- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സിപിഎമ്മിൽ നിന്ന് നക്‌സലിസത്തിലേക്ക്; അടിയന്തരാവസ്ഥക്കാലത്ത് മീശ പിഴുത് മർദനം; വർഗീസിനെ കൊലപ്പെടുത്തിയെന്ന് രാമചന്ദ്രൻ നായർ ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹത്തോട്; ആരോടും ഒരു പൈസയും വാങ്ങാതെ കുട നന്നാക്കി ജീവിതം; ഇപ്പോൾ 94ാം വയസ്സിലും ജയിൽ വാസം; പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
'GROW എന്നാൽ വളരുക എന്നർത്ഥം, GROW വാസുവേട്ടൻ എന്ന് പറഞ്ഞാൽ ഇക്കാലത്ത് വളരുന്ന സമരവീര്യം എന്നാണർഥം ? തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലിൽ പോകാൻ തയ്യാറായ യുവത്വത്തിന്റെ പേരാണിന്ന് ഗ്രോ വാസു. വാസുവേട്ടൻ എന്ന് ഞങ്ങൾ കോഴിക്കോട്ടുകാർ വിളിക്കുന്ന ഈ യുവാവ് ചെയ്ത തെറ്റ് എന്താണ്? തൊണ്ണൂറ്റിനാലാം വയസ്സിലും സമര തീക്ഷ്ണ യൗവ്വനം നിലനിർത്തുന്ന വാസുവേട്ടന് ഐക്യദാർഢ്യം'' നടനും സംവിധാനകനുമായ ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചതാണിത്. സത്യത്തിൽ ഇന്ന് കേരളത്തിലെ ഏറ്റവും ഊർജസ്വലനായ യുവാവ് ഈ വയോധികനാണ് സോഷ്യൽ മീഡിയ പറയുന്നു.
94ാം വയസ്സിൽ, ഒരു തെറ്റും ചെയ്യാതെ ഇദ്ദേഹം ജയിലിൽ അടക്കപ്പെട്ടിരിക്കയാണ്. അതും രാഷ്ട്രീയ കാരണങ്ങളാൽ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കാരാഗൃഹത്തിൽ കഴിഞ്ഞയാൾ. ഗ്രോ വാസു എന്ന് അറിയപ്പെടുന്ന, അയിനൂർ വാസു, എന്ന കോഴിക്കോട്ടെ മുൻ നക്‌സലൈറ്റ് കൂടിയായ മനുഷ്യാവകാശ പ്രവർത്തകന് മുന്നിൽ നമ്മുടെ നീതിയും നിയമവും, സത്യത്തിൽ തലതാഴ്‌ത്തി നിൽക്കയാണ്്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഒന്ന് മൂളിയതിന്റെപേരിൽ കേസെടുക്കാൻ ശ്രമിക്കുന്നതുപോലുള്ള മാരകമായ പൊലീസിങ്ങിന് കിട്ടിയ മുഖമുടച്ചുള്ള അടിയാണ്, വാസുവേട്ടന്റെ ഈ ജയിൽ വാസം.
ഭരണകൂടത്തിന്റെ ഒത്താശയോടെ പൊലീസ് പൗരന് നേരെ നടത്തുന്ന ഒരു സ്ഥിരം 'കലാപരിപാടി' പൊളിച്ചടുക്കുകയാണ് ഇപ്പോൾ അദ്ദേഹം ചെയ്തത്. ഇല്ലാത്ത കേസുണ്ടാക്കി തലയിലിടുക. തുടർന്നുള്ള കോടതി നടപടികൾക്കുള്ള സമയവും പണവും ഇല്ലാത്തതിനാൽ പലരും കുറ്റം ഏറ്റ് കോടതിയിൽ ജാമ്യത്തുക കെട്ടിവെച്ച് തടി ഊരും. പക്ഷേ വാസുവേട്ടൻ അത് ചെയ്തില്ല. ഈ 94ാം വയസ്സിലും പുതിയ സമരമുഖം തുറന്നിരിക്കയാണ് അദ്ദേഹം.
94ലിന്റെ യൗവനം
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള അതിഗുരുതരമായ ചില ചോദ്യങ്ങളും ഗ്രോവാസുവിന്റെ ജയിൽവാസം ഉയർത്തുന്നു. 2016ലെ ഒരു പഴയ കേസാണ് പൊലീസ് ഇദ്ദേഹത്തിനെതിരെ പൊക്കിയെടുത്തത്. അന്ന് നിലമ്പൂർ കരുളായി വനമേഖലയിൽ മാവോവാദികൾ വെടിയേറ്റു മരിച്ചത് കേരളത്തെ ഞെട്ടിച്ചിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നു. മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കുപ്പുസ്വാമി എന്ന ദേവരാജൻ, ചെന്നൈ സ്വദേശിനി അജിത പരമേശൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗ്രോ വാസു അടക്കമുള്ളവർ മോർച്ചറിക്ക് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചത്.
