തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ പ്രശസ്തനായ ഒരു സിപിഎം നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ്, രണ്ടുകോടി മുപ്പത്തിഅയ്യായിരം രൂപ കടത്തിയെന്ന ആരോപണത്തിൽ ഞെട്ടിയിരിക്കയാണേല്ലോ കേരളം. ഈ ആരോപണം ഉന്നയിച്ച ജി ശക്തിധരൻ ആരാണ് എന്നും അത് പറയാനുള്ള മെറിറ്റ് അദ്ദേഹത്തിന് എന്താണുമെന്നാണ്, സൈബർ സഖാക്കൾ മുതൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലെ പ്രമുഖർ വരെ ചോദിക്കുന്നത്. ഇന്നോവ ഇറങ്ങിയിട്ടില്ലാത്ത കാലത്ത് ഇന്നോവയിൽ കടത്തി എന്ന് പറയുന്നത് ബാലിശമാണെന്നും, എന്താണ് മുഴുവൻ കഥകളും ശക്തിധരൻ വ്യക്തമായി പറയാത്തത് എന്നും അവർ ചോദിക്കുന്നു. ശരിയാണ് ഇന്നോവ എന്നത് ശക്തിധരന് വന്ന ഒരു അബദ്ധമാവും. മറ്റൊരു മോഡൽ കാർ ആയിരിക്കാം. പക്ഷേ വിഷയത്തിൽ കാതൽ അതല്ലല്ലോ. താൻ കൂടി പങ്കാളിയായ ഒരു സംഭവത്തിന്റെ ദൃക്സാക്ഷി വിവരണമാണ് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ കൂടിയായ ശക്തിധരൻ പറയുന്നത്. ഈ ജീവിത സായാഹ്നത്തിൽ സമാധാനപരമായി ഇരിക്കുന്നതിന് പകരം സ്വന്തം ജീവൻ പണയം വെച്ച് ഇതു വിളിച്ച് പറയേണ്ട എന്ത് കാര്യമാണ് ശക്തിധരന് ഉള്ളത്?

അവിടെയാണ് ശക്തിധരൻ എന്ന ജേർണലിസ്റ്റ് ആരായിരുന്നുവെന്ന് പുതുതലമുറ അറിയേണ്ടത്. ജീവൻ പണയംവെച്ച് മാധ്യമ പ്രവർത്തനം നടത്തിയ വ്യക്തിയാണ് അദ്ദേഹം. മീഡിയാവണ്ണിന്റെ ഒരു ചർച്ചയിൽ ഇതേ പ്രശ്നം ഉന്നയിച്ച് അവതാരകർ അജിംസിനോട്, കവിയും ഇടത് സാംസ്കാരിക പ്രവർത്തകുമായി കെ സി ഉമേഷ് ബാബു ശക്തമായ ഭാഷയിൽ രോഷം കൊണ്ടു. '' നിങ്ങൾക്ക് ശക്തിധരൻ ആരാണെന്ന് അറിയില്ല. അയാൾ എന്താണ് പത്രപ്രവർത്തനത്തിലുടെ നടത്തിയതെന്ന് അറിയില്ല. ഏത് കാലത്താണ് ഈ സംഭവം ഉണ്ടായത് എന്ന് അറിയില്ല. ഒന്നും പഠിക്കാതെ വെറുതെ ചർച്ചക്ക് വന്നിരിക്കയാണ്''.

ഉമേഷ് ബാബു പറഞ്ഞത് ശരിയാണ്. ഒരു കാലഘട്ടത്തിന്റെ മാധ്യമ പ്രവർത്തകനാണ് ശക്തിധരൻ. കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ ശക്തിധരനുമായി താരതമ്യം ചെയ്യാൻ കഴിയുന്ന മാധ്യമ പ്രവർത്തകർ ഉണ്ടായിട്ടേയില്ല. ഒരുപാട് എക്സ്‌ക്യൂസീവുകളിലുടെ ഡിജിപിമാരുടെയും, ചീഫ് സെക്രട്ടറിമാരുടെയും, മുഖ്യമന്ത്രിമാരുടെയും ഉറക്കം കെടുത്തിയ വ്യക്തിയാണ് അദ്ദേഹം. ഒരു കാര്യം പറഞ്ഞാൽ അത് പുർണ്ണമായും സത്യമായിക്കുമെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. കെ എം ഷാജഹാൻ പറഞ്ഞതുപോലെ വാർത്തയുടെ കാര്യം നോക്കിയാൽ ശരിക്കും കാലനാണ് ശക്തിധരൻ. ഒരു പിടിപിടിച്ചാൽ അദ്ദേഹം കൊണ്ടേപോകൂ! അതാണ് ചരിത്രം.

ആദ്യകാലത്ത് വി എസ് വിരുദ്ധ ചേരിയിൽ

കൈതോലപ്പായ വിവാദത്തിൽ വിമർശകർ ഉന്നയിക്കുന്ന പ്രധാനവാദം, ജി ശക്തിധരൻ പിണറായി വിജയന്റെ എതിരാളിയാണെല്ലോ, പിന്നെ എങ്ങനെയാണ് അദ്ദേഹം നോട്ടെണ്ണാനൊക്കെ ഒപ്പം കൂടുന്നത് എന്നത്. ഇത് ശക്തിധരന്റെ ചരിത്രം അറിയാഞ്ഞിട്ടാണെന്നാണ്, ദീർഘകാലം വിഎസിന്റെ പേഴ്സൺൽ സ്റ്റാഫ് ആയിരുന്ന, ഇപ്പോൾ സിപിഎമ്മിന്റെ എതിർചേരിയിൽ നിൽക്കുന്ന കെ എം ഷാജഹാനൊക്കെ പറയുന്നത്.

ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഷാജഹാൻ ഇങ്ങനെ പറയുന്നു. '' പുതുതലമുറാ ജേണലിസ്റ്റുകളുടെ പ്രശ്നം, അവർക്ക് ശക്തിധരൻ ആരാണെന്നോ അദ്ദേഹത്തിന്റെ ചരിത്രം എന്താണെന്നോ അറിയില്ല. ഇവർ കരുതിയിരിക്കുന്നത് പിണറായി വിജയനും ജി ശക്തിധരനും എന്നും ശത്രുക്കളാണെന്നാണ്. അങ്ങനെയല്ല. സിപിഎമ്മിലെ വിഭാഗീതയയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരുഘടകം സിഐടിയു-സിപിഎം തർക്കമായിരുന്നു. പാലക്കാട് സമ്മേളനവും വെട്ടിനിരത്തലുമൊക്കെ അങ്ങനെയാണ് ഉണ്ടായത്. അന്ന് സിഐടിയുവിന് വേണ്ടി എറ്റവും ശക്തമായ പടപൊരുതിക്കൊണ്ടിരുന്നത് ഇ ബാലാനന്ദൻ ആയിരുന്നു. സിപിഎമ്മിനുവേണ്ടി വി എസ് അച്യുതാനന്ദനും. അന്ന് ബാലാന്ദന്റെ ഏറ്റവും വലിയ മുന്നണി പോരാളിയായിരുന്നു ജി ശക്തിധരൻ. അന്ന് വി എസ് ആയിരുന്നു ശക്തിധരന്റെ കൺകണ്ട ശത്രു. 80കളുടെ പകുതിയിൽ വി എസ് അച്യുതാനന്ദൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ ശക്തിധരന് കേരളത്തിലേക്ക് വരാൻപോലും വി എസ് അന്ന് അനുവദിച്ചിരുന്നില്ല. ശക്തിധരൻ വളരെ ആഗ്രഹിച്ചതാണ് കേരളത്തിലേക്ക് വരാൻ. ഹർകിഷൻസിംങ്് സുർജിത്ത് അന്ന് പാർട്ടിയുടെ ദേശീയ സെക്രട്ടറിയാണ്. സുർജിത്ത് വളരെ ശക്തമായ ശക്തിധരനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് വാദിച്ചിട്ടും, വി എസ് സമ്മതിച്ചിട്ടില്ല.

എന്നാൽ വി എസ് പ്രതിപക്ഷ നേതാവായി കഴിഞ്ഞതിനുശേഷമുള്ള ഒരു നിർണ്ണായക സംഭവത്തിന്റെ ഭാഗമായാണ് വിഎസിനെ ശക്തിധരൻ വന്ന് കാണുന്നത്. ഞാൻ ഒരുദ ിവസം ചെല്ലുമ്പോൾ താടിയൊക്കെ വളർത്തിയ ഒരാൾ വിഎസിന്റെ മുറിയിൽ ഇരിപ്പുണ്ട്. വി എസ് പറഞ്ഞു, ഇതാണ് ശക്തിധരൻ. ഇദ്ദേഹവുമായി നമുക്ക് സഹകരിക്കണം. അതായത് 2001, 2002 കാലഘട്ടം മുതലാണ് ശക്തിധരൻ വിഎസിന്റെ ഒപ്പമെത്തുന്നത്. അല്ലാതെ ശക്തിധരനും പിണറായിയും ആജന്മ ശത്രുക്കളല്ല.''- ഷാജഹാൻ ചൂണ്ടിക്കാട്ടി.

രണ്ട് ഡിജിപിമാരുടെ തെറിപ്പിക്കുന്നു

80കളിൽ യുഡിഎഫിനെയും കെ കരണുകാരനെയും വെള്ളം കുടിപ്പിച്ച ഒരുപാട് അഴിമതി വാർത്തകൾ ശക്തിധരൻ പുറത്തുകൊണ്ടുവന്നു. പഠനകാലത്തുതന്നെ, എസ്എഫ്ഐ പ്രവർത്തകനായ ശക്തിധരൻ, കരുണാകരന്റെ പൊലീസിന്റെ ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അതേക്കുറിച്ച് ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ ശക്തിധരൻ ഇങ്ങനെ എഴുതുന്നു.

