- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി! രാജീവ് ഗാന്ധിയുടെ മരണത്തോടെ 'ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ'; ബാബറിയിലെ മൗനം വിനയായി; കൈക്കൂലിക്കേസിൽ ശിക്ഷ ഒഴിവായത് അപ്പീലിൽ; മകളുടെ ഫീസടക്കാൻ പോലും വകയില്ലാത്ത നിർധനനായി മരണം; 30 കോടി ജനങ്ങളുടെ പട്ടിണി മാറ്റിയിട്ടും വില്ലൻ ഇമേജ്; നരസിംഹറാവുവിന്റെ ജീവിതം
ഒരു ഇന്ത്യൻ മൂൻ പ്രധാനമന്ത്രിയുടെ മൃതശരീരം പാതി കത്തിക്കരിഞ്ഞ് അനാഥമായി കിടക്കുക എന്നത് സങ്കൽപ്പിക്കാൻ കഴിയുമോ! പക്ഷേ സംഭവം സത്യമാണ്. അതുപോലെ അവഗണ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട മനുഷ്യനായിരുന്നു, പാമൂല പാർഥി വെങ്കിട നരസിംഹറാവു എന്ന പി വി നരസിംഹ റാവു. 2004 ഡിംസബർ 23 മരിച്ച അദ്ദേഹത്തിന് മതിയായ അന്ത്യോപചാരം ഒരുക്കാൻ പോലും കോൺഗ്രസ് പാർട്ടി ശ്രമിച്ചില്ല. പാർട്ടി ആസ്ഥാനത്ത് പൊതുദർശനത്തിനൊ, ഡൽഹിയിൽ ഒരു സ്മാരകത്തിനൊ അനുമതി കൊടുത്തില്ല. കാരണം അപ്പോഴേക്കും അത്രക്കും 'കുപ്രസിദ്ധനായിപ്പോയിരുന്നു' റാവു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് കാരണക്കാൻ, ഇന്ത്യയെ കുത്തകകൾക്ക് കൊള്ളയിടിക്കാൻ വിട്ടുകൊടുത്ത കങ്കാണി, സ്വകാര്യവത്ക്കരണത്തിലൂടെ പൊതുമേഖലയെ നശിപ്പിച്ചയാൾ, കോടികളുടെ അഴിമതിക്കാരൻ.... 90കളിൽ പത്രങ്ങൾ വായിച്ചുവളർന്ന ഏതൊരാൾക്കും, മൂൻ പ്രധാനമന്ത്രി പി വി നരസിംഹറാവുനെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് ഉണ്ടാവുക.
മരണത്തോടു അനുബന്ധിച്ചുള്ള സമയത്തൊക്കെ എല്ലാവരാലും മറന്ന അവസ്ഥയിൽ ആയിരുന്നു, ഭാരതത്തിലെ 30 കോടി ജനങ്ങളുടെ പട്ടിണിമാറ്റുന്നതിന് കാരണക്കാരണായ സാമ്പത്തിക ഉദാരീകരണം കൊണ്ടുന്നവന്ന ഈ പ്രധാനമന്ത്രി. മരിച്ചപ്പോഴും അതുതന്നെ സംഭവിച്ചു. മന്മോഹൻസിംങ്ങ് ഒഴികെയുള്ള പ്രമുഖ നേതാക്കൾ ആരും അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തില്ല. ചിതക്ക് തീയും കൊളുത്തി കോൺഗ്രസ് നേതാക്കൾ എല്ലാവരും സ്ഥലം വിട്ടു. രാത്രിയായതോടെ, മൃതദേഹം പാതി കത്തിയ നിലയിൽ കിടക്കുന്നതിന്റെ വിഷ്വലുകൾ ആന്ധ്രയിലെ പ്രദേശിക ചാനലുകൾ പുറത്തുവിട്ടു. അതോട് കൂടി പൊലീസും കോൺഗ്രസുകാരും ഓടിക്കൂടി, ചിത പുർണ്ണമായും കത്തിച്ചു! നോക്കണം ഏത് ഇന്ത്യൻ പ്രധാനമന്ത്രിക്കാണ് ഇതുപോലെ ഒരു ഗതിവരിക.
പക്ഷേ ഇന്ന് കാലം മാറി. ആഗോളീകരവും ഉദാരീകരണവും ആപത്തായിരുന്നുവെന്ന കമ്യൂണിസ്റ്റ് പ്രൊപ്പഗൻഡ തെറ്റായിരുന്നു എന്ന് അനുഭവത്തിലുടെ തെളിഞ്ഞു.
