- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഒരു ചിത്രത്തിന് അഞ്ചുലക്ഷം ഡോളർ വിലയുള്ള ആർട്ടിസ്റ്റ്; ലോകമെമ്പാടും ബിസിനസ്; പക്ഷേ മദ്യവും, മയക്കുമരുന്നും, കാമുകിമാരുമായി കുത്തഴിഞ്ഞ ജീവിതം; നികുതി വെട്ടിപ്പ കേസിൽ പിഴ; ചൈനീസ്, യുക്രൈൻ ബന്ധങ്ങളും വിന; ട്രംപിന്റെ സ്വഭാവമുള്ള ബൈഡന്റെ മകൻ! യുഎസ് പ്രസിഡന്റിനെ കുരുക്കിലാക്കുന്ന പുത്രന്റെ കഥ
പല മഹാന്മാരുടെയും ജീവിതം അങ്ങനെയാണ്. സമൂഹത്തിൽ അവർ എത്രമാത്രം വിജയിച്ചുവെങ്കിലും സ്വന്തം വീട്ടിൽ അവർ വലിയ പരാജയം ആയിരിക്കും. അതിന് എറ്റവു നല്ല ഉദാഹരണമായിരുന്നു, ലോകമാകെ ആദരിക്കപ്പെട്ട മഹത്മാഗാന്ധി. മദ്യവർജ്ജനത്തിനും, അഹിംസക്കുമായി ഒരു ആയുസ് മുഴവൻ പോരാടിയ മഹാത്മാവിന്റെ മകൻ ഹരിലാൽ ഗാന്ധി മുഴുക്കുടിയനും തികഞ്ഞ വഴക്കാളിയുമായിരുന്നു. സ്വന്തം മകളെ ബലാത്സഗം ചെയ്തുവെന്ന ആരോപണം പോലും അദ്ദേഹത്തിന് നേരെ വന്നു. അമ്മ കസ്തൂർബ ഗാന്ധി മരിച്ചപ്പോൾ, നിവർന്ന്നിന്ന് ചിതക്ക് തീക്കൊളുത്താൻ പോലും കഴിയാത്ത രീതിയിൽ ഹരിലാൽ മദ്യപിച്ചിരുന്നു. ഇടക്ക് ഇസ്ലാമിലേക്ക് മതം മാറി അബുദുല്ല ഗാന്ധിയായി. അവസാനകാലത്ത് ആര്യ സമാജത്തിൽപോയി തിരികെ ഹിന്ദുവുമായി. ഒടുവിൽ കാമാട്ടിപുരയിലെ വേശ്യാത്തെരുവിൽ തെരുവിൽ ആരോരുമില്ലാതെ ഹരിലാലിന്റെ അന്ത്യം.
അതുപോലെ ലോകത്തിലും, ഇന്ത്യയിലും, എന്തിന് ഈ കൊച്ചുകേരളത്തിൽപോലും മക്കൾ ബാധ്യതയായ നേതാക്കളെ കാണാം. മക്കൾ രാഷ്ട്രീയവും അതുവഴിയുണ്ടാവുന്ന സ്വജനപക്ഷപാതിത്വവും, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ശാപമായിരുന്നു. കേരളത്തിലേക്ക് വന്നാൽ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുപോലും വിമർശകരുടെ ഒരു ആക്ഷേപം, അദ്ദേഹം പുത്രവാത്സല്യത്താലും പുത്രി വാത്സല്യത്താലും അന്ധനായി പോകുന്നുവെന്നതാണ്.
അമേരിക്കയിലേക്ക് വന്നാലും സമാനമായ അവസ്ഥയാണ്. പ്രസിഡന്റ് ജോ ബൈഡൻ, റോബർട്ട് ഹണ്ടർ ബൈഡൻ എന്ന തന്റെ മകന്റെ ചെയ്തകളിൽ പെട്ടിരിക്കുന്നത്. ബൈഡൻ എന്താണോ അതിന്റെ നേർ വിപരീതമാണ് 52കാരനായ ഹണ്ടർ. നികുതിവെട്ടിപ്പ്, അഴിമതി, അമിതമദ്യപാനം, ലഹരി ഉപയോഗം, പരസ്ത്രീബന്ധങ്ങൾ, പീഡന ആരോപണലിയായ പക്ഷേ വഴിപിഴച്ച മകൻ' എന്നാണ് ഹണ്ടറിനെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്.
ഹണ്ടർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ബൈഡനെയും ഡെമോക്രാറ്റിക്ക് പാർട്ടിയെയും, മാത്രമല്ല ആമേരിക്കയുടെ ആഗോള പ്രതിഛായയെ തന്നെ ബാധിക്കുന്നുണ്ട്.യുഎസിന്റെ സൈനിക രഹസ്യങ്ങളും ആണവപദ്ധതികളുമെല്ലാം വൈറ്റ് ഹൗസിൽനിന്ന് തന്റെ സ്വകാര്യ വസതിയിലേക്ക് കടത്തിയെന്നത് തൊട്ട്, ലൈംഗിക ആരോപണങ്ങളിൽവരെപെട്ട്, 420 കൊല്ലം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ട് ബൈഡന്റ എതിരാളി ഡൊണാൾഡ് ട്രംപ് ആകെ നാണംകെട്ട് നിൽക്കുന്ന സമയമാണിത്. പക്ഷേ അവർക്ക് വീണുകിട്ടിയ കച്ചിത്തുരുമ്പാണ് ഹണ്ടർ ബൈഡൻ. ട്രംപിന്റെ സ്വഭാവമാണ് ബൈഡന്റെ മകന് കിട്ടിയത് എന്നാണ് അമേരിക്കൻ ടാബ്ലോയിഡുകളുടെ പരിഹാസം! എന്നാൽ ബൈഡനാവട്ടെ മകനെ ശക്തമായി നിയന്ത്രിക്കുന്നില്ലെന്നും, തള്ളിപ്പറയുന്നില്ലെന്നും, എപ്പോഴും മൃദുസമീപനം സ്വീകരിക്കുന്നുവെന്നും സ്വന്തം പാർട്ടിക്ക് അകത്തുതന്നെ ആരോപണമുണ്ട്.
