- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയല്ല, ഇദ്ദേഹമാണ് ഹിന്ദി ബെൽറ്റിലെ പ്രതിപക്ഷ നേതാവ്!
ഒരു യൂട്യൂബ് ചാനൽ കൊണ്ട് ഭരണകൂടത്തെ വിറപ്പിക്കുക! അതാണ് 8.99 മില്യൺ ഫോളോവേഴ്സ് ഉള്ള, രവീഷ് കുമാർ എന്ന മാധ്യമ പ്രവർത്തകൻ ചെയ്യുന്നത്. ഇരുളടഞ്ഞ ഇന്ത്യൻ മാധ്യമ ലോകത്തിന്റെ വെളിച്ചം എന്നാണ് അയാളെ ദി ഗാർഡിയൻ പത്രം വിശേഷിപ്പിക്കുന്നത്. പക്ഷേ തീവ്ര സംഘപരിവാറുകാരുടെ ഭാഷയിൽ അയാൾ പാക്കിസ്ഥാൻ ചാരനും, ഉടൻ കൊല്ലപ്പെടേണ്ടവനുമായ മാവോയിസ്റ്റുമാണ്. ഇപ്പോൾ മാതൃസ്ഥാപനമായ എൻഡിടിവിയെ കടത്തിവെട്ടി 8.99 മില്യൺ സബ്സ്‌ക്രൈബേഴ്‌സുമായി രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ മുന്നോട്ടുപോവുമ്പോൾ, ബദൽ മാധ്യമ പ്രവർത്തനത്തിന്റെ സാധ്യതകൾ നാം അറിയുകയാണ്.
ഈ വീഡിയോ തയ്യാറാക്കുബോൾ രവീഷ് കുമാറിന്റെ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബേഴ്‌സ് 8.99 മില്യണാണ്. പോസ്റ്റ് ചെയ്ത 470 വീഡിയോയിൽ നിന്നും 83 കോടിക്ക് മുകളിൽ ടോട്ടൽ വ്യൂസ്. ഓരോ നിമഷവുംവെച്ച് വ്യൂവേഴ്സ് കയറിക്കൊണ്ടിരിക്കയാണ്. 2022 നവംബറിൽ അദാനി എൻഡിഡിവിയെ ഏറ്റെടുത്തപ്പോൾ സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ സ്ഥാനം രവീഷ് രാജി വെക്കുമ്പോൾ ഏഴു ലക്ഷം സബ്സ്‌ക്രൈബേഴ്‌സ് മാത്രമായിരുന്നു തന്റെ സ്വന്തം ചാനലിന് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലെ മുൻ നിര മാധ്യമ സ്ഥാപനങ്ങളെക്കാൾ രവീഷ് കുമാറിന്റെ വാക്കുകൾ കേൾക്കാൻ പ്രേക്ഷകർ കാത്തിരിക്കുന്നു എന്നതാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്.
എൻ.ഡി.ടി.വിയുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾ, ഒരു ദിവസം ശരാശരി പതിനായിരം പേർ കാണുമ്പോൾ രവീഷിന്റെ ചാനൽ പത്ത് ലക്ഷം പേർ കാണന്നു. 86.6 ലക്ഷം ഫോളോവേഴ്സ് ഇന്ത്യ ടുഡേയുടെ യൂട്യൂബ് ചാനലിനെയും രവീഷ് കുമാർ യൂട്യൂബ് ചാനൽ പിന്തള്ളി. ഒരു മാസത്തിനിടയിൽ മാത്രം ചാനലിന് ഉണ്ടായത് 48 ലക്ഷം പുതിയ സബ്സ്‌ക്രൈബേഴ്‌സാണ്. ഇന്ന് ഇന്ത്യയിലെ പ്രതിപക്ഷ നേതാവും ഫലത്തിൽ ഇദ്ദേഹമാണെന്ന് പലരും എഴുതുന്നുണ്ട്. കാരണം രാഹുൽ ഗാന്ധിക്കുപോലം ഇല്ലാത്ത റീച്ചാണ് രവീഷ് കുമാറിനുള്ളത്. രാഹുലിനേക്കാളും ശക്തമായും വസ്തുനിഷ്ഠമായും മോദി സർക്കാറിനെ വിമർശിക്കുന്നതും ഇദ്ദേഹം തന്നെ.
എൻഡിടിവിയിൽ 27 വർഷം പ്രവർത്തിച്ച രവീഷിന് കിട്ടാത്ത അവാർഡുകളൊന്നുമില്ല. ജേണലിസ്റ്റ് ഓഫ് ദ ഇയർ എന്ന നിലക്ക് രണ്ട് തവണ രാം നാഥ് ഗോയങ്കെ അവാർഡ് ലഭിച്ച രവീഷ് കുമാറിന് 2019-ൽ ഏഷ്യൻ നൊബേൽ സമ്മാനം റാമോൺ മഗ്സസെ അവാർഡ് ലഭിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിലെ ലേഡി ശ്രീറാം കോളേജിൽ ചരിത്രാധ്യാപികയായ നയന ദാസ് ഗുപ്തയെയാണ് കുമാർ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് രണ്ട് പെൺമക്കളുണ്ട്. സഹോദരൻ ബ്രജേഷ് കുമാർ പാണ്ഡെ ബീഹാറിലെ കോൺഗ്രസ് നേതാവാണ്.
