"എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ല. ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ ഞങ്ങളുടെ നിശ്ചയദാർഢ്യം തകർക്കാമെന്നാണ് അധിനിവേശക്കാരുടെ വിശ്വാസം. അത് നടപ്പില്ല" -മൂന്നുമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടും ഒട്ടും കൂസാതെയാണ് അദ്ദേഹം പ്രതികരിക്കുന്നത്. അതാണ് ഇസ്മായിൽ ഹനിയ എന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ തലവൻ. 'നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നപോലെ ഞങ്ങൾ മരണത്തെും സ്നേഹിക്കുന്നുവെന്ന' ഹമാസിന്റെ വിഖ്യാതമായ തലവാചകം പിറന്ന ഈ മസ്തിഷ്‌ക്കം അത്രപെട്ടൊന്നൊന്നും തളർന്ന്പോവില്ല. ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ, മക്കളും പേരക്കുട്ടികളും കൊല്ലപ്പെടുമ്പോൾ അയാൾ സങ്കടപ്പെടുകയല്ല, മറിച്ച് ഏതൊരു ഹമാസ് തീവ്രവാദിയെയെുംപോലെ മരണം ആഘോഷിക്കയാണ്!

കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിലെ, അൽ ഷാതി അഭയാർത്ഥി ക്യാംപിനു സമീപം, വാഹനത്തിൽ സഞ്ചരിക്കവെയാണ്, അദ്ദേഹത്തിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെടുന്നത്. ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവരും, നാലുപേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മൂത്തമകൻ തന്റെ മൂന്ന് സഹോദരന്മാരുടെ മരണം ഫേസ്‌ബുക്ക് പോസ്റ്റിൽ സ്ഥിരീകരിച്ചു. "എന്റെ സഹോദരങ്ങളായ ഹസീം, അമീർ, മുഹമ്മദ്, അവരുടെ മക്കളുടെയും രക്തസാക്ഷിത്വം നൽകി ഞങ്ങളെ ആദരിച്ച ദൈവത്തിന് നന്ദി". ഗസ്സ സിറ്റിയിലെ ഹോം അഭയാർത്ഥി ക്യാമ്പായ ഷാതിയിൽ ഈദുൽ ഫിത്തർ അവധിക്കാലത്തിന്റെ ആദ്യ ദിവസം കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഇവർ ആക്രമണത്തിന് ഇരയായതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ നവംബറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗസ്സയിലെ ഹനിയയുടെ കുടുംബവീട് തകർന്നിരുന്നു. ഇപ്പോൾ ഖത്തറിന്റെയും ഈജിപ്തിന്റെയും യു എസിന്റെ നേതൃത്വത്തിൽ കെയ്‌റോയിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇത് വെടിനിർത്തൽ ചർച്ചകളെയും, ബന്ദികളുടെ മോചനത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്.

അൽജസീറ അടക്കമുള്ള മാധ്യമങ്ങൾ ഹനിയയുടെ മക്കളുടെ കൊലയിൽ വലിയരീതിയിൽ ആഗോള മനസാക്ഷി ഉയർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇസ്രയേലിന്റെ കാഴ്ചപ്പാട് അനുസരിച്ച് തങ്ങളുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടും ഭീകരനാണ് ഹനിയ. ഗസ്സയിൽ ഈ രീതിയിൽ മതം കലർത്തി, ചാവേറുകളെ സൃഷ്ടിക്കുകയും, ജൂതസമൂഹത്തെ മുച്ചുടും മുടിക്കുമെന്ന് പ്രതിജ്ഞയെടുത്തയാളുമാണ് ഹനിയ. കഴിഞ്ഞ സെപ്റ്റംമ്പറിലുണ്ടായ ഇസ്രയേൽ ആക്രമണത്തിന്റെയടക്കം തലച്ചോറുകളിലൊന്നായി അവർ കാണുന്നത്, ഇസ്മായിൽ ഹനിയയെ കൂടിയാണ്.

ശതകോടീശ്വരൻ കൂടിയാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ഇസ്ലാമിക സംഘടന ഇപ്പോൾ ഹമാസാണ്. ഇസ്രയേലിന്റെ കൊടിയ ആക്രമണത്തിൽ വിറങ്ങലിച്ച് ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകുപ്പില്ലാതെ, ഗസ്സക്കാർ ദുരിത ജീവിതം നയിക്കുമ്പോൾ, അവരുടെ മൃതദേഹങ്ങൾ 'വിറ്റ്' കോടീശ്വരരായ ഹമാസ് നേതാക്കൾ സുഖജീവിതം നയിക്കയാണെന്നാണ്, വേൾഡ് ടുഡെ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഹനിയക്ക് 13 മക്കളുണ്ട്. ഇവരിൽ ഭുരിഭാഗവും ഖത്തറിൽ സുഖജീവിതമാണ് നയിക്കുന്നത്. ഗസ്സയിലെ കുട്ടികളെ ചാവേറാക്കി മാറ്റുന്നതിലും, രക്തസാക്ഷികളുടെ കുടുംബത്തിന് പെൻഷൻ അനുവദിക്കുകയും അടക്ക ചെയ്ത്്, ഗസ്സയിലെ 'ചാവേർ വ്യവസായത്തിന്' അടിത്തറിയിട്ടത് ഹനിയയാണ്. കുട്ടികളുടെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയും, മരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ആഗോളവ്യാപകമായി വിൽപ്പന നടത്തിയുമാണ് ഹനിയ കോടീശ്വരനായത്. ഇപ്പോൾ വാളെടുത്തവൻ വാളാൽ എന്ന രീതിയിൽ ഹനിയയുടെ മക്കളും കൊല്ലപ്പെടുന്നു!

