ബിജെപിയുടെ തീപ്പൊരി കങ്കണ റണാവത്തിന്റെ ജീവിതം
- Share
- Tweet
- Telegram
- LinkedIniiiii
'ബോളിവുഡിലെ എത്ര നടന്മാർക്ക് തങ്ങുടെ രക്തം പരിശോധിച്ച് അതിൽ മയക്കുമരുന്നിന്റെ അംശമില്ല എന്ന് സ്വയം തെളിയിക്കാനാവും'- കോടികൾ കൊണ്ട് അമ്മാനമാടുന്ന ഹിന്ദി ചലച്ചിത്രലോകത്തെ അഭിനേതാക്കൾക്കുനേരെ ഡ്രഗ് ചാലഞ്ച് വെച്ചത്, ഒരു നടിയായിരുന്നു! മുബൈ ചലച്ചിത്രലോകം ഔട്ട്സൈഡറായി കണക്കാക്കിയിരുന്നു, ഗോഡ്ഫാദർമാരുമില്ലാതെ വെള്ളിത്തിര കീഴടക്കിയ, ഹിമാചലിലെ കുഗ്രാമത്തിൽനിന്ന് വന്ന, കങ്കണ റണാവത്ത് എന്ന നടി എന്നും റെബലുകളുടെ റാണിയായിരുന്നു.
കൈവിട്ട ആയുധം, വാവിട്ട് വാക്ക് എന്ന് പറയുന്നതുപോലെയാണ് കങ്കണയുടെ കാര്യം. എപ്പോഴും യുദ്ധ സന്നദ്ധ. ഹിന്ദി സിനിമയിലെ സ്വജനപക്ഷപാതിത്വം തൊട്ട്, ഡ്രഗ് ഉപയോഗമടക്കമുള്ള കാര്യങ്ങളിലടക്കം അവർ നിരന്തരം പോരടിച്ചു. ആദ്യമൊക്കെ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന റെബൽ എന്ന രീതിയിലുള്ള അവളുടെ പ്രവർത്തനം, ക്രമേണേ തീർത്തും വലതുപക്ഷത്തേക്ക് മാറി. ഇന്ന് ബോളിവുഡിലെ ബിജെപിയുടെ ഏറ്റവും വലിയ പോരാളി ആരാണെന്ന് ചോദിച്ചാൽ അത് നടി കങ്കണയാണന്നേ പറയാൻ കഴിയു. ട്വിറ്റിറിലും ഇൻസ്റ്റയിലുമൊക്കെയായി നിരന്തരം കങ്കണ ബിജെപിക്കുവേണ്ടി പോരാടിച്ചു.
ഇതിന്റെ ഒക്കെ ഭാഗമായാണ്, കങ്കണയെ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ബിജെപി. ലോക്സഭാ സ്ഥാനാർത്ഥിയാക്കിയത്. മുംബൈയിലെ സ്ഥാനാർത്ഥിത്വമാണ് മോഹിച്ചിരുന്നതെങ്കിലും നറുക്കുവീണത് സ്വന്തം നാട്ടിലാണ്. അവിടെയും കങ്കണ വാർത്തകളിൽ നിറഞ്ഞ് നിൽക്കയാണ്. ഉരുളക്കുപ്പേരിപോലെ മറുപടികൊടുത്ത്, ഹിമാചാൽ രാഷ്ട്രീയത്തിൽ ചുരുങ്ങിയ ദിവസംകൊണ്ട് സകലരെയും നിഷ്പ്രഭരാക്കി. ഹിമാചലിനെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്, ലൈംഗിക ചുവയുള്ള ഒരു ട്വീറ്റ് കങ്കണക്കെതിരെ നടത്തിയതാണ് വൻവിവാദമായത്. തുടർന്ന് സുപ്രിയക്ക് മറുപടിയുമായി കങ്കണ രംഗത്തെത്തി. ലൈംഗിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ സ്ത്രീകളും സമൂഹത്തിൽ അന്തസ്സ് അർഹിക്കുന്നുണ്ടെന്ന് കങ്കണ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതോടെ പണി പാളുമെന്ന് മനസ്സിലാക്കിയ കോൺഗ്രസ് സുപ്രിയക്ക് സ്ഥാനാർത്ഥിത്വവും നിഷേധിച്ചു.
"കഴിഞ്ഞ 20 വർഷമായി ഒരു കലാകാരിയെന്ന നിലയിൽ ഞാൻ പ്രവർത്തിച്ചുവരികയാണ്. എല്ലാ തരത്തിലുള്ള സ്ത്രീയായും ഞാൻ അഭിനയിച്ചിട്ടുണ്ട്. ക്വീനിലെ നിഷ്കളങ്കയായ പെൺകുട്ടിമുതൽ ധഡകിലെ വശീകരിക്കുന്ന ചാരവൃത്തിനടത്തുന്ന സ്ത്രീവരെ, മണികർണികയിലെ ആരാധനകഥാപാത്രം മുതൽ ചന്ദ്ര മുഖിയിലെ നെഗറ്റീവ് കഥാപാത്രം വരെ, റജ്ജോയിലെ വേശ്യ മുതൽ തലൈവിയിലെ വിപ്ലവാത്മക നേതാവ് വരെയുള്ള കഥാപാത്രങ്ങളെ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. നമ്മുടെ പെൺകുട്ടികളെ മുൻവിധികളിൽ നിന്ന് സ്വതന്ത്രമാക്കണമെന്നും അവയവങ്ങളെക്കുറിച്ച് ജിഞ്ജാസപ്പെടുക എന്നതിനപ്പുറത്തേക്ക് ചിന്തിക്കാൻ പഠിപ്പിക്കണം"- കങ്കണ എക്സിൽ കുറിച്ചു.
