- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
തുളസീദാസിൽ നിന്ന് സ്വാമിയിലേക്ക്; പിന്നെ പി കെ ഷിബുവിലേക്ക്; അമ്പലങ്ങളിൽ ഈശ്വരനില്ലെന്നും പ്രാർത്ഥനക്ക് ഫലമില്ലെന്നും വാദം; പക്ഷേ കാഷായം ധരിച്ച് ഗീതാക്ലാസ് നടത്തി സീഡിവിറ്റ് കിട്ടുന്നത് ലക്ഷങ്ങൾ; കൈലാസയാത്രയിലൂടെയും വൻ വരുമാനം; ഇപ്പോൾ ഔഷധി വിവാദത്തിൽ; വിപ്ലവസ്വാമിയോ ബിസിനസ് സ്വാമിയോ? സന്ദീപാനന്ദഗിരിയുടെ ജീവിത കഥ!
നിങ്ങളുടെ ചക്കര വിശ്വാസങ്ങളാണ് മറ്റുള്ളവന്റെ കണ്ണിൽ അന്ധവിശ്വാസങ്ങൾ. മറ്റുള്ളവന്റെ വിശ്വാസങ്ങൾ നിങ്ങളുടെ കണ്ണിൽ പരിഹാസ്യമായ ഒരു ചീള് കേസും. വിശ്വാസ മസ്തിഷ്‌ക്കം പലപ്പോഴും അങ്ങനെയാണ് പ്രവർത്തിക്കുക. അവനവൻ വിശ്വസിക്കുന്നത് മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം അന്ധവിശ്വാസം. ഇതിന്റെ ജീവിക്കുന്ന ഏറ്റവും നല്ല ഉദാഹരണം ആരാണെന്ന് ചോദിച്ചാൽ, സോഷ്യൽ മീഡിയകളിലും ചാനൽ ചർച്ചകളിലുമൊക്കെ തിളങ്ങി നിൽക്കുന്ന വിപ്ലവ സന്യാസി എന്ന് വിളിക്കുന്ന സ്വാമി സന്ദീപാന്ദഗിരിയാണ്.
സ്വാമിയെ സംബന്ധിച്ച് ശബരിമലയിൽ ക്യൂ നിൽക്കുന്നും ബിവറേജിൽ ക്യൂ നിൽക്കുന്നതിന് തമ്മിൽ യാതൊരു വ്യത്യാസമുമില്ല. പ്രാർത്ഥനകൊണ്ടും ജോൽസ്യം കൊണ്ടും, വഴിപാടുകൊണ്ടെന്നും യാതൊരു കാര്യവുമില്ലെന്ന് സ്വാമി പണ്ടേ പറയുന്നതാണ്. തേങ്ങയുടക്കുന്നതും, ശയനപ്രദക്ഷിണം നടത്തുന്നതുമെല്ലാം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ വെറും അന്ധവിശ്വാസം മാത്രം. പക്ഷേ ഗീതയെ തൊടാൻ പാടില്ല. മറ്റെല്ലാം അന്ധവിശ്വാസമാണ്. കാരണം ഭഗവത്ഗീത വ്യാഖ്യാനിച്ച് സീഡി വിറ്റാണ് സ്വാമി ലക്ഷങ്ങൾ സമ്പാദിക്കുന്നത്!
ക്ഷേത്രാചാരങ്ങളെയും പ്രാർത്ഥനകളെയുമൊക്കെ വിമർശിക്കുന്ന സന്ദീപാനന്ദഗിരി പക്ഷേ കൈലാസ യാത്രയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കയാണ്. കൈലാസം എന്നത് വെറും ഒരു മഞ്ഞുമല മാത്രമാണെന്നും അവിടെപോയിട്ട് യാതൊരുകാര്യവും ഇല്ല എന്ന് മാത്രം സ്വാമി പറയില്ല. തനിക്ക് കാശുണ്ടാക്കാനുള്ള പരിപാടികൾ ഒന്നും സ്വാമിയെ സംബന്ധിച്ച് അന്ധവിശ്വാസമല്ല! ബ്രാഹ്മണ്യത്തെയും, ചാതുർവർണ്യത്തെയും മൊക്കെ ചാനൽ ചർച്ചകളിൽ സാമി പഞ്ഞിക്കിടും. പക്ഷേ കുടം തലയിലൊഴിച്ച് ഗീതാശ്ളോകങ്ങൾ ചൊല്ലിയുള്ള പൂർണ്ണകുംഭാഭിഷിഷേകം അന്ധവിശ്വാസമല്ല. ഒരു പ്രത്യേകതര നവോത്ഥാനമാണ് സ്വാമി ഉദ്ദേശിക്കുന്നത്!