അഭയാർത്ഥി ക്യാമ്പിൽ ജനിച്ച കുട്ടി

അല്ലെങ്കിലും ബന്ധുക്കളുടെ മരണങ്ങൾ ഹനിയക്ക് പുത്തരിയല്ല. 2023 ഒക്ടോബറിൽ, ഗസ്സ സിറ്റിയിലെ അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഹനിയയുടെ സഹോദരനും മരുമകനും ഉൾപ്പെടും. 2023 നവംബറിൽ, ഗസ്സ സിറ്റിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു ചെറുമകൾ കൊല്ലപ്പെട്ടിരുന്നു. ആ മാസം തന്നെ അദ്ദേഹത്തിന്റെ മൂത്ത ചെറുമകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തങ്ങൾക്കെതിരെ നിരന്തരം പ്രവർത്തിക്കുന്ന ഹനിയയെയും കൂടുംബത്തെയും മുച്ചൂടും മുടിക്കുമെന്ന് ഇസ്രയേൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഹനിയ പിറന്നുവീണതുതന്നെ രക്തത്തിന്റെ നടുവിലാണ്. ഈജിപ്ഷ്യൻ അധിനിവേശ ഗസ്സ മുനമ്പിലെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിലാണ് ഹനിയയുടെ ജനനം. 1948-ൽ ഇസ്രയേൽ പിറന്നുവീണപ്പോൾ, അറബ് മണ്ണിൽ ജൂതരാഷ്ട്രം അനുവദിക്കില്ലെന്ന് പറഞ്ഞ്, നാലുപാടുനിന്നും മുസ്ലിം രാഷ്ട്രങ്ങൾ ആക്രമിക്കയായിരുന്നു. ഈ അറബ്-ഇസ്രയേൽ യുദ്ധത്തിൽ, ഇസ്രയേലിലെ അഷ്‌കെലോണിൽ നിന്ന് പലായനം ചെയ്യപ്പെട്ടടവരാണ് ഹനിയുടെ മതാപിതാക്കൾ. കുട്ടിക്കാലത്തുതന്നെ തന്നെ ജൂത വിരോധവും ഇസ്രയേൽ വിരോധവും അയാൾക്ക് ആവശ്യത്തിലേറെ കിട്ടി.

ഹനിയ, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളുകളിൽ പഠിക്കുകയും 1987 - ൽ ഗസ്സയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം നേടുകയും ചെയ്തു. പഠിക്കുമ്പോൾ തന്നെ അദ്ദേഹം തീവ്രവാദത്തിലേക്ക് ആകൃഷ്ടനായി. ആഗോള മുസ്ലിം തീവ്രവാദത്തിന്റെ തലതൊട്ടപ്പൻ എന്ന് വിളിക്കാവുന്ന ബ്രദർഹുഡിലാണ് അദ്ദേഹം ചെന്നുപെട്ടത്. 1985 മുതൽ 1986 വരെ അദ്ദേഹം മുസ്ലിം ബ്രദർഹുഡിനെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥി കൗൺസിലിന്റെ തലവനായിരുന്നു. ഇസ്ലാമിക് അസോസിയേഷൻ ഫുട്ബോൾ ടീമിൽ മിഡ്ഫീൽഡറായും അദ്ദേഹം കളിച്ചു. ഇസ്രയേൽ അധിനിവേശത്തിനെതിരായ ആദ്യ ഇൻതിഫാദ ഗസ്സ മുനമ്പിൽ ആരംഭിച്ച അതേ സമയത്താണ് ഹനിയ ബിരുദം നേടിയത് .

ഒന്നാം ഇൻതിഫാദയിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഹനിയക്ക് ഇസ്രയേൽ സൈനിക കോടതി തടവുശിക്ഷ വിധിച്ചു. 1989-ൽ മൂന്ന് വർഷം തടവിലായി. 1992-ൽ മോചിതനായതിനെത്തുടർന്ന്, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ സൈനിക അധികാരികൾ അദ്ദേഹത്തെ മുതിർന്ന ഹമാസ് നേതാക്കളായ അബ്ദുൽ അസീസ് അൽ-റാന്റിസി , മഹ്മൂദ് സഹാർ , അസീസ് ദുവൈക്ക് , മറ്റ് 400 പ്രവർത്തകർ എന്നിവരോടൊപ്പം ലെബനനിലേക്ക് നാടുകടത്തി . അവർ ഒരു വർഷത്തിലേറെയായി തെക്കൻ ലെബനനിലെ മർജ് അൽ-സഹോറിൽ താമസിച്ചു. സത്യത്തിൽ ഈ നേതാക്കളുടെ സമ്പർക്കമാണ് ഹനിയയയെ വളർത്തിയത്. മാധ്യമങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നതും, ഹമാസിന്റെ ശക്തനായ വക്താവ് ആവുന്നതും ഈ കാലത്താണ്. ഒരു വർഷത്തിനുശേഷം, ഗസ്സയിലേക്ക് മടങ്ങിയ അദ്ദേഹം ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ഡീനായി നിയമിതനായി.


ഗസ്സയുടെ പ്രധാനമന്ത്രി

അന്നത്തെ ഹമാസിന്റെ ആത്മീയ നേതാവായ യാസീനുമായുള്ള ബന്ധമാണ് ഇസ്മായിൽ ഹനിയയയെ വളർത്തിയത്. തുടർന്ന് അദ്ദേഹം ഫലസ്തീൻ അഥോറിറ്റിയുടെ പ്രതിനിധിയായിമായി. ഹമാസിലെ രണ്ടാമാനായി അദ്ദേഹം വളർന്നു. 2003-ൽ ജറുസലേമിൽ നടന്ന ചാവേർ ബോംബാക്രമണത്തിന്റെ സൂത്രധാരൻ ഹനിയ ആണെന്ന് കരുതുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേൽ വ്യോമസേനയുടെ ബോംബാക്രമണത്തിൽ ഹനിയക്ക് പരിക്കേറ്റിരുന്നു. 2005 ഡിസംബറിൽ, ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി.

2006 ഫെബ്രുവരി 16-ന് ഇസ്മായിൽ ഹനിയ ഫലസ്തീൻ അതോരിറ്റിയുടെ പ്രധാനമന്ത്രിയായി. ഈ സമയത്ത് ഖത്തർ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കി ഹനിയ കോടികളുടെ ഫണ്ട് സമാഹരിച്ചു. പക്ഷേ ആ ബന്ധം അതികകാലം നീണ്ടില്ല. മുഹമുദ് അബ്ബാസിന്റെ ഫത്ത പാർട്ടിയും ഹമാസും തെറ്റി. ഹമാസ് മുന്നോട്ടുവെച്ച കണ്ണിൽ ചോരയില്ലാത്ത തീവ്രവാദത്തോട് ഫത്തക്ക് യോജിപ്പില്ലായിരുന്നു. തുടർന്ന് ഇവർ തമ്മിലായി പോരാട്ടം.

2006 ഒക്ടോബർ 20-ന്, ഫത്തയും ഹമാസും തമ്മിലുള്ള വിഭാഗീയ പോരാട്ടം അവസാനിപ്പിക്കാനുള്ള ഈ കരാറിന്റെ തലേന്ന്, ഗസ്സയിൽ ഹനിയയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. കാറിന് തീയിട്ടെങ്കിലും ഹനിയയ്ക്ക് കാര്യമായി പരിക്കേറ്റില്ല. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഫത്തയുടെ ഒരു പട്ടാളക്കാരന്റെ ബന്ധുക്കളാണ്,ഈ ആക്രമണം നടത്തിയത്.

ഫലസ്തീൻ അതോരിറ്റി ഗസ്സയിലേക്ക് ഹനിയ കടക്കുന്നതുപോലും നിഷേധിച്ചു. ഹനിയ അതിർത്തി കടക്കാൻ ശ്രമിച്ചപ്പോഴുണ്ടായ വെടിവപ്പിൽ, ഒരു അംഗരക്ഷകൻ കൊല്ലപ്പെട്ടു. ഹനിയയുടെ മൂത്ത മകന് പരിക്കേൽക്കുകയും ചെയ്തു. ഹനിയയെ വധിക്കാൻ എതിരാളിയായ ഫത്തയുടെ ശ്രമമാണെന്ന് ഹമാസ് അപലപിച്ചു. ഇത് വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും ഹമാസും ഫത്തസേനയും തമ്മിലുള്ള രൂക്ഷമായ എറ്റുമുട്ടലിന് ഇടയാക്കി. പിന്നീട് ഈജിപ്ത് ഇടപെട്ട ചർച്ചയിലാണ് ഈ ചോരക്കളി അവസാനിച്ചത്.

ഹമാസിന്റെ ഫണ്ട് റെയ്സർ

ആഗോള വ്യാപകമായി ഹമാസിന്റെ ഫണ്ട് റെയസർ എന്ന രീതിയിലാണ് ഹനിയ അറിയപ്പെടുന്നത്. ഇറാൻ പരമോന്നത നേതാവ് അലി ഖുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. 2007 ജൂൺ 14 ന്, ഗസ്സ യുദ്ധത്തിനിടയിൽ , പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഏകീകൃത ഗവൺമെന്റിനെ പിരിച്ചുവിടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഹനിയയെ പുറത്താക്കി അബ്ബാസ് ഭരണം തുടർന്നു.