ഇന്ത്യൻ മാധ്യമലോകത്തെ വിലക്കെടുക്കാൻ കഴിയാത്ത മനുഷ്യൻ എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷേ ഇത് എത്രകാലം ഉണ്ടാവും. ഇന്നും ഒരു ദിവസം ആഞ്ചുറോളം ഭീഷണി സന്ദേശങ്ങളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഗൗരിലങ്കേഷിന്റെയും, ഗോവിന്ദ് പൻസാരയുടെയും, കൽബുർഗിയുടേയുമൊക്കെ ഗതി നിനക്കുണ്ടാകുമെന്ന് പച്ചക്ക് പറഞ്ഞുകൊണ്ടാണ് ഭീഷണി സന്ദേശങ്ങൾ എത്തുന്നത്. പക്ഷേ രവീഷ് അതൊന്നും കാര്യമാക്കുന്നില്ല. അല്ലെങ്കിലും തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ.
ജനിച്ചത് ജോർജ് ഓർവലിന്റെയും നാട്ടിൽ
ബീഹാറിലെ ഈസ്റ്റ് ചമ്പാരൺ ജില്ലയിലെ മോത്തിഹാരിയിൽ 1974 ഡിസംബർ 5-നാണ് ബലിറാം പാണ്ഡേ ദമ്പതികളുടെ മകനായി രവീഷ് കുമാർ ജനിക്കുന്നത്. ചരിത്രത്തിൽ ഇടംപിടിച്ച പ്രദേശമാണ് മോത്തിഹാരി. ജോർജ് ഓർവെൽ എന്ന വിഖ്യാത എഴുത്തുകാരന്റെ ജന്മസ്ഥലമാണിത്. നീലം കർഷകർക്കായി ഗാന്ധിജി സത്യാഗ്രഹമിരുന്ന ചമ്പാരൻ മേഖലയം ഇവിടെ തന്നെ. ജോർജ് ഓർവലിനെയും രവീഷ്‌കുമാറിനെയും താരതമ്യം ചെയ്തും ലേഖനങ്ങൾ വന്നിട്ടുണ്ട്.
അധികാരത്തിന്റെ സമസ്യകളെ വിചാരണചെയ്ത രചനകളായ '1984'-ഉം 'അനിമൽ ഫാമും' ഓർവെലിനെ അടയാളപ്പെടുത്തുമ്പോൾ, ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളെ ഭയരഹിതനായി വിമർശിച്ചു രവീഷ്‌കുമാറും ഒരേ ആശയത്തിന്റെ രണ്ടുതലത്തുള്ളവരാണെന്ന് വിലയിരുത്തൽ.
കറുപ്പ് വ്യവസായിയായിരുന്ന പിതാവ് റിച്ചാർഡ് വാമെസ്ലി ബ്ലെയർ, ബ്രിട്ടീഷ് ഇന്ത്യയിൽ ബിഹാറിലെ കറുപ്പ് പാടങ്ങളെ ലക്ഷ്യമിട്ടപ്പോഴാണ് ഓർവെലിന്റെ കുടുംബം മോത്തിഹാരിയിൽ എത്തിയത്. 1903-ന് മോത്തിഹാരിയിൽ ജനിച്ച എറിക് ആർതർ ബ്ലെയർ എന്ന ജോർജ് ഓർവെൽ ഒരു വയസ്സായപ്പോൾ അമ്മയ്‌ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് വണ്ടികയറി. എഴുപത്തിയൊന്ന് വർഷങ്ങൾക്കുശേഷം മോത്തിഹാരിയിൽ ജനിച്ച രവീഷ്‌കുമാറാകട്ടെ, ഉപരിപഠനാർഥം ഡൽഹിയിലേക്ക് കുടിയേറുകയും എൻ.ഡി.ടി.വി.യുടെ ഹിന്ദി പതിപ്പിൽ അറ്റൻഡർക്ക് സമാനമായ തസ്തികയിൽനിന്ന് നിന്ന് മാനേജിങ് എഡിറ്റർ പദവിയിലേക്ക് നടന്നുകയറുകയും ചെയ്തു.
