- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
രാഷ്ട്രീയം തൊഴിലാക്കാത്ത രാഷ്ട്രീയക്കാരൻ; എൽഎൽബിയും എംഫില്ലും ഡോക്ടറേറ്റും; ജെഎൻയു പ്രൊഡക്ട്; കപിൽ സിബലിന്റെ ജൂനിയർ; ഇടത് തരംഗത്തിനിടയിലും സീറ്റ് പിടിച്ചെടുത്ത് നിയമസഭയിൽ; പഞ്ച് ഡയലോഗുകളും തഗ്ഗുമായി സൂപ്പർ ഡിബേറ്റർ; പിണറായിയെ 'ക്ഷ' വരപ്പിക്കുന്ന ഒറ്റയാൾ പ്രതിപക്ഷം! മാത്യു കുഴൽനാടന്റെ ജീവിത കഥ
''അങ്ങ് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞില്ലേ, ആ അടിയന്തിര പ്രമേയം അവതരിപ്പിച്ച അനിൽ അക്കരെ ഇന്ന് സഭയിൽ ഇല്ല എന്ന്. ജീവിതം ഒന്നേയുള്ളൂ, മിസ്റ്റർ, അത് അന്തസ്സായി ജീവിക്കാൻ ഉള്ളതാണ്. ഒരു തെരഞ്ഞെടുപ്പ് പരാജയം പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കാമെന്ന് കരുതേണ്ട. പക്ഷേ ഈ വിരട്ടലിൽ വീഴുന്ന ആളല്ല ഞാൻ. ജനം ആഗ്രഹിക്കുന്നത് പറയാൻ വേണ്ടിയാണ് അവർ എന്നെ ഇവിടേക്ക് അയച്ചത്. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങൾക്കു വേണ്ടതു പറയാനല്ല.''- കഴിഞ്ഞ ദിവസം നിയമസഭയിൽ പിണറായി വിജയന്റെ മുഖത്തുനോക്കി നിയമസഭയിൽ അയാൾ ആഞ്ഞടിക്കുമ്പോൾ, ഭരണപക്ഷ നിര മാത്രമല്ല പ്രതിപക്ഷവും സത്യത്തിൽ അന്തം വിട്ടിരിക്കയായിരുന്നു.
ഒരു കന്നി എംഎൽഎയാണ് ഇന്ന് പിണറായി സർക്കാറിനെ വിറപ്പിക്കുന്നത്. അയാൾ പഠിച്ച് അവതരിപ്പിക്കുന്ന സ്വർണ്ണക്കടത്തും, ലൈഫ്മിഷനും, പാൻപരാഗ് കടത്തുമൊക്കെ മുഖ്യമന്ത്രി പിണറായി വിജയനെ തെല്ലൊന്നുമല്ല ചൊടിപ്പിക്കുന്നത്. അതാണ് ഡോ മാത്യു കുഴൽനാടൻ എന്ന ആദ്യമായി നിയമസഭയിലെത്തിയ 45കാരൻ. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നതുപോലെ, പിണറായിയെ കണ്ടാൽ മുട്ടടിച്ച് പറയാനുള്ളത് വിഴുങ്ങുന്ന നേതാക്കളുടെ ഇടയിലെ ധീരൻ. കോൺഗ്രസിന്റെ 'ലീത്തൽ വെപ്പൺ' എന്നാണ് ടൈസ് ഓഫ് ഇന്ത്യ ഈയിടെ എഴുതിയത്.
എത് വിഷയവും പഠിച്ച് ക്രിസ്റ്റൽ ക്ലിയറായി അവതരിപ്പിക്കാനുള്ള കഴിവാണ് കുഴൽനാടനെ പിണറായിയുടെ ശത്രുവാക്കുന്നത്. നേരത്തെയുണ്ടായ മെന്റർ വിവാദം നോക്കുക. പിണറായി പറയുന്നത് എത്രപെട്ടന്നാണ് കുഴൽനാടൻ പൊളിച്ച് അടുക്കിയത്. ചുരുങ്ങിയത് നാല് തവണയെങ്കിലും പിണറായിയും കുഴൽനാടനും നേരിട്ട് എറ്റുമുട്ടി. ആലപ്പുഴയിലെ ഷാനവാസ് എന്ന പ്രാദേശിക നേതാവിന്റെ പാൻപരാഗ് കടത്തിലും ഇരുവരും ഏറ്റുമുട്ടി. 'ഇങ്ങനെയൊക്കെപ്പറയാമോ' എന്ന ലൈനിൽ മുഖ്യമന്ത്രി പലപ്പോഴും വികാരധീനായാണ് പ്രതികരിച്ച് കണ്ടത്. കഴിഞ്ഞ ദിവസവും ഉണ്ടായിരുന്ന ആ വാക്പ്പോര്. ഇ ഡിയുടെ കുറ്റപത്രത്തിലെ വരികളും, പുറത്തായ ചാറ്റും എടുത്തിട്ട്, സ്വപ്നയും ശിവശങ്കറും പിണറായിയും, യുഎഇ കോൺസുൽ ജനറലും നേരിട്ട് ചർച്ച നടത്തിയെന്ന, മാത്യൂവിന്റെ വാദം പിണറായിതെ തെല്ലൊന്നുമല്ല ക്ഷുഭിതനാക്കിയത്.