ഇതോടെ നാട്ടിലേക്ക് പ്രവേശനം ഇല്ലാതായ ഹനിയ, ഖത്തറിലേക്ക് കൂടുമാറി. ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ സാമ്പത്തിക കേന്ദ്രം എന്ന് അറിയപ്പെടുന്ന ഖത്തറിൽവച്ചാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനവും. ദോഹയിൽ ഹനിയക്ക് സ്വന്തമായി ഓഫീസുമുണ്ട്. ഇവിടെനിന്നാണ് അദ്ദേഹം ഹമാസിനുവേണ്ടി ലോകവ്യാപകമായി ഫണ്ട് പിരിക്കുന്നത്. പിന്നീട് അദ്ദേഹം
ഹമാസ് പോളിറ്റ് ബ്യൂറോ തലവനായി. ഇക്കാലത്ത് ഹമാസ് നടത്തിയ മിക്ക ഓപ്പറേഷനുകളുടെയും ബുദ്ധി കേന്ദ്രം ഹനിയയായിരുന്നു. എന്നാൽ ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ മുഖം മൂടി എടുത്തണിയാനും അപ്പോഴും അദ്ദേഹം ശ്രദ്ധിച്ചു. 2018-ൽ ഹനിയയെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രത്യേകം നിയുക്ത ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ്ലിസ്റ്റിലെ നമ്പർ വൺ ആണ് ഇയാൾ. എന്നിട്ടും ലോകം മുഴുവൻ യാത്ര ചെയ്യുന്നു. പല നേതാക്കളുമായി ചർച്ച നടത്തുന്നു. മൊസാദിന്റെ ആക്രമണങ്ങളിൽനിന്ന് ഭാഗ്യത്തിനാണ് പലപ്പോഴും ഹനിയ രക്ഷപ്പെടാറുള്ളത്. 2020 ഫെബ്രുവരിയിൽ ഹനിയ തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇങ്ങനെ പറഞ്ഞു. -" ഈ ഭീകര സംഘടനയുമായുള്ള പ്രസിഡന്റ് എർദോഗന്റെ തുടർച്ചയായ ബന്ധം തുർക്കിയെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും, ഫലസ്തീൻ ജനതയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാക്കാനും, ഗസ്സയിൽ നിന്ന് തീവ്രവാദ ആക്രമണങ്ങൾ തടയുന്നതിനുള്ള ആഗോള ശ്രമങ്ങളെ ഇല്ലാതാക്കാനും മാത്രമേ സഹായിക്കൂ"2023 ജൂലായ് 26-ന് എർദോഗനെയും ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഹനിയ കണ്ടു. ഹമാസുമായി ഫത്തയെ അനുരഞ്ജിപ്പിക്കാനുള്ള തുർക്കിയുടെ ശ്രമമായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നിൽ. പക്ഷേ അതും പൂർണ്ണമായി നടന്നില്ല.

പക്ഷേ മൊസാദിന്റെ അതിശക്തമായ ചാരവലയം ഭേദിച്ച് ഇസ്മായിൽ ഹനിയ ജീവിച്ചിരിക്കുന്നു എന്നത് തന്നെ വലിയ ഒരു അത്ഭുതമാണ്. അതിന് അയാളെ സഹായിക്കുന്നത്, ഇറാനും, തുർക്കിയും, ഖത്തറും തന്നെയാണ്. ഇറാനിലെ പ്രത്യേക പരിശീലനം കിട്ടിയ ഗാർഡുകളാണ് ഹനിയയുടെ സുരക്ഷ നോക്കുന്നത്. യാത്ര ചെയ്യാൻ സ്വകാര്യ ജെറ്റ് വിമാനവും ഉണ്ട്. ആ രീതിയിൽ നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും വിലപിടിച്ച തീവ്രവാദി നേതാവാണ് ഹനിയ.


അണുവിടമാറാത്ത ഇസ്ലാമിസ്റ്റ്

നന്നായി സംസാരിക്കാൻ കഴിയുന്ന ഹനിയ ഗസ്സയിലെ ഏറ്റവും ജനപ്രിയ മുഖം കൂടിയാണ്. കഴിഞ്ഞ വർഷം ഫലസ്തീനിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ,
ഫലസ്തീൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ വോട്ടുകിട്ടിയത് ഹനിയക്കാണ്. 78 ശതമാനം. നിലവിലെ പ്രസിഡന്റ് മുഹമൂദ് അബ്ബാസിന് വെറും 16 ശതമാനമാണ് വോട്ട് കിട്ടിയത്. അണുവിട മാറാൻ കൂട്ടാക്കാത്ത കടുത്ത ഇസ്ലാമിസ്റ്റ് എന്ന നിലപാടാണ് അദ്ദേഹത്തിന് മുസ്ലീങ്ങൾക്കിടയിൽ ജനപ്രീതി വർധിപ്പിക്കുന്നതും.