എന്നാൽ ഹണ്ടർ ബൈഡൻ വെറുതെ വെള്ളമടിച്ച് മാത്രം നടക്കുന്ന പിഴ മാത്രമായി കണക്കാക്കാനാവില്ല. അറിയപ്പെടുന്ന ചിത്രകാരനും സംരംഭകനുമാണ്. അഞ്ചുലക്ഷം ഡോളാറാണ് അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് വിലയിടുന്നത്. കലാകാരന്റെ എക്സെൻട്രിക്ക് സ്വഭാവവും, ലഹരി ഉപയോഗവും ഹണ്ടർക്ക് വിനയാവുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
നികുതിവെട്ടിപ്പിന് പ്രതിക്കൂട്ടിൽ
ട്രംപിന്റെ ഭരണത്തിലുണ്ടായ അഴിമതിക്കേസുകൾ ഉയർത്തിയാണ് തെരഞ്ഞെടുപ്പുകാലത്ത് ബൈഡനും കൂട്ടരും ശക്തമായ കാമ്പയിൻ നടത്തിയത്. അധികാരത്തിലേറയിപ്പോൾ നികുതി വെട്ടിപ്പിനെതിരെയും ബൈഡൻ ഭരണകൂടം ശക്തമായ നടപടിയെടുത്തു. പക്ഷേ ഏറ്റവും ഒടുവിലായി പ്രസിഡന്റിന്റെ മകൻ തന്നെ, നികുതി വെട്ടിപ്പ് കേസിൽ പ്രതിയായത് ഏവരെയും ഞെട്ടിച്ചു. ബൈഡൻ പ്രസിഡന്റാകുന്നതിനു മുൻപുള്ള കേസാണിത്. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടുവർഷം നികുതി നൽകിയില്ലെന്നാണ് കേസ്. മുൻ പ്രസിഡന്റ് ട്രംപ് നിയോഗിച്ച അഭിഭാഷകൻ ഡേവിഡ് വെയ്സാണ് ഹണ്ടർ ബൈഡെതിരായ ആരോപണം അന്വേഷിച്ചത്. 2017, 2018 വർഷത്തെ ടാക്സിലാണ് വെട്ടിപ്പ് നടന്നത്.
കേസ് വിചാരണയ്ക്ക് വന്നപ്പോൾതന്നെ ഹണ്ടർ കുറ്റമേറ്റ് പിഴയൊടുക്കാമെന്ന് സമ്മതിച്ചു. മറ്റൊരു കുറ്റം ലഹരിക്ക് അടിമയായ ഹണ്ടർ അനധികൃതമായി തോക്ക് കൈവശം വച്ചുവെന്നതാണ്. അതും കുറ്റമേറ്റു. എന്നാൽ അന്വേഷണത്തിൽനിന്നു രക്ഷപ്പെടാനാണ് ഹണ്ടർ കുറ്റം സമ്മതിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡനെതിരെയുള്ള ആയുധമായി മകന്റെ നികുതി വെട്ടിപ്പ് മാറാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ബൈഡന്റെ ഭരണത്തിന് എതിരായ റിപബ്ലിക്കൻ പാർട്ടിയുടെ പ്രധാന ആരോപണങ്ങളിലൊന്നാവും മകന്റെ കുറ്റസമ്മതം. കള്ളപ്പണം വെളുപ്പിക്കൽ, വിദേശ ഇടപാടുകൾ അടക്കമുള്ള കുറ്റങ്ങളാണ് ബൈഡന്റെ മകനെതിരെ ചുമത്താനുള്ള നീക്കത്തിലാണ് ഡേവിഡ് വെയ്സുള്ളത്.
അടുത്തിടെ മുൻ പ്രസിഡന്റ് ട്രംപ് രഹസ്യ രേഖകളെ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നുവെന്ന കോടതി നിരീക്ഷണത്തെ, ഈ കുറ്റസമ്മതം ഉപയോഗിച്ച് പ്രതിരോധിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് റിപബ്ലിക്കൻ പാർട്ടിയുള്ളത്. രഹസ്യ രേഖക്കേസിൽ കുറ്റം ചെയ്തിട്ടില്ലെന്നാണ് ട്രംപ് കോടതിയെ അറിയിച്ചിരിക്കുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യൂക്ലിയർ വിവരങ്ങൾടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകൾ അലക്ഷ്യമായി കൈകാര്യം ചെയ്തതായി കുറ്റപത്രത്തിൽ വ്യക്തമായിരുന്നു.