എന്നു വിവാദപുരഷനാണ് സന്ദീപാനന്ദഗിരി. ഹിന്ദുമതത്തിന്റെ ആചാരങ്ങളെ വിമർശിക്കുമ്പോഴും ഇസ്ലാമിനെ പൊക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയും ഉണ്ട്. അതായത് കേരളത്തിൽ ഇപ്പോൾ കാണുന്ന ടിപ്പക്കൽ ലെഫ്്റ്റ് ലിബറൽ സ്വാമിയാണ് അദ്ദേഹം. സിപിഎം സ്വാമിയെന്നും ഷിബുസ്വാമിയെന്നും സംഘപരിവാറുകാർ അധിക്ഷേപിക്കുമ്പോഴും, സോഷ്യൽ മീഡിയയിൽ അടക്കം ഒരു വലിയ വിഭാഗം ആരാധകർ അദ്ദേഹത്തിനുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്, ചാനൽ ചർച്ചകളിൽ നിറഞ്ഞ് നിന്ന വ്യക്തിയാണ് സ്വാമി. അതുപോലെ അദ്ദേഹത്തിന്റെ ആശ്രമം കത്തിച്ചതും ഇന്നും ദുരൂഹമായി തുടരുന്നു. അതിനിടെയാണ് ഇപ്പോൾ ആശ്രമം കേരള സർക്കാർ സ്ഥാപനമായ ഔഷധി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നത്.
ഔഷധി വിവാദം ഇങ്ങനെ
സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമവും കെട്ടിടങ്ങളും ഔഷധിക്ക് വെൽനെസ് സെന്റർ തുടങ്ങാനായി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഔഷധി മാനേജിങ് ഡയറക്ടർ സർക്കാരിന് കത്തെഴുതിയവിവരം മാധ്യമങ്ങൾ വഴിയാണ് പുറത്തായത്. 73 സെന്റ് സ്ഥലവും 18,000 ചതുരുശ്ര അടി വിസ്തീർണമുള്ള കെട്ടിടവും വെൽനെസ് കേന്ദ്രത്തിന് അനുയോജ്യമായതിനാൽ ഔഷധിക്കായി ഏറ്റെടുക്കണമെന്നാണ് മാനേജിങ് ഡയറക്ടർ ഡോ. ഹൃദിക് സർക്കാരിന് കത്തെഴുതിയത്.
കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഔഷധിക്ക് ചികിത്സാ കേന്ദ്രങ്ങൾ വരുന്നത്. 1941 ൽ തൃശൂരിൽ ആരംഭിച്ച സ്ഥാപനം മറ്റ് ജില്ലകളിലേക്കൊന്നും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നില്ല. 30 കോടിയിലേറെ രൂപ വിലവരുന്ന ഇടപാടാണിത്. 18,000 ചതുരശ്ര അടിയുള്ളതാണ് കെട്ടിടം. ഔഷധിയുടെ നിലവിലുള്ള വാർഷികാദായത്തിൽ നിന്നോ സർക്കാരുകളുടെ വിവിധ പദ്ധതികളിൽ പെടുത്തിയോ ആവശ്യമായ തുക കണ്ടെത്താമെന്നും എം ഡി സർക്കാരിന് അയച്ച കത്തിൽ പറയുന്നുണ്ട്.ആശ്രമത്തിൽ, ഔഷധിയുടെ മെഡിവെൽനെസ് സെന്റർ തുടങ്ങാനുള്ള നീക്കത്തിൽ സുതാര്യതയില്ലെന്നാണ് ആരോപണം. ബോർഡിനെ മുഴുവൻ കാര്യങ്ങളും അറിയിക്കാതെ മാനേജിങ് ഡയറക്ടർ നേരിട്ട് സർക്കാരിനെ അറിയിച്ചതോടൊണ് വിവാദമായത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതർ സന്ദർശിച്ചെന്ന് ചെയർപേഴ്‌സൺ ശോഭന ജോർജ്ജ് സ്ഥിരീകരിച്ചിരുന്നു.
ഈ നീക്കം മാധ്യമങ്ങളിലൂടെ വാർത്തയതോടെ ഔഷധി ഇപ്പോൾ പിറകോട്ട് അടിച്ചിരിക്കയാണ്. ഇതേക്കുറിച്ച് വിശദമായി പഠിച്ചശേഷം നടപടികളുമായി മുന്നോട്ടുപോയാൽ മതിയെന്നാണ് പുതുതായി രൂപവത്കരിച്ച ഔഷധി ഡയറക്ടർ ബോർഡിന്റെ ആദ്യയോഗം തീരുമാനിച്ചത്. തിരുവനന്തപുരത്ത് ചേർന്ന ഭരണസമിതി യോഗത്തിൽ അജൻഡയായി ഇതുണ്ടായിരുന്നെങ്കിലും ഭരണസമിതി അംഗങ്ങളിൽ ചിലർ എതിർപ്പുമായി രംഗത്തെത്തിയതിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. ഒട്ടേറെ കടമ്പകളുള്ളതിനാൽ ഉടൻ തീരുമാനം കൈക്കൊള്ളേണ്ടെന്ന് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇതോടെ മുപ്പത് കോടിയോളം വരുന്ന ബിസിനസാണ് ഫലത്തിൽ തടയപ്പെട്ടത്. പക്ഷേ സന്ദീപാനന്ദഗിരിക്ക് ഇടതുമന്ത്രിസഭയിലും മുഖ്യമന്ത്രിയിൽ അടക്കമുള്ളവരിലുമുള്ള സ്വാധീനം ഏവർക്കും അറിയാം. അതുകൊണ്ടുതന്നെ ഇടപാടുകൾ അവസാനിച്ചു എന്ന് പറയാൻ കഴിയില്ല. പക്ഷേ ഇത്തരം വിവാദങ്ങളും, ബിസിനസ് ആരോപണങ്ങളും ഒന്നും സന്ദീപാനന്ദഗിരിക്ക് പുത്തരിയല്ല എന്നാണ് അദ്ദേഹത്തിന്റെ ജീവിതം പഠിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുക.