കടുത്ത പാരമ്പര്യവാദം മുറകെ പിടിക്കുന്ന ബിജെപിയെപ്പോലൊരു പാർട്ടി, എങ്ങനെയാണ് ഈ റെബലിനെ ഉൾക്കൊള്ളുന്നത് എന്നതും ഒരു രാഷ്ട്രീയ കൗതുകമാണ്. 16ാം വയസ്സിൽ തുടങ്ങിയതാണ് കങ്കണയുടെ അഭിനയ ജീവിതം. ഈ 36 വയസ്സിനുള്ളിൽ അവർ നേടിയത് നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളുമാണ്. ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി ഹൻഡ്രഡ് പട്ടികയിൽ ആറ് തവണ ഇടം നേടി. 2020-ൽ പത്മശ്രീയും നേടി. പക്ഷേ കങ്കണയുടെ ജീവിതവും അങ്ങേയറ്റം വന്യമാണ്. ചെറുപ്പത്തിലെ ഉണ്ടായ ലൈംഗിക പീഡനങ്ങളും, പ്രണയ തകർച്ചയും, അവഹേളനങ്ങളുമൊക്കെ സഹിച്ചാണ് അവർ ഈ സിംഹാസനത്തിൽ എത്തിയത്.
അൺ വാണ്ടഡ് ചൈൽഡ്
തന്റെ കുടുബത്തിൽ ഒരു ആവശ്യവുമില്ലാതെ വന്ന അതിഥിയാണ് താൻ എന്ന ധാരണ ബാല്യാകാലം തൊട്ടെ ഉണ്ടെന്നാണ് പല അഭിമുഖങ്ങളിലും കങ്കണ പറയുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഒരു ചെറിയ പട്ടണമായ ഭംബ്ലയിൽ (ഇപ്പോൾ സൂരജ്പൂർ) 1987 മാർച്ച് 23ന് ഒരു രജപുത്ര കുടുംബത്തിലാണ് കങ്കണ അമർദീപ് റണാവത്ത് ജനിച്ചത്. അമ്മ ആശാ റണാവത്ത് ഒരു സ്കൂൾ അദ്ധ്യാപികയാണ്, പിതാവ് അമർദീപ് റണാവത്ത് ഒരു ബിസിനസുകാരനനും. രംഗോലി ചന്ദേൽ എന്ന മൂത്തസഹോദരിയും, അക്ഷത് എന്ന ഇളയ സഹോദരനുമുണ്ട്.
മൂത്ത പെൺകുട്ടിക്ക് ശേഷം ഒരു ആൺകുട്ടിയെ പ്രതീക്ഷിച്ച അമർദീപ്-ആശ ദമ്പതികളുടെ ജീവിതത്തിലേക്ക് അവരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് കങ്കണ പിറന്നു വീഴുന്നത്. കുടുംബത്തിലെ വിശേഷാവസരങ്ങളിലും വീട്ടിൽ അതിഥികൾ എത്തുമ്പോഴുമെല്ലാം അവളൊരു 'അൺവാണ്ടഡ് ചൈൽഡ്' ആയിരുന്നു. കങ്കണയ്ക്ക് ശേഷം മാതാപിതാക്കൾ ആഗ്രഹിച്ച പോലെ അവർക്കൊരു ആൺകുഞ്ഞ് പിറന്നു. അനിയന് തോക്കും തനിക്ക് പാവക്കുട്ടിയെയും വാങ്ങിത്തന്നതും, തനിക്കുശേഷം അനിയൻ ജനിച്ചത് കങ്കണയുടെ ഭാഗ്യമാണെന്നും മാതാപിതാക്കളടക്കമുള്ളവർ പറയുന്നതും കങ്കണയക്ക് ഉൾക്കൊള്ളാനായിരുന്നില്ല. കുറുമ്പും അനുസരണക്കേടുമായി നടന്നിരുന്ന കങ്കണയുടെ ഭാവിയെകുറിച്ച് അവർ ആശങ്കാകുലരായിരുന്നു.കങ്കണയെ. ഡോക്ടറാക്കാനാണു വീട്ടുകാർ ശ്രമിച്ചത്. പക്ഷേ പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും അവൾ എന്നും റെബൽ ആയിരുന്നു.