''പഠനകാലത്തു എന്റെ രണ്ടാം വീടായിരുന്ന കന്റോൺമെന്റ് പൊലീസ് സ്റ്റേഷനും സ്റ്റേഷൻ ലോക്കപ്പും. എങ്ങനെ 'സൽക്കരിക്കക്കണമെന്നു ' മനഃപാഠം പഠിച്ച ലോക്കപ്പിന്റെ താക്കോൽ എളിയിലെ ബെൽറ്റിൽ നിന്ന് ഊരുന്ന സെന്ററിമാരുടെയും ചിത്രങ്ങൾ ഓർമ്മയിൽ വരുകയാണ്. അടിയന്തിരാവസ്ഥയിൽ ബേക്കറി ജങ്ഷനിൽ ബസ്സിറങ്ങുമ്പോൾ തന്നെ ഷാഡോ പൊലീസ് പൊക്കി, സർക്കിൾ ഇൻസ്പെക്റ്റർ ശ്രീ ഗോവിന്ദൻ കുട്ടിയെ ഏൽപ്പിച്ചപ്പോഴും ഇതേ പൊലീസ് ലോക്കപ്പ് തന്നെയായിരുന്നു ശരണം. അടിക്കടിയുള്ള ലോക്കപ്പ് 'സന്ദർശനം ' യൗവനത്തിലെ ഭയം മാറ്റികിട്ടി. സംഘർഷമുണ്ടാകുന്നിടത്തു എങ്ങിനെ പയറ് പോലെ നിൽക്കണമെന്ന് അക്കാലത്തെ ഞങ്ങളുടെ എതിരാളിയും കെഎസ് യു നേതാവുമായ തലേക്കുന്നിൽ ബഷീർ തെരുവിൽ കാണിച്ചു തന്നിട്ടുള്ളതുകൊണ്ട് അതുക്കും മേലെയുള്ള കടും കൈകളാണ് ഞങ്ങൾ നോക്കിയത്.''- ശക്തിധരൻ പറയുന്നു.

രണ്ട് ഡജിപിമാരെ എഴുതി താഴെ ഇറക്കിയ അനുഭവവും ശക്തിധരന് ഉണ്ട്.
30 വർഷം മുമ്പ് രണ്ട് പൊലീസ് ഡയറക്ടർ ജനറൽമാരെ, ജയറാം പടിക്കലിനെയും, ടി വി മധുസൂദനനെയും, താഴെ ഇറക്കിയത് ശക്തിധരന്റെ വാർത്തകളും ഒരു കാരണമാണ്. ആ കഥ ശക്തിധരൻ ഇങ്ങനെ പറയുന്നു. '' രണ്ടു ഡിജിപിമാരുടെ പുറത്താകലിന് കാരണക്കാരനായതുകൊണ്ടാവാം, തുടർന്നുവന്ന ഡിജിപി ശ്രീ കൃഷ്ണൻ നായരുടെ മുമ്പിൽ ഹാജരാകേണ്ടിവന്നത്. മുഖ്യമന്ത്രി കെ കരുണാകരൻ പ്രത്യേകം ഏൽപ്പിച്ചിരുന്ന ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലഘുലേഖ പോലുള്ള പകർപ്പും എന്നെ കാണിച്ചപ്പോൾ അപ്പോൾ തന്നെ അകത്താകും എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷെ കേസിന്റെ ഗൗരവം തുടർന്ന് എന്നെ പഠിപ്പിക്കാൻ ആയി ശ്രമം. സ്വന്തം അനുജനോടെന്ന പോലെയായിരുന്നു പെരുമാറ്റം. അദ്ദേഹം തലസ്ഥാനത്തു കമ്മീഷണർ ആയിരുന്ന കാലം മുതലേ ഞങ്ങൾ ശീതസമരത്തിലായിരുന്നതിന്റെ കാലുഷ്യത്തിന്റെ ലാഞ്ചപോലും അപ്പോൾ കണ്ടില്ല. ഒരിക്കൽ ഇന്ദിരാജി പ്രധാനമന്ത്രിയായിരിക്കെ തുറന്ന ജീപ്പിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലേക്കു പോകവേ ജനാവലി ഇളകിമറിയുന്നതുകൊണ്ട് കുശിമ്പ് കൊണ്ടാവാം ,മടിയിൽ കരുതിയിരുന്ന കറുത്ത തുണികൾ ഒരു കാരണവുമില്ലാതെ ഞങ്ങൾ കാറിലേക്ക് വലിച്ചെറിഞ്ഞത് കുറിക്കു കൊണ്ടു .കൃഷ്ണൻനായർ സാർ അമ്പരന്ന് ആക്രോശിക്കുമ്പോൾ കാറിലിരുന്ന് വിദ്യാർത്ഥികളെ നോക്കി ഇന്ദിരാജി കയ്യെടുത്ത് വീശികാണിച്ചു.

ഈ സംഭവങ്ങളെല്ലാം മനസ്സിൽ ഓടി എത്തിയപ്പോൾ ഞാൻ കൃഷ്ണൻനായർ സാറിനോട് ചോദിച്ചു ഈ സംഭാഷണം റിക്കാർഡ് ചെയ്യുന്നുണ്ടോ എന്ന. ആ ചോദ്യം അദ്ദേഹത്തെ വേദനിപ്പിച്ചു എന്നാണ് മുഖഭാവത്തിൽ നിന്ന് വ്യക്തമായത് .സീറ്റിൽ നിന്ന് എണീറ്റ് എന്റെ കൈ കവർന്നെടുത്തു ആ വലിയ മേശക്ക് ചുറ്റും നടത്തിക്കുകയും മേശയുടെ മേൽ ഭാഗവും കീഴ്ഭാഗവും. മറ്റും സൂക്ഷ്മമായി പരിശോധിച്ചുകൊള്ളാനും പറഞ്ഞപ്പോൾ ഇളിഭ്യനായി ഞാൻ തലകുനിച്ചു. അരമണിക്കൂറോളം നീണ്ട സംഭാഷത്തിനു ശേഷം ശ്രീ കൃഷ്ണൻ നായർ സീറ്റിൽ നിന്ന് എണീറ്റ് ഇങ്ങനെ പറഞ്ഞാണ് അവസാനിപ്പിച്ചത്. 'ശക്തിയെ വിരട്ടാനോ കേസ് എടുക്കാനോ അല്ല സി എം നിർദ്ദേശിച്ചത്. നിലവിലെ നിയമം മനസിലാക്കി കൊടുക്കണമെന്നേ പറഞ്ഞിട്ടുള്ളു. എനിക്ക് ഒരു കാര്യം കൂടി അറിയിക്കാനുണ്ട്. എന്റെ 'അമ്മ അയൽ വീടുകളിൽ പോയി അരിയിടിച്ചു കിട്ടുന്ന പണം കൊണ്ടാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. അമ്മയുടെ വലിയ വലിയ സ്വപ്നമായിരുന്നു ഇത്. ഇങ്ങിനെ ഒരു പദവി അപ്രതീക്ഷിതമായി എനിക്ക് കൈവന്നത് ശക്തി എന്റെ രണ്ട് സീനിയർമാരെ ചാടിച്ചതു കൊണ്ടാണ്. എന്റെ കയ്യിൽ നിന്നും ഒരു തെറ്റും സംഭവിക്കാതെ നോക്കും. എന്നെ ഉപദ്രവിക്കരുത്''.