2006-ൽ പോപ്പ് ബെനഡിക്ട് പതിനാറാമനെപ്പോലും ഹനിയ തുറന്ന് എതിർത്ത് രംഗത്ത് എത്തിയിരുന്നു. പോപ്പ് ഇസ്ലാമിക തീവ്രവാദത്തെ വിമർശിച്ചതാണ് ഹനിയയെ ചൊടിപ്പിച്ചത്. "ഫലസ്തീൻ ജനതയുടെ പേരിൽ, ഇസ്ലാമിനെക്കുറിച്ചുള്ള മാർപ്പാപ്പയുടെ പരാമർശങ്ങളെ ഞങ്ങൾ അപലപിക്കുന്നു. ഈ പരാമർശങ്ങൾ സത്യത്തിന് വിരുദ്ധവും നമ്മുടെ വിശ്വാസത്തിന്റെ ഹൃദയത്തെ സ്പർശിക്കുന്നതുമാണ്".- ഹനിയ പറഞ്ഞു.

2011 മെയ് 2 ന്, ഒസാമ ബിൻ ലാദൻ വധമുണ്ടായപ്പോഴും ഇസ്ലാമിക ലോകം രണ്ടുചേരിയായിരുന്നു. കൊലപാതകത്തെ ഹമാസിന്റെ എതിരാളിയായ ഫത്ത പാർട്ടി അനുകൂലിക്കയാണ് ചെയ്തത്. തീവ്രവാദം അവസാനിപ്പിക്കാനുള്ള ശ്രമമായാണ് അവർ അതിനെ കണ്ടത്. എന്നാൽ ഹമാസും, ഹനിയയും ലാദനെ തീവ്രമായി ന്യായീകരിച്ച് രംഗത്തെത്തി. 'അമേരിക്കൻ അടിച്ചമർത്തലിന്റെയും രക്തച്ചൊരിച്ചിലിന്റെയും തുടർച്ച' ന്നാണ് ബിൻ ലാദന്റെ കൊലപാതകത്തെ ഹനിയ അപലപിച്ചത്. തുടർന്നും അദ്ദേഹം ലാദനെ അനുകൂലിക്കുന്ന നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

2023 ഒക്ടോബർ 7 ന്, ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടന്ന ദിവസം , ഹനിയ തുർക്കിയിലെ ഇസ്താംബൂളിലായിരുന്നു. ആ ആക്രമണത്തെയും അദ്ദേഹം ന്യായീകരിച്ചു. ഒരു ടെലിവിഷൻ പ്രസംഗത്തിൽ ഹനിയ അൽ-അഖ്സ മസ്ജിദിന് നേരെയുള്ള ഭീഷണികളും, ഗസ്സയിലെ ഇസ്രയേൽ ഉപരോധവും ഫലസ്തീൻ അഭയാർത്ഥികളുടെ ദുരവസ്ഥയും ഉദ്ധരിച്ചാണ് ഇതിനെ പ്രതിരോധമാക്കി വെളുപ്പിച്ചത്. 'ഇവിടെ ഫലസ്തീൻ ജനത താമസിക്കുന്നുണ്ടെന്ന് ഞങ്ങൾ നിങ്ങൾക്ക് എത്ര തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 75 വർഷമായി അഭയാർത്ഥി ക്യാമ്പുകളിൽ കഴിന്നുവരുണ്ട്. ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ നിങ്ങൾ വിസമ്മതിക്കുന്നു? ഞങ്ങനെ നിരന്തരം പീഡിപ്പിച്ചാൽ അതിനുള്ള തിരിച്ചടി കിട്ടില്ലെന്നാണോ, നിങ്ങൾ കരുതിയത്്"- ഇങ്ങനെപോയി അദ്ദേഹത്തിന്റെ പ്രസംഗം.

പക്ഷേ ഒക്ടോബർ 7ന്റെ ആക്രമണത്തിനുശേഷം, ഇസ്രയേൽ വലിയ രീതിയിൽ തിരിച്ചടി തുടങ്ങി. അപ്പോഴാവട്ടെ പതിവ് രീതിയിൽ ഇരവാദവും നിലവിളിയും ഹനിയ ഉയർത്തി. ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ലോക വ്യാപകമായി ഉയർത്തിക്കാട്ടി ഇസ്രയേലിനെ പ്രതിരോധത്തിലാക്കി.


