- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'ഞാൻ തന്നെയാണോ നിന്റെ പിതാവ്,' എന്ന് മുഖത്ത്നോക്കി ചോദിച്ചത് ചാൾസ്; ഡയാനയുടെ കണ്ണീര് കണ്ട് വളർന്നു; മേഗനെ വിവാഹം കഴിച്ചതോടെ റെബൽ; രാജകുടുംബത്തിലെ വംശീയത തുറന്നടിച്ചു; ചെസ് കളിക്കുന്നപോലെ താലിബാനികളെ വെടിവെച്ചുകൊന്നുവെന്ന പരാമർശത്തിലുടെ നോട്ടപ്പുള്ളി; ബ്രിട്ടനെ കുഴപ്പത്തിലാക്കുന്ന തെറിച്ച രാജകുമാരൻ; ഹാരിയുടെ ജീവിത കഥ
ലോകമെമ്പാടും ആരാധകരുള്ള ഡയനാ രാജകുമാരിയുടെയും, പുതിയ രാജാവ് ചാൾസ് മൂന്നാമന്റെയും മകൻ. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ സ്വത്ത്. നമ്മുടെ നാട്ടിലെപ്പോലെയല്ല, ഭരണഘടനാ അധ്യക്ഷൻ പദവി ഇന്നും രാജകുടുംബത്തിലേക്ക് പോകുന്ന ബ്രിട്ടനിൽ, രാജാവും രാജ്ഞിയുമൊക്കെ ഇന്നും പ്രതാപശാലികളാണ്. എന്നിട്ടും ആ കൊട്ടാരത്തിൽനിന്ന് പുറത്ത് കടക്കയാണ് അവൻ ചെയ്തത്. മാത്രമല്ല, ഒരു കാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകൾ ആയ ബ്രിട്ടീഷ് രാജവംശത്തെ നിരന്തരം പ്രതിക്കൂട്ടിൽ കയറ്റുന്ന അഭിമുഖങ്ങളുമായി അയാൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. അതാണ് ഹാരി രാജകുമാരൻ എന്ന ഡയാനയുടെയും, ചാൾസിന്റെ രണ്ടാമത്തെ മകൻ. ശരിക്കും ഒരു തെറിച്ച സന്തതി എന്നാണ്, എതിരാളികൾ ഈ 38കാരനെ വിശേപ്പിക്കാറുള്ളത്.
രാജകുടുംബത്തിലെ വംശീയത തൊട്ട്, താനും ജ്യേഷ്ഠൻ വില്യമും തമ്മിലുള്ള അടിപിടിവരെ മാധ്യമങ്ങൾക്ക് വിറ്റ് കാശാക്കാറുണ്ട് ഹാരി. കഴിഞ്ഞ നെറ്റ്ഫ്ളിക്സ് പരമ്പര ബ്രിട്ടീഷ് രാജകുടുംബത്തിനുണ്ടാക്കിയ ചീത്തപ്പേര് ചില്ലറയല്ല. ഇപ്പോൾ ഇതാ ഹാരിയുടെ പുറത്തിറങ്ങാനിരിക്കുന്ന അത്മകഥയായ 'സ്പെയർ' വലിയ വാർത്ത സൃഷ്ടിക്കയാണ്. ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ ഇരുപത്തിയഞ്ച് താലിബാൻ ഭീകരരെ വധിച്ചിട്ടുണ്ടെന്നും, ചെസ് കളികളിലെ കരുക്കളെ പോലെയായിരുന്നു. ഓരോരുത്തരേയും വെടിവെച്ചു വീഴ്‌ത്തി മുന്നേറുകയായിരുന്നെന്നും അദ്ദേഹം എഴുതിയത് വൻ വിവാദമായി. ഇതിൽ താലിബാൻ പ്രതികരിച്ചതോടെ ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷപോലും ഭീഷണിയിലായി. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന ഹാരിയുടെയും സുരക്ഷയും ഇതോടെ വർധിപ്പിച്ചിട്ടുണ്ട്. ഈ വാചകക്കസർത്തിന് ഹാരി മാത്രമല്ല രാജ്യവും വലിയ വിലകൊടുക്കേണ്ടി വരും എന്നാണ് നിരീക്ഷകർ പറയുന്നത്.
പക്ഷേ ഹാരി അങ്ങനെതാണ്. പറയാനുള്ളത് എന്തും തുറന്നടിച്ച് പറയും.ഹാരിയുടെ ഓർമ്മക്കുറിപ്പുകളിലെ പ്രസക്ത ഭാഗങ്ങൾ പുറത്തു വന്നതിനു ശേഷം ചാൾസ് മൂന്നാമൻ തികച്ചും അസ്വസ്ഥനായാണ് കാണപ്പെട്ടത് എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നു. ഹാരി തന്നെ പറയുന്നത്, തന്റെ അവസാനകാല ജീവിതം കണ്ണീരിലാഴ്‌ത്തരുത് എന്ന് അച്ഛൻ തങ്ങളുടെ കൈകളിൽ പിടിച്ച് അപേക്ഷിച്ചു എന്നാണ്. രാജപത്നി കാമിലയെ കുറിച്ചുള്ള ആരോപണങ്ങൾ രാജാവിനെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. പക്ഷേ ഹാരി ഇതിനൊക്കെ കാരണമായി പറയുന്നതും ചാൾസ് മൂന്നാമനെതന്നെയാണ്. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും, സ്നേഹം നിഷേധിക്കപ്പെട്ട ജീവിതമാണ് തന്നെ റെബൽ ആക്കിയത് എന്ന് അയാൾ ഒരു അഭിമുഖത്തിൽ തുറന്നടിക്കുന്നുണ്ട്.