'നിങ്ങൾ നോക്കിക്കൊള്ളൂ ഞാനൊരു ദിവസം പ്രശസ്തയാകും' എന്നുപറഞ്ഞാണ് ഈ ആശങ്കളോടെല്ലാം കങ്കണ പ്രതികരിച്ചത്.പതിനഞ്ചാം വയസ്സിൽ തന്നെ തല്ലിയ പിതാവിനെ നോക്കി ഇനിയെന്നെ തല്ലുകയാണെങ്കിൽ ഞാനും തിരിച്ചടിക്കുമെന്ന് പറഞ്ഞിട്ടുണ്ട് കങ്കണ. വളരുന്തോറും യാഥാസ്ഥിതിക ജീവിതത്തോടു അവർ കലഹിച്ചു. പഠനം തുടരുന്നതിന് വേണ്ടിയാണ് ഹിമാചലിൽനിന്ന് ചണ്ഡീഗഢിലേക്ക് കങ്കണ പോകുന്നത്. കങ്കണ നഗരജീവിതം അറിയുന്നത് അപ്പോഴാണ്.
മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന, വാർഡന്റെ അനുവാദമില്ലാതെ പുകവലിക്കുന്ന ആ പെൺകുട്ടികളെ നോക്കി ഇതാണ് എന്റെ ജീവിതത്തിലും ഞാൻ ആഗ്രഹിക്കുന്നതെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കങ്കണ ഒരിക്കൽ അഭിമുഖത്തിൽ പറയുകയുണ്ടായി. ഒരു പെൺകുട്ടിക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാം എന്ന് മനസ്സിലാക്കുന്നത് കങ്കണ അവിടെ നിന്നാണ്. അപകടം പിടിച്ച വഴിയിലൂടെ തനിച്ച് പുലർച്ചെ മൂന്നു മണിക്ക് ഇറങ്ങി നടന്നിട്ടുണ്ടവൾ. മാതാപിതാക്കളോടുള്ള വിദ്വേഷം കൊണ്ടായിരിക്കാം അന്നങ്ങനെ ചെയ്തതെന്നും കങ്കണ ഓർക്കുന്നുണ്ട്.
അഭിനയ മോഹവുമായി മുംബൈയിൽ
സ്കൂൾ പഠനം പൂർത്തിയാക്കിയതിന് തൊട്ടുപിറകേയാണ് 2003-ൽ ആയുർ 'ഫേസ് ഓഫ് ദ ഇയറി'ൽ കങ്കണ മത്സരാർഥിയാകുന്നത്. അതിൽ അവൾ ഫസ്റ്റ് റണ്ണറപ്പായി. ഇതോടെ ഇതാണ് തന്റെ മേഖലയെന്ന് അവൾക്ക് ബോധ്യമായി. സ്വന്തമായി ഒരു മേൽവിലാസമുണ്ടാക്കാൻ അവൾ ഡൽഹിക്ക് തിരിച്ചു. വീട്ടുകാർക്ക് ഒട്ടും ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല കങ്കണയുടെ തീരുമാനങ്ങൾ. രജ്പുത് കുടുംബത്തിലെ പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടി ഒരു ഭ്രാന്തായി നാടും വീടും വിട്ടുവെന്നായിരുന്നു ബന്ധുക്കളുടെ അടക്കം പറച്ചിൽ. ഇതിന്റെ പേരിൽ അച്ഛന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഒരിക്കലും മാപ്പു തരില്ലെന്ന അമ്മയുടെ വാക്കുകളും അവളെ പിൻവിളിച്ചില്ല.
ഡൽഹിയിലെത്തിയ കങ്കണ എലൈറ്റ് പരസ്യ ഏജൻസിക്കായി ജോലി ചെയ്തു തുടങ്ങി. കടുത്ത ബുദ്ധിമുട്ടുകളിലൂടെ മുന്നോട്ടുപോകുന്നതിനിടയിലാണ് അരവിന്ദ് ഗൗറിന്റെ അഭിനയ വർക്ക്ഷോപ്പിനെ കുറിച്ച് സുഹൃത്ത് പറഞ്ഞ് അറിയുന്നതും അതിൽ ഭാഗമാകുന്നതും. അസ്മിത എന്ന നാടക അക്കാദമിയുടെ ഭാഗമായി മാറി. അരവിന്ദ് ഗൗർ എന്ന ഗുരു കങ്കണയിലെ അഭിനേത്രിയെ വളർത്തിയെടുത്തു, പക്ഷേ, നാടകാഭിനയം ഒരു മുഴുനീള കരിയറായി തിരഞ്ഞെടുക്കുന്നത് വിഡ്ഢിത്തമാണെന്ന് സ്വന്തം ജീവിതാനുഭവത്തിൽ കങ്കണയെ ഉപദേശിക്കുകയും ചെയ്തു. നാടകത്തിൽ കങ്കണ ചെയ്ത കഥാപാത്രത്തിന് ലഭിച്ച അഭിനന്ദനങ്ങളുടെ ബലത്തിൽ ബോളിവുഡിൽ ഭാഗ്യം പരീക്ഷിച്ച് കങ്കണ മുംബൈയിലേക്ക് വണ്ടി കയറി. സ്വപ്നങ്ങളുമായി മുംബൈയിൽ വന്നിറങ്ങുന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരുവളായി ചാൻസ് തേടി നിരന്തരം ഓഡീഷനുകളിൽ പങ്കെടുത്തു.
