'' താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീ ചുരുളന്മുടിയും, കറുത്ത കരിങ്കൽ മുഖവും, നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികൾക്കൊരു അപവാദമായിരുന്നു.''- മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എൻ എസ് മാധവൻ തന്റെ വിഖ്യാതമായ ഹിഗ്വിറ്റ എന്ന കഥയിൽ, ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന സ്‌ക്കോർപ്പിയോൺ കിക്കിന്റെ തമ്പുരാനായ, ഗോളടിക്കുന്ന ഗോളിയെക്കുറിച്ച് വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ഗോൾവല കാക്കുക എന്ന ദൗത്യം മാത്രമായിരുന്നില്ല, ഹിഗ്വിറ്റക്ക് ഉണ്ടായിരുന്നത്. സെന്റർ ലൈൻവരെ കയറിക്കളിച്ച് പന്തുകൊടുക്കുന്ന ഹിഗ്വിറ്റ എന്ന കൊളംബിയൻ താരം 90കളിൽ ലോകമെമ്പാടുമുള്ള കാൽപ്പന്തുപ്രേമികളിൽ ആവേശം വിതച്ചു. ഒരേ സമയം ഭ്രാന്തനെന്നും ജീനിയസ് എന്നും അവർ അയാളെ വിളിച്ചു. ഇന്ന് ഈ 56ാം വയസ്സിൽ കൊളംമ്പിയയിലെ അറ്റ്ലറ്റിക്കോ നാസിയോണൽ എന്ന താൻ കളിച്ചുവളർന്ന ഫുട്ബാൾ ക്ലബിന്റെ ഗോൾ കീപ്പർ കോച്ചായി സേവനമനുഷ്ഠിക്കുന്ന, സാക്ഷാൽ ഹിഗ്വിറ്റ അറിയുന്നില്ല, വൻകരകൾക്കിപ്പുറം കേരളം എന്ന കൊച്ചു പ്രദേശത്ത് തന്നെ ചൊല്ലി വലിയ വിവാദങ്ങൾ നടക്കുകയാണെന്ന്!

ഹേമന്ദ് നായർ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിന് 'ഹിഗ്വിറ്റ' എന്ന പേരിട്ടതിനെ ചൊല്ലി സാഹിത്യകാരൻ എൻ എസ് മാധവൻ ഉയർത്തിയ വിവാദങ്ങൾ കത്തിപ്പടരുകയാണ്. വിവാദമുയർന്നതോടെ സംസ്ഥാനത്തെ സാഹിത്യ- സാംസ്‌കാരിക ലോകം രണ്ടു ചേരിയിലായിക്കഴിഞ്ഞു. പ്രശ്സത കവി സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവർ മാധവനെ പിന്തുണക്കയാണ്. തന്റെ കഥയുടെ പേര് ഉപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയ എൻഎസ് മാധവന്റെ നിലപാടിനെ അംഗീകരിച്ച് സിനിമയുടെ പേര് മാറ്റണമെന്ന നിർദ്ദേശം ഫിലിം ചേംബർ നൽകിക്കഴിഞ്ഞു. ഇതിനുപിന്നാലെ ഫിലിംചേംമ്പർ നിലപാടിനെതിരെയും മാധവന് എതിരെയും വിമർശനവുമായി സംവിധായകൻ വേണു രംഗത്തെത്തി. ചെറുകഥക്ക് എൻ എസ് മാധവൻ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോയെന്നാണ് വേണു ചോദിച്ചത്.

ഇതോടെ എൻഎസ് മാധവനില്ലായിരുന്നുവെങ്കിൽ ഹിഗ്വിറ്റയെ കേരളത്തിലാരും ആരുമറിയില്ലായിരുന്നുവെന്ന അവസ്ഥയിലേക്ക് വിവാദങ്ങൾ എത്തി. പക്ഷേ സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും മാധവന് എതിരാണ്. കാരണം മാധവൻ 95ൽ ഹിഗ്വിറ്റ എന്ന കഥ എഴുതുന്നതിന് എത്രയോ മുമ്പുതന്നെ, കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിടയിൽ പ്രശസ്തനായിരുന്നു, ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ആ ഭ്രാന്തൻ ഗോളി. പക്ഷേ മാധവന്റെ ഹിഗ്വിറ്റ എന്ന കഥയിൽ ഹീറോയാണ് അയാൾ. ളോഹയിട്ട് ഒതുങ്ങേണ്ടതിന് പകരം തന്റെ സഹായം തേടിയെത്തുന്ന പെൺകുട്ടിയെ രക്ഷിക്കാനായി ഒരാളെ അടിച്ചൊതുക്കുന്ന ഗീവർഗീസച്ചന്റെ പ്രതിപുരുഷനാണ് കഥയിൽ ഹിഗ്വിറ്റ. ഗോൾവലകാക്കുക എന്ന ദൗത്യമുള്ളപ്പോഴും കയറക്കളിച്ച് ഗോളടിക്കുന്ന ഹിഗ്വിറ്റയെയാണ്, ആ കളിക്കാരന്റെ കട്ട ഫാൻ കൂടിയായ ഗീർവർഗീസച്ചനിലുടെ മാധവൻ പ്രതീകവത്ക്കരിക്കുന്നത്. കളി നിയമങ്ങൾ തകിടം മറിച്ച് റെനെ ഹിഗ്വിറ്റ എന്ന ഗോളിയെപ്പോലെ സഭയുടെ നിയമങ്ങൾ തെറ്റിക്കുന്ന ഒരു വൈദികൻ ആണ് കഥയിലെ പ്രമേയം.

