കൊച്ചി: കൈവെട്ട് കേസ് എന്ന് കേൾക്കുമ്പോൾ പലർക്കും തോന്നുക കൈയ്ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നാണ്. പക്ഷേ പ്രൊഫസർ ടി ജെ ജോസഫ് എന്ന തൊടുപുഴ ന്യൂമാൻ കോളജിലെ മുൻ അദ്ധ്യാപകന്, ശരീരം ആസകലം മുറിവേറ്റ ആക്രമണമാണ് ഉണ്ടായത് എന്ന് എത്രപേർക്ക് അറിയം. ഇരുഭാഗങ്ങളിലുമായി കരചരണങ്ങൾ ഛേദിക്കണം എന്ന മതശാസനവച്ചാണ് ഒരു വെട്ട് കൂടതൽ കിട്ടിയത്. ''വലതുകൈ പൂർണ്ണമായും നിശ്ചലമാണ്. ഇടതുകൈയിലെ വിരലുകൾ ഒടിഞ്ഞ് തൂങ്ങത്തക്ക രീതിയിൽ ഒരു വെട്ട് കിട്ടി. ഇടതുകാലിനും അതിഗുരുതരമായി പരിക്കേറ്റു. കണങ്കാലും പാദവും കൈത്തണ്ടയും അടക്കഭാഗങ്ങളിൽ നിരവധി വെട്ടേറ്റു. ഇടതുകൈയിലെ മൂന്ന് വിരലുകൾക്ക് മാത്രമാണ് ഇപ്പോൾ സ്വാധീനമുള്ളത്.ജോസഫ് മാസ്റ്റർ തന്റെ ശരീരത്തിന്റെ സ്ഥിതി ഇങ്ങനെയാണ് പറയുന്നത്.

പക്ഷേ ജോസഫ് മാഷിലെ പോരാളിയെ തളർത്താൻ ഇതുകൊണ്ടൊന്നും അയില്ല. മഴൂവെച്ച് അക്രമികൾ വെട്ടിമാറ്റിയ വലതുകൈപ്പത്തി, മണിക്കുറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തപ്പോൾ ഡോക്ടർമാർവരെ കരുതിയത് അതുകൊണ്ട് വലിയ പ്രയോജനം ഉണ്ടാവില്ല എന്നാണ്. പക്ഷേ അത്ഭുതം പലതും നടന്നു. സ്ഥിരമായി പരിശീലിച്ച് മാഷ് ഇടതുകൈകൊണ്ട് പതുക്കെ എഴുതാൻ പഠിച്ചു. ഇപ്പോൾ രണ്ടുകെകൊണ്ടും എഴുതും എന്ന അവസ്ഥയായി. തുന്നിച്ചേർത്ത വിരലുകൾകൊണ്ട് ഏറെ ശ്രമിച്ച് കാർ ഓടിക്കുകവരെ ഇന്ന് അദ്ദേഹം ചെയ്തു. ആ അർത്ഥത്തിൽ നോക്കുമ്പോൾ, ഒരു അത്ഭുത മനുഷ്യൻ തന്നെയാണ് പ്രൊഫ. ജോസഫ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതും ജോസഫ് മാസ്റ്റർ തന്നെയാണ്. കേരളത്തെ ഞെട്ടിച്ച കൈവെട്ട് കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം എൻഐഎ കോടതി ശിക്ഷ വിധിച്ചപ്പോൾ പ്രൊഫസർ ടി ജെ ജോസഫിന്റെ പ്രതികരണവും ചരിത്രപ്രധാന്യമുള്ളതായി മാറി. ''പ്രതികൾക്ക് ശിക്ഷകിട്ടുന്നത്, ഇരക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല. രാജ്യത്തിന്റെ നീതി നടപ്പാകുന്നെന്ന് മാത്രം. എന്നെ വെട്ടിയ പ്രതികളും ഇരകളാണ്. പ്രാകൃത വിശ്വാസത്തിന്റെ ഇരകൾ. വിശ്വാസത്തിന്റെ അടിമത്തത്തിൽനിന്ന് മാറി, ശാസ്ത്രലോകത്തിലേക്ക് നമ്മുടെ തലമുറകൾ മാറട്ടെ.'' താൻ സ്വപ്‌നത്തിൽപോലും വിചാരിക്കാത്ത ഒരു അപരാധം പറഞ്ഞുണ്ടാക്കി വലതു കൈപ്പത്തി വെട്ടിമാറ്റിയവരോട്, മാഷ് എന്നേ ക്ഷമിച്ചുകഴിഞ്ഞു. ഒന്നും മറക്കാനും പൊറുക്കാനും ഉള്ളതല്ലെന്നും പ്രതികാരം ചെയ്യണമെന്നും പറയുന്നവരുടെ കൂട്ടത്തിൽ പ്രൊഫസർ ടി ജെ ജോസഫ് വേറിട്ടുനിൽക്കുന്നു.

