- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
100 കോടി വാങ്ങിയ സിനിമ പൊട്ടിയാൽ 50 കോടി തിരിച്ചുകൊടുക്കുന്ന നടൻ; കുട്ടി ആരാധകൻെ കാണാൻ ആശുപത്രിയിൽ ഓടിയെത്തുന്ന താരം; കാശ്മീർ മുതൽ കന്യാകുമാരിവരെ ഒരുപോലെ അറിയപ്പെടുന്ന ഇന്ത്യയിലെ ഏക നടൻ; 2000 രൂപ പ്രതിഫലത്തിൽനിന്ന് 150 കോടിയിലേക്ക്; ഇപ്പോൾ സലാറിലൂടെ തിരിച്ചുവരവ്; കൂൾ, ഹമ്പിൾ സിമ്പിൾ ലവബിൾ! പ്രഭാസിന്റെ ജീവിത കഥ
ഉപ്പലപ്പതി വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു! അഞ്ചുവാക്കുകളുള്ള ഈ പേരിനെ പ്രഭാസ് എന്ന് ചുരുക്കിയാൽ, ഇന്ന് കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള മുഴുവൻ ജനങ്ങളും തിരിച്ചറിയും. അതാണ് രണ്ടുഭാഗങ്ങളായി ഇറങ്ങിയ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം ഉണ്ടാക്കിയ ഇഫക്റ്റ്. അമിതാബച്ചനുശേഷം ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ അറിയപ്പെടുന്ന താരം പ്രഭാസ് ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയിരുന്നു. വെറും 2000 രൂപ പ്രതിഫലത്തിൽ തുടങ്ങി, ഇന്ന് 150 കോടി രൂപയിൽ എത്തിനിൽക്കുന്ന അത്ഭുതം. താരജാടകൾക്കോ, ഫാൻസ്ഷോകൾക്കോ നിൽക്കാത്ത ഹമ്പിൾ സിമ്പിൾ മാൻ. തികഞ്ഞ പരിസ്ഥിതി സ്നേഹിയും, മനുഷ്യസ്നേഹിയും. ആരും സ്നേഹിച്ചുപോവും ഈ അവിവാഹിതനായ, 43കാരനെ.
പക്ഷേ ബാഹുബലിയെന്ന, റെക്കോർഡുകൾ തിരുത്തിയെറിഞ്ഞ സിനിമക്ക് ശേഷം പ്രഭാസിന്റെ കരിയർ തിളങ്ങുന്നതായിരുന്നില്ല. സഹോ, രധേശ്യാം, ആദിപുരഷ് എന്നീ മൂന്ന് ചിത്രങ്ങളും പൊട്ടിപ്പൊളിഞ്ഞു. അതോടെ പ്രഭാസ് എന്ന പാൻ ്ഇന്ത്യൻ താരത്തിന് പലരും ചരമക്കുറിപ്പ് എഴുതി. പക്ഷേ ഒന്നിലും പ്രതികരിക്കാതെ, ഒരു വിവാദത്തിലും തലവെച്ചുകൊടുക്കാതെ, പ്രഭാസ് ശാന്തമായി തന്റെ കരിയർ മുന്നോട്ടുകൊണ്ടുപോയി. ഇപ്പോൾ കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സലാറിലൂടെ ശക്തമായ തിരിച്ചുവരവാണ് നമ്മുടെ പ്രിയപ്പെട്ട 'ബാഹുബലി' നടത്തുന്നത്. മലയാളത്തിന്റെ പൃഥിരാജും മുഖ്യകഥാപാത്രമായ ഈ ചിത്രം, തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കയാണ്.
'അനിമൽ', 'ജവാൻ', 'പത്താൻ' തുടങ്ങിയ ഈവർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനുകളെ മറികടന്ന് ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്‌ബസ്റ്ററായി സലാർ മാറിയിരിക്കയാണ്. കണക്കുകൾ പ്രകാരം, ആദ്യ ദിനം 95 കോടി രൂപ നേടി ചിത്രം ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷനെ തകർത്തു. ആഗോളതലത്തിൽ ചിത്രം 178.7 കോടി രൂപ നേടിയെന്ന് പൃഥ്വിരാജ് എക്‌സിൽ പങ്കുവെച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ കളക്ഷൻ സലാർ നേടിയത്. 70 കോടിയാണ് ഇവിടങ്ങളിൽ നിന്ന് നേടിയത്. കർണാടകയിലും കേരളത്തിലും യഥാക്രമം 12 കോടി, 5 കോടി എന്നിങ്ങനെയാണ് ആദ്യദിന ബോക്‌സ് ഓഫീസ് കണക്ക്.