ചാൾസ്-ഡയാന ദുരിത ദാമ്പത്യം
ഹെന്റി ചാൾസ് ആൽബർട്ട് ഡേവിഡ് എന്നാണ് ഹാരി രാജകുമാരന്റെ പൂർണ്ണപേര്. 1984, സെപ്റ്റംബർ 15നാണ് ചാൾസ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും മകനാണ് ഇദ്ദേഹം ജനിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബാംഗമായതുകൊണ്ടുതന്നെ ജനിച്ചപ്പോൾ തന്നെ ഒരു സെലിബ്രിറ്റിയായിരുന്നു ഹാരി. കത്തുന്ന സൗന്ദര്യത്തിന് ഉടമായായ അമ്മ ഡയനാ എവിടെപ്പോയാലും പിറകിൽ പാപ്പരാസികളും ഉണ്ടാവുമായിരുന്നു. തന്റെ മക്കൾ സാധാരണ രാജകുടുംബാംഗങ്ങളെപോലെ ആവരുത് എല്ലാ മേഖലയിലും കഴിവുള്ളവർ ആയിരിക്കണമെന്ന് ഡയാനക്ക് നിർബന്ധം ഉണ്ടായിരുന്നു.
വെതർബി സ്‌കൂൾ, ലുഡ്ഗ്രോവ് സ്‌കൂൾ, ഈറ്റൺ കോളേജ് എന്നിവിടങ്ങളിലായിരുന്നു ഹാരിയുടെ വിദ്യാഭ്യാസം.
പുറമെനിന്ന് നോക്കുമ്പോൾ, സമ്പത്തും, അധികാരവും, ഉള്ള കടുംബം. പണത്തിന് പണം. പ്രശസ്തിക്ക് പ്രശസ്തി. പക്ഷേ തന്റെ ബാല്യം, കൈപ്പേറിയ ഒരുപാട് അനുഭവങ്ങൾ ചേർന്നതാണെന്നാണ ഹാരി പറയുന്നത്. അതിൽ ഏറ്റവു പ്രധാനം, മാതാപിതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മ ആയിരുന്നു. തുടക്കത്തിലേ വൈരുധ്യങ്ങൾ നിറഞ്ഞതായിരുന്നു ഇവരുടെ ബന്ധം. ചാൾസിനെ ആദ്യമായി കാണുമ്പോൾ ഡയാനയ്ക്ക് പ്രായം 16. ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും പ്രണയത്തിലായി. ഡയാനയ്ക്ക് 19 വയസുള്ളപ്പോൾ ചാൾസുമായുള്ള വിവാഹമുറപ്പിച്ചു. ഇരുവരുടെയും വിവാഹത്തേക്കുറിച്ച് കേട്ടവർ കേട്ടവർ നെറ്റിചുളിച്ചു. വിവാഹത്തെ എതിർത്തവർ പ്രധാനമായും ചൂണ്ടിക്കാണിച്ചത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന്, ഇരുവരും തമ്മിൽ 13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. മറ്റൊന്ന്, വിവാഹത്തിന് മുമ്പുതന്നെ ചാൾസിന് നിരവധി സ്ത്രീകളുമായുണ്ടായിരുന്ന 'പ്രണയബന്ധ'ങ്ങളാണ്..
ഡയാന ഈ കഥകൾക്കൊന്നും ചെവികൊടുത്തില്ല. അത്രമേൽ അവൾ ചാൾസിനെ സ്‌നേഹിച്ചിരുന്നു. കൊട്ടാരത്തിൽ എത്തിയ ആ 20 കാരിയെ കാത്തിരുന്നത് അത്ര സുഖകരമായ ജീവിതമായിരുന്നില്ല. ചാൾസിന് കമില എന്ന സ്ത്രീയുമായുള്ള അടുപ്പം തന്നെയായിരുന്നു പ്രധാനകാരണം. കമില സമ്മാനം നൽകിയ വസ്ത്രം ധരിച്ചായിരുന്നു ഡയാനയുമൊത്ത് ഹണിമൂൺ ആഘോഷിക്കാൻ ചാൾസ് പോയത്. എല്ലാക്കാലത്തും ചാൾസിനും ഡയാനയ്ക്കും ഇടയിൽ കമില കട്ടുറുമ്പായി. കമിലയോടുള്ള പ്രണയാധിക്യത്താൽ ചാൾസിൽ നിന്ന് കടുത്ത അവഗണനയാണ് ഡയാനയ്ക്ക് നേരിടേണ്ടി വന്നത്.
1981 നവംബറായപ്പോൾ മൂത്ത മകൻ വില്ല്യമിനെ ഡയാന ഗർഭം ധരിച്ചു. പക്ഷേ അക്കാലത്തും ചാൾസ് അവഗണന തുടരുകയായിരുന്നു. അതോടെ ലോകം ആരാധിക്കുന്ന രാജകുമാരി കടുത്ത വിഷാദരോഗിയായി. കൊട്ടാരവും ഭർത്താവും തന്നെ കേൾക്കാത്തത് ഡയാനയെ കൂടുതൽ തളർത്തി. ആശ്വാസം കണ്ടെത്താൻ അവർ സ്വയം മുറിവേൽപ്പിച്ചു. ലോകം രാജകുമാരിയുടെ സൗന്ദര്യത്തെയും ഭാഗ്യത്തെയും പുകഴ്‌ത്തുമ്പോൾ ഡയാന മനോവേദന മറക്കാൻ ബ്ലെയിഡ് ഉപയോഗിച്ച് കൈകളിലും കാലുകളിലും വയറിലുമൊക്കെ മുറിവുകൾ ഉണ്ടാക്കി. മാനസികരോഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ കാറ്റിൽ പറത്തി രാജകുമാരി വിഷാദത്തിനു ചികിത്സ തേടി. അമിതമായി ഭക്ഷണം കഴിക്കുന്ന ബുലിമിയ എന്ന ഈറ്റിങ്ങ് ഡിസോഡറും ഡയാനയ്ക്ക് ഉണ്ടായിരുന്നു.