പക്ഷേ യഥാർഥ ജീവിത്തിൽ ഈ കഥയിലെപ്പോലെ ഹീറോയല്ല ഹിഗ്വിറ്റ. തട്ടിക്കൊണ്ടുപോകൽ മുതൽ കൊലപാതകം വരെ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു ക്രമിനൽ പശ്ചാത്തലം അയാൾക്കുണ്ട്. ഗായകനും ടെലിവിഷൻ താരം എന്നീ നിലകളിൽ എല്ലാം അരക്കെ നോക്കിയ ഈ കിറുക്കൻ കൊളംബിയൻ ഡ്രഗ് കാർട്ടലിന്റെ ഇടനിലക്കാരനാണെന്നും ആക്ഷേപയുർന്നിട്ടുണ്ട്. പാബ്ലോ എസ്‌ക്കോബാർ എന്ന ലോകം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് രാജാവിന്റെ അടുത്ത സുഹൃത്തായിരുന്നു ഹിഗ്വിറ്റയെന്നതിനും തെളിവുകൾ ഉണ്ട്. പലപ്പോഴും തോക്കെടുത്തിട്ടുണ്ടെന്നും, എസ്‌കേകാബാറിന്റെ കാലത്ത് ഒരു സെമി ഡോൺ ആയിരുന്നു ഹിഗ്വിറ്റയെന്നും കൊളംബിയൻ പത്രങ്ങൾ എഴുതിയിട്ടുമുണ്ട്. പക്ഷേ എസ്‌ക്കോബാറിന്റെ മരണത്തോടെ അയാൾ എല്ലാം വിട്ടുവെന്നതും സത്യമാണ്. നായകനാണോ, പ്രതിനായകനാണോ എന്ന് ഇനിയും തീരുമാനിക്കാൻ കഴിയാത്തവിധം, വിചിത്രവും സങ്കീർണ്ണവുമാണ് ഹിഗ്വിറ്റയുടെ ജീവത കഥ.


ദരിദ്ര ബാലനിൽനിന്ന് ലക്ഷ പ്രഭുവിലേക്ക്

ലോക പ്രശ്സത കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയൽ ഗാർസിയ മാർകേസിന്റെ രചനകൾ വായിച്ചാൽ അറിയാം ആ രാജ്യത്ത് നിലനിന്നിരുന്ന അരാജകത്വത്തിന്റെ അളവ്. ആഭ്യന്തര യുദ്ധങ്ങളും, മയക്കുമരുന്ന് രാജക്കാന്മ്മാരും ഒക്കെയായി കലുഷിതമാക്കിയ ഒരു രാജ്യത്താണ് ഹിഗ്വിറ്റ പിറന്നു വീഴുന്നത്. ( ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നൊബേൽ സമ്മാനം കിട്ടിയ നോവലിൽ മാജിക്കൽ റിയലിസത്തിലൂടെ താൻ എഴുതിയ കാര്യങ്ങൾ ഒക്കെയും കൊളമ്പിയയിൽ സംഭവിച്ചാതണെന്ന് മാർകേസ് പറഞ്ഞിരുന്നു) എങ്ങും ദാരിദ്ര്യം നിലനിന്നിരുന്ന ആ നാട്ടിൽ, 1966 ഓഗസ്റ്റ് 27ന്, ആന്റിയോക്വിയയിലെ മെഡെലിനിൽ ജോർജ് സപാറ്റയുടെയും, മരിയ ഡയോസെലിന ഹിഗ്വിറ്റയുടെയും മകനാണ് ജനനം. ഒരു കുടുംബപ്പേരാണ് ഹിഗ്വിറ്റയെന്നത്. ആ നാട്ടിൽ ഒരുപാട് ഹിഗ്വിറ്റമാർ ഉണ്ട്. ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്നാണ് നമ്മുടെ നായകന്റെ മുഴവൻ പേര്.അവൻ കുട്ടിയായിരുന്നപ്പോൾ പിതാവ് കുടുംബം ഉപേക്ഷിച്ചു, അതിനാൽ അവനെ വളർത്തിയത് അമ്മയാണ്. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു. മുത്തശ്ശിയാണ് പിന്നീട് വളർത്തിയത്.

ഫലത്തിൽ ഒരു അനാഥനെപ്പോലെയായിരുന്നു ഹിഗ്വിറ്റയുടെ ബാല്യം. നല്ല ഭക്ഷണങ്ങളില്ല, വസ്ത്രങ്ങളില്ല. പക്ഷേ ഒന്നു മാത്രം ഉണ്ടായിരുന്നു. തെരുവുകളിൽ മുഴുവൻ ഫു്്ട്ബോൾ. അങ്ങനെ തെരുവിന്റെ ബാലനായി അവൻ കളിച്ച് വളർന്നു. അക്കാലത്ത് കളിക്കാൻ ആളുകുറയുമ്പോൾ ഒക്കെ ഹിഗ്വിറ്റ ഒരേ സമയം ഗോൾകീപ്പറും മിഡ്ഫീൽഡറുമാവും. ഫേർവേഡുകൾക്ക് ഗോൾ അടിക്കാൻ കഴിയാതാവുമ്പോൾ ഗോളിയായ ഹിഗ്വിറ്റ കയറി ഗോളടിക്കും. അങ്ങനെ വളരെ ചെറുപ്പത്തിൽ തന്നെ അയാൾ ഫുട്ബോളിൽ തന്റെ പരീക്ഷണങ്ങൾ ആവർത്തിച്ചു.