ബാഹുമലിപോലെ രണ്ടുഭാഗങ്ങളുള്ളതാണ് സലാർ. പാർട്ട് ഒന്നായ സീസ് ഫയർ ഇങ്ങനെയെങ്കിൽ, യുദ്ധം എങ്ങനെയായിരിക്കും എന്ന് തോന്നിപ്പിക്കും വിധം ആണ് സിനിമ അവസാനിക്കുന്നത്. അവസാനം ഇറങ്ങിയ ആദിപരുഷിനെ ശ്രീരാമനൊക്കെവെച്ച് പ്രഭാസിന്റെ കാലം കഴിഞ്ഞു എന്നുവരെ പലരും എഴുതിയിരുന്നു. ബാഹുബലിയുടെ ആ കൊതിപ്പിക്കുന്ന മസ്‌ക്കുലൈൻ ഫിഗറിൽനിന്ന്, തടിയൊക്കെകൂടി മുഖമൊക്കെ തൂങ്ങി ഒരു വല്ലാത്ത നിലയിലായിരുന്നു പ്രഭാസ്. പക്ഷേ ഈ പടത്തിൽ അടിമുടി ബോഡിഫിറ്റാക്കി, അതിഗംഭീരനായ ഒരു പടയാളിയാക്കിയാണ് പ്രഭാസിനെ അവതരിപ്പിക്കുന്നത്. ക്ലൈമാക്സിലൊക്കെ പ്രഭാസിന്റെ പൂണ്ടുവിളയാട്ടമാണ്. ആ അരമണിക്കൂർ കാണണം. തലകൾ തെറിക്കുന്നു. സ്‌ക്രീനിൽ ചോരയുടെ പെരുങ്കളിയാട്ടമാണ്. 'റിബൽ സ്റ്റാർ' എന്ന വിശേഷണമുള്ള പ്രഭാസിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം.
ബാല്യത്തിലെ അന്തർമുഖൻ
കുട്ടിക്കാലത്ത് ഏറെ ലജ്ജാലുവും അന്തർമുഖനുമായിരുന്നു പ്രഭാസ്. അദ്ദേഹം എങ്ങനെ ഇതുപോലെ ഒരു ഫയർബ്രാൻഡ് നടനായി എന്ന് അത്ഭുതപ്പെടുകയാണ് ബന്ധുക്കൾ. തെലുങ്ക് സിനിമാ കുടുംബത്തിലായിരുന്നു ജനനം. ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിന്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനായി മദ്രാസിൽ, 1979 ഒക്ടോബർ 23നാണ് പ്രഭാസ് ജനിച്ചത്. ഇളയകുട്ടിയായതുകൊണ്ടുതന്നെ ഏറെ ലാളിച്ചാണ് കൊച്ചു 'ബാഹുബലിയെ' വളർത്തിയതും. സ്‌കൂൾ വിദ്യാഭ്യാസം ഭീമവരത്തെ ഡിഎൻആർ വിദ്യാലയത്തിലായിരുന്നു. ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്ന് ബി.ടെക് ബിരുദവും നേടി. നടനാകാനയിരുന്നില്ല കോളജ് കാലത്ത് പ്രഭാസിന് ആഗ്രഹം. പകരം ഒരു ബിസിനസുകാരനാകാനായിരുന്നു.
1970 കളിലും 80കളിലും തെലുങ്ക് വെള്ളിത്തിരയിൽ പവർ പാക്ക്ഡ് ഡയലോഗുകളിലൂടെയും തീപാറുന്ന നോട്ടത്തിലൂടെയും കത്തിക്കയറിയ, റിബൽ സ്റ്റാർ എന്ന വിശേഷണമുള്ള ഉപ്പളപതി കൃഷ്ണം രാജു പ്രഭാസിന്റെ അമ്മാവനാണ്. അദ്ദേഹം തന്നെയാണ് പ്രഭാസിന്റെ ഗോഡ് ഫാദറും. പ്രഭാസിനെ സിനിമയിലേക്ക് കൊണ്ടുവന്നതിൽ കൃഷ്ണം രാജുവിന്റെ പ്രേരണയും ഉണ്ട്. ഈ പയ്യനിൽ ഒരു നടൻ ഉണ്ടെന്നത് ആദ്യം കണ്ടത് കൃഷ്ണം രാജുവാണ്. രാധേശ്യാമം എന്ന പ്രഭാസ് സിനിമയിൽ അടക്കം അഭിനയിച്ച അദ്ദേഹം, 83-ാം വയസ്സിൽ 2022 സെപ്റ്റംബർ 11-നാണ് അന്തരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 180 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയക്കാരൻ കൂടിയായ കൃഷ്ണം രാജു 1999 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച്്, 2004 വരെ വാജ്‌പേയി മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു.