'ശവം വിറ്റ്' അവർ കോടീശ്വരർ

അനുകൂലിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകൾ എങ്ങനെയൊക്കെ പൊക്കിയടിച്ചാലും, ഒരു രീതിയിലും ഇസ്രയേലുമായി യാതൊരു അനുരഞ്ജനവും പാടില്ല എന്ന് പറഞ്ഞ് ഗസ്സയിലെ അടക്കം മുസ്ലീങ്ങളുടെ ജീവിതം നശിപ്പിച്ച വില്ലനായാണ് പാശ്ചാത്യ മാധ്യമങ്ങൾ ഹനിയയയെ കാണുന്നത്. നിഷ്പക്ഷമായി അയാളുടെ ചരിത്രം പഠിച്ചാൽ അത് ശരിയാണെന്ന് കാണാം. ഹമാസിനെ ഭീകര സംഘടനയാണെന്ന് വിളിക്കാത്ത, ബിബിസി പോലും, നേതാക്കൾ കോടീശ്വരന്മാർ ആവുകയും ഗസ്സക്കാർ പട്ടിണി കിടക്കുകയും ചെയ്യുന്ന അവസ്ഥ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹനിയ അടക്കമുള്ള ഹമാസിന്റെ ഉന്നത നേതാക്കൾ കോടിക്കണക്കിന് ഡോളർ ആസ്തിയുള്ളവരാണ്. നാഷണൽ പോസ്റ്റ് എന്ന വിഖ്യാത പോർട്ടൽ പറയുന്നത്, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ഡെപ്യൂട്ടി ചെയർമാൻ അബു മർസൂക്കിന്റെ ആസ്തി 3 ബില്യൺ ഡോളറും, മുതിർന്ന നേതാക്കളായ ഖാലിദ് മഷാലിന്റെയും, ഇസ്മായിൽ ഹനിയുടെയും ആസ്തി 4 ബില്യൺ ഡോളറുമാണെന്നാണ്. ഇതെല്ലാം അവർ ഗസ്സക്കാരുടെ മൃതദേഹങ്ങൾ വെച്ച് അന്താരാഷ്ട്ര മുസ്ലിം സമുഹത്തിൽ നിന്ന് സംഭാവനകളിലുടെ ആർജിച്ചതാണ്. ഗസ്സക്കുവേണ്ടി കൊടുക്കുന്ന പണം പോകുന്നത്, നേതാക്കളുടെ പോക്കറ്റിലേക്കാണ്. മക്കളെ വ്യാജപേരുകളിൽ ഇന്റനാഷണൽ സ്‌കൂളുകളിൽ വരെ ചേർത്ത് പഠിപ്പിക്കുന്ന ഇവർ ഖത്തറിൽ സുഖ ജീവിതം നയിക്കയാണ്.

അവർ സമ്പന്നരാകുന്നത് എങ്ങനെയെന്ന് വേൾഡ് ടുഡെ ന്യൂസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഒന്ന് ലോകവ്യാപകമായി ഗസ്സക്ക് വേണ്ടി നടക്കുന്ന പരിവ് തന്നെ. രണ്ട്, തുരങ്കം വഴിയാണ് പലപ്പോഴും ഗസ്സയിലേക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നും വരുന്നത്. അതിർത്തി അടയ്ക്കപ്പെട്ടപ്പോൾ രഹസ്യമായി പ്രവർത്തിച്ച ഭൂഗർഭ തുരങ്കങ്ങളായിരുന്നു ഗസ്സ നിവാസികളെ ഊട്ടിയത്. ഇതോടൊപ്പം പിന്നീട് മരുന്ന്, ഇലക്ട്രോണിക്‌സ്, നിർമ്മാണസാമഗ്രികൾ തുടങ്ങിയവും തരുങ്കങ്ങളിലൂടെയെത്തി. ഒരു കള്ളക്കടത്തുശൃംഖല പോലെ തുരങ്കവ്യാപാരം ശക്തി പ്രാപിക്കുകയും ചെയ്തു. ചരക്കുകൾക്കുപുറമെ, ഇറാൻ, സിറിയ എന്നിവിടങ്ങളിൽനിന്ന് റോക്കറ്റുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും തുരങ്കങ്ങൾ വഴിയെത്തി. ഇസ്രായലിന്റെ ഞെട്ടിച്ച ഒക്ടോബർ ആക്രമണത്തിന് വഴിയിട്ടതും തുരങ്കങ്ങളിലൂടെ എത്തിയ ആധുധങ്ങളാണ്.

ഈ കടത്തുന്ന സാധനങ്ങൾക്ക് ചുമത്തിയ വൻ നികുതിയും ഹമാസിന് നല്ല വരുമാനമാണ്. ഭൂഗർഭ തുരങ്കങ്ങളുടെ ഖത്തർ വഴി കൊണ്ടുവരുന്ന എല്ലാ കള്ളക്കടത്ത് സാധനങ്ങൾക്കും 20 ശതമാനം നികുതിയാണ്. ചില സമയത്ത് നിരക്ക് അതിലും കൂട്ടും. ഇതുവഴി കോടികളാണ് ഹമാസിന് കിട്ടുന്നത്. ഈ നികുതി ഭാരവും കിടക്കുന്നത് ഗസ്സയിലെ സാധാരക്കാരായ ജനങ്ങളുടെ തലയിലാണ്.