കബിൽ സിബലിന്റെ ജൂനിയർ ആയ ഈ സുപ്രീകോടതി അഭിഭാഷകന് ഒരു കേസ് സ്റ്റോറി ബിൽഡ് ചെയ്യുന്ന അതേ മൂർച്ചയോടെയാണ് നിയമസഭയിൽ പിണറായി സർക്കാറിനെ പഞ്ഞിക്കിടുന്നത്. രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' നമ്മുടെ പല സമാജികരും നിയസഭയിലേക്ക് പോകുന്നത് ഉറങ്ങാനാണ്. അല്ലെങ്കിൽ അവിടെ കോമാളിത്തരം പറയാനാണ്. അല്ലെങ്കിൽ ഇറങ്ങിപ്പോക്ക് നടത്താനും, മറ്റ് മെമ്പർമാരുമായി വഴക്കുണ്ടാക്കാനുമാണ്. അങ്ങനെ അല്ലാതെ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ആളുകൾ കുറവാണ്. കുഴൽനാടനെപ്പോലുള്ളവർ വലിയ സേവനമാണ് പൊതുസമൂഹത്തിന് ചെയ്യുന്നത്''.
മാത്യു മരണമാസ് എന്ന് പറഞ്ഞ് സൈബർ ലോകവും അദ്ദേഹത്തിന്റെ കുടെയുണ്ട്.
രാഷ്ട്രീയം ഉപജീവനമാക്കാത്ത അപൂർവം നേതാക്കളിൽ ഒരാളാണ് കുഴൽനാടൻ. സാധാരണ പത്താംക്ലാസും ഗുസ്തിയും എന്ന് നാം രാഷ്ട്രീയക്കാരെ പരിഹസിക്കാറുണ്ട്. പക്ഷേ ജെഎൻയുവിൽ പഠിച്ച എൽഎൽബിയും ഡോക്ടേററ്റുമുള്ള ഈ യുവാവിനെ നിങ്ങൾക്ക് ആ ഗണത്തിൽ പെടുത്താൻ കഴിയില്ല.
കുഴൽനാടൻ എന്ന പേരിന് പിന്നിൽ
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പോത്താനിക്കാട് വില്ലേജിലെ പൈങ്ങോട്ടൂരിൽ എബ്രഹാമിന്റെയും മേരിയുടേയും മകനായി 1977 മെയ് 28നാണ് മാത്യു കൂഴൽനാടൻ ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിന് ജെ.എൻ.യുവിൽ ചേർന്നു. ട്രേഡ് ലൊയിൽ ഡോക്ടറേറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. പിന്നീട് നിയമബിരുദം നേടിയ കുഴൽനാടൻ നിലവിൽ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായി. പഠിക്കുമ്പോൾ തന്നെ കെഎസ്‌യു നേതാവ് ആയിരുന്നു. പിന്നെ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽസെക്രട്ടറിയായി. സാമൂഹിക മാധ്യമങ്ങളിയുടെയുള്ള നിരന്തരമായ ഇടപെടലുകളിലൂടെയാണ് അയാൾ ശ്രദ്ധേയനായത്. കെപിസിസി ജനറൽ സെക്രട്ടറിയായതിനുശേഷം ചാനൽ ചർച്ചകളിലും കോൺഗ്രസിന്റെ മുഖമായി.
ഈ കുഴൽനാടൻ എന്ന പേര് തന്നെ ആദ്യകാലത്ത് പലർക്കും അത്ഭുദമായിരുന്നു. തന്റെ പേരിന് പിന്നിലെ രഹസ്യം കുഴൽനാടൻ 2017ൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റിലുടെയാണ് വെളിപ്പെടുത്തിയത്. '' പലരും എന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണ് കുഴൽനാടൻ എന്ന പേര് എവിടെനിന്ന് കിട്ടി എന്നത്. സ്‌കൂളിൽ ചേർക്കാൻ വന്നപ്പോൾ അപ്പച്ചൻ നൽകിയ പേരാണിത്. കുഴൽനാട്ട് എന്നാണ് വീട്ടുപേര്.കുറച്ച് പഴഞ്ചനാണെങ്കിലും ജീവിതകാലം ഇത് ഇവന്റെ കൂടെ ഇരിക്കട്ടെ എന്നു കരുതികാണും''- മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു.