തന്നെ ആളുകൾ വിളിച്ച അതേ റെബൽ സ്റ്റാർ എന്ന പേരിൽ തന്റെ മരുമകൻ അറിയപ്പെടുന്നതും, അവൻ ബാഹുബലിയിലുടെ ലോകം മുഴുവൻ അറിയപ്പെടുന്നതും കണ്ട് സംതൃപ്തിയോടെയാണ് കൃഷ്ണം രാജു മരിച്ചത്. പക്ഷേ പ്രഭാസിന്റെ വിവാഹം കാണണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം മാത്രം നടന്നില്ല. അവസാനകാലത്തും തന്റെ അനന്തിരവന് പറ്റിയ വധുവിനെ തേടുകയായിരുന്നു കൃഷ്ണം രാജു. എൻജിനിയറിങ് പഠനത്തിന് ശേഷം അഭിനയം പഠിക്കാൻ പ്രഭാസിനെ വിടണമെന്ന് പറഞ്ഞത് അമ്മാവൻ കൃഷ്ണം രാജുവായിരുന്നു. നാണം കുണുങ്ങിയായ ഒരു പയ്യനിൽ അന്നൊന്നും ആർക്കും അത്ര വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ അവൻ ചരിത്രം തിരുത്തി.
2000 രൂപ പ്രതിഫലത്തിൽ തുടക്കം
ചെറിയ പരസ്യ ചിത്രങ്ങളിലൂടെയാണ് പ്രഭാസിന്റെ തുടക്കം. വെറും 2000 രൂപയായിരുന്നു ആദ്യ പ്രതിഫലം. പരിശീലനം സിദ്ധിച്ച നർത്തകനാണ് പ്രഭാസ്, ശേഖർ മാസ്റ്ററുടെ കീഴിൽ നൃത്തം പഠിച്ചിട്ടുണ്ട്. പക്ഷേ ആദ്യകാലത്ത് അവസരങ്ങളും കുറവായിരുന്നു.
അക്കാലത്താണ് തരുൺ കുമാർ തെലുങ്ക് യുവാക്കൾക്കിടയിൽ തരംഗമാകുന്നത്. തരുണിനെ മുന്നിൽ കണ്ട് പലരും കഥയെഴുതി. തരുണിന് ഡേറ്റില്ലാതെ വന്നതോടെ, ഈശ്വർ എന്ന സിനിമയിൽ നായകനാകാൻ ഒരു ചെറുപ്പക്കാരനെ തേടി നിർമ്മാതാക്കൾ അലഞ്ഞു. അങ്ങനെ ആ സംഘം രണ്ടുപേരുകളിലേക്കെത്തി. അഭിനയം പഠിക്കുന്ന സിനിമാ കുടുംബത്തിൽ നിന്നുതന്നെയുള്ള രണ്ടു യുവാക്കൾ. ഒരാൾ പ്രഭാസ്. രണ്ടാമൻ അല്ലു അർജുൻ. ഒടുവിൽ നറുക്ക് വീണത് പ്രഭാസിന്. അങ്ങനെ 2002ൽ ഈശ്വർ എന്ന സിനിമയിലൂടെ അരങ്ങേറ്റം. എന്നാൽ ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വന്ന രാഘവേന്ദ്രയും പരാജയമായി. അല്ലു അർജുനെ തെന്നിന്ത്യയുടെ പ്രിയപ്പെട്ടവനാക്കിയ ആര്യ എന്ന സിനിമയുമായി അണിയറക്കാർ ആദ്യം സമീപിച്ചത് പ്രഭാസിനെ ആയിരുന്നു. പക്ഷേ ആ വേഷം തനിക്ക് ചേരുന്നതല്ല എന്നു പറഞ്ഞ് പ്രഭാസ് അതൊഴിവാക്കി.
ആ രീതിയിൽ നോക്കുമ്പോൾ നോക്കുമ്പോൾ ഭാഗ്യ നിർഭാഗ്യങ്ങൾക്ക് ഇടയിലൂടെയാണ് പ്രഭാസ് കടന്നുപോയത്. ഇതിനിടയ്ക്ക് കഥയുമായി വന്ന രാജമൗലിക്കും അവസരം നിഷേധിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. എന്നാൽ പ്രഭാസിന്റെ ഫയർ താൻ അന്നേ തിരിച്ചറിഞ്ഞുവെന്നും, എന്നെങ്കിലും അവർ ഇന്ത്യ കീഴടക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും ഒരു അഭിമുഖത്തിൽ രാജമൗലി പറയുന്നുണ്ട്.
പക്ഷേ പിന്നീടള പ്രഭാസിന്റെ പടങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. 2004ൽ എത്തിയ വർഷം എന്ന സിനിമ പ്രഭാസിന്റെ കരിയറിലെ വഴിത്തിരിവായി. താൻ ഒരിക്കൽ മാറ്റിനിർത്തിയ രാജമൗലിക്ക് കൈകൊടുത്ത് ചെയ്ത ചത്രപതിയും വമ്പൻഹിറ്റായി. ഡാർലിങ് എന്ന സിനിമ എത്തിയതോടെ തെന്നിന്ത്യയും ആരാധകർ പ്രഭാസിനെ ഡാർലിങ് സ്റ്റാർ എന്ന് വിളിക്കാൻ തുടങ്ങി. ചക്രം, പൗർണമി, യോഗി, മുന്ന, ബില്ല, മിസ്റ്റർ പെർഫക്ട്, മിർച്ചി, റിബൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് യുവനിരയിൽ പ്രഭാസ് ശ്രദ്ധേയനായി. ഡാർലിങ് പ്രഭാസ്, യംഗ് റിബൽ സ്റ്റാർ, പ്രഭാസ് ഉപ്പളപതി എന്ന വിവിധ പേരുകളിൽ തെലുങ്ക് യുവാക്കളുടെ ഹൃദയത്തിൽ ഈ നടൻ എത്തി.