മിലിട്ടറി പ്ലാനുകൾ അടക്കമുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകൾ ട്രംപ് കുളിമുറിയിലും ഹാളിലും സൂക്ഷിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്. വസതിയിലെ കുളിമുറിയിലും ഹാളിലുമായാണ് ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകൾ സൂക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരോടെ നുണ പറഞ്ഞതായും കുറ്റപത്രം വിശദമാക്കുന്നു. അന്വേഷണം തടസപ്പെടുത്താനും ട്രംപ് ശ്രമിച്ചുവെന്നും കുറ്റപത്രം ആരോപിച്ചിരുന്നു. ഈ കേസിൽ കോടയതിൽ ഹാജരായി ട്രംപ് ജാമ്യത്തിലാണ്. അങ്ങനെ ആകെ പ്രതിഛാല തകർന്നിരുക്ക സമയതാണ് ബൈഡന്റെ മകന്റെ നികുതിവെട്ടിപ്പ് ട്രംപിനും കൂട്ടർക്കും ആയുധമായി കിട്ടുന്നത്. ഹണ്ടറിന് എതിരെ അഴിമതിക്കഥകൾ ഒട്ടേറെയുണ്ട്. ലഹരി- പീഡനക്കേസുകൾ വേറയും.
ബൈഡൻ എന്ന അഴിമതി രഹിതൻ
മകന്റെ ചികിൽസയ്ക്ക് പണമില്ലാത്തതിനാൽ, ഒരു അമേരിക്കൻ വൈസ് പ്രസിഡന്റ് വീട് വിൽക്കാൻ ഒരുങ്ങി എന്ന് കേട്ടാൽ എത്രപേർ വിശ്വസിക്കും. ഇമേജ് ബിൽഡിങ്ങിനായി ഉണ്ടാക്കിയ നുണക്കഥയെന്നേ ഒറ്റയടിക്ക് ആർക്കും തോന്നുകയുള്ളൂ. എന്നാൽ അങ്ങനെയല്ല. ജോ ബൈഡൻ 2016ൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണിത്. പക്ഷേ സഹപ്രവർത്തകർക്ക് അറിയാം, അത് സത്യമാണെന്ന്. അത്രക്ക് അഴിമതിരഹിതനും, മൃദുഭാഷിയും, പരിസ്ഥിതി സ്നേഹിയുമാണ്, ജോസഫ് റോബിനെറ്റ ജോ ബൈഡെൻ എന്ന ഈ 81കാരൻ.
ട്രംപിനെയും ബൈഡനേയും താരതമ്യം ചെയ്താൽ രാവും പകലും പോലുള്ള വ്യത്യാസമുണ്ട്. ട്രംപ് എന്താണോ അതിന്റെ നേർ വിപരീതമാണ് ബൈഡൻ. ട്രംപ് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചപ്പോൾ, ജോ ബൈഡൻ ദീപാളിയായ ഒരു കുടംബത്തിൽനിന്ന് സ്വയം വളർന്ന് ഉയർന്നു വന്നതാണ്. ട്രംപ് റിയൽ എസ്റ്റേറ്റ് ബ്രോക്കറായി നടക്കുന്ന സമയത്ത് ബൈഡൻ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ എന്ന പദവിയിൽ ആയിരുന്നു. ട്രംപ്, ഉറക്കം തുങ്ങിയെന്ന് പരിഹസിച്ച ബൈഡന്റെ ഭൂതകാലം രാഷ്ട്രീയ സംവാദങ്ങൾ കൊണ്ട് സമ്പന്നമാണ്. നികുതിവെട്ടിച്ച് ബിസിനസ് വളർത്തുകയായിരുന്നില്ല, ഈ രാജ്യത്തിന്റെ പുരോഗതിക്കായുള്ള നിയമ നിർമ്മാണ പ്രവർത്തനത്തിലായിരുന്നു എന്റെ യൗവനം എന്നാണ് ബൈഡൻ തെരഞ്ഞെടുപ്പ് കാമ്പയിനിടെ ട്രംപിന് തിരിച്ചടിച്ചത്.
വ്യക്തി ജീവിതത്തിൽ അദ്ദേഹത്തിന് ദുരന്തങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. 1972ൽ ആദ്യമായി സെനറ്റിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകൾക്കുള്ളിൽ ഭാര്യയും ഒരു വയസുള്ള മകനും കാറപകടത്തിൽ മരിച്ചത് ബൈഡനെ നടുക്കി. അന്ന് അതിജീവിച്ചവരാണ് സഹോദരങ്ങളായ ഹണ്ടറും, ബ്യൂവും. 2016 ഒക്ടോബറിലാണ് മകൻ ബ്യൂ ബൈഡൻ (46) തലച്ചോറിലെ അർബുദ ബാധയെ തുടർന്ന് മരിച്ചത്. ഇതേക്കുറിച്ച് ബൈഡൻ പറയുന്നത് ഇങ്ങനെ 'ഡലാവറിലെ അറ്റോർണി ജനറലായിരുന്ന ബ്യൂ രാഷ്ട്രീയത്തിലും സജീവമായിരുന്നു. രോഗത്തെ തുടർന്ന് അറ്റോർണി ജനറൽ പദവി ബ്യൂ രാജിവച്ചു. ശമ്പളം ഇല്ലാതായതോടെ ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് ഞാനും ഭാര്യയും ആലോചിച്ചു. അങ്ങനെ വീടു വിൽക്കാമെന്നു തീരുമാനിച്ചു.