ഇപ്പോൾ രണ്ടുകൈ കൊണ്ടും എഴുതും

കോടീശ്വരൻ പരിപാടിയിൽ സുരേഷ്‌ഗോപി പറയുന്നപോലെ, 'ഒറ്റചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റിമാറിക്കാൻ' എന്ന് പറയുന്നത് മാഷിന്റെ കാര്യത്തിൽ അന്വർഥമായി. തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാംവർഷ ബീകോം വിദ്യാർത്ഥികൾക്ക് താൻ കൊടുത്ത ഒരു ചോദ്യം ഇത്രമേൽ വിവാദമാവുമെന്ന് അദ്ദേഹം ഓർത്തിരുന്നില്ല. പി ടി കുഞ്ഞുമഹുമ്മദിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽനിന്ന് ഒരു ഭാഗം എടുത്ത് ഭ്രാന്തനും പടച്ചവനും തമ്മിലുള്ള സംഭാഷണത്തിൽ, ഭ്രാന്തന് ഇട്ട മുഹമ്മദ് എന്ന പേര് പ്രവാചകൻ മുഹമ്മദിനൊപ്പം കൂട്ടിവായിക്കപ്പെടുമെന്നും, ഇസ്ലാമിക മതമൗലികവാദികളിലെ ഒരു വിഭാഗം തനിക്ക് എതിരെ തിരിയുമെന്നും, ജോസഫ് മാഷ് ഒരിക്കലും കരുതിയില്ല. സംഭവം വിവാദമായതോടെ മതസ്പർധ വളർത്തിയതിന് പൊലീസ് കേസ് എടുത്തു. ജോസഫ് മാഷ് ഒളിവിൽപ്പോയതിനെ തുടർന്ന അദ്ദേഹത്തിന്റെ മകനെ പൊലീസ് ക്രൂരമായി മർദിച്ചു. അക്കാലത്തെ വിദ്യാഭ്യാസമന്ത്രി എം എ ബേബി അദ്ദേഹത്തെ മഠയൻ എന്ന് വിളിച്ചു. കീഴടങ്ങിയ അദ്ദേഹത്തെ പൊലീസ് വലിയ കുറ്റവാളിയെപ്പോലെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദശർശിപ്പിച്ച് ജയിലിൽ അടച്ചു. എന്നിട്ടും പേരാഞ്ഞതിന് ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹത്തിൻെ കൈവെട്ടിമാറ്റി. സഭയാവട്ടെ ജോലിയിൽ തിരികെ പ്രവേശിക്കാതെ ആ മനുഷ്യനെ പീഡിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയും, ഡിപ്രഷനുമായതോടെ ഭാര്യ സലോമി ജീവനൊടുക്കി.

ഏതൊരു മനുഷ്യനും തകർന്ന് തരിപ്പണമാവുന്ന ദിനങ്ങൾ. പക്ഷേ ജോസ്ഫ് മാഷിലെ പോരാളി എല്ലാം അതിജീവിച്ചു. ചാരത്തിൽനിന്ന് ഉയരുന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ അദ്ദേഹം പതുക്കെ ഉയർത്തെഴുനേറ്റു. എഴുതാനായിരുന്നു അദ്യ ശ്രമം. തുന്നിപ്പിടിപ്പിച്ച വലതുകൈക്ക് ഭാഗിക ചലനശേഷി മാത്രമുള്ളതിനാൽ അദ്ദേഹം ഇടതുകൈകൊണ്ട് എഴുതാൻ തുടങ്ങി. വളരെ ശ്രമകരമായിരുന്നു ആദ്യം അത്. കൈയ്ക്ക് നല്ല വേദനയുണ്ടായിരുന്നു. ഒരുപാട് നേരത്തെ പരിശീലനം വേണ്ടിവന്നു.

''എന്റെ കൈവെട്ടിയവർ ഇനി ഇവൻ എഴുതരുത് എന്ന ഉദ്ദേശം വെച്ചുകൊണ്ടാണല്ലോ, അത് ചെയ്തത്. എന്തു ഉദ്ദേശത്തോടെയാണ് അവർ എന്റെ കൈവെട്ടിയത് ആ ഉദ്ദേശം നടന്നിട്ടില്ല. അതുവരെ എഴുത്തുകാരനല്ലാത്ത ഞാൻ, എഴുത്തുകാരൻ ആവുന്ന അവസ്ഥയാണ് അതോടെ ഉണ്ടായത്. വലതുകൊണ്ട് എഴുതിയതിനേക്കാൾ കൂടുതൽ ഞാൻ ഇടതുകൊണ്ട് എഴുതി. ഇപ്പോൾ വലതുകൈകൊണ്ട് മെസേ്ജ് അയക്കാനും കമ്പ്യൂട്ടറിലെഴുതാനുമൊക്കെ കഴിയുന്നുണ്ട്. ഫലത്തിൽ ഇപ്പോൾ ഇടതുകൈകൊണ്ടും വലതുകൈ കൊണ്ടും എഴുതാം. അതുപോലെ ഏറെ ശ്രമിച്ചിട്ടാണെങ്കിലും ഇപ്പോൾ കാർ ഓടിക്കാനും കഴിയും'' പ്രൊഫ. ജോസഫ് കൂട്ടിച്ചേർത്തു.