ബ്രഡും അച്ചാറും മാത്രം കഴിച്ച്, ഷെയർ ബെഡിൽ കഴിഞ്ഞ നാളുകൾ. ഗോഡ് ഫാദറില്ല, വീട്ടുകാരുടെ പിന്തുണയില്ല. മോഡലിങ്ങിൽ നിന്നു മിച്ചംപിടിച്ച കാശുമായി ഏതാനും നാളത്തെ അഭിനയപരിശീലനം. പിന്നെ അവസരങ്ങൾക്കുള്ള ശ്രമം. ഇംഗ്ലീഷ് നന്നായി ഉച്ചരിക്കാൻ അറിയാത്തതിന്റെ പേരിൽപോലും അവർ പരിഹസിക്കപ്പെട്ടു.
ഒടുവിൽ 18ാം വയസ്സിൽ ആദ്യ ചിത്രം ഗാങ്സ്റ്റർ (2006). ഓഡീഷനിൽ പരാജയപ്പെട്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട നായിക അവസാന നിമിഷം പിന്മാറിയതോടെയാണ് കങ്കണയുടെ ഭാഗ്യം തെളിയുന്നത്. ഷൂട്ടിങ്ങിനായി സിയോളിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ എങ്ങനെയൊക്കെയോ പാസ്പോർട്ടും സംഘടിപ്പിച്ച് കങ്കണ ആദ്യ സിനിമ ചെയ്തു, ഗ്യാങ്സറ്റർ. അതുവരെ ബോളിവുഡ് കണ്ടുശീലിച്ച സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഗ്യാങ്സ്റ്റർ എന്ന സിനിമയും അതിലെ പതിനേഴുകാരി നായികയും, ആ നായിക അവതരിപ്പിച്ച ബാർ ഡാൻസറായ സിമ്രനെന്ന കഥാപാത്രവും!
ചിത്രത്തിലെ പാട്ടുകൾ വൻഹിറ്റായി, നിരൂപക പ്രശംസയേറ്റു വാങ്ങിയ ചിത്രം മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരവും കങ്കണയ്ക്ക് നേടിക്കൊടുത്തു. പക്ഷേ, ബോളിവുഡിന്റെ റൂൾ ബുക്കിൽനിന്ന് വിഭിന്നമായ സൗന്ദര്യമായിരുന്നു കങ്കണയെന്ന ചുരുണ്ട മുടിക്കാരിക്കുണ്ടായിരുന്നത്. കങ്കണയുടെ ഉച്ചാരണം പരിഹസിക്കപ്പെട്ടു. മികച്ച ക്രാഫ്റ്റ് കൈയിലുണ്ടായിരുന്നിട്ടും 'ഔട്ട്സൈഡർ' എന്ന പേരിട്ട് അവളെ പുറത്തു നിർത്തി.
രക്ഷകൻ വഴിയുണ്ടായ പീഡനം
തകർന്ന, ദുർബലയായ, 'കുത്തഴിഞ്ഞ ജീവിതം' നയിക്കുന്ന സ്ത്രീകളുടെ വേഷങ്ങളാണ് പിന്നീട് കങ്കണയെ തേടി വന്നതെല്ലാം. ടൈപ്പ് ചെയ്യപ്പെടുകയും, നായികയായി തുടങ്ങിയെങ്കിലും സഹതാര വേഷങ്ങളുടെ വേഷങ്ങൾ മാത്രം ഓഫർ ചെയ്യപ്പെടാനും തുടങ്ങിയതോടെ പല അവസരങ്ങളോടും കങ്കണ നോ പറഞ്ഞു. നിരാശയിലേക്ക് കൂപ്പുകുത്താൻ തുടങ്ങുന്ന കങ്കണയ്ക്ക് മുന്നിലേക്കാണ് മധുർഭണ്ഡാർക്കർ ഫാഷൻ എന്ന ചിത്രത്തിന്റെ ഓഫർ വെയ്ക്കുന്നത്. ഉള്ളിൽ നുരഞ്ഞുപൊന്തിയ നിരാശയുടെ ഭാരത്തെ കഥാപാത്രത്തിലൂടെ കുടഞ്ഞുകളഞ്ഞു കങ്കണ, സിനിമ കണ്ടവർക്കാർക്കും ഒരു നിമിഷം പോലും കങ്കണ അഭിനയിക്കുകയാണെന്ന് തോന്നിയിരിക്കാനിടയില്ല.
പ്രശസ്തിയുടെ ഔന്നിത്യത്തിൽ നിൽക്കുന്ന ലഹരിക്കടിമയായ സൂപ്പർമോഡൽ ഷൊണാലി ഗുജ്റാളായി നിറഞ്ഞാടി അവർ. നായിക കഥാപാത്രങ്ങൾക്ക് ബോളിവുഡ് കൽപിച്ചിരുന്ന സൽഗുണ സമ്പന്ന പരിവേഷം തകർത്ത നടിമാരിൽ ഒരാൾ കങ്കണയാണ്. ഈ ഇമേജ് തകർക്കുന്ന വേഷങ്ങളും പിന്നീട് അവർ ചെയ്തു. പിന്നീടങ്ങോട്ട് അവൾ തിരിഞ്ഞുനോക്കിയിട്ടില്ല.