ഇതാണ് സംഘം ചേരുകയും മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന കേസാക്കി പൊലീസ് മാറ്റിയത്. ശരിക്കും പൊലീസ് സാധാരണ എടുക്കാറുള്ള സ്ഥിരം കള്ളക്കേസ്. തുടർന്ന് സമൻസ് അയച്ചിട്ടു ഹാജരാകാത്തതിനാലാണ് കോടതി നൽകിയ വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഗ്രോ വാസുവിനെ ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഗ്രോ വാസുവിന് കോടതി സ്വന്തം ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. കാരണം അപ്പോൾ കോടതി രേഖകളിൽ കുറ്റം സമ്മതിച്ചുവെന്ന് ഒപ്പിട്ട് കൊടുക്കണം. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ജനാധിപത്യപരമായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ് അദ്ദേഹം അന്നും ഇന്നും പറയുന്നത്. അതോടെ പൊലീസും കോടതിയും ശരിക്കും വെട്ടിലായി.
മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നി ലാലുവും അഭിഭാഷകരും സുഹൃത്തുക്കളും ഗ്രോ വാസുവിനെ കോടതിക്ക് പുറത്തുവെച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമെത്തി പറഞ്ഞുനോക്കി. പക്ഷേ തെറ്റ് ചെയ്യാത്തിനൽ പിഴയടയ്ക്കാനോ സ്വന്തം ജാമ്യത്തിൽ പോകാനോ ഗ്രോ വാസു വിസമ്മതിച്ചു. തുടർന്ന് കോഴിക്കോട് സബ് ജയിലിലേക്ക് അയച്ചു. രണ്ട് ആഴ്ചത്തേയ്ക്കാണ് ഇദ്ദേഹത്തെ റിമാൻഡ് ചെയ്തിരിക്കുന്നത്.
മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന പ്രതികൾ, പുറത്ത്് കഴിയുമ്പോഴാണ് അതിനെതിരെ പ്രതികരിച്ചയാൾ അകാത്താവുന്നത്. അതും ഈ 94ാം വയസ്സിൽ. ഇത്തരം കള്ളക്കേസുകൾ എടുക്കുന്ന പൊലീസിങ്ങിനെതിരെയും, അതിന് ചൂട്ടുപിടിക്കുന്ന നമ്മുടെ ജുഡീഷ്യൽ സിസ്റ്റത്തിനെതിരെയും ഇപ്പോൾ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധം എന്നത് ഏത് പൗരന്റെയും ഭരണഘടനാപരമായ അവകാശമാണ്. പ്രതിഷേധിച്ചതിന് കേസ് എടുത്ത പൊലീസ് ചെയ്തതാണ് തെറ്റ്. അതിൽ പ്രതിഷേധിച്ച് ജയിലിൽ പോകാൻ തീരുമാനമെടുത്തതിലുടെ പൊലീസിന്റെ കരണക്കുറ്റിക്ക് നോക്കിയുള്ള ഒരു അടിയാണ് വാസുവേട്ടൻ കൊടുത്തരിക്കുന്നത്.
ഇത്രയും കാലം നീണ്ട പൊതുപ്രവർത്തനം ഉണ്ടായിട്ടും പത്തുപൈസയുടെ സമ്പാദ്യമുള്ള ആളല്ല അദ്ദേഹം. ഈ 94ാം വയസ്സിലും കുട നിർമ്മിച്ച് ഉപജീവനം കണ്ടെത്തുന്ന തൊഴിലാളിയാണ് ഗ്രോ വാസു. കോഴിക്കോട് പൊറ്റമ്മലിലെ ഒരു ഒറ്റമുറിക്കടയിലാണ് ഇപ്പോഴും ഐതിഹാസികമായ ആ ജീവിതം.
സിപിഎമ്മിൽ നിന്ന് നക്‌സലിസത്തിലേക്ക്
പക്ഷേ വാസുവേട്ടനെ അറിയുന്നവർക്കെല്ലാം ഇപ്പോൾ അദ്ദേഹം കോടതിയിൽ എടുത്ത നിലപാട് മനസ്സിലാകും. അതിൽ യാതൊരു അത്ഭുതവുമില്ല. വംശനാശം വന്ന നിസ്വാർഥ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവസാനത്തെ കണ്ണികളിൽ ഒരാണ് ഇദ്ദേഹം. 20ാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പവർത്തകനായിട്ടായിരുന്നു തുടക്കം. 64ൽ സിപിഐ പിളർന്ന് സിപിഎം ഉണ്ടായി. അന്ന് കോഴിക്കോട് ദേശാഭിമാനി ഓഫീസ് സിപിഐ പിടിച്ചെടുത്തപ്പോൾ, തിരിച്ചുപിടിച്ചത് ഗ്രോവാസു അടക്കമുള്ളവരുടെ ശ്രമം മൂലമാണ്. പക്ഷേ സിപിഎം പ്രവർത്തനം അധികാലം നീണ്ടില്ല. നക്‌സൽബാരി പ്രക്ഷോഭം നടന്നതോടെ അദ്ദേഹം പാർട്ടിയിനിന്ന് രാജിവച്ച് നക്‌സൽ പ്രസ്ഥാനത്തിന്റെ ഭാഗമായി.
അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. '' ലോകമെമ്പാടുമുള്ള ഇടതുപ്രവർത്തകർക്ക് ആവേശമായിരുന്ന നകസ്ല്! ബാരി. 1967ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)ന്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്‌സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്‌സൽ പ്രസ്ഥാനങ്ങളുടെ തുടക്കം.