തന്റെ നാട്ടിൽ ജനിച്ച് ജോർജ് ഓർവലിനെകുറിച്ച് മാതൃഭൂമിയുമായി നടത്തിയ ഒരു അഭിമുഖത്തിൽ രവീഷ്‌കുമാർ ഇങ്ങനെ പറയുന്നു. "1940-കളിൽ ജീവിച്ച്, വരാനിരിക്കുന്ന ലോകത്തെ ഈ രീതിയിൽ വീക്ഷിച്ച ഒരെഴുത്തുകാരൻ ജോർജ് ഓർവലിനെപ്പോലെ വേറെയുണ്ടെന്ന് തോന്നുന്നില്ല. '1984' എന്ന നോവലിൽ പറയുന്നതെല്ലാം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിൽ പദാനുപദം സത്യമാണ്. വല്യേട്ടൻ നിങ്ങളെ നിരീക്ഷിക്കുന്നു എന്ന് പറയുമ്പോലെ, നമ്മൾ എല്ലായിടത്തും നിരീക്ഷിക്കപ്പെടുന്നു. സ്‌നേഹമന്ത്രാലയം (മിനസ്ട്രി ഓഫ് ലവ്), ചിന്താ പൊലീസ് (തോട്ട് പൊലീസ്) തുടങ്ങിയ സങ്കല്പങ്ങൾ ഇന്ന് യാഥാർഥ്യമാണ്. സ്‌നേഹമന്ത്രാലയം യഥാർഥത്തിൽ വെറുപ്പിന്റെ മന്ത്രാലയമാണ്. ജോർജ് ഓർവെൽ ഭാവിപ്രവചനക്കാരനൊന്നുമായിരുന്നില്ല, എന്നിട്ടും പറഞ്ഞതെല്ലാം ഭാവിയിൽ സംഭവിച്ചിരിക്കുന്നു. ജനങ്ങൾ '1984'-ഉം അനിമൽ ഫാമും വായിക്കണം. എങ്കിൽ, ഇന്നത്തെ രാഷ്ട്രീയം കുറെക്കൂടി വ്യക്തമായി മനസ്സിലാകും.
ഞങ്ങൾ രണ്ടുപേരും മോത്തിഹാരിയിൽ ജനിച്ചു എന്നത് കേവലം യാദൃച്ഛികം. അദ്ദേഹത്തിന്റെ മുന്നിൽ ഞാനാര്? മോത്തിഹാരിയിൽ വളരെ കുറച്ച് ആളുകൾക്കുമാത്രമേ ജോർജ് ഓർവെലിനെക്കുറിച്ച് അറിയൂ. ജോർജ് ഓർവെലിനെക്കുറിച്ച് അറിയാവുന്ന രാഷ്ട്രീയനേതാക്കൾ ആരെങ്കിലും ബിഹാറിലുണ്ടെന്ന് ഞാൻ കരുതുന്നില്ല. "- രവീഷ് കുമാർ പറയുന്നു.
തന്റെ ബാല്യം അദ്ദേഹം ഇങ്ങനെ പറയുന്നു. -"സ്വതന്ത്ര്യസമര കാലഘട്ടത്തിനുശേഷം ബീഹാറിലെമ്പാടുമെന്നതുപോലെ മോത്തിഹാരിയിലും ജാതിവാദം വേരൂന്നാൻ തുടങ്ങി. ഉയർന്ന സമുദായക്കാർ ജന്മികളായി. അവരുടെ കീഴിലായി പ്രദേശങ്ങൾ. പിന്നീട് ഈ ജന്മിമാരുടെ ജാതിഘടനയിൽ മാറ്റങ്ങളുണ്ടായി. അക്കാലത്ത് രാജ്യത്തെ മിക്ക ഗ്രാമങ്ങളെയും പോലെ തീർത്തും അവികസിതമായിരുന്നു മോത്തിഹാരിയും. 2015-ലാണ് എന്റെ ഗ്രാമത്തിൽ വൈദ്യുതിവന്നത്! 1990-നുമുമ്പ് ബിഹാറിലെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായും തകർച്ചയിലായിരുന്നു. അതിനാൽ ഉപരിപഠനത്തിനായി പലരും മുംബൈയിലോ ഡൽഹിയിലോ ആണ് പോയിരുന്നത്. അങ്ങനെയാണ് ഞാൻ ഡൽഹിയിൽ എത്തിയത്."- രവീഷ്‌കുമാർ പറയുന്നു.
അറ്റൻഡറിൽ നിന്ന് എംഡിയിലേക്ക്
ഡൽഹിയിലെ ദേശബന്ധു കോളേജിലാണ് രവീഷ്‌കുമാർ പഠനത്തിനായി ചേർന്നത്. ഹിസ്റ്ററിയായിരുന്നു വിഷയം. അക്കാലത്ത് അദ്ദേഹം ധാരാളം എഴുതുമായിരുന്നു. അതുകണ്ട അദ്ധ്യാപകൻ സുനിൽ സേഥി, പത്രപ്രവർത്തനം പഠിക്കാൻ നിർദ്ദേശിച്ചു. പക്ഷേ ഇംഗ്ലീഷ് വശമില്ലാത്തത് പ്രശ്നമായി. അക്കാലം രവീഷ്‌കുമാർ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. -"ഞാനെങ്ങനെ പത്രപ്രവർത്തകനാകും? ഇംഗ്ലീഷ് അത്ര വശമില്ലല്ലോ എന്നതായിരുന്നു എന്റെ ചിന്ത. അതുമൂലം ഞാൻ ഹിന്ദി ജേണലിസം പഠിക്കാൻ ചേർന്നു. അതിനിടയിൽ എൻഡിടിവിയിൽ ചെറിയ ജോലിക്കും കയറി. പ്രഭാതപരിപാടിയിലേക്ക് പ്രേക്ഷകരയക്കുന്ന കത്തുകൾ തരംതിരിക്കുകയും, കുറിപ്പുകൾ തയ്യാറാക്കുകയുമായിരുന്നു ജോലി. അതിന് ചെറിയ വേതനവും കിട്ടി. പിന്നെ അവിടെത്തന്നെ ഞാൻ പരിഭാഷകനായി, ഗവേഷകനായി, അവതാരകനായി, മാനേജിങ് എഡിറ്റർവരെയായി."- രവീഷ് പറയുന്നു.
