കൊച്ചിയെ ആ മൈക്കിൾ ജാക്സൻ കിടിലം കൊള്ളിക്കയായിരുന്നു! 90കളുടെ അവസാനം തോപ്പുംപടിയിൽനടന്ന ഒരു ക്ലബ് വാർഷികത്തിൽ മൈക്കൽ ജാക്സന്റെ വേഷമിട്ട് ബ്രേക്ക് ഡാൻസ് ആടി തകർന്ന ആ പെൺകുട്ടി വളരെ പെട്ടെന്നാണ് കൊച്ചിയിലെ മിമിക്രിക്കാരുടെ പ്രിയപ്പെട്ടവൾ ആയത്. രമേഷ് പിഷാരടിയും, ധർമ്മജനും, സാജുകൊടിയനുമെല്ലാം പെൺവേഷം കെട്ടി സ്‌കിറ്റ് കളിച്ചിരുന്നു ഒരു കാലം ഉണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാനും സീരിയലിലും നാടകത്തിലുമൊക്കെ സ്ത്രീകളെ കിട്ടും. പക്ഷേ കോമഡി- മിമിക്രി പരിപാടികൾക്ക് മാത്രം വനിതാ പ്രാതിനിധ്യം തീരെ കുറവ്. ആ സമയത്താണ് ഒരു ഇടിമിന്നിൽപോലെ സുബി സുരേഷ് എന്ന, തൃപ്പൂണിത്തുറക്കാരിയായ യുവതി, മൈക്കൽ ജാക്സനായി നൃത്തം ചെയ്തും, സ്‌കിറ്റുകളിൽ നന്നായി ചിരിപ്പിച്ചും, ക്ലാസിക്കൽ നൃത്തരംഗങ്ങളിൽ അടക്കം എന്തിലും അരക്കെ നോക്കിയും രംഗത്ത് എത്തിയത്.

അത് ശരിക്കും ഒരു ചരിത്രം തന്നെ ആയിരുന്നു. അതിനുശേഷം ഒരുപാട് സ്ത്രീകൾ ഈ മേഖലയിലെത്തി. കോമഡി -മിമിക്രി രംഗത്തെ ലേഡി സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു അവർ. പിന്നീട് ചലച്ചിത്ര നടിയായും സുബി തിളങ്ങി. വെറും 42ാംമത്തെ വയസ്സിൽ അവർ പൊടുന്നനെ കടന്നുപോവുമ്പോൾ, കേരളത്തിലെ കലാസ്നേഹികളുടെ കണ്ണുനിറയുകയാണ്.

ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ സ്വന്തം ആരോഗ്യം പോലും സുബിക്ക് ശ്രദ്ധിക്കാൻ ആയില്ല എന്നാണ് സുഹൃത്തുക്കൾ പറയുന്നു. കരൾ രോഗം കണ്ടുപിടിക്കാൻ വൈകി. കരൾ മാറ്റി വയ്ക്കുന്നതിന്റെ ആലോചനകൾ നടന്നുവരെ ആയിരുന്നു അന്ത്യം. ശരിക്കും ഒരു പോരാളി ആയിരുന്നു സുബി എന്നാണ് രമേഷ് പരിഷാരടിയും, സാജു കൊടിയനും അടക്കമുള്ള മിമിക്രി മേഖലയിലെ സുഹൃത്തുക്കൾ പറയുന്നത്. ഒന്നുമില്ലായ്മയിൽനിന്നും തന്റെ കുടുബത്തിന് എല്ലാം ഉണ്ടാക്കാനായിരുന്നു, 42ാം വയസ്സിലും അവിവാഹിതയായ അവരുടെ കഠിന പ്രയത്നം. ഒടുവിൽ വിവാഹം ഏതാണ്ട് ആലോചിച്ച് ഉറപ്പിച്ചിരിക്കെ, മരണമിതാ രംഗബോധമില്ലാത്തെ കോമളിയെപ്പോലെ എത്തുകയായി.