ജാതകം തിരുത്തിയ രാജമൗലി
പ്രഭാസിന്റെ കരിയർ രാജമൗലി എന്ന സംവിധായകന്റെത് കൂടിയാണ്. മൗലയില്ലാതെ പ്രഭാസ് ഇല്ല. ഒരുതവണ തന്നെ തേടിയെത്തിയ, ഈ ഇന്ത്യൻ സ്പിൽബർഗിനെ മടക്കിവിട്ടയാളാണ് പ്രഭാസ്. തെലുങ്കിൽ വലിയ വിജയങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാതിരുന്ന കാലത്ത് ഒരു പുതുമുഖനടനോട് രാജമൗലി എത്തിയത്. ''ഞാൻ രൗജമൗലി. ജൂനിയർ എൻടിആറിന്റെ സ്റ്റുഡന്റ് നമ്പർ വൺ എന്ന സിനിമയുടെ സംവിധായകനാണ്. എന്റെ കയ്യിൽ ഒരു കഥയുണ്ട്. താങ്കൾ ചെയ്താൽ നന്നായിരിക്കും.''- എന്ന് പറഞ്ഞാണ് മൗലി പ്രഭാസിനെ പരിചയപ്പെട്ടത്. എന്നാൽ പ്രഭാസിന് രൗജമൗലി സംവിധാനം ചെയ്ത സിനിമയെ കുറിച്ച് അത്ര നല്ല അഭിപ്രായം ആയിരുന്നില്ല. അതുകൊണ്ട് ആ ഓഫർ അദ്ദേഹം നിരസിച്ചു. വർഷങ്ങൾ കഴിഞ്ഞു. തെലുങ്ക് ഇൻസ്ട്രി ആകെ ഇളക്കി മറിച്ച വിജയം നേടി സിംഹാദ്രി എന്ന സിനിമ. തന്നോട് കഥ പറയാൻ വന്ന രാജമൗലിയാണ് ആ സിനിമ ഒരുക്കിയതെന്ന് അറിഞ്ഞപ്പോൾ തനിക്ക് വലിയ കുറ്റബോധം തോന്നിയെന്ന് പ്രഭാസ് തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
പിന്നീട് ഒരു വേദിയിൽ വച്ച് രാജമൗലിയെ കണ്ടപ്പോൾ പ്രഭാസ് അങ്ങോട്ട് ചെന്ന് സംസാരിച്ചു. പണ്ട് ഓഫർ നിരസിച്ചതിൽ ക്ഷമ ചോദിച്ചു. എന്നാൽ അതൊന്നും രൗജമൗലിയുടെ മനസ്സിലുണ്ടായിരുന്നില്ല. ഒരു നീരസവും കൂടാതെ അദ്ദേഹം പറഞ്ഞു. എന്റെ കയ്യിൽ ഒരു കഥയുണ്ട്, ഡേറ്റ് തന്നാൽ നമുക്ക് ചെയ്യാം. വേറെയൊന്നും ചിന്തിക്കാതെ സമ്മതം മൂളി. അന്ന് അവിടെ തുടങ്ങിയത് ഇന്ത്യൻ സിനിമയുടെ തലവര തിരുത്തുന്ന സൗഹൃദത്തിന്റെ തുടക്കമാണെന്ന് അവർ അറിഞ്ഞിരുന്നില്ല. ഇരുവരും ഒന്നിച്ച ആദ്യചിത്രം ചത്രപതി വൻവിജയം നേടി.