1997ലെ കണക്ക് എടുത്താൽ ഇന്ത്യയിലെയും ജനസംഖ്യയുടെ 42 ശതമാനം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 100 കോടി ജനം അന്ന് രാജ്യത്തുണ്ടായിരുന്നു. അതായത് കുറഞ്ഞത് 40 കോടി ജനങ്ങൾ വീതം ദാരിദ്ര്യത്തിലായിരുന്നു. വെറും പത്തുവർഷം കൊണ്ട് അതായത് 2017ൽ ഈ 40 ശതമാനം ദരിദ്രർ, വെറും 12 ശതമാനത്തിലേക്ക് മാറി. അതായത് ഏതാണ്ട് 30 കോടിയോളം ജനങ്ങളുടെ പട്ടിണി ഈ മഹാരാജ്യം മാറ്റി! എന്ത് അത്ഭുദമാണ് ഇവിടെ നടന്നത്. അതാണ് നരസിംഹറാവു കൊണ്ടുവന്ന ആഗോളീകരണം.
91ൽ നരസിംഹറാവു അധികാരം എൽക്കുമ്പോൾ ഇന്ത്യ ഇന്നത്തെ ശ്രീലങ്കക്ക് സമാനമായ അവസ്ഥയിൽ ആയിരുന്നു. കരുതൽ ധനശേഖരം ഇല്ലാതായതോടെ, ചന്ദ്രശേഖർ സർക്കാർ രാജ്യത്തിന്റെ സ്വർണം പണയംവെച്ച കഥയൊക്കെ ആരും മറന്നിട്ടുണ്ടാവില്ല. ആ അവസ്ഥയിൽനിന്ന് ഇന്ത്യയെ മാറ്റിമറിച്ച മനുഷ്യരിൽ ഒരാളാണ് ഈ രീതിയിൽ അവഗണിക്കപ്പെടുന്നത് എന്നോർക്കണം.
സ്വാതന്ത്ര്യ സമരത്തിലൂടെ കോൺഗ്രസിലേക്ക്
ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലുള്ള കരിംനഗർ എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ 28 ജൂൺ 1921നാണ് നരസിംഹ റാവു ജനിച്ചത്. പി.രംഗറാവുവും, രുക്മിണിയമ്മയും ആയിരുന്നു മാതാപിതാക്കൾ. കർഷകുടുംബമായിരുന്നു ഇവർ. എന്നാൽ റാവുവിന് മൂന്നു വയസുള്ളപ്പോൾ, പാവുമല്ല പുർത്തി രംഗറാവു എന്ന ധനികനും രാഷ്ട്രീയക്കാരനുമായ ബന്ധു ദത്തെടുത്തു. ഈ കുംടുംബമാണ് റാവുവിനെ പഠിപ്പിച്ചതും വളർത്തിയതും.
ചെറുപ്പത്തിലെ പഠനകാര്യത്തിൽ അസാധാരണ കഴിവായിരുന്നു റാവുവിന് ഉണ്ടായിരുന്നു. ഉസ്മാനിയ സർവ്വകലാശാലയിലായിരുന്നു ബിരുദ പഠനം, പിന്നീട് പൂണെ സർവ്വകലാശാലക്കു കീഴിലുള്ള ഫെർഗൂസൻ കോളേജിൽ നിന്നും നിയമത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ഭാഷ പഠിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്നു. എട്ട് ഇന്ത്യൻ ഭാഷകളിലും, എട്ട് വിദേശ ഭാഷകളും അടക്കം 18ഭാഷകളിൽ റാവുവിന് പ്രാവീണ്യമുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹം എഴുത്തിന്റെ മേഖലയിലും എത്തി. 1940 കളിൽ കാക്കാത്തിയ പത്രിക എന്നൊരു മാസികയിൽ ജയ-വിജയ എന്ന തൂലികാ നാമത്തിൽ, തന്റെ അർധസഹോദരനായിരുന്ന പമുലപാർത്തി സദാശിവ റാവുവിനോടൊപ്പം ലേഖനങ്ങളും കവിതകളും എഴുതുമായിരുന്നു.
തളിച്ചുമറിയുന്ന സ്വാതന്ത്ര്യസമരത്തിൽനിന്ന് റാവിനു മാറി നിൽക്കാൻ ആയില്ല. ഗാന്ധിജി, നെഹ്റു എന്നിവരുടെ വലിയ ആരാധകനായിരുന്നു, താൻ എന്ന് റാവു തന്റെ ആത്കഥാപരമായ പുസ്തകമായ 'ദ ഇൻസൈഡറിൽ' പറയുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ സ്വന്തക്കാരൻ
സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെ നേതൃപദവിയിലേക്ക് റാവു ഉയർന്നു. 1962-1971 കാലഘട്ടത്തിൽ ആന്ധ്രപ്രദേശ് മന്ത്രിസഭയിൽ അംഗമായിരുന്നു. നെഹ്‌റു മന്ത്രിസഭയിൽ 1962ൽ അംഗമായി. തന്റെ ആരാധ്യപുരഷനൊപ്പം പ്രവർത്തിക്കാൻ കഴിയുമൊന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് റാവു തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. ഇതോടെ നെഹ്‌റു കുടുംബവുമായുള്ള അടുപ്പവും അരക്കിട്ടുറപ്പിച്ചു.