നക്‌സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്‌സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്. 1967 മെയ് 25ന് നക്‌സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ജന്മികളെ അവിടെയുള്ള കർഷകർ സംഘടിതമായി തിരിച്ചടിച്ചപ്പോൾ ആക്രമണം രൂക്ഷമായി. ചൈനയിലെ മാവോ സേതുങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ചാരു മജൂംദാർ, അതു കൊണ്ടു തന്നെ, മാവോയുടെ കാലടികൾ പിന്തുടർന്ന് കൊണ്ട് തങ്ങളുടെ ശോച്യാവസ്ഥയ്ക്ക് ഹേതുവായ ഉപരി വർഗ്ഗത്തെയും ഭരണകൂടത്തെയും നിഷ്‌കാസിതരാക്കുവാൻ കർഷകരോടും സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിക്കുന്നവരോടും ആഹ്വാനം ചെയ്യുമായിരുന്നു. ഈ സമരം എന്നെയും വല്ലാതെ സ്വാധീനിച്ചു. സിപിഎമ്മിന്റെ കോപ്രമൈസ് രാഷ്ട്രീയം വിടാനുള്ള സമയമായി എന്ന് എനിക്കും ബോധ്യപ്പെട്ടു. '' അങ്ങനെയാണ് വാസു വിപ്ലവപ്രസ്ഥാനങ്ങളുടെ ഭാഗമാവുന്നത്.
കുന്നിക്കൽ നാരായണനും, നക്‌സൽ വർഗീസും ഉൾപ്പെടുയുള്ളവർക്ക് ഒപ്പം പ്രവർത്തിച്ച്, നിരവധി ഓപ്പറേഷനുകളിൽ ഭാഗമായ നേതാവ് ആയിരുന്നു വാസു. അതിന്റെ പേരിൽ നിരവധി വർഷം ജയിലിലുമായി. കുറ്റിയാടി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിന്റെയും മറ്റും ഭാഗമായി. 1970ലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 7 വർഷത്തെ ജയിൽവാസം. 1977ൽ ജയിലിൽ നിന്ന് പുറത്തിറങ്ങി.
പക്ഷേ തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് പോരായമകൾ നക്‌സൽ പ്രസ്ഥാനത്തിന് ഉള്ളതായി അദ്ദേഹം പറയുന്നു.'' നക്‌സലൈറ്റ് പ്രസ്ഥാനത്തിന് പാർശ്വവൽകൃത സമൂഹത്തിലേക്ക് നോക്കിയില്ല. ജാതിവ്യവസ്ഥയുടെ കോട്ടകൾ തകർക്കാൻ അവർക്ക് പരിപാടിയുണ്ടായിരുന്നില്ല. സവർണ്ണാധിപത്യം ഒരു പരിധിവരെ തകർക്കാനും കഴഞ്ഞില്ല. '' അദ്ദേഹം ചൂണ്ടിക്കാട്ടി.
മീശ പറഞ്ഞാലും വാസു പറയില്ല
അടിയന്തരാവസ്ഥാ കാലത്ത് അതിക്രുരമായ മർദനമാണ് അദ്ദേഹത്തിന് നേരിട്ടത്. പൊലീസ് എന്തെല്ലാം ചെയ്യുമെന്ന് ജീവിതം കൊണ്ട് അദ്ദേഹം അറിഞ്ഞിട്ടുണ്ട്. മീശയിലെ ഓരോ രോമങ്ങളും പൊലീസ് പിഴുതെടുന്ന മർദ്ദനവേളയിൽ 'മീശ പറഞ്ഞാലും വാസു പറയില്ല' എന്ന് പറഞ്ഞ അദ്ദേഹം, ഇന്നും കൊമ്പൻ മീശ താഴാതെ നടക്കുന്നു. അന്നത്തെ നക്‌സലുകളിൽ ഒരു വിഭാഗം സായിബാബാ ഭക്തരും, പാസ്റ്റർമാരും, പിന്നെ സിപിഎം നേതാക്കളും, കച്ചവടക്കാരുമായുമൊക്കെ മാറിയിട്ടും വാസുവേട്ടൻ നിലപാടിൽ ഇളകാതെ നിന്നു.
ചലച്ചിത്ര സംവിധായകനും, മാധ്യമ പ്രവർത്തകനുമായ പ്രേം ചന്ദ് ഗ്രോ വാസുവിനെകുറിച്ച് ഇങ്ങനെയാണ് എഴുതുന്നത്. '' ഞാൻ വാസു ഏട്ടന്റെ രാഷ്ട്രീയത്തിന്റെ അനുകൂലിയല്ല. പണ്ടും അല്ലായിരുന്നു. എന്നാൽ ഏത് ദുഷ്‌ക്കര സാഹചര്യത്തിലും പ്രതിഷേധിക്കാനുള്ള ഒരു പൗരന്റെ അവകാശം നിവേറ്റുന്ന മനുഷ്യനാണത്. അത് അംഗീകരിച്ചേ മതിയാവൂ. അത്രയേ വാസു ഏട്ടനും ചെയ്തിട്ടുള്ളൂ. ഒരു ഏറ്റുമുട്ടൽ കൊലയിലൂടെ കൊല്ലപ്പെട്ട മനുഷ്യരുടെ നീതിക്ക് വേണ്ടി പ്രതിഷേധിച്ചു എന്നതാണ് വാസു ഏട്ടൻ ചെയ്തതായി പറയപ്പെടുന്ന കുറ്റം. അത് ഏത് പൗരന്റെയും ഭരണഘടനാപരമായ അവകാശമാണ്. സായുധ സമരമല്ലായിരുന്നു അത്. പ്രതിഷേധിച്ചതിന് കേസ് എടുത്ത പൊലീസ് ചെയ്തതാണ് തെറ്റ്. അതിൽ പ്രതിഷേധിച്ച് ജയിലിൽ പോകാൻ തീരുമാനമെടുക്കാനാവുന്ന മറ്റൊരാൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെനിക്കറിയില്ല.