കുടുംബത്തിനുവേണ്ടിയുള്ള ജീവിതം

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. പിതാവ് സുരേഷ് നേരത്തെ മരിച്ചു. അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവരുടെ കണ്ണുകൾ നിറയും. സുബിക്കൊരു സഹോദരനാണുള്ളത്, എബി. അവനെ പഠിപ്പിച്ചതും വീട്വെച്ചുകൊടുത്തതും, വിവാഹം കഴിപ്പിച്ചതുമെല്ലാം സുബിയുടെ കണ്ണുകൾ നിറഞ്ഞു. പുറമെ തന്റേടിയുടെയും മുഖംമൂടി ഇടുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവർ പഞ്ചപാവം ആയിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫിനാൻസ് ബിസിനസും ആയിരുന്നു സുബിയുടെ അച്ഛന്. ആദ്യകാലത്ത് നന്നായി പോയ അച്ഛന്റെ ബിസിനസ് ഒക്കെ പിന്നീട് തകർന്നു. ആ സമയത്താണ് താൻ സ്റ്റേജ് ഷോകളിലേക്കും, മിമിക്രിയിലേക്കും ഇറങ്ങുന്നതെന്ന് സുബി ഒരു അഭിമുഖത്തിൽ പറയുന്നു.

'' ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് തൃപ്പൂണിത്തുറയിൽ തന്നെ അത്യവശ്യം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് തന്റെ അച്ഛൻ പണി കഴിപ്പിക്കുന്നത്. പൂന്തോട്ടവും, പച്ചക്കറി കൃഷിയും ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു കൊച്ചു വീടും സ്ഥലവും ആയിരുന്നു അത്. സമാധനത്തോടെ കഴിഞ്ഞ നാളുകൾ ആയിരുന്നു ആ വീട്ടിലേത് എങ്കിലും ആ സന്തോഷം ഏറെക്കാലം നീണ്ടില്ല. ബിസിനസിൽ അച്ഛന് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ആ വീട് തങ്ങൾക്ക് വിൽക്കേണ്ടി വന്നു. അതിനു ശേഷം ആശ്രയം വാടക വീടുകൾ തന്നെ ആയിരുരുന്നു. വാടകകൊടുക്കാൻ ആവാതെ കഷട്പ്പെടുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്.

അന്ന് മുതൽ ഞങ്ങൾ എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സ്വന്തമായൊരു വീട്. അതിനായി ഞാൻ കഠിനമായി അധ്വാനിച്ചു. നാട്ടിലും ഗൾഫിലുമായി പറന്നു നടന്ന് പരിപാടികൾ ചെയ്തു. ഒടുവിൽ ഞാനും സ്വന്തമായി വീടുവെച്ചു. കാറുവാങ്ങി. എല്ലാ സൗകര്യങ്ങളും ഉണ്ടായി. അമ്മയെയും അനിയനെയും ഞാൻ ആഗ്രഹിച്ചപോലെ നോക്കാനായി. അതൊക്കെ വലിയ കാര്യങ്ങളല്ലേ'- സുബി സുരേഷ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

വീടായിരുന്നു സുബിയുടെ എക്കാലത്തെയും സ്വപ്നം. അത് പുർത്തിയപ്പോൾ വനിതക്ക് നൽകിയ അഭിമുഖത്തിൽ അവർ ഇങ്ങനെ പറഞ്ഞു. ''വീടെന്ന സ്വപ്നം പൂർത്തിയായി. കീടനാശിനി രഹിതമായ പച്ചക്കറികളും വീടിന്റെ ടെറസിൽ നിന്ന് കൃഷി ചെയ്യുന്നുണ്ട്. മനസ്സിന് സന്തോഷം നൽകുന്ന ഒരു ഹോബി കൂടിയാണിത്.''- താൻ ഒരു കൃഷിക്കാരിയാണെന്നും അവർ പറഞ്ഞിരുന്നു. കൃഷിയിടങ്ങളിൽ നിന്നുള്ള സുബിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


