അംബാനി, അദാനി, ടാറ്റ, ബിർലാ, അസീം പ്രേംജി...പോയ വർഷം ഇന്ത്യയിലെ ഏറ്റവും തിളങ്ങിയ ബിസിനസ് മാഗ്നറ്റ് ആരായിരുന്നുവെന്ന് ചോദിച്ചാൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക, ഈ പതിവ് പേരുകൾ ആയിരിക്കും. എന്നാൽ 2023ലെ ഇന്ത്യൻ ബിസിനസ് ലോകത്തെ താരം എന്ന് പറയുന്നത് 73 വയസ്സുള്ള ഒരു സ്ത്രീയാണ്! ഏഷ്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയും അവർ തന്നെ. അവരുടെ പേരാണ് സാവിത്രി ജിൻഡാൽ. ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ.

ഒരു വർഷം കടന്നുപോവുമ്പോൾ ബിസിനസ് ലോകത്തും ആസ്തിയുടേയും വളർച്ചയുടേയുമൊക്കെ കണക്കെടുപ്പുകൾ നടക്കാറുണ്ട്. അവിടെയാണ് സാവിത്രി തിളങ്ങി നിൽക്കുന്നത്. അംബാനി, ബിർള കുടുംബത്തേക്കാളും ഉയർന്ന വരുമാന വർധന അവർക്കുണ്ട് എന്നതാണ് ഇതിന് പ്രധാന കാരണം. ബ്ലൂംബെർഗ് ബില്യണയർ സൂചികയെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ 9.6 ബില്യൺ ഡോളറാണ് വർധിച്ചത്. ഇപ്പോൾ 25.3 ബില്യണാണ് ജിൻഡാൽ ഗ്രൂപ്പിന്റെ ആസ്തി. നിലവിൽ ഇന്ത്യയിൽ ഏറ്റവും ആസ്തിയുള്ള അഞ്ചാമത്തെ കോടീശ്വരിയാണ് അവർ. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ധനികയായ സ്ത്രീയും സാവിത്രി തന്നെയാണ്.

ഇന്ത്യയിൽ ഏറ്റവും വലിയ കോടീശ്വരനാണ് അംബാനിയെങ്കിലും ഇത്ര വലിയൊരു നേട്ടം അദ്ദേഹത്തിന് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അതേസമയം മുകേഷ് അംബാനിക്ക് 92.3 മില്യണിന്റെ സമ്പത്താണ് ആകെ ഉള്ളത്. എന്നാൽ ഈ വർഷം അദ്ദേഹത്തിന് ഇതുവരെ 5 ബില്യണാണ് സമ്പത്ത് വർധിപ്പിക്കാൻ സാധിച്ചത്. ഇത് സാവിത്രി ജിൻഡാൽ വർധിപ്പിച്ച ആസ്തിയുടെ പകുതി മാത്രമേയുള്ളൂ എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ പോയവർഷത്തെ ഏറ്റവും വിജയിച്ച ഇന്ത്യൻ വ്യവസായി എന്ന ക്രെഡിറ്റും ഈ 73-കാരിക്ക് വന്നുചേരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ധനിക

2005-ൽ ഹെലികോപ്റ്റർ ഭർത്താവ് ഓം പ്രകാശ് ജിൻഡാലിന്റെ മരണത്തെ തുടർന്നാണ് സാവിത്രി ജിൻഡാൽ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്. ഹരിയാനയിൽ നിന്നുള്ള ബിസിനസുകാരനായിരുന്നു ജിൻഡാൽ. ഭർത്താവിന്റെ മരണശേഷവും ഗ്രുപ്പ് വളർന്നു. ഇന്ന് വമ്പൻ കമ്പനികളുടെ ഒരു ഗ്രൂപ്പാണ് സാവിത്രിയുടെ കീഴിലുള്ളത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ജെഎസ്ഡബ്ല്യു എനർജി, ജിൻഡാൽ സോ, ജിൻഡാൽ സ്റ്റെയിൻലെസ്, ജെഎസ്ഡബ്ല്യു ഹോൾഡിങ്‌സ് എന്നിവയെല്ലാമായി അത് പടർന്ന് പന്തലിച്ച് കിടക്കുന്നു.