നെഹ്‌റുവിനുശേഷം മകൾ ഇന്ദിര കോൺഗ്രസിന്റെ നേതൃനിരയിലെത്തിയപ്പോൾ റാവു അവരുടെ അടുത്തയാളായി. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ റാവു ഇന്ദിരയോടൊപ്പം ഉറച്ചു നിന്നു. ഗാന്ധി കുടുംബവുമായുള്ള അടുപ്പമായിരുന്നു എന്നും റാവുവിന്റെ തുറപ്പുചീട്ട്. ഒരിക്കലും ഒരു പോപ്പുലർ നേതാവ് ആയിരുന്ന റാവു. ഒരു തീപ്പൊരി പ്രാസംഗികനോ, ആൾക്കൂട്ടത്തെ ഇളക്കാൻ കഴിയുന്ന ഊർജമുള്ള നേതാവോ ആയിരുന്നില്ല അദ്ദേഹം. പക്ഷേ അപാരമായ പാണ്ഡിത്യവും, പ്രശ്നങ്ങൾ പഠിക്കാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായിരുന്നു റാവു. എത് പ്രശ്നങ്ങളിലും ഇന്ദിരാഗാന്ധി ആശ്രയിച്ചത് റാവുവിനെയാണ്. ആ രീതി രാജീവും തുടർന്നു.
1971 മുതൽ രണ്ടുവർഷക്കാലം ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായി. റാവു മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ആന്ധ്രയിൽ ഭൂപരിഷ്‌കരണം നടപ്പിലാക്കുന്നത്. ഇതിനെതിരേ നടന്ന സമരത്തെ നേരിടാൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വന്നു. 1972 ൽ ദേശീയ രാഷ്ട്രീയത്തിൽ വിവിധങ്ങളായ വകുപ്പുകൾ കൈകാര്യം ചെയ്തു കഴിവു തെളിയിച്ചു. 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് റാവു ഇന്ദിരാ ഗാന്ധിയെ അനുകൂലിച്ചു. ഇന്ദിരാ ഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും കേന്ദ്രമന്ത്രിസഭകളിൽ റാവു വിവധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. ഭരണ രംഗത്തുള്ള ഈ പരിചയമാണ് യഥാർഥത്തിൽ റാവുവിനെ പ്രധാനമന്ത്രി പദംവരെയെത്തിച്ചത്. 1982 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗ്യാനി സെയിൽ സിംഗിനോടൊപ്പം നരസിംഹറാവുവിന്റെ പേരും അക്കാലത്ത് ഉയർന്നു കേട്ടിരുന്നു.
80കളുടെ അവസാനത്തോടെ റാവു വിശ്രമ ജീവിതത്തിലേക്ക് കടന്നിരുന്നു. 91ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകപോലും ഉണ്ടായില്ല. എല്ലാം അവസാനിപ്പിച്ച് ആന്ധ്രയിലേക്ക് മടങ്ങാനിരിക്കയായിരുന്നു. പക്ഷേ 70ാം വയസ്സിൽ പ്രധാനമന്ത്രിയാവാനുള്ള യോഗമാണ് കാലം അദ്ദേഹത്തിനായി കാത്തുവെച്ചത്.
ദ ആക്സിഡന്റ് പ്രൈമം മിനിസ്റ്റർ
അപ്രതീക്ഷിത പ്രധാനമന്ത്രി എന്ന പേര് മന്മോഹൻസിങിനേക്കാൾ യോജിക്കുക, നരസിംഹറാവുവിന് ആയിരുന്നു. 91ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ചിത്രത്തിലേ ഇല്ലായിരുന്നു. മൂന്നു ഘട്ടങ്ങളിലായിരുന്നു പോളിങ്. ഒന്നാം ഘട്ടം കഴിഞ്ഞപ്പോഴാണ് ചാവേർ ബോംബിൽ രാജീവ്ഗാന്ധി കൊല്ലപ്പെടുന്നത്. അതുവരെ കോൺഗ്രസ് പിന്നിലായിരുന്നെന്ന് പിന്നീട് ഫലം വന്നപ്പോൾ വ്യക്തമായി. രാജീവ് ഗാന്ധിയുടെ കൊലപാതകം കഴിഞ്ഞ് രണ്ടു ഘട്ടങ്ങളിൽ വോട്ടിങ് രീതി ആകെ മാറി. സഹതാപതരംഗം കോൺഗ്രസിന് അനുകൂലമായി. പാർട്ടി എറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാവണം എന്ന ആവശ്യം ഉയർന്നു.