2017ൽ കോൺഗ്രസ് ആരംഭിച്ച സാമൂഹിക മാധ്യമ കാമ്പയിനുമായി ബന്ധപ്പെട്ട് 'മാധ്യമം' പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ പ്രതിപാദിച്ചാണ് കുഴൽനാടൻ ഈ പ്രതികരണം നടത്തിയത്. വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് തുടങ്ങുന്ന നവലോക കോൺഗ്രസ് പ്ലാറ്റ്‌ഫോമിന്റെ പ്രധാന ചുമതല കുഴൽനാടന് ആയിരുന്നു. എൽ.ഡി.എഫ് സർക്കാറിന്റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങൾ അന്വേഷിച്ചും പഠിച്ചും ജനങ്ങൾക്കു മുന്നിൽ എത്തിക്കുക എന്നതാണ് കാമ്പയിൻ കൊണ്ട് ലക്ഷ്യമിട്ടത്. ഈ സമയത്താണ് ''ഈ യു ടൂബിന്റെ മലയാളം ആയിരിക്കും ഈ കുഴൽനാടൻ. അല്ലെ?'' എന്ന അടിക്കുറിപ്പോടെ രാമേട്ടൻ എന്ന പങ്്തിയിൽ വേണുവിന്റെ കാർട്ടൂൺ വന്നത്. അപ്പോഴാണ് അദ്ദേഹം തന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്.
ആദ്യം വിദ്യാർത്ഥി, പിന്നെ നേതാവ്
എന്നും വേറിട്ട ആശയങ്ങൾ ആയിരുന്നു കുഴൽനാടനെ മറ്റ് നേതാക്കളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. കോളജിൽ പഠിക്കുമ്പോൾ, അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം ആയിരുന്നു 'ആദ്യം വിദ്യാർത്ഥി പിന്നെ നേതാവ്' എന്നത്. ഇതേക്കുറിച്ച് കൂഴൽനാടൻ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു.
''തിരുവനന്തപുരം ലോ കോളേജിൽ എൽഎൽബി പഠിക്കുമ്പോൾ ഞാൻ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. അക്കാലത്ത് തന്നെ ഞാൻ ഉയർത്തിയ മുദ്രാവാക്യമായിരുന്നു 'ആദ്യം വിദ്യാർത്ഥി പിന്നെ നേതാവ്' എന്നത്. എന്റെ മുൻഗാമികളായിരുന്ന പലരും കെഎസ്‌യു കാരണം എന്റെ ജീവിതം പോയി, കെഎസ്‌യു കാരണം എന്റെ പഠനം പോയി എന്നൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടെ യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോൾ ഞാനവിടത്തെ കെഎസ്‌യുക്കാരോടെല്ലാം പറഞ്ഞത് ഞാൻ ഇവിടെ സംഘടനയെ നയിക്കുന്ന കാലത്ത് കെഎസ്‌യു കാരണം നിങ്ങളുടെ പഠനം മുടങ്ങിയെന്ന് പറയാൻ ഇടവരരുത്. പഠനം കഴിഞ്ഞിട്ടുള്ള സമയത്ത് മതി രാഷ്ട്രീയപ്രവർത്തനം. അന്നുമുതൽ തന്നെ രാഷ്ട്രീയവും പഠനവും ഒരുമിച്ചുകൊണ്ടുപോകുന്ന ശൈലിയായിരുന്നു ഞാൻ സ്വീകരിച്ചിരുന്നത്.''- കുഴൽനാടൻ പറഞ്ഞു.
എൽഎൽബിക്ക് ശേഷം എംഫില്ലും പിഎച്ചഡിയും എടുത്ത കുഴൽനാടൻ പഠിത്തത്തിൽ ഒരിക്കലും ഉഴപ്പിയിരുന്നില്ല. അതിനിടയിൽ അഭിഭാഷക വൃത്തിയും മുന്നോട്ടുകൊണ്ടുപോയി. പ്രശസ്ത അഭിഭാഷകൻ കബിൽ സിബലിന്റെ ജൂനിയർ ആയി. ഹൈക്കോടതിയിലും പ്രാക്റ്റീസ് ചെയ്തു.
രാഷ്ട്രീയം ഒരിക്കലും ഉപജീവനത്തിനുള്ള ഒരു മാർഗമായി മാറരുത് എന്നും, വരുമാനത്തിന് തൊഴിൽവേറെ വേണമെന്നും, രാഷ്ട്രീയം സേവനം മാത്രമായിരിക്കണമെന്നുമാണ് മാത്യുവിന്റെ അഭിപ്രായം. സത്യത്തിൽ ലോക രാഷ്ട്രങ്ങളിൽ അങ്ങനെതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുപോലും വരുമാന മാർഗമായി ഒരു ബിസിനസ് ഉണ്ടാവും. എന്നാൽ നമ്മുടെ നാട്ടിൽ മണ്ഡലം കമ്മറ്റി പ്രസിഡന്റോ, ബ്രാഞ്ച് സെക്രട്ടറിയോ ആയാൽപോലും ഒരു പണിക്കും പോകാതെ രാഷ്ട്രീയം ഉപജീവനമാർഗമാക്കി എടുക്കയാണ് പതിവ്. ഇതിനെതിരെയും കുഴൽനാടൻ കാമ്പയിൻ നടത്തിയിരുന്നു.