ഇതിൽ നിന്നെല്ലാം കൂടി വമ്പൻ സമ്പത്താണ് അവർക്ക് ലഭിക്കുന്നത്. വിപ്രോയുടെ അസിം പ്രേംജിയെ മറികടന്നാണ് സാവിത്രി സമ്പത്തിൽ അഞ്ചാം സ്ഥാനത്തെത്തിയത്. പ്രേംജിക്ക് 24 ബില്യണാണ് ആസ്തിയായി ഉള്ളത്. രവി ജെയ്പൂരിയ, എംപി ലോധ, സുനിൽ മിത്തൽ എന്നിവരുടെ ആസ്തിയാണ് ഈ വർഷം കാര്യമായി വർധിച്ചിരിക്കുന്നത്. മുകേഷ് അംബാനി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനാണ്. ആഗോള പട്ടികയിൽ 13ാം സ്ഥാനത്താണ് അദ്ദേഹം. പക്ഷേ അദ്ദേഹത്തിന് ആസ്തി വർധനവിൽ സാവിത്രിയെ വെട്ടിക്കാൻ കഴിഞ്ഞിട്ടില്ല. ലക്ഷ്മി മിത്തൽ, ഡിമാർട്ട് സ്ഥാപകൻ രാധാകൃഷ്ണൻ ദമനി, സൈറസ് പൂനാവാല എന്നിവരും ഈ വർഷം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

2022-ൽതന്നെ ഏഷ്യയിലെ ഏറ്റവും ഏറ്റവും സമ്പന്നയായ വനിത എന്ന പദവി സാവിത്രി ജിൻഡാലിനെ തേടിയെത്തിയിരുന്നു. അന്ന് 18 ബില്യൺ ഡോളർ ആസ്തിയോടെയാണ് സാവിത്രി ജിൻഡാൽ ഏഷ്യയിലെ സമ്പന്നയായ വനിതയെന്ന പദവിയിലേക്ക് എത്തിയത്. ഫോബ്‌സ് മാസികയുടെ ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഏക വനിത കൂടിയാണ് സാവിത്രി ജിൻഡാൽ.

ചൈനയുടെ യാക്ഷ് ഹുയാനായിരുന്നു ഇതുവരെ സമ്പന്നയായ വനിത. എന്നാൽ, 2021ൽ ചൈനയിലുണ്ടായ റിയൽ എസ്റ്റേറ്റ് പ്രതിസന്ധി അവരുടെ പദവി തെറിപ്പിക്കുകയായിരുന്നു. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഗാർഡൻ ഹോൾഡിങ്ങിന് ഈ വർഷം മാത്രം 11 ബില്യൺ ഡോളറാണ് നഷ്ടപമായത്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഷ്യയിലെ യാങ് ഹുയാന് വലിയ തകർച്ചയാണ് ഉണ്ടായത്. എന്നാൽ, കോവിഡ് കാലത്ത് തിരിച്ചടിയുണ്ടായെങ്കിലും അതിന് ശേഷം സാവിത്രി ജിൻഡാൽ വലിയ നേട്ടമുണ്ടാക്കുകയായിരുന്നു.

55 വയസ്സുവരെ വീട്ടിന്റെ ചുമരിൽ മാത്രം, ഒതുങ്ങി ജീവിച്ച ഒരു സ്ത്രീ ഒരു പകലിൽ ശതകോടികളുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ ചുമതലയേറ്റുടുക്കേണ്ടി വന്ന കഥ, ശരിക്കും ഒരു അത്ഭുത കഥതന്നെയാണ്.

കോളജ് വിദ്യാഭ്യാസമില്ലാത്ത വീട്ടമ്മ

1950- ൽ മാർച്ച് 20 അസമിലെ വ്യവസായ നഗരമായ ടിൻസുക്കിയിലാണ് സാവിത്രിദേവി ജനിച്ചത്. ( 1940 എന്ന് വിക്കിപീഡിയയിൽ കാണുന്ന ജനന ീയതി ശരിയല്ലെന്നാണ് ഇക്കണോമിക്ക് ടൈംസ് അടക്കമുള്ള ബിസിനസ് മാധ്യമങ്ങൾ പറയുന്നത്) ഒരു ഹിന്ദു മാർവാഡി കുടുംബത്തിൽ ജനിച്ച സാവിത്രി ദേവിക്ക് കോളിൽ പഠിക്കാൻപോലും അവസരം കിട്ടിയില്ല. പെൺകുട്ടികൾ പഠിച്ച് ജോലി സമ്പാദിച്ച് പണം കൊണ്ടുവരേണ്ട കാര്യമൊന്നും ഇവിടെയില്ല എന്ന പരമ്പരാഗത ധാരണ തന്നെയായിരുന്നു കാരണം. സമ്പന്നമായ ഒരു ബിസിനസ് കുടുംബമായിരുന്നു അവരുടേത്.

'ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾ ബിസിനസ് കാര്യങ്ങളിൽ ഇടപെടാറില്ല, അതിന്റെ ഉത്തരവാദിത്തം പുരുഷന്മാർക്കാണ്. അവർ ബിസിനസ് കാര്യങ്ങൾ നോക്കുമ്പോൾ ഞാനടക്കമുള്ള സ്ത്രീകൾ വീട്ടുകാര്യങ്ങൾ നോക്കുന്നു, അതാണ് ഞങ്ങളുടെ കുടുംബത്തിന്റെ രീതി''- ഫോബ്‌സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സാവിത്രി ജിൻഡാൽ പറഞ്ഞ വാക്കുകളാണിത്. പക്ഷേ അവിചാരിതമായി അവരുടെ ജീവിതം മാറിമറിഞ്ഞു.

സാവിത്രിയുടെ സഹോദരിയും ഒ.പി. ജിൻഡാലിന്റെ ഭാര്യയുമായ വിദ്യാദേവിയുടെ അകാലത്തിലെ മരണമാണ് സാവിത്രിയുടെ ജീവിതത്തെ അടിമുറ്റി മാറ്റിയത്.
സഹോദരിയുടെ മരണത്തിന് പിന്നാലെ തന്റെ ഇരുപതാം വയസ്സിൽ ഓം പ്രകാശ് ജിൻഡാലിന്റെ രണ്ടാം ഭാര്യയായി വിവാഹജീവിതത്തിലേക്ക്. ആറുമക്കളുടെ അച്ഛനായ ഓംപ്രകാശ് ജിൻഡാലിന് സാവിത്രി ദേവിയെ വിവാഹം കഴിക്കുമ്പോൾ പ്രായം 40 പിന്നിട്ടിരുന്നു. സാവിത്രിയേക്കാൾ 20 വയസ്സ് കൂടുതലുള്ള ഒ.പി.യുടെ ആദ്യവിവാഹത്തിലെ മൂത്തകുട്ടി സാവിത്രിയുടെ പ്രായത്തിനടുത്തായിരുന്നു!

പക്ഷേ ഇളയ കുട്ടികളുടെ ഭാവി തന്നെയായിരുന്നു തന്നെ ഇതുപോലെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത് എന്ന് അവർ പിന്നീട് പറഞ്ഞു. ജിൻഡാലിന് ആര് രണ്ടാം ഭാര്യയായി വന്നാലും താൻ നോക്കുന്നതുപോലെ കുട്ടികളെ നോക്കാൻ കഴിയില്ല എന്ന തോന്നൽ അവർക്കുണ്ടായിരുന്നു. പിന്നീട് മൂന്ന് കുട്ടികൾ ഈ ദാമ്പത്യത്തിൽ ഉണ്ടായിട്ടും ആ കുടുംബത്തിൽ ഒരു വിള്ളലും ഉണ്ടായില്ല. ശരാശരി ഇന്ത്യൻ ബിസിനസ് ഫാമിലിയിലെപ്പോലെ ചെളിവാരിയെറിയലും കോടതി വ്യവഹാരങ്ങളും ഒന്നും ഈ കുടുംബത്തിൽ ഉണ്ടായിട്ടില്ല.

ഒ പി ജിൻഡാൽ എന്ന ജീനിയസ്

'മറ്റുള്ളവർ മതിലുകൾ കണ്ടിടത്ത് ഞാൻ വാതിലുകൾ കണ്ടു..'-ഹരിയാനയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ശതകോടീശ്വരനിലേക്ക് വളർന്ന ഓം പ്രകാശ് ജിൻഡാൽ എന്ന ജീനിയസ് എന്താണ് താങ്കളുടെ വിജയ രഹസ്യം എന്ന ചോദ്യത്തിന് ഒരു മാധ്യമ പ്രവർത്തകനോട് ഇങ്ങനെയാണ് മറുപടി പറഞ്ഞത്.