കോൺഗ്രസ് വർക്കിങ് കമ്മിറ്റിയും പ്രഖ്യാപിച്ചത് സോണിയഗാന്ധിയുടെ പേരാണ്. പക്ഷേ അവർ സമ്മതിച്ചില്ല. ഭർത്താവിന്റെ മരണവും ചെറിയ കുട്ടികളും അത്ര പരിചയിച്ചിട്ടില്ലാത്ത രാഷ്ട്രീയ ചുറ്റുപാടും. അപ്പോൾ പകരം ആളെ സോണിയ തന്നെ നിശ്ചയിക്കണമെന്നായി പാർട്ടി. അവർ കുഴഞ്ഞു. അപ്പോഴാണ് ഫാമിലി ഫ്രണ്ട് കൂടിയായ അരുണ ആസഫലിയാണ് പറഞ്ഞത് പി.എൻ ഹക്സറോടു ചോദിക്കാമെന്ന്. ഇന്ദിരയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ പഴയ വിശ്വസ്തൻ കുറേക്കാലമായി അകന്നു കഴിയുകയാണ്. അരുണ തന്നെ മുൻകൈ എടുത്ത് ഹക്സറെ കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞത് കസേരമോഹികളുടെ നാവടപ്പിച്ചു പേരാണ്- ശങ്കർ ദയാൽ ശർമ. അദ്ദേഹം അന്ന് വൈസ് പ്രസിഡന്റാണ്. മാന്യരിൽ മാന്യൻ. അധികാരത്തിന്റെ ലഹരി തലക്കുപിടിക്കാത്ത വിവേകി.
അരുണയും നട്വർസിങ്ങും ദൂതുപോയി. ശർമയുടെ മറുപടി കേട്ട് ദൂതർ ഞെട്ടി. ഇന്ത്യൻ പ്രധാനമന്ത്രി എന്നത് ഫുൾടൈം മനസ്സർപ്പിക്കേണ്ട പണിയാണ്, ദയവായി എന്നെ ഒഴിവാക്കണം. വിനയത്തോടെ അദ്ദേഹം ആ അവസരം നിഷേധിച്ചു. ആ ഒഴിവിൽ ഹക്സർ നിർദ്ദേശിച്ച പേരാണ് നരസിംഹറാവു. ആ പേരുകേട്ട് നെഞ്ചുവേദനയുണ്ടായ പലരുമുണ്ട്. ശരദ് പവാർ, അർജുൻ സിങ്, അങ്ങനെ... അന്നു വിചാരിച്ചത് റാവു, ടേം തികക്കില്ലെന്നാണ്. ഒന്നാമത്, ന്യൂനപക്ഷ സർക്കാർ. പോരെങ്കിൽ പവാറിനെപ്പോലുള്ളവർ ഉയർത്തുന്ന പാളയത്തിലെ പട. പോരാത്തതിന് കടുത്ത സാമ്പത്തിക പ്രതിസദ്ധിയും. പക്ഷേ അവിടെയാണ് റാവുവിലെ ചാണക്യനെ കണ്ടത്.
വിപണി തുറന്ന് രാജ്യത്തെ രക്ഷിച്ചു
പക്ഷേ ഈ തലക്കുമുകളിൽ തീരാത്ത പ്രശ്നങ്ങളെ, മൗനം കൊണ്ടാണ് റാവു നേരിട്ടത്. മൗനി ബാബ എന്ന പേരുപോലും പ്രതിപക്ഷം അദ്ദേഹത്തിന് കൊടുത്തു. പക്ഷേ ഈ മൗനം റാവുവിന്റെ ഒരു തന്ത്രം ആയിരുന്നുവെന്നും പിൽക്കാലത്ത് വിലയിരുത്തപ്പെട്ടു. ലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാതെ, അത്തരം വിപ്ലവകരമായ മാറ്റങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ച പ്രധാനമന്ത്രിയായിരുന്നു റാവു. വിപണി തുറക്കാതെ രാജ്യത്തിന് മുന്നോട്ട് പോവാൻ കഴിയില്ല എന്ന് അദ്ദേഹത്തിന് അറിമായിരുന്നു. അതിനുവേണ്ടി റാവു തന്നെ നേരിട്ടാണ് മന്മോഹൻസിങിനെ കണ്ടെത്തുന്നതും ധന മന്ത്രിയാക്കുന്നതും.
ഐഎംഎഎഫിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അവർ നടപ്പാക്കിയ പുതിയ സാമ്പത്തിക പരിഷ്‌ക്കരണം ഇന്ത്യയുടെ ജാതകം മാറ്റി. നാം ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളുടെയം അടിത്തറയായി അത് മാറി. പക്ഷേ അന്ന് രൂപയുടെ മൂല്യം കുറച്ചുമെല്ലാം നടത്തുന്ന പരിഷ്‌ക്കാരങ്ങൾക്ക് ഇടതുപക്ഷത്തുനിന്നും ബിജെപിയിൽനിന്നും മാത്രമല്ല, സ്വന്തം പാർട്ടിയിൽനിന്നുപോലും റാവുവും മന്മോഹൻസിങും വല്ലാതെ പഴികേട്ടു. അക്കാലത്തെ സമ്മർദങ്ങളൊക്കെ അദ്ദേഹം ദ ഇൻസൈഡർ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
റാവുവല്ല പ്രധാനമന്ത്രിയെങ്കിൽ ഉദാരീകരണം ഇന്ത്യയിൽ സംഭവിക്കുമായിരുന്നില്ല. നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആദർശങ്ങളുടെ യു ടേൺ ആയിരുന്നു അത്. .ഭാരതീയ റിസർവ് ബാങ്കിന്റെ മുൻ ഗവർണറായ ഐ.ജി.പട്ടേലിന്റെ തന്റെ സാമ്പത്തിക വകുപ്പു മന്ത്രിയാക്കാൻ റാവു ശ്രമിച്ചിരുന്നുവെങ്കിലും പട്ടേൽ അത് നിരസിച്ചു. പിന്നീടാണ് റാവു സാമ്പത്തിക വിദഗ്ദ്ധനും, ഉദാരവത്ക്കരണ നയങ്ങളുടെ പിറകിൽ പ്രവർത്തിച്ചയാളുമായ മന്മോഹൻ സിങ്ങിനെ ധനവകുപ്പിന്റെ ചുമതലയേൽപ്പിക്കുന്നത്. തനിക്ക് ജീവിതത്തിൽ ഉണ്ടായ എല്ലാ നേട്ടങ്ങൾക്കും കാരണക്കാരനായി ഡോ മന്മോഹൻസിങ്ങ് ചൂണ്ടിക്കാട്ടുന്നത് റാവുവിനെയാണ്. റാവുവിന്റെ മരണം വരെ ആ സൗഹൃദം ഊഷ്മളമായി തുടർന്നു. അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകളിലും മന്മോഹൻ ആദ്യവസാനം പങ്കെടുത്തു. കോൺഗ്രസ് പാർട്ടി റാവുവിനോട് കാണിച്ച നന്ദികേടിന്റെ തിരുത്തൽ കൂടിയായിരുന്നു അത്.
ശാസ്ത്ര- നയതന്ത്ര വിജയങ്ങൾ ഒട്ടേറെ
ശാസ്ത്ര- സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ മാത്രമേ ഇന്ത്യക്ക് രക്ഷയുള്ളൂവെന്ന് നന്നായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു നരസിംഹറാവു. 1998ൽ പൊഖ്റാനിൽ നടന്ന ആണവ പരീക്ഷണങ്ങളിലേക്കുള്ള നടപടികൾ തുടങ്ങിവെച്ചത് റാവുവിന്റെ കാലത്തായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് തന്നെ അത് നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും, അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് നീണ്ടുപോവുകയായിരുന്നു. ഇന്ത്യൻ സേനക്കുള്ള ബജറ്റ് വിഹിതം വർധിപ്പിച്ച്, ചൈനയിൽ നിന്നും, പാക്കിസ്ഥാനിൽ നിന്നുമുള്ള ഭീഷണി നേരിടാൻ ഇന്ത്യൻ സേനയെ സജ്ജരാക്കി.
പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും, ചൈനയുമായുള്ള നയതന്ത്രബന്ധങ്ങൾ ശക്തമാക്കാൻ റാവു മുൻകൈയെടുത്തു. ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു. റാവു വിദേശ കാര്യമന്ത്രിയായിരുന്നപ്പോൾ മുതൽ ഇതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. വൈകാതെ ഇന്ത്യയിൽ നയതന്ത്ര കാര്യാലയം തുറക്കാനും ഇസ്രയേലിനു അനുമതി നൽകുകയുണ്ടായി. ( ആ ഇസ്രയേൽ ബന്ധമാണ് നമുക്ക് കാർഗിൽ യുദ്ധകാലത്തും, ഇപ്പോൾ ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് എത്തിയപ്പോഴും തുണയായത്. കാർഗിലിനെ നുഴഞ്ഞുകയറ്റം ആദ്യം ശ്രദ്ധയിൽ പെടുത്തിയത്, ഇസ്രയേൽ ആയിരുന്നു. ചൈനയുടെ ചാരവലയം തകർക്കാനുള്ള സിഗ്നൽ പ്രതിരോധം തന്നതും അതേ രാജ്യം തന്നെ) ആസിയാൻ സംഘടനയിലേക്ക് ഇന്ത്യ കൂടുതൽ അടുത്തത് ഇക്കാലത്താണ്.
പഞ്ചാബിലെ തീവ്രവാദപ്രവർത്തനങ്ങൾ ഏതാണ്ട് പൂർണ്ണമായി അവസാനിപ്പിച്ചത് റാവു സർക്കാരിന്റെ കാലത്താണ്. കൂടാതെ പഞ്ചാബിൽ തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനമെടുത്തതും അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്തത്തിലാണ്. തുടർന്ന് പഞ്ചാബിൽ നടന്ന തിരഞ്ഞെടുപ്പിൽ ലോക സഭാ സീറ്റുകളിൽ പതിമൂന്നിൽ പന്ത്രണ്ടും കോൺഗ്രസ്സ് നേടുകയുണ്ടായി.