അയ്മനം സിദ്ധാർഥൻ ലൈൻ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത, അമലപോളും ഫഹദ് ഫാസിലും മുഖ്യവേഷമിട്ടി ' ഒരു ഇന്ത്യൻ പ്രണയ കഥ' എന്ന ചിത്രത്തിലെ അയ്മനം സിദ്ധാർഥൻ എന്ന ഫഹദിന്റെ നായകൻ എത്തിപ്പെടുന്ന ചില തിരിച്ചറിവുകൾ ഉണ്ട്. അതേപോലുള്ള ഒരു സംവാദമുഖമാണ് 'വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനം' എന്ന മുദ്രാവാക്യത്തിലുടെ കുഴൽനാടൻ ഉയർത്തിയത്. കുഴൽനാടന്റെ കാര്യത്തിൽ അത് പൂർണ്ണമായും ശരിയായിരുന്നു. രാഷ്ട്രീയത്തിലൂടെയല്ല, വക്കീൽപണിയിലുടെയാണ് അയാൾ ജീവിച്ചത്.
അതേക്കുറിച്ച് കുഴൽനാടൻ ഇങ്ങനെ പറയുന്നു. ''വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനം' എന്നത് അടൂരിലെ യൂത്ത് കോൺഗ്രസ് ക്യാമ്പിലാണ് ഞാനാദ്യമായി പ്രസംഗിച്ചത്. അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞാൻ പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ എംഎൽഎ ആയ ശേഷം അതൊരു വലിയ വെല്ലുവിളിയായി മുന്നിൽ നിൽക്കുകയാണ്. പ്രൊഫഷൻ ഉപേക്ഷിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. എന്നാൽ ജനസേവനത്തിന് മണ്ഡലത്തിലും പുറത്തും തലസ്ഥാനത്തുമൊക്കെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയം കിട്ടാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രൊഫഷനിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് വാസ്തവമാണ്.''- അദ്ദേഹം വ്യക്തമാക്കുന്നു.
പ്രൊഫഷണലുകളെ കോൺഗ്രസിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് രൂപീകരിച്ച പ്രൊഫഷണൽ കോൺഗ്രസ് എന്ന സംഘടനയുടെ കേരള അധ്യക്ഷൻ ആവുന്നതോടെയാണ്, കുഴൽനാടൻ എന്ന പേര് അറിയപ്പെട്ട് തുടങ്ങുന്നത്. ശശി തരൂർ ആയിരുന്നു ഈ സംഘടനയുടെ ദേശീയ പ്രസിഡന്റ്. ആ കാലം അദ്ദേഹം ഇങ്ങനെ ഓർക്കുന്നു.
''എനിക്ക് വളരെ വൈകാരിക ബന്ധമുള്ള സംഘടനയാണ് പ്രൊഫഷണൽ കോൺഗ്രസ്. കാരണം കേരളത്തിലെ പ്രൊഫഷണൽ കോൺഗ്രസ് എന്റെ ബേബി ആണെന്ന് വേണമെങ്കിൽ പറയാം. രാഹുൽ ഗാന്ധി പ്രൊഫഷണൽ കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി ഡോ. ശശി തരൂരിനെ ചെയർമാനായി നിയോഗിച്ച ശേഷം കേരളത്തിൽ പ്രൊഫഷണൽ കോൺഗ്രസിനെ കെട്ടിപ്പടുക്കാൻ എന്നെയാണ് തെരഞ്ഞെടുത്തത്. ഞാൻ അങ്ങേയറ്റം ആത്മാർത്ഥമായും ആകാംഷയോടെയും ഓരോ കല്ല് അടുക്കിവയ്ക്കുംപോലെ ഒന്ന് എന്ന് തുടങ്ങിവച്ച സംഘടനയാണ്. എല്ലാമായി, ഞങ്ങൾ വലിയ ശക്തിയായി എന്നൊന്നും അവകാശപ്പെടാൻ ഞാൻ തയ്യാറല്ല. എന്നാൽ കുറഞ്ഞകാലം കൊണ്ട് ഒരു റെസ്പെക്ടബിൾ പൊസിഷനിലേയ്ക്ക് പ്രൊഫഷണൽ കോൺഗ്രസിനെ എത്തിക്കാൻ എനിക്ക് സാധിച്ചു. അപ്പോഴാണ് എന്നെ കെപിസിസി ജന. സെക്രട്ടറിയായി നിയോഗിക്കുന്നത്. പ്രൊഫഷണൽ കോൺഗ്രസിൽ നിന്നും ഒഴിയരുതെന്ന് ശശി തരൂർ വളരെ നിർബന്ധപൂർവം പറഞ്ഞതാണ്. എന്നാൽ ഒരാൾക്ക് ഒരു പദവി എന്ന തത്വത്തിന് വേണ്ടി വാദിച്ച ഒരാളാണ് ഞാൻ. അങ്ങനെയാണ് മനസില്ലാ മനസോടെയാണെങ്കിലും പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഒഴിഞ്ഞെങ്കിലും നാളിതുവരെ സംഘടനയുമായുള്ള പൊക്കിൾക്കൊടി ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഞാൻ സ്ഥാനമൊഴിഞ്ഞപ്പോൾ സംഘടനയുടെ അധ്യക്ഷനായത് രാജ്യത്തെ തന്നെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പൊതുജനാരോഗ്യവിദഗ്ധനായിട്ടുള്ള ഡോ. എസ്എസ് ലാലാണ്. സംഘടന ഇപ്പോൾ ഭദ്രമായ കൈകളിലാണ്. അദ്ദേഹമിപ്പോൾ അതിനെ വളരെ ശക്തമായി മുന്നോട്ടുനയിക്കുന്നു.''- മാത്യു കുഴൽനാടൻ വ്യക്തമാക്കി.