കിണർ, ജലശുദ്ധീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളേക്കാൾ തുരങ്ക നിർമ്മാണത്തിനാണ് ഹമാസ് ഫണ്ട് ഉപയോഗിക്കുന്നത്, ഗസ്സയിലെ ബാല്യകാല മരണങ്ങളിൽ 12 ശതമാനവും മലിനജലം മൂലമാണ്. ഇത് പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇവിടുത്തെ ഭരണകക്ഷികൂടിയായ, ഹമാസ് ചെയ്യുന്നില്ല. ഈജിപ്തിലെ ബാങ്കുകളും അറേബ്യൻ ഗൾഫ് രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും ഹമാസ് നേതാക്കൾക്ക് നിക്ഷേപമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ഗസ്സയിൽ അടിസ്ഥാന വികസനം കൊണ്ടുവന്നില്ലെങ്കിലും ചാവേറുകളുടെ കുടുംബത്തിന് പെൻഷൻ കൊടുത്ത്, ഭീകരവാദത്തെ എപ്പോഴും ലൈവായി നിർത്താൻ ഹമാസ് ശ്രമിക്കുന്നുണ്ട്. ഹമാസിൽ മൂന്ന് വർഷം വരെ സേവനമനുഷ്ഠിക്കുന്നവർക്ക് പ്രതിമാസം 400 ഡോളർ മുതൽ പെൻഷനുണ്ട്. 30 വയസ്സ് വരെ സേവനമനുഷ്ഠിക്കുന്നവർക്ക് പ്രതിമാസം 3,400 വരെ ഡോളർ വരെയും. ചവേറായി പൊട്ടിത്തെറിച്ചവരുടെ കുടുംബത്തിനും വലിയ തുക പെൻഷൻ കൊടുക്കുന്നൂണ്ട്. 60 ശതമാനം ഫലസ്തീനികൾ പ്രതിമാസം 60 ഡോളർ എന്ന അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത് എന്നോർക്കണം. അതിനാൽ തന്നെ ചാവേറാവുന്നതുമൂലം വ്യക്തിക്ക് മതസ്വർഗം കിട്ടുമെന്ന ആശ്വാസത്തിന് ഒപ്പം, കുടുംബത്തിന് ജീവിക്കാനുള്ള വരുമാനവും കിട്ടും. ഇതും ഹനിയയുടെ ബുദ്ധിയാണെന്നാണ് പറയുന്നത്.

ലക്ഷ്യം ഇസ്ലാമിക രാഷ്ട്രം

ഖത്തർ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ വൻ പിന്തുണ ഹമാസിനുണ്ട്. ഇതുവഴി ഹനിയയാണ് കോടികളുടെ ഫണ്ട് സമാഹരിക്കുന്നത്. കേരളത്തിൽനിന്നുവരെ ഹമാസിന് ഫണ്ട് എത്തുന്നുണ്ട്. ഗസ്സയിൽ തന്റെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ദോഹയ്ക്കും ഇസ്താംബൂളിനും ഇടയിൽ ആഡംബര ജീവിതം നയിക്കുന്ന ഇസ്മായിൽ ഹനിയയെക്കുറിച്ച് നേരത്തെ വാർത്ത വന്നിട്ടുണ്ട്. ഹനിയിക്ക് ഗസ്സയിലെ ആളുകൾ മരിക്കുന്നത് ഒന്നും ഒരു പ്രശ്നവുമല്ല. സൈനിക നടപടി ഒഴിവാക്കാൻ ജനം തെക്കോട്ട് നീങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയപ്പോൾ, ഹനിയ ഇതിനെയും വിമർശിച്ചു. 'ഗസ്സയിൽ നിന്ന് പലായനം ചെയ്യരുത്, ആരും ഈജിപ്ത് അതിർത്തി കടക്കരുത്.- ഇതു പറയുമ്പോൾ ഖത്തർ പണം നൽകുന്ന ദോഹയിലെ ഫോർ സീസൺസ് ഹോട്ടലിൽ താമസിക്കുകയായിരുന്നു ഹനിയ. അയാൾക്ക് ഒന്നും സംഭവിക്കാനില്ല. പക്ഷേ അയാളുടെ വാക്കുകൾ കേട്ട് ഗസ്സയിൽനിന്ന് മാറാതെ നിന്ന നിരവധി പേർ മരിക്കയും ചെയ്തു!

ഇതുതന്നെയാണ് ഹമാസ് എക്കാലവും പിന്തുടരുന്ന അടവ്. അങ്ങോട്ട് ആക്രമിച്ച് പ്രകോപിപ്പിക്കുക. ഇസ്രയേൽ തിരിച്ചടിക്കുമ്പോൾ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കുക. എന്നിട്ട് കുട്ടികളുടെയും മറ്റും മൃതദേഹത്തിന്റെ പടം, ഉപയോഗിച്ച് ആഗോള വ്യാപകമായി പരിവ് നടത്തുക. അതിലെ ഒരു ചെറിയ ഭാഗം മാത്രം ഗസ്സക്കാർക്ക് കൊടുത്ത്, ബാക്കി സ്വകാര്യ സ്വത്താക്കി മാറ്റുക. ഇതുകൊണ്ടുതന്നെയാണ്, ഹമാസിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർ പറയുന്നത് ഗസ്സയുടെ എറ്റവും വലിയ ശാപം ഹമാസ് തന്നെയാണെന്ന്. റോക്കറ്റ് ഉണ്ടാക്കാൻ പോലും ഈ പണം ഹമാസ് നൽകിയിരുന്നില്ല. ഒരുകാലത്ത് ഇസ്രയേൽ നൽകിയ കുടിവെള്ള പൈപ്പ് മുറിച്ചെടുത്ത്, കൃഷിക്ക് വേണ്ടി നൽകിയ യൂറിയയും ചേർത്താണ് ഹമാസിന്റെ പ്രാദേശിക നേതാക്കൾ റോക്കറ്റ് ഉണ്ടാക്കിയിരുന്നത്! എന്നാൽ ഹമാസ് നേതാക്കൾ എല്ലാവിധ സൗകര്യങ്ങളുമായി ജീവിക്കയും ചെയ്യുന്നു.