തുളസീദാസിൽ നിന്ന് സ്വാമിയിലേക്ക്
സംഘപരിവാറുകാർ വ്യാപകമായി ഷിബുസ്വാമിയെന്ന് പരഹസിക്കുന്നതുകൊണ്ട് പലരുടേയും ധാരണ പി കെ ഷിബുവെന്നാണ് സന്ദീപാനന്ദഗിരിയുടെ പഴയ പേര് എന്നാണ്. പക്ഷേ ഇത് തെറ്റാണ്. തുളസീദാസ് എന്നാണ് അദ്ദേഹത്തിന്റെ ആദ്യ പേര്. കോഴിക്കോട് ജനിച്ച ഇദ്ദേഹം ഗിരി സന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് ചിന്മായ മിഷനിൽ ആകൃഷ്ടൻ ആവകുയായിരുന്നു. അവിടെ നിന്ന് പഠിച്ചിറങ്ങിയശേഷമാണ് തിരുവനന്തപുരത്ത് കുണ്ടമൺകടവിൽ ആശ്രമം സ്ഥാപിച്ചിരിക്കുന്നു. സ്‌കൂൾ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ സന്ദീപാനന്ദഗിരി, ഭാഗവതം, മഹാഭാരതം, ഭഗവദ്ഗീത, ധർമശാസ്ത്രം തുടങ്ങിയവയെപ്പറ്റി അവഗാഹവും പാണ്ഡിത്യവുമുള്ള പ്രഭാഷകൻ ആണ്.
ഗീതാക്ലാസുകളിലുടെയാണ് സ്വാമി കേരളീയ സമൂഹത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. ഗീതയെ ലളിതവും സരസവുമായ ഉദാഹരണത്തോടെ വിശദീകരിക്കുന്ന ആ പ്രഭാഷണങ്ങൾ വളരെ പെട്ടെന്ന് വിശ്വാസികൾക്കിടയിൽ വൈറലായി.സർവ്വമത സമ്മേളനങ്ങളിൽ ദൈവദശകത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
മറ്റ് പ്രാംസഗികരിൽനിന്ന് വ്യത്യസ്തമായി സമകാലീന വിഷയങ്ങളും, ശാസ്ത്രവും, തത്വചിന്തയുമൊക്കെ അടങ്ങുന്ന മനോഹരമായ സംഭാഷണങ്ങൾ ആയിരുന്നു അവ. എന്നാൽ ഇത്തരക്കാരിൽനിന്ന് വ്യത്യസ്തമായ ഒരു പാതയാണ് അദ്ദേഹം സ്വീകരിച്ചത്. ആൾദൈവങ്ങളെയും, അന്ധവിശ്വാസങ്ങൾ എന്ന് തനിക്ക് തോനുന്നവയെയും, അദ്ദേഹം നിശിതമായി വിമർശിച്ചു. ഗെയിൽ ട്രെഡ്‌വെല്ലിന്റെ പുസ്തകം ഇറങ്ങിയപ്പോൾ മാതാ അമൃതാന്ദമയിക്കെതിരെ പ്രതികരിച്ച് പുരോഗമന സ്വാമി എന്ന പ്രതീതി സൃഷ്ടിച്ചു. അതോടെ സിപിഎം അടക്കമുള്ള ലെഫ്റ്റ് ലിബറൽ സർക്കിളുകൾ അദ്ദേഹത്തെ സ്വീകരിച്ചു.
ദേവലായങ്ങളിൽ ഈശ്വരൻ ഇല്ല
രൂക്ഷവും പ്രകോപനപരവുമായ വാക്കുകളിലുടെയാണ് പലപ്പോഴും സന്ദീപാനന്ദഗിരി വാർത്തകളിൽ ഇടം പിടിക്കാറുള്ളത്. ജമ്മുകാശ്മീരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ മരണത്തിൽ സ്വാമിയുടെ പ്രതികരണം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈശ്വരൻ ദേവാലയങ്ങൾക്കകത്തില്ലെന്നതിന് ഇതിൽ കൂടുതൽ വേറെ തെളിവുകൾ വേണോയെന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചത്. തൃപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ''ഇന്റർനെറ്റ് ഒരു പുതിയ സംഭവം ഒന്നും അല്ല, മഹാഭാരതകാലം മുതൽ അത് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന'' പ്രസ്താവനയെ പരിഹസിച്ച് ത്രേതായുഗത്തിലേയും ദ്വാപരയുഗത്തിയേും ആളുകളുടെ നെറ്റിയിൽ ഈ ചിഹ്നം കാണുന്നുണ്ടെന്നും, അതു വച്ചു നോക്കുമ്പോൾ അന്നേ വൈഫൈ ഉണ്ടായിരിക്കുമായിരിക്കുമെന്നും സ്വാമി പരിഹസിച്ചിരുന്നു.