ഡയാന സാമൂഹ്യസേവനത്തിലേക്ക്
1984ലാണ് ചാൾസ്-ഡയാന ദമ്പതിമാരുടെ രണ്ടാമത്തെ മകൻ ഹാരിയുടെ ജനനം. ഹാരി ജനിക്കുന്നതിന് മുൻപുള്ള കുറച്ചു മാസങ്ങൾ മാത്രമാണ,് 15 വർഷത്തെ ദാമ്പത്യത്തിൽ താൻ ആകെ സന്തോഷിച്ചതെന്ന് ഡയാന പറഞ്ഞിട്ടുണ്ട്. പക്ഷേ ഹാരിയുടെ ജനനത്തോടെ ചാൾസിന്റെയും കമിലയുടെയും ബന്ധം കൂടുതൽ ദൃഢമായി. കമിലയുമൊത്ത് ചാൾസ് പുറത്ത് ഉല്ലസിക്കുമ്പോൾ ഡയാന കൊട്ടാരത്തിനുള്ളിൽ ഏകയായി. ചാൾസിനെ കുറിച്ചുള്ള അന്വേഷണങ്ങൾക്കെല്ലാം രാജകുമാരിക്ക് പരിചാരകരിൽ നിന്ന് ലഭിച്ച മറുപടികൾ കള്ളങ്ങളായിരുന്നു.
ചാൾസിന്റെ ബന്ധം ഒളിപ്പിക്കാൻ കൊട്ടാരത്തിലെ പരിചാരകരും കൂട്ടുനിന്നു. വൈകാതെ ഡയാനയ്ക്ക് കാര്യങ്ങൾ വ്യക്തമായി. രാജ്ഞിക്ക് മുമ്പിൽ പരാതിയുമായി എത്തിയ രാജകുമാരിക്ക് അവിടെയും നിരാശയായിരുന്നു ഫലം. ചാൾസുമായുള്ള കമിലയുടെ ബന്ധത്തിന് ഭർത്താവും കുതിരപ്പടയിലെ ഓഫീസറുമായ പാർക്കർ ബൗൾസിന്റെ മൗനസമ്മതമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ശ്വാസമുട്ടിക്കുന്ന ദാമ്പത്യത്തിൽ നിന്ന് പുറത്തുകടക്കാൻ കൊട്ടാരം ഏൽപ്പിച്ചിരിക്കുന്ന കടമകൾക്ക് പുറത്ത് അവർ സാധാരണക്കാർക്കിടയിലേയ്ക്ക് ഇറങ്ങി.
സമൂഹം അവഗണനയോടും ഭയത്തോടും കണ്ടിരുന്ന എച്ച്‌ഐവി രോഗികൾക്കും കുഷ്ഠരോഗികൾക്കുമിടയിലേയ്ക്ക് അവർ ഇറങ്ങി പ്രവർത്തിച്ചു. എച്ച്‌ഐവി ബാധിതർക്ക് ഗ്ലൗസ് പോലും ധരിക്കാതെ ഹസ്തദാനം നൽകി, അവരെ ആലിംഗനം ചെയ്തു. എന്നിട്ടവർ ലോകത്തോട് വിളിച്ചുപറഞ്ഞു- 'എയ്ഡ്‌സ് രോഗികളെ നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ താമസിപ്പിക്കാം. അവർക്കൊപ്പം ജോലിസ്ഥലവും കളിസ്ഥലവും പങ്കുവയ്ക്കാം.' ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ലോകം അത് അംഗീകരിച്ചു. അതോടെ ലോകമെമ്പാടുമുള്ള നൂറായിരം സന്നദ്ധ സംഘടനകളുടെ തലപ്പത്ത് അവർ എത്തി. അതോടെ കൊട്ടാരം വിട്ട് അവർ ലോകത്തിന്റെ എല്ലാമായി. പക്ഷേ അപ്പോഴും മക്കൾക്ക് കിട്ടേണ്ട സ്നേഹവും പരിഗണനയും നൽകാൻ ആരുമില്ലായിരുന്നു.
പിതൃത്വം ചോദ്യം ചെയ്ത് സ്വന്തം പിതാവ്
ഒരുവേള ചാൾസ് തന്റെ മകന്റെ പിതൃത്വം ചോദ്യം ചെയ്തത് ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് ഹാരി തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. 'ഞാൻ തന്നെയാണോ നിന്റെ പിതാവ്, ആർക്കറിയാം' എന്നായിരുന്നു ചാൾസ് ഒരിക്കൽ വില്യമിനെ നോക്കി ആക്രാശിച്ചത്. ഡയാനയുടെയും അവരുടെ മുൻ കാമുകൻ മേജർ ജെയിംസ് ഹ്യൂവിറ്റിന്റെയും മകനാണ് ഹാരി എന്ന ഊഹോപോഹങ്ങൾ പ്രചരിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. മഞ്ഞപ്പത്രങ്ങളിൽ രാജകുമാരിയുടെ കഥകൾ കടും നിറക്കൂട്ടുകളോടെ വന്നിരുന്ന ഒരു കാലം. അന്ന് അതൊക്കെ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന കുഞ്ഞ് ഹാരിയോട് പിതാവ് തന്നെ ഇങ്ങനെ ചോദിക്കുന്നത് എത്ര ഹൃദയഭേദകം ആയിരിക്കും.
