര കമ്പക്കാർക്ക് എൽജെപി എന്ന മൂന്നക്ഷരം ഉന്മാദത്തിന് സമാനമായ ഹരമായി മാറുന്നത്.
ഈ മ യൗവും ജല്ലിക്കട്ടും
പക്ഷേ 2018ലെ ഈ.മ.യൗ എന്ന ചിത്രം ലിജോയുടെ അതുവരെയുള്ള ക്രാഫ്റ്റിൽനിന്നുള ഒരു വഴിമാറ്റവും ആയിരുന്നു. കൊമേർഷ്യൽ സിനിമയിൽനിന്ന് പൂർണ്ണമായും മാറി, ആർട്ട് ഹൗസിലേക്കുള്ള ലിജോയുടെ കുടിയേറ്റമാണ് ഇവിടെ കണ്ടത്.
ഈശോ മറിയം യൗസേപ്പേ എന്നതിന്റെ ചുരുക്ക രൂപമാണ് ഈ.മ.യൗ. വിനായകൻ, ചെമ്പൻ വിനോദ്്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. 25 ദിവസത്തെ ഷെഡ്യൂൾ പ്ലാൻ ചെയ്ത സിനിമ ചിത്രീകരണത്തിന് എടുത്തത് വെറും 18 ദിവസം മാത്രം. അതും ലിജോയുടെ മറ്റൊരു മാജിക്ക്. സാധാരണ ഷൂട്ടിങ്ങ് നീണ്ടുപോയതിന്റെ കഥകൾ മാത്രമാണ് കേൾക്കാറുള്ളത്.എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശ ഗ്രാമത്തിൽ നടക്കുന്ന ഒരു വൃദ്ധന്റെ മരണവും അതിനെത്തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മരണം കൊണ്ടുണ്ടാക്കിയ മാസ്റ്റർ പീസ് എന്നൊക്കെ ചിത്രം വിലയിരുത്തപ്പെട്ടു. അധികാരവും, പൗരോഹിത്യവും എങ്ങനെ മനുഷ്യന്റെ മേൽ കുതിരകയറുന്നു എന്നതിന്റെ കൃത്യമായ സൂചകമായിരുന്നു ഈ പടം.
പി എഫ് മാതൂസിന്റെ രചനയിൽ ഇറങ്ങിയ ഈ.മ.യൗ പ്രേക്ഷക അംഗീകാരത്തിന് ഒപ്പം അവാർഡുകളും വാരിക്കൂട്ടി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഐഎഫ്എഫ്കെയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം തുടങ്ങിയ ഒട്ടനവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഐഎഫ്എഫ്ഐയിലെ മികച്ച സംവിധായകനും മറ്റാരുമായിരുന്നില്ല.
തുടർന്നുവന്ന ജല്ലിക്കട്ടിനും അംഗീകരങ്ങൾ ഏറെയായിരുന്നു. 2019ൽ ഗോവയിൽ വെച്ച് നടന്ന 50-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ രണ്ടാം വർഷവും തുടർച്ചയായി മികച്ച സംവിധായകനുള്ള രജതമയൂരം ലിജോയ്ക്ക് ലഭിച്ചു. 2019ലെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു. എസ്. ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ കഥ, എസ്. ഹരീഷിന്റെ തന്നെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ്. ആന്റണി വർഗീസ്, സാബുമോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2019 ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജല്ലിക്കട്ട് പ്രദർശിപ്പിച്ചു. 93ാമത് ഓസ്‌കാർ പുരസ്‌കാരത്തിന് മികച്ച അന്താരാഷ്ട്ര ചലച്ചിത്രം വിഭാഗത്തിൽ ഈ സിനിമയെ തിരഞ്ഞെടുത്തിരുന്നു. ഓസ്‌കാർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാളചലച്ചിത്രം ആണിത്.
ഒരു പോത്തിന്റെ ഓട്ടത്തിൽനിന്നാണ് ലിജോ ഇതുപോലെ ഒരു ക്ലാസിക്ക് ഒരുക്കുന്നത്. ഗ്രാമവാസികളെല്ലാം പോത്തിനെ പിടിക്കാനായി വിവിധ വഴിയിലൂടെ ഓടുന്നു. കൂട്ടത്തിൽ അയൽഗ്രാമക്കാരും ചേരുന്നു. ഇതിനിടയിൽ പ്രണയവും വൈരാഗ്യവും പ്രതികാരവും എല്ലാം കടന്നുവരുന്നു. മനുഷ്യന്റെ പ്രാകൃതവാസനകളെക്കുറിച്ച് ഓർമ്മിപ്പിച്ചാണ് ചിത്രം സമാപിക്കുന്നത്.