ഇതറിഞ്ഞപ്പോൾ വീടു വിൽക്കരുത് എന്ന് പറഞ്ഞത് ഒബാമയാണ്. ആവശ്യമുള്ള പണം താൻ തരാമെന്ന് അദ്ദേഹം വാക്കുനൽകിയ ബാറാക്ക് ഒബാമ അന്നും ഇന്നും ബെഡന്റെ അടുത്ത സുഹൃത്താണ്. തെരഞ്ഞെടുപ്പിൽ വരെ ഒബാമ അദ്ദേഹത്തെ കൈപടിച്ച് ഉയർത്തി. ലോകത്തെ നിയന്ത്രിക്കുന്ന അമേരിക്കയുടെ വൈസ് പ്രസിഡന്റിന് സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ എന്തെല്ലാം വഴികൾ ഉണ്ടാകുമായിരുന്നു. പക്ഷേ അദ്ദേഹം അതിനൊന്നും പോയില്ല. പക്ഷേ ആ എത്തിക്സ് ഒന്നും മകൻ ഹണ്ടർക്കില്ല.
കോളജ്കാലത്തേ ലഹരിക്ക് അടിമ
1970ലാണ് ഹണ്ടറിന്റെ ജനനം. ജോ ബൈഡന്റെ ആദ്യഭാര്യയിലെ രണ്ടാമത്തെ മകൻ. 1972 ഡിസംബറിലാണ് കാര്യങ്ങളെ മുഴുവൻ മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്. അമ്മയും മൂന്നു മക്കളും യാത്ര ചെയ്യുകയായിരുന്ന കാറിലേക്ക് അമിതവേഗത്തിൽ എത്തിയൊരു ട്രക്ക് ആഞ്ഞിടിച്ചു. ആ ദുരന്തത്തിൽ അമ്മയെയും കുഞ്ഞിപ്പെങ്ങൾ നവോമിയെയും ഹണ്ടറിനു നഷ്ടമായി. തലയോട്ടിയിൽ ക്ഷതമേറ്റ ഹണ്ടറിനെയും കാലൊടിഞ്ഞ ജേഷ്ഠൻ ബ്യൂവിനെയും ആശുപത്രിയിലെത്തിച്ചു. അന്ന് ഈ ഹണ്ടറിന് വിഷാദരോഗം ബാധിച്ചു. ചെറുപ്പത്തിലെയുണ്ടായ ഈ ഒറ്റപ്പെടലും, ഭീതിയുമൊക്കെ പിന്നീട് അയാളുടെ സ്വഭാവ രൂപീകരണത്തെ ബാധിച്ചിട്ടുണ്ടാവുമെന്നാണ് സൈക്കോളജിസ്റ്റുകൾ വിലയിരുത്തുന്നത്.
തലയിൽ നിരവധി ശസ്ത്രക്രിയകൾ വേണ്ടി വന്ന ഹണ്ടർ മാസങ്ങൾക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ചെറുപ്പത്തിൽ പഠിക്കാൻ മിടുക്കനുമായിരുന്നു. ഹണ്ടർ പിന്നീട് ജോർജ്ടൗൺ സർവകലാശാലയിൽ നിന്നു ബിരുദവും യേൽ ലോ സ്‌കൂളിൽ നിന്ന് 1996ൽ നിയമബിരുദവും നേടി. അവിടെ നിന്നു, സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്ന കത്തോലിക്ക സഭയുടെ സന്നദ്ധസംഘടയായ ജസ്യൂട്ട് വോളന്റിയേഴ്സ് ഗ്രൂപ്പിൽ ഹണ്ടർ അംഗമായി.
ചെറുപ്പത്തിലേതന്നെ ചിത്രകാരൻ എന്ന കീർത്തി ഹണ്ടർ ബൈഡന് ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് പരിധികളില്ലാത്ത അമേരിക്കയിൽ ഈ കൂട്ടുകെട്ടുകളിലൂടെ അയാൾ വേറൊരു ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു. കോളജ് കാലത്തുതന്നെ അയാൾ ലഹരി ഉപയോഗം തുടങ്ങിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ബൈഡൻ ഒരുതരത്തിലുമുള്ള ലഹരിയും ഉപയോഗിക്കാറില്ല. എന്നാൽ, ഹണ്ടറാകട്ടെ എല്ലാത്തരം ലഹരികൾക്കും അടിമയാണുതാനും. ചെറുപ്പകാലം മുതൽ ഹണ്ടർ മദ്യാസക്തനായിരുന്നു. കോളജ് പഠനകാലത്തുകൊക്കെയ്ൻ ധാരാളമായി ഉപയോഗിക്കുമായിരുന്നു. സഹോദരൻ ബ്യൂവിന്റെ നേതൃത്വത്തിൽ പല ഡീഅഡിക്ഷ കേന്ദ്രങ്ങളിലും എത്തിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ലഹരി ഉപയോഗം നിർത്തി എന്ന് അവകാശപ്പെട്ടാണ് 2013 ൽ യുഎസ് നേവൽ റിസേർവ്സിൽ അംഗമായത്. ആദ്യ ദിവസത്തെ മെഡിക്കൽ പരിശോധനയിൽ ഹണ്ടറുടെ രക്തത്തിൽ കൊക്കെയ്ന്റെ അളവു കൂടുതലായി കണ്ടെത്തി. അന്നുതന്നെ, യുഎസ് നേവൽ റിസേർവ്സിൽ നിന്ന് ഒഴിവാക്കി.
മയക്കുമരുന്ന്, മദ്യം, വേശ്യകൾ...