രാജകൊട്ടാരത്തിലെ കുതിര പരിശീലകനായിരുന്ന കാലത്ത് 1986 മുതൽ 1991 വരെ ഡയാനയും മേഹർ ഹ്യുവിറ്റും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം വിവാവാദമായ പനോരമ അഭിമുഖത്തിലൂടെ ഡയാന സ്ഥിരീകരിച്ചിട്ടുണ്ട്. ആ ബന്ധത്തിലാണ് ഹാരി പിറന്നത് എന്നായിരുന്നു അക്കാലത്ത് ചില ടാബ്ലോയ്ഡുകൾ എഴുതിയത്. പക്ഷേ ഇത് തീർത്തു തെറ്റായിരുന്നു. ഹാരി ജനിക്കുന്ന കാലത്ത് ഡയാന ഹ്യുവിറ്റിനെ കണ്ടിരുന്നില്ല എന്നതാണ് വാസ്തവം. ഹാരിക്ക് രണ്ട് വയസ്സു കഴിഞ്ഞതിനു ശേഷമാണ് ഹ്യൂവിറ്റ് കൊട്ടാരത്തിൽ എത്തുന്നതും ഇവർ പരിചയപ്പെടുന്നതും. ഒരുപക്ഷേ ഇത്തരം അധിക്ഷേപങ്ങൾ തന്നെയായിരിക്കണം വളരെ ചെറുപ്പത്തിൽതന്നെ റെബൽ ചിന്താഗതി ഹാരിയിൽ വളർത്തിയത്.
1995ൽ ബിബിസിക്ക് ഡയാന ഒരു അഭിമുഖം നൽകി. കമിലയും ചാൾസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും തന്റെ പ്രണയബന്ധത്തെക്കുറിച്ചും വിഷാദത്തെക്കുറിച്ചും മറയേതുമില്ലാതെ അവർ വെളിപ്പെടുത്തി. മക്കളെക്കുറിച്ച് ചോദിച്ചപ്പോൾ ഡയാന പൊട്ടിക്കരഞ്ഞു. 'കമിലയെക്കുറിച്ച് ഞാൻ എന്റെ മക്കളോട് ഒന്നും പറഞ്ഞിട്ടില്ല, കാരണം എന്നെങ്കിലും ഒരിക്കൽ അവർ എന്റെ കുട്ടികളുടെ രണ്ടാനമ്മയായി വരുമെന്ന് എനിക്ക് അറിയാമെന്നായിരുന്നു' അന്ന് ഡയാന പറഞ്ഞത്. അത് ശരിയെന്ന് കാലം തെളിയിക്കുകയും ചെയ്തു.
ചാൾസുമായി വിവാഹമോചനത്തിന് അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ചാൾസ് വിളിച്ചാൽ വീണ്ടും ഒരുമിക്കുമെന്ന സൂചനയും അന്ന് അവർ നൽകി. രാജ്ഞിയുടെ അനുവാദമില്ലാതെ നൽകിയ അഭിമുഖം വിവാദമാകുകയും കൊട്ടാരം പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെ ചാൾസിന്റെ പിതാവ് ഫിലിപ്പ് രാജാവ് ഡയാനയെ കൊട്ടാരത്തിലേയ്ക്ക് വിളിപ്പിച്ചു. നിയമപരമായ വിവാഹമോചനം ആവശ്യപ്പെട്ടു. അങ്ങനെ 740 മില്യൺ ആളുകൾ തത്സമയം കണ്ട, നൂറ്റാണ്ടിലെ വിവാഹമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ ബന്ധം 1996 ഓഗസ്റ്റ് 29ന് തേംസ് നദി തീരത്തെ ഒരു കീഴ്‌ക്കോടതി മുറിയിൽ അവസാനിച്ചു.
12ാം വയസ്സിൽ അമ്മയെ നഷ്ടമാവുന്നു
എത് വിവാഹമോചനവും കുട്ടികളെയാണ് ബാധിക്കുക. ഇവിടെയും അതാണ് സംഭവിച്ചത്. 95.75 കോടി രൂപയായിരുന്നു ഡയാനയ്ക്ക് ജീവനാംശമായി നൽകിയത്. രാജകുമാരന്മാരുടെ അമ്മ എന്ന നിലയിൽ വെയിൽസിലെ രാജകുമാരിയെന്ന പദവി നിലനിൽക്കും. ചാൾസുമായി വേർപിരിഞ്ഞതോടെ താൻ രക്ഷാധികാരിയായിരുന്ന എല്ലാ ചാരിറ്റി സംഘടനകളുടെയും സ്ഥാനം ഡയാന ഒഴിഞ്ഞു. പക്ഷേ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു.
1997ൽ ഡയാനയുടെ ജീവിതത്തിൽ പുതിയ പ്രണയമുണ്ടായി. ഒരുപക്ഷേ അവരുടെ മരണത്തിന് തന്നെ കാരണമായ ഒന്ന്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പഴയ സുഹൃത്തും പാരിസിലെ റിറ്റ്‌സ് ഹോട്ടൽ ഉടമയുമായ ഈജിപ്ഷ്യൻ വംശജൻ മുഹമ്മദ് അൽ ഫയാദിന്റെ പുത്രൻ ദോദി അൽ ഫയാദായിരുന്നു കാമുകൻ. ഹോളിവുഡിലെ പ്രശസ്ത സിനിമ നിർമ്മാതാവായിരുന്നു അയാൾ. ദോദി അൽഫയാദിനൊപ്പം വേനൽക്കാലമാഘോഷിക്കുന്ന ഡയാനയുടെ തീവ്രപ്രണയ രംഗങ്ങൾ അന്നത്തെ ടാബ്‌ളോയിഡുകളിൽ തരംഗമായി. ഇരുവരും ചുംബിക്കുന്നതിന്റെയും ബാത്തിങ് സ്യൂട്ടിൽ പ്രണയം പങ്കിടുന്നതിന്റെയും ഫോട്ടോകൾ നിരത്തി ടാബ്‌ളോയിടുകൾ കച്ചവടം ഇരട്ടിയാക്കി.പക്ഷേ അവർ പാരീസിലേക്ക് തിരിച്ചത് അന്ത്യയാത്രയായി. പാപ്പരാസികളുടെ കൈയിൽനിന്ന് രക്ഷപ്പെട്ട് ചീറിപ്പായവേ ഡയാന വാഹനാപകടത്തിൽ മരിച്ചു. അതുസംബന്ധിച്ച ദുരൂഹതകൾ ഇന്നും തുടരുകയാണ്.