ഓൾ ഇന്ത്യ റേഡിയോയിൽ ന്യൂസ് റീഡറായും റിപ്പോർട്ടറായും അദ്ദേഹം ഇടക്ക് ജോലി നോക്കിയിരുന്നു. എൻഡിടിവിയിൽ, രവീഷ് കുമാറിന്റെ പത്രപ്രവർത്തന വൈദഗ്ധ്യം പെട്ടെന്ന് ശ്രദ്ധ നേടി. ഹ്യൂമൻ ബേസ്ഡ് സ്റ്റോറീസും, ഗ്രൗണ്ട് ലെവൽ റിപ്പോർട്ടിംഗുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേക. അർണബ് ഗോസ്വാമി മോഡലിൽ അലറിവിളിക്കൽ ആയിരുന്നില്ല, കൃത്യമായി പഠിച്ച് വസ്തുതകൾ അവതിരിപ്പക്കയും, എന്നിട്ട് സത്യത്തിന്റെ പക്ഷം പിടിക്കയും ആയിരുന്നു അദ്ദേഹത്തിന്റെ രീതി. നന്നായി ഗവേഷണം നടത്തി മാത്രമേ ഓരോ വിഷയവും അവതരിപ്പിക്കാറുള്ളൂ. മൂന്നും നാലും ദിവസം എടുത്താണ് അദ്ദേഹം ഒരു സ്റ്റോറി ചെയ്യാറുള്ളത്.
'പ്രൈം ടൈം വിത്ത് രവിഷ് കുമാർ' എന്ന രാത്രി വാർത്താ സംവാദ പരിപാടിയുടെ അവതാരകനായി അദ്ദേഹം പ്രശസ്തി നേടി. ഇന്ത്യ അഭിമുഖീകരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനം, അന്വേഷണാത്മക റിപ്പോർട്ടിങ്, ചർച്ചകൾ എന്നിവ ഷോയിൽ ഉണ്ടായിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സാധാരണക്കാരന്റെ ശബ്ദം എന്നാണ് അയാൾ അറിയപ്പെട്ടത്.
ഉത്തർപ്രദേശിലെ പി.എസ്.സി. പരീക്ഷാഫലം നാലു വർഷമായി പുറത്തു വരാതിരുന്നതിനെക്കുറിച്ച് 'രവീഷ് കി റിപ്പോർട്ട്' എന്ന ടെലിവിഷൻ ഷോയിൽ രവീഷ് പറഞ്ഞത് ഫലംകണ്ടു. അതുവഴി അയ്യായിരം യുവാക്കൾക്ക് ഒരുമിച്ച് സർക്കാർ ജോലിലഭിച്ചു. ഒരാഴ്ചകൊണ്ട് അയ്യായിരം യുവാക്കളുടെ നന്ദി സന്ദേശം രവീഷിന്റെ വാട്സാപ്പിൽ നിറഞ്ഞു. "പത്രപ്രവർത്തകൻ എന്നനിലയിൽ എനിക്ക് ഇതിനപ്പുറം എന്താണ് വേണ്ടത്?" -മാതൃഭൂമി അഭിമുഖത്തിൽ രവീഷ് എടുത്തുപറഞ്ഞത് ഈ കാര്യമായിരുന്നു ഇത്.
രവീഷ് കി റിപ്പോർട്ടിന് പുറമോ, ഹം ലോഗ്, ദേശ് കി ബാത്, പ്രൈം ടൈം തുടങ്ങിയ രവീഷ് കുമാർ അവതരിപ്പിച്ചിരുന്ന വാർത്താ പരിപാടികൾ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ യഥാർത്ഥ പ്രശസ്തി ഇതൊന്നുമായിരുന്നില്ല. എല്ലാവരും ഭയക്കുന്ന മോദി- അമിത്ഷാ ടീമിനെ ഭയക്കാത്ത നിർഭയനായ മാധ്യമ പ്രവർത്തകൻ എന്നതായിരുന്നു.
ഗോഡി മീഡിയക്ക് ബദൽ
തന്റെ ഷോകളിൽ നിരന്തരമായി സർക്കാസം കൊണ്ട് ആറാടാറുള്ള ജേണലിസ്റ്റാണ് രവീഷ്. ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന, നിരന്തരമായി മുസ്ലിം അപരവത്ക്കരണവും, അമിത ദേശീയതയും, അശാസ്ത്രീയതയും, വിദ്വേഷവും പ്രചരിക്കുന്ന ഒരുവിഭാഗം മാധ്യമങ്ങളെ തന്നെയാണ് അദ്ദേഹം കടിച്ച് കുടഞ്ഞ് ഇടാറുള്ളത്. 'ഗോഡി മീഡിയ' ('ഗോഡി' എന്നാൽ ഹിന്ദിയിൽ 'ലാപ്' എന്നർത്ഥം) എന്ന ജനപ്രിയ പദം ഉപയോഗിച്ചത് രവീഷ് കുമാറാണ്, 'ലാപ്ഡോഗ് മീഡിയ' എന്നർത്ഥം വരുന്ന വാക്ക് ഇന്ന് പ്രശസ്തമാണ്. എൻഡിടിവിയോടുള്ള മോദി സർക്കാറിന്റെ വൈരാഗ്യം കുട്ടാൻ ഇടായക്കിയത് രവീഷിന്റെ നിലപാടുകളാണ്.