നിപ വൈറസ് പടർന്ന് പിടിച്ച സമയത്ത് കെട്ടിപ്പിടിച്ചും തലോടിയും രോഗശാന്തി വരുത്തുന്നവരെ കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നുവെന്ന് ആൾദൈവങ്ങളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു. ഇതോടെ മാതാ അമൃതാനന്ദമയിക്കെതിരെ വിമർശനമുന്നയിച്ചുവെന്ന ആരോപണവുമായി, അമ്മയുടെ മക്കളാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ചിലർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയുണ്ടായി. ജനിച്ചാൽ മരണം സുനിശ്ചിതമാണെന്നും തനിക്കതിൽ തെല്ലും ഭയമില്ലെന്നുമായിരുന്നു അന്ന് സ്വാമി ഇതിനെതിരെ പ്രതികരിച്ചത്.
ശബരിമലയിലെ സിപിഎം ഹീറോ
പക്ഷേ സന്ദീപാനന്ദഗിരി കേരളത്തിലെ സിപിഎം പ്രൊഫൈലുകളുടെ അരുമയാകുന്നത് ശബരിമല പ്രക്ഷോഭത്തെ തുടർന്നാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ആചാരത്തിന്റെ കടയ്ക്കൽ കത്തിവച്ച് അയ്യപ്പന്റെ നാമത്തിൽ കലാപത്തിന് കോപ്പുകൂട്ടുകയാണ് ആർഎസ്എസ് ചെയ്യുന്നതെന്ന് നിലപാടുമായി സ്വാമി സർക്കാറിനെ ശക്തമായി പ്രതിരോധിക്കാനെത്തി.
''ശബരിമല സംരക്ഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ യഥാർഥ വിശ്വാസികളല്ല, സാമൂഹ്യവിരുദ്ധരാണ്. ഭക്തി തെരുവിൽ ഇറങ്ങിയല്ല കാണിക്കേണ്ടത്. അവനവനിൽനിന്ന് ഉണ്ടാകേണ്ടതാണ്.സേവ് ശബരിമല സമരത്തിൽ പങ്കെടുക്കുന്ന പ്രായമായ സ്ത്രീകളുൾപ്പെടെയുള്ളവർ ഇതുവരെയും ഇതിന്റെ യാഥാർഥ്യം മനസ്സിലാക്കിയിട്ടില്ലെന്നും പന്തളം രാജകുടുംബത്തിൽ പ്പെട്ടവർക്കോ തന്ത്രി കുടുംബത്തിൽപ്പെട്ടവർക്കോ അയ്യപ്പന്റെ പേരിട്ടിട്ടില്ലെന്നത് അയ്യപ്പ വിശ്വാസികളെന്ന് നടിക്കുന്ന ഇവരുടെ തട്ടിപ്പ് തുറന്നുകാട്ടുന്നതാണ്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദത്തിന് തന്ത്രശാസ്ത്രപരമായി അടിസ്ഥാനമില്ല. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് വിശേഷിപ്പിക്കുന്ന ഒരു വരി എവിടെയെങ്കിലും കണ്ടെത്തി ആരെങ്കിലും കാണിച്ചാൽ താൻ കാവി ഉപേക്ഷിക്കാം''- ചാനലുകളിൽ ചർച്ചക്കെതിയ സന്ദീപാനന്ദഗിരി ശക്തമായി വാദിച്ചു.
അതോടെ ഒന്നാന്തരം അന്ധവിശ്വാസിയായ ഈ സ്വാമി, നവോത്ഥാന ക്ലാസുകളിൽപോലും എത്തി. പിണറായി സർക്കാറിനെ സംബന്ധിച്ച് ഒന്നാന്തരം പിടിവള്ളിയായിരുന്നു ഇതുപോലെ കാഷായവസ്ത്രമിട്ട, ഒരാൾ രംഗത്ത് ഇറങ്ങുക എന്നത്. പക്ഷേ തീവ്ര വിശ്വാസികളെ സംബന്ധിച്ചും, സംഘപരിവാറിനെ സംബന്ധിച്ചും അയ്യപ്പൻ നൈഷ്ഠിക ബ്ര്ഹമചാരിയല്ലെന്ന പ്രചാരണമൊക്കെ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവർ ശക്തമായ സൈബർ ആക്രമണമാണ് സ്വാമിക്കുനേരെ നടത്തിയത്.
സ്വാമിയെ ഷിബുവാക്കി ദീപ
ഇതിനുംപുറമെ വാക്കും പ്രവർത്തിയുമായി ബന്ധമില്ലാത്തയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന വിമർശനവും, ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രമേ കേരളത്തിൽ ഇപ്പോഴുള്ള മതങ്ങളെ ശുദ്ധീകരിക്കാൻ സാധിക്കുകയൊള്ളൂവെന്ന അഭിപ്രായവും അദ്ദേഹത്തിനെതിരെ ബിജെപിക്കാർ തിരിയാൻ കാരണമാക്കിയിരുന്നു. കാവി വസ്ത്രവും സന്യാസനാമവും സ്വീകരിച്ച് ഹിന്ദുവിരുദ്ധ കുപ്രചരണം നടത്തുന്ന കപടസന്യാസിയാണ് സ്വാമിയെന്ന് ബിജെപിക്കാർ തിരിച്ചടിച്ചു.