ഇത്രയും കേട്ടപ്പോൾ ഞാനും വിഷമിച്ചു. ഡിജിപിയുടെ ഓഫിസിലെ കോവണിയിറങ്ങുമ്പോൾ ഒരു പ്രേതം പോലെ താഴോട്ട് വീണുപോയി. ഇനി പരാക്രമം കുറയ്ക്കണമെന്ന് മനസ്സ് മന്ത്രിച്ചു. അടുത്ത ഷോക്ക് വന്നത് ചീഫ് സെക്രട്ടറിയുടെ കസേരയിലിരിക്കുന്ന അക്ഷരാർത്ഥത്തിൽ സത്യവാൻ എന്ന് പേരിന് നൂറുശതമാനം അർഹനായ ഉദ്യോഗസ്ഥനിൽ നിന്നായിരുന്നു. ഞാൻ ഓഫീസിൽ ഇല്ലാതിരുന്ന നട്ടുച്ചയ്ക്ക് ആർ പാർവതി ദേവിയായിരുന്നു( വി ശിവൻകുട്ടിയുടെ പത്നി) ആ ഫോൺ അറ്റൻഡ് ചെയ്തത്. ഓഫീസിൽ എത്തിയപാടെ ഞാൻ അദ്ദേഹത്തെ തിരിച്ചു വിളിച്ചു അമ്പരപ്പിക്കുന്ന വിവരമാണ് അദ്ദേഹം പറഞ്ഞത്.എന്റെ അടുത്ത ടാർജെറ്റ് അദ്ദേഹമാണെന്ന് ഐ എ എസ്സ് കാരനായ സഹപ്രവർത്തകൻ നേരിട്ട് പറഞ്ഞതാണെന്ന്. സത്യത്തിൽ അത് കേട്ട് അന്ധാളിച്ചു. എനിക്ക് ഭ്രാന്തുവന്നാൽ സംഭവിക്കാവുന്നതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ദീർഘനിശ്വാസം എന്റെ ചെവിയിൽ വന്നലച്ചത് പോലെ തോന്നി. അന്ന് തീരുമാനിച്ചു ഇനി സ്വൈരമായിരിക്കണമെന്ന്. അപ്പോൾ തന്നെ ഭൂമി കുംഭകോണത്തിൽ കുടുങ്ങിയ മറ്റൊരു ചീഫ് സെക്രട്ടറി പുറത്തുനിൽക്കുകയായിരുന്നു. ''- ശക്തിധരൻ എഴുതുന്നു.

വിഷ വൃക്ഷത്തിന്റെ അടിവേരുകൾ തേടി

നോക്കണം, ഈ രീതിൽ ഡിജിപിമാരുടെയും ചീഫ് സെക്രട്ടിറിമാരുടെയും പേടി സ്വപനമായിരുന്നു മാധ്യമ പ്രവർത്തകനാണ് ജി ശക്തിധരൻ. ഇതൊന്നും മനസ്സിലാക്കാതെയാണ് കൈതോലപ്പായ വിവാദം വെറും വ്യാജനാണ് എന്ന് സൈബർ സഖാക്കൾ മാത്രമല്ല, നിഷപക്ഷർ എന്ന് ധരിക്കുന്ന മാധ്യമ പ്രവർത്തകർ പോലും പറയുന്നത്. പ്രതിപക്ഷത്തിന്റെ ജിഹ്വയെന്ന നിലയിൽ ദേശാഭിമാനിയെ പരുവപ്പെടുത്തിയെടുത്തത് ജി ശക്തിധരനാണ്. കെ കുരുണാകരനെയടക്കം വെള്ളം കുടിപ്പിച്ച് നൂറുകണക്കിന് റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു.

മലയാള മനോരമ അതിന്റെ ഏറ്റവും പ്രൗഡിയിൽനിൽക്കുന്ന കാലത്ത് 'വിഷവൃക്ഷത്തിന്റെ അടിവേര് തേടി', എന്ന പേരിൽ മനോരമയുടെ അടിവേര് ഇളക്കുന്ന ഒരു പരമ്പര ശക്തിധരൻ ചെയ്തു. അത് പിന്നീട് ലഘുലേഖയായയൊക്കെ വന്നു. മൂന്നാലു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇപ്പോഴും മനോരമ മാനേജ്മെന്റിന് ഇന്നും തലവേദനയാണ് ആ പരമ്പര.