കഴിഞ്ഞ ദിവസത്തെ രാത്രി ഭയാനകമായിരുന്നു. ഒരു കൊച്ചു പെൺകുട്ടിയെ ഒരു ഉദ്ധരിച്ച ആണത്തത്തിന്റെ മഹാലിംഗം ബലാത്സംഗം ചെയ്തുകൊന്ന് ചളിയിൽ പൂഴ്‌ത്തിയത് കണ്ട് തരിച്ചു നിൽക്കുമ്പോഴാണ് വാസു ഏട്ടൻ ജയിലിൽ പോയ വിവരം കേൾക്കുന്നത്. അമേരിക്കയിൽ നിന്നും സംവിധായക സുഹൃത്ത് ജയൻ ചെറിയാൻ വിളിച്ചു ചോദിച്ചു നാണമാകുന്നില്ലേ എന്ന്. അങ്ങിനെ രണ്ടു വേദനകളും ഒന്നിച്ചു വേട്ടയാടി. നാണക്കേട് സഹിക്കാൻ വയ്യാതെ ഫേസ്‌ബുക്കിൽ ഒരു കുറിപ്പിട്ടു. എന്തൊരു നാണം കെട്ട രാത്രി എന്ന്.
1977-78 കാലത്ത് ഒരു വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഞാനാദ്യം വാസു ഏട്ടനെ കാണുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മീശയിലെ ഓരോ രോമങ്ങളും പൊലീസ് പിഴുതെടുന്ന മർദ്ദനവേളയിൽ 'മീശ പറഞ്ഞാലും വാസു പറയില്ല' എന്ന് പറഞ്ഞ വാസു ഏട്ടൻ അന്ന് ജീവിച്ച അതേ മുറിയിലാണ് ഇന്നും. പൊറ്റമ്മൽ ഇന്ന് തിരിച്ചറിയാൻ പറ്റാത്ത വണ്ണം മഹാനഗരമായി മാറിക്കഴിഞ്ഞു. മാറാത്തതായി പൊറ്റമ്മലിൽ ഒന്നേയുള്ളൂ, വാസു ഏട്ടൻ മാത്രം.
ഇല്ലാതായിപ്പോയ മാവൂർ റയോൺസ് ഫാക്ടറി അടച്ചു പൂട്ടിയ കാലത്ത് അതിനെക്കുറിച്ച് എഴുതിയതായിരുന്നു മാതൃഭൂമി എഡിറ്റ് പേജിന്റെ എന്റെ ആദ്യ ഫീച്ചർ പരമ്പര. അന്ന് അഭിമുഖം നടത്തിയ അവിടുത്തെ അന്നത്തെ ട്രേഡ് യൂണിയൻ നേതാക്കൾ ഇന്ന് വളർന്ന് എവിടെയെത്തി എന്ന് കോഴിക്കോട് നഗരം കാണുന്നുണ്ട്. വാസു ഏട്ടൻ ഇന്നും കുടയുണ്ടാക്കി ആ പഴയ ഒറ്റമുറി ജീവിതം തന്നെ തുടരുന്നു. രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന് പണ്ട് ഹോചിമിൻ പറഞ്ഞ ഉപജീവനത്തിനുള്ള വഴി അല്ലായിരുന്നു.
കമ്മ്യൂണിസ്റ്റ് ആചാര്യൻ പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയം കണ്ട മറ്റൊരാൾ ഇന്ന് ജീവിച്ചിരിപ്പുണ്ടാകാനിടയില്ല. ആ രാഷ്ട്രീയം കാണാൻ വാസു ഏട്ടനെ കണ്ടാൽ മതി. രാഷ്ട്രീയം മാറി. അപ്പോൾ ഇങ്ങിനെ ഒത്തുതീർപ്പിന് വഴങ്ങാത്ത ഒരാൾ സമൂഹത്തിന്, രാഷ്ട്രീയത്തിന്, പൊലീസിന്, മാധ്യമങ്ങൾക്ക്, കോടതിക്ക് ഒക്കെ ഒരു ശല്യക്കാരനായി തോന്നുന്നത് സ്വാഭാവികം.