എന്നും ഒപ്പമുള്ള ആ കാർ

ആക്രമണസമയത്തും ഇപ്പോഴും ജോസഫ് മാഷിനൊപ്പം തന്നെ കഴിയുന്ന ഒരേയൊരാൾ ആ കറുത്ത വാഗൺ ആർ ആണ്. 2006ലാണ് ആ വാഗൺ ആർ വാങ്ങുന്നത്. അന്ന് വീടിനടുത്ത മൂവാറ്റുപുഴ നിർമ്മലാ കോളജിലായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ വല്ലപ്പോഴുമൊക്കെ മാത്രമേ കാറിൽ സഞ്ചരിക്കാറുണ്ടായിരുന്നുള്ളു. മിക്കപ്പോഴും പ്രദേശത്ത് താമസിക്കുന്ന അദ്ധ്യാപകരെല്ലാവരും കൂടി ഏതെങ്കിലും ഒരു കാറിൽ കോളേജിലേക്ക് എത്തുകയായിരുന്നു പതിവ്. പ്രൊഫസർക്കാണെങ്കിൽ പഴയ ഒരു കാവസാക്കി ബൈക്ക് ഉണ്ടായിരുന്നതിനാൽ പലപ്പോഴും അദ്ദേഹത്തിന്റെ യാത്ര ബൈക്കിലുമായിരുന്നു. അതുകൊണ്ടൊക്കെ തന്നെ ആ കാർ ആക്രമണം നടക്കുന്ന 2010 ജൂലൈ നാലു വരെ ഏതാണ്ട് 18,000 കിലോമീറ്റർ മാത്രമേ ആകെ ഓടിയിരുന്നുള്ളു.

ജൂലൈ നാലിലെ ആക്രമണത്തിൽ ജോസഫ് മാഷിനൊപ്പം തന്നെ മുറിവേറ്റിരുന്നു ആ വാഗൺ ആറിനും. മഴു കൊണ്ടുള്ള വെട്ടിൽ കാറിന്റെ െ്രെഡവിങ് സീറ്റിനടുത്തുള്ള ഡോറിലെ പ്ലാസ്റ്റിക് കുത്തിക്കീറി. ഇടതുവശത്തെ ചില്ലുകൾ പൂർണമായി തകർന്നു. െ്രെഡവിങ് സീറ്റ് ജോസഫ് മാഷിന്റെ ചോരയിൽ കുതിർന്നു. പക്ഷേ ഇത്രയൊക്കെയായിട്ടും ആ കറുത്ത വാഗൺ ആറിനെ തള്ളിപ്പറയാനോ വിൽക്കാനോ അദ്ദേഹം തയാറായില്ല. നാലു മാസം നീണ്ട ചികിത്സാ സമയത്ത് ഫിസിയോതെറാപ്പിക്കായി എല്ലാ ദിവസവും പാലാരിവട്ടത്തുള്ള സ്‌പെഷ്യലിസ്റ്റ് ആശുപത്രിയുടെ കേന്ദ്രത്തിലേക്ക് പോകേണ്ടി വന്നപ്പോൾ പ്രതിദിനം ടാക്‌സി കാർ വാടകയായി ചെലവഴിക്കേണ്ടി വന്ന തുക ഉയർന്നു വരുന്നതു കണ്ടപ്പോഴാണ് മാഷ് തന്റെ വാഗൺ ആർ സ്വയം ഓടിക്കുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്.

''ഞാൻ തന്നെ കാർ ഓടിച്ച് പാലാരിവട്ടത്തു ചെന്നു മടങ്ങിയാൽ 400 രൂപ പെട്രോൾ ചെലവു മാത്രമേ വരികയുള്ളു. ഭാരിച്ച ചികിത്സാചെലവുകൾ മൂലവും സസ്‌പെൻഷനിലായതിനാൽ ശമ്പളമില്ലാത്തതിനാലും എനിക്ക് താങ്ങാനാവുന്നതിന് അപ്പുറമായിരുന്നു ടാക്‌സിയിലുള്ള യാത്ര. അങ്ങനെയാണ് 2010 നവംബറിൽ ഞാൻ വാഗൺ ആർ ഓടിച്ചുനോക്കാൻ തുനിയുന്നത്,'' ജോസഫ് മാഷ് പറയുന്നു. വീടിന്റെ പരിസരത്തുള്ള ചെറിയ വഴിയിലൂടെ കാർ പുറത്തേക്ക് എടുത്തപ്പോൾ കൈയും കാലും മനസ്സും വേദനിച്ചെങ്കിലും പൊരുതാനുള്ള മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ഏതാനും ദിവസങ്ങൾ കൂടി പരിശീലിച്ചതോടെ വാഹനം സ്വയം ഓടിക്കാമെന്ന ആത്മവിശ്വാസമുണ്ടായി. അങ്ങനെയാണ് പാലാരിവട്ടത്തെ സെന്ററിലേക്ക് വാഗൺ ആർ പോയിത്തുടങ്ങുന്നത്. സ്റ്റിയറിങ്ങിൽ മാഷിന്റെ തുന്നിച്ചേർത്ത കരങ്ങൾ നിയന്ത്രണമേറ്റെടുത്തു.