ഹിഗ്വിറ്റ മില്ലോനാരിയോസ് ക്ലബിനൊപ്പമാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 1986-ൽ അത്‌ലറ്റിക്കോ നാസിയോണലിലേക്ക് മാറി. ആ ക്ലബ് ആണ് ഹിഗ്വിറ്റയുടെ പ്രതിഭയെ തേച്ച് മിനുക്കി ലോകോത്തരമാക്കിയത്. തന്റെ ക്ലബ് കരിയറിന്റെ ഭൂരിഭാഗവും ഈ കൊളംബിയൻ ടീമിനൊപ്പം അദ്ദേഹം കളിച്ചു. രണ്ട് തവണ കൊളംബിയൻ ലീഗും, കോപ്പ ലിബർട്ടഡോഴ്‌സ്, കോപ്പ ഇന്റർ അമേരിക്കാന എന്നിവയും നേടാൻ ടീമിനെ സഹായിച്ചു. 1989ൽ. അവരെ വിട്ടുപിരിഞ്ഞ ശേഷം, റയൽ വല്ലാഡോളിഡിനൊപ്പം ഒരു സീസണിൽ കളിക്കാൻ അദ്ദേഹം സ്പെയിനിലേക്ക് പോയി. നാല് വർഷത്തേക്ക് അത്ലറ്റിക്കോ നാസിയോണലിക്കേ് മടങ്ങിയെത്തി. ഇടക്ക് മെക്സിക്കോയിലേക്ക് പോയി.

ക്ലബ് ഫുട്ബോ്ളിൽ ഹിഗ്വിറ്റ ഒരു തരംഗമായി. നീളൻ തലമുടി ഒതുക്കിയുള്ള ഓട്ടവും, തേളിനെപ്പോലെ കാൽ പിറകോട്ട് വെച്ചുള്ള സ്‌കോർപ്പിയോൺ കിക്കും, എതിരാളികളെ വെട്ടിച്ച് കയറുന്ന ഗോളി എന്ന ഇമേജും, പതിനായിരങ്ങളെ ത്രസിപ്പിച്ചു. അതോടെ കൊളംബിയയിലെ ഏറ്റവും വിലപിടച്ച താരമായ അയാൾ മാറി. ലക്ഷങ്ങളാണ് അക്കാലത്ത് അദ്ദേഹത്തിന്റെ കൈയിലൂടെ മറിഞ്ഞത്. അതിൽ ഭൂരിഭാഗവും മദ്യശാലകളിലും ചൂതാട്ടകേന്ദ്രങ്ങളിലും കാമുകിമാർക്കുമൊക്കെയായി ചെലവിട്ട് അയാൾ ജീവിതം ആഘോഷിക്കുകയും ചെയ്തു.

ഗോളടിക്കുന്ന ഗോളി

കൊളംബിയൻ ദേശീയ ടീമിന് വേണ്ടി 68 അന്തർദേശീയ മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഇദ്ദേഹം. ഗോളിയായിരുന്നിട്ടും മൂന്നു ഗോളുകളും നേടിയിട്ടുണ്ടെന്നുള്ളതാണ് അത്ഭുതം. ഗോളടിക്കുന്ന ഗോളിയെന്ന ഓമനപ്പേരിൽ ഫുട്ബോൾ ലോകത്തെ വേറിട്ട കളിക്കാരനായി ഹിഗ്വിറ്റ സ്ഥാനമുറപ്പിക്കുന്നു. ഫ്രീകിക്കുകളിൽ നിന്നും പെനാൽറ്റികളിൽ നിന്നുമാണ് ഹിഗ്വിറ്റ തന്റെ ഗോളുകൾ നേടിയിട്ടുള്ളത്. ഗോൾമുഖം കടന്ന് മൈതാനമധ്യത്തിലേക്കിറങ്ങി അക്രമിച്ചു കളിക്കുന്ന ആ കളിമികവ് പലപ്പോഴും എതിർടീമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

1990-ലെ ഫിഫ ലോകകപ്പിലാണ് ഹിഗ്വിറ്റ ലോകത്തിന്റെ അരുമയായത്. കൊളംബിയ ആദ്യമായി പ്രീക്വാർട്ടറിൽ എത്തുതും അന്നാണ്. അതിൽ ഹിഗ്വിറ്റയുടെ പങ്ക് വലുതായിരുന്നു. രാജ്യത്തെ ആദ്യമായി ക്വാർട്ടർ ഫൈനലിലേക്ക് നയിക്കുന്നതിൽ ഹിഗ്വിറ്റ പ്രധാന പങ്കാണ് വഹിച്ചത്. കാർലോസ് വാൽഡെറാമ, ഫൗസ്റ്റിനോ ആസ്പ്രില്ല, ആൻഡ്രേസ് എസ്‌കോബാർ, ഫ്രെഡി റിങ്കൺ, ലിയോണൽ അൽവാരസ് തുടങ്ങിയ പ്രതിഭകൾ ഏറെയുള്ള ടീം ആയിരുന്നു അത്. കാർലോസ് വാൽഡെറാമ കൊളംബിയൻ മാറഡോണ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആദ്യ മത്സരങ്ങിലെ അസാധാരണ ജയം കുടിയായതോടെ കൊളംബിയ ഇത്തവണ കപ്പടിക്കും എന്ന രീതയിൽവരെ പ്രവചനങ്ങൾ വന്നു.