ഒരു വ്യക്തിയുടെ മരണാനന്തര ചടങ്ങ് 250 കോടി ആളുകൾ തത്സമയം കാണുന്നു. ആദരാഞ്ജലികളർപ്പിക്കാനെത്തിയത് 10-15 ടൺ ബൊക്കേകളും 60 മില്യൺ പൂക്കളും. കാർഡുകളും ഫോട്ടോകളും അവർക്കായ് കുറിച്ച വരികളും ആദരാഞ്ജലികളായി അർപ്പിച്ചവർ ഏറെ.. ലോകം മുഴുവൻ അഗാധ ദുഃഖത്തിലേയ്ക്ക് ആണ്ടുപോയൊരു മരണമായിരുന്നു അത്. തന്റെ ജീവിതം നിലച്ചുപോയപോലലെ തോന്നിയെന്നാണ് ഹാരി ഇതേക്കുറിച്ച് എഴുതിയത്.
ചാൾസിനോട് കാമിലയെ വിവാഹം കഴിക്കരുതെന്ന് ഹാരിയും വില്യമും അപേക്ഷിച്ചിരുന്നു എന്നതാണ്. അന്ന് കാമില പാർക്കർ ബോവൽസ് ആയിരുന്ന ഇന്നത്തെ രാജപത്നിയായിരുന്നു തങ്ങളുടെ പിതാവിന്റെ ജീവിതത്തിലെ 'വനിത' എന്ന് തങ്ങൾക്ക് അറിയാമായിരുന്നു എന്ന് ഹാരി പറഞ്ഞു. ചാൾസ് വിവാഹം കഴിക്കുന്നതിനു മുൻപായി തന്നെ ഒന്നു രണ്ട് തവണ അവരെ കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവർ വീട്ടിൽ വരുന്നതിനെ താനും സഹോദരനും അനുകൂലിച്ചിരുന്നില്ല.
കഥകളിൽ വായിച്ചു പഠിച്ച ക്രൂരയായ രണ്ടാനമ്മയുടെ മുഖഭാവമായിരുന്നു അപ്പോൾ അവർക്ക് തങ്ങളുടെ മനസ്സിലെന്നും ഹാരി പറയുന്നു. അമ്മയുടെ മരണശേഷം അവരെ വിവാഹം കഴിക്കരുതെന്ന് താൻ കരഞ്ഞ് അപേക്ഷിച്ചു. എന്നിരുന്നാലും, അവർക്ക് തന്റെ അച്ഛനെ സന്തോഷവാക്കാൻ കഴിയുമെങ്കിൽ നല്ലത് എന്ന ചിന്തയിൽ പിന്നീട് അവരെ അംഗീകരിക്കുകയായിരുന്നുവെന്നും ഹാരി പറയുന്നു.
നാസി കോസ്റ്റിയൂം വിവാദം
സ്ുകൾ വിദ്യാഭ്യാസത്തിനുശേഷം ഹാരി റോയൽ മിലിട്ടറി അക്കാദമിയിൽ ഓഫീസർ പരിശീലനം നേടി. തുടർന്ന് സഹോദരൻ വില്യമിനൊപ്പം സൈനിക സേവനമനുഷ്ഠിച്ചു. 2007-2008 കാലഘട്ടത്തിൽ, അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ പത്താഴ്ചയിലേറെ സേവനമനുഷ്ഠിച്ചു. ആർമി എയർ കോർപ്സിനൊപ്പം 2012-2013 ൽ 20 ആഴ്ചത്തെ വിന്യാസത്തിനായി അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി. 2015 ജൂണിൽ അദ്ദേഹം സൈന്യത്തിൽ നിന്ന് രാജിവച്ചു.
2005-ൽ ഏറേ വിവാദമുയർത്തിയ ഒന്നായിരുന്നു കൊസ്റ്റ്യും പാർട്ടിയിൽ ഹാരി നാസി യൂണിഫോം ധരിച്ചെത്തിയത്. നാസിസത്തിനെതിരെ കടുത്ത പോരാട്ടം കാഴ്‌ച്ച വെച്ച ബ്രിട്ടണിലെ രാജകുടുംബാംഗം തന്നെ നാസിസത്തിന് പുതിയ പ്രതിച്ഛായ നൽകാൻ ശ്രമിക്കുകയാണ് എന്ന തരത്തിൽ വരെ പ്രചാരണങ്ങൾ ഉണ്ടായി. എന്നാൽ, അന്ന് തന്നെ വിവാദത്തിൽ പെടുത്തിയത് സഹോദരൻ വില്യമും, പത്നി കെയ്റ്റുമാണെന്ന് ഹാരി പറയുന്നു. നാസി യൂണിഫോം ധരിക്കണമോ അതോ ഒരു പൈലറ്റിന്റെ യൂണിഫോം ധരിക്കണമോ എന്നതായിരുന്നു തന്റെ സംശയം എന്ന് ഹാരി പറയുന്നു. പ്രാദേശികവും സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട് തീമുകളായിരുന്നു കോസ്റ്റ്യും പാർട്ടിയിൽ ഉദ്ദേശിച്ചിരുന്നത്. എന്നത്തേയും പോലെ ഒരു ഉപദേശത്തിനായി സമീപിച്ചത് വില്യമിനേയും കെയ്റ്റിനേയുമായിരുന്നു. അവരായിരുന്നു നാസി യൂണിഫോം നിർദ്ദേശിച്ചത് എന്ന് ഹാരി പറയുന്നു.
2005-ൽ അന്ന് 20 വയസ്സുകാരനായ ഹാരി നാസി യൂണിഫോമിൽ നിൽക്കുന്നചിത്രം സൺ ന്യുസ് പേപ്പറിൽ അച്ചടിച്ചു വന്നതോടെയായിരുന്നു വിവാദങ്ങൾ പൊട്ടിമുളച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ബ്രിട്ടീഷ് പടയാളികളോടുള്ള അവഹേളനം പോലുമായി അത് വ്യാഖ്യാനിക്കപ്പെട്ടു. തുടർന്ന് ഹാരിക്ക് ഖേദപ്രകടനം നടത്തേണ്ടതായും വന്നിരുന്നു. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണ് നാസി യൂണിഫോം ധരിച്ചതെന്ന് ഹാരി നെറ്റ്ഫ്ളിക്സ് സീരീസിൽ പറയുകയും ചെയ്തിട്ടുണ്ട്.