പിന്നീട് ഇരുവരും ഒന്നിച്ചപ്പോഴുണ്ടായ മഹാവിജയമായ ബാഹുബലിയുണ്ടായത്. അതോടെ ആ നടൻ ഇന്ത്യയിലെ ഏറ്റവും വിലപടിച്ച താരമായി. ''വലിയ പ്രോജക്ടാണ്, കുറഞ്ഞ് അഞ്ചുവർഷം ഈ സിനിമയ്ക്ക് വേണ്ടി മാറ്റിവയ്ക്കണം. ഈ സമയം മറ്റ് സിനിമകൾ ചെയ്യാനും പറ്റില്ല.''- ഇങ്ങനെ ഒരുപിടി നിബന്ധനകൾ മുന്നോട്ട്വച്ചാണ് രാജമൗലി ബാഹുബലിയിലേക്ക് പ്രഭാസിനെ ക്ഷണിച്ചത്. എന്നാൽ കണ്ണുംപൂട്ടി പ്രഭാസ് എല്ലാം സമ്മതിച്ചു. കാരണം രാജമൗലി എന്ന സംവിധായകന്റെ മിടുക്ക് എന്താണെന്ന് വ്യക്തമായി അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരുകാര്യം മാത്രം തിരിച്ചുചോദിച്ചു. ''ഞാൻ അഞ്ചു കൊല്ലം മാറ്റിവച്ചാൽ. പിന്നീട് വരുന്ന പത്തുകൊല്ലം എന്റെ പേര് ഈ സിനിമ െകാണ്ട് നിലനിൽക്കുമെന്ന് നിങ്ങൾ എനിക്ക് ഉറപ്പുതരണം.''- ആത്മവിശ്വാസത്തിന്റെ ഒരു ചിരിയായിരുന്നു ഇതിന് രാജമൗലിയുടെ മറുപടി. പക്ഷേ ഉണ്ടായത് പത്തുകൊല്ലമല്ല, ഇന്ത്യൻ സിനിമ നിലനിൽക്കുവോളം ഓർക്കുന്ന സിനിമയാണ്.
ആറു തിരക്കഥകൾ അവർ ബാഹുബലിക്കായി ചർച്ച ചെയ്തു. ഏഴാമത്തേത് ഉറപ്പിച്ചു. 2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. 84 കിലോ ശരീരഭാരം പ്രഭാസ് ആറ് മാസം കൊണ്ട് 105ൽ എത്തിച്ചു. 613 ചിത്രീകരണ ദിവസങ്ങൾ,ആയോധനകല അഭ്യസിച്ചു, വടിവൊത്ത രീതിയിൽ മസിലുകൾ പെരുപ്പിച്ച് നേടിയ കായിക ക്ഷമതയ്ക്കായി ഒന്നര കോടിയോളം രൂപയുടെ ജിംനേഷ്യം ഉപകരണങ്ങളും പ്രഭാസ് വാങ്ങി. മിസ്റ്റർ വേൾഡ് കിരീടം നേടിയ മുൻ ജേതാവ് ലക്ഷ്മൺ റെഡ്ഡിയാണ് നടനെ പരിശീലിപ്പിച്ചത്. ഈ സമർപ്പണത്തിന് ഫലം കിട്ടി.
പിന്നീട് തുടർച്ചയായി പരാജയങ്ങൾ
ബാഹുബലി പ്രഭാസിന്റെ മാത്രമല്ല, തെലുങ്ക് ഇൻഡസ്ട്രിയുടെ എന്തിന് ഇന്ത്യൻ സിനിമയുടെ തന്നെ തലവരമാറ്റി. ഇതോടെ പാൻ ഇന്ത്യൻ താരമായി മാറി. കലക്ഷൻ കോടികൾ ദിനംപ്രതി കൂട്ടി ബോളിവുഡിനെ കടത്തിവെട്ടി. രാജ്യാന്തരതലത്തിൽ പോലും ബാഹുബലി തരംഗം ആഞ്ഞുവീശി. എല്ലാ പ്രായക്കാരും ഒരുതവണയെങ്കിലും ഉച്ചരിച്ച പേരായി ബാഹുബലി മാറി. ലോകപ്രശസ്തരുടെ മെഴുകുപ്രതിമകൾ സൂക്ഷിക്കുന്ന ബാങ്കോക്കിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ പ്രഭാസിന്റെ മെഴുകുപ്രതിമയും സ്ഥാനം പിടിച്ചു. ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ താരമെന്ന ബഹുമതിയും താരം സ്വന്തമാക്കി.
ബാഹുബലി സീരീസിനായി പ്രഭാസിന് 20 കോടിയിലധികം പ്രതിഫലം ലഭിച്ചിരുന്നു. അതോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെലുങ്ക് ചലച്ചിത്ര നടനായി പ്രഭാസ് മാറി. പക്ഷേ ബാഹുബലിക്കുശേഷം അദ്ദേഹത്തിന്റെ പ്രതിഫലം 150 കോടിയായാണ് ഉയർന്നത്. അതോടെ ഇന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നടനായി ഇദ്ദേഹം മാറി. രണ്ടായിരം രൂപയിൽ തുടങ്ങിയ നടന്റെ ജൈത്രയാത്ര നോക്കുക.
ബാഹുബലി സീരീസിന് ശേഷം പ്രഭാസിന്റേതായി വന്നതെല്ലാം വമ്പൻ സിനിമകൾ മാത്രമാണ്. സാഹോ, രാധേശ്യാം, ആദിപുരുഷ്. ഈ സിനിമകൾ എല്ലാം മോശം അഭിപ്രായം നേടാൻ ഉള്ളകാരണവും ബാഹുബലി തന്നെയാണെന്ന് നിരൂപകർ വിലയിരുത്തുന്നുണ്ട്. കോടികൾ മുടക്കി വമ്പൻ സന്നാഹത്തോടെ ചിത്രീകരിച്ച് തിയറ്ററിൽ എത്തുമ്പോൾ ജനം കാത്തിരിക്കുന്നത് ബാഹുബലിക്ക് മുകളിൽ വന്നിട്ടുണ്ടോ എന്നുമാത്രമാണ്. അതുതന്നെയാണ് ഈ വീഴ്ചകൾക്ക് കാരണവും.