പാക്കിസ്ഥാൻ കാശ്മീരിൽ നടത്തുന്ന നുഴഞ്ഞുകയറ്റങ്ങൾ ചെറുക്കാൻ റാവു സർക്കാർ എടുത്ത നടപടികളെ അമേരിക്ക ശക്തമായി എതിർത്തിരുന്നു. കാശ്മീരിലെ തീവ്രവാദികളെ അടിച്ചമർത്താൻ റാവു സർക്കാർ ഭീകരവിരുദ്ധനിയമം കൊണ്ടു വന്നു. നുഴഞ്ഞുകയറ്റക്കാരെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യൻ സേനക്ക് പരിപൂർണ്ണ അധികാരം നൽകപ്പെട്ടു. അങ്ങനെ നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി. എന്നിട്ടും ഒന്നിനും കൊള്ളാത്തവനും ഭീരുവുമായ ഒരു പ്രധാനമന്ത്രിയായിട്ടാണ് അദ്ദേഹം, ഈ അടുത്തകാലംവരെ കേരളത്തിലടക്കം വിലയിരുത്തപ്പെട്ടത്.
ബാബരി മസ്ജിദിലെ വില്ലൻ
റാവുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായത് ബാബറി മസ്ജിദ് തകർക്കലാണ്. 1992 ഡിസംബർ 6 ന് ബിജെപിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു വരുന്ന കർസേവകർ മസ്ജിദ് പൊളിക്കുമ്പോൾ റാവു നിഷ്‌ക്രിയനായി നോക്കി നിന്നു എന്നാണ് ആരോപണം. ഇതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
സംഭവത്തെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എം.എസ്. ലിബർഹാൻ കമ്മീഷൻ അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെ നിശിതമായി വിമർശിച്ചു. ബാബരി മസ്ജിദ് സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത ഒന്നായിരുന്നുവെന്ന് കമ്മീഷൻ തെളിവുകൾ നിരത്തി സമർത്ഥിച്ചു.ബാബരി മസ്ജിദ് സംഭവത്തെക്കുറിച്ച് നേരത്തേ വിവരം ലഭിച്ചിട്ടും, പ്രസിഡന്റ് ഭരണം ഏർപ്പെടുത്തി അത് തടയാൻ നരസിംഹറാവു സർക്കാർ ശ്രമിച്ചില്ല എന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇത് റാവു കോൺഗ്രസിലും ഒറ്റപ്പെടാൻ ഇടയാക്കി. മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ നഷ്ടമാവാനും ഇത് ഇടയാക്കി. റാവുവിന്റെ ഭാഗം ആരും കേട്ടില്ല. അത് അദ്ദേഹം ദ ഇൻസൈഡർ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അന്നത്തെ യുപി മുഖ്യമന്ത്രി കല്യാൺ സിങ് നൽകിയ ഉറപ്പ് റാവു പുർണ്ണമായും വിശ്വസിക്കയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ കർസേവകരെ തടയുമെന്നും, അവശ്യത്തിന് ഫോഴ്സിനെ വിന്യസിക്കും എന്നുമായിരുന്നു ആ ഉറപ്പ്. ഇത് മറികടന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനെ പുറത്താക്കി പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കേണ്ടതുണ്ടോ എന്നാണ് റാവു ചിന്തിച്ചത്.
പക്ഷേ അതിന് അദ്ദേഹം വലിയ വില കൊടുക്കേണ്ടി വന്നു. പള്ളി പൊളിച്ചവരേക്കാൾ ജനരോഷം റാവുവിന് നേരയാണ് ഉണ്ടായത്. കേരളത്തിലടക്കം നരസിംഹറാവു എന്ന് കേട്ടാൽ, മുസ്ലിം സർക്കിളിൽനിന്ന് ആദ്യം പറയുക, പള്ളിപൊളിക്കാൻ കൂട്ടു നിന്ന പ്രധാനമന്ത്രിയെന്നാണ്. ഈയിടെ ഇറങ്ങിയ 'തീർപ്പ്' എന്ന പൃഥീരാജ് സിനിമയിലും ഈ നറേറ്റീവ് കാണാം.
അഴിമതി കേസിൽ തടവും അപ്പീലും
നേട്ടങ്ങളെപ്പോലെ തന്നെ കോട്ടങ്ങളും ഒരുപാട് ഉണ്ടായിരുന്നു റാവു ഭരണത്തിൽ. പ്രധാനമന്ത്രി നേരിട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണം പോലും ഉയർന്ന ഒരു കാലം വേറെ ഉണ്ടായിട്ടില്ല. 1993ൽ ഒരു അവിശ്വാസ പ്രമേയത്തിൽ നിന്നും രക്ഷപ്പെടാൻ, ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ചില ലോക്സഭാ അംഗങ്ങൾക്ക് കൈക്കൂലി നൽകിയതായി ആരോപണം ഉയർന്നു വന്നു. താൻ കൈക്കൂലി വാങ്ങി എന്ന് ഝാർഖണ്ഡ് മുക്തി മോർച്ചയിലെ അംഗമായ ശൈലേന്ദ്ര മഹാതോ വെളിപ്പെടുത്തി.