ഞാൻ ഒരു നക്‌സലൈറ്റല്ല. എന്നാൽ പിന്നിട്ട നാലു പതിറ്റാണ്ടിൽ നക്‌സലൈറ്റുകൾ നടത്തിയ അതിക്രമങ്ങൾ, കൊലകൾ ഒക്കെ ഒരു തട്ടിലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തിയ അതിക്രമങ്ങൾ, കൊലകൾ മറ്റേ തട്ടിലും ഇട്ടാൽ ഏത് തട്ടാണ് താഴ്ന്നിരിക്കുക? അതു വച്ച് ആരെയായിരിക്കും ഭീകരർ എന്ന് വിളിക്കേണ്ടി വരിക? ആർക്കെങ്കിലും സംശയമുണ്ടോ?'' ഇങ്ങനെയാണ് പ്രേം ചന്ദ് തന്റെ അനുഭവങ്ങൾ കുറിക്കുന്നത്.
എ വാസു, ഗ്രോ വാസു ആവുന്നു
ജയിൽവാസത്തിനുശേഷം മനുഷ്യാവകാശ പ്രവർത്തകനായാണ് അദ്ദേഹം അറിയപ്പെട്ത്. തൊഴിലാളി പ്രസ്ഥാനമായ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയ ഇദ്ദേഹം ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരള സംസഥാന അദ്ധ്യക്ഷനായിരുന്നു. കണ്ട ഏറ്റവും ശക്തമായ ജനകീയ സമരങ്ങളിലൊന്നായ ചാലിയാർ സമരത്തിലൂടെയാണ് അദ്ദേഹത്തിന്റെ പൊതുജീവതത്തിലെ അടുത്ത ഘട്ടം തുടങ്ങുന്നത്. മാവുർ ഗ്വാളിയോർ റയോൺസ് ഫാക്ടറി അടച്ചു പൂട്ടിയതിനെതിരെ നടന്ന സമരങ്ങൾ ഫലവത്താവാതിരുന്ന ഘട്ടത്തിൽ 'ഗ്രോ' എന്ന സംഘടന സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളെ അപേക്ഷിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ഈ സംഘടനയ്ക്ക് സാധിച്ചു. മാവൂർ സമരത്തെത്തുടർന്ന് ഗ്രോ വാർത്താപ്രാധാന്യം നേടിയതിനാൽ അതിന്റെ നേതാവായ എ വാസു, ഗ്രോ വാസു എന്ന പേരിലറിയപ്പെടുവാൻ തുടങ്ങി.
അതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളും മനുഷ്യാവകാശ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടയിരുന്നു. വിവിധങ്ങളായ ഭൂസമരങ്ങളിൽ, ദളിത് അവകാശ സമരങ്ങളിൽ, മനുഷ്യാവകാശപ്രക്ഷോഭങ്ങളിലെല്ലൊം ആ കൊമ്പൻ മീശക്കാരനെ കേരളം കണ്ടു. മുത്തങ്ങയിൽ ക്രൂരമായ പൊലീസ് മർദനമേറ്റ് ശരീരമാസകലം നീരുവെച്ച്, മുഖം വീർത്ത് അനങ്ങാനാകാതെ കോഴിക്കോട്ടെ ജയിലിലെത്തിയതിന്റെ രണ്ടാം നാൾ തന്നെ കാണാനെത്തിയ ആദ്യ അതിഥിയെക്കുറിച്ച് സി.കെ. ജാനു തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ഒരു കുപ്പി കുഴമ്പുമായി പുതിയറ ജയിലിലെത്തിയ വാസുവേട്ടനെക്കുറിച്ചകോഴിക്കോട് മാനാഞ്ചിറയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലമായ കോം ട്രസ്റ്റ് സംരക്ഷിക്കാനും, തൊഴിലാളികൾക്ക് നീതി കിട്ടാനുമായി അദ്ദേഹം പ്രവർത്തിച്ചു. അന്ന് ആ സ്ഥലം വിറ്റ് കമ്മീഷനടിക്കാൻ മന്ത്രിമാർവരെ ശ്രമിച്ചിട്ടും, നടക്കാതെ പോയത് പൊതുപ്രവർത്തനത്തിന്റെ പേരിൽ വണ്ടിക്കൂലി പോലും വാങ്ങിക്കാത്ത ഈ മനുഷ്യന്റെ ഇടപെടൽ മൂലമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്ത് എത്തിയാൽ പലപ്പോഴും തിരിച്ചുള്ള ട്രെയിൻ ടിക്കറ്റിനുള്ള പണം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടാവുമായിരുന്നില്ല. അത് പരിചയമുള്ള മാധ്യമ പ്രവർത്തകരിൽനിന്ന് കടം വാങ്ങിയാണ് തിരിച്ചുപോവുക. കോഴിക്കോട്ട് എത്തിയാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ആ തുക മണിയോഡറായി അയക്കുകയും ചെയ്യും.
പെറ്റി ബൂർഷ്വാസിയെ വിശ്വസിക്കാനാകില്ല. അവർ ചതിക്കും എന്ന് വാസു ഇടക്കിടെ പറയാറുണ്ട്. കുറച്ചു കാലം വിപ്ലവകാരിയാകാൻ ആർക്കും പറ്റും. എന്നാൽ എല്ലാ കാലത്തും വിപ്ലവകാരിയായിരിക്കുക എന്നത് കഴിയാത്ത കാര്യമാണ്. തന്റെ ഇത്രയും വർഷത്തെ പൊതുജീവിത്തിനിടയിൽ ധന സമാഗമത്തിനുള്ള നിരവധി മാർഗങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം അദ്ദേഹം പുറങ്കാലുകൊണ്ട് തൊഴിച്ച് മാറ്റുകയാണ് ഉണ്ടായത്.