ബ്രഹ്മാണ്ഡമെന്ന്കൊട്ടിഘോഷിച്ച് എത്തിയ ആദിപുരുഷ് കണ്ട ശേഷം ബാഹുബലിയിൽ നിന്ന് പ്രഭാസിന് ഇതുവരെ ടിക്കറ്റ് കിട്ടിയില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. പക്ഷേ ആദ്യദിവസങ്ങളിലെ കലക്ഷനിൽ പടം അമ്പരപ്പിച്ചു. പിന്നീട് കളക്ഷൻ കുറഞ്ഞു. ഒടുവിൽ പ്രേക്ഷകരെ ആകർഷിക്കാനും തിയറ്ററിൽ ആളെക്കൂട്ടാനുമായി രണ്ടു ദിവസത്തേക്കായി ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ച് നിർമ്മാതാക്കളും രംഗത്തെത്തി. ആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് 150 രൂപയാക്കി. എന്നിട്ടും ജനം തീയേറ്റിറിൽ എത്തിയില്ല. ബാഹുബലിക്ക് മുകളിൽ ഒരു സിനിമ വന്നെങ്കിൽ മാത്രമേ പ്രഭാസിന് ഇനിയൊരു ഉയർച്ച ഉണ്ടാകൂ എന്നുവരെ നിരൂപകർ പറഞ്ഞുവച്ചു. വളരെ സൂക്ഷ്മതയോടെ സിനിമകൾ തിരഞ്ഞെടുത്തിട്ടും പ്രഭാസിന് കൈപൊള്ളിയ നാളുകൾ. കിട്ടുന്ന വേഷം നന്നാക്കാൻ എത്രസമയം മാറ്റിവയ്ക്കാനും എന്ത് ത്യാഗം സഹിക്കാനും കഷ്ടപ്പെടാനും പ്രഭാസ് തയാറാണെന്ന് അദ്ദേഹം ബാഹുബലികൊണ്ടുതന്നെ തെളിയിച്ചതാണ്. എന്നാൽ പ്രഭാസ് ചിത്രങ്ങൾക്ക് സ്വാഭാവികമായും ലഭിക്കുന്ന അമിതപ്രതീക്ഷ തിരിച്ചടിയായി.
ഇതോടെ പ്രഭാസിന്റെ കാലം കഴിഞ്ഞുവെന്നും മറ്റും ഇൻഡസ്ട്രിയിൽ വാർത്ത പരന്നു. പക്ഷേ അപ്പോഴാണ് കെജിഎഫ് സീരീസിന് ശേഷം ഹോംബാലെ ഫിലിംസും പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന സലാർ വരുന്നത്. ബാഹുബലിക്കും കെജിഎഫിനും മുകളിൽ എത്തില്ലെങ്കിലും, അതിനോട് കിടപിടിക്കുന്ന ചിത്രമായി സലാർ മാറി. സലാർ എന്ന വാക്കിന് അർത്ഥം പടത്തലവൻ എന്നാണ്. കൽക്കരിപ്പാടത്തിലെ ഗോത്രയുദ്ധത്തിൽ പ്രഭാസ് അങ്ങോട്ട് അഴിഞ്ഞാടുകയാണ്.
അനുഷ്‌ക്കഷെട്ടിയുമായി പ്രണയത്തിലോ?
ഇന്ത്യൻ മാധ്യമങ്ങളിൽ എന്നും നിറയുന്ന ഒന്നാണ് പ്രഭാസിന്റെ വിവാഹം.
ബാഹുബലിക്ക് ശേഷം ആറായിരത്തോളം വിവാഹാലോചനകളാണ് തനിക്ക് വന്നതെന്ന് താരം പറഞ്ഞിട്ടുണ്ട്. ഇന്നും ഏത് അഭിമുഖത്തിലും ഏതുവേദിയിലും താരം നേരിടുന്ന ഒരു ചോദ്യം അതാണ്. എന്നാണ് കല്യാണം? അത് സമയത്തിന് നടക്കും എന്ന് പറഞ്ഞ് ഒരു കള്ളച്ചിരി ഇടുക മാത്രമാണ് പ്രഭാസ് ചെയ്യാറുള്ളത്. നടി അനുഷ്‌ക്ക ഷെട്ടിയുമായും, നടി ഇലിയാന ഡിക്രൂസുമായും പ്രഭാസ് ഡേറ്റിംഗിൽ ആണെന്ന് വാർത്ത പുറത്തുവന്നിരുന്നു.