മൂവാറ്റുപുഴ പിടിച്ചെടുക്കുന്നു
സോഷ്യൽ മീഡിയിലെ സജീവമായ ഇടപെടലും, ചാനൽ ചർച്ചകളിലെ പക്വതയ്യാർന്ന പ്രകടനവും കാരണം, ജനപ്രിയനായ ഈ യുവ നേതാവിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സമ്മർദവും വൈകാതെയുണ്ടായി. കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കുഴൽനാടൻ എൽഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ മൂവാറ്റുപുഴ പിടിച്ചെടുത്താണ് ഏവരെയും ഞെട്ടിച്ചത്. അതും കേരളത്തിൽ ഇടതുതരംഗം ആഞ്ഞടിച്ച സമയത്ത്. സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങളും ഗ്രൂപ്പ് ഭിന്നതകളും ഘടക കക്ഷികളിലെ അസംതൃപ്തിയും മാത്രമല്ല ട്വന്റി20 ഉയർത്തിയ വെല്ലുവിളിയും നേരിട്ടായിരുന്നു ഈ വിജയം.
കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെ മറ്റിയാണ്, മാത്യു കുഴൽനാടൻ മൂവാറ്റുപുഴയിൽ എത്തുന്നത്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആദ്യഘട്ട പ്രചാരണം പോലും വാഴയ്ക്കൻ ആരംഭിച്ചിരുന്നു. മാത്യു എത്തുമ്പോഴേക്കും, എൽഡിഎഫ് സ്ഥാനാർത്ഥി എൽദോ ഏബ്രഹാം പ്രചാരണത്തിൽ വളരെ അധികം മുന്നോട്ടു പോയിരുന്നു. പക്ഷേ കോൺഗ്രസിലെ ഗ്രൂപ്പുകളെയും ഘടക കക്ഷികളെയും ഒരുമിച്ചു നിർത്തി കുഴൽനാടൻ മുന്നേറി.
സിറ്റിങ്് എംഎൽഎയെ സിപിഐയിലെ എൽദോ ഏബ്രഹാമിനെയാണ് കുഴൽനാടൻ തോൽപ്പിച്ചത്. മാന്യന്മാരുടെ മത്സരം എന്നായിരുന്നു ഇവരുടെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ മാധ്യമങ്ങൾ പ്രകീർത്തിച്ചത്. എൽദോ ഏബ്രഹാമും മാത്യു കുഴൽനാടനും, വർഷങ്ങൾക്കു മുൻപ് കോളജിൽ സഹപാഠികളുമായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ മാത്യു ബിഎസ്സി ഫിസിക്സ് വിദ്യാർത്ഥിയായിരിക്കെ, ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയായിരുന്നു എൽദോ ഏബ്രഹാം. 3 മാസം മാത്രമാണു മാത്യു അവിടെ പഠിച്ചത്. വിശദമായ പരിചയപ്പെടലിനും സൗഹൃദത്തിനും അവസരം ലഭിച്ചിരുന്നില്ല.തിരുവനന്തപുരം ലോ കോളജിൽ പ്രവേശനം ലഭിച്ചതോടെയാണു മാത്യു സെന്റ് പീറ്റേഴ്സ് കോളജ് വിട്ടത്. കോളജിലെ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന എൽദോ ഏബ്രഹാമിനെ അറിയാമായിരുന്നുവെന്നു മാത്യു കുഴൽനാടൻ ഓർമിക്കുന്നു.
സിപിഐയിൽ യുവാക്കളുടെ പ്രതീകമായി എൽദോ ഏബ്രഹാം ഉയർന്നപ്പോൾ മാത്യു കുഴൽനാടൻ ഡൽഹി ജെഎൻയുവിലെ പഠനവും കോൺഗ്രസ് രാഷ്ട്രീയവുമായി സജീവമായി. പിൽക്കാലത്തു പ്രഫഷനൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ സാരഥിയായി മാത്യു കേരളത്തിൽ സജീവമായപ്പോഴേക്കും എൽദോ മൂവാറ്റുപുഴയുടെ എംഎൽഎയായി. പിന്നെ തന്റെ പഴയ സുഹൃത്തിനെ തോൽപ്പിച്ച് സഭയിൽ എത്താനായിരുന്നു, മാത്യുവിന്റെയും നിയോഗം
എങ്ങനെ കോടീശ്വരനായി?