ചുരുളിയിലെ തെറിയിലും കുലക്കമില്ല
ആരാധനക്കൊപ്പം തെറിവിളിയും നന്നായി കേട്ടിട്ടുള്ളയാളാണ് ലിജോ. ചുരുളി എന്ന സിനിമയിലെ ഡയലോഗുകളിലെ തെറിവിളിയുടെ പേരിലാണ് അദ്ദേഹം ഏറ്റവും അവസാനമായി സൈബർ ലിഞ്ചിങ്ങിന് വിധേയനായത്. എന്നാൽ ആ സിനിമയുടെ പ്രമേയം അങ്ങനെ ആണെന്നും, തെറി മനപുർവം കൊണ്ടുവന്നത് അല്ലെന്നുമായിരുന്നു എൽജെപിയുടെ നിലപാട്. അദ്ദേഹം ഈ സദാചാരക്കമ്മറ്റിക്കുനേരെ പ്രതികരിക്കാൻ പോലും പോയി. ചിലർ ചിത്രത്തിലെ ഭാഷക്കെതിരെ കോടതിയിൽ പോയെങ്കിലും കോടതി ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിന് ഒപ്പം നിൽക്കയാണ്.
ഈ ചിത്രങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ എൽജെപി ഇങ്ങനെ പറയുന്നു. ''
ഈ.മ.യൗ, ജല്ലിക്കട്ട്, ചുരുളി എന്നീ സിനിമകൾ ഒരു ട്രിലജിയുടെ ഭാഗമാണ്. ആ ത്രയത്തിലെ അവസാനത്തെ സിനിമയാണ് ചുരുളി. ജീവിതം, മരണം, മരണത്തിന് ശേഷമുള്ള അവസ്ഥ എന്നതിനെ കുറിച്ചാണ് ഞാൻ ഈ ട്രിലജിയിലൂടെ പറഞ്ഞിരിക്കുന്നത്. ഇതൊരിക്കലും ഞാൻ ആദ്യമേ തീരുമാനിച്ച് നടപ്പാക്കുകയായിരുന്നില്ല. അത്തരത്തിൽ രൂപാാന്തരപ്പെടുകയായിരുന്നു. ഈ.മ.യൗ ചെയ്യുമ്പോൾ ഒരിക്കൽ പോലും ഇങ്ങനെയൊരു ട്രിലജി സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഈ മ യൗ, ജെല്ലിക്കെട്ട് എന്നീ സിനിമകൾക്ക് ശേഷം വളരെ സ്വാഭാവികമായി ചുരുളി എന്ന സിനിമയിലേക്ക് എത്തുകയായിരുന്നു.''- ലിജോ പറഞ്ഞു.
''തിരക്കഥാകൃത്ത് എസ് ഹരീഷാണ് തിരുമേനി-മാടൻ കഥ തിരക്കഥയുടെ ഭാഗമാക്കിയത്. സിനിമയുടെ പ്ലോട്ടുമായി എല്ലാവരെയും ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു കഥ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഹരീഷ് പെരുമാടന്റെയും തിരുമേനിയുടെയും കഥ ചേർത്തത്. സിനിമ കഴിയുമ്പോഴും ആ കഥയിലേക്ക് തിരിച്ചുവരാൻ പ്രേക്ഷകന് സാധിക്കണം. ഏത് കഥയിൽ നിന്നാണോ തുടങ്ങിയത് അവിടേക്ക് തന്നെ അവസാനം എത്തിപ്പെടുന്നു എന്ന് സിനിമ കഴിയുമ്പോൾ മനസിലാകും''-ലിജോ പറഞ്ഞു.
നിയമങ്ങളില്ലാത്ത ഒരു പ്രദേശത്ത് നിയമപാലകരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പിടികിട്ടാപ്പുള്ളിയെ തേടിയെത്തുമ്പോൾ അവരുടെ ആ നാടിന്റെ രീതികൾക്കൊത്ത് മാറുന്നതാണ് ചുരുളിയുടെ പ്രമേയം.
തരംഗമായ മയക്കം
ഇപ്പോൾ ഇറങ്ങിയ നൽപകൽ നേരത്ത് മയക്കവും തരംഗമാവുകയാണ്. താൻ എപ്പോഴോ കണ്ട ഒരു പരസ്യ ചിത്രത്തിന്റെ തന്തുവച്ചാണ് ലിജോ ഈ കഥയുണ്ടാക്കിയത്. ആഖ്യാനം കൊണ്ടും പ്രമേയം കൊണ്ടു മലയാള സിനിമയെ ഞെട്ടിച്ച ചിത്രമായിരുന്നു ഇതും.