1996 ൽ റാവു സർക്കാരിന്റെ കാലാവധി അവസാനിച്ചുവെങ്കിലും, 2000ത്തിൽ ഈ കേസിൽ ആരോപണ വിധേയരായവർക്കെതിരേ അന്വേഷണം തുടങ്ങി. റാവുവും, മുതിർന്ന നേതാവായിരുന്ന ഭൂട്ടാ സിംഗും കോടതിയുടെ മുന്നിൽ കുറ്റവാളികളായി. ഇവർ തെറ്റു ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. റാവുവിനും, ഭൂട്ടാസിംഗിനും മൂന്നു വർഷം തടവും, ഒരു ലക്ഷം പിഴയും ശിക്ഷയായി വിധിച്ചു. റാവു ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശൈലേന്ദ്ര മഹാതോയുടെ മൊഴികളിൽ വൈരുധ്യം ഉള്ളതുകൊണ്ടും, അത് സുസ്ഥിരമല്ലാത്തതുകൊണ്ടും ഹൈക്കോടതി ഇരുവരേയും സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു.
വി.പി.സിംഗിന്റെ മകനായ അജയ് സിംഗിന് സെന്റ്കിറ്റ്സ് ദ്വീപുകളിലുള്ള ഒരു ബാങ്കിൽ 21 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ നിക്ഷേപം ഉണ്ടെന്ന് റാവുവും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ കെ.കെ.തിവാരിയും ആരോപിക്കുകയുണ്ടായി. ഈ തുകയുടെ അവകാശിയായി രേഖകളിൽ ചേർത്തിരിക്കുന്നത് വി.പി.സിംഗിന്റേ പേരാണെന്നും ആരോപണത്തിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ കള്ളമാണെന്ന് പിന്നീട് തെളിയുകയുണ്ടായി. വി.പി.സിംഗിന്റെ പ്രതിച്ഛായ തകർക്കാൻ പ്രതികളായ റാവു, ചന്ദ്രസ്വാമി, കെ.കെ.തിവാരി എന്നിവർ ചേർന്ന് കരുതിക്കൂട്ടി വ്യാജരേഖകൾ ചമക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിച്ച് സിബിഐ കണ്ടെത്തി.
ഇന്ത്യയിലേക്ക് പേപ്പർ പൾപ്പ് കയറ്റുമതി ചെയ്യാനുള്ള അനുമതി സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് നരസിംഹറാവു, ചന്ദ്രസ്വാമി എന്നിവർ ചേർന്ന് തന്നിൽ നിന്നും ഒരു ലക്ഷം അമേരിക്കൻ ഡോളർ കൈപ്പറ്റി എന്ന് ലണ്ടൻ വ്യവസായി ആയിരുന്ന ലക്കുഭായ് പഥക് ആരോപിച്ചിരുന്നു. കൂടാതെ ചന്ദ്രസ്വാമിയേയും അദ്ദേഹത്തിന്റെ സെക്രട്ടറിക്കും വിരുന്നു നൽകിയ വകയിൽ തനിക്ക് മറ്റൊരു 30000 അമേരിക്കൻ ഡോളർ കൂടി ചെലവായി എന്ന് പഥക് ആരോപിക്കുന്നു. നരസിംഹറാവു പ്രധാനമന്ത്രി ആവുന്നതിനു മുമ്പായിരുന്നു ഈ സംഭവം നടന്നത്. 1987 ൽ നടന്നുവെന്നു പറയുന്ന സംഭവത്തിൽ സിബിഐക്കു ലഭിച്ച പരാതിയിൽ അവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് തന്നെ പരാതിക്കാരനായ പഥക് 1997 ൽ മരണമടഞ്ഞു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി, നരസിംഹറാവു ഉൾപ്പെടെയുള്ളവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു.
അതുപോലെ പ്രധാനമാണ് ഓഹരി ദല്ലാളായ ഹർഷദ് മേത്തയിൽ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്നത്. പ്രധാനമന്ത്രി നേരിട്ട് കൈക്കൂലി വാങ്ങിയെന്ന വാർത്ത കേട്ട് ഇന്ത്യ ഞെട്ടി. ഒരു കോടി ഒരു സ്യൂട്ട്കേസിൽ അടുക്കിവെക്കാമോ എന്ന ചോദ്യത്തിന് അങ്ങനെ അടുക്കിവെച്ച് പത്രക്കാരെ ഹർഷദ് മേത്ത കാണിച്ചുകൊടുത്തു! പക്ഷേ ആ കേസും പിന്നീട് തുമ്പില്ലാതെ ആയി.