പക്ഷേ, അതിനിടയിൽ ഒരുപാട് പീഡനങ്ങളിലുടെയാണ് അവൾ കടന്നുപോയത്. തന്റെ ഗോഡ്ഫാദറായി എത്തിയ നടനും പ്രൊഡ്യൂസറുമായ ആദിത്യപാഞ്ചോളിയാണ്, മകളെക്കാൾ പ്രായം കുറഞ്ഞ അവളെ പലതരത്തിൽ പീഡിപ്പിച്ചു. മലയാളത്തിൽ അടക്കം തിളങ്ങിയ നടി സെറീന വഹാബിന്റെ ഭർത്താവാണ് പാഞ്ചോളി. തന്നെ കെട്ടിയിട്ടാണ് അയാൾ പീഡിപ്പിച്ചതെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു.
ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് അയാൾ അപ്പാർട്മെന്റിന്റെ കതകുതുറക്കും മുൻപേ ജനൽ വഴി ചാടി അവൾ തെരുവിലേക്കോടി. വഴിയിൽ കിടന്നുറങ്ങി. അയാളുടെ ഭാര്യയോടു സങ്കടം പറഞ്ഞുനോക്കി, രക്ഷയുണ്ടായില്ല. ലൈംഗിക, ശാരീരിക പീഡനങ്ങളിൽ വീണുപോയ നാളുകൾക്കൊടുവിൽ രണ്ടും കൽപിച്ച് പൊലീസിൽ പരാതി കൊടുത്തു. 2007-ൽ, മദ്യലഹരിയിൽ തന്നെ ശാരീരികമായി ഉപദ്രവിച്ചതിന് പഞ്ചോളിക്കെതിരെ റണാവത്ത് പൊലീസിൽ പരാതി നൽകി. അടുത്ത വർഷം പഞ്ചോളി ഒരു അഭിമുഖത്തിൽ ഈ ബന്ധം സ്ഥിരീകരിച്ചു. താൻ മുമ്പ് റണാവത്തുമായി സഹവസിച്ചിരുന്നുവെന്നും അവൾ തനിക്ക് 25ലക്ഷം രൂപ നൽകാനുണ്ടെന്നും ആരോപിച്ചു.
ഇതിന് പ്രതികരണമായി, റണാവത്തിന്റെ വക്താവ് ഇങ്ങനെ പറഞ്ഞു. 'ഒരു റോഡിന് നടുവിൽ വച്ച് അവളെ ശാരീരികമായി ആക്രമിച്ചതിന് ശേഷം, അവളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാൻ അയാൾക്ക് അവകാശമില്ല'. അദ്ദേഹത്തിന് ഇതിനകം തന്നെ 50ലക്ഷം തിരിച്ചുനൽകിയെന്നും കങ്കണയുടെ വക്താക്കാൾ പറയുന്നു. ഈ പീഡനം അനുഭവിക്കുന്ന സമയത്തൊന്നും കങ്കണക്ക് പ്രായപൂർത്തിപോലും അയിട്ടുണ്ടായിരുന്നില്ല! ചെറുപ്പത്തിലേ ഏറ്റ മുറുവുകൾ ആയിരിക്കണം അവളെ ഇതുപോലെ നിഷേധിയാക്കിയത്.
ഋതിക്കുമായി തകർന്ന പ്രണയം
അതിനിടെ നടൻ ഋതിക് റോഷനുമായുള്ള കങ്കണയുടെ പ്രണയവും വാർത്തയായി. ഋതിക്കും ഭാര്യ സൂസെയ്നുമായി വേർപിരിയാൻ കാരണം കങ്കണയാണെന്നു വരെ വാർത്തകളുണ്ടായി. കങ്കണയാകട്ടെ തങ്ങൾ പ്രേമത്തിലാണെന്നു തുറന്നടിക്കുകയും ചെയ്തു. എന്നാൽ ഋതിക് ഇത് നിഷേധിച്ചു. അവർ തനിക്ക് 3000 ഇമെയിലുകൾ അയച്ചതല്ലാതെ വേറൊന്നും അറിയില്ലെന്നു പറഞ്ഞു ഋതിക് മാനനഷ്ടക്കേസ് കൊടുത്തു.
നടന്റെ മെയിലിൽ നിന്നു വന്ന കത്തുകൾ പരസ്യമാക്കിയായിരുന്നു കങ്കണയുടെ മറുപടി. വ്യാജ മെയിലിൽ നിന്ന് ആരോ അയച്ചതാണ് അവയെല്ലാമെന്നായി ഋതിക്. അതിനിടെ, കങ്കണയുടെ മെയിലുകളിലൊന്നിൽ ആസ്പെഗർ രോഗത്തെ കുറിച്ചു പരാമർശിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയായി അടുത്ത വിവാദം. ഔചിത്യത്തോടെ, ഓരോ സമയത്തിനും അനുയോജ്യമായ രീതിയിൽ സമൂഹത്തിൽ ഇടപെടാൻ സാധിക്കാത്ത മാനസിക, ബൗദ്ധിക അവസ്ഥയാണ് ആസ്പെഗർ എന്നു ചുരുക്കിപ്പറയാം. കങ്കണയ്ക്കു മാനസിക പ്രശ്നമുണ്ടെന്ന കളിയാക്കലുകളായി പിന്നീട്. അതിനിടെ, മുൻ കാമുകൻ ആധ്യായൻ സുമന്റെ വീട്ടുകാർ മറ്റൊരു ആരോപണം കൂടി ഉന്നയിച്ചു ദുർമന്ത്രവാദം വശമുണ്ടെന്ന്!