2002- ലെ ഗുജറാത്ത് കലാപം തൊട്ട് മോദിയുടെ നോട്ടപ്പുള്ളിയാണ്, എൻഡിടിവി. അന്ന് മരണത്തിന്റെ വ്യാപരിയെന്ന് പറഞ്ഞ്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ക്യാമ്പയിൻ തുടങ്ങിയത് എൻഡിടിവിയാണ്. ജേർണലിസ്റ്റുകൾ നയിച്ചിരുന്നു സ്ഥപാനമായിരുന്നു ഇത്. ഉടമകളും മാധ്യമ പ്രവർത്തകരുമായ പ്രണോയ് റോയും, ഭാര്യ രാധികാറോയും, പൂർണ്ണ പിന്തുണയും സ്വാതന്ത്ര്യവുമാണ് രവീഷിന് നൽകയിത്. അതുവെച്ച് അദ്ദേഹം കത്തിക്കയറി. 2014-ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം മാധ്യമപ്രവർത്തകർക്കെതിരെ ഓൺലൈൻ, ഓഫ്‌ളൈൻ ആക്രമണങ്ങൾ വർധിച്ചു. മാധ്യമ പ്രവർത്തകരും വലിയ രീതിയിൽ വേട്ടയാടപ്പെട്ടു. അപ്പോഴോക്കെ രവീഷ് കുമാർ മോദി സർക്കറിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു. മോദി ഒരു ഫാസിസ്റ്റാണെന്ന് പച്ചക്ക് ഹിന്ദിയിൽ പറയാൻ അസാധാരണമായ ധൈര്യം തന്നെവേണം.
നോട്ടു നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് ആദ്യം പറഞ്ഞത് രവീഷ് കുമാറാണ്. ഇന്ത്യൻ ടിവി വാർത്തകളിൽ സർക്കാരിനെ 'ദേശവിരുദ്ധ', 'പാക്കിസ്ഥാൻ അനുകൂല' എന്നിങ്ങനെയുള്ള പ്രോപ്പഗൻഡകൾക്ക് കൃത്യമായ ഫാക്റ്റ് ചെക്ക് നടത്തി പൊളിച്ചത് രവീഷാണ്. 2020-ൽ, കോവിഡ് പാൻഡെമിക്കിന്റെ തുടക്കത്തിൽ, ഇന്ത്യയിലെ മുസ്ലീങ്ങൾ ബോധപൂർവം കോവിഡ് -19 പ്രചരിപ്പിക്കുന്നുവെന്ന രീതിയിൽ ഗോഡി മീഡിയ പ്രചാരണം നടത്തിയിരുന്നു. 'കൊറോണ ജിഹാദ്', 'കൊറോണ ബോംബുകൾ' എന്നീ പദങ്ങൾ അവർ ആവർത്തിച്ച് ഉപയോഗിച്ചത് എടുത്തുകാട്ടിയും, കോവിഡ് എങ്ങനെയാണ് പടരുന്നത് എന്ന് ശാസ്ത്രീയമായി വിശദീകരിച്ചും രവീഷ് ഈ നുണയെയും പൊളിച്ചു. അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ പടച്ചുവിടുന്ന പ്രൊപ്പഗൻഡകളുടെ യാഥാർത്ഥ്യം വിശദീകരിക്കയായിരുന്നു രവീഷിന്റെ അക്കാലത്തെ പ്രധാന ജോലി.
ഉമർ ഖാലിദിനെ പോലുള്ള വിദ്യാർത്ഥികളെയും, സ്റ്റാൻ സ്വാമിയെയുമൊക്കെ ജയിലിൽ അടച്ചപ്പോൾ രവീഷ് ശക്തമായി പ്രതികരിച്ചു. എന്തിന് കേരളത്തിൽ അലനെയും താഹയെയും അറസ്റ്റുചെയ്തപ്പോൾ അദ്ദേഹം അതിനെതിരെ പ്രതികരിച്ചു. ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ചിപ്പോഴും രവീഷ്, മോദി സർക്കാറിന്റെ തൊലിയുരിച്ചു. പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിലും, കർഷക സമര സമയത്തും സർക്കാറിനെ അദ്ദേഹം പ്രതിക്കൂട്ടിലാക്കി.