ഇതിൽ ബാഹുബലയിലെ നായികകൂടിയായ അനുഷ്‌ക്ക ഷെട്ടിയുമായുള്ള വാർത്തകളാണ് ഏറെയും ഉണ്ടായത്. കഴിഞ്ഞവർഷം നവംബർ ആറിന്, അനുഷ്‌കയുടെ പിറന്നാളിന് പ്രഭാസ് നൽകിയ സമ്മാനം വലിയ വാർത്തയായി. . ഏകദേശം 50 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്്ള്യു കാറാണ് താരം അനുഷ്‌കയ്ക്കു നൽകിയതെന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബർ 23 ന് പ്രഭാസിന്റെ ജന്മദിനത്തിന് ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് നൽകിയായിരുന്നു അനുഷ്‌ക ഞെട്ടിച്ചത്. വാച്ചുകളോടു പ്രഭാസിന്റെ കമ്പം നേരത്തെ വാർത്തയായിരുന്നു.
ഇതിനിടെ പ്രതിഫലത്തർക്കംമൂലം കരൺജോഹർ സിനിമയിൽ നിന്ന് പ്രഭാസിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. പ്രഭാസ് ഒഴിവായതിന് പിന്നാലെ അനുഷ്‌ക്കയും ഒഴിവായത് വാർത്തയായി. എന്നാൽ കഥാപാത്രം ഇഷ്ടപ്പെടാത്തതിനാലാണ് സിനിമയിൽ നിന്നും അനുഷ്‌ക പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രഭാസിനെ ഒഴിവാക്കിയതിനാലാണ് അനുഷ്‌കയും പിന്മാറുന്നതെന്നും ഇവർ പ്രണയത്തിലാണെന്നുമുള്ള ഗോസിപ്പുകൾ ശക്തമായി. പക്ഷേ ഈയിടെ പ്രഭാസ് അതും നിഷേധിച്ചു. അനുഷ്‌ക്ക തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.
കൂൾ, ഹമ്പിൾ സിമ്പിൾ ലവബിൾ!
പ്രഭാസിനെ ആരാധകർ നെഞ്ചിലേറ്റാനുള്ള ഒരു കാര്യം അദ്ദേഹത്തിന്റെ കൂൾ, ഹമ്പിൾ, സിമ്പിൾ, ലവമ്പിൾ പ്രകൃതമാണ്. ഇന്നുവരെ കാര്യമായ ഒരു വിവാദത്തിലും അദ്ദേഹം പെട്ടിട്ടില്ല. സംവിധായകൻ കരൺജോഹർ തന്നെക്കുറിച്ച് മോശമായി ട്വീറ്റ് ചെയ്തിട്ടുപോലും പ്രഭാസ് പ്രതികരിച്ചില്ല. ബാഹുബലിയുടെ ഹിന്ദി പതിപ്പ് വിതരണത്തിന് ഏറ്റെടുത്തത് കരൺജോഹർ ആയിരുന്നു. അതുകൊണ്ട് തന്നെ പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റം കരൺജോഹർ ചിത്രത്തിലൂടെയായിരിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ 20 കോടി എന്ന പ്രതിഫലം കൊടുക്കാൻ കഴിയില്ല എന്നായിരുന്നു കരണിന്റെ നിലപാട്. തെലുങ്കിൽ പ്രഭാസിന് അത്രയും ലഭിക്കുമായിരിക്കും എന്നാൽ തന്റെ സിനിമകൾക്ക് അത്രയും വലിയ തുക നൽകാൻ കെൽപില്ലെന്നും കരൺ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി കരൺ പ്രഭാസിനെതിരെ ട്വീറ്റ് ചെയ്തു. പക്ഷേ മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും പ്രഭാസ് ഒന്നും പ്രതികരിച്ചില്ല. ബാഹുബലി 2 ഇറങ്ങിയതോടെ പ്രഭാസിന്റെ പ്രതിഫലം, 20 കോടിയിൽനിന്ന് 150 കോടി എത്തി എന്നത് വേറെ കാര്യം.
അതുപോലെ ആദിപുരുഷ് ചിത്രത്തിന്റെ ഭാഗമായും പലവിവാദങ്ങളുമുണ്ടായി.