നിയമപഠനത്തിനിടയിൽ പരിചയപ്പെട്ട കാത്ലീൻ ബ്യൂളിനെ 1993 ൽ ഹണ്ടർ വിവാഹം കഴിച്ചു. ആ ദാമ്പത്യത്തിൽ മൂന്നു മക്കൾ; നവോമി, ഫിന്നേജൻ, മൈസി. വിവാഹം ബന്ധം 2017 ൽ പിരിഞ്ഞു. ബന്ധം വേർപിരിയുന്നതിന്റെ ഭാഗമായുള്ള പെറ്റീഷനിൽ കാത്ലീൻ ഇങ്ങനെ കുറിച്ചു: നിയമാനുസൃതമായ ബില്ലുകൾ അടയ്ക്കാൻ പണമില്ലാതെ കുടുംബത്തെ വിഷമിപ്പിക്കുമ്പോഴും സ്വന്തം താൽപര്യങ്ങൾക്കായി ഹണ്ടർ പണം ചെലവിട്ടു. തുടർന്ന് ഹണ്ടറിന്റെ സ്വന്തം താൽപര്യങ്ങൾ എന്തെല്ലാമെന്ന് അവർ വിശദീകരിക്കുന്നുമുണ്ട് ' മയക്കുമരുന്ന്, മദ്യം, വേശ്യകൾ, സ്ട്രിപ്പ് ക്ലബ്ബുകൾ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കുള്ള സമ്മാനങ്ങൾ തുടങ്ങിയ ഒരു നീണ്ടപട്ടിക!'.
24 വർഷം പൂർത്തിയാക്കിയ വിവാഹബന്ധം വേർപെടുത്തിയ ശേഷം അമേരിക്കൻ മാധ്യമങ്ങൾക്ക് അവർ ഒരു അഭിമുഖം നൽകിയിരുന്നു. ലഹരിമരുന്നിനോടുള്ള ഹണ്ടറുടെ ആസക്തിയെ കുറിച്ചും അതിലൂടെ താനനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും അവർ പങ്കുവച്ചു. 'ലഹരിക്ക് അടിമയായ ഒരാൾ ആണെന്ന് അറിഞ്ഞുകൊണ്ടല്ല ഞാൻ വിവാഹം കഴിച്ചത്; അയാൾ എന്തുകൊണ്ട് ഇങ്ങനെയായെന്ന ചോദ്യത്തിനു മാത്രം ഇനിയും ഉത്തരം ലഭിച്ചിട്ടില്ല' - അവർ കൂട്ടിച്ചേർത്തു.
ബ്യൂളുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനു മുൻപുതന്നെ ഹണ്ടർ മരിച്ചുപോയ തന്റെ സഹോദന്റെ ഭാര്യയുമായും ബന്ധപ്പെട്ടിരുന്നു. ഒരു കരാറുമില്ലാതെ ആ ബന്ധം 2 വർഷം തുടർന്നു. 2015ലാണ് ജേഷ്ഠൻ ബ്യൂ ബ്രെയിൻ കാൻസറിനെ തുടർന്നു മരിച്ചത്. ജോ ബൈഡനെ പോലെതന്നെ ബ്യൂവിന്റെ മരണം ഹണ്ടറിനെയും കൂടുതൽ തളർത്തി. 'അവരൊന്നായിരുന്നു', ഹണ്ടറിന്റെ മകൾ നവോമി ഒരിക്കൽ ട്വിറ്ററിൽ കുറിച്ചു; 'ഒരു ഹൃദയവും ഒരാത്മാവും ഒരു മനസ്സും'. അതിനു കാരണം ചെറുപ്പത്തിലുണ്ടായ ദുരന്തമായിരുന്നത്രെ. അപകടത്തിൽ അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടപ്പോൾ ഇരുവരും തമ്മിലുള്ള സഹോദര്യം ഏറെ ദൃഢമാക്കി. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ ഇരുവരും വീണ്ടും ഒറ്റപ്പെട്ടു.
ബ്യൂവിന്റെ ഭാര്യയുമായുള്ള ബന്ധം ആദ്യഭാര്യ ചോദ്യം ചെയ്തപ്പോൾ ഹണ്ടർ പറഞ്ഞതിങ്ങനെ: ബ്യൂവിന്റെ മരണത്തിലൂടെ ഇരുവർക്കും നഷ്ടപ്പെട്ടത് ഒരാളെയാണ്, അങ്ങനെയാണ് ഈ സ്നേഹബന്ധം ഉടലെടുത്തത്. സഹോദരന്റെ മരണത്തെ തുടർന്ന് അമിതമായി മദ്യപിക്കുന്ന ശീലം ഹണ്ടർ വീണ്ടും തുടങ്ങിയെന്നാണ് മക്കൾ തന്നെ ട്വീറ്റ് ചെയ്തത്.2021ൽ സൗത്ത് ആഫ്രിക്കൻ സിനിമാ നിർമ്മാതാവായ മെലിസാ കോഹനെ ഹണ്ടർ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഒരു മകനുമുണ്ട്.