ചെറുപ്പംതൊട്ടേ എഞ്ചിനീയറിങ്ങിനോടായിരുന്നു ഓം പ്രകാശിന്റെ കമ്പം. സ്‌കൂൾ വിദ്യാർത്ഥിയായ കാലഘട്ടത്തിൽ തന്നെ ഓട്ടോ മൊബൈൽ റിപ്പയറിങ്ങിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ 22-ാം വയസ്സിൽ ഹിസാറിൽ ബക്കറ്റ് നിർമ്മാണ യൂണിറ്റ് സ്ഥാപിച്ച് വ്യവസായ രംഗത്ത് ആദ്യ ചുവടുവയ്‌പ്പ് നടത്തി. 1964 ൽ ജിൻഡാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പൈപ്പ് നിർമ്മാണ കമ്പനി സ്ഥാപിച്ചു.

പിന്നാലെ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്, ജിൻഡാൽ സൗത്ത് വെസ്റ്റ് സ്റ്റീൽ, ജിൻഡാൽ സ്റ്റൈൻലെസ് സ്റ്റീൽ തുടങ്ങി പുതിയ കമ്പനികൾ മുളപൊട്ടി. ഓരോന്നും വലിയ വിജയമായി മാറിയതോടെ ഇന്ത്യൻ ബിസിനസ് ലോകത്തെ വന്മരമായി ഓംപ്രകാശ് ജിൻഡാൽ വളർന്നു.

രാഷ്ട്രീയത്തിലും ഓം പ്രകാശ് ജിൻഡാൽ തിളങ്ങി. കോൺഗ്രസ് പാർട്ടിയുടെ ടിക്കറ്റിയാണ് അദ്ദേഹം മത്സരിച്ചത്. ഹരിയാനയിലെ ഹിസാർ നിയമസഭാ സീറ്റിൽ തുടർച്ചയായി മൂന്ന് തവണ അദ്ദേഹം വിജയിച്ചു. 1996 മുതൽ 1997 വരെ ഭക്ഷണം, സിവിൽ സപ്ലൈസ്, പൊതുവിതരണം എന്നിവ സംബന്ധിച്ച സമിതിയിലും അദ്ദേഹം അംഗമായിരുന്നു.2005 ഫെബ്രുവരിയിലും ഹരിയാന വിധാൻ സഭയിലേക്ക് ( സംസ്ഥാന അസംബ്ലി) തിരഞ്ഞെടുക്കപ്പെട്ട ജിൻഡാൽ മരിക്കുമ്പോൾ വൈദ്യുതി മന്ത്രിയായിരുന്നു. ജിൻഡാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനായിരുന്നു. ഇതിലുടെ കോടികളുടെ ജീവകാരുണ്യ പ്രവർത്തനവും അദ്ദേഹം നടത്തി.

അഗ്രോഹ വികാസ് ട്രസ്റ്റിന്റെയും അഗ്രോഹ മെഡിക്കൽ കോളേജിന്റെയും രക്ഷാധികാരിയും ട്രസ്റ്റിയും അടക്കമുള്ള നിരവധി പദവികളിൽ അദ്ദേഹം തിളങ്ങി നിൽക്കവേയാണ് മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ എത്തിയത്. 2005 ൽ ഹെലിക്കോപ്റ്റർ അപകടത്തിന്റെ രൂപത്തിൽ ഓം പ്രകാശ് ജിൻഡാലിനെ തേടി മരണമെത്തുമ്പോൾ, ഇന്ത്യയിലെ രാഷ്ട്രീയ- ബിസിനസ് വൃത്തങ്ങൾ ഒരുപോലെ നടുങ്ങി.അതോടെ പലരും ജിൻഡാൽ ഗ്രൂപ്പിന് ചരമക്കുറിപ്പ് എഴുതി. അപ്പോഴാണ് അതുവരെ വീട്ടമ്മായായി ഒതുങ്ങിയിരുന്ന ആ സ്ത്രീ കരുത്ത് കാട്ടുന്നത്.