പ്രസ് ഫ്രീഡം ഇൻഡക്‌സിൽ ഇന്ത്യ 150-ൽ നിന്ന് 161-ാം സ്ഥാനത്തേക്ക് പതിച്ചപ്പോഴം രവീഷ് കുമാർ പ്രതികരിച്ചു. " ഇന്ത്യയിൽ മാധ്യമങ്ങളെ സ്വാധീനിച്ച്, ജനങ്ങൾക്ക് അനസ്‌തേഷ്യ നൽകിയിരിക്കുകയാണ്. ഈ കുത്തിവെപ്പ് അവരുടെ ജനാധിപത്യത്തെ കൊല്ലുന്നു. 1975-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ 21 മാസം നീണ്ട അടിയന്തരാവസ്ഥ ഓർമ്മിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥായാണ് ഇപ്പോഴുള്ളത്. പക്ഷേ അപ്പോഴും ഇന്ത്യൻ മാധ്യമങ്ങൾ വർഗീയവൽക്കരിക്കപ്പെട്ടില്ലായിരുന്നു. ഇന്ന് അങ്ങനെയല്ല. ഇന്ന് മാധ്യമങ്ങൾ വ്യാപകമായി വർഗീയവത്ക്കരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു."- രവീഷ് കുമാർ പറയുന്നു.
അദാനി പിടിച്ചപ്പോൾ പടിയിറക്കം
തങ്ങളുടെ മടിത്തട്ടിലെ ഓമനയാവാൻ കൂട്ടാക്കാത്ത എൻഡിടിവിയെ പിടിക്കാനുള്ള ശ്രമം നേരത്തെ തന്നെ ബിജെപി തുടങ്ങിയതാണ്. 2016-ലാണ് ആദ്യ പണി കൊടുത്തത്. ഒരു ഭീകരാക്രമണ കവറേജിനിടെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുവെന്ന് പറഞ്ഞാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം എൻഡിടിവിയുടെ 24 മണിക്കൂർ സംപ്രേഷണം തടഞ്ഞത്. അതിനുശേഷ, മിമിക്രി കലാകാരന്മാരുമൊത്താണ് രവീഷ് തന്റെ ഷോക്ക് എത്തിയത്. മോദിക്കും അമിത്ഷാക്കുമൊക്കെ നേരയെുള്ള തികഞ്ഞ പരിഹാസമായിരുന്നു അതിൽ. അതോടെ അധികൃതർ കൂടുതൽ പ്രകോപിതരായി. ഇ ഡി അടക്കമുള്ള സകല ഏജൻസികളും എൻഡിടിവി ഉടമ പ്രണോയ് റോയിയെ വേട്ടയാടി. ആദായനികുതി റെയ്ഡുകളും, കോടതി കേസുകളും, പരസ്യദാതാക്കളുടെ പിന്മാറ്റവുമൊക്കെയായി എൻഡിടിവി ശ്വാസം മുട്ടി. സത്യത്തിൽ രവീഷ് കുമാറിനോടായിരുന്നു, മോദി ടീമിന് രോഷം കൂടുതൽ. പക്ഷേ അതിന്റെ പേരിൽ അനുഭവിച്ചത് പ്രണോയ് റോയിയും!
പിന്നീടാണ് പതുക്കെ എൻഡിടിവിയെ, ബിജെപിയുടെ അടുപ്പക്കാരനായ വ്യവസയായി അദാനി വിഴുങ്ങുന്ന അവസ്ഥയുണ്ടായത്. ഒരാളെ സഹായിക്കുക, എന്നിട്ട് അയാളുടെ സ്വത്തു കൈക്കലാക്കുക എന്ന രീതിയിലായിരുന്നു അദാനിയുടെ എൻഡിടിവിയിലേക്കുള്ള എൻട്രി. കോർപ്പറേറ്റുകൾ മാധ്യമ സ്ഥാപനങ്ങളുടെ ഷെയറുകൾ കൈക്കലാക്കുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നത് ആദ്യ സംഭവമല്ല. എന്നാൽ കടം വാങ്ങിയ സ്ഥാപനത്തെ സ്വന്തമാക്കാൻ വേണ്ടി അവർക്ക് വായ്പ നൽകിയ സ്ഥാപനത്തെ വിലയ്ക്കെടുത്തു കൊണ്ട് അതിന്റെ നിയന്ത്രണം കൈക്കലാക്കുന്ന രീതി മുൻപ് സംഭവിക്കാത്ത ഒന്നായിരുന്നു. എൻഡിടിവിക്ക് വായ്പകൊടുത്ത ഏജൻസിയെ ഏറ്റെടുത്തുകൊണ്ട് കൃത്യമായ അട്ടിമറിയിലുടെയാണ് അദാനി ചാനൽ പിടിച്ചത്.
ഇതോടെ പ്രണോയ് റോയും ഭാര്യയും എൻഡിടിവിയിൽനിന്ന് പടിയിറങ്ങി. ഒപ്പം രവീഷ് കുമാറും. 'രാജ്യത്തെ ജുഡീഷ്യറി തകരുകയും അധികാരത്തിലിരിക്കുന്നവർ പലരുടെയും ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു സമയത്ത് രാജ്യത്തെ ജനങ്ങൾ എനിക്ക് അളവറ്റ സ്നേഹം തന്നു. എന്റെ പ്രേക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഇനി എന്റെ പ്രവർത്തനങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഫേസ്‌ബുക്ക് പേജിലൂടെയുമായിരിക്കും. നിങ്ങളുടെ പിന്തുണ ഇവിടെയുമുണ്ടാകണം' -എന്ന് എൻഡിടിവിയിൽനിന്ന് രാജിവെച്ച ഉടൻ രവീഷ് കുമാർ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു.