മൈക്കൽ ജാക്സനായി മനംകവർന്നു

തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും, എറണാകുളം സെന്റ്. തരേസാസിലുമായിരുന്നു സ്‌കൂൾ-കോളജ് വിദ്യാഭ്യാസം. സ്ുകളിൽ പഠിക്കുമ്പോൾ ആർമിയിൽ ചേരണം എന്നായിരുന്നു ആഗ്രഹം. അതിനായി സുബി എൻസിസിയിൽ സജീവമായി. ബോയ്ക്കട്ട് അടിച്ച് ആണുങ്ങളെപ്പോലെയാണ് അവൾ നടന്നിരുന്നത്. ''അന്നത്തെ എന്റെ പ്രകടനം കണ്ട് പലരും ഞാൻ ആൺകുട്ടിയായാണ് തെറ്റിദ്ധരിച്ചത്. അങ്ങനെ സ്‌കൂളിലെ രണ്ട് പെൺകുട്ടികൾ എന്നെ പ്രണയിച്ചു. ഞാൻ കുറച്ച് ദിവസം അവധിയായിരുന്നപ്പോൾ വളരെ വികാര വായ്‌പ്പോടെയാണ് അവർ എന്നെ സമീപിച്ചത്'- സുബി ഈയിടെയും ഒരു അഭിമുഖത്തിൽ പറഞ്ഞു.

സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. കലയോട് സ്നേഹമുള്ള അമ്മ തന്നെയാണ് തന്നെ കൈ പിടിച്ചുകൊണ്ട് കലയുടെ ലോകത്തേക്ക് എത്തിക്കുന്നതെന്നും സുബി പറഞ്ഞിരുന്നു. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. അന്ന് കോളജുകളിൽ തരംഗമായ മൈക്കൽ ജാക്സന്റെ വേഷം കെട്ടിക്കൊണ്ടുള്ള സുബിയുടെ ഡാൻസ് നമ്പറുകൾ തകർപ്പാനായിരുന്നു. അതാണ് സ്‌കിറ്റുകളിലേക്കും മിനിസ്‌ക്രീനിലേക്കും സറ്റേജ് ഷോകളിലേക്കും വഴി തുറന്നത്. '' അന്നൊന്നും പ്രതിഫലം തീരെ കുറവായിരുന്നു. വെറും അമ്പതുരൂപക്ക്പോലും ഷോകൾ ചെയ്തിട്ടുണ്ട്. പിന്നീട് പ്രശസ്തിക്ക് ഒപ്പം എന്റെ പ്രതിഫലവും കൂടാൻ തുടങ്ങി''- സുബി പറഞ്ഞു.

ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. ഇന്നും യുട്യൂബിൽ തംരഗമാണ് അതിലെ പല എപ്പിസോഡുകളും. അസാധാരണമായ കൗണ്ടറുകളും റിയാക്ഷനുകളും എന്തും ചെയ്യാനുള്ള ചങ്കൂറ്റവും ആയിരുന്നു സുബിയെ വേറിട്ടതാക്കിയത്. ഡാൻസ്, പാട്ട്, സ്‌കിറ്റ്, കോമഡിഷോ എന്നുവണ്ടേ എന്തിലും ഫിറ്റാണെന്നത് സുബിയെ, ഗൾഫ് സ്റ്റേജ്ഷോകളിലെയും അവിഭാജ്യഘടകമാക്കി.

രാജസേനൻ സംവിധാനം ചെയ്ത 'കനക സിംഹാസനം' എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. എൽസമ്മയിലെ തൂപ്പുകാരിയായി ജഗതിയുമൊത്തുള്ള കോമ്പോ സീനുകൾ എറെ ശ്രദ്ധനേടി. ജഗതി ശ്രീകുമാറിനെപ്പോലുള്ള ഒരു നടനുമുന്നിൽ അതേരീതിയിൽ കൗണ്ടർ അടിച്ച് പിടിച്ച് നിൽക്കുക എന്നത് അധികം ആർക്കും കഴിയാത്ത കാര്യമാണ്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച 'കുട്ടിപ്പട്ടാളം' എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം വിമർശനങ്ങളും. കുട്ടികാളോട് ദ്വയാർഥപ്രയോഗമുള്ള ചോദ്യം ചോദിച്ചുവെന്നും പരിപാടി നിരോധിക്കണമെന്നും പലരും ഫേസ്‌ബുക്കിൽ ഉറഞ്ഞു തുള്ളി. പക്ഷേ സുബി മൈൻഡ് ചെയ്തില്ല. ദ്വയാർഥം എന്നത് പറയുന്നവിന്റെ മനസ്സിലാണെന്നാണ് അവൾ തിരിച്ചടിച്ചത്.