വർഗീസിനെ എങ്ങനെ കൊന്നു?
തിരുനെല്ലിക്കാട്ടിൽ 1970 ഫെബ്രുവരി 18നാണ് നക്‌സൽ നേതാവ് എ വർഗീസിനെ പൊലീസ് വെടിവെച്ച് കൊന്നത്. വ്യാജ ഏറ്റുമുട്ടലിലാണ് വർഗീസ് മരിച്ചതെന്ന് പൊലീസ് കോൺസ്റ്റബിളായ രാമചന്ദ്രൻ നായർ ആദ്യം വെളിപ്പെടുത്തിയത് ഗ്രോ വാസുവിനോടായിരുന്നു. വനത്തിനകത്തെ പാറയിൽ കയറ്റി നിർത്തി താനാണ് വെടിവെച്ച് കൊന്നതെന്ന് വർഷങ്ങൾക്ക് ശേഷം രാമചന്ദ്രൻനായർ ഗ്രോ വാസുവിനെ തേടിയെത്തി നേരിട്ട് വന്ന് പറഞ്ഞയുകയായിരുന്നു.
ഇക്കാര്യം അദ്ദേഹം ഒരു കത്തായി എഴുതുകയും, സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇത് മാധ്യമങ്ങൾ വഴി വാർത്തയാക്കാനും ശ്രമം നടന്നു. പക്ഷേ അപ്പോഴും രാമചന്ദ്രൻ നായരുടെ സുരക്ഷയായിരുന്നു, വാസുവിന്റെ പ്രശ്‌നം. അതിനാൽ അത് വെളിപ്പെടുത്താതെ നീണ്ടുപോയി. എന്നാൽ പിന്നീട് മലയാളം വാരികയിൽ കെ വേണുവിന്റെ ആത്മഥയിലുടെയാണ് വർഗീസ് വധം വിവാദമായത്. തുടർന്നാണ് മാധ്യമങ്ങളിലുടെ രാമചന്ദ്രൻ നായർ നേരിട്ട് എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്. അതിന്റെ പേരിൽ പുനർ അന്വേഷണം ഉണ്ടായതും, ലക്ഷ്മണ അടക്കമുള്ള ഉയർന്ന പൊലീസ് ഉദ്യോഗ്‌സഥന്മാർ ശിക്ഷക്കപ്പെട്ടതും കേരളത്തിന്റെ ചരിത്രം.
''രാമചന്ദ്രൻനായരിൽ മനുഷ്യത്വം അവശേഷിച്ചതുകൊണ്ടാണ് അദേഹം ഏറ്റുപറഞ്ഞത്. രാമചന്ദ്രൻനായർക്ക് മുമ്പും ശേഷവും അങ്ങനെയൊരു തുറന്നുപറച്ചിൽ ഉണ്ടായില്ല. ഇനി ഉണ്ടാകുമോയെന്നറിയില്ല'' ഗ്രോ വാസു അതേക്കുറിച്ച് പറഞ്ഞത് അങ്ങനെയാണ്. പക്ഷേ ഈ ആധുനിക കാലഘട്ടത്തിലും വ്യാജ ഏറ്റുമുട്ടലുകൾ ആവർത്തിക്കുന്നതാണ് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്നത്. '' പിണറായി വിജയൻ സർക്കാർ അധികാരത്തിൽ കയറിയ ശേഷം എത്ര ഏറ്റുമുട്ടലുകളാണ് മാവോയിസ്റ്റുകൾക്ക് നേരെ ഉണ്ടായത്. എത്ര പേരയാണ് കൊന്നത്. ഇത് എല്ലാം ഏറ്റമുട്ടലുകൾ ആണെന്നതിന് എന്താണ് തെളിവ്. അവരുടെ മൃതദേഹം പോലും ഉറ്റവരെ കാണാൻ സമ്മതിക്കുന്നില്ല. ഇതൊക്കെ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന ഒരു സർക്കാറിന് ഭൂഷമാണോ. ഒന്നാന്തരം ഫാസിസ്റ്റ് സർക്കാറാണ് പിണറായിയുടേത്'' ഗ്രോ വാസു മാവോയിസ്റ്റ് വേട്ടയിൽ ശക്തമായി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ വിവാദം
ഇങ്ങനെയൊക്കെ ആണെങ്കിലും ഗ്രോ വാസു വിവാദത്തിലായത് പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ പേരിലാണ്. എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വേദികളിൽ പ്രത്യക്ഷപ്പെടുന്നതിന്റെ പേരിലാണ് അദ്ദേഹം പലപ്പോഴും വിമർശിക്കപ്പെട്ടു. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുന്നതിന് വെറും ഒരാഴ്ച മുമ്പ്, കോഴിക്കോട് ചേർന്ന രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന സമ്മേളനത്തിലും ഗ്രോ വാസു പ്രസംഗിച്ചിരുന്നു. ആ പ്രസംഗത്തിൽ ഗ്രോ വാസുവിന് പറ്റിയ ഒരു നാക്കുപിഴയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആവേശത്തോടെ പ്രസംഗിക്കുന്ന ഗ്രോ വാസു, തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത് തൊട്ട് മുമ്പ് പറയുന്നത് 'അവസാനിമിഷംവരെ മുസ്ലിം ഭീകരരോട് ഒപ്പം നൽക്കുമെന്നാണ്'. നാക്കുപിഴയാണെങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ മുഖത്തുനോക്കിത്തന്നെ മുസ്ലിം ഭീകരർ എന്ന് വിളിച്ചത് നന്നായി എന്നാണ് പലരും ട്രോളുന്നത്.