എന്നാൽ ഹിഗ്വിറ്റയുടെ അസാധാരണമായ കളി ശൈലി തന്നെയാണ് അന്ന് അന്ന് കൊളംബിയയെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതും. കാമറൂൺ സ്‌ട്രൈക്കർ റോജർ മില്ലയുമായുള്ള കളിയിലെ പോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. മൈതാന മധ്യത്തിലേക്കിറങ്ങി പന്ത് പിടിച്ചെടുത്ത് കളിച്ച് കാമറൂൺ കളിക്കാരെ പരിഹസിച്ച ഹിഗ്വിറ്റയിൽ നിന്ന് റോജർ മില്ല പന്ത് റാഞ്ചിയെടുത്ത് ഗോളാക്കുകയായിരുന്നു. ഈ ഗോൾ കൊളംബിയയ്ക്ക് ലോകകപ്പിന് പുറത്തേക്കുള്ള വഴി തുറന്നപ്പോൾ കാമറൂണിനെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചു.

ഗോൾമുഖം കാക്കുന്നതിൽ വ്യത്യസ്ത ശൈലി സ്വീകരിച്ച ഇദ്ദേഹത്തിന്റെ തേൾ കിക്ക് അഥവാ സ്‌കോർപ്പിയൻ കിക്ക് അതി പ്രശസ്തമാണ്. 1995 സെപ്റ്റംബർ 6- ന് വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ഒരു സൗഹൃദ മത്സരത്തിനിടെയാണ് ഹിഗ്വിറ്റയുടെ സ്‌കോർപ്പിയൻ സേവും ലോകം കണ്ടു. ഇംഗ്ലണ്ടിന്റെ ജാമി റെഡ്‌നാപ്പിന്റെ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടയിൽ ഹിഗ്വിറ്റ സ്‌കോർകപിയൻ കിക്കിലുള്ള തന്റെ വൈദഗ്ധ്യം പുറത്തെടുക്കുകയായിരുന്നു. ഉയർന്നു ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി വന്ന പന്തിനെ വായുവിൽ തറനിരപ്പിന് സമാന്തരമായി പൊങ്ങി കാലുകൾ പിറകിലേക്ക് വളച്ച് തട്ടിയകറ്റുകയായിരുന്നു. 2002 - ൽ ചാനൽ 4 ന്റെ 100 മികച്ച കായിക മുഹൂർത്തങ്ങളിൽ ഹിഗ്വിറ്റയുടെ സ്‌കോർപ്പിയൻ കിക്കും ഉണ്ടായിരുന്നു. ലോകകപ്പിൽ ഒരു കൊളംബിയൻ കീപ്പർ തോൽക്കാതെ ഏറ്റവും കൂടുതൽ കാലം കളിച്ച റെക്കോർഡ് ഹിഗ്വിറ്റയ്ക്കാണ്. 1990-ൽ അദ്ദേഹം 165 മിനിറ്റ് ഗോൾ വഴങ്ങാതെ കളിച്ചു.


ഡ്രഗ് കാർട്ടലിന്റെ ഇടനിലക്കാരൻ

കൊളംബിയയിൽ ഫുട്ബോളിനെ നിയന്ത്രിക്കുന്നത് അന്നും ഇന്നും സത്യത്തിൽ മയക്കുമരുന്ന് മാഫിയയും വാതുവെപ്പ് സംഘങ്ങളം തന്നെയാണെന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും ലഹരിയുടെയുമൊക്കെ ഉപാസകനായിരുന്ന ഹിഗ്വിറ്റക്കും അതിൽനിന്ന് മാറിനിൽക്കാൻ അയിട്ടില്ല. 90ലെ ലോകകപ്പിൽ കളി തോറ്റത് ഹിഗ്വിറ്റയുടെ പിഴവിൽ നിന്നായിരുന്നു. എന്നിട്ടും വാതുവെപ്പു സംഘങ്ങൾ അയാളെ വെറുതെ വിട്ടതിന് ഡ്രഗ് കാർട്ടൽ രാജാവ് പാബ്ലോ എസ്‌ക്കോബാർ അയാളുടെ സുഹൃത്ത് ആയതുകൊണ്ട് മാത്രമാണെന്ന് പറയുന്ന മാധ്യമങ്ങളും ഉണ്ട്.