അമ്മയെ രണ്ടാം വിവാഹം കഴിപ്പിച്ചു

പരമ്പാരഗത സമൂഹം ഒരു പുരുഷന് കൽപ്പിച്ചു തന്ന കാര്യങ്ങളായിരുന്നു, ഒരു സ്ത്രീ എന്ന നിലയിൽ സുബിക്ക് ചെയ്യേണ്ടിവന്നത്. കുടുംബം നോക്കുക വീടുവെക്കുക, ഒടുവിൽ അമ്മയെ രണ്ടാം വിവാഹം കഴിപ്പിച്ച അനുഭവം വരെ സുബിക്ക് പറയാനുണ്ട്.

ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് അവർ ആ അനുഭവം പറയുന്നു. ''അമ്മയും അച്ഛനും പ്രണയിച്ച് ഒന്നായവരായിരുന്നു. തനിക്ക് 20 വയസായ സമയത്താണ് ഇരുവരും പിരിഞ്ഞതെന്നുമായിരുന്നു സുബി പറഞ്ഞത്. ഡാഡിയുടെ കുറ്റമാണോ അതെന്ന് ചോദിച്ചാൽ അല്ലെന്നാണ് പറയുക. അച്ഛൻ മദ്യപിക്കുമായിരുന്നു. കൂടെയുള്ളവരിൽ ചിലർ അത് മുതലെടുത്തിരുന്നു. അവർ ആരൊക്കെയാണെന്ന് പേരെടുത്ത് പറയാനുദ്ദേശിക്കുന്നില്ല. അങ്ങനെയാണ് അമ്മ പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

നല്ല രീതിയിലാണ് അവർ പിരിഞ്ഞത്. അമ്മയുമായി പിരിഞ്ഞതിന് ശേഷവും അച്ഛനെ കണ്ടിട്ടുണ്ട്. വിദേശത്ത് ഷോയ്ക്ക് ഒക്കെ പോയി വരുമ്പോൾ അച്ഛന് സമ്മാനങ്ങളൊക്കെ കൊടുക്കാറുണ്ട്. കൂെടയുള്ള ആൾക്കാർ കാരണമാണ് ഞങ്ങൾക്ക് അച്ഛനെ നഷ്ടമായത്. അതിന് ശേഷവും അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. പറ്റുന്ന സമയത്തെല്ലാം പോയി കാണാറുണ്ടായിരുന്നു.

അമ്മയുമായി പിരിഞ്ഞതിന് ശേഷമാണ് അച്ഛന് തന്റെ തെറ്റ് മനസിലാവുന്നത്. അതേക്കുറിച്ച് പിന്നീട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യം വരുമ്പോൾ കൂടെയുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു. അസുഖം വന്നാൽ കൂടെ നിർത്തി നോക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹം വിടവാങ്ങിയത്. തലയിടിച്ച് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. ആ സമയത്ത് ഞാൻ വിദേശത്ത് പോയി തിരിച്ച് വരികയായിരുന്നു.

ജോർദാനിൽ നിന്നും തിരിച്ച് കൊച്ചിയിൽ എത്തിയപ്പോഴാണ് അച്ഛൻ മരിച്ചെന്ന് അറിഞ്ഞത്. അവറാച്ചൻ ചേട്ടൻ പോയെന്നായിരുന്നു സന്ദേശം. എന്നെ എല്ലാവരും സുബി സുരേഷ് എന്നല്ലേ വിളിക്കുന്നത്. ഇങ്ങനെയൊരു പേരുള്ളതായി എനിക്കറിയില്ലായിരുന്നു. ധർമ്മജനാണ് എന്നോട് മരണവിവരം പറയുന്നത്. നമ്മളുമായി ബന്ധമില്ലായിരുന്നെങ്കിലും അവസാനമായി കാണാൻ പോയപ്പോൾ അവർ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല.