വിധവയിൽനിന്ന് വിധിതാവിലേക്ക്

ഉത്തരേന്ത്യയിലെ വിശ്വാസം അനുസരിച്ച് മംഗള കർമ്മങ്ങളിൽനിന്നുപോലും മാറ്റി നിർത്തപ്പെടുന്നവരാണ് വിധവ. പക്ഷേ അവർ വിധവയിൽനിന്ന് ലക്ഷങ്ങളുടെ വിധി നിർണ്ണയിക്കാൻ കഴിയുന്ന ബിസിനസ് ടെക്കൂണിലേക്ക് വളർന്നു.

ഭർത്താവിന്റെ മരണം അമ്പത്തിയഞ്ചുകാരിയായ സാവിത്രി എന്ന വീട്ടമ്മയെ അടിമുടി ഉലച്ചു. ഒരുപകലിൽ നാഥനില്ലാതായി മാറിയ ജിൻഡാൽ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം അവർക്ക് മുന്നിൽ ചോദ്യചിഹ്നമായി നിന്നു. ഒന്നുകിൽ വിധവയായി ബാക്കി ജീവിതം വീട്ടുചുമരിൽ ഒതുങ്ങി ജീവിക്കുക, അല്ലെങ്കിൽ ബിസിനസ് സാമ്രാജ്യത്തിന്റെ നായക പദവി ഏറ്റെടുക്കുക, രണ്ട് ഓപ്ഷനുകളാണ് സാവിത്രി ജിൻഡാലിന് മുന്നിലുണ്ടായിരുന്നു.

ബിസിനസിന്റെ യാതൊരു മുൻപരിചയവുമില്ലാത്ത ആ വീട്ടമ്മ ബിസിനസ് സാമ്രാജ്യത്തിന്റെ നായിക പദവി ഏറ്റെടുക്കാൻ തീരുമാനിച്ചു. ആ നാളുകളിൽ തങ്ങളുടെ ബിസിനസിന്റെ വ്യാപ്തിയെ കുറിച്ചോ അതിന്റെ മൂല്യത്തെ കുറിച്ചോ യാതൊരു അറിവും തനിക്കില്ലായിരുന്നെന്ന് പിന്നീട് പല അഭിമുഖങ്ങളിലും സാവിത്രി ജിൻഡാൽ തുറന്നുപറഞ്ഞിട്ടുണ്ട്. കോളജ് വിദ്യാഭ്യാസം പോലുമില്ലാത്ത സാവിത്രി ബിസിനസിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുമ്പോൾ ജിൻഡാൽ ഗ്രൂപ്പ് തകർന്നുവീഴുമെന്ന് എതിരാളികൾ പലരും മനക്കോട്ട കെട്ടി. എന്നാൽ അവരെയ്യെല്ലാം പ്രവർത്തനത്തിലൂടെ സാവിത്രി അമ്പരപ്പിച്ചു.

കമ്പനിയുടെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് സാവിത്രി ജിൻഡാൽ വന്നതിന് പിന്നാലെയുള്ള വർഷങ്ങളിൽ വിറ്റ് വരവിൽ വർധന രേഖപ്പെടുത്തി. ചിലിയിലെയും മൊസാംബിക്കിക്കിലെയും ഖനികൾ ഏറ്റെടുത്ത് ജിൻഡാൽ ഗ്രൂപ്പിന്റെ വേരുകൾ ലോകത്തിന്റെ കൂടുതൽ ഭാഗത്തേക്ക് സാവിത്രി വ്യാപിപ്പിച്ചു. നാല് ആൺമക്കൾക്ക് തുല്യ ഉത്തരവാദിത്തം വീതിച്ച് നൽകിയ സാവിത്രി എന്നാൽ ചെയർപേഴ്‌സൺ പദവി തന്റെ കൈയിലുറപ്പിച്ചു. മക്കൾക്കിടയിൽ കലഹം ഉണ്ടാക്കാതിരിക്കാനായിരുന്നു ഇത്.