എന്തായാലും 90ലെ ലോകകപ്പ് തോൽവിക്ക് ശേഷം കടുത്ത വിമർശന ശരങ്ങളുമായി നാട്ടിൽ തിരിച്ചെത്തിയ ഹിഗ്വിറ്റ, ഡ്രഗ് കാർട്ടലുകളുടെ ഇടനിലക്കാരനായി എന്ന ആക്ഷേപം ഉണ്ട്. തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ടതിനെ തുടർന്ന് 1993-ൽ ഹിഗ്വിറ്റ ജയിലിലുമായി. പാബ്ലോ എസ്‌കോബാർ, കാർലോസ് മോളിന എന്നിവരുടെ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നായിരുന്നു ആരോപണം. മോളിനയുടെ മകളെ എസ്‌കോബാർ സംഘം തട്ടിക്കൊണ്ടുപോയപ്പോൾ മോചനത്തിനായി ഇടനിലക്കാരൻ ആയത് കയറിക്കളിക്കുന്ന ഈ ഗോൾകീപ്പർ തന്നെ ആയിരുന്നു. ഇതിനായി വലിയ തുക പ്രതിഫലം കിട്ടിയതാണ് ഹിഗ്വിറ്റയെ കുടുക്കിയത്. തട്ടിക്കൊണ്ടുപോകലിൽ നിന്ന് ലാഭം നേടുന്നതുകൊളംബിയൻ നിയമപ്രകാരം കുറ്റകരമാണ്. അതിനാൽ അയാൾ ഏഴ് മാസം തടവിലായി. കേസ് പിന്നീട് തള്ളിപ്പോയി. ഇതോക്കുറിച്ച് ഹിഗ്വിറ്റ ഇങ്ങനെ പറഞ്ഞു. ''ഞാനൊരു ഫുട്ബോൾ കളിക്കാരനാണ്, തട്ടിക്കൊണ്ടുപോകൽ നിയമങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു''. പക്ഷേ ഹിഗ്വിറ്റ പറയുന്നത കളവാണെന്നാണ് കൊളംബിയയിലെ ടാബ്ലോയിഡുകൾ പറയുന്നത്. അക്കാലത്ത് തോക്കെടുക്കുന്ന ഒരു ഡോൺ തന്നെ ആയിരുന്ന ഹിഗ്വിറ്റയെന്നാണ് ഇവർ പറയുന്നത്.

'ദ ടു എസ്‌കോബാർസ്', ഇഎസ്‌പിഎൻ ഡോക്യുമെന്ററിയിൽ ഇക്കാര്യം പറയുന്നുണ്ട്. ഹിഗ്വിറ്റ, ജയിലിൽ കിടന്നിരുന്ന സമയത്ത് പാബ്ലോ എസക്കോബാർ അദ്ദേഹതെത്ത സന്ദർശിച്ചിരുന്നു. എന്നാൽ എസ്‌ക്കോബാറിന്റെ പേരിലാണ് താൻ അകത്തായതതെന്നും, ചോദ്യം ചെയ്യലിൽ തന്നോട് ചോദിച്ചതെല്ലാം അയാളെക്കുറിച്ച് മാത്രമാണെന്നുമാണ് ഹിഗ്വിറ്റ പറയുന്നത്. ഈ തടവുശിക്ഷ കാരണം ഹിഗ്വിറ്റ 1994 ഫിഫ ലോകകപ്പിന് യോഗ്യനതായി. പിന്നെ അദ്ദേഹത്തിന് ലോകകപ്പിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. 2004 നവംബർ 23-ന് ഇക്വഡോറിയൻ ഫുട്ബോൾ ക്ലബ്ബായ ഓക്കാസിന് വേണ്ടി കളിക്കുമ്പോൾ കൊക്കെയ്ൻ പോസിറ്റീവ് ആയതും വൻ തിരിച്ചിടിയാണ്.

2005ൽ ഹിഗ്വിറ്റ റിയാലിറ്റി ടിവി പ്രോഗ്രാം ഷോകളിലേക്ക് കളം മാറ്റി. തന്റെ രൂപം പൂർണ്ണമായും മാറ്റുന്നതിനായി പ്ലാസ്റ്റിക് സർജറിക്ക് വിധേയനായതും വാർത്തയായിരുന്നു. എവിടെപ്പോയാലും തന്റെ ഈ എക്സെൻട്രിക്ക് സ്വഭാവം കാരണം ഹിഗ്വിറ്റ വലിയ തലക്കെട്ടുകൾ ആകർഷിച്ചു. 2007 ജൂലൈ 21-ന് രാജ്യന്തര ഫുട്ബോളിൽനിന്നുള്ള വിരമിക്കലിന് ശേഷം വെനസ്വേലൻ ക്ലബ്ബായ ഗ്വാറോസ് എഫ്‌സിയിൽ അദ്ദേഹം കളിച്ചു. 2008 ജനുവരിയിൽ, 41 വയസ്സുള്ളപ്പോൾ, കൊളംബിയൻ രണ്ടാം ഡിവിഷൻ ടീമായ ഡിപോർട്ടീവോ റിയോനെഗ്രോയ്ക്കായി അദ്ദേഹം കരാർ ഒപ്പുവച്ചു. 2008 ജൂണിൽ ഹിഗ്വിറ്റ മറ്റൊരു കൊളംബിയ ടീമായ ഡിപോർട്ടീവോ പെരേരയിയിലേക്ക് മാറി. ഒടുവിൽ 2010 ജനുവരി 25-ന് ക്ലബ് ഫുട്ബോളിൽനിന്ന് വിരമിച്ചു. ഇപ്പോൾ വിവിധ ടീമുകളുടെ കോച്ചായി സേവനമുനുഷ്ഠിക്കുന്നു.

ഇപ്പോൾ അധോലോക പ്രവർത്തനം പൂർണ്ണമായി വിട്ടു. ഇടക്ക് രാഷ്ട്രീയമായി സജീവമാകാനുള്ള ആഗ്രഹം ഹിഗ്വിറ്റ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ആരാധകർ അദ്ദേഹത്തെ കാണാനും ഫോട്ടോ എടുക്കാനും എത്തുന്നുണ്ട്. ഈ 56ാം വയസ്സിലും സിഗാറും, ബിയറും, സംഗീതവും, ഫുട്ബോളുമായി അയാൾ ജീവിതം ആസ്വദിക്കുന്നു.