''2010 വരെ ഞാൻ 18,000 കിലോമീറ്റർ വരെ മാത്രമേ ഓടിച്ചിരുന്നുള്ളുവെങ്കിൽ ഇന്നിപ്പോൾ ആക്രമണത്തിനുശേഷം 40,000 കിലോമീറ്റർ ദൂരം ഈ കാർ പിന്നിട്ടിരിക്കുന്നു. എന്റെ ആദ്യത്തെ ദീർഘദൂര ഓട്ടം മകൻ മിഥുനേയും കൂട്ടിക്കൊണ്ട് വാഴക്കുളത്തേക്കായിരുന്നു. 2010 ഡിസംബർ മുതൽ ഫിസിയോതെറാപ്പി സെന്ററിലേക്ക് ഞാൻ തന്നെ വാഹനമോടിക്കാൻ തുടങ്ങി. കോളെജിലെ തൊഴിൽ തിരികെ ലഭിച്ചില്ലെങ്കിൽ ടാക്‌സി ഓടിച്ചെങ്കിലും ഉപജീവനം നടത്താമെന്ന് മനസ്സിൽ കരുതിയതിനാലാണ് ഞാൻ കാറോടിക്കാൻ തുടങ്ങിയത്,'' ജോസഫ് മാഷ് ഒരു അഭിമുഖത്തിൽ പറയുന്നു.

പ്രൊഫസർ വാഹനമോടിക്കുന്നതിൽ പ്രാവീണ്യം പഴയതുപോലെ നേടിക്കഴിഞ്ഞ സമയത്താണ് അദ്ദേഹത്തിന്റെ ലൈസൻസ് പുതുക്കൽ ഘട്ടം വന്നത്. 2013ലായിരുന്നു ലൈസൻസിന്റെ കാലാവധി തീരുന്നത്. ലൈസൻസ് പുതുക്കുന്നതിനായി ഏജന്റിന്റെ കൈവശം ലൈസൻസ് കൊടുത്തയച്ചെങ്കിലും പ്രൊഫസറുടെ ഫോട്ടോ കണ്ട് മോട്ടോർ വാഹന വകുപ്പ് അധികൃതർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ''ഞാൻ നേരിട്ട് വരണമെന്നായി അവർ. കൈയ്ക്ക് അപകടം സംഭവിച്ചതിനാൽ അക്കാര്യം കൂടി രേഖപ്പെടുത്താതെ പറ്റില്ലെന്ന് അവർ ശഠിച്ചു. ഞാൻ നേരിട്ട് ആർ ടി ഒയെ ചെന്നുകണ്ടതിനെ തുടർന്ന് അവർ എന്നോട് വാഹനം ഓടിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. ഞാൻ വാഹനം അവർ നിർദ്ദേശിച്ച മാതൃകയിലൊക്കെ ഓടിച്ചു കാണിച്ചശേഷം മാത്രമാണ് അവർ എനിക്ക് െ്രെഡവിങ് ലൈസൻസ് പുതുക്കി തന്നത്.'' പ്രൊഫ. ജോസഫ്് വ്യക്തമാക്കി.

വീണ്ടും തളിർക്കുന്ന ജീവിതം

മൂവാറ്റുപുഴയിലെ ജോസഫിന്റെ വസതിയിലെ കാർ ഷെഡ്ഡിലൽ ഇന്ന് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായുള്ള രണ്ട് പൊലീസുകാരാണ് താമസം. അതുകൊണ്ടു തന്നെ കാറിനായി ഷീറ്റിട്ട് ഒരു പുതിയ ഇടം സൃഷ്ടിച്ചിരിക്കുന്നു. വീടിന്റെ ഒരു ഓരത്തു തന്നെ പ്രൊഫസറുടെ പഴയ കാവസാക്കി ബൈക്കുമിരിപ്പുണ്ട്. ''വലതു കൈയിലെ വിരലുകൾ ചലിക്കാത്തതിനാൽ ബൈക്കിന്റെ ആക്‌സിലേറ്റർ ചലിപ്പിക്കാൻ എനിക്കാവില്ല. അത് ഇടതുവശത്തേക്ക് മാറ്റിവയ്ക്കാനായാൽ എനിക്ക് ബൈക്കും ഓടിക്കാനാകും,'' ജോസഫ് മാഷിന്റെ ആത്മവിശ്വാസം, തോറ്റു പിന്മാറാൻ തയാറാകാത്ത ഒരാളുടെ ശബ്ദമാണ്.

ജോസഫ് മാഷ് തന്റെ ഇടതുകൈകൊണ്ട് എഴുതിയ പുസ്തകമാണ് അദ്ദേഹത്തിന്റെ ആത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകൾ'. പൊള്ളുന്ന ജീവിതാനുഭവങ്ങൾക്കൊപ്പം, പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിന്റെ ധ്രൂവീകരണങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന ഈ പുസ്്തകം, പെട്ടെന്നുതന്നെ ബെസ്റ്റ് സെല്ലർ ആയി. ഇപ്പോൾ ഇതാ 'അറ്റുപോവാത്ത ഓർമ്മകൾ' ഇംഗ്ലീഷിലും ഇറങ്ങി ഹിറ്റായി. പേര് 'തൗസൻഡ് കട്ട്‌സ്'. അറ്റുപോവാത്ത ഓർമ്മകൾക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അതിനുശേഷം ഡി സി ബുക്‌സിനുവേണ്ടി എഴുതിയ 'ഭ്രാന്തന് സ്തുതി' എന്ന പുസ്തകത്തിനും ഏറെ വായനക്കാരുണ്ടായി. ഇന്ന് കേരളം മുഴുവൻ ജോസഫ് മാഷിന് ആരാധകർ ഉണ്ട്.