ശബരിമല വിഷയത്തിൽ നടന്ന ഒരു ചാനൽ ചർച്ചയിൽ 'ദീപ, രാഹുൽ ഈശ്വറിനെ വേളി കഴിച്ചതാണോ അതോ സംബന്ധമാണോ' എന്ന സ്വാമിയുടെ ചോദ്യം ഏറെ വിവാദമായിരുന്നു. പ്രകോപിതയായ ദീപ സന്ദീപാനന്ദഗിരിയെ പൂർവ്വാശ്രമ നാമമെന്ന് ആരോപിച്ച് ഷിബു എന്ന് വിളിച്ച് കളിയാക്കിടത്തുവരെ ആ സംവാദമെത്തി. സ്വാമിയുടെ ആശ്രമത്തിനെതിരെ നടന്ന ആക്രമണശേഷം വച്ചിട്ടുപോയ റീത്തിലും പി.കെ ഷിബുവിന് എന്ന് എഴുതിയിരുന്നു. പിന്നീട് അങ്ങോട്ട് സംഘപരിവാർ അനുഭാവികൾ ഒരിടത്തും ഷിബു എന്നല്ലാതെ സന്ദീപാന്ദഗിരി എന്ന് പ്രയോഗിച്ച് കണ്ടിട്ടില്ല.
ഷിബു എന്ന് തന്നെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സ്വാമി ഇങ്ങനെ എഴുതി. 'ഷിബു ഒരു ചിന്ത' എന്ന പേരിൽ സംഗീത സംവിധായകൻ ബിജിപാൽ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് സ്വാമി സന്ദീപാനന്ദയുടെ മറുപടി പറഞ്ഞത്. 'ഷിബു എന്നതിന് ശിവ എന്ന് അർത്ഥമുണ്ട്. സന്ദീപാനന്ദ ഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകൾ'- ബിജിപാൽ ഫേസ്‌ബുക്കിൽ കുറിച്ചു. ഈ പോസ്റ്റ് പങ്കുവച്ചാണ് സ്വാമി തന്നെ അവഹേളിക്കുന്നവർക്ക് മറുപടി നൽകിയത്.
എന്നാൽ പി കെ ഷിബു എന്ന പേര് വന്നതുതന്നെ ഒരു ജാതി അധിക്ഷേപത്തിന്റെ ഭാമായാണ് എന്നാണ് സന്ദീപാനന്ദഗിരി ഏഷ്യാനെറ്റ് ന്യുസിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നത്. ''പി കെ സജീവൻ എന്ന മലയരന്മ്മാരുടെ സംഘടനാ നേതാവിന്റെ സഹോദരൻ ആണ് താൻ എന്നാണ് അവരുടെ പ്രചാരണം. അതായത് അവർണ്ണനാണ് നാം എന്ന് സൂചിപ്പിക്കയാണ്. അത് നന്നായി. ശബരിമലയിലെ മലയരയന്മ്മാരുടെ ക്ഷേത്രം ആണെന്നും, അവിടെ അവർ തേനഭിഷേകം നടത്തിയിരുന്നുവെന്നൊക്കെ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞതിനെ തുടർന്നാണ് ഈ പേര് ഉണ്ടായത്''- സന്ദീപാനന്ദഗിരി പറയുന്നു. പക്ഷേ ഷിബുവെന്ന പേര് വെറും ട്രോൾ മാത്രമാണെന്നും, അതിൽ ജാതി കലർത്തി സ്വാമി വിഷയം മാറ്റുകയാണെന്നുമാണ് സംഘപരിവാറുകാർ പ്രതികരിക്കുന്നത്.
പൂർവാശ്രമത്തിലെ പ്രണയവും വിവാദത്തിൽ
അതിനിടെ പൂർവാശ്രമത്തിലെ സ്വാമിയുടെ കാമുകി രംഗത്ത് എത്തിയതും കാര്യങ്ങൾ ചൂടുപടിപ്പിച്ചു. സന്ദീപാനന്ദ ഗിരിയുമായി പ്രണയത്തിലായിരുന്നുവെന്നും ആരുമറിയാതെ ഒരുമിച്ചു ജീവിക്കാമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി യുവതി ഫെയ്ബുക്ക് ലൈവിൽ വന്നിരുന്നു. ഇതിന് ഫേസ്‌ബുക്കിൽ സ്വാമിയുടെ മറുപടി, ''പി.കെ.ഷിബു നിങ്ങളുടെ സങ്കൽപത്തിലെ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്നും പി.കെ.ഷിബുവിനെ ചിലപ്പോൾ നിങ്ങൾക്ക് പൂർണ്ണയോടും പുഷ്‌കലയോടും സത്യകനോടുംകൂടി കണ്ടേക്കാമെന്നും'' ആയിരുന്നു.
പൂർവാശ്രമത്തിൽ എല്ലാവരെയും പോലെ ഒരു സാധാരണ മനുഷ്യൻ മാത്രമാണെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. വാഹനങ്ങളോടുള്ള ഭ്രാന്ത് മനസ്സിൽ കയറിയ അദ്ദേഹം സന്യസത്തിന് മുമ്പ് ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കുകയുണ്ടായി. കേരളത്തിലെമ്പാടും ഈ വാഹനവുമായി കറങ്ങി നടന്നിരുന്നതായി സ്വാമി പറയുന്നു. ഇപ്പോഴും വിദേശങ്ങളിൽ ചെല്ലുമ്പോൾ അവിടുത്തെ കാറുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ സ്വാമി താൽപര്യം കാട്ടാറുണ്ടെന്ന് ചില മാസികൾ എഴുതുന്നുണ്ട്.