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോൺഗ്രസ് സഥാനാർഥിയുടെ ആസ്തിവിവരങ്ങൾ പുറത്തുവന്നതും വൻ വിവാദമായി. ആകെ 32.13 കോടിയുടെ സ്വത്തുണ്ടെന്നാണ് മാത്യു കുഴൽനാടൻ വരണാധികാരിക്ക് സമർപ്പിച്ച രേഖയിലുള്ളത്. ഭാര്യ എൽസ കാതറിൻ ജോർജിന് 95.2 ലക്ഷത്തിന്റെ സ്വത്തും മകൻ ആൻഡൻ എബ്രഹാം മാത്യൂവിന് 6.7 ലക്ഷം രൂപയുടെ എൽഐസി പരിരക്ഷയുമുണ്ട്. 25 ലക്ഷം രൂപയാണ് ആകെ ബാധ്യത. മാത്യൂ കുഴൽനാടന് 11,66,152രൂപയും ഭാര്യക്ക് 6,63,226 രൂപയും ആണ് പണമായുള്ളത്. മാത്യു കുഴൽനാടന് 32 കോടിയുടെ ആസ്തിയുണ്ടെന്ന വാർത്ത വന്നതോടെ സോഷ്യൽ മീഡിയയിൽ അതായി വലിയ ചർച്ച.പക്ഷേ കുഴൽനാടൻ അവിടെയും കുലുങ്ങിയില്ല. ജോലിചെയതും, കുടുംബ സ്വത്തും തന്നെതാണ് ഇതെന്നും, ഒരു പൈസ പോലും, താൻ രാഷ്ട്രീയത്തിൽനിന്ന് സമ്പാദിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്യു കുഴൽനാടന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ''വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം. ഞാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർപ്പുകൾ വീട്ടിൽ നിന്ന് തന്നെ ആയിരുന്നു. കുറച്ചെങ്കിലും എന്നെ പിന്തുണച്ചിരുന്നത് അമ്മച്ചിയായിരുന്നു. രാഷ്ട്രീയം ഒക്കെ നല്ലത് തന്നെ പക്ഷേ അതുകൊണ്ട് ജീവിക്കാം എന്ന് വിചാരിക്കരുത് എന്നതായിരുന്നു അമ്മച്ചി മുന്നോട്ട് വച്ച നിബന്ധന. അതിന്റെ പിന്നിലെ ആദർശം എനിക്ക് കൃത്യമായി മനസ്സിലായിരുന്നില്ല. പക്ഷേ പിന്നീട് ഞാൻ പോലും അറിയാതെ അമ്മച്ചി പറഞ്ഞ ആ വാക്കുകൾ ഞാൻ അനുസരിച്ചു.
നാട്ടിലെ പഠനകാലത്ത് തോട്ടത്തിലെ കൃഷി നോക്കി നടത്തുന്നതിന് അപ്പച്ചൻ ഒരു ചെറിയ തുക തരുമായിരുന്നു. അതായിരുന്നു അക്കാലത്തെ എന്റെ ഏക ആശ്രയം. പിന്നീട് തിരുവനന്തപുരം ലോ കോളജിൽ നിന്ന് പാസ് ഔട്ട് ആയ ശേഷം സംഘടനാ രാഷ്ട്രീയവുമായി ഒരു വർഷം മുന്നോട്ട് പോയി. ശേഷം മുതിർന്ന അഭിഭാഷകനായ പരമേശ്വരൻ സ്വാമിയുടെ കീഴിൽ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചപ്പോൾ അവിടെ നിന്നും ചെറിയ വരുമാനം ലഭിച്ച് തുടങ്ങി.
അമ്മ പറഞ്ഞ വാക്കുകളുടെ ശക്തിയും ആഴവും എനിക്ക് ഇപ്പോൾ നന്നായി മനസിലാകും. കാരണം കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി തൊഴിലും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടു പോകാനായിട്ടുണ്ട്. ഇന്ന് എന്റെ ഏറ്റവും വലിയ ഉൾകരുത്തും ഇത് തന്നെയാണ്. രാഷ്ട്രീയം സേവനവും, തൊഴിൽ വരുമാനവുമാണെനിക്കിന്ന്. രാഷ്ടീയത്തിലേക്ക് കടന്നു വരുന്ന യുവാക്കളോട് എനിക്കു പറയാനുള്ളതാണ് ഈ വാചകം. കാലമാവശ്യപ്പെടുന്ന പൊതുപ്രവർത്തനം ഇതാണ്. മാറ്റം നമ്മിൽ നിന്നാരംഭിക്കട്ടെ.''- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിണറായിയുടെ പരിപ്പെടുത്തു
പിണറായി തരംഗം ആഞ്ഞടിച്ച തുടർഭരണം കിട്ടിയ 2021ലെ തെരഞ്ഞെടുപ്പിനുശേഷം ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത രീതിയിൽ ആയിരുന്നു കോൺഗ്രസിന്റെ പ്രകടനം. നിയമസഭയിലെ കന്നി അംഗങ്ങളെ കണ്ട്, പ്രതികരണം എടുക്കുന്നതിനിടയിൽ ഒരു ചാനൽ സംഘം കുഴൽനാടന്റെ അഭിപ്രായം ചോദിച്ചു. '' തീർച്ചയായു നിയമസഭയിലെ അംഗബലം എന്നത് വലുതുതന്നെയാണ്. പക്ഷേ നിലപാടുകളുടെ കരുത്തുകൊണ്ട് എണ്ണത്തിലെ കുറവ് പരിഹരിക്കും''- അന്ന് അത് കേട്ടവർ ഒക്കെ പതിവ് പ്രതിപക്ഷ തള്ള് എന്ന് മാത്രമാണ് കരുതിയത്. പക്ഷേ ദിവസങ്ങൾക്കുള്ളിൽ കഥമാറി.