ചിത്രത്തിൽ രാവണന്റെ വേഷമിട്ട്, സെയ്ഫ് അലി ഖാൻ, ആദിപുരുഷിലെ രാവണന്റെ വേഷം മനുഷ്യത്വത്തോടെയാണെന്നും അത് 'സീതയെ തട്ടിക്കൊണ്ടുപോയതിനെ ന്യായീകരിക്കുമെന്നും' പറഞ്ഞത് വൻ വിവാദമായി. ഈ വിവാദങ്ങളിലേക്കൊക്കെ പ്രഭാസിനെയും വലിച്ചിടാനുള്ള ശ്രമം നടന്നെങ്കിലും അദ്ദേഹം അതിൽനിന്നെല്ലാം സമർത്ഥമായി ഒഴിഞ്ഞുമാറി. വിജയങ്ങൾ ഏറ്റെടുത്ത് സന്തോഷിക്കുന്ന പോലെ, പരാജയമുണ്ടായാൽ അതും തന്റേതായി തന്നെ ഏറ്റെടുക്കാറുണ്ട് ഈ നടൻ. 100 കോടി പ്രതിഫലം വാങ്ങിയ സിനിമ പരാജയപ്പെട്ടപ്പോൾ 50 കോടി നിർമ്മാതാവിന് തിരിച്ചകൊടുത്തൊരു കഥയുമുണ്ട്. രാധേശ്യാമിലാണ് സംഭവം. രജനീകാന്ത് അല്ലാതെ ഇന്ത്യയിൽ ആരും ഇങ്ങനെ ചെയ്യില്ല.
പ്രഭാസിൽ നിന്ന് ബാഹുബലി ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല എന്ന് പരിഹസിക്കുന്നവർ ആ കഥാപാത്രത്തിന്റെ നല്ല അംശങ്ങളും അയാളിലുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഒരിക്കൽ കാൻസർ ബാധിച്ച് മരണത്തോടെ മല്ലിടുന്ന തന്റെ കുട്ടിയാരാധകന്റെ അവസാന ആഗ്രഹം നിറവേറ്റാൻ ഷൂട്ടിങ് നിർത്തിവച്ച് ആശുപത്രിയിൽ ഓടിയെത്തിയ ഒരുപ്രഭാസുണ്ട്. നല്ല ഭക്ഷണമായും വസ്ത്രമായും പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശമായും പ്രഭാസ് ഇന്ന് തെലുങ്ക് മക്കൾക്ക് ഇടയിൽ സജീവാണ്. സാധാരണ താരങ്ങളിൽനിന്ന് ഭിന്നനായി നല്ല വായക്കാരൻ കൂടിയാണ് പ്രഭാസ്. അയ്ൻ റാൻഡ് എഴുതിയ ദി ഫൗണ്ടൻ ഹെഡ് ആണ് പ്രഭാസിന്റെ ഇഷ്ടപുസ്തകം. ബോളിവുഡ് സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ ആരാധകനാണ്. മുന്ന ഭായ് എംബിബിഎസും 3 ഇഡിയറ്റും പ്രത്യേകിച്ചും.
ഫാൻസ് യുദ്ധം കത്തിനിൽക്കുന്ന ഇൻഡസ്്ട്രിയാണ് തെലുങ്കിലേത്. നടൻ പവൻ കല്യാണിന്റെയും രാം ചരൺ തേജയുടെയും ആരാധകർ ഏറ്റുമുട്ടി അവിടെ ഒരാൾ കൊല്ലപ്പെട്ട സംഭവം ഉണ്ടായത് കഴിഞ്ഞ വർഷമാണ്. ചിരഞ്ജീവി ഫാൻസും, അല്ലു അർജുൻ ഫാൻസും, ജൂനിയർ എൻടിആർ ഫാൻസുമൊക്കെ അവിടെ ഒരു രാഷ്ട്രീയപാർട്ടിപോലെയാണ് പ്രവർത്തിക്കുന്നത്. അവിടെയും പ്രഭാസ് വ്യത്യസ്തനായി. പൊതുവേ ഫാൻസ് അസോസിയേഷനുകൾ പ്രോൽസാഹിപ്പിക്കാത്ത ഈ നടൻ, സാമൂഹിക- ജീവികാരുണ്യ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാനാണ് തന്റെ ആരാധകർക്ക് നിർദ്ദേശം നൽകാറുള്ളത്. പിന്നെ എങ്ങനെ പ്രഭാസിനെ സ്നേഹിക്കാതിരിക്കും.
വാൽക്കഷ്ണം: അഭിമുഖങ്ങളിലും വിനയാന്വിതനാണ് പ്രഭാസ്. ബാഹുബലിയുടെ മുഴവൻ ക്രഡിറ്റും അദ്ദേഹം രാജമൗലിക്ക് കൊടുക്കുന്നു. മോഹൻലാൽ ചെയ്യുന്ന് നേരത്തെ വാർത്ത വന്ന രണ്ടാമൂഴത്തിലെ ഭീമൻ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് 'ലാൽ സാർ എന്നേക്കാൾ നന്നായി ചെയ്യും' എന്നാണ് പ്രഭാസിന്റെ മറുപടി. ''മോഹൻലാൽ സാറിനെയും മമ്മൂട്ടി സാറിനെയും എനിക്ക് വളരെ ഇഷ്ടമാണ്. തെലുങ്കിലും അവരൊക്കെ താരങ്ങളാണ്. അവിടെയും ആളുകൾക്ക് വളരെ ഇഷ്ടമാണ്. ''- ഒരു അഭിമുഖത്തിൽ പ്രഭാസ് പറയുന്നു.