''ഇന്ത്യക്കാരന്റെ വാഹനമെന്ന് സ്വാമി വിശേഷിപ്പിക്കുന്നത് അംബാസ്സഡർ കാറിനെയാണ്. ഭാരതീയന്റെ മനസ്സാണ് അംബാസ്സഡർ കാറെന്നും അതിന് പകരം വെക്കാൻ മറ്റൊരു കാറിനുമാവില്ലെന്നും സ്വാമി പറയുന്നു.സ്വാമിക്ക് ഏറ്റവുമിഷ്ടപ്പെട്ട വാഹനം ടൊയോട്ട ലാൻഡ് ക്രൂയിസറാണ്. ലാൻഡ് ക്രൂയിസറിന്റെ വിശേഷങ്ങൾ പറയുമ്പോൾ സ്വാമി ഓർക്കുന്നത് കൈലാസയാത്രയെയാണ്.''- ഒരു ഓട്ടോമൊബൈൽ മാസിക സാമിയുടെ വാഹന കമ്പം വിവരിക്കുന്നത് ഇങ്ങനെയാണ്.
അതായത് അധുനികമായ എല്ലാം സൗകര്യങ്ങളും ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. പക്ഷേ അദ്ദേഹം പഠിപ്പിക്കുന്നത് നൂറ്റാണ്ടുകൾ മുമ്പുള്ള ദർശനങ്ങളും!
ആശ്രമം കത്തിയപ്പോൾ പ്രാർത്ഥന
കേരളത്തിൽ എറെ കോളിളക്കം സൃഷടിച്ച കേസായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ. മുഖ്യമന്ത്രി പിണറായി വരെ നേരിട്ട് വന്ന സംഭവം. പക്ഷേ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിരിക്കയാണ്. മൂന്നരവർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ പിന്നിൽ ആരാണെന്ന് ഇനിയും കണ്ടെത്താൻ കഴിയാത്ത് കേരളാ പൊലീസിന് നാണക്കേട് ആവുകയാണ്. പിന്നിൽ സംഘപരിവാർ ആണെന്ന് സ്വാമി പറയുമ്പോൾ, പബ്ലിസിറ്റിക്കുവേണ്ടി സ്വാമി തന്നെയാണ് കത്തിച്ചത് എന്നാണ് തിരിച്ചുള്ള ആരോപണം.
പക്ഷേ പ്രാർത്ഥനക്ക് ഫലമില്ലെന്ന തന്റെ പഴയവാദം പക്ഷേ ഈ സമയത്ത് സ്വാമി മറുന്നപോയി. കഴിഞ്ഞ മാസം ആദ്യം കേസിലെ പ്രതികളെ കണ്ടെത്താൻ അൽമോറയിലെ ക്ഷേത്രത്തിൽ മണിമുഴക്കി പ്രാർത്ഥിച്ചു സ്വാമി സന്ദീപാനന്ദഗിരി. 'കേരളാ പൊലീസിന് അന്വേഷിച്ച് കണ്ടെത്താൻ പറ്റിയിട്ടില്ല, ക്രൈംബ്രാഞ്ചിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പാതിരാത്രിയുടെ മറവിൽ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണേ ദേവീ' എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി മൂന്നു തവണ മണിമുഴുക്കിയത്. ഈ ഇരട്ടത്താപ്പും സോഷ്യൽ മീഡിയ വിമർശിച്ചു.
പക്ഷേ സംഘപരിവാർ ഭീഷണി സ്വാമിക്ക് ഉണ്ടായിരുന്നുവെന്നത് സത്യമാണ്.
2014-ൽ ഹിന്ദുമതത്തെ അപകീർത്തി പെടുത്തിയെന്ന് പറഞ്ഞും അദ്ദേഹത്തെ ആർ.എസ്.എസ് ആക്രമിച്ചിരുന്നു തിരൂർ. തുഞ്ചൻപറമ്പിൽ പ്രഭാഷണത്തിനായെത്തിയ അദ്ദേഹത്തെ ആക്രമിച്ച തിരൂർ തത്തങ്കേരി സ്വദേശികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ അതുകൊണ്ട് ഇത് സംഘപരിവാർ ചെയ്തതാണെന്ന് പറയാൻ കഴിയില്ലല്ലോ. ഒരു തെളിവുമല്ലാതെ ഇങ്ങനെ ഒരു കാര്യം നടത്തണമെങ്കിൽ അത് ആശ്രമത്തിന് അകത്തുള്ളവർ തന്നെ ആയിരിക്കണം എന്നാണ് ബിജെപി നേതാക്കൾ അടക്കം പ്രതികരിക്കുന്നത്.