ഇതേക്കുറിച്ച് 2020ൽ ജി ശക്തിധരൻ തന്നെ പോസ്റ്റ് ഇട്ടിരുന്നു. അത് ഇങ്ങനെയാണ്. ''വിഷവൃക്ഷത്തിന്റെ അടിവേരുകൾ തേടി .1988 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെ കുറിച്ച് ഇന്ത്യക്കകത്തും പൂറത്തും നിന്ന് ധാരാളം മലയാളികൾ അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ ഈ പുസ്തകം പൊതു വിപണിയിൽ ലഭ്യമല്ല. ഈ പുസ്തകത്തോട് മലയാളിക്ക് വൈകാരികമായ അടുപ്പം അന്നും ഇന്നും ഉണ്ട്.മലയാള മനോരമയുടെ ജന്മശതാബ്ദി ദിനത്തിൽ മനോരമ വ്യാജ ചരിത്രം നിർമ്മിച്ച് ദേശീയ പ്രസ്ഥാനത്തിന്റെ കുത്തക അവകാശപ്പെടാൻ നടത്തിയ ശ്രമത്തെയാണ് ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ ഈ പുസ്തകത്തിൽ ഞാൻ തുറന്നു കാട്ടുന്നത്.. ഒരു യുവ മാധ്യമപ്രവർത്തകൻ എന്നോടുള്ള സ്നേഹാദരങ്ങൾ കൊണ്ട് അയച്ചു തന്നതാണ് ഈ കോപ്പി. അദ്ദേ ഹത്തിന് നന്ദി. പ്രമുഖ ചിത്രകാരൻ സി എൻ കരുണാകരൻ വരച്ചതാണ് അർത്ഥ സമ്പുഷ്ടമായ മുഖചിത്രം. മനോരമ കുടുംബം അവരുടെ സമ്പത്തും എഴുത്തു കാർക്കിടയി ലെ സ്വാധീനവും കൊണ്ട് വ്യാജ ചരിത്ര നിർമ്മിതിയിലൂടെ സ്വന്തം കളങ്കം കഴുകിക്കളയാൻ ശ്രമിക്കുന്നതാണ് ഈ പുസ്തകത്തിൽ തുറന്ന് കാട്ടുന്നത്. പുതിയ തലമുറക്ക് സുപരിചിതമാവില്ല ഇതിലെ ഉള്ളടക്കം.''- ഇങ്ങനെയായിരുന്നു പുസ്തകത്തിന്റെ ചിത്ര സഹിതമുള്ള ആപോസ്റ്റ്.

അന്ന് കാര്യകാരണങ്ങൾ വച്ചായിരുന്നു ശകതിധരൻ മനോരമയെ വിമർശിച്ചത്.എന്നാൽ പിന്നീട് അതേ മനോരമയുടെ പേരിൽ ദേശാഭിമാനി വ്യാജവാർത്തയുണ്ടാക്കുന്നതും ശക്തിധരന് കാണേണ്ടിവന്നു.

മനോരമയിലും സിപിഎമ്മിന് സെൽ

2001 ഫെബ്രുവരി 15-ന് പുറത്തിറങ്ങിയ ദേശാഭിമാനിയിലെ ഞെട്ടിക്കുന്ന ഏഴ് കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു- 'മനോരമയിലും സിപിഐ എം സെൽ: കെ എം മാത്യുവിന്റെ കത്ത് ' എന്ന വാർത്ത കേരളത്തിലെ മാധ്യമരംഗത്ത് ചൂടേറിയ ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു. മനോരമയ്ക്കകത്ത് സിപിഐ എം പ്രവർത്തനം തടയാൻ ചീഫ് എഡിറ്റർ കെ.എം മാത്യു കണ്ണൂർ യൂണിറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർക്ക് അയച്ച കത്ത് സഹിതമാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

ആ കത്തിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു. -'മാർക്‌സിസ്റ്റ് പാർട്ടിയുടെ രഹസ്യ പ്രവർത്തനം നമ്മുടെ സ്ഥാപനത്തിനകത്ത് നടക്കുന്നതായ റിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങൾ ഈയിടയായി ചോർന്നു സിപിഐഎമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റിൽ ഡെസ്‌കിലും മാനേജ്‌മെന്റിലും ചിലർ മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധംവെയ്ക്കുന്നുണ്ട്. ആ പാർട്ടിയുടെ ഒരു സെൽ അവിടെ പ്രവർത്തിക്കുന്നു ണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേരിൽ എത്തിക്കാൻ താൽപര്യം. വേണ്ട ജാഗ്രത പുലർത്തുമല്ലോ- ' തീയതി വെക്കാതെയുള്ള കത്തായിരുന്നു എന്നാണ് ദേശാഭിമാനി വാർത്തയിൽ പറയുന്നത്.