അമ്മയുടെ രണ്ടാം വിവാഹം തീരുമാനിച്ചത് ഞാനും അനിയനും ചേർന്നായിരുന്നു. അമ്മയ്ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അച്ഛൻ പോയിക്കഴിഞ്ഞ് 3 വർഷത്തിന് ശേഷമായാണ് സ്റ്റെപ്പ് ഫാദർ വരുന്നത്. മമ്മി ഹിന്ദുവും ഡാഡി ക്രിസ്ത്യനുമാണ്. ഞങ്ങളെ ഞങ്ങളുടേതായ രീതിക്ക് വിടുകയായിരുന്നു അവർ''- കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുമ്പോളും പുഞ്ചിരിച്ചുകൊണ്ട് സുബി സുരേഷ് പറഞ്ഞത് ഇങ്ങനെയാണ്.


ഒളിച്ചോടിയെന്ന് ഗോസിപ്പുകൾ

42 വയസ്സായിട്ടും അവിവാഹിതയായ ഒരു സുന്ദരി. അതും ലോകം മുഴുവൻ കറങ്ങി പരിപാടികൾ അവതരിപ്പിക്കുന്നവളും. അതുകൊണ്ടുതന്നെ ഗോസിപ്പുകൾ സുബിക്ക് പുത്തരില്ല. തന്റെ പ്രണയവും വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളുമെല്ലാം തുറന്ന് പറയാനും അവൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. '' നാം ഇടപെടുന്നവരിൽ 90 ശതമാനവും നല്ലവർ ആണെങ്കിലും ഒരു പത്തുശതമാനം പ്രശ്നക്കാർ ഉണ്ടാവും. ചിലർക്ക് നല്ല അടികൊടുക്കേണ്ടി വന്നിട്ടുണ്ട്. ഒറ്റക്ക് ജീവിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് സമൂഹം എങ്ങനെയാണ് കാണുന്നത് എന്നത് വ്യക്തമാണ്. പക്ഷേ അവിടെയൊക്കെ എന്റെ ധൈര്യവും, ശക്തമായി 'നൊ' പറയാനുമുള്ള കഴിവുമാണ് എന്നെ രക്ഷിച്ചത്. ഒപ്പം നല്ല പരുഷ സുഹൃത്തുക്കളും.

മുമ്പ് ചില പ്രണയങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം പാതി വഴിയിൽ വെച്ച് അവസാനിച്ചൂ. മുമ്പ് ഞാൻ പ്രണയിച്ചയാൾ ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്ന് പറയുമ്പോൾ അറിയാമല്ലോ അന്ന് എന്റെ കയ്യിൽ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. ഞാൻ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്. ഞാനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്റെ അമ്മയ്ക്ക് ജോലിക്ക് പോകാമല്ലോയെന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോൾ എനിക്ക് വിഷമമുണ്ടായി. കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാൻ പ്രാപ്തയായപ്പോൾ അമ്മയെ ജോലിക്ക് വിടേണ്ട കാര്യമില്ലല്ലോയെന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ പിരിയുകയായിരുന്നു''- എന്നാണ് മുമ്പുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിക്കവെ സുബി പറഞ്ഞത്. നോക്കുക, കുടുംബത്തിന്റെ പേരിലാണ് സുബി പ്രണയം പോലും ഉപേക്ഷിക്കുന്നത്.

എന്നും സദാചാര പൊലീസിങ്ങിന്റെ ഇരയുമായിരുന്നു അവർ. ഒരു അഭിമുഖത്തിൽ 'അൽപ്പം കഴിക്കമോ' എന്ന ചോദ്യത്തിന് , 'വൈ നോട്ട്' എന്ന സുബിയുടെ മറുപടിയും സൈബർ ആക്രമണത്തിന് ഇടയാക്കി. അതിനിടെ സുബി ഒളിച്ചോടിയെന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. നടൻ നസീർ സംക്രാന്തിക്കൊപ്പമായാണ് ഒളിച്ചോടിയെന്നായിരുന്നു പ്രചരിച്ചത്. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്ന് സുബി പറഞ്ഞിരുന്നു. കൈരളി ടിവിയിൽ തുടങ്ങിയ ഒരു ഹാസ്യപരിപാടിയുടെ പ്രമോ വീഡിയോവിന്റെ പേരിൽ ആയിരുന്നു ഹേറ്റേഴ്സിന്റെ സൈബർ ആക്രമണം. '' ഇതുഒരു ടെലിവിഷൻ പരിപാടിയുടെ പ്രമോ ആണെന്ന് അറിയാത്തവർ ഒന്നുമല്ല ഈ ആക്രമണം നടത്തിയത്. ഒരു പെൺകുട്ടിയെക്കുറിച്ച് അപവാദം പറയുമ്പോഴുള്ള പ്രത്യേക മന:സുഖം തന്നെ. ഞാൻ അത് കാര്യമാക്കാറില്ല'- സുബി പറഞ്ഞു.