യു കെയും, അയർലണ്ടും സന്ദർശിച്ചപ്പോൾ മലയാളികൾ നൽകിയ സ്‌നേഹം മറക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ അമേരിക്കൻ സന്ദർശനത്തിന് ഒരുങ്ങുകയാണ് ജോസഫ് മാസ്റ്റർ. മക്കൾ പഠിച്ച് നല്ല നിലയിലായി. കൈവെട്ട് കേസും, കോളജിൽനിന്നുള്ള പിരിച്ചുവിടലും, ഭാര്യ സലോമിയുടെ അത്മഹത്യയുമൊക്കെയായി ഒരുകാലത്ത് കൈവിട്ടുവെന്ന് കരുതിയ ജീവിതം ഈ സായാഹ്‌നത്തിലും പതുക്കെ തളിർക്കയാണ്.

ഒരു കാര്യം മാത്രം പൊറുക്കാൻ പറ്റില്ല

പക്ഷേ എല്ലാവരോടും ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്യുന്ന ജോസഫ് മാസ്റ്റർക്ക് ഒരിക്കലും പൊറുക്കാൻ പറ്റാത്ത ഒരു സംഭവം ഉണ്ട്. അത് കേരളാപൊലീസ് ചെയ്ത ഹീന കൃത്യമാണ്. ചോദ്യപേപ്പർ വിവാദത്തെതുടർന്ന് താൻ ഒളിവിൽപോയപ്പോൾ, കൗമാരക്കാരനായ മകനെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്.

്ഈയിടെ സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പങ്കെടുത്ത് ആനുഭവങ്ങൾ പറയുമ്പോഴും ജോസഫ് മാഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ആ അനുഭവങ്ങൾ ഇങ്ങനെയാണ്. ഒളിവിൽ പോയ ജോസഫ് മാഷിനെ പിടിക്കാനായി അദ്ദേഹത്തിന്റെ മകൻ മിഥുനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രേഖാമൂലമല്ലാതെ ഒരിടത്തും അറസ്റ്റ് രേഖപ്പെടുത്താതെ ബിടെക് ബിരുദദാരിയായ 21വയസ്സുള്ള ആ യുവാവിനെ തൊടുപുഴ പൊലീസ് മൂന്നാംമുറയ്ക്ക് വിധേയനാക്കി. മിഥുനെ പൂർണ്ണനഗ്‌നനാക്കി കാൽ നീട്ടിയിരുത്തിയിട്ട് തൊടുപുഴ എസ്‌ഐ ഷിന്റോ പി കുര്യൻ ക്രൂരമായി ചൂരൽ കൊണ്ട് അടിച്ചു. പയ്യനെ മുട്ടുകുത്തിയിരുത്തി, ഷിന്റോ കസേരയിൽ ഇരുന്ന് മിഥുന്റെ തല കൈമുട്ടുകൾക്കിടയിലാക്കി ഞെരിച്ചു. ഉവൈസ് എന്നുപേരുള്ള പൊലീസുകാരൻ കഴുത്തിന് കുത്തി മുകളിലോട്ട് ഉയർത്തിയപ്പോൾ മിഥുന് ശ്വാസം നിലച്ചു. കുര്യക്കോസ് എന്ന ഡിവൈസ്പി പലപ്പോഴും ഭ്രാന്ത് എടുത്തപോലെ കാണിന്നിടത്തുവെച്ച് ഈ പയ്യനെ ഉന്തിയിടുകയും, ആക്രാശിക്കയും ചെയതു.

ഷിന്റോ പി കുര്യന്റെ നേതൃത്വത്തിൽ പൊലീസ് വീട് റെയഡ് ചെയ്തപ്പോൾ, കരകൗശല വസ്തുക്കൾ അടക്കമുള്ള പല സാധനങ്ങളും കാണാതെ ആയി എന്നും ജോസഫ് മാഷ് പറയുന്നു. ഭാര്യയോട് നിന്റെ ഭർത്താവ് ഉടനെ പടമാവും എന്നായിരുന്നു പൊലീസ് പറഞ്ഞത്. വീടിന് പുറത്ത് എത്തിയിട്ടും നാട്ടുകാർ കാൺകെ എസ്‌ഐ ഷിന്റോ പി കുര്യൻ അസഭ്യ വർഷം നടത്തിയതും അദ്ദേഹം എടുത്തു പറയുന്നു. ഒരു മകനും താങ്ങാനാവത്ത മാനസിക പീഡനങ്ങളും പൊലീസ് നടത്തി. എവിടെയെങ്കിലു അജ്ഞാത മൃതദേഹം കണ്ടെത്തിയാൽ അത് ജോസഫ് മാഷിന്റെതാണ് എന്നായിരുന്നു, വെറും 21 വയസ്സ് മാത്രമുള്ള മകനെ പറഞ്ഞ് പേടിപ്പിച്ചത്. മറ്റൊരു സ്ത്രീക്ക് ഒപ്പം ജീവിക്കയാണെന്നും പൊലീസ് പറഞ്ഞു. പച്ചവെള്ളംപോലും കൊടുക്കാതെ രാപ്പകൻ മകനെ പലയിടത്തും കൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചു. ക്രൂരമായ മർദനത്തെ തുടർന്ന് മിഥുൻ ആശുപത്രിയിൽ ആയ അനുഭവവും മാഷ് പറയുന്നുണ്ട്.