ഋതികുമായുള്ള ബന്ധം വഷളായതോടെ ബോളിവുഡിൽ ഒരു ഒറ്റപ്പെടലും കങ്കണ അനുഭവിച്ചു. ഝാൻസി റാണിയുടെ കഥ പറയുന്ന 'മണികർണിക' ഷൂട്ടിങ് കുറച്ചു പിന്നിട്ടപ്പോൾ ഡയറക്ടർ ക്രിഷും കങ്കണയുമായി വഴക്കായി. ഒട്ടും മടിച്ചില്ല, ക്രിഷിനെ ഒഴിവാക്കി സംവിധാനം സ്വയം ഏറ്റെടുത്തു, കങ്കണ. സിനിമ പുറത്തിറങ്ങിയപ്പോൾ വിമർശകർ ഉൾപ്പെടെ കയ്യടിച്ചു. അതിനിടെ കങ്കണ ആഞ്ഞടിച്ചു, " മറ്റു നടിമാരുടെ നല്ല അഭിനയം കണ്ടാൽ ഞാൻ അഭിനന്ദിക്കും. ഋതിക് റോഷൻ സംഭവത്തിനു ശേഷം ഞാനിവിടെ ഉണ്ടെന്ന ഭാവംപോലും നടിമാർ കാണിക്കുന്നില്ല. ആലിയ ഭട്ട് മികച്ച നടിയാണ്. പക്ഷേ, കരൺ ജോഹറിന്റെ പാവയാണ് അവർ. നട്ടെല്ലില്ലാത്ത കൂട്ടം". പിന്നെ ആലിയയുടെ മറുപടിയായി, മറ്റു നടിമാരുടെ ട്വീറ്റുകളായി അടുത്ത വിവാദം. ഏതായാലും നടി വിദ്യാ ബാലൻ പരസ്യമായി തന്നെ മണികർണികയ്ക്കു സല്യൂട്ടേകി.
100 കോടി ക്ലബിൽ കയറിയ മണികർണികയുടെ ആഘോഷം പുൽവാമ ആക്രമണത്തെ തുടർന്ന് കങ്കണ റദ്ദാക്കി. നടി ഷബാന ആസ്മിയും ഭർത്താവും കവിയുമായ ജാവേദ് അക്തറും കറാച്ചിയിൽ സാംസ്കാരിക പരിപാടിയിൽ പോകാനിരുന്നതിനെ കണക്കറ്റ് വിമർശിച്ച കങ്കണ, ഷബാനയെ ആന്റി നാഷനൽ എന്നു വിളിച്ചതോടെയാണു കമന്റുകളിലെ പൊളിറ്റിക്സിലേക്കു രാജ്യത്തിന്റെ ശ്രദ്ധ തിരിയുന്നത്. ഷബാനയും ജാവേദും കറാച്ചി പ്രോഗ്രാം ഒഴിവാക്കിയെങ്കിലും, ക്ഷണം സ്വീകരിച്ചതു പോലും ശരിയായില്ലെന്നു പറഞ്ഞു കങ്കണ ആഞ്ഞടിച്ചു.
ബോളിവുഡിലെ ഡ്രഗ് പാർട്ടി പൊളിച്ചു
കങ്കണയുടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കലഹ പരമ്പര ആരംഭിക്കുന്നത് നടൻ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയോടെയാണ്. സംവിധായകൻ കരൺ ജോഹറിനെതിരേ പരസ്യമായി ഉന്നയിച്ച സ്വജനപക്ഷപാത ആരോപണങ്ങൾ സുശാന്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ കങ്കണ വീണ്ടും പുതുക്കി. സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് പുറത്തുനിന്നുള്ളവരെ അകറ്റിനിർത്തുന്ന ബിടൗണിലെ എലീറ്റ് ക്ലാസിന്റെ സ്വജനപക്ഷപാത നിലപാടുകളാണെന്നായിരുന്നു കങ്കണയുടെ ആരോപണം.
ഇതോടെ ബോളിവുഡിൽ പൊരിഞ്ഞ വാക്പോരായി. പലരും കങ്കണയുടെ നാക്കിന്റെ ചൂടറിഞ്ഞു. സുശാന്ത് കേസിൽ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്നതോടെ ബോളിവുഡിലെ ലഹരി പാർട്ടികളെ കുറിച്ചും മയക്കുമരുന്ന് മാഫിയയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കങ്കണ നടത്തി. സുശാന്തിന് ബോളിവുഡിലെ ചില വൃത്തികെട്ട മയക്കുമരുന്ന് ബന്ധങ്ങൾ അറിയാമെന്ന് വ്യക്തമാണ്. അതാണ് അവന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കേന്ദ്ര സർക്കാരിന്റെ സംരക്ഷണം ലഭിക്കുകയാണെങ്കിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ് - എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
"എൻസിബി ബോളിവുഡിൽ കാൽകുത്തിയാൽ പല എ-ലിസ്റ്റ് പ്രമുഖരെയും ബാറിന് പിറകിൽ കണ്ടെത്താനാകും. അവരുടെ രക്തപരിശോധന നടത്തിയാൽ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അറിയാൻ സാധിക്കും."- കങ്കണ പറഞ്ഞു. ബോളിവുഡിൽ ചാൻസ് തേടി ആദിത്യ പഞ്ചോളിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കാലത്ത് പൊലീസിനെ സമീപിക്കാതിരിക്കാൻ ഡ്രിങ്ക്സിൽ മയക്കുമരുന്ന് കലർത്തി നൽകിയിരുന്നതിനെ കുറിച്ചും, സിനിമകൾ വിജയിച്ചതോടെ ബോളിവുഡ് പാർട്ടികളിൽ ക്ഷണം ലഭിച്ചതിനെ കുറിച്ചും പാർട്ടികളിൽ വിളമ്പിയിരുന്ന മയക്കുമരുന്നിനെ കുറിച്ചുമെല്ലാം കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ബോളിവുഡ് പാർട്ടികളിൽ ഏറ്റവും പോപ്പുലർ കൊക്കെയ്നാണെന്നും അവർ പറഞ്ഞു.