സെൽഫ് ഗോൾ എടുത്ത ജീവൻ

ജീവതത്തിലെ ഏറ്റവു വലിയ ദുരന്തം ഏതാണെന്ന് ഇഎസ്‌പിഎൻ ചാനലുകാർ ചോദിച്ചപ്പോൾ, ഹിഗ്വിറ്റ പറയുന്നത്, 94ലെ ലോകകപ്പിൽ ഒരു സെൽഫ് ഗോളിന്റെ പേരിൽ കൊല്ലപ്പെട്ട ആന്ദ്രേ എസ്‌ക്കോബാർ എന്ന സുഹൃത്തിനെ കുറിച്ചാണ്. കൊളംബിയൻ ഡ്രഗ് കാർട്ടലിന്റെ ഇരകൂടിയായിരുന്നു ആന്ദ്രേ. ആരോടും ഒന്നിനും പോകാത്ത ആ സാധുവിന്റെ മരണം തന്നെ ഉലച്ചുകളഞ്ഞു എന്നാണ് ഹിഗ്വിറ്റ പറയാറുള്ളത്.

ഒരുപക്ഷേ തന്റെ സുഹൃത്തും മയക്കുമരുന്ന് രാജാവുമായ പാബ്ലോ എസ്‌ക്കോബാർ ജീവിച്ചിരുന്നെങ്കിൽ ആന്ദ്രേ കൊല്ലപ്പെടില്ലായിരുന്നു എന്നും ഹിഗ്വിറ്റ പറയുന്നുണ്ട്. 93ൽ പൊലീസ് പിടികൂടിയ പാബ്ലോ എസക്കോബാർ എല്ലാവരെയും ഞെട്ടിച്ച് ജയിൽ ചാടി. പക്ഷേ വൈകാതെ തന്നെ അയാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അതുവരെ പാബ്ലോ നിയന്ത്രിച്ചിരുന്ന കൊളംബിയൻ അധോലോകത്ത് അതോടെ തികച്ച അരാജകത്വമായി. ഡ്രഗ് കാർട്ടലുകൾ തമ്മിലുള്ള ഗ്യാങ്ങ് വാറുകൾ പതിവായി. കൊളംബിയയിലെ തെരുവുകളിൽ ചോര ഒരു പാട് ഒഴുകി.

ഈ സമയത്താണ് 94ലെ ലോകകപ്പ് വരുന്നത്. അന്ന് തട്ടിക്കൊണ്ടുപോകൽ കേസിൽ ;്രപതിയായി ജയിലിൽ ആയതിനാൽ ഹിഗ്വിറ്റ് ആ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. പക്ഷേ സാക്ഷൽ പെലേപോലും ഇത്തവണ കപ്പ് കൊളംബിയ നേടുമെന്ന് പറഞ്ഞതോടെ ആവേശം ഇരട്ടിയായി. ഡ്രഗ് കാർട്ടലുകൾ നിയന്ത്രിക്കുന്ന വാതുവെപ്പ് സംഘങ്ങൾ ഓരോ മത്സരത്തിനും വേണ്ടി കോടികൾ ആയിരുന്നു മുടക്കിയിരുന്നത്. പക്ഷേ ആദ്യ മത്സരത്തിൽതന്നെ കൊളംബിയ, താരതമേന ദുർബലരായ റുമേനിയയോട് തോറ്റു. യു എസുമായുള്ള രണ്ടാം മത്സരത്തിലാണ് ആന്ദ്രേ എസ്‌ക്കോബാറിന്റെ വിവാദമായ സെൽഫ് ഗോൾ ഉണ്ടാകുന്നത്. അമേരിക്കയുടെ ജോൺ ഹാർക്കറിന്റെ ക്രോസ് തടയാൻ എസ്‌ക്കോബാർ കാൽവെച്ചപ്പോൾ പന്ത് കയറിയത് ഗോൾ പോസ്റ്റിൽ. ലോകം തരിച്ച് നിന്ന സെൽഫ് ഗോൾ. അതോടെ വീര്യം തളർന്നുപോയ കൊളംബിയ ദുർബലരായ അമേരിക്കയോട് 2-1 തോറ്റ് പുറത്തായി. അവസാന മത്സരത്തിൽ സ്വിറ്റ്സർലണ്ടിനെ തകർത്തെങ്കിലും അതുകൊണ്ട് ഒരു കാര്യവും ഉണ്ടായില്ല.

അതോടെ ആന്ദ്രേ എസ്‌ക്കോബാർ എന്ന ഒന്നാന്തരം കളിക്കാരന്റെ വിധി തീരുമാനിക്കപ്പെട്ടിരുന്നു. 94 ജൂലൈ 2ന് കൊളംബിയയിലെ ഒരു ബാറിൽ വാതുവെപ്പു സംഘം അയാളുടെ നേർത്ത് തുരുതുരാ വെടിയുതിർത്തു. ഒരോതവണ വെടി വീഴുമ്പോഴും ഗോൾ, ഗോൾ, ഗോൾ എന്ന് ആർത്ത് വിളിച്ചാണ് അവർ ആ കൃത്യം ചെയ്തത്. എസ്‌കോബാറിന്റെ മരണം ഇന്നും മറക്കാൻ കഴിയുന്നില്ല എന്നാണ് ഹിഗ്വിറ്റ പറയാറുള്ളത്. അയാളുടെ സുഹൃത്തുക്കളായ രണ്ട് എസ്‌ക്കോബർമാരും വെടിയേറ്റുതന്നെ മരിച്ചു.