ഈ അനുഭവം വൈറലായതോടെ സോഷ്യൽമീഡിയിൽ ഷിന്റോ കുര്യനും, ഉവൈസും, കുര്യാക്കോസും അടക്കം ജോസഫ് മാഷിനെ പീഡിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് ശക്തമായ കാമ്പയിൽ ഉയർന്നിരുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ, കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് മതജീവികളെ പ്രീണിപ്പിക്കാനും സുഖിപ്പിക്കാനുമായി അടിയന്തിരാവസ്ഥ മോഡൽ അതിക്രമം കേരളാപൊലീസ് നടത്തിയത് എന്നാണ് പലരും രോഷം കൊള്ളുന്നത്.

അതേസമയം ഇത്രയധികം ആരോപണങ്ങൾ ഉണ്ടായിട്ടും ഷിന്റോ കുര്യൻ അടക്കമുള്ളവർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. നേരത്തെ ഫ്രാങ്കേമുളക്കുനുവേണ്ടി നിലകൊണ്ടു എന്നതിന്റെ പേരിലും ഷിന്റോ ആരോപണ വിധേയനായിട്ടുണ്ട്. ഇത്രയധികം ആരോപണ വിധേയർ ആയിട്ടും ഈ പൊലീസുകാർ ഒക്കെ സർവീസിൽ തുടരുന്നത് ലജ്ജിപ്പിക്കുന്നതാണ്. 'അച്ഛൻ കുത്തും കോമയും ഇടാനുള്ള ഒരു ചോദ്യമിട്ടു, ശരിക്കും കുത്ത് കിട്ടിയത് എനിക്കാണ് എന്നാണ്' പിന്നീട് ഇക്കാര്യത്തെക്കുറിച്ച് മിഥുൻ തമാശയായി പറയാറുള്ളത്. ഈ പൊലീസുകാരോട് മാത്രം തനിക്ക് ഇപ്പോഴും ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജോസഫ് മാഷ് പറയാറുണ്ട്.

ആസുത്രകർ കാണാമറയത്ത്

മറ്റൊരു കാര്യത്തിലും ജോസഫ് മാഷിന് വിഷമമുണ്ട്. വാക്കത്തി ഒന്നാം പ്രതിയാവുകയും വെട്ടിയവനെതിരെ ഒരു നടപടിയും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൈവെട്ടുകേസിലെ ആസുത്രകർ ഇപ്പോഴും കാണാമറയത്താണ്്. ഇതിൽ ഒളിവിൽ പോയ പല പ്രതികളും സ്വത്ത് കണ്ടുകെട്ടുമെന്ന് പ്രഖ്യാപനം വന്നതിനെ തുടർന്നാണ് കീഴടങ്ങിയത്. ഇങ്ങനെ 2015നുശേഷം കീഴടങ്ങിയ പ്രതികളുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്. അതുപോലെ തന്നെ കേസിലെ ഗൂഢാലോചകരെയും സൂത്രധാരനെയും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിലും വിദേശത്തും കേന്ദ്രീകരിച്ച വലിയ ഗൂഢാലോചന ഇതിന്റെ പിന്നിൽ നടന്നിട്ടുണ്ടെന്ന് തുടക്കം മുതൽ തന്നെ പൊലീസ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ആ രീതിയിലേക്കൊന്നും അന്വേഷണം പുരോഗമിച്ചില്ല. കൈവെട്ടിയ പ്രതികളും, അവരെ ഒളിൽവിൽ പാർക്കാൻ സഹായിച്ചവരുമായി കേസ് ഒതുങ്ങുകയായിരുന്നു.

എറ്റവും വിചിത്രം കേസിലെ മുഖ്യ പ്രതി ഇപ്പോഴും ഒളിവിലാണെന്നതാണ്. ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദ് (37) ഇപ്പോഴും എവിടെയാണെനന് ആർക്കും അറിയില്ല. അഫ്ഗാനിസ്ഥാനിൽ ആവും എന്നാണ് വിവിധ അന്വേഷണ ഏജൻസികളുടെ നിഗമനം. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച െ്രെകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായില്ല.

കേസിൽ പിന്നീടു കീഴടങ്ങിയ മുഖ്യസൂത്രധാരൻ എം.കെ.നാസറിനൊപ്പം സവാദിനെ നേപ്പാളിൽ കണ്ടതായുള്ള രഹസ്യവിവരം എൻഐഎക്കു ലഭിച്ചിരുന്നു. കേസിൽ നാസർ കീഴടങ്ങിയ ശേഷം സവാദ് അഫ്ഗാനിസ്ഥാനിലേക്കു കടന്നതായും വിവരം ലഭിച്ചു. ഹിമാലയത്തിൽ ഇവർ ഏറെക്കാലം ഒരുമിച്ചുണ്ടായിരുന്നു. കടുത്ത തണുപ്പിലുള്ള ജീവിതം അവരുടെ ശരീരപ്രകൃതി മാത്രമല്ല, മുഖഛായ വരെ മാറ്റിയിട്ടുണ്ടാവുമെന്നാണ് നിഗമനമെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. എം.കെ.നാസർ കീഴടങ്ങിയ ശേഷം തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പ്രതിയെ നേരിട്ട് അറിയാവുന്ന നാട്ടുകാർക്കും ലോക്കൽ പൊലീസിനും തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയിരുന്നു.