ഇന്ന് മാത്യു കുഴൽനാടൻ നേരിട്ട് ഏറ്റുമുട്ടുന്നത് മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് തന്നെയതാണ്. കെഎം ഷാജിയും, അനിൽഅക്കരെയും, പി ടിതോമസും, വി ടി ബൽറാമുമൊന്നും ഇല്ലാതെ വല്ലാതെ ദുർബലമായിപ്പോയ യുഡിഎഫിനെ പിടിച്ച് ഉയർത്തുകയാണ് ഈ കന്നി എംഎൽഎ ചെയ്തത്.
നിയമസഭക്ക് പുറത്തും കുഴൽനാടൻ നിരവധി ഇടപെടലുകൾ നടത്തി. മൂവാറ്റുപുഴയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നടപ്പാക്കി. മൂവാറ്റുപുഴയിലെ പായിപ്ര പഞ്ചായത്തിൽ അച്ഛനും അമ്മയും ആശുപത്രിയിൽ ആയിരിക്കേ പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ പൂട്ട പൊളിച്ച് അകത്ത് കടന്ന് പ്രതികരിച്ച കുഴൽനാടന്റെ നടപടിക്ക് കേരളം മുഴുവൻ കൈയടിച്ചു. മൂവാറ്റുപുഴ അർബൻ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 1,75000 രൂപ താൻ അടച്ചു കൊള്ളാം എന്ന് അറിയിച്ചാണ് കുഴൽനാടൻ കത്ത് നൽകിയത്. ഇതോടെ ബാങ്കും സിപിഎമ്മും ശരിക്കും വെട്ടിലായി. ഇതിനൊപ്പം പട്ടിക ജാതി കുടുംബത്തിലെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരിക്കെ 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ടതിന് കേസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണിൽ ചോരയില്ലാതെ നടത്തുന്ന ജപ്തികൾക്കെതിരായ വൻ കാമ്പയിനായി ഇത് മാറി.
വ്യാജ അപവാദങ്ങൾ ഒരുപാട്
കുഴൽനാടന്റെ വാക്കുകളെ പ്രതിരോധിക്കാൻ ആവാഞ്ഞതോടെ എങ്ങനെയും അപകീർത്തിപ്പെടുത്താനായിരുന്നു സൈബർ സഖാക്കളുടെയും ദേശാഭിമാനിയുടെയുമൊക്കെ അടുത്ത നടപടി. സ്വന്തം കെട്ടിട നിർമ്മാണത്തിന്റെ പേര് പറഞ്ഞ് കുഴൽനാടൻ മണ്ണ് കടത്തിയെന്നാണ് ദേശാഭിമാനി വാർത്ത കൊടുത്തത്. എന്നാൽ റോഡിന് സ്ഥലംവിട്ടുകൊടുത്തപ്പോൾ ഉണ്ടായ കുഴി നികത്താൻ മണ്ണ് അടിച്ചതാണെന്നും ഇതിൽ എല്ലാരേഖകളും പൊലീസ് പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും കുഴൽനാടൻ പറയുന്നു. ''കൃത്യമായി പാസ് വാങ്ങിയാണ് മണ്ണ് അടിച്ചത്. എന്റെ പിതാവിന്റെ പേരിലുള്ള വീടും പറമ്പും എന്റെ പേരിലേക്ക് മാറ്റിയില്ല എന്ന, വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത 'കുറ്റ'മാണ് എന്നിൽ അവർ കണ്ടെത്തിയത്. ''- കുഴൽനാടൻ പറയുന്നു.
അതുപോലെ തന്നെയായിരുന്നു, കുഴൽനാടൻ പോക്സോ കേസിലെ പ്രതിയെ സഹായിച്ചുവെന്ന് പറഞ്ഞ് സൈബർ സഖാക്കൾ വ്യാപകമായി പ്രചരിപ്പിച്ച വാർത്തയും. പക്ഷേ ആദ്യഘട്ടത്തിൽ പൊലീസ് പ്രതിചേർക്കാത്ത യൂത്ത് കോൺഗ്രസ് നേതാവിനെ പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് പറഞ്ഞ് കള്ളക്കേസിൽ കുടുക്കുക ആയിരുന്നെന്നാണ് കുഴൽനാടൻ പറയുന്നത്്. ''ഞാനൊരു ജനപ്രതിനിധിയാണ്. അതുപോലെ കെപിസിസി ജന. സെക്രട്ടറിയുമാണ്. പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ കേസിന്റെ മെരിറ്റ് അന്വേഷിച്ചപ്പോൾ ഇയാളുടെ ഭാഗത്തുള്ള കുറ്റം ഈ വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല എന്നതാണ്. പൊതുപ്രവർത്തകരുടെ മുന്നിൽ ഇത്തരത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരുന്നുണ്ട്. അതൊക്കെ പൊലീസിൽ അറിയിക്കാത്തത് കുറ്റകരമാണെന്ന കാര്യം അവർ അറിയണമെന്ന് പോലുമില്ല. പക്ഷെ നിയമത്തെ പറ്റിയുള്ള അജ്ഞത ഇളവിന് കാരണമല്ല എന്നതും അഭിഭാഷകനായ എനിക്കറിയാം. ഒരുപക്ഷെ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം എന്ന് മനസിലാക്കിക്കൊണ്ടുതന്നെ അദ്ദേഹത്തെ രാഷ്ട്രീയപരമായ ഒരു വേട്ടയാടലിന് വിട്ടുകൊടുക്കുന്നത് ശരിയല്ല എന്നതാണ് അഭിപ്രായം.