പക്ഷേ ഇത് പുർണ്ണമായും വ്യാജ വാർത്തയായിരുന്നു. ഇതിന്റെ പേരിൽ നിരപരാധിയായ താൻ പ്രതിയാക്കപ്പെട്ടുവെന്ന ജി.ശക്തിധരന്റെ നേരത്തെ വെളിപ്പെടുത്തിയതും വിവാദമായിരുന്നു.ശക്തിധരൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പിങ്ങനെയാണ്. 'ശ്രീ കെ എം മാത്യു എന്നോട് ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണിൽ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു, 'ഞങ്ങൾ ചില കേസുകൾ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം.' ഉറക്കത്തിലായിരുന്ന താൻ കിടക്കയിൽ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോൾ മനോരമയിൽ ഒന്നാം പേജിൽ 8 കോളത്തിൽ വാർത്ത, ' വ്യാജരേഖാ നിർമ്മാണം ജി ശക്തിധരനെതിരെ കേസ്'. നടുങ്ങിപ്പോയി'- ശക്തിധരൻ പറയുന്നു.

ദേശാഭിമാനി ന്യൂസ് എഡിറ്റർ ജി.ശക്തിധരൻ, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരൻ, ചീഫ് എഡിറ്റർ വി എസ് അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ എന്നിവരായിരുന്നു എതിർ കക്ഷികൾ. ഒരു പത്രത്തിനൈ അപകീർത്തിപ്പെടുത്താൻ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരിൽ വ്യാജരേഖ ചമച്ചു പ്രസിദ്ധീകരിച്ചു എന്നതിന് മറ്റൊരു പത്രത്തിന്റെ പേരിൽ കോടതിയിൽ കേസ് വരുന്നത് ഇന്ത്യയിൽ ആദ്യമായിരുന്നു.

കെ.എം മാത്യു മനോരമയുടെ കണ്ണൂർ യൂണിറ്റ് കോ-ഓർ ഡിനേറ്റിങ് എഡിറ്റർക്ക് സ്വന്തം ലെറ്റർഹെഡിൽ അയച്ച കത്തെന്ന വ്യാജേന യാണ് ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ.എം മാത്യുവിന് ഇത്തരമൊരു ലെറ്റർഹെഡ് തന്നെയില്ലെന്ന് കെ.പി ദണ്ഡപാണിമുഖേന നൽകിയ ഹർജിയിൽ പറയുന്നു. ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റർഹെഡിൽ കെ.എം മാത്യുവിന്റേതായി കൊടുത്തിരിക്കുന്ന ഫോൺനമ്പർ പോലും അദ്ദേഹത്തിന്റേതല്ല. കത്തിൽ തീയതി വെച്ചിട്ടുമില്ല. അദ്ദേഹം കണ്ണൂരിലെ കോ-ഓർഡിനേറ്റിങ് എഡിറ്റർക്ക് ഇത്തരമൊരു കത്തയച്ചിട്ടില്ല. കത്തിലെ ഭാഷയും പ്രയോഗങ്ങളും മനോരമയുടെ ശൈലിയല്ല.

മനോരമ സിപിഎമ്മിനെപ്പറ്റി എഴുതുമ്പോൾ സാധാരണയായി സിപിഎം എന്നോ മാർക്‌സിസ്റ്റ് പാർട്ടി എന്നോ ആണ് എഴുതാറ്. സിപിഎ(എം) എന്നല്ല. സിപിഎം എന്നെഴുതുന്നത് ദേശാഭിമാനിയാണ്. പാർട്ടി എന്നെഴുതുന്നത് ദേശാഭിമാനിയുടെ ശൈലിയാണ്. ബന്ധംവയ്ക്കുക എന്ന് തെക്കൻ ജില്ലകളിൽ സാധാരണയായി പ്രയോഗിക്കാറില്ല. കൂടുതലായും മലബാറിലേതാണ് ആ പ്രയോഗം. ഡസ്‌കും മാനേജ്‌മെന്റും എന്നൊരു പ്രയോഗം മനോരമയിലില്ല. ചുരുക്കിപ്പറഞ്ഞാൽ ഒറ്റനോട്ടത്തിൽ തന്നെ വ്യാജനാണ് ആ കത്ത് എന്ന് മനസ്സിലാവും.

ബെർലിൻ കുഞ്ഞനന്ദൻ നായരുടെ ഒളിക്യാമറകൾ പറയാത്തത്് എന്ന പുസ്തകത്തിലും ദേശാഭിമാനിയുടെ വ്യാജവാർത്താ നിർമ്മാണം പറയുന്നുണ്ട്. ''പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതു മുതൽ ദേശാഭിമാനി യിലെ പല മുതിർന്ന സഖാക്കളേയും പിന്തള്ളി, പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം.മനോജാണ് ഈ വ്യാജരേഖയുടെ നിർമ്മാതാവ് - അന്ന് ദേശാഭിമാനിയിലെ ഉയർന്ന തസ്തികയിലുള്ളവരുടെ മുഴുവൻ എതിർപ്പുക ളേയും മറികടന്ന്, പിണറായി വിജയന്റെ പിൻബലത്തി ലാണ് ഈ വിദ്വാൻ ഈ വ്യാജരേഖ ചമച്ചത് ' ( ഒളിക്യാമറകൾ പറയാത്തത് - ബർലിൻ കുഞ്ഞനന്തൻ നായർ , പേജ് 57)

ചീഫ് എഡിറ്ററായ തന്നോട് ആലോചിക്കാതെ ആരാണ് ഈ വ്യാജ കത്ത് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത് എന്നതിനെക്കുറിച്ച് വി എസ് അച്ചുതാനന്ദൻ അന്ന് എഡിറ്റോറിയൽ ചുമതലയുള്ളവരോട് വിശദീകരണം തേടി. ഈ വ്യാജരേഖ പ്രസിദ്ധീകരിക്കുക വഴി പത്രം അപഹസിക്കപ്പെട്ടുവെന്ന് വി എസ് പറഞ്ഞു. കേസിന്റെ അനന്തര നടപടികൾ തുടരുന്ന തിനെതിരെ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും സ്റ്റേ കിട്ടിയിട്ടുണ്ടെന്നും ബർലിൻ വ്യക്തമാക്കുന്നുണ്ട്. പണ്ട് 'വിഷവൃക്ഷത്തിന്റെ അടിവേരുകൾ തേടി' എന്ന പരമ്പര എഴുതിയതുകൊണ്ടാവാം, ശക്തിധരൻ കേസിൽ പ്രതിചേർക്കപ്പെട്ടത് എന്നും, ബെർലിൻ എഴുതുന്നുണ്ട്.