തമിഴകത്തിന്റെ പൊള്ളിക്കുന്ന ഉഷ്ണക്കാറ്റിൽ മയങ്ങിക്കിടക്കയാണ്, കേരളത്തിൽ നിന്ന് ഒരു മിനിബസിൽ വേളാങ്കണ്ണി സന്ദർശിച്ച് മടങ്ങുന്ന ആ തീർത്ഥാടക സംഘം. അതിൽ വൃദ്ധരുണ്ട്, സ്ത്രീകളുണ്ട്, കുട്ടികളുണ്ട്, ദമ്പതിമാരുണ്ട്. പെട്ടെന്ന് മയക്കത്തിൽനിന്ന് ഉണർന്ന്, ചോളപ്പാടങ്ങൾ ഇരുവശവും നിറഞ്ഞുനിൽക്കുന്ന ആ റോഡിൽ ഒന്ന് നിർത്താൻ ഗ്രൂപ്പിന്റെ ലീഡറായ ജെയിംസ് ആവശ്യപ്പെടുമ്പോൾ നമ്മൾ കരുതുക, മൂത്രമൊഴിക്കാനോ മറ്റോ ആണെന്നാണ്. ജെയിംസിന്റെ ഭാര്യയും മകനും, അമ്മായി അപ്പനുമൊക്കെ ഈ വണ്ടിയിലുണ്ട്. പക്ഷേ അയാൾ ആ ചോളപ്പാടങ്ങൾക്കിയിലൂടെ അങ്ങോട്ട് നടന്നുപോവുകയാണ്. ഒരു തമിഴ് കുഗ്രാമത്തിലേക്ക് ചിരപരിചിതനെപ്പോലെ നടന്ന് നടന്ന് പോവുന്ന അയാൾ, അവസാനം ഒരു കൊച്ചു വീട്ടിലേക്ക് കയറുകയാണ്! പിന്നെ അയാൾ ഒരു തമിഴനായി മാറുകയാണ്. അങ്ങനെ പോകയാണ് ഈ സിനിമ. ഗബ്രിയൽ ഗാർസിയ മാർകേസിന്റെ നോവലുകളിലെ മാജിക്കൽ റിയലിസം പോലെ ഒരു കഥ.
മമ്മൂട്ടിയും എൽജെപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ''മമ്മൂക്കയുടെ അടുത്ത് ആദ്യമായി ഞാൻ ചെന്ന് ഈ വിഷയം അവതരിപ്പിക്കുമ്പോൾ ഞാൻ പറഞ്ഞത്, മമ്മൂക്കയെ വെച്ച് എനിക്ക് ചെയ്യാൻ ആഗ്രഹം ഭൂതക്കണ്ണാടി പോലൊരു സിനിമയാണ് എന്നാണ്. ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഞാൻ ഭൂതക്കണ്ണാടി കണക്കാക്കുന്നത്. ഭൂതക്കണ്ണാടി മാത്രമല്ല തനിയാവർത്തനം പോലെയയുള്ള ചിത്രങ്ങളും എനിക്ക് ഏറെ ഇഷ്ടമാണ്.''- ലിജോ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഈ കഥ കേട്ടതോടെ മമ്മൂട്ടിയും ഒന്ന് തീരുമാനിച്ചു. ഈ പടം സ്വന്തമായി പ്രൊഡ്യൂസ് ചെയ്യാൻ. അങ്ങനെയാണ് മമ്മൂട്ടിക്കമ്പനി എന്ന നിർമ്മാണക്കമ്പനിയുണ്ടാവുന്നതും.
അശോകൻ, രമ്യ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തു ചിത്രത്തിന്റെ രചന എസ് ഹരീഷാണ്. പഴയ ആർട്ട് സിനിമാ സങ്കൽപ്പങ്ങളെ തെറ്റിച്ചുകൊണ്ട് ഈ പടത്തിനും ആളുകൂടുന്നത് മലയാളിയുടെ ചലച്ചിത്രബോധത്തിൽവന്ന മാറ്റത്തിന്റ പ്രതിഫലനം കൂടിയാണ്.