ഈ വിഷയത്തിൽ സമരം ചെയ്ത ഞങ്ങളുടെ വനിതാ ജനപ്രതിനിധികൾക്കെതിരെ വളരെ മ്ലേച്ഛമായ പ്രചരണം ഒരുവശത്ത് നിന്നും നടന്നു. എനിക്കൊപ്പമുള്ള ചിത്രങ്ങളൊക്കെ ഷെയർ ചെയ്ത് ഞാൻ അദ്ദേഹത്തെ സംരക്ഷിക്കുന്നുവെന്നൊക്കെ വരുത്തിതീർക്കാനാണ് അവർ ശ്രമിക്കുന്നത്. അപ്പോൾ എന്നിലേക്ക് എത്താനാണ് അവർ ശ്രമിക്കുന്നതെന്ന് എനിക്ക് മനസിലായി. അങ്ങനെയാണെങ്കിൽ ഞാൻ തന്നെ മുന്നിൽനിൽക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ വേട്ടയാടലിന് അനുവദിക്കില്ലെന്ന് പരസ്യമായി പറഞ്ഞുകൊണ്ടുതന്നെ ഞാൻ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ നിലപാടിൽ നിന്നും ഞാൻ ഇന്നും പിന്നോട്ട് പോയിട്ടില്ല. രാഷ്ട്രീയ വേട്ടയാടലിന് കോൺഗ്രസുകാരെ വിട്ടുകൊടുക്കാൻ കഴിയില്ല. കാരണം രണ്ടാം പിണറായി സർക്കാരിന്റെ ശരിയായ രൂപവും ഭാവവും നമ്മൾ പുറത്തുകാണാൻ പോകുന്നതെ ഉള്ളു. ഈ സംഭവം നടന്ന പ്രദേശത്തിന്റെ ചുറ്റുപാടുമുള്ള 1001 പേർ ഒപ്പിട്ട ഒരു നിവേദനം ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയിട്ടുണ്ട്. ഇത് രാഷ്ട്രീയ വിരോധം മൂലമുള്ള വേട്ടയാടലാണെന്നും ഇത് അനുവദിക്കരുതെന്നുമാണ് ആ പ്രദേശത്തെ ആളുകൾ ഒന്നടങ്കം രാഷ്ട്രീയഭേദമന്യേ ആവശ്യപ്പെടുന്നത്. ''- കുഴൽനാടൻ പറയുന്നു.
ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ ഇക്കാര്യത്തിൽ പരസ്യസംവാദത്തിന് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായത്. അതായത് പറയുന്നതിൽ മെറിറ്റ് ഇല്ല എന്ന് അവർക്കു തന്നെ അറിയാം. പക്ഷേ കുഴൽനാടൻ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. കാരണം പിണറായി വിജയനെ യുഡിഎഫ് നേതാക്കൾപോലും ഭയക്കുന്ന കാലമാണിത്. ഏകഛത്രാധിപത്യം പോലെ കേരളം സമ്പൂർണ്ണമായ പിണറായിസത്തിലേക്ക് നീങ്ങുന്ന കാലം. അവിടെ കുഴൽനാടനെപ്പോലെ നട്ടെല്ലുള്ളവർ എന്തും നേരിടാൻ തയ്യാറായിരിക്കണം. സന്ദേശം സിനിമയിൽ ശങ്കരാടി പറയുന്നതുപോലെ ഗർഭക്കേസ് തൊട്ടുള്ള എന്ത് നാറ്റക്കേസും പ്രതീക്ഷിക്കണം!
വാൽക്കഷ്ണം: വി ടി ബൽറാം, അനിൽ അക്കരെ, കെ എം ഷാജി, എന്നിവരായിരുന്നു കഴിഞ്ഞ നിയമസഭയിൽ യുഡിഎഫിനുവേണ്ടി പിണറായിക്ക് എതിരെ പട നയിച്ചത്. അവർ മൂന്നുപേരും അടുത്ത നിയമസഭ കണ്ടില്ല. തനിക്കും സമാന അനുഭവം ഉണ്ടാവുമെന്ന വാദത്തെയും, ധൈര്യപൂർവമാണ് കുഴൽനാടൻ നേരിടുന്നത്. ''ജീവിച്ചിരിക്കുന്ന കാലം നട്ടെല്ലോടെ ജീവിച്ചിരിക്കും.''- അതാണ് മാത്യൂവിന്റെ ഉറപ്പ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