'ബോളിവുഡിലെ പ്രമുഖരുടെ വീടുകളിൽ നടത്തുന്ന പാർട്ടികളിലെല്ലാം കൊക്കെയ്ൻ അതിഥികൾക്ക് വിളമ്പും. വലിയ വലിയ ആളുകളുടെ വീട്ടിലെ പാർട്ടികളിൽ നല്ല വിലയുള്ള കൊക്കെയ്ൻ ആദ്യം സൗജന്യമായാണ് നല്കുക. എംഡിഎംഎ ക്രിസ്റ്റലുകൾ വെള്ളത്തിൽ കലക്കി നിങ്ങൾ പോലുമറിയാതെയാണ് നൽകുക.' ബോളിവുഡിലെ നിശാപാർട്ടികളെ കുറിച്ചുള്ള കങ്കണയുടെ തുറന്നുപറച്ചിലുകൾ പാർലമെന്റിൽ വരെ അലയടിച്ചു.
ഓഫീസ് പൊളിച്ച ശിവസേന
നടൻ സുശാന്തിന്റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ പൊലീസിനെയും ശക്തമായി വിമർശിച്ചുകൊണ്ടാണ് മഹാരാഷ്ട്ര ഭരണകൂടത്തിനെതിരേ കങ്കണ വാക്പേര് ആരംഭിക്കുന്നത്. കങ്കണയ്ക്ക് മറുപടി ലഭിച്ചത് മുംബൈ മുനിസിപ്പൽ കോർപറേഷന്റെ നോട്ടീസിന്റെ രൂപത്തിലായിരുന്നു. അനധികൃത നിർമ്മാണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ കോർപറേഷൻ അധികൃതർ അവളുടെ ഓഫീസ് കം റെസിഡൻസിന്റെ ഒരുഭാഗം പൊളിക്കുകയും ചെയ്തു.
അയോധ്യ എന്ന ആദ്യ ചിത്രം പ്രഖ്യാപിച്ച തന്റെ ഓഫീസിനെ രാമക്ഷേത്രത്തോടാണ് അന്ന് കങ്കണ ഉപമിച്ചത്. ബാബർ വന്ന് രാമക്ഷേത്രം പൊളിക്കുന്ന ചരിത്രം ആവർത്തിക്കപ്പെടുകയാണെന്നും ജയ് ശ്രീറാം നാമജപത്തോടെ കങ്കണ കുറിച്ചിട്ടു. കോർപറേഷൻ നോട്ടീസിനെതിരേ കങ്കണ കോടതിയിൽ ഹർജി നൽകിയെങ്കിലും ചട്ടലംഘനം നടന്നതായി ചൂണ്ടിക്കാട്ടി ഹർജി കോടതി തള്ളിയിരുന്നു. മുംബൈ പൊലീസിനെതിരേ ട്വീറ്റുകളുടെ ഒരു പരമ്പര കങ്കണയുടെ ഭാഗത്ത് നിന്നുണ്ടായി.
ശിവസേന എംപി. സഞ്ജയ് റാവത്ത് തന്നോട് മുംബൈയിലേക്ക് മടങ്ങി വരരുതെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച കങ്കണ മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതോടെ പരസ്യമായ പോരിന് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. കേന്ദ്രം കങ്കണക്ക് ഒപ്പം നിന്നു. അവർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. മുബൈയെ പി ഒ കെയോട് ഉപമിച്ചത് വലിയ വിവാദമായെങ്കിലും, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കങ്കണ ചെയ്തത്. കെട്ടിടം പൊളിച്ച അന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ അഭിസംബോധന ചെയ്ത് കങ്കണയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
'ഇന്ന് എന്റെ കെട്ടിടം നിങ്ങൾ തകർത്തു, നാളെ തകരുന്നത് നിങ്ങളുടെ ഈഗോയായിരിക്കും' എന്നുപറഞ്ഞ കങ്കണ കശ്മീരി പണ്ഡിറ്റുകളുടെ വേദന ഇപ്പോൾ താൻ വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്നും പറഞ്ഞു. അയോധ്യ മാത്രമല്ല, കശ്മീരി പണ്ഡിറ്റുകളെ കുറിച്ചും താൻ സിനിമ ചെയ്യുമെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. തുടർന്നും, ഉദ്ധവ് താക്കറെക്കെതിരേ കങ്കണ നിരന്തര വിമർശനം അഴിച്ചുവിട്ടു. ഉദ്ധവ് സർക്കാർ വീണപ്പോൾ അവർ ആഹ്ലാദം മറച്ചുവെച്ചതുമില്ല.