എല്ലാവരും ഗോഡി മീഡിയകളുടെ അടിമത്വത്തിനെതിരെ പോരാടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് പിന്നാലെയാണ് രവീഷ് കുമാർ ഒഫീഷ്യൽ എന്ന അദ്ദേഹത്തിന്റെ യൂ ട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം കുതിച്ചുകയറാൻ ആരംഭിച്ചത്. എൻ.ഡി.ടി.വിയിൽ നിന്നും രാജിവെച്ചതിന് കുറിച്ച് പറയുന്ന വിഡിയോ 99,33,999 പേരാണ് ഇതിനകം കണ്ടത്. ഇപ്പോൾ അവിടെനിന്നും വളർന്ന്, ശരിക്കും അത് ഒരു മാധ്യമ സ്ഥാപനത്തേക്കാൾ മുകളിൽ ഒരു യുട്യൂബ് ചാനൽ എത്തിയിരിക്കുന്നു.
്എന്നും നിഷ്പക്ഷൻ
പലരും തെറ്റായി മനസ്സിലാക്കിയപോലെ ബിജെപി വിരുദ്ധൻ എന്ന ഒറ്റ കള്ളിയിൽ പെടുത്താവുന്ന ആളല്ല അദ്ദേഹം. ബിജെപിയിപ്പോലെ അദ്ദേഹം കോൺഗ്രസിനെയും ഇടതുപക്ഷത്തെയും നിശിതമായി വിമർശിക്കാറുണ്ട്. പക്ഷേ ഇപ്പോൾ രാജ്യം ഭരിക്കുന്നത് ബിജെപി ആയതുകൊണ്ട്, പ്രധാന വീഡിയോകൾ അവർക്കെതിരെ ആവുന്നുവെന്ന് മാത്രം. രവീഷ് കുമാറിന്റെ സഹോദരൻ കോൺഗ്രസ് നേതാവ് ആണെന്ന് ഓർക്കണം. പക്ഷേ ഒരു ഘടത്തിൽ അദ്ദേഹം സഹോദരനെപ്പോലും വിമർശിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരണകാലത്ത് അദ്ദേഹം കോൺഗ്രസിനെയും പൊരിച്ചിരുന്നുവെന്ന് കാണാതെപോവരുത്. പക്ഷേ ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്നവരെ ദേശവിരുദ്ധരായാണ് മുദ്രകുത്തപ്പെടുന്നത്.
ഒരു കമ്യൂണിസ്റ്റ് ആയിട്ടാണ്, സംഘപരിവാർ രവീഷിനെ ചാപ്പയടിക്കാറുള്ളത്. പക്ഷേ അദ്ദേഹം ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. -"ഇടതുപാർട്ടികളും അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ അവരെന്താണ് ചെയ്തത്? എന്ത് ആശയമാണ് മുന്നോട്ടുവെച്ചത്? ഇന്ത്യയിലെ സാധാരണക്കാർ ഇടതുപാർട്ടികൾക്കൊപ്പം നേരത്തേ നിലയുറപ്പിച്ചിരുന്നു. എന്നാൽ, സ്വന്തം കാരണങ്ങൾകൊണ്ട് ഇടതുപാർട്ടികൾ നശിച്ചുപോയി. ബംഗാളിലെ അനുഭവം നോക്കുക"- രവീഷ് ചൂണ്ടിക്കാട്ടി.
"പത്രപ്രവർത്തക സമൂഹം ഒന്നടങ്കം കീഴടങ്ങിയിരിക്കുകയാണ്, രണ്ടോ മൂന്നോ പേരൊഴികെ. എൻഡിടിവിയിൽ പ്രശ്നമുണ്ടായപ്പോൾ മാധ്യമ ലോകത്തിന്റെ പിന്തുണ കിട്ടിയില്ല. ഇത് അപകടകരമായ ചിഹ്നമാണ്. എനിക്ക് ചോദിക്കാനുള്ളത്, മോദിയുടെ പിന്തുണക്കാരോടാണ്. ഇവിടെ വേണ്ടത് മാധ്യമങ്ങളെയാണോ, അതോ മാധ്യമ അടിമകളെയാണോ? ഒരു അവതാരകൻ സർക്കാരിനെതിരേ ഒരു ചോദ്യം ചോദിച്ചാൽ അയാളുടെ ജോലി നഷ്ടപ്പെടും എന്ന അവസ്ഥയാണ്. ഒരു അടിമരാജ്യമാണോ നിങ്ങൾക്കുവേണ്ടത്? അതോ സ്വതന്ത്ര ഇന്ത്യയാണോ?"- രവീഷ് ചോദിക്കുന്നു.