വ്യക്തിജീവിതത്തിൽ തീർത്തും ഒരു വിശ്വാസിയായ കത്തോലിക്കനാണ് ലിജോ. ആ വിശ്വാസപരമായ മാറ്റം അദ്ദേഹത്തിന്റെ ഇപ്പോൾ പ്രതിഫലിക്കുന്നുണ്ട്. ഇനിയുള്ള തന്റെ ചിത്രങ്ങളിൽ ആ മാറ്റം ഉണ്ടാവുമെന്നും അതിന്റെ തുടക്കമാണ് നൻപകൽ നേരം എന്നുമാണ് പറയുന്നത്്. ലിജോയുടെ ചിത്രങ്ങളിൽ വിമർശകർ എടുത്തുപറയാറുള്ള വെർബലും വിഷ്വലുമായ വയലൻസ് ഈ ചിത്രത്തിൽ തീരെയില്ല.
മലൈക്കോട്ടെ വാലിബനായി കാത്തിരിപ്പ്
ഒരു സംവിധായകൻ എന്ന രീതിയിൽ മാത്രമല്ല ലിജോ ഒരു നല്ല നടൻ കൂടിയാണ്. എത്രയോ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ നർമ്മം വിതക്കുന്ന റോളകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ തിരക്കുകൾ മൂലം അഭിനയത്തിന് ചെറിയ അവധി കൊടുത്തിരിക്കയാണെന്ന് അദ്ദേഹം പറയുന്നു.
ഇന്ന് മലയാളത്തിൽ മമ്മൂട്ടിയും ലാലും അടക്കമുള്ള സൂപ്പർ താരങ്ങൾ ഒരു മുൻധാരണകളുമില്ലാതെ ഡേറ്റ് കൊടുക്കുന്ന ഏക സംവിധായകൻ ആയിരിക്കണം ലിജോ. കഥ കേൾക്കണം എന്നോ, നായിക ആരാണെന്നോ ഒന്നും അവർക്ക് അറിയേണ്ട. അതാണ് ആ സംവിധായകന്റെ മിടുക്ക്. ഇപ്പോൾ മോഹൻലാലും ലിജോ ചിത്രത്തിൽ വേഷമിടുകയാണ്. അതാണ് സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ'. 'മലയാളത്തിന്റെ മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം' എന്നാണ് മലൈക്കോട്ടൈ വാലിബനെ അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്.
സമീപകാലത്തായി മോഹൻലാൽ എന്ന നടൻ വല്ലാത്ത ഒരു പ്രതിസന്ധി നേരിടുകയാണ്. നല്ല സിനിമകൾ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, അവസാനം ഇറങ്ങിയ മോൺസ്റ്റർ എന്ന സിനിമയിലെ ലാലിന്റെ പ്രകടനം, അരോചകം എന്നാണ് നിരൂപകർ വിലയിരുത്തിയത്്. ഈ ഒരു സാഹചര്യത്തിൽ ആ മഹാനടനുള്ള ഒരു പുനർജ്ജനം കൂടി ആയിരിക്കും വാലിബൻ. ഇപ്പോൾ രാജസ്ഥാനിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കയാണ്. ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹൻലാൽ എത്തുക എന്നതും ആരാധകരുടെ ആവേശം വർധിപ്പിക്കുന്നു.
എന്തൊക്കെപ്പറ്റഞ്ഞാലും എല്ലാം സൂപ്പർ താരങ്ങൾ തീരുമാനിക്കുന്ന അവസ്ഥ ഒന്ന് മാറ്റിപ്പിടിക്കാൻ കഴിഞ്ഞത് ലിജോ യുഗത്തിനുശേഷമാണ്. സംവിധായകന്റെ മാത്രം പേരിൽ ഒരു പടം ബ്രാൻഡ് ചെയ്യാൻ കഴിയുന്ന അവസ്ഥയുണ്ടായിട്ട് എത്രകാലമായി. സിനിമ സംവിധായകന്റെ കലയാണെന്നാണ് പറയുക. ആ നട്ടെല്ല് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു എന്ന രീതിയിൽ കൂടിയാവും, വരും നാളുകളിൽ ആരാധകരുടെ പ്രിയപ്പെട്ട എൽജെപി അറിയപ്പെടുക.
വാൽക്കഷ്ണം: ഹോളിവുഡ് ശൈലിയിൽ സിനിമ എടുത്താലേ മലയാള സിനിമ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന ചോദ്യത്തിന്, അങ്ങനെ സിനിമചെയ്യാൻ ഹോളിവുഡിൽ സംവിധായകർ ഇല്ലേ, നമ്മൾ സിനിമയെടുക്കേണ്ടത് നമ്മുടെ കഥയല്ലേ എന്ന് ചോദിച്ച സംവിധായകനാണ് ലിജോ. അതായിരിക്കും അയാളുടെ വിജയത്തിന്റെ അടിസഥാനവും. ആരെയും അനുകരിക്കാത്ത പക്കാ റോ ഫിലിം മേക്കിങ്ങ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