ഭാര്യയുടെ അടിമയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ
ഹാരി ബ്രിട്ടീഷ് രാജകുടുംബത്തിന് ഒരു തലവേദനയായിട്ട് കാലം കുറച്ചായി. അമേരിക്കൻ നടി മേഗൻ മെർക്കലിനെ വിവാഹം കഴിച്ച ശേഷമാണ് ഹാരി കുടുംബവുമായി തെറ്റിയത്. ഇപ്പോൾ രാജകുടുംബത്തെ ഉപേക്ഷിച്ച് കുടുംബ സമേതം യുഎസിൽ താമസത്തിലാണ് ഹാരി. ഹാരിയുടെ കാശുകണ്ട് വളച്ചെടുത്ത മേഗൻ രാജകുടുംബത്തിൽ നിരന്തരം കുത്തിത്തിരുപ്പുകൾ ഉണ്ടാക്കുകയാണെന്നാണ് ഒരു വിഭാഗം പത്രങ്ങൾ പറയുന്നത്. പക്ഷേ ഹാരിക്കും മേഗനും പറയാനുള്ളത് തങ്ങൾ കൊട്ടാരത്തിൽ നേരിട്ട അവഗണനയാണ്. തന്റെ അമ്മ ഡയാനക്ക് നേരിട്ടതിന് സമാനമായ അനുഭവങ്ങളാണിതെന്നാണ് ഹാരി പറയുന്നത്.
മുതിർന്ന രാജകുടുംബാംഗം എന്ന നിലയിൽ ഹാരിക്ക് സർക്കാർ ചെലവിൽ സുരക്ഷ ലഭിക്കുന്നതിനുള്ള അവകാശമുണ്ടായിരുന്നു. എന്നാൽ, രാജപദവികളും ചുമതലകളും ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങിയതോടെ അത് നിർത്തലാക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ അടക്കം സമീപിക്കാൻ ഒരുങ്ങുകയാണ് ഹാരി. കേസുമായി മുൻപോട്ട് പോവുകയാണെങ്കിൽ ഇത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും. ഒരു രാജകുടുംബാംഗം, തങ്ങൾക്ക് പരമാധികാരമുള്ള രാജ്യത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുക എന്നത് ഇതിനു മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്.
2020 ജനൂവരിയിലായിരുന്നു മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള് ചുമതലകളിൽ നിന്നും ഒഴിയുന്നതായി ഹാരി പ്രഖ്യാപിച്ചത്. ആ സമയത്ത് പൂർണ്ണമായും സർക്കാർ ചെലവിൽ നൽകിയിരുന്ന ബ്രിട്ടീഷ് കനേഡിയൻ സുരക്ഷയിലായിരുന്നു ഹാരിയും മേഗനും. പിന്നീട് ഹാരിയുടെ രാജപദവികൾ എടുത്തുകളയുകയും സൈനിക ബഹുമതികൾ തിരിച്ചുവാങ്ങുകയും ചെയ്തതോടെ സർക്കാർ ചെലവിലുള്ള സംരക്ഷണവും നിർത്തലാക്കുകയായിരുന്നു.
രാജകുടുംബം കടുത്ത വംശീയവാദികൾ
അതിനിടെ നെറ്റ്ഫ്ളികസിൽവന്ന പരമ്പരയിലും ഹാരി ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ കടുത്ത വെളിപ്പെടുത്തലുകൾ നടത്തി. ഇത് ആരംഭിക്കുന്നത് തന്നെ, തങ്ങളുടെ ജീവിത കഥ പറയുന്ന സീരീസുമായി സഹകരിക്കേണ്ടെന്ന ബക്കിങ്ഹാം കൊട്ടാരത്തിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ദമ്പതിമാർ പക്ഷെ 100 മില്യൺ ഡോളർ കരാറിന്റെ ഭാഗമായ ഈ സീരീസിനായി തങ്ങളുടെ ഏറെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. 2017-ൽ ഹാരി തന്റെ പ്രണയം അറിയിക്കുന്ന ചിത്രം ഉൾപ്പടെ ഇതിലുണ്ട്.
സീരീസിലെ ആദ്യ മൂന്ന് എപ്പിസോഡുകളിൽ മുഴുവൻ തന്റെ പിതാവ് ചാൾസിനെതിരെയുള്ള ആരോപണങ്ങളുടെ കൂരമ്പുകളാണ്. തന്റെ കൗമാരത്തിന്റെ അവസാന നാളുകളിലും ഇരുപതുകളുടെ തുടക്കത്തിലും ആഫ്രിക്കയിൽ മൂന്നു മാസം ചെലവഴിക്കാൻ നിർബന്ധിതനായത് ഉൾപ്പടെയുള്ള കാര്യങ്ങൾ പറഞ്ഞ ഹാരി, അക്ഷരാർത്ഥത്തിൽ താൻ ഒരു രണ്ടാം കുടുംബത്തിലായിരുന്നു വളർന്നത് എന്നും പറഞ്ഞുവയ്ക്കുന്നു.