മാറഡോണയുടെ അടുത്ത സുഹൃത്ത്

ഒരു സെലിബ്രിറ്റി ഫുട്ബോളർ ആയ ഹിഗ്വിറ്റക്ക് ലോകത്തിൽ എവിടെപോയാലും ആരാധകർ ഉണ്ട്. ഡീഗോ മാറഡോണ അടക്കമുള്ള പ്രമുഖരുടെ അടുത്ത സുഹൃത്തായിരുന്നു ഇദ്ദേഹം. 90ലെ പരാജയം മാനേജ് ചെയ്യുന്നതിനായി ഇരുവരും ഒരു കരീബിയൻ ദ്വീപിൽപോയി മാസങ്ങളോടും, കാസ്ട്രോ കൊടുത്തയച്ച പ്രത്യേക ചുരുട്ടും വലിച്ച് എകാന്തവാസം അനുഭവിച്ച കഥയുണ്ട്. ഹിഗ്വിറ്റയെ കാണാൻ ഹോട്ടലിന് പുറത്ത് വിദേശത്തുനിന്നുള്ള സുന്ദരികൾ ക്യൂ നിൽക്കുകയായിരുന്നുവെന്നാണ് ചില പത്രങ്ങൾ അക്കാലത്ത് എഴുതിയത്. വിദേശരാജ്യങ്ങളിലെ ബാറുകളിൽ സ്ത്രീകൾക്ക് മാത്രമായി തന്റെ സ്‌കോർപ്പിയോൺ കിക്ക് അടിച്ച് കാണിക്കുകയും അക്കാലത്തെ അയാളുടെ ഹോബിയാണത്രേ. ഇങ്ങനെ ജീവിതം എല്ലാ അർത്ഥത്തിലും ആഘോഷിച്ചയാളാണ് ഹിഗ്വിറ്റ. മാറഡോണക്ക് അനധികൃതമായി തോക്ക് എത്തിച്ചതും ഹിഗ്വിറ്റയാണെന്ന് പറഞ്ഞുകേൾക്കുന്നു.

അതേസമയം ഫുട്ബാളിലെ ഈ ഭ്രാന്തൻ ശൈലിയുടെ പേരിൽ എതിരാളികളും ഹിഗ്വിറ്റക്ക് ഏറെയുണ്ട്. ഹിഗ്വിറ്റ ഒരു കൾട്ട് ആവുകയാണെങ്കിൽ ഗോൾ കീപ്പിങ്ങിന്റെ നിലവാരം തീർത്തും താഴെപ്പോയെനെ എന്ന് പല പ്രമുഖരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോജർ മില്ല മുനയൊടിച്ചില്ലായിരുന്നെങ്കിൽ ഹിഗ്വിറ്റയെ അനുകരിച്ച് ധാരാളം താരങ്ങൾ ഉണ്ടാവുമായിരുന്നു. ഒരു ഗോൾ കീപ്പർ എന്ന നിലയിൽ പിടിപ്പത്് ഉത്തരവാദിത്വങ്ങൾ ഉള്ള സമയത്ത്, ചീപ്പ് ഷോയ്ക്ക് വേണ്ടിയായിരുന്നു ഹിഗ്വിറ്റയുടെ കയറിക്കളി എന്നാണ് വിമർശനം. അതുപോലെ കാണികളുടെ കൈയടിക്കുവേണ്ടി സ്ഥാനത്തും അസ്ഥാനത്തും ഹിഗ്വിറ്റ തന്റെ സ്‌കോർപ്പിയോൺ കിക്ക് പുറത്തെടുക്കും. ഇത് പലപ്പോഴും ടീമിനെ അപകടത്തിലാക്കും. ഏൽപ്പിച്ച പണി ചെയ്യാതെ ഹീറോ കളിച്ച് ടീമിനെ തോൽപ്പിക്കുന്ന, ആവശ്യമില്ലാത്തിടത്ത് കളിക്ക് പകരം സർക്കസ് കാണിക്കുന്ന, ഒരു ടീം ഗെയിമിന് വേണ്ട അടിസ്ഥാന അച്ചടക്കമില്ലാത്ത, ഒരു രണ്ടാം തരം ഫുട്ബോളറായി ഹിഗ്വിറ്റയെ വിലയിരുത്തുന്ന സ്പോർട്സ് ലേഖകരും ഉണ്ട്. പക്ഷേ ഇങ്ങനെ കയറിക്കളിക്കാതെ ഗോൾ കീപ്പിങ്ങിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കിൽ ഹിഗ്വിറ്റ ഇന്നുള്ളതിന്റെ എത്രയോ ഇരട്ടി കഴിവുള്ള കളിക്കാരായി അറിയപ്പെടുമായിരുന്നുവെന്നാണ്, പല ഫു്ടബോൾ വിശകലന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

പക്ഷേ ഇത് ഹിഗ്വിറ്റയാണ്. ഉന്മാദം അയാളുടെ സിരകളിൽ ഉള്ളതാണ്. അയാൾക്ക് തുല്യൻ അയാൾ മാത്രമേയുള്ളൂ.