2016-ൽ ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ 16-ാം സ്ഥാനത്തായിരുന്നു സാവിത്രി ജിൻഡാലിന്റെ സ്ഥാനം എന്നാൽ ഏഴുവർഷങ്ങൾക്കിപ്പുറം സാവിത്രി ജിൻഡാൽ രാജ്യത്തെ സമ്പന്നരിൽ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നയായ വനിതയും മറ്റാരുമല്ല. 2530 കോടി ഡോളറിന്റെ അറ്റമൂല്യമാണ് ഇന്ന് സാവിത്രി ജിൻഡാലിനുള്ളത്.

ഒ പി ജിൻഡാലിനെപ്പോലെ രാഷ്ട്രീയത്തിലും സാവിത്രി വിജയിച്ചു. കോൺഗ്രസ് ടിക്കറ്റിൽ ഹരിയാനയിൽ നിന്ന് മത്സരിച്ച സാവിത്രി 2006-ലും, 2013-ലും സംസ്ഥാന മന്ത്രിസഭയിലും എത്തി. 2006-ൽ റവന്യൂ, ദുരന്തനിവാരണം, പുനരധിവാസം, പാർപ്പിടം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും 2013 ൽ നഗര-തദ്ദേശ മന്ത്രിയായും അവർ ഭരണം നടത്തി. ഭരണതലത്തിലും അവർ മികവ് കാട്ടി. വെറും ഒരു റബ്ബർ സ്റ്റാമ്പായിരുന്നില്ല അവർ. മാത്രമല്ല മന്ത്രിയായിട്ടും ഒരു അഴിമതി ആരോപണം പോലും വന്നതുമില്ല. തനിക്ക് രാഷ്ട്രീയത്തിലുടെ പണം സമ്പാദിക്കേണ്ട കാര്യമില്ല എന്നായിരുന്നു അവരുടെ മറുപടി.

ഇന്ന് കോടികളുടെ സാമൂഹിക പ്രവർത്തനങ്ങളും അവർ നടത്തുന്നുണ്ട്. ജിൻഡാൽ ഗ്രൂപ്പിലെ സാമൂഹ്യക്ഷേമ പദ്ധതികളുടെയും എല്ലാം മേൽനോട്ടം വഹിക്കുന്നത് സാവിത്രി ജിൻഡാലാണ്.

ഇന്ത്യൻ കുടുംബ ബിസിനസുകളിൽ മാതൃക

ഒരു വിൽപ്പത്രം എഴുതിവെക്കാൻ ധീരുഭായി അംബാനി എന്ന ബിസിനസ് ടൈക്കൂൺ മറന്നുപോയതാണ്, മഹാഭാരതയുദ്ധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വത്ത് കേസിന് ഇടയാക്കിയെതെന്ന് ഒരു തമാശയുണ്ട്. മുകേഷ് അംബാനിയും, അനിൽ അംബാനിയും തമ്മിലുള്ള കേസും, അടിപിടിയും, ചെളിവാരിയെറിയലും ഒടുവിൽ കിടമത്സരത്തിലൂടെ, അനിൽ അംബാനിയുടെ സമ്പൂർണ്ണമായ തകർച്ചയുമെല്ലാം നാം ഏറെ ചർച്ചചെയ്തതാണ്. ഒരു ഇന്ത്യൻ ബിസിനസ് ഫാമിലിയുടെ അടിസ്ഥാന രീതിയാണ് പിതാവിന്റെ മരണത്തിനുശേഷമുള്ള ഈ തമ്മിൽ തല്ല്. എന്നാൽ ഇതിൽനിന്നും തീർത്തും ഭിന്നമാണ് ജിൻഡാൽ ഗ്രൂപ്പ് എന്നും, അതിന് നേതൃത്വം കൊടുത്തു എന്നതുമാണ് സാവിത്രിയുടെ വിജയം.