കൈലാസയാത്രയിൽ കേസ്
അതിനിടെ തന്റൈ പ്രധാന വരുമാന മാർഗമായ കൈലാസ യാത്രയും സ്വാമിയെ കുടുക്കി. ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം കൈലാസ പരിക്രമണം എന്ന നേർച്ച പാതി വഴിയിൽ അവസാനിപ്പിക്കുകയും പാക്കേജിന്റെ പേരിൽ വാങ്ങിയ തുകയുടെ ബാക്കി നൽകാതെയും വഞ്ചിച്ചതിന് സന്ദീപാനന്ദ ഗിരിക്ക് ഒരു ലക്ഷം പിഴ ഉപഭോക്തൃ കമ്മുഷൻ നേരത്തെ വിധിച്ചിരിക്കയാണ്. കുടപ്പനക്കുന്ന് വിക്രമമംഗലം സ്വദേശി ബി.മോഹൻകുമാരൻ നായർ നൽകിയ പരാതിയിലാണ് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. കോടതി ചെലവായി 2500 രൂപയും നൽകണം. അതായത് ഒന്നേ കാൽ ലക്ഷം രൂപ സന്ദീപാനന്ദ ഗിരി നൽകേണ്ടി വരും. കമ്മീഷൻ പ്രസിഡന്റ് പി.വി ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു.വി.ആർ എന്നിവരുടേതാണ് ഉത്തരവ്.
2011ലും 2016ലും സ്വാമി സന്ദീപാനന്ദ ഗിരി നടത്തിയ തീർത്ഥയാത്രയിലാണ് പരാതിക്കാരൻ പങ്കെടുത്തത്. മൂന്നുദിവസത്തെ കൈലാസ പരിക്രമണമാണ് തീർത്ഥാടന യാത്രയിൽ സ്വാമി വാഗ്ദാനം ചെയ്തത്. എന്നാൽ രണ്ടു തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമാണുണ്ടായിരുന്നത്. ആദ്യ തവണ മൂന്ന് പരിക്രമണം ചെയ്യാനാവാത്തതിനാലാണ് രണ്ടാമതും മോഹന കുമാരൻ നായർ കൈലാസയാത്രയ്ക്ക് പുറപ്പെട്ടത്. രണ്ടാമത്തെ പ്രാവശ്യത്തെ യാത്രയ്ക്ക് മാത്രം 2,45,000 രൂപ ചെലവായി.
രണ്ട് തവണയായി മൂന്നര ലക്ഷത്തോളം രൂപ കൈപ്പറ്റി. കൈലാസ തീർത്ഥാടനത്തിൽ നേർച്ചയായി നടത്തുന്നതാണ് മൂന്ന് തവണ കൈലാസം വലംവയ്ക്കുന്ന പരിക്രമണം എന്ന പ്രക്രിയ. എന്നാൽ ആദ്യ ദിവസം കഴിയുമ്പോൾ മോശം കാലാവസ്ഥയുടെ പേര് പറഞ്ഞ് പരിക്രമണം പാതി വഴിയിൽ അവസാനിപ്പിച്ച് മടങ്ങുകയാണ് ചെയ്യുന്നത്. തുടർച്ചയായി രണ്ടു തവണ യാത്ര പാതിവഴിയിൽ മുടങ്ങിയതിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതാണ് ഉപഭോക്തൃ കോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ചതെന്ന് മോഹനകുമാരൻ നായർ വിശദീകരിച്ചിരുന്നു. നേരത്തെ സന്ദീപാനന്ദഗിരിയുടെ ഇത്തരം ഒരു ആധ്യാത്മിക യാത്രക്കിടെ കോഴിക്കോട്ടെ ഒരു കുട്ടി മുങ്ങി മരിച്ചതും വിവാദമായിരുന്നു.
സന്ദീപാനന്ദഗിരി മുമ്പ് ചിന്മയാ മിഷന്റെ ഭാഗമായിരുന്നു. ചിന്മയാ മിഷനിലെ ബന്ധം ഉപേക്ഷിച്ചാണ് സ്വന്തം ആശ്രമവും മറ്റും കെട്ടിയത്. കൈലാസ യാത്രകളുടെ പേരിലെ വിവാദങ്ങളും സന്ദീപാനന്ദ ഗിരിയുടെ ചിന്മയാ മിഷനിൽ നിന്നുള്ള പുറത്തു പോകലിന് കാരണമായി ഉയർന്നു കേട്ട വാദങ്ങളിലെന്നാണ്.
അമൃതാന്ദമയി എത്ര ഭേദം!
ഇപ്പോൾ നരബലി വിഷയം വന്നപ്പോഴും അന്ധവിശ്വാസം എന്ന് പറഞ്ഞുകൊണ്ട്, സന്ദീപാന്ദഗിരിയും ശക്തമായി രംഗത്ത് എത്തി. എന്നാൽ സ്വാമിയുടെ ഈ ഇരട്ടത്താപ്പിനെ കൃത്യമായി ചോദ്യം ചെയ്തുകൊണ്ട്, സ്വതന്ത്രചിന്തകർ രംഗത്ത് എത്തിയതോടെ സ്വാമി എയറിൽ ആയി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെയാണ്: ഭൂരിഭാഗം ജനങ്ങൾക്കും അവരുടെ മുമ്പിൽ യഥാർത്ഥ ദൈവ വിശ്വാസികളും അന്ധവിശ്വാസികളുമുണ്ട്. എന്നാൽ യുക്തിവാദികൾക്ക് മുമ്പിൽ ദൈവ വിശ്വാസികൾ തന്നെ അന്ധവിശ്വാസികളാണ്. ചില പുരോഗമനാശയക്കാർ വിശ്വാസം തെറ്റല്ലെന്നും അന്ധവിശ്വാസമാവരുതെന്നും പറഞ്ഞ് ബാലൻസ് ചെയ്യുന്നു. എല്ലാവരുടെയും വാദങ്ങളെ മാനിക്കുന്നു. എന്നാൽ മറ്റൊരാളുണ്ട്. സ്വാമി സന്ദീപാനന്ദഗിരി. അന്ധവിശ്വാസങ്ങൾക്കെതിരെ ആഞ്ഞടിക്കുകയാണ് ഈ സ്വാമിയിപ്പോൾ.