ഹനിയയ്ക്ക് വിവാഹിതയും 13 കുട്ടികളുമുണ്ട്. ഗസ്സയിലും ഹനിയക്ക് വലിയ സ്വത്തുക്കളുണ്ട്. മരുമകനാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. നേരത്തെ ഹനിയുടെ മൂത്തമകനെ ഈജിപ്ഷ്യൻ അധികാരികൾ റാഫ അതിർത്തിയിൽവെച്ച് ിരവധി ദശലക്ഷം ഡോളറുമായി അറസ്റ്റ് ചെയ്തു, അത് ഗസ്സയിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നു.കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഹനിയക്കില്ല. ഹനിയേയുടെ സഹോദരിമാരായ ഖൊലിദിയ, ലൈല, സബ എന്നിവർ ഇസ്രയേൽ പൗരന്മാരാണ്. അവർ ഹനിയതെ തള്ളിപ്പറയുകയാണ്. പക്ഷേ ആര് തള്ളിപ്പറഞ്ഞാലും അതൊന്നും ഹനിയക്ക് ഒരു പ്രശ്നമല്ല. അയാൾ തന്നെ പറയുന്നതുപോലെ ജിഹാദാണ് അയാളുടെ ആന്ത്യന്തിക ലക്ഷ്യം!

ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഷേക്ക് ഹസൻ യൂസഫിന്റെ മകനും, ഇന്ന് ലോകത്തിൽ ഹമാസിന്റെ ഏറ്റവും വലിയ വിമർശകനായി അറിയപ്പെടുന്ന മൊസാബ് ഹസൻ യൂസഫ് ഇങ്ങനെ പറയുന്നു. 'ഗസ്സയിലെ മദ്രസകളിലുടെ ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സിലേക്ക് ശക്തമായ ഇസ്രയേൽ വിരോധം അടിച്ചേൽപ്പിക്കയാണ് ഹമാസ് ചെയ്യുന്നത്. അങ്ങനെ കൗമാരം ആവുമ്പോഴേക്കും അവർക്ക് ചാവേർ ബോംബ് ആവാനുള്ള മാനസികാവസ്ഥയുണ്ടാവും. ഹമാസിന്റെ അവസാന ലക്ഷ്യസ്ഥാനം ഇസ്ലാമിക ഖിലാഫത്ത് നിർമ്മിക്കുക എന്നതാണ്, അതായത് മറ്റെല്ലാ നാഗരികതയുടെയും അവശിഷ്ടങ്ങൾക്ക് മുകളിൽ ഒരു ഇസ്ലാമിക രാഷ്ട്രം. ഇതാണ് പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം. അല്ലാതെ ഫലസ്തീന്റെ മോചനമോ, ഇസ്രയേലിന്റെ നാശമോ അല്ല". ഈ വാക്കുകൾ ശരിയാണെന്നതിന് നല്ല ഉദാഹരണമാണ് ഇസ്മായിൽ ഹനിയയുടെ ജീവിതം. മക്കൾ മരിച്ചാലും, കൊച്ചുകുട്ടികൾ കൊല്ലപ്പെട്ടാലുമൊന്ന് അയാൾക്ക് പ്രശ്നമല്ല. ജിഹാദ് മാത്രാണ് പ്രശ്നം!

വാൽക്കഷ്ണം: കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹനിയയുമായുള്ള കേരളത്തിലെ ചിലരുടെ ബന്ധവും വിവാദമായിരുന്നു. മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ, ഹമാസ് മുൻ മേധാവി ഖാലിദ് മഷാൽ വെർച്വലായി പങ്കെടുത്ത സംഭവം ഇന്റലിജൻസ് വൃത്തങ്ങൾ അന്വേഷിച്ചിരുന്നു. അതിൽ ഇസ്മായിൽ ഹനിയ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ, ചില സാങ്കേതിക കാരണങ്ങൾകൊണ്ട് കഴിഞ്ഞില്ല. ഹമാസിനെ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല എന്ന ഒറ്റക്കാരണംവെച്ച് ഈ കണക്ഷനെ ചെറുതാക്കി കാണാനാവില്ല.