കൊട്ടാരത്തിലെ അബോധപൂർവ്വമായ വിവേചനങ്ങളെ കുറിച്ചും ഹാരി സീരീസിൽ വാചാലനാകുന്നുണ്ട്. മാത്രമല്ല, കുറേക്കൂടി കടന്ന്, അമേരിക്കക്കാരേക്കാൾ വംശീയത കൂടുതലുള്ള വിഭാഗമാണ് ബ്രിട്ടീഷുകാർ എന്നും പറയുന്നു. ബ്രിട്ടനിലെത്തുന്നതു വരെ തന്നെ ഒരു കറുത്ത വർഗ്ഗക്കാരിയായി പരിഗണിച്ചിരുന്നില്ല എന്ന് മേഗനും സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഹൃദയത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു മേഗൻ എന്ന് പറഞ്ഞ ഹാരി അവരെ വിവാഹം കഴിക്കുക വഴി കുടുംബത്തിൽ ഒറ്റപ്പെട്ടതായും പറഞ്ഞു. ഒരു അമേരിക്കൻ നടിയാണ് ഭാര്യ എന്നതിനാൽ, ആ ബന്ധം ഏറെനാൾ നീണ്ടുനിൽക്കില്ല എന്നുവരെ അവർ വിശ്വസിച്ചിരുന്നതായും ഹാരി പറയുന്നു.തന്റെ അമ്മ എപ്പോഴും ഹൃദയത്തിൽ നിന്നായിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നതെന്നും പറഞ്ഞ ഹാരി താൻ അമ്മയുടെ മകനാണെന്നും പറഞ്ഞുവച്ചു.
രാജകൊട്ടാരത്തിലെ ഔപചാരികതകളെ കുറിച്ച് മേഗൻ പുച്ഛത്തോടെയാണ് സംസാരിക്കുന്നത്. താൻ അമ്മയുടെ മകനാണ് എന്ന് പറഞ്ഞ ഹാരി, ചാൾസുമായുള്ള വിവാഹമോചനത്തിനു ശേഷം അമ്മ തീർത്തും ഒറ്റപ്പെട്ടുപോയി എന്നും പറയുന്നു. താനും മേഗനും പക്ഷെ തന്റെ മാതാപിതാക്കൾ ചെയ്ത തെറ്റ് ആവർത്തിക്കില്ല എന്നും ഹാരി പറയുന്നുണ്ട്. മാത്രമല്ല, വിവാദമായ പനോരമ അഭിമുഖത്തിൽ ഡയാന സത്യം തുടന്നു പറയുകയായിരുന്നു എന്നും ഹാരി പറയുന്നു.ചാൾസിനെ വിവാഹം കഴിച്ച് രാജകുടുംബത്തിലെത്തിയ ഡയാനയോടായിരുന്നു ഹാരി മേഗനെ താരതമ്യം ചെയ്തത്. തന്റെ അമ്മയുടെ സഹജ ഗുണങ്ങളായ സ്നേഹം, ദയ, സഹാനുഭൂതി എന്നിവയെല്ലാം മേഗനിൽ ഉണ്ടെന്നും ഹാരി പറയുന്നു.
കൊന്നത് 25 താലിബാനികളെ
ഈ നെറ്റ്ഫ്ളികസ് പരമ്പര ഉയർത്തിയ വവിാദത്തിൽനിന്ന് കരകയറുന്നതിന് മുമ്പാണ് രാജ്യത്തെ തന്നെ പ്രതിരോധത്തിലാക്കി ഹാരിയുടെ പുതിയ ഓർമ്മക്കുറിപ്പ് വന്നത്.
ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ ഇരുപത്തിയഞ്ച് താലിബാൻ ഭീകരരെ വധിച്ചിട്ടുണ്ടെന്നും ചെസ് കളികളിലെ കരുക്കളെ പോലെയായിരുന്നു. ഓരോരുത്തരേയും വെടിവെച്ചു വീഴ്‌ത്തി മുന്നേറുകയായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
കൊലചെയ്തവരുടെ എണ്ണം കുറഞ്ഞ് പോയത് തനിക്ക് സംതൃപ്തി നൽകുന്നില്ല. എന്നാൽ അത് തന്നെ നിരാശപ്പെടുത്തുന്നുമില്ല. തനിക്ക് അത് പറയാൻ ഭയമില്ലാത്തതുകൊണ്ടാണ് കൊല്ലപ്പെട്ട താലിബാൻ ഭീകരരുടെ എണ്ണം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജകീയ ജീവിതത്തിലെ നാടകങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സൈനിക സേവനം തന്നെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
ഹാരിയുടെ പുസ്തകം വാർത്തയായതിന് പിന്നാലെ പ്രതികരണവുമായി താലിബാൻ രംഗത്തെതി. അവർ ചതുരംഗ കളത്തിലെ കരുക്കളല്ലെന്നും മനുഷ്യരായിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹക്കാനി പറഞ്ഞു. ഹാരിയുടെ ഓർമ്മക്കുറിപ്പിന്റെ കവർ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താലിബാൻ നേതാവിന്റെ വിമർശനം.
നിങ്ങൾ കൊന്നു തള്ളിയ താലിബാൻ ഭീകരർ ചെസ്സിലെ കരുക്കളായിരുന്നില്ല, അവർ ജീവനുള്ള മനുഷ്യരായിരുന്നു. അവർ തിരികെ എത്തുന്നത് കാത്ത് അവരുടെ കുടുംബം കാത്തുനിന്നിരുന്നു. അഫ്ഗാനികളെ കൊലപ്പെടുത്തിയ പലർക്കും അത് വെളിപ്പെടുത്താനോ കുറ്റം ഏറ്റുപറയാനോ ഉള്ള മര്യാദ ഇല്ലെന്നും താലിബാൻ നേതാവ് കുറിച്ചു.
ഞങ്ങളുടെ നിരപരാധികളായ ഭീകരർ നിങ്ങൾക്കും നിങ്ങളുടെ സൈന്യത്തിനും ചതുരംഗത്തിലെ കരുക്കളായിരിക്കും. എന്നാൽ ആ ചതുരംഗ മത്സരത്തിൽ നിങ്ങൾ തോറ്റുപോവുകയാണ് ഉണ്ടായത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ ഐസിസി ( അന്താരാഷ്ട്ര ക്രിമിനൽ കോടതി) നിങ്ങളെ വിളിപ്പിക്കുമെന്നോ മനുഷ്യാവകാശ പ്രവർത്തകർ നിങ്ങളുടെ പ്രവൃത്തിയെ അപലപിക്കുമെന്നോ താൻ പ്രതീക്ഷിക്കുന്നില്ല. കാരണം അവർ അന്ധരും ബധിരരുമാണ്. എന്നാൽ നിങ്ങളുടെ ഈ ക്രൂരതകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് ഹക്കാനി കുറിച്ചു.