മാധ്യമപ്രവർത്തകരാകാൻ ലക്ഷക്കണക്കിന് പണം പഠനത്തിനായി ചെലവഴിക്കുന്നവർ ബ്രോക്കർമാരായി പ്രവർത്തിക്കാൻ നിർബന്ധിതരാകുമെന്ന് അദ്ദേഹം യുട്യൂബ് വീഡിയോയിൽ പറയുന്നു. പക്ഷേ അതേസമയം രവീഷ് കുമാറിനെതിരെ ഉയരുന്ന ഒരു വിമർശനം അദ്ദേഹം മോദി സർക്കാറിന്റെ വികസനം ഒന്നും കാണുന്നില്ല എന്നതാണ്. അതുപോലെ പൗരത്വ ഭേദഗതി സമരത്തിലൊക്കെ അദ്ദേഹം എടുത്ത ചില നിലപാടുകൾ വസ്തുവിരുദ്ധമായിരുന്നുവെന്നും പിന്നീട് ചുണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഒരു ദിവസം അഞ്ഞൂറ് ഭീഷണി സന്ദേശങ്ങൾ
ഏതു നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുള്ള ഒരു മാധ്യമ പ്രവർത്തകൻ കൂടിയാണ് രവീഷ്. ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു -"എനിക്ക് ഇപ്പോഴും പ്രതിദിനം 400 മുതൽ 500 വരെ സന്ദേശങ്ങൾ ലഭിക്കുന്നു. എന്റെ ജീവന് ഭീഷണിയുണ്ടെന്ന സുഹൃത്തുക്കൾ പറയാറുണ്ട. പക്ഷേ ഞാൻ അത് കാര്യമാക്കുന്നല്ല. നിരന്തരമായ വധഭീഷണികൾ ഇപ്പോൾ എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു'.
ഏറ്റവും വിചിത്രം ഇത്രയും തലയെടുപ്പുള്ള ഒരു മാധ്യമ പ്രവർത്തകൻ, എൻഡിടിവിയിൽനിന്ന് രാജിവെച്ചപ്പോൾ, മറ്റൊരു മാധ്യമവും അവസരം കൊടുത്തില്ല എന്നതാണ്. "എനിക്ക് ഒരു വാർത്താ ചാനലിൽ നിന്നോ പ്രസിദ്ധീകരണത്തിൽ നിന്നോ ഒരു ഓഫറും ലഭിച്ചിട്ടില്ല. അല്ലെങ്കിൽ എനിക്ക് സ്വാതന്ത്ര്യം നൽകാൻ കഴിയുന്ന ഒരു ചാനലും അവശേഷിക്കുന്നില്ല എന്ന് ചുരുക്കം"- രവീഷ് പറയുന്നു. അദ്ദേഹവും കൂട്ടരും പടിയിറങ്ങിയതോടെ, നേരത്തെ ബഹിഷ്‌കരിച്ച ബിജെപി മന്ത്രിമാരും വക്താക്കളും വീണ്ടും എൻഡിടിവിക്ക് അഭിമുഖങ്ങൾ നൽകി. മോദിയെക്കുറിച്ചുള്ള ഒമ്പത് ഭാഗങ്ങളുള്ള ഡോക്യുമെന്ററി പരമ്പരയും പ്രധാനമന്ത്രിയെക്കുറിച്ചുള്ള നല്ല വാർത്തകളും എൻഡിടിവി സംപ്രേഷണം ചെയ്തു. അതായത് രവീഷ് കളിയാക്കാറുള്ളപോലെ, ഒന്നാന്തരം ഒരു ഗോഡി മീഡിയയായി എൻഡിടിവി മാറിയെന്ന് ചൂരുക്കം.
ന്യൂസ് ലോൺഡ്രിയുടെ ഒരു അഭിമുഖത്തിൽ രവീഷിനോട്, 'ഇന്ത്യൻ മാധ്യമങ്ങളിൽ പ്രതീക്ഷയുണ്ടോ' എന്ന് ചോദിക്കുന്നുണ്ട്. "ഒരു പ്രതീക്ഷയുമില്ല," അദ്ദേഹം പറഞ്ഞു. "ഇന്ന് നിങ്ങൾക്ക് പത്രപ്രവർത്തനം നടത്താൻ മാധ്യമങ്ങളിൽ ജോലി ലഭിക്കില്ല. അത് ഒരു പി ആർ ജോലിയായി മാറിയിരിക്കുന്നു".
വാൽക്കഷ്ണം: അദാനിയും അംബാനിയും വരുന്നതിന് മുൻപും ഇന്ത്യയിൽ മാധ്യമങ്ങൾ വലിയ ബിസിനസുകാരുടെ കൈയിൽ തന്നെയായിരുന്നു. ചിലത് വലിയ കുടുംബ സ്വത്തുക്കളായിരുന്നു. ഇതിനെ കളിയാക്കിയാണ് നെഹ്‌റു 'ജൂട്ട് പ്രസ്' എന്ന് വിളിച്ചത്. ചണ കച്ചവടക്കാരുടേത് എന്ന അർത്ഥത്തിലും, 'ജൂട്ട്' എന്നാൽ ഹിന്ദിയിൽ കള്ളം പറയുന്നവർ എന്ന അർത്ഥത്തിലുമാണ് നെഹ്‌റു കളിയാക്കിയത്. ജൂട്ട് പ്രസിൽനിന്ന് നാം ഇപ്പോൾ ഗോഡി മീഡിയയിൽ എത്തിയിരിക്കുന്നു.