കാഷായ വസ്ത്രം ധരിച്ച് ആശ്രമം നടത്തി വിപ്ലവം പറയുന്ന സ്വാമി. പുണ്യം വാഗ്ദാനം ചെയ്ത് കാശ് വാങ്ങി കൈലാസ യാത്ര സംഘടിപ്പിക്കുന്ന സ്വാമി. ഗീതാ ക്ലാസുകൾ നടത്തി അതിന്റെ സിഡികൾ വിറ്റ് കാശുണ്ടാക്കിയ സ്വാമി. ആശ്രമത്തിൽ പൂജ നടത്തി കാശു വാങ്ങുന്ന സ്വാമി. പറയു സ്വാമി എന്താണ് അന്ധവിശ്വാസം ..... മാതാ അമൃതാനന്ദമയി ഉൾപ്പെടെയുള്ളവർക്ക് ഒരു സത്യസന്ധതയുണ്ട്. അവരാരും ഇരു വഞ്ചിയിൽ കാലിടുന്നില്ല. എന്നാൽ നിങ്ങൾ ഒരു ഭാഗത്ത് വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന താങ്കൾ മറുഭാഗത്ത് വലിയ വിപ്ലവകാരിയാണെന്ന് വരുത്താൻ ശ്രമം നടത്തുന്നു.
എല്ലാം കൂടി ഒരുമിച്ച് പോവില്ല സ്വാമി. അത്രയ്ക്ക് വിപ്ലവ ബോധമുണ്ടെങ്കിൽ ആ കാഷായ വസ്ത്രം ഉപേക്ഷിച്ച് ആ ആശ്രമത്തിന് തീയിട്ട് കൈലാസത്തിലോ ഗോകർണത്തിലോ എവിടെയെങ്കിലും പോയി ജോലി ചെയ്ത് ജീവിക്കൂ... ഓം ശാന്തി''- ഈ കുറിപ്പ് ഇപ്പോൾ വാട്സാപ്പിലും വൈറൽ ആവുകയാണ്.ഭഗവത് ഗീത വിറ്റ് ജീവിക്കുന്ന സന്ദീപാനന്ദഗരിക്ക് അന്ധവിശ്വാസത്തെക്കുറിച്ച് പറയാൻ എന്താണ് അവകാശം എന്ന് ചോദിച്ച് പല പോസ്റ്റുകളു നിറയുന്നുണ്ട്.
കഴിഞ്ഞ ദിവസം മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ ശ്രമിച്ചതിന് സന്ദീപാനന്ദ ഗിരിക്കെതിരെ പൊലീസിൽ പരാതിയും ക്ഷേത്രോപദേശക സമിതി നൽകിയിരുന്നു ഇലന്തൂർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ടാണ് മലയാലപ്പുഴ ക്ഷേത്രത്തെ അവഹേളിക്കുന്ന തരത്തിൽ സന്ദീപാനന്ദ ഗിരി പരാമർശങ്ങൾ നടത്തിയത്. പരാമർശവുമായി ബന്ധപ്പെട്ട് ക്ഷേത്രോപദേശക സമിതി നൽകിയ പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അടുത്തകാലത്തൊന്നും വിവാദങ്ങളും കേസുകളും സ്വാമിയെ വിട്ടോഴിയുകയില്ലെന്ന് വ്യക്തം.
വാൽക്കഷ്ണം: കപടസന്യാസികളെക്കൊണ്ടും കാഷായ വേഷധാരികളെക്കൊണ്ടും തലഞ്ഞുപോയ ഒരു നാടാണ് ഇന്ത്യ. ബ്രഹ്മം ഉണ്ടോ ഇല്ലയൊ എന്ന് വിശദീകരിക്കുന്നവരേക്കാൾ ഈ നാടിനാവശ്യം രണ്ടുപേർക്കെങ്കിലും തൊഴിൽ കൊടുക്കുന്ന സംരഭകരെയാണ്. അതുകൊണ്ടുതന്നെ സന്ദീപാനന്ദഗിരി ന്യായമായ രീതിയിൽ നികുതിവെട്ടിക്കാതെ ബിസിനസ് നടത്തുന്നുണ്ടെങ്കിൽ അതിനെ വിമർശിക്കേണ്ട കാര്യമില്ല. നല്ല രീതിയിൽ ഹോം സ്റ്റേ നടത്തുന്ന, അല്ലെങ്കിൽ കറിപൗഡർ ബിസിനസ് നടത്തുന്ന കാഷായവസ്ത്രധാരികളെ കയ്യടിച്ച് അഭിനന്ദിക്കണം. മൈദയും ഡാൽഡയും വിൽക്കുന്ന ഹോം സ്റ്റേകൾ നടത്തുന്ന സന്യാസിമാരെയാണ് സത്യത്തിൽ ഇന്ന് ഇന്ത്യയ്ക്കാവശ്യം!