മറ്റേത് കുടുംബത്തേക്കാൾ എളുപ്പത്തിൽ പ്രശ്നം ഉണ്ടാവാൻ സാധ്യതയുള്ള കടുംബമായിരുന്നു ഇത്. കാരണം, ഇതിൽ ആറുമക്കൾ സാവിത്രിയുടെ ചേച്ചിയിലും, മൂന്നുമക്കൾ സാവിത്രിയിലും ഉണ്ടായതാണ്. പക്ഷേ അവർ ഈ 9 മക്കൾക്കും ഒരു വിവേചനവുമില്ലാതെ അമ്മയായി. അഞ്ച് പെൺമക്കളെയും വിവാഹം കഴിച്ച് അവർക്കുള്ള സ്വത്തുകൊടുത്തതിനുശേഷം, നാല് ആൺമക്കൾക്കായി എല്ലാം കൃത്യമായി വിഭജിച്ച് കൊടുത്തു. എന്നിട്ട് അതിന്റെ കോർഡിനേഷനും ഫുൾ കൺട്രോളും അമ്മയിൽ വരുന്ന രീതിയിൽ ആക്കി. സാവിത്രയുടെ മരണശേഷം മൂത്തമകനാണ്, ഈ കോർഡിനേഷൻ പദവിയിൽ എത്തുക.

ഉരുക്ക്, വൈദ്യുതി, ഖനനം, എണ്ണ, വാതകം എന്നിവയിലെ ലീഡിങ്ങ് കമ്പനികളാണ് ഇന്ന് ജിൻഡാൽ ഗ്രൂപ്പിനുള്ളത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് , കുടുംബ ബിസിനസിന്റെ കുടക്കീഴിൽ ഓരോ കമ്പനിയുടെയും ഷെയർഹോൾഡിംഗിന്റെ അഞ്ചിലൊന്ന് ഓരോ മകനും സ്വന്തമാക്കുന്ന തരത്തിലാണ് ഓഹരികൾ ക്രമീകരിച്ചത്. ഭർത്താവിന്റെ മരണശേഷം കമ്പനിയുടെ ചെയർമാനായി മാത്രമല്ല, മക്കളുടെ ഓഹരികളും സാവിത്രി സ്വന്തമാക്കി. അവർ മരിക്കുമ്പോൾ, എല്ലാ ബിസിനസ്സിലെയും അവളുടെ വിഹിതം ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ തലവനായ മൂത്ത മകന് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും.

പൃഥ്വിരാജ് ജിൻഡാൽ, സജ്ജൻ ജിൻഡാൽ ,രത്തൻ ജിൻഡാൽ, നവീൻ ജിൻഡാൽ എന്നിവരാണ് ഇപ്പോൾ ഗ്രൂപ്പിന്റെ വിവിധ മേഖലകൾ നിയന്ത്രിക്കുന്നത്. ഗ്രൂപ്പിന്റെ ഏറ്റവും വലിയ ആസ്തിയുടെ മേൽനോട്ടം വഹിക്കുന്നത്, മുബൈ ആസ്ഥാനമാക്കി പവർത്തിക്കുന്ന സജ്ജൻ ജിൻഡാലാണ്. തുറമുഖ വിഭാഗം ആണിത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇളയമകൻ മകൻ നവീൻ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ കൈകാര്യം ചെയ്യുന്നു. പിതാവിന്റെ പാത പിന്തുടർന്ന് നവീൻ ജിൻഡാലും രാഷ്ട്രീയത്തിലുണ്ട്. നേരത്തെ എം പിയും മായിരുന്നു.

വാൽക്കഷ്ണം: ഇന്ത്യയിൽ ഇനി സ്ത്രീകളുടെ നാളുകൾ ആയിരിക്കുമെന്നാണ് സാവിത്രി ജിൻഡാലിൻെ സംബന്ധിച്ച ഒരു ലേഖനത്തിൽ ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. ബിസിനസ് കാര്യങ്ങളിലൊക്കെ പുരുഷനേക്കാൾ നന്നായി തീരുമാനം എടുക്കാനും, സമചിത്തതതോടെ കാര്യങ്ങൾ കാണാനും, പക്ഷപാതിത്വമില്ലാതെ നേതൃത്വം കൊടുക്കാനും സ്ത്രീകൾക്ക് കഴിയുമെന്നാണ് സാവിത്രിയുടെ ജീവിതം കാണിച്ചുകൊണ്ടുള്ള നിരീക്ഷണം. ഇതുവരെ അടുക്കളയിൽ കഴിഞ്ഞിരുന്ന ഒരുപാട് വീട്ടമ്മമാർക്ക്, പുതിയ ലോകത്തേക്കുള്ള വാതിൽ തുറന്ന് കൊടുക്കൽ കൂടിയാണ് സാവിത്രി ജിൻഡാലിന്റെ ജീവിതം.