ഒരു സ്ത്രീയുടെ കരുത്ത് എന്താണ് എന്ന ചോദ്യത്തിന് 'നൊ' പറയാനുള്ള കഴിവ് എന്നാണ് സുബി ഒരിക്കൽ പറഞ്ഞത്. ഒപ്പം നല്ല ആൺ സുഹൃത്തുക്കൾ എന്ന് പറയാനും അവർ മറന്നില്ല.ഒരിക്കലും ഒരു അന്ധമായ ഫെമിനിസ്റ്റ് ആയിരുന്നില്ല സുബി. തനിക്ക് എപ്പോഴും താങ്ങും തണലുമായി നിന്നത്, നല്ല ആൺ സുഹൃത്തുക്കൾ തന്നെ ആയിരുന്നെന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദ്രോഹിച്ചവരിൽ സ്ത്രീകൾ ഉണ്ടെന്നകാര്യവും മറച്ചുവെക്കുന്നില്ല.


താലിമാലക്ക് ഓഡർ കൊടുത്തു

എന്താണ് അവിവാഹിതയായി തുടരുന്നത് എന്ന് പലരും സുബിയോട് ചോദിക്കാറുണ്ടായിരുന്നു. അവർക്ക് ഉടൻ മറുപടിയുണ്ട്. '' ചില പ്രണയങ്ങൾ ചീറ്റിപ്പോയി. ചിലത് ടോക്സിക്കായിരുന്നു. ഇനി പറ്റിയ ഒരാളെ കിട്ടിയാൽ നോക്കാം''- ഇങ്ങനെ ചിരിച്ചുകൊണ്ട് കൂളായി തുറന്നടിക്കാൻ സുബിക്കേ കഴിയുള്ളൂ.

തന്നെ ഏറെ സഹായിക്കയും സ്നേഹിക്കുകയും ചെയ്ത് കലാഭവൻ മണിയുടെ വിയോഗ സമയത്ത് സുബി ഇങ്ങനെ പറഞ്ഞു. 'മണിച്ചേട്ടൻ ഒരിക്കൽ എന്നോട് ചോദിച്ചു. നീ എന്താണ് വിവാഹം കഴിക്കാത്തത്, പ്രണയംവല്ലതും ഉണ്ടോ എന്ന്. ഇല്ലന്ന് മറുപടി പറഞ്ഞ എന്നോട് ചേട്ടൻ പറഞ്ഞു. നീ വിവാഹം കഴിക്കണം, കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആളാണ് നീ, നിനക്കുമൊരു കുടുംബം വേണം എന്ന് പറഞ്ഞു. നിന്റെ കല്യാണത്തിനു പത്തുപവൻ ഞാൻ തരും. ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. എന്നാൽ പിന്നീടും ഇതേ കാര്യം പറഞ്ഞു, എന്റെ അമ്മയെ ഫോണിൽ വിളിച്ച് തരാൻ പറഞ്ഞു. അമ്മയോടും പറഞ്ഞു നമുക്ക് ഇവളെ വിവാഹം കഴിപ്പിക്കണം, പത്ത് പവൻ സ്വർണം ഞാൻ തരുമെന്ന്. അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല'' -കണ്ണുകൾ നിറഞ്ഞ് ഒഴുകികൊണ്ടാണ് സുബി മണിയെ അനുസ്മരിച്ചത്.