ഗ്രോ വാസുവിന്റെ പ്രസംഗത്തിന്റെ അവസാന ഭാഗം ഇങ്ങനെയാണ്. 'പബ്ലിക്ക് ആയിട്ട് നമ്മുടെ പ്രധാനമന്ത്രിയും, അതിനെ പ്രതിനിധീകരിക്കുന്ന സംഘപരിവാറും, വളരെ വൃത്തിയായിട്ട് തന്നെ നമുക്ക് കാണിച്ചു തന്നു, അവർ ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്ന്. തീർച്ചയായിട്ടും ഇവർ എല്ലാ അവസാനിക്കുന്ന പോരാട്ടത്തിൽ, ഈ രാജ്യത്തെ മുഴുവൻ യോജിപ്പിച്ചുകൊണ്ട്, യോജിക്കേണ്ടവർ യോജിക്കാതിരുന്നതാണ് ലോകത്തിലെ അധസ്ഥിതവർഗ പോരാട്ടങ്ങളുടെ പരാജയം എന്ന്, ഈ ലോകത്തോട് നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ട്, ഈ അവസാന നിമിഷം വരെ നിങ്ങളാടൊപ്പം നിന്ന് പോരാടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്.... വളരെ ദീർഘവീക്ഷണമുള്ള രണ്ടുനേതാക്കൾ ഈ പ്രസ്ഥാനത്തിൽ ഉണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവരുമായിട്ട് ഞാൻ മുന്ന് പതിറ്റാണ്ട്്മുമ്പുതന്നെ, അങ്ങേയറ്റം സൗഹൃദം സ്ഥാപരിച്ചിട്ടുണ്ട്. അവരോടൊപ്പം പ്രവർത്തിക്കുന്നത് അങ്ങേയറ്റം, ഉന്മേഷവും അങ്ങേയറ്റം സന്തോഷവും, നൽകുന്ന കാര്യമാണ്. നിങ്ങളോടൊപ്പം ഒന്നിച്ച്, അവസാന നിമിഷംവരെ മുസ്ലിം ഭീകരരോട് ഒപ്പം നൽക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു'' ഇങ്ങനെയാണ് വാസു തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.
ഇത് ട്രോൾ ആയതോടെ വാസുവിനെ അനുകൂലിക്കുന്നവരും മറുപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി, അദ്ദേഹം പാർക്കിൻസൺസ് അടക്കമുള്ള വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നാണ് ഇവർ പറയുന്നത്. ഇത് അദ്ദേഹത്തിനുണ്ടായ നാക്കുപിഴ മാത്രമാണ്. പക്ഷേ ഗ്രോ വാസുവിനെപ്പോലെയുള്ളവരുടെ അനാരോഗ്യം മുതലെടുത്ത് പോപ്പുലർ ഫ്രണ്ടുകാർ അവരെ ഹൈജാക്ക് ചെയ്യുകയാണെന്നും വിമർശനമുണ്ട്. ദലിത ആദിവാസി മനുഷ്യവകാശ പ്രവർത്തകർ എന്ന ഒരു മറയുണ്ടാക്കിയുള്ള അവരുടെ പ്രവർത്തനം, വാസുവിനും വേണ്ടത്ര തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന വിമർശനവും ഉണ്ട്.
കുട നിർമ്മിച്ച് ഉപജീവനം
രാഷ്ട്രീയ പ്രവർത്തനം അല്ലെങ്കിൽ പൊതുപ്രവർത്തനം എന്നൊക്കെപ്പറഞ്ഞാൽ പലർക്കും കോടികൾ സമ്പാദിക്കാനുള്ള മാർഗമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായും, ഗ്വാളിയോർ റയോൺസിലെ തൊഴിലാളി നേതാവായുംാ നക്‌സലൈറ്റായുമെല്ലാം പ്രവർത്തിച്ച വാസുവേട്ടൻ 94 വയസ് ആയിട്ടും ഒരുഘടനയുടെ പേര് പറഞ്ഞ് പിരിവെടുക്കാതെയും ആരേയും ആശ്രയിക്കാതെയും ജീവിക്കയാണ്. കഴിഞ്ഞ 50 വർഷമായി കുട വിൽപ്പന ഉപജീവനമാർഗമായിട്ട്. പൊറ്റമ്മലിലെ ചെറിയ കടയിൽ മാരിവിൽ കുടകളുമായി ഈ മഴക്കാലത്തുമുണ്ട് ഗ്രോ വാസു.