മാധവന്റെത് വികല വാദങ്ങൾ

ഹിഗ്വിറ്റയുടെ ജീവതത്തിൽനിന്ന് കേരളത്തിലെ വിവാദത്തിലേക്ക് വന്നാൽ സാഹിത്യകാരൻ എൻ എസ് മാധവന്റെത് വെറും വികല വാദങ്ങൾ ആണെന്ന് പറയേണ്ടി വരും. കാരണം ഹിഗ്വിറ്റ എന്ന ജീവിച്ചിരിക്കുന്ന മുനുഷ്യന്റെ പേറ്റന്റ് ആർക്കുമില്ല. മാധവൻ എഴുതുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിൽ പ്രശസ്തനാണ് ഈ അരക്കിറുക്കൻ. മാത്രമല്ല ഇപ്പോൾ എടുക്കുന്ന സിനിമക്കും മാധവന്റെ കഥയുമായി യാതൊരു ബന്ധവും ഇല്ല. ആലപ്പുഴയിലെ ഫുട്ബോൾ പ്രേമിയായ ഇടതുപക്ഷ അനുഭാവിയായ യുവാവിന് സ്പോർട്സ് ക്വാട്ടയിൽ പൊലീസുകാരനായി നിയമനം ലഭിക്കുകയും പിന്നീട് കണ്ണൂരിലെ ഒരു ഇടതു നേതാവിന്റെ ഗൺമാനായി തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

ശീർഷകത്തിന് കഥയുമായി സാമ്യമുണ്ടെങ്കിലും ചിത്രത്തിന് ചെറുകഥയുമായി യാതൊരു ബന്ധവുമില്ല എന്ന് സംവിധായകൻ ഹേമന്ത് പറയുന്നു. ''ഹിഗ്വിറ്റ എന്നത് ഒരു കളിക്കാരന്റെ പേരാണ്. പേരിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നത് ഒരു കഥയിൽ മെസ്സിയുടെ പേര് ഉപയോഗിക്കുകയും അത് എന്റെ ഉടമസ്ഥതയിലാണെന്ന് പറയുകയും ചെയ്യുന്നതുപോലെയാണ്. ഞാൻ ആരാധിക്കുന്ന എഴുത്തുകാരനാണ് മാധവൻ. 'ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' പോലെയുള്ള അദ്ദേഹത്തിന്റെ കഥകളുടെ തലക്കെട്ടുകൾ താൻ ഉപയോഗിച്ചിരുന്നെങ്കിൽ വിമർശനത്തിന് കാരണമുണ്ടായിരുന്നു. '- ഹേമന്ദ് ചൂണ്ടിക്കാട്ടി.

ഹിഗ്വിറ്റയുമായി ബന്ധപ്പെട്ടുണ്ടായ മൂന്നാമത്തെ പ്രധാന വിവാദമാണിത്. ആദ്യ വിവാദം കഥയിലെ വില്ലന് 'ജബ്ബാർ' എന്ന മുസ്ലിം പേരു നൽകിയതിനായിരുന്നു. . എന്നാൽ, ഇത് കുയുകതിയാണെന്നും നമുക്കു നമ്മോടു തന്നെ ബഹുമാനമില്ലാത്തതു കൊണ്ടാണ് ഇത്തരം ദുഷ്ടചിന്തകളുണ്ടാകുന്നതെന്നുമായിരുന്നു മാധവന്റെ മറുപടി. പിന്നീട് എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ ചേർത്തിരുന്ന ഈ കഥയെക്കുറിച്ച്, വിദ്യാഭ്യാസവകുപ്പിന്റെ പഠനസഹായിയിൽ ഉൾക്കൊള്ളിച്ചിരുന്ന ചില നിരീക്ഷണങ്ങളാണ് വിവാദമുണർത്തിയത്. ഈ വ്യാഖ്യാനം ക്രൈസ്തവ പൗരോഹിത്യത്തെ വില കുറച്ച് കാട്ടുന്നുവെന്നായിരുന്നു പരാതി. അന്നൊക്കെ ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് ഒപ്പമായിരുന്നു, കേരളത്തിലെ എഴുത്തുകാർ നിന്നത്. ഇപ്പോൾ തിരിച്ചും. ഇവരേക്കാൾ എത്രയോ ഭേദമാണ്, അൽപ്പം കിറുക്കുണ്ടെങ്കിലും സത്യസന്ധനായ ഹിഗ്വിറ്റ എന്ന മനുഷ്യൻ എന്നേ പറയാനുള്ളൂ.

വാൽക്കഷ്ണം:'''പെനൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എന്ന ജർമ്മൻ നോവലിനെ കുറിച്ച് ഇറ്റലിയിൽ നിന്നെത്തിയ സാഹിത്യസ്‌നേഹിയായ ഫാദർ കപ്രിയറ്റി ഗീവർഗീസച്ചനോട് ഒരിക്കൽ, ഏറിയാൽ രുതവണ, പറഞ്ഞിരിക്കണം. നോവലിന്റെ പേര് കേട്ടപ്പോൾത്തന്നെ ഗീവർഗീസച്ചന് അത് വായിച്ചപോലെ തോന്നി - ഒരു തവണയല്ല, പല തവണ.''- ഇങ്ങനെയാണ് ഹിഗ്വിറ്റ എന്ന കഥ ആരംഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് കഥകളിൽ ഒന്ന്. ഇങ്ങനെ കിട്ടിയ കീർത്തി ചീപ്പ് ഈഗോയിലൂടെ എൻ എസ് മാധവൻ നശിപ്പിക്കും എന്നാണ് തോനുന്നത്.