ഇപ്പോൾ വിഎസിന് ഒപ്പം

ഒരു പതിറ്റാണ്ടുകാലം ശക്തിധരനുമായി ചേർച്ചന്ന് പ്രവർത്തിച്ച കെ എം ഷാജഹാൻ ഇങ്ങനെ പറയുന്നു. '''കാലക്രമേണ സിപിഎം വിഭാഗീയതയുടെ സ്വഭാവം മാറി. വിഎസിന്റെ കടുത്ത പോരാളിയായി മാറിയ ശക്തിധരനെയാണ് പിന്നീട് കണ്ടത്. സിപിഎമ്മിന്റെ ജീർണ്ണതക്ക് എതിരെ ഒരു പ്രത്യയശാസ്ത്ര സമരം പാർട്ടിക്കുള്ളിൽനിന്ന് തന്നെ രൂപപ്പെടുത്തി എടുക്കുകയായിരുന്നു ശക്തിധരൻ അടക്കമുള്ള നേതാക്കൾ ചെയ്തത്. അല്ലാതെ അത് പിണറായി വിജയനെതിരായ കലാപം ആയിരുന്നില്ല. പക്ഷേ ഒരു ഘട്ടത്തിൽ സ്വാഭവികമായും ആ സമരം പിണറായി വിജയന് നേരയായി. അത് പ്രത്യയ ശാസ്ത്ര വ്യതിയാനത്തിന്റെ മൂർത്തിമത്ഭാവമായി പിണറായി നിൽക്കുന്നതുകൊണ്ടാണ്.

കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ ശക്തിധരനുമായി താരതമ്യം ചെയ്യാൻ കഴിയുന്ന മാധ്യമ പ്രവർത്തകർ ഉണ്ടായിട്ടേയില്ല എന്ന് എനിക്ക് ഏറ്റവും ശക്തിയോടുകൂടി പറയാൻ കഴിയും. അടുപ്പക്കാരെല്ലാം ശക്തിധരനെ ശക്തി എന്നാണ് വിളിക്കുന്നത്. ഞാൻ വി എസ് അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയയായി ജോലിചെയ്യുന്ന കാലത്ത് ഞങ്ങൾക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളിൽ ഇന്നത്തെ മന്ത്രി ബാലഗോപാലിന്റെ ചേട്ടൻ ഹരിലാൽ ഉണ്ടായിരുന്നു, പരിസ്ഥിതിയുടെ കാര്യത്തിൽ ഒരു പി വേണുഗോപാൽ ഉണ്ടായിരുന്നു, ആ ഗ്രൂപ്പിൽ പൊളിറ്റിക്സ് കൈകാര്യം ചെയ്തിരുന്ന ആൾ ശക്തിധരൻ ആയിരുന്നു.

പ്രതിപക്ഷ നേതാവ് ആയിരുന്ന സമയത്ത് വി എസ് അച്യുതാനന്ദൻ പാർട്ടി അണികളുമായി ഏറ്റവും അധികം സംവദിച്ചിരുന്നത്, ദേശാഭിമാനിയിലെ ഒരു പ്രതിവാര പങ്്തിയിലുടെ ആയിരുന്നു. അതിന്റെ പേര് 'നേരിനൊപ്പം' എന്നായിരുന്നു. ആ പേരിട്ടത് ശക്തിധരൻ ആണ്. അതിൽ പല ലേഖനങ്ങളും വി എസ് ശക്തിധരനുമായി സംസാരിച്ചാണ് തയ്യാറാക്കിയിരുന്നത്. 'സമാനതകളില്ലാത്ത ഇഛാശക്തിയും നേതൃപാടവും ഉള്ളയാളാണ് ശക്തിധരൻ. 2000ത്തിന്റെ തുടക്കം മുതൽ ശക്തി വിഎസിന്റെ പക്ഷക്കാരനായിരുന്നു. ഇപ്പോഴും വിഎസിനെ ശക്തമായ പിന്തുണക്കുള്ള ആളാണ്. ജനശക്തി പുതിയ ലക്കവും വിഎസിനെ കുറിച്ചാണ്. പക്ഷേ അതിന്മുമ്പ് ശക്തിധരന് ഒരുകാലം ഉണ്ടായിരുന്നു. ആ കാലം മറുച്ചുവെച്ചുകൊണ്ടാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. '' - ഷാജഹാൻ ചുണ്ടിക്കാട്ടുന്നു.