എന്നിട്ടും നിർധനനായി മരണം
പക്ഷേ നമ്മെ ഞെട്ടിക്കുന്നത്, ഇത്രയേറെ അഴിമതി നടത്തിയെന്നും സ്വിസ് ബാങ്കിൽവരെ നിക്ഷേപം ഉണ്ടെന്നും ആരോപണം ഉയർന്ന റാവു നിർധനനായി എങ്ങനെ മരിച്ചുവെന്നാണ്. അദ്ദേഹം അഴിമതി ഒന്നും നടത്തിയിട്ടില്ല എന്നതിന്റെ തെളിവായാണ് റാവുവിന്റെ ആരാധകർ ഈ വാദം ഉയർത്തുന്നത്. പക്ഷേ ചന്ദ്രസ്വാമിയെപ്പോലുള്ള ആൾദൈവങ്ങൾ അധികാരത്തിന്റെ ഇടനാഴികളിൽ ഉണ്ടായിരുന്നെന്നും, അവരെ നിയന്ത്രിക്കാൻ റാവിന് ആയില്ല എന്നുമാണ് യാഥാർഥ്യം. മാത്രമല്ല അന്ന് റാവു ഒറ്റക്ക് ആയിരുന്നില്ല, കോൺഗ്രസ് പാർട്ടിയാണ് എല്ലാ നീക്കങ്ങൾക്കും ചരട് വലിച്ചത്. പക്ഷേ അവസാനം എല്ലാം റാവുവിന്റെ പിരടിക്കിട്ട് കോൺഗ്രസ് കൈമലർത്തി.
രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചശേഷം റാവുവിന് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. മകളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പ മുഴുവൻ തിരിച്ചടക്കാൻ കഴിയാതെ താൻ മരിക്കുമോ എന്നു പോലും അദ്ദേഹം ഭയപ്പെട്ടിരുന്നു. പാർട്ടിക്കുവേണ്ടി അവസാനകാലം കോടതികൾ കയറി ഇറങ്ങി അദ്ദേഹം മടുത്തു. കേസ് വാദിക്കാൻ വീട് വിൽക്കേണ്ട വക്കിലെത്തിയ അവസ്ഥയുണ്ടായപ്പോൾ ചിലർ സഹായിച്ചതുകൊണ്ട് വീട് പോയില്ല. ഇക്കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ ആത്മകഥയായ ദ ഇൻസൈഡർ രചിക്കുന്നത്. എന്നിട്ടും അദ്ദേഹം താൻ വിശ്വസിച്ച പാർട്ടിയെ വിഷമത്തിലാക്കുന്ന പരാമർശങ്ങൾ ഒന്നും നടത്തിയില്ല.
2004 ഡിസംബർ 9 ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് ഹൃദയാഘാതം മൂലം, റാവു അന്തരിച്ചു. ഡൽഹിയിൽ എ.ഐ.സി.സി മന്ദിരത്തിൽ മൃതദേഹം അന്തിമോപചാരമർപ്പിക്കാനായി വെക്കാൻ കോൺഗ്രസ്സ് നേതാക്കൾ സമ്മതിച്ചില്ല. ആന്ധപ്രദേശിൽ മുഖ്യമന്ത്രി വൈ.രാജശേഖരറെഡ്ഢി ഇടപെട്ടതിനുശേഷം മാത്രമാണ് മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കാൻ തയ്യാറായത്. അവിടെയാണ് മൃതദേഹം പാതി കത്തിയ ദുരന്തം ഉണ്ടാവുന്നത്.
പക്ഷേ ഇപ്പോൾ കാലം മാറുകയാണ്. 2014ൽ ഡൽഹിയിൽ, യമുന നദി തീരത്ത് 'ഏകത സ്ഥൽ' എന്നപേരിൽ നരസിംഹ റാവുവിനും സ്മൃതി മണ്ഡപം ഉയർന്നു. ആഗോളീകരണത്തിന്റെ ഉദാരീകരത്തിന്റെയും ഗുണവശങ്ങളുടെ കണക്കുകൾ പുറത്തുവന്നതോടെ, അദ്ദേഹം വില്ലനിൽനിന്ന് പതുക്കെ നായകനായി മാറാൻ തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിച്ച വേളയിൽ ഇന്ത്യയുടെ പട്ടിണി മാറ്റിയവരിൽ പ്രധാനിയായി റാവുവും സ്മരിക്കപ്പെട്ടു.
വാൽക്കഷ്ണം: കേരളത്തിൽ എറ്റവും കൂടുതൽ കത്തിക്കപ്പെട്ട കോലങ്ങളിൽ ഒന്നും നരസിംഹറാവുവിന്റെത് ആവും. ഉദാരീകരത്തിന്റെ സമയത്ത്, കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ചത് ഇനി ഒരു തുളസിക്കതിർ പോലും നമുക്ക് നുള്ളാൻ കഴിയില്ല എന്നാണ്. ഗാട്ടും കാണാച്ചരടും എന്ന പുസ്തകം എഴുതി എം പി വീരേന്ദ്രകുമാർ ഒക്കെ ആ ഭീതി വ്യപാരം വർധിപ്പിച്ചു. അതുവെച്ച് നോക്കുമ്പോൾ, റാവു എത്ര വിവേകിയായിരുന്നു.