വിവാഹത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ അവർ പറയുന്നത് ഇങ്ങനെയാണ്. ''
നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവിൽ കഴിയുന്ന ഒരാളായിരിക്കരുത്. പണിയെടുത്ത് ഭാര്യയെ നോക്കണം. നമ്മളെ നന്നായിട്ട് സ്‌നേഹിക്കണം. പരസ്ത്രീ ബന്ധം അറിഞ്ഞാൽ തല്ലിക്കൊന്നോളും. ഞാൻ സ്‌നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരേയും സ്‌നേഹിക്കണം. കലാകാരന്മാർ തന്നെ വേണമെന്നില്ല. യുഎസിൽ നിന്നൊരു പ്രൊപ്പോസൽ വന്നിരുന്നു. അത്ര ദൂരെ പോവാനൊന്നും താൽപര്യമില്ല'- മുമ്പൊരിക്കൽ ഒരു പരിപാടിയിൽ വെച്ച് സംസാരിക്കവെ സുബി പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

ഒരുമാസം മുമ്പ് ഫ്ളവേഴ്സ് ടീവിയിൽ തന്റെ വിവാഹത്തെക്കുറിച്ച് സുബി വളരെ കൃത്യമായ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ഒരാൾ തന്നെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഒപ്പം കൂടിയിട്ടുണ്ടെന്നാണ് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഷോയായ ഒരു കോടിയിൽ പങ്കെടുത്ത് സംസാരിക്കവെ സുബി സുരേഷ് പറഞ്ഞത്. 'ഒരു സത്യം തുറന്ന് പറയട്ടെ.... എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഏഴ് പവന്റെ താലി മാലക്ക് വരെ ഓർഡർ കൊടുത്തിട്ടാണ് നടക്കുന്നത്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്' സുബി പറഞ്ഞു. ആ സുഹൃത്തിനെയും സുബി പരിപാടിയിൽ ഒപ്പം കൂട്ടിയിരുന്നു.

സുബിയുടെ വെളിപ്പെടുത്തൽ കേട്ട് ഷോയുടെ അവതാരകൻ ശ്രീകണ്ഠൻ നായർ ഇത് സത്യമല്ലേയെന്ന് തുടരെ തുടരെ ചോദിക്കുന്നുണ്ട്. തന്റെ പ്രോഗാമിന് ഒരു സത്യമുണ്ടെന്നും വെറും വാക്ക് പറയരുതെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞപ്പോൾ താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് വീണ്ടും സുബി ഉറപ്പിച്ച് പറഞ്ഞിരുന്നു. പക്ഷേ ആ ആഗ്രഹം പൂവണിഞ്ഞില്ല.

തിരക്കിനിടിയിൽ ജീവിക്കാൻ മറന്നു

തിരക്കിനിടയിൽ ജീവക്കാനും ശരീരം നോക്കാനും അവർക്ക് കഴിഞ്ഞില്ല. അസുഖം സമയത്ത് സുബി തന്നെ വന്നുകണ്ടവരോട് ചരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. കഴിഞ്ഞ പത്ത് ദിവസവും ഞാൻ ആശുപത്രിയിൽ ആയിരുന്നു. എന്നത് പറഞ്ഞത് 'ഞാൻ ഒന്ന് വർക്ക് ഷോപ്പിൽ കയറി' എന്ന് പറഞ്ഞാണ്. അന്ന് അവർ ഇറക്കിയ വീഡിയോ ഇങ്ങനെയാണ്. '' എന്റെ കൈയിലിരിപ്പ് നല്ലത് അല്ലാത്തതുകൊണ്ട് ആണ് എനിക്ക് ഇപ്പോൾ ഈ അവസ്ഥ വന്നത്. അതായത് സാധാരണ മനുഷ്യരെ പോലെ സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.