രഹസ്യബന്ധത്തിലെ കുട്ടിയിൽ ഒത്തുതീർപ്പ്
ഇതിനിടെ നിരവധി വിവാദ സംഭവങ്ങൾ ഹണ്ടറുമായി ബന്ധപ്പെട്ടുണ്ടായി. വാഷിങ്ങ്ടണിൽ ഹണ്ടർക്കുവേണ്ടി പെയിന്റിങ്് മോഡൽ ആവാനെത്തിയ, ഹോട്ടൽ നർത്തകി ലുൻഡൻ അലെക്സി റോബർടിലുണ്ടായ കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അതിലൊന്ന്. ഡിഎൻഎ ടെസ്റ്റിലൂടെ കുട്ടിയുടെ പിതൃത്വം 2019ൽ ഹണ്ടർക്ക് അംഗീകരിക്കേണ്ടി വന്നു. 'അലെക്സി റോബർട്സുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനെ കുറിച്ച് എനിക്ക് ഓർമയില്ല, എങ്കിലും പിതൃത്വം ഞാൻ ഏറ്റെടുക്കുന്നു' എന്നാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ ഹണ്ടർ കോടതിയിൽ പശ്ചാത്തപിച്ചത്. ആ കുട്ടിയുടെ ചെലവിനുള്ള തുക ഹണ്ടറാണ് ഇപ്പോൾ നൽകുന്നത്. നാലു വയസുള്ള മകൾക്കു ഹണ്ടർ മാസം തോറും നൽകേണ്ട തുക വെളിപ്പെടുത്തിയിട്ടില്ല.
2019 ജൂലൈ 1 മുതൽ കോടതി നിശ്ചയിച്ച തുക നൽകിവരികയാണ്. കുട്ടിക്കു 18 വയസാകുന്നതു വരെ ഇത് തുടരണം. അതിനു മുൻപ് റോബെർട്സ് വിവാഹം കഴിച്ചാൽ പിന്നെ തുക നൽകേണ്ടതില്ല. കുട്ടിയുടെ പേരിനു പിന്നിൽ ബൈഡൻ എന്നു ചേർക്കണമെന്ന ആവശ്യം റോബെർട്സ് പിൻവലിച്ചു. ഹണ്ടറുടെ നികുതി വിവരങ്ങൾ എല്ലാ വർഷവും റോബർട്സിനു നൽകണം. മാത്രമല്ല കുട്ടിയുടെ ആരോഗ്യ ഇൻഷുറൻസ് തുക വേറെ നൽകുകയും ചെയ്യണ്മെന്നും കൂടി കോടതി ഉത്തരവിട്ടു.
ചിത്രകാരൻ കൂടിയായ ഹണ്ടർ അദ്ദേഹത്തിന്റെ പെയ്ന്റിങ്ങുകളിൽ നല്ലൊരു ഭാഗം കുട്ടിക്കു നൽകണം. ചിത്രങ്ങൾ കുട്ടിക്കു തിരഞ്ഞെടുക്കാം. 2018 ലാണ് കുട്ടി ജനിച്ചതെന്ന് റോബർട്സ് പറയുന്നു. അതിനു ശേഷം ഹണ്ടർ അവരുടെ സന്ദേശങ്ങൾക്കു മറുപടി നൽകാതായി. 2019 മേയിൽ റോബെർട്സ് കേസ് ഫയൽ ചെയ്തു. ആ വർഷം തന്നെ നടത്തിയ ഡി എൻ എ പരിശോധനയിൽ അദ്ദേഹം തന്നെയാണ് പിതാവെന്നു തെളിഞ്ഞു. 2019 ഡിസംബറിൽ കസ്റ്റഡി ആവശ്യപ്പെട്ടു നൽകിയ അപേക്ഷയിൽ ഹണ്ടർ കുട്ടിയെ കണ്ടിട്ട് പോലുമില്ലെന്നു റോബെർട്സ് പറഞ്ഞു. ഫോട്ടോ കണ്ടാൽ പോലും അയാൾ കുട്ടിയെ തിരിച്ചറിയില്ലെന്നും അവർ പറഞ്ഞു.
ചൈനീസ് ബിസിനസുകൾ വിനയാവുന്നു
ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു ബിസിനസ്മാൻ എന്ന നിലയിലും ഹണ്ടർ ബൈഡൻ പല രാജ്യങ്ങളിലും പ്രവർത്തിച്ചു. പക്ഷേ അതെല്ലാം പൊല്ലാപ്പ് ആയത് സാക്ഷാൽ ജോ ബൈഡന് തന്നെയായിരുന്നു. പ്രത്യേകിച്ച് ഹണ്ടറിന്റെ ചൈനീസ് ബിസിനസുകൾ എതിരാളികൾ ആഘാഷമാക്കി. 2013-16 കാലത്താണ് ചൈനീസ് സ്വകാര്യ ഓഹരി സ്ഥാപനമായ ബിഎച്ച്ആർ പാർട്നേഴ്സിൽ ഹണ്ടർ 10 ശതമാനം ഓഹരി വാങ്ങിയത്. ഇത് പുറത്തുവന്നതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലയളവിൽ ബൈഡനെ 'ചൈനയുടെ പാവ' എന്നാണ് ട്രംപ് കളിയാക്കിയത്.
2009 മുതൽ വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ 2017ലാണ് അധികാരമൊഴിയുന്നത്. ഇതിനു പിന്നാലെ, ഇന്ധനവ്യാപാര മേഖലയിലെ ചൈനീസ് കോടീശ്വരനായ യേ ജിയാന്മിങ്ങുമായി ഹണ്ടർ അടുത്തു. ലൗസിനിയയിലെ പ്രകൃതിവാതക പദ്ധതിയിലാണ് ഈ അടുപ്പം ചെന്നെത്തിയത്. ഇതിനിടെ, അഴിമതിക്കേസിൽ യേ ചൈനീസ് അധികൃതരുടെ പിടിയിലായതോടെ ഹണ്ടർ ഈ പദ്ധതിയും അതുമായി ബന്ധപ്പെട്ട പണവും ഉപേക്ഷിച്ചു തടിയൂരി.