എന്നും കലഹപ്രിയ
കർഷകസമരം തീവ്രവാദികൾ സ്പോൺസർ ചെയ്യുന്നതാന്നെ് പറഞ്ഞതിനും കങ്കണ ഏറെ വിമർശിക്കപ്പെട്ടു. തുടർന്ന് അവരുടെ ട്വിറ്റർ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടപ്പെട്ടു. പക്ഷേ അവർ ഇൻസ്റ്റഗ്രാമിലൂടെ പ്രചാരണം തുടർന്നു. കർഷക സമരത്തെ അനകൂലിച്ച അഭിനേതാക്കളെയും അതി നിശിതമായാണ് അവർ വിമർശിച്ചത്.
ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ 1947-ൽ ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം വെറും ദാനമായിരുന്നുവെന്നും 2014-ലാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്നും കങ്കണ പറഞ്ഞത് അംഗീകരിക്കാൻ രാജ്യസ്നേഹികൾ തയ്യാറായില്ല.ഇതോടെ ദിവസങ്ങൾക്ക് മുമ്പ് ലഭിച്ച രാജ്യത്തിന്റെ ബഹുമതിയായ പത്മശ്രീ തിരിച്ചുനൽകണമെന്ന ആവശ്യമുയർന്നു.
പല ബിജെപി. നേതാക്കൾക്കുപോലും ഇത് രസിച്ചില്ല. കങ്കണയുടെ പ്രസ്താവനയെ ഭ്രാന്ത് എന്നാണോ വിളിക്കേണ്ടത് അതോ രാജ്യദ്രോഹമെന്നാണോ എന്ന് ചോദിച്ചത് വരുൺ ഗാന്ധിയാണ്. കങ്കണയ്ക്കെതിരേ കേസെടുക്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ദേശീയ നിർവാഹക സിമിതിയംഗം പ്രീതി ശർമ മുംബൈ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പക്ഷേ, കങ്കണയെ ഇതൊന്നും ബാധിച്ചതേയില്ല, മാപ്പു പറഞ്ഞുമില്ല. രക്തസാക്ഷികളെയും സ്വാതന്ത്ര്യ സമരസേനാനികളെയും ബഹുമാനിച്ചില്ലെന്ന് തെളയിക്കാമെങ്കിൽ പത്മശ്രീ തിരികെ നൽകാമെന്നായിരുന്നു കങ്കണയുടെ പ്രതികരണം.
ഇതാണ് കങ്കണയുടെ ശൈലി. വെട്ടൊന്ന് മുറി രണ്ട്. ഇതേ ശൈലിയിലാണ് അവർ രാഷ്ട്രീയത്തിലും ആളെക്കുട്ടുന്നത്. ഇപ്പോൾ ബിജെപിയുടെ തീപ്പൊരിയായി ഹിമാചലിനെ ഇളക്കി മറിക്കയാണ് കങ്കണ. അപ്പോഴും ഇതുപോലെ ഒരു റെബലിന് എത്രകാലം ബിജെപയിൽ നിലനിൽക്കാൻ കഴിയും എന്ന ചോദ്യവും ഉയരുന്നുണ്ട്.
വാൽക്കഷ്ണം: കങ്കണയുടെ സഹോദരി രംഗോലിക്കും പറയാനുള്ളത് മറ്റൊരു ഉയർത്തെഴുന്നേൽപിന്റെ കഥയാണ്. എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ 22ാം വയസ്സിൽ, പ്രണയാഭ്യർഥന നിരസിച്ചതിന് അവൾക്കു നേരിടേണ്ടി വന്നത് ആസിഡ് ആക്രമണമാണ്. ഒപ്പമുണ്ടായിരുന്ന കങ്കണയെ തല്ലിച്ചതച്ചു റോഡിലിട്ടു. 5 വർഷത്തിനിടെ രംഗോലിക്ക് അൻപതിലേറെ ശസ്ത്രക്രിയകൾ. എന്നിട്ടും ഒരു ചെവിയെ രക്ഷിച്ചെടുക്കാനായില്ല. രാവും പകലും മോഡലിങ് ജോലികൾ ചെയ്തും ചെറിയ റോളുകളിൽ അഭിനയിച്ചും ചേച്ചിയുടെ ചികിത്സയ്ക്കായി കങ്കണ ഓടിനടന്നു. നാളുകൾ പിന്നിട്ടപ്പോൾ രംഗോലിക്ക് സുഖമായി, കുടുംബമായി. ഒപ്പം കങ്കണയുടെ മാനേജർ എന്ന ജോലിയും. ഒരുകാലത്ത് പിതാവ് അൺവാണ്ടഡ് ചൈൽഡ് ആയി കണക്കാക്കിയ കങ്കണയാണ് ഇന്ന് ആ കുടുംബത്തിന്റെ നട്ടെല്ല്.