ഇതേ മാറ്റം സവാദിനും സംഭവിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അഫ്ഗാൻ സ്വദേശിയായി വ്യാജയാത്ര രേഖകൾ തരപ്പെടുത്തി മറ്റൊരു പേരിലായിരിക്കും വിദേശത്ത് സവാദ് കഴിയുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സഹായത്തോടെ എൻഐഎ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ കേസിൽ പിടിക്കപ്പെട്ട ചില പ്രതികളെ ചോദ്യം ചെയ്ത ഘട്ടത്തിൽ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണക്കടത്ത് റാക്കറ്റിന്റെ ഭാഗമായി സവാദുണ്ടെന്നും ആഫ്രിക്കയിലെ സ്വർണഖനികളിൽ നിന്നു സ്വർണം ദുബായിലേക്കു കടത്തുന്ന സംഘത്തിൽ സവാദിനെ കണ്ടിട്ടുണ്ടെന്നും ചില പ്രതികൾ മൊഴി നൽകിയായി മനോരമ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഈ മൊഴികളെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലും എൻഐഎ പരാജയപ്പെട്ടതോടെയാണു കണ്ടെത്താൻ സഹായിക്കുന്നവർക്കു 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എൻഐഎ അറിയിച്ചത്. സവാദിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിക്കുന്നവർ 0484 2349344, 9497715294 എന്നീ നമ്പറുകളിൽ അറിയിക്കാനാണ് അന്വേഷണ സംഘം അഭ്യർത്ഥിച്ചത്. പക്ഷേ സവാദ് ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. ജോസഫ്മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ ഇരകളെ മാത്രമാണ് പിടിക്കാനായത്. ആസൂത്രകരെ അല്ല.

ഇനി മതതേര ജീവിതത്തിലേക്ക്?

കൈവെട്ട് കേസിനുശേഷമുള്ള അനുഭവങ്ങൾ ജോസഫ് മാഷിന്റെ വ്യക്തിജീവിതത്തിലും ഏറെ മാറ്റം വരുത്തി. ഇടുക്കിയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ജോസഫ്, കൂലിപ്പണിവരെ എടുത്ത വ്യക്തിയാണ്. പാരലൽ കോളജിൽ പഠിപ്പിച്ച് അരഷ്ടിച്ച് ജീവിച്ചാണ് അദ്ദേഹം മഹാരാജാസിൽ പഠിച്ചതെന്ന് അത്മകഥയിൽ പറയുന്നുണ്ട്. അക്കാലത്തൊക്കെ തികഞ്ഞ വിശ്വാസിയായിരുന്നു അദ്ദേഹം. എന്നാൽ എല്ലാമതങ്ങളെയും ഉൾക്കൊള്ളുന്നത്ര വിശാലമായിരുന്നു അദ്ദേഹത്തിന്റെ മതബോധം. നേരത്തെ കുട്ടികൾക്കുള്ള എസ്സേ കോമ്പറ്റീഷനിലൊക്കെ പ്രവാചകനെക്കുറിച്ച് നല്ലകാര്യങ്ങൾ എഴുതിക്കൊടുത്ത അദ്ധ്യാപകനാണ് അദ്ദേഹം. ഒരു മതത്തിനെതിരെയും എന്തെങ്കിലും പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ അദ്ധ്യാപകനകാലത്ത് വിമർശനം ഉണ്ടായിട്ടില്ല. ഇതൊന്നും പരിഗണിക്കാതെയാണ് ചോദ്യപേപ്പർ വിവാദകാലത്ത് ജോസഫ് മാഷിനെ വേട്ടയാടിയത്. താൻ ഉൾപ്പെടുന്ന സഭപോലും അദ്ദേഹത്തെ പീഡിപ്പിക്കയാണ് ഉണ്ടായത്. പിന്നീട് ജോസഫ് മാസ്റ്റർ ഇട്ടചോദ്യത്തിൽ യാതൊരു തെറ്റുമില്ലെന്ന് ഹൈക്കോടതി വിധിച്ചു.

എന്നാൽ കൈവെട്ട് കേസിനുശേഷമുള്ള ചില തിരിച്ചറിവുകൾ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. പെട്ടെന്നല്ല ഘട്ടംഘട്ടമായി ഉണ്ടായ മാറ്റം ആണത്. ഇപ്പോൾ മത ജീവിതം ഉപേക്ഷിച്ച് പൂർണ്ണമായും മതേതര ജീവിതത്തിലേക്ക് കടന്നിരിക്കയാണ് അദ്ദേഹം. '' മതമല്ല, ശാസ്ത്രമാണ് ഇനിയുള്ള കാലത്ത് മനുഷ്യന് ആവശ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്ര നിയമങ്ങൾ പിന്തുടുന്ന ഒരു ജനതയല്ല, ശാസ്ത്രബോധമുള്ള ആധുനിക മനുഷ്യനായാണ് നാം മാറേണ്ടത്. ഇപ്പോൾ ഞാൻ മതം പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയല്ല. അടുത്തകാലത്തതായി മതപരമായ ചടങ്ങുകളിൽനിന്നെല്ലാം വിട്ടുനിൽക്കയാണ്. '' ജോസഫ് മാസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഈയിടെ തന്നെ ക്ഷണിച്ച എല്ലാ ചടങ്ങുകളിലും പ്രൊഫസർ ജോസഫ് ഏറെ സംസാരിച്ചതും മതേതരത്വത്തെക്കുറിച്ചാണ്. ''നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ്. അതായത് രാഷ്ട്രം ഒരു മതത്തെയും പ്രോൽസാഹിപ്പിക്കുന്നില്ല. എന്നാൽ മതവിശ്വാസികൾക്ക് അവരുടെ മതം പ്രചരിപ്പിക്കുന്നതിൽ തടസ്സമില്ല. അവർക്ക് അങ്ങനെ ഒരു സ്വാതന്ത്ര്യം കൽപ്പിച്ചുകൊടുത്തു എന്നേയുള്ളൂ. ആത്യന്തികമായിട്ട് ഒരു മതമില്ലാത്ത രാജ്യമാണ് നമ്മുടേത്. നമ്മുടെ ഭരണഘടന അങ്ങനെയാണ് എഴുതിവെച്ചിട്ടുള്ളത്. എന്നാൽ ഈ മതങ്ങളെല്ലാം കൂടി മതത്തിന് പ്രധാന്യമുള്ള രാജ്യമായി ഈ സ്വതന്ത്രഭാരതത്തെ മാറ്റുകയാണ് ഉണ്ടായത്.