'ഇതിലും നല്ലതുകൊല്ലുക'

സിപിഎം വിഭാഗീയതിൽ പാർട്ടിയിൽനിന്ന് പുറത്തായതോടെ ജനശക്തി എന്ന വാരികയിലുടെയാണ് ജി ശക്തിധരൻ മാധ്യമ പ്രവർത്തനം നടത്തിയത്. സിപിഎം പോലെ സർവസന്നാഹങ്ങളുമുള്ള ഒരു പാർട്ടിയെ വെല്ലുവിളിച്ച് ജനശക്തിപോലെ ഒരു മാസിക കഴിഞ്ഞ പതിനഞ്ചുവർഷമായി നടത്തിക്കൊണ്ടുപോകണമെങ്കിൽ അസാധാരണായ ഇഛാശക്തിവേണം. പക്ഷേ ശക്തിധരൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. പക്ഷേ അതിന് അദ്ദേഹത്തിന് വലിയ വിലകൊടുക്കേണ്ടിവന്നു. സമാനതകൾ ഇല്ലാത്ത സൈബർ ആക്രമണമാണ് അദ്ദേഹം നേരിട്ടത്. ഒരുവയസ്സുള്ള പേരക്കുട്ടിയെപ്പോലും അവർ വെറുതെ വിട്ടില്ല എന്നാണ് അദ്ദേഹം എഴുതിയത്. ഒരു വേള വികാരഭരിതനായി ഇതിലും നല്ലതുകൊല്ലുകയാണെന്നുപോലും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പക്ഷേ ശക്തിധരൻ വിടാൻ തയ്യാറല്ല. തനിക്കുനേരെ സൈബർ ആക്രമണം നടത്തിയാൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാവും എന്നും തന്നെയാണ് അദ്ദേഹം പറയുന്നത്. അതിന്റെ ഭാഗമായാണ് സുധാകരനെ വധിക്കാൻ സിപിഎം നടത്തിയ ഗൂഢാലോചന അദ്ദേഹം വെളിപ്പെടുത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിൽ ശക്തിധരൻ ഇങ്ങനെ കുറിക്കുന്നു. ''എനിക്ക് ആരാണ് കെ സുധാകരൻ? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. .അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരിൽ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം? കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവൻ തന്നെയാണ് അയാൾ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. കേരള ചരിത്രത്തിൽ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാൻ അപ്പോൾ പിന്തുണയ്ക്കുന്നതെന്ന യാഥാർഥ്യം എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരികസ്വാധീനം.''- ശക്തിധരൻ എഴുതുന്നു.

ഇപ്പോൾ കൈതോലപ്പായ വിവാദത്തിന്റെ പേരിൽ പൊലീസ് അദ്ദേഹത്തിന്റെ മൊഴി എടുത്തിട്ടുണ്ട്. അപ്പോഴാണ് കെ. കരുണാകരന്റെ കാലം അനുസ്മരിച്ചുകൊണ്ട്, എത്ര ഭേദമായിരുന്നു കരുണാകരൻ എന്ന് അദ്ദേഹം ചോദിച്ചത്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻസ്‌കറിയ അടക്കമുള്ളവർക്ക് നേരെയുള്ള മാധ്യമ വേട്ടക്കെതിരെയും, ശക്തിധരൻ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.

അതായത് ഇന്നത്തെ ജേണലിസ്റ്റുകൾക്ക് അറിയല്ല ആരാണ് ശക്തിധരൻ എന്നും, എന്താണ് അദ്ദേഹത്തിന്റെ ഇന്റഗ്രിറ്റിയെന്നും. രണ്ട് ഡിജിപിമാരുടെ പണി തെറുപ്പിച്ച, മനോരമയുടക്കമുള്ള മാധ്യമങ്ങളെ മുൾമുനയിൽ നിർത്തിയ, പ്രതാപിയായ കരുണകാരനെപ്പോലും എഴുതി വിറപ്പിച്ച ആ മനുഷ്യൻ, ഒരുകാര്യവുമില്ലായെ നുണ പറയുമെന്ന് കരുതാൻ കഴിയുമോ? കാത്തിരുന്ന് കാണാം, ഇനിയും പൊട്ടിക്കാൻ ബോംബുകൾ ശക്തിധരന്റെ തലച്ചോറിൽ ബാക്കിയാണ്.

വാൽക്കഷ്ണം: അഴിമതിക്കെതിരായ വിസിൽബ്ലോവർ എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുപോലും നമ്മുടെ ചില മാധ്യമങ്ങൾക്ക് അറിയില്ല. എന്തുകൊണ്ടാണ് ശക്തിധരൻ മുഴുവനും പറയാത്ത് എന്നാണ് അവരുടെ വാദം. താൻ കൂടി ഭാഗഭാഗക്കായ സംഭവങ്ങളുടെ പേരിൽ ഡിഫാമേഷൻ വരാത്ത രീതിയിൽ, ആരുടെയും പേരു പറയാതെയാണ്, ശക്തിധരൻ പോസ്റ്റിടുന്നത്. ആ സൂചനകളിൽ പിടിച്ച് അന്വേഷണം നടത്തുകയാണ് മാധ്യമങ്ങളുടെ ജോലി. അമേരിക്കയിൽ റിച്ചാർഡ് നിക്സനടക്കം വീണത് അങ്ങനെയാണ്. അല്ലാതെ വിസിൽബ്ലോവർമാർ എല്ലാ വിവരവും അണ്ണാക്കിലേക്ക് തന്ന് അത് കോപ്പിയടിക്കുന്നതല്ല മാധ്യമ പ്രവർത്തനം.