ഞങ്ങൾ ഇപ്പോഴും വിജയികളായി അഫ്ഗാന്റെ മണ്ണിൽ തന്നെയുണ്ടെന്നും എന്നാൽ ഹാരി പേടിച്ച് മുത്തശ്ശിയുടെ കൊട്ടാരത്തിൽ ഒളിച്ചിരുന്നെന്നും താലിബാൻ താബിലാൻ കമാൻഡർ മൗലവി അഘാ ഗോൾ പറഞ്ഞു. യഥാർത്ഥ മനുഷ്യനാണെങ്കിൽ ഒരിക്കൽ കൂടി താലിബാന്റെ മണ്ണിലേക്ക് വരാനും മൗലവി ഹാരിയെ വെല്ലുവിളിച്ചു.എന്തായാലും തുറന്ന് പറച്ചിലിലൂടെ തന്റെ ജീവൻ തന്നെ ആപത്തിലാക്കിയിരിക്കുകയാണ് ഹാരിയെന്ന് എംപിമാരും ഉയർന്ന പട്ടാള ഉദ്യോഗസ്ഥരും മുന്നറിയിപ്പു നൽകി കഴിഞ്ഞു. സ്വന്തം കാലിൽ വെടിവെച്ചതിന് തുല്യമായി പോയി ഹാരിയുടെ പ്രവൃത്തി എന്നാണ് വിമർശനം ഉയരുന്നത്.
താലിബാനെ പ്രതികാര ദാഹികളാക്കാൻ ഹാരിയുടെ വാക്കുകൾക്ക് കഴിഞ്ഞതായി എക്സ് ആർമി ചീഫ് കേണൽ റിച്ചാർഡ് കെംപ് പറഞ്ഞു, മാത്രമല്ല ഹാരിയുടെ പ്രസ്താവന മൂലം ലോകത്തെവിടെയും ബ്രിട്ടീഷ് പട്ടാളക്കാർ ആക്രമിക്കപ്പെട്ടേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഹാരിയുടേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മാത്രമല്ല ബ്രിട്ടണിലെ ജനങ്ങളുടെ ജീവനെത്തന്നെ ബാധിക്കുന്നതാണ് താലിബാനെതിരെയുള്ള ഹാരിയുടെ ഈ വെളിപ്പെടുത്തലെന്ന് റിട്ടയേർഡ് ചീഫ് സൂപ്രണ്ടന്റ് ഡെയ് ഡേവിസ് പറഞ്ഞു.
ചാൾസ് രാജാവിന്റെ കിരീടധാരണം അടുത്ത ഈ വേളയിൽ ഹാരിയുടെ വെളിപ്പെടുത്തൽ എന്തെല്ലാം പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന പേടിയും ഉടലെടുത്തിട്ടുണ്ട്. ഹാരി തന്റെയും ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും മാത്രമല്ല അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നവരുടെ ജീവനും രാജകുടുംബാങ്ങളുടെ ജീവനെ പോലും ഇതിലൂടെ പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ ഒന്ന് ശാന്തമായ താലിബാനെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്നവയായി മാറിയിരിക്കുകയാണ് ഹാരിയുടെ വാക്കുകൾ. മറ്റ് ഇസ്ലാമിക തീവ്രവാദ സംഘടകൾക്കും ഇത് പ്രകോപനപരമാണ്. ഈ ഒരൊറ്റക്കാരണം കൊണ്ടുമാത്രം ബ്രിട്ടനിൽ ഒരു ചാവേർ ആക്രമണം പോലും ഉണ്ടായേക്കാം എന്നാണ് വിലയിരുത്തൽ. അങ്ങനെതിതാ എന്തും തുറന്നു പറയുന്ന ആ തെറിച്ച പയ്യൻ, ഒരു രാജ്യത്തെതന്നെ മുൾ മുനയിൽ നിർത്തുന്നു. ഇനി എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
വാൽക്ക്ഷണം: തന്റെ കുട്ടിക്കാലത്തെ ലൈംഗികാനുഭവങ്ങൾ ഹാരി ഈയിടെ തുറന്ന് പറഞ്ഞതും വലിയ വാർത്തയായി. തന്റെ ചാരിത്രം 17ാം വയസ്സിൽ നഷ്ടമായ കഥയാണ് അദ്ദേഹം പറഞ്ഞത്. തന്നേക്കാൾ പ്രായമുള്ള ഒരു സ്ത്രീ, ഒരു അദ്ധ്യാപിക കുട്ടിയെ പഠിപ്പിക്കുന്നപോലെ താനുമായി സെക്സ് ചെയ്യുകയായിരുന്നുവെന്നാണ് ഹാരി തുറന്നടിക്കുന്നത്. പിന്നീട് ചാൾസിന്റെ ഓഫീസിൽനിന്നുള്ള ഒരു ഉദ്യോഗസ്ഥർ വന്ന് അന്വേഷണ നടത്തിയപ്പോൾ ഇതേക്കുറിച്ച് അറിയാണാണെന്നാണ് കരുതിയത്. പക്ഷേ താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ഒരു പത്രത്തിന് തെളിവ് ലഭിച്ചത് അന്വേഷിക്കാനാണ് അയാൾ വന്നത്. ആ ശീലം അതോടെ നിർത്തിയെന്നും ഹാരി പറയുന്നു. ഈ വാർത്തകളിലുടെ വൻ വരുമാനവും അയാൾക്ക് ലഭിക്കുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