2017ൽ ഹാർവെസ്റ്റ് ഫണ്ട് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ സിഇഒ ഹെന്റി ഴാവോയ്ക്ക് ഹണ്ടർ അയച്ചതായി പറയപ്പെടുന്ന ഒരു വാട്സ്ആപ് സന്ദേശം അടുത്തിടെ പുറത്തുവന്നിരുന്നു. താൻ പിതാവിനൊപ്പം ഇരിക്കുകയാണെന്നും എത്രയും വേഗം 'പറഞ്ഞ കാര്യം' ചെയ്തിരിക്കണമെന്നും അതിൽ വീഴ്ച വരുത്തിയാൽ ഖേദിക്കേണ്ടി വരും എന്നുമായിരുന്നു ഹണ്ടറിന്റേതായി പുറത്തു വന്ന സന്ദേശം. ഇതിനു പിറ്റേന്ന് ഹണ്ടർ 5.1 ദശലക്ഷം ഡോളർ ഈ ചൈനീസ് കമ്പനിയിൽ നിന്ന് സ്വീകരിച്ചു എന്നാണ് ട്രംപിന്റെ ആരോപണം.
ബൈഡൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, എന്തുകൊണ്ടാണ് മകന്റെ ചൈനീസ് ബന്ധത്തിനു നേരെ പിതാവ് കണ്ണടയ്ക്കുന്നത് എന്നും ആരാഞ്ഞു. ക്യൂബയിൽ ചൈന ഒരു 'ചാര കേന്ദ്രം' സ്ഥാപിച്ചത് എതിർക്കാതിരിക്കുന്നതിന്റെ പ്രതിഫലമായിരിക്കാം ഈ 5.1 ദശലക്ഷം ഡോളർ എന്ന ആരോപണവും ട്രംപ് ഉയർത്തിയിട്ടുണ്ട്.
ബൈഡന്റെ സാധ്യത തകർത്ത മകൻ
ഈ തലതെറിച്ച് മകൻ ഇല്ലായിരുന്നെങ്കിൽ എത്രയോ മുമ്പുതന്നെ ബൈഡൻ ഇതിലും ഉന്നതങ്ങളിൽ എത്തുമെന്ന് കരുതുന്നവർ ഉണ്ട്. 2008ൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ബരാക് ഒബാമയ്ക്കൊപ്പം പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ബൈഡന്റെ സാധ്യത തകർത്തത് ഹണ്ടറാണ്. 2006ൽ ഉയർന്നുവന്ന ഒരു ആരോപണമായിരുന്നു കാരണം. പാരഡൈം ഗ്ലോബൽ അഡൈ്വസേഴ്സുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ആരോപണത്തിനു കാരണം. ഹണ്ടറും ബൈഡന്റെ ബന്ധുവും ചേർന്നു നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷവും ബൈഡന്റെ പാർട്ടിയിലെ തന്നെ ചിലരും രംഗത്തെത്തിയതോടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ബൈഡന്റെ മോഹം പൊലിഞ്ഞു.
യുക്രയ്നുമായി ബന്ധപ്പെട്ട ഹണ്ടറുടെ ഇടപാടുകളും ഇതിനിടെ കൂടുതൽ പ്രശ്നത്തിലേക്കു വഴിതെളിച്ചു. പ്രകൃതിവാതക കമ്പനിയായ ബുരിസ്മ ഹോൾഡിങ്സിൽ ഹണ്ടർ ജോലിക്കു ചേർന്നു 2014ൽ. പ്രതിമാസം 50,000 ഡോളർ (41 ലക്ഷം രൂപ) ശമ്പളം. യുക്രെയ്നിലെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ ജോ ബൈഡൻ സജീവമായി ഇടപെട്ടിരുന്നു. എന്നാൽ ഹണ്ടറെ സംരക്ഷിക്കാനാണ് ബൈഡൻ ഇവിടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായതെന്നാണ് ഒരു ആരോപണം. യുക്രയ്നിലെ പബ്ലിക് പ്രോസിക്ക്യൂട്ടറായിരുന്ന വിക്ടർ ഷോകിനെ പുറത്താക്കാനുള്ള നടപടിക്കു പിന്നിൽ ബൈഡനുണ്ടായിരുന്നു.
അഴിമതിക്കേസുകളിൽ സ്വകാര്യ വ്യക്തികളെ സഹായിക്കുക എന്നതായിരുന്നു വിക്റിന് എതിരായ ആരോപണം. എന്നാൽ, ഹണ്ടർക്കും അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു എതിരെ വിക്ടർ അന്വേഷണം ആരംഭിച്ചതാണ് ബൈഡനെ ചൊടിപ്പിച്ചതത്രെ. 2016ൽ വിക്ടറെ യുക്രെയ്ൻ പാർലമെന്റ് പുറത്താക്കി. ബൈഡന്റെ മകന്റെ വിദേശ ഇടപാടുകൾ അന്വേഷിക്കണമെന്ന് ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും ആവശ്യപ്പെട്ടിരുന്നു.
ആഹ്ലാദിക്കുന്നത് ട്രംപ്
അതേസമയം ജോ ബൈഡന്റെ മകനെതിരായ കാമ്പയിനിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്, ട്രപിന്റെ മകൻ ജൂനിയർ ട്രംപ് ആണ്. ഹണ്ടറിന് ചൈനയിൽ ബിസിനസുകൾ ഉള്ളതിനാൽ, ഇന്ത്യയ്ക്ക് അത് നല്ലതല്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പുകാലത്തുതന്നെ ട്രംപ് ജൂനിയർ ഇന്ത്യൻ കമ്യൂണിറ്റിക്കിടയിൽ പ്രചാരണം നടത്തിയിരുന്നു.
ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ഒരു മികച്ച ബിസിനസുകാരനാണെന്നും, ചൈന അയാൾക്ക് 1.5 ബില്യൺ യുഎസ് ഡോളർ സഹായം നൽകിയിട്ടുണ്ടെന്നും . ആ പണം യഥാർത്ഥത്തിൽ ബൈഡനെ വിലക്കുവാങ്ങുന്നതിനാണെന്നും, അതുകൊണ്ട് ബൈഡൻ ചൈനയോട് മൃദു സമീപനം സ്വീകരിക്കുമെന്നുമാണ് ട്രംപ് ജൂനിയർ ആരോപിച്ചത്. ജോ ബൈഡൻ അധികാരത്തിൽ വന്നാൽ രാജ്യത്ത് കമ്യൂണിസം കൊടികുത്തി വാഴുമെന്നും ക്രിമിനൽ കുടിയേറ്റക്കാരുടെ കുത്തൊഴുക്കായിരിക്കുമെന്നും അവർ പ്രചരിപ്പിരുന്നു. ഈ അധിക്ഷേപം അവർ ഇപ്പോഴും തുടരുന്നുണ്ട്. ക്ലീൻ ഇമേജുള്ള ബൈഡനെ തൊടാൻ ആവില്ല. എന്നാൽ മകനെ വിട്ട് അദ്ദേഹത്തെ പിടിക്കുക എന്നതാണ് ഇവരുടെ തന്ത്രം. തന്റെ നേർക്കുള്ള ആരോപണങ്ങളുടെ പരിചയായിട്ടാണ് ട്രംപ് ഇപ്പോൾ, ഹണ്ടറെ ഉപയോഗിക്കുന്നത്.
ഇതുവരെയുള്ള ആരോപണങ്ങൾ നോക്കിയാൽ, ഹണ്ടറിന്റെ പേരിൽ ബൈഡനെ കുരുക്കാനുള്ള നേരിട്ടുള്ള തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. പക്ഷേ മകന്റെ ചെയ്തികളെ തള്ളിപ്പറയുന്നതിന് പകരം, എപ്പോഴും ഒരു മൃദുസമീപനമാണ് ബൈഡൻ സ്വകരിക്കുന്നുവെന്ന് പൊതുവെ ആരോപണമുണ്ട്. ഹണ്ടറുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: 'പ്രസിഡന്റും പത്നിയും (ഹണ്ടറിന്റെ രണ്ടാനമ്മ) മകൻ ഹണ്ടറിന് ആവശ്യമായ സ്നേഹവും പിന്തുണയും തുടർന്നും നൽകും. മകന്റെ ജീവിതം പുനഃക്രമീകരിക്കാനുള്ള എല്ലാ പിന്തുണയും ലഭ്യമാക്കും.'- ഇതിൽ ഹണ്ടർ ടാക്സ്വെട്ടിച്ചതൊക്കെ തെറ്റാണെന്ന് ഒരു വരിപോലും പറയുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലായാലും അമേരിക്കയിലായാലും, നേതാക്കളുടെ പുത്ര വാത്സല്യത്തിന് കുറവൊന്നുമില്ല!
ഒരു അമേരിക്കൻ മാഗസിൻ പ്രതിനിധി ഹണ്ടറോട് ഈയിടെ വെട്ടിത്തുറന്ന് ചോദിച്ചു. എന്തിനാണ് പിതാവിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. താങ്കളുടെ ജീവിത ശൈലി തിരുത്തിക്കുടെ. അതിന് ഹണ്ടറുടെ മറുപടി ഇങ്ങനെ. '' ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, മദ്യപിക്കുന്നുണ്ട്. ഒട്ടേറെ വീഴ്ചകൾ എനിക്കു പറ്റിയിട്ടുണ്ട്. അതിൽ നിന്നെല്ലാം പിന്മാറാൻ പറ്റില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ? അതുകൊണ്ട് വീഴ്ചകൾക്കൊപ്പം ജീവിക്കുകയാണിപ്പോൾ. ''- എങ്ങനെയുണ്ട് കക്ഷി. എന്നെത്തല്ലണ്ട അമ്മാവാ, ഞാൻ നന്നാവൂല എന്ന ലൈൻ. പ്രതിഭയും, കിറുക്കും, ലഹരിയും ചേർന്ന അസാധാരണ കോംമ്പോ എന്നേ പറയാനുള്ളൂ!
വാൽക്കഷ്ണം: അമേരിക്കൻ പ്രസിഡന്റ് ലോകത്തിന്റെ ക്യാപ്റ്റനാണെന്നാണ് പറയുക. 81 വയസ്സായ ബൈഡന്റെ അനാരോഗ്യം പ്രകടമാവുന്ന സമയമാണിത്. ഈയിടെയായി അദ്ദേഹം വേദികളിൽ പലതവണ തെന്നിവീണു. ഈ അവസ്ഥയിൽ പിതാവിന് പിന്തുണയാവേണ്ട മകനാണ് ഈ രീതിയിൽ പാരയാവുന്നത് എന്നാണ് യുഎസ് മാധ്യമങ്ങൾ വിമർശിക്കുന്നത്.