ഇക്കാലത്തൊന്നും നടക്കാൻ സാധ്യതയില്ലാത്ത എന്റെ ആഗ്രഹം പറയാം. ഈ മതേതര രാജ്യത്ത് അദ്ധ്യാപകർ മതചിഹ്നങ്ങൾ അണിഞ്ഞുള്ള വേഷ വിതാനങ്ങളുമായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണമായി പുരോഹിത വേഷം, കന്യാസ്ത്രീ വേഷം. അതൊക്കെ ഇട്ടുകൊണ്ട്, സർക്കാറിന്റെ ശമ്പളം പറ്റിക്കൊണ്ട്, മതേതര രാജ്യമായ ഭാരതത്തില ഒരു വിദ്യാലയത്തിലും, ആളുകൾ അദ്ധ്യാപകരായി വർത്തിക്കരുത്. എന്നാലെ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു മതേതരരാജ്യമായി നമുക്ക് തുടരാൻ കഴിയുകയുള്ളൂ. അതുപോലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളും മതചിഹ്നങ്ങൾ അണിഞ്ഞുകൊണ്ട് പ്രവേശിക്കാൻ പാടില്ല. ഇത്തരത്തിലുള്ള നിയമം നിർബന്ധമായി ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. അതുപോലെ തന്നെ മതവിദ്യാഭ്യാസം. അച്ഛനമ്മാർ വീടുകളിൽനിന്ന് പാരമ്പര്യമായി പകർന്നുകിട്ടിയ കാര്യങ്ങൾ കുട്ടികളെ പഠിപ്പിച്ചോട്ടെ. പക്ഷേ പബ്ലിക്കായുള്ള ഇൻസ്റ്റിറ്റിയൂഷനുകൾ വഴിയുള്ള മതപഠനത്തെ പ്രോൽസാഹിപ്പിച്ച് കൊടുക്കാൻ സർക്കാറുകൾ തുനിയരുത്.

സർക്കാറിന്റെ നിയന്ത്രണമില്ലാതെ ഒരിക്കലും, മതപഠനം നടത്താൻ പാടില്ല. അതോക്കെ പാടേ നിഷേധിക്കണം. ഇപ്പോൾ മതപഠനത്തിനുവേണ്ടി സർക്കാർ കൊടുക്കുന്ന പെൻഷനും സാമ്പത്തിക സഹായങ്ങളും, മുഴുവനും എത്രയും വേഗം നിർത്തലാക്കണമെന്നാണ് ഒരു മതേതര വാദി എന്ന നിലയിൽ, ഇന്ത്യൻ ഭരണഘടനയെ ആദരിക്കുന്ന, അതിന്റെ അന്തസത്ത മനസ്സിലാക്കിയ ഒരു പൗരൻ എന്ന നിലയിൽ, എനിക്ക് പറയാനുള്ളത്.' ജോസഫ് മാഷ് പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ മത ജീവിതത്തിൽനിന്ന് മതേതര ജീവിതത്തിലേക്കുള്ള ഒരു യാത്രമാണ് പ്രൊഫസർ ജോസഫിന്റെ പരിണാമം. വെറുപ്പിന്റെ വ്യാപാരികൾക്കിടയിൽ, ഇത്രയേറെ അനുഭവിച്ചിട്ടും, സ്‌നേഹത്തിന്റെ പ്രവാചകനായി അയാൾ ജീവിക്കുന്നു.

വാൽക്കഷ്ണം: ഈയിടെയും ജോസഫ് മാസ്റ്റർ പറയുകയുണ്ടായി, കൈവെട്ട് കേസിന്റെ വിചാരണ സമയത്ത്, പ്രതികളുടെ മക്കൾ വിലങ്ങിട്ട കൈകളിൽ തൂങ്ങി കോടതിയിലൂടെ നടന്നപ്പോൾ വിഷമം തോന്നിയെന്ന്. അതാണ് മാനവികത. കേസിൽ ഒന്നാം ഘട്ട വിധി വന്നപ്പോൾ ചിരിച്ചുകൊണ്ട് നേരിട്ട അതേ പ്രതികളോടും ഈ അദ്ധ്യാപകൻ ക്ഷമിക്കുന്നു!