20 വയസ്സിൽ സിപിഎം പ്രവർത്തകനായിരുന്ന കാലത്ത് കുട നിർമ്മാണത്തിൽ കിട്ടിയ പരിശീലനം ഉപജീവനമാർഗമാക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. കുടനിർമ്മാണ വസ്തുക്കൾ സംഘടിപ്പിച്ച് പലരേയും ഏൽപ്പിച്ചാണ് കുട ഉണ്ടാക്കുന്നത്. ആ കുട തന്റെ കടയിൽ കൊണ്ടുവന്ന് വിൽക്കും. സ്വന്തം വരുമാനത്തിനൊപ്പം മറ്റൊരാൾക്ക് കൂടി വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്നു എന്ന സന്തോഷമുണ്ട് .
മലയാളം വാരികക്ക് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ''
77ലാണ് ഞാൻ ജയിലിൽനിന്ന് വന്നത്. ജോലി ചെയ്ത് ജീവിച്ചയാളായതുകൊണ്ട് ഒരു ജോലിക്ക് അന്വേഷിച്ചു. നക്‌സലൈറ്റിന് ജോലി തരാൻ ആളുണ്ടായിരുന്നില്ല. അവസാനം ഒരു പീടിക വാടകയ്‌ക്കെടുത്ത് കുടയുണ്ടാക്കി വിൽപ്പന തുടങ്ങി. അന്ന് ചെറുപ്പക്കാരൊക്കെ പീടികയിൽ വന്നിരിക്കും. പുതിയ ചെറുപ്പക്കാർ വന്നാൽ ഇവിടുത്തെ മാർക്‌സിസ്റ്റുകാർക്ക് മനസ്സിലാകും. ചിലപ്പോൾ അവരുടെ അനുഭാവിയായിരിക്കും വന്നത്. രണ്ട് ദിവസം വന്നാൽ പിന്നെ ചെറുപ്പക്കാരെ കാണില്ല. എവിടെയെങ്കിലും വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയാൽ പറയും ''വീട്ടിലൊക്കെ ആകെ ബഹളമായി വാസുവേട്ടാ'' എന്ന്. മാർക്‌സിസ്റ്റുകാർ ഓരോ വീട്ടിലും പോയി കുട്ടികൾക്ക് ഞാനുമായിട്ടാണ് കൂട്ട് എന്നും എപ്പോഴാണ് അവരെയും കൂട്ടി കാട്ടിലേക്ക് പോകുന്നത് എന്ന് പറയാൻ പറ്റില്ല എന്നും സൂചിപ്പിക്കും. അതാണ് പിന്നീടവരെ കാണാത്തത്. ഏത് കുടുംബമാണ് നാളെ ''സ്വന്തം മകൻ രാജ്യത്തിനുവേണ്ടി രക്തസാക്ഷിയാകട്ടെ'' എന്ന് വിചാരിക്കുക.'' അദ്ദേഹം ചോദിക്കുന്നു.
ഇപ്പോൾ അൽഷിമേഴ്‌സും ആസ്തമയും അടക്കമുള്ള രോഗങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. എന്നാലും മരണം വരെ ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കണം എന്ന് തന്നെയാണ് തീരുമാനം. വർഷങ്ങളായി മാരിവിൽ കുടകൾ മാത്രം ഉപയോഗിക്കുന്നവരുണ്ട്. എനിക്ക് ഒരു സഹായമാവാൻ വേണ്ടി കൂടിയാണ് അവരെന്റെ കുടകൾ തേടി എത്തുന്നതെന്ന് വാസുവേട്ടൻ പറയുന്നത്.
ഇങ്ങനെയുള്ള ഒരു നിസ്വാർഥനായ മനുഷ്യനെയാണ്, പ്രതിഷേധിച്ചുവെന്ന ഒറ്റക്കാരണത്താൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കൃത്യമായ രാഷ്ട്രീയ വിഷയമാണ്. പ്രത്യേകിച്ച് പിണറായി ഭരണം വന്നതോടെ പൊലീസിന് കിട്ടുന്ന അമിത അധികാരങ്ങൾ ചില്ലറയല്ല. ഈ ജീവിത സായന്തനത്തിലും വാസുവേട്ടൻ അത്തരം അനീതികളോട് കലഹിച്ച് കൊണ്ടിരിക്കയാണ്. ശരിക്കും വെയിലാറാത്ത ഒരു സായാഹ്‌നം!
വാൽക്കഷ്ണം: ഈ ജീവിതകാലത്തിനിടെ തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ആരാണെന്ന ചോദ്യത്തിന് ഗ്രോ വാസു നൽകിയ മറുപടി അത് സിപിഎമ്മുകാർ തന്നെയാണെന്നാണ്. വാസുവിനോട് കൂട്ടുകൂടിയാൽപ്പോലും മാവോയിസ്റ്റായി നശിച്ചുപോകുമെന്ന് അവർ ആദ്യകാലത്ത് പ്രചരിപ്പിച്ചിരുന്നു. പിന്നീട് വി എസ് അധികാരത്തിൽ എത്തിയതോടെ സിപിഎമ്മുമായുള്ള ബന്ധം മെച്ചപ്പെട്ടെങ്കിലും, മാവോയിസ്റ്റ് വേട്ടയും മറ്റുമായി പിണറായിയുടെ ഫാസിസത്തെ വിമർശിച്ചതോടെ അദ്ദേഹം വീണ്ടും സിപിഎമ്മിന്റെ കണ്ണിലെ കരടായി. വാറന്റുകേസുകൾ ഒക്കെ പൊങ്ങിവരുന്നതും അങ്ങനെ ആയിരിക്കാം.