ഞാൻ ഒരു പ്രോഗ്രാമിന് വേണ്ടി ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഭയങ്കര ഞെഞ്ചു വേദനയും ഒന്നും കഴിക്കാനും പറ്റുന്നില്ല, ആകെ വയ്യാതെ പോലെ ആയത്. അങ്ങനെ കുറച്ച് ഇളനീർ കുടിച്ചപ്പോൾ അതെല്ലാം ശർദിച്ചു. ഇതിന് രണ്ടു ദിവസം മുമ്പ് ഇതുപോലെ നെഞ്ച് വേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചപ്പോൾ ഇസിജി എല്ലാം എടുത്തിരുന്നു. അതിലൊന്നും കുഴപ്പം ഉണ്ടായിരുന്നില്ല. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നൽകിയ മരുന്ന് ഒന്നും ഞാൻ കഴിച്ചില്ല. വർക്ക് പിന്നെ ഈ ഭക്ഷണം മരുന്ന് ഇതൊന്നും നോക്കാറില്ല. അത് പണത്തിന് വേണ്ടി ഓടിനടക്കുന്നത് അല്ല ട്ടോ, എനിക്ക് വെറുതെ വീട്ടിൽ ഇരിക്കാൻ വയ്യാത്ത കൊണ്ടാണ്.

ഭക്ഷണം സമയത്ത് കഴിക്കാൻ എല്ലാവരും നിർബന്ധിക്കും. പക്ഷെ എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ എന്തെങ്കിലും കഴിക്കുകയുള്ളൂ. ആ ദുശ്ശീലമാണ് എന്നെ ഇപ്പോൾ ഈ അവസ്ഥയിൽ എത്തിച്ചത്. ആഹാരം കഴിക്കാതെ ഗസ്സ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തിൽ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയിൽ അഡ്‌മിറ്റ് ആയി. മഗ്നീഷ്യം ശരീരത്തിൽ കയറ്റുന്നത് ഒന്നും വലിയ പ്രശ്‌നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോൾ ഭയങ്കര വേദനയണ്.

ഇതൊന്നും പോരാഞ്ഞിട്ട് പിന്നെ ഉള്ള ഒരു പ്രശ്‌നം പാൻക്രിയാസിൽ ഒരു കല്ല് ഉണ്ട്. അത് നിലവിലെ സാഹചര്യത്തിൽ അത്ര പ്രശ്‌നമല്ല. പക്ഷെ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ അതും ചിലപ്പോൾ പ്രശ്‌നമാവും. പിന്നെ തൈറോയിഡിന്റെ പ്രശ്‌നമുണ്ട്. അതിന്റെ മരുന്നും ഞാൻ കൃത്യമായിട്ട് കഴിക്കില്ലായിരുന്നു. ഇപ്പോൾ എല്ലാം മനസിലായി.. ഇതിപ്പോൾ പറയുന്നത് എന്റെ കണക്ക് ആരെങ്കിലും ഉണ്ടെകിൽ അവർക്ക് ഉള്ള ഒരു മെസേജാണ് ഇത്... എന്നും സുബി പറയുന്നു.....''- സുബി ആശുപത്രിക്കിടക്കയിരുന്ന് പറഞ്ഞു.

ഇപ്പോൾ ആ ചിരിക്കുടുക്കയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ മേഖലയും. മരിച്ച ശേഷം സുബിയുടെ അഡ്‌മിൻ ഫേസ്‌ബുക്കിൽ കുറിച്ചതും വൈറൽ ആവുകയാണ്. ''ഒരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം... നന്ദി' എന്നാണ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. 

വാൽക്കഷ്ണം: സുബി സുരേഷിന്റെ മരണം രണ്ട് കാര്യങ്ങളാണ് ഓർമ്മിപ്പിക്കുന്നത്. ഒന്ന് ചിട്ടയായ ജീവിതത്തിന്റെയും, സമയത്തിന് മെഡിക്കൽ ചെക്കപ്പ് എടുക്കുന്നതിന്റെയും പ്രധാന്യം. രണ്ട് കരൾ മാറ്റ ശസ്ത്രക്രിയയിൽ അടക്കം വരുന്ന സങ്കേതിക നൂലാമാലകൾ. അവയവദാനം എന്ന മഹത്തായ കർമ്മത്തിനായി ഒരാൾ മുന്നിട്ട് വന്നാൽ പോലും സമയത്തിന് നടത്തി ജീവൻ രക്ഷിക്കാനുള്ള അവസ്ഥ ഇപ്പോൾ ഇല്ലെന്ന് സുബിയുടെ അനുഭവംവെച്ച് സുരേഷ്ഗോപിയടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ മരണം ആ രീതിയിലുള്ള ഒരു പുനർ വിചിന്തനത്തിന് ഇടയാക്കട്ടെ.